close
Sayahna Sayahna
Search

താജ്‌മഹലിനകത്തെ സദാചാരവിരുദ്ധന്മാര്‍


താജ്‌മഹലിനകത്തെ സദാചാരവിരുദ്ധന്മാര്‍
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


ഈ ലോകത്തുളള മറ്റുള്ളവരില്‍ നിന്ന് ഒറ്റപ്പെട്ട് നാം ഓരോരുത്തരും ഓരോ കണ്ണാടിക്കൂട്ടില്‍ കഴിയുകയാണ്. അല്ലെങ്കില്‍ കാചമയമായ ശവപ്പെട്ടിയില്‍ കിടക്കുന്നു. അവിടെക്കിടന്നുകൊണ്ടു നോക്കുമ്പോള്‍ പ്രതീക്ഷയുടെ വൃക്ഷം പൂവണിഞ്ഞ് പ്രത്യക്ഷപ്പെടുന്നതായി നമുക്ക് തോന്നുന്നുണ്ട്. എന്നാല്‍ ഒന്നുകൂടെ നോക്കു. മരം അന്തര്‍ദ്ധാനം ചെയ്തതായി നാം മനസ്സിലാക്കും. ഇതുതന്നെയാണ് മനുഷ്യജീവിതം. പ്രമേയതയുടേയും അപ്രമേയതയുടേയും ഇടയിലകപ്പെട്ടു മനുഷ്യന്‍ ഉഴലുന്നു. ഇവിടെ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യവും മരണത്തിന്റെ ശൂന്യതയും മാത്രമേ സത്യാത്മകങ്ങളായുള്ളു. ഈ ചിന്താഗതിക്കു കലാപരമായ ആവിഷ്കാരം നല്കിയിട്ടുള്ള അത്യന്ത സുന്ദരമായ ഒരു നോവല്‍ ഫ്രാന്‍സില്‍ ആവിര്‍ഭവിച്ചിരിക്കുന്നു. മഹായശസ്കനായ യനസ്കൊയാണ് ഇതിന്റെ കര്‍ത്താവ്. ഷാങ്പോള്‍ സാര്‍ത്രിന്റെ ʻല നോസʼയെക്കാള്‍ (La Nausee–1938), അല്‍ബേര്‍ കമ്യുവിന്റെ ʻലെത്രാങ്ഷെʼയെക്കാള്‍ (LʼEtranger–1942) ഈ നോവലിനു മനോഹാരിതയുണ്ട്. ʻലെ സൊലിതര്‍ʼ (Le Solitare) എന്നാണ് ഇതിന്റെ പേര്‍. സൊലിതര്‍ എന്ന ഫ്രഞ്ച് പദത്തിന് ഹെര്‍‌മിറ്റ് –- സന്ന്യാസി –- എന്നര്‍ത്ഥം. ന്യൂയോര്‍‌ക്കിലെ വൈക്കിങ് പ്രസ്സ് അടുത്ത കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഇംഗ്ലീഷ് തര്‍ജമയുടെ പേര്‍ ʻദ ഹെര്‍മിറ്റ്ʼ എന്നുതന്നെയാണ്. പ്രഖ്യാതനായ ഫ്രഞ്ച് നിരൂപകന്‍ ഫ്രാങ്സ്വ നുറിസ്യേ യനസ്കൊയുടെ നോവലിനെക്കുറിച്ച് എഴുതി. ʻനമ്മുടെ ശതാബ്ദത്തിലെ രോഗത്തെ നിരീക്ഷിക്കുകയും വിശദമാക്കുകയും ചെയ്യുന്ന ʻസന്ന്യാസിʼയെന്ന നോവല്‍ നമ്മുടെ കാലഘട്ടത്തിലെ പ്രധാനപ്പെട്ട കൃതികളില്‍ ഒന്നാണെന്ന് എതാനും വര്‍ഷങ്ങള്‍ക്കകം നാം മനസ്സിലാക്കുന്നതാണ്. മഹാന്മാരായ പല നിരൂപകരും ആ നോവലിനെക്കുറിച്ച് ഇമ്മട്ടില്‍ത്തന്നെ അഭിപ്രായം ആവിഷ്ക്കരിച്ചിട്ടുണ്ട്. നാമൊക്കെ കാലപ്രവാഹത്തിലുടെ ഒഴുകുകയാണ്. ഇരുവശവുമുള്ള സാഹിത്യകൃതികളെ ഒന്നുനോക്കാന്‍ മാത്രമേ നമുക്കു കഴിയുന്നുള്ളു. അങ്ങനെ ഒഴുകുമ്പോള്‍ അവയില്‍ ഒരെണ്ണം ʻനില്ക്കു, എന്നെ സുക്ഷ്മനിരീക്ഷണം ചെയ്യുʼ എന്നു നമ്മോട് ആവശ്യപ്പെടുന്നു. കാലില്‍ ആരോ പിടിച്ചവലിച്ചതുപോലെ നാം ചലനമറ്റവരായി ഭവിക്കുന്നു. നാം ആ ആഹ്വാനം കേട്ടു സംവീക്ഷണം ചെയ്യുകയായി. തികച്ചും ആഹ്ലാദപ്രദമാണ് ഈ കൃത്യം.

