close
Sayahna Sayahna
Search

അദ്ധ്യായം എട്ടു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“നഹുഷജന്നു വൃഷപർവ്വജപോലെ
ബഹുമതാഭവ പതിക്കയി! നീയും”
“എന്നെ നീ മറന്നുവെന്നു് ഖിന്നനായി ഞാനിരുന്നു
ധന്യചരിത! വന്നതിന്നു് നന്നുനന്നഹോ!”

ഞ്ചിരാജ്യയന്ത്രം, അക്കാലങ്ങളിൽ ഗുരുശിഷ്യപരസ്പരത്വത്താൽ ഏകാത്മകന്മാരായിത്തീർന്നിട്ടുള്ള രണ്ടു് ഭരണകലാവിദഗ്ദ്ധന്മാരുടെ നിയന്ത്രണകൗശലംകൊണ്ടു് സ്ഖലനങ്ങളും വ്യതിചലനങ്ങളും കൂടാതെ അന്തർവ്വാഹിനിയെന്നപോലെ പ്രശാന്തപ്രവർത്തനം ചെയ്തുകൊണ്ടിരുന്നു. ആ യന്ത്രനേതാക്കളായ ഗുരുശിഷ്യന്മാരിൽ ഗുരുവായ പുണ്യശ്ലോകൻ നിയോഗശക്തിയും ശിഷ്യൻ നിർവ്വഹണശക്തിയുമായി രക്ഷാകർമ്മം, തങ്ങൾക്കു് വിശ്രുതികരവും ജനങ്ങൾക്കു് ക്ഷേമകരവും ആകുംവണ്ണം നിറവേറ്റിവന്നു. ഒരു സംഹാരശക്തിയുടെ ഉദയം സമീക്ഷിച്ചപ്പോൾ, ഗുണത്രയത്തിൽ സാത്വികം എന്നതിനെ സ്ഥിതികാരകനായ ഗുരുനാഥൻ, ജീവപ്രതിഷ്ഠാക്രിയയാലെന്നപോലെ ശിഷ്യശക്തിയിലോട്ടു് വിനിമയം ചെയ്തു. ശിഷ്യശക്തി വിധുന്തുദപ്രഭാവം കൈക്കൊണ്ടു് ഗുരുതേജസ്സിനെ ഗ്രഹിപ്പാൻ ഉദ്യമിക്കാതെ അവലംബനിലയെ പുലർത്തി പരിപാലനകർമ്മം ഭക്തിപൂർവ്വം നിർവ്വഹിച്ചതുതന്നെ ടിപ്പുവിന്റെ ദുർമ്മോഹത്തെയും മത്സരബുദ്ധിയെയും പ്രക്ഷുബ്ധമാക്കി. ഭൃത്യശക്തിക്കു് ഉത്തരദേശത്തിലെ രീതി അനുസരിച്ചു് ‘ദിവാൻ’ എന്നുള്ള സ്ഥാനംകൂടി നല്കിയപ്പോൾ ‘രാമരാജാവു്’ തന്നോടു് സമാനപ്രാഭവം അവകാശപ്പെടുന്നു എന്നു് ടിപ്പുവിന്റെ മത്സരേക്ഷ ദർശിച്ചു് അയാളുടെ മർദ്ദനകാംക്ഷ പ്രവൃദ്ധോഗ്രമായി സമുജ്ജ്വലിച്ചു. തന്റെ ദ്രോഹത്തിനും കോപത്തിനും പാത്രമെന്നു് വിധിക്കപ്പെട്ട വഞ്ചിരാജ്യത്തിലെ സേനാസജ്ജീകരണത്തിനുള്ള യത്നങ്ങളെ ശിഥിലീഭവിപ്പിക്കാൻ ചാരവലയമാകുന്ന ക്ഷുദ്രപ്രയോഗത്തെയും ആ വ്യാഘ്രകൗടില്യൻ മുറുക്കത്തിലാക്കി.

ഈ സ്ഥിതികളിൽ അജിതസിംഹനായ ക്ഷപണകൻ സ്വയംവരാർത്ഥിയായി നന്തിയത്തുമഠത്തിലെത്തി സാധിച്ചതു് രാജബന്ധനത്തിൽ അമർന്നിരുന്ന കണ്ഠീരവരായരുടെ മോചനമായിരുന്നു. പഥികന്മാരുടെയോ രാജഭടന്മാരുടെയോ സംശയം ഉണ്ടാകാതിരിപ്പാൻ നന്തിയത്തുമഠത്തെ ആഭിചാരകേന്ദ്രവും പ്രത്യാഗമനത്തിൽ ഉണ്ണിത്താനെ പരികർമ്മിയും ആക്കിയതായിരുന്നു. എന്തോ കലാപമുണ്ടായി എന്നുള്ള വൃത്താന്തം നഗരത്തിലെങ്ങും ഉദയത്തിനു് മുമ്പുതന്നെ പ്രസിദ്ധമായി എങ്കിലും ശത്രുപക്ഷം സാധിച്ച വിജയകർമ്മത്തിൽ ഉപയോഗിക്കപ്പെട്ട തന്ത്രങ്ങൾ യഥാക്രമം മന്ത്രി ധരിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ നയമസൃണമായ അനുമതിയാൽ അതു് സമാപിക്കപ്പെട്ടതാണെന്നും സംഭവിച്ച കലാപത്തിന്റെ സൂക്ഷ്മരൂപം എന്താണെന്നും മഹാരാജാവും മന്ത്രിയും മന്ത്രിയുടെ അംഗരക്ഷകസംഘവും ബന്ധനശാലയിലെ നന്ദികേശ്വരനും മാത്രമേ ഗ്രഹിച്ചുള്ളു. അടുത്ത ദിവസം ഉദയത്തിൽ ആലോചനാസഹായത്തിനെന്ന നാട്യത്തിൽ ഉപമന്ത്രിമാർ, സേനാനായകന്മാർ, രാജസേവകപ്രധാനികൾ എന്നിവരെല്ലാം മന്ത്രിയുടെ ഉദ്യോഗനിലയനത്തിലെത്തി.

