close
Sayahna Sayahna
Search

പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ


പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ
Anoop-01.jpg
ഗ്രന്ഥകർത്താവ് സി അനൂപ്
മൂലകൃതി പ്രണയത്തിന്റെ അപനിർമ്മാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥാസമാഹാരം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം
വര്‍ഷം
2002
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 91
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

വെളുപ്പാന്‍കാലംവരെ നീണ്ടുപോകുന്ന ലോക്കല്‍കമ്മിറ്റിക്കിടയില്‍ വലിച്ചുതള്ളുന്ന ദിനേശ്ബീഡിയുടെ ചൊരുക്കും കട്ടന്‍കാപ്പിയുടെ കയ്പും ഓര്‍ത്തപ്പോള്‍ സുബ്രഹ്മണ്യന്‍ സഖാവ്, നടാഷയുടെ കവിളില്‍ ഒരു ചുംബനംകൂടി ആര്‍ത്തിയോടെ നല്കി.

നടാഷ—മെക്കാനിക്കല്‍ എഞ്ചിനീയറായ മുപ്പത്തൊന്നുകാരി റഷ്യന്‍ സുന്ദരി. അവള്‍ ദുര്‍ബ്ബലമായ ഇംഗ്ലീഷ് പരിജ്ഞാനം ഉപയോഗിച്ച് എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നെങ്കിലും സുബ്രഹ്മണ്യന്‍ അതൊന്നും ശ്രദ്ധിച്ചില്ല.

മൂന്നു വര്‍ഷത്തെ കോണ്‍ട്രാക്ട് അവസാനിച്ച് തിരിച്ചുപോകേണ്ടവരുടെ ലിസ്റ്റ്, വര്‍ക്ക്സൈറ്റിനടുത്തുള്ള ടെംപററി ഷെല്‍റ്ററിന്റെ ചുമരില്‍ പതിച്ചെന്നു കേട്ടപാടേ സുബ്രഹ്മണ്യന്‍ കുളിക്കുകപോലും ചെയ്യാതെ അങ്ങോട്ടുവച്ചടിച്ചു. ലിസ്റ്റിന്റെ ആൽഫബറ്റിക് ഓര്‍ഡറിലൂടെ ഓടിച്ചോടിച്ച് കണ്ണുകഴച്ചപ്പോള്‍ സുബ്രഹ്മണ്യന്‍ ആകെ ഉത്സുകനായി. ഈശ്വരാ, രക്ഷപ്പെട്ടു! ഈ ലിസ്റ്റിലും എന്റെ പേരില്ലല്ലോ!

അതാ വരുന്നു മറ്റൊരു ലിസ്റ്റ്! പാഴ്സിവൃദ്ധന്‍ പ്രധാനലിസ്റ്റിനു താഴെ ഒരു ചെറുതുണ്ടു കടലാസ്കൂടി ഒട്ടിച്ച് ആനന്ദത്തോടെ സുബ്രഹ്മണ്യനെ നോക്കി. രണ്ടാം ലിസ്റ്റില്‍ ആദ്യം വൃദ്ധന്റെ പേരാണ്. അതറിയാതെ നിരക്ഷരനായ വൃദ്ധന്‍ തിരിച്ചുനടക്കുന്നതു കണ്ടപ്പോള്‍ സുബ്രഹ്മണ്യന് കഷ്ടം തോന്നി. ആറേഴു പേരുകള്‍ വായിച്ചപ്പാള്‍ സുബ്രഹ്മണ്യന്റെ ശരീരത്തൊരു വിറയല്‍. അത് തന്റെ പേരാണോ?

