close
Sayahna Sayahna
Search

നൂറുവര്‍ഷമോ, നൂറുദിവസമോ?


നൂറുവര്‍ഷമോ, നൂറുദിവസമോ?
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണൻ നായർ
മൂലകൃതി ശരത്ക്കാലദീപ്തി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാതം പ്രിന്റിങ് അന്റ് പബ്ലിഷിങ്
വര്‍ഷം
1993
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 147

എം കൃഷ്ണൻ നായർ

“Zen and The Art of Motorcycle Maintenance”എന്ന തത്ത്വചിന്താത്മകമായ നോവല്‍ 1974-ല്‍ പ്രസിദ്ധപ്പെടുത്തിയ പിര്‍സിഗ് ‘രായ്ക്കുരാമാനം’ മഹായശസ്കനായി. അമേരിക്കല്‍ ഐക്യനാടുകളിലെ ഒരു സ്റ്റേറ്റായ മിനിസോറ്റയില്‍നിന്നു മറ്റൊരു സ്റ്റേറ്റായ കലിഫോര്‍ണിയയിലേക്കു മോട്ടര്‍സൈക്കിളില്‍ മകനുമൊത്തു സഞ്ചരിക്കുകയും സഞ്ചരിക്കുന്നതിനിടയില്‍ ദാര്‍ശനികങ്ങളായ പരികല്പനകള്‍ നടത്തുകയും ചെയ്യുന്നതാണ് ആ ഗ്രന്ഥത്തിലെ വിഷയം. വിശുദ്ധമായ ധൈഷണികാഹ്ലാദം നല്‍കുന്ന ദാര്‍ശനിക നോവലാണത്. വിശ്വവിഖ്യാതനായ നിരൂപകന്‍ ജോര്‍ജ് സ്റ്റൈനര്‍ ആരെയും അങ്ങനെ വാഴ്ത്തുന്ന ആളല്ല. അദ്ദേഹംപോലും പിര്‍സിഗിന്റെ രചനയെ പ്രശംസിച്ചത് ഇങ്ങനെയാണ്. “The analogies with Moby Dick are patent. Robert Pirsig invites the prodigious comparison.” ഈ നോവലെഴുതി പതിനേഴു വര്‍ഷം കഴിഞ്ഞപ്പോള്‍ പിര്‍ഗിസ് Lila — An Inquiry into Morals എന്നൊരു ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ചിന്തയുടെ ലോകത്തു പരിവര്‍ത്തനത്തിന്റെ അലകള്‍ ഇളക്കിവിട്ടിരിക്കുന്നു. ഇതിനെക്കുറിച്ചു ഗ്രന്ഥകാരനു തന്നെ അളവറ്റ ആദരമുണ്ട്. അഭിമാനമുണ്ട്. അദ്ദേഹം എഴുതുന്നു.“Zen and The Art of Motorcycle Maintenance” ആദ്യത്തെ ശിശുവാണ്…പക്ഷേ ഈ രണ്ടാമത്തെ ശിശുവിനാണ് ഉജ്ജ്വലത..ജനങ്ങള്‍ നൂറൂവര്‍ഷത്തിനുശേഷം ഈ രണ്ടു പുസ്തകങ്ങളും വായിക്കുകയാണെങ്കില്‍ ‘ലീല’ യായിരിക്കും കൂടുതല്‍ പ്രാധാന്യമുള്ളതായി അവര്‍ക്കു തോന്നുകയെന്ന് ഞാന്‍ ഭാവികഥനം നിര്‍വഹിച്ചുകൊള്ളട്ടെ.” ഈ പ്രസ്താവം ഗ്രന്ഥകാരന്‍മാരുടെ ദൗര്‍ബല്യമായി മാത്രം പരിഗണിച്ചാല്‍ മതി. ലാറ്റിനമേരിക്കന്‍ നോവലിസ്റ്റ് മാര്‍കോസ് ഓരോ നൂതനഗ്രന്ഥം പ്രസിദ്ധപ്പെടുത്തുമ്പോഴും അതാണു തന്റെ ഉല്‍കൃഷ്ടതമമായ കൃതിയെന്നു പറയുമായിരുന്നു. പക്ഷേ തന്റെ ആദ്യത്തെ നോവലിനെ അതിശയിക്കുന്ന ഒരു നോവലും അദ്ദേഹം പിന്നീട് എഴുതിയില്ല. ഇതുകൊണ്ടു പിര്‍സിഗിന്റെ ഈ പുതിയ നോവലിനു പ്രാധാന്യമില്ലെന്നാണ് എന്റെ പക്ഷമെന്ന് ആരും വിചാരിക്കരുതേ. പ്രാധാന്യമുണ്ട്. അതു മറ്റൊരുതരത്തില്‍.

