close
Sayahna Sayahna
Search

അദ്ധ്യായം ഇരുപത്തിയഞ്ചു്


രാമരാജബഹദൂർ

രാമരാജബഹദൂർ
RamaRajaBahadoor-001.png
ഗ്രന്ഥകർത്താവ് സി.വി. രാമൻ പിള്ള
മൂലകൃതി രാമരാജബഹദൂർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചരിത്രാഖ്യായിക
വര്‍ഷം
1918
മാദ്ധ്യമം അച്ചടിപ്പതിപ്പു്
പിന്നോട്ട് ധർമ്മരാജാ
“വത്സേ! തവ പാണിഗ്രഹണം വൈകാതെ ചെയ്യിപ്പാനായ്
ഉത്സാഹംചെയ്തീടുന്നേൻ യത്സുഖം വാഴ്ക നീയും”

പെരിഞ്ചക്കോടൻ കേശവപിള്ളയോടു് തുടർന്ന കുടുംബസമരത്തിനിടയിൽ രാജ്യത്തിന്റെ ശത്രുവും ഭാരതീയമതത്തിന്റെ വിധ്വംസകനും ആയുള്ള ദൂരദേശാധികാരിയെ ആശ്രയിപ്പാൻ അയാളെ പ്രേരിപ്പിച്ചതു് ഏതു് വർഗ്ഗത്തിലുള്ള പൗരത്വമാണെന്നു് ഇവിടെ പരിശോധിക്കേണ്ടതില്ല. എന്നാൽ അയാളെ ചിലമ്പിനഴിയത്തു് ചന്ത്രക്കാരനിൽനിന്നു് വ്യത്യാസപ്പെടുത്തുന്ന ഒരു പരമാർത്ഥം, ആ ദുർമ്മദപ്പെരുമാളുടെ അപരാധഗരിമയെ ലഘൂകരിക്കുന്ന വസ്തുത, ആദരണീയമല്ലെങ്കിലും ലോകചരിത്രം എന്ന ഉല്ലാസജനകമായ വിഷയത്തിൽ പരിക്ലേശിക്കുന്ന വ്യാസന്മാർക്കു് രസാവഹമായിരിക്കാം. അയാളുടെ സമരശ്രമങ്ങൾ സ്വസംബന്ധിയായ കേശവപിള്ളയുടെ നാശത്തെമാത്രം ഉദ്ദേശിച്ചവയായിരുന്നു. ഒരു ചണ്ഡാലാഭീരം സ്ഥാപിച്ചതും ശത്രുരാജപ്രസാദത്തിനു് ധൃതരുദ്രാക്ഷനായതും സ്വശത്രുസംഹാരത്തിനുള്ള ഗാണ്ഡീവപാശുപതങ്ങളുടെ ലബ്ധിക്കായി അയാൾ അംഗീകരിച്ച തപോപായങ്ങളായിരുന്നു. അയാൾക്കു് രാജസ്ഥാനം എന്നതു് ഒരു കല്യാണമണ്ഡപവും രാജപ്രതിഷ്ഠ മന്ത്രിയായുള്ള മേൽശാന്തിക്കാരനാൽ ചന്ദനപുഷ്പാഞ്ജനങ്ങളുടെ ചതുരോപയോഗംകൊണ്ടു് അലംകൃതമായുള്ള ഒരു ‘നിഷ്കള-നിശ്ചല-നിർമ്മമനിഷ്ക്രിയ’ ബിംബവുമായിരുന്നു. രാജകളേബരത്തെയോ അതിന്റെ ത്രൈമൂർത്തികമായുള്ള ക്രിയകളുടെ ഉൽപത്തിവിധത്തെയോ ദർശിക്കാനുള്ള ഭാഗ്യം ആ മുഷ്കരനു് സിദ്ധമായിരുന്നില്ല. രാജശക്തി ഒരു രാജ്യത്തെ സാർവത്രികമായി വ്യാവർത്തിക്കുന്ന വസ്തുതയും അയാൾ ഗ്രഹിച്ചിരുന്നില്ല. വിശേഷിച്ചും രാമവർമ്മമഹാരാജാവിന്റെ അനന്തഗുണനിധിത്വത്തെ ശ്രദ്ധിപ്പാനോ ഗ്രഹിപ്പാനോ ബാല്യംമുതൽ ആപൽഭോക്താവായും യുവദശാരംഭം മുതൽ ആപൽ കർത്തൃത്വംകൂടി വഹിച്ചും കഴിഞ്ഞിട്ടുള്ള, ആ ശിലാകാരനു് സന്ദർഭമുണ്ടായില്ല. തന്നിമിത്തം ആ രക്ഷാപുരുഷപ്രതിഷ്ഠയെ ഒരു അഗണനീയസങ്കല്പമായി മാത്രം അയാൾ കണക്കാക്കിയിരുന്നു. കേശവപിള്ളയുടെ മാതാവിനെ അവരുടെ ഗൃഹത്തിൽനിന്നു് സ്ത്രീലമ്പടനായ കാരണവരെക്കൊണ്ടു് പുറത്താക്കിച്ച മാതുലിയെ, കേശവപിള്ള തന്റെ ഉദ്യോഗജീവിതാരംഭത്തിൽത്തന്നെ അവരുടെ പുത്രനോടൊന്നിച്ചുള്ള ബഹിഷ്കരണംകൊണ്ടു് ശിക്ഷിച്ചു. പെരിഞ്ചക്കോടന്റെ അഭിപ്രായപ്രകാരം നീതിവിപ്ലവമായുള്ള ഈ കർമ്മവും രാജാനുമതിയോടെ സംഭവിച്ച ഒന്നെന്നു് അയാൾ പരുഷപ്പെട്ടില്ല. കേശവപിള്ള എന്ന ഏകമൂർത്തിയെ സകുലനാശകാരകനായി വിദ്വേഷിച്ചു് അദ്ദേഹത്തിനു് തുല്യമായ ഐശ്വര്യത്തെയും പ്രതാപത്തെയും സമ്പാദിപ്പാനും ആ ദ്രോഹകാരിയെ സംഹരിക്കുകയോ അയാളെക്കൊണ്ടു് തന്റെ കാൽപണിയിക്കുകയോ ചെയ്‌വാനും മാത്രം, അയാൾ പല പദ്ധതികളും അനുഷ്ഠിച്ചു. അതുകളുടെ ത്യാജ്യഗ്രാഹ്യതകളെ ചിന്തിപ്പാനുള്ള വിവേകം ആ പ്രജ്ഞാകാണ്ഡത്തെ ദൂരവീക്ഷണത്താൽപോലും അനുഗ്രഹിച്ചിട്ടില്ലായിരുന്നു. രാജസിംഹാസനമോ മന്ത്രിമുദ്രകളായ ഖഡ്ഗാംഗുലീയങ്ങളോ ഭരണയജ്ഞത്തിന്റെ ഹവിർഭാഗമോ കൊണ്ടു് താൻ ലോകമാന്യനോ മഹാത്മാവോ ആയി ആരാധിതനാകണമെന്നു് അയാൾ മോഹിച്ചതേയില്ല.

മാങ്കാവിൽ എത്തിയ അനുചരൻ പെരിഞ്ചക്കോടനെ ധരിപ്പിച്ചതു് ത്രിവിക്രമകുമാരൻ തെക്കൻദിക്കിലേക്കു് യാത്രയാരംഭിച്ചിരിക്കുന്നു എന്നായിരുന്നു. മഹാനീചത്വം നിമിത്തം ആ യുവാവിന്റെ നേർക്കു് പ്രവർത്തിച്ചുപോയ ദ്രോഹകർമ്മത്തിന്റെ പ്രത്യാഘാതം തന്നെ ശിക്ഷിക്കുമോ എന്നു് ഭയപ്പെട്ടു് അയാൾ വനപ്രാകാരത്തിന്റെ പുറകിൽ നിറുത്തിയിരുന്ന തന്റെ എതാനും ഭടജനങ്ങളോടൊന്നിച്ചു് തിരുവനന്തപുരത്തേക്കു് പാഞ്ഞു. ആ ദ്രോഹകർമ്മം മുതൽക്കു് പെരിഞ്ചക്കോടന്റെ ഗന്ധം പിടിച്ചു് അയാളുടെ പുറകെ കൊട്ടാരക്കരക്കാര്യക്കാരുടെ ആജ്ഞാനുസാരം ഒരു വിദഗ്ദ്ധനായ വേട്ടയാടി തുടർന്നുകൊണ്ടിരുന്നു. എന്നാൽ, മുന്നിലക്കാരൻ കണ്ടശ്ശാരു് ഇടയ്ക്കുവച്ചു് ഗന്ധം തെറ്റി, വൻകാട്ടിൽ കുടുങ്ങി വലഞ്ഞുപോയി. എങ്കിലും ഒരു വലിയ സംഘത്തോടൊന്നിച്ചു് തിരുവിതാംകൂറിന്റെ ഉത്തരപരിധികളിൽ പെരിഞ്ചക്കോടൻ വീണ്ടും സഞ്ചാരം തുടങ്ങിയപ്പോൾ നാട്ടിൽ വിദഗ്ദ്ധനായ കണ്ടശ്ശാർ അദ്ദേഹത്തെ മാങ്കാവിലേക്കും തെക്കോട്ടു് കൊട്ടാരക്കരയ്ക്കു് കിഴക്കുള്ള വങ്കാടുകൾവരെയും തുടർന്നു് വസ്തുതകൾ തന്റെ യജമാനനായ കാര്യക്കാരെ ധരിപ്പിച്ചു.

