close
Sayahna Sayahna
Search

Difference between revisions of "പനിനീര്‍പ്പൂവിന്റെ പരിമളം ..."


Line 1: Line 1:
{{infobox book| <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
+
{{infobox ml book| <!-- See Wikipedia:WikiProject_Novels or Wikipedia:WikiProject_Books -->
 
| title_orig  = [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]
 
| title_orig  = [[പനിനീര്‍പ്പൂവിന്റെ പരിമളം പോലെ]]
 
| image        = [[File:Pani-cover.png|120px|center|alt=Front page of PDF version by Sayahna]]
 
| image        = [[File:Pani-cover.png|120px|center|alt=Front page of PDF version by Sayahna]]

Revision as of 02:19, 15 April 2014

പനിനീര്‍പ്പൂവിന്റെ പരിമളം ...
Front page of PDF version by Sayahna
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
1977
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

caption
കീര്‍ക്ക ഗോര്‍

മദമിളകി വരുന്ന ഒരാനയെ കണ്ടാല്‍ ജീവഹാനി സംഭവിക്കുമല്ലോ എന്നു വിചാരിച്ചു ഞാന്‍ വല്ലാതെ പേടിക്കും. എനിക്ക് അഭിമുഖമായി ഓടുന്ന ആന പൊടുന്നനെ മറ്റൊരു വഴിയേ തിരിഞ്ഞ് ഓടിയാല്‍ എന്റെ പേടി ഒന്നിനൊന്നു കുറഞ്ഞുവരും. കുറച്ചു സമയംകൊണ്ട് എനിക്ക് സ്വസ്ഥത ലഭിക്കുകയും ചെയ്യും. ഭയത്തിനു കാരണമായത് അന്തര്‍ധാനം ചെയ്താല്‍ ഭയം മാറും. എന്നാല്‍, ആഹ്ളാദിക്കുന്ന ഏതു മനുഷ്യനും സന്ത്രാസത്തിന് (dread) വിധേയനാണെന്ന് ഡാനിഷ് തത്ത്വചിന്തകന്‍ കീര്‍ക്ക ഗോര്‍ (Kierkegaard) പറയുന്നു. വ്യക്തി രാഷ്ട്രാന്തരീയ പ്രശസ്തിയാര്‍ജിച്ചവന്‍, സര്‍വജനാരാധ്യന്‍. ഒരല്ലലുമില്ല. കാലത്ത് ഉണര്‍ന്നെഴുന്നേറ്റ് അയാള്‍ വീട്ടിന്റെ വാതില്‍ തുറന്നു നോക്കുമ്പോള്‍ ആരാധകര്‍ കൊണ്ടു വെച്ചിട്ടുപോയ പനിനീര്‍പ്പൂക്കള്‍ കാണുന്നു. തികഞ്ഞ ആരോഗ്യവുമുണ്ട് അയാള്‍ക്ക്. ബന്ധുക്കളും സുഹൃത്തുക്കളും അയാളെ സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ഇതൊക്കെയാണെങ്കിലും അയാള്‍ സന്ത്രാസത്തിനു വിധേയനാണ്. ഇത്—സന്ത്രാസം—എവിടെനിന്നു വരുന്നുവെന്ന് അയാള്‍ക്കറിഞ്ഞുകൂടാ.

