close
Sayahna Sayahna
Search

വരൻ വന്നത് പല്ലക്കിലായിരുന്നില്ല


വരൻ വന്നത് പല്ലക്കിലായിരുന്നില്ല
EHK Novel 03.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി ഒരു കുടുംബപുരാണം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 76

പാറുകുട്ടി തിരിഞ്ഞു നോക്കിയില്ല. അയാൾ പിന്നിൽത്തന്നെയുണ്ടെന്നവൾക്കു മനസ്സിലായി. ഒരു ശ് ശ് ശബ്ദം, ഒരു ചൂളം വിളി. ദൈവമേ ഈയ്യാക്ക് എന്തിന്റെ കേടാ? സാധാരണ നിലയിൽ ഒരാൾ ഒന്നോ രണ്ടോ ദിവസം അല്ലെങ്കിൽ രണ്ടോ മൂന്നോ ദിവസം പിന്നാലെ നടന്നു നോക്കും, എന്നിട്ടും പ്രതികരണമൊന്നുമില്ലെങ്കിൽ നഷ്ടപ്പെട്ട രണ്ടോ മൂന്നോ ദിവസങ്ങൾ എഴുതിത്തള്ളി സ്ഥലം വിടുകയും ചെയ്യും. അങ്ങിനെയാണ് പതിവ്. ഈയ്യാളാകട്ടെ വിജയകരമായ രണ്ടാം വാരത്തിലേയ്ക്ക് കടക്കുകയാണ്. ഒരു സൈക്കിളിലാണ് നായകന്റെ യാത്ര. അവളെ വീടുവരെ അനുഗമിച്ച ശേഷം കുറച്ചുനേരം കൂടി അവിടെനിന്ന് നായിക തന്നെ തിരിഞ്ഞുനോക്കുന്നുണ്ടോ എന്ന് നോക്കി നിരാശനായി തിരിച്ചു പോകും. പാറുകുട്ടി തിരിഞ്ഞുനോക്കാറില്ല, മറിച്ച് അടുക്കളയുടെ ജനലിലൂടെ നോക്കും. വീട്ടിലേയ്ക്കു നോക്കി നില്ക്കുന്ന പയ്യനെ ശ്രദ്ധിച്ചു പഠിക്കും. പുറത്തുനിന്ന് നോക്കാൻ പറ്റില്ലല്ലോ. പയ്യൻ തരക്കേടൊന്നുമില്ല. ഒരു ചെത്ത് പയ്യനാണ്. നിറം കുറവാണ്, പക്ഷെ സ്റ്റൈലൻ ജീൻസും ടീഷർട്ടുമാണ് ധരിക്കുന്നത്. തലമുടി പിന്നിൽ നീട്ടിയിട്ടുണ്ട്, കട്ടിയുള്ള മീശയുമുണ്ട്.

“നീയെന്താണു നോക്കിനിക്കണത് കൊച്ചേ?” അടുക്കളയിലേയ്ക്കു വന്ന ത്രേസ്യാമ്മ ചോദിച്ചു.

“ഒന്നുംല്യ അമ്മച്ചീ”.

“പാലടുപ്പത്ത് വെച്ചോ പെണ്ണേ?”

“ഇല്ലമ്മച്ചീ’ അവൾ പരിഭ്രമത്തിൽ പറഞ്ഞു.

“എന്താ പെണ്ണേ നിന്റെ മൊഖത്തൊരു കള്ളത്തരം? പാല് വേഗം അടുപ്പത്തു വെച്ചോ, അച്ചായൻ ഇപ്പോ നടത്തം കഴിഞ്ഞ് എത്തും.”

പാൽ അടുപ്പത്തുവെച്ചു രാവിലത്തെ ചായക്കു വട്ടം കൂട്ടുമ്പോൾ പാറുകുട്ടി ആലോചിച്ചു. അമ്മച്ചിയോട് പറയുകയല്ലേ നല്ലത്. നാട്ടിൽ അച്ഛൻ ഓരോരോ ആലോചനകൾക്കായി ശ്രമിക്കുന്നുണ്ട്. അതിനിടയ്ക്കു ഇങ്ങനെ ഓരോ പൊക്കണക്കേടുകൾ പിന്നാലെ നടന്നാൽ ശരിയാവില്ല. അമ്മച്ചിയോടു പറഞ്ഞാൽ അതും പൊല്ലാപ്പാണ്. ഏതു കാര്യത്തിലും ചാടിവീണ് അലമ്പാക്കുന്ന സ്വഭാവമുള്ള അവരോട് പറയുമ്പോൾ രണ്ടു തവണ ആലോചിക്കണം. തൽക്കാലം പറയേണ്ട. വല്ല പ്രശ്‌നവുമുണ്ടാകട്ടെ. അപ്പോൾ നോക്കാം.

