close
Sayahna Sayahna
Search

ദൈവത്തിന്റെ സ്വപ്നങ്ങൾ


ദൈവത്തിന്റെ സ്വപ്നങ്ങൾ
EHK Story 15.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വെള്ളിത്തിരയിലെന്നപോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

ദൈവം, ആശുപത്രി മുറിയുടെ വാതിൽക്കൽ വന്ന് കിടക്കയിൽ അമ്മയുടെ ഒപ്പം കിടക്കുന്ന ചിന്നുവിനെ നോക്കി, മൂക്കത്തു വിരൽ വെച്ചു. പിന്നെ സാവധാനത്തിൽ നടന്ന് കട്ടിലിന്നരികിലെത്തി. കുറച്ചുനേരം അവളെ നോക്കിനിന്ന ശേഷം ചോദിച്ചു.

‘എന്താണീ കാണിച്ചു വച്ചിരിക്കണത്? ഞാനീ കുട്ടിയെ ഇങ്ങിനെയൊന്നുമല്ലല്ലൊ ഈ ലോകത്തേയ്ക്ക് പറഞ്ഞയിച്ചിരുന്നത്?’

ചിന്നുവിന് സങ്കടം വന്നു. അവൾ ചുണ്ടു പിളർത്തി കരയാൻ തുടങ്ങി.

‘സാരല്ല്യ.’ ദൈവം അവളുടെ നെറ്റിമേൽ തലോടി ആശ്വസിപ്പിച്ചു. ‘എന്താണ്ടായത് മോളെ?’

ഒരു മണിക്കൂർ മുമ്പാണതുണ്ടായത്. സിസ്റ്റർ അവളുടെ പുറംകയ്യിൽ എത്ര കുത്താണ് കുത്തിയത്. അവസാനം അവിടെ ഒരു സൂചി താഴ്ത്തി അതിന്റെ അറ്റത്ത് രണ്ടു നിറത്തിലുള്ള പ്ലാസ്റ്റിക് മൊട്ടുകൾ സ്ഥാപിച്ചു. അവൾ വേദനകൊണ്ടും ഭയം കൊണ്ടും വാവിട്ട് നിലവിളിച്ചു. പുറത്തു കാത്തുനിന്നിരുന്ന അമ്മയും ചിന്നുവിനെ കണ്ടപ്പോൾ കരയാൻ തുടങ്ങി, ഒപ്പംതന്നെ അവളെ ആശ്വസിപ്പിക്കാനും. ‘സാരല്യ മോളെ, അമ്മേടെ മോളെ ഇനി ആരും ഉപദ്രവിക്കില്ല. നമുക്ക് വേഗം മുറീല് പോയി അമ്മമ്മേ കാണാം.’

മുറിയിൽ അമ്മമ്മ കാത്തുനിന്നിരുന്നു. അമ്മമ്മയെ കണ്ടതും ചിന്നു വീണ്ടും ചുണ്ടു പിളർത്തി കരയാൻ തുടങ്ങി. അമ്മമ്മ അവളെ വാരിയെടുത്തു.

‘മോള് കരയണ്ട.’

‘നല്ലോണം വേദനിച്ചുന്ന് തോന്നുണു.’ അമ്മ പറഞ്ഞു. ‘പാവം എന്തു കരച്ചിലായിരുന്നു.’

‘ങാ, കരച്ചില് ഇവിടെ കേട്ടു. എനിക്ക് വല്ലാണ്ടെ വെഷമായി. സാരല്യ മോളെ.’ അമ്മമ്മ ഒരിക്കൽക്കൂടി പറഞ്ഞു. ‘മോളടെ ഉവ്വ് മാറാനല്ലെ അവര് ഇതൊക്കെ ചെയ്യണത്.’

‘അല്ലാ…’ അവൾ തേങ്ങലിനിടയിൽ പറഞ്ഞു.

‘സാരല്യ, അമ്മോട് കുറച്ച് അമ്മിഞ്ഞ തരാൻ പറയാം.’