മരണം ജനിപ്പിക്കുന്ന ശൂന്യതയാണ് ഈ ത്രാസത്തിനു ഹേതു. മനുഷ്യന്‍ തന്നെത്തന്നെ മനസ്സിലാക്കിയാല്‍, തന്നെ സാക്ഷാത്കരിച്ചാല്‍ ഇത് അപ്രത്യക്ഷമാകുമെന്നു കീര്‍ക്കഗോര്‍ പറയുന്നു. അതിനു യത്നിക്കാതെ ഭൂതകാല സൗഭാഗ്യങ്ങളെ തേടിച്ചെല്ലാന്‍ ശ്രമിച്ചാല്‍ ദുരന്തം സംഭവിക്കും. ഇങ്ങനെ ദുരന്തത്തിലെത്തിയ നെപ്പോളിയനെ തന്റെ അതിസുന്ദരമായ ʻʻThe Death of Napoleonˮ എന്ന കൊച്ചു നോവലിലൂടെ അവതരിപ്പിക്കുകയാണ് ഫ്രഞ്ചെഴുത്തുകാരനായ സീമൊങ് ലേയ്സ് (Simon Leys), A marvellous book (അത്ഭുതാവഹമായ പുസ്തകം) എന്നു സൂസന്‍ സൊണ്‍ടാഗും A small master piece (ഒരു ചെറിയ പ്രകൃഷ്ടകൃതി) എന്നു ല മൊങ്ദും (Le Monde) വാഴ്ത്തിയ ഈ നോവല്‍ ഞാന്‍ ഒരിക്കല്‍ വായിച്ചു. അതിന്റെ സൗന്ദര്യാതിശയം കണ്ടു രണ്ടാമത്തെ പരിവൃത്തി വായിച്ചു. നോവലിന്റെ ആരംഭത്തില്‍ സീമൊങ് ലേയ്സ് എടുത്തു ചേര്‍ത്തിരിക്കുന്ന, പോള്‍ വലേറിയുടെ വാക്യങ്ങളിലെ ആശയം പ്രതിപദം ശരിയാണെന്നു ഗ്രഹിക്കുകയും ചെയ്തു. ആ ഫ്രഞ്ച് കവിയുടെ വാക്യങ്ങള്‍ ഭാഷാന്തരീകരണം ചെയ്ത് താഴെ ചേര്‍ക്കട്ടെ.

ʻʻനെപ്പോളിയന്റേതുപോലെ മഹത്ത്വമാര്‍ന്ന മനസ്സ് സാമ്രാജ്യങ്ങള്‍, ചരിത്രം സൃഷ്ടിക്കുന്ന സംഭവങ്ങള്‍, പീരങ്കികളുടെ ഗര്‍ജനങ്ങള്‍, മനുഷ്യരുടെ ആക്രോശങ്ങള്‍ ഇവയെപ്പോലുള്ള ക്ഷുദ്രങ്ങളായ കാര്യങ്ങളില്‍ വ്യാപരിച്ചത് എത്ര ദയനീയമായിപ്പോയി. അദ്ദേഹം കീര്‍ത്തി, ഭാവിതലമുറ ഇവയില്‍ വിശ്വസിച്ചു; സീസറിലും. രാഷ്ട്രങ്ങളിലെ പ്രക്ഷുബ്ധാവസ്ഥകള്‍, മറ്റു ക്ഷുദ്രവസ്തുക്കള്‍ ഇവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധയ്ക്കു വിഷയീഭവിച്ചത്. സമ്പൂര്‍ണമായും മറ്റെന്തോ ആണ് യഥാര്‍ഥത്തില്‍ പ്രധാനമായത് എന്ന കാര്യം അദ്ദേഹം കാണാത്തതെന്ത്!ˮ

വലേറിയുടെ ഈ വാക്യങ്ങളുടെ വിവൃതിയോ വ്യാഖ്യാനമോ എന്ന പോലെ നോവല്‍ രചിച്ച് തന്നെ സാക്ഷാത്കരിക്കാതെ സന്ത്രാസത്തില്‍ വീണ ഒരു വിശ്വജേതാവിന്റെ—നെപ്പോളിയന്റെ—ചിത്രം എത്ര ആകര്‍ഷകമായാണ് സീമൊങ് ലേയ്സ് വരയ്ക്കുന്നത്. നമുക്കു നോവലിലേക്കു പോകാം.

വീണ്ടും നെപ്പോളിയന്‍

ചക്രവര്‍ത്തിയോട് അസ്പഷ്ടമായ ഛായാസാദൃശ്യമുള്ളതുകൊണ്ട് യാനപാത്രത്തില്‍ സഞ്ചരിച്ചിരുന്നവര്‍ അയാളെ നെപ്പോളിയന്‍ എന്നാണു വിളിച്ചത്. അതുകൊണ്ട് നമുക്കും ആ പരിഹാസപ്പേരില്‍തന്നെ അയാളെ നെപ്പോളിയന്‍ എന്നു വിളിക്കാം. മാത്രമല്ല അയാള്‍ നെപ്പോളിയന്‍ ആയിരുന്നു താനും. പണ്ട് ചക്രവര്‍ത്തിയുടെ മായാരൂപമായി വര്‍ത്തിച്ച (Double) ഒരു സാര്‍ജെന്റ് (Sergeant) ഹെലീന (St. Helena) കടപ്പുറത്തു ചന്ദ്രനില്ലാത്ത ഒരു രാത്രിയില്‍ ഇറങ്ങി. സാക്ഷാല്‍ നെപ്പോളിയന്‍ ഒരു യാനപാത്രത്തിലും കയറി. കപ്പലിലെ ഉള്ളറയിലെ ജോലിക്കാരനായിട്ടാണ് മെപ്പോളിയന്‍ സഞ്ചരിച്ചത്. എഴന്‍ എന്ന പേരില്‍.