രാജമന്ദിരത്തിന്റെ കിഴക്കേ അതിർത്തിയായുള്ള രാജവീഥിയുടെ കിഴക്കുവശത്തു് തെക്കേ അറ്റത്തു് നന്തിയത്തുമഠത്തിനെക്കാൾ രാജസമായിട്ടുള്ള ഒരു മന്ദിരം ഭാസമാനമായി നിലകൊണ്ടിരുന്നു. ഇടക്കാലത്തെ കിഴക്കെ നാലുകെട്ടു് എന്ന കൊട്ടാരംവക ഉപമന്ദിരവും ഇക്കാലത്തെ കിഴക്കേക്കൊട്ടാരമെന്നു് പറയുന്ന മന്ദിരവും അനന്തരകാലങ്ങളിൽ ഈ മന്ത്രിഗൃഹസ്ഥാനത്തെ ആക്രമിച്ചുള്ള നിലയനങ്ങളാണു്. കേശവപിള്ളയായ പ്രഥമദിവാൻജിക്കു് ശ്രീവരാഹം, മണക്കാടു് എന്നീ പ്രദേശങ്ങളുടെ വടക്കേ സന്ധിയിൽ ഗംഭീരമായ ഒരു സ്വന്തഭവനം ഉണ്ടായിരുന്നു എങ്കിലും പാർപ്പു് കോട്ടയ്ക്കകത്തുള്ള രാജസങ്കേതത്തിനകത്തുതന്നെയായിരുന്നു. ഈ മന്ദിരത്തിന്റെ പടിഞ്ഞാറുവശത്തു് ഉന്നതമായി നിലകൊണ്ടിരുന്ന ആനക്കൊട്ടിലും ആരാമത്തിന്റെ പ്രാകാരത്തിൽ അവിടവിടെ കാണുന്ന വാതിലുകളിലും പ്രാകാരത്തിന്റെ ഓരോ കോണുകളിലും ‘മുറുക്കി മീശവച്ചുള്ള തുറുപ്പുശിപായി’കൾ കൂടാതെ ബാണക്കാർ, തോക്കുകാർ മുതലായ രക്ഷിജനങ്ങളും അന്തർഭാഗത്തു് പ്രതിഷ്ഠിതനായുള്ള രാജശക്തിപ്രവർത്തകനെ പരിസേവനം ചെയ്തു് വർത്തിക്കുന്നു. പ്രധാന ദ്വാരപ്രദേശത്തുനിന്നു് കിഴക്കോട്ടു് കടന്നു് പ്രവേശിക്കുന്ന മന്ത്രശാല പാശ്ചാത്യരീതിയിലുള്ള ആസനാദിസാമഗ്രികൾ കൊണ്ടു് അലങ്കരിക്കപ്പെട്ടിരിക്കുന്നു. വടക്കുകിഴക്കു് മൂലയിൽ വിചിത്രവേലകൾ ചെയ്തുള്ള കരിന്താളിത്തട്ടുപടിയിന്മേൽ പട്ടുകോസടിയും ഊക്കനായ പട്ടാംബരത്തലയണയും അതോടു് ചേർത്തു് ദണ്ഡുചാവട്ടയും ഉത്തരഭാഗത്തു് മഷിക്കുപ്പി, പേന, നാരായം ഇത്യാദി സാമഗ്രികളോടുകൂടിയ മേശപ്പെട്ടിയും കാണ്മാനുണ്ടു്. ഈ മന്ത്രശാലയുടെ വടക്കേ മുറി ദിവാൻജിയുടെ വിശ്രമശാലയും അതിന്റെ വടക്കതു് ശയനമുറിയും അതിൽനിന്നു് കിഴക്കോട്ടുള്ള കെട്ടു് അന്തർഗൃഹം, പാചകശാല മുതലായ എടുപ്പുകളും സൽക്കാരഹാളിന്റെ കിഴക്കും തെക്കുമുള്ള കെട്ടുകൾ തവണ സേവിക്കുന്ന സേനാപംക്തിക്കാർ, രായസക്കാർ എന്നിവരുടെ പ്രവർത്തനശാലകളും ആയിരുന്നു.

അക്കാലത്തെ, ഈ ‘ഭക്തിവിലാസ’ത്തിലുള്ള പ്രധാന ഹാളിനകത്തു് രാജസാസനത്തിൽ ദിവാൻജിയും താഴത്തു് പായുകൾ വിരിച്ചു് ഉപമന്ത്രിമാരും നാനാഭാഗങ്ങളിലും പിരിച്ചയയ്ക്കപ്പെട്ടവരൊഴികെയുള്ള സേനാനായകന്മാരും, ദിവാൻജിയെ കാണ്മാൻ എത്തിയിരിക്കുന്ന മഹാജനനേതാക്കന്മാരും ഇരുന്നു. ജനസന്നാഹം, ധനസന്നാഹം, ആയുധസന്നാഹം എന്നിവയെക്കുറിച്ചു് ഗൗരവമായുള്ള ശീഘ്രാലോചനകൾ നടത്തുന്നു. നിർവ്വഹിക്കേണ്ടതായ ആജ്ഞകൾ പുറപ്പെടുമ്പോൾ കാര്യക്കാരന്മാർ അവരുടെ തുറയിലെ പ്രധാന രായസക്കാരെ വരുത്തി ലേഖനങ്ങൾ തയ്യാറാക്കിക്കുന്നു. ദിവാൻജിതന്നെ ലേഖനങ്ങൾ എഴുതുകയും പല രായസക്കാരെയും നിരത്തിനിറുത്തി അഷ്ടാവധാനിയുടെ വൈദഗ്ദ്ധ്യത്തോടെ പറഞ്ഞുകൊടുത്തു് എഴുതിക്കുകയും ചെയ്യുന്നു. ഇടയ്ക്കിടെ ഗൃഹസ്ഥന്മാർ, വ്യാപാരികൾ, ജന്മികൾ എന്നിവരെ വിശ്രമശാലയിലേക്കു് കൂട്ടിക്കൊണ്ടുപോയി ആപൽസ്ഥിതികളെ ധരിപ്പിച്ചു് ധനസംഭരണോപായങ്ങളെ അനുക്ഷണഫലമായി അനുഷ്ഠിക്കുന്നു. ഇടപ്രഭുക്കന്മാർ, മാടമ്പിമാർ, കളരിത്തലവന്മാർ, കരപ്രമാണികൾ എന്നിവരെക്കൊണ്ടു് അവർക്കു് ശക്യമായുള്ള വിധത്തിൽ ‘പൊരുളും പുരുഷാരവും’ ബലികഴിപ്പാൻ പ്രതിജ്ഞചെയ്യിച്ചു് അവരെ അഭിനന്ദനസംഭാവനകളോടെ യാത്രയാക്കുന്നു. മദിരാശിയിലെയും ബോംബയിലെയും ഭരണാധികാരികൾക്കു് റിപ്പോർട്ടുകളും കണക്കുകളും സ്വഹസ്തലിഖിതമായിത്തന്നെ ചാരന്മാർമുഖേന ദ്രുതതരമായി പുറപ്പെടുവിക്കുന്നു. യുദ്ധാരംഭവൃത്താന്തം കേട്ടു് ആകുലരായ ഭീരുക്കൾ ഗോപുരദ്വാരത്തിൽ സംഘംകൂടി സങ്കടം ധരിപ്പിക്കുമ്പോൾ, രാജ്യത്തിന്റെ സകല രക്ഷാനിദാനമായുള്ള മഹാശക്തിയുടെയും രാജ്യരക്ഷ എന്ന മഹാഭാരത്തെ ഐശ്വര്യമായ വൈഭവത്തോടെ വഹിക്കുന്ന പുണ്യശ്ലോകന്റെയും മാഹാത്മ്യങ്ങളെപ്പറ്റി വർണ്ണിച്ചു് അവരെ സമാശ്വസിപ്പിച്ചു് പിരിച്ചയയ്ക്കുന്നു.