അമ്മ കിടക്കയിൽ കിടന്നു കഴിഞ്ഞു. പത്തു മിനുറ്റ് കഴിഞ്ഞ് അമ്മമ്മ ശബ്ദം താഴ്ത്തി ചോദിച്ചു.

‘മോളെ ചിന്നു ഒറങ്ങ്യോ?’

‘എവിടെ അമ്മേ? അവളിവിടെ കുടിച്ച് പൂസാവാണ്.’

ചിന്നു കുടി നിർത്തി മലർന്നു കിടന്ന് അല്പം ലഹരിയോടെ അമ്മമ്മയെ നോക്കി ചിരിച്ചു.

‘അവളെ കുറച്ചു നേരം ഒറക്കാൻ നോക്ക്.’ അമ്മമ്മ പറഞ്ഞു.

ചിന്നു വീണ്ടും അവളുടെ പാനപാത്രത്തിലേയ്ക്ക് തിരിഞ്ഞു.

അഞ്ചു മിനിറ്റിനകം ഡോക്ടർ വന്നപ്പോൾ ചിന്നുവിന്റെ പാനപാത്രം ഒളിപ്പിയ്ക്കപ്പെട്ടു. ഡോക്ടർ കുഴൽ വച്ച് പരിശോധിക്കാൻ തുടങ്ങി.

‘എന്തേ പനി വരാൻ കാരണം?’

‘അവൾ മഴയത്തു കളിച്ചു, അതുതന്നെ.’ അമ്മ പറഞ്ഞു.

ഡോക്ടർ ഗൗരവത്തോടെ തലയാട്ടി. അവളുടെ പുറംകയ്യിൽ കുറച്ചുമുമ്പ് സിസ്റ്റർമാർ സൃഷ്ടിച്ച കലാവസ്തു അയാൾ സംതൃപ്തിയോടെ നോക്കി.

ഡോക്ടർ പോയി അല്പസമയത്തിനുള്ളിൽ സിസ്റ്റർ തലതിരിച്ചു പിടിച്ച കുപ്പിയും അതിൽനിന്ന് നീണ്ടു വരുന്ന കുഴലുമായി അവളുടെ അടുത്തു വന്നു. കുപ്പി സ്റ്റാന്റിൽ തൂക്കിയിട്ട ശേഷം ചിന്നുവിന്റെ പുറം കയ്യിലെ അടപ്പ് തുറന്ന് കുഴൽ അതിലേയ്ക്കു ഘടിപ്പിച്ചു. സിസ്റ്റർ വാച്ച് നോക്കി കുപ്പിയിൽനിന്നു വരുന്ന തുള്ളികൾ ക്രമപ്പെടുത്തുന്നത് ചിന്നു ഭീതിയോടെ നോക്കി.

‘കുട്ടീടെ കയ്യ് എളകാതെ നോക്കണം.’ പോകുമ്പോൾ സിസ്റ്റർ പറഞ്ഞു.

അമ്മമ്മ അവളുടെ കൈ കിടക്കയിൽ അമർത്തിപ്പിടിച്ചു.

അവൾ സാവധാനത്തിൽ ഉറക്കത്തിലേയ്ക്ക് യാത്രയായി. ഉറക്കത്തിൽ അവൾ ദൈവം വരുന്നതു കണ്ടു. അദ്ദേഹം അവളുടെ കവിളിലും നെറ്റിമേലും വളരെ മൃദുവായി തലോടി.

‘എന്താണീ കാട്ടിയിരിക്കണത്?’ ദൈവം ഗൗരവത്തോടെ വീണ്ടും ചോദിച്ചു. ‘ഇങ്ങിന്യാണോ ഞാനീ കുട്ടിയെ ഇങ്ങട്ട് പറഞ്ഞയച്ചത്?’

ചിന്നുവിന് സങ്കടം വരുന്നുണ്ടായിരുന്നു.

‘ആരാണീ പണി ചെയ്തത്?’ ദൈവം ചോദിച്ചു. ‘ഡോക്ടറാണോ?’

