close
Sayahna Sayahna
Search

നഗരവാസിയായ ഒരുകുട്ടി


നഗരവാസിയായ ഒരുകുട്ടി
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

ഇങ്ങനത്തെ ഒരു കെട്ടിടത്തിലാണ് അമ്മ ജോലിട്ക്കണത്.’ മുമ്പിൽ ഇളം പച്ചനിറത്തിൽ ഉയർന്നുനിൽക്കുന്ന എട്ടുനില കെട്ടിടം ചൂണ്ടിക്കൊണ്ട് അവൻ പറഞ്ഞു. ഗെയ്റ്റിൽ രണ്ടു കാവൽക്കാർ, ഒരാൾ കാവൽക്കൂടിനുള്ളിനാണ്. ക്രീംഷർട്ടും നീല പാന്റ്‌സും ആണ് അവരുടെ യൂണിഫോം. അവൻ തുടർന്നു.

‘ഇതിന്റെ ഉള്ളിലേയ്ക്ക് അത്ര എളുപ്പൊന്നും കേറാൻ പറ്റില്ല. അറിയാത്തോര് വന്നാ ഏത് ഫ്‌ളാറ്റിലേയ്ക്കാണ് പോണ്, ആര്യാ കാണണ്ടത്‌ന്നൊക്കെ പറഞ്ഞു കൊടുക്കണം. അവര് ആ ഫ്‌ളാറ്റിലേയ്ക്ക് ഇന്റർകോമില് വിളിച്ച് ചോദിക്കും. ന്ന്‌ട്ടൊക്കേ അകത്ത് പോവാൻ സമ്മതിക്കൂ.’

അവൻ, അറിയ്വോ എന്ന മട്ടിൽ ഒരു പ്രത്യേകവിധം ചുണ്ടു പിളുത്തിക്കൊണ്ട് തലയാട്ടി.

ഇതെല്ലാം പുതിയ അറിവുകളാണെന്ന മട്ടിൽ ശിവൻ അദ്ഭുതം നടിച്ചു. കുറച്ചുമുമ്പ് അവൻ ചോദിച്ചിട്ടേയുള്ളു. ‘അപ്പൂപ്പൻ നാട്ടീന്ന് വര്വാണല്ലേ?’

അയാൾ എന്തോ ആലോചിച്ചുകൊണ്ട് മൂളുകയും ചെയ്തു. അയാൾ അങ്ങിന ത്തെ ഒരു മാനസികാവസ്ഥയിലായിരുന്നു. അല്പം ആശ്വാസത്തിന്നായി പുറത്തിറങ്ങിയതാണ്. അപ്പോഴാണ് ആ എട്ടുവയസ്സുകാരൻ ഒപ്പം കൂടിയത്. കുറച്ചു നേരമായി അവൻ ഒപ്പം നടക്കുകയാണെന്ന് മനസ്സിലായപ്പോൾ ശിവൻ അവനെ ഒരു ചോദ്യത്തോടെ നോക്കി. അവൻ ചിരിച്ചു.

‘ഞാൻ വെറ്‌തെ വീട്ടീന്ന് എറങ്ങീതാ.’

അയാളും അതുതന്നെയാണ് ചെയ്തത്. വീട്ടിലിരിക്കാൻ വയ്യെന്നായപ്പോൾ പുറത്തിറങ്ങി. വീട്ടിൽ നിൽക്കുന്ന അതേ വേഷത്തിൽ. മുഷിഞ്ഞ മുണ്ട്, ചുളിഞ്ഞ ഷർട്ട്. മൂന്നു ദിവസം താടി വടിക്കാതിരുന്നതുകൊണ്ട് വളർന്ന കുറ്റിരോമങ്ങൾ മുഖം വെളുപ്പിച്ചു. അയാൾ ചോദിച്ചു.

‘എന്താ മോന്റെ പേര്?’

‘ദിനേശ്.’

മുമ്പിലുള്ള നാലുനില കെട്ടിടത്തിലേയ്ക്ക് ചൂണ്ടിക്കൊണ്ട് അവൻ സംസാരിക്കുകയാണ്.

‘അമ്മ ജോലിട്ക്കണ കെട്ടിടത്തില് ആറ് നെല്യാണ്ള്ളത്. അതിന്റെ ഏറ്റവും മോളില് ത്തെ നെലേലാ ജോലി. ആ നെലേല്തന്നെ നാല് ഫ്‌ളാറ്റ്ണ്ട്. അമ്മയ്ക്ക് രണ്ട് വീട്ടീ പണിണ്ട്. ഒന്നാന്തിതൊട്ട് മൂന്നാമത്തെ നെലേലും ഒരു ഫ്‌ളാറ്റി ല് ജോലി കിട്ടീട്ട്ണ്ട്.’