caption
യനസ്കൊ

യനസ്കൊയുടെ നോവലിലെ നായകനു പേരില്ല. അയാള്‍ വിചാരിക്കുന്നു. ʻമുപ്പത്തിയഞ്ചു വയസ്സായ ഈ സമയത്ത് ഈ ദൈനംദിന പ്രവര്‍ത്തനം ഉപേക്ഷിച്ച് പോകാനുള്ള സമയം എന്നേ കഴിഞ്ഞു പോയിരിക്കുന്നുവെന്നു തോന്നുന്നു. അങ്ങനെ തളര്‍ച്ചയുളവാക്കുന്ന ദിനകൃത്യങ്ങള്‍ ഉണ്ടെന്നു സങ്കല്പിച്ചുക്കാണ്ടുതന്നെ. എന്റെ ജോലിയില്‍ എനിക്കു മടുപ്പും ക്ഷീണവുമുണ്ടായി. ഞാന്‍ വേഗത്തില്‍ നാല്പതിന്നേടടുക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ സ്വത്ത് എനിക്കു ലഭിച്ചില്ലായിരുന്നുവെങ്കില്‍ ഞാന്‍ നൈരാശ്യം കൊണ്ടും വൈരസ്യം കൊണ്ടും മരിച്ചുപോകുമായിരുന്നു.ʼ തുടര്‍ന്ന് ഓരോ സംഭവവും അനാവരണം ചെയ്യപ്പെടുന്നു. അയാള്‍ ഒരു കമ്പനിയിലെ താണതരത്തില്‍പ്പെട്ട ഗുമസ്തനായിരുന്നു. പതിനഞ്ചു കൊല്ലമായി ആ പാവം അവിടെ ജോലിചെയ്യുകയാണ്. അയാള്‍ കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയി. അമ്മയുടെ ആഗ്രഹം മകന്‍ ഡോക്ടറോ, എഞ്ചിനീയറോ, സാഹിത്യകാരനോ ആകണമെന്നായിരുന്നു. പക്ഷേ, അവനു കിട്ടിയത് ഗുമസ്തന്റെ പണി മാത്രം. നിരാശതയില്‍ വീണ അമ്മയും ഈ ലോകം വിട്ടുപോയി. അങ്ങനെ വിരസമായ ജോലിയില്‍ എര്‍പ്പെട്ടിരിക്കുമ്പോപോള്‍ ഒരു ദിവസം അയാള്‍ക്ക് അറിവുകിട്ടി, അമേരിക്കയില്‍ താമസിച്ചിരുന്ന ഒരമ്മാവന്‍ തന്നെ വലിയ സ്വത്തിന്റെ അവകാശിയാക്കിയിട്ട് മരിച്ചിരിക്കുന്നുവെന്ന്. ധനികനായപ്പോള്‍ ക്ലാര്‍ക്കു ജോലി ഉപേക്ഷിച്ച് പുതിയ ജീവതമാരംഭിക്കാന്‍ അയാള്‍ തീരുമാനിച്ചു. ഗുമസ്തന്റെ ജീവിതം! എന്തൊരു ശുഷ്കമായ ജീവിതമാണത്! മണി എട്ടരയാകുമ്പോള്‍ ഓഫീസിലെത്തിക്കൊള്ളണം. എട്ടേമുക്കാലിനകം എത്തിയില്ലെങ്കില്‍ അന്നത്തെ ദിവസം ഹാജരില്ല. കാര്‍ഡില്‍ ഒപ്പിട്ടില്ലെങ്കില്‍ പിഴയൊടുക്കുകയും വേണം. അയാളൊരിക്കലും വിപ്ലവകാരിയായിരുന്നില്ല്ല; വിഷാദമഗ്നനാണോ? അല്ല. ആഹ്ലാദഭരിതനാണോി അല്ല. ജഗദുത്പത്തിയില്‍ അടിതൊട്ടു മുടിവരെ താന്‍ വിലയംകൊണ്ടിരിക്കുകയാണെന്ന് അയാള്‍ക്കു തോന്നി. ആര്‍ക്ക് അയാളുടെ ആ നില മാറ്റാന്‍ കഴിയും. മുകളില്‍ ആകാശം. താഴെ ഭുമി. ഗുരുത്വാകര്‍ഷണസിദ്ധാന്തവും അതുപോലുള്ള മറ്റനേകം സിദ്ധാന്തങ്ങളും –- അവയ്ക് അയാള്‍ വിധേയനായിരിക്കുന്നു. വൈരസ്യവും വിഷാദവും മാത്രമേ അയാള്‍ക്കു കുട്ടുകാരായി ഉണ്ടായിരുന്നുള്ളു. ഗുമസ്തനായിരിക്കുമ്പോള്‍ മുന്നു പെണ്ണുങ്ങള്‍ –- ഷ്യുലിയത്, ഷാന്‍, ലുസിയന്‍ –- അയാളുടെ ജീവിതത്തിലേക്കു കടന്നുവന്നു. അവരോടു താല്‍ക്കാലികമായ ബന്ധം മാത്രമേ അല്‍ക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ സ്ത്രീകള്‍ അയളെ ആകര്‍ഷിക്കാറില്ല.