‘ലീല’ എന്ന ഈ ദാര്‍ശനിക നോവലിന്റെ സമാരംഭത്തില്‍തന്നെ ഒരു കപ്പ് ചായയെക്കുറിച്ചുള്ള പ്രസ്താവമുണ്ട്. പുതിയ ചായയാണു നിങ്ങള്‍ക്കു കുടിക്കേണ്ടതെങ്കില്‍ കപ്പിലുള്ള പഴയ ചായ ദൂരെ ഒഴിച്ചുകളയണം. …നിങ്ങളുടെ മസ്തിഷ്കം അതുപോലെയൊരുകപ്പാണ്. അതിനു [പരിമിതത്വമുണ്ട്. ലോകത്തെക്കുറിച്ചു നിങ്ങള്‍ക്ക് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കില്‍ അതുഗ്രഹിക്കാനായി ശിരസു ശൂന്യമാക്കണം. കപ്പിലുള്ള പഴയ ചായ ശബ്ദത്തോടെ ചലിപ്പിച്ചുകൊണ്ടു ജീവിതം മുഴുവന്‍ ചെലവഴിക്കാന്‍ വളരെ എളുപ്പമാണ്. പുതുതായി ഒന്നും പരീക്ഷിച്ചുനോക്കാത്തതുകൊണ്ടു പഴയതു മഹത്വമുള്ളതാണെന്നു നിങ്ങള്‍ കരുതും. കാരണം പഴയചായ വളരെ നല്ലതാണെന്നു വിചാരമുള്ളതുകൊണ്ടു നൂതനമായതിന്റെ പ്രവേശം അതു തടയുന്നു എന്നതുതന്നെ.”

ഇതൊരു മുന്നറിയിപ്പാണ്. തത്ത്വചിന്താത്മകമായി നമുക്ക് ആശയങ്ങളുണ്ടെങ്കില്‍ അവയെ നിര്‍മാർജനം ചെയ്തിട്ടുവേണം തന്റെ പുതിയ പുസ്തകം വായിക്കേണ്ടതെന്നു പിര്‍ഗിസ് നമ്മളെ അറിയിക്കുന്നു. അദ്ദേഹത്തിന്റെ നൂതനാശയങ്ങള്‍ ഏവ? അവ അറിയാന്‍ നമുക്കു കൗതുകമില്ലാതില്ല.

