close
Sayahna Sayahna
Search

പുതിയ ലോകത്തില്‍ വിദ്യാഭ്യാസം


പുതിയ ലോകത്തില്‍ വിദ്യാഭ്യാസം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ചോദ്യം: പുതിയ വിദ്യാഭ്യാസത്തിന്റെ രൂപഭാവങ്ങള്‍ എങ്ങനെ ആയിരിക്കും?

പുന്നപ്ര യു.പി. സ്‌കൂളിലാണ് ഞാന്‍ 33 വര്‍ഷം പഠിപ്പിച്ചിരുന്നത്. എന്നാല്‍ ഞാനിപ്പോള്‍ പറയുവാന്‍ പോകുന്ന അഭിപ്രായം അതില്‍ നിന്ന് രൂപപ്പെട്ടു വന്നതല്ല. വിദ്യാലയത്തിനു പുറത്തുള്ള ജീവിതാനുഭവങ്ങളാണ് വിദ്യാഭ്യാസത്തെപ്പറ്റി പറയുവാന്‍ എനിക്ക് ധൈര്യം നല്കുന്നത്.

ഒന്നാമതായി പറയട്ടെ, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എല്ലാം നിര്‍ത്തി, സ്വകാര്യ വിദ്യാലയങ്ങളും നിര്‍ത്തി വിദ്യാഭ്യാസം പൂര്‍ണമായി ഗവണ്മെന്റുകള്‍ ഏറ്റെടുത്തുവെന്നിരിക്കട്ടെ. അങ്ങനെ ആയാല്‍ വിദ്യാഭ്യാസരംഗത്ത് മാറ്റം വന്നുവെന്നു കരുതാമോ? മനുഷ്യത്വമുള്ള ഒരാളെ എങ്കിലും വികസിപ്പിച്ചെടുക്കാന്‍ ഇന്നത്തെ വിദ്യാലയങ്ങള്‍ക്ക് കഴിയുമോ? വിദ്യാലയം നടത്തുന്ന ഏജന്‍സിയിലല്ല, വിദ്യാഭ്യാസത്തിലാണ് മാറ്റം സംഭവിക്കേണ്ടത്. ഇന്ന് നമ്മുടെ വിദ്യാലയങ്ങളില്‍ നടക്കുന്നമാതിരിയുള്ള വിദ്യാഭ്യാസം ആരു നടത്തിയാലും മനുഷ്യത്വത്തിനു ദോഷമേ ചെയ്യൂ. ഒരു പുതിയ ലോകത്തെപ്പറ്റി അല്പമെങ്കിലും പ്രതീക്ഷയുള്ളവര്‍, വിശേഷിച്ചും വിദ്യാഭ്യാസരംഗത്ത് മാറ്റം ആഗ്രഹിക്കുന്ന വിപ്ലവകാരികള്‍, ആദ്യം മനസ്സിലാക്കണമെന്ന് ഞാനാഗ്രഹിക്കുന്ന കാര്യം, ഇന്നൊരു വിദ്യാലയത്തിലും വിദ്യാഭ്യാസം നടക്കുന്നില്ല എന്നതാണ്. ഇത്ര തറപ്പിച്ചു പറയുമ്പോള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെപ്പറ്റി എന്റെ വ്യക്തമായ അഭിപ്രായം പറയേണ്ടിവരും.

ഒരു വ്യക്തിക്ക് അനന്തവിശാലമായ മഹാപ്രപഞ്ചവുമായുള്ള അഭേദ്യമായ ബന്ധം ബോദ്ധ്യപ്പെടുത്തിക്കൊടുക്കുന്ന പരിശീലനമാണ് വിദ്യാഭ്യാസം എന്നു ഞാന്‍ പറയട്ടെ. ഇത്ര മഹത്തും ബൃഹത്തുമായ ഒരു വിഷയത്തെ നിര്‍വചിച്ചു പറയുവാനുള്ള എന്റെ അനര്‍ഹത എനിക്ക് നന്നായി അറിയാം. എങ്കിലും എന്റെ അഭിപ്രായം ഞാന്‍ പറയുകയാണ്. “ഈശാവാസ്യം ഇദം സര്‍വം”എന്ന അറിവിന്റെ അഭ്യാസമാണ് വിദ്യാഭ്യാസം.

