close
Sayahna Sayahna
Search

യാത്രകളുടെ സര്‍ഗ്ഗാത്മകത


കെ.ബി.പ്രസന്നകുമാർ

സാഞ്ചി
Sanchi-01.jpg
ഗ്രന്ഥകർത്താവ് കെ.ബി.പ്രസന്നകുമാർ
മൂലകൃതി സാഞ്ചി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 64
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക


യാത്രകളുടെ സര്‍ഗ്ഗാത്മകത

അയ്‌മനം ജോണ്‍


‘സത്യാന്വേഷണപരീക്ഷണങ്ങളി’ല്‍ വായിക്കുന്ന ഗാന്ധിജിയുടെ യാത്രാ വിവരണങ്ങളിലെ പ്രകൃതി–പരിസരവര്‍ണ്ണനകളുടെ അഭാവത്തെ വി. എസ്. നയ്‌പാള്‍ വിമര്‍ശിച്ചിട്ടുണ്ട്. ഗാന്ധിജിയെ വായിച്ചിട്ടുളള ഒരാള്‍ക്ക് ഈ വിമര്‍ശനത്തെ ഒരു മറുവിമര്‍ശനത്തിന് വിധേയമാക്കാന്‍ കഴിയും. യാത്ര ചെയ്യുമ്പോള്‍ നാം സ്ഥലങ്ങളിലൂടെ മാത്രമല്ല കടന്നുപോകുന്നത്. ചരിത്രത്തിലൂടെയും ജീവിതാവസ്ഥകളിലൂടെയുമുളള പ്രയാണാനുഭവങ്ങള്‍ കൂടിയാണ് യാത്രകളെല്ലാം. സ്ഥലങ്ങളുടെ സ്ഥൂലാനുഭവങ്ങളിലൂടെയായിരുന്നില്ല, ജീവിതത്തിന്റെ സൂക്ഷ്മാനുഭവങ്ങളിലൂടെയായിരുന്നു, ഗാന്ധിജിയുടെ യാത്രകള്‍. ഭൂപ്രകൃതിയുടെ പുറംകാഴ്ചകളെക്കാളേറെ ചുററും കാണുന്ന മനുഷ്യപ്രകൃതിയുടെ അകംകാഴ്ചകളിലായിരുന്നു തന്റെ യാത്രാവേളകളില്‍ ഗാന്ധിജിയുടെ ശ്രദ്ധ. അതുകൊണ്ട്, യാതനാഭരിതമായ ഒട്ടേറെ യാത്രകള്‍ ചെയ്ത് ഗാന്ധിജി കണ്ടെത്തിയ ഇന്ത്യയില്‍ നിന്ന് ‘ഇന്ത്യയെ കണ്ടെത്തല്‍’ എന്നതു പോലെ ഒരു പുസ്തകം എഴുതപ്പെട്ടതുമില്ല — യാത്രകളുടെ സര്‍ഗ്ഗാത്മകതയെ സംബന്ധിച്ച് ഇങ്ങനെ ചില വിചാരങ്ങളോടെയാണ് പ്രസന്നകുമാറിന്റെ ഈ പുസ്തകം ഞാന്‍ വായിച്ചു നിര്‍ത്തിയത്. കാരണം യാത്രാനുഭവങ്ങളുടെ സര്‍ഗ്ഗാത്മകതയില്‍ നിന്നാണ് ഈ പുസ്തകത്തിന്റെയും പിറവി. നമ്മുടെ ചരിത്രവും സംസ്കാരവും വേരുകള്‍ പടര്‍ത്തിയ നാടിന്റെ സാംസ്കാരിക ഭൂപടത്തില്‍ പ്രധാനപ്പെട്ടവയായി അടയാളപ്പെടുത്തിയ കുറെ സ്ഥലങ്ങളുടെ പുറംകണ്ണു കൊണ്ടും അകക്കണ്ണു കൊണ്ടുമുളള കാഴ്ചാനുഭവങ്ങളുടെ ദ്വന്ദ്വങ്ങളാണ് ഇതിലെ ആവിഷ്കാരങ്ങള്‍. യാത്രയെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം പോലെതന്നെ കാണുന്ന ഒരാളുടെ ആത്മകഥാക്കുറിപ്പുകളായും ഈ പുസ്തകത്തെ നമുക്ക് വായിക്കാനാവും. ജീവനോപാധികള്‍ക്കായിട്ടല്ലാതെ യാത്രകളെല്ലാം കേവലമായ ‘സ്ഥലം കാണല്‍’ മാത്രമായി ന്യൂനീകരിക്കപ്പെട്ടിട്ടുളള നമ്മുടെ സമൂഹത്തിന് യാത്രാനുഭവങ്ങളുടെ സര്‍ഗ്ഗാത്മകതയെപ്പററിയുളള ഒരു പാഠപുസ്തകമായി ഉപകരിക്കത്തക്ക നവീനതയുണ്ട് ഈ പുസ്തകത്തിന്.

