close
Sayahna Sayahna
Search

മലയാള സാഹിത്യം ഒരു പാത്രക്കുളം


മലയാള സാഹിത്യം ഒരു പാത്രക്കുളം
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പ്രകാശത്തിന് ഒരു സ്തുതിഗീതം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 118 (ആദ്യ പതിപ്പ്)

Externallinkicon.gif പ്രകാശത്തിന് ഒരു സ്തുതിഗീതം

ചെമ്പൈ വൈദ്യനാഥയ്യര്‍ പാടുന്നു. പാലക്കാട്ടു മണി മൃദംഗം വായിക്കുന്നു. ഗായകന്റെ ഗാനം കേട്ടപ്പോള്‍ കേട്ടതു പോരാ, പോരാ, എന്നു നമുക്ക് ഒരു തോന്നല്‍. അദ്ദേഹം അവിരാമമായി പാടിക്കൊണ്ടിരിക്കട്ടെ എന്നു നമ്മള്‍ അഭിലഷിക്കുകയും ചെയ്യുന്നു. ചെമ്പൈ ഗാനം താല്കാലികമായി നിറുത്തിയിട്ട് മൃദംഗം വായിക്കാന്‍ മണിയെ അനുവദിച്ചുവെന്നു വിചാരിക്കു. അദ്ദേഹം നാദധാരയൊഴുക്കുമ്പോഴും അനന്തമായി അതനുഷ്ഠിക്കട്ടെയെന്നു നമ്മള്‍ ആശിച്ചുപോകുന്നു. അത്രകണ്ടു ഹര്‍ഷപ്രദമാണ് മണിയുടെ മൃദംഗം വായന. പാട്ടും മൃദംഗം വായനയും ഒന്നുപോലെ മനോഹരം.

എന്നാല്‍ അവിദഗ്ദ്ധനായ ഒരു ഗായകന്‍ പാടുകയും മണി മൃദംഗം വായിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന്റെ (മണിയുടെ) വായന ഹര്‍ഷോന്മാദമുളവാക്കുമോ? തീര്‍ച്ചയായും ഇല്ല. ചെമ്പൈ വൈദ്യനാഥയ്യരെപ്പോലെ മ്യൂസിക്കല്‍ ജീനിയസ് അല്ലാത്ത ഗായകന്‍ പാടുമ്പോള്‍ മണി മൃദംഗം വായിച്ച് ഞാന്‍ കേട്ടിട്ടുണ്ട്. അസുലഭ സിദ്ധികളുള്ള അദ്ദേഹത്തിനെന്തുപറ്റിയെന്നു ഞാന്‍ ചോദിച്ചുപോയ സന്ദര്‍ഭങ്ങള്‍ ധാരാളം. കാര്യം സ്പഷ്ടമാണ്. പാലക്കാട്ടു മണിയുടെ വൈദഗ്ദ്ധ്യം പ്രകടമാകണമെങ്കില്‍ ചെമ്പൈ വൈദ്യനാഥയ്യര്‍ പാടിയേ മതിയാവൂ. വിദഗ്ദ്ധ ഗായകനായ അദ്ദേഹമാണ് മൃദംഗം വായനക്കാരന്റെ കഴിവുകള്‍ പ്രകാശിപ്പിക്കുന്നത്. വിദഗ്ദ്ധനല്ലാത്ത പാട്ടുകാരന്‍ മണിയുടെ കഴിവുകള്‍ക്കു പരിധി കല്പിക്കുന്നു. പക്ഷിക്കു വായുവില്ലാത്തിടത്തു പറക്കാനാവില്ലെന്നു ആര്‍നൊള്‍റ്റ് ഹൗസര്‍ പറഞ്ഞത് ഇതുകൊണ്ടാണ്. ഇതിനെയാണ് കാറല്‍ മാര്‍ക്സ് ഡയലക്ടിക്കല്‍ റിലേഷന്‍ഷിപ്പ് — വൈരുദ്ധ്യാത്മക ബന്ധം — എന്നു വിളിച്ചത്.

