close
Sayahna Sayahna
Search

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-രംഗം ആറ്


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

രംഗം ആറ്

വാച്ച് : (കടന്നുവന്ന്) ഹൊ! തിരക്കോടു തിരക്കു തന്നെ. വല്യവീട്ടിലെ കേശവന്‍ നായരദ്ദേഹത്തോടൊപ്പം മുഖ്യമന്ത്രി സഖാവ് ഗോപാലന്‍ ഔദ്യോഗിക പ്രതാപത്തോടെ പുലര്‍ച്ചെ ഇങ്ങെത്തും. രക്തസാക്ഷിമണ്ഡപത്തില്‍ ചാര്‍ത്താനായി പുഷ്പഹാരമെടുത്തു കൊടുക്കുക കേശവന്‍ നായരദ്ദേഹമത്രേ. തുടര്‍ന്ന് കേശവനായരദ്ദേഹത്തിന് പത്മശ്രീ സമ്മാനിക്കുന്ന ഔദ്യോഗിക ചടങ്ങ്. (വയര്‍ലെസ്സില്‍)യെസ് സര്‍, ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാവുന്നു. ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രത്യേകം ക്ഷണിക്കപ്പെടുന്നവരുടെ ലിസ്റ്റ് ചീഫ് സെക്രട്ടറി എത്തിച്ചുകഴിഞ്ഞു. യെസ് സര്‍. ങേ, കലാപരിപാടികള്‍ എന്തെങ്കിലും വേണമെന്നോ? പക്ഷെ സര്‍…ഈ പതിനൊന്നാം മണിക്കൂറില്‍ — യെസ്. ആലോചിക്കാം സര്‍. എന്തെങ്കിലും പററുമോ എന്നു നോക്കാം. പുലയന്റേം പറയന്റേം പററുമോ എന്നു നോക്കാം. പുലയന്റേം പറയന്റേം എന്തെങ്കിലും കോപ്രായങ്ങളിലാവാം കേശവന്‍ നായരദ്ദേഹത്തിന് താല്പര്യമുണ്ടാവുകയെന്നോ? നോക്കാം സര്‍. യെസ് സര്‍. സര്‍, സര്‍, സര്‍…

ഭാരതി : അമ്മയെ നേരത്തെ അടക്കാന്‍ കഴിയാതിരുന്നതു നന്നായി. ഈ കാഴ്ചകളും കൂടിയൊന്നു കാണട്ടെ. നരജന്മമൊന്നു പൂര്‍ത്തിയാക്കാന്‍ എത്രയെത്ര കാഴ്ചകള്‍!

വൃദ്ധന്‍ : മാലയുടേയും കറമ്പന്റേയും മാത്രമല്ല, അധഃസ്ഥിതരായ ഓരോരുത്തരുടേയും ആത്മബോധമില്ലായ്മയുടെ, അശ്രദ്ധയുടെ പാപഫലമാണിപ്പോള്‍ നമ്മളനുഭവിച്ചുകൊണ്ടിരിക്കുന്നത്.

വാച്ച് : ഹൊ! വല്ലാത്തൊരു വേവലാതിയായല്ലോ! തലപോകുന്ന കാര്യമാണ്. സര്‍വ്വ പുലയനും പാണനും പറയനും അവരുടെ കോപ്രായങ്ങള്‍ മറന്നുപോയിരിക്കുന്നു. അല്പം വല്ലോം അറിയാവുന്നരൊക്കെ — ഘോഷയാത്രയുടെ മുമ്പിലോ പിറകിലോ…

ഭാരതി : അവരും വാച്ച്മാനും തമ്മിലെന്ത്?

വാച്ച് : കേശവന്നായര‌ദ്ദേഹത്തിന് പഞ്ചമന്റെ എന്തെങ്കിലും കലാപരിപാടി കാണണം. ആരുണ്ടെന്നെ സഹായിക്കാന്‍?

ഭാരതി : അതിനാണോ ബുദ്ധിമുട്ട്? ഞങ്ങള്‍ മതിയോ?