അവൾ ഓർത്തു. ഒരു സിസ്റ്റർ അവളുടെ കൈ അമർത്തി പിടിക്കുകയായിരുന്നു. മറ്റൊരു സിസ്റ്റർ അവളുടെ പുറം കയ്യിൽ സൂചി കയറ്റുകയും. ഡോക്ടർ അവിടെയൊന്നുമില്ലായിരുന്നു. എന്നിട്ടും ദൈവം ഡോക്ടറാണോ ഇതു ചെയ്തത് എന്നു ചോദിച്ചപ്പോൾ അവൾ അതെ എന്നു തലയാട്ടി. എന്തുകൊണ്ടോ ഡോക്ടറാണ് ഇതിനു പിന്നിലെന്നവൾക്കു തോന്നിയിരുന്നു. ഡോക്ടർ അവളുടെ പുറം കൈ പിടിച്ചു അവിടെ പിടിപ്പിച്ച സാധനം നോക്കി സംതൃപ്തിയോടെ തലയാട്ടിയതവൾ ശ്രദ്ധിച്ചിരുന്നു.

ദൈവം കൈകൊണ്ട് എന്തോ കാണിച്ചു. അദ്ഭുതം തന്നെ, പിന്നെ ചിന്നു കണ്ടത് ഡോക്ടർ ദൈവത്തിനു മുമ്പിൽ നിൽക്കുന്നതാണ്. തല കുനിച്ചു നിൽക്കുന്ന ഡോക്ടറോട് ദൈവം കുറച്ചുറക്കെത്തന്നെ ചോദിച്ചു.

‘ആരാണിതു ചെയ്തത്? എന്തായിരുന്നു അതിന്റെ ആവശ്യം?’

ഡോക്ടർ തലയുയർത്തി ചിന്നുവിനെ നോക്കി. അയാളുടെ മുഖത്തെ വല്ലായ്മ കണ്ടപ്പോൾ അവൾക്കു സങ്കടം തോന്നി. എന്തൊക്കെയായാലും അവൾക്ക് ഡോക്ടറങ്കിളിനെ ഇഷ്ടമായിരുന്നു.

‘ഞാൻ ചോദിച്ചതിനു മറുപടി പറയു.’

‘കുട്ടീടെ പനി മാറാൻ ഇതാവശ്യാണ്?’

‘തീർച്ച്യാണോ?’

‘അതെ, ദിവസത്തില് നാല് ഇഞ്ചക്ഷൻ കൊടുക്കണം. അപ്പൊ ഓരോ പ്രാവശ്യം വേദനിപ്പിക്കണതിലും ഭേദം ഒരിയ്ക്കൽ മാത്രം വേദനിപ്പിയ്ക്കല്ലെ?’

‘എങ്ങിന്യാണ് പനി വന്നത്?’

ദൈവം തന്നോടല്ല ചോദിച്ചതെന്ന് ചിന്നുവിന് മനസ്സിലായി. എന്താണ് മറുപടി പറയേണ്ടത് എന്നാലോചിയ്ക്കുമ്പോഴേയ്ക്ക് അമ്മ പറഞ്ഞു.

‘കുറുമ്പ് കാണിച്ചിട്ടാന്ന്. അവള് മഴയത്ത് ഓടിക്കളിയ്ക്ക്യായിരുന്നു.’

അപ്പോൾ, അമ്മ ഉണർന്നു കിടക്ക്വായിരുന്നു അല്ലേ? കേമി! ചിന്നു വിചാരിച്ചു.

‘കുറുമ്പ് കാണിച്ചിട്ടോ?’ ദൈവം ചോദിച്ചു.

‘ഉം, വലിയ കുറുമ്പിയാണ്.’ അമ്മയുടെ അഭിപ്രായം.

‘അത് ശരിയല്ല.’ ദൈവം പറഞ്ഞു. ‘ഞാൻ മഴ പറഞ്ഞയക്കണത് കുട്ടികൾക്ക് കളിക്കാനല്ല, കെണറും കൊളവും പുഴയും ഒക്കെ നെറയാനാണ്. ചെടികൾക്കും മരങ്ങൾക്കും വളരാൻ വേണ്ടിയാണ്. അതില്ണ്ടാവണ പൂക്കളും പഴങ്ങളും കുട്ടികൾക്കും കിളികൾക്കും കണ്ടു രസിയ്ക്കാനും തിന്നാനും വേണ്ടിയാണ്.’

