close
Sayahna Sayahna
Search

മനസ്സും വിവേകവും


ഡി.പങ്കജാക്ഷന്‍

ഭാവിലോകം
DPankajakshan1.jpg
ഗ്രന്ഥകർത്താവ് ഡി.പങ്കജാക്ഷന്‍
മൂലകൃതി ഭാവിലോകം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം രാഷ്ട്രമീമാംസ
വര്‍ഷം
ഗ്രന്ഥകര്‍ത്താവ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 60

മനസ്സും വിവേകവും

മനസ്സ് വെറുക്കുമ്പോള്‍ ഇഷ്ടപ്പെടണം.

മനസ്സ് കൊടുക്കാതിരിക്കാന്‍ ന്യായം കണ്ടെത്തുമ്പോള്‍ വിവേകം കൊടുക്കണം.

മനസ്സ് മടിപിടിക്കുമ്പോള്‍ വിവേകം ഊര്‍ജ്ജസ്വലമാകണം.

മനസ്സ് പോരാ എന്നാര്‍ത്തി കാണിക്കുമ്പോള്‍ വിവേകം മതി എന്നു വയ്ക്കണം.

എന്നാല്‍ സാഹചര്യം കൂടി മനസ്സിനനുകൂലമാകുമ്പോള്‍ വിവേകം തോററുപോകും. മനസ്സിനെ തടയാതെ അതിന്റെ വഴിക്ക് വിട്ടിട്ട് വിവേകം തനതു വഴിയെ നീങ്ങാന്‍ തുടങ്ങണം. ഈ പൗരുഷം വ്യക്തിയില്‍ ഉണര്‍ന്നാല്‍ മാത്രമേ പുതിയ മനുഷ്യനും പുതിയ ലോകവും പിറവി എടുക്കൂ.

ആയിരക്കണക്കിന് വര്‍ഷങ്ങളായി എത്രയോ മഹാപുരുഷന്മാരും, വിപ്ലവ പ്രസ്ഥാനങ്ങളും ജീവന്‍ ബലികൊടുത്ത് ശ്രമിച്ചിട്ടും ഭയം കൂടാതെ ലോകത്തിന് ഒന്നുറങ്ങാന്‍ ഇന്നും കഴിയാതിരിക്കുന്നതെന്തുകൊണ്ട്?

കഴിഞ്ഞകാലസംഭവങ്ങളെ വിമര്‍ശിക്കുവാന്‍ എനിക്കു താല്പര്യമില്ലെങ്കിലും മുന്നേറുവാന്‍ കഴിയാതെ വന്നതിന്റെ കാരണം അന്വേഷിക്കുമ്പോള്‍ അങ്ങോട്ടുകൂടി കടക്കേണ്ടിവരും. ക്ഷമാപണത്തോടുകൂടി എഴുതട്ടെ.

 1. പലരും നേരെ ഈശ്വരങ്കലേക്കും ഗുരുവിലേക്കുമാണ് ജനങ്ങളെ നയിക്കുന്നത്; അന്യോന്യതയിലേക്കല്ല മോക്ഷ മാര്‍ഗ്ഗത്തിലേക്ക് കൈപിടിച്ച് നടത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ സമൂല ജീവിത പരിവര്‍ത്തനത്തിന് പ്രേരണ വേണ്ടത്ര നല്‍കിയില്ല. ഗുരുപൂജയോടുചേര്‍ന്ന് മാനവ സേവനം ഗുരുക്കന്മാരില്‍ ചിലരെങ്കിലും പറഞ്ഞെങ്കിലം ശിഷ്യന്മാര്‍ ഗുരു പൂജയ്ക്കുപ്പുറം കടന്നില്ല.
 2. തന്നിലും തന്റെ പ്രസ്ഥാനത്തിലും വിശ്വസിക്കുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിച്ചു; പരസ്പര വിശ്വാസത്തിലധിഷ്ഠിതമായ സമൂഹജീവിതത്തിന് അത്ര പ്രാധാന്യം നല്‍കിയില്ല.
 3. ബുദ്ധന്റെ കാലം മുതല്‍ വമ്പിച്ച ബുദ്ധവിഹാരങ്ങളും മഹാ ക്ഷേത്രങ്ങളും വന്‍ ചര്‍ച്ചകളും സുന്ദരമായ മോസ്ക്കും നിര്‍മ്മിക്കുന്നതില്‍ ജനങ്ങള്‍ വ്യാപൃതരായി. ആദ്യം വേണ്ടത് പരസ്പരം കൈകോര്‍ക്കുകയാണെന്നപാഠം ആരും പഠിപ്പിച്ചില്ല. വിപ്ലവകാരികള്‍ ആവട്ടെ, തങ്ങളുടെ ദേശത്തിന്റെ മോചനത്തിനും വര്‍ഗ്ഗാധിപത്യത്തിനും വേണ്ടി പോരാടി മരിച്ചു. സമ്പന്നരെ ഇല്ലാതാക്കിയാല്‍ സ്വത്തു കുന്നു കൂട്ടുന്ന പ്രവണത ഇല്ലാതായിക്കോളും എന്നവര്‍ കരുതി. ആ വീക്ഷണം ശരിയായിരുന്നില്ല.
 4. തൊഴിലാളി വര്‍ഗ്ഗം അധികാരത്തില്‍ വന്നാല്‍ ഭൂമിയില്‍ ഭരണകൂടം പോലും ആവശ്യം ഇല്ലാത്ത വര്‍ഗ്ഗരഹിത സമൂഹജീവിതം സംഭവിച്ചുകൊളളും എന്ന് ചിലര്‍ കരുതി. ഭരണകൂടത്തിലൂടെ വര്‍ഗ്ഗമുക്തി സാധിക്കും എന്നു തെററിദ്ധരിച്ചു. ഭരണകൂടം കൈയ്യില്‍ വന്നുകഴിഞ്ഞാല്‍ തൊഴിലാളികളില്‍ ഉറങ്ങിക്കിടക്കുന്ന മുതലാളിത്തം ഉണര്‍ന്ന് ഭരണകൂട ശാപം വര്‍ദ്ധിപ്പിക്കും എന്ന് കരുതിയില്ല.
 5. എല്ലാത്തിനും പരിഹാരം ആയുധം ആണെന്ന ധാരണ ഒരു കാലത്ത് കലോചിതം ആയിരുന്നിരിക്കാം. ഇന്നല്ല. എങ്കിലും അധികാരികളും ജനങ്ങളും ഈ തെററിദ്ധാരണയെ ഇന്നും മുറുകെപ്പിടിക്കുകയാണ്.

