close
Sayahna Sayahna
Search

തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം


തീപ്പെട്ടിക്കൊള്ളിത്തുമ്പിലെ ജീവിതം
EHK Story 07.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി സൂക്ഷിച്ചുവച്ച മയിൽപ്പീലി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 100

ശേഖരന്റെ കണ്ണുകൾ ചുവന്നിരുന്നു. കാലുകൾ നിലത്തുറയ്ക്കുന്നില്ല. ഷാപ്പിൽ നിന്ന് വീട്ടിലേക്കുള്ള നടത്തത്തിൽ ചുരുങ്ങിയത് ഒരു വീഴ്ചയെങ്കിലും പറ്റിയിട്ടുണ്ട്. ഷർട്ടിലും മുണ്ടിലും ചളിയുണ്ട്. മാമ്പലക വെച്ചടിച്ച വാതിൽപാളിമേൽ കയ്യൂന്നി അയാൾ വിളിച്ചു.

എടീ…

‘ട’കാരത്തിനും ‘ഴ’ കാരത്തിനും ഇടയിലുള്ള സ്വരം.

ദേവകി ശ്രദ്ധിച്ചില്ല. ഇതെന്നും ഉള്ള കാഴ്ചയാണ്. തുടക്കങ്ങളിലുണ്ടായിരുന്ന വേദന നിർവ്വികാരതക്ക് വഴിമാറിയപ്പോൾ അവൾ ശേഖരന്റെ വൈകിയുള്ള വരവും വായിൽ നിന്നുതിരുന്ന നാറുന്ന തെറികളും പിന്നീടുണ്ടാകാറുള്ള ഭേദ്യങ്ങളും നിസ്സംഗതയോടെ സഹിക്കാൻ പഠിച്ചു. മക്കൾ ഇതെല്ലാം കാണുന്നതും കേൾക്കുന്നതും മാത്രമേ അവൾക്ക് വിഷമമുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് അവൾ മക്കളെ ഏഴര എട്ടുമണിയാവുമ്പോഴേക്കും കിടത്തിയുറക്കും. മൂത്തവൾ പെട്ടെന്നുറങ്ങും. താഴെയുള്ളവൻ കുറച്ച് പ്രതിഷേധിച്ചേ ഉറങ്ങാറുള്ളൂ.

ദേവകിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു. അവൾ രണ്ടു സ്റ്റീൽ പ്ലെയ്റ്റുകളും ചോറിൻ പാത്രവും മത്സ്യക്കറിയും നിലത്തു കൊണ്ടുവന്നുവെച്ചു. രണ്ടു സ്റ്റീൽ ഗ്ലാസ്സുകളിൽ വെള്ളവും. സാധാരണ അങ്ങിനെയാണ്. കുറെനേരം നീണ്ടുനിൽക്കുന്ന ഭൽത്സനങ്ങൾക്കു ശേഷം അയാൾ അവൾ ഇരിക്കുന്ന തിന്നെതിരെ വന്നിരുന്ന് പിഞ്ഞാണം വലിച്ചെടുത്ത് വിളമ്പി ഉണ്ണും. ഇന്നു പക്ഷേ അങ്ങിനെയൊന്നുമല്ല ഉണ്ടാവുന്നത്. രാവിലത്തെ വഴക്കിന്റെ ബാക്കിയായിരിക്കും.

അയാൾ വാതിൽ കടന്നുവെന്ന് കയ്യിലുണ്ടായിരുന്ന ടിൻ അവൾ ഇരിക്കുന്നതിന്റെ അടുത്ത് ഒരു ശബ്ദത്തോടെ വെച്ചു. ടിന്നിന്റെ അടപ്പ് തെറിച്ചുപോയി. കുറച്ച് മണ്ണെണ്ണ പുറത്തേക്ക് തെറിച്ചു.

അവൾ അമ്പരന്നുപോയി. മണ്ണെണ്ണ പോയിട്ട് റേഷനരികൂടി അയാൾ വീട്ടിലേക്കു വേണ്ടി കുറെക്കാലമായി കൊണ്ടുവരാറില്ല.

എടീ… അയാൾ പറഞ്ഞു. ഇതെന്താന്നറിയ്വോ? അവൾ ശ്രദ്ധിക്കാതെ ഊണു കഴിക്കാനൊരുങ്ങി. ജോലിയെടുക്കുന്ന വീട്ടിൽനിന്ന് ഉച്ചക്ക് ഒന്നരക്ക് കുറച്ചു ഭക്ഷണം കഴിച്ചതാണ്. ഇപ്പോൾ രാത്രി ഒമ്പതുകഴിഞ്ഞു.

എടീ… ഞാൻ ചോദിച്ചതു കേട്ടില്ലേ?

അവൾ അപ്പോഴും ഒന്നും പറയാതെ മീൻചാർ കൂട്ടിക്കുഴച്ച് ഉരുളയാ ക്കിയ ചോറ് വായിലേയ്ക്ക് കൊണ്ടുപോയി. രാവിലെ ബഹളമുണ്ടാക്കി പോയപ്പോഴേ അറിയാമായിരുന്നു വൈകുന്നേരം വഴക്കിട്ടുകൊണ്ടാണ് വരികയെന്ന്.

എന്താടി നിനക്ക് വായില് നാവില്ലേ?

അയാള് ക്രൂദ്ധനായി കാലുകൊണ്ട് അവളുടെ പ്ലേയ്റ്റ് ഒരു തട്ടുവെച്ചു കൊടുത്തു. ചോറും മീൻകറിയും വിളമ്പിയതു മുഴുവൻ മുറിയിൽ തെറിച്ചു ചിതറി. വായിലേക്കുകൊണ്ടുപോയ ഉരുള വായിലിടാതെ അവൾ എഴുന്നേറ്റു.

ഉണ്ണാൻ വെച്ച ചോറ് കാലുകൊണ്ട് തട്ടിത്തെറിപ്പിക്കലെല്ലാം ഇടയ്ക്കിടയ്ക്കുണ്ടാവാറുള്ളതാണ്. ആ രാത്രികൾ അവൾ വെള്ളം കുടിച്ച് കിടന്നുറങ്ങും. അവൾ എഴുന്നേറ്റ് ചൂലെടുത്തുകൊണ്ടുവന്ന് അടിച്ചുവാരാൻ തുടങ്ങി.

എടീ ഇതെന്താന്നറിയ്യോ? മണ്ണെണ്ണ്യാണ് മണ്ണെണ്ണ. ബ്ലാക്കില് വാങ്ങീ താ. ആറുറുപ്പിക ലിറ്ററിന്. രണ്ടുലിറ്റർ. പന്ത്രണ്ടുറുപ്പിക… ഇത് നെന്റെ സ്റ്റൗവ്വിലേക്കുള്ളതൊന്നുമല്ല. എന്തിനാന്നറിയ്യോ?

ദേവകി ഒന്നും പറയാതെ അടിച്ചു വാരുകയാണ്. അപ്പോഴാണവൾ കണ്ടത്. ദീപമോൾ കണ്ണുതുറന്നു കിടക്കുകയാണ്. മണ്ണെണ്ണടിൻ ഉറക്കെ നിലത്തുവെച്ചപ്പോഴോ പ്ലേയ്റ്റ് തട്ടിത്തെറിപ്പിച്ചപ്പോഴോ ആയിരിക്കണം അവൾ ഉണർന്നത്. അവളുടെ കണ്ണുകളിൽ ഭയം. അടിച്ചുവാരുന്നതിന്നിടയിൽ ദേവകി പറഞ്ഞു.

മോൾ ഉറങ്ങിക്കോ.

എന്തിനാന്നറിയ്യോടി ഈ മണ്ണെണ്ണ? ഇത്ര വിലപിടിച്ച മണ്ണെണ്ണ ബ്ലാക്കില് വാങ്ങീത്?

പെട്ടെന്ന് ദേവകിയുടെ ക്ഷമ നശിച്ചു. അവൾ തിരിഞ്ഞുനിന്നു കൊണ്ട് പറഞ്ഞു.

അറിയാം. എന്നെ ചുടാൻ.

അപ്പൊ നെനക്ക് അറിയാം അല്ലേടി. അത് തന്ന്യാണ് ഞാൻ ചെയ്യാൻ പോണത്.

ദീപമോൾ പെട്ടെന്ന് എഴുന്നേറ്റ് കരയാൻ തുടങ്ങി. അയ്യോ അച്ഛൻ അമ്മേ കത്തിക്ക്യോ?

ഇല്ല മോളെ. ദേവകി പറഞ്ഞു. അതിനുള്ള ഭാഗ്യമൊന്നും അമ്മ ചെയ്തിട്ടില്ല. മോളുറങ്ങിക്കോ.

അത്ര ഉറപ്പാക്കണ്ടെടി. അയാൾ തീക്ഷ്ണസ്വരത്തിൽ പറഞ്ഞു.

