close
Sayahna Sayahna
Search

നന്ദി (തിരഞ്ഞെടുത്ത കഥകൾ — ആമുഖം)


നന്ദി (തിരഞ്ഞെടുത്ത കഥകൾ — ആമുഖം)
EHK Memoir 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഈ ഓർമ്മകൾ മരിക്കാതിരിക്കട്ടെ‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 128

നാല്പത്തഞ്ചു കൊല്ലം (1960 മുതൽ 2005 വരെ) ഒരെഴുത്തുകാരന്റെ ജീവിതത്തിൽ വലിയൊരു കാലയളവാണ്. ഒന്ന് തിരിഞ്ഞുനോക്കാൻ പ്രേരിപ്പിക്കുന്ന ഒരവസരമാണത്. സർഗ്ഗജീവിതത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ഘട്ടം.

ഈ കാലയളവിൽ ഞാൻ പതിനൊന്ന് കഥാസമാഹാരങ്ങളും എട്ടു നോവലുകളും എഴുതി. നൂറ്ററുപതു കഥകളും ചെറുതും വലുതുമായി എട്ടു നോവലുകളും. ‘കൂറകൾ’ എന്ന ആദ്യസമാഹാരത്തിലെ കഥകൾക്കുശേഷം ഏറ്റവും അവസാനം പുറത്തിറക്കിയ ‘അനിതയുടെ വീട്’ എന്ന സമാഹാരത്തിലെ കഥകൾ വരെ എന്റെ വളർച്ചയുടെ പടികൾ വ്യക്തമാക്കുംവിധം ഒരു തിരഞ്ഞെടുത്ത സമാഹാരം പുറത്തിറക്കാനാണ് ഞാൻ ആദ്യം ഉദ്ദേശിച്ചത്. പിന്നീടത് ‘കൂറകൾ’ എന്ന കഥ എഴുതിയ വർഷമായ 1966 മുതൽ 1995 വരെയുള്ള മുപ്പതു വർഷത്തെ കഥകളിൽ നിന്നാക്കി തെരഞ്ഞെടുപ്പ്. കാരണം അതിനുശേഷമുള്ള കഥകളെല്ലാം ഇപ്പോഴും ലഭ്യമാണ്. എന്റെ കഥകളെ വിലയിരുത്താൻ ശ്രമിക്കുമ്പോൾ ഈ കാലയളവിലെ കഥകൾ വളരെ പ്രയോജനപ്പെടും. തെരഞ്ഞടുപ്പ് വേദനാജനകമായിരുന്നു, കാരണം ഒരു കഥയും ഒഴിവാക്കാൻ പറ്റാത്തവിധം പ്രിയതരമാണ്. ഓരോ കഥയും എഴുതിയിട്ടുള്ളത് സൃഷ്ടിയുടെ പേറ്റുനോവ് അനുഭവിച്ചുകൊണ്ടു തന്നെയാണ്. ആത്മാർത്ഥതയില്ലാതെ ഞാൻ ഒരു കഥപോലും എഴുതിയിട്ടില്ല. ചില കഥകൾ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഗൗരവം കുറഞ്ഞതാവാം. പക്ഷേ അങ്ങിനെയുള്ള കഥകളുടെ രചനയിൽ പോലും ആത്മാർത്ഥത കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി ഡോ. മിനി പ്രസാദ് അങ്ങിനെ ഒരു സമാഹാരം പുറത്തിറക്കാൻ നിർബ്ബന്ധിക്കുകയായിരുന്നു. ഏതെല്ലാം കഥകൾ ചേർക്കണമെന്നതിന്റെ മാർഗ്ഗനിർദ്ദേശം കൂടി അവർ തന്നിരുന്നു. അവസാനം തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ആ മാനദണ്ഡങ്ങളിൽ നിന്നെല്ലാം വ്യതിചലിച്ചിട്ടുണ്ട്. ചില കഥകളോട് എനിയ്ക്കുള്ള വ്യക്തിപരമായ അടുപ്പവും, ഈ കാര്യങ്ങളിൽ എന്നെ സഹായിക്കുന്ന എന്റെ സഹധർമ്മിണിയുടെ ഇഷ്ടങ്ങളും മേൽക്കോയ്മയും ഈ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. (എനിയ്ക്ക് നാളെയും ഈ വീട്ടിൽ താമസിച്ചുകൊണ്ട് കഥകളെഴുതണം!) ഇങ്ങിനെ ഒരു സമാഹാരം പുറത്തിറങ്ങാൻ കാരണക്കാരി പക്ഷെ ഡോ. മിനി പ്രസാദാണ്. മനോഹരമായ ഒരവതാരിക എഴുതിത്തന്നതിന് അവർക്കു നന്ദി.