കുഞ്ചുമായിറ്റിപ്പിള്ള ദക്ഷിണദിക്കിലോട്ടു് വീണ്ടും സംക്രമിച്ചപ്പോൾ പറപാണ്ടയുടെ വ്യാപാരങ്ങളും ആ പ്രദേശത്തു് ആനുഷംഗികമായെന്നപോലെ ആവർത്തിച്ചു. കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാരുടെ അന്തകസ്ഥാനം വഹിപ്പാൻ തിരുവനന്തപുരത്തേക്കു് മടങ്ങിയ ഗൗണ്ഡൻ, ബാലിയെ ബന്ധിപ്പാൻ പുറപ്പെട്ട ദശകണ്ഠന്റെ സ്ഥിതിയിൽ താൻതന്നെ ബന്ധനസ്ഥനായി പാണ്ടയുടെ ആഭിചാരശാലയിൽ പ്രവിഷ്ടനായപ്പോൾ, ഗൗണ്ഡന്റെ മഹിഷാകാരവും മഹിഷാസുരചണ്ഡതയും രക്ഷികളായ ഭടജനങ്ങളുടെ വീര്യരസത്തെ ഉത്ശോഷിപ്പിച്ചു. ആ ദുഷ്ക്രിയാരംഗത്തിലുള്ള കൂപത്തിന്റെ ദർശനത്തിൽ, അതിലോട്ടുള്ള നിക്ഷിപ്തികൊണ്ടു് തന്റെ നിര്യാണവിധി സമാപിക്കപ്പെടുമെന്നു് ചിന്തിച്ചു് അതിനു് ഉദ്ദേശിച്ചവനായി സങ്കല്പിച്ച അധികാരിയുടെനേർക്കു് ഭീഷണിശസ്ത്രങ്ങൾ വർഷിച്ചുതുടങ്ങി. ധനലബ്ധിക്കായി ധാതാവെയും നിഗ്രഹിക്കാൻ കൂസാത്ത ആ ഋഷഭകണ്ഠൻ, പാണ്ടയുടെ അനന്തനഗരവനം കിടുങ്ങുംവണ്ണം തന്റെ വ്യാപാരസാമാനങ്ങളുടെ അപഹർത്താവു് അതിലെ ഓരോ ശംഖമോതിരത്തിനുപോലും ജീവപ്രാശ്ചിത്തത്താൽ ഉത്തരം പറയേണ്ട സന്ദർഭം സമാഗതമാകുന്നു എന്നും തന്റെ നിധനം ഒരു ഗോകർണ്ണതപസ്സാലും നീക്കിനിർത്താൻ കഴിയാത്ത ബ്രഹമരക്ഷസ്സുകളെ ഉത്പാദിപ്പിക്കുമെന്നും മറ്റും കണ്ഠപ്പെരുമ്പറ മുഴക്കിത്തുടങ്ങി. ഇതിനിടയിൽ കുപ്പായങ്ങൾക്കിടയിലുള്ള കടിസൂത്രമായ നെടുസഞ്ചിയെ തലോടി, അതിലെ സംഗ്രഹത്തിനു് പരാംഗുലികളുടെ ശുശ്രൂഷണത്താൽ ലഘുത സംഭവിച്ചിട്ടുണ്ടോ എന്നു് പരിശോധിച്ചതിൽ ആ വാസുകീകായത്തെ ആരും ദർശിക്കപോലും ചെയ്തിട്ടില്ലെന്നു് ബോദ്ധ്യപ്പെടുകയാൽ, അയാളുടെ വീരഭദ്രകോപം അല്പം ഒന്നു് ശമിച്ചു. മദ്ധ്യാഹ്നഭക്ഷണംകൊണ്ടുള്ള ഉദരപുഷ്ടി ആ അംഗത്തിന്റെ സാക്ഷാൽ ഗോളതയിൽ എത്തിയപ്പോൾ, ആ മാംസകൂടം ജ്യാഘോഷത്തിലുള്ള കൂർക്കങ്ങളോടെ നിദ്ര തുടങ്ങി.

അന്നത്തെ നിശാമുഖത്തിലെ തിമിരം പഥികന്മാരുടെ ആകാരസൂക്ഷ്മത ഗ്രഹിക്കാൻ പാടില്ലാത്തവിധം നിബിഡമായപ്പോൾ, ഗൗണ്ഡന്റെ ഭാഗ്യത്താൽ അയാളുടെ ബന്ധനശാലയിലെ നിശാടകനെന്നപോലെ പാണ്ടമന്ത്രികനും ഒരു ചെറുസംഘവും എത്തി. ആ അക്രമമുണ്ടാകുമെന്നുള്ള സംശയലേശം കൂടാതെ, പാട്ടു് പാടിയും പൊളികൾ പറഞ്ഞും വിഹരിച്ചുകൊണ്ടിരുന്ന ഭടന്മാർ പാണ്ടയുടെ പട്ടസനിപാതത്താൽ തെരുതെരെ പരലോകദർശനത്തിനു് യാത്രയാക്കപ്പെട്ടു. ശൃംഖലിതമായുള്ള മുൾച്ചെടികളുടെ ഇടയിൽക്കൂടി പ്രാണരക്ഷ തേടി പാഞ്ഞുതുടങ്ങിയവർ ചണ്ഡാലഖഡ്ഗങ്ങളുടെ ചരിചരണക്രിയകളാൽ ഭൂഗർഭസംയോഗത്തിനു് പാത്രീഭവിച്ചു. ഈ മാന്ത്രികസമിതിയുടെ സമാഗമം ഗൗണ്ഡചാരത്തെ കാര്യക്കാരുടെ ഗ്രസനത്തിൽനിന്നു് മുക്തമാക്കി, ഏതാനും അനുചരസമേതം വനമാർഗ്ഗത്തൂടെ ശത്രുരാശിമുഖമായി സംക്രമിപ്പിച്ചു. ഇതുകൊണ്ടു് തൃപ്തിപ്പെടാതെ, ആ വനത്തിന്റെ മറ്റൊരു ഭാഗത്തു് അല്പനേരത്തേക്കു് പാളയം ഉറപ്പിച്ചു്, ഗൗണ്ഡന്റെ ബന്ധനകാരിയെ ശിക്ഷിപ്പാനായി നിയമവിധ്വംസകനായ പാണ്ട കാത്തിരുന്നു. എന്നാൽ രംഗപ്രവേശംചെയ്തതു് വിദ്യുല്ലതികപോലെ ലസിക്കുന്ന ഖഡ്ഗത്തെ ധരിച്ചുള്ള ആഹവചതുരൻ കുഞ്ചൈക്കുട്ടിപ്പിള്ളയാണെന്നും അദ്ദേഹത്തെ തുടർന്നെത്തിയ ഭടന്മാർ നിറതോക്കുകളെ ചൂണ്ടുന്നു എന്നും ആ കൂമനേത്രൻ കണ്ടപ്പോൾ, ശൗര്യത്തിന്റെ ഉത്തമാംശം വിവേകമാണെന്നു് ദൃഷ്ടാന്തീകരിച്ചു് അവൻ തന്റെ പ്രഭാവത്തെക്കുറിച്ചുള്ള വീരവാദഘോഷം മാത്രം ചെയ്തിട്ടു് അപ്രത്യക്ഷനായി.

