close
Sayahna Sayahna
Search

ഭാവിയിലേയ്ക്ക്--ചോദ്യോത്തരം


ഭാവിയിലേയ്ക്ക്--ചോദ്യോത്തരം
DPankajakshan.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി ഭാവിയിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
2001
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ചോദ്യോത്തരം

  1. നവീനമായ ഏതെങ്കിലും ആശയം ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ ജേഷ്ഠന്‍ ഉദ്ദേശിച്ചിട്ടുണ്ടോ?

    ഉ: ഇല്ല.

  2. ലളിതജീവിതത്തിന് ആരും തയ്യാറാകാത്തതാണ് പല പ്രശ്നങ്ങളുടെയും മൂലം. സുഖഭോഗതൃഷ്ണത വളരെ കൂടിപ്പോയി. അന്തരീക്ഷവും, ഭൂതലവും, ഭൂഗര്‍ഭവും എല്ലാം മിതമായും ഭാവിതലമുറകളെക്കൂടി കരുതിയും വേണം എടുത്ത് കൈകാര്യം ചെയ്യുവാന്‍ എന്ന് ശാസ്ത്രജ്ഞന്മാര്‍ പോലും കരുതുന്നില്ല. ചൂഷണം ചെയ്യണം എന്നതായി നമ്മുടെ സമീപനം. മുന്‍പിൻ നോക്കാതെയുള്ള ഈ ആര്‍ത്തിക്കാണ് ആദ്യം കടിഞ്ഞാണിടേണ്ടത്. ഇവിടെ തുടങ്ങാതെ നാം രക്ഷപ്പെടില്ല.

    ഉ: ഈ വീക്ഷണഗതി പുലര്‍ത്തുന്നവര്‍ ഇവിടെ ധാരാളം ഉണ്ടാവുമെന്ന് എനിക്കറിയാം. പലരും എന്നോടീ അഭിപ്രായം പറഞ്ഞിട്ടുമുണ്ട്. ഈ വിഷയത്തില്‍ എന്റെ വീക്ഷണം വ്യക്തമാണ്. മനുഷ്യന്‍ എന്തുകൊണ്ട് മുന്‍പിൻ നോക്കാതെ വാരിക്കൂട്ടാന്‍ ശ്രമിക്കുന്നു? എത്ര കിട്ടിയാലും ഇവന് മതിയാകാത്തതെന്തുകൊണ്ട്? മഹാപുരുഷന്മാര്‍ ലളിതജീവിത മാതൃക നമുക്ക് കാട്ടിത്തന്നതിനെ നാം സ്വീകരിക്കാതെ പിശാചിന്റെ വഴിയെ പറയുന്നതെന്തുകൊണ്ട്? അതിലളിതമാണ് ഇതിനുത്തരം.

    ഒന്നിച്ച് പരസ്പരം സന്തോഷം പകര്‍ന്നാണ് നാം ജീവിക്കേണ്ടതെന്ന ബോധം ഉള്ളില്‍ തെളിഞ്ഞുവാരാന്‍ ഇടനല്‍കാതെ, കൂട്ടത്തിലുള്ളവരേക്കാള്‍ മുന്നിലാവണം ഞാന്‍ എന്ന താണ മനോഭാവം സമൂഹത്തിലാകെ വളരാന്‍ അനുവദിച്ചതില്‍ നിന്നുണ്ടായ പല സാമൂഹ്യ വിരുദ്ധ പ്രവണതകളില്‍ ഒന്നാം സ്ഥാനത്താണ് ആര്‍ഭാട ജീവിതം. വേണ്ടതിലധികം ആര്‍ജ്ജിക്കുവാനുള്ള ത്വര ഓരോരുത്തരിലും വളരുന്നതിന് കാരണമുണ്ട്. കൂടെ ഉള്ളവരെല്ലാം മാളിക വീട് പണിയുമ്പോള്‍ ഞാന്‍ പുറകില്‍ ലാളിത്യത്തില്‍ നിന്നാല്‍ വീട്ടുകാരും നാട്ടുകാരും ഒക്കെ എന്നെ ആക്ഷേപിക്കും. കല്യാണം, അടിയന്തരങ്ങള്‍ ഒക്കെ മറ്റുള്ളവരോടൊപ്പമാകണമെന്ന ധാരണ സ്വാഭാവികമാണ്. എല്ലാവരും മുന്നേറാന്‍ വേണ്ടി ഓടുമ്പോള്‍ ഞാന്‍ ഓടാതിരുന്നാല്‍ വളരെ പുറകിലാകും. ഒറ്റപ്പെട്ടു പോകുകയും ചെയ്യും. മഹത്തുകള്‍ ഇങ്ങനെ ഒറ്റപ്പെട്ടുപോയവരാണ്. അവരെപ്പോലെ ബഹുജനം പുറകിലാകാന്‍ ഇഷ്ടപ്പെടുന്നില്ല. തനിക്ക് വേണ്ടതെന്താണെന്ന് ചിന്തിക്കുന്നതിനുപകരം മറ്റുള്ളവരുടെ മുമ്പില്‍ താനെങ്ങിനെ ആയിരിക്കണം എന്നാലോചിച്ചാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. അപ്പോള്‍ ഓടാതെ നിവൃത്തിയില്ല. വീണു മരിക്കും വരെ പുറകിലാവാതിരിക്കാന്‍ ചെയ്യാവുന്നതെല്ലാം ചെയ്തുപോകും.

    ബഹുജങ്ങള്‍ ലളിതജീവിതത്തിലേക്ക് വരണമെങ്കില്‍ കൂടെയുള്ളവര്‍ തന്നെ പുറകിലാക്കില്ല എന്ന അനുഭവം ഉണ്ടാകണം. ഒരു നാടുകൂടി, നമ്മുടെ നാട്ടിലെ അടിയന്തിരങ്ങള്‍ക്ക് ഒരുകൂട്ടം പ്രഥമന്‍മതി എന്നു നിശ്ചയിച്ച് ഓരോരുത്തരും അത് നടപ്പിലാക്കിയാല്‍ പൊതുധാരണയാകും. പിന്നെ ആര്‍ക്കും മടി വരില്ല. വ്യക്തിയുടെ സ്വാതന്ത്രം അന്യോന്യതാ ബോധത്താല്‍ നിയന്ത്രിക്കപ്പെടുമ്പോള്‍ ജീവിതം ലളിതമാകാന്‍ തുടങ്ങും. ഈ മത്സര ഓട്ടത്തിനിടയില്‍ ലാളിത്യം, അനാര്‍ഭാടം എന്നൊക്കെ പറഞ്ഞാല്‍ കേട്ടുകൊണ്ടോടാമെന്നല്ലാതെ നിന്നു കേള്‍ക്കാന്‍ പറ്റില്ല. സാവധാനം അയല്‍ക്കാര്‍ ഒന്നിച്ചിരുന്നാലോചിച്ച് പൊതു ധാരണകളിലെത്തി ജീവിച്ചു തുടങ്ങുമ്പോള്‍ വ്യക്തിയിലും സമൂഹത്തിലുമെല്ലാം മാറ്റം സംഭവിക്കും. മത്സര ഓട്ടം നില്‍ക്കും. തുടങ്ങേണ്ടത് കണ്ണിചേരുന്നതിലാണ്; നിരോധനത്തിലല്ല.

  3. ഇത് വര്‍ഗ്ഗ വിഭജിത സമൂഹമായിരിക്കുന്നത്ര കാലം നാം ദരിദ്രരുടെ പക്ഷം ചേരുകയാണ് വേണ്ടത്. പലരും ദരിദ്രരുടെ കൂടെയാണ് ഞാന്‍ എന്നു പറയുമ്പോഴും മുതലാളിത്ത ചാലിലാണ് സഞ്ചരിക്കുക. വര്‍ഗ്ഗ വിഭജനം വ്യക്തമാക്കി ചേരികള്‍ ഉറപ്പാക്കുവാനാണ് നാം ശ്രമിക്കേണ്ടത്. സാമ്പത്തിക അസമത്വം നിലനില്‍ക്കുന്നിടത്തോളം സാമൂഹ്യ വിരുദ്ധത വര്‍ദ്ധിച്ചുവരും. ലോകസമാധാനം സംഭവിക്കണമെങ്കില്‍ പ്രകൃതിയിലെ സകല വിഭവങ്ങളും എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്നംഗീകരിച്ച് തുല്യ വിതരണത്തിനുള്ള സംവിധാനം ഉണ്ടാക്കണം. ദാരിദ്യം, സമൃദ്ധി രണ്ടും കൂടി നിലനിര്‍ത്തുകയാണ് നാം ഇപ്പോള്‍. ദാരിദ്യം നിലനിന്നാലെ സമ്പന്നര്‍ക്ക് മെയ്യനങ്ങാതെ ജീവിക്കാന്‍ പറ്റൂ. എല്ലാവരും സമന്മാര്‍- എല്ലാവരും അദ്ധ്വാനിക്കണം. ഒരു കൂട്ടരെ മനഃപൂര്‍വ്വം ദരിദ്രരാക്കിക്കൊണ്ട് മറ്റൊരു കൂട്ടര്‍ സുഖജീവിതം നയിക്കാന്‍ നിശ്ചയിച്ചാല്‍ ആര്‍ക്കും സമാധാനമായി ജീവിക്കാന്‍ കഴിയാതെവരും. അതുകൊണ്ട് സ്വകാര്യ ഉടമാ സമ്പ്രദായം തുടച്ചുമാറ്റി സാമൂഹ്യ ഉടമ കൊണ്ടുവരാതെ മറ്റെന്തെല്ലാം ചെയ്താലും മനുഷ്യന് സ്വസ്ഥത കിട്ടില്ല.

    ഉ: ഒരുകാലത്ത് സ്വകാര്യ ഉടമ ഉണ്ടായിരുന്നില്ലല്ലോ. പ്രകൃതി വിഭവങ്ങള്‍ എല്ലാവര്‍ക്കുമായി തുറന്നു കിടന്നു. എവിടേയും സഞ്ചരിക്കാം, താമസിക്കാം, കാണുന്നവ എടുത്തനുഭവിക്കാം. അതു തുടരാന്‍ കഴിയാതെ സ്വകാര്യ ഉടമാസമ്പ്രദായത്തിലേക്ക് നാം വഴുതി പോന്നതെങ്ങനെ? ആ സാദ്ധ്യത അടയ്ക്കാതെ ഇനിയും സാമ്പത്തികസമത്വം കൊണ്ടുവന്നാലും വീണ്ടും അസമത്വത്തിലേയ്ക്ക് വീണുപോവില്ലേ?

    അതിരിക്കട്ടെ, മറ്റൊരു കാര്യം ഞാന്‍ ചോദിക്കട്ടെ. മനുഷ്യര്‍ കൊടുക്കല്‍ വാങ്ങല്‍ ഇഷ്ടപ്പെടുന്നവരല്ലേ. വീട്ടില്‍ ഒരാള്‍ക്ക് കിട്ടുന്നതിലൊരു പങ്ക് മറ്റുള്ളവര്‍ക്ക് കരുതിവച്ച് കൊടുക്കാറില്ലേ? സുഹൃത്തുക്കളുമായി ഒന്നിച്ചിരുന്ന് പരസ്പരം പകര്‍ന്നുകഴിക്കുന്നത് നമുക്കെത്ര സന്തോഷമാണ്. എടുക്കാനുള്ള വാസനയുടെ മറുവശത്ത് കൊടുക്കാനുള്ള വാസന ഒതുങ്ങി ഇരുപ്പുണ്ട്. തക്ക സമയത്ത് അത് വെളിപെടാറുമുണ്ട്. കൊടുക്കുക എന്ന ഗുണത്തിന്റെ മഹാ സാദ്ധ്യതകളെ വികസിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന വിശ്വാസം ഇല്ലാത്തതുകൊണ്ടാണ് സാമ്പത്തികസമത്വം കൂടിയേ തീരൂ എന്നു നാം കരുതിപ്പോകുന്നത്. ഉള്ളില്‍ നിന്നുള്ള വികാസത്തിന് വേഗതപോരെന്ന തെറ്റിദ്ധാരണകൊണ്ട് പുറമേ നിന്നു തുടങ്ങാം എന്നു കരുതി തോല്‍ക്കുകയാണു നാം. ഒരുവന്റെ കയ്യില്‍ വരുന്നത് അപരനുകൂടി പങ്കിടുകയും അതു പരസ്പരമുള്ള ജീവിതകാര്യമായിത്തീരുകയുമാണ് വേണ്ടത്. “സാമ്പത്തിക സമത്വം” വേണമെന്ന് പറയുന്നത് മനുഷ്യോചിതമല്ലെന്ന് എനിക്കുതോന്നുന്നു. ഹൃദയശൂന്യമാണത്. മനുഷ്യത്വത്തിന് വികസിക്കുവാനുള്ള സന്ദര്‍ഭത്തെ അതു തടസ്സപ്പെടുത്തുന്നു. ഒരു ഭരണകൂടം ലോകത്തിന്റെ സമ്പത്തെല്ലാം സ്വാധീനവലയത്തില്‍ കൊണ്ടുവന്ന് എല്ലാ പ്രജകള്‍ക്കും അതു തുല്യമായി എന്നും ആവശ്യമനുസരിച്ച് കൊടുക്കുകയും എല്ലാവരേ കൊണ്ടും ആവശ്യാനുസരണം പണി എടുപ്പിക്കുകയും, ചെയ്യുന്നൊരു ഭരണവ്യവസ്ഥ ജഡമാണ്. അതില്‍ ജീവിനില്ല. തല്ലിക്കൂട്ടി എടുക്കുന്നതാണ്. അതു വളരുകില്ല. സദാ ശ്രദ്ധിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ വീണു പോകും.

    നമ്മുടെ സമൂഹ ജീവിതം ജിവനുള്ളതാകുന്നത് അന്യോന്യ ജീവിതത്തിലൂടെയാണ്. അന്യോന്യ ജീവിതാനന്ദനത്തിന് അനുഗുണമായ സാഹചര്യവും വിദ്യാഭ്യാസവും സമൂഹത്തില്‍ ഉണ്ടായിരുന്നാല്‍ മതി. പങ്കിട്ട് ആനന്ദമായി മനുഷ്യര്‍ ജീവിക്കും. ഒന്നിച്ച് അദ്ധ്വാനിക്കുകയും ചെയ്യും. ഉള്‍പ്രേരണ ലഭിക്കും. പേടിച്ചിട്ടല്ല, സന്തോഷമായത്കൊണ്ട് പരസ്പരം കൊടുക്കും. കൊടുക്കാനുള്ള സ്വാതന്ത്ര്യത്തില്‍ നിന്നാണ് ആനന്ദം ഉളവാകുന്നത്. പകരം എല്ലാവര്‍ക്കും എല്ലാം സൗജന്യമായി ലഭിക്കും, വ്യക്തികള്‍ അനുഭവിച്ചാല്‍ മാത്രം മതി എന്നുവരുന്നത് നമ്മെ ജഡമാക്കുകയാണ്. എന്തിനാണ് പിന്നെ നമുക്ക് പൗരുഷം.

സമത്വമല്ല; ബന്ധുത്വമാണ് മനുഷ്യത്വം

സമത്വമല്ല; ബന്ധുത്വമാണ് മനുഷ്യോചിതം. സമത്വം പ്രകൃത്യനുസരണമേ അല്ല. വൈവിദ്ധ്യവും വൈരുദ്ധ്യവും അസമത്വവുമാണ് പ്രകൃത്യനുസരണം. അസമത്വങ്ങളുടെ മദ്ധ്യത്തിലേക്ക് ബന്ധുത്വം കടന്നു വരുമ്പോളാണ് പരസ്പരാര്‍ദ്രത ഊറിവരുന്നത്; കൂടുതലടുക്കുവാന്‍ സന്ദര്‍ഭം കിട്ടുന്നത്. ഒഴുക്കുണ്ടാകാന്‍ മേലികീഴുവേണം. കാറ്റുവീശാന്‍ ന്യൂനമര്‍ദ്ദം വേണം. ഇതൊന്നും ഉണ്ടാക്കണ്ട. ഇവിടെ ഉണ്ട്. അവസരോചിതമായി സംഭവിച്ചുകൊള്ളും. അസമത്വത്തിലെ പരസ്പരാനന്ദമാണ്; സമത്വത്തിലെ സ്വകാര്യാനന്ദമല്ല മനുഷ്യോചിതം. രണ്ടയല്‍വീടുകളില്‍ മാവുപൂത്തു. ഒന്ന് ഉരുകിപ്പോയി. മറ്റതില്‍ നിറയെ മാങ്ങ. ആ മാങ്ങ അയല്‍വീട്ടിലേക്ക് ഒഴുകിചെല്ലുമ്പോള്‍ രണ്ടിടത്തും തുല്യമായി മാങ്ങാ ഉണ്ടായിരിക്കുന്നതിനേക്കാള്‍ ഹൃദ്യമായ അനുഭവം ഉണ്ടാകും. പ്രകൃതി, ലോകത്ത് അസമത്വം നിലനിറുത്തുന്നത് ജീവിതാനന്ദത്തിനുവേണ്ടിയാണ്. പ്രകൃതി മനുഷ്യനില്‍ ജന്മനാ സ്വകാര്യത കലര്‍ത്തിയിരിക്കുന്നത് അവന്റെ പൗരുഷം വളര്‍ന്ന് പരമാര്‍ത്ഥത തെളിയിക്കാന്‍ വേണ്ടിയാണ്. എല്ലാ തിന്മകളും, എല്ലാ പോരായ്മകളും നമുക്കാവശ്യമാണ്. വസ്ത്രം അഴുക്കായാലേ അത് അടിച്ചുനനച്ചുണക്കി മടക്കിവെച്ചിട്ട് എടുത്തുപയോഗിക്കുമ്പോളത്തെ ചാരിതാര്‍ത്ഥ്യത അനുഭവിക്കാന്‍ പറ്റൂ. ഇന്നു തൂക്കുന്ന മുറ്റം നാളെയും തൂക്കാന്‍ ഇടവരണം. പിണക്കമുണ്ടായിക്കൊള്ളട്ടെ. ഇണക്കത്തിന് ദൃഢത കൂടിവന്നുകൊള്ളും. എന്നാല്‍ ഇണക്കം ദൃഢമാക്കാന്‍വേണ്ടി നാം പിണക്കം കല്‍പ്പിച്ചുകൂട്ടി ഉണ്ടാക്കേണ്ട. സകല തിന്മകളും മനസ്സിന്റെ പുറം കവചത്തിലുൻട്. നാം ഗുണവികാസത്തിന് ശ്രമിച്ചാല്‍ മതി. ശ്രമം തന്നെ ജീവിതമാകും. അതുകൊണ്ട് സമത്വസുന്ദരമായ ലോകം നമുക്ക് വേണ്ട. ബന്ധുത്വസുന്ദരമായ ലോകമാകട്ടെ നമ്മുടെ ലക്ഷ്യം. സാമ്പത്തിക സമത്വം സര്‍ക്കാരുകള്‍ നടപ്പാക്കിയാലും അന്യോന്യ ബോധം ഉണ്ടാകുന്നില്ലെങ്കില്‍ കൂടുതല്‍ മോശമായി തീരും നമ്മുടെ അവസ്ഥ. സ്വകാര്യ ഉടമാബോധം ഇല്ലാതിരുന്ന ആദ്യകാല നില നഷ്ടപ്പെട്ടത് അത് ബോധപൂര്‍വ്വമല്ലാതിരുന്നതുകൊണ്ടാണ്. ഗുണവികാസത്തിന്റെ ഫലമായുണ്ടായതായിരുന്നില്ല ആദ്യകാല സമത്വം. നാം ഇനി നേടിയെടുക്കേണത് മൈത്രീ ലോകമാണ്. ലോകമാകെ പരസ്പരാശ്രിതമായ ഒരു മൈത്രീ മേഖലയായിത്തീരണം. നിസ്വാര്‍ത്ഥവ്യക്തികള്‍ കണ്ണിചേര്‍ന്നാല്‍ നിര്‍ജ്ജീവ സമ്പത്ത് അനായാസേന ഒഴുകിക്കൊണ്ടിരിക്കും. ജീവനില്‍ത്തന്നെയാണ് തുടങ്ങേണ്ടത്. അത് എളുപ്പമല്ലാത്തതുകൊണ്ട് നിയമത്തില്‍ തുടങ്ങാം എന്നു കരുതിയാല്‍ പ്രശ്നം സങ്കീര്‍ണ്ണമാകുകയേ ഉള്ളൂ.

