close
Sayahna Sayahna
Search

താമസി



ദുർദ്ദേവതകളുടെ വാസം കണ്ടൻ പറയന്റെ കുടിലിനു പുറത്തായിരുന്നു. പറമ്പിൽ കാഞ്ഞിരത്തിന്റെ തറയിൽ, മുറ്റത്ത് അരമതിലിന്മേൽ പടിക്കലേക്കു നോക്കിക്കൊണ്ട്, പിന്നെ കുടിലിന്റെ മൺകട്ടകൊണ്ടുണ്ടാക്കിയ വെള്ള വലിക്കാത്ത ചുമരിൽ ഒക്കെ അവർ നിലകൊണ്ടു. താമസി മാത്രം ദുർദ്ദേവതയാണെങ്കിലും അകത്തായിരുന്നു വാസം. അതിനു കാരണമായി പറയാൻ പറഞ്ഞത് അവൾ സുന്ദരിയാണെന്നായിരുന്നു. ഓള്ക്ക് ഭംഗീണ്ട്. അതോണ്ട് അകത്താകട്ടേച്ചു.

ഒരടി പൊക്കമുള്ള ഒരോട്ടുപ്രതിമ, തുടുത്ത് തിളങ്ങുന്ന എണ്ണമയമുള്ള കവിളുകൾ, കുന്നിമണികൊണ്ട് കണ്ണുകൾ. ചുണ്ടിൽ ചുവന്ന ചായം. സമൃദ്ധമായ കറുത്ത തലമുടി, കടും ചുവപ്പ്, പട്ടുചേലയാണ് വേഷം. ഞാൻ കാണുമ്പോഴെല്ലാം താമസിയുടെ കഴുത്തിൽ തെച്ചിപ്പൂമാലയുണ്ടായിരുന്നു. നെറ്റിമേൽ രക്തചന്ദനവും.

അയാൾ നിലത്ത് പായ വിരിച്ച് കിടക്കുന്നതിന്റെ തലയ്ക്കൽ ഭാഗത്ത് മരത്തിന്റെ ഉയരം കുറഞ്ഞ പീഠത്തി ന്മേലാണ് താമസിയെ വെച്ചിരിക്കുന്നത്.

പക്ഷേ ഓള് ഈ കാണണ മാതിരിയൊന്നും അല്ലാട്ടോ. പറയൻ പറയും. ദുർഗുണം മാത്രെള്ളു. ഓളെ തൊട്ടു കളിച്ചോരെ ഓള് തട്ടും.

എനിയ്ക്കു ഭയമായിരുന്നു. പറയന്റെ വീടിന്റെ മുന്നിലൂടെയുള്ള ഇടവഴി കടന്നു വേണം സ്‌ക്കൂളിൽ പോകാൻ. പാടത്തു നിന്ന് അല്ലിത്തണ്ടുകളും അരിപ്പൂച്ചെടികളും തിങ്ങി നിൽക്കുന്ന ഇടവഴിയിലെത്തുമ്പോൾ എന്റെ നടത്തം വേഗത്തിലാവും. പറയന്റെ വീട്ടു പടിക്കലെത്തുമ്പോഴേക്കും ഒരു മാതിരി ഓട്ടമായിട്ടുണ്ടാവും. ഭയത്തോടെ പറയന്റെ കുടിലിലേക്ക് നോക്കുമ്പോൾ കാണുന്നത് അര മതിലിന്മേൽ ഒരു കയ്യിൽ വാളും മറു കയ്യിൽ കോഴിയെ പ്പോലെ ഒരു പക്ഷിയും പിടിച്ചുനിൽക്കുന്ന വലിയ ഒരു രൂപമാണ്. അതിന്റെ തുറിച്ചുനോക്കുന്ന വലിയ കണ്ണുകൾ. ഏകദേശം വയറുവരെ തൂങ്ങിക്കിടക്കുന്ന ദാഹാർത്തമായ ചുവന്ന നാവ്. നാവിൽനിന്നും തലപോയ പക്ഷിയുടെ കഴുത്തിൽ നിന്നും ഇറ്റിറ്റു വീഴുന്ന ചോര.

പിന്നെ കണ്ണടച്ച് ഒരോട്ടമാണ്. പറയന്റെ വീടുകഴിഞ്ഞ് നാലു പറമ്പ് പിന്നിടുവോളം ഓട്ടം തുടരും. അന്നു ഞാൻ പറയനേയോ പറയന്റെ ദുർദേവത താമസിയേയോ നേരിട്ടു പരിചയപ്പെട്ടിരുന്നില്ല. അരമതിലിന്മേൽ കൊത്തിവെച്ച ചോരയിറ്റു വീഴുന്ന നാവു നീട്ടി നിലകൊള്ളുന്ന രക്തചാമുണ്ഡിയുടെ രൂപം മാത്രമാണ് എന്റെ കാലുകളെ ബലഹീനമാക്കിയിരുന്നുത്. മറ്റെല്ലാം കേട്ടറിവേയുള്ളു. പറയൻ മാരണം ചെയ്യുന്നത്, ഒടി മറയുന്നത്. പിന്നെ ചുടലപ്പറമ്പിൽ രാത്രി പോയിരുന്ന് ദുർമന്ത്രവാദം ചെയ്യുന്നത്.