ആവശ്യപ്പെടാതെത്തന്നെ അവൻ തന്റെ അറിവ് വർദ്ധിപ്പിക്കുകയാണ്. ഇരുണ്ട നിറം, കൗതുകമുള്ള മുഖം. അവ നൊരു നഗരവാസിയാണെന്ന ഭാവം. ഒപ്പം നടക്കുന്ന നാട്ടിൻ പുറത്തുകാരനുമായി താരതമ്യപ്പെടുത്തുമ്പോൾ തന്റെ ഉയർന്ന നിലയെപ്പറ്റിയുള്ള ബോധവും അതുകൊണ്ടുണ്ടായ ആത്മവിശ്വാസവും. ശിവന് ആ കുട്ടിയെ ഇഷ്ടപ്പെട്ടു. ഇപ്പോൾ നിരത്തിൽവച്ച് പരിചയപ്പെട്ട മനുഷ്യൻ ഒരു ഗ്രാമീണനാണെന്നാണ് അവൻ വിചാരിക്കുന്നത്. അങ്ങിനെ ഇരിക്കട്ടെ, അവന്റെ ആത്മവിശ്വാസത്തിന് കോട്ടം പറ്റേണ്ട.

അയാൾ വാച്ചു നോക്കി. സമയം പതിനൊന്ന്. വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ വേണ്ടി ഇരുന്നതാണ്. അപ്പോഴാണ് മൈഥിലിയുടെ വിളി കേട്ടത്.

‘എനിക്കു വയ്യ ശിവേട്ടാ, ഈ വേദന സഹിക്കാൻ കഴിയ്ണില്ല്യ.’

അവളുടെ മുഖം വേദനകൊണ്ട് കോടിയിരുന്നു.

അയാൾ കട്ടിലിന്മേലിരുന്ന് അവളുടെ വയർ തലോടിക്കൊടുത്തു.

‘അവ്‌ടെ മാത്രൊന്ന്വല്ല വേദന. എല്ലാടത്തുംണ്ട്. വല്ല ഗുളികീം തന്നൂടെ?’

ഇത് ഗുളിക കൊണ്ട് നിൽക്കുന്ന വേദനയല്ല. അയാൾ മൈഥിലിയെ ശുശ്രൂഷിക്കാൻ നിൽക്കുന്ന ഹോംനഴ്‌സ് ഷൈനിയോട് ഇഞ്ചക്ഷൻ കൊടുക്കാൻ പറഞ്ഞു. വയ്യ, ഇതു കണ്ടുകൊണ്ട് ഇരിക്കാൻ പറ്റുന്നില്ല. അങ്ങിനെ പുറത്തിറങ്ങിയതാണ്. എന്നും ഇങ്ങനെയാണ്. ദൈവമേ ഈ അഗ്നിപരീക്ഷ എത്രനാൾകൂടി? അയാൾ ഒപ്പം നടക്കുന്ന കുട്ടിയെ നോക്കി. എന്തുകൊണ്ടോ താൻ ഒറ്റയ്ക്കല്ല എന്ന ബോധം. ഒരു ചായ കുടിക്കണം, എന്തെങ്കിലും കഴിക്കുകയും വേണം. ഒരു റസ്റ്റോറണ്ടിന്റെ മുമ്പിലെത്തിയപ്പോൾ അയാൾ ചോദിച്ചു.

‘ദിനേശ്, നമുക്കൊരു ചായ കുടിച്ചാലോ?’

അവൻ ആ നിർദ്ദേശം കാര്യമായി പരിഗണിക്കുകയാണ്. കുറച്ചുനേരം ആലോചിച്ചശേഷം അവൻ പറഞ്ഞു.

‘ഈ ഹോട്ടലിലൊക്കെ ഒരുപാട് കാശ് വേണം. അടുത്ത റോട്ടില് ഒരു തട്ട്കടണ്ട്, അവിട്ന്ന് ചായ കുടിക്കാം. അവിടെ വടേം പഴംപൊരീം ഒക്കെണ്ടാവും.’

‘ഞാൻ വെറും ഒരു ചായയേ ഉദ്ദേശിച്ചുള്ളു. അതു നമക്ക് ഇവിട്ന്നന്നെ കുടിക്കാം.’

‘ഓ, എന്നാൽ ശരി.’

അവന്റെ മുഖം മങ്ങി. അർഹിക്കുന്നതിലും കൂടുതൽ പ്രതീക്ഷിച്ചതിലുള്ള ജാള്യത അവന്റെ സ്വരത്തിലുണ്ടായിരുന്നു. അവർ ഹോട്ടലിൽ കയറി, ഒരു മേശക്കിരുവശത്തുമായി ഇരുന്നു. അവൻ ചുറ്റും നോക്കി, സ്ഥലം കൊള്ളാമെന്ന മട്ടിൽ അയാളെ നോക്കി.