ജീവിതത്തിന്റെ തടവറ

പ്രപഞ്ചം ഒരു വലിയ കൂടാഎയോ തടവറയായോ അയാള്‍ക്കു തോന്നി. അതിന്റെ ല്‍േത്തട്ട് ആകാശം. ഭിത്തികള്‍ ചക്രവാളം ... ഗുമസ്തന്റെ ജോലി ഉപേക്ഷിച്ച് അയാള്‍ നഗരോപാന്തത്തില്‍ ഒരു പാര്‍പ്പിടം കണ്ടുപിടിച്ചു. അമേരിക്കയിലെ അമ്മാവന്റെ കാരുണ്യത്താല്‍ അയാളിന്ന് ധനികനാണ്. എന്നാല്‍ അതുകൊണ്ട് അയാളുടെ ജീവിതവൈരസ്യം മാറിപ്പോയെന്നു ധരിക്കേണ്ടതില്ല. തന്റെ വീട്ടിനടുത്തുള്ള പാതയിലുടെ നടന്നുപോകുന്നവരെ പ്രേതങ്ങളായിട്ടാണ് അയാള്‍ കണ്ടത്. കേവലമൂല്യങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ലാത്ത ഈ ലോകം വെറുമൊരു ഗോളം, മറ്റൊരു ഗോളത്തിനകത്തുള്ള ഗോളം. ആ മറ്റൊരു ഗോളമാകട്ടെ വേറൊരു ഗോളത്തിനകത്തും. അതുവേറൊന്നിന്റെ ഉള്ളില്‍.

In this globe which is a globe
Caught in a globe which is in a globe
Which is in a globe ...

ആ പുതിയ വീട്ടില്‍ അയാള്‍ അങ്ങനെ കഴിഞ്ഞുകൂടി. കഴിഞ്ഞുകൂടുക എന്നൊരു പ്രവര്‍ത്തനമല്ലേ? പക്ഷേ, അയാള്‍ സ്വയമറിഞ്ഞു പ്രവര്‍ത്തിക്കുകയായിരുന്നില്ല. അയാളെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുകയായിരുന്നു. ചില സവിശേഷങ്ങളായ പരിതഃസ്ഥിതികളും ചിന്തകളുമുണ്ടാല്‍ അവയ്ക്ക് വിധേയനാകുന്ന മനുഷ്യന്‍ ഇന്ന രീതിയിലേ പെരുമാറു, ഇന്ന രീതിയിലേ വിചാരിക്കു എന്ന് മുന്‍കൂട്ടിത്തന്നെ നിര്‍ണ്ണയിക്കാം. ഇതിനെയാണ് ഇംഗ്ലീഷില്‍ കണ്ടീഷനിങ്ങ് എന്നു പറയുന്നത്. ഈ ലോകത്ത് മനുഷ്യന്‍ സാമുഹികമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പട്ടിരിക്കുന്നു. പക്ഷേ, ജീവശാസ്ത്രപരമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പെട്ടിരിക്കുന്നു എന്നു പറയുന്നതാവും കുടുതല്‍ ശരി. അതുമല്ല, മനുഷ്യന്‍ ജഗത്സംബന്ധീയമായി ʻകണ്ടീഷന്‍ʼ ചെയ്യപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ശരി. ഇവിടെ സത്യവുമില്ല അസത്യവുമില്ക.