ചെയ്തൂടേ, എനിയ്ക്ക് ജീവിക്കാനുള്ള മോഹം ഒട്ടും ഇല്ല്യാതായിരിക്കുന്നു. കത്തിച്ചോളു. പിന്നെ ഇങ്ങിനെ ഒരു നല്ല കർമ്മം ചെയ്യുമ്പോൾ അത് വെറും വയറ്റിൽ വേണ്ട. ഊണു കഴിച്ചോളു. എന്നിട്ടു മതി.

എനിയ്ക്ക് നെന്റെ ചോറൊന്നും വേണ്ടടീ. അയാൾ കാലുകൊണ്ട് മറ്റേ പ്ലേയ്റ്റും ചോറിൻ പാത്രവും തട്ടിത്തെറിപ്പിച്ചു.

അയാളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് വീഴാൻ പോയി. കൈകളും വിറയ്ക്കുന്നുണ്ട്. അയാൾ കുനിഞ്ഞ് മണ്ണെണ്ണടിന്നെടുത്ത് ആട്ടികൊണ്ട് അവളുടെ നേരെ വന്നു. പിന്നെ അനങ്ങാതെ നിൽക്കുന്ന ദേവികയുടെ മേൽ ആ ടിന്നിലെ മണ്ണെണ്ണ ഒഴിച്ചു. പകുതി മണ്ണെണ്ണ ഒഴിച്ചപ്പോൾ അയാൾ നിർത്തി. ദേവകി അനങ്ങിയില്ല. അവൾ അതു പ്രതീക്ഷിച്ചില്ല. കത്തിക്കുമെന്ന് പറയുമെന്നല്ലാതെ അതു ചെയ്യുമെന്നവൾ തീരെ പ്രതീക്ഷിച്ചില്ല. പെട്ടെന്നുയർന്നുവന്ന ഒരു തേങ്ങൽ അവൾ കടിച്ചമർത്തി. ആ നിമിഷത്തിൽ അവൾ മരിക്കാൻ തയ്യാറായി. ആസക്തി പോയിട്ട് എങ്ങിനെയെങ്കിലും ജീവിക്കാനുള്ള മോഹം പോലും ഇല്ലാതായിരിക്കുന്നു.

ശേഖരൻ ടിന്നു താഴെവച്ചു. കീശയിൽ നിന്നു തീപ്പെട്ടിയെടുത്തു. അയാളുടെ കൈ വിറയ്ക്കുന്നുണ്ട്. പെട്ടി തുറന്ന് ഒരു കോൽ പുറത്തെടുക്കാനുള്ള ശ്രമത്തിൽ രണ്ടുമൂന്നു കോൽ നിലത്തു വീണു. അയാൾ കൊള്ളിയുരച്ചു.

പെട്ടെന്ന് ദീപയ്ക്ക് കാര്യം പിടികിട്ടി. അവൾ കരഞ്ഞുകൊണ്ട് എഴുന്നേറ്റ് അമ്മയെ കെട്ടിപ്പിടിച്ചു.

അച്ഛാ, അമ്മയെ കത്തിക്കല്ലെ അച്ഛാ.

ദേവകി ആദ്യം മോളെ തട്ടിമാറ്റി. ഒരു പെണ്ണായ മകളുടെ ഭാവിയിലേക്ക് ദേവകി ഒരു നിമിഷം നോക്കി. പുറത്തുള്ള ഇരുട്ടിനേക്കാൾ കറുത്ത ഇരുട്ടായിരുന്നു അവൾ കണ്ടത്. അവൾ മോളെ തിരിച്ചു വിളിച്ചു ആശ്ലേഷിച്ചു.

നമുക്കൊപ്പം ചാവാം മോളെ.

മുറിയുടെ മൂലയിലിട്ട പായിൽ ഉറങ്ങുന്ന മകനെപ്പറ്റി അവൾക്ക് ആശങ്കയുണ്ടായിരുന്നില്ല.

ശേഖരൻ തീപ്പെട്ടിക്കൊള്ളി ഉരക്കുകയാണ്. പൊട്ടിയതും കത്താത്തതുമായ കൊള്ളികൾ അയാൾക്കു ചുറ്റും നിലത്ത് ചിതറിക്കിടന്നു.

ഞാൻ കത്തിച്ചുതരണോ? അവൾ ചോദിച്ചു. വിറയ്ക്കുന്ന കൈകളോടെ തീപ്പെട്ടി ഉരച്ചു കത്തിക്കാൻ ശ്രമിക്കുന്നതിൽ മാത്രം ശ്രദ്ധ ചെലുത്തുകയായിരുന്ന ശേഖരൻ മുഖമുയർത്തി നോക്കി. പിന്നെ തീപ്പെട്ടി താഴെയിട്ട് അയാൾ കുന്തിച്ചിരുന്ന് ഛർദ്ദിക്കാൻ തുടങ്ങി.

മസാലക്കറിയും കള്ളും കൂടിച്ചേർന്നു മനം പെരട്ടുന്ന പുളിച്ച മണം ആ മുറിയിൽ നിറഞ്ഞു. ഛർദ്ദിയിൽ ഇറച്ചിയുടെയും പൊറാട്ടയുടെയും കഷ്ണങ്ങളായിരുന്നു. രണ്ടു മൂന്നു പ്രാവശ്യം ഛർദ്ദിച്ച ശേഷം അയാൾ നിലത്ത് ആ ഛർദ്ദിയിൽ തന്നെ ചെരിഞ്ഞുകിടന്ന് ഉറക്കമായി.

മോളെ മാറ്റി, ദേവകി സാരി അഴിച്ചു വെച്ചു. മണ്ണെണ്ണ അടിപ്പാവാടവരെയെത്തിയിരുന്നു. അവൾ ശേഖരനെ നീക്കിക്കിടത്തി. ബക്കറ്റും വെള്ളവും കൊണ്ടുവന്ന് ഛർദ്ദിയെല്ലാം തുടച്ചുമാറ്റി. നനഞ്ഞ തോർത്തുകൊണ്ട് അയാളുടെ മുഖം തുടച്ചു. അയാൾ ഉറക്കമായിരുന്നു.

എല്ലാം വൃത്തിയാക്കിയശേഷം ഒരു ഗ്ലാസ്സ് പച്ചവെള്ളവും കുടിച്ച്, മുനിഞ്ഞ് കത്തുന്ന ഇരുപത്തഞ്ചു വാട്ടിന്റെ വിളക്കും കെടുത്തി അവൾ കിടന്നു. ദീപമോൾ അവളുടെ കൊച്ചു കൈ കൊണ്ടവളെ കെട്ടിവരിഞ്ഞു. അവൾ പതുക്കെ ചോദിച്ചു.

അമ്മേ, അച്ഛൻ ശരിക്കും അമ്മേ കത്തിക്ക്യേ?

ദേവികക്ക് ഉറപ്പുണ്ടായിരുന്നില്ല.

മുറിയിൽ അപ്പോഴും മണ്ണെണ്ണയുടെ ഗന്ധമുണ്ടായിരുന്നു. ശേഖരന്റെ തലയ്ക്കൽ വെച്ചിട്ടുള്ള ടിന്നിൽ മണ്ണെണ്ണ ബാക്കിയുണ്ട്. അവൾ ദീപയുടെ സമാധാനത്തിന്നായി പറഞ്ഞു.

ഇല്ല മോളെ അച്ഛൻ കുടിച്ചു വന്നിട്ട് ഓരോന്ന് പറയ്വാണ്.

കുറച്ചു നേരത്തെ മൗനത്തിനുശേഷം അവൾ വീണ്ടും ചോദിച്ചു.

എന്തിനാമ്മേ അച്ഛൻ കുടിക്കണത്?

ദേവകിയ്ക്കറിയില്ലായിരുന്നു. കുടിക്കേണ്ട ആവശ്യമൊന്നും അവൾ കണ്ടില്ല. ഒരു ചുമട്ടു തൊഴിലാളിയെന്ന നിലയ്ക്ക് അയാൾ നല്ല പണമുണ്ടാക്കിയിരുന്നു. ചില ദിവസം നൂറ് നൂറ്റിയിരുപ ത്തഞ്ച് രൂപ വരെ. ഇരുനൂറും അതിലധികവും ഉണ്ടാക്കിയിട്ടുള്ള ദിവസങ്ങളുണ്ട്. മാസം ശരാശരി രണ്ടായിരത്തിൽ പരം വരു മാനമുണ്ടായിരുന്നു. ഇത്രയും പണംകൊണ്ട് എത്ര നല്ല ജീവിത നിലവാരമുണ്ടാക്കാമായിരുന്നെന്ന് ദേവകി മനസ്സിലാക്കിയത് അടുത്ത കാലത്താണ്. കുട്ടികളെ പട്ടിണിയിൽനിന്ന് രക്ഷിക്കാനായി ഒരു വീട്ടിൽ ജോലിക്കു നിന്നപ്പോൾ.

