close
Sayahna Sayahna
Search

Difference between revisions of "ധിഷണയുടെ സൗന്ദര്യം"


Line 14: Line 14:
 
| genre        = സാഹിത്യം, നിരൂപണം
 
| genre        = സാഹിത്യം, നിരൂപണം
 
| publisher    = ''എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്''
 
| publisher    = ''എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്''
| release_date = 1977
+
| published    = 1977
 
| media_type  = പ്രിന്റ് (പേപ്പര്‍ബാക്)  
 
| media_type  = പ്രിന്റ് (പേപ്പര്‍ബാക്)  
 
| pages        = 72 (ആദ്യ പതിപ്പ്)
 
| pages        = 72 (ആദ്യ പതിപ്പ്)

Revision as of 15:06, 7 April 2014

ധിഷണയുടെ സൗന്ദര്യം
Pani-cover.png
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വർഷം 1977
പ്രസാധകർ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങൾ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ഈറ്റാലോ കാല്‍വീനോ

ഈ ശതാബ്ദം കണ്ട ധിഷണാശാലികളായ സാഹിത്യകാരന്മാരില്‍ സുപ്രധാനനായിരുന്നു ഇറ്റലിയിലെ ഈറ്റാലോ കാല്‍വീനോ (Italo Calvino). “The sudden death of Italo Calvino, scarcely into his sixties, deprives the world of one of its few master artists” എന്നും “His death removes from the global literary scene its most urbane star, its most civilized voice” എന്നും രാഷ്ട്രാന്തരീയ പ്രശസ്തിയുള്ള അമേരിക്കന്‍ നോവലിസ്റ്റ് ജോണ്‍ അപ്ഡൈക്ക് അദ്ദേഹത്തെ വാഴ്ത്തി.

അതിവിദഗ്ദ്ധനായ കലാകാരന്‍! നാഗരികതയുടെ വിശുദ്ധിയാര്‍ന്ന നക്ഷത്രം! ലോകത്തിന്റെ ഏറ്റവും പരിഷ്കൃത ശബ്ദം, എന്നൊക്കെ ആ അമേരിക്കന്‍ നോവലിസ്റ്റ് പറഞ്ഞത് അത്യുക്തി കലര്‍ന്നതാണെന്നു കാല്‍വീനോയുടെ നോവലുകളും ചെറുകഥകളും വായിച്ചിട്ടുള്ള ആരും പറയുകയില്ല. ബോര്‍ഹെസ്, മാര്‍കേസ്, നാബോക്കോഫ് ഈ സാഹിത്യകാരന്മാരുടെ നിരയിലാണ് കാല്‍വീനോയുടെ സ്ഥാനമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയുണ്ട്.

അറുപത്തിരണ്ടു വയസു തികയുന്നതിന് ഏതാനും ആഴ്ചകള്‍ മാത്രമുണ്ടായിരുന്നപ്പോള്‍ (1985-ല്‍ അദ്ദേഹത്തിനു മാരകമായ മസ്തിഷ്കാഘാതമുണ്ടായി. മണിക്കൂറുകള്‍ നീണ്ടുനിന്ന ശസ്ത്രക്രിയ നിഷ്പ്രയോജനമായി. ‘സംസ്കാരത്തിനു സംഭവിച്ച ഏറ്റവും വലിയ ആപത്ത്’ എന്നാണ് യൂറോപ്പിലെ വര്‍ത്തമാനപ്പത്രങ്ങള്‍ അദ്ദേഹത്തിന്റെ ദേഹവിയോഗത്തെക്കുറിച്ച് എഴുതിയത്.

പരമസത്യം എന്നതുണ്ടോ എന്നു ചോദിച്ചാല്‍ കാല്‍വീനോയ്ക്ക് മറുപടി നല്കാനാവില്ല. എന്നാല്‍ ആ സത്യത്തിന്റെ വിഭിന്നതലങ്ങള്‍ സാഹിത്യത്തില്‍ ആവിഷ്കരിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം സമ്മതിക്കും. വിഭിന്നതലങ്ങള്‍ മാത്രമേയുള്ളോ? പരമസത്യം ഇല്ലേ? എന്നു ചോദിച്ചാലും അദ്ദേഹത്തിന് ഉത്തരമില്ല.