അതെ. കെ.വി. സുബ്രഹ്മണ്യന്‍, വെല്‍ഡര്‍. പിന്നൊന്നും സുബ്രഹ്മണ്യന് ഓര്‍മ്മയില്ല. വൃദ്ധരായ അച്ഛനമ്മമാര്‍. കെട്ടുപ്രായമായ രണ്ടു പെങ്ങന്മാര്‍. രക്ഷപ്പെട്ടാല്‍ രക്ഷിക്കണേ എന്ന് യാത്രയുടെ തലേന്ന് രഹസ്യമായി വന്നു പറഞ്ഞ അര്‍ദ്ധപ്പട്ടിണിക്കാരായ സഖാക്കള്‍! “ഈശ്വരാ… ഈശ്വരാ…” സുബ്രഹ്മണ്യന്‍ കാന്റീനിലേക്കു നടന്നു; അല്ല, ഓടി പലരേയും കണ്ടു. അവരെല്ലാം കൈമലര്‍ത്തി. “എന്തുചെയ്യാം സുബ്രഹ്മണ്യാ കഷ്ടമെന്നല്ലാതെ എന്തു പറയാന്‍! വല്ല ചാന്‍സും വന്നാല്‍ അറിയിക്കാം. തല്ക്കാലം നാട്ടിലേക്കു പോ.” ഇതിനപ്പുറം ഒരാശ്വാസവുമുണ്ടായില്ല. ഹതാശനായ സുബ്രഹ്മണ്യന്‍ ചുനക്കരയുടെ കഷ്ടകാണ്ഡത്തിലേക്ക് മടങ്ങാന്‍തന്നെ ഉറച്ചു.

ആ രാത്രിയില്‍ മറ്റൊന്നുകൂടി സുബ്രഹ്മണ്യന്‍ നിശ്ചയിച്ചു. ഇവിടെ റഷ്യൻ സുന്ദരികള്‍ കുടിപാര്‍ക്കുന്ന നൈഫ്റോഡിലെ ഹില്‍പാലസില്‍ ഒന്നു പോണം. ദുബായില്‍ വിമാനമിറങ്ങിയനാള്‍മുതലുള്ള മോഹമാണ്. ഇത്രനാളും നടന്നില്ല. ഒരു സാധാരണ സന്ദര്‍ശനത്തിന് നൂറു ദിര്‍ഹം നല്കണമെന്ന അറിവാണ് പ്രധാനമായും അത്തരമൊരു ആഗ്രഹം സഫലീകരിക്കുന്നതില്‍നിന്നും തന്നെ പിന്തിരിപ്പിച്ചത്. മാസാദ്യം കിട്ടുന്ന ആയിരം ദിര്‍ഹത്തില്‍ അറുനൂറു ദിര്‍ഹം മുടങ്ങാതെ വീട്ടിലയയ്ക്കും. പിന്നെ നാനൂറു ദിര്‍ഹം. അതില്‍നിന്ന് മുറിവാടകയും ഭക്ഷണവുമൊക്കെ കിഴിച്ചാല്‍ ശിഷ്ടം ഒരു നെടുനിശ്വാസം മാത്രമായിരിക്കും. നല്ലൊരു ഷര്‍ട്ടുപോലും അടുത്തെങ്ങും വാങ്ങിയിട്ടില്ല.

ആകെ മിച്ചമുള്ളത് പിരിഞ്ഞുപോകുമ്പാള്‍ കിട്ടുന്ന കുറച്ചു പണമാണ്. ഏറിയാല്‍ ആയിരത്തിയഞ്ഞൂറു ദിര്‍ഹം. അതുവച്ച് വീട്ടിലേക്കു കൊണ്ടുപോകാനുള്ള കുറച്ചു സാധനങ്ങള്‍ വാങ്ങാം. അമ്മ പറഞ്ഞ പുതപ്പ് നാളെ വാങ്ങിവയ്ക്കണം.

