close
Sayahna Sayahna
Search

നാടോടിപ്പാട്ടുകള്‍ III


നാടോടിപ്പാട്ടുകള്‍ III
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്

Contents

നാടോടിപ്പാട്ടുകള്‍ III

തെക്കന്‍പാട്ടുകള്‍

തെക്കന്‍ തിരുവിതാങ്കൂറില്‍ വില്ലടിച്ചാന്‍പാട്ടു് അല്ലെങ്കില്‍ വില്ലുകൊട്ടിപ്പാട്ടു് എന്നൊരു കഥാഗാനസമ്പ്രദായം ഇന്നും പ്രചരിയ്ക്കുന്നുണ്ടു്. അവിടത്തേ തമിഴരുടെ സംഭാഷണരീതിയിലുള്ള പ്രാകൃതത്തമിഴിലാണു് ആ സമ്പ്രദായത്തില്‍ ഉള്‍പ്പെടുന്ന പാട്ടുകള്‍ പ്രായേണ രചിക്കപ്പെട്ടിട്ടുള്ളതു്. മലയാളമല്ലെന്നു മലയാളികളും നല്ല തമിഴല്ലെന്നു തമിഴരും ആ പാട്ടുകളെ പുച്ഛിച്ചു ത്രിശങ്കുസ്വര്‍ഗ്ഗത്തില്‍ തള്ളിനിറുത്താറുണ്ടെങ്കിലും അവയ്ക്കും വടക്കന്‍പാട്ടുകളെപ്പോലെ തന്നെ അക്ലിഷ്ടമനോഹരമായ ഒരാകൃതിയും അനന്യസുലഭമായ ഒരാവര്‍ജ്ജകതയും ഉണ്ടു്.ʻʻവാഗ്ദേവീമുഖാംഭോജനിസ്സൃതം മുഗ്ദ്ധേഭാഷിതംˮ എന്നു് ഈ രണ്ടിനത്തിലുള്ള കൃതികളെപ്പറ്റിയും പറയാം. വില്ലടിച്ചാന്‍പാട്ടുകാരുടെ ഗീതോപകരണങ്ങള്‍ വില്ലു, കുടം, കോല്‍ ഇവയാണു്. വില്ലില്‍ രണ്ടറ്റത്തുമോ നെടുനീളയോ മണികള്‍ കെട്ടിയിരിക്കും. കുടം ലോഹനിര്‍മ്മിതമായിരിക്കണം; അതിന്റെ മുഖം തോല്‍ക്കൊണ്ടു കെട്ടിയടിച്ചിരിക്കും, തലയ്ക്കല്‍ വലതുവശമായിരുന്നു് ആശാന്‍ (പുലവര്‍) വില്ലിലും എതിര്‍വശമായിരുന്നു് ശിഷ്യര്‍ കുടത്തിലും കോല്‍കൊണ്ടു കൊട്ടും. വില്ലു മുഖ്യോപകരണമാകയാലാണു് വില്ലടിച്ചാന്‍പാട്ടുകള്‍ക്കു് ആ പേര്‍ വന്നതെന്നു പറയേണ്ടതില്ലല്ലോ; തെക്കന്‍പാട്ടുകളെ (1) ബാധാപ്രീതികരങ്ങളെന്നും (2) ദേശചരിത്രപരങ്ങളെന്നും (3) ദേവാരാധനോപയുക്തങ്ങളെന്നും മൂന്നിനമായി വിഭജിക്കാം. ധീരോദാത്തന്മാരായ രാജാക്കന്മാര്‍, ദേശഭക്തന്മാരായ സേനാനിമാര്‍, പതിവ്രതകളായ മനസ്വിനിമാര്‍, മുതലായവര്‍ അപമൃത്യുവിനു വശഗരാകുമ്പോള്‍ അവര്‍ മാടന്‍ യക്ഷി മുതലായ രൂപങ്ങള്‍ കൈക്കൊള്ളുമെന്നും, പൂര്‍വാപദാനങ്ങള്‍ വാഴ്ത്തി അവരെ പ്രീതിപ്പെടുത്തേണ്ടതു് ഐഹികക്ഷേമത്തിനു് അത്യാവശ്യകമാണെന്നുമുള്ള വിശ്വാസംനിമിത്തമാണു് അവരെപ്പറ്റി ജനങ്ങള്‍ വില്പാട്ടുകള്‍ പാടിക്കുന്നതു്. ആ പാട്ടുകള്‍ നമുക്കു രാജ്യചരിത്രം, സമുദായചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ അമൂല്യങ്ങളായ അറിവുകള്‍ നല്കുവാന്‍ പര്യാപ്തങ്ങളാകുന്നു. കൊല്ലത്തിനു വടക്കു് ഈവകപ്പാട്ടുകള്‍ പാടിവരുന്നതായി അറിയുന്നില്ല. മറ്റു പല സാഹിത്യവിഭാഗങ്ങളുടേയുമെന്നപോലെ വില്പാട്ടുകളുടെ കാര്യത്തിലും പുരാണകഥകള്‍ ചരിത്രകഥകളെ കാലക്രമേണ ഗളഹസ്തംചെയ്തുകാണുന്നുണ്ടെങ്കിലും ദുര്‍ദ്ദേവതകളെപ്പറ്റിയുള്ള വിശ്വാസവും ഭയവും ഇന്നും ഉള്‍നാടുകളില്‍നിന്നു് മുഴുവന്‍ മറഞ്ഞുപോയിട്ടില്ലാത്തതുകൊണ്ടു് ആ കഥകളെ ജനങ്ങള്‍ ആകമാനം വിസ്മരിക്കുക കഴിഞ്ഞിട്ടില്ല. ചില പ്രത്യേക ദിവസങ്ങളില്‍ ഓരോ സ്ഥലത്തു് ഓരോ പാട്ടുകള്‍ പാടി ആ ദേവതകളുടെ പ്രീതി സമ്പാദിക്കുവാന്‍ ഇന്നും ഗ്രാമീണന്മാര്‍ ശ്രദ്ധിക്കാറുണ്ടു്.

ബാധാപ്രീതികരങ്ങളായ പാട്ടുകള്‍

ഉപക്രമവും ഉപസംഹാരവും

ഗണപതിവന്ദനം, സരസ്വതീവന്ദനം, ഇഷ്ടദേവതാവന്ദനം, ഗുരുവന്ദനം, സഭാവന്ദനം, ഇവയെല്ലാം ഉപക്രമരൂപത്തിലുള്ള ചില പാട്ടുകള്‍കൊണ്ടു ഗായകന്മാര്‍ നിര്‍വ്വഹിക്കുന്നു. ഒടുവില്‍ ഗാനത്തിനു വിഷയീഭവിക്കുന്ന നായകന്റെ പ്രസാദത്തിനുവേണ്ടി പന്തല്‍വരം, പൂപ്പടകുടിയിരുത്തു് ഈ പേരുകളില്‍ ചില പാട്ടുകളും പാടാറുണ്ടു്. പുതുവാതപ്പാട്ടിലെ പന്തല്‍വരത്തില്‍നിന്നു് ഒരു ഭാഗമാണു് താഴെ ഉദ്ധരിക്കുന്നതു്.

ʻʻതമ്പിരാനേ, പെരിയോനേ! ചന്തമൊത്ത പൂപ്പടയ്ക്കു
ഇമ്പമാക വിളയാടിവായേ; ഇതത്ത പുതുവാതത്തമ്പിരാനേ!
ആടുകിലും മന്നാ ആടിവായേ ചൂടുകിലും മന്നാ, ചൂടിവായേ,
ചെങ്ങഴുനീര്‍ മാലചൂടിവായേ ... ... ... ... ... ... ...
തുടലറുത്തന ആനപോലെ തുള്ളിയാടിവായേ തമ്പിരാനേ!
കടിയകട്ടിയലും കൈയുമാക കളിത്താടിവായേ തമ്പിരാനേ!
മന്നവരുടവാളുമിറുക്കപ്പൂട്ടി മണ്ടിവിളയാടും പൂപ്പടയ്ക്കു.ˮ

കാലവും കവികളും

ക്രി.പി. ഒന്‍പതാം ശതകത്തില്‍ നടന്ന സംഭവങ്ങളെപ്പറ്റിയുള്ള പാട്ടുകള്‍പോലും കാണ്മാനുണ്ടെങ്കിലും അവയില്‍ പില്‍ക്കാലങ്ങളില്‍ പല പ്രക്ഷിപ്തങ്ങള്‍ കടന്നുകൂടീട്ടുണ്ടു്. ʻʻദിവാന്‍വെറ്റിˮ എന്ന പേരില്‍ രായകേശവദാസനെയും മറ്റും പുകഴ്ത്തി ക്രി.പി. പതിനെട്ടാം ശതകത്തില്‍ ഒരു പാട്ടുണ്ടായി. ഇപ്പോഴും ചില പുതിയ പാട്ടുകള്‍ ചിലര്‍ രചിക്കുകയും അവയെ ഗാനകന്മാര്‍ പാടുകയും ചെയ്യാറുണ്ടു്. അക്കൂട്ടത്തില്‍ തിരുവിതാംകൂറിലെ ക്ഷേത്രപ്രവേശനവിളംബരത്തെപ്പറ്റിയുള്ള ഒരു പാട്ടു പാടുന്നതു ഞാന്‍തന്നെ ആയിടയ്ക്കു കേള്‍ക്കുകയുണ്ടായി. വില്പാട്ടുകളുടെ നിര്‍മ്മാതാക്കള്‍ക്കു് ഒരു ഭാഷയിലും പറയത്തക്ക ജ്ഞാനമുണ്ടായിരുന്നില്ല. അവരെല്ലാം തീരെ അപ്രസിദ്ധന്മാരുമാണു്. പൂവാറ്റേ (നെയ്യാറ്റിന്‍കരത്താലൂക്കില്‍) ചേരമാണിക്കപ്പുലവര്‍, പരപ്പക്കുട്ടിപ്പുലവര്‍, ഇങ്ങനെ ചില ഗുരുക്കന്മാരെപ്പറ്റി മാത്രമേ അവര്‍ പ്രസ്താവിച്ചുകാണുന്നുള്ളു. ഇടക്കാലങ്ങളില്‍ ചില പുലവന്മാര്‍ പഴയ പാട്ടുകള്‍ക്കു പകരം പുതിയ പാട്ടുകള്‍ ഉണ്ടാക്കി പാടിത്തുടങ്ങി. അങ്ങനെയുള്ള പാട്ടുകളെ ʻപുത്തന്‍ʼ എന്നു പറഞ്ഞുവരുന്നു. ഗണപതിപുത്തന്‍, പുരവിയേറ്റുപുത്തന്‍, ചുമടുകെട്ടിയപുത്തന്‍, ഇരവിക്കുട്ടിപ്പിള്ളപട്ടുപോയ പുത്തന്‍, എന്നും മറ്റും പല പുത്തന്‍പാട്ടുകള്‍ അത്തരത്തിലുണ്ടു്. ചില പഴയ വില്ലടിച്ചാന്‍പാട്ടുകളെപ്പറ്റി ഇനി ചുരുക്കത്തില്‍ പ്രസ്താവിയ്ക്കാം.

കന്നടിയന്‍പോരു്

പാണ്ഡ്യവംശജനായ കുലശേഖരന്‍ എന്ന (പൊന്നുംപാണ്ഡ്യന്‍ എന്നും പറയും) ഒരു രാജാവും അദ്ദേഹത്തിന്റെ നാലു് അനുജന്മാരും കൂടി ക്രി.പി. 1265-ആണ്ടു് വള്ളിയൂരില്‍ പുത്തനായി ഒരു ദുര്‍ഗ്ഗാക്ഷേത്രവും കോട്ടയും പണിയിച്ചു് അവിടെ രാജ്യഭാരമാരംഭിച്ചു.

ʻʻനല്ലകൊല്ലം നാനൂറു നാല്പത്തൊന്നാമാണ്ടില്‍
ചെപ്പമുള്ള ചിങ്ങമാസം പതിനൊന്നാം തേതിയിലേ
നാലുതിക്കും കോട്ടൈ കെട്ട നല്ല മരം മുനൈയറൈന്താര്‍.ˮ