സ്‌ക്കൂളിൽ അക്ഷരാഭ്യാസം മാത്രമേ നടക്കുന്നുള്ളു. വിജ്ഞാനത്തിന്റെ ഭണ്ഡാഗാരം തുറന്നിരുന്നത് തങ്കേടത്തി യായിരുന്നു. ആഭിചാരത്തിന്റെ കറുത്ത വിചിത്രമായ ലോകം അവർ വരച്ചുകാട്ടി. പറയന്റെ കഴിവുകൾക്കു മുമ്പിൽ ഒരു ശരാശരി മനുഷ്യൻ എത്ര നിസ്സഹായനാണെന്നു ഞാൻ കണ്ടു. ഞായറാഴ്ചകളിൽ മാവിൻ ചുവട്ടിൽ കാറ്റത്തുവീണ മാമ്പഴം കടിച്ചു തിന്നുകൊണ്ട് തങ്കേടത്തി ആഭിചാരത്തെപ്പറ്റിയും പ്രേതങ്ങളെപ്പറ്റിയും പറഞ്ഞുതന്നു. കഥകൾ ഒരായിരം കഥകൾ! രക്തം കട്ടപിടിക്കുന്ന കഥകൾ. എന്റെ കൈകൾ തണുത്തു വിറങ്ങലിക്കുന്നു. എങ്ങിനെ, ആരോഗ്യവാനായ ഒരാളെ പറയൻ രാത്രി കാളയുടെ രൂപമെടുത്തുവന്ന് ഒടിച്ചുകൊല്ലുന്നുവെന്നു കേൾക്കുമ്പോൾ എങ്ങിനെ മന്ത്രവാദം കൊണ്ട് ഒരാളുടെ ശ്രേയസ്സ് മുഴുവൻ അപഹരിച്ച് കുമ്പിളെടുപ്പിക്കുന്നുവെന്ന് കേൾക്കുമ്പോൾ ഞാൻ വിറയ്ക്കുന്നു. ഗർഭിണികളെ അർദ്ധരാത്രി മന്ത്രം ജപിച്ച് ആകർഷിച്ച് വീട്ടിനു പുറത്തേക്ക് കൊണ്ടു വന്ന് ഒടിച്ചുകൊന്ന് ഗർഭസ്ഥ ശിശുവിനെ പുറത്തേയ്‌ക്കെടുത്ത് ഉണക്കി പൊടിച്ച്…

ഞാൻ അനങ്ങാൻ ധൈര്യമില്ലാതെ എല്ലാം ഇരുന്ന് കേൾക്കുന്നു. ഈ പച്ചച്ച ലോകം ഉള്ളിൽ എത്ര ഭീകരമാണെന്ന് ഞാൻ മനസ്സിലാക്കി വാഴത്തോപ്പിന്നിടയിലേയ്ക്ക് നോക്കുമ്പോൾ അവിടെ തഴപ്പുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന പറയന്റെ ആദൃശ്യസാന്നിദ്ധ്യം ഞാൻ അറിഞ്ഞു. ഏതു നിമിഷവും ഒരു കാളക്കൂറ്റന്റെ രൂപത്തിൽ പുറത്തുചാടാൻ തയ്യാറായി നിൽക്കുന്ന പറയൻ.

താമസിയുടെ കാര്യം പറഞ്ഞതും തങ്കേടത്തി തന്നെയായിരുന്നു. ദുർഗുണ ദേവതയാണെങ്കിലും താമസി സമ്പത്തിന്റെ കൂടി ദേവതയാണ്. ശരണാർത്ഥികൾക്ക് ധാരാളം സമ്പത്തുണ്ടാക്കുന്ന ദേവതയാണ് താമസി.

ധാരാളം പണംണ്ടാവാൻ നമ്മള് എന്താ ചെയ്യണ്ടത്. ഞാൻ ചോദിക്കും.

കണ്ടൻ പറയന്റെ അടുത്തു ചെന്ന് പൂജ കഴിക്കാൻ പറയ്യാ. താമസിക്കു പൂജ കഴിക്കുന്നതിനു മുമ്പെ മറ്റ് മൂന്നു ദൈവങ്ങൾക്ക് പൂജ വേറെ ചെയ്യണം. ന്നാലെ ഫലണ്ടാവു. എല്ലാം പറയന്റെ പറമ്പില് തന്ന്യാള്ളത്. ആദ്യം ചോഴിക്ക് കൊടുക്കണം. ചോഴിക്ക് എന്താ കൊടുക്കാന്നറിയ്യോ? കള്ളും കോഴിടെ ചോരേം. കോഴീടെ കഴുത്തറു ത്ത് ചോര കൊടുക്കണം.

ജീവനുള്ള കോഴീയുടെ കഴുത്തറുക്കുക. അതൊരു പുതിയ അറിവായിരുന്നു. അതെന്നെ അസ്വസ്ഥനാക്കി. ആർക്കും ഉപദ്രവം ചെയ്യാത്ത ഈ സാധുജീവികളെ കഴുത്തറുത്ത് കൊല്ലുമെന്ന വിചാരമേ എനിയ്ക്കുണ്ടാ യിരുന്നില്ല. തങ്കേടത്തി പറഞ്ഞപ്പോഴാണ് മനസ്സിൽ അപൂർണ്ണങ്ങളായി കിടന്നിരുന്ന പല ചിത്രങ്ങളും പൂർണ്ണമായത്. ആ ചിത്രങ്ങൾ എന്നെ ദുഃഖിപ്പിച്ചു. ഒപ്പം തന്നെ ഭയപ്പെടുത്തുകയും ചെയ്തു. പറയന്റെ അരമതിലിന്മേൽ കൊത്തി വെച്ച രൂപം ഓർമ്മ വന്നു. രക്തചാമുണ്ഡിയുടെ ഇടതു കയ്യിൽ പിടിച്ച തലയില്ലാത്ത പക്ഷി. വെട്ടിയിട്ട കഴുത്തിൽ നിന്ന് ഇറ്റുവീഴുന്ന ചോര. താലപ്പൊലിക്കു തൊട്ടു മുമ്പ് പറയൻ ആ രൂപത്തിന് ചായം കൊടുക്കാറുണ്ട്. ചോരയുടെ നിറം കടും ചുവപ്പാകും. പക്ഷിയുടെ തൂവലുകൾക്ക് ഭംഗി വെയ്ക്കും. മൂർത്തിയുടെ കണ്ണുകൾ തീക്ഷ്ണമാകും. പിന്നെ ക്രമേണ മഴക്കാലം കഴിയുമ്പോഴേയ്ക്കും ചായം മങ്ങുകയും മൂർത്തിയുടെ രൗദ്രത കുറഞ്ഞുവരികയും ചെയ്യും.

