close
Sayahna Sayahna
Search

വെയിലത്തു പെയ്യുന്ന മഴ


വെയിലത്തു പെയ്യുന്ന മഴ
AymanamJohn.jpg
ഗ്രന്ഥകർത്താവ് അയ്മനം ജോൺ
മൂലകൃതി ഒന്നാം പാഠം ബഹിരാകാശം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
വര്‍ഷം
2014

തുടക്കം ഒരു സ്വപ്നത്തില്‍നിന്നായിരുന്നു.

കഴിഞ്ഞ മഴക്കാലത്ത്, വലിയൊരു കാറ്റിനെത്തുടര്‍ന്ന് വെളുക്കുവോളം മഴപെയ്ത ഒരു രാത്രി. ടൗണ്‍ഷിപ്പിന്റെ വളപ്പില്‍ ആകെയുണ്ടായിരുന്ന വന്‍മരം ഒടിഞ്ഞുവീണതാണ്, ഓര്‍മ്മയില്‍ ആ രാത്രിയുടെ അടയാളം.

അന്ന് സന്ധ്യയ്ക്കുതന്നെ ആകാശം ഒരു യുദ്ധക്കളംപോലെ കാണപ്പെട്ടിരുന്നു. കാര്‍മേഘക്കൂട്ടങ്ങള്‍ കലി കയറിയതുപോലെ പല ദിക്കുകളിലേക്കും പാഞ്ഞോടുകയും കണ്ണഞ്ചിപ്പിക്കുന്ന ഇടിമിന്നലുകളും കാതടപ്പിക്കുന്ന ഇടിയൊച്ചകളും കൂടെക്കൂടെ നടുക്കുകയും ചെയ്തുകൊണ്ടിരുന്നു. അന്തരീക്ഷമാകെ ഒരു രൗദ്രഭാവം പരന്നിരുന്നു. രാത്രിയുടെ സമയമാവും മുന്‍പേ ഇരുട്ടിനു കനമേറി. ഏതാണ്ട് ഏഴര മണിയോടടുത്തപ്പോള്‍ വഴിവിളക്കുകളെല്ലാം കെടുത്തിക്കൊണ്ട് ആ വലിയ കാറ്റ് ആഞ്ഞുവീശുകയും പ്ലേഗ്രൗണ്ടിന്റെ കോണില്‍ നിന്നിരുന്ന വലിയ വേപ്പുമരം വിനാശകരമായ ശബ്ദത്തോടെ ഒടിഞ്ഞുവീഴുകയും ചെയ്തു. തൊട്ടു പിന്നാലെ മഴ തുടങ്ങി.

ഫ്ലാറ്റില്‍ ഞാന്‍ ഒറ്റയ്ക്കായിരുന്നു. അന്ന മക്കളെയും കൂട്ടി അവളുടെ അമ്മയുടെ ഓര്‍മപ്രാര്‍ഥനയില്‍ പങ്കെടുക്കാന്‍ നാട്ടിലേക്കു പോയിരിക്കുകയായിരുന്നു. ഏറെക്കാലമായി നാടു കാണാന്‍ മോഹിച്ച് കഴിയുകയായിരുന്ന അമ്മയും രോഗങ്ങളൊക്കെ അവഗണിച്ച് അവരോടൊപ്പം പോയി.

ഒറ്റപ്പെടുമ്പോള്‍, രാത്രിയുടെ നിശബ്ദത ഏറുന്തോറും വര്‍ധിക്കാറുള്ള ഖിന്നതകളില്‍നിന്ന് ഒളിക്കാമെന്നാശിച്ച് നേരത്തേ ഉറങ്ങാന്‍ കിടന്നതാണ്. പക്ഷേ, മുറിയിലേക്ക് നിരന്തരം വീശിക്കൊണ്ടിരുന്ന ഇടിവാളുകള്‍ ഉറക്കം കെടുത്തിക്കൊണ്ടിരുന്നു. ഒടുവില്‍ വലിയ ഒച്ചയോടെ മഴ അതിശക്തിയായി പെയ്തുതുടങ്ങിയപ്പോള്‍ ഉറക്കം പിന്നെയും അകന്നുപോയി-വന്‍മഴകള്‍ പെയ്യുമ്പോള്‍ മഴയൊച്ചകള്‍ക്കപ്പുറത്ത് എന്തൊക്കെയോ തകരുകയും ആരൊക്കെയോ നിലവിളിക്കുകയും ചെയ്യുന്നതായ ഒരു തോന്നല്‍ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കും.

