close
Sayahna Sayahna
Search

പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 18


പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 18
EHK Novel 08.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 35

ഓഫീസിൽ കമ്പ്യൂട്ടർ ബൂട്ടു ചെയ്ത ഉടനെ അഞ്ജലിയുടെ സന്ദേശമുണ്ടായിരുന്നു.

‘എങ്ങിനെയുണ്ട് ഞാൻ തെരഞ്ഞെടുത്ത പ്രൊപോസലുകൾ?’

‘എല്ലാം നല്ലതായിരുന്നു. തെരഞ്ഞെടുപ്പ് വിഷമമായിരുന്നു. അവസാനം രാത്രിയുടെ മധ്യത്തിലെപ്പോഴൊ രണ്ടുപേരെ തെരഞ്ഞെടുത്തു. ജോസഫിന്റെ സഹായമുണ്ടായിരുന്നു.’

‘എന്താണവരുടെ പേരുകൾ?’

‘തൃശ്ശൂർകാരി ആതിര, കോഴിക്കോട്കാരി വന്ദന.’

‘ഇനി?’

‘അവരുമായി ഫോണിൽ സംസാരിച്ചു’

‘ഇത്ര വേഗം? എന്നോട് കൺസൾട്ട് ചെയ്യാണ്ട്യോ? എന്നിട്ട്?’

‘ആതിരയാണ് കുറേക്കൂടി നന്നായി തോന്നുന്നത്. നമുക്ക് കാന്റീനിൽ വച്ച് സംസാരിക്കാം. ഇന്ന് ലഞ്ച് കൊണ്ടുവന്നിട്ടുണ്ടോ?’

‘ഇല്ല.’

‘ഞാൻ ഊഹിച്ച പോലെത്തന്നെ.’

‘കളിപ്പിക്കണ്ട. ഞാനിപ്പോഴും ഡയറ്റിങ്ങിലാണ്. നിങ്ങൾക്കത് ഒരാഴ്ചകൊണ്ട് മനസ്സിലാവും.’

‘ശരി…’

അഞ്ജലി പറഞ്ഞത് ശരിയായിരുന്നു. അവളുടെ പ്ലെയ്റ്റിലെ വിഭവങ്ങൾ കണ്ടപ്പോൾ സുഭാഷിനു വിഷമമായി. രണ്ടു ചെറിയ ചപ്പാത്തിയും ഡാൾഫ്രൈയും കുറച്ച് വെജിറ്റബ്ൾ സാലഡും മാത്രം.

‘നീ തടി കുറയ്ക്കാനാണോ ആത്മഹത്യയ്ക്കാണോ ശ്രമിക്കണത്?’

‘സുഭാഷ് ആതിരയെപ്പറ്റി പറയു. അവളുമായി അടിമുതൽ മുടിവരെ പ്രേമത്തിലായെന്നു തോന്നുന്നു.’

‘അവൾ നല്ല പെൺകുട്ടിയാണ്. നല്ല അഭിരുചികളാണ്. പാട്ടുകൾ ഇഷ്ടാണ്, വായനയുണ്ട്…’

‘ഓ… ഏതൊക്കെ പാട്ടുകളാണ് അവൾക്കിഷ്ടം?’

‘അതൊക്കെ ചോദിക്കാനല്ലെ ഒരു റെസ്റ്റോറണ്ടിൽ കാണാമെന്നു പറഞ്ഞത്?’

‘എന്നാണ് പോകുന്നത്?’

‘തീർച്ചയാക്കിയിട്ടില്ല. ധൃതിയൊന്നുമില്ലല്ലൊ.’