കാഞ്ചീപുരത്തിനു വടക്കു കന്നടിയന്‍ എന്നൊരു വടുകരാജാവു് അക്കാലത്തു ജീവിച്ചിരുന്നു. ആ രാജാവിന്റെ പുത്രി വള്ളിയൂര്‍ രാജാവിന്റെ ചിത്രം കണ്ടു് അദ്ദേഹത്തെ കാമിച്ചു. കന്നടിയന്‍ കുലശേഖരനോടു തന്റെ മകളെ വിവാഹം ചെയ്യണമെന്നപേക്ഷിച്ചു എങ്കിലും അദ്ദേഹത്തിന്റെ കുടുംബം ജാതിയില്‍ കിഴിഞ്ഞതാകയാല്‍ ആ യുവതിയുമായുള്ള ബന്ധം തനിക്കു് അവിഹിതമാണെന്നു കുലശേഖരന്‍ മറുപടി അയച്ചു. ആ പ്രതിസന്ദേശം കന്നടിയനെ അത്യന്തം ക്ഷോഭിപ്പിച്ചു. കുലശേഖരനെ യുദ്ധത്തില്‍ ജയിച്ചു ബന്ധനസ്ഥനാക്കിയെങ്കിലും തന്റെ പുത്രിയെ അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിപ്പിക്കുന്നുണ്ടെന്നു് ആ വീരന്‍ പ്രതിജ്ഞചെയ്തു. കന്നടിയന്‍ പുത്രിയോടും ഒരു വലിയ സൈന്യത്തോടും കൂടി വള്ളിയൂര്‍ക്കോട്ട വളഞ്ഞു. വള്ളിയൂരിലെ യോദ്ധാക്കള്‍ ആ അതിക്രമത്തെ സധൈര്യം തടുത്തു. കോട്ടയ്ക്കകത്തേക്കു വെള്ളം പാഞ്ഞുകൊണ്ടിരുന്ന കാല്‍വായിലെ മടകള്‍ ശത്രുക്കള്‍ അടച്ചു; എങ്കിലും കുലശേഖരനു തന്നിമിത്തം യാതൊരു ഹാനിയും തട്ടിയില്ല. അങ്ങനെയിരിക്കേ ഒരു കള്ളമടയില്‍ക്കൂടി കോട്ടയ്ക്കകത്തുള്ള നീരാഴിയില്‍ പിന്നെയും വെള്ളം പാഞ്ഞുകൊണ്ടിരുന്നതു് ഒരു ഇടച്ചിയില്‍നിന്നു വടുകരാജാവു മനസ്സിലാക്കി അതിനേയും അടച്ചു. അതോടുകൂടി കുലശേഖരന്‍ അവിടെ നിന്നോടി അന്നു പത്മനാഭപുരത്തിനു സമീപം കേരളപുരത്തു രാജധാനിയില്‍ താമസിച്ചിരുന്ന തിരുവിതാങ്കൂര്‍ മഹാരാജാവിനെ അഭയം പ്രാപിക്കുകയും അവിടെനിന്നു ലഭിച്ച സൈന്യസാഹായത്തോടുകൂടി കന്നടിയനോടു വീണ്ടും യുദ്ധം ചെയ്യുകയും ചെയ്തു. ആ യുദ്ധത്തില്‍ കുലശേഖരന്‍ പരാജിതനും ബന്ദിയുമായി. അദ്ദേഹത്തെ ഒരു മഞ്ചലില്‍ കയറ്റി സേനാപതി കന്നടിയന്റെ സന്നിധിയിലേക്കു കൊണ്ടു പോയി; പക്ഷേ വഴിക്കുവച്ചു് ആ ക്ഷത്രിയവീരന്‍ വാള്‍കൊണ്ടു കഴുത്തുവെട്ടി ആത്മഹത്യ ചെയ്തുകഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവം മാത്രമേ ശത്രുവിനു ലഭിച്ചുള്ളു. കന്നടിയന്റെ സുന്ദരിയായ പുത്രി ആ ശവത്തെ മാലയിട്ടു് അഗ്നിപ്രവേശം ചെയ്തു. കന്നടിയന്‍ ദുഃഖിതനായി അവിടെ വിട്ടു സ്വദേശത്തേയ്ക്കു പോകുകയും വള്ളിയൂര്‍ രാജ്യം തിരുവിതാങ്കോട്ടേയ്ക്ക് അടങ്ങുകയും ചെയ്തു. ഇതാണു് കന്നടിയന്‍ പോരിലെ ഇതിവൃത്തം.

ആ പാട്ടിലെ ചില ഭാഗങ്ങള്‍

രാജപുത്രി കുലശേഖരന്റെ പടം കാണുന്ന ഭാഗത്തില്‍നിന്നാകുന്നു താഴെ കാണുന്ന വരികള്‍ ഉദ്ധരിക്കുന്നതു്.

ʻʻപണ്ടാരങ്കള്‍ ചിലപേര്‍കള്‍ പാണ്ടിമന്നര്‍ വടിവതെല്ലാം
കണ്ടിരുന്തു പടമെഴുതിക്കാവിയംപോല്‍ കൊണ്ടുചെന്റു

* * *


മന്നവനാര്‍ വടിവതെല്ലാം വയ്യകത്തിലെങ്കും കാട്ടി
കന്നിടിയന്‍ ശീമയിലേ കന്നിനല്ലാള്‍ വീത്തിരുക്കും
പൊന്നുമണിമേടയിലേ പോയ്പകുന്താര്‍ പാടവെന്റു.
ചെന്റു നിന്റു പാടിടവേ തേന്‍മയലും മൊഴിമടവാര്‍
മണ്ടിച്ചെന്റു പൂങ്കുഴലാള്‍ മങ്കയവള്‍ പാര്‍ത്തിരുന്താള്‍.
പാര്‍ത്തിരുന്ത വേളയിലെ പാണ്ടിമന്നരൈവരിലും
അന്ത മന്നര്‍ വടിവൈക്കേട്ട ചങ്കിമെത്തത്തിചങ്കിവിട്ടാള്‍.
കുന്തലതു കുലൈന്തിടവേ കൊടിയിടയാളാടിവര
പൊന്‍തുകിലും പേണാമല്‍ പൂവണൈ മേലേ ചന്തിന്താള്‍:ˮ

ആ യുവതി അച്ഛനോടു തന്റെ അന്തര്‍ഗ്ഗതം ഇങ്ങനെ അറിയിക്കുന്നു.

ʻʻഅന്തവണ്ണം തകപ്പനുട അടുക്കയങ്കേ ചെന്റു നിന്റു
മുന്തിയടി തൊഴുതിറങ്കി [1]മൊയ് കുഴലാളുരത്തിടുവാള്‍.
ʻʻആണ്ടവനേ, എന്നുടയ അപ്പച്ചിയാരൊന്റു കേളായ്
നാനിരുന്തു ചടൈത്തിടിലും നരൈത്തകൊണ്ടൈ മുടിത്തിടിലും
[2]ഊനിരന്തു കളിത്തിടിലുമുയിരിളന്തു പോയിടിലും
കൊറ്റവനാര്‍ പാണ്ടിമന്നന്‍ കുലശേഖരന്‍ താനൊഴിയ
മറ്റൊരുവരെന്നൈവന്തു മാലയിട നിനൈപ്പതില്ലൈ
എഴുതവൊണ്ണാവടിവഴകന്‍ ഇലങ്കുംമുടി പാണ്ടിയന്‍താന്‍
പഴുതറവേ മാലയിട്ടു പടിയരുളാതിരുന്തിടുകില്‍
അഴുത കണ്ണീരാറാമല്‍ അക്കിനിയില്‍ നാന്‍ വീഴ്വേന്‍.
വീഴ്വതുതാന്‍ നിച്ചയമേ; വെണ്‍കനലില്‍ നാന്‍ വിഴുവേന്‍
വാഴ്വതില്ലൈയൊരുവരോടേ മന്നവരൈത്താനൊഴിയ.ˮ

ദൂതന്‍ ചെന്നു കന്നടിയന്റെ ഇങ്ഗിതമറിയിച്ചപ്പോള്‍ കുലശേഖരന്‍ –-

ʻʻപണ്ടിരുന്ത കന്നടിയര്‍ പാണ്ടിയരാചാക്കളോടേ
കൊണ്ടിരുക്ക വേണമെന്റു കൂറിവിട്ട ഞായമുണ്ടോ?ˮ

എന്നു ചോദിച്ചു. ആ വിവരം കന്നടിയന്‍ അറിയുകയും പുത്രിയുടെ പ്രവൃദ്ധമായ പാരവശ്യം കാണുകയും ചെയ്തപ്പോള്‍

ʻʻഇണങ്കിയും താന്‍ പിണങ്കിയും താന്‍ എന്ന വകൈയാകിലും താന്‍
മണംചെയ്യിപ്പേനുന്തനുക്കു, മകളേ, നീയും മലങ്കാതേ.ˮ

എന്നു് അവളെ സമാധാനപ്പെടുത്തി. പിന്നീടാണു് കന്നടിയന്റെ യുദ്ധയാത്ര. ഇടയില്‍ പല ഉപകഥകളും കൂട്ടിച്ചേര്‍ത്തിട്ടുണ്ടു്. കുലശേഖരന്‍ ഒരു വേശ്യയെക്കണ്ടു മോഹിച്ചു് അവളുടെ താമസസ്ഥലത്തുപോയി തിരിയെ പള്ളിയറയില്‍ വരുമ്പോള്‍ പട്ടമഹിഷി പറയുന്ന വാക്കുകളാണു് താഴെ ഉദ്ധരിക്കുന്നതു്.

ʻʻപാര്‍ത്തിരുക്കും വേളയിലേ പാണ്ടിമന്നര്‍ കുലശേഖരര്‍
കാത്തിരുന്ത ഓട്ടനോടേ കടുകയങ്കേ ചെല്ലുവാരാം.
ചണ്ടയിടുകളവര്‍ വന്തു തനിവഴിമേല്‍ മറിത്തുകൊണ്ടു
കൊണ്ടുപോന പണ്ടമെല്ലാം കൊടുത്തുവിട മനിതരൈപ്പോല്‍
മങ്കനല്ലാള്‍ വീത്തിരുക്കും മണ്ടപത്തില്‍ വന്തിരുന്താര്‍.
വന്തിരുന്ത മന്നവര്‍തന്‍ വളപ്പമെല്ലാം കേട്ടപോതേ
വന്തു[3]ചാവായ്പ്പെണ്‍കൊടിയാള്‍ തെന്നവനോടേതു ചൊല്‍വാള്‍
തെന്നവനേ, മന്നവനേ, തെന്‍മതിരൈക്കാവലവാ!
മന്നവനേ, പാണ്ടിയനേ, മഞ്ചൈവിട്ടു വിലകു മന്നാ
മുകപ്പണിയുമെടുത്തണിന്തു മുഴുത്തുമിന്നപ്പാതിരാവും
ഇപ്പൊഴുതേ പോനവിടം എനക്കറിയച്ചൊല്ലുˮമെന്റാള്‍.
ʻʻപാളയത്തില്‍ [4]വേളയങ്കള്‍ പാര്‍ത്തുവരപ്പോനേന്‍ നാന്‍.ˮ
ʻʻകയ്യിലിട്ട വളയലെങ്കേ കാല്പന്തിയുമെങ്കെ മന്നാ?ˮ

* * *


ʻʻ[5]പന്നുതമിഴ്പ്പെണ്‍കൊടിയേ, പാളയത്തില്‍പ്പോറനേരം
കന്നിയിളംപെണ്‍കൊടിയേ കഴറ്റിവൈത്തുപ്പോനേന്‍ നാന്‍ˮ
ʻʻകഴറ്റിവൈത്തുപ്പോനാക്കാല്‍കരുവേലത്തില്‍ക്കാണാതോ?
[6]പൂരായം പറൈന്തീരോ പുകള്‍പെരിയ പാണ്ടിയനേ?
പാളയത്തില്‍പ്പോനവര്‍ക്കു പരിമളങ്കള്‍ വീശിടുമോ?ˮ

* * *


ʻʻപരദേശിയൈത്തൊട്ടവര്‍കള്‍ പള്ളിയറയിലുമാകാതുˮ
[7]കാതിയവരിരുപേരും കണ്‍ചീറിത്തങ്കളിലേ
പള്ളിയറൈ വേറെയാനാര്‍! പടുക്കൈയങ്കെ വേറെയാനാര്‍.ˮ

ഒരു ചിത്തിരമാസം പതിനെട്ടാം തീയതിയായിരുന്നുവത്രേ രാജകുമാരി ശവത്തെ വിവാഹം ചെയ്തതു്. അവള്‍

ʻʻഎന്നാലേ പാണ്ടിമന്നര്‍ ഇറന്തുവിട്ടാര്‍! മൂടാവുക്കുള്‍
ഇങ്കിരുന്താല്‍പ്പോരാതു ഇനി നമുക്കുപ്പോക്കുമില്ലൈˮ

എന്നും പറഞ്ഞുകൊണ്ടു്-

ʻʻതാമ്രവണ്ണിത്തെന്‍കരൈയില്‍ത്താവാരക്കരൈയതിലേ
ചന്തണമും കാരകിലും തറിത്തു നല്ല കട്ടൈ കുട്ടിˮ

അതില്‍ തീയെരിച്ചു്-

ʻʻവെന്തെഴുന്ത തീക്കുഴിയില്‍ മെല്ലിനല്ലാള്‍താന്‍ നടന്താള്‍
മാലൈക്കഴുത്തോടേ മഞ്ചണൈപ്പൂച്ചോടേˮ

അഗ്നിപ്രവേശം ചെയ്തു. ആ കുണ്ഡത്തില്‍നിന്നു ചെമ്പകക്കുട്ടി എന്ന ദുര്‍ദ്ദേവതയായി ആ സാധ്വി പുനരുത്ഥാനം ചെയ്തു തനിക്കും തന്റെ പ്രാണനാഥനും ഓരോ അമ്പലം വേണമെന്നു കന്നടിയനു സ്വപ്നം കാണിക്കുകയും കന്നടിയന്‍ ആ അപേക്ഷ അനുസരിച്ചു വള്ളിയൂരിനടുത്തുള്ള ഒരു മലയില്‍ രണ്ടു ക്ഷേത്രങ്ങള്‍ പണിയിക്കുകയും ചെയ്തു. ആ മലയ്ക്കു വടുകച്ചിമലയെന്നാണു് ഇന്നും പേര്‍ പറയുന്നതു്.

ഉലകുടപെരുമാള്‍ പാട്ടു്

ഇതിനെ തമ്പുരാന്‍പാട്ടെന്നും പറയുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ഊരൂട്ടമ്പലമെന്ന പേരില്‍ ഇന്നും ചില ക്ഷേത്രങ്ങള്‍ കാണ്മാനുണ്ടു്. ഊരൂട്ടമ്പലം എന്നാല്‍ ഊരുകാര്‍ (ഗ്രാമജനങ്ങള്‍) ഊട്ടും പാട്ടും നടത്തുന്ന അമ്പലമെന്നാണര്‍ത്ഥം. ഈ ക്ഷേത്രങ്ങളെ അധിവാസം ചെയ്യുന്ന മൂര്‍ത്തിയാണു് ഉലകുടപെരുമാള്‍ അല്ലെങ്കില്‍ ഉലകുടയ തമ്പുരാന്‍. ഇവയില്‍ മുന്‍കാലങ്ങളില്‍ കുംഭമാസത്തില്‍ കൊടിയേറ്റും ഉത്സവവും ഒടുവില്‍ പട (പടയണി) യെന്ന പേരില്‍ ഉലകുടയതമ്പുരാന്റെ യുദ്ധയാത്രാഭിനയവും ഉണ്ടായിരുന്നതായി കേട്ടുകേള്‍വിയുണ്ടു്. ഇപ്പോഴും ചില ആഘോഷങ്ങള്‍ ഇല്ലെന്നില്ല.