വൃദ്ധന്‍ : മോളേ…

(കോറസ് കടന്നു വരുന്നു)

കോറസ് :

അങ്ങേ വീട്ടിലെ വമ്പന്മാരും
ഇങ്ങേവീട്ടിലെ കൊമ്പന്മാരും
നാവുകൊണ്ട് കച്ച കെട്ടി
ഭൂമികൊണ്ട് ചെരിപ്പിട്ട്
മുടികൊണ്ട് വടിയൂന്നി
മാനംകൊണ്ട് കുട പിടിച്ച്
ഓടിവരുന്നേ, ചാടിവരുന്നേ,
ഓതിരമൊന്ന് തിരിഞ്ഞു വരുന്നേ…

ഭാരതി : ചരിത്രം അതിന്റെ ക്രൂര ഫലിതങ്ങളെല്ലാം പ്രവര്‍ത്തിച്ചു തീര്‍ക്കട്ടെ. ഒന്നുമൊന്നും പാരഡിയാക്കപ്പെടാതെ അവശേഷിച്ചുകൂടാ. (പോസ്) കേശവന്‍ നായരദ്ദ്യേത്തിന് ഞങ്ങളുടെ വേലകളി മതിയോ?

വാച്ച് : ങ്ങേ? നിങ്ങളെന്നെ സഹായിക്കാമെന്നോ? പക്ഷെ, രണ്ടുപേര്‍ പോരാ, ഒരു സംഘം വേണം.

ഭാരതി : സംഘമെങ്കില്‍ സംഘം. ഒരു കോളനി തന്നെ വേണമെങ്കില്‍ അങ്ങനെ.

വാച്ച് : ഭേഷ് (വയര്‍ലസ്സില്‍) കിട്ടി സര്‍, കിട്ടി കരിവീട്ടി കാതല്‍പോലെ നാലഞ്ചെണ്ണം. പകിട പോലെ തിരിഞ്ഞു കളിക്കുന്നവര്‍. ങേ? പെണ്ണുങ്ങളോ? ഉണ്ട് സര്‍. പെണ്ണുങ്ങളുമുണ്ട്. എന്നാലിതൊരു ഗ്ലാമര്‍ ഐററമാക്കാമെന്നോ? താങ്കയൂ സര്‍… ങേ? പുഷ്പാര്‍ച്ചനയോടനുബന്ധിച്ചുള്ള ചടങ്ങിലോ? യെസ് സര്‍. ഇവര്‍ക്കപ്പോള്‍ സന്ദര്‍ഭം കെടുക്കാം. പക്ഷെ, പത്മശ്രീ സമ്മാനിക്കുന്ന ചടങ്ങിനുശേഷമോ സര്‍? ങേ? ഭേഷ്, കെ. പി. എ. സി.യുടെ നാടകമോ? ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യോ? ആ നാടകം തന്നെ കാണണമെന്ന് വല്യവീട്ടിലദ്യേത്തിന് നിര്‍ബന്ധമെന്നോ? യെസ് സര്‍. ഇപ്പോള്‍ പരിപാടികളുടെ അവസാന രൂപമായി. പത്രങ്ങള്‍ക്ക് ഇവിടെനിന്നു വിളിച്ചു പറയണോ? ഔദ്യേഗിക പ്രസ് റീലീസുണ്ടാകും, അല്ലേ? ഭേഷ്! എല്ലാം

ദൈവകൃപ കൊണ്ട് നന്നാകും സര്‍..സര്‍..സര്‍..

വൃദ്ധന്‍ : നാല്പത്തിയഞ്ചു വര്‍ഷം മുമ്പത്തെ ചോദ്യങ്ങള്‍ക്കുളള അന്നത്തെ മറുപടിയായിരുന്നു ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ അതിനിടയില്‍ എത്ര വെളളം, എത്ര രക്തം വോള്‍ഗയിലൂടെയും യാങ്ടിസിയിലൂടെയും മാത്രമല്ല ഗംഗയിലൂടെയും പെരിയാറിലൂടെയും ഒഴുകിപ്പോയി! നാടകം വീണ്ടും അതേപോലെ അവതരിപ്പിക്കുന്നതിനെ ന്യായീകരിച്ചുകൊണ്ടുളള വിശദീകരണം കേള്‍ക്കണ്ടേ?

കോറസ് : ഇന്നുകൃത്യം 7.30ന് തിരുനക്കര മൈതാനിയില്‍ കെ. പി. എ. സി.യുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി — നാടകം ഒരിക്കള്‍ക്കൂടി കാണാനൊരു സുവര്‍ണ്ണാവസരം. വരുവിന്‍ കാണുവിന്‍ കോള്‍മയിര്‍ കൊളളുവിന്‍! നിങ്ങളെന്നെ കണ്യൂണിസ്റ്റാക്കി — വീണ്ടും.