പ്രശ്‌നം പ്രതീക്ഷിച്ചതിനും നേരത്തെ വരുന്ന മട്ടാണ്. ഇതുവരെ പിന്നിൽ മാത്രം ഒതുങ്ങിക്കഴിഞ്ഞ പയ്യൻ ഇപ്പോൾ മുമ്പിലും പ്രത്യക്ഷപ്പെട്ടു എന്നു മാത്രമല്ല പാറുകുട്ടിയുടെ ശ്രദ്ധയാകർഷിക്കാനായി പൊടിവേലകളൊക്കെ ചെയ്യാനും തുടങ്ങി.

രാവിലെ നാരായണിയുടെ വീട്ടിൽനിന്ന് പാലുമായി വരുമ്പോൾ പിന്നിൽ ആരുമുണ്ടായിരുന്നില്ല. പയ്യൻ നിരാശനായി ഒഴിവായിപ്പോയി എന്നു വിചാരിച്ച് അവൾ സമാധാനിച്ചു. ഒപ്പം ഒരു വല്ലായ്മയും. അവൾ ചുറ്റും നോക്കി. ഇല്ല ആരുമില്ല. ഈയ്യാക്ക് എന്തു പറ്റീ എന്ന് ആലോചിക്കുമ്പോഴാണ് മുമ്പിൽനിന്ന് സൈക്കിളിന്റെ ബെൽ കേട്ടത്. പയ്യൻ സൈക്കിളിൽ വരുന്നു. പാറുകുട്ടി നോക്കുന്നതു കണ്ടപ്പോൾ അവൻ രണ്ടു കൈയും ഹാന്റിൽബാറിൽ നിന്നെടുത്ത് അവളുടെ നേരെ വീശി. അടുത്ത നിമിഷത്തിൽ പാറുകുട്ടി കണ്ടത് സൈക്കിളും പയ്യനും കൂടി നിലത്തെത്തുന്നതാണ്. കാഴ്ച ആരിലും കൗതുകമുണർത്തുംവിധം രസകരമായിരുന്നു. പാറുകുട്ടി പൊട്ടിച്ചിരിച്ചു; നടന്നുപോവുകയും ചെയ്തു. വീട്ടിന്റെ പടിക്കലെത്തി തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് പയ്യൻ സൈക്കിളിന്റെ തിരിഞ്ഞുപോയ ഹാന്റിൽബാർ ശരിയാക്കുന്നതാണ്.

“എന്താടീ നെന്റെ മൊഖത്തൊരു ചിരി?” ത്രേസ്യാമ്മ ചോദിച്ചു.

“അതേയ് അമ്മച്ചീ, ഞാനൊരാള് സൈക്കിളീന്ന് വീഴണത് കണ്ടു.”

“അതിന് ചിരിക്ക്യാ വേണ്ടത്?”

“അല്ല, അമ്മച്ചീ..........” പെട്ടെന്നവൾ നിർത്തി. അയാൾ പിന്നാലെ നടക്കുന്നതിനെപ്പറ്റി പറയാനോങ്ങിയത് അവൾ വേണ്ടെന്നു വെച്ചു.

പാറുകുട്ടിയുടെ അച്ഛൻ വന്നത് തികച്ചും യാദൃശ്ചികമായിരുന്നു. അയാൾ എപ്പൊഴും അങ്ങിനെയാണ്. പെട്ടെന്നൊരു ദിവസം കയറിവരും, നാട്ടിൽനിന്നു ചുമന്നു കൊണ്ടുവന്ന ചാക്ക് വീടിന്റെ പിന്നിലൂടെ പോയി അടുക്കളവരാന്തയിലിറക്കി വെച്ച് ഉമ്മറത്തേയ്ക്കു തന്നെ ചെല്ലും. ചാക്കിൽ വീട്ടുവളപ്പിലുണ്ടാക്കിയ സാധനങ്ങളായിരിക്കും. ചക്ക, മാങ്ങ, കാച്ചിൽ തുടങ്ങിയവ. ഉമ്മറത്ത് ജോസഫേട്ടൻ ഇരിക്കുന്ന കസേലയുടെ എതിർവശത്തിട്ട സ്റ്റൂളിൽ ഇരിക്കും, എന്നിട്ട് താൻ കൊണ്ടുവന്ന സാധനങ്ങളിൽ സ്‌പെഷലായി വല്ലതുമുണ്ടെങ്കിൽ പറയും.

