close
Sayahna Sayahna
Search

ഭാഷ—ഗദ്യഗ്രന്ഥങ്ങള്‍




ഭാഷ—ഗദ്യഗ്രന്ഥങ്ങള്‍

ക്രി: പി: പതിനഞ്ചാം ശതകം


കൊല്ലം ഏഴാംശതകത്തില്‍ പദ്യസാഹിത്യത്തിനെന്നപോലെ ഗദ്യത്തിനു ഭാഷയില്‍ ഗണനീയമായ പുരോഗമനം സിദ്ധിച്ചതായി കാണുന്നില്ല. അന്നത്തേ ഗദ്യകാരന്മാരുടെ വ്യവസായം പുരാണങ്ങളുടെ തര്‍ജ്ജമയിലും, വേദാന്തം തുടങ്ങിയ ദര്‍ശനങ്ങളുടെ സാരസംഗ്രഹണത്തിലും, ചില സംസ്കൃത സ്തോത്രങ്ങളുടേയും മറ്റും വ്യാഖ്യാനത്തിലുമാണു് പ്രധാനമായി വ്യാപരിച്ചിരുന്നതു്. താഴെ പരാമര്‍ശിക്കുന്നവയില്‍ ചില ഗ്രന്ഥങ്ങള്‍ ഏഴാംശതകത്തിലും മറ്റു ചിലവ എട്ടാംശതകത്തിലും വിരചിതങ്ങളായിരിക്കണം. ഓരോന്നും ഏതു ശതകത്തിലാണെന്നു് ക്ണുപ്തപ്പെടുത്തിപ്പറവാന്‍ പ്രയാസമുണ്ടു്. ഭാഗവതം ദശമമാണു് അവയില്‍ അതിപ്രധാനമായുള്ളതു്.

ഭാഗവതം ഗദ്യം, കാലം

ഭാഗവതം ആദ്യത്തെ അഞ്ചുസ്കന്ധങ്ങള്‍ക്കും, ദശമസ്കന്ധത്തിനും ഏകാദശസ്കന്ധത്തിനും ഭാഷാനുവാദം കണ്ടുകിട്ടീട്ടുണ്ടു്. ആദ്യത്തെ അഞ്ചു സ്കന്ധങ്ങള്‍ക്കു കിട്ടിട്ടുള്ളതു് സംഗ്രഹമാണു്. ദശമത്തിനും ഏകാദശത്തിനുമുള്ള പരിഭാഷ വിസ്തൃതം തന്നെ. അവയെല്ലാം ഒരേഗ്രന്ഥകാരന്റെ വാങ്മയമാണെന്നു തോന്നുന്നില്ല. ഏകാദശമാണു് അവയില്‍ അത്യന്തം പ്രാക്തനമായിട്ടുള്ളതു്. മറ്റുള്ളവ എട്ടാംശതകത്തില്‍ നിര്‍മ്മിക്കപ്പെട്ടതായി ഗണിയ്ക്കാം: പ്രണേതാക്കള്‍ ആരെന്നു് അറിയുന്നില്ല. ഭാഗവതത്തിന്റെ ശൈലി—പ്രത്യേകിച്ചു് ദശമത്തിലേതു്—ഏറ്റവും ഹൃദയാവര്‍ജ്ജകമായിരിക്കുന്നു.

ഏകാദശസ്കന്ധം

താഴെ ഉദ്ധരിക്കുന്ന വാക്യങ്ങള്‍ ഏകാദശസ്കന്ധത്തില്‍ ഉള്ളവയാണു്:

ʻʻബ്രാഹ്മണശ്രേഷ്ഠന്മാരേ, ഗര്‍ഭിണിയായിരിക്കിന്റൂളവള്‍, നിങ്ങളോടു വിചാരിക്കിന്റോം. നിങ്ങളോടു വിചാരിപ്പാന്‍ ലജ്ജയോടുംകൂടിയിരുന്നോള്‍. പുത്രകാമയായി പ്രസവമടുത്തിരിക്കിന്റയിവളെന്തു പെറിന്റുതെന്റു ചൊല്ലേണമേ. നിഷ്ഫലമായിട്ടു വരൊല്ലാ നിങ്ങളിടെ ദര്‍ശനം. വഞ്ചിതന്മാരായിരിക്കിന്റ മുനികള്‍ ചൊല്ലിയാര്‍. ബാലന്മാരേ, ഇവള്‍ കുലനാശനമായിരിപ്പോരു മുസലത്തെ ജനിപ്പിക്കുമെന്റിങ്ങനെ ചൊല്ലിയാര്‍ മുനികള്‍. കുപിതന്മാരായിട്ടു മുനികള്‍ ചൊല്ലിയതു കേട്ടു് അതിസംഭ്രാന്തന്മാരായി വിരയ സാംബന്റെ ഉദരത്തെ പിളര്‍ന്നു. അവന്റെ ഉദരത്തിലൊരിരിപ്പുലക്കകണ്ടാര്‍ ബാലന്മാര്‍. എന്തിതിലോ നാമൊരു ദുഷ്കൃതം ചെയ്തതു്? എന്തു ചൊല്ലും നമ്മെ ലോകരിപ്പോള്‍? ഇങ്ങനെ തങ്ങളിലന്യോന്യം പറഞ്ഞിട്ടു് ഇരുപ്പുലക്കയുമെടുത്തുകൊണ്ടു തങ്ങളുടെ ഗൃഹത്തിന്നു പോയാര്‍ ബാലന്മാര്‍. അബ്ബാലന്മാര്‍ യാദവരിടെ സഭയിങ്കലിരുപ്പുലക്ക കൊണ്ടുചെന്റിട്ടു രാജാവായിരിക്കിന്റ ഉഗ്രസേനന്നായിക്കൊണ്ടറിയിച്ചാര്‍. വാടിയിരിക്കിന്റ മുഖശ്രീയൊടുംകൂടിയിരുന്നോര്‍. രാജാവേ കേള്‍ക്കണമേ! വിപ്രന്മാരിടെ ശാപമവ്വണ്ണമേ വരുമത്രേയെന്റു കേട്ടിട്ടും ഇരിപ്പുലക്ക കണ്ടിട്ടും വിസ്മയിച്ചാര്‍, ഭയപ്പെടൂതും ചെയ്താര്‍ ദ്വാരകാനിവാസികളായിരിക്കിന്റ യാദവന്മാര്‍.ˮ

ആദിമസ്കന്ധങ്ങള്‍

പഞ്ചമസ്കന്ധത്തില്‍നിന്നു് ഏതാനും പങ്‌ക്തികള്‍ അടിയില്‍ ചേര്‍ക്കുന്നു:

ˮഹതപുത്രനായ ത്വഷ്ടാവു് ഇന്ദ്രനു ശത്രുവുണ്ടാവാന്‍ ഹോമം ചെയ്യുന്ന കാലം അഗ്നിയില്‍നിന്നു ഭയങ്കരനായിരിപ്പോരു പുത്രനുളനായാന്‍. അപ്പൊഴുതു വൃത്രനെ കണ്ട സകല ഭൂതങ്ങളും പേരിച്ചോടുന്നതു കണ്ടു ദേവകളൊക്കെച്ചെന്നു നാനാജാതിയായുള്ളായുധങ്ങളെക്കൊണ്ടു വര്‍ത്തിക്കുന്ന കാലത്തു് അവറ്റെയൊക്കത്തിന്നൊടുക്കിയാന്‍ വൃത്രന്‍. അനന്തരമതു കണ്ടു വിസ്മിതരായിരുന്ന ദേവകള്‍ നാനാജാതിയായുള്ള സ്തുതികളെക്കൊണ്ടു വിഷ്ണുഭഗവാന്റെ പ്രസാദം വരുത്തി, പ്രസന്നനായ ഭഗവാന്റെ നിയോഗത്താല്‍ ദധീചിയാകുന്ന മഹാമുനിയുടെ അസ്ഥികളെ ഇരന്നുകൊണ്ടു് അവറ്റെക്കൊണ്ടു വജ്രായുധമുണ്ടാക്കി; വജ്രപാണിയായി ഇന്ദ്രന്‍, സകല ദേവകളോടും കൂടി വൃത്രനെ എതിര്‍ത്തു. ചെല്ലുന്ന ഇന്ദ്രനെ വൃത്രന്‍ അസുരകളോടുകൂടി എതിര്‍ത്തു. പ്രവൃത്തമായ ദേവാസുരയുദ്ധത്തിങ്കല്‍ അസുരകളുടെ ആയുധങ്ങളെ ദേവകള്‍ ഖണ്ഡിച്ചുകളഞ്ഞാര്‍. അങ്ങനെ ക്ഷീണായുധരായ അസുരകള്‍ ശിലാവൃക്ഷാദികളെക്കൊണ്ടു യുദ്ധംചെയ്തു പരാക്രമിച്ചു. അവിടെയും പൊറാഞ്ഞു തോറ്റോടുന്ന അസുരകളെക്കണ്ടു വൃത്രാസുരന്‍ ധര്‍മ്മയുക്തങ്ങളായ വചനങ്ങളെക്കൊണ്ടു പലതും പറഞ്ഞാന്‍. ʻʻഎടോ ദേവകളേ! നിങ്ങളെക്കണ്ടു പേടിച്ചോടുന്ന അസുരകളെക്കൊണ്ടെന്തു വേണ്ടിയതു്? യുദ്ധത്തിന്നു് അപേക്ഷയെങ്കില്‍ എന്നോടെതിര്‍ത്തു യുദ്ധം ചെയ്വിൻ.ˮ എന്നിങ്ങനെ ചൊല്ലി ദേവകളോടു യുദ്ധം ചെയ്യുന്ന വൃത്രനും കുപിതനായി ചെല്ലുന്ന ഇന്ദ്രനും തങ്ങളില്‍ പരുഷവചനങ്ങളെക്കൊണ്ടു പീഡിച്ചുനിന്നു ബഹുവിധമായി പരാക്രമിച്ചാര്‍. അവിടെ വൃത്രനാല്‍ പ്രയുക്തമായ ശൂലത്തെ ഇന്ദ്രന്‍ തന്റെ ശൂലത്തെ പ്രയോഗിച്ചു തടുത്താന്‍. കയ്യുംകൂടെ വജ്രംകൊണ്ടു ഖണ്ഡിച്ചനന്തരം മറ്റേക്കൈകൊണ്ടിരിപ്പെഴുകു പ്രയോഗിച്ചാന്‍.ˮ

ദശമസ്കന്ധം

ദശമസ്കന്ധത്തിലെ വാക്യങ്ങള്‍ പ്രായേണ ഹ്രസ്വങ്ങളാകുന്നു; അകൃത്രിമമധുരമായ കിശോരാകൃതികൊണ്ടു് അവ അന്യാദൃശമായി പരിലസിക്കുന്നു. താഴെക്കാണുന്ന പങ്ക്തികള്‍ പരിശോധിക്കുക.

