close
Sayahna Sayahna
Search

തുരങ്കങ്ങൾ


‌← ഇ.സന്തോഷ് കുമാർ

തുരങ്കങ്ങൾ
Galappagos-01.jpg
ഗ്രന്ഥകർത്താവ് ഇ. സന്തോഷ്‌‌കുമാർ
മൂലകൃതി ഗാലപ്പഗോസ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗൃന്ഥകർത്താവ്
വര്‍ഷം
2000
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 98

തുരങ്കങ്ങൾ

സിഗ്നൽ പോസ്റ്റിന്റെ ചുവന്ന കണ്ണുകൾ അടഞ്ഞ് മഞ്ഞനിറത്തിലേക്കു തുറന്നു. ഇറങ്ങിനിന്നിരുന്ന യാത്രക്കാരെല്ലാം ട്രയിനിനുള്ളിലേക്കുകയറി. അല്പനേരത്തിനുശേഷം മഞ്ഞിലൂടെ ശാന്തമായ പച്ചവെളിച്ചം തെളിഞ്ഞു. തീവണ്ടി പുറപ്പെടുന്നതിന്റെ വിലാപസ്വരം. സ്റ്റേഷനിലെ ബഞ്ചുകളിൽ ഉറങ്ങിക്കൊണ്ടിരിക്കുന്ന യാചകർ പിടഞ്ഞെണീറ്റ് ചുറ്റുപാടും അമ്പരപ്പോടെ നോക്കി. കൂറ്റൻ ശരീരവുമിഴച്ചുകൊണ്ട് തീവണ്ടി മുന്നോട്ടുനീങ്ങുകയായി. പതുക്കെപ്പതുക്കെ, സ്റ്റേഷനിലെ വൈദ്യുതവിളക്കുകളുടെ നിരകൾ അതിന് ഓർമ്മയാവുകയാണ്.

ഇരുട്ട് മുഴുവനായും മാഞ്ഞുപോയിരുന്നില്ല. പിന്നിടുന്ന ചെറിയ സ്റ്റേഷനുകളുടെ പേരുകൾ നിഴലിലെന്നവണ്ണം ഞങ്ങൾ വായിച്ചു. ഉറങ്ങുന്ന ഗ്രാമങ്ങൾക്കുമേൽ മഞ്ഞ് ഒരു ശിരോവസ്ത്രം പോലെയായിരുന്നു. തണുപ്പേൽക്കാതിരിക്കാൻ ചില്ലുജാലകങ്ങൾ താഴ്ത്തിയിട്ടിരുന്നതിനാൽ അതിൽ പറ്റിച്ചേർന്നിരുന്ന അഴുക്കുകൾക്കും പൊടികൾക്കുമപ്പുറത്തെ കാഴ്ചകൾ മുഷിഞ്ഞുനിന്നു.

വലിയ നഗരത്തിലേക്ക് പുതിയ വഴിയിലൂടെ റെയിൽ വന്നതിനുശേഷം ആദ്യമായി യാത്രചെയ്യുകയായിരുന്നു ഞങ്ങൾ. പുതിയ പാതയിലെ ദൃശ്യങ്ങളെയും അത്ഭുതങ്ങളെയും കുറിച്ച് മുൻപേ കേട്ടിരുന്നു. ഒറ്റ റെയിൽപ്പാത വിഭജിക്കുന്ന നഗരങ്ങൾ, നീണ്ട പാലങ്ങൾ, അവയ്ക്കുതാഴെ ഒഴുകുന്ന വലിയ നദികൾ, മലകൾ, ഇടയ്ക്കിടെ മല തുരന്നുണ്ടാക്കിയ തുരങ്കങ്ങൾ. അദൃശ്യനായൊരു കുഴൽക്കാരനെ അനുഗമിച്ചെന്നപോലെ മലയിലേക്ക് അപ്രത്യക്ഷമാകുന്ന തീവണ്ടിയുടെ ചിത്രം ചില ടെലിവിഷൻപരസ്യങ്ങളിൽ കണ്ടിട്ടുണ്ട്. പിന്നെ മറുവശത്ത്, ഒരു പിറന്നുവീഴലിന്റെ പുനർജ്ജനി. ഒരവധിക്കാലം നഗരത്തിൽ ചെലവഴിക്കുന്നതിനെക്കാൾ മുഖ്യം, ഈ യാത്രതന്നെയായിരുന്നു.

കാഴ്ചകളൊന്നും നഷ്ടപ്പെടുത്തിക്കൂടായെന്ന ആരംഭത്തിലെ താല്പര്യത്തിൽ ഞങ്ങൾ മൂന്നുപേരും പുറത്തേക്കുനോക്കിക്കൊണ്ടിരുന്നു.

ഗ്രാമങ്ങൾ ഉറക്കത്തിൽനിന്നും എഴുന്നേൽക്കുന്നതേയുള്ളൂ. റെയിൽപ്പാതയ്ക്കു സമീപമുള്ള വീടുകളിൽ പത്രത്തിൽ മുഴുകിയിരിക്കുന്നവരെയും മുറ്റമടിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകളെയും അപൂർവമായി ഞങ്ങൾ കണ്ടു. ഇതെല്ലാം എത്രയോ അത്ഭുതകരമായ കാഴ്ചകളാണെന്നമട്ടിൽ വളരെ കൗതുകത്തോടെ ഞങ്ങൾ ശ്രദ്ധിച്ചു. തരിശായിക്കിടന്ന പാടങ്ങളിലേക്ക് കന്നുകാലിക്കൂട്ടങ്ങൾ എത്താൻ തുടങ്ങി. വണ്ടി ഒരു ചെറിയ പാലത്തിനുമുകളിലൂടെ കടന്നുപോയി. അപ്പോൾ അതിന്റെ ശബ്ദം നേർത്ത കരച്ചിലെന്നപോലെ പതറിയിരുന്നു. പാലത്തിനുതാഴെ, തീർത്തും മെലിഞ്ഞ മലിനമായ ഒരു പുഴ ഞങ്ങൾ കണ്ടു. തീവണ്ടിയുടെ ശബ്ദത്തിൽ, തീരത്തിരുന്നിരുന്ന ഒരു കൂട്ടം പക്ഷികൾ പറന്നുയർന്നു.