ഭാഷകള്‍ പഠിക്കുന്നത് മനുഷ്യബന്ധം ഉറപ്പിക്കാനാണ്. ജന്തുശാസ്ത്രം പഠിക്കുന്നത് ജീവലോകവുമായുള്ള മനുഷ്യന്റെ അത്ഭുതകരമായ ബന്ധം മനസ്സിലാക്കി സഹകരിച്ചു ജീവിക്കാനാണ്. ഭൂമിശാസ്ത്രം പഠിക്കുന്നത് എന്റെ നാട് ഒറ്റപ്പെട്ടതല്ല; ആകെ ഭൂമിയോടൊന്നിച്ചുള്ളതാണ് എന്നു മനസ്സിലാക്കാനാണ്. തൊഴില്‍ പഠിക്കുന്നത് എന്റെ കഴിവ് മറ്റുള്ളവര്‍ക്കുകൂടി പ്രയോജനപ്പെടുവാനാണ്. ചരിത്രം പഠിക്കുമ്പോള്‍ അറുപത്തി ഏഴു വയസ്സുള്ള ഞാന്‍ അറുപത്തിഏഴായിരം വയസ്സുള്ളവനായിത്തീരും. വിദൂരഗ്രഹങ്ങളും നക്ഷത്രങ്ങളുമായി എന്റെ നിത്യജീവിതം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജോതിശ്ശാസ്ത്രപഠനത്തിലൂടെ ഞാനറിഞ്ഞ്, മഹാപ്രപഞ്ചങ്ങളെ തമ്മിലിണക്കിനിര്‍ത്തുന്ന സത്യസ്വരൂപന് ഞാന്‍ പ്രണാമങ്ങളര്‍പ്പിക്കുന്നു. ഈ ലക്ഷ്യത്തിനു പകരം, പഠിക്കുന്നത് പണം കൂടുതലാര്‍ജിക്കാനാണ് എന്നുവന്നാല്‍ ആ പഠനത്തിന് വിദ്യാഭ്യാസം എന്നു പറയാമോ? അതല്ലേ ഇന്നു സംഭവിച്ചിരിക്കുന്നത്. വീട്ടിനുള്ളില്‍പോലും പരസ്പരബന്ധം നിലനിര്‍ത്താന്‍ വിദ്യാഭ്യാസത്തിനു കഴിയുന്നില്ലല്ലോ. ഇരുകൈകളും ഉയര്‍ത്തി എല്ലാവര്‍ക്കുംകൂടി ഉച്ചത്തില്‍ വിളിച്ചുപറയാം “ഭൂമിയില്‍ ഒരിടത്തും ഇന്ന് വിദ്യാഭ്യാസം നടക്കുന്നില്ല, വിദ്യാലയങ്ങളില്ല, ഉണ്ടായിരുന്നെങ്കില്‍ ലോകം ഇന്ന് ഈ രൂപത്തിലായിത്തീരുമായിരുന്നില്ല.”

ഞാനിങ്ങനെ ഉറപ്പിച്ചുപറഞ്ഞുപോകുന്നത് വിദ്യാഭ്യാസരംഗത്ത് ഉടനീളം നിറഞ്ഞുനില്ക്കുന്ന ധനാര്‍ജന പ്രവണത കാണുന്നതുകൊണ്ടാണ്. അദ്ധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും, വിദ്യാലയം നടത്തുന്നവര്‍ക്കും, വേണ്ടതു പണമാണ്. പ്രതിമാസം നല്ലൊരു തുക കിട്ടുമെന്നു വന്നാല്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും വിദ്യാലയങ്ങള്‍ വിടും. പരിമിതികളൊന്നുമില്ലാത്ത മനുഷ്യത്വത്തിന്റെ സാര്‍വത്രികമായ വികാസം ഇന്നത്തെ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തില്‍ പെടുന്നതായി തോന്നുന്നില്ല. എന്നാല്‍ ഒരു സത്യം കാണാതിരുന്നുകൂടാ. ലോകം ഇങ്ങനെയെങ്കിലും നിലനിന്നുപോകുന്നത് മനുഷ്യസ്‌നേഹികളായ മഹാത്മാക്കള്‍ നല്‍കുന്ന വിദ്യാഭ്യാസം കൊണ്ടാണ്. ലോകം അറിയുന്നവരും അധികമാരാലും അറിയപ്പെടാത്തവരും ആയ എത്രയോ പേര്‍ അവരുടെ ജീവിതത്തിലൂടെയും ഗ്രന്ഥങ്ങളിലൂടെയും ലോകത്തിന് വിദ്യാഭ്യാസം നല്‍കിക്കൊണ്ടിരിക്കുന്നു. ആ വിദ്യാഭ്യാസമല്ല; മനുഷ്യത്വത്തിലേക്ക് നമ്മെ കുറച്ചെങ്കിലും നയിക്കുന്നത്. ആ വഴി പിടിച്ചു വിദ്യാഭ്യാസത്തെ ആകെ നവീകരിക്കേണ്ടിയിരിക്കുന്നു.

