close
Sayahna Sayahna
Search

തടാകതീരത്ത്: പത്ത്




തടാകതീരത്ത്: പത്ത്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

എവിടെയും എത്താൻ പോകുന്നില്ലെന്ന തോന്നൽ ദിവസങ്ങളോളം നീണ്ടുനിന്നു. അമർ ചാറ്റർജി ചോദിച്ചു.

‘രമേശ് എന്തു പറ്റീ നിനക്ക്? ഒരാഴ്ചയായി നീ മറ്റൊരു ലോകത്താണല്ലോ?’

തന്റെ പുരോഗതി തൃപ്തികരമല്ലെന്ന തോന്നലുണ്ടാവാൻ എന്താണ് കാരണം? കഴിഞ്ഞ ആഴ്ച ഒരു ഫാക്ടറിയിൽ പോയ അന്നു തൊട്ടാണതുണ്ടായത്. കുറച്ചു ഡ്രോയിങ്‌സ് കൊണ്ടുവരാനായി ചാറ്റർജി തന്നെ പറഞ്ഞയച്ചതാണ്. അവിടെ ചെന്നപ്പോൾ ഫാക്ടറി മാനേജർ നേരിട്ടു കാണണമെന്നു പറഞ്ഞു. ചേമ്പറിൽ ചെന്ന ഉടനെ മാനേജർ ചോദിച്ചു.

‘ആർ യു ടെക്‌നിക്കൽ?’

‘അതെ’ എന്നു പറയാനാണ് തോന്നിയത്.

ഇരിക്കാൻ പറഞ്ഞ് അദ്ദേഹം ഡ്രോയിങ് ചുരുൾ നിവർത്തി, തല തിരിച്ച് രമേശനു കാണത്തക്ക വിധത്തിൽ വച്ചു. ഒരു നീണ്ട പെൻസിലിന്റെ ചെത്താത്ത അറ്റംകൊണ്ട് അയാൾ ചെയ്യേണ്ട ഓപ്പറേഷൻ കാണിച്ചു തരികയായിരുന്നു. നിങ്ങൾക്ക് ഇതിനു വേണ്ട മെഷിനുണ്ടോ?

രമേശന് പെട്ടെന്ന് ഉത്തരം പറയാൻ പറ്റിയില്ല. മാനേജർ ഡ്രോയിങ് ചുരുട്ടി അയാളെ ഏല്പിച്ചുകൊണ്ട് പറഞ്ഞു.

‘ഇതു കൊണ്ടുപോയി ചാറ്റർജിക്കു കൊടുക്കൂ. അയാളോട് ഈ ആഴ്ചതന്നെ എന്നെ കാണണമെന്നും പറയൂ.’

ഇപ്പോൾ ചാറ്റർജിയുടെ മുമ്പിലിരിക്കുമ്പോൾ രമേശൻ ആ രംഗം വീണ്ടും ഓർമ്മിച്ചു.

‘അത്രയേ ഉള്ളൂ?’ ചാറ്റർജി ചോദിച്ചു. ‘രമേശ് നീ ഒരു കാര്യം മനസ്സിലാക്കണം. എഞ്ചിനീയറിങ് ഒരു വലിയ വിഷയമാണ്. നമുക്ക് എല്ലാമൊന്നും പഠിക്കാൻ കഴിയില്ല. അയാൾക്കു തന്നെ അറിയില്ലെന്നല്ലെ മനസ്സിലാക്കേണ്ടത്? അയാൾക്ക് വേണ്ടത് പ്ലാനറ്ററി ഗ്രൈന്റിങ്ങാണ്, വെറും ജിഗ് ഗ്രൈന്റിങ്ങല്ല. എങ്കിലേ അയാളുദ്ദേശിച്ച അക്യുറസി കിട്ടുകയുള്ളൂ. നീ നോക്കിയോ? പോയ്ന്റ് ഫൈവ് മൈക്രോൺ! നമുക്ക് അതിനുള്ള മെഷിനുണ്ട്. ഞാൻ സജസ്റ്റ് ചെയ്തു. പ്ലാനറ്ററി ഗ്രൈന്റിങ്ങാണ് വേണ്ടതെന്നറിഞ്ഞിരുന്നുവെങ്കിൽ ഏതു മെഷിനാണെന്ന് നിനക്കറിയാമായിരുന്നു. ഇല്ലേ? നമ്മുടെ യ്രന്തങ്ങളെപ്പറ്റി എനിക്കുതന്നെ പലതും അറിയില്ല. പലതും ഞാൻ പഠിക്കുന്നത് നിന്റെ അടുത്തുനിന്നാണ്, കാരണം നീ കാറ്റലോഗ് നന്നായി പഠിക്കുന്നുണ്ട്. എനിക്ക് അതിനുള്ള ക്ഷമയുണ്ടാവില്ല...’