പ്ലേറ്റോ പറഞ്ഞത് ഏറ്റവും സത്യമായത് ഏറ്റവും സ്ഥിരമായി വര്‍ത്തിക്കുന്നതാണെന്ന്. അങ്ങനെ സ്ഥിതിരയുള്ളതിനു മാറ്റമേതെങ്കിലും വന്നാല്‍ അതുബഹിര്‍ഭാഗസ്ഥം മാത്രമാണെന്ന്. ഇമ്മട്ടില്‍ എന്തെല്ലാം മാറ്റങ്ങളൂണ്ടായാലും സ്ഥിരമായതിന്റെ സത്ത് ഒരിക്കലും മാറുന്നിലെന്നാണു പ്ലേറ്റോയുടെ വാദം. മറ്റാരും നല്‍കിയില്ല. ഞാന്‍ തന്നെ ഉദാഹരണങ്ങള്‍ നല്‍കുകയാണ്. എന്റെ മുമ്പില്‍ ഒരു ഇരുമ്പ് അലമാരി ഇരിക്കുന്നു. ഇന്ന് അതിലാകെ ചായം തേച്ചിട്ടുള്ളതുകൊണ്ടു തുരുമ്പില്ല. എന്നാല്‍ സംവല്‍സരങ്ങള്‍ കഴിയുമ്പോള്‍ ചായം ഇളകിപ്പോകും. അന്ന് തുരുമ്പ് അലമാരിയെ ആക്രമിക്കും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അലമാരിയെ ആക്രമിക്കും. പിന്നെയും വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ തുരുമ്പുകൊണ്ട് അലമാരി മറഞ്ഞുപോകും. എങ്കിലും ഇരുമ്പ് എന്ന സത്തയ്ക്കു മാറ്റമില്ല. ഇനി നമുക്കു തകഴി ശിവശങ്കരപ്പിള്ളയുടെ ‘ചെമ്മീ’നെന്ന നോവലിലേക്കു വരാം. കറുത്തമ്മയും പരീക്കുട്ടിയും ദൃഢാനുരക്തര്‍. കറുത്തമ്മയ്ക്കു മറ്റൊരാളെ വിവാഹം കഴിക്കേണ്ടിവന്നു. പരീക്കുട്ടി ദുഃഖ പരവശനായി കടപ്പുറത്ത് അലഞ്ഞുതിരിഞ്ഞു. ഈ വിവാഹം കഴിക്കലും അലഞ്ഞുതിരിയലും ബഹിര്‍ഭാഗസ്ഥ സംഭവങ്ങള്‍. പക്ഷേ രണ്ടുപേരുടെയും സ്നേഹത്തിനു മാറ്റമില്ല. അവര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ സ്നേഹത്തിന്റെ സ്ഥിരത കൂടുതല്‍ തിളക്കമാര്‍ന്നു പ്രത്യക്ഷമാകുന്നു.

പ്ലേറ്റോയ്ക്കു മുമ്പു ജീവിച്ചിരുന്ന ഹെറക്ലൈറ്റസിന്റെ വാദം ഇതിനു കടകവിരുദ്ധമാണ്. ലോകത്തുള്ള ഏതും ഒഴുകിക്കൊണ്ടിരിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ഒന്നിനും സ്ഥിരതയില്ല. Upon those who step into the same river, there flow different waters in different cases എന്നു ഹൈറക്ലൈറ്റസ്. ഒരിക്കല്‍ ഒരു നദിയില്‍ കാലെടുത്തുവച്ചാല്‍ അത് ഒരു നദി. അവിടെത്തന്നെ വീണ്ടും കാലുവയ്ക്കു. അപ്പോള്‍ അതു മറ്റൊരു നദിയാണ്. കാരണം? ആദ്യത്തെ ജലമല്ല രണ്ടാമതു നിങ്ങളുടെ കാലിനെ സ്പര്‍ശിക്കുന്നത്. All is in fulx — എല്ലാം പ്രവാഹമാണ് — എന്നത്രേ ഈ തത്ത്വചിന്തകന്റെ മതം. ഇരുപതാം ശതാബ്ദത്തിലെ ശാസ്ത്രം പ്ലേറ്റോയെയല്ല ഹെഠക്ലൈറ്റസിനെയാണ് അംഗീകരിക്കുക. ഞാന്‍ എഴുതാന്‍ ഉപയോഗിക്കുന്ന പേന പ്ലേറ്റോയുടെ കൈയ്യില്‍കൊടുത്തുവെന്നു കരുതൂ. അദ്ദേഹം പറയും സ്ഥിരതയാര്‍ന്ന വസ്തുവാണിത് എന്ന്. എന്നാല്‍ ഇന്നത്തെ ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നതു വേറൊരുവിധത്തിലായിരിക്കും. പേനയെ അപഗ്രഥിച്ച് അപഗ്രഥിച്ചു