താലപ്പൊലിക്കു മുമ്പ് അമ്മാവൻ വേലക്കാരിയുടെ കയ്യിൽ കൊടുത്തയച്ചിരുന്ന പനമ്പു കൊട്ടയിലെ രഹസ്യാ ത്മകമായ സാധനങ്ങൾ എന്തായിരുന്നുവെന്ന് എനിയ്ക്ക് ഇപ്പോൾ മനസ്സിലായി.

കൊട്ട തുണികൊണ്ട് ഭദ്രമായി അടച്ചു മൂടിയിട്ടുണ്ടാകും. ഞാൻ ചോദിക്കും.

ഇതിനുള്ളിലെന്താണ് പാറു?

അത് പറയന്റോടെ പൂജക്ക് കൊണ്ട്വാവാനാണ്.

എന്തൊക്കെ സാധനങ്ങളാണ്?

അതൊന്നും ഉണ്ണി അന്വേഷിക്കണ്ട. കുട്ട്യോൾക്ക് അതൊന്നും അറിയാനായിട്ടില്ല.

പെട്ടെന്ന് അപ്രത്യക്ഷമാവുന്ന പൂവൻ കോഴികൾ എങ്ങോട്ടാണ് പോയി മറയുന്നതെന്ന് ഇപ്പോഴാണ് എനിയ്ക്കു മനസ്സിലാവുന്നത്. ഞാൻ തങ്കേടത്തിയോടു ചോദിയ്ക്കും.

എന്തിനാ തങ്കേടത്തി അമ്മാ വൻ കോഴികളെ കൊല്ലാൻ കൊടുക്കണത്?

അതേയ്. അത് അച്ഛൻ പൂജയ്ക്ക് കൊടുത്തയക്ക്വാ. അങ്ങിനല്ലെ അച്ഛന് ഈ കാണണ സ്വത്തൊക്കണ്ടായത്? താമസിയെ സന്തോഷിപ്പിച്ചാൽ അവൾ എന്തും തരും.

പിന്നെ സ്വകാര്യമായി തങ്കേടത്തി എന്റെ ചെവിയിൽ പറ ഞ്ഞു.

ആരോടും പറയരുത്‌ട്ടൊ. അച്ഛന്റെ എഴുത്തുപെട്ടീല് സ്വർണ്ണക്കട്ടീണ്ട്. ഞാങ്കണ്ടതാ. അതെല്ലാം താമസിക്ക് പൂജ ചെയ്ത് കിട്ടീതാ.

ചോഴിയ്ക്ക് പൂജ കഴിഞ്ഞാൽ പിന്നെ ചാമുണ്ഡിയ്ക്ക് കൊടുക്കണം. അതും കള്ളും, കോഴീം മലരും ആണ്. പിന്നെ പറക്കുട്ടിണ്ട്. അത് പറയന്റെ ചൊമര്മ്മ്‌ല്. അതിന് മലരും പൂവും മാത്രേ വേണ്ടു. അതും കഴിഞ്ഞിട്ടാണ് താമസിയ്ക്ക്.

താമസി കോഴീനെ തിന്ന്വോ?

ശ്ശ്… അവർ എന്റെ വായ പൊത്തി. അങ്ങിനെയൊന്നും പറയുന്നത് താമസിയ്ക്ക് ഇഷ്ടല്ല. അതിന്റെ കോപം നിനക്കറിയാഞ്ഞിട്ടാ.

തങ്കേടത്തി താമസിയെ കണ്ടിട്ടുണ്ടോ?

ഉം ഉം, പക്ഷേ പാറു പറഞ്ഞു കേട്ടിട്ടുണ്ട്.

ഞാനും അപ്പോൾ കണ്ടിട്ടുണ്ടായിരുന്നില്ല. പിന്നെ യാദൃച്ഛികമായി ഒരു ദിവസം.

ഞാൻ ഓടുകയായിരുന്നു. രക്തം ഇറ്റു വീഴുന്ന നാവുനീട്ടി രക്തചാമുണ്ഡി പടിക്കലേക്കു നോക്കി നിന്നു. ചാടാൻ തയ്യാറായിനിൽക്കുന്ന ചാമുണ്ഡിയേയും തേയ്ക്കാത്ത ചുമരിന്മേൽനിന്നു പല്ലിളിയ്ക്കുന്ന പറക്കുട്ടി യേയും ഇടം കണ്ണിട്ടു നോക്കി ഞാൻ ഓടി.

പെട്ടെന്നാണ്.

എന്റെ പാഠപുസ്തകങ്ങൾ തെറിച്ചു പോയി.

ഞാൻ നാലു കുട്ടിക്കരണം മറിയുന്നതും അതിന്റെ അവസാനത്തിൽ എന്തോ ഒന്ന് എന്നെ താങ്ങിയെടുക്കു ന്നതും അറിഞ്ഞു. വിയർപ്പിന്റെ പ്രാകൃതമായ കുത്തുന്ന മണം ഞാനറിഞ്ഞു. കണ്ണു തുറന്നു നോക്കിയത് കണ്ടൻ പറയന്റെ മുഖത്തായിരുന്നു. അയാളുടെ കറുത്തു മെലിഞ്ഞ നെഞ്ചിലായിരുന്നു എന്റെ മുഖം. പറയൻ എന്നെ നെഞ്ചോടു ചേർത്ത് വലത്തെ കൈകൊണ്ട് മുറുക്കെ പിടിച്ചിരിക്കയാണ്. മറ്റേ കയ്യിൽ ഒരു താലത്തിൽ എന്തോ ഉണ്ട്. ആ താലം കയ്യിൽനിന്ന് വീണു പോകാതിരിക്കാൻ അയാൾ കൈകൊണ്ട് അഭ്യാസം നടത്തുകയാണ്.

എന്നെ രണ്ടു കാലിന്മേലും നിർത്തി പറയൻ താലം വലതു കയ്യിലേയ്ക്കു മാറ്റി.

ആരിത്? ഇത് നമ്മടെ ചെറ്യമ്പ്രാനല്ലെ? മേനോൻമ്പ്രാന്റെ അനന്തരോൻ.