  1. കംസനോടു് അസുരന്മാരുടെ നിവേദനം:— ˮഅഹോ! ഇങ്ങനെയോ ഇരിക്കുന്നു? ഒരിടത്തുളനോ? എങ്കില്‍ ഞങ്ങള്‍ ഉപായമുണ്ടാക്കുന്നുണ്ടു്. ഇപ്പോള്‍ പുറന്നവയും പത്തു ദിവസം കഴിഞ്ഞവയുമൊക്കെക്കൊല്ലുന്നുണ്ടു്. അപ്പോള്‍ അതിലൊന്നായിട്ടുവരും. ദേവകള്‍ക്കല്ലോ നമ്മോടാവൂ. അവരോ സമരഭീരുക്കള്‍. മറ്റൊരുത്തരെ പേടിക്കേണ്ടാ. ഈ ഭൂമിയില്‍ ദേവേന്ദ്രന്‍ നിന്റെ ചെറുഞാണൊലി കേട്ടാല്‍ ഭയപ്പെട്ടോടും; ദേവകള്‍ യുദ്ധത്തിനു വരുകില്‍ നിന്റെ ശരമേറ്റു മണ്ടിപ്പോവോര്‍, ജീവിക്കയിലിച്ഛയുള്ളോര്‍. അല്ലാത്തവര്‍ ചത്തുപോവോര്‍. ചിലര്‍ ഭയപ്പെട്ടു തലമുടിയഴിച്ചിടുവോര്‍. നമസ്കരിപ്പോര്‍ ചിലരായുധവുംവച്ച്. ഇങ്ങനത്തവരെ കൊല്കയില്ല നിന്തിരുവടി. അസ്ത്രശസ്ത്രങ്ങളെ തോന്നാതവരെയും തേരഴിഞ്ഞവരെയും മറ്റൊരുത്തനോടു യുദ്ധംചെയ്യുന്നവരെയും ചതിച്ചു കൊല്ലുകയില്ല നിന്തിരുവടി. വില്ലു മുറിഞ്ഞാലും ആയുധമേറ്റു വീണാലും കൊല്ലുകയില്ല നിന്തിരുവടി. ആഹവ ശൂരന്മാരായിരിക്കുന്ന നമ്മോടേതുമരുതു്.ˮ
  2. യശോദയോടു ഗോപസ്ത്രീകളുടെ ആവലാതി:— ʻʻഒരുത്തി ചൊല്ലിയാള്‍: ʻഎന്റെ പശുക്കിടാങ്ങളെ അഴിച്ചുവിട്ടാന്‍. പിന്നെ അകത്തു പുക്കു വെണ്ണയെടുത്തു കൊണ്ടുപോയാന്‍; മര്‍ക്കടങ്ങള്‍ക്കു കൊടുത്താന്‍. താന്‍ ഭക്ഷിക്കയല്ല ചെയ്യുന്നതു്. നെയ്യും തയിരും കുടിച്ചു കലവുമുടച്ചേച്ചു പോരും.ʼ പിന്നെ ഒരുത്തി: ʻപിന്നെയൊരെടത്തു കപ്പാന്‍ ചെന്നപ്പോള്‍ അവന്‍ കണ്ടുവെങ്കില്‍ അവിടെ കിടക്കുന്ന കിടാക്കളെ നുള്ളിക്കരയിക്കും. ഉറിയുയരെത്തൂക്കിക്കിടക്കുകില്‍ ഉരലുമിട്ടുകൊള്ളും. അതു പോരായ്കില്‍ ചിരവയുമിട്ടുകൊള്ളും. പിന്നെ ഉറിയില്‍ പലവക കലമുണ്ടെങ്കില്‍ ഇന്ന കലത്തില്‍ വെണ്ണയെന്നറിഞ്ഞിട്ടു കലം തുളച്ചു വെണ്ണയുമെടുത്തു മോരും തൂത്തുകളയും. .......പിന്നെച്ചിലേടത്തു ചെന്നാല്‍ അനേകമിരുട്ടുണ്ടായിരിക്കും. അവിടെ തന്റെ മെയ്മേലെ രത്നങ്ങളെക്കൊണ്ടു കാണാം. പിന്നെ മറ്റുമുണ്ടൊരു വിനോദം. ഞങ്ങളടിച്ചു തളിച്ചു കിടക്കുന്നെടത്തു് അപ്പിയിട്ടേച്ചുപോകും. കപ്പാന്‍ തരമില്ലാഞ്ഞിട്ടു്. ഇവനെ നോക്കിനിന്നാല്‍ എത്രയും സാധുവെന്നപോലെ, ഏതുമറിയുന്നീലെന്ന ഭാവം.ʼ ഈവണ്ണം ഗോപസ്ത്രീകള്‍ പറയുന്ന വാര്‍ത്ത കേട്ടാറേ യശോദ അച്ചെറിയവനെയൊന്നു ശാസിപ്പാന്‍പോലും ഇച്ഛിച്ചീല.ˮ

ഭാഷാപ്രധാനമായ ഈ ശൈലി ഗ്രന്ഥം പുരോഗമനംചെയ്യുമ്പോള്‍ അല്പംകൂടി സംസ്കൃതപ്രധാനമായിത്തീരുകയും അപ്പോള്‍ വാക്യങ്ങള്‍ക്കു ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നു. ഈ വിപരിണാമത്തിനു് ഒരുദാഹരണമാണു് താഴെ പ്രദര്‍ശിപ്പിക്കുന്നതു്:

  1. ബാണയുദ്ധം:-ʻʻദ്വാരാവതിയിങ്കലെല്ലാവരും നാലുമാസക്കാലമായിട്ടു് അനിരുദ്ധനെക്കാണാഞ്ഞു ദുഃഖിച്ചിരിക്കുമ്പോള്‍ ശ്രീനാരദന്‍ പറഞ്ഞു് ആ വര്‍ത്തമാനം കേട്ടു് അതിക്രുദ്ധന്മാരായിരിക്കുന്ന യദുക്കളോടുംകൂടെ ഭഗവാന്‍ ശ്രീബലഭദ്രരോടുമൊന്നിച്ചു പുറപ്പെട്ടു് ആ ബാണാസുരന്റെ രാജധാനി ശോണിതപുരത്തെ വളവൂതുംചെയ്തിട്ടു ശ്രീകൃഷ്ണന്‍ തന്റെ പാഞ്ചജന്യമാകുന്ന ശംഖിനെ വിളിച്ചു. അപ്പോള്‍ ആ പാഞ്ചജന്യധ്വനികേട്ടിട്ടു് അവിടെ ബാണാസുരന്റെ ഗോപുരം കാത്തു വസിക്കുന്ന ഭഗവാന്‍ ശ്രീപരമേശ്വരന്‍ ഭൂതഗണങ്ങളോടുംകൂടെ യാദവന്മാരുടെ കൂട്ടത്തെ ശങ്കകൂടാതെകണ്ടു തടുത്തു.ˮ

ഗോപികാഗീത, ഭ്രമരഗീത, ശ്രുതിഗീത മുതലായ വിശിഷ്ടഭാഗങ്ങള്‍ മൂലശ്ലോകങ്ങള്‍കൂടി ഉദ്ധരിച്ചു വിശദമായി തര്‍ജ്ജമ ചെയ്തിരിക്കുന്നു. ആ വസ്തുതയും ഒരു ഉദാഹരണംകൊണ്ടു തെളിയിക്കാം.