അവൾ ജോലിക്കു നിന്ന വീട്ടിൽ ഒരു ചെറിയ കുടുംബമായിരുന്നു. അച്ഛൻ, അമ്മ, നാലുവയസ്സുള്ള മകൾ. രണ്ടുമുറി വാടകവീട്ടിൽ താമസിക്കുന്നു. അഞ്ഞൂറുറുപ്പിക വാടക. അവർ തന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിനു താഴെയാണെങ്കിൽ കൂടി ദേവകി അവരെ ചേച്ചിയെന്നു വിളിച്ചു. ഭർത്താവ് ഓഫീസിൽ പോയാൽ അവർ അടുക്കളയിൽ കടന്നു ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ ഭക്ഷണമുണ്ടാക്കുന്നു. ഉച്ചഭക്ഷണത്തിനുണ്ടാ ക്കിയതു തന്നെയാണ് രാത്രിയും. ഒഴിവു കിട്ടുന്ന സമയത്തെല്ലാം എന്തെങ്കിലും തുന്നിക്കൊണ്ടിരിക്കും. ശരിക്കും ഒരു സന്തുഷ്ട കുടുംബം. അവിടെ ജോലി തുടങ്ങിയ ശേഷമാണ് സ്വന്തം വീടിന്റെ അപാകതകളെപ്പറ്റി ദേവകി ആലോചിക്കാൻ തുടങ്ങി യത്.

ആദ്യം അവളെ മോഹിപ്പിച്ചത് പല തരം ഗന്ധങ്ങളായിരുന്നു. ജോലിചെയ്യുന്ന വീട്ടിൽ ആദ്യം കാലു കുത്തിയപ്പോൾ അവളെ ആകർഷിച്ചത് വാസനയായിരുന്നു. പൂക്കളുടെ വാസന. ഏതെന്നറിയാത്ത പൂക്കൾ. അവൾ കുട്ടിയായിരിക്കുമ്പോൾ എപ്പോഴോ ആ വാസന അവളോടൊപ്പമുണ്ടായിരുന്നു. ആദ്യമുണ്ടായ തോന്നൽ തനിക്കു നഷ്ടപ്പെട്ടതെന്തോ തിരിച്ചുകിട്ടിയെന്നതായിരുന്നു. അതോടെ അവൾക്ക് ആ വീടും വീട്ടുകാരും ഇഷ്ടമായി.

ഉച്ചയ്ക്ക് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അവൾ സ്വന്തം വീടിന്റെ കിടപ്പ് ശ്രദ്ധിച്ചത്. ഒരു മുറിയും അടുക്കളയും മാത്രമാണ് ഉള്ളത്. കുളിമുറിയും കക്കൂസും പുറത്താണ്. ചേച്ചിയുടെ വീടിനേക്കാൾ ഒരു മുറി കുറവ്. പക്ഷേ അതിന്റെ കിടപ്പോ? ഇത്രയും വൃത്തികെട്ട സ്ഥലത്താണല്ലൊ താൻ താമസിക്കുന്നതെന്ന് അവൾക്ക് ആലോചിക്കാതിരിക്കാൻ കഴിഞ്ഞില്ല. കല്ല്യാണം കഴിഞ്ഞ കാലത്ത് അവൾ ആ വീട് കുറെക്കൂടി ഭംഗിയാക്കി വെച്ചിരുന്നു. ഒരു പഴയ സാരി വെട്ടി ജനലിന് പകുതി തൊട്ട് കർട്ടൻ ഇടുകവരെ അവൾ ചെയ്തിരുന്നു. പിന്നെ അത്യാവശ്യമുള്ള പണംകൂടി തന്റെ കയ്യിലെത്തുന്നി ല്ലെന്ന് കണ്ടപ്പോൾ അവളുടെ ഉത്സാഹമെല്ലാം കെട്ടടങ്ങി. ഭർത്താവിന് വരവില്ലാഞ്ഞിട്ടല്ല. അന്നന്നു കിട്ടുന്ന പണം വീട്ടിലെത്തുന്നില്ലെന്നു മാത്രം. ഭർത്താവിനെ കുടി പഠിപ്പിച്ച ആളെ അവൾ ശപിച്ചു. അവസാനം എല്ലാം തന്റെ വിധിയാണെന്ന മട്ടിൽ ഒതുങ്ങുകയും ചെയ്തു.

ജോലി കിട്ടിയ അന്ന് വൈകുന്നേരം അവൾ വീടുവൃത്തിയാക്കാൻ ഒരു ശ്രമം നടത്തി. എല്ലാം പൊടിതട്ടി. മുറിയാകെ കഴുകി. തിരുമ്പാനുള്ള തുണികൾ ചിതറിക്കിടന്നത് മാറ്റിവെച്ചു. മൂന്നുമണിക്കൂർ അദ്ധ്വാനിച്ച ശേഷവും അവൾക്ക് തൃപ്തി വന്നില്ല. ഓലക്കൊടി കത്തിച്ചതിന്റെ നാറ്റം മുറിയിൽ തങ്ങിനിന്നു. തുണികൾക്ക് ഒരു നാറ്റമുണ്ടെന്ന് അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. വില കുറഞ്ഞ സോപ്പുപയോഗിച്ച് തിരുമ്പുക കാരണം തുണികളുടെ വിയർപ്പുനാറ്റം മുഴുവൻ വിട്ടുപോയിരുന്നില്ല. ആ നാറ്റം എളുപ്പം കളയാൻ പറ്റില്ലെന്ന് അവൾക്കു മനസ്സിലായി. അത് തന്നെപ്പോലെ ജീവിക്കുന്നവരുടെ ഗന്ധമാണ്.

മുറിക്കുള്ളിൽത്തന്നെ ഭക്ഷണമുണ്ടാക്കുകയും അതിന് കത്തിക്കാൻ ഓലക്കൊടിയോ വിറകോ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിൽ പുകമണം ഒഴിവാക്കാൻ പറ്റില്ലെന്നവൾ കണ്ടു. എത്ര നല്ല ചന്ദനത്തിരിയുടെയും മണത്തെ നിർവീര്യമാക്കിയിരുന്നു ആ ഗന്ധം. ചുരുങ്ങിയത് ഒരു മണ്ണെണ്ണ സ്റ്റൗവ്വ് വാങ്ങുകയെങ്കിലും ചെയ്താൽ മതി. ഒരു സ്റ്റൗ വാങ്ങാൻ എത്രനാൾ പറഞ്ഞുനോക്കി. മറുപടി തീരെ മയമില്ലാത്തതായിരുന്നു.

നീയിപ്പോൾ ജോലിക്കൊക്കെ പോയിട്ട് പണക്കാര്യായി ഇരിക്ക്യല്ല്യെ? ശമ്പളം കിട്ടുമ്പോ വാങ്ങിക്കോ.

ശമ്പളം! തനിയ്ക്ക് കിട്ടുന്ന നൂറുറുപ്പികകൊണ്ട് അരി വാങ്ങുകയാണോ വേണ്ടത്? അതോ സ്റ്റൗവ്വോ? സ്റ്റൗവ്വിനവൾ വില ചോദിച്ചിരുന്നു. എഴുപത്തഞ്ചുറുപ്പിക. ഓരോ മാസവും ശമ്പളം കിട്ടിയാൽ അവൾ കടയുടെ മുമ്പിൽ പോയി ചില്ലിട്ട ഷോകേസിനുള്ളിൽ വെച്ച സ്റ്റൗ കുറച്ചു നേരം നോക്കി നിൽക്കും. ഉള്ളിൽ കയറാൻ ധൈര്യമില്ലാതെ ബസ് സ്റ്റോപ്പിലേക്കു നടക്കുകയും ചെയ്യും.

അവൾ ജോലിക്കു പോകാൻ തുടങ്ങിയത് ശേഖരന് ഇഷ്ടമായില്ല. അതയാൾ നേരിട്ട് പറഞ്ഞില്ലെങ്കിലും പ്രവർത്തിയിൽ കാണിച്ചു. അതുവരെ വല്ലപ്പോഴും കൊടുത്തിരുന്ന പണവും അയാൾ നിർത്തലാക്കി. രാത്രികളിൽ കൂടുതൽ വൈകി വീട്ടിലെത്താനും എന്തെങ്കിലും കാരണം പറഞ്ഞ് കലഹിക്കാനും ഭേദ്യം ചെയ്യാനും തുടങ്ങി.

