close
Sayahna Sayahna
Search

നീ എവിടെയാണെങ്കിലും…


നീ എവിടെയാണെങ്കിലും…
EHK Memoir Nee Evide.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നീ എവിടെയാണെങ്കിലും
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ഓര്‍മ്മക്കുറിപ്പ്, ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്


അറുപതുകളിലെ കൽക്കത്ത ഒരു വശ്യസുന്ദരിയായിരുന്നു. അന്നെനിക്ക് ഇരുപത്തിരണ്ട് വയസ്സ് പ്രായം. പ്രായത്തിന്റെതായിരുന്നില്ല ആ തോന്നൽ. ഇന്ന് പതിറ്റാണ്ടുകൾക്കുശേഷവും കൽക്കത്തയെപ്പറ്റി ആലോചിക്കുമ്പോൾ മനസ്സിൽ കുളിർ കോരിയിടുന്ന അനുഭവം. രണ്ടു കൊല്ലം ദില്ലിയിലോ, പന്ത്രണ്ടു കൊല്ലം ബോംബെയിലോ താമസിച്ചിട്ട് ഉണ്ടാകാതിരുന്ന ഈ അനുഭവം കൽക്കത്തയെ എന്റെ സ്വന്തം നഗരമാക്കി.

ഞാൻ ഏറെക്കാലം താമസിച്ചിരുന്നത് ബാലിഗഞ്ചിലായിരുന്നു. ഒന്നാം നിലയിലെ ഒരു മുറിയിൽ എന്റെ സ്‌നേഹിതൻ ജനാർദ്ദനന്റെ ഒപ്പമായിരുന്നു ഏകദേശം രണ്ടുകൊല്ലം. മൂന്നു വയസ്സു താഴെയായിരുന്നെങ്കിലും എന്നേക്കാൾ പക്വത വന്ന ആളായിരുന്നു ആ പത്തൊമ്പതുകാരൻ. എന്റെ എടുത്തുചാട്ടങ്ങളിൽ ഗുണദോഷിച്ചിരുന്ന ആ നല്ല സ്‌നേഹിതൻ മൂന്നു കൊല്ലം മുമ്പ് ഹൃദ്രോഗ കാരണം മരിച്ചു. അദ്ദേഹത്തെക്കുറിച്ചുള്ള ഓർമ്മകൂടിയാകട്ടെ ഈ കുറിപ്പ്.

ഞങ്ങൾക്ക് രാവിലെ പാൽ കൊണ്ടുവന്നിരുന്നത് ഒരു പെൺകുട്ടിയായിരുന്നു, രേണു. പതിനെട്ട് പത്തൊമ്പതു വയസ്സു പ്രായം. അതിരാവിലെ, ഞങ്ങളെ സംബന്ധിച്ചേടത്തോളം ആറു മണിയൊക്കെ അതിരാവിലെയാണ്, രേണു ഒരു അലുമിനീയ പാത്രത്തിൽ പാലുമായി വന്ന് മുട്ടിവിളിക്കും. അവളെ പ്രാകിക്കൊണ്ടല്ലാതെ ഞങ്ങളുടെ ദിവസം തുടങ്ങാറില്ല. അവൾ എന്നും ഉടുത്തിരുന്നത് ഒരേ ഉടുപ്പായിരുന്നു. അതാകട്ടെ അവളുടെ പെട്ടെന്നുള്ള വളർച്ചയോടൊപ്പം ചെറുതായി വരികയും ചെയ്തിരുന്നു. തിരുമ്പിത്തിരുമ്പി അതിന്റെ ശരിക്കുള്ള നിറമെന്താണെന്ന് അറിയാതായിരിക്കുന്നു. ഞാൻ ചോദിക്കും.

‘നിനക്ക് ഒരു പുതിയ ഉടുപ്പു വാങ്ങിക്കൂടെ?’

‘ഈ ഉടുപ്പിനെന്താ കുഴപ്പം?’ അവൾ ചോദിക്കും. ഉടനെത്തന്നെ എന്റെ പരതുന്ന കണ്ണുകളിൽ നിന്ന് മറയ്ക്കാനായി അവൾ കൈകൾ മാറിലേയ്ക്കു കൊണ്ടുപോകയും ചെയ്യും.