ഏതു കലാസൃഷ്ടിയും പരിശോധിക്കൂ, സത്യത്തിന്റെ വിഭിന്നതലങ്ങള്‍ കാണാം. ഷെയ്ക്സ്പിയറിന്റെ ഹാംലിറ്റ് നാടകമാവട്ടെ നീതിക്കു വേണ്ടി എത്തുന്ന രാജാവിന്റെ പ്രേതം. പ്രകൃത്യതീത വിശ്വാസങ്ങളോടും അതിന്റെ സാന്മാര്‍ഗിക തത്ത്വങ്ങളോടും ബന്ധപ്പെട്ട പ്രാചീനമൂല്യങ്ങളുടെ സത്യതലത്തിനു പ്രാതിനിധ്യം വഹിക്കുന്നു.

‘ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു’ എന്ന പ്രസ്താവത്തിലൂടെ യഥാര്‍ഥമായ തലം. ഹാംലിറ്റ് രാജകുമാരന്റെ ആന്തരജീവിതം സ്ഫുടീകരിക്കപ്പെടുന്ന മാനസികതലം വേറൊന്ന്. ഭ്രാന്ത് അഭിനയിക്കുന്ന ഹാംലിറ്റ് നിര്‍മിക്കുന്ന മറ്റൊരു സത്യതലം. ഭ്രാന്തിന്റെ നാട്യം യഥാര്‍ത്ഥമായ ഭ്രാന്തായിത്തീരുന്ന ഒഫീലിയ സൃഷ്ടിക്കുന്ന തലവുമുണ്ട്. ഈ തലങ്ങള്‍ക്കു തമ്മില്‍ പൊരുത്തമില്ല. അതാണ് നാടകീയത ജനിപ്പിക്കുന്നത്. കാല്‍വീനോയുടെ രചനകളിലുമുണ്ട് സത്യത്തിന്റെ ഈ വ്യത്യസ്ത തലങ്ങള്‍. പക്ഷേ അദ്ദേഹം പ്രാചീന സാഹിത്യകാരന്മാരില്‍ നിന്ന് അകന്നു നില്ക്കുന്നു. അമേരിക്കന്‍ നോവലിസ്റ്റുകളായ ബാര്‍ത്, നാബോക്കോഫ്, പിഞ്ചന്‍ ഇവരെപ്പോലെ, ബ്രിട്ടീഷ് നോവലിസ്റ്റുകളായ ഡി.എം. തോമസ്, ഫൗള്‍സ് ഇവരെപ്പോലെ കാല്‍വീനോയും പോസ്റ്റ് മോഡേണിസത്തില്‍ വിശ്വസിക്കുന്നു.

പാരമ്പര്യത്തെ വെല്ലുവിളിക്കുകയും റീയലിസത്തെ ഗളഹസ്തം ചെയ്യുകയുമാണ് പോസ്റ്റ്മോഡേണിസത്തിന്റെ ജോലി. ഈ പ്രസ്ഥാനത്തിന്റെ ഉദ്ഘോഷകരില്‍ നിന്നും കാല്‍വീനോ തെല്ലകന്നു നില്ക്കുന്നു. അദ്ദേഹം തന്നെ ആ അകല്‍ച്ച സ്പഷ്ടമാക്കിയിട്ടുണ്ട്. ആശയങ്ങളല്ല മാനസിക പ്രേരണകളെയാണ് കലാകാരന്‍ ചിത്രീകരിക്കേണ്ടത്. യുക്തിക്കല്ല, വികാരാധിഷ്ഠിതമായ വസ്തുക്കള്‍ക്കല്ല ഗണിതശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ക്കാണ് പ്രാധാന്യം കല്പിക്കേണ്ടത് (കാല്‍വീനോയുടെ The Literature Machine എന്ന പുസ്തകം നോക്കുക, Picador പ്രസാധനം).