ത്രിവിക്രമകുമാരന്റെ സൗകുമാര്യം ദേവകിയുടെ നേത്രങ്ങളെ, അതുകളുടെ വിശാലപ്രവർത്തനത്താൽ ശക്യമാകാവുന്ന കാര്യസിദ്ധികളുടെ ഏകദേശരൂപം ഗ്രഹിപ്പാൻ ശക്തങ്ങളാക്കി. തന്റെ അന്തർഘടനയ്ക്കു ഹൃദ്യനായുള്ള ഒരു കമനന്റെ സമ്പ്രാപ്തിക്കായി അഭ്യസ്തപാഠങ്ങൾ പ്രദോഷസന്ധ്യകളിലെ പാരായണത്താൽ വിസ്മൃതമാകേണ്ടതാണെന്നു് അനംഗാചാര്യർക്കു് ഹൃദയദക്ഷിണ ചെയ്തു്പോയ ആ കന്യക പ്രഥമഗുരൂപദേശമായി അദ്ധ്യയനം തുടങ്ങി. ആദ്യകമിതാവോടു് ചെയ്തുപോയുള്ള പ്രതിജ്ഞയും അന്നത്തെ ദർശനോദിതമായ അനുരാഗവും അവളുടെ വക്ഷഃകരണ്ഡത്തിൽ സന്ധിച്ചു് ഒരു അനിവാര്യസമരം തുടങ്ങി. ഈ സംഭവത്തെ താങ്ങാൻ ആ വല്ലികാഘടനയ്ക്കു് ശക്തിയില്ലാതിരുന്നതിനാൽ, അംഗം തകർന്നുതുടങ്ങി. ഇങ്ങനെ ക്ഷതാംഗയായ ദേവകി അനിരുദ്ധനാൽ സ്മരക്ഷുഭിതയാക്കപ്പെട്ട ഉഷയുടെ സ്ഥിതിയിൽ പരവശയായിത്തീർന്നു. മിന്നൽപ്പിണർപോലെ മറഞ്ഞ ശ്രീകുമാരപ്രഭാവന്റെ ഛായ അവളുടെ ഹൃദയപടത്തിൽ ചിത്രിതമായിത്തീർന്നു. തന്റെ പ്രാണമണ്ഡലത്തെ സ്ഥിരനിലയനമാക്കി അപഹരിച്ചുകൊണ്ടു് മൃദുകടാക്ഷചന്ദ്രികയുടെ ഒരു ശീതകരത്താൽപോലും മോഹാഗ്നിയെ തണുപ്പിക്കാത്ത ആ വിജയന്റെ സ്വരൂപത്തെ ആ വസതിയിൽനിന്നു് സമുദ്വാപംചെയ്യുന്നതു് പ്രാണപ്രയാണത്തിലല്ലാതെ ദുസ്സാധമെന്നു് ആ കന്യക വ്യസനിച്ചു. അനുക്ഷണം, ആ ചിത്രപ്രതിഷ്ഠ ഹൃദയതന്തുക്കളിൽ ഒരു ആനന്ദ ഗീതത്തെ മേളിച്ചുതുടങ്ങുകയാൽ, തന്റെ ഭവനാങ്കണവാടി മദനകോടികളെ താലോലിക്കുന്ന കമലാംബയുടെ വിമലവേശ്മംതന്നെയെന്ന വ്യാമോഹത്താൽ ആ കന്യക ആനന്ദത്തിന്റെ തന്മയാനുഭൂതിയിൽ ആമഗ്നയാകുകയും ചെയ്തു. കർണ്ണാരുന്തുദമായി താലുജകണ്ഠ്യങ്ങളെ ഘോഷിക്കുന്ന കാകവൃന്ദങ്ങളെ തന്റെ ജീവസത്വം ആരംഭിച്ചിരിക്കുന്ന കമനപൂജയിലെ വാദ്യഘോഷകന്മാരായ കോകിലസഞ്ചയങ്ങളായി അഭിമാനിക്കുന്നു. മന്ദപവനൻ, തന്റെ സ്കന്ധങ്ങളിൽ പിടിച്ചുകുലുക്കി, “സുമുഖചോരിയായ ഹേ പരമഭാഗ്യവതീ!” എന്ന കൃപാശിസ്സോടെ തഴുകീട്ടു് സഞ്ചരണം ചെയ്യുന്നതായി അവളുടെ സ്പർശേന്ദ്രിയം വഞ്ചിതവുമാകുന്നു. “ മാതാനാസ്തി പിതാനാസ്തി” എന്നു് പ്രമാണിച്ചുപോകുന്നില്ലെങ്കിലും കല്ലറയ്ക്കൽപിള്ളയുടെ രൂപവും അയാളോടു് ചെയ്തു്പോയ വാഗ്ദത്തവും പ്രതിജ്ഞയും കേവലം കാനൽജലകബളിതങ്ങളായി പൊലിഞ്ഞുപോയിരിക്കുന്നു.

ഈ വിഭ്രമം നിശാകാലത്തിലെത്തിയപ്പോൾ, ദേവകിയുടെ ശരീരത്തെ പരമാർത്ഥമായ ഒരു ലഘുജ്വരംതന്നെ പീഡിപ്പിച്ചുതുടങ്ങി. രോഗകാരണം ഗ്രഹിച്ചിരുന്ന മാതാവു്, നയവിധങ്ങളും ധർമ്മപ്രമാണങ്ങളും ഉപദേശിച്ചു് പുത്രിയുടെ അതിമോഹം അനർത്ഥകാരണമാണെന്നു് ധരിപ്പിച്ചു എങ്കിലും ഔഷധപ്രയോഗങ്ങൾക്കു് വട്ടംകൂട്ടി അതുകളുടെ ഫലപ്രാപ്തിക്കായി, ചില ദേവീക്ഷേത്രങ്ങളിലെ പ്രസാദങ്ങൾ പുത്രീലലാടത്തിൽ ചേർക്കുകയും ചെയ്തു. കൈകേയിയുടെ കലഹശയനം അവലംബിച്ചിരിക്കുന്ന ദേവകി ഈപ്സിതാർത്ഥത്തിനിടയിൽ, പ്രണയിനിയുടെ പാരവശ്യം പോക്കാനും സുഖത്തെ വരുത്താനുമായി ജീവനാഥപീഠത്തിൽ വാചാപ്രമാണത്താൽ ആരൂഢനാക്കപ്പെട്ടിരിക്കുന്ന കല്ലറയ്ക്കൽപിള്ള സ്മമരാർത്തനു് ചേർന്നുള്ള വൈവശ്യത്തോടെ എത്തി. നിശ്ചലനേത്രയായി വിവിക്താകാശത്തെ നോക്കുംവണ്ണം ദേവകി കിടക്കുന്നതു് കണ്ടപ്പോൾ അയാളുടെ കരുത്തും കാര്യസ്ഥതയും എന്നുവേണ്ട, കമനതയും അല്പാല്പം വേരിളകിച്ചലിച്ചു.

കല്ലറയ്ക്കൽപിള്ള: (ലക്ഷ്മിഅമ്മയോടു്) “ഇതെന്തരമ്മച്ചീ? വേണ്ടാത്തതും മറ്റും കേപ്പാൻ പൂങ്കുഴലികളു് നിന്നാൽ ആടിപ്പോവൂല്ലയോ?” ( ‘പൂങ്കുഴലി’ എന്ന പദം ഏതു് സന്ദർഭത്തിലോ കേട്ടിരുന്നതിനെ ‘മൃദുനാളക്കാരി’ എന്നു് കല്ലറയ്ക്കൽപിള്ള അർത്ഥമാക്കിയിരുന്നു.)

ലക്ഷ്മിഅമ്മ: “അതൊന്നുമല്ല പിള്ളേ, ഗ്രഹപ്പിഴ വന്നുമുട്ടുന്നതാണു്. അതിനു് ആളും തരവുമില്ല.”

കല്ലറയ്ക്കൽപിള്ള: “അതല്യോ അങ്ങു് കൊണ്ടുപെയ്യേക്കാമെന്നു് ഞാൻ പറയണതു്.”

ലക്ഷ്മിഅമ്മ: “അങ്ങനെയല്ല. എല്ലാം പിന്നീടു് പറയാം.”

കല്ലറയ്ക്കൽപിള്ള: “പിന്നീടെന്നു് ചൊല്ലാനും മറ്റുമില്ല. ആ വെണ്ണക്കല്ലൻ കപ്പിത്താൻ വന്നു് എന്റെ ചെല്ലൂനു് കണ്ണുവെച്ചേച്ചു് പെയ്യു. ഇതാ വിളിച്ചു് കൊണ്ടു് വന്നൂട്ടു പരപ്പു ആയാനെ. ഒന്നു് ഉഴിഞ്ഞെറിഞ്ഞാൽ—” എന്നു് പറഞ്ഞുകൊണ്ടു് കല്ലറയ്ക്കൽപിള്ള ഓടി.