പുതിയ സമൂഹത്തില്‍ വിദ്യാഭ്യാസം പാലില്‍ വെണ്മപോലെ ജീവിതത്തില്‍ ലയിച്ചു നില്ക്കും. പുതിയ ലോകത്തില്‍ ഓരോരുത്തരും എന്നും വിദ്യാര്‍ത്ഥികളായിരിക്കും. എന്നും അദ്ധ്യാപകരുമായിരിക്കും. പ്രപഞ്ചമാകെ സൗരയൂഥങ്ങളുള്‍പ്പെടെ നമ്മുടെ സര്‍വകലാശാല ആയിരിക്കും. വിദ്യാര്‍ത്ഥിക്ക് പ്രായപരിധിയില്ല. പരീക്ഷകളില്ല, ഡിഗ്രികളില്ല. ഓരോരുത്തരുടേയും വാസനയ്ക്കനുസരിച്ചും ആവശ്യത്തിനനുസരിച്ചും പഠിക്കാനുള്ള സൗകര്യം നാടുനീളെ ഉണ്ടായിരിക്കും. കൃഷിയിടങ്ങള്‍, വ്യവസായശാലകള്‍, ആരോഗ്യകേന്ദ്രങ്ങള്‍, ഉത്സവസ്ഥലങ്ങള്‍, പാചകശാലകള്‍ എല്ലാം വിദ്യാലയങ്ങള്‍ കൂടി ആയിരിക്കും. ആര്‍ക്കും ഏതു വിദ്യാലയത്തിലും പോയി അവരോടൊന്നിച്ചു ചിന്തനത്തില്‍ പങ്കെടുക്കാം. തനിക്കറിയാവുന്നത് അവര്‍ക്ക് താത്പര്യമെങ്കില്‍ അവരുടെ ചിന്തനത്തിനു വയ്ക്കുകയും ചെയ്യാം. വിവിധ ചിന്തനങ്ങള്‍ക്ക് വേറെ വേറെ സ്ഥാപനങ്ങളും ഉണ്ടായിരിക്കും. ഓരോന്നും ഗവേഷണസ്ഥാപനങ്ങള്‍ കൂടി ആയിരിക്കും.

ഓരോ വിദ്യാലയവും അറിവുള്ള ഓരോരുത്തരില്‍ കേന്ദ്രീകരിച്ചിരിക്കും. വിദ്യാര്‍ത്ഥികള്‍ വിദ്യാലയത്തിലേക്കല്ല, അദ്ധ്യാപകനിലേക്കാണ് ചെല്ലുന്നത്. “നീ ഏതു വിദ്യാലയത്തില്‍ പോകുന്നു എന്ന ചോദ്യമല്ല; ആരുടെ അടുത്തു പോകുന്നു” എന്ന ചോദ്യമാകും അന്ന് ഉണ്ടാവുക. വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തുവാന്‍ വിവിധ അദ്ധ്യാപകരെ സമീപിക്കും. ഒരേവിഷയം തന്നെ പലരില്‍നിന്ന് ഗ്രഹിക്കുവാന്‍ ശ്രമിക്കും. സമൂഹങ്ങളില്‍ കാലാകാലത്തുണ്ടാകുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് മനനവിഷയങ്ങളില്‍ മാറ്റം വന്നുകൊണ്ടിരിക്കും. എന്നാല്‍ ഏതു വിഷയം മനസ്സിലാക്കുമ്പോഴും അതോടൊന്നിച്ച് പാരസ്പര്യബോധം വളര്‍ത്തിക്കൊണ്ടിരിക്കും. ഏതൊരാള്‍ക്കും ഒരു വിദ്യാലയം തുടങ്ങാം. ഏതൊരാള്‍ക്കും ഏതുപ്രായത്തിലും ഏതു വിദ്യാലയത്തിലും ചെല്ലാം. വിദ്യാര്‍ത്ഥിയേക്കാള്‍ ചിലപ്പോള്‍ അദ്ധ്യാപകന് പ്രായവും അറിവും കുറവാണെന്നും വരും. ശബ്ദതരംഗങ്ങളുടെ ഗതിവിഗതികളെപ്പറ്റി ഏറ്റവും കൂടുതലറിവുള്ള ലോകപ്രസിദ്ധനായ ഒരദ്ധ്യാപകന്‍ മണ്ണിനെപ്പറ്റി അറിയാന്‍ ഒരു കൃഷിക്കാരന്റെ കളപ്പുരയില്‍ ചെല്ലും.