ചെന്നാല്‍ തന്‍മാത്രത്തില്‍ — മോലിക്യൂളില്‍ — എത്തും. അതിനെ അപഗ്രഥിച്ചാല്‍ അണുവില്‍ ആറ്റമില്‍ — എത്തും. അണുവിനെ അപഗ്രഥിച്ചാല്‍ പ്രോട്ടോണ്‍. അവയ്ക്കു ചുറ്റും ഇലക്ടോണ്‍. അനേകം വലയങ്ങളില്‍ ഉള്ള ഇലക്ട്രോണുകള്‍ ഒരു നിയമവുമില്ലാതെ ഒരു വലയത്തില്‍നിന്നു മറ്റൊരു വലയത്തിലേക്കു ചാടുന്നു. പ്രവര്‍ത്തനവും പ്രതിപ്രവര്‍ത്തനവും നടക്കുന്നു. ആകെ ചലനാത്മകത്വം. ഇംഗ്ലീഷ് ഗണതശാസ്ത്രജ്ഞനും തത്ത്വചിന്തകനുമായ വൈറ്റ്ഹെഡ് ഈ ചലനാത്മകത്വത്തിന്റെ ഉദ്ഘോഷകനാണ്. അതിനാല്‍ സത്യം പ്രക്രിയയാണെന്ന് — Reality is process എന്ന് അദ്ദേഹം പറയുന്നു. പിര്‍സിഗ് ഈ ചലനാത്മകതയെ — പ്രക്രിയയെ — ഗുണം (Quality) എന്നു വിളിക്കുന്നു; ഗുണം എന്നല്ല ചലനാത്മകഗുണം (Dynamic quality) എന്നാണു വവിളിക്കുന്നത്. ഈ ചലനാത്മകഗുണമാണ് എല്ലാ വസ്തുക്കളുടെയും സാര്‍വലൗകികമായ കേന്ദ്രം എന്നും പിര്‍സിഗ് അഭിപ്രായപ്പെടുന്നു. ഈ ചിന്തയുടെ വിവൃതിയോ വിശദീകരണമോ ആണ് പിര്‍സിഗിന്റെ നോവല്‍. ചലനാത്മകഗുണത്തെ — വൈറ്റ് ഹെഡിന്റെ പ്രോസസിനെ (പ്രക്രിയയെ) — അദ്ദേഹം പലതലങ്ങളിലേക്കു കൊണ്ടുചെന്ന് അതിന്റെ സാധുതയെ സ്പഷ്ടമാക്കാന്‍ യത്നിക്കുന്നു. ഒന്നോ രണ്ടോ ഉദാഹരണങ്ങള്‍ നല്കാം. സ്വതന്ത്ര വിപണി ചലനാത്മകമായ സ്ഥാപനമാണ്. ആളുകള്‍ വാങ്ങുന്നതും വില്‍ക്കുന്നതും — മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ആളുകള്‍ മൂല്യമുള്ളതായി കരുതുന്നത് ധിഷണയോടു ബന്ധപ്പെട്ടിരിക്കുന്നില്ല. ചലനാത്മകഗുണമാണു ചന്തസ്ഥലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ആധാരം. ചന്ത എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. ആ മാറ്റം മുന്‍കൂട്ടി നിര്‍ണയിക്കാവുന്നതുമല്ല. ഇനി ഭാഷയും ചലനാത്മക ഗുണവും തമ്മിലുള്ള ബന്ധത്തെക്കൂറിച്ചാവട്ടെ; ഭാഷപോലും ‘യൂറോപ്യ’ നില്‍ നിന്ന് ‘ഇന്ത്യനി’ ലേക്കു മാറുകയായിരുന്നു. വിക്ടോറിയയുടെ കാലത്തെ ഭാഷ അവരുടെ ചുമര്‍കടലാസുകള്‍പോലെ അലങ്കാരപരമായിരുന്നു. പുഷ്പമാതൃകകള്‍ എവിടെയും. അവയ്ക്കു പ്രായോഗികതലത്തില്‍ ഒരു പ്രയോജനവുമില്ലായിരുന്നു. എന്തെങ്കിലും ഉള്ളടക്കം അതിനുണ്ടായിരുന്നെങ്കില്‍ നിങ്ങളെ അതില്‍ നിന്നു പിന്തിരിപ്പിക്കാനേ ആ ഭാഷയ്ക്കു കഴിഞ്ഞിരുന്നുള്ളു. പക്ഷേ ഇരുപതാം ശതാബ്ദത്തിലെ പുതിയ ശൈലി അതിന്റെ ലാളിത്യത്തിലും ഋജുതയിലും ഇന്ത്യനാണ്. ഹെമിംഗ്‌വേ, ഷെര്‍വുഡ് അന്‍ദേഴ്സന്‍, ഡോസ് പസോസ് ഇവരും മറ്റനേകം പേരും പ്രയോഗിച്ച ശൈലി പണ്ടുകാലത്തു പരുക്കനായി, അപക്വമായി കരുതപ്പെടുമായിരുന്നു. സാധാരണ മനുഷ്യന്റെ സത്യസന്ധതയുടെയും ഋജുതയുടെയും അവതാരമാണു നൂതനശൈലി.