“ഇത്രയും ദൂരത്തേക്ക് ഞാനാദ്യമാണ്,” ഷിബു പറഞ്ഞു. ഞങ്ങൾ രണ്ടുപേരും അത്ഭുതത്തോടെ അവനെ നോക്കി. “എനിക്കങ്ങനെ യാത്രയ്ക്കൊന്നും ഒരു രസവും തോന്നാറില്ല.” ഈ യാത്രയിൽത്തന്നെ അവന്റെ വരവ് അപ്രതീക്ഷിതമായിരുന്നു. ഏറ്റവും അവസാനസമയത്താണ് ജ്യേഷ്ഠന്റെ പകരക്കാരനായി ഷിബു വന്നത്. പുറംകാഴ്ചകൾ മതിയാക്കിക്കൊണ്ട് ഷിബു തുടർന്നു. “ എനിക്ക് സിനിമയൊക്കെകണ്ട് നാട്ടിൽത്തന്നെ കഴിയാനാണ് ഇഷ്ടം.”

“ഇതാണ് സിനിമയ്ക്കും ടിവിക്കുമുള്ള തകരാറ്.” കൃഷ്ണകുമാർ ഗൗരവം ഭാവിച്ചു: “ഒരാളും പുറത്തിറങ്ങില്ല.”

“എന്തിനു പുറത്തിറങ്ങണം?” ഷിബു ചോദിച്ചു. “ഇതൊക്കെത്തന്നെയല്ലേ സിനിമയിലും കാണുന്നത്?”

ഞങ്ങൾ രണ്ടുപേരും ചിരിച്ചു..“ചെലവും കുറവ്.”

കുറേ നേരത്തിനുശേഷം വണ്ടി ഒരു ചെറിയ സ്റ്റേഷനിൽ നിന്നു. നേരം പുലർന്നുകഴിഞ്ഞിരുന്നു. സ്റ്റേഷന്റെ നരച്ച ചുമരുകളിൽ കോറിവരച്ച മുദ്രാവാക്യങ്ങൾ പാതിയും മാഞ്ഞുകഴിഞ്ഞിട്ടുണ്ട്. ആ സ്റ്റേഷനിൽനിന്നും ഞങ്ങൾ ഒരു പത്രം വാങ്ങി. മുൻപേജിലെ തലക്കെട്ടുകൾ ഓടിച്ചുവായിക്കുമ്പോഴും ട്രെയിൻ നീങ്ങിത്തുടങ്ങി. “യാത്ര ചെയ്യുമ്പോൾ ഒരു നിലയ്ക്ക് ഇതൊന്നും വായിക്കരുത്.” പത്രം അവർക്കുനീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു. “എല്ലാത്തിൽനിന്നും കുറച്ചുദിവസം വിട്ടുനിൽക്കുന്നതാണ് നല്ലത്.”

“ഷാരൂക്ഖാന്റെ സിനിമ ഇന്നാണ് റിലീസ്! ഞാനതു മറന്നു. ദാ ഒറ്റപേജ് നിറച്ചും പരസ്യം. അവിടെച്ചെന്ന് നമുക്കതൊന്നുകാണണം.” ഷിബു ഉറക്കെ പറഞ്ഞു.

“ഷാരൂക്ക്! മിണ്ടാതിരിക്ക്. അവിടെത്തന്നെ കൂടിക്കോ, കുറേ ദിവസം”. കൃഷ്ണകുമാർ പരിഹാസത്തോടെ അവനെ നോക്കി.

“ഈ സിനിമ ഹിറ്റാകും ചങ്ങാതീ. മറ്റേ പെണ്ണ് ഇങ്ങനെ ഒരു പോസിൽ അഭിനയിക്കുന്നത് ആദ്യമല്ലേ?” ഷിബു അല്പം ഉദ്വേഗത്തോടെ ചോദിച്ചു: “നിങ്ങൾ അവളുടെ തുട കണ്ടിട്ടുണ്ടോ, ഹോ!”

ഒരു പകരക്കാരനായി വന്നിട്ടും ഷിബു എത്രവേഗമാണ് സ്വാതന്ത്ര്യമെടുത്ത് സംസാരിക്കാൻ തുടങ്ങുന്നതെന്ന് ശ്രദ്ധിച്ചു. സിനിമയുടെ വിശേഷങ്ങൾ കേട്ടിട്ടാവണം, എതിർഭാഗത്ത് മുകളിലെ ബർത്തിൽ എഴുന്നേറ്റിരുന്ന മദ്ധ്യവയസ്ക്കൻ ഞങ്ങളെ സൂക്ഷിച്ചുനോക്കി. അയാളുടെ പ്രത്യേകതരം ഉടുപ്പും തലമൂടിയ കമ്പിളിയുമൊക്കെക്കൂടി ഒരു വലിയ ആടിന്റെ രൂപം തോന്നിച്ചു.

“ഒരു നിലയ്ക്ക് ഇപ്പോഴൊന്നും പോരാ. ഒക്കെ മെലിഞ്ഞ് സ്ലിം ബ്യൂട്ടികളെല്ലേ?” ഷിബു തുടർന്നു. “നിങ്ങൾ പഴയ സിനിമകൾ കാണണം, …യുടെ ചില ഗംഭീരസീനുകൾ! ഇവറ്റയൊക്കെ നാണിക്കും. എന്റെ ചങ്ങാതീ, അവൾ ആയകാലത്ത്, ശരിക്കുമൊരു ചരക്കായിരുന്നു.”