കണ്ണും കണ്ണിയും വയ്ക്കുന്നതു് ആരെന്നറിവാൻ പാടില്ലാത്ത ആ അനാഗരികൻ, സരസജീവിതത്തെ വാസനാബലത്താൽ ആകാംക്ഷിക്കുന്ന തന്റെ പുത്രിയുടെ രമണസ്ഥാനം വഹിക്കുമ്പോൾ, ആ ദാമ്പത്യാവസ്ഥ കാകഹംസികളുടെ സംയോഗമെന്നപോലെ ആവുകയില്ലയോ എന്നു് ലക്ഷ്മിഅമ്മ ആധിപ്പെട്ടു. അടുത്ത ദിവസം ദേവകി, ഭർത്തൃമരണാനന്തരം അനാഭരണയായ നവോഢ വിധവയെന്നപോലെ ഗൃഹത്തിൽ സഞ്ചരിച്ചുതുടങ്ങി. മാതാവോടുപോലും രൗദ്രമൂകത അവലംബിച്ചു് സർവ്വദാ ഗൃഹദ്വാരാഭിമുഖിയായി, സ്നാനാശനാദികളെ വർജ്ജിച്ചു, ഗൃഹണാങ്കണമായ വൃക്ഷശിഖാവാടിയിലെ ദലനിപാതങ്ങളാൽ അർച്ചിതയാകുന്നു. ഇതിനിടയിൽ മനോരാജ്യസൗധങ്ങൾ നിർമ്മിച്ചു് അതിലെ സൗഭാഗ്യങ്ങളും അനുഭവിച്ചു സ്വച്ഛന്ദവിഹാരംചെയ്യുന്നു. പ്രണയം നഖഭേദ്യകമായ കന്ദമല്ലെന്നും അപ്രാപ്യതാബോധത്താൽ ഹതാങ്കുരമാകേണ്ടതാണെന്നും ഗ്രഹിച്ചിരുന്ന മാതാവു് ഈ സ്വേച്ഛാനുകരണത്തെ ശാസിപ്പാൻ പുറപ്പെട്ടില്ല. അടുത്ത ദിവസത്തെ ദിവാകരകരങ്ങൾ ആ ഗൃഹാങ്കണത്തിൽ രജതതന്ത്രികളെ പതിപ്പിച്ചുതുടങ്ങിയപ്പോൾ, ലക്ഷ്മിഅമ്മയെ അഭാവപ്രായത്തിൽ കണക്കാക്കി പെരിഞ്ചക്കോടൻ, അന്നത്തെപ്പകലും ഗൃഹാങ്കണത്തിൽ പോക്കുന്ന പുത്രിയുടെ മുമ്പിൽ പ്രവേശിച്ചു, ഉജ്ജ്വലിക്കുന്ന നേത്രങ്ങളോടെ അല്പനേരം നിന്നിട്ടു്, “എന്റെ ചെല്ലുവിനെ എന്തു് ചെയ്തു് കല്ലറയ്ക്കയാൻ?” എന്നു് ചോദ്യംചെയ്തു.

പെരിഞ്ചക്കോ‌ടൻ തന്റെ ഭവനത്തിൽ എത്തി അതിന്റെ കൈകാര്യങ്ങളെല്ലാം സ്ത്രീകളെ പരിപൂർണ്ണസ്വാതന്ത്ര്യത്തോടെ ഏല്പിച്ചിട്ടു് തന്റെ ഭാര്യാപുത്രിമാർക്കുവേണ്ടി ഒരു സാലിവാഹനവാഴ്ച ആരംഭിക്കാൻ പുറപ്പെട്ടിരിക്കുകയായിരുന്നു. സ്വഭവനത്തിൽവച്ചുതന്നെ പുത്രിയുടെ ആതുരാവസ്ഥയെക്കുറിച്ചു് കേട്ടിരുന്നു എങ്കിലും അവിടത്തെ വ്യവസായനിർവ്വഹണത്തെ വിഘാതപ്പെടുത്താൻ ക്ഷീണനാകാതെ മനോവേദനകൾ സഹിച്ചുകൊണ്ടു് ആ ഭവനകാര്യം സംബന്ധിച്ചു് കൈ കഴുകീട്ടൂ് പുത്രീശുശ്രൂഷണത്തിനു് പുറപ്പെട്ടു. ആ ശരീരവല്ലിയുടെ അവശത അദ്ദേഹത്തിന്റെ അന്തർഭീമതയെ ഉണർത്തി. തന്റെ വാത്സല്യപൂജയ്ക്കുള്ള ബിംബത്തിന്റെ സ്വൈരാപ്തിക്കായി ഗന്ധമാദനതരണം ചെയ്‌വാനും അദ്ദേഹം സന്നദ്ധനായി: “എന്റെ ചെല്ലു പറ-മനസ്സിടിവാൻ ഹേതുവെന്തരു്? നേരേചൊല്ലി, ഛീ! ഈ ചോമ്പടിച്ചമട്ടു് വീട്ടൂടു്” എന്നുള്ള ആശ്വാസോക്തിയോടെ പുത്രിയെ വക്ഷസ്സോടണച്ചു് നിറുത്തി.

ദേവകി: (മൃദുസ്വരത്തിൽ) “അച്ഛാ! പാണ്ടയെന്നു് പറയുന്നവനാരാണു്?”

പെരിഞ്ചക്കോടൻ: “പാണ്ടയോ മോളേ, പാണ്ട അല്യോ, പാണ്ട- അവൻ-” (പുത്രിയോടുകൂടി തളത്തിലേക്കു് നീങ്ങി അവളെ ഇരുത്തി പാർശ്വത്തോടണച്ചുകൊണ്ടു് ) അവനോ? ചൊല്ലിത്തരാം-നമുക്കു് ഒരെശ്മിയൊള്ളവളെവിടെ? ലശ്മി!”

ഭർത്തൃശബ്ദം കേട്ടു് സകല വിപത്തും നീങ്ങി എന്നു് സന്തോഷിച്ചുള്ള മുഖവികാസത്തോടെ എത്തിയ ഭാര്യയുടെ ഹസ്തത്തെ ഗാഢപ്രണയത്താൽ മുറുകെപ്പിടിച്ചു് ആ സ്ത്രീയെ സദയം വരാന്തയിലിറക്കി മുട്ടോടുചേർത്തു് നിർത്തിക്കൊണ്ടു് തന്റെ ഹൃദയചാഞ്ചല്യത്തിനിടയിൽ, പ്രണയവാദം മറന്നു് യന്ത്രക്രിയ എന്നപോലെ ഭാഷണം തുടങ്ങി: “എന്തെല്ലാം ചെയ്തേച്ചും കണ്ടേച്ചും വന്നെന്നോ ലക്ഷ്മീ? ചിലതൊക്കെ പൂത്തുകാച്ചു് പഴുക്കുമ്പോ നമ്മുടെ തേവൂനു് എങ്ങനെ ഇനിക്കുമെന്നോ! അതങ്ങു് കിടക്കട്ടെ - ഈ പാണ്ട എന്നും മറ്റും എവടുത്തു ചൊല്ലിക്കൊടുത്ത കോന്തനാരാരു് – ആരമ്മണൂ?”

ലക്ഷ്മിഅമ്മ: (കല്ലറയ്ക്കൽപിള്ളയെ തന്റെ ഭർത്താവിന്റെ കോപത്തിൽനിന്നും രക്ഷിക്കാൻ) “മിനക്കെട്ടിരിക്കുമ്പോൾ ഇതെല്ലാം എവിടന്നറിഞ്ഞോ? ആ!”

പെരിഞ്ചക്കോടൻ: (പുത്രിയോടു്) “കേള് ചെല്ലു; അവൻ നമ്മടെ അടിമ – തിന്നുന്ന ചോറ്റിനു് ഉശിപ്പൊള്ള ചൊണയൻ, ചൊടിയൻ ‘കൊല്ലും തിന്നും’ എന്നൊക്കെ കണ്ടവർ പറയുന്നതു പ്രാന്തു്! രാജ്യം പെലർത്തണവൻ പരൊണ്ടല്ലോ, അവരെ തക്കിടിക്കു് അവൻ ചില മുട്ടടികൊടുത്തിട്ടൊണ്ടു്. കള്ളനെ കടിക്കാത്ത പട്ടിയെന്തരിനു്? അവന്റെ ഒരു രോമക്കാലു് പിഴാൻ ഇന്നുപേരാരു്? യശ്മി, പിന്നെ, ഇങ്ങോട്ടു് ആരോ ഒക്കെ പോന്നെന്നു് അങ്ങ് തിരുവനന്തപുരത്തുവച്ചു് പിള്ളരാരോ തെരക്കിയപ്പോ കേട്ടതെന്തരു്?”

ലക്ഷ്മിഅമ്മ: “പടവീട്ടിൽ തമ്പിഅദ്ദേഹത്തിന്റെ മകനെ കല്ലറയ്ക്കൽപിള്ള വിളിച്ചു് ഇങ്ങോട്ടു് കൊണ്ടുവന്നു.” ലക്ഷ്മിഅമ്മ പുഞ്ചിരികൊണ്ടു. ‌‌

പെരിഞ്ചക്കോടൻ: (അന്തസ്സന്തോഷത്തെ ഒളിച്ചുവെച്ചുകൊണ്ടു്) “ആ വെള്ളപ്പെന്നിയാനെ ഇങ്ങോട്ടെന്തിനു് കേറ്റി?”