“നല്ല കൊടമ്പുളി കൊണ്ടുവന്നിട്ടുണ്ട്, ഒന്നുംകൂടി ഒണങ്ങണം.......”

ചായ കുടിച്ചശേഷം അയാൾ വന്നത് ഒരു പ്രത്യേക കാര്യത്തിനാണെന്നു പറഞ്ഞു. “നമ്മടെ പാറുകുട്ടിക്ക് ഒരാലോചന വന്നിട്ടുണ്ട്.”

കാര്യങ്ങൾ പറഞ്ഞശേഷം അയാൾ പോയി. ജോസഫേട്ടൻ വിളിച്ചു. ‘കൊച്ചുത്രേസ്യേ....”

“എന്തോ?”

“പാറുകുട്ടിക്ക് ഒരാലോചന വന്നിട്ട്ണ്ട്.”

“എവിട്ന്നാ?” ത്രേസ്യാമ്മ ചോദിച്ചു.

“നാട്ടീന്നൊന്ന്വല്ല, ഇവിടെ അട്ത്ത്ന്നാ. മരടീന്നാ.”

“അതു നന്നായി.”

“ഒരു കൊഴപ്പേള്ളൂ, അവർക്ക് ഇവിട്ന്ന് പെണ്ണുകാണണംത്രെ.”

“അതോണ്ടെന്താ?”

“അപ്പോ ചെക്കനും വീട്ടുകാരും നമ്മടെ വീട്ടിലേയ്ക്കാണ് വരുക പെണ്ണുകാണാൻ.”

പെട്ടെന്ന് കാര്യങ്ങൾ സങ്കീർണമായി തോന്നി ത്രേസ്യാമ്മയ്ക്ക്. ഒരു പാടു സംശയങ്ങൾ. അതു ചോദിക്കാൻ പറ്റിയ ആളല്ല മുമ്പിലിരിക്കന്നത്. അച്ചായൻ ഒരു കൂസലുമില്ലാതെ ഇരിക്കയാണ്, കാര്യങ്ങളുടെ കിടപ്പിനെപ്പറ്റി ഒരു പിടിപാടുമില്ലെന്ന് വ്യക്തം. വേറെ ആരോടും ചോദിക്കാനുമില്ല. പിന്നെ ഭേദം പാറുകുട്ടിയാണ്. ഇതാകട്ടെ അവളേയും ബാധിക്കുന്ന കാര്യമായതുകൊണ്ട് അവളോട് ചോദിക്കാൻ പറ്റുമോ? അവസാനം ജോസഫേട്ടനോടുതന്നെ ചോദിക്കാൻ തീരുമാനിച്ചു.

“അപ്പളേയ്.......”

“ഊം”

“ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

“നിക്ക്, ഞാനെന്റെ ഇയർഫോണെടുക്കട്ടെ.”

ഇതാണ് ഞാൻ പറയുന്നത്, ത്രേസ്യാമ്മ ആത്മഗതം നടത്തി. ഗൗരവമുള്ള ഒരു കാര്യം പറയാൻ പോകുകയാണ്, അപ്പോഴും അതിയാന് തമാശയാണ്.

“ഇപ്പോ അവര് നമ്മടെ വീട്ടില് വന്നു കണ്ടാ ഇത് അവളടെ വീടാണെന്ന് വിചാരിച്ചാലോ?”

“നമക്ക് ഈ വീടൊഴിഞ്ഞുകൊടുക്കേണ്ടി വരും.”

“അതല്ല ഞാൻ ഉദ്ദേശിച്ചത്,” ത്രേസ്യാമ്മ ദേഷ്യത്തോടെ പറഞ്ഞു. “ഈ വീട് അവളടെയാണെന്ന് വിചാരിച്ച് കല്യാണം ഒറപ്പിച്ചശേഷം ഇത് അവളടെ അല്ലാന്ന് മനസ്സിലാവുമ്പൊ മനഃപ്രയാസംണ്ടാവില്ലെ?”