സംഭാഷണം കുറേ നേരം സിനിമയെ ചുറ്റിപ്പറ്റിനിന്നു. വെയിൽ പടർന്നു തുടങ്ങിയ പാടങ്ങളും തോപ്പുകളും കടന്ന് തീവണ്ടി നിർത്താതെ പാഞ്ഞു. ഇടയിലൊരിടത്തുവച്ച് ഞങ്ങൾക്ക് പ്രാതൽ വിതരണം ചെയ്തു. റെയിൽവെയുടെ ഭക്ഷണം മഹാമോശമാണെന്ന് കൃഷ്ണകുമാർ പറഞ്ഞു. തീ പിടിക്കുന്ന വിലയും. കുറെ നേരം ഞങ്ങൾ തീവണ്ടികൾ വൈകുന്നതിനേയും കേരളത്തോട് റെയിൽവെ കാണിക്കുന്ന അവഗണനയേയുമൊക്കെ- എത്രയോ തവണ പറഞ്ഞുകഴിഞ്ഞ അതേ കാര്യങ്ങൾ- സംസാരിച്ചുകൊണ്ടിരുന്നു. കംപാർട്ടുമെന്റിലുള്ള മറ്റുചിലരുംകൂടി ആ സംഭാഷണത്തിൽ പങ്കെടുത്തു. സാവധാനം അതൊരു രാഷ്ടീയ ചർച്ചയായി നിറം മാറുമോയെന്ന് ഭയന്നപ്പോൾ, ഞാനെഴുന്നേറ്റ് ടോയ്‌ലറ്റിലേക്കുപോയി. തിരിച്ചുവരുമ്പോൾ ഒരു സ്റ്റേഷൻ അടുക്കുകയാണെന്നു തോന്നിച്ചുകൊണ്ട് കുറച്ചുപേർ വാതിൽക്കൽ നിൽക്കുന്നുണ്ടായിരുന്നു. റെയിൽവെയെക്കുറിച്ചുള്ള സംഭാഷണം കഴിഞ്ഞിരുന്നില്ല. “ഇതൊക്കെ ഇവിടെ നടക്കും. അങ്ങുവടക്ക് ഒരുത്തനും ടിക്കറ്റെടുക്കില്ല.” ഒരാൾ രോഷത്തോടെ പറഞ്ഞു. “അതുമാത്രമല്ല, എല്ലാ വീടിനുമുമ്പിലും ചങ്ങല വലിച്ചു നിർത്തുന്ന ഏർപ്പാടും ഉണ്ട്” വേറെയാരോ അറിയിച്ചു. ഇത്തരം വർത്തമാനങ്ങൾ ഒരിക്കലും ഒടുങ്ങുകയില്ല. ഏതുയാത്രയിലും ആരെങ്കിലും ഇതൊക്കെ പറയുമെന്നും മറ്റുള്ളവരെല്ലാം ആദ്യമായി കേൾക്കുന്ന മട്ടിൽ ഇരുന്നുകൊടുക്കുമെന്നുള്ളത് തീവണ്ടിയാത്രയുടെ വിധിപോലുമായിട്ടുണ്ട്. മറ്റൊരു യാത്രയിൽ, മറ്റൊരു സമയത്ത് ഇതേ കേൾവിക്കാർ ഇതെല്ലാം അറിയിച്ചുകൊണ്ടിരിക്കും. ഇപ്പോൾ പറയുന്നവർ വിസ്മയം പൂണ്ട് അത് കേട്ടിരിക്കുകയും. തീവണ്ടിയുടെ ജാതകകഥകൾക്ക് അതിന്റെയത്രതന്നെ ആയുസ്സുകാണും.

“നീയെങ്ങനെ ഇതിൽ വന്നുപെട്ടു?”

ചർച്ച വഴിമാറ്റാനെന്നവണ്ണം കൃഷ്ണകുമാർ ഷിബുവിനോടുചോദിച്ചു. “ഓ. നമ്മുടെ ചേട്ടന് പനിപിടിപെട്ടു മിനിഞ്ഞാന്നുമുതൽ കക്ഷി ലീവിലാണ്. കുറച്ചുസാധനങ്ങൾക്ക് ഓർഡർ കൊടുത്തിരുന്നു. അതു വാങ്ങണം, വീടുപണി നടക്കുകയല്ലേ?” ഷിബു പോക്കറ്റിൽനിന്നും ജ്യേഷ്ഠൻ ബുക്കുചെയ്ത ടിക്കറ്റെടുത്ത് കാണിച്ചു. “കണ്ടോ, മൂപ്പർ എടുത്ത ടിക്കറ്റാ.”

“ഓഹോ, ആ ടിക്കറ്റിലാണോ യാത്ര?” കൃഷ്ണകുമാർ പറഞ്ഞു. “പത്തുവയസ്സിന്റെ വ്യത്യാസം ടി. ടി. പിടിക്കും.”

“പോകാന്‍ പറ” — ഷിബു പറഞ്ഞു. “കേട്ടില്ലേ, വടക്കന്‍മാര്‍ ടിക്കററുതന്നെ എടുക്കുന്നില്ലത്രെ.”

“നമ്മള്‍ ശരിക്കും വിഡ്ഢികള്‍ തന്നെ” — കൃഷ്ണകുമാര്‍ സമ്മതിച്ചു.

“അതേയതേ, എന്നിട്ടും ഈ നശിച്ച റെയില്‍വെ!”

“എന്തിന്, രാഷ്ട്രീയക്കാരെ പറഞ്ഞാല്‍ മതിയല്ലോ.”

ആ വിഷയത്തില്‍ തന്നെ ചര്‍ച്ച വഴിമുട്ടി നില്‍ക്കുമെന്ന് തോന്നിയപ്പോള്‍ ഞാനൊരു കഥ ഓര്‍മ്മിച്ചു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത മലയാളിലുടെ കഥ. ഒരു സാധാരണ സര്‍ദാര്‍ജിക്കഥ തന്നെ, എല്ലാവരും കേട്ടിട്ടുളളത്. പക്ഷേ തീവണ്ടിക്കുള്ളില്‍ പറയുമ്പോള്‍ കഥകളും പുതിയതായി മാറുന്നു.

“ഒരു സര്‍ദാര്‍ജിയും മലയാളിയും കൂടി യാത്രചെയ്യുകയായിരുന്നു. സര്‍ദാര്‍ ടിക്കറ്റെടുത്തിട്ടുണ്ട്. നമ്മുടെ മലയാളിക്കാണെങ്കില്‍ ടിക്കററില്ല.” ഞാന്‍ എല്ലാവരെയും നോക്കി പുതിയൊരു കഥ തുടങ്ങുകയാണെന്ന് ഭാവിച്ചു. “കുറച്ചു കഴിഞ്ഞപ്പോള്‍ എക്സാമിനര്‍ വന്നു. ഈ സമയത്ത് നമ്മുടെ സര്‍ദാര്‍ജി ബാത്റൂമിലായിരുന്നു.”

“എന്തുചെയ്യും? മലയാളി ആലോചിച്ചു. അയാള്‍ ചെന്ന് ബാത്റൂമില്‍ മുട്ടി. സര്‍ജാര്‍ജീ, ടിക്കററ് ദീജിയേ. ടിക്കററു തരൂ. ഞാന്‍ എക്സാമിനറാണ്. പാവം സര്‍ദാര്‍ജി കതക് പാതി തുറന്ന് ടിക്കററ് നീട്ടി. നമ്മള്‍ മലയാളികല്‍ മോശക്കാരാണോ” ഞാന്‍ കഥ നിര്‍ത്തി എല്ലാവരെയും നോക്കി. മലയാളികളുടെ ബുദ്ധിശക്തിയില്‍ ഏവരും അഭിമാനിക്കുന്നുണ്ടെന്നു കണ്ട സംതൃപ്തിയില്‍ കഥ തുടര്‍ന്നു. “എക്സാമിനര്‍ വന്ന് ടിക്കററ് പരിശോധിച്ചു. മലയാളിയുടെ കൈയില്‍ സര്‍ദാറിന്റെ ടിക്കറ്റാണെന്നോര്‍ക്കണം. പരിശോധന കഴിഞ്ഞപ്പോള്‍ മലയാളി പറഞ്ഞു. സാര്‍, ബാത്റൂമില്‍ ഒരു തട്ടിപ്പുകാരന്‍ സര്‍ദാര്‍ജി ഒളിച്ചിരിപ്പുണ്ട്. ആ കഴുത ടിക്കറ്റെടുത്തിട്ടില്ല.”