നോവലെഴുതിയാലും കവിതയെഴുതിയാലും കഥയെഴുതിയാലും ഈ ബന്ധം പുലര്‍ത്താതെ വയ്യ. ഇത് എത്രകണ്ടു ശക്തമാകുമോ അത്രകണ്ട് സാഹിത്യസൃഷ്ടിക്ക് ദാര്‍ഢ്യം ലഭിക്കും. സി.വി.രാമന്‍പിള്ള മലയാള സാഹിത്യത്തെ സംബന്ധിച്ചിടത്തോളം മഹാനായ നോവലിസ്റ്റാണ്. അദ്ദേഹത്തിന്റെ ‘മാര്‍ത്താണ്ഡവര്‍മ്മ’, ‘ധര്‍മ്മരാജാ’, ‘രാമരാജാ ബഹദൂര്‍’ ഈ നോവലുകള്‍ക്ക് ദൃഢത നല്‍കുന്നത് ഇവിടെപ്പറഞ്ഞ വൈരുദ്ധ്യാത്മക ബന്ധം തന്നെയാണ്. രാജപക്ഷം പ്രബലമാകുന്തോറും അഷ്ടഗൃഹ പ്രധാനരുടെ പക്ഷവും പ്രബലമാകുന്നു. രാജപക്ഷത്തിന്റെ ബലമാണ് എട്ടുവീട്ടില്‍ പിള്ളമാരുടെ ബലം വര്‍ദ്ധിപ്പിച്ചതെന്നു പറയാം. ഇവിടെ ശക്തിയും ശക്തിയും കൂട്ടിമുട്ടുന്നു. എട്ടുവീട്ടില്‍പിള്ളമാരുടെ പിന്‍തലമുറക്കാരനായ ഹരിപഞ്ചാനനെ നോക്കുക. ചുറ്റുമുള്ള ശക്തിവിശേഷങ്ങള്‍ ദര്‍ശിച്ച് അയാള്‍ സ്വന്തം ശക്തിവിശേഷത്തെ വികസിപ്പിച്ചെടുക്കുന്നു. ഹരിപഞ്ചാനനന്റെ ആ യത്നം ദര്‍ശിച്ച് രാജപക്ഷം കൂടുതല്‍ കരുത്ത് ആര്‍ജ്ജിക്കുന്നു. തന്റെ ഉപജാപത്തിന്റെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച്, തന്റെ കോട്ടയുടെ രന്ധ്രങ്ങളടച്ച് അയാള്‍ സ്വന്തം ശക്തിക്ക് വര്‍ദ്ധനയുളവാക്കുമ്പോള്‍ രാജപക്ഷവും അതിനു അനുരൂപമായ മട്ടില്‍ പ്രവര്‍ത്തിച്ച് അതിന്റെ ശക്തിക്കും വര്‍ദ്ധനയുണ്ടാക്കുന്നു. തുല്യബലമാര്‍ജ്ജിച്ച ഈ വൈരുദ്ധ്യാത്മകത്വമാണ് സി.വി.യുടെ നോവലുകളെ ഉത്കൃഷ്ടങ്ങളാക്കുന്നത്.