  1. ദുര്‍ബല വിഭാഗങ്ങളോടുള്ള ക്രൂരത വളരെ വര്‍ദ്ധിച്ചു വരുന്നു. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍, കുട്ടികള്‍, ന്യൂനപക്ഷക്കാര്‍ തുടങ്ങിയവരോട് അതിക്രൂരമായി പെരുമാറുന്നവരെ തടയാതെ പറ്റുമോ. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുകയല്ലേ ആദ്യം വേണ്ടത്?

    ഉ: ഗവണ്‍മെന്റ് പിന്നോക്കാവസ്ഥ അവസാനിപ്പിക്കുവാന്‍ കണ്ടെത്തിയ മാര്‍ഗ്ഗങ്ങളില്‍ മുഖ്യം സംവരണം ആണ്. അത് മതിയാകില്ലയെന്ന് ഇതിനകം തെളിഞ്ഞുകഴിഞ്ഞു. ഇനി എന്താണൊരു മാര്‍ഗ്ഗം. അടുത്ത വഴി സമൃദ്ധിയുടേതാണ്. ദാരിദ്ര മേഖലയ്ക്ക് താഴെയുള്ളവരെ എല്ലാം അതിനുമുകളില്‍ കൊണ്ടുവന്നു എന്നു കരുതുക. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ. ഇന്ന് ദാരിദ്യരേഖയ്ക്ക് മുകളില്‍ ജീവിതം സംതൃപ്തമാണോ?

    ഇവിടെ എന്തുകൊണ്ട് ദാരിദ്രമുണ്ടായി. എങ്ങനെ നില നില്‍ക്കുന്നു. മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ ഉണ്ടായതെങ്ങനെ. നിലനിന്നുപോരാനുള്ള സാഹചര്യമെന്ത്. എന്നിങ്ങനെ നോക്കിക്കണ്ടത്തേണ്ടിവരും. മറ്റുള്ളവരെ പിന്നിലാക്കി മുന്നേറാന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നതാണ് മുന്നോക്ക പിന്നോക്ക വിഭാഗങ്ങള്‍ ഉണ്ടാവാന്‍ കാരണം. തന്റെ പരിമിതികള്‍ക്കുള്ളിലുളള ലോകത്ത് താന്‍ ആയിരിക്കണം മുന്നില്‍ എന്നൊരു വിചാരം നമ്മിലുണ്ട്. ഇതിന് അഹംഭാവം എന്നു പറയാമെങ്കിലും ഇതിലൊരു സത്യമുണ്ട്. ഭൂമിയുടെ ഏറ്റവും മദ്ധ്യത്തില്‍ ഞാനാണെന്ന് ആര്‍ക്കും പറയുവാന്‍ പാകത്തിലാണ് ഭൂമി ഉരുണ്ടിരിക്കുന്നത്. സൃഷ്ടിയിലാകെ സൃഷ്ടാവിന്റെ മഹത്വം പ്രകാശിതമായിക്കൊണ്ടേ ഇരിക്കുന്നതിനാല്‍ ഒരു ജീവിക്കും താന്‍ മോശക്കാരനാണെന്ന് കരുതാനാവില്ല. ആത്മഭാവം പൂര്‍ണ്ണവും മഹത്തുമാണ്. അതിന്റെ നിഴല്‍ ദേഹ ഭാവത്തിലൂടെ കലര്‍ന്നു വരുമ്പോള്‍ ഉണ്ടാകുന്ന അല്‍പത്വമാണ് നാം സാധാരണ വ്യവഹരിക്കുന്ന അഹംഭാവം. ഈ അഹംഭാവത്തിന്റെ തായ് വേര് സത്യമാണ്; സര്‍വ്വജ്ഞനും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായ ഒരു തത്വത്തോട് ബന്ധപ്പെട്ടതാണ് ഓരോന്നും എന്നതു സത്യമാണ്. ഇതിന്റെ നിഴലാണ് ഞാന്‍ ഭാവം എന്നതുകൊണ്ട് അത് എല്ലാവരിലും ഉണ്ടാവും. ഈ നിഴല്‍ ബോധങ്ങള്‍ തമ്മിലുള്ള യുദ്ധമാണ് നാം ഇവിടെ നടത്തുന്നത്. ഞാന്‍ മുന്നിലാവണം എന്ന തോന്നല്‍ അല്പബുദ്ധിമയമാണ്. എല്ലാവരും ഒന്നിച്ചു മുന്നേറണം എന്ന തോന്നലാണ് വിശാല ബുദ്ധി. അല്പ ബുദ്ധി സ്വാഭാവികമായും വിശാല ബുദ്ധി സാധനകൊണ്ട് വളര്‍ത്തി എടുക്കേണ്ടതുമാണ്. ഈ സാധന നാം ചെയ്യാതിരുന്നാല്‍ ‘എനിക്ക് മുന്നിലാവണം’ എന്ന തോന്നല്‍ ജീവിതത്തിന്റെ സര്‍വ്വ രംഗങ്ങളിലും മുന്നിട്ട് നില്‍ക്കും. അതാണിന്നത്തെ സമൂഹത്തിന്റെ വികലഗതി.

    മറ്റൂള്ളവയെ പിന്നിലാക്കി മുന്നേറാനുള്ള ഈ വൃഥാ മല്‍സരത്തില്‍ കയ്യൂക്കും ബുദ്ധിശക്തിയും ഉള്ളവര്‍ ജയിക്കും. മുന്നിലായവന്‍ തന്റെ പിന്നിലായവര്‍ ഒരിക്കലും മുന്നിലാവാതിരിക്കാന്‍ തന്ത്രപൂര്‍വ്വം ശ്രമിക്കും. അതില്‍ നിന്നാണ് കൂലിയും വിലയും നാണയ വ്യവസ്ഥയും ഉണ്ടായിവന്നത്. വിവിധ ജാതികള്‍ നിലവില്‍ വന്നതും നിലനില്‍ക്കുന്നതും ഈ മുന്നേറ്റ ത്വരയില്‍ നിന്നാണ്. താണ ജാതിക്കാരെന്ന് കരുതി ചവുട്ടി പുറകിലാക്കപ്പെട്ടവര്‍ അവിടെ തന്നെ കിടക്കാനാണ് നിരവധി ആചാരങ്ങളും വിശ്വാസങ്ങളും നടപ്പില്‍ കൊണ്ടുവന്നത്. അവര്‍ മുന്നോട്ട് വന്നാല്‍ തങ്ങള്‍ പുറകിലായാലോ എന്ന ഭയം ഇന്നുമുണ്ട്. തന്നെയല്ല പിന്നിലായവര്‍ മുന്നിലും മുന്നിലായവര്‍ പിന്നിലും ആയിക്കൊണ്ടിരിക്കുകയാണ്. മത്സര ഓട്ടം തലമുറ തലമുറയായി തുടരുകയാണല്ലോ. അപ്പോള്‍ ഈ മാറ്റം സംഭവിക്കാതിരിക്കില്ല. മുന്നോക്ക പിന്നോക്ക ബോധം നിഴല്‍ബോധമാണ്; വസ്തുബോധം അല്ല. എല്ലാവര്‍ക്കും ജോലിയും നല്ല വീടും ആരോഗ്യവും കിട്ടിയാലും പിന്നേയും ഓരോരുത്തരുത്തരും മുന്നേറാന്‍ ശ്രമിക്കുകയും നാം നേടി എടുത്തത് തകിടം മറിയുകയും ചെയ്യും. മുന്നോക്ക പിന്നോക്ക നില അവസാനിപ്പിക്കുവാന്‍ മൈത്രീ ഭാവനയും അനോന്യ ജീവിതവും സംഭവിക്കണം. മാറ്റത്തിന്റെ പ്രക്രിയ അകത്തുനിന്നും പുറത്തുനിന്നും തുടങ്ങണം. തറക്കൂട്ടം പുറത്തുനിന്നുള്ള ശ്രമമാണ്; മൈത്രീഭാവന അകത്തുനിന്നുള്ള ശ്രമമാണ്. രണ്ടും ഒന്നിച്ച് നീങ്ങണം. ദളിതരെന്നോ, ഉന്നതരെന്നോ, സവര്‍ണ്ണരെന്നോ, അവര്‍ണ്ണരെന്നോ, ധനികരെന്നോ, ദരിദ്രരെന്നോ നോക്കാതെ എല്ലാവരും മൈത്രീ സാധന പരിശീലിക്കണം. ഇന്നത്തെ ഗതി അപകടമാണെന്നറിഞ്ഞ് ഓട്ടം നിറുത്തി കൈകോര്‍ക്കണം.

    ‘മുന്നില്‍ പോകരുതാരും
    പിന്നില്‍ പോകരുതാരും
    ഒന്നിച്ചൊന്നിച്ചൊന്നിച്ച്
    ഒന്നിച്ചിനി നാം മുന്നോട്ട്’

    ‘ഞാന്‍ മുന്നിലായിരിക്കണം’ എന്ന ഭാവം ഓരോരുത്തരിലും മുന്നില്‍ നില്‍ക്കുന്നിടത്തോളം കാലം നമ്മുടെ വശം ഭൂമിക്കാകെ ശാപമായി ഭവിച്ചുകൊണ്ടിരിക്കും; നാം ഒന്നിച്ച് പിന്നിലാവും. പകരം ഒന്നിച്ച് പുരോഗമിക്കാം എന്ന ഭാവം ഓരോരുത്തരിലും മുന്നില്‍ വന്നാല്‍ ഭൂമി അനുഗൃഹീതമാകും.

  2. ഈശ്വരവിശ്വാസം ഇല്ലാതെ വന്നതും, ഈശ്വര വിശ്വാസികള്‍ അന്ധവിശ്വാസികളായി തീര്‍ന്നതുമാണ് സര്‍വ്വകുഴപ്പങ്ങളുടേയും മൂലം. സര്‍വ്വേശ്വരനില്‍ സര്‍വ്വജനങ്ങള്‍ക്കും വിശ്വാസം ഉറയ്ക്കണം. എന്റെ സര്‍വ്വ ചലനങ്ങളുടേയും പിന്നില്‍ അവന്റെ നിശ്ചയമാണ് പ്രവര്‍ത്തിക്കുന്നതെന്നും, അവനോടടുക്കുകയാണ് എന്റെ ജീവിത ലക്ഷ്യമെന്നും അറിയണം. ജഗദീശ്വരന്റെ ഹിതം അറിഞ്ഞു ജീവിക്കുകയാണ് മനുഷ്യ ധര്‍മ്മം. ഈശ്വരാരാധന, നാമജപം, സമര്‍പ്പണം ഇവ കൂടാതെയുള്ള ജീവിതം ഇന്നു ലോകത്ത് പരന്നുപോയി. സന്ധ്യയ്ക്കുപോലും വീട്ടിലെ ആബാലവൃദ്ധം ടി.വി. യുടെ മുന്നിലാണ്. ആരാധനാലയങ്ങളില്‍ ചെന്നാലും ഈശ്വരവിചാരത്തിന് പകരം പരസ്പരം കുശുകുശുക്കുകയാണ് നാം. ഇതിന് മാറ്റം വരണം. മനുഷ്യരുടെ ഇടയില്‍ പുരോഗമനപരമായ എന്തെങ്കിലും നടക്കണമെങ്കില്‍ ആദ്യം വേണ്ടത് ഓരോ വ്യക്തിയിലും ഈശ്വരനിലുള്ള വിശ്വാസം വളര്‍ത്തുകയാണ്.

    ഉ: ഓരോരുത്തരും ഈശ്വരവിശ്വാസികളായി എന്ന് സ്വയം എങ്ങനെ അറിയും? പെരുമാറ്റത്തില്‍ നിന്നാണ് അതറിയേണണ്ടത്. സൃഷ്ടിയോട് ഒരുവന്‍ പുലര്‍ത്തുന്ന ഭാവമാണ് അവനെ ഈശ്വരഭക്തനാക്കുന്നത്. സൃഷ്ടിയിലൂടെയും സ്വാനുഭാവത്തിലൂടെയുമല്ലാതെ സൃഷ്ടികര്‍ത്താവിനോട് ബന്ധപ്പെടാന്‍ മറ്റേതെങ്കിലും മാര്‍ഗ്ഗമുണ്ടാവുമോ? പ്രകൃതി പ്രതിഫലം കൂടാതെ തനിക്കുള്ളത് എല്ലാ ജീവരാശികള്‍ക്കുമായി സദാ തുറന്നിട്ട് നല്‍കുന്നതുപോലെ ഒരുവന്‍ തുറന്ന മനസോടെ തന്റെ കൈയ്യില്‍ വരുന്നത് ആവശ്യക്കാര്‍ക്ക് കൊടുക്കുമ്പോള്‍ അയാള്‍ ഈശ്വരവിശ്വാസിയാണെന്നനുമാനിക്കാം. ഒരു നദി മനുഷ്യനേയും കടുവയേയും കാക്കയേയും ഒന്നുപോലെ കരുതി തന്റെ ജലം ഉപയോഗിക്കുവാനനുവദിക്കുന്നതുപോലെ, ഒരു മനുഷ്യന്‍ എല്ലാവരേയും ഭേദബുദ്ധികൂടാതെ കണ്ട് പെരുമാറുമ്പോള്‍ അദ്ദേഹത്തെ ഈശ്വരവിശ്വാസി ആയി കരുതാം. പ്രപഞ്ചത്തിലുള്ള എല്ലാ ചലനങ്ങളേയും പ്രപഞ്ചം സന്തോഷമായി അംഗീകരിക്കുന്നതുപോലെ ഒരുവന്‍ തന്നെ സ്നേഹിക്കുന്നവരേയും ദ്വേഷിക്കുന്നവരേയും മിത്രമായി കരുതുന്നെങ്കില്‍ അദ്ദേഹം തന്നെ ഈശ്വരവിശ്വാസി. ഈ തലത്തിലെത്താന്‍ ശ്രമിക്കുന്നവരെ ഈശ്വരഭക്തന്മാരായി കരുതാം. ആചാരാനുഷ്ഠാങ്ങള്‍ ഈ വഴിയിലേക്ക് വ്യക്തികളെ നയിക്കുന്നുണ്ടെങ്കില്‍ അതെല്ലാം ഈശ്വരാരാധനയായി കരുതാം. നമ്മുടെ ഏകത്വബോധത്തില്‍ വിടവുണ്ടാക്കുന്ന ഒന്നും യഥാര്‍ത്ഥ ഈശ്വരവിശ്വ്വാസമാവില്ല. ഈശ്വരന്‍ എന്ന പേര് ഒരിക്കല്‍പോലും ഉച്ചരിക്കാത്ത ഒരുവന്‍ സൃഷ്ടിയോട് അനുഭാവപൂര്‍വ്വം പെരുമാറുന്നെങ്കില്‍ അവന്‍ ഈശ്വരവിശ്വാസി ആണെന്ന് ഒരു വിശ്വാസിക്ക് ഉറപ്പാക്കം. എന്നാല്‍ സൃഷ്ടിയോട് അനുഭാവമില്ലാതെ സൃഷ്ടാവിനോട് ഭക്തി പുലര്‍ത്തുന്നത് ഈശ്വര നിഷേധമാകും. മറിച്ച് സൃഷ്ടാവില്‍ ഒട്ടും വിശ്വാസമില്ലെങ്കിലും സൃഷ്ടിയോട് സ്നേഹാദരങ്ങള്‍ പുലര്‍ത്തുന്നവര്‍ സൃഷ്ടാവിന്റെ ചുംബനത്തിനര്‍ഹരാകും. നമൂക്ക് ഈശ്വരന്‍ ഒരു ലോകത്തെ പ്രത്യക്ഷമായി തന്നിട്ടുണ്ട്. ഈ ലോകത്തിന് സന്തോഷം പകര്‍ന്ന് ജീവിക്കലാണ് നമ്മുടെ ധര്‍മ്മം. അത് ധാരാളം മതി. എന്നാല്‍ പ്രത്യക്ഷമായ ഈ ലോകത്തിന്റെ പിന്നില്‍ അതിനും കാരണമായി നില്‍ക്കുന്ന കാരണ പുരുഷനെപ്പറ്റി ഭാവന ചെയ്യുവാന്‍ കഴിയുന്ന ഒരേ ഒരു ജീവി മനുഷ്യനാണ്. ഈ ഭാവനയും അന്വേഷണവും; കൂടെയുള്ളവരെ പിന്‍തള്ളിക്കൊണ്ടാവരുത്. അവരെ അവഹേളിച്ചുകൊണ്ടും നശിപ്പിച്ചുകൊണ്ടും ഈശ്വരവിശ്വാസം പുലര്‍ത്തുമ്പോളാണ് അത് തെറ്റിദ്ധരിക്കപ്പെടുന്നത്. നാം ഈശ്വരനോടടുക്കുന്നതിനനുസരിച്ച് എല്ലാവരോടും അടുത്തുകൊണ്ടേ ഇരിക്കണം. വെറുപ്പും, വിദ്വേഷവും, വിഭാഗീതയയും നമ്മെ ഈശ്വരങ്കലേയ്ക്കല്ല, ചെകുത്താനിലേക്കാണ് അടുപ്പിക്കുക. ഒരാള്‍ പട്ടിണിയിലും മറ്റൊരാള്‍ സമ്പന്നതയിലും കഴിയുന്ന ലോകം ഈശ്വരീയമല്ല. ഏതെങ്കിലും ഒരു വിശ്വാസക്കാരുടെ ഇടയില്‍ സമ്പന്ന ദരിദ്രഭേദം കൂടാതെ എല്ലാവരും സൗഹൃദത്തില്‍ കഴിയുന്നുണ്ടെങ്കില്‍ അവരെ ഈശ്വരവിശ്വാസികളുടെ സമൂഹമായിക്കരുതാം. ലോകത്തിന്റെ ഏതൊരു കോണിലുണ്ടാകുന്ന ദു:ഖവും അറിയുന്ന മാത്രയില്‍, മനസ്സുകൊണ്ടും മറ്റ് കഴിയുന്ന തരത്തിലും അതേറ്റെടുക്കാന്‍ സന്നദ്ധരാകുന്നവരാകണം നാം ഓരോരുത്തരും. അതാണ് ഈശ്വരവിശ്വാസികളാണെന്നതിന്റെ പ്രത്യക്ഷമായ തെളിവ്.