ഫ്രഞ്ച് സാഹിത്യകാരനായ റേമൊങ് കിനോ (Raymond Queneau) പ്രധാന പ്രവര്‍ത്തകനായിരുന്ന Oulipo വര്‍ക്ക്ഷോപ്പിന്റെ (Ouvroir de Litterature Potentielle Workshop of Potential Literature) മറ്റൊരു പ്രവര്‍ത്തകനായിരുന്നല്ലോ കാല്‍വീനോ. “Life, a User’s Manual” എന്ന വിശ്വവിഖ്യാതമായ നോവലെഴുതിയ ഷൊര്‍ഷ് പെരക്കും (Georges Perec) ഈ വര്‍ക്ക്ഷോപ്പിലുണ്ടായിരുന്നു.

പെരക്കിന്റെ സ്നേഹിതന്‍ ഷാക്ഷുവേ എന്റെ സ്നേഹിതനാണെന്ന് അഭിമാനത്തോടെ എഴുതിക്കൊള്ളട്ടെ. പുതിയ രൂപങ്ങളും ഘടനകളുമുണ്ടാക്കുന്നതില്‍ തല്‍പരരായിരുന്നു കിനോയും കൂട്ടുകാരും. കിനോയുടെ One hundred thousand billion Poems ഇതിന്റെ സ്വഭാവം വ്യക്തമാക്കും. ആദ്യത്തെ നോട്ടത്തില്‍ പത്തു ഗീതകങ്ങളേ അതിലുള്ളു. ഓരോ ഗീതകത്തിന്റെയും ഓരോ വരിയും മറ്റൊന്‍പതു ഗീതകങ്ങളുടെ വരികള്‍ കൊണ്ടു മാറ്റിവയ്ക്കാം. ഇങ്ങനെ സങ്കലനത്തിലൂടെ ‘വണ്‍ഹണ്‍ഡ്രഡ് ട്രില്യന്‍’ ഗീതകങ്ങളുണ്ടാക്കാം.

കിനോയുടെ കണക്കുകൂട്ടല്‍ അനുസരിച്ച് ഒരു മിനിറ്റില്‍ ഒരു ഗീതകം വായിച്ചാല്‍, അങ്ങനെ ഒരു ദിവസം എട്ടു മണിക്കൂര്‍ നേരം വായിച്ചാല്‍, വര്‍ഷത്തില്‍ ഇരുന്നൂറു ദിവസങ്ങള്‍ വായിച്ചാല്‍ ഒരു മില്യന്‍ ശതാബ്ദങ്ങളിലധികം കാലം വേണ്ടി വരും ഗീതകങ്ങള്‍ മുഴുവനും വായിച്ചു തീര്‍ക്കാന്‍. ഇതാണ് ഗണിതശാസ്ത്രപരമായ കണക്കുകൂട്ടല്‍. രൂപശില്പത്തിന്റെ അയവില്ലായ്മയില്‍നിന്നു ചലനാത്മകതയെ നിര്‍മ്മിക്കലാണ് Oulipo യുടെ ലക്ഷ്യം. കാല്‍വീനോയുടെ “If on a winter’s night a traveller” എന്ന നോവല്‍ ഈ ചലനാത്മകതയ്ക്കു നിദര്‍ശകമാണ്.