എന്റെ കഥകളെപ്പറ്റി ധാരാളം പേർ എഴുതിയിട്ടുണ്ട്. എല്ലാം കഥകളുടെ ആഴങ്ങളിലേയ്ക്കു കടന്നുചെന്ന് ആസ്വദിച്ചുകൊണ്ട് എഴുതിയവതന്നെ. എന്റെ ഏറ്റവും കൂടുതൽ കഥകളെ സ്പർശിച്ചുകൊണ്ട് ലേഖനമെഴുതിയത് അഡ്വ. എം. കൃഷ്ണകുമാറാണ്. ഒരു കാലത്ത് ചെറുകഥകളെഴുതിയിരുന്ന അദ്ദേഹം ഇന്ന് സഹൃദയനായ ഒരു നല്ല വായനക്കാരനും സാഹിത്യത്തെയും സംഗീതത്തെയും അപഗ്രഥനബുദ്ധിയോടെ സമീപിയ്ക്കുന്ന ഒരാസ്വാദകനുമാണ്. തൊള്ളായിരത്തി എൺപത്തൊമ്പത് ജൂണിൽ മാതൃഭൂമി വാരികയിൽ വന്ന അദ്ദേഹത്തിന്റെ ലേഖനം ‘ഇളവെയിലിന്റെ സാന്ത്വനം’ ഈ സമാഹാരത്തിൽ ചേർത്തിട്ടുണ്ട്. മാത്രമല്ല ഇത്രയും കവിതയുള്ള ഒരു പേര് ഈ സമാഹാരത്തിനുതന്നെ കൊടുക്കാനുള്ള പ്രലോഭനങ്ങളിൽ ഞാൻ വീഴുകയും ചെയ്തു. എന്റെ കഥകളെപ്പറ്റി എഴുതിയ ഓരോരുത്തരേയും ഞാൻ ഈ അവസരത്തിൽ നന്ദിപൂർവ്വം ഓർമ്മിയ്ക്കുന്നു. പേരെടുത്തു പറയുക ഒരു സാഹസമായിരിക്കും. ആ ലേഖനങ്ങൾ മിക്കവയും ഞാൻ എന്റെ വെബ്ബ് സൈറ്റിൽ ചേർത്തിട്ടുണ്ട്.

എന്നെ ഞാനാക്കിയത് എന്റെ പ്രിയപ്പെട്ട വായനക്കാരാണ്. എന്റെ കഥകൾക്കുവേണ്ടി കാത്തിരിക്കുകയും ഓരോ കഥകളും ഒരനുഭവമാക്കി മനസ്സിൽ കൊണ്ടു നടക്കുകയും, ഞാൻ കഥകളൊന്നും എഴുതാതിരിക്കുമ്പോൾ വ്യസനിക്കുകയും ചെയ്യുന്ന വായനക്കാർ. അവരോടുള്ള കടപ്പാടാണ് ഓരോ കഥയും കൂടുതൽ കൂടുതൽ നന്നാക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്. വായനക്കാർ പുഴുക്കൾ എന്ന മനോഭാവം വെച്ചുപുലർത്തുന്ന ഒരു കാലത്ത് ഞാനൊരു പഴഞ്ചനായി വ്യാഖ്യാനിച്ചേക്കാം. സാരമില്ല ഞാൻ വായനക്കാരുടെ പക്ഷത്തുതന്നെയാണ്. ഞാൻ നന്ദി പറയുന്നില്ല, കാരണം എന്റെ ഓരോ കഥയും നോവലും അവർക്കുള്ള നന്ദിപ്രകാശനമാണ്.