മറക്കരുത്. സുബ്രഹ്മണ്യന്‍ തന്നെത്തന്നെ ഓര്‍മ്മിപ്പിച്ചു. ശാരദച്ചായിക്ക് ഒരു ജാസ്മിന്‍ പെര്‍ഫ്യൂം വാങ്ങിക്കൊണ്ടു പോകണം. ഇങ്ങോട്ടു പോരുന്നതിന്റെ തലേരാത്രി ഇച്ചായി തന്നെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. ഒന്നും തരാനില്ലാത്ത സങ്കടവും മുംബെയില്‍വച്ചുള്ള മകന്റെ തിരോധാനവുമൊക്കെ ഇച്ചായി തേങ്ങലടക്കി പലതവണ പറഞ്ഞതാണ്. അതിനുമുൻപ് വിസ കിട്ടുമെന്നുറപ്പായ ഒരു രാത്രിയില്‍ മാവോ സ്മാരക വായനശാലയില്‍വച്ച് “ഞാന്‍ ദുബായില്‍ പോയി വരുമ്പോള്‍ തമ്പിക്കണ്ണന് എന്താന്ന് കൊണ്ടുവരേണ്ടത്” സുബ്രഹ്മണ്യന്‍ ചോദിച്ചു: “എനിക്കിപ്പം എന്താ സഖാവേ വേണ്ടത്? അല്ലെങ്കില്‍ത്തന്നെ രണ്ടാണ്ടു കഴിഞ്ഞ് നീ വരുമ്പോള്‍ ഞാനുണ്ടാകുമോ? എന്താണൊരു ഉറപ്പ്? വയസ്സ് എഴുപത്തെട്ടായി.”

എന്തൊക്കെയോ ഓര്‍മ്മകളിലൂടെ മനസ്സ് കുതറിത്തെറിക്കുമ്പോള്‍ സുബ്രഹ്മണ്യന്‍ കുപ്പായമെടുത്തിട്ട് പേഴ്സുണ്ടെന്നുറപ്പാക്കി നഗരത്തിലേക്ക് അതിവേഗം നടന്നു.

ഹോട്ടല്‍ റിസപ്ഷനില്‍ ഒരാപ്പിള്‍സുന്ദരി കൂപ്പുകൈയോടെ നില്ക്കുന്നു. അവള്‍ സുബ്രഹ്മണ്യനെ കൃത്രിമമായ ആനന്ദത്തോടെ ക്ഷണിച്ചിരുത്തി. പിന്നെ, മറ്റൊരാള്‍ വന്ന് മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി.

“ഹൗ മച്ച്?”—സുബ്രഹ്മണ്യന്‍.

“വണ്‍ ഫിഫ്റ്റി ദിര്‍ഹം.”—റഷ്യക്കാരി.

“അയ്യോ, ഒരാഴ്ച താമസിക്കാനൊന്നുമില്ല ഞാന്‍ വന്നത്. കുറച്ചു നേരം. ഏറിയാല്‍ ഒന്നോ ഒന്നരയോ മണിക്കൂര്‍.”

ഒടുവില്‍, ഏതാണ്ടൊരു സംതൃപ്തിയോടെ ഇരുവരും ഒരു ധാരണയിലായി.

“നൂറ്റഞ്ച് ദിര്‍ഹം.”

“ബഹാരോ ഫൂല്‍ ബര്‍സാവോ…” സുബ്രഹ്മണ്യന്‍ റോമാന്റിക്കായിത്തുടങ്ങി. പക്ഷെ, അപ്പോഴേക്കും നടാഷ തന്റെ ചുവന്ന ഗൗണിനുള്ളിലെ മെല്ലിച്ച ശരീരത്തില്‍ കൊടുംതണുപ്പേല്‍ക്കുന്നു എന്ന ഋതുഭാവം പ്രകടിപ്പിച്ച് കിടക്കയുടെ ഓരംപറ്റി ചരിഞ്ഞുകിടന്നു. പിന്നെ കമിഴ്ന്നു. പിന്നെയും ചരിഞ്ഞു.

പെട്ടെന്നെന്തോ തിരിച്ച് ‌റിവുണ്ടായതുപോലെ അയാള്‍ നടാഷയുടെ കണങ്കാലില്‍ ഒരുമ്മവച്ചു. ഒരു പൈങ്കിളിക്കഥ വായിക്കുന്ന സുഖത്തോടെ അതാസ്വദിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവള്‍ ശ്രമിച്ചു.