‘ഇത്ര ചേതമുള്ള ആൾക്ക് പുതിയൊരുടുപ്പ് വാങ്ങിത്തന്നുകൂടെ?’ അവൾ ഒഴിഞ്ഞ പാത്രവുമായി ഓടിപ്പോകും.

‘ഞാൻ ഒരു കാര്യം പറഞ്ഞേക്കാം’ ജനാർദ്ദനൻ പറയും. ‘ഹരിയേട്ടൻ ആ പെണ്ണുമായിട്ടുള്ള കളി നിർത്തിക്കോളൂ. അവള് ആളൊരു പെശകാ.’

അവൾ പെശകാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. ഒരു പാവം പെൺകുട്ടി. ചെറുപ്പത്തിന്റെ തിമർപ്പ് അവളുടെ ഓരോ ചലനത്തിലുമുണ്ടായിരുന്നത് അവളുടെ കുറ്റമല്ല, പ്രായത്തിന്റേതാണ്. പക്ഷേ ആ ദിവസത്തിനുശേഷം ഞാൻ അവളെ കണ്ടിരുന്നത് മറ്റൊരു കണ്ണു കൊണ്ടായിരുന്നു. എന്റെ ദിവാസ്വപ്നങ്ങളിൽ അവൾ കടന്നുവന്നു. എന്റെ ഏകാന്തനിമിഷങ്ങൾ അവളെക്കുറിച്ചുള്ള ചിന്തകൾ ഊഷ്മളമാക്കി. ഒരുപക്ഷേ എല്ലാ ആൺകുട്ടികളും ആ പ്രായത്തിൽ ഇങ്ങിനെയൊക്കെത്തന്നെ ആയിരിക്കാം.

അങ്ങിനെയിരിക്കുമ്പോൾ അവൾ എന്തോ വലിയ ആലോചനയിൽ പെട്ടപോലെ തോന്നി. ചിരിയില്ല, കളിയില്ല, സംസാരം തന്നെയില്ല. എന്തോ പറയാൻ ശ്രമിക്കുന്നപോലെ തോന്നും, പക്ഷേ ഒന്നും പറയുകയുമില്ല. ഞാൻ വല്ലതും കളിയാക്കി സംസാരിച്ചാൽത്തന്നെ അവൾ ജനാർദ്ദനനെ നോക്കും, പിന്നെ ഒന്നും പറയാതെ ഒഴിഞ്ഞ പാത്രമെടുത്ത് പോവുകയും ചെയ്യും. അങ്ങിനെ നാലഞ്ചു ദിവസം കഴിഞ്ഞു. ഒരു ദിവസം അവൾ വന്നപ്പോൾ ജനാർദ്ദനൻ കുളിമുറിയിലായിരുന്നു. അവൾ അകത്തേയ്ക്കു നോക്കി ജനാർദ്ദനൻ എവിടെ എന്ന് ആംഗ്യത്തിൽ ചോദിച്ചു. കുളിമുറിയിലാണെന്നു പറഞ്ഞപ്പോൾ അവൾ സ്വരം താഴ്ത്തി പറയാൻ തുടങ്ങി. അവൾക്ക് 200 രൂപ അത്യാവശ്യമായി വേണം, അത് ഇപ്പോൾത്തന്നെ കിട്ടണം. കഴിഞ്ഞ ഒരാഴ്ചയായി എന്റെ സ്‌നേഹിതൻ ഉള്ളതുകൊണ്ട് ചോദിക്കാൻ മടി യായതാണ്. അത്യാവശ്യമാണ്, സഹായിക്കണം. ആരോടും പറയരുത്.

‘എന്തിനാ നിനക്ക് പണം?’

‘ഒരത്യാവശ്യമുണ്ട്. കഴിയുന്നതും വേഗത്തിൽ തിരിച്ചുതരാം.’ അവൾ പരിഭ്രമിച്ചിരിക്കയാണ്. ഇടക്കിടയ്ക്ക് കുളി മുറിയുടെ വാതിലിലേയ്ക്ക് നോക്കുന്നുണ്ട്. ജനാർദ്ദനൻ പുറത്തു വരുമ്പോഴേയ്ക്ക് ഞാൻ പണം കൊടുക്കണം.