  3. ജീവി വര്‍ഗ്ഗങ്ങളില്‍ ഏറ്റവും ക്രൂരവും കപടവുമായ ഭീകരവര്‍ഗ്ഗം ഏത്? എന്ന ചോദ്യത്തിന് ‘മനുഷ്യവര്‍ഗ്ഗം’ എന്ന മറുപടി ശരിയാവും എന്നെനിക്ക് തോന്നുന്നു. ഭൂമിയില്‍ ഒരു ജീവിക്കും ചരിത്രപരമായി ക്രൂരത പുലര്‍ത്താന്‍ സാദ്ധ്യമല്ല; മനുഷ്യന് കഴിയും. ചരിത്രാതീത കാലത്തെ കഥകളെ മുന്‍നിര്‍ത്തി ഇന്ന് വൈരാഗ്യം പുലര്‍ത്താനും പരസ്പരം കൊല്ലാനും നാം തയ്യാറാണ്. എന്താണിതിനൊരു പോംവഴി? മനുഷ്യ മനസ്സ് കഠോരമായി കടുത്ത് ഏതു നിമിഷവും തീ പാറത്തക്ക നിലയിലാണ്. കൂട്ടിമുട്ടിയാല്‍ ആ നിമിഷം തീ പടരും. മതങ്ങള്‍,രാഷ്ടങ്ങള്‍, ജാതികള്‍, വര്‍ഗ്ഗങ്ങള്‍ കക്ഷികള്‍, നിറങ്ങള്‍, ഭാഷകള്‍ ഒക്കെ വേര്‍തിരിഞ്ഞു നിന്ന് പോരാടുമ്പോള്‍ മനുഷ്യസ്നേഹികള്‍ക്കെന്ത് ചെയ്യാന്‍ കഴിയും. അവരേയും ഇതിലേതെങ്കിലും ഒന്നില്‍ കണ്ട് വെട്ടും. അവരുടെ വാക്ക് ശ്രദ്ധിക്കില്ല. എന്റെ നേരെ വാളോങ്ങി നില്‍ക്കുന്നവനെ ഞാന്‍ വെട്ടിയില്ലെങ്കില്‍ അവന്‍ എന്നെ വെട്ടും എന്ന പതനത്തില്‍ മനുഷ്യവര്‍ഗ്ഗം ചെന്നെത്തിപ്പോയി. ഇനി എന്താ ചെയ്യുക? ഗൗരവമായി ആലോചിക്കേണ്ട വിഷയമാണിത്. എനിക്ക് ഒരു പോംവഴിയും തോന്നുന്നില്ല. ഞാനും എന്റെ കുടുംബവും ആരോടും വിദ്വേഷം പുലര്‍ത്താതെ എല്ലാവരോടും സ്നേഹം പുലര്‍ത്തിയാലും ഞങ്ങളെ ഒരു പ്രത്യേക മതത്തിലെ ആളുകളായി കണ്ട് പെട്ടന്നാക്രമിക്കുന്ന വേദനാജനകമായ ഒരു സ്ഥിതിവിശേഷം ഇന്ന് പടര്‍ന്നു വരികയാണ്. ഒന്നും ശ്രദ്ധിക്കാന്‍ തയ്യാറാകാതെ കലിതുള്ളി നില്‍ക്കുന്നവരെ എങ്ങനെ സമീപിക്കും. ‘ക്രൂരതയ്ക്ക് കളിക്കാനൊരുക്കിയിട്ട നില’മായി മാറിയിരിക്കുന്നു ഭൂമി. എന്താവേണ്ടത് എന്നാലോചിക്കണം. എനിക്ക് പോവഴി ഒന്നും തോന്നുന്നില്ല.

    ഉ: വളരെ ശരി. അന്ധകാരത്തില്‍, തെറ്റിദ്ധരിച്ച്, ഒരേ പടകുടീരത്തിലെ ഭടന്മാര്‍ തമ്മില്‍ വെട്ടി നശിക്കുന്ന അവസ്ഥയിലായി നാം. ഇവിടെ ഇക്കാലത്ത് ഇങ്ങനെ ഒരു കൂടിച്ചേരല്‍ സാധിച്ചത് മഹാഭാഗ്യമായി ഞാന്‍കരുതുന്നു. ഇത് നല്ലൊരു തുടക്കമാകണം. ഈ സാഹചര്യത്തെ മുന്നില്‍കണ്ടുകൊണ്ടാണ് ഞാനീ യോഗം വിളിച്ചത്. ഇത്ര വളരെപ്പേര്‍ എത്തിച്ചേര്‍ന്നത് ശുഭസൂചകമാണ്. പ്രതീക്ഷ നിറഞ്ഞ അന്തരീക്ഷമാണ് ഇപ്പോള്‍ ഇവിടെ ഉണ്ടായി വന്നിരിക്കുന്നത്. ഞാന്‍ ഒരു നിര്‍ദ്ദേശം വയ്ക്കട്ടെ. ഞാന്‍ സ്വയം ശീലിക്കുന്നതും ഗുണഫലം കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു പരിശീലന പദ്ധതിയാണ് ഞാന്‍ അവതരിപ്പിക്കുന്നത്. ആര്‍ക്കും ചെയ്യാവുന്നതാണ്. സ്ത്രീക്കും പുരുഷനും കുട്ടിക്കും സാക്ഷരനും നിരക്ഷരനും, രോഗിക്കും, ഭീകരര്‍ക്കും ഒക്കെ ചെയ്യാം. ഏത് സമയത്തും എവിടെവച്ചും ചെയ്യാം. ശ്രദ്ധിക്കൂ ‘എല്ലാവരേയും എനിക്കുള്ളവരായി കരുതുവാന്‍ ഈ നിമിഷം മുതല്‍ ഞാന്‍ പരിശീലിക്കും’. ഒരാളും അന്യരല്ല. എല്ലാവരും വേണ്ടപ്പെട്ടവര്‍, വിശ്വമഹാകുടുംബത്തിലെ അംഗങ്ങളാണ് നാമെല്ലാവരും. മണ്‍മറഞ്ഞവരും കണ്‍മുന്നിലുള്ളവരും വരാനിരിക്കുന്നവരും എന്റെ ആള്‍ക്കാരാണ്. ഞാന്‍ അവരുടേതുമാണ് ‘ഞാന്‍ നിന്റെ കൂടെ ഉണ്ട്. നീ എന്റെ കൂടെയും ഉണ്ടാവണം’ ഇതായിരിക്കണം നമ്മുടെ ഇനിയത്തെ സമീപന ശൈലി. ഈശ്വരവിശ്വാസി നിരീശ്വരവാദിയെ മിത്രമായി കരുതി ശീലിക്കണം. എന്നെ തള്ളുന്നവരെ ഉള്‍ക്കൊള്ളണം. ഇത് പ്രയാസമാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ ഉള്ളാലെ അത് പരിശീലിപ്പിച്ചു തുടങ്ങുകയാണ് ഈ ഭീകരാവസ്ഥയില്‍ നിന്നു കരപറ്റാനുള്ള നേര്‍വഴി. മുസ്ലീമായിരുന്നതുകൊണ്ട് അപരനെ ഹിന്ദുവായോ ക്രിസ്ത്യാനി ആയോ യഹൂദനായോ കണ്ടുകൊള്ളുക. തലമുറ ആയി ശീലിച്ചുപോയ ഈ വേര്‍തിരിവുകളെ പെട്ടന്ന് ദൂരീകരിക്കാനാവില്ല. ഒരു നായര്‍ ഒരീഴവനെ ഈഴവനെയായി തന്നെ മനസ്സിലാക്കിക്കൊണ്ട് അയാള്‍ എന്റെ മിത്രമാണെന്നു കൂടിക്കാണാന്‍ പരിശീലിക്കുക. സകല വിഭാഗീതയകളും നിലനിന്നുകൊള്ളട്ടെ. അതിലൂടെ ബന്ധുഭാവത്തിന്റെ ഒരു പട്ടുനൂല്‍ കോര്‍ക്കാന്‍ അനുവദിക്കുക. വ്യക്തികള്‍ തമ്മിലുള്ള ഒരു കണ്ണി ചേരലാണ് ഭൂമിയെ ആര്‍ദ്രമാക്കാനുള്ള നല്ല വഴി; ലളിത മാര്‍ഗ്ഗം.

    ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനതയുടെ നമസ്സില്‍ അന്യോന്യ ജീവിതത്തിന് പ്രതിഷ്ഠ ലഭിച്ചാല്‍ കാശ്മീര്‍ പ്രശ്നം തീര്‍ന്നു. ഇന്ത്യാ പാകിസ്ഥാന്‍ അതിര്‍ത്തികള്‍ മനുഷ്യബന്ധത്തില്‍ മാഞ്ഞുപോകും. പൂര്‍വ്വ പശ്ചിമ ബര്‍ലിനുകള്‍ക്കിടയില്‍ ഉയര്‍ത്തിയിരുന്ന മതിലുകള്‍ സ്നേഹപ്രവാഹത്തില്‍ അലിഞ്ഞ് നീങ്ങിപോയത് നാം കണ്ടുവല്ലോ. മനുഷ്യമനസ്സ് അലിയുവാനുള്ള ഏറ്റവും ഉത്തമമായ മാര്‍ഗ്ഗം അപരനെ സ്വന്തമായി കാണുവാനുള്ള സാധന അനുഷ്ഠിക്കുകയാണ്. ‘വിചാരം, വാക്ക്, ഭാവം, കൊടുക്കല്‍ വാങ്ങല്‍, കൂടി ആലോചന, ഒന്നിച്ചുള്ള പ്രവര്‍ത്തികള്‍ ഒക്കെ ഇതിന് പ്രയോജനമാകും. പ്രയോജനപ്പെടുത്തണം. ഭാവനയില്‍ തുടങ്ങണം. ക്രൂരതയ്ക്ക് പരിഹാരം ആര്‍ദ്രതയാണ്. മനുഷ്യനെപ്പോലെ ആര്‍ദ്രനാകാന്‍ കഴിയുന്ന മറ്റൊരു ജീവിവര്‍ഗ്ഗവും ഭൂമിയില്‍ ഉണ്ടായിട്ടില്ല. നാം തമ്മിലുള്ള ആര്‍ദ്രതയുടെ ഉറവിടത്തെ വിചാരം, ഭാവന, കര്‍മ്മം ഇവകൊണ്ട് തുറന്നാല്‍ ഭൂമി കുളിരണിയും.

  4. കുട്ടികളില്‍ നിന്നു തുടങ്ങുകയാണ് ശരി. കതിരില്‍ വളം വച്ചിട്ട് ഒന്നും നേടാനാവില്ല. ചെറുകുട്ടികളില്‍ പുത്തന്‍ ജീവിതത്തിന്റെ രൂപവും അതിലേക്കുള്ള വഴിയും വരച്ചുകാട്ടിക്കൊടുക്കണം. അടുത്ത തലമുറ എങ്കിലും രക്ഷപ്പെട്ടേക്കാം.

    ഉ:കുട്ടികളില്‍ ആരു തുടങ്ങും. മുതിര്‍ന്നവര്‍ക്കല്ലേ പറ്റൂ. മുതിര്‍ന്നവരില്‍ എത്രപേരില്‍ ഈദൃശ്യ ചിന്താഗതികള്‍ ഉണ്ട്. പാഠപദ്ധതിയില്‍ ചേര്‍ത്താല്‍ മാര്‍ക്കിന്റെ വിഷയമാക്കാമെന്നല്ലാതെ ജീവിതമാകുമോ? നമുക്ക് വേണ്ടത് പാരസ്പര്യ ജീവിതമാണ്. ജീവിതം കുട്ടികളുടേതും മുതിര്‍ന്നവരുടേതും എന്നൊന്നും വേര്‍തിരിക്കാനാവില്ലല്ലോ. അവരവരില്‍ തന്നെ തുടങ്ങണം. എന്നില്‍ ഒരു തുടക്കം ഉള്ളതുകൊണ്ട് ഞാന്‍ നിങ്ങളോട് പറയുന്നു. നിങ്ങള്‍ പരസ്പരം പറയണം. ബാലന്‍, യുവാവ്, സ്ത്രീ, നിരക്ഷകന്‍ എന്നൊന്നും വേര്‍തിരിക്കാതെ ശ്രദ്ധിക്കുമെന്നുള്ളവരോടെല്ലാം പറയുക. ശ്രദ്ധിക്കാത്തവരെ തല്‍ക്കാലം ശല്യം ചെയ്യണമെന്നില്ല. ഏതൊരു മനുഷ്യനും ആരോടെങ്കിലും അടുപ്പം ഉണ്ടാവാതിരിക്കില്ല. അവര്‍ മുഖേന സമീപിക്കുക ആയിരിക്കും ഉത്തമം. ഇക്കാര്യത്തില്‍ വേര്‍തിരിവ് ആവശ്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ഞാന്‍ തയ്യാറാണോ എന്നതാണ് പ്രശ്നം. ഞാന്‍ മറ്റൊരാളെ ചൂണ്ടുന്നതിനര്‍ത്ഥം എന്നെക്കൊണ്ടാവില്ല എന്ന തോന്നലാണ്. കഴിയുന്നത് ചെയ്യാം എന്നു തീരുമാനിക്കൂ. വീട്ടിലോ നാട്ടിലോ മനസ്സടുപ്പമുള്ളവരോടെങ്കിലും ഭരണകൂടങ്ങള്‍ക്കും നാണയത്തിനും അതീതമായ ഒരു ബന്ധുലോകത്തെപ്പറ്റി സംസാരിച്ചു തുടങ്ങാം.

  5. ഏതാനും ബഹുജനരാഷ്ട്ര കുത്തകകള്‍ ലോകം വാണരുളുന്നതിനിടയില്‍ സാധാരണക്കാരന് ഒന്നും ചെയ്യാനാവില്ല. ഞാന്‍ ജീവിക്കണമോ വേണ്ടയോ എന്നു തിരുമാനിക്കാന്‍ ഇവര്‍ക്ക് കഴിയും. അവർക്കു വിപരീതമായിവന്നാൽ ഞാൻ ഇവിടെ ഉണ്ടാവില്ല. എന്റെ വസ്ത്രം, വീട്, ഉപകരണങ്ങള്‍ ഒക്കെ നിശ്ചയിക്കാന്‍ അവര്‍ക്ക് കഴിയും. അടുക്കളയില്‍ ഞാന്‍ ഉപയോഗിക്കേണ്ട ഉപ്പ് അവരുടെ പേനയുടെ തുമ്പിലാണ് നിശ്ചയിക്കപ്പെടുക. അവര്‍ വിചാരിക്കാതെ നവലോകരചന നടക്കില്ല. അതിനുള്ള വഴിയാണ് നാം ആലോചിക്കേണ്ടത്. നാം എങ്ങനെ ചിന്തിക്കണമെന്ന് നിശ്ചയിക്കാന്‍ കഴിയുന്ന ശക്തികള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഈ തലമുറയില്‍ തന്നെ തെരുവിലൂടെ നമ്മെ നോക്കി ചിരിച്ചു കടന്നു പോകുന്ന ഒരു യുവതി മറ്റാരാലോ നിയന്ത്രിക്കപ്പെടുന്ന ഒരു പാവയാകാം. ഒരു റിമോര്‍ട്ട് കണ്‍ട്രോളര്‍ ഈ സദസ്സിന്റെ നേരെ തിരിച്ചാല്‍ നാമെല്ലാം ഭീരുക്കളായി തീര്‍ന്നുകൊള്ളും എന്നു വരുന്നേടത്ത് നമുക്കെന്ത് ചെയ്യാന്‍ കഴിയും? ഈശ്വരാ, അങ്ങനെ വരുത്തരുതേ എന്ന് പ്രാര്‍ത്ഥിക്കാമെന്നല്ലാതെ എന്താ വഴി.

    ഉ:600 കോടി ജനത 300 പേരുടെ വിരല്‍ തുമ്പിലാണ് ചലിക്കുന്നത് എന്നു കരുതുക. ഈ മുന്നൂറ് പേര്‍ക്ക് എന്തുകൊണ്ടിത് സാധിക്കുന്നു എന്നാലോചിക്കണം. ഈ മുന്നുറുപേര്‍ 600 കോടിയിലും ഒളിഞ്ഞിരുപ്പുണ്ട് എന്ന സത്യത്തില്‍ നിന്നാണിത് സാധിക്കുന്നത്. ഒരു നാട്ടിലെ 10 വീടുകള്‍ ഐക്യത്തില്‍ വന്ന് ലോകത്തിനുവേണ്ടി ചിന്തിക്കാന്‍ തുടങ്ങിയാല്‍ അവരുടെ ഇച്ഛാശക്തി ഏത് റിമോട്ട് കണ്‍ട്രോളിനേയും അതിജീവിക്കും. ഒരു നാട് അവരുടെ അദ്ധ്വാനത്തിനും ഉല്പന്നങ്ങള്‍ക്കും പരസ്പരം കൂലിയും വിലയും വേണ്ടെന്ന് നിശ്ചയിച്ച് കൂട്ടമായി അദ്ധ്വാനിച്ച് പങ്കിട്ട് ജീവിക്കുവാന്‍ നിശ്ചയിച്ചാല്‍ വേള്‍ഡ് ബാങ്കെന്നല്ല; ബാങ്കുകളേ വേണ്ടെന്നാകും. വ്യാപാര ശാലകള്‍ വേണ്ടെന്നാകും. നമ്മുടെ കയ്യില്‍ ശക്തികളിരിക്കെയാണ് നാം ദുര്‍ബലരാണെന്നു കരുതി ആരെയോ ഭയപ്പെടുന്നത്. അയല്‍ക്കാരോട് ചേര്‍ന്ന് ആലോചിച്ച് ജീവിക്കുവാന്‍ ഞാന്‍ ഒരുക്കമാണോ. അവരുമായി വിചാരങ്ങളും വിഭവങ്ങളും വീട്ടുപകരണങ്ങളും പങ്കിടാന്‍ സന്നദ്ധനാണോ, ദിവസവും കുറച്ചു സമയം നവലോകത്തെ ലക്ഷ്യമാക്കി ചുറ്റുവട്ടത്തിലുള്ളവരുമായിക്കൂടി ഇരിക്കാമോ, ഞാന്‍ ജീവിക്കുന്നത് എല്ലാവര്‍ക്കും വേണ്ടിയാണെന്ന് ഉള്ളില്‍ ഉറപ്പാക്കാമോ. വേള്‍ഡ് ബാങ്കല്ല; ഞാനാണ് എന്റെ കുരുക്ക്. ഞങ്ങള്‍ അയല്‍ക്കാര്‍ പരസ്പരം കഴുത്തില്‍ കുരുക്കിട്ട് മുറുക്കിക്കൊണ്ടിരിക്കുമ്പോള്‍ പുറമേയുള്ള പല ശക്തികളുടേയും കൂട്ട് നമുക്കുവേണ്ടി വരും. അങ്ങനെയാണ് ബാങ്കും ഭരണകൂടങ്ങളും ശക്തിപ്പെടുന്നത്. കുത്തകക്കാരുടെ കയ്യില്‍ നമ്മുടെ നിയന്ത്രണം ചെന്നെത്തുന്നതു തമ്മിൽ ചേർന്നു ജീവിക്കുവാൻ നാം സന്നദ്ധരാകാത്തതുകൊണ്ടാണ്. പരസ്പരം കീഴടക്കാൻ കേന്ദ്രാധികാരത്തിനു കഴിയുന്നു. പരസ്പരം കൈകോർക്കാൻ നാം സന്നദ്ധരായാൽ ബഹുരാഷ്ട്രകുത്തകകൾ മുതൽ നാട്ടിലെ ബ്ലേഡ്‌കാർ വരെ വേണ്ടെന്നാകും. സ്വതന്ത്ര ഇറക്കുമതി അർത്ഥശൂന്യമാകും; നമ്മെ ബാധിക്കില്ല.