ഭാവിയില്‍ ആവശ്യമാകുമെന്ന് കരുതി കുട്ടികളുടെ തലയെ സ്റ്റോര്‍ റൂമാക്കി നേരത്തെ എല്ലാം കുത്തിനിറയ്‌ക്കേണ്ടുന്ന ആവശ്യമേ മേലില്‍ വരില്ല. പഠനം ആവശ്യത്തിനനുസരിച്ച് ജീവിതത്തിന്റെ കൂടെ സംഭവിച്ചുകൊള്ളും.

സംഗീതത്തില്‍ വൈദഗ്ദ്ധ്യമുള്ള ഒരാള്‍ തന്റെ അടുത്തുവരുന്നവരെ സംഗീതം പഠിപ്പിക്കും. വീട്ടില്‍ ഒന്നിച്ചു താമസിച്ചു പഠിക്കാം. ആ വീട് സംഗീത വിദ്യാലയമായി. അടുത്തുള്ള വയലിലും പറമ്പിലും താളലയത്തോടെ പണിഎടുക്കാം. നെയ്ത്തുശാലയില്‍പോയി നെയ്യാം. രോഗികളെ ചെന്നു കാണാം. ശുശ്രൂഷിക്കാം. അവിടുത്തെ അയല്‍ക്കൂട്ട യോഗത്തില്‍ സംബന്ധിച്ച് അഭിപ്രായങ്ങള്‍ പറയാം. പാടാന്‍ കഴിവാകുമ്പോള്‍ അവര്‍ വീട്ടിലേക്കു മടങ്ങുന്നു. പാടാന്‍ പഠിച്ചത് അത് ഒരാദായമാര്‍ഗമാക്കാനല്ല. സ്വയം ആനന്ദിക്കാനും ആനന്ദിപ്പിക്കാനുമാണ്. പാട്ടു പഠിക്കുന്ന കൂട്ടത്തില്‍ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഉപയോഗമുള്ള പലതും പഠിച്ചിരിക്കും. വിദ്യാഭ്യാസം ആവശ്യത്തിനനുസരിച്ച് മിതമായിരിക്കും. ജീവിതം മത്സരാധിഷ്ഠിതമായതുകൊണ്ടാണ് അന്യരെ തോല്പിക്കാന്‍ ഓരോരുത്തര്‍ക്കും കൃത്രിമമായ അറിവുകള്‍ ഇന്നു നേടേണ്ടി വരുന്നത്. സോപ്പു നിര്‍മാണത്തില്‍ ഒരു പുതിയ കാര്യം ഒരാള്‍ കണ്ടെത്തിയാല്‍ ഇന്ന് അത് അയാളുടെ കുത്തകയായി സൂക്ഷിച്ച് ധനാഗമ മാര്‍ഗമാക്കും. പുതിയ സമൂഹത്തിലാകട്ടെ അത് വേഗം ലോകമാകെ പരക്കും. അറിവു നേടുന്നതു തന്നെ ലോകത്തിനുവേണ്ടി ആയിരിക്കും എന്നതുകൊണ്ട് അറിവിന്റെ വ്യാപനം വേഗം നടക്കും. തടസ്സം ഉണ്ടാവില്ല. ഇന്നത്തെ വിദ്യാലയങ്ങളിലെ വൈകൃതങ്ങളെ തിരുത്താനോ, എല്ലാ വിദ്യാലയങ്ങളും സര്‍ക്കാര്‍ അധീനതയില്‍ കൊണ്ടുവരുവാനോ ശ്രമിച്ച് സമയവും ശക്തിയും പാഴാക്കരുത് എന്നാണെനിക്കു തോന്നുന്നത്. വിദ്യാഭ്യാസത്തെ തിരുത്തുകയാണ് വേണ്ടത്. പുതിയ സമൂഹജീവിതമാണ് പുതിയ വിദ്യാഭ്യാസം. അനന്യഭാവന സാക്ഷാത്കരിക്കുകയാണ് വിദ്യാഭ്യാസത്തിലൂടെ സാധിക്കേണ്ട മുഖ്യകാര്യം.