എന്റെ കയ്യിൽ പണമുണ്ടായിരുന്നു. മിനിഞ്ഞാന്നാണ് ശമ്പളം കിട്ടിയത്. ഒരു മാസത്തെ ചെലവിനുള്ള പണമാണ്. സാരമില്ല. ജനാർദ്ദനനോട് കടം വാങ്ങാം. പെട്ടെന്ന് എനിക്കൊരു കുസൃതി തോന്നി. ഞാൻ പറഞ്ഞു. ‘ഞാൻ പണം തരാം, പക്ഷേ നീ ഇന്നുച്ചയ്ക്ക് മുറിയിൽ വരുമോ?’

അവളുടെ മുഖം മങ്ങി. അവൾ ചോദിച്ചു. ‘എന്തിനാ?’

‘വെറുതെ, നീ വരുമോ?’

‘ഞാൻ വന്നില്ലെങ്കിൽ പണം തരില്ലേ?’

ഇല്ലെന്നാണ് ഞാൻ പറഞ്ഞത്. അവൾ വാടിയ മുഖത്തോടെ പറഞ്ഞു. ‘എങ്കിൽ ഞാൻ വരാം.’

ഞാൻ പഴ്‌സിൽനിന്ന് ഇരുനൂറു രൂപയെടുത്ത് കൊടുത്തു. അവൾ അതു വാങ്ങി. പെട്ടെന്ന് എന്തോ ഓർത്തുകൊണ്ട് അവൾ പറഞ്ഞു. ‘ഞാൻ ഇന്നു വരില്ല, നാളെ ഉച്ചയ്ക്ക് വരാം.’

അവൾ പോയപ്പോൾ, ഒരു ഇരുനൂറു രൂപ കടം കൊടുക്കാൻ വേണ്ടി ഞാൻ ആവശ്യപ്പെട്ട വിലയുടെ ധാർമ്മികതയൊന്നും എന്റെ മനസ്സിൽ പോയില്ല. എന്റെ പ്രായമതാണ്. സ്വതവേ ഒരെടുത്തു ചാട്ടക്കാരനായിരുന്നു ഞാൻ.

പിറ്റേന്ന് പാലു കൊണ്ടുവന്നത് അവളുടെ അനുജനായിരുന്നു. ഇടയ്ക്ക് അവനാണ് പാൽ കൊണ്ടുവരിക. ദീദി എവിടെ എന്നു ചോദിച്ചതിന് വീട്ടിൽ എന്നു മാത്രമേ പറഞ്ഞൂള്ളൂ. ചേച്ചിയുടെ ചൊറുചുറുക്കൊന്നുമില്ല അവന്. സാവധാനത്തിൽ നടന്നുവരും. ചിലപ്പോൾ ഏഴുമണിയൊക്കെ കഴിഞ്ഞാലേ അവന്റെ എഴുന്നള്ളത്തുണ്ടാവൂ.