ഞാൻ തടഞ്ഞ് മലക്കം മറയാൻ കാരണമായ മാവിന്റെ വേര് കുറച്ച് ഇളകിക്കിടന്നിരുന്നു. ഞാൻ പറയന്റെ കയ്യിലുള്ള താലത്തിലേയ്ക്കു നോക്കി. അതിൽ ഒരു ഓട്ടുപ്രതിമ വീണു കിടക്കുന്നുണ്ട്.

താമസിയാണ്. കണ്ടൻ പറയൻ ഒരു ചിരിയോടെ പറഞ്ഞു. പിന്നെ ദേഹത്തു നിന്നു മാറിയ വിരാളിപ്പട്ട് നീക്കി പ്രതിമ കഴുത്തുവരെ പുതപ്പിക്കുകയും ചെയ്തു.

ഈ കാണണമാതിരി ഒന്ന്വല്ലമ്പ്രാനെ. ഇവള് ആള് ജഗജില്ല്യാ.

എന്നിട്ട് പ്രതിമയെ താലത്തിലുള്ള മരത്തിന്റെ പീഠത്തിൻമേൽ വെച്ച് എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു.

വീഴ്ച താമസിയെ ഒട്ടും അലങ്കോലപ്പെടുത്തിയില്ല. മുഖത്ത് ഭാവഭേദമൊന്നുമില്ല. നമ്മിലേക്ക് ചുഴിഞ്ഞു നോക്കുന്ന കണ്ണുകൾ. ഞാൻ കണ്ണെടുത്തു. ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ വാരിക്കൂട്ടി ഓടാൻ തുടങ്ങി.

സ്‌ക്കൂളിലെത്തിയിട്ടാണ് ഞാൻ പറയനെപ്പറ്റി ഓർത്തത്. കറുത്ത് ഇരുണ്ട ദേഹം, ചകിരിനാരുകൾ പോലെ എറുത്തു നിൽക്കുന്ന മുടി. നരച്ചു തുടങ്ങിയ കുറ്റിരോമങ്ങൾ മുഖത്ത്. ഒരു തോർത്തുമുണ്ട് മാത്രം വേഷം. അതാകട്ടെ കീറി മുഷിഞ്ഞിരുന്നു. താമസിയുടെ പട്ടുപുടവയും കണ്ടൻ പറയന്റെ അരയിലുള്ള കീറിയ തോർത്തു മുണ്ടും തമ്മിലുള്ള അന്തരം എന്നെ അസ്വസ്ഥനാക്കി.

എന്റെ ജന്മാന്തരങ്ങളിലെവിടേയോ ഒരു പറയനും അവന്റെ പ്രാകൃതമായ മനുഷ്യഗന്ധവുമുണ്ട്. അത് ഉറക്ക ങ്ങളിൽ എന്നെ വന്ന് അലട്ടി. കുന്നിക്കുരുവിന്റെ തീക്ഷ്ണമായ കണ്ണുകളുള്ള ഓരോട്ടു പ്രതിമയും, സ്ഥാനം തെറ്റിയ പട്ടുപുടവ മറ നീക്കിയ വടിവൊത്ത മുലകളും. തറവാട്ടിൽ സമൃദ്ധിയുടെ വിത്തുകളെറിഞ്ഞ താമസി.

താമസിയെ ഞാൻ പിന്നെ കുറെക്കാലം കണ്ടില്ല. പറയൻ പക്ഷെ ആ ചുറ്റുവട്ടത്തെല്ലാമുണ്ടായിരുന്നു. പറയന്റെ വേലിയ്ക്കൽ എരുക്കിൻ ചെടികൾ പൂത്തു നിന്നു.

ഞാൻ തങ്കേട്ത്തിയോട് താമസിയെ കണ്ടതു പറഞ്ഞു. പക്ഷേ താമസിയുടെ പട്ടു പുടവ ദേഹത്തുനിന്നു മാറിയതോ, ഞാൻ പറയനെ തൊട്ടതോ പറഞ്ഞില്ല. പറയനെ തൊടുക പോയിട്ട് അടുത്തു ചെന്നാൽത്തന്നെ അശുദ്ധമാവുമെന്നും കുളിക്കണമെന്നും എനിയ്ക്കന്ന് അറിയാമായിരുന്നു. കുളിച്ച് പുണ്യാഹം തളിച്ചേ വീട്ടിനുള്ളിൽ കടത്തു. പറയൻ തൊട്ട അന്ന് വൈകുന്നേരം ഞാൻ കുളിച്ചിട്ടുണ്ടായിരുന്നില്ല.

ഇപ്പൊ താമസിടെ പൂജ നടക്കണ കാലാ. നീയെപ്പഴാ കണ്ടത്? തങ്കേട്ത്തി അല്പം ഭയത്തോടെ ചോദിച്ചു.

രാവിലെ സ്‌ക്കൂളിൽ പോമ്പോ. കണ്ടൻ പറയന്റെ കയ്യിലായിരുന്നു.

ആ, അത് താമസിയെ പൂജക്ക് കൊണ്ടു പോക്വാണ്. കുന്ന്മ്മ്‌ല് പറയന്മാരുടെ മണ്ടകംണ്ട്. അവിടേയ്ക്ക് കൊണ്ടുപോക്വാ. പൂജടെ കാലത്ത് ഉച്ചതിരിഞ്ഞാ താമസിയെ കാണാൻ പാടില്ല്യ. കണ്ടാൽ നമ്മള് വസൂരി വന്ന് ചാവും.

ഭാഗ്യം കൊണ്ട് ഞാൻ രക്ഷപ്പെട്ടു.

