close
Sayahna Sayahna
Search

പ്രതികരണ ഗ്രൂപ്പുകള്‍


പ്രതികരണ ഗ്രൂപ്പുകള്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ഇങ്ങനെ അടിസ്ഥാനതല പ്രാദേശികസമൂഹങ്ങള്‍ ഉണ്ടായാല്‍ ഗവണ്മെന്റിനു മാത്രമല്ല; ഇന്നുള്ള നിരവധി പ്രസ്ഥാനങ്ങള്‍ക്കും വിശ്രമാവസരം കിട്ടും. ജനങ്ങള്‍ക്കു വേണ്ടിയാണല്ലോ വിവിധ പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കുന്നതും സമരം ചെയ്യുന്നതും. ജനങ്ങള്‍ നേരിട്ട് സമൂഹജീവിതം തുടങ്ങിയാല്‍ ‘ജനങ്ങള്‍ക്കുവേണ്ടി ’ എന്ന ശബ്ദം ~ഒരു ഗ്രൂപ്പിനും മുഴക്കേണ്ടി വരികയില്ല.

മിനി: ആത്മാര്‍ത്ഥതയും, ധീരതയും, ത്യാഗവും കൈമുതലായുള്ള നിരവധി പ്രതികരണഗ്രൂപ്പുകളെ എനിക്കറിയാം. ജനങ്ങള്‍ അവരോട് വേണ്ടവിധം സഹകരിക്കുന്നില്ല. ചില ഘട്ടങ്ങളില്‍ ജനം വളരെ ഉത്സാഹത്തോടു കൂടി ഇത്തരം പ്രസ്ഥാനങ്ങളെ ആശ്ലേഷിക്കുന്നതു കാണാം. പിന്നീടാവഴി നോക്കുകയേ ഇല്ല. എന്തുകൊണ്ട്? ഉത്തരവാദിത്വം പ്രതികരണഗ്രൂപ്പിനെന്നാണ് ജനങ്ങളും ധരിച്ചിരിക്കുന്നത്. ഈ ഗതിയില്‍ നിന്നുള്ള ഏക രക്ഷാമാര്‍ഗം പ്രാദേശികസമൂഹരചനയാണ്. പ്രതികരണഗ്രൂപ്പുകള്‍ സമൂഹരചനയിലേക്ക് ശ്രദ്ധതിരിക്കണം. ഗവണ്മെന്റും സംഘടനകളും ഭാരം ജനസമൂഹങ്ങളുടെമേല്‍ വച്ചുകൊടുത്ത് സഹകരിക്കണം.

രാജു: ഈ ഗവണ്‍മെന്റും ഒരയല്‍ക്കൂട്ടം തന്നെയല്ലേ എന്ന് ശ്രീ. വര്‍ക്കി ശാന്തിസ്ഥാന്‍ ചോദിച്ചുകേട്ടിട്ടുണ്ട്. പ്രതികരണഗ്രൂപ്പുകളിലായാലും നിയമസഭകളിലായാലും എല്ലാറ്റിലും നമ്മുടെ ജനങ്ങള്‍ തന്നെയല്ലേ ഉള്ളത്.