ശക്തികള്‍ സാമൂഹിക സത്യത്തില്‍ നിന്നാണ് ഉളവാകുന്നത്. സാമൂഹികസത്യം സുശക്തമായി ആ നോവലുകളില്‍ ആവിഷ്ക്കരിക്കപ്പെട്ടതുകൊണ്ട് അതിന്റെ പ്രതിനിധികളായ കഥാപാത്രങ്ങള്‍ സുശക്തരായി കാണപ്പെടുന്നു. ഹരിപഞ്ചാനനും ചന്ദ്രക്കാരനും അനന്തപത്മനാഭന്‍ പടത്തലവനും ശക്തിയുള്ള കഥാപാത്രങ്ങളാണ്. അതിനാല്‍ അവര്‍ പ്രവര്‍ത്തിക്കുന്ന ആഖ്യായികകള്‍ നവീന റിയലിസ്റ്റ് നോവലുകളെക്കാള്‍ വളരെക്കാലം നിലനില്‍ക്കും. ‘ചെമ്മീനും’ ‘ബാല്യകാലസഖി’യും ‘ഉമ്മാച്ചു’വുമൊക്കെ മനോഹരങ്ങളായ നോവലുകള്‍ തന്നെ. പക്ഷേ അവയിലെ വൈരുദ്ധ്യാത്മക ബന്ധം ദുര്‍ബലമായതുകൊണ്ട് ‘ധര്‍മ്മരാജായും രാമരാജാ ബഹദൂറും’ നില്ക്കുന്നിടത്തോളം കാലം അവയ്ക്കു നില്ക്കാന്‍ കഴിയുകയില്ല. കടപ്പുറത്തെ സാമൂഹിക സത്യത്തിന്റെ രണ്ടംശങ്ങള്‍ക്കു ചെമ്മീനിലെ കഥാപാത്രങ്ങളായ ചെമ്പന്‍കുഞ്ഞും തുറയിലെ അധിപതിയും പ്രാതിനിധ്യം വഹിക്കുന്നു. ആ സാമൂഹിക സത്യത്തിന്റെ നേര്‍ക്കു പടവെട്ടാന്‍ ശ്രമിക്കുന്ന പരീക്കുട്ടി പരിക്ഷീണനായിപ്പോകുന്നു. സാമൂഹികസത്യം ഒരു ഈട്ടിമരമാണെന്നു കരുതൂ. പരീക്കുട്ടിയുടെ കോടാലി അതില്‍ ആഞ്ഞ് ആഞ്ഞ് വീണിട്ടും ഒരു പോറല്‍പോലും ഉണ്ടാകുന്നില്ല. കോടാലി തെറിച്ചു പോകുന്നതേയുള്ളു. ഒടുവില്‍ ആ ഉപകരണം പരീക്കുട്ടിയുടെ കൈയില്‍ നിന്നു താഴെ വീണുപോവുകയും ചെയ്യുന്നു.

സന്മാര്‍ഗ്ഗത്തെ സംബന്ധിച്ചു വികല്‍പ്പം — ഇംഗ്ലീഷില്‍ പറഞ്ഞാല്‍ മോറല്‍ ഡൈലമ — ഇന്നു വളരെക്കൂടുതലാണ്. ഇതിനോടു പടിഞ്ഞാറന്‍ സാഹിത്യകാരന്‍മാര്‍ പ്രതികരിക്കുന്ന മട്ടില്‍ നമ്മുടെ സാഹിത്യകാരന്‍മാര്‍ക്കോ ചലച്ചിത്ര സംവിധായകര്‍ക്കോ പ്രതികരിക്കാന്‍ കഴിയുന്നില്ല. ആര്‍ജ്ജവത്തിന്റെ കുറവോ പ്രതിഭയുടെ വൈരള്യമോ ആകാം അതിനു കാരണം. പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ട് അവര്‍ അനുകരണത്തില്‍ തല്‍പരരായിത്തീരുന്നു. ഞാനൊരു ഇറ്റല്യന്‍ കഥയുടെ സംഗ്രഹം നല്‍കട്ടെ റോബര്‍ട്ടോ ബ്രാച്ചോ എഴുതിയ ആ കഥയുടെ പേര് A Wall എന്നാണ്. രണ്ടു കൊട്ടാരങ്ങള്‍ക്കിടയില്‍ ഒരു വന്‍മതില്‍. എലികളെപ്പോലെ ഓരോ കെട്ടിടത്തിലും മനുഷ്യര്‍ പെരുകിക്കൊണ്ടിരിക്കുന്നു. രണ്ടുകൂട്ടരും എത്ര അടുത്ത്! എങ്കിലും വന്‍മതില്‍കൊണ്ട് എത്ര അകലെ! മതിലിന് അപ്പുറത്തുമിപ്പുറത്തുമുള്ളവര്‍ക്ക് ആശയവിനിമയം സാദ്ധ്യമേയല്ല. പക്ഷേ ആ പരിപൂര്‍ണ്ണ നിശ്ശബ്ദതയിലും ഒരു കെട്ടിടത്തില്‍ തയ്യല്‍ യന്ത്രം ചലനം കൊള്ളുന്ന ശബ്ദം. പ്രാചീനങ്ങളായ ആ കല്ലുകളിലൂടെ ആ ശബ്ദം ഒരദൃശ്യ മാര്‍ഗ്ഗം സൃഷ്ടിച്ചു. ഇപ്പുറത്തെ കെട്ടിടത്തിലുള്ള പുരുഷന്‍ മതിലില്‍ പലതവണ തട്ടി. തയ്യല്‍ യന്ത്രത്തിന്റെ ശബ്ദം നിന്നു. അയാള്‍ മതിലില്‍ കാതുവച്ചു നോക്കി.