മഴയൊന്നു ശമിച്ചപ്പോഴാകാം മയക്കം പിടിച്ചതും സ്വപ്നം കണ്ടതും.

കുട ചൂടിയിട്ടും ആകെ നനഞ്ഞൊലിച്ച് ഞാന്‍ ആറ്റിറമ്പിലെ വലിയപള്ളിയിലേക്കുള്ള പിടിക്കെട്ടുകള്‍ ചവിട്ടിക്കയറിപ്പോകുന്നിടത്തു സ്വപ്നം തുടങ്ങി. വഴിയോരങ്ങളും താഴ്വാരങ്ങളും മഴയാല്‍ മറയ്ക്കപ്പെട്ടിരുന്നു. കുന്നിന്‍മുകളില്‍ വലിയപള്ളി മാത്രം ഒരുതരം ജ്വലിക്കുന്ന വെണ്മയോടെ ഉയര്‍ന്നുനിന്നു. പണ്ടെങ്ങോ കേട്ടു മറന്ന ഒരു ശബ്ദത്തിലായിരുന്നു കുര്‍ബാന. ഏത് അച്ചന്റേതായിരിക്കും ആ ശബ്ദം എന്നറിയാനുള്ള ജിജ്ഞാസയോടെയാണ് ഞാന്‍ പള്ളിയിലേക്കു കയറിയത്. അള്‍ത്താരയിലേക്കു നോക്കിയതും, അതു മരിച്ചുപോയ യോഹന്നാക്കത്തനാരാണെന്ന് ഞാന്‍ ഒരു നടുക്കത്തോടെ തിരിച്ചറിഞ്ഞു.

വല്ലാത്ത ഒരുള്‍ക്കിടിലത്തോടെ ഞാന്‍ പള്ളിയിലാകെ കണ്ണോടിച്ചു. പള്ളി ഒട്ടുമുക്കാലും വൃദ്ധജനങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നതായി ഞാന്‍ കണ്ടു. ഓരോരുത്തരെയും നോക്കുമ്പോള്‍ കണ്ട മുഖങ്ങളില്‍ ഒന്നൊഴിയാതെ എല്ലാം മരിച്ചവരുടേതാണെന്ന് ഞാന്‍ വിസ്മയത്തോടെ അറിഞ്ഞു. അള്‍ത്താരയിലേക്കു നീണ്ട കണ്ണുകളിലെല്ലാം മെഴുകുതിരിവെട്ടങ്ങള്‍ വീണ് തിളങങി, വരിവരിയായി നിരന്ന വിദൂരനക്ഷത്രങ്ങള്‍പോലെ കാണപ്പെട്ടു.

മരിച്ചവര്‍ക്കുവേണ്ടി മാത്രമായി നടത്തപ്പെടുന്ന ആ കുര്‍ബാനയില്‍ ഞാന്‍ ചെന്നുപെട്ടത് എങ്ങനെയാവാം എന്ന അന്ധാളിപ്പോടെ നിശ്ചേഷ്ടനായി നില്‍ക്കുമ്പോള്‍ മുന്നില്‍, വൃദ്ധന്മാരുടെ നാലഞ്ച് വരികള്‍ക്കപ്പുറത്ത് പണ്ടത്തെ പതിവുസ്ഥാനത്തുതന്നെ അപ്പന്‍ നില്‍ക്കുന്നതു കണ്ടു.

നെഞ്ചില്‍ ഒരു കുത്തേറ്റവനെപ്പോലെ ഞാന്‍ നിന്നുപോയി. അപ്പന്റെ മരണസമയത്ത് അടുത്തില്ലാതെപോയതിന്റെ ഖേദവും അപ്പന്‍ നടന്ന വഴികള്‍ വിട്ടുള്ള എന്റെ ജീവിതവും എന്നത്തെയുംകാളേറെ എന്നെ വ്യസനിപ്പിക്കുവാന്‍ തുടങ്ങി. കുര്‍ബാനശേഷം കണ്ടു മുട്ടുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആശങ്ക എന്റെ നെഞ്ചിനെ ഉലച്ചുകൊണ്ടിരുന്നു.