ഇന്ന് മുപ്പത്തഞ്ചുവർഷങ്ങൾക്കു ശേഷം ഞാൻ ആലോചിക്കുകയാണ്. താമസിയെപ്പറ്റി, കണ്ടൻ പറയനെപ്പറ്റി. തങ്കേട്ത്തിയെപ്പറ്റി. വയലുകൾക്കു നടുവിൽ ദ്വീപുകളെപ്പോലെ തോന്നിക്കുന്ന പറമ്പുകളിൽ മുൾവേലിക്കു ള്ളിൽ നിറയെ മരങ്ങൾ പൊതിഞ്ഞ ഓടിട്ട വീടുകൾ, ഓലപ്പുരകൾ. ഇടവഴിയിൽവെച്ച് കണ്ടുമുട്ടാറുള്ള പറയന്റെ ദയനീയ മുഖം ഞാൻ ഇപ്പോഴുമോർക്കുന്നു. ആ മുഖം എന്റെ മനസ്സിൽ കൊത്തിവെക്കുമാറ് അത്രയധികം പ്രാവശ്യം പറയനെ ഞാൻ കാണുകയുണ്ടായി. മാവിൻവേര് തടഞ്ഞ് തെറിച്ച് പറയന്റെ കൈകളിലെത്തിയ ദിവസം മുതൽ മിയ്ക്കവാറും എന്നും ഞാൻ പറയനെ കണ്ടിരുന്നു. അങ്ങിനെ ഒരു പരിചയപ്പെടലിനായി കണ്ടൻ പറയൻ കാത്തിരുന്ന പോലെ. പറയൻ അടുത്തു വന്നില്ല. രണ്ടു വാര അകലെ നിന്നു കൊണ്ട് എന്നോട് സംസാരിച്ചു. വിയർപ്പിന്റെ പ്രാകൃതമണം എന്നെ തേടി വന്നു. ഒപ്പം തന്നെ അരിപ്പൂവിന്റെയും, കുങ്കുമപ്പൂക്കളുടെയും വാസനയും.

ചെറ്യമ്പ്രാന് ഞാനൊരു സാധനണ്ടാക്കി തരാം.

എന്തു സാധനം?

അതില് കല്ലിട്ട് പക്ഷികളെ എറിഞ്ഞു പിടിക്കാം.

ഞാൻ വളരെ കാലമായി മോഹിച്ചു കൊണ്ടിരുന്ന ഒരു സാധനമായിരുന്നു അത്. കണ്ടൻ പറയൻ ചുറ്റുവട്ടത്തും നോക്കി സ്വരം താഴ്ത്തി പറഞ്ഞു.

ചെറ്യമ്പ്രാൻ അട്യന് ഒരു കാര്യം ചെയ്യോ? നാളെ വരുമ്പോ ഒരണ കൊണ്ടര്വോ? ഒരണയോ?

പറയൻ തലയുടെ പിന്നിൽ ചൊറിഞ്ഞു നിന്നു.

എന്റെ മനസ്സിലെ പലതും തകർന്നൂ. പറയൻ എന്നോടുള്ള ഇഷ്ടം കൊണ്ട് ആ സാധനം വെറുതെ തരുകയാണെ ന്നായിരുന്നു ഞാൻ ധരിച്ചിരുന്നത്. ആ സാധനത്തിന് വിലയായി ഒരണ എടുക്കുന്നു എന്നത് സുഖമുള്ള കാര്യ മായിരുന്നില്ല. പിന്നെ രണ്ടാമതായി ഒരണ ഉണ്ടാക്കുന്നത് എളുപ്പമല്ലതാനും. ഞാൻ ചോദിച്ചു.

അതിന്റെ വില ഒരണ്യാണോ?

പെട്ടെന്ന് പറയന്റെ മുഖം വാടി

അയ്യോ ചെറ്യമ്പ്രാനെ അങ്ങനെ പറയരുത്. ചെറ്യമ്പ്രാന്റെ അടുത്ത്ന്ന് ഞാൻ വെല്യൊക്കെ വാങ്ങ്വോ? ഒരണ അടിയന് വല്ലതും തിന്നാനാണ്. അട്യേൻ രണ്ടീസായി ഒന്നും കഴിച്ചിട്ടില്ല.

വടക്കിനി വളരെ വിശാലമായിരുന്നു. രാവിലെ എല്ലാവരും നെയ്യിട്ട കഞ്ഞിയും നാളികേരച്ചമ്മന്തിയും കഴിക്കുക വടക്കിനിയിൽ സിമന്റിട്ട ചുവന്ന നിലത്തിരുന്നാണ്. അമ്മാവൻ പുല്ലുപായിൽ ചമ്രം പടിഞ്ഞിരുന്നാണ് കഞ്ഞി കുടിക്കാറ്. ഉച്ചയ്ക്കുള്ള ഊണ് വളരെ വിശേഷമാണ്. നെല്ലുകുത്തിയരികൊണ്ട് ചോറ്, സാമ്പാർ, കാളൻ, മെഴുക്കുപെരട്ടി, പപ്പടം, കറികൾ, കട്ടിയുള്ള മോര് ഇടയ്ക്കിടയ്ക്ക് ആരുടെയെങ്കിലും പിറന്നാൾ സദ്യയുണ്ടാകും അതല്ലെങ്കിൽ അമ്പലത്തിൽ വഴിപാടിന്റെ നെയ്പായസമുണ്ടാകും.

വൈകുന്നേരം സ്‌ക്കൂൾ വിട്ടു വന്നാൽ ചായയുടെ ഒപ്പം എന്തെങ്കിലും പലഹാരം ഉണ്ടാവും. ഇലയടയോ, ദോശയോ, നെയ്യപ്പമോ, അവിൽ നനച്ചതോ, ഇതൊക്കെ തിന്നാലും ഏഴുമണിയോടെ വീണ്ടും വിശക്കുന്നു.

ഞാൻ തങ്കേട്ത്തിയോട് ചോദിച്ചു.

അമ്മാവന് താമസി ധാരാളം പണംണ്ടാക്കി കൊടുക്കിണില്ല്യെ?

