close
Sayahna Sayahna
Search

പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്ന തടസ്സങ്ങള്‍


പ്രവര്‍ത്തകരെ അഭിമുഖീകരിക്കുന്ന തടസ്സങ്ങള്‍
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

കേശു: നമ്മെ അഭിമുഖീകരിക്കാനിടയുള്ള തടസ്സങ്ങള്‍ എന്തെല്ലാമാകും? അതേപ്പറ്റി നമുക്ക് വ്യക്തമായ ധാരണ വേണം.

രാജു: ഒന്നാമത്തെ തടസ്സം സ്വകാര്യജീവിത തൃഷ്ണ തന്നെയായിരിക്കും. അനന്തകാലത്തിന്റെ പഴക്കംകൊണ്ട് ദൃഢമായിത്തീര്‍ന്ന ഈ മാനസികാവസ്ഥ വ്യക്തിയെ മറ്റുള്ളവരിലേക്ക് തിരിയുവാനും വളരുവാനും അനുവദിക്കുകയില്ല. നാം പാര്‍ട്ടികളേയും സര്‍ക്കാരിനേയും ഒക്കെ കുറ്റം പറഞ്ഞെന്നു വരും. ജാതി, വര്‍ഗീയത ഒക്കെ തടസ്സമാണെന്ന് പ്രഖ്യാപിക്കുവാന്‍ നാം തയ്യാറാകും. നമ്മളാണ് മുഖ്യതടസ്സം എന്നു തിരിച്ചറിയാന്‍ നാം കൂട്ടാക്കില്ല.

മിനി: നമുക്കു നമ്മോടു തന്നെ ചോദിച്ചു നോക്കാം. എതിരായി നില്ക്കുന്നവരോടു പൊരുത്തപ്പെടാന്‍ നാം ഒരുക്കമാണോ?

ഞാന്‍: അവിടെത്തന്നെയാണ് തുടങ്ങേണ്ടത്. പുതിയ സമൂഹം സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ അതിന് എല്ലാവരും പുതിയ സാധനയ്ക്ക് തയ്യാറാകണം. എല്ലാവരും ചേര്‍ന്ന് തീരുമാനിക്കണം. അതിര്‍ത്തിത്തര്‍ക്കം വേണ്ട. തര്‍ക്കമുള്ള മരം മറ്റേ വീട്ടുകാര്‍ വെട്ടി എടുത്തുകൊള്ളട്ടെ. ആ മരത്തേക്കാള്‍ നമുക്ക് ആവശ്യം ആ വീട്ടിലെ മനുഷ്യരാണ്. എന്റെ വീട്ടില്‍ ഒരാവശ്യം വന്നാല്‍ ഞാന്‍ എന്റേതാക്കി പിടിച്ചുവച്ച മരത്തിന് ഒന്നും ചെയ്യാനാവില്ല; അയല്‍ക്കാര്‍ക്ക് ആകും. മരത്തെക്കാളും മണ്ണിനെക്കാളും എനിക്കാവശ്യം മനുഷ്യരാണ്. ഇത്തരം ഉയര്‍ന്ന തീരുമാനങ്ങള്‍ നാടുകൂടി ഒന്നിച്ചെടുക്കണം.

രാജു: അപ്പോഴും തടസ്സമുണ്ടാകും. നിലവിലുള്ള കക്ഷികള്‍ തങ്ങള്‍ക്കു ജനങ്ങളുടെ മേലുള്ള പിടിവിട്ടുപോയേക്കാം എന്നറിഞ്ഞ് മറ്റു കാരണങ്ങള്‍ ഉന്നയിച്ച് തടസ്സം സൃഷ്ടിച്ചെന്നു വരും.

നവ: അത് സ്വാഭാവികമാണ്. വേര്‍പിരിഞ്ഞുള്ള എല്ലാ കാഴ്ചപ്പാടുകളും തടസ്സമായി വരാതിരിക്കില്ല. ജാതി, മതം, കക്ഷി, വര്‍ഗം, ആചാരം, ഭാഷ, ദേശം ഒക്കെ തടസ്സമായി വരും. സ്വന്തം നിലനില്പ് എല്ലാവരും ആഗ്രഹിക്കുന്നതാണിതിനു കാരണം. നാം അതു മനസ്സിലാക്കണം. സുരക്ഷിതത്വത്തിനും സ്വസ്ഥതയ്ക്കും ഇനി വേര്‍പിരിഞ്ഞു നിന്നാല്‍ പോര; കൂടിച്ചേര്‍ന്നേ തീരൂ എന്ന ബോധം ഉണ്ടാകുമ്പോള്‍ സ്ഥിതി മാറും.