ചലനാത്മക ഗുണത്തിന്റെ പ്രവര്‍ത്തനത്തെ ഇങ്ങനെ സംഭവങ്ങള്‍, വസ്തുക്കള്‍ ഇവയിലൂടെ പ്രത്യക്ഷമാക്കുന്ന പിര്‍സിഗ് അതിനോടു ബന്ധപ്പെട്ട പല നൂതങ്ങളായ, അന്തര്‍വീക്ഷണങ്ങളും നിര്‍വഹിക്കുന്നുണ്ട്. അവയും നമുക്ക് അനല്പമായ ധൈഷണികാഹ്ലാദം നല്‍കും.അവയ്ക്കും ചില ഉദാഹരണങ്ങള്‍ നല്‍കട്ടെ: (1) ബ്രാഹ്മണങ്ങള്‍ക്കുശേഷം ഔപനിഷദീയകാലം വന്നു. അതോടെ ഭാരതീയദര്‍ശനം പുഷ്പിച്ചു. ഭാരതീയ ചിന്തയുടെ സ്ഥിരീകൃത മാതൃകലളില്‍നിന്നു ചലനാത്മകഗുണം പുനരുല്‍പാദിപ്പിക്കപ്പെട്ടു. (2) മൃഗങ്ങളുടെ മാംസം ഭക്ഷിക്കുന്നത് അസാന്‍മാര്‍ഗികമാണോ? പരിണാമത്തിന്റെ ഉന്നതതലത്തിലാണു മൃഗങ്ങള്‍.അതിനാല്‍ മാംസഭക്ഷണം അസാന്‍മാര്‍ഗികം. പക്ഷേ ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളമുള്ള സമയത്തു മാത്രമേ ഈ ഈ സാന്മാര്‍ഗികത്വത്തിനു പ്രസക്തിയുള്ളു. ക്ഷാമം വരുമ്പോള്‍ ഹിന്ദുക്കള്‍ പശുക്കളെ കൊന്നുതിന്നില്ലെങ്കില്‍ അത് അസാന്‍മാര്‍ഗികമാവുമല്ലോ. അങ്ങനെ ചെയ്തില്ലെങ്കില്‍ പശുവെന്ന താണജീവിക്കുവേണ്ടി മറ്റു മനുഷ്യരെ അവര്‍ നിഗ്രഹിച്ചു ഭക്ഷിച്ചുകളയും.