പത്തൊമ്പതാം വയസ്സിൽ ‘മഴയുളള രാത്രിയിൽ’ എന്ന കഥയോടെ എഴുത്തു തുടങ്ങിയപ്പോൾ മുതൽ എന്റെ ഏറ്റവും പുതിയ നോവൽ ‘പ്രണയത്തിനൊരു സോഫ്റ്റ് വെയർ’ എഴുതുന്നതുവരെ എന്നെ പ്രോത്സാഹിപ്പിക്കുകയും ഞാൻ കൂടുതൽ അർഹിക്കുന്നുണ്ടെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഏതാനും പത്രാധിപന്മാരുണ്ട്. വർഗ്ഗീസ് കളത്തിൽ (മലയാള മനോരമ), എം.ടി. വാസുദേവൻ നായർ (മാതൃഭൂമി വാരിക), എം.എസ്. മണി (കലാകൗമുദി), എസ്. ജയചന്ദ്രൻ നായർ (കലാകൗമുദി, ഇപ്പോൾ സമകാലിക മലയാളം), എം. ഗോവിന്ദൻ (സമീക്ഷ, ദന്തഗോപുരം), വി.ബി.സി. നായർ (മലയാളനാട്), മണർകാട് മാത്യു (വനിത, മലയാള മനോരമ ഓണപ്പതിപ്പുകൾ), കെ.സി. നാരായണൻ (ഭാഷാപോഷിണി), സിദ്ധാർത്ഥൻ പരുത്തിക്കാട് (ദേശാഭിമാനി), പ്രസാദ് ലക്ഷ്മൺ, എം.കെ. ഹരികുമാർ (കലാകൗമുദി) സഹദേവൻ (മാതൃഭൂമി), ടോണി ചിറ്റേട്ടുകളം (ദീപിക), ജമാൽ കൊച്ചങ്ങാടി (മാധ്യമം), കമൽറാം സജീവ് (മാതൃഭൂമി), മോൻസി ജോസഫ് (ഗൃഹലക്ഷ്മി), യു.എൻ. ഗോപിനായർ (ജ്വാല)… അങ്ങിനെ പോകുന്നു. ചില പേരുകൾ വിട്ടുപോയിട്ടുണ്ടാവാം, മനപ്പൂർവ്വമല്ല. ഇതിനു പുറമെ വാരികകളുടെ പത്രാധിപ സമിതിയിലുള്ള അംഗങ്ങളെയും ഈ പട്ടികയിൽ ഉൾപ്പെടുത്തേണ്ടതാണ്. ഇവർക്കെല്ലാം നന്ദി പറയട്ടെ.

മുതിർന്ന നിരൂപകന്മാരിൽ എന്നോട് വാത്സല്യവും കാരുണ്യവും കാണിച്ചവരിൽ പ്രൊഫ. എം. കൃഷ്ണൻനായർ, ഡോ. എം. ലീലാവതി, പ്രൊഫ. എം. കെ. സാനു എന്നിവർ ഉൾക്കൊള്ളുന്നു. ഇവർക്കു പിമ്പെ വന്ന ഒട്ടനവധി നിരൂപകർ എന്റെ കഥകളെപ്പറ്റിയും നോവലുകളെപ്പറ്റിയും നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്. എല്ലാവരുടെയും പേരുകൾ എടുത്തുപറയാൻ സ്ഥലം കുറേ വേണ്ടിവരും. മാത്രമല്ല അബദ്ധത്തിൽ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അത് ആ വ്യക്തിയോടു ചെയ്യുന്ന അപരാധമായി പോകയും ചെയ്യും. അതുകൊണ്ട് ആ പേരുകൾ എന്റെ മനസ്സിൽത്തന്നെ കിടക്കട്ടെ. ഒരു കാര്യം എനിയ്ക്ക് അഭിമാനപൂർവ്വം പറയാൻ പറ്റും. എന്റെ സാഹിത്യത്തെപ്പറ്റി ഇതുവരെ ഒരു മോശം വിമർശനം വന്നിട്ടില്ല. വരുംകാലങ്ങളിൽ എന്റെ കഥകളും നോവലുകളും കൂടുതൽ പഠനവിധേയമാകുമ്പോൾ ഒരുപക്ഷെ വിമർശനങ്ങളും വരുമായിരിക്കും. പൂക്കളെ സ്വീകരിച്ച അതേ മനസ്സോടെ ഞാൻ മുള്ളുകളെയും സ്വീകരിക്കും.