“അച്ഛ! അച്ഛാ! എന്നുള്ള ദ്രുതാക്രോശങ്ങളോടെ ദേവകിഅമ്മ രണ്ടുകൈകൾകൊണ്ടും അവളുടെ അച്ഛന്റെ പുഞ്ചിരികൊള്ളുന്ന അധരോഷ്ഠങ്ങളെ പോഷണം ചെയ്തു.

പെരിഞ്ചക്കോടൻ: “കുഞ്ചെലിയും പുഴുക്കലു് കാണുമ്പോ കൊറിക്കാൻ നോക്കുമേ! അപ്പടിയാ കാര്യക്കടപ്പു്? (ഭാര്യയോടു്) “അയ്യനപ്പിള്ളയെ ഇത്തിരി മാറ്റി നിറുത്തിക്കോ.” (പുത്രിയുടെ ശിരസ്സിലും താടിയിലും ഓരോ കൈ കൊടുത്തു് മുഖത്തെ ഉയർത്തി നോക്കിക്കൊണ്ടു്) “ഇന്നാ പാരു തേവൂ. നിന്റെ ആ വെണ്ണക്കൊടം നാളെ മറ്റാൾ നിന്റെ മുമ്പിക്കൊണ്ടു് കുഞ്ചുമായിറ്റി എറക്കിയില്ലെങ്കിൽ – ഛേ!-”

വാചകം പൂർത്തിയാക്കുന്നതിനു് വക്താവിന്റെ നാവു് വശപ്പെട്ടില്ല. എങ്കിലും ഈ വാഗ്ദാനം ദേവകിയുടെ വ്യസനമേഘത്തെ നീക്കി, അവളുടെ മുഖേന്ദുവിനെ സുപ്രസന്നമാക്കി. ഇതു കണ്ടു് പെരിഞ്ചക്കോടൻ സന്തുഷ്ടനായി. “എവന്റെ മന്ത്രവാസം അപ്പം ഇതാ സോഹാന്നല്യോ പറ്റിണതു്. കൂമ്പാളപോലെ ഇരുന്ന മുഞ്ഞിയിൽ ചോരനീരു് ഓട്ടം തുടങ്ങി. എന്റെ... ഹഹ!... പെറ്റതള്ള കുളിപ്പാട്ടാനും ഊട്ടാനും മാത്രം. മനം പൊരുന്തിയ മണവാളനെ കൊണ്ടരണമെങ്കിൽ തന്തിയാൻ ഒഴയ്ക്ക്ണം” എന്നുള്ള സ്വഗതത്തോടെ പെരിഞ്ചക്കോടൻ തന്റെ അനുചരന്മാരിൽ ചിലരെ വരുത്തി, പടവീട്ടിന്റെ പരിസരങ്ങളിൽ സഞ്ചരിച്ചു് ത്രിവിക്രമകുമാരന്റെ പ്രത്യാഗമനമുഹൂർത്തം അതിഗൂഢമായി ആരാഞ്ഞുവരാൻ നിയോഗിച്ചു. തന്റെ ഭടസംഘത്തിൽ ഭൂരിഭാഗവും ടിപ്പുവിന്റെ സേനയോടും സന്ധിപ്പാനായി തിരുവിതാംകൂറിന്റെ ഉത്തരസീമയിലെ ഒരു ദുർഗ്ഗപ്രദേശത്തു് പാളയമടിച്ചു് കിടക്കുന്നതിനാൽ, തന്റെ തല്ക്കാലത്തെ ബലക്ഷീണതയെ പരിഹരിപ്പാനുള്ള മാർഗ്ഗങ്ങൾ എന്തെന്നു് അയാൾ ആലോചിച്ചു് ഇരിപ്പായി. അഗാധമായ ചിന്താവേഗം തന്റെ ഭർത്താവിന്റെ മുഖത്തെ അപ്രകാശമാക്കുന്നതു് കണ്ടു് അദ്ദേഹത്തിന്റെ മർമ്മപരമാർത്ഥം ഗ്രഹിച്ചിരുന്ന ലക്ഷ്മിഅമ്മ ഇങ്ങനെ ഗുണദോഷിച്ചു: “ഇതേ, ഈ സാഹസങ്ങൾക്കൊന്നും പുറപ്പെടരുതു്. അനർത്ഥങ്ങൾ വന്നേക്കും. പണ്ടു് താരയുടെ വാക്കു് കേൾക്കാതെ യുദ്ധത്തിനു് പുറപ്പെട്ട ബാലിക്കു് മരണംപറ്റി.”

പെരിഞ്ചക്കോടൻ: “എന്റെ ലശ്മീ, എഴവിനും ഒപ്പാരിനും നിനയ്ക്കാതെ, വാലീടെ മണ്ടത്തരംകൊണ്ടു് അയാണ്ട മണ്ട വിഴുന്നുപൊയ്യു്. പെരിഞ്ചക്കോടൻ അയാളെപ്പോലെ കണ്ണുംചത്തു്, വല്ല പാംകെണറ്റിലും ചെന്നു് ചാടുടുല്ലാ അവനെ-ആ തുളുമാണിയെപ്പോലെ പരുത്തിരിക്കണ എവടെ ചുട്ടിത്തലയൻ എന്തരവനെ പിടിച്ചുകെട്ടി ഇങ്ങു് കൊണ്ടന്നില്ലെങ്കിൽ-” പിന്നെയും ദൈവവിപരീതത്താൽ എന്നപോലെ പെരിഞ്ചക്കോടൻ തന്റെ പ്രതിജ്ഞയെ പൂർത്തിയാക്കാനുള്ള പദങ്ങൾ ബഹിർഗ്ഗമനം ചെയ്യാതെ കണ്ഠത്തിനുള്ളിൽ പൊങ്ങിയ ഒരു ശൈത്യത്തിൽ ഉറഞ്ഞുപോയി.

ലക്ഷ്മിഅമ്മ: “കഷ്ടത്തിനൊന്നും കച്ചകെട്ടേണ്ട. അവിടേന്നു് പറഞ്ഞിട്ടുള്ള വടുകൻകഥ ഒന്നു് ഓർത്തുകളയണം. വള്ളിയൂർ കുലശേഖരപ്പെരുമാളെ തന്റെ മകൾക്കു് കൊണ്ടുക്കൊടുക്കാമെന്നു് പറഞ്ഞ അച്ഛൻ ശവത്തെയല്ലേ കെട്ടി എടുത്തു് കൊണ്ടുചെന്നു് മകൾക്കു് കാഴ്ചവെച്ചതു്. ഇവിടുന്നു് അങ്ങോട്ടുചാടും; അവർ എതിർക്കും; ഇവിടെ ദേഷ്യംവരും; പിന്നെ എന്തു് സംഭവിക്കുമെന്നു് ഈശ്വരനുതന്നെ അറിയാം.”

പെരിഞ്ചക്കോടൻ: “നീ കേറിയിരുന്നു് നത്തിഴയ്ക്കാതെ. അങ്ങനെ പൊട്ടിത്തെറിക്കുന്നവനല്ലാ പെരിഞ്ചക്കോടൻ.”