“ആരാണ് മതിലില്‍ തട്ടുന്നത്?”
“നല്ല സ്ത്രീ! ഭവതിക്ക് എന്റെ ശബ്ദം കേള്‍ക്കാമോ?”
“നിങ്ങളാര്?”
“പേടിക്കേണ്ട. ഞാന്‍ ഭവതിയുടെ അയല്‍ക്കാരന്‍ തന്നെ.”

രണ്ടുപേരും തങ്ങളുടെ ദൗര്‍ഭാഗ്യങ്ങള്‍ വിസ്തരിച്ചു. രണ്ടുപേരുടേയും സഹതാപം സ്നേഹത്തോളം വികസിച്ചു. നേരം വെളുത്തപ്പോള്‍ ഒരുത്തന്‍ “ജയിലറുടെ താക്കോല്‍” കൊണ്ടു അവളുടെ മുറി തുറന്നു. സ്ത്രീ തുന്നിയവ എടുത്തുകൊണ്ട് പുറത്തേക്കുപോയി, പോകുന്നതിനുമുമ്പ് അവള്‍ മതിലില്‍ തട്ടി. അയാളതുകേട്ടു. അയാളും മതിലില്‍ തട്ടി വിറച്ചുകൊണ്ട്. രണ്ടുപേരും ഒരേ സമയത്ത് മതിലില്‍ ചുണ്ടുകള്‍ ചേര്‍ത്തു. “നന്ദി” എന്നു രണ്ടുപേരും പറഞ്ഞു. പക്ഷേ സ്ത്രീയും പുരുഷനും അതു കേട്ടില്ല. ഒരേ നിമിഷത്തിലാണ് അവര്‍ രണ്ടുപേരും ആ വാക്കു പറഞ്ഞത്. അതുകൊണ്ട് “ഇല്ല. അത് അവളല്ല” എന്ന് അയാളും “ഇല്ല. അത് അദ്ദേഹമല്ല” എന്ന് അവളും പറഞ്ഞു കഥ അവസാനിച്ചു,

ആശയവിനിമയത്തിന് പ്രതിബന്ധം സൃഷ്ടിക്കുന്ന പരിതഃസ്ഥിതികളെ പ്രതിരൂപാത്മകമായി ആവിഷ്കരിക്കുന്ന ഈ ചെറുകഥയുടെ അനുകരണമായി മലയാളസാഹിത്യത്തില്‍ അവതരിച്ച നീണ്ടകഥയുടെ പേരും രചയിതാവിന്റെ പേരും വ്യക്തമാക്കിത്തരാന്‍ ഇവിടെ എനിക്ക് ആഗ്രഹമില്ല.