“അങ്ങിനെയൊന്നുംണ്ടാവില്ല എന്റെ കൊച്ചുത്രേസ്യേ. ശങ്കരൻ എല്ലാം പറഞ്ഞുകൊടുത്തിട്ടുണ്ടാവും.”

ത്രേസ്യാമ്മയ്ക്ക് മുഴുവൻ ബോധിച്ചില്ല. അവർ ഈ വിവരം പാറുകുട്ടിയോടു പറയാൻ അടുക്കളയിലേയ്ക്ക് പോയി.

തന്നെ കാണാൻ ഒരാൾ ഇങ്ങോട്ടു വരുന്നുണ്ടെന്നു കേട്ടപ്പോൾ പാറുകുട്ടിക്ക് വലിയ ത്രില്ലൊന്നുമുണ്ടായില്ല, മറിച്ച് അല്പം പരിഭ്രമമുണ്ടാകയും ചെയ്തു. ഇപ്പോൾ പിന്നാലെ നടക്കുന്ന പയ്യനെ എങ്ങിനെയാണ് കൈകാര്യം ചെയ്യേണ്ടത്? അതു തന്നത്താൻ ഒഴിഞ്ഞുപോകുന്ന വട്ടമൊന്നുമില്ല.

പിറ്റേന്നും രാവിലെ പാൽ വാങ്ങിക്കൊണ്ടുവരുമ്പോൾ പയ്യൻ സൈക്കിളിൽ എതിർവശത്തുനിന്നു വരുന്നു. മുഖത്ത് ചിരിയുണ്ട്, നെറ്റിമേൽ ബാന്റേജും. ഇന്നലത്തെ വീഴ്ചയിൽ കിട്ടിയതായിരിക്കണം നെറ്റിമേലെ സമ്പാദ്യം. ചിരി ഇന്നത്തേതുതന്നെയാണ്. പാറുകുട്ടി ചിരിയടക്കിക്കൊണ്ട് മുഖം തിരിച്ചു. പയ്യൻ വിടാനുള്ള ഭാവമൊന്നുമില്ല. ആൾ തിരിച്ചു വന്നു മുമ്പോട്ട് ഓടിച്ചുപോയി, അവൾക്കെതിരായി ഓടിച്ചു വന്നു. ഇപ്രാവശ്യം തന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ തന്നെയാണെന്നു തോന്നുന്നു, അയാൾ രണ്ടു കൈയുംവിട്ട് സൈക്കിളിൽ എഴുന്നേറ്റു നിന്നു. ശ്രദ്ധ റോഡിൽനിന്നു പാറുകുട്ടിയിലേയ്ക്കു തിരിഞ്ഞതും, ഒരു കല്ലിൽത്തട്ടി സൈക്കിൾ മറിഞ്ഞതും ഒപ്പം കഴിഞ്ഞു. പാറുകുട്ടിക്കു പൊട്ടിച്ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത് നടുറോഡിൽ ചക്രം തിരിഞ്ഞുകൊണ്ടിരിക്കുന്ന സൈക്കിളും അരികത്തായി തന്നെ നോക്കി അദ്ഭുതത്തോടെ നോക്കിക്കിടക്കുന്ന പയ്യനും. എന്തെങ്കിലും പറ്റിയോ ആവോ.

ഇനിയും അമ്മച്ചിയോട് പറഞ്ഞില്ലെങ്കിൽ പ്രശ്‌നമാകുമെന്ന് പാറുകുട്ടിക്കു തോന്നി. ഒന്നാമതായി താൻ വേറൊരാളുടെ വീട്ടിൽ താമസിച്ചു ജോലിചെയ്യുകയാണ്, രണ്ടാമതായി തന്നെ കാണാൻ ഒരു കൂട്ടർ മൂന്നു ദിവസങ്ങൾക്കുള്ളിൽ ഇങ്ങോട്ടു വരുന്നുമുണ്ട്. അതിനിടക്ക് ഇങ്ങിനെ ഒരലവലാതി പിന്നാലെ കൂടിയാൽ ശരിയാവില്ല.

“അമ്മച്ചീ, ഞാനിന്നലെ പറഞ്ഞില്ലേ ഒരാള് സൈക്കിളീന്ന് വീണൂന്ന്.”

“അതേ.”

“അയാള് ഇന്നും സൈക്കിളീന്ന് വിണു.”

“അയാള് സൈക്കിള് പഠിക്ക്യാണോ?”