ചിന്നു മുഖം താഴ്ത്തിയിരുന്നു. ദൈവം തുടർന്നു. ‘കൊച്ചുകുട്ടികളാവുമ്പോൾ അവർക്ക് പുറത്തിറങ്ങി മഴയത്ത് കളിക്കാനൊക്കെ തോന്നും. മുതിർന്നവര് സ്‌നേഹത്തോടെ അവരെ അതിൽനിന്നു വിലക്ക്വാണ് വേണ്ടത്. അല്ലാതെ അവർക്കു പനി പിടിയ്ക്കണവരെ നോക്കിനിന്ന്ട്ട് അവരെ ആശുപത്രിയിൽ കൊണ്ടോന്ന് ഇഞ്ചക്ഷൻ കൊടുത്ത് വേദനിപ്പിക്ക്യല്ല.’

ദൈവം തന്റെ ഭാഗത്തു തന്നെയാണെന്നു കണ്ടപ്പോൾ ചിന്നുവിന് ആശ്വാസമായി.

അപ്പോഴാണ് അമ്മ പറയുന്നത്.

‘ദൈവം തമ്പുരാന് ഈ പെണ്ണിന്റെ കുറുമ്പ് അറിയാഞ്ഞിട്ടാ. പറഞ്ഞത് എപ്പഴെങ്കിലും കേട്ടങ്കിലല്ലെ…’

‘അത്യോ മോളെ?’ ദൈവം തിരിഞ്ഞ് ചിന്നുവിനോട് ചോദിച്ചു.

അവൾ വലിയ ഉറപ്പില്ലാതെ തലയാട്ടി. അതിനർത്ഥം എന്തുമാവാം. തന്റെ കയ്യിലിരിപ്പ് ദൈവത്തിന് എങ്ങിനെയായാലും മനസ്സിലാവുമെന്നും അതുകൊണ്ട് നുണ പറഞ്ഞിട്ട് കാര്യമില്ലെന്നും അവൾക്കു തോന്നി.

‘ഇല്ല,’ ദൈവം പറഞ്ഞു. ‘അവൾ നല്ല കുട്ടിയാണ്. കുട്ടികളായാൽ കുറച്ചൊക്കെ കുറുമ്പുണ്ടാവും. നിങ്ങളൊക്കെ ചെറുതാവുമ്പോഴുണ്ടായിരുന്നത്ര കുറുമ്പ് ഇവൾക്കില്ലല്ലൊ. നിങ്ങളുടെയൊക്കെ കുറുമ്പ് ഞാൻ എത്ര കണ്ടിരിയ്ക്കുന്നു? എത്ര സഹിച്ചിരിയ്ക്കുണു?’

ഇപ്പോൾ തല താഴ്ത്തിയത് അമ്മയും ഡോക്ടറുമാണ്.

‘ശര്യാ തമ്പുരാൻ പറേണത്? ഇവൾക്ക് എന്തു കുറുമ്പായിരുന്നു കുട്ട്യാവുമ്പൊ?’

ചിന്നു തലതിരിച്ചു നോക്കി. അമ്മമ്മയാണ്. അമ്മമ്മ എപ്പഴാണ് ഒണർന്നത്? അമ്മമ്മ തുടർന്നു.

‘ഒരീസം, പറഞ്ഞത് കേക്കാത്തതിന് രണ്ട് മണിക്കൂറ് നേരം മുറീല് അടച്ചിട്ടിട്ട്ണ്ട്. എന്നിട്ടെന്താ കുറുമ്പിന് ഭേദണ്ടായോ? ന്റെ കുഞ്ഞിമോൾക്ക് ഒരു കുറുമ്പുംല്ല്യ. ഇത്ര നല്ല കുട്ട്യേ കാണാൻ കിട്ടില്ല.’

ചിന്നു ആശ്വാസത്തോടെ ദീർഘശ്വാസം വിട്ടു. ആവു! അമ്മമ്മ അവളുടെ ഭാഗത്താണെന്ന് അവൾക്കറിയാമായിരുന്നു. എന്നാലും ഒരു നിർണ്ണായക ഘട്ടത്തിൽ എന്താണ്ടാവ്വാന്ന് പറയാൻ പറ്റില്ലല്ലൊ.