ഇതിവൃത്തം

പണ്ടു വൈകക്കര എന്ന സ്ഥലത്തു പാണ്ഡ്യമഹാരാജാവിന്റെ ബന്ധുക്കളായ അഞ്ചുരാജാക്കന്മാരും അവരുടെ സഹോദരിയായി മാലയമ്മ എന്നൊരു രാജകുമാരിയും താമസിച്ചിരുന്നു. ആ അഞ്ചുരാജാക്കന്മാരേയും പാണ്ഡ്യ മഹാരാവു് യുദ്ധത്തില്‍ വെട്ടിക്കൊന്നു. സഹോദരിയെ തമ്പുപ്പെരുമാള്‍ എന്നൊരു രാജാവു വിവാഹംചെയ്തു. ആ കുമാരി സാന്തനലാഭത്തിനായി വൈകക്കര ഭദ്രകാളിയെ ഭക്തിപൂര്‍വം ഭജിക്കുകയും ആ ദേവിയുടെ അനുഗ്രഹത്താല്‍ ഗര്‍ഭം ധരിച്ചു കൊല്ലം അഞ്ചാം ആണ്ടു കന്നിമാസത്തില്‍ വെള്ളിയാഴ്ചയും ഉത്രം നക്ഷത്രവും പൂര്‍വപക്ഷപഞ്ചമിയും കൂടിയ ദിവസം ഒരു പുരുഷപ്രജയെ പ്രസവിക്കുകയും ചെയ്തു. ആ പ്രജയാണു് കഥാനായകന്‍. ഉലകുടപെരുമാള്‍പാട്ടില്‍ വൈകക്കരത്തായാരുടെ പള്ളിക്കെട്ടുകഥ, തിരുപ്പൂത്തുകഥ, ഭജനമിരുന്ന കഥ, ഗര്‍ഭമുണ്ടായ കഥ, ബാലന്‍ ജനിച്ച കഥ, എഴുത്തും പയറ്റും പഠിച്ച കഥ, കടലില്‍പോരു്, മുടിവെച്ച കഥ, മതിലിടിച്ച കഥ, വാളു വാങ്ങിയ കഥ, പടനടപ്പ്, പാലംകെട്ട്, മതിരപ്പോരു്, രണ്ടാംപോരു്, തൂക്കക്കൂറ്, ഇങ്ങനെ ഒട്ടനേകം വിഭാഗങ്ങളുണ്ടു്. ഈ വിഭാഗങ്ങളില്‍ ഓരോന്നിലും മുപ്പത്തിമൂന്നു കാത (ഗാഥ) വീതമുണ്ടെന്നു പഴമക്കാര്‍ പറയുന്നു. ഉലകുടപെരുമാള്‍ പതിനാറാമത്തെ വയസ്സില്‍ രാജ്യാഭിഷിക്തനായി പതിനേഴു വര്‍ഷകാലത്തേയ്ക്കു് അസാധാരണമായ വൈഭവത്തോടുകൂടി പ്രജകളെ പരിപാലനം ചെയ്തു. അഭിഷിക്തനായ ക്ഷണത്തില്‍ കുലദേവതയായ ഭദ്രകാളിയെ തീവ്രമായ നിഷ്ഠയോടുകൂടി ആരാധിച്ചു. ദേവി യഥാവസരം പ്രത്യക്ഷീഭവിക്കുകയും ചെയ്തു.

ʻʻമുക്കിയ മുള്ളന മുടിയുമ്മെകിറും[8]
മുടിമേലേ ചുറ്റിന അരവണിയും
അക്കിനിയെരിയുംപോല്‍ മിഴിയഴകും
ആനയെടുത്തശയുന്നന കുഴയും
തക്ക വില്ലിട്ടു പണിയും ചെറുനകയും
താലികള്‍ താവടവും മോതിരവും
കൈക്കിതമൊത്തന ആയുതമനവതി
കൈത്താരില്‍ പലപണിയതുകണ്ടാര്‍ˮ

ആ ഭയങ്കരമായ രൂപംകൊണ്ടു പെരുമാള്‍ ഭദ്രകാളിയോടു് ഇങ്ങനെ നിവേദനം ചെയ്തു.

ʻഓമനയായ് നമസ്കരിത്തങ്കിളകിനിന്നു
ഉലകുടപെരുമാളൊന്നറിയിത്തങ്കേʼ
ʻʻഏമമതുചെയ്‌വേനെന്നോ എന്‍ തായാരേ?
ഇക്കോലം ചമൈന്തുവരച്ചൊന്നതാരു?
ആമളത്താലരിയയനും[9]ചിവനും[10]മാലും
ആനത്തുയിരും തേവമാരും മുനിയും വിണ്ണോര്‍
ചോമനെ മുന്‍ചിടയില്‍വൈത്ത പരമീചരും
ചൊല്ലിവിട്ടതുണ്ടോ കേളെന്നതായേ?
ഔവനത്താലീരെട്ടുക്കരമിണങ്ക
ആയുതങ്കളെടുത്തുവന്തതേതോ തായേ?
മൌവനത്താല്‍ വമ്പുടയ താരുകന്‍താന്‍
മാലയിട വന്തിവിടെ നില്പതുണ്ടോ?
എവ്വനത്താലന്നവനെ വതിത്തപോലെ
എന്നെയിന്നു കൊല്ലവന്താല്‍ നാനേന്‍ ചേയ്‌വന്‍.
കൗവനത്തില്‍ കൊടുങ്കാറ്റടിത്തിടിലും
കാതലുള്ള മരം മുറിന്തുപോകാതെന്നാര്‍
അക്കണത്താലെന്‍ തലമേലെഴുതിനവന്‍
അല്ലെന്നു പിന്നെ മറുത്തെഴുതുവാനോ?
ഇക്കണക്കായെന്തനെയുമുളവതാക്കി
ഇത്തനൈനാള്‍ വളത്തവളേ, തമ്പിരാട്ടി;
ഉള്‍ക്കനത്താല്‍ മണ്ണുരുവും പിടിച്ചുവച്ചാ-
ലുടയ്ക്കനിനൈന്താലതുക്കൊരരുമയുണ്ടോ?
അക്കനത്താലഞ്ചിറവനല്ല നാനും;
അടിയനുക്കിങ്കുടവാള്‍ തന്തനുപ്പവേണമെന്നാര്‍ˮ

അങ്ങനെ വാദിച്ചു് ഉടവാള്‍, മാല, കിരീടം, മുതലായ പരിച്ഛദങ്ങള്‍ വാങ്ങി (ʻമാമര്‍പഴിമീളുകയ്ക്കുʼ) അമ്മാവന്മാരെ വധിച്ച പക തീര്‍ക്കുന്നതിനായി മധുരമഹാരാജാവിനോടു യുദ്ധം ചെയ്തു് അദ്ദേഹത്തിന്റെ ആറു സഹോദരന്മാരേയും വധിച്ചു. പരാജിതനായ പാണ്ഡ്യന്‍ പരദേവതയായ ചൊക്കനാഥസ്വാമിയെ ഭജിച്ചു. ചില വിശിഷ്ടവരങ്ങള്‍ വാങ്ങി വീണ്ടും പെരുമാളോടു യുദ്ധം ചെയ്തു. ആ യുദ്ധത്തില്‍ പെരുമാള്‍ക്കു ഭദ്രകാളി നല്കിയ വാള്‍ മുറിഞ്ഞുപോയി. അത്തരത്തില്‍ ഒരപശകുനം കണ്ടാല്‍ പിന്നീടു പോര്‍ തുടങ്ങരുതെന്നായിരുന്നു ദേവിയുടെ അരുളപ്പാട്ടു്. അതനുസരിച്ചു കഥാനായകന്‍ യുദ്ധത്തില്‍നിന്നു തല്‍ക്കാലം പിന്മാറിയെങ്കിലും ഉത്തരക്ഷണത്തില്‍ ഒരു യഥാര്‍ത്ഥ ക്ഷത്രിയവീരനു് അത്യന്തം അസഹ്യമായ അപജയാവമാനത്തെ ഭയപ്പെട്ടു് ആത്മഹത്യ ചെയ്തു. അന്നു് ആ ധീരോദാത്തന്റെ മുപ്പത്തിമൂന്നാമത്തെ ജന്മര്‍ക്ഷദിനമായിരുന്നു. മാലയമ്മയും മറ്റും പ്രാണത്യാഗം ചെയ്തു മകനെ പിന്‍തുടര്‍ന്നു. ഈ പാട്ടിന്റെ ആരംഭം താഴെക്കാണുന്ന വിധത്തിലാണു്.

ʻʻഅമ്പിനൊടു വൈകൈതന്നിലേ മന്നരൈവര്‍
അവര്‍ പടൈവെട്ടിയൊരു രാച്ചിയവുമാണ്ടു,
ഇമ്പമുടനാനൈ കുതിരൈത്തിരളുകെട്ടി
ഇന്തിരനിലും പവനിയായവര്‍ നടത്തി.
ചെമ്പവഴം മുത്തിനൊടു മാലൈ വകയെല്ലാം
ചെമ്പൊന്നിണങ്കും തിരുമേനിയിലണിന്തു
തുമ്പമറവൈവരുമിരുന്തു പലകാലം.
ചുത്തമന്നരും പടയുമപ്പരിചില്‍വാഴ്‌ന്താര്‍.ˮ

കഥ പുരാതനമാണെങ്കിലും പാട്ടിനു വലിയ പഴക്കം കാണുന്നില്ല. ʻകോലാഹലത്തോടു നല്ല പറങ്കികള്‍ʼ ʻചീനര്‍തുലുക്കരുംʼ ʻഊരില്‍പ്പടപോന പറങ്കികള്‍ക്കു്ʼ ʼലന്തക്കുരുʼ ʻമുകിലത്തോക്കു്ʼ ഇങ്ങനെയുള്ള പല പ്രസ്താവനകളില്‍നിന്നും ഇതു തെളിയിക്കാവുന്നതാണു്. മഹാകവി കുഞ്ചന്‍നമ്പിയാര്‍ തന്റെ ചില തുള്ളക്കഥകളില്‍ ഒരു ഉലകുടപെരുമാളെ സ്മരിക്കുന്നുണ്ടല്ലോ; അതു പ്രസ്തുതകഥാപുരുഷന്‍തന്നെയാണു്. ഘോഷയാത്ര ഓട്ടന്‍തുള്ളലില്‍

ʻʻമധുരയില്‍ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാര്‍
മതിയില്‍ മറന്നിഹ മരുവീടുകയോ?

* * *


മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനിവെടിഞ്ഞു
പ്രേതപുരത്തിലിരിക്കണമിന്നതി-
നേതു മെനിക്കൊരു സംശയമില്ല.ˮ

എന്നും മറ്റുമുള്ള വരികള്‍ സൂക്ഷിച്ചു വായിച്ചാല്‍ ഈ വസ്തുത മനസ്സിലാക്കാവുന്നതാണു്. ഉലകുടപെരുമാളുടെ വാഴ്ചക്കാലത്തു് അദ്ദേഹത്തിന്റെ രാജ്യത്തു ലക്ഷ്മീഭഗവതി നര്‍ത്തനം ചെയ്തിരുന്നതായാണു് ഐതിഹ്യം; ആ ഐതിഹ്യത്തെ നമ്പിയാരും സ്മരിക്കുന്നു.

പുരുഷാദേവിയമ്മപ്പാട്ടു്

കൂവലൂര്‍ (നെയ്യാറ്റിന്‍കര കോവലൂര്‍) എന്ന ദേശത്തു ചെമ്പന്‍മുടിമന്നന്‍ എന്നൊരു രാജാവു ജനിച്ചു. അതിനു സമീപമുള്ള പെണ്ണരശുനാട്ടിലെ തമ്പുരാട്ടിയുടെ മകളായി പുരുഷാദേവി എന്നൊരു സ്ത്രീരത്നവും ജനിച്ചു. പുരുഷാദേവി ബാല്യത്തില്‍ത്തനെ ആയുധവിദ്യയിലും അശ്വാരോഹണത്തിലും അത്യന്തം വിദഗ്ദ്ധയായിത്തീര്‍ന്നു. ചെമ്പന്‍മുടിമന്നനു പുരുഷാദേവിയുടെ നാട്ടില്‍ക്കൂടി ഒരു തീര്‍ത്ഥത്തില്‍ സ്നാനം ചെയ്യുവാന്‍ പോകണമെന്നു് ആഗ്രഹമുണ്ടായിരുന്നു. പുരുഷാദേവി തന്റെ പ്രാഭവത്തെ പ്രദര്‍ശിപ്പിക്കുന്നതിനായി കോട്ടകളുറപ്പിച്ചു് അദ്ദേഹത്തിന്റെ മാര്‍ഗ്ഗം നിരോധിച്ചിരിക്കുന്നതായി പ്രഖ്യാപനം ചെയ്തു. അപ്പോള്‍ ആ രാജാവു് ഒരു വലിയ സൈന്യത്തോടുകൂടി പെണ്ണരശുനാട്ടിലേയ്ക്കു ചെല്ലുകയും അവിടെവച്ചു് അദ്ദേഹവും രാജപുത്രിയും തമ്മില്‍ അതിഘോരമായ ഒരു യുദ്ധമുണ്ടാകുകയും ചെയ്തു. അന്നു് ആ മഹതിക്കു് ഒന്‍പതുമാസം ഗര്‍ഭമായിരുന്നു. ഒടുവില്‍ ʻʻപച്ചൈപ്പാളൈ പിളര്‍പ്പതുപോലെˮ തന്റെ വയറു പിളര്‍ന്നു കുഞ്ഞിനെ എടുത്തു് അതുകൊണ്ടു് ആ സ്ത്രീ രാജാവിനെ എറിഞ്ഞു. അപ്പോള്‍ ആ മാനിയായ ക്ഷത്രിയന്‍ ʻʻപങ്കം ചെയ്താളേ പുരുഷാദേവിˮ എന്നു പറഞ്ഞുകൊണ്ടു് വാള്‍മുനയില്‍ ചാടി ആത്മഹത്യ ചെയ്തു. അശ്വാരൂഢയായ പുരുഷാദേവിയുടെ മരണവും അപ്പോഴേയ്ക്കു കഴിഞ്ഞിരുന്നു.