ഞാൻ ഉച്ചയ്ക്കു ശേഷം ലീവെടുത്തു. വരുന്ന വഴിതന്നെ രാമകൃഷ്ണ റസ്റ്റോറണ്ടിൽ കയറി ഭക്ഷണം കഴിച്ചു. അവിടെ നല്ല മൊരിഞ്ഞ ദോശയും നാളികേരത്തിന്റെ കട്ടിച്ചട്ടിണിയും കിട്ടുമായിരുന്നു. വീട്ടിലെത്തിയ ഉടൻ കുളി മുറിയിൽ കയറി കുളിച്ചു. പൗഡറെടുത്തിട്ടു, വാസനിച്ചുനോക്കിയപ്പോൾ പോരെന്നു തോന്നി. വീണ്ടും കുറേ പൗഡറെടുത്തു മേലാസകലം പൊത്തി. ഞാൻ തയ്യാറെടുക്കുകയായിരുന്നു. ജീവിതത്തിൽ ആദ്യമായി ഉണ്ടാകാൻ പോകുന്ന ഒരനുഭവമാണ്. ഒരു പെൺകുട്ടി! സ്വപ്നങ്ങളിൽ മാത്രം ഉണ്ടായിട്ടുള്ള ഒരനുഭവം ഇതാ ഏതാനും നിമിഷങ്ങളിൽ ശരിക്കുള്ള ജീവിതത്തിൽ ഉണ്ടാവാൻ പോകുന്നു. അവളോട് സംസാരിക്കന്നതിനെപ്പറ്റി, അവളെ കൈവലയത്തിലാക്കുന്നതിനെപ്പറ്റി, സാവധാനത്തിൽ ചുംബിക്കുന്നതിനെപ്പറ്റിയെല്ലാം വിശദാംശങ്ങൾ ഞാൻ മനസ്സിൽ തയ്യാറാക്കുകയായിരുന്നു. വാതിൽ അല്പം തുറന്നിട്ടു. ഇനി അവൾ വന്ന് വാതിലടച്ചുകണ്ടാൽ തിരിച്ചു പോകേണ്ട. സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ഞാൻ ജനലിലൂടെ പുറത്തേയ്ക്കു നോക്കി നില്പായി. നിരത്ത് ഒരുമാതിരി വിജനമായിരുന്നു. ‘മഗ്‌നോളിയാ’ എന്ന് ഈണത്തോടെ വിളിച്ചു പറഞ്ഞുകൊണ്ട് ഒരു ഐസ്‌ക്രീംകാരൻ ഉന്തുവണ്ടിയുമായി നടന്നുപോയി. രേണു വന്നെങ്കിൽ ഐസ്‌ക്രീം വാങ്ങാമായിരുന്നു. നിരത്തിന്റെ ഒരറ്റത്തുനിന്ന് നടന്നുവരുന്ന പെൺകുട്ടിയ്ക്കുവേണ്ടി നോക്കി നിൽക്കാൻ തുടങ്ങിയിട്ട് സമയം കുറേയായെന്ന് ഞാൻ ഓർത്തു. വാച്ചു നോക്കിയപ്പോൾ സമയം മൂന്നര. അവൾ മറന്നു പോയതായിരിക്കുമോ. അങ്ങിനെ വരാൻ വഴിയില്ല. പിന്നെ?

ക്രമേണ എന്റെ പ്രതീക്ഷകൾ നൈരാശ്യത്തിന് വഴിമാറിക്കൊടുത്തു. അഞ്ചു മണിയോടെ കാത്തിരിപ്പ് അവസാനി പ്പിച്ച് ഞാൻ കട്ടിലിൽ കിടന്ന് കരയാൻ തുടങ്ങി. ജനാർദ്ദനൻ വന്നപ്പോൾ വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു ഞാൻ. അയാളുടെ ചോദ്യങ്ങൾക്കൊന്നും ഞാൻ മറുപടി പറഞ്ഞില്ല. കുത്തിച്ചോദിക്കുന്ന പതിവ് അയാൾക്കുണ്ടായി രുന്നില്ല.

പിന്നീട് അവൾ വന്നില്ല. അനുജൻ പാൽ കൊണ്ടുവരും. ദീദിയെവിടെ എന്ന ചോദ്യത്തിന് വീട്ടിൽ എന്ന മറുപടി പറയും. എന്താണ് ദീദി പാൽ കൊണ്ടുവരാത്തത് എന്ന ചോദ്യത്തിന് അറിയില്ലെന്ന് ചുമൽ കുലുക്കി മറുപടി തരും. എനിക്കവളോട് ദ്വേഷ്യമായി. വരാൻ പറ്റില്ലെങ്കിൽ സത്യസന്ധമായി അതു പറയുകയായിരുന്നു ഭംഗി. ഇപ്പോൾ ഒരു ദിവസം മുഴുവൻ എന്നെ ആശിപ്പിച്ച് അവസാനം… കൊടുത്ത പണത്തെപ്പറ്റി ഞാൻ വേവലാതിപ്പെട്ടില്ല. അന്ന് പണത്തിന് നല്ല വിലയുണ്ടായിരുന്നു. സ്വർണ്ണം പവന് നൂറു രൂപ മാത്രമുണ്ടായിരുന്ന കാലമായിരുന്നു. തല്ക്കാലം ജനാർദ്ദനന്റെ കയ്യിൽനിന്ന് കടം വാങ്ങി. ആ കടം വീട്ടാനായി ഓഫീസിലെ ക്രെഡിറ്റ് സൊസൈറ്റിയിൽ നിന്ന് കടമെടു ക്കേണ്ടി വന്നു. എങ്കിലും പണം കൊടുത്തതിൽ എനിക്കു വിഷമമുണ്ടായില്ല. അവൾ ഒരു തട്ടിപ്പുകാരിയാണെന്ന് ഞാൻ വിശ്വസിച്ചില്ല. എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് കടം വാങ്ങിയതായിരിക്കണം. എന്നെങ്കിലും പണമുണ്ടാവുമ്പോൾ തരട്ടെ. പക്ഷേ അവൾ എന്തുകൊണ്ട് എന്റെ അടുക്കൽ വരുന്നില്ല. ഇഷ്ടമില്ലെങ്കിൽ അതു നേരിട്ടു പറയാമായിരുന്നു.