ആ ദിനാരംഭത്തിൽ കൂടിയിരിക്കുന്ന ഉപമന്ത്രികൾ ഉൾപ്പെട്ടുള്ള സംഘം കഴിഞ്ഞ രാത്രിയിലെ കലാപത്തിന്റെ യാഥാർത്ഥ്യം അറിവാൻ കാംക്ഷിക്കുന്നു എങ്കിലും നടക്കേണ്ടും കാര്യങ്ങളെക്കുറിച്ചല്ലാതെ ഇതരവിഷയങ്ങളെപ്പറ്റിയുള്ള ആജ്ഞകളോ അഭിപ്രായങ്ങളോ ദിവാൻജിയിൽനിന്നും പുറപ്പെടുന്നില്ല. കേശവനുണ്ണിത്താന്റെ വക നന്തിയത്തുമഠത്തിൽ തീയാട്ടുണ്ണിയെപ്പോലെ പീഠബിംബമായി ഇരുന്നു്, തന്റെ പരിചാരകന്മാരെയും കൊടന്തയാശാന്റെ സ്വാധീനത്തെയും പ്രയോഗിച്ചു് അജിതസിംഹൻ കണ്ഠീരവരായരുടെ ബന്ധനമോചനം സാധിച്ച കൗശലത്തിന്റെ സകല ചടങ്ങുകളും ആ ഭവനത്തിലെ പ്രണയപ്രതിഷ്ഠയെ പ്രദക്ഷിണം വച്ചുകൊണ്ടിരുന്ന ത്രിവിക്രമൻമുഖേന ദിവാൻജി ഗ്രഹിച്ചിരിക്കുന്നു. കലാപകോലാഹലത്തെ പ്രാരംഭത്തിൽത്തന്നെ പ്രതിരോധിച്ചതു് ആ മന്ത്രിസത്തമൻതന്നെ ആയിരുന്നുവെങ്കിലും ആ സംഭവത്തെ സംബന്ധിച്ചും അദ്ദേഹം ഗാഢമൗനം അവലംബിക്കുന്നതേയുള്ളു. അദ്ദേഹത്തിന്റെ ഗൃധ്രനേത്രങ്ങൾ ലേഖനത്തെയും ഭൂമിയെയും ശൈവശൂലം പോലെ സുരംഗീകരിക്കുവാൻ പ്രവർത്തനംചെയ്യുന്നു എന്നുമാത്രം ഉപമന്ത്രികൾ കാണുകയാൽ അവർ പരസ്പരം മുഖത്തു് നോക്കിയിരുന്നിട്ടു് മദ്ധ്യാഹ്നത്തിന്റെ സമാഗമത്തിൽ ഭഗ്നേച്ഛന്മാരായി സ്നാനഭക്ഷണാദികൾക്കു് പിരിഞ്ഞു.

കേശവനുണ്ണിത്താനായ സരസ്വതീദാസൻ, പുഷ്ടശരീരനും സുഭഗകേശനും പ്രവൃദ്ധനായ ഔദ്ധത്യത്തോടുകൂടിയവും ആയിരിക്കുന്നെങ്കിൽ ശ്രീ പത്മനാഭദാസന്റെ ഈ പ്രഥമദാസൻ തപോനിഷ്ഠനെപ്പോലെ കൃശകായനും നിരന്തരമായ ക്ലേശസഹിഷ്ണുതകൊണ്ടു് വക്രിതഗാത്രനുമായി ഭവിച്ചിരിക്കുന്നു. പീനങ്ങളായിരുന്ന സ്കന്ധങ്ങൾ മെലിഞ്ഞു് പുരോഭാവം ഉന്നതങ്ങളായി, യുവദശയിലെ വക്ഷോവിസ്തൃതിയെ തുലോം ക്ഷയിപ്പിച്ചിരിക്കുന്നു. യൗവനകാലോന്മേഷത്തിന്റെ നൃത്തരംഗങ്ങളായിരുന്ന ഗണ്ഡങ്ങളുടെ മാംസളത ശുഷ്കിച്ചുപോയിരിക്കുന്നു. ആ കാലത്തെ ജീവചൈതന്യത്തെ പ്രതിബിംബിച്ചുകൊണ്ടിരുന്ന ആ ദർപ്പണതലം ഉഗ്രമായ ഒരു കൃതാവുകൊണ്ടു് കവചിതമായിരിക്കുന്നു. പുഷ്ടമായിരുന്ന നീണ്ട നാസിക, കനം കുറഞ്ഞു് ശുകതുണ്ഡംപോലെ കൂർത്തതായ അന്തത്തോടുകൂടിയതായിരിക്കുന്നു. രക്തനാഡികൾ ജൃംഭിച്ചുനില്ക്കുന്ന ലലാടപ്രദേശം ജഗൽസംരംഭകത്വത്തിന്റെ വേദിയായി പ്രേക്ഷകലോകത്തിന്റെ അഭിനന്ദനബഹുമാനങ്ങളെ അപഹരിക്കുന്നു. മദ്ധ്യഭാഗം ശൂന്യതളിമം ആയിത്തുടങ്ങിയിരിക്കുന്ന ശിരസ്സു് ധരിക്കുന്ന മുഹമ്മദീയരീതിയിലുള്ള കചവലയം ക്ഷാത്രധർമ്മാനുകരണത്തെ ലക്ഷീകരിക്കുന്നു.

മഹാരാജപാദങ്ങളെ അഭംഗുരഭക്തിയോടെ സേവിച്ചും സ്വരാജ്യത്തിന്റെ സമാധാനസമ്പത്തുകളുടെ അഭിവൃദ്ധിക്കായി കായബുദ്ധികളെ അശ്രാന്തക്ലേശം അനുഭവിപ്പിച്ചും സ്വരാജ്യസിംഹാസനത്തിന്റെ ശാശ്വതസുസ്ഥിതിക്കായി ബുദ്ധിപൂർവ്വമായുള്ള സാചിവ്യാചാതുര്യത്താൽ വിക്രമബന്ധുശക്തിയെ സമ്പാദിച്ചും ദൂരവീക്ഷണശക്തിയാൽ ദർശിച്ചു് ആപൽഭൂയിഷ്ഠഭാവിയിലെ അലഘുഭാരങ്ങളെ വഹിപ്പാൻ തന്നെ ശക്തനാക്കുംവിധം ആത്മബുദ്ധികളെ സംസ്കരിച്ചും ജനപാലനമാകുന്ന മാന്ത്രികത്വത്തിൽ നവതന്ത്രപ്രയോക്താവായി പാശ്ചാത്യസമുദായങ്ങളെയും വിസ്മയിപ്പിക്കുന്ന ഋശ്യശൃംഗപദത്തെ ഇദ്ദേഹം ഇപ്പോൾ സമ്പാദിച്ചിരിക്കുന്നു. മനോധർമ്മവിശാലതകൊണ്ടു് ആ പ്രബുദ്ധകേസരിയുടെ ഗ്രഹണപടിമയാൽ സഹകർമ്മികളെ സ്വാജ്ഞാനുവർത്തനങ്ങളിൽ ഊർജ്ജിതപ്രവർത്തകന്മാരാക്കിവന്നു. ആ പുരുഷകേസരിത്വം അതിന്റെ നേർക്കു് വല്ല നിരോധനോദ്യമവും ഉണ്ടായെങ്കിൽ പരിപന്ഥിയുടെ ജീവസാരത്തെ സ്തംഭിപ്പിക്കുമായിരുന്നു. പാദമുറപ്പിച്ചിടത്തുനിന്നു് ഈ ഭരണതന്ത്രഭീമസേനനെ രോമമാത്രത്തോളമെങ്കിലും ചുവടിളക്കിക്കണമെങ്കിൽ, സാക്ഷാൽ ഭീമദേവന്റെ സാഹായ്യംതന്നെ വേണ്ടിവരുമായിരുന്നു. ബാല്യകാലകഷ്ടതകളും സേവകജീവിതത്തിലെ നിതാന്തക്ലമങ്ങളും സ്വാശ്രയശക്തിയെ പ്രതിഫലിപ്പിക്കുന്ന ഒരു വിദ്യുത്തേജസ്സിനെ ആ മുഖത്തു് വ്യാപരിപ്പിച്ചിരുന്നു. രൂക്ഷപ്രകാശങ്ങളായിരുന്ന ആ നേത്രങ്ങൾ സൗഹൃദത്തോടുകൂടിയുള്ള സമാഗമങ്ങൾക്കു് സ്വാഗതവാദികളായ ദ്വാസ്ഥന്മാരും ദ്രോഹശ്രമാനുവർത്തരെ ഭസ്മീകരിക്കാനുള്ള അഗ്നികുണ്ഡങ്ങളും ആണെന്നു് പരിസേവിജനങ്ങൾ ഗ്രഹിച്ചിരുന്നു. ശത്രുവിനെപ്പോലും പ്രത്യക്ഷമായ വ്യാജവചനംകൊണ്ടു് വഞ്ചിപ്പാൻ അദ്ദേഹം ഒരുങ്ങിയിരുന്നില്ലെങ്കിലും രാജ്യതന്ത്രവൃത്തികളെ അവശ്യം പരിരക്ഷിക്കേണ്ടതായ രഹസ്യങ്ങളെ ഗ്രഹിപ്പാൻ ഉദ്യമിക്കുന്നവരെ ആ ശുകതുണ്ഡനാസികയിൽനിന്നു് പുറപ്പെടുന്ന ചീറ്റങ്ങളാൽ ഹതാശന്മാരാക്കിവന്നു. മന്ത്രിമണ്ഡലത്തിലെ ഈ അപൂർവ്വഭാസ്വാൻ അലസന്മാർക്കു് കൃതാന്തനായും കാര്യപ്രവർത്തകന്മാർക്കു് സുഹൃത്തായും കുടിലന്മാർക്കു് ശൂലാഗ്രപ്രദർശകനായും രാജദത്തമായുള്ള അധികാരമുദ്രയെ അക്ഷയതേജസ്സോടെ ധരിച്ചു്, സ്വകൃത്യങ്ങളെ കൃത്യബോധകൃത്യതയോടെ നിർവ്വഹിക്കുന്നു.