‘അച്ഛനുണ്ടായിരുന്നപ്പോ എടയ്ക്ക് ഹോട്ടലില് കൊണ്ടോവാറ്ണ്ട്. ഇത്ര വലുതൊന്നും അല്ല, ന്നാലും ഒരുമാതിരി വലുത്. ഞങ്ങള് വടേം ദോശേം ഒക്കെ കഴിക്കാറ്ണ്ട്.’

‘നിന്റെ അച്ഛന് എന്തുപറ്റീ?’

‘അച്ഛൻ മെരിച്ചു, കാൻസറായിരുന്നു.’

‘ഓ…’

‘ആറു മാസം ആസ്പത്രീല് കെടന്നു. കൊറേ പണം ചെലവാക്കി. ചികിത്സിക്കാൻ വേണ്ടി ഞങ്ങടെ വീട് വിറ്റു. അയിന്റെ ശേഷാ അമ്മ പണിക്ക് പോയിത്തൊടങ്ങീത്.’

‘വീട് വിറ്റൂ? അപ്പൊ നിങ്ങള് എവിട്യാണ് താമസിക്കണത്?’

‘അവ്‌ടെ അട്ത്ത്തന്ന്യാ.’

അവന് അതിനെപ്പറ്റി കൂടുതൽ സംസാരിക്കാൻ താല്പര്യമില്ലാത്ത പോലെ. അവന്റെ സ്വരത്തിൽ അനുകമ്പ ആവശ്യപ്പെടാത്ത ഒരു വികാരരാഹിത്യമുണ്ടായിരുന്നു.

അയാൾ മൈഥിലിയെക്കുറിച്ചോർത്തു. ഇപ്പോൾ ഷൈനി ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ടാകും. വേദനയിൽനിന്ന് തൽക്കാല മോചനം. അസുഖം മാറാനുള്ള മരുന്നാണ് ഇഞ്ചക്ഷനായി കൊടുക്കുന്നത് എന്നാണ് മൈഥിലിയുടെ വിശ്വാസം. അസുഖം മാറി വീണ്ടും സാധാരണമട്ടിൽ ഒരു ജീവിതത്തെക്കുറിച്ചുള്ള സ്വപ്നങ്ങളാണ് അവളുടെ ഉള്ളിൽ. അതിനെപ്പറ്റി പറയാൻ തുടങ്ങിയാൽ താൻ അസ്വസ്ഥനാകുന്നു. പിന്നെ വീട്ടിലിരിക്കുക പ്രയാസമാണ്.

രണ്ടു മാസം എന്നാണ് ഡോക്ടർ പറഞ്ഞത്. അമ്മയുടെ അസുഖമറിഞ്ഞ് കാണാൻ വന്ന മകനെ അയാൾ തിരിച്ച് മുംബൈയ്ക്ക് പറഞ്ഞയച്ചു. ഒന്നര വയസ്സുള്ള മോളെയുംകൊണ്ട് രാജി അവിടെ ഒറ്റയ്ക്കാണ്. സമയമാകുമ്പോൾ വിളിക്കാം.

ഒരു കൊച്ചു വിരൽസ്പർശം അയാളിൽ പരിസരബോധമുണ്ടാക്കി. ദിനേശ് തൊട്ടുമുമ്പിൽ കാത്തുനിൽക്കുന്ന വെയ്റ്ററെ ചൂണ്ടിക്കാട്ടി. അയാൾ ചോദിച്ചു.

‘എന്തൊക്കെയാണ് തിന്നാനുള്ളത്?’

‘വട, നെയ്‌റോസ്റ്റ്, മസാലദോശ, പൂരിമസാല…’

‘മോനെന്താണ് കഴിക്കണത്?’

അവന്റെ മുഖം വികസിച്ചിരുന്നു. ‘ചായമാത്രേ കഴിക്കുണുള്ളൂന്നല്ലേ പറഞ്ഞത്?’

‘അതു സാരല്ല്യ. നീ പറ. ഒരു പ്ലെയ്റ്റ് വട ആയിക്കോട്ടെ. അതിനുമീതെ മസാലദോശയായാലോ? എന്താ?’

അവൻ വേഗം മൂളി. ഇനി തന്റെ പ്രതികരണത്തിന്റെ അവ്യക്തതയും കാലതാമസവും മൂലം വിഭവങ്ങൾ കുറഞ്ഞുപോകയോ വേണ്ടെന്ന്തന്നെ വയ്ക്കുകയോ ചെയ്യേണ്ട.

