close
Sayahna Sayahna
Search

സഹജീവിതം


റിൽക്കെ

റിൽക്കെ-23.04
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

നമ്മോടേറ്റവുമടുത്ത സൗഹൃദം വച്ചുപുലർത്തുമ്പോൾത്തന്നെ എതിരഭിപ്രായങ്ങൾ സൂക്ഷിക്കുന്ന ഒരു സ്നേഹിതൻ: ഉത്കൃഷ്ടവും നമ്മെ രൂപപ്പെടുത്തുന്നതുമായ ഒരു സ്വാധീനമാണതു്. നമ്മിൽ നിന്നന്യമായതൊന്നിനെ മറ്റൊന്നായി മാത്രം കാണുന്നതിനു പകരം സംശയത്തോടെ, ശത്രുതയോടെ നോക്കുന്നിടത്തോളം കാലം ലോകവുമായി നൈസർഗ്ഗികവും നീതിയുക്തവുമായ ഒരു ബന്ധത്തിലേർപ്പെടാൻ നമുക്കു കഴിയില്ല. എല്ലാറ്റിനും ഒരിടം കല്പിക്കപ്പെട്ടിരിക്കുന്ന ഒരിടമാണു് ലോകം: ഏതിനുമൊപ്പം മറ്റേതിനും; എനിക്കൊപ്പം എന്നിൽ നിന്നെത്രയും വ്യത്യസ്തനായ മറ്റേയാൾക്കും. അങ്ങനെ പൂർണ്ണമായ ഒരു ലോകത്തിനുള്ള സാദ്ധ്യത സമ്മതിച്ചുകൊടുത്താലല്ലാതെ വ്യത്യാസങ്ങളും വൈരുദ്ധ്യങ്ങളും നിറഞ്ഞ നമ്മുടെ സ്വന്തം ആന്തരലോകത്തെ ഉദാരമായും വിശാലമായും കാറ്റു കടക്കുന്നതായും ചിട്ടപ്പെടുത്തുന്നതിൽ നാം വിജയം കാണുകയുമില്ല.

* * *

ഒരു വ്യക്തി തന്റെ പുറംമോടിയിൽ നിന്നു പുറത്തുകടന്നു് തെളിമയോടെ, മൗനത്തോടെ നിങ്ങളുടെ മുന്നിൽ വന്നുനില്ക്കുന്ന ചില നിമിഷങ്ങളുണ്ടു്. നിങ്ങൾ ഒരിക്കലും മറക്കരുതാത്ത അപൂർവ്വമായ ആഘോഷവേളകളാണവ. അപ്പോൾ മുതൽ നിങ്ങൾ അയാളെ സ്നേഹിക്കുകയായി. മറ്റൊരു വിധം പറഞ്ഞാൽ, ആ നിമിഷത്തിൽ നിങ്ങൾക്കറിയാനിടവന്ന വ്യക്തിത്വത്തിന്റെ ബാഹ്യരേഖകളിലൂടെ നിങ്ങളുടെ തരളമായ കൈവിരലുകൾ സഞ്ചരിച്ചുതുടങ്ങുന്നു.

* * *

രണ്ടോ മൂന്നോ പേർ അടുത്തിരുന്നാൽ അവർ ഒരുമിച്ചാണെന്നർത്ഥമാകുന്നില്ല. ചരടുകൾ പലരുടെ കൈകളിലായ നൂല്പാവകളെപ്പോലെയാണവർ. ഒരേ കൈ അവരെ നയിക്കുമ്പോഴേ അവർക്കു പൊതുവായി എന്തെങ്കിലുമുണ്ടാകുന്നുള്ളു; അപ്പോഴാണവർ തല മണ്ണിൽ മുട്ടിച്ചു വണങ്ങുകയോ അന്യോന്യം തല്ലു പിടിക്കുകയോ ചെയ്യുക. ഒരു വ്യക്തിയുടെ ബലവും അതിലാണു് — എല്ലാ ചരടുകളുടെയും തുമ്പുകൾ കൂട്ടിപ്പിടിക്കുന്ന ഒരേയൊരു കൈയിൽ.

* * *