ആ പാട്ടിലെ ചില ഭാഗങ്ങള്‍

താഴെക്കാണുന്ന വരികള്‍ തമ്പുരാട്ടിയുടെ പ്രസവവേദന വര്‍ണ്ണിക്കുന്ന ഘട്ടത്തിലുള്ളതാണു്.

ʻʻമേനി കാല്‍ തരിക്കിതല്ലോ; മെയ്കളെല്ലാം നോകുതല്ലോ;
കാളകെട്ടും കയറുതുപോല്‍ കട്ടുമുട്ടായ് വരുകുതടീ!ˮ
ʻʻഏതു പക്കം നോകുതമ്മാ! ഏന്തിഴയേ! തായാരേ?ˮ
ʻʻവലതു പക്കം ഇടതു പക്കം വയറ്റോടെ തരിക്കുതമ്മാ.
മോതിരങ്കളിടു മന്ത [11]മൊഴികളെല്ലാം നോകുതടീ!
പാടകങ്കളണിയുമന്ത [12]പടങ്കളെല്ലാം നോകുതടീ!
[13] കടയങ്കള്‍ പോടുമന്തക്കൈകളെല്ലാ നോകുതടീ!
വാടാപ്പൂ വൈക്കുമന്ത വൈരമുടി നോകുതടീ!
ആടൈയുടുക്കുമന്ത അടിവയറു നോകുതടീ!
പൊരുത്തെലുമ്പൊടു കുറുക്കെലുമ്പു പൊടിപൊടിയായ്നോകുടതീ!
ഒക്കെവെട്ടി നോകുതടി! ഉരിയാടപ്പോകുതില്ലൈ.
ചാവേനോ പിഴയ്പേനോ താര്‍കുഴലേ [14]മരുത്തുവമേ.ˮ

വിളവംകോട്ടു താലൂക്കില്‍ ചേര്‍ന്ന മുഞ്ചിറപ്പടവീട്ടില്‍നിന്നാണു് പുരുഷാദേവിക്കു് ഉടവാള്‍ വെട്ടു പഠിക്കുന്നതിനു രാജഗുരുവിനെ കൊണ്ടുപോകുന്നതു്. അതുകൊണ്ടു പെണ്ണരശുനാടു് ആറ്റിങ്ങലും ചെമ്പന്‍ മന്നന്‍ തീര്‍ത്ഥാടനത്തിനു പോകുന്ന സ്ഥലം വര്‍ക്കലയിലുമായിരിക്കുമോ എന്നു സംശയിക്കാവുന്നതാണു്. അനേകം ആയുധങ്ങളേയും പയറ്റുമുറകളേയുംപറ്റി മറ്റു പല തെക്കന്‍പാട്ടുകളിലുമെന്നപോലെ ഇതിലും പ്രസ്താവിക്കുന്നുണ്ടു്.

ʻʻവാട്ടം തകരാത കൂവലൂരില്‍
വാളരശര്‍ ചെമ്പന്‍ മുടിമന്നവര്‍
ചേട്ട[15]ത്തുടന്‍ കോട്ടൈ വഴിയാക
തീര്‍ത്ഥമാടയിങ്കേ വരുവാരേ.ˮ
അന്തമൊഴി കേട്ടു പുരുഷാദേവി
അമ്മൈപെണ്ണരയാളോടേതുചൊല്‍വാള്‍
വാറപടയോടു എതിര്‍പൊരുതു
മാറ്റാനെ വെട്ടി വിരട്ടിടുവേന്‍
വാതു ചൂതുമാക വന്തതുണ്ടാല്‍
മന്നവനെ വെട്ടിക്കുലൈകള്‍ ചെയ്‌വേന്‍
എന്തന്‍ തീര്‍ത്ഥക്കരൈതനിലേ
എപ്പടി തീര്‍ഥമാട വരുവാരിങ്കേ?
വെലമാക വന്തു തീര്‍ത്ഥമാടിനാക്കാല്‍
വാളുക്കിരൈയാക ആക്കിടുവേന്‍.ˮ

എന്നാണു് പുരുഷാദേവിയുടെ ഗര്‍ജ്ജനം. ചെമ്പന്‍മുടി മന്നവന്റെ ദൂതന്റെ പക്കല്‍ ആ രാജകുമാരി അയയ്ക്കുന്ന പ്രതിസന്ദേശത്തില്‍നിന്നു ചില വരികള്‍ ചുവടേ ഉദ്ധരിക്കുന്നു.

ʻʻഎന്തനുട നാടു വഴി തീര്‍ത്തമാടപ്പോണമാനാല്‍
ഏറിവാറ കുതിരൈയിറങ്കിവരവേണം.
ഇട്ടുവരും മിതിയടി കഴറ്റി വരവേണം;
പിടിത്തുവരും മന്തിരവാള്‍ വൈത്തു വരവേണം;
കാലാളും [16]തുരൈപതിയും വിട്ടുവൈത്തു മന്നവരും
കാല്‍നടയായിങ്ക വരലാമേ.
കോടി പടൈകൂടി മന്നര്‍ തീര്‍ത്തമാട വരുകിലുമോ
കോഴിയിന്‍ കുഞ്ചും പരുന്തും പോലെ
കോട്ടൈ വിട്ടു വിരട്ടിടുവേനെന്നˮ

അഞ്ചുതമ്പുരാന്‍ പാട്ടു്

കൊല്ലം എട്ടാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ചില തിരുവിതാങ്കൂര്‍ രാജകുടുംബാങ്ഗങ്ങള്‍ തമ്മിലുള്ള അന്തഃഛിദ്രത്തെപ്പറ്റിയാണു് അഞ്ചുതമ്പുരാന്‍പാട്ടില്‍ പരാമര്‍ശിക്കുന്നതു്. ഈ പാട്ടില്‍ ചീരാട്ടുപോരു്, മാടമ്പുകഥ, പെരുങ്കുളത്തുപോരു്, ഏര്‍വാടിപ്പോരു്, എന്നിങ്ങനെ നാലു ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു.

ചീരാട്ടുപോരു്

പരരാമര്‍[17] എന്ന തമ്പുരാന്‍ ഓടനാട്ടു (കായങ്കുളത്തു) ശാഖയില്‍പെട്ട ആദിത്യവര്‍മ്മരെന്നും ഉണ്ണിക്കേരളവര്‍മ്മരെന്നും രണ്ടു രാജകുമാരന്മാരെ വേണാട്ടിലേക്കു ദത്തെടുത്തു. അവര്‍ പ്രകൃത്യാ സമരഭീരുക്കളായിരുന്നു.

ʻʻപടയറിയാരിടയറിയാര്‍;
പാരവെടിച്ചത്തം കേട്ടറിയാര്‍;
കുതിരത്തൂളിയവര്‍ കണ്ടറിയാര്‍;
കൂക്കുവിളിച്ചത്തം കേട്ടറിയാര്‍;
ആനനടയവര്‍ കണ്ടറിയാര്‍;
അതുര[18]വെടിച്ചത്തം കേട്ടറിയാര്‍.ˮ

അങ്ങനെയിരിക്കേ അദ്ദേഹം ഒരു യുദ്ധത്തില്‍ മരിച്ചുപോയി. അടുത്ത അവകാശി പരരാമര്‍ ആദിത്യവര്‍മ്മാ എന്നൊരു രാജാവായിരുന്നു. ദത്തുപുക്ക ആദിത്യവര്‍മ്മാ (വഞ്ചി ആദിത്യവര്‍മ്മ എന്നാണു് അദ്ദേഹത്തെ പറഞ്ഞുവരുന്നതു്) അര്‍ദ്ധരാജ്യം തനിക്കു കിട്ടണമെന്നു ശഠിച്ചു. രാജാവും മന്ത്രിമാരും അതിനു വഴിപ്പെട്ടില്ല. അപ്പോള്‍ പരേതനായ അമ്മാവന്റെ തിരുമാസം നടത്തുവാന്‍ സമ്മതിക്കുകയില്ലെന്നു വഞ്ചിആദിത്യവര്‍മ്മരും ഉണ്ണിക്കേരളവര്‍മ്മരും പറഞ്ഞു. രാജാവു കഴക്കൂട്ടത്തു പിള്ളയെ വരുത്തുവാന്‍ ആളയച്ചും. ഇരുപ്പുക്കൊടി[19] തെങ്കലയപ്പെരുമാളെന്നാണു് അദ്ദേഹത്തിനു പാട്ടില്‍ കാണുന്ന പേര്‍. ദൂതന്‍ കഴക്കൂട്ടത്തുചെന്നു കലയപ്പെരുമാളെക്കാണുന്നു.

ʻʻഓട്ടന്‍ നാനെന്റു കേട്ടപൊഴുതിലേ
ഉറ്റങ്കിളകിയേ മുന്തി വലിപ്പാരാം.
മന്തിവലിത്തന്ത നീട്ടുതനൈവാങ്കി
മുകന്തു കണ്ണിലൊറ്റിപ്പിള്ളൈ മകിഴവേ
പിള്ളൈ മരുമക്കള്‍ കൈയില്‍ കൊടുപ്പാരാം
പിരയത്തുടന്‍ നീങ്കള്‍ വായിത്തിടുമെന്റു
വായിത്തിടുവാരേ പിള്ളൈമരുമക്കള്‍.
വന്നച്ചിലയാളരുന്നിക്കേള്‍പ്പാരാം.ˮ

രാജാജ്ഞയുടെ താല്‍പര്യം ഗ്രഹിച്ചു് ഒരു വലിയ സേനയോടുകൂടി കലയപ്പെരുമാള്‍ കേരളപുരത്തേക്കു പോയി. താഴെക്കാണുന്നതു് അദ്ദേഹത്തിന്റെ പടപ്പുറപ്പാടിനെപ്പറ്റിയുള്ള വര്‍ണ്ണനയാണു്.

ʻʻഅമ്പിനാലെ തെന്‍കലയനുയര്‍ന്ന തണ്ടിയലിരുന്നുടന്‍
അഴകിനൊടു പടയടി പരന്തപടി നികരണിക്കണിചെരുമിട
ചെരുമിടപ്പടയ്ക്കിടയില്‍നിന്റു ചിവിയാര്‍കള്‍ തണ്ടിയലെടുപ്പരാം
ചെന്നുടന്‍ തൊഴുതുനിന്ന മരുമക്കള്‍ നിന്ന തനിമയൈക്കണ്ടുടന്‍
കണ്ടു തെന്‍കലയനാടനമ്പിനൊടു നല്ല പുത്തിമതി ചൊല്ലിയേ
കനകതണ്ടിയലൊടും പെരുമ്പടയില്‍ മുന്നണിക്കണി നടപ്പരാം
നടപ്പരാം പടമേളവാത്തിയം വെല്ലുവെല്ലെന്നു വിരുതോടേ
വിരുതുകുമറിടവിരുതുടന്‍ പടൈ കഴൈക്കൂട്ടം വയല്‍ കടപ്പരാംˮ

മാടമ്പുകഥ

കൊല്ലം 710-ആണ്ടിടയ്ക്കു വേണാടു ഭരിച്ചിരുന്ന സകലകലമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനു പല കല ആദിത്യവര്‍മ്മ എന്നൊരു അനന്തരവന്‍ ജനിച്ചു. ആദിത്യവര്‍മ്മയ്ക്കു തിരുമാടമ്പിനുള്ള കാലം സമീപിക്കയാല്‍ അതു കഴിപ്പിച്ചു വേഗത്തില്‍ തിരുവിതാങ്കോട്ടു രാജധാനിയിലേക്കു കൂട്ടിക്കൊണ്ടുപോകുവാന്‍ രാജപ്രതിനിധിയായി കഴക്കൂട്ടത്തുപിള്ള ആറ്റിങ്ങലേക്കു പോകുന്നു. അമ്മതമ്പുരാന്‍ ആദ്യം പല തടസ്സങ്ങളും പറയുന്നു എങ്കിലും മാമ്പള്ളിപ്പണ്ടാല

ʻʻരാചകോത്തിരത്തില്‍പ്പിറന്നാലോ
അപിഴേകമുടി വൈക്കവേണം;
അപിഴേകമൊന്റു പിഴുകിനാലോ
തിരുവായിത്തുക്കു[20] പൊല്ലാതെയമ്മാ.ˮ

എന്നുപദേശിച്ചതു കേട്ടു് അതിനു വഴിപ്പെടുകയാല്‍ പുത്രന്റെ തിരുമാടമ്പു നടത്തുകയും ചെയ്തു. ഒടുവില്‍ വിട്ടുപിരിയാറാകുമ്പോള്‍ അമ്മ ʻʻഎന്നൈ മറപ്പായോ ഇളവരശേ?ˮ എന്നു ചോദിക്കുകയും അതിനു മകന്‍ –-

ʻʻഎന്നും മറപ്പേനോ തിരുത്തായേ?
പെറ്റകോയിലുമാറ്റങ്ങലും
[21]ആട്ടേയ്ക്കൊരുനാള്‍ വന്നടിയന്‍
തൊഴുതുകൊണ്ടു പോവേനല്ലോˮ

എന്നു മറുപടി പറയുകയും ചെയ്യുന്നു. സകലകല കൊല്ലം 718-ലും പലകല 719-ലും മരിച്ചതായി കാണുന്നതിനാല്‍ അഞ്ചുതമ്പുരാന്‍പാട്ടിലേ ചീരാട്ടുപോരു നടന്ന കാലം അതിനു പിന്നീടാണെന്നു പറയേണ്ടിയിരിക്കുന്നു.