caption
നെപ്പോളിയന്‍

ബ്രസ്സല്‍സില്‍ എത്തിയ നെപ്പോളിയന്‍ ദാഹം തീര്‍ക്കാനായി ഒരു ഹോട്ടലിലേക്കു കയറി. അവിടെ ബ്രിട്ടീഷ് സഞ്ചാരികളെ ഉദ്ദേശിച്ച് ഇംഗ്ലീഷ് ഭാഷയില്‍ ഒരു നോട്ടീസ് കണ്ണാടിയില്‍ പതിച്ചിരിക്കുന്നത് അദ്ദേഹം കണ്ടു. ʻʻവൊറ്റര്‍ലൂവും പടക്കളവും സന്ദര്‍ശിക്കുകˮ (waterloo മധ്യ ബല്‍ജിയത്തില്‍ ബ്രസ്സല്‍സിനു തെക്കായുള്ള സ്ഥലം — ഇവിടെ വെച്ചാണ് 1815 ജൂണ്‍ 18-ആം തീയതി നെപ്പോളിയന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടത് — ലേഖകന്‍) അടുത്ത ദിവസം അങ്ങോട്ടു പോകുന്ന വണ്ടിയില്‍ അദ്ദേഹം കയറി. കൂടെ മറ്റു യാത്രക്കാരും. ഒരു മണിക്കൂറോളം യാത്ര ചെയ്തപ്പോള്‍ വണ്ടിക്കാരന്‍ ഒരിടം ചൂണ്ടിക്കാണിച്ചു കൊണ്ടു വൊറ്റര്‍ലൂ എന്നു വിളിച്ചു പറഞ്ഞു. സഞ്ചാരികള്‍ക്ക് ഉത്സാഹം. നെപ്പോളിയന്‍ മാത്രം താല്പര്യമില്ലാതെ ഇരുന്നു. ഒരുത്കണ്ഠയാണ് അദ്ദേഹത്തിനുണ്ടായത്. അവിടെയുള്ള ഒരു ഭക്ഷണശാലയുടെ ഭിത്തിയില്‍ ഒരു നോട്ടീസ് തൂക്കിയിട്ടിരിക്കുന്നു: ʻʻയുദ്ധത്തിനു മുമ്പ് ചക്രവര്‍ത്തി രാത്രി കഴിച്ചുകൂട്ടിയത് ഇവിടെയാണ്. നെപ്പോളിയന്റെ കിടപ്പറ സന്ദര്‍ശിക്കുക.ˮ ചരിത്രപ്രസിദ്ധമായ ആ ശയനമുറി കാണാന്‍ പന്ത്രണ്ട് ഇംഗ്ലീഷ് സഞ്ചാരികളും ഓടിച്ചെന്നു. നെപ്പോളിയന്‍ മാത്രം പോയില്ല. താന്‍ ഒരിക്കലും ആ സ്ഥലത്ത് ചെന്നിരുന്നില്ലെന്നാണ് അദ്ദേഹത്തിനു തോന്നിയത്. നെപ്പോളിയന്‍ നടന്നു. ഒരു കുടിലിന്റെ ഒരു ഭാഗത്ത്, ʻʻഎദ്മൊങ്, നെപ്പോളിയന്റെ ഓള്‍ഡ് ഗാര്‍ഡിലെ ദൃഢപരിചയ സമ്പന്നന്‍ˮ എന്നൊരു നോട്ടീസ് കണ്ടു. അയാളോട് അദ്ദേഹം ചോദിച്ചു: ʻʻനിങ്ങള്‍ എപ്പോഴെങ്കിലും ചക്രവര്‍ത്തിയെ കണ്ടിട്ടുണ്ടോ?ˮ എദ്മൊങ് കുടിലമായ നേത്രം ചെറുതാക്കിക്കൊണ്ടു ഒരു മറുപടി നല്‍കി: ʻʻഎന്ത്, അദ്ദേഹം താങ്കളെപ്പോലെ എന്റെ അടുത്തു തന്നെയായിരുന്നു.ˮ

