close
Sayahna Sayahna
Search

മണ്ണിന്റെ തുടിപ്പുകള്‍


‌← സി.വി.ബാലകൃഷ്ണന്‍

ഉപരോധം
Uparodham-11.jpg
ഗ്രന്ഥകർത്താവ് സി.വി.ബാലകൃഷ്ണന്‍
മൂലകൃതി ഉപരോധം
ചിത്രണം സി.എൻ. കരുണാകരൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

മണ്ണിന്റെ തുടിപ്പുകള്‍

ഇതൊരു പഴയ കഥയാണ്. ദശകങ്ങള്‍ക്കുമുമ്പ് പീഡിതരുടെ നിസ്സഹായമായ നിലവിളികളും കാല്‍ച്ചങ്ങലകളുടെ കിലുക്കവും ഉയര്‍ന്നു കേട്ട ഒരു വടക്കേ മലബാര്‍ ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ മനുഷ്യരുടെ ഉള്ളിന്റെയുള്ളില്‍നിന്ന് ജ്വലിച്ചുയരുന്ന ആത്മവീര്യത്തിന്റെ കഥ.

ഒട്ടനവധി സംഘര്‍ഷകളുടെയും ധീരമായ ചെറുത്തുനില്പുകളുടെയും ത്യാഗങ്ങളുടെയും ഓര്‍മ്മകള്‍ സൂക്ഷിക്കുന്നുണ്ട് മലബാറിലെ ഉള്‍നാടുകള്‍. അവയിലൊന്നായ കുറ്റൂര്‍ പ്രത്യയശാസ്ത്ര പരിചയമേതുമില്ലാതെ സഹജാവബൊധംകൊണ്ട് അടിച്ചമര്‍ത്തലിനും സാമൂഹികമായ അനീതിക്കുമെതിരെ തീവ്രമായി പ്രതികരിച്ച രണ്ടു വീരനായകരെ ഇന്നുമോര്‍ക്കുന്നു. രാമനെന്നുതന്നെയായിരുന്നു ഇരുവര്‍ക്കും പേരുകള്‍. അതേപോലെ, സാഹസികതയില്‍ പരസ്പരം കൈകള്‍ കോര്‍ത്ത് അവര്‍ ഒറ്റ വ്യക്തിത്വമായി പരിണമിച്ചുവെന്ന് ദേശത്തിന്റെ എഴുതപ്പെടാത്ത ചരിത്രം പറയുന്നു. ജന്മിത്വത്തെ അവര്‍ എതിര്‍ത്തത് കര്‍ഷകപ്രസ്ഥാനം മുപ്പതുകളുടെ ആദ്യപകുതിയില്‍ രൂപംകൊള്ളുന്നതിന് എത്രയോ മുമ്പായിരുന്നു. പിന്നീട് വടക്കന്‍കേരളത്തിലാകെ കര്‍ഷകപ്രസ്ഥാനം വേരുകള്‍ പായിക്കുകയും സാമൂഹികാവസ്ഥ പാടെ മാറ്റിത്തീര്‍ക്കുന്നതിനുള്ള സംഘടിതശ്രമങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്യുന്നതിനിടയില്‍ ഒരുനാള്‍ എ.കെ.ജി. ഒരു ജാഥ നയിച്ച് കുറ്റൂരിലെത്തുമ്പോള്‍ രണ്ടുപേരില്‍ ഒരാളായ വണ്ണത്താന്‍ രാമനകാട്ടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലായിരിക്കെ ഒരു ഗൂഢാലോചനയ്ക്കിരയായി കുതുകാല്‍ ഞരമ്പു മുറിച്ചുമാറ്റപ്പെട്ട് മുടന്തനായി വാര്‍ദ്ധക്യത്തിലെത്തിയിരുന്നു. ജാഥാംഗങ്ങള്‍ മുഷ്ടിചുരുട്ടി മുഴക്കിയ മുദ്രാവാക്യങ്ങള്‍ യോഗസ്ഥലത്തിനടുത്തുള്ള വായനശാലയില്‍ ചാഞ്ഞു കിടന്നു കേട്ട വണ്ണത്താന്‍ രാമന്‍ അവയൊക്കെ താനും കോടിലോനും പണ്ടേ ഉയര്‍ത്തിയവയാണെന്ന് സമീപത്തുണ്ടായിരുന്ന ആരോടോ പറഞ്ഞുവെന്നാണ് കേള്‍വി. ഒപ്പം രസകരമായ മറ്റൊന്നുകൂടിയുണ്ട്. തന്റെ കഴുത്തില്‍ ഏതോ കര്‍ഷകന്‍ ഹാരം ചാര്‍ത്തിയപ്പോള്‍ അത് വായനശാലയിലൂള്ള രാമന്റെ കഴുത്തിലാണ് ഇടേണ്ടതെന്ന് എ.കെ.ജി.പറഞ്ഞത്രെ. ഇങ്ങനെ പല കേള്‍വികളില്‍നിന്നാണ് ഈ കൃതിയുടെ പിറവി. ചരിത്രഗ്രന്ഥങ്ങളില്‍ ചേര്‍ക്കപ്പെടാതെ പശിമയുള്ള നാട്ടുമണ്ണില്‍ കലര്‍ന്ന് ഹൃദയത്തുടിപ്പുകള്‍ തേടിയുള്ള ഒരു യാത്രയുടെ ഉപലബ്ധി.

കാലം എല്ലാ അടയാളങ്ങളും മായ്ച്ചു കളയുന്നില്ല. നന്ദി; കാലത്തിനും മൂര്‍ത്ത ബിംബങ്ങള്‍കൊണ്ട് ആഖ്യാനത്തെ തുണച്ച പ്രശസ്ത ചിത്രകാരനായ സി.എന്‍.കരുണാകരനും.

സി.വി. ബാലകൃഷ്ണന്‍