close
Sayahna Sayahna
Search

നിത്യതയുടെ ഒരു നിമിഷം


നിത്യതയുടെ ഒരു നിമിഷം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ആധുനിക കാലഘട്ടത്തിലെ സമുന്നതരായ രണ്ടു ഗ്രീക്കു് കവികളാണ് യര്‍ഗോസ് സെഫീറീസ്സും (Georgos Seferis) ഒഡിസ്‌യൂസ് ഇലീറ്റിസ്സും (Odysseus Elytis). സെഫീറിസ്സിനു് 1963-ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കിട്ടി. ഇലീറ്റിസ് 1979-ലെ നോബല്‍ സമ്മാനത്തിനു് അര്‍ഹനായി. 1945-ല്‍ അദ്ദേഹം പ്രസിദ്ധപ്പെടുത്തിയ ‘A Heroic- and Mournful Song on the Lieutenant Killed in Albania’ എന്ന അസാധാരണമായ വിലാപകാവ്യത്തിന്റെ സൗന്ദര്യം കണ്ടു് ലോകജനത ആദരാത്ഭുതങ്ങളോടുകൂടി ഇരിക്കുകയായിരുന്നു. അല്‍ബേനിയന്‍ യുദ്ധത്തില്‍ ചരമം പ്രാപിച്ച ഒരു യുവഭടന്റെ സ്മരണയ്ക്കായി രചിക്കപ്പെട്ട ആ കാവ്യം ലയാനുവിദ്ധതയിലും വാങ്മയ ചിത്രനിര്‍മ്മിതിയിലും നൂതനത്വം പുലര്‍ത്തിക്കൊണ്ടു് അന്യാദൃശമായ ഭാവാത്മക തീക്ഷ്ണത ആവഹിക്കുകയുണ്ടായി. മരണത്തിന്റെ മുന്‍പുലിള്ള ആത്മരോദനമാണതു്, സംശയമില്ല. പക്ഷേ, ഗ്രീക്കുജനതയ്ക്കു് സ്വന്തമായുള്ള വിശ്വാസത്തെയും അതു പ്രകടിപ്പിച്ചു.

Now anguish bowed on bony hands
Grasps and crushes the flowers against her;
In the ravines where the waters have stopped
The songs lie starved for joy;
The hermit cliffs with hoary hair
Silently break the bread of solitude.
………
In the distance the crystal bells ring out
Tomorrow, tomorrow, tomorrow: The Easter of God.

മരണം ജനിപ്പിച്ച വിഷാദാത്മകത്വം ഈ വരികളിലുണ്ടു്. അതിനെ ആത്മവിശ്വാസം ജനിപ്പിക്കുന്ന പ്രസാദാത്മകത്വം ദൂരീകരിക്കുന്നതായിട്ടാണു് ചിത്രീകരണം. അതിസുന്ദരവും അതിശക്തവുമായ ഈ കാവ്യം രചിച്ച ഇലീറ്റിസ്സിനു നോബല്‍ സമ്മാനം കിട്ടിയതില്‍ ഗ്രീസിലെ ജനയ്ക്കു് അത്ഭുതമുണ്ടാകാന്‍ കാരണമില്ല അതു് ഇത്രത്തോളം വൈകിയതെന്തു് എന്നു മാത്രമേ അവര്‍ ചോദിക്കാനിടയുള്ളു.

ഒഡീസ്‌യൂസ് ഇലീറ്റിസ് 1911-ല്‍ ക്രീറ്റില്‍ ജനിച്ചു. ഏഥന്‍സ് സര്‍വ്വകലാശാലയില്‍ നിയമവും രാഷ്ട്രവ്യവഹാരവും പഠിച്ചതിനുശേഷം അദ്ദേഹം പാരീസില്‍ പോയി ഭാഷാശാസ്ത്രം അഭ്യസിച്ചു. ഫ്രാന്‍സില്‍ വളരെ വര്‍ഷം താമസിച്ച ഇലീറ്റിസ് 1961-ല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിച്ചു ഇപ്പോള്‍ അദ്ദേഹം ഏഥന്‍സിലാണ് താമസിക്കുന്നതു്. യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടുകണ്ട ഭടനുമായിരുന്നു ഈ കവി 1940-ല്‍ മുസ്സോളനിയുടെ സൈന്യം ഗ്രീസിനെ ആക്രമിച്ചപ്പോള്‍ ലഫ്റ്റനന്റായി അദ്ദേഹം അൽബേനിയന്‍ യുദ്ധത്തില്‍ പങ്കുകൊണ്ടു. ഈ പ്രത്യക്ഷാനുഭവമാകാം അദ്ദേഹത്തിന്റെ വിലാപകാവ്യത്തിനു ഊഷ്മളത പകര്‍ന്നുകൊടുത്തതു്.