മായാരൂപത്തിന്റെ മരണം

അടുത്ത രംഗം പാരീസാണ്. നെപ്പോളിയന്‍ പാതയിലൂടെ നടന്നു വരുമ്പോള്‍ തന്റെ കൂടെ പണ്ടു സൈനികോദ്യോഗസ്ഥനായിരുന്ന ത്രുകോഷയുടെ വിധവയെ കണ്ടു. തണ്ണിമത്തങ്ങ ഇറക്കുമതി ചെയ്തു കച്ചവടം ചെയ്തുകഴിഞ്ഞുകൂടുന്ന അവരെ ʻഓസ്ട്രിച്ച്ʼ എന്നാണ് എല്ലാവരും വിളിക്കുക. ഓസ്ട്രിച്ചും നെപ്പോളിയനും സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍, മൂന്നു പേര്‍ അവിടെ ഓടിക്കയറി വന്ന് ഉറക്കെപ്പറഞ്ഞു: ʻʻകഷ്ടം! ചക്രവര്‍ത്തി മരിച്ചു.ˮ (ഹെലീനയിലെ മായാരൂപമായ ചക്രവര്‍ത്തി മരിച്ചെന്നാണ് അവര്‍ പറഞ്ഞത്. നെപ്പോളിയന്‍ അവിടെയാണെന്നാണല്ലോ അവരുടെ വിചാരം — ലേഖകന്‍) തന്റെ ʻഡബ്ളിʼന്റെ മരണം നെപ്പോളിയനെ വേദനിപ്പിച്ചു. അടുത്തു നില്‍ക്കുന്നവരുടെ കണ്ണീരൊഴുകിയതു കണ്ട് നെപ്പോളിയനോട് അവര്‍ക്കുള്ള സ്നേഹം മനസ്സിലാക്കി അദ്ദേഹം കരഞ്ഞു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പാരീസ് ആക്രമിക്കാനുള്ള പദ്ധതി നെപ്പോളിയന്‍ തയ്യാറാക്കി. എന്നാല്‍ ഭൂതകാലത്തെ വര്‍ത്തമാനകാലത്തേക്ക് ആനയിക്കാന്‍ ആര്‍ക്കു കഴിയും?

ഓസ്ട്രിച്ച് ഒരു വലിയ കട്ടില്‍ വാങ്ങി. അന്നുമുതല്‍ അവര്‍ അതിലാണ് ഒരുമിച്ചു കിടന്നത്. പക്ഷേ, അവരുടെ സ്വപ്നങ്ങള്‍ വിഭിന്നങ്ങളും.

നെപ്പോളിയന്റെ ശരീരം സ്ഥൂലിച്ചു. തലയില്‍ ഒരു രോമം പോലുമില്ല അദ്ദേഹത്തിന്. ഒരു ദിവസം അദ്ദേഹം ഭക്ഷണശാലയില്‍ നിന്നു വീട്ടിലേക്കു നടക്കുകയായിരുന്നു. അപ്പോഴുണ്ടായ വലിയ മഴയില്‍ അദ്ദേഹം കുതിര്‍ന്നുപോയി. തണുത്ത് മരവിച്ച് വീട്ടിലെത്തിയ നെപ്പോളിയന് വേണ്ട പരിചരണങ്ങള്‍ നടത്തിയിട്ട് ഓസ്ട്രിച്ച്, ഡോക്ടറെ വരുത്തി, രോഗി ഓര്‍മ്മയില്ലാതെ കിടക്കുകയാണ്. ആറാമത്തെ ദിവസം പനി കുറഞ്ഞ് ബോധം വീണ്ടുകിട്ടി നെപ്പോളിയന്. പക്ഷേ, ഡോക്ടറുടെ അഭിപ്രായം ഓസ്ട്രിച്ചിനുണ്ടായ ആഹ്ലാദത്തെ ഇല്ലാതാക്കി. എല്ലാം ഭസ്മമാക്കിയ കാട്ടുതീ കെട്ടടങ്ങുന്നതുപോലെ രോഗം, ചെയ്യാവുന്ന നാശമൊക്കെ ചെയ്തിട്ട് അടങ്ങുകയാണെന്നു ഡോക്ടര്‍ അവളെ അറിയിച്ചു.