‘ഇവന് വേണ്ടത് കേട്ടില്ലേ. എനിക്ക് ഒരു പ്ലെയ്റ്റ് വടയും ചായയും മാത്രം. അതുരണ്ടും ഒപ്പം കൊണ്ടുവരു. അവന്റെ ചായയുടെ കാര്യം പിന്നെ പറയാം.’

വെയ്റ്റർ പോയി. അയാൾ ദിനേശിനെ നോക്കി ചിരിച്ചു, ഇനി നമുക്കൊരു കൈ നോക്കാമെന്ന മട്ടിൽ.

‘ദിനേശ് ഏതു ക്ലാസ്സിലാണ് പഠിക്കണത്?’

‘നാലാം ക്ലാസ്സില്.’

‘നന്നായി പഠിക്ക്യോ?’

‘ങും, ക്ലാസ്സില് ഒന്നാമനൊന്ന്വല്ല. ന്നാലും നല്ല മാർക്ക് കിട്ടാറ്ണ്ട്. എല്ലാ പുസ്തകൊന്നുംല്ല്യ കയ്യില്. അതൊക്കെണ്ടെങ്കില് കൊറച്ചുകൂടെ മാർക്ക് വാങ്ങായിരുന്നു.’

‘വേറെ ആരും സഹായിക്കില്ല്യേ?’

‘ഏയ്, ആരു സഹായിക്കാനാ?’

‘നിന്റെ അമ്മ ജോലിയെട്ക്കണ വീട്ടിലെ ആൾക്കാരൊന്നും സഹായിക്കില്ലെ.’

‘എന്തിന്? പുസ്തകം വാങ്ങാനോ?’

‘അതു മാത്രല്ല, ഉടുപ്പ്, കൊട, അങ്ങിനെ കൊറേ സാധനങ്ങള് വേണ്ടേ. അതൊക്ക വാങ്ങാൻ?’

‘അതൊന്നുംല്ല്യ. അവർക്കൊക്കെ പഠിക്കണ കുട്ടികളില്ലേ? അവരൊക്കെ വല്യവല്യ സ്‌കൂളുകളിലാ പഠിക്കണത്. നല്ല ചെലവാ.’

അവൻ പറഞ്ഞത് അയാളെ സ്പർശിച്ചു. തന്റെ വീട്ടിലും ജോലിക്കാരികളുണ്ട്. തനിക്ക് അവരുടെ മക്കൾക്കുവേണ്ടി എന്തൊക്കെ ചെയ്യാമായിരുന്നു. താൻ എന്താണ് ചെയ്തത്? പിശകി ഉറപ്പിച്ച ശംബളം മാസാമാസം കൊടുക്കുക, ധാരാളം ജോലി എടുപ്പിക്കുക. അവരുടെ പ്രശ്‌നങ്ങൾ എന്നെങ്കിലും തന്നെയോ മൈഥിലിയെയോ അലട്ടിയിട്ടു ണ്ടോ? ഇപ്പോൾ ഒന്നാം തിയ്യതി മുതൽ പുറംപണിക്കു സഹായിക്കുന്ന സ്ത്രീക്കു പുറമെ ഒരു പുതിയ ജോലിക്കാരികൂടി വരുന്നുണ്ട്, ഭക്ഷണം പാകം ചെയ്യാനാണ്. ആ സ്ത്രീ പത്തരയ്ക്കു വരും ഭക്ഷണം പാകം ചെയ്ത് പന്ത്രണ്ടു മണിയോടെ തിരിച്ചു പോകും. അവരുടെ വീട്ടുകാര്യങ്ങൾ എന്തെങ്കിലും തനിക്കറിയുമോ? അറിയണംന്ന് ആഗ്രഹമുണ്ടായിട്ടുണ്ടോ? വേണ്ടെന്നു വച്ചിട്ടല്ല, അതിനെപ്പറ്റി ആലോചിച്ചിട്ടില്ലന്നേയുള്ളൂ. മൈഥിലി പക്ഷേ എല്ലാം ചോദിച്ചറിഞ്ഞിട്ടുണ്ടാകും, അവൾക്ക് അവരെയൊക്കെ നല്ല കാര്യമാണ്, എന്തെങ്കിലും ചെയ്യുന്നുണ്ടാകും.

രണ്ടു പ്ലെയ്റ്റ് വട വന്നു, ചായയും. കാര്യങ്ങൾ ഗൗരവമായി എടുക്കേണ്ട ഘട്ടമായി എന്ന മുഖഭാവത്തോടെ ദിനേശ് അയാളെ നോക്കി.

‘ശരി, നമുക്ക് തുടങ്ങാം.’