ചുററുപാടും ഉണ്ടായിരുന്ന എല്ലാവരും പൊട്ടിച്ചിരിച്ചു. വിജയിച്ചതില്‍ എനിക്കും സന്തോഷം തോന്നി. ഞങ്ങളുടെ എതിര്‍വശത്തെ മുകള്‍ ബര്‍ത്തിലിരുന്ന യാത്രക്കാരന്‍ മാത്രം ഒന്നും മനസ്സിലാകാത്ത മട്ടില്‍ തുറിച്ചു നോക്കിക്കൊണ്ടിരുന്നു. കഥകള്‍ വേറെയും തുടര്‍ന്നു. സര്‍ദാര്‍ജി മാറി, സീതിഹാജി വന്നു, സിനിമകള്‍ വന്നു. അതും കുറെ കഴഞ്ഞപ്പോള്‍ വിരസമായി മാറി. ട്രെയിന്‍ വിജനമായ പ്രദേശങ്ങള്‍ പിന്നിട്ടുകൊണ്ടിരുന്നു. തണുപ്പു വിട്ടുപോയിക്കഴിഞ്ഞു. വരണ്ട പ്രദേശങ്ങള്‍ക്കുമേല്‍ വെയില്‍ വലവിരിച്ചിരുന്നു. ചൂടുള്ളകാററ് പതുക്കെപ്പതുക്കെ കംപാര്‍ട്ടുമെന്റിലും പ്രവേശിച്ചു. പുതിയ ചില യാത്രക്കാര്‍ വന്നുചേരുകയും അതുവരെയുണ്ടായിരുന്ന ചിലര്‍ ഇറങ്ങുകയും ചെയ്തു. കൃഷ്ണകുമാര്‍ ചെറിയ മയക്കത്തില്‍ നിന്നെഴുന്നേററ് ചുററുപാടും നോക്കിക്കൊണ്ടു പറഞ്ഞു:

“ഒരു പെട്ടി ചീട്ടുണ്ടെങ്കില്‍ നേരം പോയേനെ”.

“ഓ, ഞാനതു മറന്നു.” — ഷിബു പറഞ്ഞു. “എന്റെയടുത്തു പുതിയ രണ്ടുപെട്ടി ഉണ്ടായിരുന്നതാണ്. എ ക്ലാസ് പെണ്ണുങ്ങളുടെ പടങ്ങളാണ് കവറില്‍ നിറച്ചും.”

“പെണ്ണുങ്ങളോ?” എല്ലാവരും അവനെ നോക്കി.

“അതേ ചങ്ങാതീ, പെണ്ണുങ്ങള്‍. ഒക്കെ അസ്സല്‍ ബ്ലൂ. കണ്ടിരിക്കാനെങ്കിലും എടുക്കാമായിരുന്നു.”

“അതെവിടുന്നു കിട്ടി?” വിസ്മയത്തോടെ ഒരാള്‍ ചോദിച്ചു.

“ഒക്കെ കിട്ടിയെന്നേ,” അവന്റെ കണ്ണുകള്‍ വിടര്‍ന്നു. മുകള്‍ ബര്‍ത്തിലെ ആള്‍ മാത്രം പകപ്പോടെ അവനെ നോക്കിക്കൊണ്ടിരുന്നു. അയാള്‍ തലയിലെ കമ്പിളി ഇനിയും അഴിച്ചിട്ടില്ല.

“നമുക്കൊരു പെട്ടി വാങ്ങാം” – ഞാന്‍ പറഞ്ഞു. “അടുത്ത സ്റ്റേഷന്‍ വലുതാണ്. കുറച്ചുസമയം കിട്ടും.”

സ്റ്റേഷനില്‍ വലിയ തിരക്ക് അനുഭവപ്പെട്ടു. പോര്‍ട്ടര്‍മാരും യാത്രക്കാരെ അന്വേഷിച്ചു വന്നവരും ഇനിയും കയറാനുള്ളവരുമൊക്കെയായി ആളുകള്‍ നിറഞ്ഞു നിന്നു. പല വണ്ടികള്‍ക്കുമുള്ള അനൌണ്‍സുമെന്റ് ഹിന്ദിയിലും ഇംഗ്ലീഷിലും ആവര്‍ത്തിച്ചു. അര്‍ത്ഥമില്ലാത്തതെന്നു തോന്നിച്ച ആ ഒച്ചകള്‍ക്കിടയില്‍, പുറത്തിറങ്ങി ചീട്ടന്വേഷിച്ചുകൊണ്ട് ഞങ്ങള്‍ രണ്ടുപേര്‍ നടുന്നു.

അതു വാങ്ങാന്‍ തുടങ്ങുമ്പോള്‍ ഷിബു കടക്കാരനോട് നഗ്നചിത്രങ്ങള്‍ വരച്ചിട്ടുള്ള ചീട്ടുകളെക്കുറിച്ചു ചോദിച്ചു. അയാള്‍ കൌതുകത്തോടെ അവനെ നോക്കി. പിന്നെ ഒരു മാഗസിന്‍ എടുത്തുകാണിച്ചു. “ചീട്ടില്ല. പക്ഷേ, ഈ മാസിക വാങ്ങിക്കൊളൂ. നിറച്ചും ഉഗ്രന്‍ ചിത്രങ്ങളാണ്.”

“എന്താ വില?”

ഞാന്‍ ഷിബുവിനെ പിടിച്ചുകൊണ്ടുപറഞ്ഞു: “അതൊക്കെ പിന്നെ. വണ്ടി പോകും.” തീവണ്ടി മുറിയിലെത്തിയപ്പോഴാണ് ചീട്ടുവാങ്ങിയതിന്റെ ബാക്കി രൂപാപോലും വാങ്ങാന്‍ മറന്നതായി ഓര്‍ത്തത്. പക്ഷേ, ട്രെയിന്‍ ഇളകിത്തുടങ്ങിയിരുന്നു.