യാദൃച്ഛികമായി സുബ്രഹ്മണ്യന്റെ മനസ്സ് ഓരോര്‍മ്മയില്‍ നങ്കൂരമിട്ടു. വിവാഹനിശ്ചയത്തിന്റെ തലേന്ന് കമുകണിക്കിടയില്‍ ഒറ്റപെട്ടുനിന്ന മാവിന്‍കൊമ്പില്‍ തൂങ്ങിമരിച്ച മൂത്തചേച്ചിയുടെ കരുവാളിച്ച മുഖം. ഈ സന്ദര്‍ഭത്തിന് അനുയോജ്യമല്ലാത്ത ഓര്‍മ്മയാണിതെന്നതിനാല്‍ സുബ്രഹ്മണ്യന്‍ ശ്രമിപ്പെട്ട് ആ അവസ്ഥയില്‍നിന്ന് മുക്തനാകാന്‍ തീരുമാനിച്ചു. വിജയിച്ചില്ല. ഇടയ്ക്കിടെ ആ ഓര്‍മ്മ അയാളെ തളര്‍ത്തി.

“ഈ തൊഴില്‍ സ്വീകരിച്ചിട്ടെത്രകാലമായി?” സുബ്രഹ്മണ്യന്‍ തിരക്കി. നടാഷ ഒന്നു ചിരിച്ചു. പിന്നെ ചുണ്ടുകള്‍ നൊട്ടിനനച്ചു.

“എനിക്കുതന്നെ അറിയില്ല. ഓര്‍മ്മയുറയ്ക്കുമ്പോള്‍ എന്റെ കന്യാകാത്വം നഷ്ടപ്പെട്ടിരുന്നു. റഷ്യന്‍ മന്ത്രിസഭയിലെ ഒരംഗത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു അച്ഛന്‍. അമ്മ ഒരു സ്കൂള്‍ടീച്ചര്‍. എനിക്കു താഴെ മൂന്നു സഹോദരന്മാര്‍. മൂന്നുപേരും കമ്മ്യൂണിസ്റ്റ്പാര്‍ട്ടിയുടെ ഫുള്‍ടൈം പ്രവര്‍ത്തകര്‍.”

ഇത്രയുമായപ്പോള്‍ സുബ്രഹ്മണ്യന് ബോറടിച്ചു. വന്ന കാര്യം സാധിച്ചിട്ടാവാം വീട്ടുവര്‍ത്തമാനങ്ങള്‍. സുബ്രഹ്മണ്യന്‍ നടാഷയുടെ നെഞ്ചില്‍ മുഖമമര്‍ത്തി.

“നടാഷാ…”

“സുപ്രമണ്യാ…”

“നടാഷാ…”

“സുപ്രമണ്യാ…”

“നടാഷാ…”

“സുപ്രമണ്യാ…”

സുബ്രഹ്മണ്യുനും നടാഷയും അടയാളമില്ലാത്ത ഭൂപടത്തിലെ സഞ്ചാരികളായി. അവരുടെ ശരീരം കെട്ടുപിണഞ്ഞ് മുകില്‍പക്ഷികളെപ്പോലെ യാത്ര ആരംഭിച്ചു.

ഇടവേളയില്‍ നിശ്ശബ്ദത കനത്തപ്പോള്‍ നടാഷ ചോദിച്ചു:

“സുപ്രഹ്മണ്യാ, നിന്റെ നാട്ടില്‍ കമ്മ്യൂണിസത്തിന്റെ അവസ്ഥ എങ്ങനെ?”

സുബ്രഹ്മണ്യന്‍ അങ്കലാപ്പിലായി. എങ്ങനെയുണ്ട് നാട്ടില്‍ കമ്മ്യൂണിസം? അല്ലെങ്കില്‍ത്തന്നെ ഇത്തരം മാനസികാവസ്ഥയില്‍ അതെക്കുറിച്ചൊക്കെ കൃത്യമായി പറയുന്നതെങ്ങനെ?

“കമ്മ്യൂണിസത്തെപ്പറ്റി നമുക്ക് കൊറേ കഴിഞ്ഞ് സംസാരിക്കാം.” സുബ്രഹ്മണ്യന്‍ പറഞ്ഞു.