അസ്തമിച്ചു് ആറേഴു് നാഴിക ആയിട്ടും ഈ രാജ്യദാസൻ തന്റെ എഴുത്തുപെട്ടിയുടെ മുമ്പിൽ ചിന്താധീനനായിത്തന്നെ സ്ഥിതിചെയ്യുന്നു. സ്വരാജ്യത്തിന്റെ സുസ്ഥിതിയും തന്റെ സുഖ്യാതിയും സ്വസ്വാമിയുടെ മനസ്സ്വാസ്ഥ്യവും രക്ഷിക്കേണ്ടതായ ഒരു ആഗമനത്തെ പ്രതീക്ഷിച്ചു് ദ്വാരപ്രദേശത്തിലോട്ടു് സ്ഥിരവീക്ഷണനാകുന്നു. മൈസൂരിൽനിന്നുണ്ടാകുന്ന യുദ്ധപ്രസ്ഥാനങ്ങളുടെ സന്നാഹങ്ങളറിവാൻ പല ചാരന്മാരെയും അങ്ങോട്ടു് നിയോഗിച്ചിരുന്നു. ആ സംഘത്തിലെ പ്രമാണി കുഞ്ചൈക്കുട്ടിപ്പിള്ള എന്ന തന്റെ പ്രത്യേക വിശ്വസ്തനും മഹാമാന്ത്രികനും ബഹുഭാഷാഭിജ്ഞനും വിവിധ വേഷങ്ങളുടെ ധാരണത്തിൽ വിദഗ്ദ്ധനും കണ്ഠീരവനോടു് കിടനില്ക്കുമായിരുന്ന കായികാഭ്യാസിയും ആയിരുന്നു. നാമമാത്രത്തിനു് ഒരു ‘കാര്യക്കാർ’ ഉദ്യോഗത്തിൽ നിയമിച്ചു എങ്കിലും ആ വിദഗ്ദ്ധന്റെ കലാനിഷ്പത്തികളുടെ പ്രയോജ്യതയെ പരീക്ഷിച്ചതും ഉപയോഗിച്ചതും ചാരമണ്ഡലത്തിന്റെ ഭരണത്തിൽ ആയിരുന്നു. ദിവാൻജിയുടെ പ്രത്യേക സഖനും സഹകാരിയും ആയിരുന്ന ഈ വിക്രമൻ, സുൽത്താൻ കോയമ്പത്തുരിലെത്തി സഹ്യപർവ്വതത്തിന്റെ കിഴക്കുവശത്തുള്ള അധിത്യകവഴിക്കു് ഇരട്ടമല, ആരുവാമൊഴി എന്നീ സ്ഥലങ്ങളെ തരണം ചെയ്തു് തിരുവിതാംകൂർ രാജ്യത്തെ ആക്രമിക്കുമെന്നു് എഴുതിയിരുന്ന ഒരു ലേഖനം ഒരു ഉപചാരൻമുഖേന അയച്ചിരുന്നു. ഇവൻ മുളകുമൂടെന്ന സ്ഥലത്തുവെച്ചു് തസ്കരന്മാരാൽ നിഗ്രഹിക്കപ്പെടുകയും, അവൻ വഹിച്ചിരുന്ന സ്വകാര്യകത്തു് അപഹരിക്കപ്പെടുകയും, ചെയ്തിരിക്കുന്നു എന്നു് ഒരു റിപ്പോർട്ടു് പൂർവ്വദിവസം ഉദയത്തിൽ തെക്കുമുഖം സർവ്വാധികാര്യക്കാരിൽനിന്നും എത്തിയിരുന്നു. കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കൈയക്ഷരത്തിലുള്ള ആ ലേഖനം അന്നു് രാത്രി എങ്ങനെയോ ദിവാൻജിയുടെ ശയ്യയിൽ ആരാലോ നിക്ഷേപിക്കപ്പെട്ടതായി അദ്ദേഹം തന്നെ കണ്ടുപിടിച്ചു. ഇങ്ങനെ കിട്ടിയ ലേഖനം കുഞ്ചൈക്കുട്ടിപ്പിള്ളയുടെ ഒരു കൗശലമാണെന്നു് അദ്ദേഹം ഊഹിച്ചിരുന്നതിനാൽ, ഉടനെതന്നെ തെക്കൻപട്ടാളങ്ങളിലെ ഭൂരിഭാഗം വടക്കോട്ടു് പുറപ്പെടുന്നതിനു് ആജ്ഞകൾ ഗൂഢമായി പുറപ്പെടുവിച്ചു. ലേഖനവാഹകനെ നിഗ്രഹിച്ച ശസ്ത്രങ്ങൾ ഏതെന്നും അദ്ദേഹത്തിന്റെ സൂക്ഷ്മനേത്രങ്ങൾ ദർശിച്ചു. എന്നാൽ ആ സംഭവങ്ങൾ എല്ലാം മഹാരാജാവിനെമാത്രം ധരിപ്പിച്ചുകൊണ്ടു് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വരവിനെ മന്ത്രിയുടെയും സേനാനായകന്റെയും നിലയിൽ അകക്കാമ്പെരിയുന്ന ചൂടോടെ അദ്ദേഹം കാത്തിരിക്കുകയായിരുന്നു. താൻ യുദ്ധരംഗത്തിലേക്കു് ഉടനെ പുറപ്പെടേണ്ടതായിരിക്കുന്നു. എന്നാൽ ശത്രുവിന്റെ ബലനിശ്ചയംവരാതെ പുണ്യപുരുഷനായ സ്വസ്വാമിയെ തിരുവനന്തപുരത്തു് വിട്ടിട്ടു് പോകുന്നതു് കൃത്യവിലോപമായിരിക്കുമെന്നു് തോന്നി. അദ്ദേഹത്തിന്റെ മനസ്സിൽ ഒരു മഹാഗ്നിതന്നെ കത്തിജ്വലിച്ചു. ഏതാനും ദിവസങ്ങൾക്കിടയിൽ താൻ അനുഭവിക്കുന്ന മനോവേദന സ്വഖഡ്ഗത്തെ അനന്തരകാലങ്ങളിൽ ധരിക്കുന്ന ഭാഗ്യവാന്മാരെ എങ്കിലും പീഡിപ്പിക്കാതിരിപ്പാൻ ശ്രീപത്മനാഭൻ പ്രസാദിക്കട്ടെ എന്നു് അദ്ദേഹം പ്രാർത്ഥിച്ചു.