അയാളുടെ അനിയതമായ ഈ മാനസികാവസ്ഥ കണ്ട് ആരോ പറഞ്ഞു, അയാളെ മുറിക്കുള്ളില്‍ പുട്ടിയിടണമെന്ന്. അതുകേട്ട് അയാള്‍ ചോദിച്ചു: ʻഎന്നെ പുട്ടിയിടുകയോ? മറ്റുള്ള എല്ലാ ആളുകളെയുമെന്ന പോലെ എന്നെ എപ്പോഴേ പുട്ടിയിരിക്കുന്നു. കണ്ണാടി അദൃശ്യമാണ്. അത്രേയുള്ളുʼ

ഇങ്ങനെ വിഷാദപുര്‍ണ്ണമായ ജീവിതം അയാള്‍ നയിക്കുമ്പോള്‍ ഹോട്ടലിലെ ജോലിക്കാരി പറഞ്ഞു.. ʻസര്‍ അങ്ങു സ്വന്തം കാര്യത്തിന് അമിതപ്രാധാന്യം കല്പിക്കുന്നു. അതു സത്യമാണ്. അങ്ങയ്ക്ക് ഒരു സ്ത്രീ വേണം. എന്നെ വേണമെങ്കില്‍ ...ʼ

അവര്‍ ഒരുമിച്ചു കിടന്നു. നേരം വെളുത്തു. സുര്യപ്രകാശം തട്ടിയ നഗ്നങ്ങളായ മുലകള്‍ കാണുന്നത് ആഹ്ലാദപ്രദമാണ്. അയാള്‍ ആഹ്ലാദിച്ചിരിക്കും. വിടര്‍ത്തിവെച്ച അവളുടെ തുടകള്‍ക്കു മുകളില്‍ സ്ഥാനം തെറ്റിക്കിടക്കുന്ന ʻനൈറ്റ് ഗൗണ്‍ʼ വലിച്ചു താഴ്ത്തിയിട്ട് അയാള്‍ അവളെ സ്പര്‍ശിക്കാതെ കട്ടിലിന്റെ അരികിലേയ്ക്ക് നീങ്ങിക്കിടന്നു.

ʻകബാലʼയില്‍ എഴുതിയിട്ടുണ്ട് ഈശ്വരന്‍ ഇരുപത്തിയേഴു പ്രാവശ്യം ഈ പ്രപഞ്ചം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നു്. ഇത് ഇരുപത്തെട്ടാമത്തെ സൃഷ്ടിയത്രെ. ഇതും വിജയം പ്രാപിച്ചില്ല. ശൂന്യതയില്‍ താണുപോകാന്‍ അദ്ദേഹം അതിനെ അനുവദിച്ചിരിക്കുകയാണ്. പരാജയപ്പെട്ട ഈ പ്രപഞ്ചത്തില്‍ അയാള്‍ ജീവിക്കുമ്പോള്‍ ആ നഗരോപാന്തത്തില്‍ ഒരാഭ്യന്തരയുദ്ധം ഉണ്ടായി. രക്തപ്പുഴകള്‍ ഒഴുകി. തലകള്‍ ഉരുണ്ട് തെറിച്ചു. അയാള്‍ക്ക് അടുത്തു പരിചയമുണ്ടായിരുന്ന പലരും വിപ്ലവത്തില്‍ മരിച്ചു. താല്‍ക്കാലികമായി ബന്ധമുണ്ടാക്കിയ ഹോട്ടലിലെ പരിചാരിക മറ്റൊരുവനെ അന്വേഷിച്ചു പോയി.

നിലനില്പ് എന്ന അസ്വാസ്ഥ്യം

എന്തിനാണ് ആളുകള്‍ ഇങ്ങനെ അന്യോനം കൊല്ലുന്നത്? മരണത്തെ പിന്നിലേക്കു തള്ളിനീക്കാന്‍ അവര്‍ക്കു കഴിയുകയില്ല എന്നതുകൊണ്ടുതന്നെ. അതൊക്കെ കണ്ടപ്പോള്‍ അയാള്‍ സ്വയം ചോദിച്ചു: ʻഞാന്‍ʼ എന്നതു ജീവിക്കുന്നുണ്ടോ? സ്ഥൂലവും സുക്ഷ്മവുമായ രണ്ട് അനന്തതകള്‍ക്കു മദ്ധ്യത്തില്‍ ʻഞാന്‍ʼ ഉണ്ട്. ഞാന്‍ എന്നതാര്? ഒരു തരത്തില്‍ പറഞ്ഞാല്‍ ഒരു രേണു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഏകരാശീകൃതമായ സ്വര്‍ഗംഗ.