ചാറ്റർജിയുടെ സംസാരം വിനയം നിറഞ്ഞതായിരുന്നു. അത് രമേശന് ആത്മവിശ്വാസം നൽകി. വൈകുന്നേരം പുറത്തിറങ്ങുമ്പോൾ അമേരിക്കൻ ലൈബ്രറിയിൽ കയറണമെന്ന് അയാൾ കരുതി. എന്തെങ്കിലും പുസ്തകമെടുത്ത് വർക്‌ഷോപ്പിൽ പോകാം. കുറെക്കാലമായി ഒന്നും വായിക്കാറില്ല. പാട്ടുകൾ കേൾക്കാറില്ല. വായനയില്ല, സംഗീതമില്ല, എന്തൊരു ജീവിതം!

പുറത്ത് നല്ല തണുപ്പുണ്ട്. ഇനിയും ഏതാനും ദിവസങ്ങൾ കഴിഞ്ഞാൽ ഈ ഒറ്റ സ്വറ്റർകൊണ്ടു മാത്രം കാര്യം നടക്കുമെന്നു തോന്നുന്നില്ല. കഴിഞ്ഞ വിന്റർ അങ്ങിനെയാണ് കഴിച്ചുകൂട്ടിയത്. പക്ഷേ അന്ന് ജനുവരിയിൽ ഏറ്റവും തണുപ്പുള്ള ഒരാഴ്ച രാമകൃഷ്‌ണേട്ടന്റെ ഒരു സ്വറ്റർ കടം മേടിച്ചാണ് ഓഫീസിൽ പോയത്.

നാലു മണിക്ക് പുറത്തിറങ്ങിയപ്പോഴാണ് മനസ്സിലായത്. തന്റെ പ്ലാനുകളൊന്നും നടക്കാൻ പോകുന്നില്ലെന്ന്. ഒരു വലിയ പ്രകടനം നിരത്തുകളെല്ലാം പിടിച്ചെടുത്തിരിക്കയാണ്. എവിടെ നോക്കിയാലും മുദ്രാവാക്യം വിളിച്ചു പറയുന്ന ജോലിക്കാർ മാത്രം. കൽക്കത്തയ്ക്കു ചുറ്റുമുള്ള ഫാക്ടറികളിലെ ജോലിക്കാരെല്ലാം ഉച്ചയ്ക്ക് ജോലി ഉപേക്ഷിച്ച് വന്നിരിക്കയാണ്.

‘അമാദേർ ദാബി മാങ്‌തെ ഹോബെ, ദീത്തെ ഹോബെ...’