പെരുങ്കുളത്തുപോരും ഏര്‍വാടിപ്പോരും

ദേശിങ്ങനാട്ടു (കൊല്ലം) ശാഖയില്‍പ്പെട്ട ചങ്കിലിമാര്‍ത്താണ്ഡവര്‍മ്മാ എന്ന രാജാവു് ആ നാടു് വാണിരുന്ന രവിവര്‍മ്മാവിന്റെ സഹ്യപര്‍വ്വതത്തിനു കിഴക്കുള്ള ദേശങ്ങള്‍ അടക്കി അദ്ദേഹത്തെ പലവിധത്തില്‍ കഷ്ടപ്പെടുത്തി. രവിവര്‍മ്മാ സകലകല മാര്‍ത്താണ്ഡവര്‍മ്മാവിനെ ശരണം പ്രാപിക്കുകയും മാര്‍ത്താണ്ഡവര്‍മ്മാ പലകല ആദിത്യവര്‍മ്മാവിനെ അദ്ദേഹത്തിനു തുണയായി അയച്ചുകൊടുക്കുകയും ചെയ്തു. പെരുങ്കുളത്തും ഏര്‍വാടിയിലുംവച്ചു നടന്ന യുദ്ധങ്ങളില്‍ ആദിത്യവര്‍മ്മാ കലയപ്പെരുമാളുടെ സഹായത്തോടുകൂടി ചങ്കിലിയെ തോല്പിച്ചു. തിരിയെ വന്നപ്പോള്‍ അദ്ദേഹത്തിനു മൂപ്പേറ്റാല്‍ കൊള്ളാമെന്നൊരു ദുരാഗ്രഹം മനസ്സില്‍ തോന്നി ആഭിചാരപ്രയോഗംകൊണ്ടു സകലകലയെ പരേതനാക്കി. അതറിഞ്ഞു കഴക്കൂട്ടത്തുനിന്നു് ഓടിയെത്തിയ കലയപ്പെരുമാളേയും കന്നന്‍ പുലിക്കൊടി ഇരവിപ്പിള്ള എന്ന മന്ത്രിയുടെ ഏഷണിക്കു വശംവദനായി കൊല്ലിച്ചു. പക്ഷേ ആ ദുഷ്കര്‍മ്മങ്ങളുടെ ഫലം അദ്ദേഹം ഉടന്‍തന്നെ അനുഭവിക്കാതിരുന്നില്ല. പളുകല്‍ പെരുമണ്ണാന്റെ

ʻʻമാമനുക്കു വിട്ടൊരു പേയ്
മരുമകനിടത്തിലും ചെല്ലുവാരാം.ˮ

ആ ബാധ ആരുടെ കൈക്കു് ഒഴിയുമെന്നു പ്രശ്നം വയ്പിച്ചതില്‍ പരിശുവൈക്കല്‍ പറമണ്ണാന്റെ കൈക്കു് ഒഴിയുമെന്നു കണ്ടതിനാല്‍ അയാളെ ആളയച്ചു വരുത്തി; ആ മന്ത്രവാദി ബാധയെ പിടിച്ചുകെട്ടിക്കൊണ്ടുപോയി. എന്നാല്‍ വഴിയില്‍വെച്ചു ഇരവിപ്പിള്ള തങ്ങളെ ചില മറവന്മാര്‍ തീണ്ടിയതു് എന്തിനെന്നു് അയാളോടു കയര്‍ത്തതിനാല്‍

ʻʻപേമുട്ടിയടിത്തുടൈത്തു-
പ്പേ തിരിയെ വിടുകതാരാം.ˮ

ആ ബാധ തിരികെ വന്നു പലകല ആദിത്യവര്‍മ്മാവിനേയും കൊന്നു. തദനന്തരം അവരെല്ലാം ദുര്‍ദ്ദേവതമാരായിത്തീര്‍ന്നു് ഇരവിപ്പിള്ളയെ സകുടുംബം വധിക്കുകയും ഒടുവില്‍ ഭക്തന്മാര്‍ കഴിപ്പിച്ച ഊട്ടും പാട്ടും പറ്റി ഓരോ സ്ഥാനങ്ങളില്‍ അമരുകയും ചെയ്തു. ഇരുപ്പുക്കൊടിമാടന്‍ എന്ന പേരിലാണു് കഴക്കൂട്ടത്തു പിള്ളയെ ജനങ്ങള്‍ വന്ദിച്ചുതുടങ്ങിയതു്.

അഞ്ചുതമ്പുരാന്‍പാട്ടില്‍ പ്രസ്താവിക്കുന്ന ചില സംഭവങ്ങള്‍ക്കു് അനുപപത്തി കാണുന്നുണ്ടെങ്കിലും അതു് ആകെക്കൂടി നോക്കുമ്പോള്‍ തിരുവിതാംകൂര്‍ ചരിത്രം സംബന്ധിച്ചു് ഒരനര്‍ഘമായ നിധികുംഭമായി പരിലസിക്കുന്നു. വളരെ ദീര്‍ഘമായ ആ കൃതിയില്‍നിന്നു ഞാന്‍ ഏതാനും ചില വിവരങ്ങള്‍ മാത്രമേ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളു. സകലകല മാര്‍ത്താണ്ഡവര്‍മ്മാ, പലകല ആദിത്യവര്‍മ്മാ, പരരാമര്‍, പരരാമാദിത്യര്‍, വഞ്ചിആദിത്യവര്‍മ്മ ഈ അഞ്ചു രാജാക്കന്മാരെപ്പറ്റി പ്രസ്താവിക്കുന്നതുകൊണ്ടായിരിക്കണം അതിനു് അഞ്ചുതമ്പുരാന്‍പാട്ടെന്നു പേര്‍ വന്നതു്.

ഇരവിക്കുട്ടിപ്പിള്ളപ്പോരു്

ഈ പാട്ടിനു കണിയാങ്കുളത്തുപോരെന്നും പേരുണ്ടു്. തെക്കന്‍പാട്ടുകളില്‍ ഇത്ര പ്രസിദ്ധി മറ്റൊരു ഗാനത്തിനും ഇല്ല. മധുരയിലേ നായക്ക രാജവംശത്തിന്റെ നടുനായകമായ തിരുമലനായക്കര്‍ കൊല്ലം 810-മാണ്ടു തിരുവിതാംകൂര്‍ വാണിരുന്ന രവിവര്‍മ്മകല ശേഖരനെ കീഴടക്കുവാന്‍ ഒരു വലിയസൈന്യത്തെ നിയോഗിച്ചു. ആദ്യത്തെ യുദ്ധത്തില്‍ ആ സൈന്യം തോല്‍ക്കുകയും അതിന്റെ നായകനായ വേലയ്യന്‍ ഹതനാകുകയും ചെയ്തു. അതു കേട്ടപ്പോള്‍ മധുരയിലേ പ്രധാനസേനാപതിയായ രാമപ്പയ്യന്‍ തന്റെ സ്വാമിയുടെ ആജ്ഞ വാങ്ങി ʻʻപഴിക്കു പഴി മീളുന്നˮതിനായി പണകുടിയില്‍ വീണ്ടും പടശേഖരിച്ചു പാളയമടിച്ചു താമസിച്ചു. രവിവര്‍മ്മാവിനു കല്‍ക്കുളത്തു് ഏഴു മന്ത്രിമാരുണ്ടായിരുന്നു. അവരില്‍ ʻʻപുകള്‍പെറ്റ കേരളപുരമെന്നമരും പുരമതില്‍ വാഴും മുഖ്യനതാകിയ രാജന്‍തന്നുടെയുറ്റൊരുസുതനായ് വന്നുജനിച്ച നല്ലിരവിപ്പിള്ളൈˮ ആയിരുന്നു പ്രധാനന്‍. മാര്‍ത്താണ്ഡന്‍ ഇരവിക്കുട്ടിപ്പിള്ള എന്ന പേരില്‍ സുവിദിതനായ ആ രാജപുത്രന്‍ ആപത്തിനെ തൃണീകരിച്ചു സര്‍വാഭിസാരസമ്പന്നനായ രാമപ്പയ്യനോടു കണിയാങ്കുളം പോര്‍ക്കളത്തില്‍ എതിരിട്ടു വെട്ടിമരിച്ചു വീരസ്വര്‍ഗ്ഗം പൂകുന്നതാണു് ഈ പാട്ടിലെ ഇരിവൃത്തം. ഇതു കന്നടിയന്‍ പോരുപോലെ അനുവാചകന്മാരെ ആപാദചൂഡം കോള്‍മയിര്‍കൊള്ളിക്കുന്ന ഒരു ഗാനമാകുന്നു. ചില ഭാഗങ്ങള്‍ ഉദ്ധരിക്കാം. പ്രയാണത്തിന്റെ തലേദിവസം രാത്രിയില്‍ ഇരവിക്കുട്ടിപ്പിള്ളയുടെ അമ്മയും ഭാര്യയും പല ദുഃസ്വപ്നങ്ങളും കാണുന്നു. പിറ്റേന്നു കാലത്തു് ആ രാജഭക്തനായ രണശൂരനെ പല പ്രകാരത്തിലും പിന്‍തിരിപ്പിക്കാന്‍ നോക്കീട്ടും സാധിക്കാത്തതിനാല്‍ ആ കാര്യത്തിനു ഭാര്യയെ പറഞ്ഞയയ്ക്കുന്നു. ഭാര്യയും ഭര്‍ത്താവുമായി നടക്കുന്ന സംഭാഷണത്തിലേ ചില വരികളാണു് താഴെ ചേര്‍ക്കുന്നതു്.

ʻʻവാടീ നീ പെണ്‍കൊടിയേ ഉന്‍ മണവാളന്‍ പടൈ പോറാര്‍
കേട്ടാളേ പെണ്‍കൊടിയും കെടുമതിയൈത്താന്‍ നിനൈന്തു.
പഞ്ചരത്നച്ചേലൈതന്നൈ പ്പൈന്തൊടിയാള്‍ കൊയ്തുടുത്താള്‍
മിഞ്ചിതന്‍ കുടമശൈയ മെല്ലിനല്ലാള്‍ പിള്ളൈ മുന്നേ
വാണുതലാള്‍ വന്തുനിന്റു മന്തിരിയോടേതുചൊല്‍വാള്‍
ˮഏന്‍ കാണും പര്‍ത്താവേ! നീ രിന്റുപടൈ പോകവേണ്ടാം
നേറ്റിരവു പഞ്ചണൈമേല്‍ നിത്തിരൈയാലുറങ്കയിലേ
പാര്‍ത്തിരുക്കച്ചനിയന്‍ വന്തു പര്‍ത്താവെക്കൊടു[22] പോകക്കണ്ടേന്‍
ആലമരം മൂട്ടോടെ അടിനകണ്ടു വിഴവും കണ്ടേന്‍
വാതുക്കല്‍ നീരാഴി വരമ്പിടിന്തു നികരക്കണ്ടേന്‍
കണ്ട കിനാവത്തനൈയും കാവലര്‍ക്കുപ്പൊല്ലാതു
പൊല്ലാത കനവു കണ്ടാല്‍പ്പടൈ പോവര്‍കളോ പോര്‍വേന്താ?ˮ
ʻʻപടൈ പോകാതിങ്കിരുന്താല്‍ പാരിലുള്ളോര്‍ നകൈയാരോ?
ഇന്തപ്പടൈ പോകാതിങ്കിരുന്താ ലിരവികുലത്തുക്കിഴുക്കല്ലവോ?
ഏഴുകടലപ്പുറത്തിലിരുമ്പെറൈക്കുള്ളിരുന്താലും
എമരാജദൂതന്‍വന്താലില്ലൈയെന്‍റാല്‍വിടുവാരോ?
കല്ലാലേ കോട്ടൈ കെട്ടി കല്ലറൈക്കുള്ളിരുന്താലും
കാലനുടയാളു വന്താല്‍ കണ്ടില്ലെന്‍റാല്‍ വിടുവാരോ?
നമരാജദൂതര്‍ വന്താല്‍ നാളൈയെന്റാല്‍ വിടുവാരോ?
വിളൈന്ത വയലറുപ്പതുക്കു വിചനപ്പെടവേണ്ടാം കാണ്‍.ˮ

യുവരാജാവായ മാര്‍ത്താണ്ഡവര്‍മ്മാവിന്റെ അനുമതി വാങ്ങി യുദ്ധത്തിന്നൊരുങ്ങിപ്പുറപ്പെടുന്ന ആ വീരനെക്കണ്ടു പൗരസ്ത്രീകള്‍ ആനന്ദപാരവശ്യംപൂണ്ടു പാടുന്ന കുമ്മിയിലെ ഒരു ഭാഗമാണു് അടിയില്‍ ചേര്‍ക്കുന്നതു്.

ʻʻപടൈക്കുപ്പോറാരിരവിപ്പിള്ളൈ പമ്പരമുത്തുക്കുടൈ ചെരുമ
കുടൈക്കുത്താഴേയിരവിപ്പിള്ളൈവാറ കോലുവെപ്പാരടി തോഴിപ്പെണ്ണേ!
നങ്ങേലി, കോതാ, യിരവിക്കുട്ടീ, നാണിയേ, നീലമാ, യയ്യുക്കുട്ടീ,
തങ്കളില്‍ തങ്കവളൈകിലുങ്ക–-ഇന്നും തഴൈത്തുക്കുമ്മിയടിപ്പോമടീ.
ചീപ്പിട്ടുക്കോതിത്തലൈമുടിത്തു–-നല്ല ചിങ്കാരക്കണ്ണുക്കുമയ്യെഴുതി
കാപ്പിട്ടകൈയില്‍ വളൈ കിലുങ്ക–-ഇന്നും കൂപ്പിട്ടു കുമ്മിയടിയുങ്കടി,
കുമ്മിയടി പെണ്ണേ കുമ്മിയടി, കോവിളങ്കയ്യൈക്കുലുക്കിയടി.
എന്നൊപ്പം കുമ്മിയടിക്കാട്ടാലുന്നൈ–-യീത്തപ്പടപ്പിലെറിന്തിടുവേന്‍.
മുത്തുപ്പതിത്ത തലപ്പാവാം–-നല്ല മോകനപ്പല്ലാക്കു വാകനമാം
തന്തപ്പല്ലാക്കിലേയേറിക്കൊണ്ടേങ്കള്‍ തളവാ വാറതൈപ്പാരുങ്കടി.