കാലം കഴിഞ്ഞു. അയാള്‍ വൃദ്ധനായി. പുതിയ തലമുറയെ കണ്ടപ്പോള്‍ അയാള്‍ക്കു തോന്നി ലോകം യുവത്വമാര്‍ജ്ജിച്ചെന്ന്, തനിക്കു വാര്‍ദ്ധക്യം സംഭവിച്ചെന്ന്. ഒരു ദിവസം പക്ഷികളുടെ കളകളനാദം കേട്ട് അയാള്‍ ഉണര്‍ന്നു. ജനല്‍ തുറന്നുനോക്കിയപ്പോള്‍ അടിമുടി പൂത്ത ഒരു മരം. കൈനീട്ടിയാല്‍ അയാള്‍ക്കതു തൊടാം. നീലപ്പക്ഷികളും പച്ചപ്പക്ഷികളും അതില്‍ നിന്നു പറന്നുയര്‍ന്നു. അയാള്‍ വീടു സൂക്ഷിക്കുന്നവളെ വിളിച്ചു പറഞ്ഞു. ʻവരു മുറ്റത്ത് ഒറ്റരാത്രികൊണ്ടു മനോഹരമായ ഒരു മരം. വന്നു കാണു.ʼ അവള്‍ വന്നുനോക്കിയപ്പോള്‍ വൂക്ഷം അന്തര്‍ദ്ധാനം ചെയ്തിരിക്കുന്നു. അതില്‍നിന്ന് അയാള്‍ അടര്‍ത്തിയെടുത്ത മുന്നു പൂക്കള്‍ മേശപ്പുറത്തുണ്ട്. വെള്ളം നിറച്ച ഗ്ലാസ്സില്‍ അവയിട്ടിട്ട് അവള്‍ പോയി. പിന്നെയും മരം പ്രത്യക്ഷമായി. ഒരു മരം കൂടെ. തുടര്‍ന്ന് അനവധി മരങ്ങള്‍. ഒരു വലിയ പാത. എന്തെന്നില്ലാത്ത പ്രകാശം. ഒരു ഉദ്യാനം. ഇതെല്ലാം അയാള്‍ മുന്നില്‍ കണ്ടു. അവ മറഞ്ഞേയ്ക്കുമെന്ന് കരുതി അയാള്‍ കിടക്കയില്‍ നിന്ന് എഴുന്നേറ്റില്ല. ഉദ്യാനം അയാളുടെ അടുക്കലെത്തി. അയാള്‍ അതിന്റെ ഭാഗമായി. വര്‍ഷങ്ങള്‍ കഴിഞ്ഞു. അതോ നിമിഷങ്ങളോ. പെട്ടെന്ന് എല്ലാം മറഞ്ഞു. പ്രകാശത്തിന്റെ ഒരംശം മാത്രമേ അയാളുടെ ഉള്ളില്‍ കടന്നുള്ളു. അതൊരു സൂചന തന്നെ. നോവല്‍ ഇവിടെ അവസാനിക്കുന്നു.