ഞങ്ങളുടെ ആവശ്യങ്ങൾ കിട്ടിയേ തീരൂ, തന്നേ തീരൂ. ശരി, പക്ഷേ നിരത്ത് മുറിച്ചു കടക്കാൻ സമ്മതിച്ചുകൂടെ? പാവം വഴിയാത്രക്കാർ എന്തു പിഴച്ചു. രമേശൻ എസ്പ്ലനേഡ് എത്താനായി കുറുക്കുവഴികൾ തേടി. ഒരു വിധം ബെന്റിങ്ക് സ്റ്റ്രീറ്റിലെത്തി. ഇനി മുറിച്ചുകടക്കാതെ നിവൃത്തിയില്ല. പാവം സ്ത്രീകളെപ്പോലും കടത്തി വിടുന്നില്ല. എങ്ങിനെയെങ്കിലും വീടണയാനായി വ്യഗ്രതയോടെ കുതിയ്ക്കുന്ന സ്ത്രീകൾ ജാഥക്കാരുമായി വൃഥാ കെഞ്ചുന്നത് രമേശൻ കണ്ടു. അയാൾ ഫുട്പാത്തിലൂടെ തനിക്ക് മുറിച്ചുകടക്കേണ്ട സ്ഥലത്തേയ്ക്ക് സാവധാനം നടന്നു. ആർക്കെങ്കിലും ദയ തോന്നി സ്ത്രീകളെ കടത്തിവിട്ടാൽ അവരോടൊപ്പം കടക്കാമെന്നുദ്ദേശിച്ച് രമേശൻ ഒപ്പം നിന്നു. അര മണിക്കൂർ അങ്ങിനെ നിന്നപ്പോൾ ഉദ്ദേശിച്ച ഫലം കിട്ടി. ജാഥയിൽ വന്ന ഒരു വിടവിലൂടെ ഒന്നുരണ്ടു സ്ത്രീകൾ രക്ഷപ്പെട്ടു. അപ്പോഴേയ്ക്ക് ഓടിയെത്തിയ ജാഥക്കാർ അവരെ തടഞ്ഞുനിർത്താൻ ശ്രമിച്ചെങ്കിലും പിന്നീട് ദയതോന്നി വിട്ടയച്ചു. അവരുടെ ഒപ്പം മുറിച്ചുകടക്കാൻ നോക്കിയ രമേശനെ പക്ഷേ അവർ വിട്ടയച്ചില്ല. അയാൾ പറഞ്ഞു.

‘ഞാൻ അതാ പോകുന്നു, അവരുടെ ഒപ്പമുള്ള ആളാണ്.’

ആ നിമിഷത്തിലാണ് ആ സ്ത്രീ തിരിഞ്ഞു നോക്കിയതും രമേശൻ അവരെ ചൂണ്ടിക്കാട്ടി എന്തോ പറയുന്നത് കണ്ടതും. അവർക്കു കാര്യം മനസ്സിലായി. അവർ പറഞ്ഞു. അയാളെയും വിട്ടയക്കൂ. മറുവശത്തെത്തി രമേശൻ ആ നല്ല സ്ത്രീയ്ക്ക് നന്ദി പറഞ്ഞു.

അയാൾ ഇടത്തോട്ടു തിരിഞ്ഞു. എത്തിയത് ഫ്രാങ്കിന്റെ മുന്നിൽ. ഫ്രാങ്ക് ഒരു ചെറുചിരിയോടെ ചോദിച്ചു.

‘റോഡ് മുറിച്ചുകടക്കാൻ നിനക്ക് മമ്മി കൂട്ടിനുണ്ടായിരുന്നു അല്ലേ?’

രമേശൻ ചിരിച്ചു.

‘ഞാൻ വർക്‌ഷോപ്പിൽ പോട്ടെ, ഇപ്പോൾത്തന്നെ നേരം വൈകി.’

‘അപ്പോൾ അമേരിക്കൻ സാമ്രാജ്യത്വത്തിന്നെതിരായുള്ള സമരത്തിൽ നിനക്ക് പങ്കാളിയാവേണ്ട അല്ലെ?’

രമേശൻ ഒരു ചോദ്യത്തോടെ ഫ്രാങ്കിന്റെ മുഖത്തു നോക്കി.

‘അവർ വിളിച്ചു പറയുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിക്ക്.’

ശരിയാണ്. കമ്പനി ഉടമകൾക്കും, ഇന്ത്യൻ മുതലാളിത്തത്തിനുമെതിരായി അഞ്ചു മുദ്രാവാക്യവും ഭീഷണിയും മുഴക്കിക്കഴിഞ്ഞാൽ പിന്നെ ‘ഡൗൺ വിഥ് അമേരിക്കൻ ഇമ്പീരിയലിസം, ഡൗൺ വിഥ് അമേരിക്കൻ കാപിറ്റലിസം.’ എന്ന് രണ്ടുവട്ടം വിളിച്ചു പറയും.