* * *


ചുട്ടിക്കുതിരൈമേലേറിക്കൊണ്ടു–-പിള്ളൈ തുലുക്കവേഷവും പോട്ടുക്കൊണ്ടു
പട്ടാണിമാരുടന്‍ കൂടിക്കോണ്ടു പടൈക്കു പോറതെപ്പാരുങ്കടീ.
കാരിക്കുതിരൈയാം കാലാളാം–-നല്ല കാലുക്കുപ്പപ്പത്തുവെണ്ടയമാം.[23]
കാരിക്കുതിരൈ പുറപ്പെടുമ്പോള്‍ കളക്കാട്ടുക്കോട്ടൈ കിടുങ്കിടുമേ!ˮ

വളഞ്ഞുകൊന്നു. അന്നു് ആ സേനാനിക്കു മുപ്പത്തിരണ്ടാമത്തേതായിരുന്നു വയസ്സു്. മരിച്ചതു് 810-മാണ്ടു മിഥുനമാസം 18-നു ആണു്. അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു പട്ടില്‍ പൊതിഞ്ഞു തിരുമലനായ്ക്കരുടെ മുന്നില്‍ ഭടന്മാര്‍കൊണ്ടു ചെന്നപ്പോള്‍ ആ ധീരോദാത്തന്‍ വളരെ വ്യസനിച്ചു.

ʻʻഅയ്യോ! ഇന്തത്തുരൈയൈപ്പോലെ
അവനിതന്നില്‍പ്പാര്‍ത്താലൊരുവരുണ്ടോ?
നാടുതന്നിലിന്ത ഇരവിയൈപ്പോല്‍
നല്ല മന്തിരിമാര്‍കളുണ്ടോ?
ഓടുതന്നിലിരന്തുണ്ട അയ്യന്‍
ഉലകില്‍ പടൈത്താനോ ഇരവിയൈത്താന്‍?
വൈയം പുകഴുമിവരുടയ
വജ്രപ്പണിയിട്ട കാതഴകും
കൂണ്ടു കസ്തൂരിപ്പൊട്ടഴകും
കാതില്‍ത്തരിത്തതോര്‍ മുത്തഴകും
കൈയില്‍ പിടിത്തതോര്‍ വാളഴകും
കൈയുമെഴുമ്പിത്തോ ഇവരൈവെട്ട?
കണ്ടവര്‍മനമുമിരങ്കാതോ?
പോതമറിയാത രാമപ്പയ്യന്‍
പോരില്‍ച്ചടിയാക കൊന്നുപോട്ടാര്‍.ˮ

പ്രേതമടക്കുന്നതിനു മുമ്പു കഥാനായകന്‍ അഞ്ചു വയസ്സുമുതല്‍ എടുത്തുവളര്‍ത്ത കുഞ്ചാകോട്ടു ചക്കാലകാളിനായര്‍ രാമപ്പയ്യന്റെ പാളയത്തില്‍ ചെന്നു് ആ തല തിരിയേ വാങ്ങിച്ചുകൊണ്ടുവരുന്ന ഭാഗവും മറ്റും അത്യന്തം പുളകപ്രദമാണു്.

പഞ്ചവന്‍കാട്ടുനീലിയുടെ പാട്ടു്

പഴവനല്ലൂര്‍ അമ്മയപ്പന്‍കോവിലിലേ ഒരു ദാസി ക്ഷേത്രകൈങ്കര്യങ്ങള്‍ കഴിഞ്ഞു് ഒരു ദിവസം തന്റെ ഗൃഹത്തിലേക്കു തിരിയെപ്പോകുമ്പോള്‍ ആ കോവിലിലെ ശാന്തിക്കാരനായ നമ്പി അവളെക്കണ്ടു മോഹിച്ചു. അവള്‍ ആ മൂഢനെ വശീകരിച്ചു സര്‍വസ്വവും കൈക്കലാക്കി. പണമില്ലാതായപ്പോള്‍ ആ ദാസിയുടെ അമ്മ ഇറങ്ങിപ്പോകാന്‍ പറഞ്ഞു. നൈരാശ്യത്തോടുകൂടി അയാള്‍ ആ ദേശം വിട്ടു. അപ്പോഴേക്കു പശ്ചാത്താപാര്‍ത്തയായ ദാസി അയാളെ പിന്തുടര്‍ന്നു. വഴിക്കുവച്ചു് അന്തര്‍വത്നിയായ അവളുടെ ആഭരണങ്ങളെല്ലാം അഴിച്ചെടുത്തു നമ്പി അവളെക്കൊന്നു. അടുത്തുനില്‍ക്കുന്ന ഒരു കള്ളിച്ചെടിയെ സാക്ഷിയാക്കിക്കൊണ്ടാണു് അവള്‍ പ്രാണത്യാഗം ചെയ്തതു്.

അത്യുല്‍ക്കടമായ ആ പാപത്തിന്റെ ഫലം ഘാതകന്‍ അടുത്ത നിമിഷത്തില്‍ത്തന്നെ അനുഭവിച്ചു. ദാഹം തീര്‍ക്കുവാന്‍ ഒരു കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടിരിക്കവേ ഒരു പാമ്പു കടിച്ചു് അയാള്‍ മരിക്കുകയും ആഭരണപ്പൊതി കിണറ്റില്‍ വീഴുകയും ചെയ്തു. അടുത്ത ജന്മത്തില്‍ നമ്പി ചോളദേശത്തില്‍ ആനന്ദന്‍ എന്ന ചെട്ടിയായും ദാസി നീലിയെന്ന ബാധയായും ജനിച്ചു. നീലി ഒടുവില്‍ ആനന്ദന്റെ വയറുപിളര്‍ന്നു് അവിടെ ഒരു പന്തം നാട്ടി താന്‍ കൈക്കുഞ്ഞാക്കിയിരുന്ന കള്ളിക്കൊമ്പും അവിടെ നട്ടു് ആകാശത്തേക്കു പറന്നുപോയി. ശാന്തിക്കാരന്‍ ദാസിയെ കൊന്നതു് അഗസ്തീശ്വരം താലൂക്കില്‍ പെട്ട കള്ളിയങ്കാടു് എന്ന സ്ഥലത്തുവച്ചായിരുന്നു. അവിടെ ഇന്നും പഞ്ചവന്‍കാട്ടു് ഇശക്കി എന്ന ദുര്‍ദ്ദേവത കുടിയിരിക്കുന്ന ഒരു ക്ഷേത്രമുണ്ടു്. ആ പാട്ടില്‍നിന്നു് ഒരു ഭാഗം താഴെ ചേര്‍ക്കുന്നു.

ʻʻകൊടുക്ക മുതലില്ലാമല്‍ കൂറിവന്ത മറയോനും
അടുത്ത നാളില്‍ വേളയിലെ അവള്‍ വീട്ടില്‍ പോയിരുന്താന്‍.
കൈപ്പൊരുളുമില്ലാമല്‍ കാതലിയാള്‍ കാണവില്ലൈ.
നിറവില്ലാപ്പാതകത്തി നിഷ്ടൂരത്തായ്ക്കിഴവി
മറയോനൈക്കണ്ട പിമ്പേ മകളോടേ ചണ്ടയിട്ടാള്‍
ʻഅരക്കാശു കിടയാതേ ആണ്‍പിള്ളൈയോടിരുന്തു-
ചിരിത്തു വിളയാടുവതും തിനന്തിനമായലക്കൊടുപ്പും
കഴുകടിയില്‍ നാപോലെ കാത്തിരുന്തും തൂങ്കുകിറായ്.ʼ
നേരാക വേതിയന്‍തന്‍ നെഞ്ചുനേരേ കാല്‍ നീട്ടി
വാരുമെന്റു ചൊല്ലാമല്‍ വാര്‍ത്തകൂറാതേയിരുന്താള്‍.
ʻകൂത്താടുമവര്‍ വീടു കൊണ്ടകാണിയോ ഉനക്കു?
ഉത്തമരമില്ലാമല്‍ ഓയാതേ വരുവാനേന്‍?
ചെത്തവനേ, പാപ്പാനേ, തിണ്ണൈവിട്ടു് എഴുന്തിരേടാ,ʼ
കിഴവിയുടെ പേച്ചൈയെല്ലാം കേട്ടിരുന്ത മറയോനും
അഴുതുകൊണ്ടു്, അവനുടയ അകരമതില്‍പ്പോകാമല്‍,
കൊണ്ടാടിപ്പുചൈ ചെയ്യും കോവിലുക്കും പോകാമല്‍,
പട്ടണത്തെ വിട്ടിറങ്കിപ്പരദേശം പോനാനേ.ˮ

മറ്റു ചില പാട്ടുകള്‍

ഇനിയും (1) ഉദയഗിരിക്കോട്ടയില്‍ അരശിന്‍മൂട്ടില്‍ അഗ്നിപ്രവേശം ചെയ്ത സതി ചെമ്പകവല്ലി മുതലായി പല സ്ത്രീരത്നങ്ങളേയും (2) കവിശ്രേഷ്ഠനായ കോട്ടയത്തു തമ്പുരാന്‍ തുടങ്ങി പല പുരുഷകേസരികളേയും പറ്റി പാട്ടുകളുണ്ടു്. അവയെ സ്ഥലഭൗര്‍ലഭ്യത്താല്‍ ഇവിടെ പരാമര്‍ശിക്കുന്നില്ല. കോട്ടയത്തു തമ്പുരാനെപ്പറ്റിയുള്ള പാട്ടിനു പുതുവാതപ്പാട്ടു് എന്നാണു് പേര്‍ പറയുന്നതു്. പഞ്ചവന്‍കാട്ടു

നീലി, ചെമ്പകവല്ലി, പുതുവാത, ഇരവിക്കുട്ടിപ്പിള്ള ഈ നാലുപാട്ടുകളില്‍നിന്നു് അനേകം ഭാഗങ്ങള്‍ ഞാന്‍ സാഹിത്യ പരിഷത്ത്രൈമാസികത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടു്.

ചരിത്രമാത്രപരങ്ങളായ ഗാനങ്ങള്‍

ദേശചരിത്രത്തെ മാത്രം പ്രതിപാദിക്കുന്ന വേറേ ചില പാട്ടുകളുണ്ടു്; അവയെക്കൊണ്ടു പാരത്രികമായ ഫലമൊന്നും തല്‍ക്കര്‍ത്താക്കള്‍ ഉദ്ദേശിച്ചിട്ടില്ല. അത്തരത്തിലുള്ള പാട്ടുകളാണു് (1) വലിയതമ്പി കുഞ്ചുത്തമ്പികഥ. (2) ധര്‍മ്മരാജാവിന്റെ രാമേശ്വരയാത്ര. (3) ദിവാന്‍വെറ്റി മുതലായവ. തിരുവിതാങ്കൂറിലെ വീരമാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിനും അദ്ദേഹത്തിന്റെ മാതുലനായ രാമവര്‍മ്മ മഹാരാജാവിന്റെ പുത്രന്മാരായ വലിയ തമ്പി, കുഞ്ചു തമ്പി, ഇവര്‍ക്കും തമ്മിലുണ്ടായ വിരോധത്തിന്റെ കാരണവും, തന്നിമിത്തം രാജ്യത്തില്‍ സംഭവിച്ച അന്തഃഛിദ്രവും, തമ്പിമാരുടെ വധവും മറ്റുമാണു് ഇവയില്‍ ആദ്യത്തെ പാട്ടില്‍ വര്‍ണ്ണിക്കുന്നതു്. ഒരു ഭാഗം ഉദ്ധരിക്കാം. തമ്പിമാരുടെ അകാലമരണം കേട്ടു് അവരുടെ മാതാവു വ്യസനിക്കുകയാണു്.

ʻʻപട്ടുവിട്ടാരന്റെ വാര്‍ത്തൈ പൈന്തൊടിയാള്‍താന്‍ കേട്ടു
ചുട്ടുവിട്ട മെഴുകതുപോല്‍ ചോര്‍ന്തു ഉടല്‍ തള്ളാടി.
പട്ടുവിട വരുകുതെമ്പാള്‍ പാലകരൈക്കാണാമല്‍
കട്ടിവൈത്ത പൊന്നതുപോല്‍ കളൈന്തേനേ എന്മകനൈ.
വീടുവിട്ടേന്‍ നാനൊരു നാള്‍ വീത്തിരുന്താലെന്ന പലന്‍?
ഇങ്കിരുന്താല്‍ പലനുമില്ലൈ; ഇറന്താലും പലനുമില്ലൈ;
കൊതിക്കതല്ലോ വയറതുതാന്‍ കുഞ്ചുതമ്പിയെന്‍റഴുതാള്‍.
അഴുതാളേ തായാരും ആണഴകാ വലിയ തമ്പീ,
പെറ്റ വയര്‍ കൊതിക്കുതല്ലോ പുത്തിരരൈക്കാണാമല്‍.
പറ്റിവയറെരിയുതല്ലോ പറപ്പാകത്തോന്‍റുതല്ലോ.

* * *


അഴുതാളേ തായാരും ആയിഴയാള്‍ തങ്കയരും

* * *


അഴുതാളേ എന്‍ പിറപ്പേ, ആരു തുണൈ എന്തനുക്കു?