ശൂന്യതയിലെ അന്വേഷണം

ഡാനിഷ് തത്ത്വചിന്തകനായ സൊയ്റന്‍ ഒബ്യു കീര്‍കഗോര്‍ (Soren Aabye Kierkegaard 1813–55) വിശദീകരിച്ചിട്ടുള്ള നൈരാശ്യം (Despair), സന്ത്രാസം (Dread – Angst) ഇവയെ കലാപരമായി ആവിഷ്കരിച്ചതിന്റെ ചാരുതയാണ് ഈ നോവലിനുള്ളത്. മനുഷ്യന്‍ എത്ര സുഖപ്രദമായ ജീവിതം നയിച്ചാലും നൈരാശ്യത്തിനു വിധേയനാണെന്നാണ് കീര്‍കഗോറിന്റെ മതം. കാരണം ജീവിതത്തിന്റെ എല്ലാ അംശങ്ങളും മനുഷ്യനു നിയന്ത്രിക്കാനാവാത്ത ഏതോ ഒന്നിനെ ആശ്രയിച്ചിരിക്കുന്നു എന്നാതാണ്. അമ്മാവന്‍ നല്കിയ ധനം കൊണ്ടു നോവലിലെ കഥാപാത്രത്തിന് ആഹ്ലാദനിഭരമായ ജീവിതം നയിക്കാവുന്നതേയുള്ളു. എന്നിട്ടും അജ്ഞാതമായ ആ ശക്തിവിശേഷം അയാളെ നൈരാശ്യത്തിലേക്കു വലിച്ചെറിയുന്നു. ആ നീര്‍ക്കയത്തില്‍ വീണ അയാള്‍ക്കു ശ്വാസംമുട്ടലുണ്ടാകുന്നു. അതുപോലെ സന്ത്രാസത്തിനും അയാള്‍ അടിമയാവുകയാണ്. കീര്‍കഗോര്‍ സ്പഷ്ടമാക്കിത്തരുന്ന സന്ത്രാസത്തിന് വസ്തുക്കളുമായി ബന്ധമില്ല. നാം റോഡിലുടെ നടക്കുമ്പോള്‍ ഒരാന മദംപൊട്ടി നമ്മുടെ നേര്‍ക്ക് ഓടിവരുന്നുവെന്ന് സങ്കല്പിക്കു. നാം പേടിക്കും. എന്നാല്‍ ആനയെ ആരെങ്കിലും ബന്ധിച്ചാല്‍ നമ്മുടെ പേടി മാറും. ഇതല്ല സന്ത്രാസത്തിന്റെ അവസ്ഥ. വസ്തുക്കളില്‍ നിന്നല്ല അതിന്റെ ഉത്ഭവം. ജീവിതം എതു നിമിഷത്തിലും ശുന്യതയില്‍ വിലയം കൊള്ളാമല്ലോ. ഈ ശൂന്യതയില്‍ നിന്നാണ് സന്ത്രാസം ജനിക്കുന്നത്. നോവലിലെ നായകന്‍ അര്‍ത്ഥരഹിതമായ ജീവിതത്തിന്റെ, ശുന്യമായ ജീവിതത്തിന്റെ സന്ത്രാസത്തിലമര്‍ന്ന് ഉഴലുന്നതു യനസ്കൊ വിസ്മയാവഹമായ പ്രാഗത്ഭ്യത്തോടെ ആലേഖനം ചെയ്യുന്നു; സാര്‍ത്രിനോ കമ്യുവിനോ കഴിയാത്ത മട്ടില്‍ത്തന്നെ. ʻഅഭ്യസനംʼ (Lesson), ʻകസേരകള്‍ʼ (Chairs) എന്നീ അബ്സേഡ് നാടകങ്ങളെഴുതിയ യനസ്കോ ʻഅടിസ്ഥാനപരമായിʼ ഭാവാത്മകസാഹിത്യകാരനല്ല. പക്ഷേ, ഈ ന്നേവലിന്റെ രചയിതാവായ അദ്ദേഹം ഭാവാത്മക കവിയാണ്. ഭാവാത്മകത്വം അംഗീകരിക്കുന്ന സാഹിത്യകാരന്‍ ആത്മാവിന്റെ വിവിധ മണ്ഡലങ്ങളെയാണു ചിത്രീകരിക്കുന്നത്. അസ്തിത്വവാദം എന്ന തത്ത്വചിന്താപദ്ധതിയില്‍ ചെന്നുവീണ യനസ്കൊ അതിന്റെ തത്ത്വങ്ങളെ വെറും തത്ത്വങ്ങളായി അവതരിപ്പിക്കാതെ വാങ്മയചിത്രങ്ങളായി ആവിഷ്ക്കരിക്കുന്നു. ആ ചിത്രങ്ങള്‍ കലാകാരന്റെ ആത്മാവിലേയ്ക്കാണ് നമ്മെ കൊണ്ടുപോകുന്നത്. അതിനാല്‍ ഈ നോവലിന്റെ കലാത്മകത്വത്തെക്കുറിച്ച് നമുക്കു തെല്ലും സംശയമുണ്ടാകേണ്ടതില്ല.