‘മാർവാഡിയുമായുള്ള സമരത്തിൽ അമേരിക്കൻ ഇമ്പീരിയലിസത്തിനും മുതലാളിത്തത്തിനും എന്തു പ്രസക്തി?’

‘അമേരിക്കൻ സാമ്രാജ്യത്വവും മുതലാളിത്വവുമാണ് മാർവാഡിയുടെ വളം.’ രമേശൻ ചിരിച്ചുകൊണ്ട് പറഞ്ഞു. ‘അതുകൊണ്ട് ഞങ്ങൾ ആദ്യം യുദ്ധം ചെയ്യാൻ പോകുന്നത് അമേരിക്കയോടാണ്. അതു തകർന്നാൽ ഇവിടെ ഞങ്ങൾ പ്രോലിറ്റേറിയറ്റിന്റെ ഒരു സ്വേഛാധിപത്യം സ്ഥാപിക്കും. അപ്പോൾ ഇവിടെ ശാന്തിയും സമാധാനവും സമ്പത്തുമുണ്ടാവും.’

‘കുറച്ചു വളഞ്ഞ വഴിയാണ്.’ ഫ്രാങ്ക് ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു. അയാൾക്ക് നല്ല തമാശ ആസ്വദിക്കാൻ കഴിയും. ‘എന്നാൽ വരൂ, അമേരിക്കയുമായുള്ള യുദ്ധത്തിൽ ഞാനും പങ്കാളിയാവാം. അവരുണ്ടാക്കുന്ന കൊക്കോകോല കുടിച്ചു വറ്റിച്ചുകൊണ്ട്.’ അയാൾ തിരിഞ്ഞ് പെട്ടിക്കടയിലേയ്ക്ക് വിളിച്ചു പറഞ്ഞു.

‘രണ്ട് കോക്ക്.’

വർക്‌ഷോപ്പിൽ തരുൺ ഗോസ്വാമി ചോദിച്ചു.

‘എന്തു പറ്റീ എന്താണ് നേരം വൈകിയത്?’

‘ഞാൻ അമേരിക്കൻ മുതലാളിത്തത്തിന്നെതിരായുള്ള പോരാട്ടം കണ്ടു നിൽക്കയായിരുന്നു.’

വർക്‌ഷോപ്പിൽ നിന്ന് എട്ടു മണിക്ക് പുറത്തു കടന്നപ്പോൾ തെരുവ് സാധാരണ മട്ടിലായിരുന്നു. ജാഥയിൽ പങ്കെടുക്കാൻ വന്നവർ മൈതാനത്തിലെവിടെയോ നടന്ന സമ്മേളനവും കഴിഞ്ഞ് ഫുട്പാത്തിലൂടെ കൂട്ടംകൂട്ടമായി തിരിച്ചു പോകയാണ്. ചിലരുടെ കയ്യിൽ ബാനറും കൊടിയും കെട്ടിയ മുളങ്കോലുകളുണ്ട്. അവർക്കെല്ലാം കുറേ ദൂരം പോകാനുണ്ട്. ഹൗറയിലോ സിയാൽഡയിലോ എത്തി അവിടെനിന്ന് സബർബ്ബൻ ട്രെയ്ൻ പിടിച്ച് ദൂരെയുള്ള ഏതെങ്കിലും സ്റ്റേഷനിലിറങ്ങി, പിന്നെയും ബസ്സ് പിടിച്ച്...