അവൾ വൈകുന്നേരങ്ങളിൽ അയൽ വീട്ടിലെ കല്ല്യാണി തിരിച്ചുവരുന്നതും കാത്തിരുന്നു. തന്റെ പ്രാരാബ്ധങ്ങൾ ആരുടെയെങ്കിലും അടുത്ത് ഇറക്കി വെക്കണം. കല്ല്യാണിയാണ് അവൾക്ക് ജോലിയാക്കി കൊടുത്തത്. ജോലിയെടുക്കുന്ന വീട്ടിലെ ചേച്ചിയോട് ആവലാതികൾ പറയാൻ ദേവകി ശ്രമിച്ചു. രണ്ടുദ്ദേശമുണ്ടായിരുന്നു. ഒന്ന് മനസ്സിൽ സഹതാപത്തിന്റെ ചലനമുണ്ടാക്കാൻ പറ്റിയാൽ നൂറുപ്പിക മുൻകൂർ വാങ്ങാമല്ലൊ. സ്റ്റൗ വാങ്ങാൻ. കടം പിന്നീട് ഗഡുക്കളായി ശമ്പളത്തിൽ നിന്ന് പിടിച്ചാൽ മതിയല്ലൊ രണ്ടും നടന്നില്ല. തന്റെ പ്രാരാബ്ധങ്ങൾ കേൾക്കാൻ അവർക്ക് സമയമില്ലായിരുന്നു, താൽപര്യവും.

അവർ പറഞ്ഞു. നിങ്ങടെയൊക്കെ ഒരു യോഗമാണ്. ഇവിടെ ചേട്ടന് അത്രയധികം ശമ്പളം ഒന്നുംല്ല്യ. ആയിരത്തി അറുനൂറുറുപ്പികയാണ് ശമ്പളം. പ്രൊവിഡന്റ് ഫണ്ടും ഇൻഷൂറൻസും ഒക്കെ പിടിച്ചു കഴിഞ്ഞാൽ കയ്യിൽ കിട്ടുന്നത് ആയിരത്തി മുന്നൂറുറുപ്പിക്യാണ്. അതോണ്ടാണ് ഞങ്ങള് കഷ്ടിച്ച് അരിഷ്ടിച്ച് കഴീണത്. നെന്റെ ഭർത്താവ് ചൊമട്ട് തൊഴിലാള്യല്ലെ. അയാള് ചേട്ടനേക്കാൾ പണം സമ്പാദിക്ക്ണണ്ടാവും. ഒക്കെ കുടിച്ച് കളഞ്ഞാൽ എന്താ ചെയ്യ്യാ? അഡ്വാൻസിനൊന്നും പണം എന്റെ കയ്യില്ണ്ടാവില്ല്യ. നെനക്ക് തരണ ശമ്പളം തന്നെ ഞാൻ ബ്ലൗസും പാവാടയും ഒക്കെ തുന്നിക്കൊട്ത്തട്ട് ണ്ടാക്കാംന്ന് ചേട്ടനോട് പറഞ്ഞിരിക്ക്യാണ്. ആ ഒറപ്പ്മ്മലാണ് നെന്നെ വെച്ചോളാൻ സമ്മതിച്ചത്.

കല്ല്യാണി മാത്രമേ ഒരു രക്ഷയുള്ളു. അവൾ പറയും, നമുക്കൊക്കെ ഈ ഭർത്താവ്ന്ന് പറയണ ആൾ ഒരു ഭാരാ. ഇങ്ങിനെ ഒരു ഭാരം ഇല്ല്യാണ്ടിരിക്ക്യാ നല്ലത്. ഞാനതല്ലെ അയാളെ അടിച്ചു പുറത്താക്കീത്. ഞാൻ അദ്ധ്വാനിച്ചു കൊണ്ടുവരുന്ന കാശെടുത്ത് അയാള് കള്ളു കുടിക്കും. ഒരു ദിവസം കള്ളു കുടിച്ചു പൂസായി രാത്രി ഒരു മണിക്ക് വന്ന് വഴക്കുണ്ടാക്കിന്നെ തല്ലാൻ വന്നു. ഞാൻ ചൂലെടുത്ത് നന്നായൊന്ന് പെരുമാറി. പിന്നെ അയാളെ കണ്ടിട്ടില്ല്യ. പ്പൊ എന്താ എനിക്കൊരു കുറവ്? എന്റെ രണ്ടു മക്കളീം ഞാൻ നന്നായി പൊലർത്തി ണില്ല്യെ. രണ്ടിക്കില് ജോലീണ്ട്.

നേരത്തെ രണ്ടു സ്ഥലത്തേയും ജോലി കഴിഞ്ഞ ദിവസങ്ങളിൽ ദേവകി കല്ല്യാണിയെ വഴിക്കുവെച്ച് കാണാറുണ്ട്. നടത്തത്തിനിടയിൽ സ്റ്റൗവ്വിന്റെ കടയ്ക്കു മുമ്പിൽ ദേവകി നിൽക്കും.

നെനക്കിത്ര മോഹാണങ്കി ചേച്ചിയോട് കടം വാങ്ങിക്കൂടെ?

ചേച്ചീടെ സ്ഥിതി അത്ര നല്ലതൊന്ന്വല്ല. കള്ളുകുടി ഒന്നുംല്ല്യാത്തോണ്ട് അങ്ങിനെ കഴിച്ചുപോണു. ചേച്ചീടെ ഭർത്താവ് സ്‌നേഹംള്ളാളാ.

പിന്നെ കുറച്ചുനേരം നിശ്ശബ്ദയായ ശേഷം അവൾ പറഞ്ഞു.

അങ്ങനെ വേണം ഒരു കുടുംബാച്ചാൽ.

കല്യാണി മറ്റു ചിലത് ആലോചിക്കുകയായിരുന്നു. ദേവകിയെ അവൾക്കിഷ്ടമായിരുന്നു. അവളെ എങ്ങിനെ യെങ്കിലും കരകയറ്റണമെന്നുണ്ടവൾക്ക്. ഒരു ജോലി കൂടി ഏർപ്പെടുത്തി കൊടുക്കാം. മാസം ഒരു നൂറുറുപ്പികകൂടി തടയും. അതു കൊണ്ടെല്ലാം എന്താവാനാണ്. അവൾ ഭാവിയെപ്പറ്റി ആലോചിച്ചു. ദേവികയുടെ ഭർത്താവിന്റെ പോക്കുകണ്ടാൽ താമസിയാതെ അവൾക്ക് താൻ ചെയ്തപോലെ അയാളെ അടിച്ചിറക്കേണ്ടി വരുമെന്നറിയാം. അപ്പോൾ ഇരുനൂറു രൂപകൊണ്ട് രണ്ടുമക്കളെ പോറ്റുക വിഷമമാണ്.

നിനക്ക് ആ സ്റ്റൗ വാങ്ങണംന്ന് അത്ര മോഹംണ്ടോ? ദേവകി അവളുടെ വീടും ജോലിയെടുക്കുന്ന വീടും ഒരിക്കൽക്കൂടി മനസ്സിൽ താരതമ്യപ്പെടുത്തി. തന്റെ വീടിനെ ശോചനീയാവസ്ഥയിൽ നിന്നുയർത്തി മറ്റേ വീടിന്റെ നിലവാരത്തിലേക്കുയർത്താനുള്ള ആദ്യത്തെ പടിയാണ് സ്റ്റൗ. അതുംകൂടി കിട്ടിയില്ലെങ്കിൽ പിന്നെ ആ മോഹം ഉപേക്ഷിക്കുകയാണ് നല്ലത്.

അവൾക്ക് പെട്ടെന്ന് സങ്കടം വന്നു. കണ്ണിൽ ഉരുണ്ടുവന്ന ജലകണങ്ങൾ അവൾ അവൾ സാരിത്തുമ്പു കൊണ്ടു തുടച്ചു. കല്ല്യാണി ചോദ്യമാവർത്തിച്ചു.

ദേവകി തലയാട്ടി.

ന്നാ, ഞാൻ പറയണ കാര്യം ചെയ്താ മതി. നീയ് ആരോടും പറീല്ല്യാന്ന് സത്യം ചെയ്യ്.

അവൾ സത്യം ചെയ്തു. തന്റെ ബുദ്ധിമുട്ടുകൾ പാടെ മാറിക്കിട്ടാനുള്ള ഒരു മന്ത്രമാണ് കല്ല്യാണി പറഞ്ഞു തരാൻ പോകുന്നത്. വൃത്തിയുള്ള വീടിനെപ്പറ്റിയുള്ള സ്വപ്നം അവൾ വീണ്ടും ഓർത്തു. അതൊരു യാഥാർത്ഥ്യമാക്കാമെന്നുള്ള വിശ്വാസം അവൾക്ക് ആശ്വാസം നൽകി.

ഞാൻ ഒരാളെ പരിചയപ്പെടുത്തിത്തരാം. കല്ല്യാണി പറഞ്ഞു. ഇവിടെ അടുത്ത്വന്ന്യാണ് നല്ല സൊഭാവള്ള മനുഷ്യനാ. ഇഷ്ടായാ നമുക്കുവേണ്ടി എന്തും ചെയ്യും. വാ.