“അല്ലമ്മച്ചീ, അഭ്യാസം കാട്ടീട്ടാ.”

“എന്തിനാണ് അയാള് അഭ്യാസം കാട്ടണത്?”

“ആ, ആർക്കറിയാം? അയാക്കടെ ഓരോ വേഷങ്ങള്.”

“എന്നിട്ട് അയാക്ക് വല്ലതും പറ്റിയോ?”

“ആ, അറിയില്ലമ്മച്ചീ. പിന്നേയ്, അയാള് കൊറച്ചു ദെവസായി എന്റെ പിന്നാലെ നടക്കുന്നു.”

“എന്നിട്ട് നീയെന്താണ് എന്നോട് പറയാഞ്ഞത്?”

പാറുകുട്ടി ഒന്നും പറഞ്ഞില്ല.

“നെന്നെ കാണാൻ ആൾക്കാര് വര്ണ്ണ്ട്. കൊഴപ്പത്തിനൊന്നും നിൽക്കണ്ട പെണ്ണേ. ഇനീം ഇങ്ങനെ വല്ലതുംണ്ടായാൽ പറേണം കേട്ടോടീ?”

“ആ അമ്മച്ചീ.”

അയാൾക്ക് വല്ലതും പറ്റിയിട്ടുണ്ടോ എന്നറിയാൻ ഇരുപത്തിനാലു മണിക്കൂറെ വേണ്ടിവന്നുള്ളു. പിറ്റേന്നും അയാൾ സൈക്കിളിൽ ഹാജരായി. ദൂരെനിന്നേ അയാൾ വരുന്നതു കണ്ടു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് കണ്ടത് വലത്തെ കൈകൊണ്ടാണ് ഹാന്റിൽബാർ പിടിച്ചിരിക്കുന്നത്. പ്ലാസ്റ്ററിട്ട ഇടത്തെ കൈ ഒരു തുണികൊണ്ട് കെട്ടി കഴുത്തിലൂടെ തൂക്കിയിട്ടിരിക്കയാണ്. മുഖത്തു ചിരിയില്ല. അയാളുടെ വരവിൽ, അല്ല അയാളെ സംബന്ധിക്കുന്ന എന്തിലും ഒരു കോമാളിത്തമുണ്ടായിരുന്നു. അവൾ ചിരിക്കാൻ ഭാവിച്ചതാണ്. പെട്ടെന്നാണ് അയാളുടെ മുഖം പാറുകുട്ടി ശ്രദ്ധിച്ചത്. അതിൽ വിഷാദമുണ്ടായിരുന്നു. അവളുടെ മുഖത്തു വിടരാൻ പോയ ചിരി വാടിപ്പോയി, അവൾ മുഖം താഴ്ത്തി.

“ഇന്ന് ആ സൈക്കിള്കാരനെ കണ്ടോ?” ത്രേസ്യാമ്മ ചോദിച്ചു.

“ഇല്ലമ്മച്ചീ, അല്ലമ്മച്ചീ കണ്ടു....” പാറുകുട്ടി വിക്കിക്കൊണ്ടു പറഞ്ഞു.

“നീയെന്താണ് പറയുന്നത്. കണ്ടൂന്നോ കണ്ടില്ലാന്നോ.”

“അല്ലമ്മച്ചീ, ഇന്ന് അയാള് സൈക്കിളീന്ന് വീണതൊന്നുംല്ല്യ.”

“അതു നന്നായി.” അതു കഷ്ടമായി എന്ന സ്വരത്തിലവർ പറഞ്ഞു. “അതോണ്ടാണോ നെന്റെ മൊഖത്ത് ചിരിയില്ലാതായത്?”

പാറുകുട്ടി അടുക്കള ജനലിലൂടെ നോക്കുകയായിരുന്നു. ഇല്ല പടിക്കൽ അയാളില്ല. അവൾക്ക് ആശ്വാസം തോന്നി. അയാൾക്ക് മടുത്തിട്ടുണ്ടാവും. നന്നായി. പെണ്ണുകാണാൻ നാളെയാണ് ആൾക്കാർ വരുന്നത്. അതിനുമുമ്പുതന്നെ ദുരന്തകഥയിലെ നായകൻ പിൻവാങ്ങിയതു നന്നായി. പക്ഷെ മനസ്സിന്റെ ഏതോ കോണിൽ ഒരു നീറൽപോലെ. അയാൾ തന്നിൽ മതിപ്പുണ്ടാക്കാനാണ് ഈ അഭ്യാസങ്ങളൊക്കെ കാണിച്ചതും വീണ് കയ്യൊടിഞ്ഞതും. ഞാൻ നിന്നെ സ്‌നേഹിക്കുന്നു എന്ന് അയാൾ വലിയ സാഹസത്തോടെ പറയുകയായിരുന്നു.