ദീര്‍ഘകാലം ഫ്രാന്‍സില്‍ താമസിച്ചതുകൊണ്ടു് ഇലീറ്റിസ് സറീയലിസത്തിന്റെ സ്വാധീനശക്തിക്കു വിധേയനായി. ഇന്ദ്രിയങ്ങള്‍കൊണ്ടു് മനസ്സിലാക്കപ്പെടുന്ന ലോകത്തെക്കുറിച്ചു് കൂടുതല്‍ സൂക്ഷ്മമായ അവബോധം സറീയലിസം ഉളവാക്കും എന്ന വിചാരമാണു് കവികളെ ആ പ്രസ്ഥാനത്തിലേക്കു നയിക്കുന്നതു്. അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ എപ്പോഴും കവിതയിലെ വിപ്ലവകാരികളായിരിക്കും. ഛന്ദസ്സിനെ ബഹിഷ്കരിച്ചുകൊണ്ടാണു് അവര്‍ കാവ്യം നിര്‍മ്മിക്കുക. അതിനാല്‍ സറീയലിസ്റ്റ് കാവ്യങ്ങള്‍ ഗദ്യം പോലിരിക്കും. താളം മാത്രമേ അവയില്‍ കാണുകയുള്ളു. ഓരോ വാക്കും ഓരോ ബിംബമാണു് സറീയലിസ്റ്റുകള്‍ക്കു്. അങ്ങനെ വാക്കുകളെ തമ്മില്‍ ചേര്‍ക്കുമ്പോള്‍ അന്യോന്യബന്ധമില്ലാത്ത ബിംബങ്ങള്‍ ചേരുന്ന അവസ്ഥ സംജാതമാകും. ഇലീറ്റിസ്സിന്റെ ആദ്യകാല കവിതകളെല്ലാം സറീയലിസ്റ്റിക്കാണു്. “ഗ്രീഷ്മകാലത്തിന്റെ ശരീരം” എന്ന കാവ്യത്തില്‍ കവി ചോദിക്കുന്നു:

Who is he that lies on the shores beyond
Stretched on his back, smoking silver-burnt olive leaves?
Cicadas grow warm in his ears
Ants are at work on his chest
Lizards slide in the grass of his armpits
And over the seaweed of his feet a wave rolls lightly
Sent by the little siren that sang:

ഈ വരികള്‍ പ്രദാനം ചെയ്യുന്ന ചിത്രം അത്ര ആകര്‍ഷകമല്ല. വിദൂരങ്ങളായ കരകളില്‍ മലര്‍ന്നുകിടന്നു് ഒളീവു് ഇലകള്‍ ‘പുകയ്ക്കുന്ന’ അവന്‍ ഗ്രീഷ്മം തന്നെയാണു്. അവന്റെ കാതുകളില്‍ സിക്കേഡകള്‍ ഊഷ്മളത ആവഹിക്കുന്നു. അവന്റെ നെഞ്ചില്‍ എറുമ്പുകള്‍ പ്രവൃത്തികളില്‍ മുഴുകിയിരിക്കുന്നു. അവന്റെ കക്ഷങ്ങളിലെ പുല്ലുകളില്‍ പല്ലികള്‍ തെന്നിനീങ്ങുന്നു. ഇവയെല്ലാം ദൈനംദിന ജീവിത സംഭവങ്ങളിലും വസ്തുതകളിലും വിസ്മയത്തിന്റെ അംശം കലര്‍ത്താനുള്ള സറീയലിസ്റ്റിക്‍ മാര്‍ഗ്ഗങ്ങളാണു്. പക്ഷേ, ഇലീറ്റിസ് എപ്പോഴും ഇങ്ങനെ എഴുതിയിരുന്നെങ്കില്‍ അദ്ദേഹം ആരാധ്യനാവുകില്ലായിരുന്നു. നോബല്‍ സമ്മാനത്തിനു് അര്‍ഹനാവുകില്ലായിരുന്നു. ഗ്രീസിന്റെ പ്രകൃതിസൗന്ദര്യം ഒരു ചെടിയുടെ ചിത്രത്തിലൂടെ പ്രകാശിപ്പിക്കാന്‍ ഈ മഹാകവിക്കു കഴിയുന്നു. തെന്നിനീങ്ങുന്ന ഒരു മത്സ്യത്തിന്റെ ചിത്രം വരച്ചു് അദ്ദേഹം ഈജിയന്‍ സമുദ്രത്തിന്റെ ഭംഗി മുഴുവന്‍ ആവിഷ്കരിക്കും. ഇലീറ്റിസ്സിന്റെ ഭുവനപ്രശസ്തിയാര്‍ജ്ജിച്ച കവിതയാണു് “ഉന്മാദമാര്‍ന്ന മാതളവൃക്ഷം” എന്നതു്, കവിത തുടങ്ങുന്നു:

In these all-white courtyards where the south wind blows
Whistling through vaulted arcades,
tell me is it the mad pomegranate tree
That leaps in the light, scattering its fruitful laughter
With windy wilfulness and whispering,
tell me, is it the mad pomegranate tree
That quivers with foliage newly born at dawn
Raising high its colours in a shiver of triumph?
On plains where the naked girls awake,
When they harvest collover with their light brown arms
Roaming around the bordes of their dreams —
tell me, is it the mad pomegranate tree,
Unsuspecting, that puts the lights
in their verdant baskets
That floods their names with the singing of birds — tell me
Is it the mad pomegranate tree that combats
the cloudy skies of the world?

വൃക്ഷങ്ങളാല്‍ ആച്ഛാദിതങ്ങളായ ഉദ്യാനപഥങ്ങളില്‍ ചൂളമിട്ടുകൊണ്ടു് തെക്കന്‍കാറ്റു വീശുന്ന ഈ ധവളപ്രഭങ്ങളായ അങ്കണങ്ങളില്‍ ഉന്മാദമാര്‍ന്ന മാതളവൃക്ഷമാണോ പ്രകാശത്തിലേക്കു കുതിച്ചു ചാടി ഫലോപേതങ്ങളായ ചിരികളെ വാരിവിതറുന്നത്? — എന്നാണു് കവിയുടെ ആദ്യത്തെ ചോദ്യം. ഉദയവേളയില്‍ പുതുതായി ജനിച്ച ഇലച്ചാര്‍ത്തുകൊണ്ടു്, ചലനംകൊണ്ടു് വിജയത്തിന്റെ പ്രകമ്പനത്തില്‍ വര്‍ണ്ണങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നതു് ഭ്രാന്തുള്ള മാതളവൃക്ഷമാണോ എന്നു വീണ്ടും ചോദ്യം. കിനാക്കളുടെ അതിരുകളില്‍ അലഞ്ഞുതിരിഞ്ഞുകൊണ്ടു്, ദിഗംബരകളായ പെണ്‍കുട്ടികള്‍ ഉണര്‍ന്നു് തങ്ങളുടെ ഈഷത്പിംഗലങ്ങളായ കൈകള്‍കൊണ്ടു് ത്രിപത്രം കൊയ്തെടുക്കുന്ന സമതലങ്ങളില്‍ ഉന്മാദമാര്‍ന്ന മാതളവൃക്ഷമാണോ അവരറിയാതെ അവരുടെ ഹരിതമഞ്ജുഷകളില്‍ പ്രകാശം കടത്തിവിടുന്നതു്?

ഈ മാതളവൃക്ഷം ഗ്രീസ്സിന്റെ സൗന്ദര്യത്തിനാകെ പ്രതിനിധീഭവിച്ചുനില്‍ക്കുന്നു. പ്രകൃതിയെന്നതു് വൃക്ഷങ്ങള്‍ മാത്രമല്ല, ഭൂവിഭാഗങ്ങൾ മാത്രമല്ല, മനുഷ്യരും അതിന്റെ ഭാഗമാണു്. അവരില്‍ ദിഗംബരകളായ കിടന്നുറങ്ങുന്ന പെൺകുട്ടികളെ മാത്രമേ കവി തല്‍ക്കാലം കാണുന്നുള്ളു അവര്‍ സ്വപ്നങ്ങളുടെ ഉപാന്തങ്ങളില്‍ ഭ്രമണം ചെയ്തിട്ടാണു് ഉണരുക. അവരുടെ ഹരിതപ്രഭയാര്‍ന്ന കൂടകളില്‍ പ്രകാശമരുളുന്ന, അല്ലെങ്കില്‍ വെളിച്ചം കടത്തിവിടുന്ന മാതളം — ഉന്മാദമാര്‍ന്ന മാതളം — യുവത്വത്തിന്റെ ഉന്മാദമുള്ള യുവാവാണെന്നുള്ളതില്‍ എന്തുണ്ടു് സംശയം?