ഓരോ കളിക്കും എണ്ണം കണക്കാക്കി ചീട്ടുകള്‍ തന്നെ ദാനം നല്കുന്ന ആ പഴയ സമ്പ്രദായത്തിലായിരുന്നു കളി. പൈസ വെച്ചു കളിക്കാനുള്ള ആശയം ഞങ്ങള്‍ ആദ്യമേ ഉപേക്ഷിച്ചു. “ചൂത് പിശാചിന്റെ പരപാടിയാണ്.” — കൃഷ്ണകുമാര്‍ പറഞ്ഞു. “കാശു പാകുന്തോറും വാശികൂടും.”

അപ്പോള്‍ തീവണ്ടി ആദ്യത്തെ തുരങ്കം കടക്കാന്‍ തുടങ്ങി. തുരങ്കത്തിനുള്ളിലേക്ക് അത് ഇഴഞ്ഞുകയറിപ്പോകുന്നതിന്റെ ദൃശ്യം, റെയില്‍ അല്പം വളഞ്ഞ ഭാഗമായതുകൊണ്ട്, ഞങ്ങള്‍ക്കു കാണാമായിരുന്നു. അത് മലയുടെ തുറന്ന വായിലേക്ക് മെല്ലെമെല്ലെ പ്രവേശിക്കുകയാണ്. അതിന്റെ ഉടല്‍ ഉലയുന്നുണ്ടായിരുന്നു. ബള്‍ബുകള്‍ തെളിയിച്ചിട്ടില്ലാത്തതുകൊണ്ട് മുറിയിലെ വെളിച്ചം മങ്ങുകയും കുറച്ചു സമയത്തേക്ക് മിക്കവാറും ഇരുട്ടിലാഴ്ന്നുപോവുകയും ചെയ്തു. ലോകവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ട അജ്ഞാതരായ സഞ്ചാരികളാണെന്ന തോന്നലില്‍, നേരിയ ഭയം തോന്നി… പങ്കകള്‍ കറങ്ങുന്നതിന്റെ ശബ്ദം, തുരങ്കത്തിന്റെ കുടുസ്സുമനസ്സില്‍ തട്ടി പ്രതിധ്വനിക്കുന്നുണ്ടോ? മലയുടെ ഗര്‍ഭത്തിനുള്ളില്‍നിന്നും പുറത്തുകടക്കാന്‍ വെമ്പലുള്ളവരുടെ ശബ്ദങ്ങള്‍പോലെതന്നെ ദീനമായിരുന്നു തീവണ്ടിയുടെ സ്വരവും.

കുറച്ചുനേരം കഴിഞ്ഞപ്പോള്‍ വെളിച്ചം ഭയപ്പാടോടെയെങ്കിലും മുറിയിലേക്കു വരാന്‍ തുടങ്ങി. പിന്നെ തീവണ്ടി മുഴുവനായും തുരങ്കത്തില്‍ നിന്നും പുറത്തുവന്നു. ഞങ്ങള്‍ പരസ്പരം നോക്കി. അവിശ്വാസം നിഴലിക്കുന്ന കണ്ണുകള്‍. പഴയൊരു യാത്രയില്‍ നഷ്ടപ്പെട്ടു പോയവര്‍, വീണ്ടും കണ്ടുമുട്ടുമ്പോഴുള്ള അമ്പരപ്പുനിറഞ്ഞ ആഹ്ലാദം ബാക്കിയായി.

ചീട്ടുകളി കുറച്ചുനേരം പിന്നീടുമ്പോഴേക്കും, പലയാത്രക്കാരും പുറകില്‍വന്നു നിന്ന് കളി നിരീക്ഷിക്കാന്‍ തുടങ്ങി. ഓരോ കളിക്കുശേഷവും വിശദീകരണങ്ങളും നീണ്ടുപോകുന്ന ചര്‍ച്ചകളും പതിവായിരുന്നു. തുരുപ്പിന്റെ പ്രതാപവാഴ്ചകളില്‍ തകര്‍ന്നുപോയ മററു ചീട്ടുകളുമായി ഞാന്‍ നിരന്തരം തോല്ക്കാന്‍ തുടങ്ങി. മററു രണ്ടുപേരും, എന്റെ കൈയിലെ ചീട്ട് ചില്ലിലൂടെന്നവണ്ണം വായിക്കുകയാണെന്ന് എനിക്കു തോന്നിയിരുന്നു.

നീക്കിയിരിപ്പിനായി തന്ന ചീട്ടുകള്‍ തീര്‍ന്നപ്പോള്‍ ജോക്കര്‍ ചീട്ടുകൊണ്ടു കൊടികയറുകയായി. ആദ്യം ഇടത്തെ ചെവിയില്‍, പിന്നെ വലത്തും. എന്നിട്ടും ഭാഗ്യവും അവസരങ്ങളും എന്നെ കൈവിട്ടുപോകുന്നതുപോലെ. ഞാന്‍ അപൂര്‍വ്വമായി മാത്രമേ ജയിച്ചിരുന്നുള്ളു. ആളുകള്‍ക്കിടയിലിരുന്ന് ഇങ്ങനെ നിരന്തരം തോല്പിക്കുന്നതില്‍ എനിക്കു ലജ്ജ തോന്നിത്തുടങ്ങിയിരുന്നു.

തീവണ്ടി അതിന്റെ പ്രാണസഞ്ചാരം തുടര്‍ന്നു. സ്റ്റേഷനുകള്‍ തമ്മിലുള്ള അകലം കൂടുതലായിരുന്നതിനാല്‍ അതിന്റെ വേഗം വളരെ കൂടിയിരുന്നു. ഇടയ്ക്കിടെ പതറുന്ന അതിന്റെ ശബ്ദങ്ങള്‍, ഞങ്ങള്‍ പാലങ്ങള്‍ക്കു മുകളിലൂടെ പോവുകയാണെന്ന് ഓര്‍മ്മിപ്പിച്ചു. ഉച്ചഭക്ഷണം വന്നപ്പോഴും കളിനിര്‍ത്തിയില്ല. “കൊടിയിറങ്ങിയിട്ടു മതി ഭക്ഷണം.” അവര്‍ പറഞ്ഞു. നേരിയ ദേഷ്യത്തോടെയെങ്കിലും ഞാന്‍ സമ്മതിക്കുകയായിരുന്നു. ഒരിക്കല്‍ രണ്ടുതവണ അടുപ്പിച്ച് ജയിക്കാന്‍ കഴിഞ്ഞത് എന്നെ കൂടുതല്‍ ഉത്തേജിപ്പിച്ചു. പക്ഷേ, ഇത്രയൊക്കെയായിട്ടും പരാജയപ്പെടുന്നതില്‍ അവര്‍ക്കുളള കഠിനമായ വിസമ്മതം എന്നെ അദ്ഭുതപ്പെടുത്തി. അടുത്ത സ്റ്റേഷനില്‍നിന്നും ഞങ്ങളുടെ കംപാര്‍ട്ട്മെന്റിലെക്ക് രണ്ടു സ്ത്രീകള്‍ കയറിവന്നു. അവരെ നോക്കിക്കൊണ്ട് കുറച്ചുനേരം ഷിബു കളിനിര്‍ത്തിയപ്പോള്‍ എനിക്കു വല്ലാത്ത ദേഷ്യം തോന്നി. “കളിക്കുന്നെങ്കില്‍, കളിക്ക്. അവിടെയുമിവിടേയും നോക്കി നില്ക്കാതെ.” ഞാന്‍ പറഞ്ഞു.