സോവിയററ് യൂണിയനിലെ മാററങ്ങള്‍ പൊക്കിക്കാണിച്ച് കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ താഴ്ത്തിക്കാട്ടാന്‍ മുതലാളിത്ത വിഭാഗം കേരളത്തിലും ശ്രമിച്ചുവരികയാണല്ലോ. ‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’ എന്നൊരു നാടകംവരെ ഇപ്പോള്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു. ‘നിങ്ങളെന്നെ കണ്യൂണിസ്റ്റാക്കി’ എന്ന നാടകം പഴയതില്‍നിന്ന് ഒരു മാററവും കൂടാതെ അവതരിപ്പിച്ചുകൊണ്ടു തന്നെ ഞങ്ങളിതിന് മറുപടി പറയുന്നു.

ഒന്നാമന്‍ :
നമ്മള് കൊയ്ത വയലെല്ലാം
ആരുടെതിപ്പോള്‍ പൈങ്കിളിയേ…
ആരുടെതിപ്പോള്‍ പൈങ്കിളിയേ…

രണ്ടാമന്‍ :
അരിവാളിന്‍ ചുണ്ടിലെ ചിരി മാഞ്ഞതെന്തേ
നീയാ കാരിയം ചൊല്ലാമോ?
നീലക്കുരുവി, നീലക്കുരുവി…

മൂന്നാമന്‍ :
പുലയനും കിട്ടീല്യ, അടിയാനും കിട്ടീല്യ
കിട്ട്യോര്ടെ തലേല് കോഴിപ്പൂട

(കോറസ് രംഗം വിടുന്നു)

ഭാരതി : മറുപടി പഴയതു തന്നെ. ചോദ്യങ്ങള്‍ മാറിയാലെന്താ? പ്രശ്നങ്ങള്‍ പുതുതായാലെന്ത്? പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല!

വാച്ച് : പക്ഷെ, പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം? നിങ്ങളാളെക്കൂട്ടാന്‍ നോക്ക്, ആദ്യം വേലകളിക്കുള്ള ടീം ശരിയാക്ക്. നാളെ വല്യവീട്ടില്‍ കേശവനായരദ്യേത്തിന്റെ മനം കുളിര്‍പ്പിച്ച് ആ തൃക്കയ്യില്‍നിന്ന് പട്ടും വളയും വാങ്ങേണ്ടതാണ്. ഒന്നു രണ്ടു റിഹേഴ്സലെങ്കിലും വേണ്ടേ?

ഹറി അപ്, ഹറി അപ്… (അവരെയെല്ലാം ഉന്തിത്തളളി പറഞ്ഞുവിടുന്നു) ഹാവൂ! ഒരു ശ്‌മശാനം സൂക്ഷിപ്പുകാരന്റെ വാലില്‍ പിടിച്ച് തീ നോക്കണേ, മാന്യ പ്രേക്ഷകരേ! ഈ ചടങ്ങൊന്നു കഴിഞ്ഞാല്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുകയാണ്. ഇനിയുള്ള കാലം ഈ ദരിദ്രവാസി സര്‍ക്കാരിനെ വിശ്വസിച്ചുകൂടാ. ഇപ്പൊത്തന്നെ മാസത്തില്‍ പത്തും പതിനഞ്ചും ദിവസം ട്രഷറി അടച്ചിടുന്നു. അതുകൊണ്ട് ഗോൾഡന്‍ ഹാന്റ് ഷെയ്ക്ക്! വളന്ററി റിട്ടയര്‍മെന്റ്. കിട്ടാവുന്ന കാശു വാങ്ങി (രഹസ്യമായി) മാഞ്ചിയത്തിലും കോലാടിലും നിക്ഷേപിക്കല്ലേ! ആട് കിടന്നേടത്ത് പൂട പൊലുമില്ലെന്ന് കേട്ടിട്ടില്ലേ, ങ്ഹാ, കിട്ടാനുള്ള കാശു വാങ്ങി അതു വട്ടപ്പലിശക്കു കൊടുക്കുക. കുറേശ്ശെ രൂപ വീടുകളില്‍ കടം കൊടുക്കാനാണു പ്ളാന്‍. പലിശ എടുത്ത് ബാക്കിയേ കൊടുക്കാവൂ. കടം പെണ്ണുങ്ങള്‍ക്കു മാത്രം! നമ്മുടെ നാട്ടില്‍ നാണോം മാനോം വെവസ്ഥേം വെളളിയാഴ്‌ചേം പെണ്ണുങ്ങള്‍ക്കേ ബാക്കിയുള്ളു. പ്രതിദിനം, അല്ലേല്‍ ആഴ്‌ചേലൊരിക്കല്‍ പോയി ഗഡുക്കള്‍ പിരിക്കുക. സര്‍ക്കാര്‍ പണി ചെരച്ചാല്‍ വെളളംകുടി മുട്ടിയതുതന്നെ. വൈകുന്നേരം നൂറടിക്കാനൊത്തില്ലേല്‍ എന്തോന്നു ജീവിതം! ങാ, നേരം പോകുന്നതറിയുന്നില്ല. മുഖ്യമന്ത്രിയുടെ വരവു പ്രമാണിച്ച് ഇവിടമൊക്കെ ഒന്നു വൃത്തിയാക്കണ്ടേ? (രംഗത്തു മൂളിപ്പാട്ടും പാടി നടക്കുന്നു) അവിടമൊക്കെ അടിച്ചുവാരുന്നു. പുറമെനിന്നും ഒന്നുരണ്ടു കസേരകള്‍ കൊണ്ടുവന്ന് പല സ്ഥലങ്ങളിലായി മാറി മാറി വെയ്ക്കുന്നുണ്ട്)

