close
Sayahna Sayahna
Search

പ്രതിബന്ധങ്ങള്‍ മുന്നേറാന്‍


പ്രതിബന്ധങ്ങള്‍ മുന്നേറാന്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ഈ പ്രതിബന്ധങ്ങളെ മുന്നേറാനുള്ള കടമ്പകളായി കാണാന്‍ കഴിയുന്നവരാണ് വിപ്ലവകാരികള്‍. പ്രതിബന്ധങ്ങള്‍ കണ്ട് ഇതു മാറ്റാനാവില്ല എന്നു തോന്നി പിന്മാറുന്നവര്‍ യാഥാസ്ഥിതികരായിത്തീരും. ഒരുവക മരണമാണത്. ജീവനുണ്ട് എന്നു തെളിയേണ്ടത് ഈ തടസ്സങ്ങളെ അഭിമുഖീകരിക്കുന്നതില്‍ കൂടിയാണ്.

രാജു: ഇന്നിപ്പോള്‍ സംഭവിച്ചിരിക്കുന്നതു മരണമാണ്. പ്രതിബന്ധങ്ങളുടെ കാന്‍വാസില്‍ പ്രവര്‍ത്തനങ്ങളെ നിരത്തിവച്ചുനോക്കി ‘അസാദ്ധ്യം, അപ്രായോഗികം, സമയമില്ല ’ എന്നൊക്കെപ്പറഞ്ഞ് പിന്മാറാനാണ് ബുദ്ധിമാന്മാര്‍പോലും ശ്രമിക്കുന്നത്. “നമ്മള്‍ കുറച്ചുപേര്‍ വിചാരിച്ചാല്‍ ഒന്നും നടക്കില്ല. ദൈവപുത്രന്മാര്‍ക്ക് സാധിക്കാത്ത കാര്യം നമുക്കു സാധിക്കുമോ?” എന്നൊരു ചോദ്യം ഉന്നയിച്ച് പലരും പിന്മാറുന്നു.

കേശു: ബഹുഭൂരിപക്ഷവും ഇങ്ങനെയൊന്നും വിചാരിക്കുകപോലും ചെയ്യുന്നില്ല. പലരുടേയും മനസ്സില്‍ അവരുടെ സ്വകാര്യദുഃഖങ്ങളും സ്വകാര്യമോഹങ്ങളുമല്ലാതെ പുതുലോകം എന്നൊരു പ്രശ്‌നമേയില്ല. തന്റെ കുട്ടിയുടെ വിവാഹത്തെപ്പറ്റി പറഞ്ഞാലവര്‍ക്കു മനസ്സിലാകും. നാട്ടിലെ എല്ലാ കുട്ടികളുടേയും വിവാഹം അതവര്‍ക്ക് മനസ്സിലാകില്ല. അങ്ങനെയൊരാവശ്യമേ അവരുടെ മനസ്സിലില്ല. എല്ലാവര്‍ക്കും ജോലി, എല്ലാവര്‍ക്കും ഭക്ഷണം, എല്ലാവര്‍ക്കും വീട്, ഇങ്ങനെ ആവശ്യബോധത്തിന്റെ പരിധി അവനവനില്‍ നിന്ന് മറ്റുള്ളവരിലേക്ക് പടര്‍ന്നു പരന്നു വരുമ്പോഴാണ് വ്യക്തികള്‍ പുതിയ ലോകം സ്വപ്നം കാണാന്‍ തുടങ്ങുക.

പല രാഷ്ട്രങ്ങളിലെ ചെറുപ്പക്കാരുമായി ഞാന്‍ സംസാരിച്ചിട്ടുണ്ട്. സ്വന്തമായൊരു നല്ല വരുമാനമാണ് അവികസിത രാഷ്ട്രങ്ങളിലെ യുവാക്കളുടെ മുഖ്യ അന്വേഷണ വിഷയം. എന്തിനാണവര്‍ വരുമാനത്തിന്റെ പിന്നാലെ ഓടുന്നത്? ഇഷ്ടാനുസരണം ജീവിക്കണം അതിനുതന്നെ. സമൂലപരിവര്‍ത്തനം, ലോകസമാധാനം, നവലോകം തുടങ്ങിയ സാര്‍വജനീന പ്രശ്‌നങ്ങളിലേക്ക് അവരുടെ ശ്രദ്ധ ഒട്ടും പതിയുന്നതായി കാണുന്നതേയില്ല. പറഞ്ഞാല്‍ പോലും പ്രതികരിക്കില്ല. വളരെ ചുരുക്കം ചെറുപ്പക്കാരേ ഇതില്‍ നിന്നു വ്യത്യസ്തരായുള്ളൂ.

രാജു: എന്തായിരിക്കാം കാരണം?

കേശു: സാഹചര്യത്തിനനുസരിച്ചാണ് മനസ്സ് രൂപപ്പെടുന്നത്. എല്ലാവരും വാള്‍പയറ്റ് പഠിക്കുന്നതായാണ് കാണുന്നതെങ്കില്‍ ഏറ്റവും ബുദ്ധിമാനായ കുട്ടിപോലും നല്ല പയറ്റുകാരനാകാന്‍ ആഗ്രഹിക്കും. നല്ല സംസ്‌കൃതപണ്ഡിതനെ ആണ് ചുറ്റുമുള്ള ലോകം മാനിക്കുന്നതെങ്കില്‍ എന്റെ കുട്ടി സംസ്‌കൃതപാണ്ഡിത്യത്തില്‍ ഏറ്റവും മികച്ചവനാകണം എന്നാഗ്രഹിക്കും. ഇന്നിപ്പോള്‍ ഇഷ്ടംപോലെ പണം കൈയിലുണ്ടായിരിക്കുന്നവനെ ആണ് സമൂഹം കൂടുതല്‍ ശ്രദ്ധിക്കുന്നത് എന്നു വന്നിരിക്കുന്നതിനാല്‍ ഓരോരുത്തരും കൂടുതല്‍ പണം ആര്‍ജിക്കാന്‍ ആഗ്രഹിക്കുന്നു. അക്കരയ്ക്ക് കുതിക്കുന്നു. മനസ്സില്‍ പൊന്തിവരുന്ന ഓരോ മോഹവും ചുറ്റുപാടില്‍നിന്നാണ് ഉള്ളിലേക്ക് കടന്നുവരുന്നത്. വ്യക്തിയെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.