“അതു പറ്റില്ല. നീ നാല്പത്തിമൂന്ന് മിനിട്ട്കൂടി കഴിയുമ്പോള്‍ ഈ മുറിവിട്ടിറങ്ങെണ്ടവനാണ്. അത്രയുംനേരം എനിക്കേറ്റവും വെറുപ്പുള്ള വിഷയത്തെപ്പറ്റി നമുക്കു സംസാരിക്കാം.” നടാഷയുടെ മുഖം ഒന്നുകൂടി ചുവന്നു. സുബ്രഹ്മണ്യന്‍ ചിലതൊക്കെ ഓര്‍ക്കാന്‍ ശ്രമിച്ചു.

“അതിനിപ്പം ഞാനെന്തു പറയാനാ? ലോകത്തിലാദ്യമായി ബാലറ്റിലൂടെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍വന്നത് എന്റെ നാട്ടിലാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന സഖാവ് ഇ. എം. എസ്. നമ്പൂതിരിപ്പാട് പാര്‍ട്ടിയുടെ ആചാര്യപദവിയിലിരുന്നുതന്നെ അന്തരിച്ചു. കെ. ആര്‍. ഗൗരിയമ്മയെയും എം. വി. രാഘനെയുയം പാര്‍ട്ടി പുറത്താക്കി. ഇപ്പോള്‍ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം പാര്‍ട്ടിയില്‍ ശക്തമാണെന്ന് ചില പത്രങ്ങളും ടെലിവിഷന്‍ ചാനലുകളും. അവര്‍ ഒരുപാട് നുണക്കഥകളും ചമയ്ക്കുന്നുണ്ട്. അവര്‍ പറയുമ്പോലെ, ഒരു തിരിച്ചുവരവിനുള്ള ശക്തിയൊക്കെ പാര്‍ട്ടി നഷ്ടമായി എന്നു പറയാനാവില്ല. നിന്റെ നാട്ടിലെ സ്ഥിതിയിലേക്കാണ് എന്റെ നാട്ടിലും കമ്മ്യൂണിസം നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് ഞാന്‍ എന്തായാലും പറയില്ല. ഇതൊക്കെ താല്ക്കാലികമായി മാറ്റങ്ങളാണെന്നാണ് എന്റെ വിശ്വാസം!” സുബ്രഹ്മണ്യന്‍ അര്‍ദ്ധനഗ്നനായി കിടന്നുകൊണ്ട് ഇത്രയും വിശദമാക്കി.

“നിന്റെ രാജ്യമിപ്പോള്‍ ഭരിക്കുന്നത് ഹിന്ദുക്കളാണോ?” നടാഷയുടെ സംശയം.

സുബ്രഹ്മണ്യന്‍ ഒന്നു ചിരിക്കുകമാത്രം ചെയ്തു.

“ആരാണീ സോണിയാഗാന്ധി?” നടാഷയ്ക്ക് സംശയം തീരുന്നില്ല.

സുബ്രഹ്മണ്യന്‍ അതിനു മറുപടി കൊടുത്തു:

“ഒരു മദാമ്മ”

“തൊഴിലാളികള്‍ കുറവുള്ള സ്ഥലങ്ങളിലാണോ ഇന്ത്യയില്‍ കമ്മ്യൂണിസം ശക്തമാകുന്നത്?” നടാഷ വീണ്ടും.

“അതൊക്കെ പിന്നീടൊരിക്കല്‍ സംസാരിക്കാം.” നല്കിയ ദിര്‍ഹം മുതലാക്കാനുള്ള വഴികളെക്കുറിച്ചായി സുബ്രഹ്മണ്യന്റെ ചിന്ത.

പതിന്നാലു മിനിട്ടേ ശേഷിക്കുന്നുള്ളൂ.

“നടാഷാ, നിന്റെ ഭര്‍ത്താവെടെയെയാണ്.” സുബ്രഹ്മണ്യന്‍ അവളുടെ സ്വകാര്യതയിലേക്കു കടക്കാന്‍ ശ്രമിച്ചു.

“അയാള്‍ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധനാ… എന്നെ കാണുന്നത് വര്‍ഷത്തിലൊരിക്കല്‍മാത്രം. അതും പതിനൊന്നു ദിവസം. വേറെ രണ്ടു ഭാര്യമാരും ആ വകയില്‍ അറുമക്കളുമുണ്ടെന്നാണ് കേള്‍വി.”