ലക്ഷ്മിഅമ്മ പുത്രിയുടെനേർക്കു് തിരിഞ്ഞു് തന്റെ പ്രാർത്ഥനയെ താങ്ങി വാദിപ്പാൻ അപേക്ഷിച്ചു. സ്വർഗ്ഗം അടക്കി, പാരിജാതാപഹരണം ചെയ്തു് തന്നെ പ്രസാദിപ്പാൻ പുറപ്പെടുന്ന ആ ത്രിവിക്രമനെ തടുപ്പാൻ ആ കന്യകയുടെ പ്രേമ പ്രകർഷം അവളെ അനുവദിച്ചില്ല. ലക്ഷ്മിഅമ്മ സ്വഭർത്താവിന്റെ പരാക്രമനാശത്തെ അന്തർന്നേത്രത്താൽ ദർശിച്ചു് തരളചിത്തയായി, ഭർത്തൃശിരസ്സിനെ സ്വാനുഗ്രഹങ്ങൾകൊണ്ടു് അഭിഷിക്തമാക്കുമാറു് അതിലെ ജടാമകുടത്തെ തലോടിനിന്നു് പെരിഞ്ചക്കോടൻ ഉടൻതന്നെ പല വഴിക്കും ദൂതന്മാരെ അയച്ചു് ഒരു ചെറുസംഘം മല്ലന്മാരെ വരുത്തി, തന്റെ അനുചരബലത്തെ പരിപുഷ്ടമാക്കി. തന്റെ മൃഗീയശക്തി പല സംഗതികളിലും തന്നെ വിജയി ആക്കുന്നതുകൊണ്ടു് ഒര നരകേസരിയുടെ ബഹുകലാഭ്യസനങ്ങളാലും രാജ്യതന്ത്രത്തിൽ സമ്പാദിച്ചിട്ടുള്ള സീമാതീതവൈദുഷ്യത്താലും സംസ്കരിക്കപ്പെട്ടിട്ടുള്ള ബുദ്ധിയുടെ ദീർഘദർശനശക്തിയെയും പ്രവർത്തനചാതുര്യത്തെയും അയാൾ ഗ്രഹിക്കയോ സ്മരിക്കയോ ചെയ്തില്ല. തന്റെ പരാജയരാത്രിയിൽത്തന്നെ കുഞ്ചൈക്കുട്ടിപ്പിള്ളകാര്യക്കാർ, നല്ല ശുഭദിവസം നോക്കി പുത്രനെ തിരിച്ചയച്ചാൽ മതി എന്നും വേറൊരു കാര്യം അതിനിഗൂഢമായി നിവർത്തിക്കണമെന്നും അടങ്ങീട്ടുള്ളതായ ലേഖനത്തെ മാങ്കോയിക്കലായ വലിയ മാർത്താണ്ഡൻപടവീട്ടിലെ കാരണവർ രാജശ്രീ വേലുത്തമ്പി അവർകൾക്കു് അയച്ചിരുന്നു. ആ മഹാമതിമാൻ തന്റെ സിദ്ധിവൃദ്ധതയ്ക്കു് ചേർന്നുള്ള ഗൂഢതയോടെതന്നെ കാര്യക്കാരുടെ നിർദ്ദേശത്തെ നിർവ്വഹിപ്പാൻ വേണ്ട ഏർപ്പാടുകൾ തന്റെ ആസനത്തിൽനിന്നിളകാതെ ചെയ്തു.

പാണ്ടപാളയത്തെ രണ്ടായി വിഭജിക്കുന്ന രാജപാതയുടെ ഇരു പാർശ്വങ്ങളിലുമുള്ള വൃക്ഷങ്ങൾ, ഉദയാനന്തരയാമത്തിലെ സൂര്യാതപം ആ സഞ്ചാരഭൂമിയെ സ്പർശിക്കാതെ രക്ഷിക്കുന്നു. ഒരു ഭാഗത്തെ താഴ്‌വര ഒരു ഗിരിതടമെന്നപോലെ ചരിഞ്ഞു് ബഹുദൂരം നീണ്ടുകിടക്കുന്നതിന്റെ രമണീയത, പാന്ഥന്മാരിൽ സരസന്മാരായുള്ളവരുടെ ഹൃദയങ്ങളെക്കൊണ്ടു് എത്രത്തോളം പ്രകൃതിസൗന്ദര്യത്തെ പ്രശംസിപ്പിച്ചിട്ടുണ്ടോ, അത്രത്തോളംതന്നെ മറുഭാഗത്തെ പാറക്കൂട്ടങ്ങളും കല്ലമ്പലവും അത്യഗാധനീരാഴിയും അവരുടെ ഹൃദയങ്ങളെ നിസ്സീമമായ ഭയാനകതയാൽ സങ്കോചിപ്പിച്ചിട്ടുണ്ടു്. പാണ്ടയുടെ ആസ്ഥാനമണ്ഡപം എന്നു് വിശ്വസിക്കപ്പെട്ടിരിക്കുന്ന വഴിയമ്പലത്തിന്റെ മേൽക്കൂടവും ബഹിർഭാഗങ്ങളും പായൽ പതിഞ്ഞു് കരിഞ്ഞുള്ള കാർഷ്ണ്യത്താലും അന്തർഭാഗം കരിയും ചുടുകല്ലും ചുണ്ണാമ്പുംകൊണ്ടു് ലിഖിതങ്ങളായ പൈശാചരൂപങ്ങളാലും അലംകൃതമായി, ഒരു നരമേധകാളിയുടെ ക്ഷേത്രമെന്നപോലെതന്നെ സ്ഥിതിചെയ്യുന്നു. ആ മണ്ഡപത്തിനു് മുമ്പിലുള്ള മുൾക്കള്ളികൾ പാന്ഥന്മാരുടെ പാദങ്ങൾ അങ്ങോട്ടു് തിരിയരുതെന്നുള്ള വിജ്ഞാപനങ്ങളായി ആ സങ്കേതാധിപന്റെ ആത്മവിധാനപ്രകാരത്തെ പ്രസിദ്ധീകരിക്കുന്നു. നീരാഴിവാസികളായ മണ്ഡൂകങ്ങൾ വിഹാരോന്മേഷത്തോടെ തങ്ങളുടെ പാലാഴിസുഖത്തെ പലതരം സ്വരങ്ങളിൽ കീർത്തനംചെയ്യുന്നതു് അങ്ങോട്ടു് നോക്കിപ്പോകുന്ന നിർഭാഗ്യവാന്മാരെക്കൊണ്ടു് കർണ്ണങ്ങൾ പൊത്തിച്ചു് പലായനംചെയ്യിച്ചുവന്നു. വനജന്തുക്കളും പക്ഷികളും എന്തോ സംരംഭത്തിന്റെ ആരംഭത്തെ അമാനുഷദൃഷ്ട്യാ ദർശിച്ചു് പരിസരപ്രദേശത്തെ നിശ്ശബ്ദമാക്കിയിരിക്കുന്നു. ഇതിന്റെ പരമാർത്ഥകാരണം വൃക്ഷശിരസ്സുകളും പാറക്കൂട്ടങ്ങളുടെ മൂർദ്ധാവുകളും ഗ്രഹിക്കുന്നുണ്ടെങ്കിലും പരാക്രമികളായ മഹച്ഛക്തിളുടെ ഉദ്യമരഹസ്യങ്ങൾ സംബന്ധിച്ചു് ബദ്ധജിഹ്വതന്നെ ബുദ്ധിപൂർവ്വത എന്നു് ചിന്തിച്ചതുപോലെ അവർ ഒരു പത്രത്തിന്റെയോ അശ്മകണത്തിന്റെയോ നിപാതശബ്ദംപോലും പുറപ്പെടുവിക്കാതെ നിലകൊണ്ടുകൊള്ളുന്നു. പാണ്ടയുടെ പ്രത്യാഗമനം പ്രമാണിച്ചു് പൂർവ്വദിവസങ്ങളിലെന്നപോലെ പാന്ഥന്മാർ ആ തസ്കരദുർഗ്ഗത്തിന്റെ തരണത്തിനു് ധൈര്യപ്പെടാതെ, ആ ദിനാരംഭസംഭവത്തിനു് അതിനെ വിവിക്തരംഗമാക്കിവിട്ടിരിക്കുന്നു.

അശ്വങ്ങളുടെ ഖുരനിപാതം തെക്കുനിന്നു് കേട്ടുതുടങ്ങുന്നു. ഭൂമുഖത്തെ ധൂളീകരിക്കാനെന്നപോലുള്ള സംഘട്ടനോർജ്ജിതത്തോടെ പായുന്ന ആ ജന്തുക്കൾ പത്മനാഭപുരത്തുനിന്നു് ദ്രുതഗമനം തുടങ്ങി. മൂന്നു് നാലു് നാഴികയുടെ വ്യാപാരാനന്തരം തങ്ങളുടെ ജാതിക്കു് സ്വഭാവസിദ്ധമായ ത്വരയെ അവലംബിച്ചുതുടങ്ങിയിരിക്കുന്നു. തന്നിമിത്തം തസ്കരസങ്കേതത്തോടു് അടുക്കുംതോറും കുതിരക്കുളമ്പുകളുടെ പതനശബ്ദം അഭംഗുരമായ ഒരു ഘോഷാവലി എന്നപോലെ കേൾക്കുമാറാകുന്നു. അശ്വാരൂഢന്മാരുടെ ഗതിയിൽ ജന്യമാകുന്ന ധൂളിജാലം വൃത്താകൃതിയിൽ പൊങ്ങി അവരുടെ വേഗത്തിനിടിയിൽ സഹഗമനം ചെയ്യാൻ കഴിയാതെ പിന്നിട്ടുപോകുന്ന ഛത്രങ്ങൾപോലെ കാണുമാറാകുന്നു. അശ്വസജ്ജകളുടെ ക്വണിതങ്ങളോടിടചേർന്നു് യാത്രാസംഘനേതാവിന്റെ ആജ്ഞാരവങ്ങളും കേട്ടുതുടങ്ങുന്നു. കണ്ണെത്തുന്നതായ മാർഗ്ഗപരിധിയിൽ അശ്വങ്ങളോടൊന്നിച്ചു് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുപോലെ മൂന്നു് സാദിവീരന്മാർ അതിത്വരയോടും ഭീതികൂടാതെയും ആകാശച്ഛേദനംചെയ്തു് ഉത്തരോന്മുഖമായി പാഞ്ഞുവന്നു് ഇതാ ആപത്സന്ധിയോടണയുന്നു.