സ്ഥാലി പുലാക ന്യായമനുസരിച്ചുള്ള ഉദാഹരണം നല്കലാണിത്. പബ്ലിക് ലൈബ്രറിയില്‍ നിന്ന് പഴയ പുസ്തകമെടുക്കുന്നു. ഊരും പേരും മാറ്റി മലയാളത്തില്‍ അത് അവതരിപ്പിക്കുന്നു. എന്നിട്ട് പുസ്തകം ലൈബ്രറിയില്‍ തിരിച്ചുകൊടുക്കാതെ പൂഴ്ത്തിവയ്ക്കുന്നു സ്വന്തം വീട്ടില്‍. ഒരു പ്രിന്റ് മാത്രമുള്ള ഇംഗ്ലീഷ് ചലച്ചിത്രം സംവിധായകന്‍ സ്വന്തമാക്കുന്നു. അതില്‍ ചില മാറ്റങ്ങള്‍ വരുത്തി മലയാളചലച്ചിത്രമാക്കി പുറത്തിറക്കുന്നു. ആ സിനിമക്ക് സമ്മാനം കിട്ടിയെന്നും വരും. ‘ഔട്ട് ഒഫ് പ്രിന്റാ’യ പുസ്തകം മറ്റാര്‍ക്കും കണാന്‍ കഴിയുന്നില്ല. ഒറ്റ പ്രിന്റുള്ള ഇംഗ്ലീഷ് ചിത്രവും ആരും കാണുന്നില്ല. ഇത് ഇവിടത്തെ സര്‍വ്വസാധാരണമായ സ്ഥിതിയാണ്. മറ്റു സംസ്കാരങ്ങളില്‍നിന്ന് നമ്മള്‍ കടംകൊള്ളുമ്പോള്‍ നമ്മുടെ സംസ്കാരത്തിന്റെ വളര്‍ച്ച നശിക്കുന്നു.

തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ അടുത്തായി പാത്രക്കുളമുണ്ട്. ക്ഷേത്രത്തിലെ പാത്രങ്ങള്‍ കഴുകുന്നതിന് ആ കുളം ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ആ പേര് വന്നുകൂടിയത്. പണ്ട് പാത്രക്കുളത്തിലെ വെള്ളം കെട്ടിക്കിടന്നിരുന്നു. അന്ന് വല്ലാത്ത ദുര്‍ഗന്ധമായിരുന്നു അതിന്. പടിഞ്ഞാറന്‍ സാഹിത്യകാരന്മാരുടെ പാത്രങ്ങള്‍ കഴുകാനുള്ള കുളമായി മാറിയിരിക്കുന്നു മലയാളസാഹിത്യവും മലയാള ചലച്ചിത്രവും. നവവിധാനത്തിന്റെ തത്വങ്ങളെ നോക്കി കൊഞ്ഞനം കാണിക്കുന്നു നമ്മുടെ സാഹിത്യവും മറ്റു കലകളും.