മുറിയരിവാളെവിടെപ്പോയെടി
മൂളിയലങ്കാരി…
ആ അരിവാളല്ലേ നമ്മുടെ
കൊടിയേനിന്നു പറക്കണത്.
ആ ചെങ്കൊടി എവിടെപ്പോയെടി
മൂളിയലങ്കാരി..
ആ ചെങ്കൊടിയല്ലേ സര്‍ക്കാര്‍
കാറില്‍, നോക്ക്, പറക്കണത്…

വാച്ച് 
(പ്രേക്ഷകരോട്) നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും, ഒരു ക്ലാസ് ഫോര്‍ ജീവനക്കാരന് എന്തോന്നു കലയും സാഹിത്യുവും സംസ്കാരവുമെന്ന്, പരിഹസിക്കാതെ, ക്ലാസ് ഫോറിനും ഫോര്‍ ലൈന്‍സ് പാടാനാവും. (അകത്തേക്കും പുറത്തേക്കും നോക്കി) കാണുന്നില്ലല്ലോ പഹ

യന്‌മാരെ. അവര്‍ മാത്രമാണിങ്ങെത്താനുള്ളത്. അല്പസമയത്തിനുള്ളില്‍ മാധ്യമങ്ങളുടെ സംഘത്തോടൊപ്പം സ. ഗോപാലനും വല്യവീട്ടിലദ്യേവും ഇങ്ങെത്തും. സുരക്ഷിതത്വ കാരണങ്ങളാല്‍ മറ്റാര്‍ക്കും പുഷ്പാര്‍ച്ചന ചടങ്ങിന് പ്രവേശനം അനുവദിച്ചിട്ടില്ല. പുഷ്പാര്‍ച്ചന ചടങ്ങിനുശേഷം വിശിഷ്ടാതിഥികള്‍ അല്പ നേരം ചെറുമരുടെ വേലകളി ആസ്വദിക്കും. പിന്നീട് ടൗണ്‍ഹാളിലാണ് പത്മശ്രീ സമര്‍പ്പണ ചടങ്ങ്. ഗവര്‍ണറാണ് പത്മശ്രീ സമ്മാനിക്കുന്നത്. തുടര്‍ന്ന് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യുടെ അവതരണം. (വീണ്ടും അകത്തേക്കും പുറത്തേക്കും നോക്കി) വേലകളിക്കാര്‍ മാത്രമാണിങ്ങെത്തേണ്ടത്. (കൈയടിച്ച്) എവിടെ പഹയന്മാര്‍ വേലകളി വിരുതര്‍?

(വൃദ്ധനും ഭാരതിയും കയ്യില്‍ അലങ്കരിച്ച വടികളുമായെത്തുന്നു.)