പുറത്തെ മഴ കുര്‍ബാനയുടെ പിന്നണിഗീതംപോലെയായിരുന്നു. കുര്‍ബാന തീരാറായപ്പോള്‍ അത് പെയ്തവസാനിച്ച് ഒറ്റത്തുള്ളികളുടെ വിഷാദസ്വരങ്ങളായി. ഒടുവിലത്തെ ആശീര്‍വാദവും തന്ന് യോഹന്നാകത്തനാര്‍ അള്‍ത്താരയ്ക്കു പിന്നില്‍ മറഞ്ഞപ്പോള്‍ ഞാന്‍ ഭയത്താലും കുറ്റബോധത്താലും വിറയ്ക്കുന്ന കാല്‍വയ്പുകളോടെ അപ്പന്റെ അടുത്തേക്കു നടന്നു. അന്യോന്യം സഹായിച്ച് സാവധാനം പള്ളിവാതില്‍ക്കലേക്ക് നീങ്ങിയ വൃദ്ധന്മാര്‍ക്കൊപ്പം അപ്പനും വാതിലോളമെത്തിയപ്പോഴാണ് ഞാന്‍ അടുത്തെത്തിയത്. ഇത്ര ഉദ്വേഗത്തോടെ തന്നെ തേടിയെത്തിയതാരാണെന്നറിയാന്‍ അപ്പന്‍ അമ്പരപ്പോടെ മുഖം തിരിച്ച് നരച്ച പുരികങ്ങള്‍ ചുളുക്കി എന്റെ മുഖത്തേക്കു സൂക്ഷിച്ചുനോക്കി. പെട്ടെന്ന്, വിറയ്ക്കുന്ന കൈകള്‍ എന്റെ നേരെ നീട്ടിയതോടൊപ്പം അടി തെറ്റി വാതില്‍പ്പടിയില്‍ തട്ടിവീഴാനൊരുങ്ങിയ അപ്പനെ ഞാന്‍ മുന്നോട്ടാഞ്ഞ് ഇരുകൈകളാലും താങ്ങിപ്പിടിച്ചു. അപ്പന്റെ കണ്ണില്‍നിന്നു ചൂടു വമിക്കുന്ന കണ്ണുനീര്‍ത്തുള്ളികള്‍ എന്റെ കൈത്തണ്ടയിലേക്ക് ഇറ്റുവീണുകൊണ്ടിരുന്നു. ചുണ്ടുകളുടെ വിതുമ്പലില്‍ പറയാനോങ്ങിയ വാക്കുകള്‍ തെന്നിത്തെന്നിപ്പോകുകയായിരുന്നോ?

പള്ളിമുറ്റത്തേക്കിറങ്ങാനൊരുങ്ങുമ്പോള്‍, പെട്ടെന്ന് എന്റെ കൈയിലെ പിടി അയഞ്ഞതും അപ്പന്‍ മുന്‍പേ പോയവര്‍ക്കൊപ്പം അദൃശ്യനായതും — ഞാന്‍ ഒരു ഞെട്ടലോടെ സ്വപ്നം വിട്ടുണര്‍ന്നു. പുറത്ത് ആര്‍ത്തലച്ച് മഴ പെയ്യുന്നുണ്ടായിരുന്നുവെങ്കിലും ഞാന്‍ വല്ലാതെ വിയര്‍ത്തിരുന്നു. നെഞ്ചിടിപ്പിന്റെ താളം തെറ്റിയിരുന്നു.

സ്വപ്നത്തില്‍നിന്നുള്ള വിടുതല്‍ നല്കിയ സാന്ത്വനത്താല്‍ ഞാന്‍ എന്നെ വീണ്ടെടുത്തുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുപോയവരുടെ നിശ്ചലമുഖങ്ങളും സ്നേഹദ്വേഷങ്ങളുടെ നഷ്ടാവശിഷ്ടങ്ങളും അവശേഷിപ്പിച്ച് പെയ്തൊഴിഞ്ഞു പോയ ഒരു വന്‍മഴപോലെ പഴയ കാലം എന്റെ മനസ്സില്‍ ഓര്‍മ്മകളുടെ ഒരു തടാകമായി പരക്കാന്‍ തുടങ്ങി.