ഞാന്‍: നാം ലക്ഷ്യമാക്കുന്ന അയല്‍ക്കൂട്ടം ഇതുവരെ ഉണ്ടായിട്ടില്ലാത്ത പുതിയ ഒന്നാണ്. വ്യക്തമാക്കാം. ഉപഭോക്താക്കള്‍ക്കു നീതി കിട്ടാന്‍ വേണ്ടി ഒരു വാര്‍ഡിലെ ആയിരം പേര്‍ സമരത്തിന് ഒന്നിച്ചുകൂടി എന്നിരിക്കട്ടെ. അവര്‍ക്ക് മായംചേരാത്ത സാധനം ശരിയായ അളവിലും തൂക്കത്തിലും ക്ലിപ്തവിലയ്ക്ക് കിട്ടണം. അതു വീടുകളില്‍ കിട്ടുമെന്നുറപ്പായാല്‍ അവര്‍ പിരിഞ്ഞുപോകുകില്ലേ. എന്തുകൊണ്ട്? സമൂഹജീവിതം എന്ന ലക്ഷ്യത്തിലല്ല; ഒരനീതിയെ ഇല്ലായ്മ ചെയ്യുവാനാണ് അവര്‍ കൂടിയത്. അത് ഓരോരുത്തരുടേയും സ്വകാര്യാവശ്യവുമാണ്. കാട്ടാളയുഗത്തില്‍ ഒന്നിച്ച് മൃഗത്തെ പിടിച്ചതുപോലെതന്നെ. ഒറ്റയ്ക്കു സര്‍ക്കാരിനോട് പോരാടാനൊക്കാത്തതുകൊണ്ട് ഒന്നിച്ച് പോരാടുന്നു. അതറിയണമെങ്കില്‍ തന്റെ ഒരു സാധനം മറ്റൊരാള്‍ക്ക് കൊടുക്കാന്‍ നേരത്ത് എങ്ങനെ പെരുമാറുമെന്ന് നോക്കിക്കാണണം. ഒരു വീട്ടുകാരന് സര്‍ക്കാര്‍ കൊടുക്കുന്ന കുറഞ്ഞ വിലയ്ക്കുള്ള ഒരു വ്യഞ്ജനപൊതി മറ്റൊരാള്‍ക്ക് വില്ക്കാന്‍ സന്ദര്‍ഭം കിട്ടിയാല്‍ വില കൂടുതല്‍ വാങ്ങില്ലേ? അയല്‍ക്കൂട്ടത്തില്‍ അതുണ്ടാവില്ല. മൂന്നു കാര്യങ്ങള്‍ ഒത്തുവന്നാലേ അയല്‍ക്കൂട്ടമാകൂ. ഒന്ന്, എല്ലാവരും പരസ്പരം വേണ്ടപ്പെട്ടവരാണെന്ന ബോധം ഓരോരുത്തരിലും സദാ ഉണര്‍ന്നിരിക്കണം. രണ്ട് ഒറ്റയ്ക്കുള്ള പുരോഗതി അധോഗതിയാണെന്നും ഒന്നിച്ചുള്ള പുരോഗതിയാണ് യഥാര്‍ത്ഥ പുരോഗതി എന്നും എല്ലാവരും മനസ്സിലാക്കി ജീവിക്കണം. മൂന്ന്, പ്രാദേശികസമൂഹങ്ങളായി പരസ്പരം സഹകരിച്ചു ജീവിക്കണം.

ഈ അളവുകോല്‍ ഉപയോഗിച്ച് നിയമസഭകളേയും മറ്റു പ്രതിനിധി സഭകളേയും അളന്നു നോക്കിയാല്‍ അവ ഒന്നും മാതൃകാ സമൂഹങ്ങളല്ലെന്നു കാണാന്‍ കഴിയും. ഒന്നിച്ച് സന്തോഷമായിക്കൂടി ഇരിക്കാന്‍ പോലും പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്റു വരെ കഴിയുന്നില്ല. അവയെ പുതിയ സമൂഹത്തിന്റെ രൂപങ്ങളായി കരുതി ആശ്വസിക്കാനാവുമോ?