“ഓ, പൂരത്തിനുള്ള കൊടിയുണ്ട്. എന്നിട്ടും വാശി!” ഷിബു പറഞ്ഞപ്പോള്‍ മറ്റെല്ലാവരും ചിരിച്ചു. അവിടെ ഞാനൊററപ്പെടുകയാണെന്ന് എനിക്കുതോന്നി. ആളുകളെല്ലാം ചേര്‍ന്ന് എന്നെ ഒററക്കൊടുക്കുകയാണെന്നും സ്വയം വഞ്ചിക്കപ്പെടുകയാണെന്നും ഞാന്‍ വിചാരിച്ചു.

“ഇളിക്കണ്ട,” ഞാന്‍ ഉറക്കെപ്പറഞ്ഞു. “കളി തീര്‍ന്നിട്ടു തീരുമാനിക്കാം.”

അപരിചിതരായ മനുഷ്യര്‍ അല്പമൊരു ജാള്യത്തോടെ ചിരി നിര്‍ത്തി. ഇപ്പോള്‍ ഷിബുവും കൃഷ്ണകുമാറും കൂടുതല്‍ വാശിയോടെ കളിക്കുകയാണ്. മറ്റൊന്നിലും ശ്രദ്ധിക്കാതെ കളിച്ചുകൊണ്ടിരുന്നപ്പോള്‍, ഞങ്ങള്‍ തീവണ്ടിയിലല്ലെന്നും, ഒരു പുരാതന സത്രത്തിലിരുന്ന് അരണ്ട വെളിച്ചത്തിനു സമീപം ഏതോ പ്രിയങ്കരമായ ഒന്നു പണയം വെക്കാനോ വീണ്ടെടുക്കാനോ ഗൂഢാലോചന നടത്തുകയാണെന്നു തോന്നിച്ചു.

ആദ്യത്തെ നാലു ചീട്ടുകളുടെ കണക്കില്‍ തുരുപ്പുവെച്ചുകൊണ്ട് ഞാന്‍ വലിയൊരു വെല്ലവിളി നടത്തി. നിര്‍ഭാഗ്യവശാല്‍ അടുത്ത നാലു ചീട്ടുകള്‍ തികച്ചും ഭിന്നമായിരുന്നു. ഈ കളി ഒരിക്കലും ജയിക്കില്ലെന്ന അറിവില്‍ എനിക്കു ചീട്ടുകള്‍ നിലത്തുവെക്കാമായിരുന്നു. പക്ഷേ, ഏതോ ഒരു അജ്ഞാതപ്രേരണയില്‍ ഞാന്‍ തുടങ്ങി. എന്റെ ദേഹമാസകലം പകയുടെ കൊടുങ്കാററുകള്‍ പുറപ്പെട്ടുകൊണ്ടിരുന്നു.

അപ്പോള്‍ വീണ്ടും മുറിയിലെ വെളിച്ചം മങ്ങാന്‍ തുടങ്ങി. തീവണ്ടിയുടെ ശബ്ദം വ്യത്യാസപ്പെട്ടു. തീവണ്ടി മറ്റൊരു തുരങ്കം കടക്കുകയായിരുന്നു. വെളിച്ചക്കുറവില്‍ ഞങ്ങള്‍ അല്പനേരം കളി നിര്‍ത്തിവെച്ചു. ഒരുള്‍പ്രേരണയില്‍, ഞാന്‍ പഴയ തുരുപ്പുമാററുകയും ഏററവും പ്രബലമായ ഒന്നെടുത്ത് പകരം വെക്കുകയും ചെയ്തു. മററുളളവര്‍ പുറമേക്കു നോക്കുകയായിരുന്നു. തുരങ്കത്തിന്റെ ഭിത്തികള്‍ ഇരുണ്ട, ഏകതാനമായ കാഴ്ചയായി.

അതൊരു നീണ്ട തുരങ്കമായിരിക്കണം. ഞങ്ങള്‍ പ്രകാശത്തിന്റെ മേഖലയിലേക്കു കടക്കുന്നത് എത്രയോനേരം കഴിഞ്ഞായിരുന്നു.

ഒരു തവണകൂടി ചീട്ടുകളിറങ്ങി. ഒരാള്‍ തുരുപ്പു ചോദിച്ചു. ഞാന്‍ വല്ലാത്തൊരു വിജയഭാവത്തില്‍ രഹസ്യം അനാവരണം ചെയ്തുകൊണ്ട് എല്ലാവരേയും നോക്കി. അവര്‍, പക്ഷേ കുറച്ചുനേരം ആലാചിച്ചതിനു ശേഷം പരസ്പരം നോക്കി. “ഏയ് തുരുപ്പിതല്ലായിരുന്നു. ഇതല്ല.”

“ഞാനാണാ തുരുപ്പുവെച്ചത്. ഇതാ ഇപ്പോള്‍ കാണിച്ചു.”

“നുണ. ഈ ചീട്ടു മുമ്പേ ഇറങ്ങിയതാണ്.”

അവരുടെ നിശ്ചയദാര്‍ഢ്യത്തില്‍ ഒന്നു പതറിയെങ്കിലും ഞാന്‍ ക്ഷോഭിച്ചുകൊണ്ടു പറഞ്ഞു. “ഛീ! എന്താ നിങ്ങളുടെ പരിപാടി? ഞാനെന്തോ കളവു കാണിച്ചപോലെ.”

അവര്‍ ആദ്യമേ ഇറക്കികഴിഞ്ഞ ചീട്ടുകളെടുത്ത് തെളിവു നിരത്തി. ആളുകള്‍ ചുററുമിരുന്ന് എന്നെ വിചാരണ ചെയ്യുന്നതുപോലെ.