കല്ല്യാണി കൈപിടിച്ചു വലിച്ചു. അവർ പ്രധാന നിരത്തിൽ നിന്ന് കൈവഴിയിലേക്ക് തിരിഞ്ഞു. വീണ്ടും ചെറിയ വഴികൾ. ഒരു ചെറിയ ഓടിട്ട വീടിന്റെ മുമ്പിലെത്തിയപ്പോൾ കല്ല്യാണി നിന്നു. ചുറ്റും നോക്കി ആരുമില്ലെന്നുറപ്പായപ്പോൾ തുറന്നിട്ട ഗെയ്റ്റിലൂടെ അകത്തു കടന്നു.

ഇതിനുള്ളിൽ കടന്നാൽ പിന്നെ ആരും കാണില്ല്യ.

സംശയിച്ചു നിൽക്കുന്ന ദേവകിയെ കൈപിടിച്ചു വലിച്ച് അവൾ തുറന്നിട്ട വാതിലിലൂടെ അകത്തേക്കു കടന്നു. സോഫയും ചെറിയ വട്ടമേശയും ഇട്ട ഒരു മുറി. അതിനടുത്ത മുറിയിൽ മേശമേൽ വെച്ച ഭക്ഷണ സാധനങ്ങൾക്കു മുമ്പിൽ ഒരാൾ ഇരിക്കുന്നു. അമ്പതു വയസ്സുപ്രായം. വരയുള്ള ഷർട്ടാണിട്ടിരിക്കുന്നത്. ചെന്നിയിലും മീശമേലും നര തുടങ്ങിയിരിക്കുന്നു. അയാൾ തിരിഞ്ഞു നോക്കിക്കൊണ്ട് ചോദിച്ചു. എന്താ കല്ല്യാണി വിശേഷം? നാളെയല്ലേ വരാമെന്നു പറഞ്ഞിരുന്നത്?

സാർ. വശ്യമായി ചിരിച്ചുകൊണ്ട് കല്ല്യാണി പറഞ്ഞു. ഒരാളെക്കൂടി കൊണ്ടരാൻ സാറ് പറഞ്ഞില്ല്യെ. ആളെ കൊണ്ടന്നിട്ടുണ്ട്.

എവിടെ?

ദേവകി മുറിയിലേക്ക് വന്നില്ലെന്ന് അപ്പോഴാണ് കല്ല്യാണിക്ക് മനസ്സിലായത്. അവൾ മുറിക്കു പുറത്തുകടന്ന് സിറ്റിംഗ് റൂമിൽ അറച്ചുനിൽക്കുന്ന ദേവകിയുടെ കൈപിടിച്ച് അകത്തേക്കു കൊണ്ടു വന്നു.

ദാ, ദാണ് ആള്.

അയാൾ ദേവകിയെ ഉഴിഞ്ഞുനോക്കി, സ്വീകാര്യമെന്ന മട്ടിൽ തലയാട്ടി.

നിങ്ങൾ ഊണു കഴിച്ച്വോ?

സാറ് ഊണു കഴിച്ചോളു. ഞങ്ങൾ പിന്നെ ഉണ്ണാം.

ദാ, എന്റെ ഊണു കഴിയാറായി. ഞാനിപ്പോൾ വരാം. അവിടെയിരിക്ക്.

കല്ല്യാണി ദേവകിയെക്കൂട്ടി അടുക്കളയിലേക്കു നടന്നു. അടുക്കളയിൽ നിലത്തിരിക്കുമ്പോൾ ദേവകി ചോദിച്ചു.

സാറിന്റെ വീട്ടിൽ വേറെ ആരുംല്ല്യെ?

ഇല്ല്യാ. സാറ് ഒറ്റക്കാണ്.

അപ്പോ അടുക്കള ജോലിക്കാണോ?

അല്ലാ. അതിനൊരു തള്ളണ്ട്. അവര് രാവിലെ വന്ന് ചോറൊക്കെണ്ടാക്കിവെച്ച് പോകും. പിന്നെ നേരിയ ചിരിയോടെ കല്ല്യാണി പറഞ്ഞു. ഇത് വേറെ കാര്യത്തിനാ.

ദേവകിയ്ക്ക് കാര്യം മുഴുവൻ പിടികിട്ടി. അവളുടെ മുഖം വാടി. അവളുടെ ഉത്സാഹം നശിച്ചു. എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കാൻ അവൾക്കായില്ല. ഇങ്ങനെ ഒരു സന്ദർഭത്തെപ്പറ്റി അവൾ ആലോചിച്ചതു പോലുമില്ല. ഇപ്പോഴും വൈകിയിട്ടില്ലെന്നും തനിയ്ക്ക് താൽപര്യമില്ലെന്നു പറഞ്ഞ് പോകുമെന്നും അവൾ ക്കറിയാമായിരുന്നു.

എന്താ നെന്റെ മുഖം വല്ലാതിരിക്കണത്?

ദേവകി മറുപടിയൊന്നും പറഞ്ഞില്ല. അവൾ മക്കളെപ്പറ്റി ആലോചിച്ചു. സമയം രണ്ടുമണി യായിട്ടുണ്ടാകും. താൻ വൈകിയെത്തുന്ന ദിവസങ്ങളിൽ മൂത്തവൾ ഇളയവനു ചോറെടുത്തു കൊടുക്കാറുണ്ട്. അവർ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമെന്നവൾ ആശിച്ചു. തലേന്നത്തെ മീൻ കൂട്ടാൻ ചട്ടിയിൽ അടച്ചു വെച്ചത് മോൾ കാണില്ലേ?

നമ്മുടെയൊക്കെ ജീവിതം ഇങ്ങിനെയാണ് ദേവു. കല്ല്യാണി പറഞ്ഞു. ഭർത്താക്കന്മാര് കുടിച്ചുവന്ന് നമ്മളെ തൊഴിക്കും. വേറെ വല്ല ആൺപ്രന്നോരും നമ്മളെ സ്‌നേഹിക്കും. നമുക്ക് വേണ്ടതൊക്കെ തരും. ഇതില് തെറ്റൊന്നുല്ല്യ. ഈ സാറിനെ ഞാൻ രണ്ടുകൊല്ലായിട്ട് അറിയണതാ. ന്നെ എത്ര സഹായിച്ചത് ന്ന്ള്ളതിന്ന് കയ്യും കണക്കുംല്ല്യ.

ആദ്യത്തെ പ്രാവശ്യം നമുക്ക് വല്ലായ്മ തോന്നും. പിന്നൊക്കെ സാധാരണ്യാവും. അത്യേള്ളു.

ഒരു പുരുഷൻ തന്നെ തൊടുക എന്നതിൽ വലിയ കുഴപ്പമൊന്നും ദേവകിക്ക് തോന്നിയിരുന്നില്ല. അതിനു കാരണം കുട്ടിക്കാലത്തുണ്ടായ ഒരു സംഭവമായിരുന്നു. എട്ടോ ഒമ്പതോ വയസ്സുള്ളപ്പോൾ വീട്ടിൽ കുറച്ചു വയസ്സായ ഒരാൾ വരാറുണ്ട്. അവൾ മാമൻ എന്നു വിളിക്കുന്ന ഒരാൾ. വീട്ടിൽ അമ്മയും മറ്റും ഇല്ലാത്ത അവസരങ്ങളിൽ അയാൾ അവളെ മടിയിലിരുത്തി താലോലിക്കാറുണ്ട്. അമ്മ ജോലിക്കു പോയ അവസരങ്ങളിൽ അയാൾ അവളെ വീട്ടിനുള്ളിൽ കൊണ്ടുപോയി നിലത്തു കിടത്താറുണ്ട്. അയാൾ ഒപ്പം കിടക്കും.

അതിലെ നിഗൂഢത അവൾക്കിഷ്ടപ്പെട്ടു. അത് അവളും അയാളും കൂടിയുള്ള രഹസ്യമായ ഏർപ്പാടാണെന്ന ബോധം അവളെ ഉത്തേജിതയാക്കിയിരുന്നു. അയാൾ പോകുമ്പോൾ അവൾക്ക് നാണ്യങ്ങൾ കൊടുത്തിരുന്നു. കാലുകൾക്കിടയിലെ വഴുവഴുപ്പ് അവൾക്കിഷ്ടപ്പെട്ടില്ലെങ്കിലും അയാൾ തരുന്ന നാണ്യങ്ങളും അതിന്റെ ആകപ്പാടെയുള്ള രഹസ്യാത്മകതയും അവൾ ഇഷ്ടപ്പെട്ടിരുന്നു. അവൾ ആ നാണയങ്ങൾ ചിരട്ടയിലാക്കി ഒരു സ്ഥലത്ത് ഒളിപ്പിച്ചുവെക്കും. താലപ്പൊലി സമയത്ത് അതെല്ലാം പെറുക്കിയെടുത്ത് വളയും കമ്മലും മുത്തുമാലയും വാങ്ങും.

നെനക്ക് വെഷമം തോന്നുണ്ടോ?

ദേവകി തലയാട്ടി.