ദിനേശ് യാതൊരു ധൃതിയും കാണിക്കാതെ ഭക്ഷണം കഴിക്കാൻ തുടങ്ങി. അവൻ രാവിലെ എന്തായിരിക്കും കഴിച്ചിട്ടുണ്ടാവുക? ഇഡ്ഡലി, ദോശ…? ഹേ മിസ്റ്റർ. അയാളുടെ ഉള്ളിൽ നിന്ന് ഒരു ശബ്ദം പൊന്തിവന്നു. താൻ ഏതു രാജ്യത്തെ കാര്യമാണ് പറയുന്നത്? അവൻ ധൃതി കാണിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചുകൊണ്ട് വട തിന്നുകയാണ്. വട കഴിയുമ്പോഴേയ്ക്ക് മസാലദോശ എത്തി. അതിന്റെ വലുപ്പം കണ്ട് അവന്റെ കണ്ണ് തള്ളിപ്പോയി.

‘എന്തൊരു വലുപ്പം!’

മസാലദോശ മുമ്പിൽ വന്നാൽ മൈഥിലിയും പറയാറുണ്ട്. ‘എന്തൊരു വലുപ്പം!’ റസ്റ്റോറണ്ടിൽ പോകുന്നതിനു ദിവസങ്ങൾക്കു മുമ്പുതന്നെ അവൾ ദോശ സ്വപ്നം കാണുന്നു. ആർത്തി കാണിക്കുന്നു. പക്ഷേ സാധനം മുമ്പിൽ വന്നാൽ അവൾ അധീരയാകുന്നു. ‘ദൈവമേ ഇതെങ്ങിനെ ഞാൻ തിന്നു തീർക്കും? പകുതി ശിവേട്ടന് തരട്ടെ?’

‘അപ്പൊ ഞാനെന്റെ ദോശ ആർക്കു കൊടുക്കും?’ അയാൾ ദേഷ്യം പിടിച്ചു കൊണ്ട് പറയും. ‘മൈഥിലിയ്ക്ക് എപ്പഴും ഉണ്ട് ഇങ്ങിനെ ഓരോന്ന്. ഈ ആർത്തി കാണിക്കല് മാത്രെള്ളു…’

വീട്ടിലിരുന്ന് രാത്രിഭക്ഷണം കഴിക്കുന്ന സമയത്ത് അവൾ പറയും, ‘നല്ല ചിക്കൻ ബിരിയാണി കഴിക്കാൻ തോന്നുണു…’

‘അതിനെന്താ? നമ്ക്ക് നാളെത്തന്നെ പോവാലോ.’

പിറ്റേന്ന് റസ്റ്റോറണ്ടിൽ കൊണ്ടുപോകും. ആർത്തി കണ്ടാൽ റസ്റ്റോറണ്ടിലെ എല്ലാ വിഭവങ്ങളും ഒറ്റയടിക്ക് തിന്നു തീർക്കുമെന്നു തോന്നും. വെയ്റ്റർ സാധനം കൊണ്ടുവന്നു വച്ചാൽ തുടങ്ങുകയായി മൈഥിലിയുടെ പ്രശ്‌നങ്ങൾ. മോനുണ്ടായിരുന്നപ്പോൾ കാര്യം എളുപ്പമായിരുന്നു. അമ്മയ്ക്ക് വേണ്ടെന്നു തോന്നിയാൽ അവൻ പ്ലെയ്റ്റടക്കം അവന്റെ മുമ്പിലേയ്ക്കു നീക്കുന്നു. അവൻ ജോലികിട്ടി പോയതിൽ പ്പിന്നെ സാധനങ്ങൾ ബാക്കിയിടുക തന്നെയാണ് പരിപാടി. വെയ്റ്ററോട് പൊതിഞ്ഞു തരാൻ പറഞ്ഞാൽ മതി, വൈകുന്നേരമാകുമ്പോൾ വീണ്ടും അതു കഴിക്കാൻ തോന്നും. പക്ഷേ മൈഥിലിക്കതിഷ്ടമല്ല. ‘അവര് നമ്മെപ്പറ്റി എന്താ വിചാരിക്ക്യാ?’

ഇനി അതൊന്നും ഉണ്ടാവാൻ പോകുന്നില്ലെന്ന് അയാൾ വേദനയോടെ ഓർത്തു. ഇപ്പോൾ മുമ്പിലിരിക്കുന്ന എട്ടുവയസ്സുകാരൻ രണ്ടു വടയ്ക്കു മീതെ ഒരു മസാലദോശ തിന്നാൻ കഷ്ടപ്പെടുന്നതു കണ്ടപ്പോൾ അയാൾക്ക് കൗതുകമാണ് തോന്നിയത്. അയാൾ ചോദിച്ചു.

‘ഇനി? ചായ പറയട്ടെ?’