എന്റെ മനസ്സ് ജലം വീണ നീറ്റുകക്കപോലെ പുകയുകയായിരുന്നു. പിടിക്കപ്പെട്ടതിലുള്ള നിരാശയും, ഒററുകൊടുക്കപ്പെട്ടവന്റെ ഏകാന്തതയും എന്നെ വിഴുങ്ങി.

“മതി! ഈ നെറികെട്ട പരിപാടിക്ക് ഞാനില്ല. കളിപോലും!” ഞാന്‍ ബാക്കിവന്ന ചീട്ട് ഊക്കോടെ നിലത്തടിച്ചു. പിന്നെ എന്റെ ചെവിയിലെ ചീട്ടുകളെടുത്ത് കഷ്ണങ്ങളായി കീറി പുറത്തെറിഞ്ഞു. അതില്‍ നുറുങ്ങിപ്പോയ കോമാളികളോടെന്നവണ്ണം ഞാന്‍ തുടര്‍ന്നു. “മറ്റെന്തും ഞാന്‍ സഹിക്കും. അനാവശ്യം പറഞ്ഞാല്‍ പക്ഷേ…”

“നീ ചീട്ടുമാററി എന്നതു ശരിയല്ലേ?” കൃഷ്ണകൂമാര്‍ ശബ്ദം കുറച്ച് എന്നോട് ചൊദിച്ചു.

“അല്ല” ഞാന്‍ തറപ്പിച്ചു പറഞ്ഞു.

“എന്തൊരു നുണ” ഷിബു മുഖം വക്രിപ്പിച്ചുകൊണ്ടു പറഞ്ഞു.

“നീ മിണ്ടരുത്” ഞാന്‍ അലറി, “നിനക്ക് ചീട്ടുകളിയിലെന്താ താല്പര്യം? കണ്ട പെണ്ണുങ്ങളുടെ തുണിയുരിഞ്ഞ പടം കാണാനല്ലേ നിന്റെ ചീട്ടുകളി” പിന്നെ ചുററുമുളളവരോടു പറഞ്ഞു. “സൂക്ഷിക്കണം, അത്ര ഭയങ്കരനാണ്.”

ആളുകള്‍ ഒന്നിലും ഇടപെട്ടിരുന്നില്ലെങ്കിലും അവരാരും എന്റെ വാദങ്ങളോടു യേജിക്കുന്നില്ലെന്നുതോന്നി. പരാജയം നുണഞ്ഞ എന്റെ മനസ്സ് മററുവഴികള്‍ തേടിക്കൊണ്ടിരുന്നു…

“തോററതിന് കൊഞ്ഞനം കുത്തിക്കാണിക്കുന്നു.” ഷിബു പുഞ്ചിരിയോടെ എന്നെ നോക്കി. എനിക്കു പിടിച്ചുനില്ക്കാനായില്ല. ഞാന്‍ കൈകളുയര്‍ത്തി അവനെ പിടിച്ച് തളളിയിട്ടു. അവനെ തല്ലാനൊരുങ്ങുമ്പോഴേക്കും കൃഷ്ണകുമാര്‍ ബലമായി പിടിച്ച് എന്നെ മാററി. “നിന്റെ ചേട്ടനെ ഓര്‍ത്താണ്, ഞാനൊന്നും ചെയ്യുന്നില്ല.” ഞാന്‍ പറഞ്ഞു.

ഷിബു എന്തെല്ലാമോ വിളിച്ചു പറയുന്നുണ്ടായിരുന്നു. ഞാന്‍ അതൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.

അപ്പോള്‍, എന്റെ മനസ്സ് തേടിക്കൊണ്ടിരുന്ന വഴി കണ്ടെടുത്തു. ഗൂഢമായൊരു ആഹ്ലാദത്തില്‍ ഞാന്‍ ഒരു വിജയിയെപ്പോലെ എല്ലാവരേയും നോക്കി.

“ചീട്ടുമാററിയത്രേ? അതു നീ തന്നെ പറയണം.” എന്റെ വാക്കുകള്‍ പരിഹാസം പുരണ്ടു. “പക്ഷേ വലിയ വഞ്ചന ചെയ്തിട്ടാണ് ഇവന്റെ യാത്ര.”

“വാദി പ്രതിയായോ?” ഷിബു ചോദിച്ചു.

“വാദി! നീയോണോ അത്? എവിടെ എവിടെയാണോ നിന്റെ ടിക്കററ്? റെയില്‍വേയില്‍ സൌജന്യത്തിന് സ‌ഞ്ചരിക്കുന്നോ?”

ഷിബു എന്തോ ആലോചിച്ചുകൊണ്ട് എന്നെ നോക്കി. ആര്‍ക്കും ഒന്നും മനസ്സിലായില്ല.

“ഏതോ കളളടിക്കറ്റുമായി യാത്രചെയ്യുന്നു! അതിനാരു ചോദിക്കാനുണ്ട്? വരട്ടെ. ആ എക്സാമിനര്‍ വരട്ടെ.” ഞാന്‍ എഴുന്നേററ് പിന്‍പോക്കററില്‍നിന്നും ടിക്കറ്റെടുത്ത് എല്ലാവരേയും കാണിച്ചു. “ഇതാ ഇതാണ് അന്തസ്സ്! കാശു കൊടുത്തു വാങ്ങിയ മുതലാണ്. എല്ലാവര്‍ക്കും കാണാം.”

അത്രയും നേരത്തെ നിരാശയും കോപവും ഒരുതരം ഉന്മാദം നിറഞ്ഞ പരിഹാസത്തിന് വഴി മാറുകയായിരുന്നു. ഷിബു മൂകനായി. അവന്റെ മുഖത്ത് ഏതൊക്കെയോ ഭാവങ്ങള്‍ മിന്നിമാഞ്ഞു. ആ പരാജയം എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു. എല്ലാവരും ഞങ്ങളില്‍നിന്നും വിട്ടുമാറി മാസികകളിലേക്കും പുറംകാഴ്ചകളിലേക്കും മടങ്ങി. ട്രെയിനിന്റെ ശബ്ദം ഘോരമായ സംഗീതംപോലെ പല തലങ്ങളിലും ആവര്‍ത്തിച്ചു.