രേണുവിന്റെ ഓർമ്മ എന്റെ മനസ്സിൽ നിന്ന് എടുത്തുകളയാൻ ശ്രമിക്കവേ അവൾ വീണ്ടും വന്നു. സാരിയാണ് വേഷം. ഒപ്പം ഒരു ചെറുപ്പക്കാരനുമുണ്ടായിരുന്നു. അവളുടെ നെറുകയിൽ സിന്ദൂരം. ഞാൻ വാതിലും പിടിച്ച് നിൽക്കുകയാണ്. അവൾ സാരിയുടെ അറ്റം തലയിൽക്കൂടി ഇട്ട് എന്നോടു ചോദിച്ചു.

“എന്താ ഞങ്ങളെ അകത്തേയ്ക്കു വിളിക്കാത്തത്?”

ഞാൻ ഒരു സ്വപ്നത്തിൽനിന്ന് ഞെട്ടിയുണർന്നു.

“വരു, ആഷൂൺ, ആഷൂൺ, ബോഷൂൺ… ”

അവർ അകത്തേയ്ക്കു വന്നു. ആകെ ഉണ്ടായിരുന്നത് രണ്ടു കസേലകളായിരുന്നു. ഒന്നിൽ അയാളും ഒന്നിൽ ഞാനുമിരുന്നു. അവൾ കട്ടിലിൽ ഇരുന്നു.

“അപനാർ ബൊന്ധു കുദെ?” എന്ന ചോദ്യത്തിന് നാട്ടിൽ പോയി എന്നു ഞാൻ ഉത്തരം പറഞ്ഞു. ജനാർദ്ദനൻ ലീവിൽ പോയിരിക്കയാണ്.

“എന്താണ് കല്യാണത്തിന് ക്ഷണിക്കാതിരുന്നത്?” ഞാൻ ചോദിച്ചു.

അവൾ സാവധാനത്തിൽ ഉത്തരം പറഞ്ഞു.

“ബാബുജിയെപ്പോലെ വലിയ ആൾക്കാരെ ക്ഷണിക്കാൻ മാത്രൊന്നും കോളില്ല ഞങ്ങൾക്ക്.”

“ചായയുണ്ടാക്കട്ടെ?” ഞാൻ ചോദിച്ചു.

“ഞാൻ ഉണ്ടാക്കാം.” അവൾ ചാടിയെഴുന്നേറ്റു. അവൾക്ക് ആ മുറിയിലുള്ള അവകാശം സ്ഥാപിക്കുന്ന മട്ടിൽ അവൾ പെരുമാറി. ചായയുണ്ടാക്കി രണ്ടു ഗ്ലാസുകളിലാക്കി ടീപോയിമേൽ വെച്ചു. മേശപ്പുറത്തുണ്ടായിരുന്ന ടിന്നുകൾ തപ്പി ഒന്നുരണ്ടു ബിസ്‌ക്കറ്റ് പാക്കറ്റുകൾ പുറത്തെടുത്തു അത് ഒരു പ്ലേയ്റ്റിൽ നിരത്തിവച്ചു. രേണു ചായ കുടിച്ചില്ല.

അയാൾ ഒരു ബാങ്കിൽ പ്യൂണായിരുന്നു. നല്ല പയ്യൻ. നന്നായി വരട്ടെ എന്നു ഞാൻ പ്രാർത്ഥിച്ചു.

അവർ പോയി. ഞാൻ വാതിൽ ചാരി കട്ടിലിന്മേൽ വന്നിരുന്നു. എന്റെ മനസ്സിൽ എന്തൊക്കെയായിരുന്നു എന്ന് എനിക്കിപ്പോൾ ഓർമ്മയില്ല. ഞാൻ കണ്ണടച്ചിരിക്കുകയാണ്. പെട്ടെന്ന് ചാരിയ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ കണ്ണു തുറന്നു. അവൾ തിരിച്ചു വന്നിരിക്കയാണ്.