മൂലം: ʻʻജയതി തേധികം ജന്മനാ വ്രജഃ
ശ്രയത ഇന്ദിരാ ശശ്വദത്ര ഹി;
ദയിത ദൃശ്യതാം ദിക്ഷു താവകാ-
സ്ത്വയി ധൃതാസവസ്ത്വാം വിചിന്വതേ!ˮ

തര്‍ജ്ജമ: ʻʻനിന്തിരുവടി ഈ അമ്പാടിയില്‍ ജനിക്കയാല്‍ ഈ വ്രജം ഉല്ക്കര്‍ഷത്തോടുകൂടെ വര്‍ദ്ധിക്കുന്നു. നീയിവിടെപ്പുറക്കയാല്‍ ശ്രീഭഗവതി എല്ലായ്പോഴുമിവിടെ വസിക്കുന്നോള്‍. എന്നാല്‍ നിന്റെ ജനമാകുന്ന ഞങ്ങള്‍ നിന്നെ ഇന്നും കാണാമെന്നിട്ടത്രേ ജീവിച്ചിരിക്കുന്നു. അങ്ങനെയിരിക്കുന്ന ഞങ്ങള്‍ നിന്നെയന്വേഷിക്കുന്നോര്‍, കാണായിട്ടുവരേണമേ.ˮ

(1) കൊല്ലല്ലാതെ (കൊല്ലൊല്ലാ), (2) ചെറുക്കന്‍ (ബാലന്‍), (3) വളുസം (കളവു്), (4) ഇഴുകുക (പൂശുക), (5) തികക്കുക (തിളയ്ക്കുക), (6) എവിടത്തോന്‍ (എവിടെയുള്ളവന്‍), (7) ചെല്ലത്തുടങ്ങുക, (8) ഇയയ്ക്കുക (എയ്ക്കുക), (9) മോഹമുണ്ടായി ഞായം, (10) പടവാര്‍ത്ത (കുഞ്ഞുങ്ങളുടെ വാക്കു്), (11) രുചിയുണ്ടെങ്കില്‍ പോവൂ, (12) വാ മുറുക്കുക (വായടയ്ക്കുക), (13) കണ്ടതോ പോരാതോ?, (14) അഴകുതു്, (15) പാമ്പന്മാര്‍ (പാമ്പുകള്‍), (16) വണ്ടന്മാര്‍ മുതലായ പഴയ പദങ്ങളും പ്രയോഗങ്ങളും പ്രസ്തുത ഗ്രന്ഥത്തില്‍ കാണ്‍മാനുണ്ടു്.

ഭാഗവതസങ്ഗ്രഹം ഭാഷ (ഗദ്യം)

ശ്രീമദ്ഭാഗവതപുരാണത്തിന്റെ സാരസംഗ്രഹരൂപമായ ഈ ഗദ്യകൃതിക്കു് ഏഴാംശതകത്തോളം പഴക്കം കല്പിക്കേണ്ടിയിരിക്കുന്നു. ഗ്രന്ഥകാരന്‍ ആരെന്നു് അറിയുന്നില്ല. പാഞ്ചരാത്രമതത്തിന്റെ ചില രഹസ്യങ്ങള്‍ അവസരോചിതമായി സൂചിപ്പിച്ചുകാണുന്നു. ചില പങ്ക്തികള്‍ ഉദ്ധരിച്ചു് അതിലെ ഗദ്യരീതി പ്രദര്‍ശിപ്പിക്കാം:

ʻʻശ്രീവേദവ്യാസന്‍ ശ്രീനാരദന്റെ നിയോഗത്താല്‍ ശ്രീ ഭാഗവതമെന്റൊരു പുരാണരത്നത്തെ നിര്‍മ്മിച്ചു. ഇതു പന്ത്രണ്ടു സ്കന്ധം; പതിനെണ്ണായിരം ഗ്രന്ഥം. ഹയഗ്രീവബ്രഹ്മവിദ്യ, വൃത്രവധമെന്റിവറ്റെയെല്ലാം ഏകാദശത്തിങ്കല്‍ പ്രതിപാദിക്കയുമുണ്ടു്; ഗായത്ര്യര്‍ത്ഥപ്രതിപാദകമായിരിപ്പോന്റാദിഗ്രന്ഥവും, ഇങ്ങനെയെല്ലാമിരിക്കകൊണ്ടു ഭാഗവതമാകുന്നൂതും. അതോ അതിനുതക്കവാറു ലക്ഷണങ്ങളെ പഠിക്കുന്നു:

ഗ്രന്ഥോഷ്ടദശസാഹസ്രോ ദ്വാദശസ്കന്ധസമ്മിതഃ
ഹയഗ്രീവബ്രഹ്മവിദ്യാ യത്ര വൃത്രവധസ്തഥാ
ഗായത്ര്യാശ്ച സമാരംഭ ഏതദ് ഭാഗവതം വിദുഃ.

പ്രബന്ധമാഹാത്മ്യാതിശയത്തെ തോന്നിപ്പാനായിക്കൊണ്ടു ശ്രീശബ്ദപ്രയോഗം. ഇങ്ങനെ ശ്രീഭാഗവതമായി. മുപ്പത്തിരണ്ടു പ്രകരണം; മുന്നൂറ്റിമുപ്പത്തൊന്നധ്യായം. ശേഷശേഷിത്വേന സര്‍ഗ്ഗാദികളും പരമാര്‍ത്ഥസ്വരൂപവും പ്രതിപാദ്യമാകിന്റത്. അതു തന്നിലേ ചൊല്ലുന്നു:

അത്ര സര്‍ഗ്ഗോ വിസര്‍ഗ്ഗശ്ച സ്ഥാനം പോഷണമൂതയഃ
മന്വന്തരേശാനുകഥാ നിരോധോ മുക്തിരാശയഃ

എന്റ്. അശരീരനായിരുന്ന വിഷ്ണുവിന്റെ പുരുഷശരീരസ്വീകാരം സര്‍ഗ്ഗമാകിന്റതു്. പുരുഷസ്വരൂപത്തിങ്കല്‍നിന്റു ബ്രഹ്മാദികളുടെ സൃഷ്ടി വിസര്‍ഗ്ഗമാകിന്റതു്. സൃഷ്ടരായിരുന്ന ബ്രഹ്മാദികള്‍ക്കു് ആഹാരമായിരുന്ന ലോകപത്മത്തിന്റെ വ്യവസ്ഥാനം സ്ഥാനമാകിന്റതു്. ഓരോ ലോകങ്ങളില്‍ സ്ഥിതരായിരിക്കുന്നവരുടെ അന്നപാനാദികളെക്കൊണ്ടുള്ള പരിപുഷ്ടി പോഷണമാകിന്റതു്. പരിപുഷ്ടരായിരിക്കിന്റവരുടെ ആചാരം ഊതിയാകിന്റതു്. അവിടെ വിശേഷിച്ചു സദാചാരം മന്വന്തരമാകിന്റതു്. അതില്‍ വിശേഷിച്ചു വിഷ്ണുഭക്തി ഈശാനുകഥനമാകിന്റതു്. വിഷ്ണുഭക്തന്മാരുടെ പ്രപഞ്ചഭാവം നിരുദ്ധമാകിന്റതു്; നിഷ്പ്രപഞ്ചന്മാരുടെ സ്വരൂപഭാവം മുക്തിയാകിന്റതു്. മുക്തന്മാരുടെ ബ്രഹ്മഭാവേനയുള്ള അവസ്ഥാനം ആശ്രയമാകിന്റതു്. ഇവറ്റെ പ്രതിപാദിക്കുന്നു.ˮ

പ്രസ്തുത ഗ്രന്ഥം സ്വതന്ത്രമാണു്. തന്റെ മതത്തിനു് ഉപോല്‍ബലകമായി പ്രണേതാവു ചില സംസ്കൃതശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു എന്നേയുള്ളൂ.

ചില ശാസ്ത്രഗ്രന്ഥങ്ങള്‍, തത്ത്വമസി വ്യാഖ്യാനം

തിരുവിതാംകൂര്‍ ശ്രീമൂലം മലയാളഭാഷാഗ്രന്ഥാവലിയിലെ ഇരുപത്തിരണ്ടാമങ്കമായി തത്ത്വമസി വ്യാഖ്യാനവും തത്ത്വമസി മഹാവാക്യക്കട്ടിളയും ഇരുപത്തിമൂന്നാമങ്കമായി ബ്രഹ്മാനന്ദ വിവേകസമുദ്രവും പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. ഇവയില്‍ തത്ത്വമസിവ്യാഖ്യാനമൊഴികെയുള്ള മറ്റു രണ്ടു ഗ്രന്ഥങ്ങളിലേയും ഭാഷ തമിഴാണു്. തത്ത്വമസി വ്യാഖ്യാനത്തിലെ ഭാഷ മലയാളം തന്നെ. ഛാന്ദോഗ്യോപനിഷത്തിലേ ʻതത്ത്വമസിʼ എന്ന മഹാവാക്യത്തിന്റെ അര്‍ത്ഥമാണു് ഇവിടെ പ്രതിപാദ്യമെന്നു പറയേണ്ടതില്ലല്ലോ. ഈ വ്യാഖ്യാനത്തിന്റെ മൂലഗ്രന്ഥം തമിഴാണെന്നുള്ളതിനു ചില സൂചനകള്‍ കാണ്‍മാനുണ്ടു്. അനുവാദം പദാനുപദമാണോ എന്നു നിശ്ചയമില്ല. ഒരു ഭാഗം ഉദ്ധരിക്കുന്നു:

ʻʻഇരവും പകലുമില്ലാത്ത കാലത്തു കാണ്‍ രാജാവേ, സത്യമായി, ജ്ഞാനമായി, സകലപരിപൂര്‍ണ്ണമായി, സകലനിഷ്കളമായി നിറഞ്ഞുനിന്ന പരമാത്മാവെ കാണ്‍ രാജാവേ, എള്ളില്‍ എണ്ണകണക്കെയും, എലുമ്പില്‍ മജ്ജകണക്കെയും, ഉള്ളില്‍ ജീവന്‍കണക്കെയും, ഒളിവില്‍ ആകാശംകണക്കെയും, വേദാന്തത്തുക്കു ഉള്‍പ്പൊരുള്‍കണക്കെയും, ഉരഗത്തില്‍ വിഷം കണക്കെയും കള്ളിതന്‍ പാല്‍ കണക്കെയും, കരിമ്പിന്‍രസം കണക്കെയും, തപസ്സുള്ളവര്‍ അകംകണക്കെയും, പാലിലെ നെയ്കണക്കെയും, മുളകിലെ എരികണക്കെയും, തത്ത്വനില ജഗത്തിങ്കല്‍ നിറഞ്ഞിതു കാണ്‍ രാജാവേ.ˮ