അല്പം താമസിച്ച്, എന്റെ ചോദ്യത്തിന്റെ പ്രസക്തി മനസ്സിലാക്കാൻ കഴിയുമോ എന്ന് ഒരു മിനിറ്റ് ശ്രമിച്ച ശേഷം തങ്കേട്ത്തി പറഞ്ഞു. …ണ്ട്…

അപ്പൊ താമസി ആർക്കും പണംണ്ടാക്കികൊടുക്ക്വോ?

താമസി പൂജ നടത്തിയാൽ മതി. അവൾ ആർക്കും പണംണ്ടാക്കികൊടുക്കും.

പിന്നെ സ്വരം താഴ്ത്തി എന്റെ കാതുകളിൽ പറഞ്ഞു.

നമ്മടെ വടക്കേലെ നാരായണമേനോന്ന് എങ്ങിന്യാ പണംണ്ടായത്? എല്ലാം വിറ്റ് പോവാൻ നിക്ക്വായിരുന്നു. പെട്ടെന്നല്ലെ പണംണ്ടായത്. ഇപ്പൊ വിറ്റ നെലൊക്കെ തിരിച്ച് വാങ്ങിക്കുട്ട്വല്ലെ?

കുറച്ചുകൂടി സ്വരം താഴ്ത്തി അവർ കാതിൽ മന്ത്രിച്ചു നാല് കോഴീനീം ഒരു ആടിനീം ആണ് കുരുതികൊടുത്തത്. അറിയ്വോ. നീ ആരോടും പറയണ്ടാട്ടോ, നമ്മടെ പാറ്വാണ് കോഴിനിം ആടിനീം പറയന് കൊണ്ടുപോയി കൊടു ത്തത്.

മനുഷ്യന്റെ ഭാഗധേയങ്ങളിൽ കർശനമായി പക്ഷെ ഫലപ്രദമായി താമസി ഇടപെട്ടു. ചുവന്ന പട്ടുചേല യണിഞ്ഞ്, കുന്നിമണിക്കണ്ണുകളുമായി അവൾ വാളെടുത്ത് ഉറഞ്ഞു. തട്ടകങ്ങളിൽ കയറിയിറങ്ങി. നന്മതിന്മക ളുടെ കണക്കുകളെടുത്തു. വാങ്ങലും കൊടുക്കലും കഴിച്ചു. നന്മക്കു നന്മ. തിന്മക്കു തിന്മ. കുന്തുരുക്കത്തിന്റെയും, സാമ്പ്രാണിയുടെയും പുക പറയന്റെ പറമ്പിൽ തങ്ങിനിന്നു. തെച്ചിപ്പൂക്കളും, മലരും, കുരുതിയും കൊണ്ട് പറയൻ താമസിയെ ഉപാസിച്ചു.

പറയൻ കാത്തുനിന്നിരുന്നു. കയ്യിൽ ചുരുട്ടികൂട്ടിയ കയറിന്റെ സാധനം. എന്നെ കണ്ടപ്പോൾ അയാൾ അത് നിവർത്തിക്കാണിച്ചു. കയർ മെടഞ്ഞുണ്ടാക്കിയ ഒരു കവണ. കുനിഞ്ഞു നിന്ന് ഒരു ചെറിയ കല്ലെടുത്ത് പറയൻ അതിന്റെ നടുവിൽ വെച്ചു ഭയങ്കര വേഗത്തിൽ ചുഴറ്റാൻ തുടങ്ങി. അതിന്റെ അവസാനത്തിൽ ഞാൻ കണ്ടത്, കല്ല് തെറിച്ചകലുന്നതാണ്. ഉയരത്തിൽ, വളരെ ഉയരത്തിൽ മാവിന്റെ ചില്ലകളിൽ നിന്ന് രണ്ടു മൂന്ന് ഇലകൾ അറ്റുവീണു.

ആ കവണ നിലത്തുവെച്ച് പറയൻ മാറി നിന്നു. ഞാൻ അത് പോയി എടുത്തു. അപ്പോഴാണ് കീശയിലുള്ള നാണ്യത്തിന്റെ ഓർമ്മ വന്നത്. കീശയിൽ നിന്ന് അണത്തുട്ടെടുത്ത് ഞാൻ ഒരു കല്ലിന്മേൽ വെച്ചു.

ചെറ്യമ്പ്രാൻ പൈസ കൊണ്ടന്നുല്ലെ? അട്യന് വലിയ സന്തോഷായി. ആ അണത്തുട്ടെടുത്ത് രണ്ടുകണ്ണിലും വെച്ചമർത്തി, പറയൻ പറഞ്ഞു. ചെറ്യമ്പ്രാന് നല്ലത് വരട്ടെ.

പെൻസിൽ വാങ്ങാനെന്നു പറഞ്ഞാണ് ഞാൻ അമ്മയുടെ കയ്യിൽ നിന്നു പണം വാങ്ങിയത്. ഇനി മേടിച്ച പെൻസിൽ കാണണമെന്ന് അമ്മ വൈകുന്നേരം ആവശ്യപ്പെട്ടാലാണ് കുഴപ്പം.

ഞാൻ പറയനോട് എന്റെ സംശയം ചോദിച്ചു.

താമസി, പൂജ നടത്തണോർക്കൊക്കെ ധാരാളം പണംണ്ടാക്കും. അല്ലെ?

അതോമ്പ്രോ.

അപ്പൊ പറയനെന്താ പണംണ്ടാവാത്തത്?

പറയൻ കുറെ നേരം ആലോചിച്ചു. തന്റെ സാമാന്യബുദ്ധിക്കതീതമായ ദുരൂഹതയിൽ, വിരോധാഭാസത്തിൽ പറയൻ നഷ്ടപ്പെട്ടു പോയി. എണ്ണമയമില്ലാത്ത ചെമ്പിച്ച് കാറ്റിൽ പറക്കുന്ന തലമുടിയും നിർജ്ജീവമായ കണ്ണുകളിൽ പ്രതിഫലിച്ച നിസ്സഹായതയും ഞാൻ ഇപ്പോഴുമോർക്കുന്നു. ആ യാത്രയുടെ അന്ത്യത്തിൽ പറയൻ തിരിച്ചു വന്നു. വളരെ പതുക്കെ മന്ത്രിക്കും വിധത്തിൽ പറഞ്ഞു.