ഒരു ചിരിയോടെ അവൾ അകത്തു കടന്നു. “എന്റെ തൂവാല മറന്നു വെച്ചു.”

അവൾ മേശപ്പുറത്തുനിന്ന് തൂവാല എടുത്തു. പിന്നെ അടുത്തു വന്നുകൊണ്ട് ചോദിച്ചു. “എന്നോട് ദ്വേഷ്യ ത്തിലാ ണല്ലേ?”

“എന്താണ് പിറ്റേന്ന് വരാതിരുന്നത്?”

അവൾ ഒരു നിമിഷം നിശ്ശബ്ദയായി, പിന്നെ സാവധാനത്തിൽ പറയാൻ തുടങ്ങി.

“ഞാൻ ബാബുജിയുടെ അടുത്തുനിന്ന് എന്തിനാണ് പണം വാങ്ങിയത് എന്നറിയ്വോ? ഒരു സാരി വാങ്ങാൻ, പിന്നെ അഞ്ചു പത്താൾക്കാർക്ക് സദ്യക്കുള്ള ചെലവിനും. അന്നുച്ചയ്ക്ക് ഈ പയ്യൻ എന്നെ കാണാൻ വരുംന്ന് പറഞ്ഞിരുന്നു. അതാണ് ഞാൻ പിറ്റേന്നു വരാമെന്ന് പറഞ്ഞത്. പയ്യൻ വന്നു ഇഷ്ടായി അപ്പൊത്തന്നെ കല്യാണം ഉറപ്പിക്ക്യും ചെയ്തു. പിന്നെ അമ്മ എന്നെ പുറത്തു വിട്ടില്ല. ഞാൻ കുറേ പറഞ്ഞു നോക്കി. കല്യാണനിശ്ചയം കഴിഞ്ഞാൽ ഞാൻ ഒറ്റയ്ക്ക് പുറത്തിറങ്ങരുത് എന്ന് അമ്മ പറഞ്ഞു. എന്നോട് ദ്വേഷ്യായി അല്ലേ?”

ഒരു ദിവസത്തെ തയ്യാറെടുപ്പും നീണ്ട കാത്തിരിപ്പും ഓർമ്മയിൽ വന്നു.

“ഞാൻ കുറേ കാത്തു.” അതു പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു.

“സാരല്ല്യ, സങ്കടപ്പെടണ്ട. ഞാൻ ഒരു ദിവസം ഒറ്റയ്ക്ക് വരാം. സങ്കടൊക്കെ മാറ്റിത്തരാം. ഇപ്പോൾ പോട്ടെ. ഭർത്താവ് ചോട്ടിൽ കാത്തു നിൽക്ക്ണ്ണ്ട്. ഞാൻ ബാബുജിയോട് ഒറ്റയ്ക്ക് സംസാരിക്കാൻ കരുതിക്കൂട്ടി തൂവാല മറന്നു വെച്ചതാണ്. ബാബുജി സങ്കടപ്പെടല്ലേ.”

പെട്ടെന്ന് അവൾ വാതിൽക്കലേയ്ക്കു നോക്കി ധൃതിയിൽ എന്നെ കെട്ടിപ്പിടിച്ച് രണ്ടു കവിളിലും ഓരോ ഉമ്മ സമ്മാനിച്ച് ഓടിപ്പോയി. ഞാൻ കുറേ നേരം ഒറ്റയിരിപ്പിൽ ഇരുന്നു. ഞാൻ കരയുകയായിരുന്നു. ഇപ്പോൾ കരഞ്ഞിരുന്നത് അന്യായമായ എന്റെ ദുരാഗ്രഹങ്ങളുടെ പൂർത്തീകരണത്തിനു സംഭവിച്ച തടസ്സങ്ങളുടെ പേരിലല്ല, മറിച്ച് ഒരു പെൺകുട്ടി യ്ക്ക് എന്നോടുള്ള കറകളഞ്ഞ സ്‌നേഹത്തിന്റെ പേരിലായിരുന്നു.

രണ്ടു മാസത്തിനകം ഞങ്ങൾ വീടു മാറി. അതിനു ശേഷം അവളെ കണ്ടിട്ടില്ല. രേണൂ, നീ എവിടെയാണെങ്കിലും നന്നായി വരട്ടെ.