    കൂട്ടത്തിൽ ഒരു കാര്യം കൂടി വ്യക്തമാക്കട്ടെ. ഈ വൻ കമ്പനികൾക്കും ഭരണകൂടത്തലവന്മാർക്കും സ്വസ്ഥ ജീവിതം കിട്ടുന്നുണ്ടെന്നാരും കരുതരുത്. ഒക്കെ ഭീതിയിലാണു്. ബഹുജനം ഒറ്റ തിരിഞ്ഞു ജീവിക്കുന്നതുകൊണ്ടാണ് നമ്മെ ഒക്കെ കീഴടക്കി വൻ ഒറ്റയാന്മാരാകാൻ കുത്തകക്കാരുണ്ടാകുന്നതും അതിനു കഴിയുന്നതും. ഞാൻ ചൂഷകനായതുകൊണ്ടാണ് എന്നെ ചൂഷണം ചെയ്യുവാൻ മറ്റൊരു ചൂഷകനു കഴിയുന്നതും. തൊഴിലാളിയിലെ മുതലാളിത്ത മോഹമാണു സർവ്വ തൊഴിലാളികളേയും കുരുക്കിലാക്കുന്നതും. ഞാൻ എന്റെ കോഴിമുട്ടയ്ക്കു അയൽക്കാരനിൽ നിന്നു വില വാങ്ങുന്നതാണു് ഞങ്ങളെ രണ്ടുപേരേയും മറ്റൊരാൾക്കു വിലയ്ക്കു വാങ്ങാനിട വരുത്തുന്നത്. ഇതു മനസ്സിലാക്കി ഓരോരുത്തരും പരസ്പരം ജീവിക്കാൻ സന്നദ്ധരാകുക മാത്രമാണു യഥാർത്ഥ മോചനമാർഗ്ഗം.

  6. അകലേണ്ട സമയത്ത് അകലണം. അപ്പോൾ അടുപ്പിക്കാൻ ശ്രമിക്കുന്നതു സാമൂഹ്യ വിരുദ്ധ പ്രവണത ആകും. കഷ്ടത അനുഭവിക്കുന്നവർക്കാണു നവലോക രചന ആവശ്യമായി വരുന്നത്. ബഹുജനങ്ങളുടെ കഷ്ടപ്പാടുകളുടെ മീതെ സുഖജീവിതം നയിക്കുന്നവനു നവലോക രചനയുടെ ആവശ്യമില്ലെന്നു തന്നെയല്ല; ഇന്നിന്റെ സ്ഥിരമായ നിലനില്പാണവർക്കാവശ്യം.’’

    ’’അതിനു വേണ്ടി അവർ ബലമുള്ള ഭരണകൂടങ്ങൾ ലോകമാകെ പടുത്തുയർത്തിയിട്ടുണ്ട്. ഗവണ്മെന്റുകളും സമ്പന്നരും തമ്മിലുള്ള കൂട്ടുകെട്ടാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് ഇവരുടെ ചൂഷണം സഹിച്ച് സഹിച്ച് ദുർബലരായ ജനത. ഈ രണ്ടു ചേരിതിരുവുകൾ വ്യക്തമാണ്. ഒന്നാം കൂട്ടർ ഒരിക്കലും സ്വമേധയാ സമ്പത്തും അധികാരവും വിട്ടൊഴിയുകയില്ല. രണ്ടാംകൂട്ടരായ ജനത സംഘടിച്ച് നാനാമുഖങ്ങളിൽ ആക്രമണം നടത്തണം. സായുധ സമരമോ, വോട്ടോ, സത്യാഗ്രഹമോ, നിസ്സഹകരണമോ ഏത് തരത്തിലും ഈ രാക്ഷസീയ ശക്തികളെ തറപറ്റിച്ച് ജന ശക്തിയെ വാഴിക്കണം. ഇതിനു വേണ്ടിയുള്ള സമരമാണ് ഈ കാലഘട്ടത്തിന്റെ ജനകീയാവശ്യം. അവിടെ തണുപ്പൻ ആശയങ്ങൾ വിന്യസിച്ച് ജനങ്ങളുടെ വീര്യം കെടുത്തുന്നത് പിന്തിരിപ്പൻ നടപടിയാണ്. ആയുധമെടുത്ത് അടരാടേണ്ട സമയത്ത് മാനുഷിക ഐക്യത്തെപ്പറ്റി പാടുന്നത് വിപ്ലവ ബോധം ഇല്ലാത്തതുകൊണ്ടാണ്. രക്തച്ചൊരിച്ചിൽ ഒഴിവാക്കേണ്ടതല്ല. സംഭവിക്കേണ്ടതാണ്. അത് എത്ര നീണ്ടുപോവുമോ അതിനനുസരിച്ച് നവയുഗ പിറവി അസാദ്ധ്യമായി വരും.’’

    ഉ: ആത്മാർത്ഥതയും ആവേശവും തിടുക്കവും സാഹസികതയും കലർന്നുള്ള ഈ വീക്ഷണം രാമായണകാലം മുതൽ നാം തുടർന്നു പോരുന്നതാണ്. പുരോഗതിക്ക് തടസ്സമായി വരുന്ന ശക്തികളെ ഉന്മൂലനം ചെയ്യുക, സംഘടിത ശക്തികൊണ്ട് ധർമ്മസംസ്ഥാപനം സാധിക്കുക, ഈ കാഴ്ചപ്പാടാണ് ഇന്നും സമൂഹത്തിലുള്ളത്. വീടിനകം മുതൽ രാഷ്ട്രാന്തരരംഗം വരെ യുദ്ധവീക്ഷണം സജീവമാണ്. ഇതിൽ നിന്നുള്ള മോചനമാണ് യഥാർത്ഥ പരിവർത്തനം എന്നിരിക്കെ ഈ പോരാട്ടത്തെ തന്നെ പരിവർത്തനത്തിനും ആശ്രയിക്കുന്നത് നമ്മെ കുരുക്കുകയേയുള്ളൂ എന്നാണെന്റെ നിഗമനം. ഭയപ്പെടുത്തി കീഴടക്കുക എന്ന തന്ത്രം വിപ്ലവകാരികൾ മാത്രമല്ല; സാമൂഹ്യ വിരുദ്ധരും, വർഗ്ഗീയ ലഹളക്കാരും സ്വീകരിച്ചിട്ടുള്ളതാണ്. ബഹുജനശക്തി സ്വരൂപിച്ച് ഭരണകൂടശക്തികളെ തകർത്തുകഴിഞ്ഞതിനുശേഷം അമർത്തപ്പെട്ട ശക്തി തിരിച്ചടിക്കുവാൻ വഴി തേടുമെന്ന് സായുധസമരക്കാർ അറിയണം. സായുധ സമരം വിജയിച്ചതിനു ശേഷവും അടിച്ചമർത്തൽ തന്ത്രം വിപ്ലവകാരികൾക്ക് വീണ്ടും പ്രയോഗിക്കേണ്ടി വരും. അപ്പോൾ ആരെയാണ് അടിച്ചമർത്തേണ്ടത് എന്ന് കണ്ടെത്തുകതന്നെ പ്രയാസമാകും. നമ്മുടെയിടയിൽ ശത്രുക്കൾ കടന്നുകൂടിയിട്ടുണ്ടോ? സർവത്ര സംശയമാകും. കിരാതത്വം തന്നെ സർവത്ര സ്വീകരിക്കേണ്ടി വരും. തോല്പിച്ച ശക്തികൾ വിജയിച്ച ശക്തിയിലൂടെ വീണ്ടും ജീവിക്കും. അതായത് യുദ്ധമാകും സമരത്തിന്റെ സാക്ഷിപത്രം. നേതൃത്വം കൊടുത്തവർക്ക് ഒന്നും ചെയ്യാനാവാതെ നോക്കി നിൽക്കേണ്ടി വരും. വളരെ അപകടകരമായ ഒരവസ്ഥയാവും സയുധസമരമാർഗ്ഗത്തിൽ വിജയാനന്തര അവസ്ഥ.

    മറ്റൊരു കാര്യം. ബലപരീക്ഷണത്തിൽ പരിവർത്തനേച്ഛയല്ല ബലമാണ് ജയിക്കുക. ഇരുകൂട്ടരും ആയുധം കയ്യിലെടുക്കുന്നു. നമ്മുടെ ഭാഗത്താണ് ജനശക്തി കൂടുതൽ. നാം ജയിക്കുമെന്ന് ഉറപ്പാക്കാമോ? ഒരു വശത്ത് സർവ്വസംഹാരിയായ ഒരായുധം ഉണ്ടായി വന്നാൽ സംഘടിത വിപ്ലവശക്തിക്ക് ഒന്നുകിൽ മരണം വരിക്കുകയോ അല്ലെങ്കിൽ കീഴടങ്ങുകയോ ചെയ്യേണ്ടി വരില്ലേ? വിവേകശൂന്യമാണീ ചിന്താസരണി. ഒത്തിരി രഹസ്യങ്ങൾ സൂക്ഷിക്കേണ്ടി വരും. സമരകാലത്തും സമരാനന്തരകാലത്തും നിതാന്ത ജാഗ്രത വേണ്ടി വരും. അത്രയും സാധാരണ മനുഷ്യന് കഴിയില്ല. അപ്പോൾ നേതൃത്വം നയിക്കുന്ന വഴിയേ പോകേണ്ടി വരും. സ്വാതന്ത്ര്യം പോലും നഷ്ടമാകും.

പുതിയ വഴി

  1. ജനങ്ങളെ പ്രകൃതി ജീവനത്തിന് പ്രേരിപ്പിച്ചാൽ മാനസികവും ശാരീരികവും ബുദ്ധിപരവും ആയ പരിവർത്തനം സംഭവിക്കും. ഭൂമിയിൽ ക്രൂരത അവസാാനിക്കും. രോഗമില്ലാതാകും. ആയുർദൈർഘ്യം ആരോഗ്യപ്രദമായിരിക്കും. മരണംവരെ ഏവർക്കും സുഖമായി ഇവിടെ ജീവിക്കാം. പ്രകൃതി ജീവനം എന്ന ഒരേ ഒരു കാര്യത്തിൽ ലോകശ്രദ്ധ കൊണ്ടുവരുവാനാണ് നാം ശ്രമിക്കേണ്ടത്. ആരോഗ്യം ലഭിച്ചാൽ എല്ലാമായി.’’

    ഉ: ഇതിനു മുൻപും ഈ അഭിപ്രായം ഞാൻ കേട്ടിട്ടുണ്ട്. ഒരു പരിധി വരെ അത് ശരിയാണ്. എന്നാൽ പ്രകൃതി ജീവനം അനുഷ്ഠിക്കുന്നവരിലും കോപം, അഹംഭാവം, അന്യത്വം തുടങ്ങിയ ദൗർബല്യങ്ങൾ നിലനിൽക്കുന്നതായി കാണുന്നുണ്ട്. ഇതു നാം കാണാതിരുന്നു കൂടാ.

    ഒരിക്കൽ ആലപ്പുഴ നരസിംഹപുരം ആഡിറ്റോറിയത്തിൽ ‘രണ്ടായിരാമാണ്ടിൽ എല്ലാവർക്കും ആരോഗ്യം’ എന്ന വിഷയത്തെപ്പറ്റി ഗംഭീരമായ ഒരു സെമിനാർ നടക്കുകയുണ്ടായി. വിവിധ ചികിത്സാപദ്ധതിക്കാർ വന്ന് ആരോഗ്യം എങ്ങനെ നേടാം എന്നതിനെപ്പറ്റി സംസാരിച്ചു. ഞാൻ ആ യോഗത്തിൽ ആരോഗ്യം എങ്ങനെ നേടാം എന്നതിനുമുൻപ് ‘ആരോഗ്യം എന്തിന് നേടണം?’ എന്നൊരു ചോദ്യം അവതരിപ്പിച്ചു. ഇന്നും അതെന്റെ മനസ്സിൽ പൂത്തു നിൽക്കുന്നു. ഒന്നാമത്തെ പ്രശ്നം ഞാൻ ആരോഗ്യവാനായിരിക്കുന്നത് എന്തിന് എന്നതിനെപ്പറ്റി എനിക്ക് ബോധം വേണം എന്നതാണ്. നമ്മുടെ ഇടയിൽ പകയും വിദ്വേഷവും പ്രതികാരമോഹവും ആളിപ്പടരുമ്പോൾ ഓരോ കൂട്ടരും ആരോഗ്യം നേടുന്നത് മറ്റൊരു കൂട്ടരെ നശിപ്പിക്കാനാവും. അതെത്ര കഷ്ടമാണ്. എത്ര ദോഷഫലമാണ് ചെയ്യുക. ഒരു മനുഷ്യന്റെ ആരോഗ്യം, മറ്റുള്ളവരോട് ചേർന്ന് സന്തോഷമായി ജീവിക്കുവാൻ വേണ്ടിയാണ് ഞാനുള്ളത് എന്ന ബോധത്തോടു ചേർന്നു വരണം. വൈരാഗ്യത്തോടെ പച്ചക്കറികളും പഴവർഗ്ഗങ്ങളും കഴിച്ചാൽ ആരോഗ്യവും വൈരാഗ്യവും കൂടി വരില്ലേ. സസ്യാഹാരം മാത്രം കഴിക്കുന്ന ജന്തുക്കൾക്ക് കോപം വരാറില്ലെന്ന് പറയാൻ പറ്റുമോ. തന്നെയുമല്ല; സാമ്പത്തിക ആർത്തി നിലനിൽക്കുന്ന ലോകത്ത് ശുദ്ധമായ ആഹാരം ലഭിക്കാൻ തന്നെ പ്രയാസമാണ്. ഒക്കെ വിഷമയമാകും. പ്രകൃതിജീവനം അന്യോന്യ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ മാത്രമേ ശോഭിക്കൂ, വിജയിക്കൂ. പ്രകൃതിചികിത്സ പോര; പ്രകൃതിജീവനം വേണമെന്ന് ആചാര്യന്മാർ പറയുന്നത് വിശാലാർത്ഥത്തിൽ നാം മനസ്സിലാക്കണം. പ്രകൃതിക്കനുസരിച്ച് നമ്മുടെ ജീവിതം നയിക്കാൻ നോക്കുമ്പോൾ ജാതിമതഭേദഭാവങ്ങൾക്ക് എന്താണ് സ്ഥാനം? പ്രകൃതിയിൽ നാണയമുണ്ടോ? വിലയും കൂലിയും സവർണ്ണരും അവർണ്ണരും പ്രകൃത്യനുസരണമല്ല. ആ വഴി ചിന്തിക്കുമ്പോൾ മനുഷ്യന്റെ ഭക്ഷണവും വീക്ഷണവും ജീവിതശൈലി ആകെയും നവീകരിക്കപ്പെടണമെന്നു വ്യക്തമാകും. അതുകൊണ്ട് നാം സാധാരണ കരുതുന്ന മാതിരി ഒരു ഭക്ഷണക്രമവും ചികിത്സാരീതിയും മാത്രമായി പ്രകൃതിജീവനത്തെ കരുതാതെ മാനുഷികമായി കരുതണം.

    അന്നേ പ്രകൃതിജീവനം ശരിയായ പാതയിലാകൂ. ഞാൻ ആരോഗ്യവാനായിരിക്കുന്നതു് എല്ലാവർക്കും വേണ്ടിയാണ് എന്ന ബോധത്തിൽ നിന്ന് പ്രകൃതിജീവനശൈലി തുടങ്ങിയാൽ അവിടെ പ്രതിഫലത്തിന്റെ പ്രശ്നം വരില്ല. പ്രകൃതിജീവനം വ്യാപാരമാകില്ല. നിസ്വാർത്ഥമാകും. ജീവിതത്തിലാകെ വരുന്ന മാറ്റങ്ങളുടെ കൂട്ടത്തിലാകും ഇതു സംഭവിക്കുക. ആരോഗ്യത്തിനുമാത്രമായി സംഭവിക്കുക സാധ്യമല്ല.

  2. ദർശനത്തിന്റെ വീക്ഷണത്തിലെ പ്രത്യേകതകൾ വ്യക്തമാക്കാക്കാമോ?

    അക്കമിട്ടു പറയാം.