നഗരത്തിലെ നാലു മുറി ഫ്ലാറ്റിനുവേണ്ടി ഞാന്‍ നഷ്ടപ്പെടുത്തിയ ആറ്റിറമ്പിലെ പഴയ വീട്, അപ്പന്റെ കൃഷിയിടങ്ങളായിരുന്ന വീടിനു മുന്നിലെ നെല്‍വയല്‍, പിന്നില്‍ തട്ടുകളായിത്തിരിച്ച കുന്നിന്‍ചെരുവ്, കുന്നിനെ ചുറ്റിയ ആറ്റിറമ്പിലെ ഗ്രാമപ്രകൃതി-ഇതെല്ലാം തെളിഞ്ഞു കാണാമായിരുന്ന പശ്ചാത്തലത്തില്‍ എന്നെത്തന്നെ നോക്കിക്കൊണ്ട് അപ്പന്റെ മുഖം... ഇറുക്കി അടച്ചു പിടിച്ച കണ്ണുകളാല്‍ ആ മുഖം എനിക്ക് അടുത്തു കാണാം-കണ്‍പോളകളില്‍ അല്പം മുമ്പു പള്ളിവാതില്‍ക്കല്‍വച്ചു കരഞ്ഞതിന്റെ കണ്ണുനീര്‍ ഉണങ്ങിപ്പിടിച്ചിരിക്കുന്നതുപോലും.

മരണശേഷം ഏഴു വര്‍ഷങ്ങള്‍ കഴിഞ്ഞ് അപ്പനെ അപ്രകാരം അടുത്തു കണ്ടത് എനിക്ക് ഒട്ടും സന്തോഷകരമായ ഒരനുഭവമായി തോന്നാത്തത് എന്തുകൊണ്ടാണെന്ന് ആ മുഖം നോക്കിക്കിടന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു. എന്നാല്‍, നോക്കിക്കിടക്കുന്തോറും എന്റെ അത്ഭുതം അകന്നുപോവുകയും അപ്പന്റെ നോട്ടം എന്നെ അസ്വസ്ഥനാക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ബോധ്യപ്പെടുകയും ചെയ്തു-അപ്പന്റെ ഇരുകണ്ണുകളിലും നിറയെ എന്നോടുള്ള സഹാനുഭൂതിയായിരുന്നു. ജീവിച്ചിരുന്നപ്പോള്‍ വാത്സല്യം വഴിയുന്ന കണ്ണുകളോടെ, പ്രതീക്ഷകളുടെ തിളക്കത്തോടെ എന്നെ എന്നും നോക്കിയിരുന്ന ആ കണ്ണുകളിലെ ഭാവമാറ്റം എന്നെ എങ്ങനെ അലട്ടാതിരിക്കും! എന്റെ അറിവിന്റെയും അഹങ്കാരത്തിന്റെയും കോട്ടകളെല്ലാം തകര്‍ത്ത് ആ നോട്ടം എന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നതായി എനിക്കു തോന്നി.

മുറിയില്‍, പെരുമഴയ്ക്കിടയിലെപ്പോഴോ അകപ്പെട്ടുപോയ ഏതോ ഒരു പ്രാണിയുടെ പിടച്ചില്‍ ഇടവിട്ടിടവിട്ട് കേള്‍ക്കാമായിരുന്നു. അതും തന്റെ ആത്മസംഘര്‍ഷത്തിന്‍റെ ആക്കം കൂട്ടി. മുകളില്‍ മുറുമുറുപ്പോടെ കറങ്ങുന്ന ഫാനിന്റെ ശബ്ദം ഏറെ അരോചകമായി തോന്നി.