സര്‍വ്വോപരി മനുഷ്യന്റെ ഗതി കാലത്തിനും ദേശത്തിനും അനുസരിച്ചേ ഒഴുകൂ എന്നു സമ്മതിക്കുന്നു. എന്നാല്‍ മനസ്സിലാക്കേണ്ടത് കാലദേശങ്ങള്‍ക്ക് അതീതം ആയ മാനവ ഐക്യം കൊണ്ട് മാത്രമേ നമമുടെ സങ്കീര്‍ണ്ണ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകൂ എന്നാണ്. ഈ തിരിച്ചറിവ് ഉണ്ടാകുന്നില്ല എങ്കില്‍ ഇന്നത്തെ കാററിലും കോളിലും പെട്ട് നമ്മുടെ വളളം മുങ്ങിയെന്നു വരാം. ഒരു കടത്ത് വളളം ശക്തിയായി കാററിലും കോളിലും പെട്ട് ഉലഞ്ഞ് കൊണ്ടിരിക്കുമ്പോള്‍ യാത്രക്കാര്‍ തമ്മില്‍ അടിപിടിയും ലഹളയുംകൂടി തുടര്‍ന്നാല്‍ വളളം മുങ്ങുകയല്ലേ ഉള്ളൂ.

ചില നിര്‍ദ്ദേശങ്ങള്‍:

 1. ഈ പുസ്തകത്തിന്റെ സാരം മൂന്നു പദങ്ങളില്‍ ഒതുക്കാം. 1. മൈത്രീ സാധന 2. കൊടുക്കല്‍ വാങ്ങല്‍ 3. വിളിപ്പാട് സമൂഹ ജീവിതരചന. ഇതു മൂന്നും ഓരോരുത്തരും ശീലമാക്കിയാല്‍ പിരിമുറുക്കം അയഞ്ഞുവരും.
 2. നാണയം, ഭരണകൂടം. ഇതു രണ്ടും ചേര്‍ന്ന് നിന്നാണ് മനുഷ്യത്വത്തിലേക്കുള്ള വഴി അടച്ചത്. അധികാരവും അതുവഴി ധനവും കയ്യിലായാല്‍ ലോകാധിപത്യം കയ്യിലായി. ബി. സി. കാലങ്ങളില്‍ തുടങ്ങിയ ഈ ശ്രമം നിയന്ത്രിച്ചില്ലെങ്കില്‍ ഭൂമിക്കാകെ മനുഷ്യവര്‍ഗ്ഗം ശാപമായിത്തീര്‍ന്നേക്കാം. തന്നെയല്ല; ഒരു പരിധി കഴിഞ്ഞാല്‍ ആര്‍ക്കും നിയന്ത്രിക്കാന്‍ കഴിയാതെയും വരും.
 3. ‘ഭാവിയിലേക്ക്’ എന്ന പുസ്തകവും ‘ഭാവിലോകം’ എന്ന പുസ്തകവും ഒന്നിച്ച് ബയന്റ് ചെയ്തുവയ്ക്കാം. വലിപ്പവും ആശയും ഒന്നിനൊന്നു ചേരും.
 4. അപമാനവും നഷ്ടവും സഹിച്ചും സംഘര്‍ഷം ഒഴിവാക്കുകയാണ് കാലോചിതം.
 5. ഏററവും പ്രധാനമായ കാര്യം ഇതൊന്നുമല്ല. ഭാവിലോക സംവിധാനത്തെപ്പററി വ്യക്തമായ ഒരു ഭാവന ഓരോരുത്തരും തെളിച്ചെടുക്കണം. നമ്മുടെ ചലനങ്ങള്‍ അതിന്റെ സാക്ഷാത്കാരത്തിനുവേണ്ടയാവണം.
 6. അതിലേക്ക് മൈത്രീസാധന ഈ നിമിഷം തന്നെ തുടങ്ങുക. “ആരും അന്യരല്ല. എല്ലാവരും വേണ്ടപ്പെട്ടവർ.” കയ്യിൽ വരുന്നതിന്റെ അംശം മിത്രഭാവേന ആർക്കെങ്കിലും കൊടുത്തു തുടങ്ങുക.
 7. നേടിയതെല്ലാം ഉപേക്ഷിച്ചു മരിക്കാന്‍ പോകുകയല്ലേ നാം. നേടിയതെല്ലാം സമൂഹത്തിന് സമര്‍പ്പിച്ചു ജീവിച്ചു നോക്കിയാല്‍ എങ്ങനെയിരിക്കും എന്നറിയാമല്ലോ. ധൈര്യപ്പെടരുതോ.