    1. ഭരണകൂടത്തിന്റെ അനീതികളെ ഒഴിവാക്കാനുള്ള സമരത്തിൽ പലരും ആത്മാർത്ഥമായി ഇടപെടുമ്പോൾ; ഭരണകൂടം എന്ന അനീതിയെ ഒഴിവാക്കാനുതകുന്ന ഒരു ജീവിതശൈലിയെപ്പറ്റിയാണു് ദർശനം ചിന്തിക്കുന്നതു്.
    2. ഈശ്വരങ്കലേക്ക് അടുക്കാൻ പലരും ശ്രമിക്കുമ്പോൾ സൃഷ്ടിയോടടുക്കാനാണു് ദർശനം ശ്രമിക്കുന്നതു. സൃഷ്ടിയെ പരിഗണിക്കാതെ ഈശ്വരനെ സമീപിക്കുവാൻ ശ്രമിക്കുമ്പോൾ രണ്ടും നഷ്ടപ്പെടാനിടയുണ്ട്. എന്നാൽ ഈശ്വരനെ വിസ്മരിച്ച് സൃഷ്ടിയോടടുത്താൽ ഈശ്വരാനുഗ്രഹമുണ്ടാകാതിരിക്കില്ല. ഈശ്വരവിശ്വാസത്തോടെ സൃഷ്ടിയുമായി അടുക്കുകയാണുത്തമം.
    3. ഏതാണോ ഇല്ലാതാകേണ്ടതു് അതിനെ എതിർക്കുന്നതിനു പകരം എന്താണോ ഉണ്ടാവേണ്ടത് അതുണ്ടാവാൻ സാഹചര്യമൊരുക്കുകയാണ് പരിവർത്തനത്തിലേക്കുള്ള നേർവഴി. ജാതിയെ എതിർക്കുന്നതിനു പകരം മനുഷ്യബന്ധത്തെ വളർത്താൻ ശ്രമിച്ചാൽ അതു വളരുന്നതിനനുസരിച്ച് ജാതിയുടെ ദോഷങ്ങൾ കൊഴിഞ്ഞു പൊയ്ക്കൊള്ളൂം. മറിച്ച് എതിർത്താൽ ജാതിക്ക് ബലം കൂടും എന്നു തന്നെയല്ല, മനുഷ്യബന്ധങ്ങൾ പൊട്ടിപ്പോകുകയും ചെയ്യും.
    4. നാണയനിഷ്ഠമായ ഈ വ്യവസ്ഥിതിയെ, നാണയ രഹിതമായ കുടുംബജീവിതമാക്കി മാറ്റുവാനുള്ള എളിയ മഹാ പരിശ്രമത്തിലാണ് ദർശനം.
    5. ലക്ഷ്യപ്രാപ്തിക്കു വേണ്ടി സംഘടനകൾ രൂപീകരിച്ച് അത് ശക്തിപ്പെടുത്താൻ പലരും ശ്രമിക്കുമ്പോൾ ലക്ഷ്യപ്രാപ്തിക്ക് മുഖ്യതടസ്സം സംഘടനയാണെന്ന് തിരിച്ചറിഞ്ഞ്, അതിനെ ഒഴിവാക്കുകയാണ് ദർശനം.
    6. മദ്യപാനം, വ്യഭിചാരം, മോഷണം തുടങ്ങിയവയേക്കാൾ സാമൂഹ്യവിരുദ്ധ പ്രവണതയാണ് ‘സ്വകാര്യമാത്രപരത’ എന്നാണ് ദർശനത്തിന്റെ കഴ്ചപ്പാട്.
    7. വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട പരിഷ്ക്കാരങ്ങളെപ്പറ്റി നനാതരത്തിൽ ചിന്തനം നടക്കുന്നതിനിടയിൽ ഇന്ന് വിദ്യാലയങ്ങളിൽ വിദ്യാഭ്യാസം നടക്കുന്നില്ലെന്ന നിഗമനത്തിലാണ് ദർശനം. ഓരോ പ്രദേശവും അവിടവിടെ ജനിക്കുന്നവർക്കുള്ള വിദ്യാലയമാണ്. അതിന് കാല പരിഗണനയോ, പരീക്ഷയോ, സർട്ടിഫിക്കറ്റോ ഇല്ല. ഓരോ വ്യക്തിയേയും നിരന്തരം വികസിപ്പിച്ചുകൊണ്ടിരിക്കുന്ന സാംസ്കാരിക പരിശീലനമാണ് വിദ്യാഭ്യാസം.
    8. സമത്വമല്ല; ബന്ധുത്വമാണ് ദർശനം ലക്ഷ്യമാക്കുന്നത്. മനുഷ്യർ തമ്മിൽ ബന്ധുത്വത്തിൽ വന്നാൽ സർവ്വസമ്പത്തും ഭൂമിയിൽ ഒഴുകിക്കൊള്ളും.
    9. വ്യത്യസ്തതകൾ ഇല്ലാതാക്കുകയല്ല, വ്യത്യസ്തതകളെ കൂട്ടി ഇണക്കി സുന്ദരമാക്കുകയാണ് ദർശനം. ത്യാഗികളും ദ്രോഹികളും, നിർഭയരും ഭീരുക്കളും, ദേവന്മാരും രാക്ഷസന്മാരും എല്ലാത്തരക്കാരും ഉൾക്കൊള്ളുന്ന വിവിധ മാനസിക തലങ്ങളിലായിരിക്കും എന്നും മനുഷ്യരാശി. ഇവരുടെ അന്യോന്യതയാണ് ജീവിതത്തിലെ ആനന്ദം.
    10. ആരോഗ്യം, സമ്പത്ത്, വിജ്ഞാനം തുടങ്ങിയവ എങ്ങനെ നേടാം എന്നതിനുപരി എന്തിനു നേടണം എന്ന ചാലിലാണ് ദർശനത്തിന്റെ അന്വേഷണം. ഒരുവന്റെ ആരോഗ്യം മറ്റൊരുത്തനെ അടിച്ചു വീഴ്ത്താനാണെങ്കിൽ അവൻ രോഗിയായിപ്പോകുന്നതല്ലേ ഉത്തമം.
    11. വ്യക്തികളുടെ കഴിവുകൾ ശരിക്കും വികസിതമാകുന്നത് അത് എല്ലാവർക്കും വേണ്ടി എല്ലാവരും ഒന്നിച്ച് പ്രയോഗിക്കുമ്പോഴാണ്. അവനവനു വേണ്ടി കൂട്ടായി ചെയ്യുമ്പോഴും, സമൂഹത്തിനു വേണ്ടി ഒറ്റയ്ക്കു ചെയ്യുമ്പോഴും, അവനവനു വേണ്ടി അവനവൻ തന്നെ ചെയ്യുമ്പോഴും ഊർന്നു വരുന്നതിനേക്കാൾ എത്രയോ മടങ്ങ് ഊർജ്ജം എല്ലാവരും ഒന്നിച്ച് എല്ലാവർക്കും വേണ്ടി ചെയ്യുമ്പോൾ ഉള്ളിൽ നിന്ന് പ്രവഹിക്കും.
    12. ഒരു കൂട്ടർക്കെതിരായി മറ്റൊരു കൂട്ടരെ സംഘടിപ്പിക്കുക എളുപ്പമാണ്; സംഘടന വേഗം ശക്തി പ്രാപിക്കും. എന്നാൽ ഒന്നിച്ചു ജീവിക്കുവാൻ വേണ്ടി സംഘടിക്കുക എളുപ്പമല്ല; അതൊരു സാസ്കാരിക കാര്യമാണ്. അതിന് സാധന വേണം. ആ വഴിക്കാണ് ദർശനം.
    13. കൃഷി സമ്പ്രദായങ്ങളിൽ ഏറ്റവും ഉത്തമം കുടുംബക്കൃഷിയാണ്. അധികോല്പാദനം, ജൈവകൃഷി, പ്രകൃതികൃഷി, ശാസ്ത്രീയകൃഷി, കൂട്ടുകൃഷി തുടങ്ങിയവയിൽ നിന്ന് കുടുംബ കൃഷിക്കുള്ള മഹത്വം അത് മാനുഷികമാണെന്നതാണ്. മാവ് എല്ലവർക്കും വേണ്ടി പൂക്കുന്നതു പോലെ മാവു വയ്ക്കുന്നതും എല്ലാവർക്കും വേണ്ടി എന്ന ബോധത്തിലാവുന്നതാണ്

കുടുംബക്കൃഷി

അപ്പോൾ കൃഷിയിൽ നിന്ന് കൃത്രിമത്വവും വില്പനയും കൂലിയും മാറിപ്പോകും. കൃഷിക്ക് ഭക്ഷണവുമായി നേരിട്ട് ബന്ധം വരും. കൃഷി സമൂഹജീവിത കാര്യമായ്ത്തീരും.

  1. മാറ്റത്തിന്റെ പ്രക്രിയ വലുതായും വേഗതയിലുമല്ല ചെറുതായും സാവധാനമായും നടക്കേണ്ടതെന്നാണ് ദർശനത്തിന്റെ ലക്ഷ്യം.
  2. ‘ഞങ്ങളുടെ മതഗ്രന്ഥത്തിൽ ഞങ്ങൾക്കു വേണ്ടതെല്ലാം ഉണ്ട്. പുതിയതായി ഒന്നും ഞങ്ങൾക്കു കേൾക്കേണ്ട’. ഈ വിശ്വാസത്തിൽ ഒഴിഞ്ഞു മാറുന്നവരെ എങ്ങനെ സമീപിക്കണം.

    ഉ: ആരെയും അവരുടെ മതവിശ്വാസത്തിൽ നിന്ന് അടർത്തി മാറ്റി പുതിയൊരു സങ്കല്പത്തിലേക്ക് കൊണ്ടു വരാൻ ദർശനം ശ്രമിക്കുന്നില്ല. ഇതു പറയുന്നവർ തങ്ങളുടെ മതവിശ്വാസം ജീവിതമാക്കാൻ വേണ്ടതു ചെയ്യുന്നില്ലല്ലോ. മതവിശ്വാസികൾ മതത്തിന്റെ ലക്ഷ്യത്തെ തങ്ങളുടെ ജീവിതത്തിൽ നിന്ന് ഒഴിച്ചു നിർത്തി, കേവലം ആചാരങ്ങൾ കൃത്യമായി അനുഷ്ഠിക്കുകയല്ലേ ചെയ്യുന്നുള്ളൂ. അയൽക്കാർ ദിവസവും കുറച്ചു സമയം തങ്ങളുടെ നിത്യജീവിത കാര്യങ്ങളെപ്പറ്റി ആലോചിക്കുവാൻ ഒന്നിച്ചിരിക്കണം. എല്ലാവരും ചേർന്ന് വീടുകളിലെ സസ്യങ്ങൾക്ക് വെള്ളം കോരണം. പങ്കിട്ടു കഴിക്കണം. ഭൂമിയിൽ ഒരാളും ഒറ്റയ്ക്കായല്ലോ എന്നോർത്ത് ദുഃഖിക്കാനിടവരരുത്. ഇതൊക്കെയല്ലേ നാം പറയുന്നുള്ളൂ. ഇതിൽ നിന്ന് ഏതെങ്കിലും മതവിശ്വാസികൾക്ക് ഒഴിഞ്ഞു മാറേണ്ട കാര്യമുണ്ടോ? ശക്തമായ അഭിപ്രായ വ്യത്യാസമുള്ള കാര്യങ്ങൾ ഇപ്പോൾ മുന്നോട്ടു വയ്ക്കാതിരിക്കുകയാണുത്തമം. ജീവിതം അന്യോന്യതയുടെ ചാലിൽ ഒഴുകാൻ തുടങ്ങിയിട്ട് ആവശ്യമെന്നു തോന്നിയാൽ അതെല്ലാം ചർച്ചയ്ക്കേടുക്കാമല്ലോ.

    ഇതൊന്നും കേൾക്കാനേ തയ്യാറില്ല. ചെവി തരികയേ ഇല്ല. ചെയ്യുന്നതുതന്നെ ചെയ്തുകൊണ്ടേ ഇരിക്കും എന്നുള്ളവരെ തല്ക്കാലം ശല്യപ്പെടുത്താതിരിക്കുക. എന്നാൽ അവരെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുകൂടാ. എല്ലാ വിഭാഗങ്ങളിലും നിന്നേടത്തുതന്നെ നിൽക്കുന്നവരും മുന്നോട്ടു ചുവടു വയ്ക്കുന്നവരും ഉണ്ടാകും. മുന്നോട്ടു ചുവടു വയ്ക്കുന്നവർ, കൂടെ വരാൻ തയ്യാറാകത്തവരെ പിൻതള്ളരുത്. അത് സമൂഹമാറ്റത്തിന് തടസ്സമാകും. നമ്മുടെ ആശയത്തിന്റെ കൂടെ ഇല്ലാത്തവരെ ജീവിതത്തിന്റെ കൂടെ വേണ്ടന്നു വയ്ക്കരുത്. തറക്കൂട്ടത്തിൽ കൂടാത്തവരുടെ വീട്ടിലെ ചെടികൾക്കും നനച്ചുകൊടുക്കണം. അവർ നിഷേധിച്ചാലോ വേണ്ട. വിരുന്നിന് കൂട്ടണം. ഒന്നിലും കൂടത്തില്ലെന്നു പറഞ്ഞാലോ. നാം നമ്മുടെ മൗനവിചാരത്തിൽ അവരെ ഉൾക്കൊള്ളുക. തക്ക സന്ദർഭത്തിൽ സഹകരണത്തിനുള്ള വഴി തുറന്നു വരും. ക്ഷമിക്കുക. എല്ലാവരും ഉടനെ നമ്മോടു ചേർന്നു വരും എന്നു വിചാരിക്കരുത്. ഞാൻ തന്നെ എന്റെ കുടെ എപ്പോഴും ഉണ്ടായെന്നു വരില്ല. ഞാൻ എന്റെ കൂടെ ഉണ്ടാകുമോ എന്ന ചോദ്യത്തിന് ‘ഉണ്ടാവും’ എന്നുത്തരം പറയാൻ നമ്മിൽ എത്രപേർക്ക് കഴിയും.

    ഈ ചോദ്യത്തിൽ മതത്തിന്റെ ആത്മാവിന് ചേരാത്ത ഒരു പ്രയോഗമുണ്ട്. ‘ഞങ്ങളുടെ മതഗ്രന്ഥം’ എന്ന വിചാരം നമ്മുടെ ഇടയിൽ പ്രചരിച്ചുപോയതാണ് മതങ്ങളുടെ ആത്മാവിന്റെ പ്രകാശനത്തിന് വലിയ തടസ്സമായി നിൽക്കുന്ന ഘടകം. സകല മതഗ്രന്ഥങ്ങളും, മനുഷ്യരാശിക്കു വേണ്ടി ഉണ്ടായവയാണ്. കുറച്ചു കൂടി തെളിച്ചു പറഞ്ഞാൽ മതബോധമില്ലാത്തവർക്കു വേണ്ടിയാണ് പ്രവാചകന്മാരും ഗ്രന്ഥങ്ങളും ഉണ്ടായത്. പിൽക്കാലത്ത് പേര്, വേഷം, ആചാരം എന്നിവയിൽ മതഗ്രന്ഥങ്ങളെ കെട്ടി ഇട്ടതല്ലേ ഈശ്വരനിഷേധം.

  3. തങ്ങൾ കണ്ടെത്തിയ വഴിയിലൂടെ ഓരോ സംഘവും നീങ്ങുന്നു. അവരെല്ലാം കൂടി ഒരേ പാതയിലേക്ക് മാറി വരണം എന്നു പറഞ്ഞാൽ അതു നടക്കുമോ? ഒരു വഴി തിരഞ്ഞെടുത്ത് അതുവഴി സഞ്ചരിക്കുന്നവർ തന്നെ പെട്ടെന്ന് പുതുവഴി പിരിഞ്ഞു കൊണ്ടിരിക്കുകയാണ്. വഴിപിരിയാത്ത ഒരു മതവും ഒരിസവും ഇന്നു ഭൂമിയിലില്ല. ഇക്കാലത്ത് എല്ലാവരും ഇതാ ഈ പുതിയ വഴിയിലേക്ക് വരൂ എന്ന് ക്ഷണിക്കുകയാണ് താങ്കൾ. നടക്കുമോ.’’

    ഉ: ഏതു വഴിയിലൂടെ പോകുന്നവർക്കും ഇടയ്ക്ക് വെള്ളം കുടിക്കണം, ആഹാരം കഴിക്കണം, ഉറങ്ങണം. ഇതൊക്കെ വേണ്ടേ? ആ കാര്യത്തിൽ പരസ്പരം സഹകരിക്കണമെന്നേ ദർശനം പറയുന്നുള്ളൂ. ഭൂമിയിലാകെ മനുഷ്യവാസമുള്ള എല്ലാ പ്രദേശങ്ങളിലും മാനുഷിക കൂടിച്ചേരലുകൾ വേണമെന്നു പറയുമ്പോൾ വഴിമാറണമെന്നു പറയുന്നില്ല. ദർശനം പുതിയ സംഘടനയോ, ഫണ്ടോ, ആഫീസോ, പ്രസ്ഥാനമോ ഒന്നും ഉണ്ടാക്കുന്നില്ല. നേതാക്കന്മാരേയും സൃഷ്ടിക്കുന്നില്ല. ശാഖകൾ സ്ഥാപിക്കുന്നില്ല. വഴിയിൽ നിൽക്കാതെ ലക്ഷ്യത്തിലേക്ക് നീങ്ങു എന്നേ പറയുന്നുള്ളൂ. ലക്ഷ്യത്തിലേക്ക് അടുക്കുന്തോറും വഴികൾ തമ്മിലടുത്തു കൊള്ളും. എതിർ ദിശയിലേക്ക് നീങ്ങുമ്പോഴാണ് അകലം വർദ്ധിക്കുന്നത്. ലക്ഷ്യം സന്തുഷ്ടമായ ഒരു പുതിയ ലോകം ആണല്ലോ. നമുക്കങ്ങോട്ട് അവരവരുടെ പാതയിൽതന്നെ നീങ്ങാം. ആസ്തികനും നാസ്തികനും കൈ കോർക്കണം. എന്തിന് പരസ്പരം ഏതാണ് ശരി എന്ന് തർക്കിച്ച് സ്ഥാപിക്കാനല്ല; കൃഷി ചെയ്യുവാൻ; നാട് ശുചിയാക്കുവാൻ; വെള്ളം കൊണ്ടുവരാൻ; സമാധാന ജീവിതത്തിന്.

    ഇങ്ങനെ ഒന്നിച്ചു പ്രവർത്തിക്കുവാൻ തുടങ്ങിയാൽ അറിയാതെ നാം ഒരു വഴിയിലൂടെ ഒരേ ലക്ഷ്യത്തിലേയ്ക്കു ഒന്നിച്ചു നീങ്ങുന്നവരായി തീർന്നേക്കാം. അല്ലെങ്കിൽ എല്ലാ വഴികളും ഒരേ ലക്ഷ്യത്തിലേക്കാണ് എന്നു തിരിച്ചറിഞ്ഞേക്കാം. ഒരു കൂട്ടരെ തോൽപ്പിച്ച് മറ്റൊരു കൂട്ടർ വിജയിക്കുകയല്ല; എല്ലാവരും വിജയിക്കുകയാണ് ദർശനത്തിന്റെ സമീപന ശൈലി. ദർശനം മാനുഷികമായ ഒരു ജീവിതശൈലി ഭൂമിയിൽ ഉണ്ടായി വരണമെന്നാണാഗ്രഹിക്കുന്നത്. വൈവിധ്യങ്ങളെ ഒന്നും ഇല്ലാതാക്കാനാഗ്രഹിക്കുന്നില്ല. തന്നയല്ല; ഇന്ന് സദാ വഴി പിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രവണത ഇത്തരം മാനുഷിക പ്രവർത്തനങ്ങളിൽ ഇടപെടുന്നതുകൊണ്ട് ക്രമേണ കുറഞ്ഞുവരികയും ചെയ്യും.

  4. സമൂഹത്തെ ശിഥിലമാക്കി നിർത്തി, അതിൽ നിന്നു മുതലെടുക്കുവാൻ ശീലിച്ചിട്ടുള്ള സാമൂഹ്യ വിരുദ്ധ ശക്തികൾ ദർശനത്തിന്റെ ഈ അന്യോന്യ ജീവിത സങ്കല്പത്തിന് എതിരായി പ്രവർത്തിക്കൂക ഇല്ലേ. അവരുടെ നിലനില്പിന് ദോഷമായി വരുന്നതിനെ അവർ നിലനിർത്തുമോ.