വാച്ച് 
(പരിഭ്രമിച്ച്) പഹയന്മാരേ, സെക്യൂരിറ്റി കാരണങ്ങളാല്‍ പുന്നപ്ര– വയലാര്‍ രക്തസാക്ഷികള്‍ക്കു പോലും പ്രവേശനം അനുവദിക്കാത്ത ഈ ചടങ്ങളില്‍ വടിയും കൊടിയും കുന്തവുമായി വേലകളിക്കാരോ! (പോസ്) ഹാന്റ് അപ്പ്! എബൗട്ടേണ്‍! ജീവന്‍ വേണേല്‍, ഓട്, ഓട്!
ഭാരതി 
ശുരനാട്ടെ കൂന്താലിക്കാരായ രക്തസാക്ഷികള്‍ക്കാണ് ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. അതിലെ ഹീറോയ്ക്ക് വടിയും കൊടിയും കണ്ടാല്‍ പനിയ്ക്കുമോ?
വാച്ച് 
നാടകം വേറെ, ജീവിതം വേറെ മക്കളേ. പത്രക്കാരടക്കം മെററല്‍ ഡിറ്റക്റ്ററിലൂടെയാണ് ചടങ്ങുകള്‍ക്കായി വലിയ ചുടുകാട്ടില്‍ പ്രവേശിക്കുക. എബൗട്ടേണ്‍! ആദ്യം അടിമുടി നിരായുധരാകുക. കോണകവാലിലെ സേഫ്റ്റി പിന്‍വരെ പറിച്ചെറിയുക. ലെഫ്റ്റ് റൈറ്റ്, ലെഫ്റ്റ്, റൈറ്റ്! (ഭാരതിയും വൃദ്ധനും മനസ്സില്ലാമനസ്സോടെ സ്ഥലം വിടുന്നു. വാച്ച്മാന്‍ പ്രേക്ഷകരോടെന്തോ പറയാന്‍ തുടങ്ങുന്നതിന്നിടയില്‍ സൈറണ്‍ മുഴങ്ങുന്നു. പിന്നാലെ പോലീസിന്റെ ബ്യൂഗിളും. സ. ഗോപാലനും കേശവന്നായരും പ്രവേശിക്കുന്നു. ഫ്ലാഷ് ലൈറ്റുകള്‍ മിന്നുന്നതിന്നിടയില്‍ വല്യവീട്ടിലദ്ദേഹം എടുത്തു കൊടുക്കുന്ന പുഷ്പഹാരം ഗോപാലന്‍ രക്തസാക്ഷി മണ്ഡപത്തില്‍ ചാര്‍ത്തുന്നു. വിശിഷ്ടാഥികള്‍ കലാപരിപാടികള്‍ ആസ്വദിക്കാനായി ഇരിക്കുമ്പോള്‍ കോറസും വൃദ്ധനും ഭാരതി

യും സുമവും പ്രവേശിക്കുന്നു. വന്ന ഉടനെ കളി തുടങ്ങുന്നു — ഒരാഫ്രിക്കന്‍ കവിതയാണ് കളിക്കാധാരമായ വരികള്‍)

അവന്‍ എന്റെ അച്ഛനെ കൊന്നു
എന്റച്ഛന്‍ തന്റേടിയായിരുന്നു
അവന്‍ എന്റെ അമ്മയെ മയക്കിയെടുത്തു
എന്റെ അമ്മ സുന്ദരിയായിരുന്നു
അവന്‍ എന്റെ ചേട്ടനെ ഉച്ചവെയിലില്‍ ചുട്ടുകളഞ്ഞു
എന്റെ ചേട്ടന്‍ കരുത്തനായിരുന്നു
കറുത്തവന്റെ ചോര കൊണ്ട് ചുവന്ന കയ്യുമായ്
അവന്‍ എന്റെ നേരേ തിരിഞ്ഞ്
ചക്രവര്‍ത്തിയുടെ ശബ്ദത്തില്‍ കല്പിച്ചു-
ഹേയ് പുലച്ചി, ഒരു കസേര
ഒരു തോര്‍ത്ത്, ഒരു പാത്രം വീഞ്ഞ്…