ഇതിഹാസത്തിന്റെ അവസാനം

അടഞ്ഞ കണ്ണുകള്‍ തുറക്കാന്‍ നെപ്പോളിയന്‍ ശ്രമം നടത്തിയപ്പോള്‍ ഓസ്ത്രിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിച്ചെന്നു. ഒന്നും കാണാന്‍ വയ്യാതെ നെപ്പോളിയന്‍ അവളുടെ കൈകളില്‍ മുറുകെപിടിച്ചു. ʻʻപേരെന്ത്, പേരെന്ത്ˮ എന്ന് അദ്ദേഹം ചോദിച്ചു. ʻʻഎഴന്‍, എഴന്‍ എന്നാണ് അങ്ങയുടെ പേര്ˮ എന്ന് അവള്‍ പറഞ്ഞപ്പോള്‍ നെപ്പോളിയന് അസ്വസ്ഥത. അതുകണ്ട് അവള്‍ അദ്ദേഹത്തിന്റെ ചെവിയോട് അടുപ്പിച്ച് രഹസ്യമെന്നപോലെ പറഞ്ഞു: ʻʻനെപ്പോളിയന്‍, അങ്ങാണ് എന്റെ നെപ്പോളിയന്‍ˮ. ഈ അവസാനത്തെ വാക്കുകളുടെ മാധൂര്യം അദ്ദേഹത്തിന്റെ ഹൃദയം പിളര്‍ന്നു.

അത് പര്യവസാനം. നെപ്പോളിയന്‍ പിറകോട്ടുചരിഞ്ഞു. പിന്നെയും പിന്നെയും താണപ്പോള്‍ അദ്ദേഹം അവളുടെ കൈ മുറുകെ പിടിച്ചിരുന്നു. അവളുടെ തണുത്ത മൃദുലമായ കൈയുടെ സ്പര്‍ശനം ഒരു നീണ്ട നിമിഷത്തേക്ക് അദ്ദേഹമറിഞ്ഞു. പിന്നീട് ആ അവസാനത്തെ ബന്ധം അദ്ദേഹത്തിന്റെ പിടിയില്‍നിന്നു വിട്ടുപോയി.

രാത്രി തീരാറായി. നെപ്പോളിയന്റെ കണ്‍പോളകള്‍ക്കു താഴെ പാരനിറമാര്‍ന്ന പ്രഭാതം പൊട്ടിവിടരുന്നു. പട്ടാളക്കാര്‍ സമരമുഖത്തേക്ക് മാര്‍ച്ച് ചെയ്യുന്നു. കുതിരകളുടെ കുളമ്പടിശബ്ദം ഉച്ചത്തിലാവുന്നു. സൈനികോദ്യോഗസ്ഥരുടെ ആജ്ഞകള്‍ പ്രതിധ്വനിക്കുന്നു...

നോവല്‍ തീര്‍ന്നു. ഏതു മാസ്റ്റര്‍പീസിന്റെ കഥയും സംഗ്രഹിച്ചെഴുതി അതിനെ അപഹാസ്യമാക്കാം. അതിവിടെ സംഭവിച്ചെങ്കില്‍ വായനക്കാര്‍ ക്ഷമിക്കട്ടെ. നെപ്പോളിയന്റെ ജീവിതം അസത്യാത്മകമായിരുന്നുവെന്നു പറയുകയാണ് നോവലിസ്റ്റ്. ʻʻസമര്‍ഥനായ സീസറും പ്രസിദ്ധനായ ഹോമറുˮമൊക്കെ ശൂന്യതയില്‍ വീണുപോയില്ലേ? ലോകജനതയെ അടക്കിഭരിക്കുവാനുള്ള അത്യാര്‍ത്തിയാര്‍ന്ന ചക്രവര്‍ത്തിക്ക് ആ ശൂന്യത കാണാന്‍ കഴിഞ്ഞില്ല. അദ്ദേഹം ആ അഗാധഗര്‍ത്തത്തിന്റെ മുകളില്‍ തന്റെ സാഹസ കൃത്യങ്ങളുടെ വിസ്താരമുള്ള വസ്ത്രം വിരിച്ച് അതിനെ മറച്ചു. എല്ലാം ശൂന്യം. സാഹസിക്യങ്ങള്‍ വ്യര്‍ഥം എന്നൊക്കെ മനസ്സിലാക്കി തന്നെത്തന്നെ നെപ്പോളിയന്‍ സാക്ഷാത്കരിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന് ഹെലീനയില്‍ക്കിടന്നു മരിക്കേണ്ടി വരുമായിരുന്നില്ല എന്നാണ് സീമൊങ് ലേയ്സ് നമ്മെ ഗ്രഹിപ്പിക്കുന്നത്.