മനുഷ്യരാശിയോടെന്നതിനേക്കാള്‍ മനുഷ്യ ശരീരത്തിലെ സെല്ലിനെ (cell) പരിഗണിക്കുന്നവരാണ് OULIPO അംഗങ്ങള്‍. കാല്‍വീനോയുടെ ‘Under the Jaguar Sun’ എന്ന കഥാസമാഹാരം മനുഷ്യന്റെ സിരാചക്രത്തോടു ബന്ധപ്പെട്ട രുചി (taste), കേള്‍വി (hearing), മണം (smell) ഇവയെ ആവിഷ്ക്കരിക്കുന്നു. മറ്റു രണ്ടിന്ദ്രിയ വ്യാപാരങ്ങളെക്കുറിച്ചു കൂടി അദ്ദേഹം കഥകള്‍ എഴുതുമായിരുന്നു. എന്നാല്‍ അതിനുമുമ്പ് മരണം അദ്ദേഹത്തെ ഗ്രസിച്ചു. ‘Under the Jaguar sun’ എന്ന ആദ്യത്തെ കഥയില്‍ മെക്സിക്കോയില്‍ എത്തുന്ന രണ്ടുപേരുടെ — ദമ്പതികളുടെ — കഥയാണ് കാല്‍വീനോ പറയുന്നത്.

സ്ത്രീ — ഒളിവിയ — I would like to eat chilesen–nogada എന്നു പറഞ്ഞു ഭക്ഷണം കഴിക്കുന്നിടത്തേയ്ക്കു പോകുന്നു. (nogada — നോഗോതാ — കുഴച്ചമാവു പോലെയുള്ള ഒരു ഭക്ഷണസാധനം — ലേഖകന്‍). ഇങ്ങനെ ഓരോന്ന് അവര്‍ ഉല്‍സാഹത്തോടെ ഭക്ഷിക്കുന്നു. ഒളീവിയ ചവയ്ക്കുമ്പോള്‍ അവളുടെ പല്ലുകളുടെ വേദനം (sensation) അയാള്‍ സ്വന്തം ശരീരത്തിലറിയുന്നു.

അവള്‍ നാക്കുകൊണ്ടു തന്നെ അവളുടെ വായുടെ മുകളിലേക്ക് ഉയര്‍ത്തുന്നതായി അയാള്‍ക്ക് തോന്നുന്നു. ഉമിനീരു കൊണ്ട് അവള്‍ അയാളെ പൊതിയുന്നതായിട്ടാണ് അയാളുടെ തോന്നല്‍. തന്റെ ഒരു ഭാഗമോ അതല്ല മുഴുവന്‍ ശരീരമോ അവള്‍ സ്വന്തം വായ്ക്കകത്താക്കി ചവച്ചു നാരു നാരായി കീറുന്നുവെന്ന് അയാള്‍ക്കു തോന്നുന്നു. അത് അവര്‍ തമ്മിലുള്ള സമ്പൂര്‍ണമായ ബന്ധം ജനിപ്പിക്കുന്നു.

ഇങ്ങനെ ഇന്ദ്രിയ സംവേദനത്തെയും മസ്തിഷ്കത്തെയും കാല്‍വീനോ കൂട്ടിയിണക്കുന്നു. I was living and dying in all the fibers of what is chewed and digested and in all the fibers that absorb the Sun consuming and digesting എന്ന പര്യവസാനത്തിലെ വാക്യങ്ങള്‍ — പുരുഷന്റെ വാക്യങ്ങള്‍ — രുചി എന്ന സംവേദനവും മസ്തിഷ്കവും തമ്മിലുള്ള ബന്ധത്തെ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു.

രണ്ടാമത്തെക്കഥ — കേഴ്വിയെക്കുറിച്ചാണ് — A king listens. രാജാവു താമസിക്കുന്ന കൊട്ടാരം തന്നെ ഒരു വലിയ കാതാണ്. കൊട്ടാരം രാജാവിന്റെ കാതുതന്നെ. അവിടത്തെ ചുവരുകള്‍ക്കു കാതുണ്ട്. ചാരന്മാരെ എങ്ങും നിറുത്തിയിരിക്കുന്നു. അവരുടെ ജോലി കൊട്ടാരത്തിലെ ഉപജാപോദ്യമങ്ങളെ രാജാവിനെ അറിയിക്കുക എന്നതാണ്. അദ്ദേഹം അവ കേള്‍ക്കുന്നു. കൊട്ടാരം ശബ്ദങ്ങള്‍ കൊണ്ടുള്ള നിര്‍മ്മാണമത്രേ.