    ഉ: നിലനില്പിന് ശിഥിലീകരണമാണ് വേണ്ടത് എന്ന ധാരണ സമൂഹത്തിൽ എങ്ങനെ വന്നു ചേർന്നു? ഒരു പ്രത്യേക കൂട്ടർ ഉണ്ടാക്കി എടുത്ത പ്രവണതയാണോ ഇത്. ആത്മപരിശോധന ചെയ്തു നോക്കാം. നമുക്കിതിൽ വല്ല പങ്കുമുണ്ടോ? നിങ്ങളുടെതല്ലാത്ത മറ്റൊരു വിഭാഗത്തിൽ ഭിന്നിപ്പുണ്ടാകുമ്പോൾ നിങ്ങളുടെ മനസ്സ് എങ്ങനെ പ്രവർത്തിക്കുന്നു എന്നു നോക്കിയാൽ സത്യം സ്വയം ഉള്ളിൽ തെളിഞ്ഞു വരും. തങ്ങളുടെ കൂട്ടത്തിൽ ഐക്യവും മറ്റെല്ലാറ്റിലും ശിഥിലീകരണവും ഇതാണ് എല്ലാ ഗ്രൂപ്പുകളുടെയും മനസ്സിലിരിപ്പ്. അയൽ വീട്ടിലെ കലഹം പോലും കേട്ടു നിൽക്കാൻ രസമാകും. വളരെ താണ ഒരു മാനസികാവസ്ഥയാണിത്. ഒരു കൂട്ടരിലായി ഇതാരോപിക്കുന്നത് സത്യസന്ധമായിരിക്കുകയില്ല. നമുക്കും ഇതിലൊരു പങ്കുണ്ടെന്നതല്ലേ വസ്തുത. അപ്പോൾ എവിടെ തുടങ്ങണം? അവരവരിൽ തന്നെ തുടങ്ങണം. അന്യരിൽ തുടങ്ങണമെന്ന് നം കരുതുന്ന പലതും സൂക്ഷ്മമായി ചിന്തിച്ചാൽ അവനവനിൽ തന്നെയാണ് തുടങ്ങേണ്ടതെന്നു തെളിഞ്ഞു വരും. അവരിലാണ് തുടങ്ങേണ്ടതെന്ന് നാം കരുതും. നമ്മിലാണ് മാറ്റം വരേണ്ടതെന്ന് അവർ കരുതും. ആരും അവരവരിൽ നിന്നു തുടങ്ങാത്തതുകൊണ്ട് തെറ്റായ ഒരു പ്രവണതയും സമൂഹത്തിൽ നിന്ന് ഒഴിഞ്ഞുപോകുന്നില്ല. നമുക്കു തുടങ്ങാം. ഈ സദസ്സിലുള്ള ഓരോരുത്തരും ഞാൻ മറ്റുള്ളവരുമായി അടുത്തു പെരുമാറും, ആരുമായി അകന്നു മാറാൻ ശ്രമിക്കുകയില്ല എന്നു നിശ്ചയിക്കുകയല്ലേ ഈ ചോദ്യത്തിനുള്ള ഉചിതമായ മറുപടി.

    മറ്റൊന്ന് എതിർശക്തി ശിഥിലമാകാൻ ഇരു കൂട്ടരും ആഗ്രഹിക്കുന്നത് അവരുടെ ശക്തി ക്ഷയിച്ച് ദുർബലരായാലേ തങ്ങൾക്ക് അവരിൽ നിന്നുള്ള ഭയം ഒഴിവായി കിട്ടു എന്നുള്ളതുകൊണ്ടാണ്. എല്ലാവരും പരസ്പരം കൂട്ടാകും എന്നു കണ്ടാൽ ഭിന്നിപ്പിന്റെ പാത അപ്പാടെ അടഞ്ഞുകൊള്ളും. പരസ്പരം കണ്ണിചേരുന്നതോടു കൂടി ആർക്കും ആരേയും ഭയപ്പെടേണ്ടതില്ല എന്നു വരും. യഥാർത്ഥത്തിൽ ഭയന്നിട്ടാണ് കൂട്ടു പിടിക്കുന്നതും മറു കൂട്ടരെ ആക്രമിക്കുന്നതും. എല്ലാവരും കൂടെയുണ്ട് എന്നു വന്നാൽ അതാണാനന്ദമെന്ന് എല്ലാവർക്കും ബോധ്യമുണ്ടാകും. ഇന്ന് ശിഥില കർമ്മങ്ങൾ ചെയ്യുന്നവർക്കു് ആശ്വാസം കിട്ടുന്നത് ദർശനത്തിന്റെ ഈ പാതയിലേക്ക് വരുമ്പോഴാണ്. ഇത് മനസ്സിലാക്കിക്കൊടുക്കുകയാണ് നമ്മുടെ ധർമ്മം.

  5. പ്രപഞ്ചമാകെ സദാ ചലിച്ചുകൊണ്ടിരിക്കുന്നു. ആദ്യം മുങ്ങിയ ആറ്റിലല്ല രണ്ടാമത് മുങ്ങുന്നത്. നിമിഷം കൊണ്ട് അതൊഴുകി മാറിക്കഴിയും. ഇങ്ങനെ സദാ മാറിക്കൊണ്ടിരിക്കുന്ന ലോകത്തു് സ്ഥായി ആയി ഒരാശയം അതെത്ര നല്ലതായിരുന്നാലും നിലനിൽക്കുമോ?

    ഉ:നിലനിൽക്കില്ല എന്നു സമ്മതിച്ചിട്ട് എന്താണു ചെയ്യേണ്ടത്. ഈ പ്രവർത്തനം ഉപേക്ഷിക്കണമോ? പിന്നെന്താണു ചെയ്യേണ്ടത്? എന്തു ചെയ്താലും അത് സ്ഥായി ആയിരിക്കില്ലല്ലോ? ഈ പ്രപഞ്ചമേ നശ്വരമല്ലേ? ഇപ്പോൾ ഈ മഹാസദസ്സിൽ നിറഞ്ഞു കാണുന്ന ലക്ഷക്കണക്കിനാളുകളിൽ ഒരാൾപോലും ഏതാനും വർഷങ്ങൾക്കുശേഷം ഈ ഭൂമിയിൽ കാണുന്നില്ല.നമ്മുടെ മുറ്റം കരിയില വീണു മൂടിക്കിടക്കുന്നു. ഇതൊന്നു തൂത്തു മാറ്റാം എന്നു പറയുമ്പോൾ. “ഇനിയും വീഴില്ലേ, നാളെ ആരു തൂക്കും?” എന്നിങ്ങനെ ചിന്തിച്ച് ഇന്നു തൂക്കാതിരിക്കണമോ?

    “മാറ്റം കൂടിയേ തീരൂ. അതു സംഭവിച്ചുകൊണ്ടിരിക്കും” എന്നാണല്ലോ താങ്കൾ കരുതുന്നത്. ഇന്ന് എന്തിനും നാണയം വേണമെങ്കിൽ നാളെ ഒന്നിനും നാണയം വേണ്ട എന്നു വരട്ടെ.അതും മാറ്റമല്ലേ? ഇന്നടഞ്ഞു കിടക്കുന്ന രാഷ്ട്രാതൃത്തികളും നാളെ തുറന്നിടാം. എന്തിനിതു ഭാവന ചെയ്യുവാൻ മടിക്കണം. മാറ്റം സംഭവിക്കുന്നതിന് പ്രേരണ വേണമല്ലോ. മാറ്റത്തിന്റെ പ്രേരണാ ഘടകങ്ങളായി നമുക്കു തീരാം. പിന്നീടൊരിക്കൽ ഇതിനും അപ്പുറത്ത് ഏതോ ഒന്നായി ലോകം മാറിയേക്കാം. നമുക്ക് പിടിച്ചു നിറുത്താൻ നോക്കാതെ പുതിയ ഒഴുക്കുകൾ സൃഷ്ടിക്കാൻ നോക്കാം.

  6. ’’നാമിപ്പറയുന്നതെല്ലാം ശരി. എന്നാൽ ബഹുഭൂരിപക്ഷം പേരും ഇതൊന്നും ശ്രദ്ധിക്കില്ല. കിട്ടുന്ന കിട്ടുന്ന മധുരം നുകർന്ന് പൂവുതോറും പറക്കുന്ന ശലഭം പോലെ ജീവിച്ചു മരിക്കുന്ന മനുഷ്യനോട് ആരെന്തു പറഞ്ഞാലും ഒരു ഫലവും ഉണ്ടാകില്ല. പ്രവാചകന്മാർ എത്രായിരം വർഷങ്ങളായി പറഞ്ഞു. എന്തെല്ലാം പ്രത്യക്ഷത്തിൽ അനുഭവപ്പെടുത്തി കൊടുത്തു. ഇപ്പോഴും തോണി കടവിൽ തന്നെ. എവിടെയോ കെട്ടുണ്ട്. അതഴിക്കാതെ എത്ര തുഴഞ്ഞാലും മുന്നോട്ടു നീങ്ങില്ല.’’

    ഉ: ആ കെട്ട്, അന്യഥാഭാവമാണെന്നാണെന്റെ വിചാരം. അപരൻ എനിക്കുള്ളവനല്ല; എന്ന് ഓരൊരുത്തരും കരുതിപ്പോയി. ഇതല്ലേ കെട്ട്. ഇതഴിയാൻ മൈത്രീ ഭാവന സഹായിക്കും. ഇതഴിയാൻ ജൈവാർച്ചന ഉപകരിക്കും. ഈ വഴിയുള്ള വിചാരധാരയാണ് ഈ യോഗം സംഘടിപ്പിക്കാൻ കാരണം. നാമെല്ലാം പ്രേരകരായാൽ മുന്നോട്ടൊരായം കിട്ടിയേക്കാം.

    എന്നാൽ, ശ്രദ്ധിക്കാത്തവരെ എങ്ങനെ ശ്രദ്ധിപ്പിക്കും? ഇന്നിന്റെ രസം ആസ്വദിച്ചാനന്ദിക്കുന്നവരെ ഭാവിയുടെ രസാസ്വാദനത്തിനെങ്ങനെ പ്രേരിപ്പിക്കും. ചെവി തരില്ലല്ലോ. ബോദ്ധ്യമുള്ളവർ ബോദ്ധ്യപ്പെടുത്തികൊണ്ടിരിക്കണം. അതിനുള്ള ഏറ്റവും ഉത്തമമായ ഉപാധി വിചാരവും വാക്കുമാണ്. പ്രഭാഷണങ്ങളെക്കാൾ ഉത്തമം സംഭാഷണമാണ്. ഉറക്കെപ്പറയുന്നതിനേക്കാൾ ഫലം കിട്ടും സാവധാനം സംസാരിച്ചാൽ. ചെറിയ ചെറിയ സമീപനങ്ങളാണ് വേണ്ടത്. തെരുവിലൂടെ ഘോഷയാത്രയും, ഇത്തരം മഹാസമ്മേളനങ്ങളും, വൻമേളകളും, ശബ്ദകോലാഹലങ്ങളും കൊണ്ട് ഭ്രമിപ്പിച്ച് സാധിക്കാവുന്ന കാര്യമല്ല ജീവിതശൈലീ പരിവർത്തനം. നാം ഇത്ര വലിയ വിശ്വമഹാസമ്മേളനം സംഘടിപ്പിച്ചു. ലോകത്തെയാകെ അറിയിച്ചതല്ലാതെ ഇവിടെ ബാഹ്യാകർഷണത്തിന് ഒന്നും ഇല്ല്ലല്ലോ. ഒരു സ്വാഗത കമാനം പോലും ഉയർത്തിയിട്ടില്ലല്ലോ. ഒരു കേന്ദ്രത്തിലേക്കാകർഷിക്കുകയല്ല; ഓരോരുത്തരും മാറ്റത്തിന്റെ കേന്ദ്രബിന്ദുവാകുകയാണ് വേണ്ടത്. അതുകൊണ്ട് പറഞ്ഞു തുടങ്ങുക. അതാണ് ഉത്തമമായ തുടക്കം. പിന്നീട് യുക്തമായ വഴികൾ തെളിഞ്ഞുവന്നുകൊള്ളും.

എന്റെ സമീപനം

ബഹുജനങ്ങൾക്ക് ഇതു ബോദ്ധ്യമാകുമോ എന്നു ചിന്തിച്ച് നിരാശനാകാതെ, എനിക്കു് ബോദ്ധ്യമാകുന്നുണ്ടോ എന്ന് സ്വയം നോക്കൂ. ലോകത്ത് മറ്റാർക്കും വേണ്ടെങ്കിലും എനിക്കെന്റെ കുഞ്ഞിനെ വേണം എന്നൊരമ്മ കരുതി പോറ്റുന്നതുപോലെ ആശയങ്ങളെ സ്വന്തമാക്കി വളർത്തുക. സംഭവിക്കേണ്ടതു സംഭവിച്ചുകൊള്ളും. ലോകത്തിന്റെ ആകെ ചുമതല ഏറ്റെടുക്കാതിരിക്കുക. എന്നാൽ ലോകത്തിനാകെ വേണ്ടി പ്രവർത്തിക്കുക. ഈ സമീപനമാണ് ഞാൻ സ്വീകരിച്ചിട്ടുള്ളത്.

ചോദ്യങ്ങൾ കുന്നുകളായി ഉയരുന്നു. ഇതെല്ലാം ഒന്നു വായിക്കുവാൻ പോലും ഈ യോഗത്തിൽ പറ്റില്ല. എല്ലാം കമ്പ്യൂട്ടറിനു കൊടുക്കാം. എന്റെ വീക്ഷണവും കൊടുക്കാം. ഏതാനും കുറിപ്പുകൾ കൂടി എടുത്തിട്ട് ഈ യോഗം സമാപിപ്പിക്കാം.

  1. മനസ്സിന്റെ ഈ അത്ഭുത പ്രപഞ്ചത്തിൽ ആർക്കെന്തു ചെയ്യാൻ കഴിയും? എന്റെ മനസ്സ് എന്നേയുംകൊണ്ട് എങ്ങോട്ടെല്ലാം പോകുമെന്ന് എനിക്കു തന്നെ അറിഞ്ഞു കൂടാ. ഞാൻ പാടില്ലത്തതെന്ന് ഉറപ്പായി കരുതുന്നേടത്തേക്ക് സ്വയം ചെന്നു ചേർന്നെന്നു വരും. ഇങ്ങനെയുള്ള കോടാനുകോടി ജന മനസ്സുകളിൽ ‘എല്ലാവരും എന്റെ’ എന്ന പൊതു ഭാവം സംഭവിക്കുമെന്നു കരുതാൻ ഒരു സാദ്ധ്യതയും കാണുന്നില്ല. ഈ ഭാവം എല്ലാവരിലും വന്നാൽ സ്വർഗ്ഗരാജ്യമാകുമെന്നതിന് സംശയമില്ല. എന്നാൽ ഒരിക്കലും അതു സംഭവിക്കുകയില്ല. മനസായിരിക്കും മുഖ്യ തടസ്സം. സർവ്വരുടേയും മനസ്സ് വിശാലമാക്കുക എന്ന കാര്യം വിചാരിക്കാൻ പോലും സാദ്ധ്യമല്ല. പ്രായോഗികത ഒട്ടും ഇല്ലാത്ത ഒരാകാശ കുസുമമാണ് ജ്യേഷ്ഠന്റെ സംരംഭം എന്നതിൽ എനിക്കു സംശയമില്ല. ഭൂമിയിൽ രണ്ടു പേരുണ്ടെങ്കിൽ ഇതു നടക്കില്ല. വിഭിന്നത ഒഴിവാകുകയേയില്ല.’’

    ഉ: പിണങ്ങാൻ മത്രമല്ല; ഇണങ്ങാനും രണ്ടുപേർ വേണ്ടേ? ഭൂമിയിൽ ഭിന്നത മാത്രമേ ഉള്ളോ? ഐക്യതയും ഇല്ലേ? നാം ഇല്ലാത്ത ഒന്ന് ഉണ്ടാക്കാനല്ല ശ്രമിക്കുന്നത്. ഉള്ള ഒന്നിനെ തടസ്സം നീക്കി പരക്കെ ഒഴുക്കാനാണ് ശ്രമിക്കുന്നത്. വ്യാപകമായിപ്പോയ ഒരു തെറ്റിദ്ധാരണ നീക്കാനാണ് ശ്രമിക്കുന്നത്. പരസ്പരം സംഭവിച്ചു പോയ തെറ്റിദ്ധാരണയിൽ നിന്നാണ് ശത്രുത ഉണ്ടാകുന്നത്. ഇരു കൂട്ടരും കൂടി വൃഥാ ഭൂമിയുടെ മേൽ ആരോപിച്ചുണ്ടാക്കിയ അടിസ്ഥാനരഹിതമായ ഒരു മിഥ്യാബോധമാണ് അതിര്. എല്ലാം നമുക്കുള്ളതാണെന്ന സത്യബോധം തെളിഞ്ഞു വരുമ്പോൾ ഈ മിഥ്യാബോധം നീങ്ങിക്കൊള്ളും. ‘എനിക്ക് മിത്രങ്ങൾ വേണ്ടാ; സ്നേഹിതരേ വേണ്ട; എല്ലാവരുമെന്റെ ശത്രുക്കളായി തീർന്നാൽ മതി’ എന്ന് ആരെങ്കിലും വിചാരിക്കുമോ?

    എല്ലാവരും എന്നെ സ്നേഹിക്കുന്നു; ആദരിക്കുന്നു; ആരും എന്നെ പുച്ഛിക്കുന്നില്ല; എന്നു വന്നാൽ അതെനിക്ക് വേണ്ടെന്നു തോന്നുമോ. ഇല്ലല്ലോ. മനസ്സ് ഭിന്നമായിക്കൊള്ളട്ടെ. മുൻകോപി ആയിക്കൊള്ളട്ടെ. കാമിയാവട്ടെ. ഈ ദോഷങ്ങളെല്ലാം ഉണ്ടായിരിക്കെത്തന്നെ മറ്റുള്ളവർ തനിക്ക് കൂട്ടായി ഉണ്ട് എന്ന കാര്യം വേണ്ടെന്ന് ആരെങ്കിലും വിചാരിക്കുമോ. അയൽക്കാരുമായി നിത്യ പിണക്കത്തിലായിരിക്കുന്ന ഒരാളുടെ വീട് രാത്രി ആക്രമിക്കപ്പെടുകയോ, അഗ്നിക്കിരയാകുകയോ ചെയ്യുമ്പോൾ എന്റെ ശത്രുക്കളായിരുന്നവരാരും എന്നെ സഹായിക്കാൻ വരേണ്ട എന്നാരെങ്കിലും വിചാരിക്കുമോ? ദുരന്തവേളകളിൽ സർവ്വ വിഭാഗീയതകളും നാം മറന്ന് ഒന്നാകുന്നില്ലേ? നാമെല്ലാം ഉള്ളിന്റെ ഉള്ളിൽ ഒന്നാണ് എന്നൊരു സത്യമുണ്ട്. ഈ സത്യത്തിന്റെ പ്രകാശനത്തിനുള്ള തടസ്സം നീക്കുന്നതാണ് നമ്മുടെ വിഷയം. അതു പ്രകാശിക്കുന്നതോടുകൂടി മറ്റെല്ലാ ദോഷങ്ങളും മാറിപ്പോകണം എന്നു കരുതുന്നില്ല. വളരെ ഉന്നതമായ ആദർശം ദർശനത്തിന്റെ മേൽ വച്ചു കെട്ടരുതേ എന്നു ഞാൻ അഭ്യർത്ഥിക്കുന്നു. ഇത് എന്നെപ്പോലെ വെറും സാധാരണക്കാരുടെ തലത്തിൽ നിന്നുള്ള ഒരു ചിന്തയാണ്. “എടോ മത്തായി, ഞാൻ നിന്റെ കൂടെ ഉണ്ടാകാം. നീ എന്റെ കൂടെയും ഉണ്ടായിരിക്കണം കേട്ടോ”. ഇത്രേ ഉള്ളു ദർശനത്തിന്റെ അപേക്ഷ. സർവ്വസംഗപരിത്യാഗം ദർശനം ആവശ്യപ്പെടുന്നില്ല. അതിന്റെ മഹത്വത്തെ മാനിക്കുന്നു. ബ്രഹ്മചര്യത്തെ മാനിക്കുന്നു. എന്നാൽ ആസക്തികളെ ആകെ നിരാകരിക്കുന്നില്ല. അനാർഭാട ജീവിതത്തെ ആദരിക്കുന്നു. ഒരാൾക്ക് കസവു വസ്ത്രം ധരിക്കണമെന്ന ആഗ്രഹത്തെ തള്ളുന്നില്ല. അയാൾക്ക് അയാൾ ആവശ്യപ്പെടുന്ന തരം കസവു വസ്ത്രം നെയ്ത്തുകാർ ഉണ്ടാക്കിക്കൊടുക്കും. അതിന് വില ഉണ്ടാവില്ല. സ്വന്തം കുടുംബത്തിലെ ഒരംഗത്തിന്റെ മോഹം ആ കുടുംബത്തിലെ മറ്റംഗങ്ങൾ നിറവേറ്റിക്കൊടുക്കുന്നതു പോലെ. ഇതസാദ്ധ്യമാണോ? മനുഷ്യന് തിന്മകളിൽ നിന്ന് പൂർണ്ണമുക്തി നേടാൻ വ്യാപകമായി കഴിയുമോ എന്നോർത്താണ് പലരും ഭയപ്പെടുന്നത്. തിന്മകളോടു കൂടി ഓരോരുത്തരും അവരവരെ അംഗീകരിക്കുന്നതു പോലെ, നമ്മുടെ വീട്ടിലുള്ളവരുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതുപോലെ ലോകത്താകെ ജീവിക്കാൻ കഴിയുകില്ലേ എന്നതാണ് ദർശനത്തിന്റെ പരീക്ഷണം.