നേതാവിന്റെ ഒരു ആജ്ഞാചിഹ്നത്തിൽ മൂന്നുപേരുടെയും ഖഡ്ഗങ്ങൾ ആകാശത്തിൽ ഉയർന്നു് വൃക്ഷനിബിഡതകൊണ്ടുള്ള പ്രകാശമാന്ദ്യത്തിനിടയിൽ ദർപ്പണപ്രഭകളെ ദ്രുതസ്ഫുരണംചെയ്യുന്നു. ദശരഥരാമാദികളുടെ സംഹാരത്തിനായിത്തടഞ്ഞ ഭാർഗ്ഗവരാമനെപ്പോലെ ഒരു സത്വം നെടുതായ ശക്തി ദക്ഷിണകരത്തിലും ഊക്കനായ പരിച വാമകരത്തിലും കഠാര, കൈത്തോക്കു് എന്നിതുകൾ അരപ്പട്ടയിലും ധരിച്ചു് വാലിട്ടു് കെട്ടിയിട്ടുള്ള അരക്കച്ചയാൽ ഉറപ്പിക്കപ്പെട്ട നെടുംചല്ലടത്തിലെ ചെറുചങ്ങലകൾ കിലുങ്ങിച്ചുകൊണ്ടു്, കാളമേഘാകൃതിയിൽ മാർഗ്ഗം വിലംഘച്ചു് നിലകൊള്ളുന്നു. നെടിയ താടിയും ഘനംചേർന്ന മീശകളും, ചെമ്പിച്ച കണ്ണുകളും ജടലിച്ചു് വിടർന്നുകിടക്കുന്ന കേശവും, പാദങ്ങളിലെ ഇരുമ്പുതളകളും കരദണ്ഡങ്ങളിലെ കടകങ്ങളും കണ്ഠത്തിലെ പാശിശംഖപവിഴങ്ങൾ കോർത്തുള്ള മാലാകലാപവുംകൊണ്ടു് അലംകൃതമായ ആ ഭയങ്കരസത്വത്തിൽ, ബഹുജനാന്തകനും, അധികാരവിദ്വേഷിയും ദക്ഷിണാപഥകമ്പനനുമായ പാണ്ട എന്ന ചണ്ഡാലസമ്രാട്ടിന്റെ ദർശനം ത്രിവിക്രമകുമാരനു് ലബ്ധമായി. ആ യുവാവിന്റെ മനസാക്ഷികൾ എന്തു് ചിത്തഗതിവൈശിഷ്ട്യത്താലോ പെരിഞ്ചക്കോടന്റെ ഭീമാകാരത്തെ തൽക്ഷണം ദർശിച്ചു. ഈ താരകാസുരവിഗ്രഹം ആ ധനാർജ്ജനപ്രമത്തനോടു് സഹകരിക്കുമ്പോൾ, ദക്ഷിണതിരുവിതാംകൂർ അപ്പാടെ നടുങ്ങുന്നതു് ആശ്ചര്യമല്ലല്ലോ എന്നു് ആ യുവാവു് ചിന്തിച്ചു. പാണ്ടയുടെ ധ്യാനനിർമ്മിതമെന്നവണ്ണം പറയുന്നതിനിടയിൽ, വഴിയുടെ പാർശ്വങ്ങളിലും ആ മാന്ത്രികന്റെ പുറകിലും പാറക്കൂട്ടവും നീരാഴിയും പ്രസവിച്ചതുപോലുള്ള ഒരു സേനാപംക്തി അശ്വാരൂഢന്മാരുടെ മാർഗ്ഗനിരോധനത്തിനായി അണിനിരന്നു. ത്രിവിക്രമന്റെ ഒരു ആജ്ഞാഘോഷം അനുചരന്മാരുടെ അശ്വങ്ങളെ നിലകൊള്ളിച്ചു. ആ രണ്ടുപേരും മാർഗ്ഗപാർശ്വങ്ങളിലുള്ള ഭൂതങ്ങളോടു് സമരം തുടങ്ങുന്നതിനിടയിൽ ത്രിവിക്രമൻ തന്റെ അശ്വത്തിന്റെ ഉദരത്തിൽ കുതംകൊണ്ടുള്ള പ്രോത്സാഹനക്രിയയെ അനുഷ്ഠിച്ചുകൊണ്ടു് അങ്കവടികളിന്മേൽ ഒന്നുയർന്നു; അശ്വത്തിന്റെ ദൈർഘ്യം വർദ്ധിച്ചു; അതിന്റെ നാസാദ്വാരങ്ങൾ വിടർന്നു; നേത്രങ്ങൾ വികസിച്ചു. കടിഞ്ഞാണുകളെ ഓരോ കൈയിലും അമർത്തിക്കൊണ്ടു്, അശ്വനേതാവു് ഒന്നു് കുനിഞ്ഞപ്പോൾ, ആ ജന്തു തന്റെ ദന്തനിരയെ ക്രൂരതരം പ്രകാശിപ്പിച്ചുകൊണ്ടും കർണ്ണാഗ്രങ്ങളെ സന്ധിപ്പിച്ചും ഭൂമി തൊട്ടുതൊടാതെ ഒരു കുതിയാൽ പാണ്ടയുടെ ശിരോപരിഭാഗത്തുള്ള ആകാശത്തെ ഭേദിച്ചു് പിൻഭാഗത്തു നിലകൊണ്ടിരുന്ന ഭൂതസഞ്ചയത്തിൽ പലരുടേയും പല അവയവങ്ങളെയും തകർത്തുകൊണ്ടു് വടക്കോട്ടു് പാഞ്ഞു. അല്പദൂരം ചെന്നപ്പോൾ അശ്വത്തെ നിറുത്തേണ്ടിവന്നതിനാൽ കടിഞ്ഞാണിന്റെ നിയന്ത്രണത്താൽ ഒരു അർദ്ധവൃത്തലേഖനം കഴിച്ചു് അതിനെ തെക്കോട്ടു തിരിച്ചു് നിലകൊള്ളിച്ചു. ഭഗ്നാശനായ പാണ്ട, തന്നെ ആ സാഹസത്തിനു് ഉദ്യോഗിപ്പിച്ച പ്രേരകത്തെ സ്മരിച്ചുള്ള അതിലജ്ജയോടെ ഒരു ഘോരാട്ടഹാസം ചെയ്തു്കൊണ്ടു് ഇതിനിടയിൽ തിരിഞ്ഞു, തന്റെ അരയിൽ തിരുകിയിരുന്ന കൈത്തോക്കു് കൈയിലെടുത്തു് ആകാശവീഥിയെ തരണംചെയ്തു് അശ്വത്തെ ലക്ഷ്യമാക്കി കാഞ്ചി വലിച്ചു. പാറക്കെട്ടുകളും നീരാഴിയും വനതടങ്ങളും അശ്വമേധോദ്ദിഷ്ടമായ ആ മേഘാരവത്തെ പ്രതിദ്ധ്വനിപ്പിച്ചു. അശ്വപാദങ്ങളിൽ ഒന്നു് നിരുപയോഗമായി. ബന്ധുജനരക്തത്തിന്റെ പ്രവാഹം കണ്ടു് വിഗതബോധന്മാരായ ഭൂതഗണത്തിൽ ചിലർ പിൻഭാഗത്തെ പാന്ഥന്മാരെ വളയുകയും മറ്റുള്ളവർ അസ്ത്രവേഗത്തിൽ കുതിരയെ കടിഞ്ഞാണമർത്തി നിറുത്തിയിരിക്കുന്ന അഹങ്കാരിയുടെനേർക്കു് പായുകയും ചെയ്തു്. ക്ഷതപാദമായ അശ്വത്തിൽനിന്നു് ത്രിവിക്രമൻ താഴത്തിറങ്ങുന്നതു് കണ്ടപ്പോൾ, പാണ്ട ത്രൈലോക്യനാഥത്വം കിട്ടിയതുപോലുള്ള സന്തോഷോന്മേഷത്തോടെ ആ യുവാവിന്റെ നേർക്കു് ഒരു വിജയതാണ്ഡവത്തോടണഞ്ഞു. ഹാ! ആ വനപൈശാചത്വത്തിന്റെ മൂർത്തീകരണം പൊടുന്നനെ തില്ലനൃത്തം തുടങ്ങി വട്ടംതിരിഞ്ഞു് സംഭ്രാന്തമാകുന്നു.