വൃദ്ധന്‍ 
(മുന്നോട്ട് വന്ന് ഭവ്യത നടിച്ച്) ഏമാന്മാര്‍ക്ക് പരിചയം കാണും — മാല, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’യിലെ മാല.
(കോറസ് മാലയെ മുന്നോട്ടാനയിക്കുന്നു)
മാല 
ഈ സമരത്തില്‍ ഞങ്ങള് തോററുപോയ്, തോററുപോയ്, തോററുപോയി!
ഭാരതി 
(മന്നോട്ടുവന്ന് ഭവ്യത നടിച്ച്) ഏമാന്മാര്‍ക്ക് പരിചയം കാണും — പത്രോസ്. പുന്നപ്ര – വയലാറിന്റെ കുന്തക്കാരന്‍ കെ. വി. പത്രോസ്.
(കോറസ് വൃദ്ധനെ മുന്നോട്ടാനയിക്കുന്നു)
വൃദ്ധന്‍ 
ആ സ്റ്റേറ്റ് കാറിനു മുകളില്‍ ത്രിവര്‍ണ്ണ പതാകക്കൊപ്പം പാറുന്ന കൊടിയുണ്ടല്ലോ. അതേതാണെന്നറിയാമോ? ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്നാര്‍ത്തുവിളിച്ച് മാലയുടെ കൈയ്യില്‍നിന്ന് പിടിച്ചു വാങ്ങിയതാണാ കൊടി.
മാല 
(മുന്നോട്ടുവന്ന് ഭവ്യത നടിച്ച്) ഏമാന്മാര്‍ക്ക് പരിചയം കണ്ടേക്കില്ല — ഭാരതി, ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ യുടെ രണ്ടാം ഭാഗത്തില്‍, ‘ഇന്നലെ ഇന്ന് നാളെ’യില്‍ തോപ്പില്‍ ഭാസി എനിക്ക് സൃഷ്ടിച്ചുതന്ന ദത്തുപുത്രി.
(ഭാരതിയെ കോറസ് മുന്നോട്ടാനയിക്കുന്നു)
ഭാരതി 
ജീവിതത്തില്‍ അമ്മയുടെ ഒരാഗ്രഹവും സഫലമായില്ല. ചെമ്പതാക പുതച്ച് എന്നെന്നേയ്ക്കുമായി ഉറങ്ങണമെന്ന ആഗ്രഹം പോലും.
(വിശിഷ്ടാതിഥികള്‍ സ്തംഭിച്ചു നില്‌ക്കുന്നു. ഇതിന്നിടയില്‍ എപ്പോഴോ വാച്ച്മാന്‍ വാച്ച് ടവറില്‍ കയറി ഒളിച്ചു കഴിഞ്ഞിരുന്നു. മാലയും ഭാരതിയും വൃദ്ധനും വിശിഷ്ടാതിഥികളെ ചൂണ്ടിനില്‍ക്കുന്നു. കോറസ് അരങ്ങിനെ ഒരു കോടതി മുറിയാക്കുന്നു.)
മാല 
(ഒരു ന്യായാധിപതിയുടെ ഗൗരവത്തില്‍ )നിശ്ശബ്ദം, നിശ്ശബ്ദം, നിശ്ശബ്ദം!)
കോറസ് 

നുണ പറയരുത്, നുണ പറയരുത്
ഭൂമിയിലിപ്പോള്‍ പെയ്യുന്നത്
മുഴുവനമ്മമാരുടെ കണ്ണീര്‍ മരങ്ങള്‍
എത്രപേര്‍, ഏതേതു ശവക്കുഴികളില്‍,
പുകഞ്ഞു തീര്‍ന്നവരെത്ര,
എരിഞ്ഞു തീരുന്നവരെത്ര…?
കണക്കു തെററുന്നു കാല്‍ക്കുലേറ്ററിനും
കമ്പ്യൂട്ടറിനും, കാഴ്ച മങ്ങുന്നു
നീതിക്കും സൂക്ഷ്മദര്‍ശിനിക്കും… (പോസ്)
ഓരോ നെറുകയിലും സൂര്യകാന്തി ചൂടിക്കാന്‍
ഓരോ രോമകൂപത്തിലും ചെമ്പകം വിരിയിക്കാന്‍
ഇനിയും വിമതര്‍ വരുന്നതെന്ന്, എന്ന്?
ഇനിയും വിമതര്‍ വരുന്നതെന്ന്, എന്ന്?