  2. ഭാവിലോകത്തെപ്പറ്റി ജ്യേഷ്ഠന്റെ സങ്കല്പം അറിയണമെന്നുണ്ട്.’’

    ഉ: പറയാം. ‘പുതിയ ലോകം പുതിയ വഴി’ എന്ന മുൻ പുസ്തകത്തിൽ ഇതേപ്പറ്റി വിശദമായി പറഞ്ഞിട്ടുണ്ട്. ഓരോ ജനനവും അന്ന് ലോകകുടുംബത്തിലെ ഒരഗമായിട്ടായിരിക്കും. വിശ്വസമൂഹത്തിനുവേണ്ടി പ്രാദേശിക സമൂഹങ്ങളാലായിരിക്കും ഓരോരുത്തരും വളർത്തപ്പെടുക. ‘എന്റെ വീടാണീ ലോകം’ എന്ന ബോധം ഓരോ കുട്ടിക്കും സദാ ലഭിക്കും. നിരന്തര സമ്പർക്കം ഉണ്ടായിരിക്കും. അടുത്തടുത്തുള്ള വീടുകൾ ഏതു സമയത്തും ഏതാവശ്യത്തിനും ഉടനടി കൂടിച്ചേരത്തക്ക സംവിധാനം ഭൂമിയിലാകെ ഉണ്ടാകും. നിത്യേന കൂടുന്ന ഓരോരു സമൂഹത്തിലും തങ്ങളുടെ വിശേഷങ്ങൾ ലോകത്തെ അറിയിക്കുവാനും, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ള വിവരങ്ങൾ തങ്ങൾക്കറിയുവാനും അപ്പപ്പോൾ സഹായിക്കുന്ന സാങ്കേതിക വിവരനിലയങ്ങൾ ഉണ്ടാവും. കടലാസ്സിന്റെ ഉപയോഗം വളരെ കുറയും. ബാലവേല ഇല്ലാതാവുകയല്ല; ആബാലവൃദ്ധം അദ്ധ്വാനികളാകുകയാണ് അന്ന്. വിദ്യാർത്ഥികൾ എന്നൊരു വിഭാഗം ഉണ്ടാവില്ല. എല്ലാവരും വിദ്യാർത്ഥികളൂം അദ്ധ്യാപകരും ആയിരിക്കും. വിദ്യാഭ്യാസം ഏകാദ്ധ്യാപക വിദ്യാശാലകളിലായിരിക്കും സാധാരണ നടക്കുന്നത്. മിക്കവാറും അദ്ധ്യാപകന്റെ ഭവനം തന്നെയായിരിക്കും. താല്പര്യമുള്ള ഒരാൾക്ക് ഒരു ദിവസം സംഗീതാദ്ധ്യാപകന്റെ അടുത്ത് രണ്ടുമണിക്കൂർ സംഗീതം പഠിച്ചിട്ട് ചിത്രരചനാദ്ധ്യാപകന്റെ വീട്ടിലേക്ക് ചെല്ല്ലാം. പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്താൻ സ്ഥാപനങ്ങൾ ഉണ്ടാവും. എവിടെ ചെന്നാലും ആവശ്യമുള്ള അത്രയും സമയം ഭൂമിയിൽ പണിയെടുക്കുവാൻ ഓരോരുത്തരും സന്നദ്ധരായിരിക്കും. കാർഷിക ഉല്പന്നങ്ങളും വ്യാവസായിക ഉല്പന്നങ്ങളും കരജല വ്യോമമാർഗ്ഗങ്ങളിലൂടെ ആവശ്യമായ ഇടങ്ങളിലേക്ക് നിരന്തരം ഒഴുകികൊണ്ടിരിക്കും. പ്രധാന വിതരണോപാധി കൈകളായിരിക്കും. രാവിലെ ഒരു വീട്ടിൽ പ്ലാവിലെ ഒരു ചക്ക ഇടുന്നെങ്കിൽ തലേന്നു കൂടുന്ന തറക്കൂട്ടയോഗത്തിൽ പറഞ്ഞെന്നു വരും. നാളെ രാവിലെ തങ്ങൾക്ക് ഒരു പോന്തു ചക്ക കിട്ടുമെന്ന് ആ തറയിലെ എല്ലാ വീട്ടുകാർക്കും ഉറപ്പാക്കാം. വേറൊരു വീട്ടിൽ നിന്ന് മുരിങ്ങക്കാ കിട്ടിയേക്കാം. അദ്ധ്വാനം, ഉല്പാദനം, വിതരണം, ഉപഭോഗം ഇത് നാലും ആനന്ദമായി തീരുന്ന ഒരു ലോകമായിരിക്കും അത്. ദോഷങ്ങളെല്ലാം അന്നും ഉണ്ടാകുമെങ്കിലും പടർന്നു വലുതാകാൻ ഇടവരില്ല. വേഗം ശ്രദ്ധിക്കപ്പെടും. രഹസ്യക്കലവറകളാകാൻ ഒരു വീടിനും കഴിയാതെ വരും. പോരെ?

  3. ’’ഇന്നിൽ നിന്നു നാളയിലേയ്ക്കുള്ള പുതിയ വഴി തെളിച്ചെടുക്കാൻ എന്തു ചെയ്യണം എന്ന പ്രശ്നമാണ് ഏറ്റവും മുഖ്യപ്രശ്നം’’.

    ഉ: ഡോ. എൻ. എൻ. പണിക്കർ പറയാറുള്ള ക്രിട്ടിക്കൽ മാസ്സ് എന്ന ശബ്ദം ഇവിടെയാണ് പ്രസക്തമാകുന്നത്. മേനോൻസർ പറയാറുള്ളത് ‘പട്ടിയുടെ വാൽ നിവർക്കാൻ ശ്രമിക്കുന്നവന് നിവരാമെന്നല്ലാതെ വാലു പിന്നേയും തഥൈവ എന്നാണ്. മനുഷ്യമനസ്സിന്റെ ഗതിവിഗതികൾ നിരീക്ഷിക്കുന്തോറും ഇത് അസാദ്ധ്യമെന്നു തന്നെ തോന്നിപ്പോകും. ഒരാളിൽതന്നെ ഒരായിരം വ്യത്യസ്ത മനസ്സുകൾ പ്രവർത്തിക്കുന്നുണ്ട്. എന്റെ ഇതുവരെ ഉള്ള പ്രവർത്തനങ്ങളുടേയും ചിന്തനത്തിന്റേയും പഠനത്തിന്റേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ എനിക്കു തോന്നിയിട്ടുള്ളത്, ഞാൻ വിഭാവന ചെയ്യുന്നതരത്തിലുള്ള ഒരു ലോകം ഒരിക്കലും സംഭവിക്കുകയില്ല എന്നാണു്. എന്റെ വീട്ടിൽ ഈ സങ്കല്പം ഉൾക്കൊള്ളാൻ രമയ്ക്കും ശാന്തിക്കും പൂർണ്ണമായി കഴിയുന്നില്ല. രണ്ടര വർഷമായി നിരന്തരം കൂടുന്നുണ്ടെങ്കിലും വട്ടപ്പായിത്ര തറയിലുള്ള ഞങ്ങളിൽ ഒരാൾക്കുപോലും ഈ വിഷയത്തിൽ ഗൗരവബോധം ഉണ്ടായിട്ടുള്ളതായി കാണുന്നില്ല. എനിക്കാകാതെവന്നാൽ അധികം താമസിയാതെ ഈ തറക്കൂട്ടം നിന്നുപോകാനാണിട. ഒരു വസ്തുതകൂടി വീണ്ടും പറയട്ടെ. എനിക്കും ഈ സങ്കല്‌പത്തിനനുസരിച്ച് ജീവിക്കുവാൻ കഴിയുന്നില്ല. പുറമേ ഉദാരമെന്നു തോന്നാവുന്ന പലതും ഞാൻ ചെയ്യുന്നുണ്ടെങ്കിലും ഉള്ളത് ആർദ്രമായിട്ടില്ല.

    എങ്കിൽ പിന്നെ എന്തിനീ ജോലി ചെയ്യുന്നു? ഇതൊക്കെയാണെങ്കിലും പുതിയൊരു സമൂഹത്തിന്റെ പിറവിക്കു വേണ്ടി കഴിവതുചെയ്തുകൊണ്ടിരിക്കണമെന്നു തോന്നുന്നതുകൊണ്ടു ചെയ്യുന്നു. വളരെ ചെറിയ നല്ല അനുഭവങ്ങൾ ഉണ്ടാകാറുമുണ്ട്. ഏറെ മനസ്സുകളിൽ ഈ സങ്കല്‌പം കടന്നുചെല്ലാനിടയായാൽ നല്ല മാറ്റം സംഭവിച്ചേക്കാം. നടക്കുകയില്ല എന്ന തോന്നൽ തെറ്റിക്കൂടെന്നില്ല. ഈ വഴിക്ക് ഒരു നീക്കം ഉണ്ടായാൽ തന്നെ നമ്മുടെ ജീവിതം സ്വസ്ഥമാകാൻ തുടങ്ങും. അതിനെപ്പറ്റി ചിന്തിക്കുമ്പോൾ ഒരു വഴി തെളിഞ്ഞു വരാറുണ്ട്. അതു വ്യക്തമാക്കാം.

    നമ്മുടെ ആള്‍ക്കാരെല്ലാം നിരവധി സംഘടനകളില്‍ പെട്ടിട്ടുള്ളവരാണല്ലോ. അവരവരുടെ സ്ഥലങ്ങളില്‍ അന്യോന്യ ജീവിതത്തിന്റെ ചെറുവേദികള്‍ രൂപീകരിക്കുന്നതിന് ഈ സംഘടനകള്‍ അംഗങ്ങള്‍ക്ക് പ്രേരണ നല്‍കണം. സാമുദായിക സംഘടനകള്‍ എല്ലാം നവസമൂഹരചന തങ്ങളുടെ ലക്ഷ്യമായി പ്രഖ്യാപിക്കണം. നിയമസഭയിലും മന്ത്രിസഭയിലും ഇതു ചര്‍ച്ചാവിഷയമാക്കണം. ത്രിതല പഞ്ചായത്തുകളിലും അയല്‍ക്കൂട്ടങ്ങളിലും ബന്ധുത്വ ജീവിതത്തിന്റെ ആവശ്യകത കാര്യപരിപാടിയാക്കണം. ഗവണ്‍മെന്‍റിലെ സകല ഉദ്യോഗസ്ഥന്മാരും തറക്കൂട്ട നിര്‍മ്മാണത്തില്‍ മുന്‍കൈ എടുക്കാന്‍ നിര്‍ദ്ദേശം നല്‍കണം. ഇടവകകളിലും മഹലുകളിലും, എല്ലാ ആരാധനാലയങ്ങളിലും മാനുഷിക ജീവിത സന്ദേശം ഉള്‍കൊണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം. വാര്‍ത്താമാദ്ധ്യമങ്ങളിലും കലാസാഹിത്യരംഗങ്ങളിലും മൈത്രീജീവിതം നയിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്ന ആവിഷ്കാരങ്ങള്‍ ഉണ്ടാകണം. ഇങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വന്ന് ഏതോ ഒരു പരിധി കടന്നാല്‍ അത് സാമൂഹ്യ അനുഭവമാകാന്‍ തുടങ്ങും. പിന്നെ ഗതിവേഗം വര്‍ദ്ധിക്കും. അന്തരീക്ഷം തെളിയാന്‍ തുടങ്ങും. സാധാരണ മനസ്സുകളില്‍ അനുരണനം ഉണ്ടാകാന്‍ തുടങ്ങിയാല്‍ അത്ഭുതകരമായ മുന്നേററം സമൂഹത്തിലുണ്ടാകും.

    തീ കെടട്ടെ കെടാതിരിക്കട്ടെ വെള്ളം ഒഴിക്കാം. വിളക്കു കെടുന്നതിന് കെടുന്നതിന് കൊളുത്തിക്കൊണ്ടിരിക്കാം. കീറുന്നത് കീറുന്നത് തുന്നിക്കൊണ്ടിരിക്കാം. പരസ്പരം കണ്ണിചേരുക തന്നെയാണ് സാമൂഹ്യ രംഗത്തെ ആദ്യത്തെ ചുവട്. നൂല് നെയ്ത് വസ്ത്രം ആക്കാന്‍ താമസം വരുമെന്നതുകൊണ്ട് നൂലു തന്നെ എടുത്ത് അരയില്‍ ചുററാം എന്നു കരുതുന്നത് ബുദ്ധിയാണോ.

    കൊടുമ്പിരിക്കൊള്ളുകയേ ഉള്ളു. തഴ പോന്തി മുള്ളു കളഞ്ഞ് ഒരുമയാക്കി പായ് നെയ്യാന്‍ താമസം വരുമെന്നതുകൊണ്ട് തഴ വിരിച്ച് കിടക്കാന്‍ തുടങ്ങിയാല്‍ ദേഹമാകെ മുള്ളു കൊള്ളുകില്ലേ. വ്യക്തിയിലുള്ള ഗുണ വികസന സാദ്ധ്യതയില്‍ സ്പര്‍ശിക്കാതെ അവനെ അപ്പാടെ സമൂഹമാക്കിമാററാമെന്ന മോഹത്തിലാണ് സാമൂഹ്യപ്രവര്‍ത്തകര്‍ പോലും ഉള്ളത്. കൈകോര്‍ക്കാന്‍ പ്രേരണകൊടുത്താല്‍ മാത്രം മതി. കൈകോര്‍ത്തുകഴിഞ്ഞാല്‍ അനന്തസാധ്യതകള്‍ ചുരുളഴിഞ്ഞു വന്നുകൊള്ളും. പിറക്കുമ്പോള്‍ നാം ഓരോരുത്തരും ഓരോ കണ്ണിയാണ്. തമമില്‍ ചേര്‍ന്ന് തുടലായാല്‍ മദയാനയെ തളയ്ക്കുന്നതിനാവും. ഒററയ്ക്കു നില്‍ക്കാനുള്ള പിറവിയുടെ സ്വഭാവം നിലനിര്‍ത്തി, എല്ലാവരും അണുകുടുംബമായാല്‍ നാം ഭൂമിക്ക് ഭാരമാവുകയേയുള്ളു. കണ്ണിചേരാതെ നമ്മെ ഒന്നിനും കൊള്ളുകയില്ല. സമസ്തജീവരാശികളുമായും പ്രപഞ്ചവുമായും ചേര്‍ന്ന് ജീവിക്കുകയാണ് മഹത്വം. ഓരോരുത്തരും മററുളളവരിലേക്ക് വളരുകയാണ് യഥാര്‍ത്ഥ വികസനം. അപ്പോഴാണ് നാം സമൂഹജീവി ആകുന്നത്. സമൂഹജീവിതം തുടങ്ങാതെ സാമൂഹ്യവികസനത്തിനു ധൃതിക്കൂട്ടിയാല്‍ എല്ലാം അവതാളിത്തിലാവുകയേ ഉള്ളു. ഓല വെള്ളത്തിലിട്ട് കുതിര്‍ത്തു, വലിച്ച കയററി തോര്‍ത്തി, മെടഞ്ഞെടുക്കാന്‍ കാലതാമസവും ബദ്ധപ്പാടുമാകക്കൊണ്ട് കീറിയ പാടെ പുര മേയാം എന്നു കരുതിയാല്‍ വെയിലും മഴയുമേറ്റ് കിടക്കേണ്ടിവരില്ലേ? എളുപ്പവഴിയും കുറുക്കുവഴികളും തേടാതെ നേര്‍വഴിയേ പോകാം.

    രണ്ടു പോയിന്റുകള്‍ എടുത്തു പറയട്ടെ:

    1. ലക്ഷ്യത്തിലെത്തട്ടെ എത്താരിരിക്കട്ടെ സ്വയം മററുള്ളവരോടുചേര്‍ന്ന് ജീവിക്കാന്‍ മനസ്സൊരുക്കുക.
    1. സംവാദം, കൊടുക്കല്‍ വാങ്ങല്‍, ചെറുസമൂഹവൃത്തങ്ങള്‍ രൂപീകരിക്കല്‍, അന്തരീക്ഷത്തില്‍ അന്യോന്യ ജീവിതത്തിന്റെ കുരുന്ന് ഓളങ്ങള്‍ ഉണര്‍ത്തി വിടുക തുടങ്ങി ചെയ്യാവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുക.

    ഈ രണ്ടു പ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ടേയിരിക്കാം. ലോകം അതിന്റെ വഴിക്ക് പോകട്ടെ.