സാഹിത്യം ആസ്വദിക്കുന്നവര്‍ക്കു സാഹിത്യസൃഷ്ടികളിലെ ആശയസാമ്രാജ്യത്തിന്റെ സത്യാത്മകത പരിശോധിക്കേണ്ട കാര്യമില്ല. നിരീശ്വരന്‍ പോലും ടാഗോറിന്റെ ഗീതാഞ്ജലി വായിച്ച് രസിക്കുന്നുണ്ട്. പിന്തിരിപ്പന്മാര്‍ സഹൃദയരാണെങ്കില്‍ പാവ്ലോ നെറുദയുടെ കാവ്യങ്ങള്‍ ആസ്വദിക്കാതിരിക്കില്ല. ജനാധിപത്യവാദികള്‍ ഫാസിസ്റ്റായ എസ്രാ പൌണ്ടിന്റെ കാവ്യങ്ങള്‍ ഉത്കൃഷ്ടങ്ങളാണെന്നു സമ്മതിക്കുന്നു. എങ്കിലും യനസ്കൊയുടെ ആശയസംഹിതയിലെ ഒന്നുരണ്ട് അംശത്തെയെങ്കിലും പരിശോധിച്ചു നോക്കുന്നതു പാഴ്‌വേലയായിപ്പോകുമെന്നു നമുക്കു വിചാരമില്ല. നോവലിലെ കഥാപാത്രം തനിയെ പ്രവര്‍ത്തിക്കുകയല്ല. ആരോ അയാളെക്കൊണ്ടു പ്രവര്‍ത്തപ്പിക്കുകയാണെന്നു പ്രസ്താവമുണ്ടഗ്ലോ. ഈ ʻആരോʼ എന്നതു പ്രകൃതിതന്നെയാണ്; അല്ലെങ്കില്‍ പ്രാകൃതികസഭവങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ ഇവിടെ അവലംബമില്ലാത്തവന്‍. പ്രകൃതിയും അതിന്റെ സംഭവങ്ങളും അവനെക്കൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നു എന്നത് അസ്തിത്വവാദത്തില്‍ വിശ്വസിക്കുന്നവരുടെ പ്രധാനപ്പെട്ട സിദ്ധാന്തമാണ്. ഒറാങ് നഗരത്തില്‍ പ്ലേഗ് വരുന്നതായി കമ്യു വര്‍ണ്ണിക്കുന്നു. പ്ലേഗ് അല്ലെങ്കില്‍ അതിന്റെ അണുക്കള്‍ വന്നെത്തുന്നതു പ്രാകൃതികസംഭവമാണ്. അതിനെതിരായി മനുഷ്യന്‍ പ്രവര്‍ത്തിക്കുന്നതു നിഷ്ഫലമാണ് എന്നത്രേ കമ്യു പ്രഖ്യാപിക്കുക. ഡോ. റിയുവും കുട്ടുകാരും എത്ര ശ്രമിച്ചിട്ടും പ്ലേഗ് ഒഴിയുന്നില്ല. ഒടുവില്‍ ഒമ്പതു മാസം കഴിഞ്ഞപ്പോള്‍ ആ രോഗം തനിയെ മറയുന്നു. പ്ലേഗിന്റെ അണുക്കള്‍ എവിടെയുമുണ്ട്. അത് ഏതുസമയത്തും ആക്രമിച്ചേക്കാം എന്ന് ഡോ. റിയു പറയുന്നുണ്ട്. പ്രകുതിയിലെ സംഭവങ്ങളെ തടുത്തു നിര്‍ത്താന്‍ മനുഷ്യന്‍ അസമര്‍ത്ഥനാണെന്നാണ് ഇത് വ്യക്തമാക്കിത്തരുന്നത്. ʻഖസാക്കിന്റെ ഇതിഹാസʼത്തിലെ നായകനായ രവിക്കു വസൂരി വരുന്നു. വസൂരിയുടെ അണുക്കള്‍ പ്രകൃതിയിലുള്ളതാണ്. അയാള്‍ക്ക് ലൈംഗികാസക്തി ഉണ്ടാകുന്നു. ലൈംഗികാസക്തിയും യുദ്ധപ്രവണതയും അന്തരീക്ഷത്തിലെ മര്‍ദ്ദം കൊണ്ടു ജനിക്കുന്നതാണെന്നു ചില അസ്തിത്വവാദികള്‍ക്ക് അഭിപ്രായമുണ്ട്. അതിനാല്‍ രവിയെ ഒരു തരത്തിലും കുറ്റപ്പെടുത്തേണ്ടതില്ലെന്നുവരെ അവര്‍ വാദിച്ചേക്കും. യനസ്കൊയുടെ കഥാപാത്രവും പ്രവര്‍ത്തിക്കാന്‍ നിര്‍ബദ്ധനാവുകയാണ്, അയാള്‍ സ്വയം പ്രവര്‍ത്തിക്കുകയല്ല.