ഫ്രാങ്കിനെ കാണുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്തിനാണെന്നറിയില്ല. തന്റെ മനസ്സിലെ വ്യാപാരങ്ങൾ സ്വയം ഓർക്കാൻ രമേശൻ ഇഷ്ടപ്പെട്ടില്ല. മനസ്സാക്ഷിയുടെ മുമ്പിൽ സ്വയം നഗ്നനാവുന്നത് അത്ര സുഖമുള്ള കാര്യമല്ല. കഴിഞ്ഞ തവണ ഫ്രാങ്കിന്റെ ഒപ്പം ബാറിൽ പോയപ്പോൾ അടുത്ത മേശക്കു ചുറ്റുമിരുന്ന് കുടിക്കുന്നവരുടെ ഒപ്പം ഇരിക്കുന്ന പെൺകുട്ടികളെ ഓർത്തു. തുടയുടെ ഭംഗി മുഴുവൻ പ്രദർശിപ്പിച്ചുകൊണ്ട് കുറിയ മിനി സ്‌കർട്ടുകളാണ് അവർ ധരിച്ചിരുന്നത്. അതിൽ ഒരുത്തിയുടെ ഭംഗിയുള്ള കാലുകൾ ശരിക്കും ആസക്തി ജനിപ്പിക്കുന്നതായിരുന്നു. രമേശന്റെ കണ്ണുകൾ അറിയാതെ അവിടേയ്ക്കു നീണ്ടു. ഒന്നുരണ്ടു പെൺകുട്ടികൾ ഇടയ്ക്കിടയ്ക്ക് രമേശനെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. ഫ്രാങ്ക് ഒപ്പമുള്ളതുകൊണ്ടായിരിക്കണം അവർ അടുത്തു വരാഞ്ഞത്. താൻ ഒറ്റയ്ക്കു പോവുകയാണെങ്കിൽ അവരുമായി സംസാരിക്കാം. കാൾ ഗേൾസ്. െവളിച്ചം കുറഞ്ഞ തെരുവോരത്ത് പോലീസിനെ പേടിച്ച് പാതി മറഞ്ഞുനിന്ന് ആണുങ്ങളെ വശികരിക്കുന്നവരെ നാം വേശ്യകളെന്നു പറയുന്നു. മറിച്ച് ബാറിലോ, ഏതെങ്കിലും കൂട്ടിക്കൊടുപ്പുകാരന്റെ ഫോണിന്റെ മറുവശത്തോ ഇരുന്ന് ഇതേ കച്ചവടം ചെയ്യുന്നവരെ നാം കാൾ ഗേൾസ് എന്നും വിളിക്കുന്നു. ഒരേ തൊഴിലിനുതന്നെ മാന്യതയ്ക്ക് വ്യത്യസ്ത മാനങ്ങൾ! ബാറിൽ കയറാനും അവരുമായി സമ്പർക്കം പുലർത്താനും രമേശൻ ആഗ്രഹിച്ചു. പക്ഷേ അവരെ എങ്ങോട്ടു കൊണ്ടുപോകും? എവിടെയെങ്കിലും മുറി എടുക്കേണ്ടി വരും. അതിന്റെ വാടക, പിന്നെ പെൺകുട്ടി ആവശ്യപ്പെടുന്ന പ്രതിഫലം. അതൊന്നും കൊടുക്കാൻ തനിക്കു കഴിയില്ല. പോരാത്തതിന് തന്റെ ലൈംഗിക ജീവിതം ഒരു വില പേശലിന്റെയും വില പറഞ്ഞുറപ്പിക്കലിന്റെയും ഫലമായുണ്ടാകുന്ന കച്ചവടത്തിൽ തുടങ്ങാനും അയാൾ ആഗ്രഹിച്ചില്ല. സ്‌നേഹത്തെക്കുറിച്ചുള്ള തന്റെ സങ്കല്പങ്ങൾ ഇതൊന്നുമല്ല. മായയുമായി അധികം അടുക്കാൻ താല്പര്യമില്ലാത്തതുതന്നെ അവളുമായി പ്രേമത്തിലായിട്ടില്ല എന്നതു കൊണ്ടാണ്.