പടിഞ്ഞാറേ ഗോപുരമുഖപ്പിൽ ശുഭ്രവസ്ത്രം ധരിച്ചുള്ള ഒരു ചെറുസംഘത്തിന്റെ പ്രവേശമുണ്ടാകുന്നു. ആ അല്പനേരത്തെ ഏകാന്തതയെയും ഭഞ്ജിക്കുന്ന സങ്കടക്കാർ ആരെന്നു് അറിവാൻ അദ്ദേഹം ഗാഢവീക്ഷണനായി. സംഘത്തിൽനിന്നു് വേർപിരിഞ്ഞ ഒരു ചെറുവിഗ്രഹത്തിന്റെ അകത്തോട്ടുള്ള പ്രവേശനത്തെ ദ്വാസ്ഥന്മാർ പ്രതിരോധിക്കുന്നില്ല. കസവുവസ്ത്രങ്ങൾ ധരിച്ചുള്ള ഒരു മനോഹരഗാത്രം തന്റെ നേർക്കു് തുള്ളിക്കളിയാടി അടുക്കുന്നു. ആ മന്ത്രശാലയിൽ പ്രവേശിപ്പാൻ സ്വാതന്ത്ര്യമുണ്ടെന്നുള്ള പരിപൂർണ്ണബോധത്താൽ അനുമതിക്കു് കാത്തുനില്ക്കാതെ പടിഞ്ഞാറുള്ള വാതിലിലെ തരണം ചെയ്തു് അകത്തോട്ടു് പ്രവേശിക്കുന്നു. രത്നങ്ങൾ തിളങ്ങുന്ന ഒരു കനകഹാരത്താൽ അലംകൃതമായ കണ്ഠവും കനകനിർമ്മിതമെന്നുതന്നെ തോന്നിപ്പോകുന്നു. ശൈശവസഹജമായുള്ള ചാഞ്ചാട്ടങ്ങൾക്കിടയിൽ സ്വസ്ഥാനത്തുനിന്നു് ഇഴഞ്ഞും നീങ്ങിയും പോകുന്ന ഉത്തരീയം രത്നഖചിതങ്ങളായ കങ്കണങ്ങൾ വിലസുന്ന കരയഷ്ടികളെയും പുറത്തു് കാട്ടുന്നു. ദാസികളുടെ അതിസാഹസങ്ങളാലും നിയമപ്പെടുത്താൻ സാധിച്ചിട്ടില്ലാത്തതായ കേശപടലത്തിനിടയിൽ പ്രശോഭിക്കുന്ന കനകബിംബം, നേത്രങ്ങൾ, നാസാഭരണങ്ങൾ, കർണ്ണാഭരണങ്ങൾ, അധരപുടങ്ങൾ എന്നിതുകളിലെ വിവിധ വർണ്ണസ്ഫുലിംഗങ്ങൾ വർഷിച്ചു, തന്നെ ഭക്തിപുരസ്സരം ആരാധിക്കുന്നതുപോലെയും തോന്നുന്നു. രാജസപ്രൗഢവും എന്നാൽ ചേതോഹരവുമായുള്ള നടയും സിംഹകിശോരിത്വത്തോടു് അരുണോദയത്തിന്റെ പ്രശാന്തഭാസ്സും ഇളംതരുവിന്റെ നവജീവത്വവും സ്ഫുരിക്കുന്ന ആ മുഖം ചപലകാമന്റെ പ്രവേശനത്തെ നിരോധിക്കുന്നതായി കുലീനമുദ്രയാൽത്തന്നെ അങ്കിതമായിരിക്കുന്നു എന്നും അദ്ദേഹം കാണുന്നു. ആഗതയായ കന്യാരത്നം ആരെന്നു് സൂക്ഷ്മമായി ധരിച്ചപ്പോൾ, അദ്ദേഹത്തിന്റെ ചിന്താമണ്ഡലത്തിൽനിന്നു് രാജ്യഭാരക്ലേശങ്ങൾ അഭ്രമണ്ഡലത്തിലേക്കു് പലായനംചെയ്തു. പടത്തലവനായ ആദിഗുരുവാൽ തന്നെ ഏല്പിക്കപ്പെട്ടിട്ടുള്ള ആ സിംഹകിശോരികയെ ഒന്നു് വട്ടത്തിലാക്കാനായി, അറിയാത്ത ഭാവം നടിച്ചു് അദ്ദേഹം തന്റെ ചാവട്ടയുടെ മൃദുലതയിൽ ആമഗ്നനായി, മന്ത്രിസ്ഥാനയോഗ്യമായുള്ള പ്രൗഢിയെ അവലംബിച്ചു് ഇരുന്നു. മുഖത്തെ അല്പമൊന്നു് നമ്രമാക്കിയും പുരികക്കൊടികൾക്കിടയിൽക്കൂടി അദ്ദേഹത്തെ നോക്കിയും അന്യാദൃശസൗന്ദര്യത്തോടുകൂടിയ രണ്ടുവരി വെൺപവിഴനിരകളുടെ കോമളഭാസ്സിനെ പ്രകാശിപ്പിച്ചും ലജ്ജാസങ്കലിതമായ കൗമാരാദരവിനയങ്ങളെ പ്രകടിപ്പിച്ചും തൊഴുതപ്പോൾ അനിയന്ത്രിതമായുള്ള കേശസമുച്ചയം മുമ്പോട്ടു് ആഞ്ഞു് ആ സൗന്ദര്യസമ്പത്തിനു് ഒരു തിരശ്ശീല ആയി. മര്യാദവിലംഘികളായ ആ ഉപദ്രവിസംഘത്തെ ചില സംഗീതഗീതങ്ങളാൽ പൂർവ്വസ്ഥിതിയിലാക്കുന്നതിനു് ശ്രമിക്കുന്നതിനിടയിൽ കൗമാരത്തിന്റെ പരമാദർശമായുള്ള ആ കനകവിഗ്രഹത്തിന്റെ ഹസ്തസൗഷ്ഠവം ദിവാൻജിയുടെ ശുഷ്കപാണികളുടെ സ്നേഹപ്രാചുര്യത്താൽ ബന്ധനസ്ഥമായി. ആ കാരുണ്യവാന്റെ ക്ഷീണവ്യാകുലമായ ഹൃദയം സാവിത്രിയുടെ ഹിമകരമുഖത്തിന്റെ പ്രശാന്തഭാസ്സുതട്ടി ഉന്മിഷിതവും ആയി. മേൽമുണ്ടിന്റെ അറ്റത്തെ കൈക്കുള്ളിലാക്കി, ചുണ്ടോടു് ചേർത്തു് കുനിഞ്ഞുനിന്നും ഭുജങ്ങളെ സങ്കോചിപ്പിച്ചും ശിരസ്സിനെ മന്ദമായി ചലിപ്പിച്ചും ചിരിച്ചുതുടങ്ങിയ കന്യകയെ സ്വപുത്രി എന്നപോലെ ഗ്രഹിച്ചു് തന്റെ പാർശ്വത്തിൽ ഇരുത്തിയിട്ടു് സ്നേഹാമൃതപൂർണ്ണമായുള്ള ഹൃദയകലശത്തെ ആ ഹേമകുവലയത്തിൽ യഥേഷ്ടം അഭിഷേകം ചെയ്തു. സാമാന്യകുശലങ്ങൾ കഴിഞ്ഞു, കന്യകയുടെ മുഖത്തു് ദൃഷ്ടിയുറപ്പിച്ചുകൊണ്ടൽ അദ്ദേഹം ഇങ്ങനെ കളി പറഞ്ഞുതുടങ്ങി: “ഹേ! കഴക്കൂട്ടത്തു കുഞ്ഞമ്മ പോന്നതെന്താണെന്നു് പറഞ്ഞില്ലല്ലോ. അമ്മാവനു് എന്തെല്ലാം ജോലികിടക്കുന്നു? പറഞ്ഞുംവെച്ചു് വേഗം ഓടെടാ ഓട്ടം ഓടൂടണം. രാത്രിതന്നെ അച്ഛൻ തിരിച്ചെത്തിയേക്കും.”