പൊരുത്തക്കേടുകളുടെ ലോകം

പ്രപഞ്ചം അര്‍ത്ഥരഹിതവും ʻഅബ്സേഡുʼമാണ്. മനുഷ്യന്‍ ഈ അര്‍ത്ഥരാഹിത്യത്തിന്റെയും പൊരുത്തക്കേടിന്റെയും മുമ്പില്‍ നിസ്സഹായനായി നില്ക്കുന്നു. സിസിഫസിന്റെ കല്ല് ഉരുണ്ടു താഴത്തേക്കു വരുന്നത് അയാള്‍ നിരാശ്രയനായി നീക്ഷിക്കുന്നതുപോലെ മനുഷ്യന്‍ പ്രാകൃതിക സംഭവങ്ങള്‍ ഉരുണ്ടുവരുന്നതു ഗതിഹീനനായി നോക്കിനില്ക്കുന്നു. യനസകൊയുടെ കഥാപാത്രം അങ്ങനെയുള്ള മനുഷ്യന്റെ പ്രതീകമത്രേ. ചിലപ്പോള്‍ പ്രത്യാശ, പൂവണിഞ്ഞ മരംപോലെ അയാളുടെ മുമ്പില്‍ വന്നു നിന്നുവെന്നു വരും. അതിന്റെ പൂക്കള്‍ അയാള്‍ക്കു പിന്നീട് ആശ്വാസമരുളാന്‍ മേശപ്പുറത്തു കിടന്നുവെന്നും വരും. പക്ഷേ,ആ പൂക്കളും വാടിപ്പോകും വെള്ളത്തിലിട്ടു വെച്ചാലും അതു വാടാതിരിക്കില്ല.

മനുഷ്യനെ ഒഴിച്ചുനിറുത്തിയിട്ടു പ്രപഞ്ചത്തെ മാത്രം കുറ്റപ്പെടുത്തുന്ന ഈ രീതി ശരിയാണോ? പ്രകൃതി സാന്മാര്‍ഗ്ഗികമല്ല (moral), അസന്മാര്‍ഗ്ഗികമല്ല (immoral), അതു രണ്ടുമല്ലാത്തമട്ടില്‍ നില്ക്കുന്നു (amoral). ജീവിതം പ്രസാദാത്മകവുമല്ല വിഷാദാത്മകവുമല്ല. മനുഷ്യനാണ് സ്വന്തം വികാരങ്ങളെ പ്രകൃതിയിലും ജീവിതത്തിലും ആരോപിക്കുന്നത്. കമ്യുവിന്റെയും സാര്‍ത്രിന്റെയും ഗ്രന്ഥങ്ങളാകെ വായിച്ചുനോക്കിയിട്ടും ഈ സത്യത്തെ നിരാകരിക്കുന്ന ഒരു പ്രസ്താവവും എനിക്കു കാണാന്‍ കഴിഞ്ഞില്ല. അതുകൊണ്ട് അസ്തിത്വവാദം അസത്യമോ, അര്‍ദ്ധസത്യമോ ആണെന്ന് എനിക്കു വിചാരമുണ്ട്. എങ്കിലും യനസ്കൊയുടെ നോവല്‍ എന്നെ രസാനുഭുതിയുടെ മണ്ഡലത്തിലേക്കു നയിക്കുന്നു. അസ്തിത്വവാദം ഒരു തരത്തിലുള്ള ദൈവായത്തതയിലാണ് (fatalism) നിലയുറപ്പിച്ചിരിക്കുന്നത്. മനുഷ്യനു യുക്തിയുണ്ട്. അവന്റെ മനസ്സിന് ക്രമമുണ്ട്, വ്യവസ്ഥയുണ്ട്. ഇതൊക്കെ അസ്തിത്വവന്ത നിഷേധിക്കുന്നു. ഈ നോവലില്‍ ഈ നിഷേധത്തിന്റെ ശബ്ദം ഉറക്കെ കേള്‍ക്കാം. ലോകാരംഭം മുതല്‍ മനുഷ്യന്‍ ഇങ്ങനെ ഗതിഹീനനായി കഴിഞ്ഞിരുന്നെങ്കില്‍ അവന്‍ ചന്ദ്രനില്‍ കാലുകുത്തുമായിരുന്നില്ല; ചൊവ്വയിലേക്കു കുതിച്ചു ചെല്ലാനുള്ള ശ്രമം നടത്തുമായിരുന്നില്ല. പരിതഃസ്ഥിതികളോടു പടവെട്ടാന്‍ കഴിയാതെ പ്രപഞ്ചത്തിന്റെ ആക്രമണത്തിനു വിയേനായി പുഴുപോലെ പിടഞ്ഞുക്കാണ്ടിരുന്ന ഒരുവനാണ് അസ്തിത്വവാദികളുടെ മനുഷ്യന്‍. അയാളെത്തന്നെ ഈ നോവലിലും ഞാന്‍ കാണുന്നു. എന്നിട്ടും കലാശില്‍പമെന്ന നിലയില്‍ ഇതെന്നെ രസിപ്പിക്കുന്നു. താജ്‌മഹലിനകത്തു സദാചാരവിരുദ്ധന്മാര്‍ കയറിത്താമസിക്കുന്നുവെന്നു വിചാരിക്കുക. എങ്കിലും ആ സൌധത്തിന്റെ മനോഹാരിതയ്ക്കു കുറവു വരികയില്ലല്ലോ.