പൂജ നടത്താനൊക്കെ കാശ് അട്യന്റെ കയ്യിലെവിട്യാ?

ആ വേനലവധിയിൽ കണ്ടൻപറയൻ വസൂരി പിടിച്ച് കിടന്നു. അസംതൃപ്തരായ ദേവകൾ അന്യോന്യം കലമ്പി. പരുഷമായ വാക്കുകൾ എറിയപ്പെട്ടു. കരിഞ്ചപ്പട്ടയുടെ വിത്തുകൾ. ചരൽക്കല്ലുപോലെ വാരി എറിയപ്പെട്ടു. രാത്രി പറയന്റെ ഇടവഴിയിലൂടെ പോയവരാരും രക്ഷപ്പെട്ടില്ല. പറയൻ അഞ്ചാം ദിവസം മരിച്ചു. പിന്നെ തുടർച്ചയായി അഞ്ചു ദിവസം പെയ്ത മഴ മഹാമാരിയുടെ വിത്തുകൾ ഒരു ധാരാളിയുടെ വാശിയോടെ നശിപ്പിക്കും വരെ ആ ഗ്രാമം രോഷാന്ധരായ ദുർദ്ദേവതകളുടെ താണ്ഡവത്തിൽ അമർന്നു.

അടുത്തകൊല്ലം തൊട്ട് ഞാൻ ആറാം ക്ലാസ്സിലായി, വേറെ സ്‌കൂളിൽ. എനിയ്ക്ക് പറയന്റെ ഇടവഴിയിലൂടെ പോകേണ്ട ആവശ്യമില്ലാതായി.

അതിനിടയിൽ തങ്കേട്ത്തി മഞ്ഞപ്പിത്തം പിടിച്ച് കിടപ്പിലായി. അതോടെ പ്രകൃത്യാതീതമായ പ്രതിഭാസങ്ങളു മായുള്ള എന്റെ ബന്ധം തീരെ വിട്ടു. ഒടിമറയലുകളും ആഭിചാര ക്രിയകളും പഴയ ഓർമ്മയായി മാറി. തങ്കേട്ത്തി വടക്കെ മുറിയിൽ കടഞ്ഞ കാലുള്ള കട്ടിലിന്മേൽ മഞ്ഞളിച്ച കവിളുമായി കിടന്നു. മഞ്ഞനിറത്തിലുള്ള കണ്ണുകൾ വിഷമിച്ച് പകുതി തുറന്ന് അവർ ചുറ്റും നോക്കി. വെളിച്ചം കുറവായ തട്ടിട്ട മുറിയിൽ പനിയുടെയും കഷായ ങ്ങളുടെയും ഗന്ധം തങ്ങിനിന്നു.

ജ്യോത്സ്യർ കവിടിനിരത്തി പ്രശ്‌നം വെച്ചു. ജന്മാന്തരങ്ങളിലെ കഥകളുടെ ചുരുളഴിഞ്ഞു. മുജ്ജന്മസുകൃതങ്ങൾ ജന്മങ്ങളായി അടിഞ്ഞുകൂടിയ കല്മഷത്തോടൊപ്പം ത്രാസിൽ തൂക്കപ്പെട്ടു. ദൈവജ്ഞന്മാർ തലയാട്ടി. ബുധനും കേതുവും ഇനിയും അനേകം ജന്മങ്ങൾ താങ്ങേണ്ട പാപജഡത്തെ പാപദൃഷ്ടിയോടെ നോക്കി. സൂര്യദശയുടെ സ്വാപഹാരത്തിലെ ശനി ഛിദ്രമാണ്. അങ്ങിനെയൊക്ക്യേ വരൂ. ദൈഷ്ടികനായ പിതാവ് സമാശ്വാസം കണ്ടെത്തി.

മന്ത്രവാദികൾ ആനയിക്കപ്പെട്ടു. ധൂപ ക്കുട്ടിന്റെ ഗന്ധം തറവാടിന്റെ പ്രാചീന ഭിത്തികളിൽ തട്ടിത്തട്ടി തങ്കേട്ത്തി കിടക്കുന്ന മുറിയിലേക്കു ചെന്നു. മഞ്ഞളിച്ച കണ്ണുകളോടെ അവർ അതു നോക്കി കണ്ടു. അവർ നിശ്ശബ്ദം താമസി യുടെ കാരുണ്യത്തിനു വേണ്ടി കേണു.

പറയന്റെ അഭാവത്തിൽ താമസി അലഞ്ഞുനടന്നു. ഓടയുടെയും ജമന്തിപ്പൂക്കളുടെയും കുതിരച്ചാണകത്തി ന്റെയും മണമുള്ള തെരുവുകളിൽ താമസി സ്വന്തം ആശ്രിതരെ സഹായിക്കാൻ കെല്പില്ലാതെ അവരിൽ നിന്നു വളരെ അകന്ന് അലഞ്ഞു നടന്നു.

ഒരു ദിവസം സ്‌കൂളിൽനിന്ന് ഉച്ചയ്ക്ക് ഊണുകഴിക്കാൻ വന്നപ്പോൾ തങ്കേട്ത്തിയെ കട്ടിലിനു താഴെ ഇറക്കികിടത്തിയിരിക്കുന്നു. വെള്ളവസ്ത്രം കൊണ്ട് കഴുത്തു വരെ മൂടിയിരുന്നു. മുഖം മഞ്ഞൾ തേച്ച പോലിരുന്നു.