‘അയ്യോ, ഇനി ഒന്നിനും സ്ഥലംല്ല്യ.’ അവൻ വയർ തലോടിക്കൊണ്ട് പറഞ്ഞു.

‘അപ്പൊ നമുക്ക് ഒരു കാര്യം ചെയ്യാം. ഒരു ചെറിയ ഐസ്‌ക്രീം, എന്താ?’

അവൻ ധർമ്മസങ്കടത്തിലായി. ഒന്നും വേണ്ടെന്നു പറയുകയും ചെയ്തു. നാട്ടിൻ പുറത്തു നിന്നു വന്ന ഈ മനുഷ്യൻ ഇതൊക്കെ വാങ്ങിത്തരുമെന്ന ഒരു ധാരണയുംണ്ടായിരുന്നില്ല. അവന്റെ പ്രശ്‌നം അയാൾ ക്കു മനസ്സിലായി. അയാളുടെ ഉള്ളിൽ ഒരു കുട്ടി സജീവമായി ഉണ്ടായിരുന്നു.

‘സാരല്ല്യ.’ അയാൾ സമാധാനിപ്പിച്ചു. ‘ഒരു ഐസ്‌ക്രീം ചെല്ലാനുള്ള സ്ഥലം കൂടിണ്ട് അവിടെ.’

അയാൾ വെയ്റ്ററെ വിളിച്ചു. ‘എനിക്ക് ഒരു ചായകൂടി. ഇവന് ഒരു ഐസ്‌ക്രീം. കപ്പുമതി. അതിനുള്ള സ്ഥലേ ഉണ്ടാക്കിയിട്ടുള്ളൂ. എന്താ?’ അയാൾ ദിനേശിനെ നോക്കി. അവൻ തലയാട്ടി, അതെയതെ അതുതന്നെ കഷ്ടപ്പെട്ട് ഉണ്ടാക്കിയതാണ് എന്ന മട്ടിൽ. അയാൾ പോക്കറ്റിൽനിന്ന് സിഗററ്റ് പാക്കറ്റ് പുറത്തേയ്‌ക്കെടുത്തു. വേണ്ട, റസ്റ്റോറണ്ടിൽ വച്ച് വലിക്കണത് ശരിയല്ല.

‘സിഗററ്റ് വലിക്കണത് നന്നല്ല.’ ദിനേശ് പറഞ്ഞു. ‘ന്റെ അച്ഛൻ വലിച്ചിരുന്നു. അതോണ്ടാ കാൻസറ് വന്നത്ന്നാ പറേണത്.’

അയാൾ ഒരു ചിരിയോടെ തലയാട്ടി. അയാൾ ആലോചിച്ചു. മൈഥിലി മുറുക്കുകയോ, സുഗന്ധ പാക്ക് തിന്നുകയോ ചെയ്തിരുന്നില്ല. അപൂർവ്വമായി ചിക്കൻ കഴിക്കും. അതും പുറത്തു പോയാൽ മാത്രം. വളരെ ആരോഗ്യകരമായ ചുറ്റുപാടിലാണവൾ ജീവിച്ചത്. രാവിലെ ആറുമണിക്ക് കുളികഴിഞ്ഞ് അമ്പലത്തിൽ പോകും. ധാരാളം ജോലിയെടുക്കും. മിതമായ ഭക്ഷണം. താനോ? നേരെ മറിച്ചും. ദിവസം ഒന്നര പാക്കറ്റ് സിഗരറ്റ്, എന്നും അല്പം മദ്യപാനം, ഭക്ഷണത്തിൽ യാതൊരു ക്രമവുമില്ല. എന്നിട്ടും രോഗം തേടിയെത്തിയത്…

ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അയാൾ ചോദിച്ചു. ‘ഇനി?’

‘വെറുതെ നടക്കാം.’ ദിനേശ് പറഞ്ഞു. ‘ഇവിടെ അടുത്താണ് അമ്മ ജോലിട്ക്കണ ഫ്‌ളാറ്റ്. വേണങ്കീ കാണിച്ചുതരാം.’

വിരോധമില്ലെന്ന മട്ടിൽ അയാൾ തലയാട്ടി. നടന്നുകൊണ്ടിരിക്കെ അയാൾ വീണ്ടും സ്വന്തം ലോകത്തേയ്ക്കു പോയി. നാലു ദിവസം മുമ്പാണ് മൈഥിലി പറഞ്ഞത്.

‘എനിക്കിന്ന് നല്ല ഭേദംണ്ട് ശിവേട്ടാ. ഇങ്ങിനെ അങ്ങട്ട് മാറ്യാൽ മത്യായിരുന്നു.’

‘ഒക്കെ വേഗം മാറുംന്നെയ്.’ ഉയർന്നുവന്ന തേങ്ങൽ ഒതുക്കിക്കൊണ്ട് അയാൾ പറഞ്ഞു.