അയാളുടെ ഊണു കഴിഞ്ഞിരുന്നു. കൈ കഴുകുന്ന ശബ്ദം കേട്ടപ്പോൾ കല്ല്യാണി എഴുന്നേറ്റു. മേശ പ്പുറത്തു നിന്ന് പാത്രങ്ങളെല്ലാം എടുത്ത് അടുക്കളയിൽ കൊണ്ടുവന്നു വെച്ചു. എച്ചിൽ പാത്രങ്ങളെടുത്ത്, മേശ വൃത്തിയാക്കി.

ഞാൻ ഒന്ന് തല ചായ്ക്കട്ടെ, അയാൾ പറഞ്ഞു. അപ്പഴക്ക് നിങ്ങള് ഊണു കഴിച്ചോളു.

ദേവകിക്ക് വിശക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് ചോറു വിളമ്പിയപ്പോൾ അവൾ മടിയൊന്നും കൂടാതെ ഊണു തുടങ്ങി. അടുക്കളയിൽ നിലത്തിരുന്നു കൊണ്ട് അവർ ഊണു കഴിച്ചു.

ഊണുകഴിഞ്ഞ് പാത്രങ്ങൾ കഴുകി വെച്ചശേഷം കല്ല്യാണി പറഞ്ഞു.

ഞാനൊന്ന് പോയി നോക്കട്ടെ സാറ് ഒറങ്ങ്വാണോന്ന്.

കല്ല്യാണി പോയപ്പോൾ അവൾക്ക് ഒരിക്കൽക്കൂടി ആലോചിക്കാൻ ഇടകിട്ടി. കടയിൽ ഗ്ലാസ്സ് ഭിത്തിക്കു പിന്നിൽ വെച്ച തിളങ്ങുന്ന സ്റ്റൗ അവൾക്ക് ഓർമ്മ വന്നു. പുകയുടെ മണമുള്ള തന്റെ വീടും. അവൾ തീർച്ചയാക്കിക്കഴിഞ്ഞിരുന്നു. ഇപ്പോൾ അവളെ അലട്ടിയിരുന്നത് വേറൊരു പ്രശ്‌നമായിരുന്നു. സാറ് എന്താണ് തരിക.

കല്ല്യാണി അവളെ വിളിച്ചു.

ദേ, സാറ് വിളിക്കുന്നു.

അയാൾ കട്ടിലിൽ തലയിണയിൽ ചാരിയിരിക്കയായിരുന്നു. ഷർട്ടഴിച്ചു വെച്ചിട്ടുണ്ട്. അയാളുടെ നെഞ്ചത്തെ രോമങ്ങൾ അല്പാല്പം നരച്ചു തുടങ്ങിയിരുന്നു. പക്ഷെ നല്ല ഉറച്ച ദേഹമായിരുന്നു അയാളുടേത്.

സാർ ഞാൻ പോട്ടെ.

കല്ല്യാണി പറഞ്ഞു.

പെട്ടെന്ന് ദേവകി കല്ല്യാണിയോട് പറഞ്ഞു.

ചേച്ചി എന്റെ മക്കളെ ഒന്ന് ശ്രദ്ധിക്കണംട്ടോ.

അതിനെന്താ അവര്‌ന്റെ മക്കൾടെ പോല്യന്ന്യല്ലെ? നീയ് പതുക്കെ വന്നാ മതി.

പിന്നെ തിരിഞ്ഞ് അയാളോട് പറഞ്ഞു.

സാറെ ഞാൻ പോട്ടെ. സാറ് ന്നെ മറക്കരുത്‌ട്ടോ.

അയാൾ ചിരിച്ചു.

കല്ല്യാണ്യേ മറന്നാ ഞാൻ എന്നെത്തന്നെ മറന്നൂന്ന് കൂട്ടിക്കോളു.

നീ പോയി ആ വാതിലടച്ച് കുറ്റിയിട്ടു വാ.

അയാൾ ദേവകിയോട് പറഞ്ഞു.

അവൾ അനുസരിച്ചു. പിന്നീട് എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൾ പകച്ചു നിൽക്കുകയാണ്.

അവിടെ കുളിമുറിയുണ്ട്. അയാൾ ചൂണ്ടിക്കാട്ടി. കുളിച്ചു വരൂ. അതാ ആ അലമാറീല് മുണ്ടും മേൽമുണ്ടും കാണും. കുളിച്ചിട്ട് അതു മാത്രം ഉടുത്താൽ മതി.

കുളി സുഖമായിരുന്നു. ഉരുണ്ട നല്ല വാസനയുള്ള സോപ്പ്‌തേച്ച് അവൾ ധാരാളം വെള്ളത്തിൽ കുളിച്ചു. വീട്ടിൽ തെരുവിലെ ടാപ്പിൽ വരിയായിനിന്ന് പിടിക്കുന്ന വെള്ളത്തിൽ കുളിച്ചാൽ എന്ത് സംതൃപ്തിയുണ്ടാവാനാണ്. വെള്ളം മുക്കി മേൽ ഒഴിച്ചു കൊണ്ടിരിക്കെ പെട്ടെന്ന് സാർ കാത്തിരി ക്കുന്നുണ്ടാകും എന്നവൾക്കോർമ്മ വന്നു. അവൾ തോർത്തി, ഒറ്റമുണ്ടും ഉടുത്ത് മേൽമുണ്ടുകൊണ്ട് മാറുമറച്ച് പുറത്തുകടന്നു.

അയാൾ കട്ടിലിൽ നീങ്ങിക്കിടന്നു കൊണ്ട് പറഞ്ഞു.

വരൂ.

അവൾ ഒതുങ്ങിക്കിടന്നു. അയാൾ അവളുടെ ചുമലിൽ പതുക്കെ കൈ വെച്ചു. സാവധാനത്തിൽ, വളരെ സാവധാനത്തിൽ അയാൾ അവളെ വരിഞ്ഞടുപ്പിച്ചു. പതുക്കെ അവളുടെ മേൽമുണ്ട് മാറ്റി, തിങ്ങിയ മാറിൽ മുഖമുയർത്തി.

അവൾ വേറൊരു ലോകത്തായിരുന്നു. സാറ് എന്തു തരുമെന്നറിയില്ല. എന്ത് ആവശ്യപ്പെടണമെന്ന് കല്ല്യാണിയോട് ചോദിച്ചുവെക്കാനും മറന്നു. അവൾക്ക് സ്റ്റൗ എത്രയും വേഗത്തിൽ വാങ്ങണമെന്നുണ്ട്. അവൾ പെട്ടെന്ന് ചോദിച്ചു.

സാറെനിക്ക് എന്ത് കൂലി തരും?

കൂലി?

അതെ ഇപ്പൊ ചെയ്യണ ജോലിക്ക്?

അയാളുടെ താൽപര്യം പെട്ടെന്ന് നശിച്ചു. അയാൾ ഭാവനയിൽ മനോഹരമായ ഒരു ചിത്രം വരച്ചുണ്ടാക്കുകയായിരുന്നു. മുപ്പത്തഞ്ചാം വയസ്സിൽ ഭാര്യ മരിച്ചശേഷം അയാൾ അങ്ങിനെ ഒരു ലോകത്തായിരുന്നു. താൻ ഒപ്പം കിടക്കുന്ന സ്ത്രീകൾ തന്നോട് പ്രേമത്തിലാണെന്നയാൾ സങ്കൽപ്പിച്ചു. കല്ല്യാണി ആ വിശ്വാസത്തിന് ഇളക്കം തട്ടിച്ചിരുന്നില്ല. അവൾ ഒരിക്കലും പണം ചോദിച്ചിരുന്നില്ല. അയാൾ തോന്നുമ്പോൾ മാത്രം കൊടുത്തു. അവളുടെ ആവശ്യങ്ങൾ നിർവ്വഹിച്ചുകൊടുക്കുകയും ചെയ്തു.

ദേവകിയുടെ പശ്ചാത്തലം കല്ല്യാണി പറഞ്ഞുകൊടുത്തിരുന്നു. അവൾ ഭർത്താവിനെയല്ലാതെ വേറെ ആരെയും സ്വീകരിച്ചിട്ടില്ലെന്നും ഭർത്താവിന്റെ കുടി കാരണം കുട്ടികളെ പോറ്റാനാണ് ഇതിനു മുതിർന്നതെന്നും അയാൾക്കറിയാം. പെട്ടെന്നയാൾക്ക് അനുകമ്പ തോന്നി. അവളുടെ നിലനിൽപിന്റെ പ്രശ്‌നമാണത്. അതിഞ്ഞാൽ അവൾക്ക് സമാധാനമാവുമെങ്കിൽ അങ്ങിനെയാവട്ടെ അയാൾ ചോദിച്ചു.

നിനക്കെന്ത് വേണം?

പതിനഞ്ചുറുപ്പിക തര്വോ?