കമുകിന്‍തലപ്പുകളും തെങ്ങോലകളുമൊക്കെ ഉലയുന്ന ഒച്ചകളോടെ വയലില്‍നിന്നു വീശിയിരുന്ന കാറ്റേറ്റ് ചാവടിയിലെ കയറ്റുകട്ടിലില്‍ കിടന്ന് ഉറങ്ങിയിരുന്ന അപ്പനെ ഞാന്‍ ഓര്‍മിച്ചുപോയി. ഇത്തരം മഴക്കാലങ്ങളില്‍ തൊടിയിലെ മണ്‍ഭവനങ്ങളില്‍നിന്നെത്തുന്ന ഈയലുകളും മൂളിപ്പറക്കുന്ന കുറ്റന്‍ വണ്ടുകളും മുറ്റത്തും ചാവടിയിലുമൊക്കെ ധാരാളമായി ചുറ്റിപ്പറന്ന് നടന്നിരുന്നു. കഴുക്കോലില്‍നിന്നു കെട്ടിത്തൂക്കിയ തുമ്പച്ചെടികള്‍ കൊതുകുകളെ അകറ്റിയിരുന്നുമില്ല. എന്നാല്‍ അപ്പന്റെ ഉറക്കത്തെ അതൊന്നും അലട്ടിയിരുന്നതേയില്ല. കട്ടിലിന്റെ തലയറ്റത്തു സൂക്ഷിച്ച ബൈബിളിനും മുറുക്കാന്‍ചെല്ലത്തിനുമടുത്തുവച്ചിരുന്ന പാട്ടവിളക്ക് ഊതിക്കെടുത്തിയാല്‍ പിന്നെ ഏറെ വൈകാതെ അപ്പന്റെ കൂര്‍ക്കം വലി കേട്ടിരുന്നു. ഉറക്കത്തില്‍ അത്രയേറെ ഒച്ചയുണ്ടാക്കുന്നതിന് അമ്മ അപ്പനോട് അനിഷ്ടത്തോടെ പരാതിപ്പെട്ടിരുന്നെങ്കിലും പകലത്തെ അധ്വാനത്തിന്റെ ക്ഷീണത്താലാണ് അപ്പന്‍ അങ്ങനെ ബോധമറ്റ് ഉറങ്ങുന്നതെന്ന് എന്നോട് അനുതാപത്തോടെ പറയുകയും ചെയ്തിരുന്നു. താഴത്തെ തൊടിയിലെ പുന്നമരത്തില്‍ ഉറങ്ങിയ കാക്കകള്‍ കൂട്ടരെ വിളിച്ചുണര്‍ത്തുംപോലെ കരഞ്ഞുതുടങ്ങുവോളം അപ്പന്‍ ഉറക്കം തുടര്‍ന്നു. ഉണര്‍ന്നുകഴിഞ്ഞാല്‍ കയറുകട്ടിലില്‍തന്നെ ഇരുന്നു മുന്നോട്ടും പിന്നോട്ടും ചെറുതായി ആടിക്കൊണ്ട് അപ്പന്‍ പാടുന്നു:

“മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാട്ടുകള്‍ പാടുന്നു...

മനമേ നീയും ഉണര്‍ന്നിട്ടേശുപരനെ...”

-മുന്‍വരിയിലെ ഇടത്തേപ്പല്ല് ഇളകിപ്പോയിടത്ത് നാവു തടഞ്ഞത് പാട്ടിലെ പദങ്ങള്‍ക്ക് കോട്ടംതട്ടിത്തുടങ്ങിയ കാലമാണ്, ഓര്‍മയില്‍ അപ്പന്റെ വാര്‍ധക്യത്തിന്റെ തുടക്കം.

അപ്പനെയും അപ്പന്റെ ജീവിതത്തെയുംപറ്റി അത്ര ഉള്ളലിവോടെ ഓര്‍മിച്ചിട്ട് ഏറെക്കാലമായിരുന്നതിനാലാവാം, ഓരോന്നോരോന്നോര്‍ത്ത് പുലരുവോളം ഞാന്‍ ഉറങ്ങാതെ കിടന്നു.

നിലത്തു കിടന്നു പിടച്ചിരുന്ന മഴപ്പാറ്റ ജനല്‍പ്പാളിയുടെ വിടവില്‍ തട്ടി പുറത്തേക്കു പറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് ഞാന്‍ കണ്ണുകള്‍ തുറന്നത്. പുറത്ത് ഇരുട്ടും വെട്ടവും കെട്ടിപ്പിടിച്ച് യാത്ര പറയുംപോലെ തോന്നി.