പിറ്റേന്ന് പാൽ വാങ്ങി വരുമ്പോൾ അവൾ ഇടക്കിടയ്ക്ക് തിരിഞ്ഞുനോക്കി. ഇല്ല ആരുമില്ല. ഒഴിഞ്ഞുകിടക്കുന്ന റോഡ്. അവൾക്കു വിഷമമായി. സൈക്കിളില്ല, ബെല്ലടിയില്ല. നീണ്ട് ഒഴിഞ്ഞുകിടക്കുന്ന നിരത്തുമാത്രം. ഏകാന്തതയുടെ തേങ്ങൽ മാത്രം.

വരൻ വന്നത് പല്ലക്കിലായിരുന്നില്ല. അവർ വന്നപ്പോൾ പാറുകുട്ടി അകത്തെ മുറിയിലായിരുന്നു. ത്രേസ്യാമ്മ അവളെ ഉടുത്തൊരുക്കുകയാണ്. ഒരമ്മ മകളെയെന്നപോലെ. പന്ത്രണ്ടാംവയസ്സിൽ ഒരു കൊച്ചു പാവാടക്കാരിയായി വന്നതാണവൾ; കണ്ണുകളിൽ ഭയവും മനസ്സിൽ നിറയെ കൗതുകവുമായി. ഒരു ജോലിക്കാരിയായിട്ടാണവൾ വന്നതെങ്കിലും ഇന്നവൾ ആ വീട്ടിലെ അംഗമാണ്. ഉമ്മറത്തിരിക്കുന്ന പയ്യനെപ്പറ്റി ത്രേസ്യാമ്മ ആലോചിച്ചു. അവന് ഇവളെ ഇഷ്ടമായാൽ കല്യാണം നടക്കും, ഇവൾ പോകുകയും ചെയ്യും. എട്ടുകൊല്ലം കൊണ്ട് കരുപ്പിടിച്ച മമത ഒരു തേങ്ങലായി ഉയർന്നപ്പോൾ നിറഞ്ഞ കണ്ണുകൾ തുടക്കാൻ അവർ മുഖം തിരിച്ചു.

“നീ പുറപ്പെട്ടു കഴിഞ്ഞ് അടുക്കളേലിക്ക് വാ പെണ്ണേ, ഞാൻ ചായണ്ടാക്കി വെക്കാം.”

“ഞാൻണ്ടാക്കാം അമ്മച്ചീ.”

“വേണ്ട പെണ്ണേ, നീയിങ്ങനെ ഉടുത്തൊരുങ്ങീട്ട് അടുക്കളേലൊന്നും പോയി വെരകേണ്ട.”

പാറുകുട്ടി മുത്തുകൾ പതിച്ച പൊട്ടെടുത്തു തൊട്ടു കണ്ണാടിയിൽ നോക്കി. സുന്ദരിയായിരിക്കുന്നു. പയ്യന് ബോധിച്ചില്ലെങ്കിൽ വേണ്ട. ഇടനാഴികയിലൂടെ അടുക്കളയിലേയ്ക്കു നടക്കുമ്പോൾ കിളിവാതിലിലൂടെ അവൾ ഉമ്മറത്തേയ്ക്കു നോക്കി. അവിടെ ജോസഫേട്ടന്റെ മുമ്പിൽ സോഫയിൽ രണ്ടു സ്ത്രീകളും ഒരു വയസ്സായ മനുഷ്യനും പിന്നെ പയ്യനും. പയ്യനും? അവൾ ഒന്നുകൂടി കണ്ണുതുടച്ചു നോക്കി, അതെ പയ്യനും! അവൾ അടുക്കളയിലേക്കോടി.

“അമ്മച്ചീ, അത് അയാളാണ്.”

“ഏത്, ആര് പെണ്ണേ?”

“ഇപ്പോ കാണാൻ വന്ന ആളില്ലേ അമ്മച്ചീ, അതയാളാണ്, ആ സൈക്കിളുകാരൻ.”