സന്മാര്‍ഗ്ഗത്തെ സംബന്ധിച്ച വികല്‍പ്പങ്ങളെ ധീരമായി നേരിട്ട ഉജ്ജ്വല പ്രതിഭാശാലിയായിരുന്നു ബ്രഹറ്റ്. അദ്ദേഹത്തിന്റെ The Exception and the Rule — അപവാദവും നിയമവും — എന്ന നാടകം നോക്കിയാലും, ചൂഷണം ചെയ്യുന്ന ഒരു കച്ചവടക്കാരനും ചൂഷണം ചെയ്യപ്പെടുന്ന ഒരു കൂലിക്കാരനുമാണ് ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. കച്ചവടക്കാരന്‍ ഏഷ്യയിലെ ഗോബി മണല്‍ക്കാട്ടിലൂടെ വളരെ വേഗത്തില്‍ സഞ്ചരിക്കുന്നു. അയാള്‍ക്ക് മംഗോളിയയുടെ തലസ്ഥാനമായ ഉര്‍ഗയില്‍ ആദ്യമെത്തണം. എതിരാളികളായ കച്ചവടക്കാര്‍ തൊട്ടുപിറകെയുണ്ട്. ആദ്യം ഉര്‍ഗയിലെത്തുന്ന കച്ചവടക്കാര്‍ക്കു കച്ചവടത്തെ സംബന്ധിച്ച ചില സൗജന്യങ്ങള്‍ കിട്ടും. പിറകേ വരുന്നവരെ കുഴല്‍ക്കണ്ണാടിയിലൂടെ ഉല്‍ക്കണ്ഠയോടെ നോക്കിയും വേഗം നടക്കാന്‍ കൂലിക്കാരനെ ഗൈഡിനെക്കൊണ്ട് അടിപ്പിച്ചുമാണ് യാത്ര. വഴിക്കുവച്ച് ഗൈഡ് പിണങ്ങി പിറകേ വരുന്ന കച്ചവട സംഘത്തോടുകൂടി ചേര്‍ന്നു. പോകുന്നതിനുമുമ്പ് അയാള്‍ വെള്ളം നിറച്ച കുപ്പി കൂലിക്കാരന്റെ കൈയില്‍ കൊടുത്തിട്ട് Keep this bottle in reserve എന്നു പറഞ്ഞു. കച്ചവടക്കാരനും കൂലിക്കാരനും യാത്ര തുടര്‍ന്നു. അവര്‍ ഒരു നദിയുടെ അരികിലെത്തി. വെള്ളത്തിലിറങ്ങി നടക്കാനാണ് കൂലിക്കാരനോടു കച്ചവടക്കാരന്റെ നിര്‍ദ്ദേശം. ആഴം കൂടുതലായതുകൊണ്ട് അയാള്‍ നദിയിലിറങ്ങാന്‍ മടിച്ചു. പക്ഷേ കച്ചവടക്കാരന്‍ കൈത്തോക്ക് അയാളുടെ മുതുകില്‍ ചേര്‍ത്തുവച്ചിട്ട് നടക്കാന്‍ ആജ്ഞാപിച്ചു. വ്യാപാരിയുടെ അടിയേറ്റ് കൂലിക്കാരന് മുറിവുപറ്റി. ക്ഷതം സംഭവിച്ച കൈയില്‍ അടിക്കരുതേയെന്നാണ് കൂലിക്കാരന്റെ ഒരേയൊരു അഭ്യര്‍ത്ഥന. കച്ചവടക്കാരനുണ്ടോ അതു ചെവിക്കൊള്ളുന്നു. അയാള്‍ വീണ്ടും വീണ്ടും ആ പാവത്തിനെ അടിച്ചു. നദി കടന്നപ്പോള്‍ വിശ്രമിക്കാനായി കൂലിക്കാരന്‍ കൂടാരം കെട്ടി. കച്ചവടക്കാരന്‍ വെള്ളം രഹസ്യമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. അയാള്‍ കാണാതെ കച്ചവടക്കാരന്‍ അതു കുടിച്ചുകൊണ്ടു കൂടാരത്തില്‍ കിടക്കുമ്പോള്‍ കൂലിക്കാരന് ദയ. വെള്ളം കുടിക്കാതെയാണല്ലോ കച്ചവടക്കാരന്‍ കിടക്കുന്നതെന്ന വിചാരത്തോടുകൂടി അയാള്‍ ഗൈഡ് ഏല്പിച്ച ഒരു കുപ്പി വെള്ളവുമായി അവിടെ വന്നു. കൈയിലിരിക്കുന്ന കുപ്പിയെ കല്ലായി തെറ്റിദ്ധരിച്ച്, അതുകൊണ്ടടിച്ചു തന്നെ അയാള്‍ കൊല്ലുമെന്നു കരുതി ‘Drop that stone’ എന്നു കച്ചവടക്കാരന്‍ ആജ്ഞാപിച്ചു. കൂലിക്കാരന് അമ്പരന്നു നില്ക്കാനേ കഴിഞ്ഞുള്ളു. വ്യാപാരി അയാളുടെ നേര്‍ക്കു കൈത്തോക്കിന്റെ നിറയൊഴിച്ചു. കൂലിക്കാരന്‍ മരിക്കുകയും ചെയ്തു. താന്‍ കൂലിക്കാരനെ അടിച്ചെന്നും കൈത്തോക്കു മുതുകില്‍ ചേര്‍ത്ത് നദിയിലിറക്കിയെന്നും വ്യാപാരി ജഡ്ജിയുടെ മുന്‍പില്‍ സമ്മതിച്ചു. കൂലിക്കാരന്‍ ദയകൊണ്ട് വെള്ളം നല്കാനാണ് എത്തിയതെങ്കിലും കച്ചവടക്കാരന്‍ അയാളെ കൊലപാതകത്തിനു വന്നവനായി തെറ്റിദ്ധരിച്ചത് സ്വാഭാവികമെന്നായിരുന്നു ജഡ്ജിയുടെ അഭിപ്രായം. കൂലിക്കാരനെ വ്യാപാരി പീഡിപ്പിച്ചതുകൊണ്ട് അയാളില്‍ നിന്ന് കാരുണ്യമുണ്ടാകുമെന്ന് അയാള്‍ എങ്ങനെ വിചാരിക്കും? അതിനാല്‍ ആത്മരക്ഷയെ കരുതിയാണ് വ്യാപാരി അയാളെ കൊന്നത്. ഇങ്ങനെ പറഞ്ഞ് ജഡ്ജി അയാളെ വെറുതെവിട്ടു.