ഭാരതി 
നിശ്ശബ്ദം, നിശ്ശബ്ദം, നിശ്ശബ്ദം!
വൃദ്ധന്‍ 
(ഭാരതിയുടേയും മാലയുടേയും നടുവില്‍നിന്ന്) ഇത് ചരിത്രത്തിന്റെ തുറുകണ്ണന്‍ മുഹൂര്‍ത്തം. സോവിയറ്റുകളും കമ്യൂണുകളും പരാജയപ്പെട്ടിടത്തുനിന്ന് നമുക്ക് വീണ്ടും തുടങ്ങണം. (പോസ്) ദൈവത്തിന്നെതിരെ, മനുഷ്യതക്കെതിരെ ചെകുത്താന്‍ ഗോപുരം വീണ്ടുമുയരുന്നു. ആരുണ്ട് ഈ ഒറ്റക്കല്‍ ഗോപുരം ഇടിച്ചുനിരത്തി മണ്ണിരകളെ മോചിപ്പിക്കാന്‍? കാച്ചിലും കുറുന്തോട്ടിയും നടാന്‍? വെണ്ണീറും ചാണകവും വിതറാന്‍? (അവരുടെ കൈകള്‍ കൂട്ടിപ്പിടിച്ച്) നിങ്ങള്‍ വേണം ഈ ഭൂമിയെ വീണ്ടും പച്ച പിടിപ്പിക്കാന്‍. നമ്മുടെ ചിന്തകളെ വീണ്ടും പച്ച പിടിപ്പിക്കാന്‍ ഈ കൈകള്‍തന്നെ വേണം.
ഭാരതി 
ഗാന്ധിയേയും ലോഹ്യയേയും അംബേദ്ക്കറേയും നാം ഒരിക്കല്‍കൂടി വായിക്കും.
മാല 
പച്ചിലയും പൂവും പുഴുവും മണ്ണും പൂമ്പാററയും നാം ഒരിക്കള്‍ക്കൂടി വായിക്കും.
ഭാരതി 
പഞ്ചാബും കാശ്മീരും ഝാര്‍ഖണ്ഡും ചത്തീസ്ഗഡും നര്‍മ്മദയും ബാലിയപോലും നാം ഒരിക്കല്‍ കൂടി വായിക്കും.
വൃദ്ധന്‍ 
ഇനിയും നമുക്കീ ചെങ്കൊടി മാത്രം മതിയാകുമോ? പക്ഷേ ഈ ചെങ്കൊടി പൊലുമില്ലെങ്കില്‍, പിന്നെ നമുക്കെന്തുണ്ട്?
(ഭാരതിയും വൃദ്ധനും മാലയുടെ ശവം ഉയര്‍ത്തിപ്പിടിക്കുന്നു. കോറസ് ആദരപൂര്‍വ്വം ശവത്തെ ഒരു ചെങ്കൊടി പുതപ്പിക്കന്നു. കോറസ് വൃദ്ധന്റെ വരികള്‍ ഒരു മര്‍മ്മരം പോലെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു)
ഭാസി 
(സദസ്സിന്റെ മുന്‍നിരയില്‍നിന്ന് അരങ്ങിലെത്തുന്നു നടീനടന്മാരുമായി പരിചയപ്പെടുന്നു.) നിങ്ങള്‍ നിങ്ങളുടെ പ്രതിവാദമുഖങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു. അല്ലേ? (കയ്യടിച്ച്) ഹേയ്, ലൈററ് ഓപ്പറേറ്റര്‍, സദസ്സിലെ ലൈറ്റൊന്നീട്. (മെല്ലെ സദസ്സില്‍ നിറവെളിച്ചം. ഭാസി സദസ്സിനെ അഭിമുഖീകരിക്കുന്നു) ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ ഒരു സംവാദം തുടങ്ങിവെയ്ക്കുകയായിരുന്നു. ഞാന്‍ തന്നെ അതിനൊരു രണ്ടാം ഭാഗമെഴുതി: ഇന്നലെ, ഇന്ന്, നാളെ. ഈ നാടകം, ഒരു മൂന്നാം ഭാഗമാകട്ടെ, ഈ സംവാദത്തെ നിങ്ങള്‍ പ്രേക്ഷകര്‍ മുന്നോട്ടുകൊണ്ടുപോകണം. ഇനി സദസ്സിന്റെ ഊഴം. (ഭാസിയും കോറസും മറ്റെല്ലാ നടീനടന്മാരും സദസ്സിനുനേരെ വിരല്‍ ചൂണ്ടുന്നു… ഇനി സദസ്സ് സംസാരിക്കട്ടെ എന്ന് എല്ലാവരം ചേര്‍ന്ന് വിളിച്ചു പറയുന്നു. അരങ്ങിലെ വെളിച്ചം മെല്ലെ അണയുന്നു.)