പത്ത് എന്നു പറയാനാണ് അവൾ ഓങ്ങിയത്. അയാൾ വില പേശിയാലോ എന്നോർത്താണ് പതിനഞ്ച് എന്നു പറഞ്ഞത്.

തരാമല്ലൊ.

അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. വീണ്ടും അവളെ താലോലിക്കാൻ തുടങ്ങി.

പതിനഞ്ചുറുപ്പിക പ്രകാരം അഞ്ചു പ്രാവശ്യം ഇവിടെ വന്നാൽ സ്റ്റൗ വാങ്ങാൻ പറ്റും. അവൾ കണക്കു കൂട്ടുകയാണ്. ആഴ്ചയിലൊരിക്കലെങ്കിലും സാറിനിതു വേണ്ടി വരുമായിരിക്കും. അപ്പോൾ ഒരു മാസം കൊണ്ട് സ്റ്റൗ വാങ്ങാൻ പറ്റും.

അയാൾ തഴുകൽ നിർത്തി, കട്ടിലിന്റെ തലക്കൽ നിവർന്നിരുന്നു. ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് പുകവിട്ടു. ദേവകി അയാളെ അത്ഭുതത്തോടെ നോക്കി.

എന്താ ചെയ്യിണില്ല്യെ?

അവൾ എഴുന്നേറ്റിരുന്നു. അവളുടെ ഉലയാത്ത മാറിടം മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നല്ല നിറമായിരുന്നു. അയാൾ നോക്കുന്നതു കണ്ടപ്പോൾ അവൾ മേൽ മുണ്ടെടുത്ത് മാറുമറച്ചു.

ദേവകീ… അയാൾ പറഞ്ഞു. ഇത് സ്‌നേഹമുള്ള രണ്ടുപേർ കൂടി ചെയ്യേണ്ട കാര്യമാണ്. നീയിപ്പോൾ ചെയ്യുന്നത് കണക്കു കൂട്ടുകയാണ്. സ്‌നേഹം എന്നത് കണക്കുകൾക്കൊക്കെ മുകളിലാണ്.

അവൾക്ക് പറയാൻ വാക്കുകളില്ലാതായി. സ്‌നേഹത്തെപ്പറ്റി ആരും അവളോട് ഇതുവരെ പറഞ്ഞിരുന്നില്ല. ഒമ്പതാം വയസ്സിൽ അവളെ മടിയിൽ വെച്ച് മേലാകെ തലോടുകയും, ആരുമില്ലാ ത്തപ്പോൾ കാലുകൾക്കിടയിൽ ചൂടുപകരുകയും ചെയ്ത മനുഷ്യനും അവളെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞിട്ടില്ല. ഒരിക്കൾ അയാൾ അവളെ വേദനിപ്പിച്ചു. ചുട്ടുനീറുന്ന വേദനയിൽ അവൾ വാവിട്ടു കരഞ്ഞപ്പോൾ അയാൾ എഴുന്നേറ്റ് വാതിൽ തുറന്ന് ഓടിപ്പോവുകയാണുണ്ടായത്. കാലുകൾക്കിടയിൽ ചോരകൂടി കണ്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തയായി ഉറക്കെക്കരയാൻ തുടങ്ങി. അയാൾക്ക് അവളുടെ ഭയമകറ്റാൻ എന്തെങ്കിലും സ്‌നേഹമുള്ള വാക്കുകൾ പറയാമായിരുന്നു. അതിനുപകരം അയാൾ ഓടിപ്പോവുകയാണ് ചെയ്തത്. പിന്നീടയാൾ അവളെ കാണാൻ വന്നതുമില്ല.

കല്ല്യാണ രാത്രിയിൽ ഭർത്താവും അവളെ ബലാത്സംഗം ചെയ്യുകയാണ് ചെയ്തത്. അവളുടെ നാണം വകവെക്കാതെ അയാൾ അവളുടെ ദേഹത്തിലിറങ്ങി. അവളുടെ തേങ്ങൽ ശ്രദ്ധിക്കാതെ ഉറക്കമാവു കയും ചെയ്തു. ഇപ്പോഴും കുടിച്ചു വന്നാലും അയാൾ അതുതന്നെയാണ് ചെയ്തിരുന്നത്. പലപ്പോഴും മോൾ ഉണർന്നിരുന്ന് അതു കാണുന്നുണ്ടെന്നവൾക്കറിയാമായിരുന്നു. ഭീതിപൂണ്ട കണ്ണുകളോടെ അവൾ, അമ്മയെ അച്ഛൻ ബലാത്സംഗം ചെയ്യുന്നത് നോക്കിക്കിടക്കും. മനുഷ്യർ കുടിച്ചു ബോധം മറിഞ്ഞാൽ ചെയ്യുന്ന ഒരു കർമ്മമാണതെന്ന് ആ കുഞ്ഞ് വിശ്വസിച്ചു. ഒരിക്കൽ എല്ലാം കഴിഞ്ഞ് ദേവകി അവളുടെ അടുത്ത് വന്ന് കിടന്നപ്പോൾ അവൾ ചോദിച്ചു.

അമ്മയ്ക്ക് വേദനിച്ച്വോ?

ഇവിടെ ഇതാ ഒരാൾ തന്റെ ചുണ്ടുകളിൽ സ്‌നേഹപൂർവ്വം ചുംബിച്ച് തന്നെ സ്‌നേഹത്തോടെ മാറോടണച്ച് സ്‌നേഹത്തെപ്പറ്റി സംസാരിക്കുന്നു. തനിയ്ക്കപരിചിതമായ ഭാഷ അവൾ കരയാൻ തുടങ്ങി.

അയാൾക്ക് അനുകമ്പതോന്നി. ആ കണ്ണീരിന്റെ അർത്ഥം അയാൾ മനസ്സിലാക്കി. സിഗരറ്റ് വലിച്ചെറിഞ്ഞ് അയാൾ അവളെ തന്നിലേയ്ക്കടുപ്പിച്ചു.

അവൾ സാരിമാറി വന്നപ്പോൾ അയാൾ ചോദിച്ചു.

സ്റ്റൗവ്വിനെന്താണ് വില?

എഴുപത്തഞ്ചുറുപ്പിക. ചെലപ്പോ പിശകിയാൽ അഞ്ചുറുപ്പിക കൊറച്ചുതരും.

അയാൾ കീശയിൽ നിന്ന് നൂറിന്റെ ഒരു നോട്ടടുത്ത് അവളുടെ കയ്യിൽ വെച്ചു. അവൾ ആ നോട്ടിൽ കുറച്ചുനേരം നോക്കി നിന്നു. മുഖമുയർത്തി അയാളെ നോക്കാൻ അവൾക്കു ലജ്ജതോന്നി. അവൾ ആ നോട്ട് നീട്ടിക്കൊണ്ട് പറഞ്ഞു.

ന്റെ കയ്യില് ചില്ലറ ഇല്ല്യ സാറെ.

ഒരു കാര്യം ചെയ്യു. അയാൾ പറഞ്ഞു. ദേവകി പതിനഞ്ചിനല്ലെ പറഞ്ഞത്. ഇരുപത്തഞ്ച് വെച്ചോളു. ബാക്കി എഴുപത്തഞ്ചില്ലെ? അതുകൊണ്ട് സ്റ്റൗ വാങ്ങിക്കോളു. ഇന്നുതന്നെ വാങ്ങു.

അവൾ അതു പ്രതീക്ഷിച്ചിരുന്നില്ല. അവളുടെ കണക്കുകൂട്ടലുകൾ എല്ലാം പിഴച്ചിരുന്നു.

സാറിനെന്നോട് ദേഷ്യം പിടിച്ചു അല്ലെ? ഞാൻ വിവരംല്ല്യാത്തോളോ സാറെ. അതോണ്ട് അവിവേകം ഒക്കെ പറഞ്ഞൂന്ന് വരും. സാറ് ക്ഷമിക്കണം.

ഒരു കാര്യം പറയട്ടെ. നമ്മള് ഇപ്പൊ ചെയ്തത് കൂലിക്ക് ചെയ്യണ പണിയല്ല. അതോണ്ട് പ്രതിഫലമായിട്ട് ഞാൻ എന്തെങ്കിലും തരുംന്ന് കരുതണ്ട. നെന്റെ ആവശ്യം ഒക്കെ മനസ്സിലാക്കി ഞാൻ അതിനനുസരിച്ച് പണം തരും. പിന്നെ നെനക്ക് എന്തെങ്കിലും പ്രത്യേക ആവശ്യംണ്ടെങ്കിൽ പറഞ്ഞാ മതി.

റേഷൻ കടയിൽ മണ്ണെണ്ണയുണ്ടായിരുന്നില്ല. അവൾക്ക് സ്റ്റൗ കത്തിക്കാൻ ധൃതിയായിരുന്നു. അതുകൊണ്ട് അവൾ രണ്ടു ലിറ്റർ മണ്ണെണ്ണ കരിഞ്ചന്തയിൽ വാങ്ങി.