  4. ഇവിടെ ഇതുവരെ നടന്ന സംവാദങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയായിരുന്നു. ആരോ എന്നോ തെററായി നിശ്ചയിച്ചുവച്ച പല മൂഢസങ്കല്പങ്ങളില്‍ അടി ഉറച്ചതായിരുന്നു താങ്കളുടെ മറുപടികളും ഇവിടെ ഉണ്ടായ ചോദ്യങ്ങളും. അതുകൊണ്ട് ഞാന്‍ ഇവിടെ ശബ്ദിക്കേണ്ട എന്നു കരുതിയെങ്കിലും ഇവിടെ കുടിയവരെല്ലാം വെറും വിഡ്ഢികളല്ലെന്ന് താങ്കളും മറ്റുള്ളവരും അറിഞ്ഞിരിക്കട്ടെ. എല്ലാവരും ബന്ധക്കളാണെന്ന് ഓരോരുത്തരും കരുതി ജീവിക്കണം എന്ന നിര്‍ദ്ദേശം മാനുഷികമേ അല്ല. ജീവസ്വാഭാവത്തിന്റെ തന്നെ നിഷേധമാണത്. ശത്രുതയാണ് ജീവന്റെ മുന്നേററത്തിനു നിദാനം. അപരനെക്കൂടി പരിഗണിച്ചു ജീവിതത്തെ നിയന്ത്രിച്ചു നിറുത്തേണ്ട യാതൊരാവശ്യവും എനിക്കില്ല. എനിക്കു വിശന്നാല്‍ എന്റെ മുന്നില്‍ തിന്നാന്‍ കൊള്ളാവുന്നതെന്ന് എനിക്ക് തോന്നുന്നത് കണ്ടാല്‍ ഞാനതെടുത്ത് കഴിക്കും. അത് മറ്റൊരാള്‍ക്കുള്ളതാണ് എടുക്കരുതെന്ന് പറയുന്നവനെ ഞാന്‍ ചവുട്ടിത്തള്ളും. മല്‍പിടുത്തത്തില്‍ ഞാന്‍ മരിച്ചാല്‍ മരിച്ചുകൊള്ളട്ടെ. അതാണു ജീവിതം. ഇക്കണ്ട ധര്‍മ്മസംഹിതകളെല്ലാം ഭീരുത്വത്തിന്റേതാണ്. എനിക്ക് ലൈംഗികാനന്ദം അനുഭവിക്കണമെന്ന് തോന്നുമ്പോള്‍ ഒരു നിയമവും എനിക്കു ബാധകമല്ല. അതെന്റെ ആവശ്യമാണ്. മറുഭാഗത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പോലും ഞാന്‍ കണക്കാക്കില്ല. ഞാന്‍ ജനിച്ചത് എന്റെ ഇഷ്ടത്തിനു ജീവിക്കാനാണ്. ഇത്രകാലം ജീവിക്കണമെന്നൊന്നും എനിക്കില്ല. ഉള്ളകാലം സ്വതന്ത്രമായി ജീവിക്കണം. ഇതിനു തടസ്സം സൃഷ്ടിക്കുന്ന ഇമ്മാതിരി സംരംഭങ്ങളെ ഞാന്‍ ശക്തി ആയി എതിര്‍ക്കുന്നു. എനിക്കു ജീവിക്കാന്‍ ഈശ്വരനെ ആവശ്യമില്ല. മററാരാനും നിര്‍ദ്ദേശിക്കുന്ന തത്വസംഹിതകളെ പഠിച്ച് അനുസരിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനല്ല. ബുദ്ധനും ക്രിസ്തുവിനും ആര്‍ക്കും എന്റെ മേല്‍ സ്വാധീനം ചെലുത്താന്‍ ഞാനനുവദിക്കില്ല. ഇവരൊക്കെക്കൂടി ഇത്രകാലം ശ്രമിച്ചിട്ടും എന്തുണ്ടായി. ലോകം ഇന്നും സംഘര്‍ഷത്തില്‍ തന്നെ. എന്നും അങ്ങിനെ ആയിരിക്കും. പരസ്പര സംഘര്‍ഷം ജീവന്റെ സ്വഭാവമാണ്. അത് മാററാന്‍ ശ്രമിച്ചു തോററവരെയാണ് നിങ്ങള്‍ ദൈവമെന്നു വിളിച്ചു നടക്കുന്നത്. ഉരസി ജീവിക്കുന്നതിലെ ആനന്ദമാണെനിക്കിഷ്ടം. ആര്‍ക്കും ഇതു തിരുത്താനാവില്ല. തിരുത്തേണ്ട കാര്യവുമില്ല. എനിക്ക് നിങ്ങളുടെ മറുപടി കേള്‍ക്കേണ്ട. വ്യത്യസ്തമായി ചിന്തിക്കുന്നവര്‍ ഈ സദസ്സിലുണ്ടെന്ന് നിങ്ങളെ ധരിപ്പിക്കുവാനാണ് ‍ഞാനിത്ര നേരമിരുന്ന് നിങ്ങലുടെ അന്ധബോധനം കേട്ടത്. ഞാന്‍ പോകുന്നു.

    ഉ: അനുജാ, വേണ്ടത്ര സമയമെടുത്ത് അനുജന്റെ വീക്ഷണം ഞങ്ങള്‍ക്ക് വിശദീകരിച്ചു തരു. ഇപ്പോള്‍ പോകരുത്. പോകയാണല്ലേ. അനുജന്റെ ഇഷ്ടം.

    ഏതാണ് സത്യം ഏതാണസത്യം എന്നാര്‍ക്കറിയാം. എല്ലാറ്റിലും ഒരു സത്യം കണ്ടേക്കാം. ജീവിതത്തില്‍ സംഘര്‍ഷവും ഉണ്ട് എന്നത് സത്യം. ജീവിതം സംഘര്‍ഷമാണ് എന്നു കരുതുന്നത് അസത്യം. എനിക്ക് എല്ലാവരേയും വെറുത്ത് ജിവിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ എല്ലാവരും എന്നെ വെറുത്താൽ ഞാനല്ലാതായിപ്പോകും. ആ അനിയനെ സ്നേഹിക്കുന്നവരും അനിയന്‍ സ്നേഹിക്കുന്നവരും ഉണ്ടാവും ഈ സദസ്സില്‍. അനിയന്‍ ഇത്രയും പറഞ്ഞതുകൊണ്ട് നാം അനിയനെ വെറുക്കുന്നില്ലല്ലോ. അനുജന്‍ ഒരു വശം മാത്രം കാണുന്നു. സംഘര്‍ഷവും അനുരണനവും ഉണ്ട്. കീഴടക്കലുമുണ്ട്, സ്വതന്ത്രമാക്കലുമുണ്ട്.

    നായ്ക്കള്‍ തമ്മിലുളള കടിപിടിയുടെ കൂട്ടത്തില്‍ നായ്ക്കുട്ടികള്‍ തമ്മിലുള്ള കളിയും കാണേണ്ട. നിറയെ പൂവിരിച്ച് സുഗന്ധം പരത്തുന്ന ഒരു പനീര്‍പടപ്പ് കാണാതിരിക്കാമോ? നമ്മുടെ ഇടയില്‍ തന്നെ ളള്ള സൌഹൃദ ബന്ധങ്ങളെ കണ്ടാനന്ദിക്കുവാനുള്ള ഭാഗ്യം ആ അനുജന്‍ നഷ്ടപ്പെടുത്തുന്നുവല്ലോ. മതഭ്രാന്ത് നമുക്കുണ്ട്. സമ്മതിക്കുന്നു. വ്യത്യസ്ത മതത്തിലെ ആളുകള്‍ തമ്മില്‍ എത്ര സൌഹാര്‍ദ്ദതയോടെ കലാപകാലങ്ങളില്‍ പോലും പരസ്പരം രക്ഷിക്കുന്നു. പ്രകൃതിക്ഷോഭം വല്ലപ്പോഴും ഉണ്ടാകുന്നതു കണ്ട് പ്രകൃതിയുടെ നിത്യകാരുണ്യവും സൌന്ദര്യവും കാണാതിരിക്കാമോ.

  5. ഇന്ന് ‘മസില്‍ പവറാണ്’ മുന്നില്‍. ജ്യേഷ്ഠന്‍ ആശയത്തെ മുന്നില്‍ കണ്ടുകൊണ്ടാണല്ലോ നീങ്ങുന്നത്. ഈ ആശയങ്ങള്‍ ആര്‍ക്കെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍ ജ്യേഷ്ഠനോടു വാദപ്രതിവാദത്തിനു വരാതെ ജ്യേഷ്ഠനെ കൂലിഗുണ്ടയെക്കൊണ്ട് ഇല്ലാതാക്കും. ഇക്കാലത്ത് ആശയത്തിനെന്തു ചെയ്യാന്‍ കഴിയും?

    ഉ: ഞാന്‍ ജീവനില്‍ കൊതിയുള്ള ഭീരു ആയുതുകൊണ്ട് ‘ദര്‍ശനം’ നിറുത്താന്‍ പറഞ്ഞാല്‍ ഉടനെ നിറുത്തി എന്നു വരാം. സമൂഹം ആയുധം അണിഞ്ഞു നില്‍ക്കുകയാണ്. ആശയം ആയുധമാക്കണമെങ്കില്‍ പഠനവും ബുദ്ധിയും ക്ഷമയും വേണ്ടിവരും. എന്നാല്‍ ആശയം കൊണ്ട് സാധിക്കേണ്ട കാര്യം ഒരിക്കലും ആയുധം കൊണ്ട് നേടാനാവില്ല. ആയുധക്കളി നടത്തുന്നവര്‍ക്ക് ഇത് മനസ്സിലാക്കിക്കൊടുക്കണം. അവര്‍ ചെവിതരില്ലെന്നു സമ്മതിക്കുന്നു. ബി. സി. കാലങ്ങള്‍ മുതല്‍ ഇങ്ങോട്ട് എത്രയോ ആശയധാരികളെ ആയുധധാരികള്‍ കൊന്നു കളഞ്ഞു. ഇന്നും ആശയങ്ങളെ ഉന്‍മൂലനം ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. ഇനി കഴിയുമെന്നു തോന്നുന്നുണ്ടോ? ആശയം താഴെവച്ചിട്ട് ആയുധധാരിക്കെതിരായി അവരും ആയുധമെടുത്താല്‍ എന്താവും ലോകത്തിന്റെ സ്ഥിതി. നമുക്ക് ആയുധങ്ങള്‍ താഴെ വച്ചിട്ട് എല്ലാവരും ആശയം കയ്യിലെടുക്കുന്ന ഒരു ലോകമാണ് ലക്ഷ്യമാക്കേണ്ടത്. അതാണ് ദര്‍ശനം ചെയ്യുന്നത്.

    ഇത്ര ദീര്‍ഘകാലം ഇത്ര വ്യാപകമായി ആയുധവല്‍ക്കരണം നടത്തിയിട്ടും നമുക്ക് സ്വസ്ഥജീവിതം കൈവന്നിട്ടില്ലല്ലോ. ഇതിനിടയില്‍ ലോകത്തെ പാതാളത്തിലേക്ക് വീണു പോകാതെ ഇന്നും നിലനിര്‍ത്തുന്നത് ആശയാദര്‍ശങ്ങളേല്ലേ. സാധാരണ ജനങ്ങള്‍ ഇന്നാരുടെ കൂടെയാണ്. ആയുധധാരികളുടെ കൂടെയല്ലേ. അവരെ സത്യം ബോദ്ധ്യപ്പെടുത്താന്‍ നമുക്കു കഴിഞ്ഞാല്‍ — ബഹുജനങ്ങള്‍ ആശയത്തോടടുക്കാന്‍ തുടങ്ങിയാല്‍ — അവരുടെ പിന്നാലെ നേതൃലോകം വരാതിരിക്കില്ല.

ചില ചോദ്യങ്ങള്‍ കൂടി വായിക്കട്ടെ

  1. രോഗം കൊണ്ടും ദാരിദ്ര്യംകൊണ്ടും മാനസിക സംഘര്‍ഷങ്ങള്‍കൊണ്ടും അസ്വസ്ഥമായ മനസ്സുമായി നിത്യേന കഴിച്ചുകൂട്ടുന്ന ജനത ഇതൊക്കെ ശ്രദ്ധിക്കുമോ?‍ സാധാരണ ജനങ്ങള്‍ മുന്നോട്ടു വന്നില്ലെങ്കില്‍ പുതിയ ജീവിതം സംഭവിക്കുമോ? ഒരു വഴിയും തെളിയുന്നില്ലല്ലോ.
  2. ഭീതിപ്പെടുത്തലും, കോഴകൊടുക്കലും ഇതു രണ്ടുമാണ് കാര്യസാദ്ധ്യത്തിന് ഇന്ന് അംഗീകരിച്ചിട്ടുള്ള രണ്ടു മുഖ്യഘടകങ്ങള്‍. ഇവയിലൊന്നിലെങ്കിലും വീഴാത്തവര്‍ ചുരുങ്ങും. അതിനിടയില്‍ നാം എന്തു ചെയ്യും?
  3. പുരുഷായുസ്സുകള്‍ ശ്രമിച്ചാലും മതിയാകാത്ത ഒരു പ്രവര്‍ത്തനത്തെപ്പററിയാണ് നാം ഇവിടെ ചിന്തിക്കുന്നത്. അല്പായുസ്സുകളായ നമ്മളെക്കൊണ്ട് ഇതു നടക്കുമോ. 80 നോടടുത്തു വരുന്ന ജ്യേഷ്ഠന് ഇനി എത്രനാള്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ഇതുവരെ പ്രവര്‍ത്തിച്ചിട്ട് ഒന്നും ആയുമില്ലല്ലോ.
  4. നിത്യേന തറകള്‍ കൂടുന്നത് വിരസമാവില്ലേ. എന്നും എന്ത് പറയും.

    ഈ അവസാനചോദ്യത്തിനുകൂടി ഉത്തരം പറയട്ടെ. രണ്ടുവര്‍ഷത്തിലേറെയായി വട്ടപ്പായിത്ര തറ നിത്യേന കൂടുന്നു. തുടരുമെന്ന് ഇപ്പോഴും ഉറപ്പില്ല. എങ്കിലും ഇതുവരെ മുടങ്ങിയിട്ടില്ല. ചര്‍ച്ചായോഗമല്ലിത്. ആവശ്യങ്ങളും പ്രശ്നങ്ങളും അനുഭവങ്ങളും പരസ്പരം എന്നും പറയാനുണ്ടാവും. മൌനവിചാരവും വായനയും കൂടി ആകുമ്പോള്‍ വിരസത വരില്ല; ആവശ്യബോധം വരും. തറകള്‍ ഗ്രാമ–നഗര ഭേദം കൂടാതെ നിത്യേന അര മണിക്കൂര്‍ കൂടണം.

ചോദ്യങ്ങള്‍ തല്ക്കാലം ഇങ്ങനെ നില്‍ക്കട്ടെ.

വ്യക്തി സാധന

നമുക്കു ചെയ്യാന്‍ കഴിയുന്ന ചില ലളിത പരിശീലനങ്ങള്‍ കൂടി പറയട്ടെ.

  1. ഉള്ളില്‍ ദേഷ്യവും വെറുപ്പും ഭയവും തോന്നുന്നതെപ്പോഴെന്നു ശ്രദ്ധിക്കുക. ശാന്തതയില്‍ നിന്ന് ഇത്തരം ക്ഷേഭങ്ങളിലേക്ക് മനസ്സ് ചലിക്കുന്നത് നോക്കിയിരിക്കുക. ഏതു സാഹചര്യത്തിലാണിത് വന്നത് എന്ന് പിന്നെ ചിന്തിക്കുക. അവനവനില്‍ നിന്ന് മററുള്ളവരിലേക്ക് ഇവ പകരാതിരിക്കുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കുക. എന്നില്‍ നിന്ന് പുറത്തേക്ക് വരുന്നത് സല്‍ഭാവങ്ങളുടെ തരംഗങ്ങളായിരിക്കട്ടെ. ഇങ്ങനെ ഓരോരുത്തരും അവരവരുടെ മനസ്സിന്റെ കാവല്‍ക്കാരനാവാന്‍ ശ്രമിച്ചാല്‍ നമുക്ക് നമമുടെ വീട്ടിലും സമൂഹത്തിലും കുറച്ചു സ്വസ്ഥതകിട്ടും. ഞാന്‍ ലോകത്തിലെ ഒരു മാലിന്യവിസര്‍ജ്ജനകേന്ദ്രമാകാതിരിക്കട്ടെ, തെളിനീരുറവാകട്ടെ എന്ന് ഓരോരുത്തരും കരുതുക.
  2. ഒരാളെ കാണുമ്പേോള്‍ അയാളുടെ ജാതിയോ മതമോ പാര്‍ട്ടിയോ സ്വഭാവമോ ഒക്കെ പൂര്‍വ്വകാല ഓര്‍മ്മകളില്‍ നിന്ന് തെളിഞ്ഞു വന്ന് അയാളോടു ചേര്‍ത്തുകണ്ടെന്നു വരും. എന്റെ വീട്ടില്‍ കടന്ന് മോഷണം നടത്തിയ ഒരാളെ കാണുമ്പോള്‍ ആ ഓര്‍മ്മ അയാളോടു ചേര്‍ന്ന് തെളിഞ്ഞു വരും. വന്നു കൊള്ളട്ടെ. അപ്പോഴും അദ്ദേഹം എന്റെ കുടുംബത്തില്‍ ഒരംഗം തന്നെ എന്ന് ഭാവന ചെയ്ത് ശീലിക്കണം. അദ്ദേഹത്തോട് നല്ല ബന്ധം പുലര്‍ത്തണം. മറ്റൊരാളെ തള്ളാന്‍ ഞാന്‍ കണ്ടെത്തുന്ന സ്വഭാവദൂഷ്യങ്ങള്‍ ഏറിയും കുറഞ്ഞും അയാളിലും എന്നിലും ഉള്ളതു തന്നെ. തള്ളുകയല്ല ഉള്‍ക്കൊള്ളുകയാണ് വേണ്ടത് എന്നു കരുതി സന്തോഷമായി പെരുമാറുക. എല്ലാവരേയും മിത്രഭാവേന കാണുക.
  3. നമ്മോട് അടുപ്പിമില്ലെന്ന് തോന്നുന്നവരുമായി നമുക്കുള്ളത് പങ്കിടാന്‍ മനസ്സു മടിച്ചെന്നു വരും. അതു മനസ്സിലാക്കി അവര്‍ക്കും കൊടുത്തു ശീലിക്കുക. അവര്‍ തരുന്നത് വാങ്ങുകയും വേണം. കയ്യില്‍ വരുന്നതു മുഴുവന്‍ സ്വന്തമായി സൂക്ഷിക്കുവാനുള്ള പ്രവണത കുറച്ചുകൊണ്ടുവരാന്‍ ഓരോ സന്ദര്‍ഭത്തിലും ശ്രമിക്കുക. കൊടുക്കുമ്പോള്‍ ഒരു കാര്യം കൂടി പറഞ്ഞു വേണം കൊടുക്കാന്‍. ‘ഇതിലൊരംശം നിങ്ങള്‍ മററാര്‍ക്കെങ്കിലും കൂടി കൊടുക്കണം’. വീട്ടില്‍ വരുന്നവര്‍ക്ക് എന്തെങ്കിലുമൊന്ന് കൊടുത്തയക്കാന്‍ കരുതുക.
  4. എനിക്ക് താല്‍പര്യവും പങ്കുമില്ലാത്ത പ്രവര്‍ത്തനങ്ങളോട് എന്റെ മനസ്സിനു ആദരവുണ്ടാകില്ല. പുച്ഛിക്കാന്‍ തോന്നും. ഇതു ശരിയല്ലെന്ന് മററുള്ളവയെ സാദരം മനസ്സിലാക്കാന്‍ ശീലിക്കുക. എല്ലാററിനേയും ചുററി ഒഴുകുന്ന ഒരരുവിയാകട്ടെ എന്റെ മനസ്സ്.

നാലു നിത്യസാധനങ്ങള്‍

1. മാനുഷികധ്യാനം, 2. മൈത്രീഭാവന, 3. ജൈവാര്‍ച്ചന, 4. തറക്കൂട്ടം.