സിദ്ധദീപിക

സിദ്ധദീപിക എന്ന അദ്വൈതവേദാന്തപ്രതിപാദകമായ തത്ത്വഗ്രന്ഥം ശ്രീപരമേശ്വരന്‍തന്നെ ലീലാവിഗ്രഹത്തെ പരിഗ്രഹിച്ചു്, ചാര്‍വാകന്‍, ആര്‍ഹതന്‍, ബൌദ്ധന്‍, താര്‍ക്കികന്‍, സാംഖ്യന്‍, മീമാംസകന്‍ എന്നീ ദര്‍ശനവാദികള്‍ തന്തിരുവടിയെ പലപ്രകാരത്തില്‍ നിരൂപണംചെയ്തു മോക്ഷേച്ഛുക്കളായ ജനങ്ങളെ സംശയാലുക്കളാക്കുകയാല്‍ അവരുടെ സംശയനിവൃത്തിക്കായി രചിച്ചതാണെന്നു ഗ്രന്ഥകാരന്‍ ഉപക്രമഘട്ടത്തില്‍ ഉല്‍ഘോഷിയ്ക്കുന്നു. പ്രണേതാവിനെപ്പറ്റി ഒരറിവും ലഭിയ്ക്കുന്നില്ല. ഗുരുശിഷ്യസംവാദരൂപമാണു് ഗ്രന്ഥം. ഏതാനും പംക്തികള്‍ ചുവടേ പകര്‍ത്തുന്നു:

ʻʻഇന്ദ്രിയങ്ങള്‍ക്കു കര്‍മ്മങ്ങളെ വിഷയീകരിച്ചിട്ടുള്ള ഭ്രമം ജാഗ്രത്താകുന്നതു്. അന്തഃകരണം താനേ അറിയപ്പെടുന്നതായും അറിവായും ചമഞ്ഞുനിന്നിട്ടുള്ള ഭ്രമം സ്വപ്നമാകുന്നതു്. ഇവ രണ്ടിലേയും വാസന സുഷുപ്തിയാകുന്നതു്. ഇവ മൂന്നിലും കൂടി നില്ക്കുന്ന അറിവു തുരീയമാകുന്നതു്. നമ്മുടെ സിദ്ധാന്തത്തിങ്കല്‍ ദൃക്കു് ഒന്നേ സത്യമായുള്ളു. വ്യവഹാരത്തിങ്കല്‍ ദൃക്കും ദൃശ്യവുമുണ്ടു്. അദൃശ്യരൂപം ഒട്ടൊഴിയാതെ മിഥ്യാമയമായിരുന്നോന്നു്. അമ്മിഥ്യാമയമായിരിക്കുന്ന ദൃശ്യത്തിങ്കല്‍ അന്തര്‍ഭൂതങ്ങളായിരുന്നോ ചിലവ ഇതിഹാസപുരാണങ്ങളും വേദശാസ്ത്രങ്ങളും ധര്‍മ്മാധര്‍മ്മങ്ങളും സുഖദുഃഖങ്ങളും സ്വര്‍ഗ്ഗനരകങ്ങളും ജനനമരണങ്ങളും വര്‍ണ്ണാശ്രമങ്ങളും, എന്തിനു പെരികെ പറയുന്നു? സമസ്തപദാര്‍ത്ഥങ്ങളും മിഥ്യാമയമായേ ഇരുന്നോ ചിലവ എന്നഭിപ്രായം.ˮ
ʻʻഇവ്വണ്ണം ഗുരുവരുളിച്ചെയ്തിരിയ്ക്കുന്ന വിശയത്തിങ്കല്‍ ശിഷ്യന്‍ വിചാരിക്കുന്നോന്‍: നിന്തിരുവടിയാല്‍ മിഥ്യയെന്നിങ്ങനെ അരുളിച്ചെയ്യപ്പെട്ടതു യാതൊന്നു സ്വാമി, അതു സത്തായോ, അസത്തായോ, സദസത്തായോ ഇരിക്കുന്നു? സത്താകുമ്പോള്‍ ആത്മാവിന്നു മിഥ്യാത്വവും വന്നു മുടിയും; അസത്താകുമ്പോള്‍ ശശവിഷാണത്തിന്‍ തോറ്റവും വന്നുമുടിയും. സദസത്താകുമ്പോള്‍ ഇച്ചൊല്ലിയ ദോഷങ്ങള്‍ രണ്ടുമുണ്ടായി വന്നുമുടിയും. എന്നാല്‍ മിഥ്യയെന്നൊരു വസ്തു എന്താണു് സ്വാമി? എന്നീവണ്ണം ശിഷ്യനാല്‍ ചോദിയ്ക്കപ്പെട്ടിരിയ്ക്കുന്ന ഗുരുവരുളിച്ചെയ്യുന്നോന്‍.ˮ

ഈ സിദ്ധാന്തദീപികയെ സംക്ഷേപിച്ചുകൊല്ലം പത്താം ശതകത്തിലോ മറ്റോ സിദ്ധദീപികാസംഗ്രഹം എന്ന പേരില്‍ ഒരു കിളിപ്പാട്ടും ഉത്ഭവിച്ചിട്ടുണ്ടു്.

ʻʻഎങ്കിലോ കേട്ടുകൊള്‍ക പാര്‍വ്വതീ! ഭക്തപ്രിയേ!
സങ്കടവിനാശനം സിദ്ധദീപികാര്‍ത്ഥത്തെ;
വിസ്തരിച്ചുരചെയ്വാനെത്രയും പണിയുണ്ടു;
വിസ്തരം ചുരുക്കി ഞാന്‍ നിന്നെയുമറിയിക്കാം.
പൃഥ്വിയിലോരോ തരമുള്ള ജന്തുക്കള്‍ക്കെല്ലാം
ചിത്തവും നാനാപ്രകാരേണയെന്നറിഞ്ഞാലും.ˮ

ഈ വരികള്‍ അതിലുള്ളതാകുന്നു. കവിതയ്ക്കു ഗുണം വിരളമാണു്.

ജനകാഗസ്ത്യസംവാദം

ഇതും വേദാന്തവിഷയകമായ ഒരു പഴയ ഗദ്യഗ്രന്ഥമാകുന്നു, ഒരു ഭാഗം ഉദ്ധരിക്കാം:

ʻʻജനകരാജാവു് അഗസ്ത്യമഹര്‍ഷിയെ നമസ്കരിച്ചു് ഉണര്‍ത്തിനാന്‍. അടിയന്‍ പരബ്രബഹ്മവും അതിങ്കല്‍നിന്നു തോന്നിയ അനാദിവടിവും അതിനാല്‍ തോന്നിയ സര്‍വജന്തുക്കള്‍വടിവും അറിയവേണ്ടുമെന്നു നമസ്കരിച്ചുണര്‍ത്തിനാന്‍ രാജാവു്. ആ രാജാവിനെ നോക്കി പ്രീതിപ്പെട്ടു് ഇവനുപദേശത്തിനു യോഗ്യനെന്നു കല്പിച്ചരുളിച്ചെയ്താന്‍ മഹാഋഷി, കേള്‍പ്പോയാക രാജാവേ! പരബ്രഹ്മമാകുന്ന സ്വരൂപത്തെ ആര്‍ക്കുമേ മനോഗോചരത്താല്‍ അറിയാവോന്നല്ല, എങ്കിലും ആശ്രയമില്ലെന്നും ചൊല്ലരുതു്.ˮ

യന്ത്രരാജന്‍

യന്ത്രരാജൻ എന്നതു് ഒരു ചെറിയ മന്ത്രശാസ്ത്രഗ്രന്ഥമാകുന്നു. അതിൽനിന്നു ചില വരികൾ പകർത്തിക്കാണിക്കാം:

ʻʻശ്രീപാർവതി കേട്ടരുളിനാൾ ശ്രീപരമേശ്വരനോടു്. അവള്‍ കേട്ടപരിചാവതു എല്ലാ ഇയന്ത്രങ്ങളേയും നിന്തിരുവടിയാല്‍ കേള്‍ക്കപ്പെടുന്നതല്ലോ. ഇനി അടിയത്തിന്നു് അപകടമെന്നുള്ള ഇയന്ത്രത്തെ അരുളിച്ചെയ്കവേണമെന്നു ഭഗവതി അരുളിച്ചെയ്യക്കേട്ടു് അരുളിച്ചെയ്താന്‍ ശ്രീപരമേശ്വരന്‍തിരുവടി. കേള്‍പ്പോയാക. സര്‍വ ഇയന്ത്രങ്ങളിലും ഇതു ശ്രേഷ്ഠം. സകലേഷ്ടഫലങ്ങളെ കൊടുക്കും. എന്നാല്‍ ത്രിപുരദഹനത്തിലേ പുരുഷോത്തമന്‍പക്കല്‍നിന്നു കേള്‍ക്കപ്പെട്ടിതു. അതിനാല്‍ അഷ്ടകര്‍മ്മങ്ങള്‍ക്കും സത്യകര്‍മ്മങ്ങള്‍ക്കും പുരുഷോത്തമനരുളിച്ചെയ്കയിനാല്‍ ഞാനും പുരുഷോത്തമനെ നമസ്കരിച്ചു ചൊല്ലുന്നേന്‍.ˮ

വ്യാഖ്യാനങ്ങള്‍, സൌന്ദര്യലഹരീവ്യാഖ്യ

ഇതു ശങ്കരഭഗവല്‍പാദകൃതമായ സെൌന്ദര്യലഹരീസ്തോത്രത്തിന്റെ വ്യാഖ്യാനമാണെന്നു പറയേണ്ടതില്ലല്ലോ. വിശദമായ അര്‍ത്ഥഗ്രഹണത്തിനു പ്രയോജകീഭവിക്കുന്ന ഒരു വ്യാഖ്യാനംതന്നെയാണു് പ്രസ്തുത ഗ്രന്ഥം. രണ്ടു ശ്ലോകങ്ങളുടെ വിവരണം ചുവടേ പകര്‍ത്താം:

ʻʻതനീയാംസം പാംസും തവ ചരണപങ്കേരുഹഭവം
വിരിഞ്ചസ്സഞ്ചിന്വന്‍ വിരചയതി ലോകാനവികലം
വഹത്യേനം ശൌരിഃ കഥമപി സഹസ്രേണ ശിരസാം
ഹരസ്സംക്ഷുദ്യൈനം ഭജതി ഭസിതോദ്ധൂളനവിധിം.ˮ

ʻʻഹേ ശരണ്യേ-ശരണം പ്രാപിച്ചിരിക്കുന്ന ജനങ്ങള്‍ക്കു് അനുഗ്രഹിക്ക ശീലമായിരിപ്പോയേ! വിരിഞ്ചഃ തവ ചരണപങ്കേരുഹഭവം തനീയാംസം പാംസും സഞ്ചിന്വന്‍ ലോകാന്‍ അവികലം വിരചയതി-വിരിഞ്ചന്‍ നിന്തിരുവടിയുടെ ചരണപങ്കേരുഹത്തിങ്കല്‍ ഭവിച്ചോന്നായി, ഏറ്റവും ചെറിയോന്നായിരിക്കുന്ന പൊടിയെ ഈട്ടംകൂട്ടി ഇയങ്ങുന്നൊരുത്തനായിട്ടു ലോകങ്ങളെ പരിപൂര്‍ണ്ണമാകുംവണ്ണം ചമയ്ക്കുന്നോന്‍. ശൌരിഃ ഏനം ശിരസാം സഹസ്രേണ കഥമപി വഹതി- ശൌരി ഇതിനെ ശിരസ്സുകളുടെ സഹസ്രംകൊണ്ടു് എത്രയും പണിപ്പെട്ടു വഹിക്കുന്നോന്‍. ഹരഃ ഏനം സംക്ഷുദ്യ ഭസിതോദ്ധൂളനവിധിം ഭജതി-ഹരന്‍ ഇതിനെ ചൂര്‍ണ്ണമാക്കീട്ടു ഭസിതം കൊണ്ടുള്ളോരു ഉദ്ധൂളനവിധിയെ ഭജിക്കുന്നോന്‍. ഇങ്ങനെയിരിക്കുന്ന നിന്തിരുവടിയെ പ്രണാമം ചെയ്‌വാനായിക്കൊണ്ടും സ്തുതിപ്പാനായിക്കൊണ്ടും അകൃതപുണ്യനായിരിക്കുന്നവന്‍ എങ്ങനെ പ്രഭവിപ്പൂ എന്നര്‍ത്ഥം.ˮ

ʻʻസവിത്രീഭിര്‍വാചാം ശശിമണിശിലാഭംഗശൂചിഭിര്‍-
വശിന്യാദ്യാഭിസ്ത്വാം സഹ ജനനി! സഞ്ചിന്തയതി യഃ
സ കര്‍ത്താ കാവ്യാനാം ഭവതി മഹതാം ഭംഗിസുഭഗൈര്‍-
വചോഭിര്‍വാഗ്ദേവീവദനകമലാമോദമധുരൈഃ.ˮ

ʻʻഹേ ജനനി! വാചാം സവിത്രീഭിഃ ശശിമണിശിലാഖണ്ഡശുചിഭിഃ വശിന്യാദ്യാഭിഃ സഹ യഃ ത്വാം സഞ്ചിന്തയതി സഃ ഭംഗിസുഭഗൈഃ വാഗ്ദേവീവദനകമലാമോദമധുരൈഃ വചോഭിഃ മഹതാം കാവ്യാനാം കര്‍ത്താ ഭവതി-എടോ ജനനിയായുള്ളോവേ! വാക്കുകളെ പ്രസവിക്കുന്നോ ചിലരായി, ചന്ദ്രകാന്തക്കല്ലു മുറിച്ചകണക്കേ അതിശയേന വെളുത്തു ശോഭിക്കുന്നോ ചിലരായിരിക്കുന്ന വശിനിയാദിയായുള്ള മൂര്‍ത്തികളോടു കൂടീട്ടു യാവനൊരുത്തന്‍ നിന്തിരുവടിയെ ചിന്തിക്കുന്നതു്, അവന്‍ ഭംഗിസുഭഗകളായിരിക്കുന്ന വാക്കുകളെക്കൊണ്ടു് എത്രയും സൌഭാഗ്യത്തോടുകൂടിയോ ചിലവായി, വാഗ്ദേവീവദനകമലാമോദ മധുരങ്ങളായിരിക്കുന്ന, സരസ്വതിയുടെ മുഖകമലത്തിന്റെ സൌരഭ്യംപോലെ മധുരങ്ങളായിരിക്കുന്ന വാക്കുകളെക്കൊണ്ടു മഹത്തുക്കളായി, പ്രധാനങ്ങളായിരിക്കുന്ന കാവ്യങ്ങള്‍ക്കു കര്‍ത്താവായി ഭവിക്കുന്നോന്‍.ˮ

മുകുന്ദമാലാവ്യാഖ്യാനം

കുലശേഖര ആഴ്വാരുടെ മുകുന്ദമാലാസ്തോത്രത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കാണുന്നു എന്നു മുമ്പു സൂചിപ്പിച്ചിട്ടുണ്ടല്ലോ. അതില്‍നിന്നു് ഒരുഭാഗം ഉദ്ധരിക്കുന്നു:

ʻʻതത്ത്വം ബ്രുവാണാനി പരം പരസ്താ-
ന്മധു ക്ഷരന്തീനി മുദാം പദാനി
പ്രാവര്‍ത്തയ, പ്രാജ്ഞലിരസ്മി ജിഹ്വേ!
നാമാനി നാരായണഗോചരാണി.ˮ

ʻʻഹേ ജിഹ്വേ, പ്രാഞ്ജലിരസ്മി–-എടോ രസനേ, ഞാന്‍ നിനക്കു പ്രാഞ്ജലിയായി ഭവിക്കുന്നേന്‍. നാരായണഗോചരാണി നാമാനി ആവര്‍ത്തയ–-നാരായണഗോചരങ്ങളായിരിക്കുന്ന നാമങ്ങളെ ആവര്‍ത്തീച്ചീടുക. എങ്ങനെയിരുന്നോന്നു നാമങ്ങള്‍? മുദാം പദാനി–-സന്തോഷത്തെ ഉണ്ടാക്കുന്നോ ചിലവ, മധു ക്ഷരന്തീനി-മധുവെ ദ്രവിപ്പിക്കുന്നോ ചിലവ, പരസ്താല്‍ പരം തത്ത്വം ബ്രുവാണാനി–-പരത്തിങ്കല്‍നിന്നു പരമായിരിക്കുന്ന തത്ത്വത്തെ ചൊല്ലിയിയങ്ങുന്നോ ചിലവ.ˮ പ്രസ്തുത വ്യാഖ്യ കുറേക്കൂടി വിസ്തൃതമായി മറ്റൊരു രൂപത്തിലും കണ്ടിട്ടുണ്ടു്.

യുധിഷ്ഠിരവിജയവ്യാഖ്യാനം

വാസുദേവ ഭട്ടതിരിയുടെ യുധിഷ്ഠിരവിജയം യമകകാവ്യം പണ്ടു കേരളത്തില്‍ പരക്കെ ബാലശിക്ഷയ്ക്കു് ഉപയോഗിച്ചുവന്നിരുന്നു. തന്നിമിത്തം അതിനു നല്ല ഒരു ഭാഷാവിവരണം രചിയ്ക്കേണ്ടതിന്റെ ആവശ്യം നേരിടുകയും അതു് ഏതോ ഒരു പണ്ഡിതപ്രവേകന്‍ നിര്‍വ്വഹിയ്ക്കുകയും ചെയ്തു. ʻʻപദച്ഛേദഃ പദാര്‍ത്ഥോക്തിര്‍വിഗ്രഹോ വാക്യയോജനം ആക്ഷേപസ്യ സമാധാനം വ്യാഖ്യാനം പഞ്ചലക്ഷണംˮ എന്ന നിര്‍വചനം പ്രസ്തുത വ്യാഖ്യാനത്തിനു നല്ലപോലെ യോജിക്കുന്നുണ്ടു്. ഒരു ശ്ലോകത്തിന്റെ വ്യാഖ്യാനംമാത്രം ചുവടേ പകര്‍ത്താം:

ʻʻയുധിഷ്ഠിരവിജയമാകുന്ന ഗ്രന്ഥത്തെ ചമപ്പാന്‍ തുടങ്ങുന്ന ആചാര്യന്‍ അതിന്റെ അവിഘ്നപരിസമാപ്ത്യാദിപ്രയോജന സിദ്ധ്യര്‍ത്ഥമായിട്ടു നടേ ആശിസ്സിനെ ചെയ്യുന്നു, ʻപ്രദിശതുʼ എന്ന ശ്ലോകംകൊണ്ടു്.
പ്രദിശതു ഗിരിശഃ സ്തിമിതാം ജ്ഞാനദൃശം വഃ ശ്രിയം ച ഗിരിശസ്തിം ഇതാം പ്രശമിതപരമദമായം സന്തഃ സഞ്ചിന്ത യന്തി പരമദമാഃ യം ഇതി പദച്ഛേദഃ
ഗിരിശഃ വഃ ജ്ഞാനദൃശം പ്രദിശതു ഗിരി ശ്രിയം ച–-ഗിരിശന്‍ നിങ്ങള്‍ക്കായിക്കൊണ്ടു ജ്ഞാനദൃക്കിനെ പ്രദാനം ചെയ്‌വോനാക. ഗീര്‍വിഷയമായിരിക്കുന്ന ശ്രീയെയും. ഗിരിശന്‍ ശ്രീമഹാദേവന്‍. ʻഗിരീശോ ഗിരിശോ മൃഡഃʼ എന്നു സിംഹന്‍. ജ്ഞാനദൃക്‍ ജ്ഞാനമാകുന്ന ദൃക്കു്. ജ്ഞാനം അറിവു്. ദൃക്ക് കണ്ണു്, ʻലോചനം നയനം നേത്രമീക്ഷണം ചക്ഷുരക്ഷിണീ ദൃഗ്ദൃഷ്ടിശ്ചʼ എന്നു സിംഹന്‍. ഗീരു് വാക്കു്. ʻവാഗ്വാണീ ഭാരതീ ഭാഷാ ഗൌര്‍ഗ്ഗീര്‍ബ്രാഹ്മീ സരസ്വതീʼ എന്നു വൈജയന്തി. ശ്രീയ് ശോഭ. ʻശ്രീരിന്ദിരായാം ശോഭായാം സ്യാല്‍ സമ്പത്തിലവംഗയോഃʼ എന്നു കേശവന്‍. സ്തിമിതാം, അങ്ങനെയിരിക്കേണം ജ്ഞാനദൃക്കു്. സ്തിമിതയായിരിക്കേണം. ʻസ്തിമിതം നിശ്ചലേ ക്ലിന്നേʼ എന്നു കേശവന്‍. ശസ്തിം ഇതാം, അങ്ങനെയിരിക്കേണം ശ്രീയ്. ശസ്തിയെ ഇതയായിരിക്കേണം. ശസ്തി പ്രശസ്തി. ഇത പ്രാപ്ത. യം സന്തഃ സഞ്ചിന്തയന്തി-യാതൊരു ഗിരിശനെ സത്തുക്കള്‍ സഞ്ചിന്തനം ചെയ്യുന്നു. സത്തുക്കള്‍ വിദ്വാന്മാര്‍. ʻവിദ്വാന്‍ വിപശ്ചിദ്ദോഷജ്ഞഃ സന്‍ സുധീഃ കോവിദോ ബുധഃʼ എന്നു സിംഹന്‍. സഞ്ചിന്തനം ചെയ്ക ഉപാസിക്ക. പ്രശമിതപരമദമായം, അങ്ങനെയിരുന്നു ഗിരിശന്‍. പ്രശമിതപരമദമായനായിരുന്നു. പ്രശമിതകളായിരിക്കുന്ന പരമദമായകളോടുകൂടിയിരുന്നു. പ്രശമിതകള്‍ പ്രകര്‍ഷേണ ശമിതകള്‍. ശമിതകള്‍ നാശിതകള്‍. പരമദമായകള്‍ പരന്മാരുടെ മദമായകള്‍. പരന്മാര്‍ ശത്രുക്കള്‍. ʻഅഭിഘാതിപരാരാതി പ്രത്യര്‍ത്ഥിപരിപന്ഥിനഃʼ എന്നു സിംഹന്‍. മദമായകള്‍ മദവും മായയും. മദം സഹങ്കാരം. മായ വ്യാജം. പരമദമാഃ, അങ്ങനെയിരുന്നു സത്തുക്കള്‍, പരമമായിരിക്കുന്ന ദമത്തോടുകൂടിയിരുന്നു. പരമം ഉല്‍കൃഷ്ടം. ദമം അടക്കം.ˮ

പിന്നീടു വ്യാഖ്യാതാവു ʻപ്രദിശതു-ദിശ അതിസര്‍ജ്ജനേ എന്ന ധാതുവില്‍ പരസ്മൈപദലോട്ടില്‍ പ്രഥമപുരുഷൈകവചനംʼ എന്നിങ്ങനെ ഓരോ പദത്തിന്റേയും വിഭക്തിയേയും ʻʻജ്ഞാനമേവ ദൃക്‍, ജ്ഞാനദൃക്‍ ഇതി കര്‍മ്മധാരയഃ. ജ്ഞാനം തന്നെ ദൃക്‍, ജ്ഞാനദൃക്‍ താം, അതിനെ ജ്ഞാനദൃക്കിനെˮ എന്നിങ്ങനെ വിഗ്രഹത്തേയും പറ്റി പ്രതിപാദിക്കുന്നു. എത്ര സമ്പൂര്‍ണ്ണമായ ഒരു വിവരണമാണു് ഇതു് എന്നു വായനക്കാര്‍ക്കു കാണ്‍മാന്‍ പ്രയാസമില്ലല്ലോ. വ്യാഖ്യാതാവു സ്മരിക്കുന്ന കേശവന്‍ ക്രി: പി: 1660 ഇടയ്ക്കു ജീവിച്ചിരുന്ന കല്പദ്രുകോശകാരനല്ലെന്നും, പ്രത്യുത ക്രി: പി: പന്ത്രണ്ടാം ശതകത്തിലോ പതിമ്മൂന്നാം ശതകത്തിലോ ജീവിച്ചിരുന്ന നാനാര്‍ത്ഥാര്‍ണ്ണവ സംക്ഷേപകാരനായ കേശവസ്വാമിയാണെന്നും ഞാന്‍ പരിശോധിച്ചു തീര്‍ച്ചപ്പെടുത്തീട്ടുണ്ടു്. പ്രസ്തുത ഭാഷാവ്യാഖ്യ കൊല്ലം എട്ടാം ശതകത്തിനപ്പുറമല്ല ആവിര്‍ഭവിച്ചതു് എന്നു സൂക്ഷ്മമായി പറയാം. യുധിഷ്ഠിരവിജയവ്യാഖ്യയ്ക്കു വിഭിന്ന പാഠങ്ങളുള്ള ആദര്‍ശഗ്രന്ഥങ്ങളും കാണ്‍മാനുണ്ടു്.

വിഷ്ണുകേശാദിപാദവ്യാഖ്യാനം

ശങ്കരഭഗവല്‍പാദകൃതമായ വിഷ്ണുകേശാദിപാദസ്തവത്തിനും ഒരു പഴയ വ്യാഖ്യാനം ലഭിച്ചിട്ടുണ്ടു്. അതിലൊരു ഭാഗം ഉദ്ധരിക്കാം:

ˮലക്ഷ്മീഭര്‍ത്തുഃ ഇത്യാദി. ആദിയിങ്കല്‍ മംഗലാര്‍ത്ഥമായിട്ടു കവി ലക്ഷ്മീശബ്ദത്തെ ചൊല്ലിയതു്. അങ്ങനെയെല്ലാമിരുന്ന കംബുരാജന്‍ നമ്മെ രക്ഷിപ്പൂതാക. എങ്ങനെയിരുന്നെന്നു വിശേഷിയ്ക്കുന്നു പിന്നെ. ലക്ഷ്മീഭര്‍ത്താവിന്റെ ഭുജാഗ്രത്തിങ്കല്‍ കൃതവസതിയായിരുന്നൊന്നു്. നീലപര്‍വതത്തിന്റെ ശൃംഗത്തിന്മേല്‍ ചന്ദ്രബിംബം സ്ഥിതിചെയ്യുന്നതോ എന്നു തോന്നും കണ്ടാല്‍ˮ ഇത്യാദി.

രൂപാവതാരവ്യാഖ്യാനം

യുധിഷ്ഠിര വിജയം പോലെയോ അതിലധികമോ കേരളത്തില്‍ പുരാതനകാലത്തു പ്രചുര പ്രചാരമായിരുന്ന ഒരു ഗ്രന്ഥമാണു് ധര്‍മ്മകീര്‍ത്തിയുടെ രൂപാവതാരം; വ്യാകരണശാസ്ത്രത്തില്‍ ഭട്ടോജിദീക്ഷിതരുടെ സിദ്ധാന്തകൌമുദി ആവിര്‍ഭവിക്കുന്നതിനു മുന്‍പു് ഈ നാട്ടില്‍ അദ്ധ്യേതാക്കളെ അഭിസിപ്പിച്ചുവന്നതു് ആ ഗ്രന്ഥമായിരുന്നു. അതിനും വിശിഷ്ടമായ ഒരു പഴയ വ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്; പക്ഷേ പ്രതിപാദനം സരളമല്ല. വ്യാഖ്യാതാവിനെപ്പറ്റി ഒരറിവുമില്ല. താഴെക്കാണുന്നതു് അതിലെ ഒരു ഭാഗമാണു്:

ˮയഥാസംഖ്യമനുദേശസ്സമാനാം. സംഖ്യാശബ്ദേന ക്രമോലക്ഷ്യതേ. സംഖ്യാശബ്ദംകൊണ്ടു ക്രമം ലക്ഷിക്കപ്പെടിന്റു. യഥാവല്‍ ക്രമത്താലേ എന്റു പൊരുള്‍. സമാനാം സമസംഖ്യാനാം സമപരിപഠിതാനാമുദ്ദേശിനാമനുദ്ദേശിനാഞ്ച യഥാക്രമമുദ്ദേശിഭിരനുദ്ദേശിഭിസ്സഹ സംബധ്യന്തേ-സമാനമെന്റു സമസംഖ്യങ്ങളായി സമപരിപഠിതങ്ങളായിരിക്കിന്റ ഉദ്ദേശികളിലുമനുദ്ദേശികളിലുംവച്ചു ക്രമത്താലേ ഉദ്ദേശികളോടു് അനുദ്ദേശികളെ സഹ സംബന്ധിക്കപ്പെടിന്റു. ഉദ്ദേശികളെന്റു മുന്നമുളവായിരിക്കിന്റവ; അനുദ്ദേശികളെന്റു പിന്നെ വന്റവ. തകാരത്തിന്നു ചകാരമാവൂ എന്റാല്‍ ദേവച്‌ഛത്രം എന്റിരിക്കുമ്പോഴു് ശ്ലിഷ്ടോച്ചാരണം കര്‍ത്തവ്യം. ശ്ലേഷ വരുത്തിച്ചൊല്ലുക. ദേവച്ഛത്രം.ˮ