‘നീ കേട്ട്വോ ചിന്നുമോൾടെ അമ്മമ്മ പറയണത്?’ ദൈവം, ചമ്മിയ മുഖവുമായി നിൽക്കുന്ന അമ്മയോട് ചോദിച്ചു.’എന്നിട്ടല്ലെ ഇത്രേം നല്ലൊരു കുട്ടീനെ കുറുമ്പീന്ന് വിളിക്കണത്?’

ആർക്കും ഒന്നും പറയാനില്ലാതായി. അമ്മ തോറ്റ മുഖത്തോടെ ഇരിയ്ക്കുകയാണ്. ഡോക്ടറാകട്ടെ വാടിയ മുഖം താഴ്ത്തി നിൽക്കുന്നു.

‘ആട്ടെ, ഇനി എന്താണ് വേണ്ടത്? ചിന്നുവിനെ വേദനിപ്പിച്ചതിന് ശിക്ഷ, അല്ലെ?’

ചിന്നു തലയാട്ടി. ദൈവം വായുവിലൂടെ കൈ ചുഴറ്റി. നോക്കുമ്പോൾ കയ്യിൽ ഒരു വലിയ ചൂരൽവടി.

‘കൈ നീട്ടു.’ ദൈവം ഡോക്ടറോടു പറഞ്ഞു.

ഡോക്ടർ ഭയത്തോടെ കൈ നീട്ടി. ദൈവം ചിന്നുവിനോടു ചോദിച്ചു.

‘എത്ര അടി കൊടുക്കണം മോളെ?’

ഡോക്ടറുടെ മുഖം ദയനീയമായിരുന്നു. ചിന്നുവിന് സങ്കടം വന്നു. അവൾ കൈയ്യുയർത്തി പറഞ്ഞു.

‘വേണ്ട, ഡോക്ടറങ്കിളിനെ അടിയ്ക്കണ്ട.’

‘അടിയ്ക്കണ്ടെ, ന്നാൽ വേണ്ട.’ ദൈവം പറഞ്ഞു.

ഡോക്ടറുടെ മുഖം തെളിഞ്ഞു. ഡോക്ടർ വന്ന് ചിന്നുവിന്റെ രണ്ടു കവിളിലും ഉമ്മവെച്ച് ഓടിപ്പോയി. ദൈവത്തിന്റെ കയ്യിൽനിന്ന് വടി അപ്രത്യക്ഷമായി.

‘കണ്ടോ, എത്ര നല്ല കുട്ടിയാണവൾ? അവളെ വേദനിപ്പിച്ചവരെക്കൂടി ശിക്ഷിയ്ക്കുന്നില്ല!’ ദൈവം അവളെ എടുത്ത് മാറോടു ചേർത്ത് ആട്ടി. അവളുടെ തലയിലും പുറത്തും തലോടിക്കൊണ്ട് ദൈവത്തിനു മാത്രം പാടാൻ പറ്റുന്ന താരാട്ടു പാടി.

വേദനയെല്ലാം മറന്ന് ചിന്നു ഉറക്കമായി. ഉറക്കത്തിൽ ചോദ്യങ്ങൾ അവൾക്കു ചുറ്റും ഇളംകാറ്റിൽ അപ്പൂപ്പൻതാടികൾപോലെ പറന്നു കളിയ്ക്കുന്നതവൾ കണ്ടു. പല വലുപ്പത്തിൽ പല തരത്തിലുള്ള ചോദ്യങ്ങൾ. അതിൽ ഏറ്റവും വലിയ ചോദ്യം ഇതായിരുന്നു. ഇത്രയും വേദന കൊടുക്കാതെ ഒരു കൊച്ചുകുട്ടിയുടെ അസുഖം മാറ്റാൻ പറ്റില്ലെ?

ആ അപ്പൂപ്പൻതാടികൾ ദൈവം കണ്ടിരുന്ന സ്വപ്നങ്ങളായിരുന്നു.