മാർക്കറ്റിൽ പോയപ്പോൾ നല്ല ചാള കണ്ടു. അതും എട്ടെണ്ണം വാങ്ങി. വീട്ടിൽ വന്ന് അവൾ ആദ്യം മുറി വൃത്തിയാക്കി. വിറകു കഷ്ണങ്ങളും ഓലക്കൊടിയും പുറത്തേക്കിട്ടു. ചാണകം കൊണ്ടുവന്ന് അവിടെയെല്ലാം നന്നായി മെഴുകി. സ്റ്റൗ കത്തിച്ച് ചോറും കൂട്ടാനും ഉണ്ടാക്കി. ചാള വറുക്കുകയും ചെയ്തു.

ശേഖരൻ വരാൻ ഒമ്പതരമണിയായിരുന്നു. അയാൾ വാതിൽ കടന്നുവന്ന് ചുറ്റും നോക്കി മണം പിടിച്ചു. പുതിയ സ്റ്റൗ ചൂടായതിന്റെ മണവും മണ്ണെണ്ണയുടെ ഗന്ധവും അയാൾക്കു കിട്ടിയെന്നു തോന്നുന്നു. അയാൾ സ്റ്റൗ ചൂണ്ടിക്കാട്ടി ചോദിച്ചു.

എടീ, ഈ സ്റ്റൗ എവിടന്നു കിട്ടി?

കടയിൽ നിന്നു വാങ്ങി.

എവിടുന്നു കിട്ടിയെടി അതിനുള്ള പണം.

ദേവകി ഒരു നിമിഷം ഞെട്ടി. ഞെട്ടൽ വിദഗ്ദമായി മറച്ചുവെച്ചുകൊണ്ടവൾ പറഞ്ഞു.

ജോലിയെടുക്കുന്നിടത്തെ ചേച്ചിയോട് കടം വാങ്ങി.

ചാള വറുത്തതിന്റെ പ്രലോഭിപ്പിക്കുന്ന മണം മൂക്കിലെത്തിയപ്പോൾ അയാൾ നിലത്തിരുന്ന് പിഞ്ഞാണം വലിച്ചെടുത്തു.

ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ ഒരു വിരിപ്പ് വാങ്ങി. മുറിയുടെ ഒരരുകിൽ ഉപയോഗിക്കാതെ കിടന്ന കട്ടിലിൽ അവൾ കിടയ്ക്ക് വിരിച്ചു അതിനു മേലെ പുതിയ വിരി വിരിച്ചു. അവൾ മനസ്സിൽ വിചാരിച്ചു. പതുക്കെയെങ്കിലും ഞാൻ എന്റെ വീട് നന്നാക്കുകയാണ്. രാത്രികളിൽ ശേഖരൻ വൈകി വരുമ്പോൾ കാണുന്ന പരിഷ്‌കാരങ്ങൾ അയാൾ കണ്ടില്ലെന്നു നടിച്ചു.

അലൂമിനയം ഗ്ലാസ്സുകൾ തിളങ്ങുന്ന സ്റ്റീൽ ഗ്ലാസ്സുകൾക്ക് വഴിമാറി. കവടിപ്പിഞ്ഞാണങ്ങൾക്കു പകരം രണ്ടു വലുതും രണ്ടു ചെറുതുമായ സ്റ്റീൽ പ്ലേയ്റ്റുകൾ വാങ്ങി. കുട്ടികൾക്ക് പുതിയ ഉടുപ്പുകൾ.

ശേഖരൻ എല്ലാം കണ്ടു. അയാൾ ആ വീട്ടിൽ അന്യപ്പെടുകയായിരുന്നു. ഒരു മാസമായി താൻ വീട്ടിൽ പണമൊന്നും കൊടുത്തില്ലെന്നയാൾ ഓർത്തു. മുമ്പെല്ലാം രണ്ടുമൂന്നുദിവസം കൂടുമ്പോഴെങ്കിലും ദേവകി പണം ചോദിക്കാറുണ്ടായിരുന്നു. ഇപ്പോൾ ആഴ്ചകളായി അവൾ ചോദിക്കാറില്ല. ചോദിച്ചാൽ കിട്ടില്ലെന്നു മനസ്സിലായതോടെയാണ് അവൾ നിർത്തിയതെന്നയാൾക്കറിയാം. പക്ഷേ പുതുതായി വാങ്ങുന്ന ഈ സാധനങ്ങൾക്ക് പണം എവിടെനിന്നു വരുന്നു എന്നയാൾക്കു മനസ്സിലായില്ല. ചോദി ക്കാനുള്ള ധൈര്യമുണ്ടായതുമില്ല.

ഭാര്യയ്ക്ക് തന്റെ ആവശ്യമില്ലാതാവുകയാണെന്ന ബോധം അയാളുടെ പൗരുഷത്തെ സാരമായി ബാധിച്ചു. രാത്രി കുടിച്ചു വരുമ്പോൾ അയാൾ തന്റെ പൗരുഷമെന്ന ബലൂൺ ഊതിവീർപ്പിച്ചിട്ടാണ് വരിക. പക്ഷേ രാവിലെ എഴുന്നേൽക്കുമ്പോൾ ലഹരിയെല്ലാം ഒതുങ്ങുമ്പോൾ അയാൾ കാറ്റുപോയ ബലൂൺ പോലെയായി. ഭാര്യയ്ക്ക് പണം കിട്ടുന്നുണ്ടെന്നയാൾക്കു ബോദ്ധ്യമായി. പക്ഷേ അതെവിടെ നിന്നായിരിക്കുമെന്ന് ആലോചിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല.

പൊട്ടിത്തെറിയുണ്ടായത് ഒരു ദിവസം രാവിലെയായിരുന്നു. ജോലിക്കു പോകാൻ പുറപ്പെട്ടശേഷം അയാൾ ദേവികയോട് ചോദിച്ചു.

ഒരഞ്ചുറുപ്പിക എടുക്ക്.

എന്റെ കയ്യിൽ പണമൊന്നുമില്ല. ദേവകി തറപ്പിച്ചു പറഞ്ഞു. നിങ്ങൾ കൊണ്ടുവന്നു തന്ന പോലെയാണല്ലോ ചോദിക്കണത്.

എടീ പണമെടുക്കാനാ പറഞ്ഞത്.

എന്റെ കയ്യിലില്ല.

എടീ എന്റെ പൗരുഷം നീ കണ്ടിട്ടില്ല.

പൗരുഷംന്ന്ള്ളത് ഭാര്യെ തല്ല്ണതിലല്ല. കുടുംബം നോക്കണതിലാണ്. പൗരുഷള്ളോര് ഭാര്യേം മക്കളേം പട്ടിണിക്കിടില്ല്യ.

നീ പണമെടുക്കുന്നുണ്ടോ?

എന്റെ കയ്യിലില്ല്യ.

അയാൾ കിടക്കയുടെ അടിയിൽ നിന്ന് അവളുടെ പേഴ്‌സ് എടുത്തു തുറന്നു, അതിൽ നോട്ടുകളുണ്ടാ യിരുന്നു. ഒറ്റനോട്ടത്തിൽ നാൽപ്പത് അമ്പതുറുപ്പിക വരും.

ഇതെന്താടി പണമല്ലേ? ഇതെവിടുന്നു കിട്ടിയ പണമാണ്?

ഞാൻ അദ്ധ്വാനിച്ചുണ്ടാക്കീത്. അല്ലാതെന്താ?

എടീ നീ തോന്നിവാസം കാട്ടി കിട്ടിയ പണമല്ലേ ഇത്?

അങ്ങിനെയെങ്കിൽ അങ്ങിനെ. ഭർത്താക്കന്മാര് കിട്ടണ പണം മുഴുവൻ കുടിച്ച് വീട് നോക്കാണ്ട്യാ യാൽ ഭാര്യമാര് അങ്ങിനെയൊക്കെ ചെയ്യും. അതിത്രകാലും മനസ്സിലാക്കിയില്ലെ? ഭാര്യയ്ക്കും കുട്ടികൾക്കും വിശപ്പുണ്ട്. അവർക്കും തിന്നണം.

അയാൾ പൗരുഷത്തിന് കിട്ടിയ അവസാനത്തെ ചൊട്ടായിരുന്നു അത്. അയാൾ പേഴ്‌സ് അവളുടെ മുഖത്തേക്കു വലിച്ചെറിഞ്ഞ് പുറത്തേക്കു പോയി.

രാത്രി പത്തുമണിക്ക് ശേഖരൻ വന്നു. അയാളുടെ കണ്ണുകൾ ചുവന്നിരുന്നു. ആടിക്കൊണ്ട് അകത്തു കടന്നശേഷം കയ്യിലുള്ള മണ്ണെണ്ണടിൻ നിലത്ത് ഒരു ശബ്ദത്തോടെ വെച്ച് ചോദിച്ചു.

എടീ… ഇതെന്താന്നറിയ്യ്വോ?