സാവിത്രി
“ഞാൻ വന്നതു് ചുമ്മാ. അച്ഛൻ പോയതു് അമ്മാവൻ എങ്ങനെ അറിഞ്ഞു്?”
ദിവാൻജി
“പെണ്ണുങ്ങൾക്കു് ഉദ്യോഗകാര്യങ്ങൾ ഒന്നും അറിഞ്ഞുകൂടാ. അനുവാദം വാങ്ങാതെ സ്ഥലംവിട്ടുപൊയ്ക്കൂടാ. ചുമ്മാ വന്നു എന്നു് പറഞ്ഞാൽ ചുമ്മാ പോകേണ്ടിവരും. അച്ഛനെ തോല്പിക്കാനാണു് മകൾ കക്ഷിപിടിക്കുന്നതു്. അതു് നടപ്പില്ല അദ്ദേഹം ഈയിടെ ആരാന്റെ അമ്മാവനോ എന്തെല്ലാമോ ഒക്കെ ആകാൻ പോണു്. ആ സ്ഥിതിക്കു് അദ്ദേഹത്തെ പയറ്റിത്തോല്പിക്കാൻ കുട്ടിക്കുഞ്ഞമ്മ ചാടിപ്പുറപ്പെട്ടാൽ, അമ്മാവൻ കുഴങ്ങും. ഈ കുണ്ടാമണ്ടിക്കാരിക്കുവേണ്ടി ഇപ്പോൾത്തന്നെ അമ്മാവൻ വല്ലാതെ കഷായിക്കയാണു്.”
സാവിത്രി
“അതെങ്ങനെ അമ്മാവാ? കളിപ്പിക്കാൻ കള്ളക്കഥകൾ പറയരുതു്.”
ദിവാൻജി
(പൂർവ്വരാത്രിയിലെ സംഭവങ്ങളിൽ ഉണ്ണിത്താൻ പങ്കുകൊണ്ടതു് അധികൃതന്മാരുടെ അന്വേഷണത്തിനു് പാത്രമായിത്തീർന്നിരിക്കുന്ന വസ്തുത പുറത്തുവിടാതെ) “ഇതേ, അമ്മാവനു് ആരോടും വഴക്കിനുനില്പാൻ ഇപ്പോൾ തരമില്ല. വിശേഷിച്ചും, ടിപ്പു ഇങ്ങോട്ടു് വരുമ്പോൾ കുട്ടിസ്സാവിത്രികൾ അടങ്ങി ഒതുങ്ങി പാർക്കണം. ആ സുൽത്താൻ കാലത്തു് പന്ത്രണ്ടും വയ്യിട്ടു് പന്ത്രണ്ടും വീതം കൊച്ചുമ്മാകളെ കശാപ്പുചെയ്തു് ശാപ്പിടും. അതുകൊണ്ടു് വേഗത്തിൽ ഒരു ക്ഷത്രിയനെ ഭർത്താവാക്കിക്കൊണ്ടാൽ മരുമകൾ മിടുക്കി.” രാജ്യത്തിലെ മന്ത്രീന്ദ്രന്റെ മുതുകിൽ ചില നഖപ്രയോഗങ്ങൾ ഏറ്റു. അദ്ദേഹം “അയ്യോ!” വിളിച്ചു. “കൊല്ലരുതു്. കല്പിച്ചു് തലവീശിക്കളയും. പടയ്ക്കുപോവാൻ കല്പന തന്നിരിക്കയാണു്. ഈ സ്ഥിതിയിൽ അമ്മാവനെ കൊള്ളാതാക്കിയാൽ രാജദ്രോഹമാകും.”
സാവിത്രി
“അതേയതേ. അച്ഛൻ പറയുന്നതിനു് അമ്മാവൻ കൂത്താടും. അമ്മാവൻ പറയുമ്പോൾ, അച്ഛൻ അമ്മാവിക്കലഹം നടിച്ചു് ഇരുന്നുംകളയും.”
ദിവാൻജി
“അച്ഛൻ മിണ്ടീല്ലെങ്കിലും അമ്മാവൻ കലഹിക്കയില്ല. വിളിച്ചില്ലെങ്കിലും ഒന്നാം പന്തിയിൽ ഉണ്ണാൻ ഹാജർ; പൊയ്ക്കൊള്ളു. അനുവാദം തന്നു. ക്ഷണിക്കയുംമറ്റും വേണ്ട.”

സാവിത്രി കണ്ണുകളെ പകുതി അടച്ചും മുഖത്തെ ചുവപ്പിച്ചും കുനിഞ്ഞിരുന്നുകൊണ്ടു് പറഞ്ഞു: “ഞാൻ വല്ലടത്തും പൊയ്ക്കളയും; അച്ഛനും അമ്മാവനും ആരും വേണ്ട.”

ദിവാൻജി
“എന്റെ സാവിത്രിക്കുട്ടിയെ അമ്മാവൻ കുറേശ്ശെ അറിയും. അമ്മാവനെ സാവിത്രിയും അറിയുമെന്നിരിക്കട്ടെ. എങ്കിലും ഈ കൊച്ചു് കള്ളക്കരളിൽ ഇപ്പോൾ തോന്നുന്നതെന്തെന്നു് അമ്മാവനറിയാം. അടിയന്തിരദിവസം ഒരു പുടവകൊടക്കാരി – ചെമ്പകശ്ശേരിയിലല്ലാ – ഒരു കൊച്ചുപിള്ളാണ്ടന്റെ അച്ഛന്റെ വക മാങ്കോയിക്കൽ വലിയപടവീട്ടിൽ എത്തിയിരിക്കും.”

സാവിത്രിയുടെ ഹസ്തങ്ങൾ ദിവാൻജിയുടെ വാപൊത്തി. ഭുജം അദ്ദേഹത്തെ ചില ഉപദ്രവങ്ങളും ഏൽപിച്ചു.