അത് ഒരു നിമിഷത്തില്‍ നീളുന്നു, അടുത്ത നിമിഷത്തില്‍ ചുരുങ്ങുന്നു. ഒരു “രജതശബ്ദം” സോസറില്‍നിന്നു വീണ സ്പൂണിന്റേതു മാത്രമല്ല. അതു വിരിപ്പു കൊണ്ടു മൂടിയ മേശയുടെ മൂലയുമാണ്. ആ ചെറിയ ശബ്ദം എലിയെക്കണ്ടു ചാടിയ പൂച്ചയുടേതു മാത്രമല്ല. പടികളുടെ താഴെയുള്ള തണുത്ത സ്ഥലവുമാണ്. ഒരു ശബ്ദത്തെ മറ്റൊരു ശബ്ദത്തോടു കൂട്ടിച്ചേര്‍ക്കുന്ന കഥ വല്ലതുമുണ്ടോ? കൊട്ടാരം തുരങ്കം പോലെയാണ്. അത് ചെവിയുടെ അകത്തെ ഭാഗം പോലെ നൂലാമാലയായി മാറിയിരിക്കുന്നു. അവിടെയിരുന്ന് എല്ലാം കേള്‍ക്കുന്ന രാജാവ് യഥാര്‍ത്ഥത്തില്‍ രാജാവാണോ അതോ കാരാഗൃഹത്തിലെ തടവുകാരനോ?

നഗരം ഉണരുന്നു. വലിച്ചടയ്ക്കുന്ന, ചുറ്റികകൊണ്ടടിക്കുന്ന ശബ്ദം ഒന്നിനൊന്ന് ഉച്ചത്തിലാവുന്നു. കൊട്ടാരത്തിനകത്തിരുന്ന്, തുരങ്കത്തിനകത്തിരുന്നു രാജാവ് അതെല്ലാം കേള്‍ക്കുന്നു. കേഴ്വിയെ രാഷ്ട്രവ്യവഹാരത്തിലേയ്ക്കു സംക്രമിപ്പിക്കുന്ന കഥയാണിത്.

സ്ഥലപരിമിതി മൂന്നാമത്തെ Nose എന്ന കഥയെക്കുറിച്ചു പറയാന്‍ അനുമതി തരുന്നില്ല എനിക്ക്. ഘ്രാണശക്തിയെ ഭൂതകാലത്തേക്കു കൊണ്ടു ചെല്ലുന്ന ആ രചന തികച്ചും രമണീയം എന്നു മാത്രം പറഞ്ഞു ഞാന്‍ പിന്മാറട്ടെ.

സത്യത്തിന്റെ തലങ്ങള്‍ എവിടെയെല്ലാമുണ്ടോ അവയൊക്കെ കാണാനും കലാസുന്ദരമായി ചിത്രീകരിക്കാനും കഴിവുണ്ട് കാല്‍വീനോയ്ക്ക്. ചരിത്രസംഭവങ്ങളിലെ സത്യതലം, ജഗത്സംബന്ധീയങ്ങളായ വസ്തുതകളിലെ സത്യതലം ഇവയെ ചിത്രീകരിക്കുന്ന ഈ മഹാനായ എഴുത്തുകാരന്‍ ഈ ഗ്രന്ഥത്തിലെ മൂന്നു കഥകളിലൂടെ ഇന്ദ്രിയവ്യാപാരങ്ങളുടെ സത്യതലങ്ങളെ സ്പഷ്ടമാക്കിത്തരുന്നു. കാല്‍വീനോയുടെ ഏതു രചനയും വായിക്കുന്നതു സാധാരണമായ അനുഭവമല്ല, അസാധാരണമായ, മഹനീയമായ അനുഭവമാണ്.