ഈ ദാര്‍ശനിക പ്രബന്ധത്തിനു നോവലിന്റെ ഛായ നല്‍കാനായി ഗ്രന്ഥകാരന്‍ ഫീദ്രസ്.എന്നൊരാള്‍ മദ്യശാലയില്‍വച്ചു പരിചയപ്പെട്ട ലീലയുമായി യാനപാത്രത്തില്‍ കയറി ഹഡ്സണ്‍ നദിയില്‍ സഞ്ചരിക്കുന്നതായി വര്‍ണിക്കുന്നു. അവരുടെ വേഴ്ചകളും സംഭാഷണങ്ങളുമൊക്കെ ഇതിലുണ്ട്. പക്ഷേ അവയെല്ലാം തുച്ഛങ്ങളാണ് (ആദ്യത്തെ നോവലില്‍ ഫ്രീദ്രസ് മകനുമായി മോട്ടര്‍സൈക്ക്ളില്‍ സവാരി നടത്തുന്നതായി വര്‍ണ്ണനം) ഗ്രന്ഥത്തിന്റെ 99 ശതമാനവും തത്ത്വചിന്താത്മകങ്ങളായ പരികല്പനകളാണ്. അവ എന്തെന്നില്ലാത്ത ആഹ്ലാദം നല്‍കും ധിഷ്ണയ്ക്ക്. പക്ഷേ ഇതു നോവലല്ല, കലാസൃഷ്ടിയുമല്ല. അലിഗ്സാണ്ടര്‍ചക്രവര്‍ത്തി ദിഗ്വിജയത്തിനുശേഷം അതിന്റെന് സ്മരണയെ നിലനിര്‍ത്താന്‍ ഒരു വളച്ചുവാതില്‍ നിര്‍മ്മിക്കാന്‍ കല്പനകൊടുത്തു. അര്‍ധവ്യത്താകൃതിയുള്ള അതിന്റെ ഒരു ഭാഗം ഒരു കഥാകാരന്‍ ചിത്രങ്ങളാല്‍ മോടിപിടിപ്പിക്കണം. മറ്റേഭാഗം മറ്റൊരു കലാകാരന്‍ രാമണീയമാക്കണം. ആരുടെ സര്‍ഗപ്രക്രിയ ഉല്‍കൃഷ്ടമോ അയാള്‍ക്കു ചക്രവര്‍ത്തി സമ്മാനം നല്‍കും. കലാകാരന്മാര്‍ പരസ്പരം കാണാതിരിക്കാനായി അവര്‍ക്കിടയ്ക്ക് ഒരു യവനികയിട്ടു. അദ്ഭുതാവഹം! രണ്ടുവശങ്ങളും ഒരേരീതിയിലിരിക്കുന്നു. അപ്പോള്‍ അലിഗ്സാണ്ടര്‍ കല്പിച്ചു യവനിക വീണ്ടും ഇടാന്‍. വീണ്ടും അത്ഭുതം! ഒരു വശത്ത് ഒന്നുമില്ല. കാര്യമെന്ത്? ഒരു കലാകാരന്‍ സ്വന്തം ഭാവം മിനുസപ്പെടുത്തി കണ്ണാടിപോലെയാക്കുകയായിരുന്നു. യഥാര്‍ത്ഥത്തിലുള്ള ചിത്രങ്ങള്‍ അവിടെ പ്രതിഫലിപ്പിച്ചതുകൊണ്ടാണു രണ്ടു വശങ്ങളും ഒരേരീതിയിലിരുന്നത്. റോബര്‍ട്ട് പിര്‍സിഗ് തേച്ചുമിനുക്കി കണ്ണാടിയുണ്ടാക്കിയ ആളാണ്. ഹെറക്ലൈറ്റസിന്റെയും വെറ്റ്ഹെഡിന്റെയും ദര്‍ശനത്തെ മോടിപിടിപ്പിച്ച് അദ്ദേഹം നമ്മുടെ മുമ്പില്‍ വയ്ക്കുന്നതേയുള്ളു. യവനിക ഇല്ലാത്തിടത്തോളം കാലം ആളുകള്‍ അദ്ഭുതം കൂറും. നൂറുകൊല്ലം കഴിഞ്ഞു ഗ്രന്ഥം വായിക്കുന്ന ആളുകള്‍ അതിന്റെ പ്രാധാന്യം കണ്ടറിയുമത്രേ. നൂറുദിവസം കഴിഞ്ഞാല്‍ പിര്‍ഗസും അദ്ദേഹത്തിന്റെ പ്രബന്ധവും വിസ്മരിക്കപ്പെടും.