ദിവാൻജി
(സാവിത്രിയുടെ കർണ്ണങ്ങളിൽ) “കല്പിച്ചു് ഒരു കൊച്ചുപട്ടാണിക്കു് കൊടുത്ത വീരശങ്ങല ആരും മോഷ്ടിച്ചുകൊണ്ടുപോകരുതു്. നല്ലതുപോലെ സൂക്ഷിച്ചുകൊള്ളണം. കള്ളന്മാർ ഇറങ്ങിയിട്ടുണ്ടു്.”

സാവിത്രി ചില നാസാഗീതങ്ങളോടെ ദൂരത്തു് വാങ്ങിനിന്നു. ദിവാൻജി ചിരിച്ചുകൊണ്ടു് “അയ്യോ! അയ്യോ! സാവിത്രിക്കുഞ്ഞമ്മയ്ക്കു് ഏതു് വീരശങ്ങല എന്നു് ചോദിച്ചു് മറ്റുള്ളവരെ ഉരുട്ടിക്കളയാൻ അറിഞ്ഞുകൂടാ. ആ പട്ടാണിക്കുട്ടൻ തല്ലുകൊള്ളാതെ അതു് എങ്ങനെ അവിടെ എത്തിച്ചെന്നു് അമ്മാവൻ അന്വേഷിക്കുന്നില്ല. അതു പോകട്ടെ. നമുക്ക് ആയുസ്സു് സൂക്ഷിക്കുന്നവർ ഭർത്താവാകണം. ആ കുതിരബ്ഭക്ഷി പടയ്ക്കു് മുമ്പിൽ ചാടി ഉണ്ടകൾ ഏൾക്കും. ബബ്‌ലാശേരിത്തിരുമേനി ആയാൽ പിന്നണിയിൽ കണ്ടും കേട്ടും നിന്നു ഭരിച്ചു് ഇങ്ങു് തിരിച്ചെത്തും. ഇതെല്ലാം ആലോചിച്ചാണു് അച്ഛൻ ഏർപ്പാടുചെയ്യുന്നതു്.”

സാവിത്രി
“അയ്യ! അങ്ങനത്തെ ഭീരു അമ്മാവനിരിക്കട്ടെ.”
ദിവാൻജി
“അല്ലാ വിഷമമായി! ഞാൻ ഇനി പെൺവേഷംകെട്ടി ആ ബബ്ലുവിന്റെ വല്ലടത്തെയും അരമനയിൽ പാർക്കണമെന്നോ!”
സാവിത്രി
(വ്യസനസമേതം) “അമ്മാവൻ രക്ഷിച്ചില്ലെങ്കിൽ–”
ദിവാൻജി
“അച്ഛനും ഞാനും വലിയ ഇഷ്ടന്മാരാണു്, മിണ്ടരുതേ. അദ്ദേഹം ഒന്നു് തീർച്ചപ്പെടുത്തിയതിനെ ഞാൻ തടസ്സം ചെയ്താൽ ലോകർ എന്നെ ആഭാസനെന്നു് പഴിക്കും.”
സാവിത്രി
(കണ്ണുനീർപൊഴിച്ചുംകൊണ്ടു്) “അമ്മയെയും അച്ഛൻ കൊല്ലാൻ തുടങ്ങുന്നല്ലോ.”

ഈ വാക്കുകൾ കേട്ടപ്പോൾ ദിവാൻജിയുടെ ശരീരം വിറച്ചു. കന്യകയോടുള്ള കളിവാക്കുകൾ അവസാനിപ്പിക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു എന്നു് കണ്ടു് അദ്ദേഹം അവളുടെ ശിരസ്സിനെ മൃദുവായി തലോടി. അവളുടെ കൈകളെ പിടിച്ചുംകൊണ്ടു് വീണ്ടും പറഞ്ഞു: “അച്ഛനും അമ്മയ്ക്കും മകൾക്കും ഒരുപോലെ ഭ്രാന്തുപിടിക്കുമ്പോൾ അമ്മാവൻ എന്തു് ചെയ്യും? എങ്കിലും ഈ അമ്മാവൻ ജീവിച്ചിരിക്കുമ്പോൾ പടത്തലവൻ പോറ്റിയുടെ സാവിത്രിക്കുട്ടിക്കു് ഒന്നും പേടിക്കാനില്ല. ഇങ്ങനെ പറഞ്ഞുവെന്നു് അമ്മയോടു് പറയേണ്ട. എന്നാൽ, ഇതിനു് പകരം പടയിൽ ജയിച്ചുവരുമ്പോൾ നമ്മുടെ വീരശങ്ങലക്കാരനെ ഞാൻ അങ്ങോട്ടു് കൊണ്ടുവരും. അന്നു് പുറപ്പെട്ടുപോകാൻ തുടങ്ങിയാൽ, കൊച്ചനന്തിരവളുടെ മൂക്കു് മുഴുവനേ പോക്കാണു്.”

സാവിത്രി: “എനിക്കാരും വേണ്ട” എന്നു് പതുക്കെ പറഞ്ഞു എങ്കിലും അവളുടെ കൈകളും മുഖവും ആനന്ദപുളകത്താൽ ചലിക്കുന്നതു് അദ്ദേഹത്തിനു് കാണ്മാൻപോലും കഴിഞ്ഞു”. “ശരി! ആരും വേണ്ടെങ്കിൽ നമുക്കു് സന്യസിച്ചുകളയാം. പക്ഷേ ത്രിവിക്രമൻ അതിൽ ചേരൂല്ല. അതുകൊണ്ടു്, വടക്കും തെക്കും നല്ല ചില ഉർവശിക്കുഞ്ഞുങ്ങൾ ഉണ്ടു്. അവരിലൊന്നിനെ–”

സാവിത്രി ഉഗ്രമായി പരിഭവിച്ചു് യാത്രയാവാൻ തുടങ്ങി. ദിവാൻ ആ കന്യകയെ പിടിച്ചുനിറുത്തിക്കൊണ്ടു് ഇങ്ങനെ പറഞ്ഞു:” പിന്നെ – ഇവിടെ വന്നതും പോയതും അച്ഛൻ അറിയുമ്പോൾ വാളെടുക്കും. അപ്പോൾ യുദ്ധത്തിനു് പോകുന്നതുകൊണ്ടു് അമ്മാവൻ ഒന്നു് കാണാൻ ആവശ്യപ്പെട്ടു എന്നു് പറഞ്ഞു് നില്ക്കാൻ നോക്കിക്കൊള്ളണം. ശേഷമെല്ലാം അമ്മാവൻ ഏറ്റു. എന്നുവച്ചാൽ, നമ്മുടെ പട്ടാണിക്കൊച്ചേട്ടനും അവന്റെ കുതിരസ്സവരരിക്കാരിയും വേണ്ട കരാറുകൾ ചെയ്തുകഴിഞ്ഞു എങ്കിൽ”.