ശരി സമ്മതിച്ചു. അയാൾ സ്വയം വിമർശിക്കാൻ തുടങ്ങി. അപ്പോൾ ആനന്ദമയീദേവിയോ? താൻ അവരുമായി സങ്കല്പരതി നടത്തുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ഉത്തരം മുട്ടിയപ്പോൾ അയാൾ എവിടെയും കയറാതെ ധൃതി പിടിച്ചു നടന്നു, എസ്പ്ലനേഡിൽ ഒരു തിരിവ് കടക്കുന്ന ട്രാമിൽ പിടിച്ചുകയറി.

വീട്ടിലെത്തിയപ്പോൾ രമേശൻ തളർന്നു. സ്വാമിയുടെ ഊണ് നന്നായിരുന്നു. ഒരുപക്ഷേ നല്ലവണ്ണം വിശന്നതുകൊണ്ടായിരിക്കണം. വീട്ടിൽ ചെന്ന ഉടനെ കുളിച്ചു. വെള്ളത്തിന് നല്ല തണുപ്പ്. എങ്ങിനെയെങ്കിലും കുളിമുറിയിൽ നിന്ന് പുറത്തു കടന്നാൽ മതിയെന്നായി. വേഗം തോർത്തി ലുങ്കി ഉടുക്കാനുംകൂടി മെനക്കെടാതെ ലൈറ്റ് ഓഫാക്കി കിടക്കയിൽ വീണു കമ്പിളികൊണ്ട് പുതച്ചു.

ഏതോ മലനിരകളിൽ േമഞ്ഞു നടന്നിരുന്ന ചെമ്മരിയാടുകൾ തനിക്ക് ചൂടുപകരാനായി സ്വന്തം രോമം ത്യജിച്ചിരിക്കുന്നു. അയാൾക്ക് സർവ്വദായിനിയായ പ്രകൃതിയോട് നന്ദി തോന്നി. സാവധാനത്തിൽ ദേഹം ചൂടുപിടിച്ചു വരുന്നതനുസരിച്ച് ഉറക്കം അയാളുടെ കണ്ണുകളെ തളർത്തി. കുട്ടിക്കാലത്ത് ഉറക്കം പിടിക്കുന്ന നിമിഷം കണ്ടുപിടിക്കാൻ അയാൾ ശ്രമിക്കാറുണ്ട്. പക്ഷേ കഴിയാറില്ല. അശ്രദ്ധമായൊരു നിമിഷത്തിൽ അയാൾ ഉറങ്ങിപ്പോകും. അയാൾ ഫ്രാങ്കിനെപ്പറ്റി ഓർത്തു. അയാളുടെ ഒപ്പം ബാറിൽ പോയപ്പോൾ കണ്ട അല്പവസ്ത്രകളായ പെൺകുട്ടികളെ ഓർത്തു. ഇല്ല ഒന്നും മനസ്സിൽ നിൽക്കുന്നില്ല. മനസ്സ് ഏതോ അജ്ഞാതലോകത്തിലേയ്ക്ക് വഴുതിവീഴുകയാണ്.

വാതിൽക്കൽ കേട്ട മുട്ട് ഒരു സ്വപ്നമായിരിക്കുമെന്നാണ് രമേശൻ കരുതിയത്. ആരോ വാതിൽ തുറന്ന് അകത്തുകടക്കുന്നു. സ്വപ്നംതന്നെ, പക്ഷേ താൻ കിടക്കാനുള്ള ധൃതിയിൽ വാതിൽ കുറ്റിയിട്ടിട്ടില്ലെന്ന് അയാൾ ഓർത്തു. സാരമില്ല, കോണിച്ചുവട്ടിലെ വാതിൽ അവർ അടച്ചു കുറ്റിയിടാറുണ്ട്. സ്വപ്നവും യാഥാർത്ഥ്യവും കൂടിക്കുഴഞ്ഞുകൊണ്ടുള്ള ഒരവസ്ഥയായിരുന്നു അത്. ആരോ ലൈറ്റിട്ടു. മുറിയിൽ വെളിച്ചമുണ്ട്, പക്ഷേ രമേശൻ ഒന്നും കാണുന്നില്ല.