* * *


മന്നരുടന്‍ പകൈത്തവര്‍കള്‍ വയ്കത്തിലിരിപ്പതുണ്ടോ?ˮ

ധര്‍മ്മരാജാവെന്ന വിശിഷ്ടബിരുദത്താല്‍ പ്രഖ്യാതനായ രാമവര്‍മ്മ മഹാരാജാവു 959-ല്‍ രാമേശ്വത്തേയ്ക്കു തീര്‍ത്ഥസ്നാനത്തിനു് എഴുന്നള്ളിയതിനെപ്പറ്റിയുള്ള ഒരു പാട്ടാണു് രാമേശ്വരയാത്ര. ഇതും എന്റെ ഒരു ഉപന്യാസത്തിനു വിഷയീഭവിച്ചിട്ടുണ്ടു്. ദിവാന്‍വെറ്റി എന്നതു രാമവര്‍മ്മ മഹാരാജാവിന്റേയും ദിവാന്‍ കേശവദാസന്റേയും മഹിമകളെ വാഴ്ത്തുന്ന ഒരു ഗാനമാകുന്നു. അതു തോവാളത്താലൂക്കില്‍പ്പെട്ട ചെമ്പകരാമന്‍ പുത്തൂരില്‍ തിരുവാനന്തം എന്ന ഒരു കവിയുടെ കൃതിയാണു്; അതിന്റെ നിര്‍മ്മിതി കൊല്ലം 970-മാണ്ടു തുലാമാസം 28-ആനുമാണു്. മഹാരാജാവു് ആലുവായില്‍ അനുഷ്ഠിച്ച യാഗത്തെപ്പറ്റി കവി ഇങ്ങനെ വര്‍ണ്ണിക്കുന്നു.

ʻʻഉരൈതേറി രാമവര്‍മ്മരുലകെല്ലാം നലമതാക-
ത്തരൈ പുകഴാല്‍‌വായെന്റു തലമതിലില്ലം കട്ടി
നിരൈ പുകഴ്‌വെള്‍വിയാകും നിറവേറ്റ വേണുമെന്റു
തിരൈ കടല് തുയല് മാല്‌വന്തു തെരിചനം ചാതിത്താരെ
താരണി പുകഴും വേന്തര്‍ തര്‍മ്മമാല്‍ രാമവര്‍മ്മര്‍
നേര്‍തരും മന്ത്രിമാര്‍ക്കും രകചിയച്ചെയ്തിചൊല്ലി
പാര്‍ പുകഴാല്‌വായ് തന്നില്‍ പതിനെട്ടു ഇല്ലങ്കട്ടി
ചീര്‍ പുകത്താനംചെയ്തു ജയവേള്‍വിയാകം ചെയ്താര്‍.ˮ

ടിപ്പുവിന്റെ സന്ദേശമാണു് താഴെക്കാണുന്നതു്.

ʻʻമെയ്ത്തതോര്‍ പെരുമ്പടൈപ്പുവേന്തനുമറിന്തിരുക്ക
തത്തിചേരയ്തര്‍ ടിപ്പു തളകര്‍ത്തന്‍ പടചിച്ചായ്പു
അത്തലംതന്നില്‍ വന്തു അരചരൈക്കൂടിക്കണ്ടു
ഉത്തതോര്‍ ടിപ്പുചൊന്ന ഉറുതിയൈയറിവിത്താനേ.ˮ
ʻʻഅറിവുടന്‍ നീതികള്‍ വേണമതു തരവില്ലൈയാനാല്‍
ക്കുറിയുടന്‍ പടൈയെഴുമ്പിക്കോട്ടൈയില്‍ വരുവോമെന്ന.ˮ
ʻʻഅറിവുള്ള ചിങ്കത്തിന്‍പാലാനൈ വന്തെതിര്‍ക്കുമാകില്
തെറിപടും യാനൈ തോര്‍ക്കും ചിങ്കമേ വെല്ലുˮമെന്‍റാര്‍.
ʻʻവെല്ലുവോമെതിര്‍പ്പാനാകില്‍, വെരുട്ടുവോം വെരുട്ടിയോട്ടി-
ക്കൊല്ലുവോം ശ്രീരങ്കത്തില്‍ക്കോട്ടൈയും പിടിപ്പോമെന്റു
ചൊല്ലുവായുനക്കു മേലാം തുരയയ്തര്‍ ടിപ്പുക്കെന്‍റാര്‍;
വല്ലതോര്‍ വടചിപോന്നാന്‍; മന്നര്‍ പാരരചുചെയ്താര്‍.ˮ

ഈ പാട്ടിനും മറ്റും പറയത്തക്ക പഴക്കമില്ലെന്നു പറയേണ്ടതില്ലല്ലോ.

ദേവാരാധനത്തിനു് ഉപയുകതങ്ങളായ ഗാനങ്ങള്‍

ശാസ്താവിനേയും സര്‍പ്പങ്ങളേയും പ്രീതിപ്പെടുത്തുന്നതിനുള്ള ഗാനങ്ങളും ഇത്തരത്തിലുള്ള മലയാംതമിഴ്പ്പാട്ടുകളുടെ കൂട്ടത്തില്‍ കാണ്മാനുണ്ടു്. ശാസ്താമ്പാട്ടു വളരെ ഹൃദയങ്ഗമമാണു്. ഒരു കാലത്തു് ആ പാട്ടു മാത്രമേ വില്ലുകൊട്ടിപ്പാടി വന്നിരുന്നുള്ളു എന്നും പിന്നീടാണു് അപമൃത്യുവശഗന്മാരെയും മറ്റും തൃപ്തിപ്പെടുത്തുന്ന ഗാനങ്ങള്‍ നടപ്പായതെന്നുമാണു് ഐതിഹ്യം. അതു പക്ഷേ വാസ്തവമായിരിക്കാം. എന്തെന്നാല്‍ ശാസ്താംപാട്ടിന്റെ ആരംഭത്തിലുള്ള

ʻʻതാനാകിന പൊന്നും കൈലാസത്തില്‍
തക്ക ശിവനുമയാളും വീറ്റിരുന്താര്‍;
ഇരുന്താരസുരര്‍കളും പാതാളത്തില്‍
ഇരുഷി മുകില്‍വര്‍ണ്ണന്‍ ചക്കിറത്താല്‍
വരുന്തിയിരുന്താരേയസുരര്‍ കുലംˮ

എന്ന പാട്ടു ʻഗണപതിʼപോലെ മറ്റു ഗാനങ്ങളുടേയും പീഠികയായി പാടാറുണ്ടു്; ശാസ്താമ്പാട്ടില്‍നിന്നു് ഒരു ഭാഗം ഉദ്ധരിക്കാം. രാജാവിന്റെ പട്ടമഹിഷി തലവേദന മാറ്റുവാന്‍ പുലിപ്പാല്‍ വേണമെന്നു പറയുകയാല്‍ ശാസ്താവു പുലിയേയും പുലിക്കുട്ടിയേയുംകൊണ്ടു മധുരയിലെ ചെട്ടിത്തെരുവില്‍ക്കൂടിപ്പോകുന്നതാണു് സന്ദര്‍ഭം.

ആപത്തുക്കാക വന്തു പിടിത്തുതേ
അരചരുക്കും വിചാരമില്ലാമലേ
പാവത്താലന്തത്തേവിയാര്‍ ചൊല്കേട്ടു
പട്ടണത്തൈ അഴിക്കിറാര്‍ പാവികള്‍.
പാവിയേ പുലി അന്നാ വരുകുതേ;
പറ്റിപ്പറ്റിക്കടയറൈ തന്നിലേ.
ആ വിതിയെന്റലറി വിഴുവാരും
അണ്ണന്‍ തമ്പിയൈക്കാണാമല്‍ തേടുവാര്‍.
തേടിയ പൊന്‍പണങ്കളൈയും വിട്ടു
ജീരകപ്പൈയും കൊണ്ടോടുവാന്‍ ചെട്ടി.
വാടിയെന്റു മരുമകന്‍ ചെട്ടിയാര്‍
മാമിയാരുടെ കൈയെപ്പിടിക്കവേ
കൈപ്പിടിത്തു മരുമകന്‍ തന്നുടന്‍
കണവനെന്റു നടന്താളേ ചെട്ടിച്ചി.ˮ

ചില മലയാളം വില്പാട്ടുകള്‍

സുഭദ്രാഹരണം, കീചകവധംമുതലായ കഥകളെ അധികരിച്ചു മലയാളഭാഷയില്‍ വില്പാട്ടുകള്‍ ചിലര്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവ എല്ലാംതന്നെ ഗുണരഹിതങ്ങളും ദോഷഭൂയിഷ്ഠങ്ങളുമാണെന്നു പറയേണ്ടിയിരിക്കുന്നു. അവയെ ചേര്‍പ്പെന്നും പുത്തനെന്നും മറ്റും പറയുന്നതില്‍നിന്നുതന്നെ അവയുടെ നവ്യത്വം വ്യക്തമാകുന്നതാണല്ലോ. കീചകവധം പാട്ടിന്റെ ആരംഭം ഇങ്ങനെയാണു്.

ʻʻസാരമുടനിസ്സഭയില്‍ വന്നിരിക്കും
സജ്ജനങ്ങള്‍ കേള്‍പ്പതിനു സഹിതമാക
ഭാരതത്തില്‍പ്പാടിടുന്ന കീചകന്റെ
പരമാര്‍ത്ഥമതു പറവാനായിയിന്നു
നാരിയതാം പാഞ്ചാലികാരണത്താല്‍
നരകപുരമതില്‍പ്പോയിട്ടും മാര്‍ഗ്ഗം
സാരത്തിനോടുപാടും പുലവര്‍ കേള്‍ക്ക-
സ്സല്‍ക്കഥയെ കവിതയാകക്കോര്‍ത്തു ചൊല്‍വന്‍.ˮ

രാമകഥപ്പാട്ടു്

ഇപ്പോള്‍തന്നെ വേണ്ടതിലധികം നീണ്ടുപോയിരിക്കുന്ന ഈ അദ്ധ്യായം ഇവിടെ സമാപിക്കേണ്ടിയിരിക്കുന്നു. അതിനുമുമ്പു തെക്കന്‍പാട്ടുകളുടെ നടുനായകമായ രാമകഥപ്പാട്ടിനെപ്പറ്റിക്കൂടി സ്വല്പം പ്രസ്താവിക്കേണ്ടതായുണ്ടു്. രാമകഥപ്പാട്ടു പാടുന്നതു വിഷ്ണുക്ഷേത്രങ്ങളിലാണു്; അതിനുള്ള ഉപകരണം ʻചന്ദ്രവളയംʼ എന്ന ഒറ്റവാദ്യവുമാണു്.

നെയ്യാറ്റിന്‍കരത്താലൂക്കില്‍ കോവളത്തിനു സമീപമായി ആവാടുതുറ (ഔവാടുതുറയെന്നും പറയും) എന്നൊരു സ്ഥലമുണ്ടു്. അവിടത്തുകാരനായ അയ്യപ്പിള്ള ആശാനാണു് പ്രസ്തുതകാവ്യത്തിന്റെ നിര്‍മ്മാതാവു്. അദ്ദേഹം ഒരു നായരായിരുന്നു, എങ്കിലും നല്ല തമിഴ്ഭാഷാപണ്ഡിതനായിരുന്നതിനാല്‍ തന്റെ കൃതി രചിച്ചതു മലയാംതമിഴിലാണു്. രാമകഥ ബാലകാണ്ഡത്തിന്റെ ആരംഭംമുതല്‍ യുദ്ധകാണ്ഡത്തിന്റെ അവസാനംവരെ ഞാന്‍ കണ്ടിട്ടുണ്ടു്. അതിനപ്പുറം ആ കാവ്യം തുടരുന്നുവോ എന്നറിഞ്ഞുകൂടാ. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കുവാന്‍ അനുജനെ നിയോഗിച്ചിട്ടു തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രത്തില്‍ ശീവേലി തൊഴാനായി പോയെന്നും ദീപാരാധന കഴിഞ്ഞു വെളിയിലിറങ്ങിയപ്പോള്‍ ഒരു വൃദ്ധനെക്കണ്ടു് അദ്ദേഹത്തോടു തനിക്കു വല്ലതും വേണമെന്നു് അപേക്ഷിച്ചു എന്നും അപ്പോള്‍ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തതു ഭക്ഷിച്ചു എന്നും പിന്നീടു മാടത്തിലേക്കുള്ള യാത്ര പാട്ടുപാടിക്കൊണ്ടായിരുന്നു എന്നുമുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല; അത്രയ്ക്കു സര്‍വതോമുഖമായ പാണ്ഡിത്യം ആ കവിപുങ്ഗവന്‍ രാമകഥയില്‍ പ്രകടിപ്പിച്ചിട്ടുണ്ടു്. ആശാന്റെ അനുജന്‍ അയ്യനപ്പിള്ള ആ പഴത്തിന്റെ തൊലി തിന്നു് ഒരു സാധാരണ കവിയുമായി പോലും! ഈ കഥയ്ക്കും വാസുഭട്ടതിരിയെ സംബന്ധിച്ചുള്ള ഐതിഹ്യത്തിനും തമ്മില്‍ ശങ്കാജനകമായ ഐകരൂപ്യം കാണുന്നതും ഈ അവസരത്തില്‍ സ്മരണീയമാണു്. അയ്യനപ്പിള്ള മലയാളത്തിലാണു് അദ്ദേഹത്തിന്റെ ഭാരതം പാട്ടു രചിച്ചിട്ടുള്ളതു്.