മാർഗ്ഗത്തിന്റെ താഴ്‌വരയിലുള്ള തരുവിസ്തൃതിക്കിടയിൽനിന്നു് മുക്തശൃംഖലങ്ങളായ ഒരു സംഘം വേട്ടനായ്ക്കൾ വക്ത്രങ്ങൾ പിളർന്നു് രക്തവർണ്ണങ്ങളായ ജിഹ്വകളെ ലംബങ്ങളാക്കിയും അതിശുഭ്രങ്ങളായി കൂർത്തുമൂർത്തുനീണ്ടുള്ള ദന്തങ്ങളെ പുറത്തുകാട്ടിയും കിതച്ചും കുരച്ചും കലാപരംഗത്തിൽ പ്രവേശിച്ചു് വ്യാഘ്രങ്ങൾപോലെ തസ്കരഖലന്മാരുടെ പാദങ്ങൾ, തുടകൾ, കഴുത്തുകൾ എന്നിതുകൾ നോക്കി കുതിച്ചും കടിയിട്ടു് മാംസക്കഷണങ്ങളെ വലിച്ചു് പറിച്ചും കുടഞ്ഞും തുടങ്ങിയ ഈ കാഴ്ചയിൽ തസ്തകരന്മാർ നടുങ്ങുന്നതിനിടയിൽ ശ്വാപ്പടയുടെ ഏതാനും സേനാമുഖങ്ങളും പാണ്ടയെ വളഞ്ഞു് ഭയാങ്കരാക്രമണങ്ങൾ തുടങ്ങി. ഈ ജന്തുക്കളെ തുടർന്നു് തോക്കുകൾ, ഖഡ്ഗങ്ങൾ, ദീർഘദണ്ഡങ്ങൾ മുതലായ നായാട്ടായുധങ്ങൾ ധരിച്ചുള്ള പത്തിരുനൂറു വേട്ടയാടികളും പാണ്ടയെയും അനുചരസംഘത്തെയും വളഞ്ഞു. അനന്തരസമരം വർണ്ണിക്കേണ്ടതില്ല. ത്രിവിക്രമകുമാരനു് അശ്വവിദ്യാവൈദഗ്ദ്ധ്യത്തെ പ്രദർശിപ്പിപ്പാൻ കിട്ടുന്ന അവസരത്തെ നഷ്ടമാക്കരുതെന്നും ശത്രുവിന്റെ അതിസംഖ്യയാൽ ആപദ്ഘട്ടം ഉണ്ടാകുന്നെങ്കിൽമാത്രം പ്രവേശിക്കണമെന്നും പടവീട്ടിൽ വേലുത്തമ്പിയാൽ അനുശാസിതരായിരുന്ന നായാട്ടുകാർ, ആദ്യമേതന്നെ രംഗത്തിൽ പ്രവേശിക്കാതെ താഴ്‌വരയിലെ വനത്തിൽ പതുങ്ങി പാർത്തിരുന്നു. വേട്ടയാടികൾ യുദ്ധരംഗത്തിൽ പ്രേവശിച്ചപ്പോൾ, തസ്കരശിരസ്സുകൾ തകരുന്ന ആരവങ്ങൾ, പാന്ഥദ്രോഹങ്ങളെ സമ്മതിച്ചുള്ള ക്ഷമാപ്രാർത്ഥനകൾപോലെ മുഴങ്ങി. അവരിൽ പലരും ഭുവാസം അവസാനിപ്പിച്ചു് നിലംപതിച്ചു. പലരും അധികാരികളുടെ മുമ്പിൽ ഹാജരാക്കപ്പെടുന്നതിനായി ബന്ധിക്കപ്പെട്ടു. പ്രാണരക്ഷ കരുതി മണ്ടിത്തുടങ്ങിയ ഭീരുക്കളുടെ കഥ കഷ്ടതമമായിക്കഴിഞ്ഞു. ഭയങ്കരന്മാരായ ശ്വാക്കൾ പിൻകഴുത്തുകളിലുംമറ്റും കടിയിട്ടു് ദംഷ്ടങ്ങളെ ഉറപ്പിച്ചു് അവരുടെ ശരീരങ്ങളിൽനിന്നു് ജീവന്റെ നിർഗ്ഗമനത്തിനു് നിരവധി ദ്വാരങ്ങൾ സൃഷ്ടിച്ചു.

ശ്വാക്കളാലും വേട്ടയാടികളാലും വളയപ്പെട്ട പാണ്ട ആ അഹഃപ്രകാശത്തിനിടയിലും സമീപദേശപ്രമാണികളുടെ മുമ്പിലുംവച്ചു് തന്റെ സമഗ്രമായ വീര്യപ്രാഭവത്താലും അജയ്യമായുള്ള ഒരു ചെറുസേനയോടു് സമരം ചെയ്യുന്നതു് മൃതിയേക്കാൾ വലുതായ അവമാനത്തിനു് സംഗതി വരുത്തിയേക്കുമെന്നു് ചിന്തിച്ചു് ശൂലം ഊന്നി നിലകൊണ്ടു. വേട്ടക്കാരിലെ പ്രമാണികൾ ആ ഘോരാകാരന്റെ സമീപത്തോട്ടണഞ്ഞു് ആ വിചിത്രവേഷവും കായപരിമിതിയും കണ്ടു് അധികൃതന്മാർക്കും സാധിക്കാത്ത ഭാഗ്യലബ്ധിയാൽ സന്തുഷ്ടന്മാരായി. അവർക്കു് അഭിമുഖനായ പാണ്ട അല്പനേരം നിശ്ചലനായി നിന്നു. ശ്വാനന്മാർ ദംശിക്കുകയോ നിഗ്രഹായുധങ്ങൾ ഒന്നും തന്റെ നേർക്കു് പ്രയോഗിക്കപ്പെടുകയോ ചെയ്യാത്തതിനാൽ അന്നത്തെ പരാജയത്തിനു് കാരണഭൂതനായ പുരുഷൻ തന്റെ നിധനത്തെ നിരോധിച്ചിട്ടുണ്ടെന്നു് അനുമിച്ചു. തന്റെ അനുചരന്മാർ മരിച്ചതും ബന്ധനസ്ഥരായതും കണ്ടു. പാണ്ട ഒന്നു് ദീർഘമായി നിശ്വസിച്ചു. എന്തോ ചില ചിന്തകൾ അന്തരംഗത്തിൽ മർമ്മഭേദകങ്ങളായ കലാപങ്ങളെ ഉത്പാദിപ്പിക്കുകയാൽ, അവന്റെ രക്താക്ഷികളിൽ ജലദ്രവങ്ങളും പ്രകാശിച്ചു. ഈ നിലയിൽ അതുവരെ അജയ്യനായിരുന്ന ആ ഭീമഗാത്രൻ വിനയഭാവം കൈക്കൊണ്ടു് പ്രമാണികളെ നോക്കി, “തമ്പ്രാക്കള് വിലവിനു്” എന്നു് അപേക്ഷിച്ചു് അവരെ ആശ്ചര്യഭരിതന്മാരാക്കി. അവർ പരസ്പരം മുഖത്തു് നോക്കി അവന്റെ ഭാവഭേദത്തിനുള്ള കാരണങ്ങളെക്കുറിച്ചു് വിസ്മയിക്കുന്നതിനിടയിൽ പാണ്ടയുടെ ശൂലാഗ്രം നിലംതൊട്ടു് ഒരു അഭിവാദ്യം ചെയ്തു്. ആ അതികായൻ ലഘുയഷ്ടിപോലെ മേല്പോട്ടുയർന്നു. താഴ്‌വരക്കാട്ടിൽ ഒരു നിപാതശബ്ദം മുഴങ്ങി. നൂറ്റിൽപരം വേട്ടയാടികളും എല്ലാ ശ്വാക്കളും കാടു് ഞെരിച്ചുകൊണ്ടു് അതിനകത്തോട്ടു് പ്രവേശിച്ചു. തരുശിരസ്സുകളുടെ ചാഞ്ചാട്ടം ആ വനനിര മുഴുവനെയും ഹരിതവർണ്ണം ചേർന്ന ഒരു മഹാസരസ്സു് തിരകളിളകി ആടുന്നതുപോലെ പ്രമാണികൾക്കും മാർഗ്ഗപ്രദേശത്തു് ശേഷിച്ചുനിന്നവർക്കും കാണപ്പെട്ടു. ഒട്ടു് ചെന്നപ്പോൾ ഇടയ്ക്കിടെ ശ്വാക്കളുടെ മൃതിസൂചകങ്ങളായുള്ള ദീർഘരോദനങ്ങൾ കേട്ടു് തുടങ്ങി. തങ്ങളുടെ ഉദാസീനത കൊണ്ടു് പാണ്ടയെ ബന്ധനത്തിലാക്കാൻ കഴിഞ്ഞില്ലെന്നുള്ള പോരായ്മ പ്രമാണികൾ സമ്മതിച്ചു.