ഒരിക്കൽ ഒളിച്ചുകളിക്കുമ്പോൾ തങ്കേട്ത്തി പറഞ്ഞിരുന്നു. നീ എന്റെ മുറച്ചെക്കനാണ്. നിനക്ക് എന്റെ വയസ്സും എനിക്ക് നിന്റെ വയസ്സുമായിരുന്നെങ്കിൽ ഞാൻ നിന്നെ കല്യാണം കഴിച്ചേനെ. പത്തായത്തിന്റെയും ചുമരിന്റെയും ഇടുങ്ങിയ സ്ഥലത്ത് ഞങ്ങൾ ഇരിക്കുകയായിരുന്നു. അവർ ലോലമായ കൈകൊണ്ട് എന്നെ വരിഞ്ഞ് അടുപ്പിച്ചി രുന്നു. അവരെ കാച്ചിയ എണ്ണയുടെയും സോപ്പിന്റെയും വാസനയുണ്ടായിരുന്നു. തങ്കേടത്തി പറഞ്ഞതിന്റെ അർത്ഥമെന്താണെന്ന് അന്ന് എനിയ്ക്ക് മനസ്സിലായിരുന്നില്ല. പക്ഷെ ആ ചൂടും വാസനയും ഞാൻ ഇഷ്ടപ്പെട്ടു. ഞങ്ങളെ കണ്ടുപിടിക്കാൻ ഒച്ചയിട്ടു നടക്കുന്ന മറ്റു കുട്ടികൾ വൈകണേ എന്നു ഞാൻ പ്രാർത്ഥിച്ചിരുന്നു.

താമസി തിരിച്ചു വന്നു. മഴ പെയ്തു നിറഞ്ഞ പാടങ്ങളിൽ കരിപൂട്ടി ഉഴുതപ്പോൾ, മുൾവേലികളിൽ ചിറ്റമൃതിന്റെ വള്ളികൾ പടർന്നു കയറിയപ്പോൾ താമസി സ്വന്തം തട്ടകത്തിലേക്ക്, ആശ്രിതരുടെയിടയിലേക്ക് തിരിച്ചു വന്നു. ചൂരൽ മെടഞ്ഞ ഒരു വലിയ കുട്ടയിൽ ചുവന്ന പട്ടിൽ പൊതിഞ്ഞ് താമസി വേലൻ പറയന്റെ പടിയ്ക്കൽ പ്രത്യക്ഷപ്പെട്ടു. വേലൻ പറയൻ താമസിയെ സ്വന്തം മൺകുടിലിലേക്ക് ആവാഹിച്ചെടുത്തു. കുന്നിൻ പുറത്തെ മണ്ടകത്തിൽ പറക്കൊട്ട് കേട്ടു.

പകൽ വേലൻ ഞങ്ങളുടെ വയലുകൾ ഉഴുതു. തറവാട്ടിലെ കളത്തിൽ നെൽകൂനകൾ ഉയർന്നു. വൈകുന്നേര ങ്ങളിൽ വേലൻ താമസിക്ക് പൂജ ചെയ്തു. പറയന്മാരുടെ മണ്ടകത്തിൽ നിന്ന് പെരുമ്പറ ശബ്ദം രാത്രി വൈകു വോളം ഉയർന്നു കേട്ടു. മഞ്ഞളിച്ച ഒരു ജോടി കണ്ണുകൾ ഓർത്തു കൊണ്ട് ഉറങ്ങാൻ കിടക്കുന്ന എന്നെ അന്വേഷിച്ച് ആ ശബ്ദം ഒരു തരംഗമായി വന്നു. വീണ്ടും എല്ലാം സാധാരണ മട്ടായി. വാഴത്തോപ്പുകൾ തഴച്ചു വളർന്നു. വയലിൽ കാളകൾ കരി വലിച്ചു. വയലരുകിലെ കുളത്തിൽ മീൻകൊത്തികൾ മുങ്ങിപ്പൊന്തി. കൈക്കോട്ടെടുത്ത് പാടത്തുനിന്ന് ചേറെടുത്ത് വേലൻ വരമ്പുകൾ തേമ്പി. സ്‌ക്കൂളിൽ പോകുമ്പോൾ വയലിൽ ജോലി ചെയ്യുന്ന വേലനെ ഞാൻ കാണാറുണ്ട്. കുറച്ചു കിളച്ചു കഴിഞ്ഞാൽ അവൻ കൈക്കോട്ട് നിലത്തുവെച്ച് കയ്യിലേക്കു തുപ്പും. പിന്നെ രണ്ടു കയ്യും കൂട്ടിത്തിരുമ്മി കൈക്കോട്ടിന്റെ തായിൽ അമർത്തി വീണ്ടും കിള തുടങ്ങും. മെലിഞ്ഞു വളഞ്ഞ ദേഹം ഒരു വില്ലുപോലെ വളയുകയും നിവരുകയും ചെയ്യും.

ഇടയ്ക്ക് പുസ്തകക്കെട്ടുമായി നടന്നു വരുന്ന എന്നെ കണ്ടാൽ വേലൻ ഒരു തീണ്ടാപ്പാടകലേയ്ക്ക് മാറി നില്ക്കും. കൈകൂപ്പിക്കൊണ്ടു പറയും.

ചെറ്യമ്പ്രാനല്ലേയിത്? അട്യേൻ നാളെ ചെറ്യമ്പ്രാന് ഒരു ഓലപ്പന്തുണ്ടാക്കിത്തരാം.

പിന്നെ ചുറ്റും നോക്കി കുറച്ചുകൂടി അടുത്തു വന്ന് സ്വരം താഴ്ത്തി പറയും.

നാളെ ഷ്‌കോളിപ്പോമ്പ അട്യേന് ഒരണ കൊണ്ടുവര്വോ? അട്യേൻ കഞ്ഞികുടിച്ചിട്ട് രണ്ടീസായി.

വേലന്റെ ക്ഷീണിച്ച മുഖം ഞാൻ ഇന്നും ഓർക്കുന്നു. എല്ലുകൾ പൊന്തി കറുത്തു വളഞ്ഞ ദേഹവും പ്രാകൃതമായ മനുഷ്യഗന്ധവും രാത്രികളിൽ എന്നെത്തേടിവന്ന പെരുമ്പറ ശബ്ദവും വീണ്ടും എനിയ്ക്കനുഭവ പ്പെട്ടു. അല്ലെങ്കിൽ എല്ലാ പറയന്മാരും ഒന്നു തന്നെയല്ലേ?