സംഗീതരത്നാകരവ്യാഖ്യാനം

ക്രി: പി: പതിന്നാലാംശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന ദേവഗിരിയിലെ ധര്‍മ്മപാലന്‍ എന്ന രാജാവു സംഗീതസുധാകരം എന്നൊരു ശാസ്ത്രഗ്രന്ഥം നിര്‍മ്മിച്ചു. അതിന്റെ ഒരു പഴയ വ്യാഖ്യാനമാണു് നമുക്കു കിട്ടീട്ടുള്ളതു്. മൂലശ്ലോകങ്ങള്‍ ഉദ്ധരിച്ചു് അവയ്ക്കു ഗദ്യത്തില്‍ വിവരണം വ്യാഖ്യാതാവു് എഴുതിച്ചേര്‍ത്തിരിക്കുന്നു. നോക്കുക:

ʻʻവാണീ ന കേവലമഹാരി തയാ വിജിത്യ
പ്രീതിപ്രദാ പികകുലാല്‍ സമവര്‍ണ്ണഭേദൈഃ
ദേവേന്ദ്രശേഖരിതപാദസരോജരേണും
താം പഞ്ചമസ്വരമയീമനിശം നമാമി.ˮ

ʻʻപികകുലമെന്റ കയില്‍ക്കൂട്ടത്തിങ്കല്‍നിന്റു ജയിച്ചിട്ടു് ആ വാണിയെ മാത്രമല്ല ഹരിച്ചു, ആ വര്‍ണ്ണഭേദത്തേയും ഹരിപ്പൂതും ചെയ്തു ദേവേന്ദ്രനാല്‍ ശേഖരിതമായിരിക്കിന്റ ദേവിയെ എപ്പോഴും നമസ്കരിക്കിന്റേന്‍.ˮ

ʻʻയസ്യാ വപുര്‍ന്നവസുധാരസനിര്‍വിശേഷം
പീതം തദപ്യതിതരാം നയനൈര്‍മ്മഹേശഃ
ആപീയമാനമഭിതോ വിദധാതി ദേവ-
സ്താം ധൈവതീമനുഗൃണന്നനിശം നമാമി.ˮ

ʻʻമഹേശനായിരിക്കിന്റ ദേവന്‍ യാവളൊരുത്തിയിടെ നവസുധാരസനിര്‍വ്വിശേഷമായിരിക്കിന്റ വപുസ്സിനെ അത്യര്‍ത്ഥം നയനങ്ങളെക്കൊണ്ടു ചുറ്റുവട്ടവും പാനംചെയ്താനെന്റിട്ടിരിക്കിന്‍റൂതാകിലും ആപീയമാനമായിട്ടു ഭവിക്കിന്റിതു, അദ്ധൈവതിയായിരിക്കിന്റ ദേവിയെ സ്തുവന്നായിട്ടു് എപ്പോഴും നമസ്കരിക്കിന്റേന്‍.ˮ

സനല്‍സുജാതീയവ്യാഖ്യാനം

മഹാഭാരതം ഉദ്യോഗപര്‍വത്തില്‍ വിദുരോപദേശാനന്തരം സനല്‍സുജാതമഹര്‍ഷി ധൃതരാഷ്ട്രചക്രവര്‍ത്തിക്കു് അപവര്‍ഗ്ഗവിഷയകമായി ജ്ഞാനോപദേശം ചെയ്യുന്ന ഒരു ഘട്ടമുണ്ടു്. സനല്‍സുജാതീയമെന്നാണു് ആ ഉപദേശത്തിന്റെ സംജ്ഞ. അതു മഹാഭാരതത്തിലെ ഭഗവല്‍ഗീതാദികളായ പഞ്ചരത്നങ്ങളില്‍ ഒന്നും സാക്ഷാല്‍ ശങ്കരഭഗവല്‍പാദര്‍ തന്നെ വ്യാഖ്യാനിച്ചിട്ടുള്ളതുമാകയാല്‍ അസാധാരണമായ മാഹാത്മ്യത്തോടുകൂടിയ ഒരു പ്രകരണമാകുന്നു. അതിന്റെ ഭാഷാവ്യാഖ്യാനത്തില്‍ ഒരു ഭാഗമാണു് അടിയില്‍ ചേര്‍ക്കുന്നതു്:

ʻʻതതോ രാജാ ധൃതരാഷ്ട്രോ മനീഷീ
സമ്പൂജ്യ വാക്യം വിദുരേരിതം തല്‍
സനല്‍സുജാതം രഹിതേ മഹാത്മാ
പപ്രച്ഛ ബുദ്ധിം പരമാം ബുഭൂഷന്‍.ˮ

പാണ്ഡവാഭിപ്രായത്തെ അറിയായ്ക ഹേതുവായിട്ടു പ്രജാഗരാഭിഭൂതനായുള്ള ധൃതരാഷ്ട്രര്‍ വിദുരര്‍മുഖത്തിങ്കല്‍നിന്നു ത്രിവര്‍ഗ്ഗ വിഷയമായുള്ള അര്‍ത്ഥജാതത്തെ കേട്ടു. തദനന്തരം വിദുരരാല്‍ സൂചിതമായി അപവര്‍ഗ്ഗവിഷയമായുള്ള അര്‍ത്ഥജാതത്തെ കേള്‍പ്പാനായിക്കൊണ്ടു ചോദിക്കുന്നു.

തതഃ ധൃതരാഷ്ട്രഃ സനല്‍സുജാതം പപ്രച്ഛ-ത്രിവര്‍ഗ്ഗത്തെക്കേട്ടനന്തരം ധൃതരാഷ്ട്രര്‍ സനല്‍സുജാതനോടു ചോദിച്ചു. സനല്‍സുജാതം എന്റേടത്തു സനച്ഛബ്ദം സദാവചനമായിരിപ്പോന്റ്; സുജാതശബ്ദംകൊണ്ടു യുവാവിനെച്ചൊല്ലി: സദായുവാവായിരിപ്പോരുത്താന്‍; അതെന്റി എല്ലാ നാളും യൌവന യുക്തനായിരിപ്പോരുത്തനവന്‍. അതെന്റിയേ സുജാതശബ്ദം കുമാരവാചകമായിരിപ്പോന്റ്; നിത്യകുമാരന്‍ എന്റാകിലുമാം. അതെന്റിയേ സനത്തെന്റു ശാന്തയായുള്ള ബുദ്ധി. ബുദ്ധ്യാദികരണങ്ങള്‍ അത്യന്തം പ്രസന്നങ്ങളായിരിക്കും വിഷയത്തിങ്കല്‍ ബ്രഹ്മന്റെ മാനസത്തിങ്കല്‍നിന്റുളനാകകൊണ്ടു സനല്‍സുജാതനെന്റാകിലുമാം. അവ്വണ്ണമുണ്ടു ചൊല്ലുന്നൂതും:

ʻʻബുദ്ധ്യാദികരണൈസ്സര്‍വൈശ്ശാന്തോ ബ്രഹ്മാ ജഗല്‍പതിഃ
യദാഭവത്തദാ ജാതസ്സനല്‍സുത ഇതീരിതഃˮ

എന്റിങ്ങനെ. അതെന്റിയേ സനത്തെന്റു സനാതനമായി ഹിരണ്യഗര്‍ഭാഖ്യമായുള്ള ആ ബ്രഹ്മത്തെച്ചൊല്ലി. സനാതനമായുള്ള ബ്രഹ്മത്തിങ്കല്‍നിന്റു ജ്ഞാനവൈരാഗ്യാദി ഗുണങ്ങളോടുകൂടീട്ടുളനായി എന്റിട്ടാകിലുമാം സനല്‍സുജാതന്‍. അങ്ങനത്ത സനല്‍സുജാതന്‍. അങ്ങനത്ത സനല്‍സുജാതനോടു ചോദിച്ചു. വിദുരേരിതം തല്‍വാക്യം സമ്പൂജ്യ-വിദുരേരിതമായുള്ള ആ വാക്യത്തെ സമ്പൂജനം ചെയ്തിട്ടു്. വിദുരരാല്‍ ചൊല്ലപ്പെട്ടിരിക്കിന്റ ആ വാക്യമുണ്ടു്; ത്രിവര്‍ഗ്ഗവിഷയമായുള്ള വാക്യം. അതിനെ അഴകുതായി പൂജിച്ചിട്ടു്. എത്രയുമഴകുതു വിദുരര്‍ ത്രിവര്‍ഗ്ഗത്തെ കഥിച്ചവാറു് എന്റു് അതിനെപ്പെരിക പ്രശംസിപ്പൂതും ചെയ്തു. എങ്കില്‍ തനിക്കറിയേണ്ടീട്ടുതന്നെയോ ചോദിച്ചു് അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടത്രേ അനുഷ്ഠാനേച്ഛകൊണ്ടല്ല എന്റു ചൊല്ലുന്റു. പരമാം ബുദ്ധിം ബുഭൂഷന്‍-പരമയായുള്ള ബുദ്ധിയെ ബുഭൂഷന്നായിട്ടു്; സച്ചിദാനന്ദൈകരസമായുള്ള ബുദ്ധി എന്റ ബ്രഹ്മജ്ഞാനം. അതിനെ ബുഭൂഷന്നായിട്ടു്; ബ്രഹ്മസ്വരൂപത്തെ അറികയിലേ ശ്രദ്ധകൊണ്ടു്; അപവര്‍ഗ്ഗവിഷയമായുള്ള അര്‍ത്ഥജാതത്തെ അറികയിലേ ശ്രദ്ധകൊണ്ടത്രേ ചോദിച്ചു; അനുഷ്ഠിക്കയിലേ ശ്രദ്ധകൊണ്ടല്ല. എന്തു ഹേതുവായിട്ടനുഷ്ഠിക്കയില്‍ ശ്രദ്ധയില്ലാഞ്ഞു എന്റു്. അതു് അനുഷ്ഠാനത്തിങ്കല്‍ തനിക്കധികാരമില്ലായ്കയാല്‍ എന്റു ചൊല്ലുന്റു പിന്നെ രാജാ. രാജാവല്ലോ താന്‍, ഐശ്വര്യരാഗമുള്ളോരുത്തന്‍, സാധനചതുഷ്ടയസമ്പന്നനായുള്ളവനല്ലോ അനുഷ്ഠാനത്തിങ്കല്‍ അധികാരമുള്ളൂ. എങ്കില്‍ ജിജ്ഞാസയിങ്കല്‍ അധികാരമുണ്ടോ എന്റു്. അതുണ്ടെന്റു ചൊല്ലുന്റു. മനീഷീ, അതേ ധൃതരാഷ്ട്രര്‍ മനീഷിയായിരിപ്പോരുത്താന്‍. മഹാത്മാവായിട്ടു, തപോവിദ്യകളോടുംകൂടിയിരുപ്പോരുത്തന്‍. അങ്ങനത്ത ധൃതരാഷ്ട്രന്‍ സനല്‍സുജാതന്നൊടു ചോദിച്ചു. അതും രഹിതേ, വിവിക്തത്തിങ്കല്‍. വിദുരാദികള്‍ പോയിട്ടിരിക്കിന്റപ്പോള്‍. ഉപനിഷദര്‍ത്ഥത്തെ കേള്‍പ്പാന്‍ അധികാരമില്ലല്ലോ വിദുരാദികള്‍ക്കു്. അതുകൊണ്ടു് അവര്‍ പോയിട്ടിരിക്കിന്റപ്പോള്‍ ചോദിച്ചു.ˮ