“എന്റെ കർത്താവേ!’ അവർ തലയിൽ കൈവച്ചു. “ഇനിയെന്താ ചെയ്യ്വാ.”

“നമുക്കയാക്കടെ കുറുമ്പ് മാറ്റിക്കൊടുക്കാം അമ്മച്ചീ.”

“നീയെന്തൊക്കെയാണ് പറയണത്?”

അഞ്ചു കപ്പുകളിൽ ചായ പകർന്നുവെച്ചിരുന്നു. പാറുകുട്ടി മുളകുപൊടിയുടെ പാത്രം തുറന്ന് ഒരു സ്പൂൺ പൊടിയെടുത്ത് ഒരു കപ്പ് ചായയിലിട്ട് ഇളക്കുന്നത് അവർ ഭയംകൂറുന്ന കണ്ണുകളോടെ നോക്കിനിന്നു. അവൾ ചായയുടെ ട്രേ എടുത്തു പുറപ്പെട്ടപ്പോൾ കുഴലപ്പവും അച്ചപ്പവുമുള്ള ട്രേയുമായി ത്രേസ്യാമ്മയും നടന്നു.

പയ്യന്റെ കൈയിലെ പ്ലാസ്റ്ററിനെപ്പറ്റി ചോദിക്കുകയായിരുന്നു ജോസഫേട്ടൻ.

“സൈക്കിളീന്ന് വീണതാ.” അയാൾ പറഞ്ഞു മുഖം തിരിച്ചതും പാറുകുട്ടി ചായയുമായി മുമ്പിലെത്തിയതും ഒപ്പമായിരുന്നു. അയാൾ ചിരിച്ചു, ഒരു ചമ്മിയ ചിരി. പാറുകുട്ടി ട്രേയിലെ കപ്പുകൾ ഒരഭ്യാസിയുടെ പാടവത്തോടെ ഓരോരുത്തർക്കായി കൊടുക്കുകയാണ്. അവസാനമാണ് പയ്യനുള്ള പ്രത്യേക ചായ കയ്യിൽ ഒരു ചിരിയോടെ കൊടുത്തത്. ചിരിയുടെ അർഥം പിടികിട്ടാൻ അയാൾക്ക് അധികം താമസിക്കേണ്ടി വന്നില്ല. ത്രേസ്യാമ്മ നെഞ്ചിനുള്ളിൽ പിടക്കുന്ന ഹൃദയത്തോടെ നോക്കിനില്‌ക്കേ അയാൾ ചായക്കപ്പ് ചുണ്ടോടടുപ്പിച്ചു.

“ഇത് ചെറുക്കന്റെ മാമനാണ്, ഇത് ചേച്ചിയും അമ്മായിയുമാണ്.” ജോസഫേട്ടൻ അവരെ പരിചയപ്പെടുത്തി.

“നല്ല ചായ.” മാമൻ പറഞ്ഞു.

“പാറുകുട്ടിയുണ്ടാക്കിയതാണ്”. ത്രേസ്യാമ്മ ധൃതിയിൽ പറഞ്ഞു. ഈ ചായനിർമ്മാണത്തിൽ, പ്രത്യേകിച്ചും പയ്യൻ കുടിക്കാൻ പോകുന്ന ചായയുടെ കാര്യത്തിൽ ഒരുവിധ പ്രശംസയും തനിക്കു വേണ്ട.

“ഔ” ഒരിറക്കു ചായ കുടിച്ചപ്പോൾ പയ്യന്റെ വായിൽനിന്ന് അറിയാതെവന്ന ശബ്ദമായിരുന്നു അത്. അയാൾ പാറുകുട്ടിയെ ദയനീയമായി നോക്കി വീണ്ടും കപ്പ് ചുണ്ടോടടുപ്പിച്ചു.

“എന്റെ കർത്താവേ, ഈ കൊച്ചു പെണ്ണിനോട് ക്ഷമിക്കണേ.” ത്രേസ്യാമ്മ മനസ്സിൽ കുരിശുവരച്ചു പ്രാർഥിച്ചു.

പയ്യന്റെ കണ്ണിൽനിന്ന് വെള്ളം ചാടുന്നുണ്ടായിരുന്നു, അയാൾ പാന്റിന്റെ പോക്കറ്റിൽനിന്ന് കർച്ചീഫെടുത്ത് കണ്ണുതുടച്ചു.

“എന്തു പറ്റീ” ജോസഫേട്ടൻ ചോദിച്ചു.