കാലത്തിലൂടെയുള്ള യാത്ര

ആന്തരതലത്തിലേക്കു ചെന്ന് താന്‍ ആരെന്നു കണ്ടുപിടിക്കുമ്പോഴാണ് മനുഷ്യന്‍ ആ ഉത്കൃഷ്ടമായ പേരിന് അര്‍ഹനാവുക. ഇതിന് നെപ്പോളിയനു കഴിയുന്നില്ല. അദ്ദേഹം ജീര്‍ണ്ണിച്ചവനാണ്. ചൈതന്യമറ്റവനാണ്. സ്വന്തം ജീവിതത്തിന്റെ അസത്യം മറയ്ക്കാന്‍ എത്രയെത്ര ഹീനകൃത്യങ്ങള്‍ അദ്ദേഹം അനുഷ്ഠിച്ചു! മനുഷ്യനേയും ചരിത്രത്തേയും സംബന്ധിച്ച തികച്ചും ബഹിര്‍ഭാഗസ്ഥമായ ഒരു തത്ത്വചിന്തയാണ് അദ്ദേഹത്തെ ഭരിച്ചത്. മരണത്തിലേക്കു നീങ്ങുമ്പോഴും കുളമ്പടി നാദവും സൈനികോദ്യോഗസ്ഥരുടെ ആജ്ഞകളും മാത്രമാണ് അദ്ദേഹം കേള്‍ക്കുന്നത്.

മിസ്റ്റിക്കുകള്‍ ചാക്രികമായ ജഗത്സംബന്ധീയ കാലത്തില്‍ വിശ്വസിക്കുന്നതുകൊണ്ട് അവര്‍ക്ക് പ്രാപഞ്ചിക ദുഃഖമില്ല. ശ്രീരാമകൃഷ്ണ പരമഹംസനും രമണമഹര്‍ഷിയും അര്‍ബ്ബുദത്തിന്റെ തീവ്രവേദന പോലും പരിഗണിച്ചില്ല. അതല്ല രേഖാരൂപമായ ചരിത്രകാലത്തില്‍ വിശ്വസിക്കുന്നവരുടെ സ്ഥിതി. ഭൂതം, വര്‍ത്തമാനം, ഭാവി ഇവയിലൂടെയാണ് അവര്‍ സഞ്ചരിക്കുക. നെപ്പോളിയന്‍ ഭൂതകാല സൗഭാഗ്യത്തെ സാക്ഷാത്കരിക്കാന്‍, ഭാവികാലത്തെ ചേതോഹരങ്ങളായ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍, വര്‍ത്തമാന കാലത്തില്‍ പ്രവര്‍ത്തിച്ചു. അങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അധമ കൃത്യങ്ങള്‍ ചെയ്യാനും മടിയില്ല. തണ്ണിമത്തങ്ങ വില്‍ക്കുന്നവളോടു ചേര്‍ന്ന് ആ വ്യാപാരത്തെ പരോക്ഷമായി സഹായിക്കാനും ജീവനെ രക്ഷിക്കാന്‍ വേണ്ടി സാധാരണക്കാരന്‍ കയറിയ കുതിരയുടെ മുമ്പില്‍ കള്ളനെപ്പോലെ നടക്കാനും നോവലിലെ നെപ്പോളിയനു മടിയില്ല. ചരിത്രപരമായ കാലത്തില്‍ വിശ്വസിച്ച അദ്ദേഹം ഭാവികാലത്തെ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് യത്നിച്ചത്. ആ നേട്ടങ്ങള്‍ വ്യാമോഹങ്ങളാണെന്ന് മനസ്സിലാക്കാനും അദ്ദേഹത്തിനു കഴിഞ്ഞില്ല.

തത്ത്വചിന്താത്മകമായ ഈ വസ്തുതകള്‍ക്കു പരോക്ഷമായോ പ്രത്യക്ഷമായോ പ്രതിപാദനമില്ല നോവലില്‍. എങ്കിലും പൂവിന്റെ സൗരഭ്യം പോലെ വായനക്കാരന്‍ അത് അറിയുന്നു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ പോള്‍ വലേറിയുടെ വാക്യങ്ങള്‍ അച്ചടിച്ച് ഫ്രയിം ചെയ്ത് മേശപ്പുറത്തു വെക്കുകയും പ്രതിദിനം അതു വായിക്കുകയും വേണം. സീമൊങ് ലേയ്സിന്റെ നോവല്‍ അതിനടുത്തുണ്ടായിരിക്കുന്നതും നന്ന്.