അനുഭൂതിയുടെയും പ്രതീതികളുടെയും സാന്ദ്രത സൂക്ഷിക്കുവാന്‍ കാവ്യരൂപം പ്രാപിച്ച ഈ യാത്രാനുഭവങ്ങളില്‍ എല്ലാ സ്ഥലങ്ങളും സ്ഥലങ്ങളായി മാത്രം സ്ഥിതിചെയ്യുന്നില്ല. പലയിടങ്ങളിലും ചരിത്രവും ജീവിത ദര്‍ശനവുമൊക്കെയായി രൂപാന്തരപ്പെടുന്നു. സ്ഥലങ്ങളുടെ സാന്നിധ്യം പ്രത്യക്ഷത്തില്‍ നാമമാത്രമാണെങ്കിലും ആ നാമരൂപങ്ങള്‍ ഉള്‍ക്കൊളളുന്ന സാംസ്കാരികവും ചരിത്രപരവുമായ വിവക്ഷകളാണ് ഈ രൂപാന്തരം സാധ്യമാക്കുന്നത്. എന്നാല്‍ ചിലയിടങ്ങള്‍ അവയുടെ കാലാതീതമായ ഭാവോജ്ജ്വലഭംഗികള്‍കൊണ്ട് മനസ്സ് നിറയ്ക്കുമ്പോള്‍ സ്ഥലത്തിന്റെ തന്നെ അനുഭവലഹരിയാകുന്നു, കവിത.

മികച്ച പ്രകൃത്യാവബോധം സൂക്ഷിക്കപ്പെടുന്ന ഈ രചനകളില്‍ കാററും മഴയും മഞ്ഞും വെയിലും ചരിത്രത്തോട് സംസാരിക്കുന്നു. ശിലകള്‍ കാലസങ്കല്പനങ്ങളെ നിരാകരിച്ച് നിലകൊളളുന്നു. നദികള്‍ ഒഴുകിയൊഴുകിച്ചെന്ന് സംഗീതത്തില്‍ ലയിക്കുന്നു. പൊടിക്കാററുകള്‍ വന്ന് രാജാക്കന്മാരെ കുഴിച്ചുമൂടുന്നു. മഞ്ഞുമലകള്‍ക്കപ്പുറത്തെ അദൃശ്യതയില്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതാകുന്ന സമയം…

ഈ കവിതകളിലെ വാക്കുകളുടെ പെരുമാററവും ശ്രദ്ധിക്കുക. ഓരോ സ്ഥലമെത്തുമ്പോഴും വാക്ക് എഴുത്തുകാരന്റെ കൈവിട്ട് സ്വയംനിര്‍ണ്ണയാവകാശം സ്ഥാപിച്ചെടുത്തതുപോലെയുളള സ്വാഭാവികതയുണ്ട് പല കവിതകളിലെയും വാഗ്വിന്യാസത്തിന്. ഖജുരാഹോയിലെ ശില്പങ്ങള്‍ക്കൊപ്പം നര്‍ത്തനമാടുന്ന വാക്ക് ‘വലിയവാഴക്കാട്ടിലെ’ത്തുമ്പോള്‍, വളരുന്ന രാത്രിയെ ഉള്‍ഭീതിയോടെ നോക്കിനോക്കിയിരിക്കുന്ന ഒരുൂ വന്യജീവിയാകുന്നു. വാക്കിന്റെ ഇത്തരം ഇച്ഛാനുസരണമുളള ഭാവപ്പകര്‍ച്ചകളില്‍ കവിത പലയിടത്തും സംഗീതത്തിന്റെയും ചിത്രകലയുടെയും തെട്ടരികുചേര്‍ന്നുപോകുന്ന അനുഭവവും നല്കുന്നുണ്ട്. ചില യാത്രകളില്‍ യാത്രികന്റെ വാക്ക് അതിന്റെ അനിവാര്യമായ ജീവിതാഭിമുഖ്യത്താല്‍ എവിടെയെത്താന്‍ വേണ്ടി പുറപ്പെട്ടുവോ അവിടെയെത്താതെ വഴിമധ്യേ കണ്ട ജീവിതയാതനകള്‍ നോക്കിനോക്കി സിദ്ധാര്‍ത്ഥനെപ്പോലെ നിന്നുപോകുന്നു. അങ്ങനെ കേദാര്‍നാഥിനെ ലക്ഷ്യമാക്കി യാത്ര പോയ വാക്ക്, വലിയൊരു കുട്ടയില്‍ ഒരു യാത്രികനെയും ചുമന്ന് കേദാരസന്നിധിയിലേക്കുളള പടവുകള്‍ ചവുട്ടിക്കയറുന്ന വൃദ്ധന്റെ മുന്നിലെത്തി, ഏതാണ് പുണ്യം ഏതാണ് പാപം എന്ന് ചിന്തിച്ച് നിശ്ശബ്ദമാവുന്നു. അപ്പോള്‍ കേദാരനാഥം എന്ന കവിത പുകള്‍പ്പെററ പുണ്യസ്ഥലങ്ങള്‍ക്കു് ചുററും തലമുറകളായി ഹോമം ചെയ്യപ്പെടുന്ന നരജന്മങ്ങളുടെ സഹനത്തിന്റെ കവിതയാകുന്നു. ധനുഷ്കോടിയിലെ കടലെടുത്ത നഗരത്തിലെ പളളിയുടെ അസ്ഥികൂടത്തിനുളളില്‍വച്ച് കണ്ടുമുട്ടിയ ‘സത്യവതിയുടെ കഥയറിയാത്ത’ മുക്കുവത്തിപ്പെണ്‍കുട്ടി. മനഃശാന്തിയുടെ അഗ്രിമസ്ഥാനമെന്ന് കരുതിപ്പോരുന്ന മാനസസരോവറിനടുത്തുവച്ച് മനസ്സാകെ ആശാന്തമാക്കിക്കൊണ്ട് കണ്‍മുന്നില്‍ വന്നുപെടുന്ന തിബത്തന്‍ പെണ്‍കുട്ടിയായി വീണ്ടും ‘അവള്‍’. ഒരിടത്ത് സ്ഥലവും ജീവിതവും ഒരേപോലെ കടലെടുത്തതാവുമ്പോള്‍ മറ്റോരിടത്ത് സ്ഥലസങ്കല്പവും ജീവിതയാഥാര്‍ത്ഥ്യവും ‘എനിക്കും നിനക്കും തമ്മിലെന്ത്?’ എന്ന ചോദ്യമുയര്‍ത്തി നമ്മെ അഭിമുഖീകരിക്കുന്നു. കവിത പതിഞ്ഞ ഒച്ചയിലുളള സാംസ്കാരികവിമര്‍ശനവുംകൂടിയാവുന്നു.