ഈ സമാഹാരത്തിലൂടെ നടന്നുപോകുന്നവർ എന്റെ ജീവിതത്തിലൂടെ നടക്കുകയാണ് ചെയ്യുന്നത്. എന്റെ സാഹിത്യം എന്റെ ജീവിതത്തിന്റെ ഒരു പരിഛേദമാണ്. ജീവിതാനുഭവങ്ങളുടെ ആകത്തുകയാണ്. അനുഭവങ്ങൾ അപ്പടി പകർത്തുകയല്ല ഞാൻ ചെയ്തത്. അനുഭവങ്ങളുടെ കൊടും യാഥാർത്ഥ്യത്തെ കലാപരമായ പരിവേഷം ചാർത്തി അവതരിപ്പിക്കുകയാണ്. അതിൽ അല്പസ്വല്പം അതിശയോക്തി കലർന്നിട്ടുണ്ടാവാം. സാധാരണ ഒരു പ്രകൃതിദൃശ്യം പോലും കഴിവുള്ള ഒരു ഛായാഗ്രാഹകൻ ക്യാമറയിൽ ഒപ്പിയെടുക്കുമ്പോൾ അല്ലെങ്കിൽ അനുഗ്രഹീതനായ ഒരു ചിത്രകാരൻ കാൻവാസിൽ പകർത്തുമ്പോൾ കൈവരിക്കുന്ന ചാരുത കാണാറില്ലെ. ഒരു ഫ്രെയിമിന്നുള്ളിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന തീരുമാനമാണ് പ്രധാനം. ആവശ്യമില്ലാത്തത് കളയുകയും പ്രധാനപ്പെട്ടവയ്ക്ക് മിഴിവു നൽകുകയും ചെയ്യുന്ന ഈ പ്രക്രിയ ഞാൻ എന്റെ കഥകളിലും ഉപയോഗിച്ചിട്ടുണ്ട്. ഓരോ കഥയും എന്റെ ജീവിതത്തിന്റെ ഓരോ ഫ്രെയിമാണ്. ഈ കാലയളവിലുള്ള പല കഥകളും ഇതിൽ ചേർത്തിട്ടില്ല. രണ്ടു കാരണങ്ങൾ. ഒന്നാമത് സ്ഥലപരിമിതി. രണ്ടാമത് കുട്ടികൾ കഥാപാത്രങ്ങളായി ഞാൻ എഴുതിയിട്ടുള്ള കഥകളുടെ ഒരു സമാഹാരം അടുത്തുതന്നെ ഇറക്കുന്നുണ്ട്. ‘ദിനോസറിന്റെ കുട്ടി’ മാത്രം രണ്ടു സമാഹാരങ്ങളിലും പ്രത്യക്ഷപ്പെടുന്നുണ്ട്, കാരണം ആ കഥയില്ലാതെ ഈ സമാഹാരം തികച്ചും അപൂർണ്ണമായേനെ. ഈ രണ്ടു സമാഹാരങ്ങളും കൂട്ടി വായിച്ചാൽ കുറച്ചുകൂടി വ്യക്തമായ ഒരു ചിത്രം ലഭിക്കും.

സാഹിത്യത്തിൽ മാത്രമല്ല, ജീവിതത്തിലും എന്റെ ഗുരുവായിരുന്നു അച്ഛൻ. അച്ഛനെ ഓർമ്മിച്ചുകൊണ്ടല്ലാതെ ഞാൻ ഒരു വാക്ക് ഇതുവരെ എഴുതിയിട്ടില്ല. ആ ഓർമ്മ എനിയ്ക്കു ധൈര്യം പകരുന്നു. ഞാൻ ധാരാളം കഥകളെഴുതണമെന്ന് അച്ഛനോടൊപ്പം അമ്മയ്ക്കും വളരെ മോഹമുണ്ടായിരുന്നു. പാതിയിൽ വച്ച് നിർത്തിയ സ്വന്തം സാഹിത്യശ്രമങ്ങൾക്ക് മകൻ വഴി പൂർത്തീകരണമുണ്ടാകണമെന്ന് അമ്മ ആഗ്രഹിച്ചിട്ടുണ്ടാകും. മുപ്പതുകളിൽ വിവാഹിതയാകുന്നതുവരെ അമ്മ കഥകളും കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. ടാഗോറിന്റെ ഫ്രൂട്ട് ഗാദറിങ്, കെ.എ. അബ്ബാസിന്റെ ചെറുകഥകൾ തുടങ്ങിയവ മൊഴിമാറ്റം നടത്തുകയും ചെയ്തിട്ടുണ്ട്. ഇവർക്കു രണ്ടുപേർക്കുമായി ഞാൻ ഈ സമാഹാരം സമർപ്പിക്കുകയാണ്.

എന്റെ ജീവിതത്തിന്റെ ഒരു നിർണ്ണായകഘട്ടത്തിൽ ഒപ്പം നിന്ന് എന്നെ പ്രോത്സാഹിപ്പിക്കുകയും, എന്റെ എല്ലാ ഭ്രാന്തുകളും സഹിച്ച് എന്നെ ആശ്വസിപ്പിക്കുകയും ചെയ്ത എന്റെ സഹധർമ്മിണി ലളിതയ്ക്ക് നന്ദി പറയണോ എന്നറിയില്ല. അവളില്ലായിരുന്നെങ്കിൽ ഞാനിന്ന് എഴുതിയതിന്റെ പകുതിപോലും എഴുതുകയുണ്ടാവില്ല.

നാല്പത്തഞ്ചു കൊല്ലത്തെ സർഗ്ഗജീവിതത്തിൽ ഞാൻ തൃപ്തനാണോ എന്ന ചോദ്യത്തിന് മറുപടി തരാൻ എനിയ്ക്കു വിഷമമുണ്ടാവും, പക്ഷെ വായനക്കാരുടെ പ്രതികരണത്തിൽ തൃപ്തനാണോ എന്ന ചോദ്യത്തിന് എന്റെ മറുപടി ‘അതെ’ എന്നായിരിക്കും. അവർ എന്നെ സ്‌നേഹത്തോടെ സ്വീകരിച്ചിരിക്കുന്നു. എന്റെ പ്രിയപ്പെട്ട വായനക്കാരെ, നന്ദി.