ഞാന്‍ പതുക്കെ പുറത്തേക്കു ശ്രദ്ധ തിരിച്ചു. പുറത്ത് വെയിലിന്റെ ലേഹസര്‍പ്പങ്ങള്‍ പടമുയര്‍ത്തി നില്‍ക്കുന്നു. ഭൂപ്രദേശങ്ങളെല്ലാം വിജനമായിരുന്നു. ട്രെയിനിലെ പങ്കകളില്‍ നിന്നുപോലും ഉഷ്ണം താഴ്ന്നുവീശി. തീവണ്ടി ഒരു വലിയ പാലം കടന്നു. താഴെ, ഒരു കൈവഴിയായി മാറിയ പുഴയില്‍ അതിന്റെ നിഴല്‍പ്പെട്ടികള്‍ അതിദ്രുതം കടന്നുപോയി. വിശപ്പും ദാഹവുമെല്ലാം മറന്നുപോയിരുന്നു. ഭക്ഷണപ്പൊതികള്‍ അനാഥമായിക്കിടന്നു.

കുറച്ചുസമയം കഴിഞ്ഞപ്പോള്‍ തീവണ്ടി പിന്നെയും ഒരു തുരങ്കത്തിലേക്കു പ്രവേശിച്ചു. അതിലെ ഇരുട്ട് എന്നെ വീണ്ടും കളിയുടെ ഉള്‍വഴികള്‍ ഓര്‍മ്മിപ്പിച്ചു. അടുത്ത കംപാര്‍ട്ടുമെന്റില്‍ നിന്നും ഒരു കുഞ്ഞിന്റെ കരച്ചില്‍ മുഴങ്ങി. അതു കുറഞ്ഞവരുമ്പോഴേക്കും തുരങ്കം അവസാനിച്ചിരുന്നു. തുരങ്കം ഒരു ഈററുമുറിയെപ്പോലെയാണെന്നു തോന്നി.

നഗരത്തിനുമുമ്പുള്ള അവസാനത്തെ തുരങ്കമായിരുന്നു അത്. വെളിച്ചമായപ്പോഴേക്കും കൃഷ്ണകുമാറും ഷിബുവും ഒരുങ്ങാന്‍ തുടങ്ങി. അടുത്ത സ്റ്റേഷനില്‍ ഞങ്ങളിറങ്ങുകയാണ്. കുറച്ചുനേരം ഞാന്‍ ഒന്നും ചെയ്തില്ല.

“സമയമായി” കൃഷ്ണകുമാര്‍ ഞാന്‍ കേള്‍ക്കാന്‍ വേണ്ടിയെന്നോണം ഷിബുവിനോടു പറഞ്ഞു.

“അഞ്ചര,” ഞാന്‍ ഉറക്കെ അറിയിച്ചു. “വണ്ടി അര മണിക്കൂര്‍ ലേറ്റാണ്. അവന്‍ കാത്തുനില്‍ക്കുന്നുണ്ടാവും.”

“ആര്?” കൃഷ്ണകുമാര്‍ തിരിക്കി.

“ഓ – ഞാനതു പറയാന്‍ വിട്ടു. എന്റെ ഒരു പഴയ സ്നേഹിതന്‍. ഞാന്‍ അവന്റെയൊപ്പം പോകും.”

“അതെന്താ, നീ ഞങ്ങള്‍ക്കൊപ്പം വരുന്നില്ലേ?”

“ഇല്ല. ഞാനത് പറയാന്‍ വിട്ടതാണ്. എനിക്കൊരുപാട് സന്ദര്‍ശനങ്ങളുണ്ട്. നിങ്ങള്‍ക്കും കാണുമല്ലോ തിരക്കുകള്‍.”

ആരും ഒന്നും പറഞ്ഞില്ല. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങള്‍ കാണാറായി. നരച്ച ആകാശത്തിലേക്ക് ഉയര്‍ന്നുനില്ക്കുന്ന കൂററന്‍ കെട്ടിടങ്ങൾ. അവയ്ക്കു മുകളില്‍ കുടവിരിച്ച ആന്റിനകള്‍, റെയില്‍വേ പാളത്തിനരികില്‍ ജീര്‍ണ്ണിച്ചും ചെളിപിടിച്ചും കിടക്കുന്ന കാനയ്ക്കരികില്‍ കെട്ടിയുണ്ടാക്കിയ കുടിലുകള്‍. തീവണ്ടി വേഗം കുറച്ചു.

“കളിക്കിടയില്‍ എന്തെങ്കിലും ഉണ്ടായെന്നു വെച്ച്…” — കൃഷ്ണകുമാര്‍ മടിച്ചു മടിച്ചു എന്നോടു പറഞ്ഞു.

“ഓ അതെല്ലാം കളയു, ഞാനതെപ്പോഴേ വിട്ടു!” ഞാന്‍ അവരെ നോക്കി ചിരിച്ചു. ഞങ്ങള്‍ പിന്നെയും നിശ്ശബ്ദരായി.

ആ വലിയ സ്റ്റേഷനില്‍ മിക്കവാറും എല്ലാവരും ഇറങ്ങി. അവിടെ നിന്നും കുറച്ചുദൂരം കൂടി മാത്രമേ ട്രെയിന്‍ പോകൂ. ഞാന്‍ എന്റെ വലിയ പെട്ടിയെടുത്ത് ഒഴിഞ്ഞു കിടന്ന ഒരു ട്രോളിയില്‍ വെച്ചു. തിരക്കുള്ളതിനാല്‍ കുറച്ചുനേരംകൂടി അവിടെ നിന്നു.

“അഞ്ച് നാല്പത്തഞ്ച്, അവനെവിടെപ്പോയി?” ഞാന്‍ ഉറക്കെ ചോദിച്ചു. പിന്നെ രണ്ടുപേരെയും നോക്കിക്കൊണ്ട് യാത്ര പറഞ്ഞു. “വരട്ടെ നമുക്കു കാണാം. അവന്‍ ചിലപ്പോള്‍ പുറത്തു നില്ക്കുന്നുണ്ടാവും.” അവര്‍ ഒന്നും പറയാതെ അവിടെത്തന്നെ നിന്നു.

ഞാന്‍ ട്രോളി സാവധാനം തളളി. കുട്ടികളുടെ കളിവാഹനം പോലെ അതു നീങ്ങിത്തുടങ്ങി. അവര്‍ അവിടെ നില്ക്കുകയാണെന്നറിയാമായിരുന്നിട്ടും, കുറെ ദൂരം പോയ ശേഷവും ഞാന്‍ തിരിഞ്ഞു നോക്കിയതേയില്ല.

സ്റ്റേഷനുപുറത്തെ നഗരത്തിന്റെ തിരക്കുകളിലേക്ക് നടന്നുപോകുമ്പോള്‍, തുരങ്കങ്ങളിലൂടെയുള്ള യാത്ര ഞാനോര്‍മ്മിച്ചു.