‘മാറീട്ട് വേണം നമുക്ക് മോന്റെ അടുത്തു പോയി കൊറച്ചു ദിവസം താമസിക്കാൻ. കുഞ്ഞിമോള്‌ടെ കളിയൊക്കെ കണ്ണിൽക്കാണ്വാ.’

‘നമ്ക്ക് പോവാലോ മൈഥിലി. അതിത്ര പ്രയാസള്ള കാര്യാണോ.’

‘പോമ്പ ആ പാലയ്ക്ക കൊണ്ട്‌പോണം. എന്റെ കയ്യോണ്ട്തന്നെ അത് മോളെ കെട്ടിക്കണം. അതേ ഞാനത് മോന്റെ കയ്യിൽ കൊടുത്തയക്കാതിരുന്നത്. അത് കെട്ടിച്ചിട്ട് അവളേം മടീലിരുത്തി നമുക്കൊരു ഗ്രൂപ്പ് ഫോട്ടോ എടുക്കണം…’

അയാൾ എഴുന്നേൽക്കും. പിന്നെ അവിടെ ഇരിക്കുക വിഷമമാണ്. മൂന്ന് മാസം മുമ്പാണ് അവളുടെ ഗർഭാശയം എടുത്തുകളഞ്ഞത്. അപ്പോഴേയ്ക്കും അർബ്ബുദം അതിന്റെ വേരുകൾ എത്തേണ്ടിടത്തൊക്കെ എത്തിച്ചിരുന്നു. കരളും വൃക്കയും കഴിഞ്ഞ് ശ്വാസകോശത്തിലേയ്ക്കുള്ള പ്രയാണമാണ്. ഇനി പരമാവധി രണ്ടു മാസം. ഡോക്ടർ പറഞ്ഞു. അതിനുള്ളിൽ അവരെ മാനസികമായി തയ്യാറെടുപ്പിക്കയാണ് വേണ്ടത്. മൈഥിലിയെ അതിനു പറ്റുമെന്ന് തോന്നുന്നില്ല. അവൾക്ക് ഇപ്പോഴും മനസ്സിൽ നിറയെ സ്വപ്നങ്ങളാണ്.

ദിനേശ് സംസാരിക്കുകയാണ്. ഒപ്പം നടക്കുന്ന അപ്പൂപ്പൻ ശ്രദ്ധിക്കുന്നില്ലെന്നു തോന്നിയാൽ അവൻ സംസാരം നിർത്തി അയാളെ നോക്കും. അയാൾ ശ്രദ്ധിക്കുകയാണെന്ന മട്ടിൽ തലയാട്ടും. ഇരുവശത്തുമുള്ള കടകളെപ്പറ്റിയായിരുന്നു അവൻ പറഞ്ഞുകൊണ്ടിരുന്നത്. അവിടെ കിട്ടുന്ന അദ്ഭുതവസ്തുക്കളെപ്പറ്റി. എന്തുകൊണ്ടോ അയാൾക്ക വനോട് സ്‌നേഹം തോന്നി.

‘ഇതാ അടുത്ത തിരിവിലാണ് അമ്മ ജോലിട്ക്കണ ഫ്‌ളാറ്റ്. അതാ ആ കാണ്ണില്ലേ ആ ഒയരം കൂടിയ കെട്ടിടം?’

അയാൾക്കു മനസ്സിലായിരുന്നു. കുറച്ചു നേരമായി അയാൾക്കതു മനസ്സിലായിരുന്നു. അയാൾ വാത്സല്യത്തോടെ അവന്റെ തല തലോടി.

‘ഇപ്പ സമയെത്ര്യായി?’ ദിനേശ് ചോദിച്ചു.

അയാൾ വാച്ചു നോക്കി. ‘പതിനൊന്നര.’

‘ഇപ്പ അമ്മ പുതിയ വീട്ടിലായിരിക്കും. മൂന്നാം നെലേല്. ഞാനിതുവരെ അവിടെ പോയിട്ടില്ല. എങ്ങിനത്തെ ആൾ ക്കാരാന്നൊന്നും അറീല്ല്യ. വേണങ്കീ പോയിനോക്കാം.’

‘പോയി നോക്കാം.’