“എന്തേന്നാ ഈ പതിനൊന്നിന്റെ കണക്ക്?” സുബ്രഹ്മണ്യന്‍.

“അതില്‍ കൂടുതലായാല്‍ എന്നിലുള്ള ആസ്ക്തി കുറയുമത്രേ.” നടാഷ നഗ്നമായ മാറിടം ഇളക്കി ചിരിച്ചു.

“കുട്ടികള്‍…?” സുബ്രഹ്മണ്യന്‍.

“എനിക്ക് ഒരു മകളെയുള്ളൂ. അവള്‍ എന്റെ അമ്മയ്ക്കൊപ്പമാണ്. എങ്ങനെയെങ്കിലും അവളെ അമേരിക്കയില്‍ അയച്ചു പഠിപ്പിക്കണം. അതിന് ഒരുപാട് ഡോളര്‍ വെണം. അതിനുവേണ്ടി മാത്രമാണ് ഓരോ വര്‍ഷവും ഈ ഫെസ്റ്റിവല്‍കാലത്ത് ഞാനിവിടെ വരുന്നത്. ഇവിടെനിന്ന് കൈനിറയെ കാശുണ്ടാക്കുന്നു. രണ്ടു വര്‍ഷം കഴിയുമ്പോള്‍ മകളുടെ അഡ്മിഷനുള്ള കാശാകും. പിന്നെ ഈ യാത്രയും കുറയ്ക്കണം.”

സുബ്രഹ്മണ്യന് ആകെ ഒരു തളര്‍ച്ച. വൈസികത്തിനിടയില്‍ നടാഷ പറഞ്ഞ സ്വകാര്യതയുടെ കാനല്‍ജലം സുബ്രഹ്മണ്യനെ അസ്വസ്ഥനാക്കി. അയാള്‍ പോക്കറ്റില്‍ ശേഷിച്ചിട്ടുള്ള മുപ്പത്തിമൂന്നു ദിര്‍ഹം കൂടി സന്തോഷത്തോടെ കൈപ്പറ്റി. മുഖം കഴുകി തുണിയുടുക്കാന്‍ തുടങ്ങുമ്പോള്‍ അവള്‍ തിരക്കി:

“നിങ്ങൾ കമ്മ്യൂണിസ്റ്റാണോ?” അപ്രതീക്ഷിതമായി ചോദ്യമാണ്.

സുബ്രഹ്മണ്യന്‍ എന്തു മറുപടി പറയണമെന്നറിയാതെ കുഴങ്ങി പിന്നെ ആലോചന ഒഴിവാക്കി പറഞ്ഞു: “അതെ. നിന്റെ ഭര്‍ത്താവിനെപ്പോലൊരു കമ്മ്യൂണിസ്റ്റുവിരുദ്ധനാവാന്‍ എനിക്കാവില്ല”

നടാഷ തുണിയുടുത്തുകഴിഞ്ഞു. സുബ്രഹ്മണ്യന്‍ ചുമര്‍കണ്ണാടിയില്‍ തെളിഞ്ഞ റഷ്യന്‍വടിവു കണ്ട് യാതൊരു വികാരവും തോന്നാതെ കിടന്നു. ഒടുവില്‍ തിടുക്കപ്പെട്ടെണീറ്റ് സ്വയം ഫ്രഷായി. യാത്ര പറയുംമുന്‍പ് നടാഷ സുബ്രഹ്മണ്യന് സന്ദര്‍ശനം അവിസ്മരണീയമാകുന്നതിനായി ഒരു സമ്മാനം നല്കി—ഒരു ലോക്കറ്റ്. അതില്‍ ഒരു വശത്ത് വത്തിക്കാന്‍ നഗരവും മറുവശത്തി ബില്‍ക്ലിന്റന്റെ ചിത്രവുമായിരുന്നു.

“താങ്കസ്.”

സുബ്രഹ്മണ്യന്‍സഖാവ് ചിരിക്കാന്‍ ശ്രമിച്ചു. അതൊന്നും ശ്രദ്ധിക്കാതെ നടാഷ വാതില്‍ വലിച്ചടച്ചു.