ഇതു ശാങ്കരവ്യാഖ്യാനത്തേക്കാള്‍ വളരെ വളരെ വിപുലമാണെന്നു പ്രഥമശ്ലോകത്തിന്റെ അര്‍ത്ഥവിവരണത്തില്‍ നിന്നു തന്നെ മനസ്സിലാക്കാവുന്നതാകുന്നു. ഇത്തരത്തില്‍ സര്‍വങ്കഷങ്ങളും സകലസംശയച്ഛേദികളുമായ അനേകം ഭാഷാവ്യാഖ്യാനങ്ങള്‍ കൊല്ലം ഏഴു മുതല്‍ ഒന്‍പതുവരെ ശതകങ്ങിളില്‍ വിവിധശാസ്ത്രജ്ഞന്മാരായ കേരളീയപണ്ഡിതന്മാര്‍ വിരചിച്ചു ലോകത്തെ അനുഗ്രഹിച്ചിട്ടുണ്ടു്. ഭാഷാഗദ്യത്തിന്റെ അനുക്രമമായ വികാസത്തിനു് ഈ വ്യാഖ്യാനങ്ങളുടെ സാഹായ്യ്‌വും നിസ്സാരമായിരുന്നില്ല.

ശ്രൌതപ്രയോഗം ഭാഷ

യാഗാദിവൈദികകര്‍മ്മങ്ങളില്‍ അനുഷ്ഠിക്കേണ്ട പ്രയോഗരീതികളെപ്പറ്റി സവിസ്തരമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണു് ഇതു്. ഗ്രന്ഥകാരന്‍ ആരെന്നറിയുന്നില്ല. ആ വിഷയത്തില്‍ അത്യന്തം അഭിജ്ഞനായ ഒരു നമ്പൂരിയാണെന്നു മാത്രമേ ഊഹിക്കുവാന്‍ നിര്‍വ്വാഹമുള്ളു. ഭാഷയ്ക്കു വളരെ പഴക്കമുണ്ടു്. ഏഴാം ശതകത്തിലായിരിക്കാം ഗ്രന്ഥത്തിന്റെ ആവിര്‍ഭാവം. ഒരു ഭാഗം ഉദ്ധരിക്കാം: ʻʻഅഗ്നിഷ്ടോമാര്‍ത്ഥമായി കൈപിടിച്ചാല്‍ ബ്രഹ്മനും ഹോതനും തൈത്തിരീയരോടുകൂടപ്പോയി ബോധായനസ്നാനവും ചെയ്തുപോരൂ. ബ്രഹ്മന്‍ കാലുംകഴുകി ആചമിച്ചു.....ചെയ്യിന്റതിനു തെക്കേ നില്പൂ. തൈത്തരീയരോടുകൂട വരണാന്തമായിച്ചെയ്തഗ്നിഹോത്രശാലയില്‍ച്ചെന്റു തീ കാച്ചുന്നേടത്തു് അവിടെയവിടെത്തെക്കിരിപ്പൂ. ശാലയില്‍ പോകുമ്പോള്‍ കൂടപ്പോയി കാലും കഴുകി ആചമിച്ചു ദേവയജനാദ്യവസ.......ത്തിങ്കേന്നു തെക്കു നില്പൂ. ഇരിക്കിലിരിപ്പൂ. അധ്വര്യു ഇഡ ജപിച്ചാല്‍ ബ്രഹ്മന്‍ വേദ്യുല്‍കരമകംപുക്കു പോയി ആയതനു പരിഗ്രഹത്തിന്നവിടെയവിടെത്തെക്കിരിപ്പൂ. മഥിക്കുന്റേടത്തിങ്കേന്റു തീപ്പെട്ടാല്‍ കിഴക്കു പോയി ഇരിപ്പൂ.ˮ

ഭാവാധ്യായം ഭാഷ

ഹോരയിലേ ഭാവാധ്യായത്തിനു് ഒരു പഴയ ഭാഷാവ്യാഖ്യാനം കണ്ടുകിട്ടീട്ടുണ്ടു്. വ്യാഖ്യാതാവു് ആരെന്നറിയുന്നില്ല. മാതൃക കാണിക്കുവാന്‍ രണ്ടു ശ്ലോകങ്ങളുടെ തര്‍ജ്ജമ ചുവടേ കുറിക്കുന്നു:

മൂ:-ʻʻമൂര്‍ത്ത്യാദയഃ പദാര്‍ത്ഥാ ജായന്തേ യേന വിവിധജന്തൂനാം

തസ്മാദധുനാ വക്ഷ്യേ ഭാവാധ്യായം വിശേഷേണ.ˮ

ത:-ʻʻയാതൊരു ശാസ്ത്രത്തിങ്കല്‍നിന്റു യാതൊരു ഗ്രഹത്തെക്കൊണ്ടു മൂര്‍ത്ത്യാദികളായിരിക്കിന്റ പദാര്‍ത്ഥങ്ങള്‍ ജനിക്കപ്പെടിന്റൂ വിവിധങ്ങളായിരിക്കിന്റ ജന്തുക്കളുടെ; ആ ശാസ്ത്രത്തിങ്കല്‍നിന്റു ഭാവാധ്യായത്തെ ഞാന്‍ ഇപ്പോഴു വിശേഷേണ വചിക്കിന്റുണ്ടു്.ˮ

മൂ: ʻʻഅല്പായുഃ കുനഖീ പരാക്രമഗുണീ ഹൃച്ഛൂ ന്യനഷ്ടാത്മജഃ

സ്ഥാനഭ്രംശകരോ വിശീര്‍ണ്ണമദനോ ദുര്‍മ്മാര്‍ഗ്ഗമൃത്യുസ്തഥാ
ധര്‍മ്മാദി പ്രതികൂലതാഹിമരുചിര്‍വിത്തേശ്വരോ ദോഷവാ-
നിത്യേതേ ക്രമശോ വിലഗ്നഭവനാല്‍ കേതോഃ ഫലം ചിന്ത്യതാം.ˮ

ത: അല്പായുസ്സായിരിപ്പോരുത്തന്‍, അശ്ശിരിയായിരിക്കിന്റ നഖങ്ങളോടുകൂടിയിരിപ്പോരുത്തന്‍, പരാക്രമമാകിന്റ ഗുണത്തോടുകൂടിയിരിപ്പോരുത്തന്‍, ഹൃദയത്തിങ്കല്‍ സല്‍ഗുണമെന്റുള്ളൊരു നിരൂപണമൊരിക്കലുമില്ലാതെയിരിപ്പോരുത്തന്‍. പുത്രരോടു വേറുപെട്ടിരിപ്പോരുത്തന്‍, സ്ഥാനനാശത്തെച്ചെയ്ക ശീലനായിരിപ്പോരുത്തന്‍, സ്ത്രീകളോടുകൂടിയുള്ളോരു ക്രീഡയിങ്കല്‍ സ്ത്രീകള്‍ ഇവനെപ്പെരിക നിഷേധിച്ചിരിക്കുമാറുള്ളിതു, ദുര്‍മ്മാര്‍ഗ്ഗം വിഷയമായുള്ളോരു മൃത്യുവിനോടുകൂടിയിരിപ്പോരുത്തന്‍, ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ഒരിക്കലും ബുദ്ധിചെല്ലാതെയിരിപ്പോരുത്തന്‍, ഹിമമെന്റപോലെയിരിപ്പോരു ശോഭയോടുകൂടിയിരിപ്പോരുത്തന്‍ ധനപതിയായിരിപ്പോരുത്തന്‍, ദോഷത്തോടുകൂടിയിരിപ്പോരുത്തന്‍ˮ ഇത്യാദി.