‘നീ ഇത്ര വേഗം ഉറങ്ങിയോ?’ പരിചിതമായ സ്ത്രീശബ്ദം. മേശപ്പുറത്ത് ഒരു പാത്രം വയ്ക്കുന്ന ഒച്ച. അയാൾക്ക് കണ്ണു തുറക്കണമെന്നുണ്ട്. കൺപോളകൾക്ക് കനംവച്ചിരിക്കുന്നു. തുറക്കാൻ കഴിയുന്നില്ല. ലോലമായ വിരലുകൾ നെറ്റിമേൽ തലോടുന്നത് അറിയുന്നുണ്ട്. നെറ്റിയിൽനിന്ന് ആ വിരലുകൾ സാവധാനത്തിൽ കവിളിലേയ്ക്ക്, വീണ്ടും താഴെ അയാളുടെ നെഞ്ചിൽ ചലനാത്മകമായി. ദേഹത്തിൽ മാംസളമായൊരു ശരീരത്തിന്റെ സ്പർശം അനുഭവപ്പെട്ടു. ഈ സ്വപ്നത്തിൽനിന്ന് ഉണരരുതേ എന്ന പ്രാർത്ഥനയിലായിരുന്നു രമേശൻ.

‘എന്തൊരുറക്കമാണിത്?’ ആരോ ചെവിയിൽ മന്ത്രിക്കുന്നു.

അയാൾ ഉണർന്നു, വളരെ സാവധാനത്തിൽ, രാത്രയിൽനിന്ന് പകലിലേയ്ക്കുള്ള പ്രയാണത്തിൽ ഭൂമി, പ്രഭാതത്തിന്റെ അശാന്തമായ മന്ദഗതിയോടെ ദീപ്തമാകുന്നപോലെ. ഇപ്പോൾ മുറിയിലെ വെളിച്ചത്തിൽ തൊട്ടടുത്തിരിക്കുന്ന ആനന്ദമയീദേവിയെ കാണാം. അവർ അയാളെ നോക്കി ചിരിക്കുകയാണ്.

‘നീ ഇപ്പോൾ വന്നിട്ടല്ലേ ഉള്ളൂ, ഇങ്ങിനെ പെട്ടെന്ന് ഉറങ്ങുംന്ന് കരുതിയില്ല. അതും എന്തൊരുറക്കം! ഞാൻ നിനക്ക് പായസം കൊണ്ടുവന്നിട്ടുണ്ട്.’

അവൻ എഴുന്നേൽക്കാൻ നോക്കി. പെട്ടെന്നാണ് താൻ വസ്ത്രമൊന്നും ധരിച്ചിട്ടില്ലെന്ന ഓർമ്മ വന്നത്. അവൻ പുതപ്പോടുകൂടി കട്ടിലിൽ ചാരിയിരുന്നു.

‘നീ എഴുന്നേൽക്കണ്ട.’ അവർ പറഞ്ഞു. ഞാൻ കൊണ്ടുവന്നു തരാം.’

രമേശന്റെ അവസ്ഥ ആനന്ദമയീദേവിയ്ക്കു മനസ്സിലായെന്നു തോന്നുന്നു. പുതപ്പിനടിയിലുണ്ടായ വികാരത്തള്ളിച്ച അയാൾ അപ്പോഴാണ് ശ്രദ്ധിക്കുന്നത്. അവൻ പറഞ്ഞു.