ഒടുവില്‍, യാക്കുകളെ മേച്ച് നടക്കുന്ന ഒരു തിബത്തന്‍ നാടോടിക്കു മുന്നില്‍ വിനിമയമൂല്യം നഷ്ടപ്പെട്ട വാക്ക് വേര് പോയ വൃക്ഷംപോലെ ഇടറിവീഴുന്നു. ജീവിതത്തിലൊരുക്കലും പീഠഭൂമി വിട്ട് പോയിട്ടില്ലാത്ത നാടോടി ഇതുവരെ ഒരു മരം കണ്ടിട്ടില്ല. മരം എന്നാല്‍ എന്താണ് എന്ന് ചോദിച്ച നാടോടിയെ യാത്രികന്‍ തന്റെ പച്ചസ്വെററര്‍ തൊട്ട് കാണിച്ചു. കൈകള്‍ വിടര്‍ത്തി വീശി. നാടോടി, ഒന്നും മനസ്സിലാവാതെ വീണ്ടും ചോദ്യഭാവത്തില്‍ നോക്കിയപ്പോള്‍ അയാള്‍ കൈവിരലുകള്‍ ഇലകളായി ഇളക്കിക്കാട്ടി. നാടോടി അപ്പോഴും മൂഢനെപ്പോലെ നോക്കിനില്‍ക്കുന്നുവെന്ന് വന്നപ്പോള്‍ യാത്രികന്‍ മരത്തെ മാനസസരോവറിനോട് ഉപമിച്ച് വിശദീകരിക്കുവാന്‍ ശ്രമിച്ചു. എന്നിട്ടും ഒരു മരത്തെ സങ്കല്പിക്കാനാവാതെ, വരണ്ട പൊടിമണ്‍ ശൂന്യതയിലേക്കും ഹിമപര്‍വതങ്ങളിലേക്കും നോക്കി ഖിന്നനായി നിന്നിട്ട്, ചരല്‍ശൂന്യതയിലൂടെ, കാലുകള്‍ ഇടറി ആ നാടോടി നടന്ന് മറഞ്ഞുപോകുമ്പോള്‍ യാത്രികന് മുന്നില്‍ തിബത്ത് വാക്കുകളുടെയും പീഠഭൂമിയാകുന്നു. ഒരര്‍ത്ഥത്തില്‍ ഈ കുറിപ്പിനെക്കാള്‍ മരം കാണാത്ത ആ നാടോടിയുടെ കഥതന്നെയായിരുന്നു ഈ പുസ്തകത്തിന് അനുയോജ്യമായ ആമുഖം എന്ന് എനിക്ക് തോന്നുന്നു — കാലവും സ്ഥലങ്ങളും നല്കുന്ന കുറെ അനുഭവവ്യത്യസ്തതകള്‍ക്കപ്പുറത്ത് മറ്റൊന്നുമല്ല ജീവിതം എന്നിരിക്കെ, മരം കാണാത്ത ആ നാടോടിയുടെ ജീവിതത്തോട് അനുതപിക്കുമ്പോള്‍ മരമില്ലാത്ത പീഠഭൂമികളുടെ അനുഭവവൈവിധ്യം അറിയാതെ കടന്നുപോകുന്ന ഒരു ജീവിതത്തിന്റെ അപൂര്‍ണ്ണതയും അറിയേണ്ടതുണ്ട് എന്നുകൂടി ഈ പുസ്തകം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.