ഈ ലേഖനത്തിന്റെ തുടക്കത്തില്‍ ഇലീറ്റിസ് എഴുതിയ മഹനീയമായ വിലാപകാവ്യത്തെക്കുറിച്ചു പറഞ്ഞല്ലോ. 1945-ല്‍ അതു് പ്രസിദ്ധപ്പെടുത്തിയതിനുശേഷം കവി 1958 വരെ മൗനം അവലംബിച്ചു. 1959-ല്‍ Worthy It Is; Six and One Regrets for the Sky’ എന്ന കാവ്യം പുറത്തുവന്നു. ധന്യാത്മകങ്ങളും വ്യക്തിനിഷ്ഠങ്ങളുമായ ആ കവിതകള്‍ സറീയലിസ്റ്റ് തന്നെ. പക്ഷേ തികച്ചും ദുര്‍ഗ്രഹം. ഇതിലെ എല്ലാ കവിതകളും ഞാന്‍ വായിച്ചിട്ടില്ല. കിട്ടിയിടത്തോളം കവിതകള്‍ പരിശോധിച്ചപ്പോള്‍ നിത്യതയെ ഒരു നിമിഷത്തിനുള്ളില്‍ ഒരുക്കാനാണു് ഇലീറ്റിസ്സിന്റെ ശ്രമമെന്നു് എനിക്കു തോന്നുകയുണ്ടായി. ഫ്രഞ്ച് കവി റെനേഷറിനോടാണു് (Rene Char) ഇലീറ്റിസിനു് ഇക്കാര്യത്തില്‍ സാദൃശ്യമുള്ളതു്. വാനമ്പാടിയെക്കുറിച്ചു് ഷര്‍ എഴുതിയ കവിത ഇങ്ങനെയാണു്.

Last cinder of sky and first ardour of day
She remains mounted in dawn and sings perturbed earth
Carillom master of her breath and free of her route
A fascinator, she’s killed by being dazzled

ഷര്‍ വാക്കുകളുടെ പരമ്പരാഗതമായ അര്‍ത്ഥത്തെ ധ്വംസിച്ചിട്ടണു് കാവ്യത്തില്‍ അവയെ പ്രയോഗിക്കുക. ഇലീറ്റിസും അങ്ങനെതന്നെ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഷറിന്റെ കവിതക്കുള്ള ദുര്‍ഗ്രഹത ഇലീറ്റിസ്സിന്റെ കവിതക്കുമുണ്ടു്.

ഇലീറ്റിസിന്റെ മാസ്റ്റര്‍പീസ്സായി കരുതപ്പെടുന്നതു് ‘Axion Esti’ എന്ന കാവ്യമാണു്. ഈ ലേഖകന്‍ അതു വായിച്ചിട്ടില്ല. കവിയുടെ ബോധമണ്ഡലം ഗ്രീസിന്റെ ചരിത്രം, പാരമ്പര്യം, ജീവിതം, പ്രകൃതി ഇവയിലേക്കു് വ്യാപിച്ചിട്ടു് അതു് (ബോധമണ്ഡലം) ക്രമാനുഗതമായി വികസിപ്പിക്കുന്നതിനെ സ്ഫുടീകരിക്കുന്ന ഈ കാവ്യത്തിനു തുല്യമായി വേറൊന്നുമില്ലെന്നാണു് നിരൂപകര്‍ പ്രഖ്യാപിക്കുക. ഈ കാവ്യത്തിലൂടെ ഇലീറ്റിസ് ഗ്രീസിനെ കണ്ടെത്തുന്നു; തന്നെയും കണ്ടെത്തുന്നു. ഈ കണ്ടെത്തലില്‍ സെഫീറിസ്സിനുപോലും അദ്ദേഹത്തെ സമീപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അവര്‍ക്കു് അഭിപ്രായമുണ്ടു്. ‘Lilac sprinkled the sunset with fire’ എന്നതു് ഇലീറ്റിസിന്റെ ഒരു കവിതയിലെ ഭാഗമാണ്. ലിലക് പുഷ്പം അദ്ദേഹം തന്നെ. ഭൂമണ്ഡലത്തെയാകെ ആ അസുലഭകുസുമം ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്നു.