അഞ്ജലിയുടെ ചപ്പാത്തിയും പരിപ്പും കഴിഞ്ഞിരുന്നു. ഇപ്പോൾ അവൾ സാലഡിന്റെ കഷ്ണങ്ങൾ വായിലിട്ടു ചവച്ചുകൊണ്ടിരുന്നു. ഒരു സ്വാദുമില്ലാത്ത അതു തിന്നുമ്പോൾ അവളുടെ കണ്ണുകൾ ആർത്തിയോടെ സുഭാഷിന്റെ പ്ലെയ്റ്റിലെ വിഭവങ്ങളിൽ തങ്ങിനിൽക്കുകയാണ്. അതിൽ രണ്ട് വലിയ കട്‌ലറ്റുകളുണ്ടായിരുന്നു. സുഭാഷ് പറഞ്ഞു.

‘ഒരു കഷ്ണം എടുത്തോളു.’

തന്റെ കണ്ണുകളുടെ അപഥസഞ്ചാരം സുഭാഷ് കണ്ടുപിടിച്ചതിൽ അവൾക്കു ലജ്ജ തോന്നി. അവൾ പറഞ്ഞു.

‘ഏയ് എന്റെ വയർ നിറഞ്ഞു.’

സുഭാഷ് രണ്ടു കട്‌ലറ്റുകളിൽ ഒരെണ്ണം അവളുടെ പ്ലെയ്റ്റിലേയ്ക്കിട്ടു.

‘ഒരു കട്‌ലറ്റ് കഴിച്ചതുകൊണ്ട് തടി കൂടാനൊന്നും പോകുന്നില്ല. പിന്നെ ആരു പറഞ്ഞു അഞ്ജലിയ്ക്ക് തടി കൂടുതലാണെന്ന്?’

‘എന്റെ ക്ലയന്റ്.’

‘ഏയ് ഞാൻ തുക്കമെത്രയാണെന്ന് വെറുതെ ചോദിച്ചു എന്നേയുള്ളു.’

അവൾ മേശപ്പുറത്തുനിന്ന് സോസിന്റെ കുപ്പിയെടുത്തു തുറന്നു.

വൈകുന്നേരം വീട്ടിലെത്തി ചായയുണ്ടാക്കി കുടിച്ച് കുളിക്കാൻ പോകുമ്പോൾ അമ്മയുടെ ഫോൺ വന്നു.

‘വെറ്‌തെ വിളിച്ചതാണ്. വിശേഷൊന്നുംല്ല്യല്ലോ.’

‘ഒന്നുംല്ല്യമ്മേ. ഞാൻ ഇന്നലെതൊട്ട് ഡയറ്റിങ് തൊടങ്ങി. പക്ഷേ എത്രത്തോളം വിജയിക്കുംന്നൊന്നും അറീല്ല.’

‘അതെന്തേ?’

‘അതിനെതിരായിട്ടുള്ള ശക്തികള്ണ്ട് ഇവിടെ.’

‘ന്ന് വെച്ചാൽ?’

‘ഒന്നുംല്ല്യമ്മേ. ഞാൻ തമാശ പറഞ്ഞതാ. അച്ഛൻ എന്തു ചെയ്യുണു?’

‘ഇവിടെ ഇതാ കമ്പ്യൂട്ടറിൽ എന്തോ ചെയ്യ്ണ്ണ്ട്.’

‘അച്ഛനോട് കമ്പ്യൂട്ടറിന്റെ മുമ്പില് അധികം ചടഞ്ഞിരിക്കണ്ടാന്ന് പറയൂ.’

‘പറഞ്ഞോണ്ടൊന്നും കാര്യല്ല. മൂപ്പര് വിചാരിച്ചതല്ലെ നടക്കൂ. പിന്നീം നീ പറഞ്ഞാലെ വല്ലതും കേൾക്കൂ. അച്ഛന്റെ പുന്നാരമോളല്ലേ?’

‘അമ്മെടീം.’

‘ഓ…ആട്ടെ നീയ് പ്രൊപോസല് പിന്നെ വല്ലതും നോക്ക്യോ?’

‘ഇല്ലമ്മേ, എന്താ ധൃതി?’