ആ നാട്ടിൻപുറത്തുകാരനെ ഇത്ര വലിയ കെട്ടിടത്തിനുള്ളിലുള്ള വിശേഷങ്ങൾ കാണിച്ചു കൊടുക്കാൻ അവന് താല്പര്യമുണ്ടായിരുന്നു. ഗെയ്റ്റിൽ നിൽക്കുന്ന യൂണിഫോമിട്ട രണ്ടു സെക്ക്യൂരിറ്റിക്കാർ അവരെ നോക്കി ചിരിച്ചു. ദിനേശന് ആശ്വാസമായി. ഇനി കുഴപ്പൊന്നംല്ല്യ. ഇടയ്ക്കു അമ്മയെ അന്വേഷിച്ചു വരാറുള്ളതുകൊണ്ട് അവനെ അവർക്കു പരിചയമാണ്. അറിയാത്ത ഒരാളെ ഒപ്പം കൊണ്ടുവന്നാൽ എന്തെങ്കിലും പറയുമോ എന്നവന് ഭയമുണ്ടായിരുന്നു.

ഫോയറിലെത്തിയപ്പോൾ അവൻ ഓടിച്ചെന്ന് ലിഫ്റ്റിന്റെ ബട്ടൺ അമർത്തുന്നത് അയാൾ കൗതുകത്തോടെ നോക്കിനിന്നു. ലിഫ്റ്റിന്റെ വാതിൽ ഇരുവശത്തേയ്ക്കും തുറന്നു. അവന്റെ പിന്നാലെ അയാളും അകത്തു കയറി. അവൻ ഫാനിന്റെ സ്വിച്ചിട്ടു, മൂന്നാം നമ്പർ ബട്ടമനർത്തി. നിനക്ക് ഇതൊക്കെ അറിയാമല്ലെ എന്ന ഭാവത്തിൽ അയാൾ അവനെ നോക്കി. അതവൻ പ്രതീക്ഷിച്ചിട്ടുണ്ടാകണം, കാരണം അവനും ‘കണ്ടില്ലേ’ എന്ന ഭാവത്തിൽ അയാളെ നോക്കുകയായിരുന്നു. ലിഫ്റ്റിന്റെ വാതിൽ തുറന്നു, അവർ പുറത്തു കടന്നു. ദിനേശ് പെട്ടെന്ന് അധീരനായി, എന്താണ് ചെയ്യേണ്ടത് എന്ന് തീരുമാനിക്കാൻ പറ്റാത്തപോലെ അയാളെ നോക്കി. ഒന്നാലോചിച്ച ശേഷം അവൻ പറഞ്ഞു.

‘അപ്പൂപ്പൻ ഇവിടെ നിന്നാമതി, അകത്തേയ്ക്കു വരണ്ട.’

അവന്റെ ധൈര്യമെല്ലാം ചോർന്നുപോയപോലെ.

‘ഇല്ല ഞാൻ അകത്തു കയറുന്നില്ല, പോരെ.’

അയാൾ ദിനേശിന് ഉറപ്പു കൊടുത്തു. അവൻ വാതിലിനടുത്തു ചെന്ന് കൈയുയർത്തി ബെല്ലടിച്ചു.

വാതിൽ തുറന്നത് അവന്റെ അമ്മ തന്നെയായിരുന്നു. അവർ ചോദിച്ചു.

‘എന്താ മോനെ?’

വെറുതെ വന്നതാണെന്ന അർത്ഥത്തിൽ അവൻ ചുമൽ കുലുക്കി. കുറച്ചപ്പുറത്ത് അവനെ നോക്കിനിൽക്കുന്ന ആളെ അപ്പോഴാണവൾ കണ്ടത്.

‘അയ്യോ സാറ്.’

അവൾ അയാൾക്കു കടക്കാനായി മാറിനിന്നു. അയാൾ അകത്തു കടക്കാതെ ചിരിച്ചുകൊണ്ട് നിൽക്കുകയാണ്.

‘നിന്റെ മോൻ പറഞ്ഞിട്ടുള്ളത് അകത്തു കടക്കണ്ടാന്നാണ്.’

‘അതെന്താടാ?’

അവൻ അമ്മയുടെ അടുത്തു ചെന്ന് സ്വകാര്യമായി ചോദിച്ചു.

‘ഇതാരാണ് അമ്മേ?’

‘ഇത് ഇവിടുത്തെ സാറാണ് മോനെ? നീ സാറിനോട് വിഡ്ഢിത്തം വല്ലതും പറഞ്ഞ്വോ?’

അവൾ അയാളെ നോക്കി. എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ മാപ്പാക്കണമെന്ന മട്ടിൽ.

‘ഏയ്, അവൻ ഒന്നും പറഞ്ഞില്ല. നിന്റെ മോൻ മിടുക്കനാണ്.’

ദിനേശ് അമ്മയുടെ സാരിയിൽ മുഖമമർത്തി അയാളെ ഇടംകണ്ണിട്ട് നോക്കുകയാണ്. അവന്റെ മുഖത്തൊരു പുഞ്ചിരി.

അയാൾ ചോദിച്ചു.

‘ദിനേശ്, ഞാൻ അകത്തു കടന്നോട്ടെ?’