“ഒന്നുമില്ല, പെട്ടെന്നൊരു ജലദോഷം.” അയാൾ വീണ്ടും കപ്പ് ചുണ്ടോടടുപ്പിച്ചു.

പാറുകുട്ടി അകത്തേയ്ക്കു പോയി. ജോസഫേട്ടൻ ബിസിനസ്സിലേയ്ക്കു കടന്നു. തന്നെയാണ്, പാറുകുട്ടിയുടെ അച്ഛൻ കാര്യങ്ങളെല്ലാം ഏല്പിച്ചിരിക്കുന്നത്. ആ സാധുമനുഷ്യന് ഒന്നും ചെയ്യാൻ പറ്റില്ല. കാര്യങ്ങളെല്ലാം സംസാരിച്ചശേഷം ജോസഫേട്ടൻ ത്രേസ്യാമ്മയെ അകത്തു വിളിച്ചു.

“ചെറുക്കൻ തരക്കേടില്ലാന്നാ തോന്നണത് ഒരു പാവാണ്, ചായപ്പൊടിക്കമ്പനീല് സൂപ്പർവൈസറാണ്. വീട്ടുകാരും മോശല്ല്യാന്ന് തോന്നുണു. നമുക്ക് ഒന്ന് അന്വേഷിക്കാം. പിന്നെ ചെറുക്കന് പെണ്ണിനെ നല്ല ഇഷ്ടായിരിക്കുന്നു. അവൾക്ക് അവനെ ഇഷ്ടായോന്ന് ചോദിക്കാൻ പറഞ്ഞിരിക്കുന്നു. അവൻ തന്നെയാണ് പറഞ്ഞത്. അതറിഞ്ഞിട്ടു മതി ബാക്കി കാര്യങ്ങളൊക്കെ നോക്കാൻന്നാണ് പറേണത്. നീ ഒന്നു ചോദിച്ചുനൊക്ക്.”

“അവൾക്കിഷ്ടമാവാതെ എന്താ..” എന്നു പറഞ്ഞപ്പോഴാണ് അവരതിന്റെ അപകടസാധ്യതയോർത്തത്. “അല്ലെങ്കിൽ ഞാൻ ചോദിച്ചു വരാം.”

അടുക്കളയിൽ പാറുകുട്ടിയുണ്ടായിരുന്നില്ല. അവർ അവളുടെ മുറിയിൽ പോയിനോക്കി. അവിടെ വെറും നിലത്ത് ഇരുന്ന് അവൾ കരയുകയായിരുന്നു. ത്രേസ്യാമ്മയെ കണ്ടപ്പോൾ അവൾ തേങ്ങിത്തേങ്ങി കരയാൻ തുടങ്ങി. അവർ ആദ്യമൊന്ന് അന്ധാളിച്ചു. കരച്ചിലിന്നിടയിൽ അവൾ പറഞ്ഞു. “അയാള് ചായ മുഴുവൻ കുടിച്ചു അമ്മച്ചീ....”

അവർക്കു കാര്യം മനസ്സിലായി. അവരും ഒരു കാലത്ത് പെൺകുട്ടിയായിരുന്നു.

“എന്തിനാ മണ്ടി കരേണത്. പോയി മുഖം കഴുകി പൗഡറിട്ടു വാ. അവരിപ്പോ പോവും. നെനക്ക് അവനെ ഇഷ്ടായോന്ന് അന്വേഷിക്കാൻ പറഞ്ഞ് വന്നതാ ഞാൻ. ഇപ്പോ എനിക്കു മനസ്സിലായി. മണ്ടി.”

അവർ ഉമ്മറത്തേയ്ക്ക് തിരിച്ചുപോയി. അവരുടെ മുഖത്തുനിന്ന് എല്ലാവരും കാര്യം മനസ്സിലാക്കിയിരുന്നു. അവർ പയ്യനോടു പറഞ്ഞു.

“മോനിനി അവളെ കാണിക്കാനായി സൈക്കിളിമ്മല് അഭ്യാസൊന്നും ചെയ്യണ്ടാന്ന് പാറുകുട്ടി പറഞ്ഞിരിക്കുന്നു.”

വാ പൊളിച്ചു നില്ക്കുന്നവരോടായി അവർ തുടർന്നു. “അല്ല, കല്യാണാവുമ്പോഴേയ്ക്ക് ഒരു കയ്യെങ്കിലും സ്വാധിനത്തില് വേണ്ടേ?”