ഇനി പ്രതികരണഗ്രൂപ്പുകളെ നോക്കൂ. ഒരു പ്രശ്‌നത്തിനെതിരെ പല ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. അവ ഒന്നിച്ചല്ല; വേറെ വേറെയാണ് പ്രതികരിക്കുക. എന്തുകൊണ്ട്? യഥാര്‍ത്ഥത്തില്‍ വനനശീകരണത്തിനെതിരായി എല്ലാവരും പ്രതികരിക്കേണ്ടതാണ്. നാടും നഗരവും ഒന്നിച്ചിട്ടില്ലാത്തതുകൊണ്ട് അവരുടെ ഇടയില്‍നിന്ന് വ്യക്തികള്‍ ഉണര്‍ന്ന് മുന്നോട്ടുവന്ന് കൂട്ടം ചേരുവാനിടവരുന്നു. പല സ്ഥലങ്ങളിലായി പല ഗ്രൂപ്പുകള്‍ ഉണ്ടാകുന്നു. മനുഷ്യത്വം നശിച്ചുപോയിട്ടില്ലെന്നതിന്റെ തെളിവുകള്‍. എന്നാല്‍ ഇപ്രകാരം മുന്നോട്ടുവരുന്നവര്‍ ജനങ്ങളെ ഉണര്‍ത്തി മുന്നോട്ടു കൊണ്ടുവരുന്നതിനു മുന്‍പ് പ്രശ്‌നങ്ങളെ ധീരമായി നേരിടുന്നു. ഇവിടെയാണ് അപകടം ഒളിഞ്ഞിരിക്കുന്നത്. പ്രതികരണ ഗ്രൂപ്പുകളും ജനങ്ങളുടെ മുന്നിലായിപ്പോകുന്നു. ജനം പ്രതികരണശക്തിയായി രൂപപ്പെടാന്‍ ഇടവരുന്നില്ല. വനനശീകരണം തടയേണ്ടത് ജനജീവിതം കൊണ്ടാണ്. ജനകീയസമരം അന്യോന്യജീവിതത്തിന് കളമൊരുക്കുമെന്ന് പ്രതീക്ഷിക്കാറുണ്ടെങ്കിലും പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയല്ലാതെ പുതിയ സമൂഹം സൃഷ്ടിക്കുകയില്ലെന്നാണ് കാണുന്നത്. സമരങ്ങളിലൂടെ സമൂഹജീവിതത്തിലേക്ക് വഴി ഇല്ല. സമരം തന്നെ സമൂഹജീവിതത്തിലേക്കുള്ള വഴി കെട്ടിയടയ്ക്കുന്ന ഏര്‍പ്പാടാകും. എന്തുകൊണ്ട്? ആരോടു സമരം ചെയ്യുന്നുവോ അവരും കൂടി ചേര്‍ന്നാലേ സമൂഹജീവിതമാകൂ.

ഇന്നത്തെ വഴിതെറ്റിയ ജീവിതശൈലിയില്‍നിന്ന് ഉടലെടുക്കുന്ന പ്രശ്‌നങ്ങളെ പുതിയ ജീവിതശൈലികൊണ്ടേ നേരിടാനാകൂ. പകരം ഇന്നത്തെ ജീവിതശൈലിക്കുള്ളില്‍നിന്ന് ഒറ്റ ഒറ്റയായി മുന്നോട്ടു വന്ന് കൂടിച്ചേര്‍ന്നുണ്ടായ വിപ്ലവകാരികളുടെ ഗ്രൂപ്പുകള്‍ സ്വകാര്യജീവിതത്തില്‍നിന്നുയര്‍ന്നുവന്നിട്ടുള്ള പ്രശ്‌നങ്ങളെ നേരിടാന്‍ ശ്രമിക്കുമ്പോള്‍ സമൂഹത്തിലെ ആകെ തകരാറുകള്‍ വിപ്ലവഗ്രൂപ്പിനുള്ളിലും കയറിപ്പറ്റും. വിപ്ലവഗ്രൂപ്പുകള്‍ പിളരുന്നതിന്റെ ഒരു കാരണം ഇതാണ്. ശത്രുസൈന്യത്തെ തോല്പിക്കുമ്പോള്‍ അവര്‍ നമ്മുടെ ഇടയില്‍ ഒളിക്കാന്‍ ഇടവരുന്ന തരത്തിലാണ് ഇന്നത്തെ സമരമുറകള്‍ പ്രയോഗിക്കപ്പെടുന്നത്. അതുകൊണ്ട് വളരെ സൂക്ഷിച്ചുവേണം പുതിയ സമരമുറകള്‍ പ്രയോഗിക്കുവാന്‍. വിപ്ലവകാരികളുടെ ഗ്രൂപ്പല്ല; വിപ്ലവാത്മക ജീവിതമുള്ള പ്രാദേശികസമൂഹങ്ങളാണ്. സമരമുഖങ്ങളായി തീരേണ്ടത്. ഇന്നത്തെ സമരസമ്പ്രദായങ്ങളെ ഒന്നും പുതിയ സമൂഹരചനയ്ക്ക് മതിയാവില്ല.

മിനി: ഇന്നുള്ള ഒന്നും ഇനി ഉണ്ടാവേണ്ടതിന് പകരംവയ്ക്കാന്‍ പറ്റിയവയല്ല എന്നു സമ്മതിക്കേണ്ടി വരും.