കന്യക വീണ്ടു മുഖം തിരിച്ചുനിന്നു. വിനോദസംഭാഷണങ്ങൾ നിറുത്തിയും കന്യകയുടെ കരങ്ങൾ വീണ്ടും പിടിച്ചുകൊണ്ടും അദ്ദേഹം ആ കുലീനകുമാരിക്കു് പല ഉപദേശങ്ങൾ ചെയ്തിട്ടു് തന്റെ മേനാവുതന്നെ വരുത്തി ആ വാഹനത്തിൽ കയറ്റി, അവളെ യാത്രയാക്കി. ധീരോദാത്തമതികളിൽനിന്നുണ്ടാകുന്ന പ്രതിജ്ഞകൾ ഏകപദപ്രയോഗത്താൽ മാത്രം ദത്തമായി എന്നിരുന്നാലും അതുകൾ ഹരിശ്ചന്ദ്രസത്യംപോലെ നിവർത്തിതമാകും എന്നു് പ്രഭുജീവിതപന്ഥാക്കളിൽ അനുശാസിതയായിരുന്ന ആ ബുദ്ധിമതി ധരിച്ചിരുന്നു. അതിനാൽ ആപത്തുകൾ എല്ലാം നിവർത്തിച്ചു എന്നുള്ള ധൈര്യത്തോടെതന്നെ അവൾ ഗൃഹത്തിലേക്കു് മടങ്ങി.

ദിവാൻജിയുടെ ചിന്തകൾ ഇരുപത്തൊന്നു് കൊല്ലത്തിനു് മുമ്പുള്ള ചില ചിത്താവസ്ഥകളിലേക്കു് മടങ്ങുവാൻ ആരംഭിച്ചു. ചുറ്റും കാത്തുനില്ക്കുന്ന ഭടന്മാരുടെ ആയുധങ്ങൾ അങ്ങും ഇങ്ങും സംഘടിച്ചു് പുറപ്പെട്ട ശബ്ദങ്ങളും റോന്തുചുറ്റി സഞ്ചരിക്കുന്നവരുടെ ആഹ്വാനങ്ങളും ദൂരത്തുനിന്നു് കേട്ടുതുടങ്ങിയ ഖുരനിപാതശബ്ദവും അദ്ദേഹത്തെ വിഭ്രമസ്ഥിതിയിലാക്കാൻ തുടങ്ങിയ വിചാരത്തിൽനിന്നു് വിരമിപ്പിച്ചു. അത്യാപത്തിന്മേലോ അത്യാവശ്യംനിമിത്തമോ പായിക്കപ്പെടുന്ന ഒരു അശ്വത്തിന്റെ കുളമ്പുശബ്ദം അടുത്തടുത്തു് കേട്ടു്, പ്രവേശനദ്വാരത്തു് എത്തിയപ്പോൾ നിലച്ചു. നിഷ്കൃപമായി ഓടിച്ച അശ്വം മജ്ജയും വിയർപ്പും പതിപ്പിച്ചുകൊണ്ടു് ആനക്കൊട്ടിലിൽനിന്നു് ശ്വാസോച്ഛ്വാസവേഗത്താൽ ആഞ്ഞുതുടങ്ങി. ദ്വാസ്ഥഭടന്മാരിൽ ഒരുവൻ അശ്വാരൂഢനിൽനിന്നു് കടിഞ്ഞാൺ ഏറ്റുകൊള്ളുന്നു. മറ്റുള്ള ഭടജനം ഉപചാരപൂർവം വിലകിനില്ക്കുന്നു. ഒരു യോഗിവേഷത്തിന്റെ പുറപ്പാടു് കാണുകയാൽ, സല്ക്കാരശാലയുടെ വാതുക്കലോട്ടു് നീങ്ങി, ദിവാൻ ആ കാഷായവസ്ത്രകവചിതനെ സഹർഷം പുണരുന്നു. സൗഹൃദത്തിന്റെ സമുൽക്കൃഷ്ടതയാലുള്ള ആലിംഗനംകൊണ്ടുതന്നെ, ചാരപ്രധാനനായ കുഞ്ചൈക്കുട്ടിപ്പിള്ള സൽകൃതനായി. എങ്കിലും മന്ത്രശാലയ്ക്കകത്തോട്ടു് രണ്ടുപേരും കടന്നപ്പോൾ, സേനാനിയമത്താൽ ബദ്ധന്മാരെന്നപോലെ രണ്ടുപേരും പിരിഞ്ഞു, നായകന്റെ നിലയിൽ ദിവാൻജിയും ഭടന്റെ നിലയിൽ യജമാനന്റെ മുഖത്തു് നോക്കാതെ കാര്യക്കാരും നിലകൊണ്ടു.

ദിവാൻജി
“ഏതു വഴി?”
കുഞ്ചൈക്കുട്ടിപ്പിള്ള
“വടക്കൻതന്നെ”
ദിവാൻജി
“ആൾ തിട്ടം?”
കുഞ്ചൈക്കുട്ടിപ്പിള്ള
“മദകരി നാല്പത്തേഴു്, ഒട്ടകം അറുപത്തൊമ്പതു്, പീരങ്കി അമ്പത്താറു്, കുതിരപ്പട നാലായിരം, ശില്ലദാർ മുപ്പതിനായിരം, തുറുപ്പുകാർ മുപ്പത്തയ്യായിരം, പല ആയുധക്കാർ അറുപതിനായിരം ഇത്രയും ഉള്ളതിൽ മൂന്നിൽ രണ്ടു ഭാഗം”
ദിവാൻജി
“കൂടെ?”
കുഞ്ചൈക്കുട്ടിപ്പിള്ള
“സേനാനായകൻ കമ്മറുഡീൻസാ, ഉപസേനാനായകൻ സയ്യഡ്ഗാഫർ, മൂന്നാമൻ ഫക്കിരുദീൻ ഖജാനിപൂർണ്ണയ്യ രാജകുമാരൻ ഫട്ടീഹൈഡർ.”

കുഞ്ചൈക്കുട്ടിപ്പിള്ളയുടെ വാക്കുകൾക്കു് ദിവാൻജി ഉത്തരമൊന്നും പറഞ്ഞില്ല. വിദഗ്ദ്ധനായ ആ മഹോപകാരിയെ സ്നാനത്തിനോ ഭക്ഷണത്തിനോ ക്ഷണിക്കാതെയും താൻതന്നെ ഭക്ഷണത്തിനു് ആരംഭിക്കാതെയും ഉടൻതന്നെ കാര്യമറിവിച്ചു് കല്പന അറിയുവാൻ രാജമന്ദിരത്തിലേക്കു് തിരിച്ചു്.

രണ്ടു് നാഴിക കഴിഞ്ഞപ്പോൾ സൈംഹരൂക്ഷമായ മുഖത്തോടെ ദിവാൻജി മടങ്ങിയെത്തി. രാജ്യത്തിന്റെ മദ്ധ്യഭാഗത്തും തെക്കും കിടക്കുന്ന സേനാപംക്തികൾ നെടുംകോട്ട രക്ഷിപ്പാനും പറവൂർ പട്ടാളത്തോടു് സന്ധിപ്പാനും തൽക്ഷണം തിരിക്കുന്നതിനു് ശാസനകൾ ആ രാത്രിയിൽത്തന്നെ അടിയന്ത്രക്കാര്യമായി പുറപ്പെട്ടു്. സംഭാരസംഭരണത്തിനും അതുകളുടെ വിതരണത്തിനും സർവാധിപത്യം വഹിക്കുവാൻ ഉത്തരവു് കണ്ടുകൂടുന്ന ഉടൻ പുറപ്പെടുന്നതിനു് ചിലമ്പിനഴിയത്തു് കേശവനുണ്ണിത്താനു് ഒരു പിടിപാടും കല്പനാനുസാരം എന്നു് പ്രത്യേകിച്ചു് ചൂണ്ടിക്കാട്ടി പുറപ്പെട്ടു്.