‘കുറച്ചു കഴിയട്ടെ. ദീദി ഇരിക്കു.’ അയാൾ അവരുടെ ഉരുണ്ട കൈ പിടിച്ചുകൊണ്ട് പറഞ്ഞു. എഴുന്നേൽക്കാൻ പോയ അവർ വീണ്ടും ഇരുന്നു, ഇത്തവണ കുറച്ചുകൂടി കയറി, അയാളുടെ അടുത്തേയ്ക്ക്. രമേശന്റെ തൊണ്ട വരണ്ടു. ആനന്ദമയീദേവിയോടു ഒരുപാടു കാര്യങ്ങൾ സംസാരിക്കണമെന്ന് കരുതിയതായിരുന്നു. സംസാരിക്കാൻ തുടങ്ങിയാൽ അത് അവരെ എങ്ങിനെ ബാധിക്കുമെന്നും അറിയില്ല. കഴിഞ്ഞ പ്രാവശ്യം അവർ എഴുന്നേറ്റ് ഓടിയത് ഓർത്തു. അവരുടെ മുറിയിൽ ചെന്നപ്പോൾ വളരെ അപ്രതീക്ഷിതമായ പെരുമാറ്റവുമാണ് ലഭിച്ചത്. ‘നീ പോ, എന്തിനാണ് വന്നത്, പോ...’ രമേശൻ ആലോചിച്ചു. എന്താണ് താൻ അവരുടെ അടുത്തുനിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഇേപ്പാൾ രമേശന് രൂപമുണ്ടായിരുന്നു. ആ ലക്ഷ്യത്തിലേയ്ക്ക് എങ്ങിനെയാണ് എത്തുക എന്നു മാത്രം അറിയില്ല. എത്തുമോ എന്നുതന്നെ ഉറപ്പില്ല. അവർ തന്നിൽ അവരുടെ മകനെയാണ് കാണുന്നതെങ്കിൽ ഒന്നും നടക്കാൻ പോകുന്നില്ല. മറിച്ചാണെങ്കിലോ? ഒന്നുകിൽ എല്ലാം കിട്ടും, അല്ലെങ്കിൽ എല്ലാം നഷ്ടപ്പെടും. പിന്നെ തനിക്ക് അവിടെ താമസിക്കാൻ പറ്റിയില്ലെന്നു വരും. കനത്ത അപകടസാദ്ധ്യത അറിഞ്ഞു കൊണ്ടുതന്നെ അയാൾ ഒരു സാഹസം ചെയ്യാൻ തീരുമാനിച്ചു. അവരുടെ കൈ പതുക്കെ വലിച്ചുകൊണ്ട് അയാൾ പറഞ്ഞു.

‘ദീദി എന്റെകൂടെ കുറച്ചുനേരം കിടക്കൂ.’

‘ഛി, ഛി, നീയെന്തൊക്കെയാണ് പറയണത്? കുട്ടികളെപ്പോലെ?’ അവർ പെട്ടെന്ന് എഴുന്നേറ്റു. രമേശന്റെ ഹൃദയമിടിപ്പു കൂടുതലായി. അയാളുടെ മുഖം വിളറി. എല്ലാം നഷ്ടപ്പെട്ടുവെന്ന് അയാൾക്കു മനസ്സിലായി. ചൂതുകളിയിൽ താൻ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു.

അവർ പോകാനായി വാതിലിനടുത്തേയ്ക്ക് നടക്കുകയാണ്. അയാളുടെ കണ്ണിൽ വെള്ളം നിറഞ്ഞു. പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. എങ്ങിനെയാണ് അവരെ തിരിച്ചു വിളിക്കുക എന്നറിയാതെ അയാൾ സ്തബ്ധനായി ഇരുന്നു. ഒരു നിമിഷനേരത്തേയ്ക്കു മാത്രം.

അവർ പക്ഷേ വാതിൽ തുറക്കുന്നതിനു പകരം കുറ്റിയിടുകയാണുണ്ടായത്. പിന്നെ തൊട്ടടുത്തുള്ള ചുമരിലെ സ്വിച്ച് ഓഫാക്കി, അയാളുടെ അടുത്തേയ്ക്കു തിരിച്ചു വന്നു.

‘ഞാൻ വിചാരിച്ചു...’ അയാൾ വിക്കിക്കൊണ്ടു പറഞ്ഞു.

‘എന്തു വിചാരിച്ചു?’ കിടക്കയിൽ രമേശനോടൊപ്പം പുതപ്പിന്നടിയിലേയ്ക്കു നൂണുകൊണ്ട് അവർ കൊഞ്ചിച്ചുകൊണ്ട് ചോദിച്ചു. ‘എനിക്ക് നിന്നെ സ്‌നേഹമില്ലെന്നോ?’