അയ്യപ്പിള്ള ആശാന്റെ കാലം

രാമകഥപ്പാട്ടിന്റെ മുഖവുരയായി പാടിവരാറുള്ള ഒരു പാട്ടില്‍

ʻʻഅയന്‍ പൊരുളാല്‍ നാരതരും പുറ്റിനോടു-
മരുള്‍ മുനിവന്‍ വാഴ്ത്തിയുരൈത്തതാക
പരന്‍ കതയൈ കമ്പര്‍ പന്തീരായിരത്താല്‍
പകര്‍ന്ത കതൈ കണ്ണശ്ശനില്‍പ്പാതിയാം;
തരന്തരമായ് വിളങ്ങുമൊഴിയതനില്‍പ്പാതി
തനിവിനയിലൗവാടു തുറയിലയ്യന്‍
വിരന്തുടനിരാമനാമം ചൊന്ന ചൊല്ലൈ
മേലുംതപൈതനിലടിയേന്‍ വിള്ളിന്റേനേˮ

എന്നൊരു ഭാഗമുണ്ടു്. അതിനെ ആസ്പദമാക്കി ഞാന്‍ അയ്യപ്പിള്ള ആശാന്റെ ജീവിതകാലം കണ്ണശ്ശനു പിന്നീടാണെന്നു് എന്റെ ʻʻപ്രാചീന മലയാളമാതൃകകള്‍ – ഒന്നാംഭാഗംˮ എന്ന പുസ്തകത്തിന്റെ അവതാരികയില്‍ പ്രസ്താവിക്കുകയുണ്ടായി. ഇന്നും എന്റെ അഭിപ്രായം അതുതന്നെയാണു്. ഇതില്‍നിന്നു പ്രസ്തുത കവി ജീവിച്ചിരുന്നതു കൊല്ലം ഏഴാംശതകത്തിലാണെന്നു വന്നുകൂടുന്നു. രാമകഥയ്ക്കു് അതിനെക്കാള്‍ പഴക്കം കല്പിക്കുവാന്‍ പാടില്ലെന്നുള്ളതു് അയ്യനപ്പിള്ളയുടെ ഭാരതം പാട്ടില്‍നിന്നു് ഒരു ഭാഗം ഉദ്ധരിച്ചു തെളിയിക്കാം. പാണ്ഡവന്മാര്‍ പാഞ്ചാലിയെ പാണിഗ്രഹണം ചെയ്തതിനുമേലുള്ള സന്ദര്‍ഭമാണു് അതില്‍ വിവരിക്കുന്നതു്.

ʻʻധര്‍മ്മപുത്രര്‍ നല്ലതോരു സ്ത്രീധനങ്ങളും വരിച്ചു
സൗഖ്യമോടവിടെ മേവും നാളിലേ
വര്‍മ്മമൊടു പൊരുതുപോയ കര്‍ണ്ണനും സുയോധനനും
മന്തിരിച്ചു തമ്മിലൊക്ക മുദ്രയായ്
ദുര്‍മ്മദമതുള്ളതോരു മന്നരേയരക്കറയില്‍
ചുട്ടുകൊന്നതെങ്ങനെ ജീവിച്ചതും?
വര്‍മ്മമുണ്ടു വല്ലജാതിയുമവരെക്കൊന്നിടായ്കില്‍
പാഞ്ചാലമഹിപന്‍ നല്ല ബന്ധുവോ?
ബന്ധുവാമവന്‍ പുരത്തിലേ പടയെടുത്തു ചെന്നു
വിരവിലൈവരേയും കൊല്ലവേണമേ.
ശാന്തവ[24] പാഞ്ചാലനേയും കൂടവേയറുതിചെയ്തു
തക്ക പെണ്ണിനേയും കൊണ്ടുപോരണം.
വേന്തര്‍ തങ്ങളില്‍പ്പറയും ചെയ്തിയൊക്ക ഭീഷ്മര്‍ കേട്ടു
വേണ്ടയിതു നല്ലതല്ലയെന്നനര്‍.ˮ

നിരണം കവികളുടെ കൃതികള്‍ക്കോ ഇതിനോ പ്രാചീനതയെന്നു പണ്ഡിതന്മാര്‍ക്കു നിര്‍ണ്ണയിക്കുവാന്‍ പ്രയാസമില്ലല്ലോ.

അയ്യപ്പിള്ള ആശാന്റെ കവിതാരീതി

ആശാന്റെ കവിതാരീതി ഒന്നുരണ്ടുദാഹരണങ്ങള്‍കൊണ്ടു വിശദമാക്കാം. വിരുത്തവും പാട്ടുമായാണു് രാമകഥപ്പാട്ടു നിര്‍മ്മിച്ചിട്ടുള്ളതു്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടര്‍ന്നു ദീര്‍ഘമായ ഒരു പാട്ടും; പിന്നെയും അതേമാതിരി നിബന്ധം –- ഇതാണു് അദ്ദേഹത്തിന്റെ രചനാസമ്പ്രദായം. വിരുത്തത്തിന്റെ ഉദാഹരണങ്ങളാണു് താഴെക്കാണുന്നതു്.

ʻʻഅതിചയിത്തന്നം വാങ്കിയരചനും തേവിമാരൈ
മതിചിറന്തഴൈത്തനേരം മകിഴ്ന്തുവന്തരുകിരുന്താര്‍.
പുതുമതിനുതലിമാര്‍ക്കുപ്പുത്തിരരുണ്ടാവാനായ്
ചതുര്‍മ്മുകന്‍ പടൈത്തനേരം തചരതര്‍ പകുത്താര്‍ ടോറ്റൈ.ˮ

(ബാലകാണ്ഡം)


ʻʻതരതനിലറം വളര്‍ക്കും ചങ്കണിതരന്മേലാചൈ
കരുതിനാര്‍; പലരും നേചം കമലലോചനനില്‍ വൈത്താര്‍;
പുരവലനതൈയറിന്തു പുതല്‍വനൈയിനുതായ്‌നാടി-
യൊരു തിനം കിരണപീടത്തെയ്തിനനുമ്പര്‍ക്കാത്തോന്‍.ˮ

(ബാലകാണ്ഡം)

അടിയില്‍ ചേര്‍ക്കുന്നതു ആസന്നമരണനായ ബാലി ശ്രീരാമനോടു പറയുന്ന പരിഭവവാക്യങ്ങള്‍ അടങ്ങിയ പാട്ടിലെ ഒരു ഭാഗമാണ്.

ʻʻമന്നാ നീയേതുക്കെന്നെയെയ്തായ്–-പുത്തി
ചൊന്നതാര്‍ കുരങ്കകളൈക്കൊന്റാക്കിലാമോ? (മന്നാ)
മന്നര്‍ ചിലര്‍ കേട്ടാലും ചിരിക്കും–-താരൈ
മടിയാമലനല് വളര്‍ത്തു മരിക്കും–-പാരില്‍
അന്നേരം ഇരവിതേരിലിരിക്കും–-അന്ത
ഇളയവനും നലമായ്ച്ചെന്റിരുന്തരശു പരിക്കും (മന്നാ)
തമ്പിക്കു തമയനൊന്റു പിഴൈത്താല്‍–-നാങ്ക-
ളിരുവരൈയുമൊരു തലത്തിലഴൈത്താല്‍–-അന്റു
വമ്പുചെയ്തവര്‍കളെ നീ വതിത്താല്‍–-ഞായ-
മിന്തവഴികേടു ചെയ്തതുന്തന്‍ വാളിയുടമതത്താല്‍. (മന്നാ)
തചരതര്‍ക്കു നാന്‍ പിഴൈത്തതുണ്ടോ?–-ഉങ്കള്‍
തിരവിയങ്കള്‍ കളവാണ്ടതുണ്ടോ?-ഒരു
വചകളുമേ നാന്‍ പറൈന്തതുണ്ടോ?-അന്ത
വനത്തിടയില്‍ താടകൈപോല്‍ വന്തവകൈയുണ്ടോ? (മന്നാ)

* * *


വേട്ട പെണ്ണൈക്കളവാണ്ട കള്ളനങ്കിരിക്ക
വെറുതാവിലേനാനും കിടന്തിങ്കേ മരിക്ക
ചാട്ടമറ്റ കുരങ്കൈയെറുമ്പരിക്ക–-തമ്മൈ-
ത്തരംകെടുത്ത രാവണനുമങ്കിരുന്തു ചിരിക്ക. (മന്നാ)
ചതിത്തിരുന്തു വാളിതൊടലാമോ?–-തമ്പി
ചതിയനുടെ ചൊല്‍ കേള്‍ക്കലാമോ?–-ആര്‍ക്കും
എതിര്‍ത്തിപ്പോരിലെന്നൈ വെല്ലലാമോ?–-തേവി
യിവനാലെ ചിറമീണ്ടു ഇക്കരയിലാമോ? (മന്നാ)
തന്‍പതി[25]യും രാവണനുക്കച്ചേ–-തേടി
ത്തനിത്തൊരുവന്‍മാര്‍ക്കപന്തുവാച്ചേ–-ഇനി
എന്‍പതിയുമടുത്താരുക്കാച്ചേ–-ഉലകില്‍
എളിയോര്‍ക്കും പെരിയോര്‍ക്കുമിതൊരു പേച്ചാച്ചേ. (മന്നാ)

(കിഷ്കിന്ധാകാണ്ഡം)

ആശാന്‍ മലയാളത്തില്‍ പ്രസ്തുതകൃതി രചിക്കാത്തതു മലയാളകവിതകളുടെ ഭാഗ്യമാണു്; മലയാളത്തിന്റെ ദൗര്‍ഭാഗ്യവും. അത്രയ്ക്കു നന്നായിട്ടുണ്ടു് അതിലെ പല ഭാഗങ്ങളും.

ഇനിയും കേരളത്തിന്റെ ഓരോ ഭാഗത്തും മുക്കിലും മൂലയിലുമായി ഒളിഞ്ഞും മറഞ്ഞും, തേഞ്ഞും, മാഞ്ഞും, എത്രയെത്ര നാടോടിപ്പാട്ടുകള്‍ ആസന്നമൃത്യുക്കളായി കിടക്കുന്നു! ഈ പുസ്തകത്തില്‍ അവയെപ്പറ്റിയുള്ള പ്രപഞ്ചം ഇനിയും തുടര്‍ന്നുകൊണ്ടുപോകുന്നതിനു് അശേഷം സൗകര്യമില്ലല്ലോ. അതുകൊണ്ടു്. ഈ പ്രകരണം ഇവിടെ അവസാനിപ്പിക്കാം. അവയുടെ നിര്‍മ്മാതാക്കള്‍ പ്രായേണ അപണ്ഡിതന്മാരായിരുന്നു എന്നു മുന്‍പു പ്രസ്താവിച്ചുവല്ലോ. എന്നാല്‍ അവര്‍ക്കു തന്നിമിത്തം മനോധര്‍മ്മവും കവനപാടവവുമില്ലായിരുന്നു എന്നു ശഠിച്ചുകൂടുന്നതല്ല. സഹൃദയഹൃദയങ്ങളെ വികാരതരളിതങ്ങളാക്കുന്നതാണു് കവിധര്‍മ്മമെങ്കില്‍ അതു് അവരില്‍ പലര്‍ക്കും പരിപൂര്‍ണ്ണമായുണ്ടായിരുന്നു. എന്നു മാത്രമല്ല അവരുടെ കൃതികളിലെ ചില ഭാഗങ്ങള്‍ പാടിക്കേള്‍ക്കുമ്പോള്‍ കാശ്യപാശ്രമത്തില്‍ ശകുന്തളയെ കാണുന്ന അവസരത്തില്‍ ദുഷ്ഷന്തന്‍ ചൊല്ലുന്ന

ʻʻശുദ്ധാന്തദുര്‍ല്ലഭമിദം വപുരാശ്രമവാസിനോ യദി ജനസ്യ
ദുരീകൃതാഃ ഖലു ഗുണൈരുദ്യാനലതാ വനലതാഭിഃˮ

എന്ന ശ്ലോകം നമ്മുടെ സ്മൃതിപഥത്തെ നാമറിയാതെതന്നെ അധിരോഹണം ചെയ്തുപോകുന്നു. ഈ പാട്ടുകള്‍ കിട്ടുന്നിടത്തോളം ശേഖരിച്ചു പ്രസിദ്ധപ്പെടുത്തുന്നതിനേക്കാള്‍ അവിളംബ്യമായ ഒരു കര്‍ത്തവ്യം ഭാഷാഭിമാനികളെ അഭിമുഖീകരിക്കുന്നില്ല എന്നു് ഒന്നുകൂടി ഊന്നിപ്പറയുവാന്‍ ഈ അവസരം വിനിയോഗിച്ചുകൊണ്ടു് വിരമിയ്ക്കുന്നു.



  1. മൊയ്, ഞെരുങ്ങിയ.
  2. ഊന്‍=ശരീരം
  3. ചാവു്=പിശാചു്.
  4. വേളയം=സല്‍ക്കാരം.
  5. പന്നു്=പാടുന്ന.
  6. പൂരായം=പൊളി.
  7. കാതി=പിരിഞ്ഞു്.
  8. എകിറു്=വീരപ്പല്ല്.
  9. ഇന്ദ്രനും ബ്രഹ്മാവും.
  10. മാല്‍=വിഷ്ണു.
  11. മൊഴി=സന്ധി.
  12. പടം=കാല്‍പ്പടം.
  13. കടയം=കടകം.
  14. മതത്തുവം=സൂതികര്‍മ്മിണി.
  15. ചേട്ടം=ബലം.
  16. തുരൈപതി=പ്രധാനസേനാപതി.
  17. ഇദ്ദേഹത്തെപ്പറ്റി വേറേ രേഖകള്‍ കണ്ടിട്ടില്ല.
  18. അതുര=അസുര.
  19. ആ വീരനു് ഇരുമ്പുകൊടിയുണ്ടായിരുന്നതിനാലാണു് ഈ ബിരുദം ലഭിച്ചതു്.
  20. ആയിത്തുക്കു=ആയുസ്സിനു്.
  21. ആട്ടേയ്ക്കു്=ആണ്ടേയ്ക്കു്.
  22. കൊടു=കൊണ്ടു.
  23. വെണ്ടയം=പാദകടകം.
  24. ശാന്തവ, ശാന്തനവന്‍ എന്ന പദം കുറുകിയതു്.
  25. പതി=നാടു്