കാരുണ്യം ഇവിടെ അപവാദം — exception. മനുഷ്യത്വമില്ലായ്മ നിയമവും. കൂലിക്കാരന്‍ സ്വന്തം ദയയുടെ ബലിമൃഗമായിത്തീരുന്നു. യുക്തിയാണ് ലോകത്തെ ഭരിക്കുന്നത്. അതു നിയമം. നിയമം അപവാദത്തെ — exception-നെ — നശിപ്പിക്കുന്നു. ഐക്യവും ഐക്യമില്ലായ്മയും, പൊരുത്തവും പൊരുത്തക്കേടും ഇവയില്ലാതെ ‘ഡയലെക്ടിക്’ സാദ്ധ്യമല്ല. വ്യത്യസ്ത ആവഹിക്കുന്ന ഈ രണ്ടംശങ്ങളെയും തുല്യബലമുള്ളവയാക്കി പ്രദര്‍ശിപ്പിച്ചതിലാണ് ബ്രെഹ്റ്റിന്റെ വൈദഗ്ദ്ധ്യമിരിക്കുന്നത്. ക്യാപ്പിറ്റലിസത്തിനകത്ത് തൊഴിലിന്റെ ശക്തിയിരിക്കുന്നതും അതു വികാസം കൊള്ളുന്നതും നാടക കര്‍ത്താവ് ചിത്രീകരിക്കുന്നു. ഫലമോ? കടുത്ത സാമൂഹിക--യാഥാര്‍ത്ഥ്യത്തിന്റെ ബോധം പ്രേക്ഷകര്‍ക്ക്, വായനക്കാര്‍ക്ക് ഉണ്ടാകുന്നു. അതോടെ കലാസൃഷ്ടി വിജയം പ്രാപിക്കുകയും ചെയ്യുന്നു.

വൈരുദ്ധ്യാത്മകത്വത്തിന്റെ പരിപ്രേക്ഷ്യത്തിലൂടെ അപഗ്രഥിക്കുമ്പോള്‍ സി. വി. രാമന്‍പിള്ളയുടെ ബൂര്‍ഷ്വാനോവലുകള്‍ സുശക്തങ്ങളായി കാണുപ്പെടുന്നു. എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തെ ചിത്രീകരിക്കുന്ന നവീന മലയാള നോവലുകള്‍ വൈരുദ്ധ്യാത്മകബന്ധത്തിന്റെ ദൗര്‍ബല്യത്താല്‍ ദുര്‍ബലങ്ങളായി പ്രത്യക്ഷപ്പെടുന്നു. ഇതിനു ഹേതു മറ്റെങ്ങും തേടിപ്പോകേണ്ടതില്ല. സി. വി. രാമന്‍പിള്ളയുടെ കഴിവുകള്‍ മലയാള നോവലിസ്റ്റുകള്‍ക്കില്ല എന്നതാണ് പരമാര്‍ത്ഥം.