അശാന്തമായ ഒരു പകലിലേക്കാണ് ഉണര്‍ന്നിരിക്കുന്നതെന്ന്, ഒരു മുന്‍വിധിപോലെ ഞാന്‍ വിചാരിച്ചു. അങ്ങനെ ഒരു വിചാരം മനസ്സില്‍ കടന്നുകൂടുന്ന ദിവസങ്ങളില്‍ കൂടെക്കൂടെ അലട്ടിക്കൊണ്ട് അത് അവിടെത്തന്നെ കിടക്കാറാണ് പതിവ്-രാത്രി മുഴുവന്‍ മലര്‍ന്നുകിടന്നു പിടച്ചുകൊണ്ടിരുന്ന ആ മഴപ്പാറ്റയെപ്പോലെ.

കണ്ടത് ഒരു ദുഃസ്വപ്നമല്ലായിരുന്നുവെന്ന് ബോധ്യപ്പെടാന്‍ എത്ര ശ്രമിച്ചിട്ടും എനിക്കു കഴിഞ്ഞില്ല. ജീവിതത്തിന്റെ മറുകരയില്‍നിന്നുള്ള അപ്പന്റെ ആ നോട്ടം എന്നെ വല്ലാതെ വ്യാകുലപ്പെടുത്തിക്കൊണ്ടിരുന്നു. അപ്പന്റെ ദൃഷ്ടികള്‍ പതിച്ചിരുന്നത് എന്റെ മുഖത്തായിരുന്നില്ല. മനസ്സിന്റെ ഉള്‍ക്കൊണുകളോളമെത്തുന്ന തീക്ഷ്ണത ആ നോട്ടത്തിനുണ്ടായിരുന്നു. അപ്പന്‍ തന്റെ ജീവിതം ഏക പുത്രനായ എന്നെ ഏല്പിച്ചാണ് മരിച്ചതെന്നും ആ ജീവിതത്തെ താന്‍ ഇഷ്ടപ്പെടാത്ത ഇടങ്ങളില്‍ എത്തിച്ചതിനാലാണ് അത്രയേറെ അനുതാപത്തോടെ അപ്പന്‍ എന്നെ നോക്കിയതെന്നുമുള്ള തോന്നല്‍ എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരുന്നു.

ഓഫീസില്‍ എത്തിയിട്ടും എന്തെങ്കിലും ജോലിയില്‍ മുഴുകിയോ സഹപ്രവര്‍ത്തകരോടു സംസാരിച്ചിരുന്നോ മനോവിചാരങ്ങളെ മാറ്റിയെടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല. മുമ്പെങ്ങും തോന്നാത്തത്ര ആര്‍ദ്രതയോടെ ഞാന്‍ അപ്പന്റെയും എന്റെയും ജീവിതത്തെപ്പറ്റി പലതും ആലോചിച്ചുകൊണ്ടിരുന്നു.

കഠിനാദ്ധ്വാനത്തിന്റെ കഥയായിരുന്നു അപ്പന്റെ ജീവിതം. അപ്പനെയും ആറു സഹോദരങ്ങളെയും വെടിഞ്ഞ് ജീവിതത്തിന്റെ പാതിവഴിയില്‍വെച്ച് വലിയപ്പച്ചന്‍ മരിച്ചതോടെ അവരുടെ കഷ്ടതയുടെ നാളുകള്‍ തുടങ്ങി. അപ്പന്‍ തന്റെ എട്ടാം വയസ്സില്‍ ചേട്ടന്മാര്‍ക്കൊപ്പം ചുമടു ചുമന്ന്, ആറ്റിറമ്പിലെ കുന്നുകളും വയലുകളും കടന്ന് അക്കരച്ചന്തയിലേക്കു പോയിരുന്നത്, പത്താം വയസ്സില്‍ വലിയപള്ളിയിലെ പെരുന്നാളിന് കോഴിക്കച്ചവടത്തിനു പോയത്, പതിനാലാം വയസ്സില്‍ കന്നുപുട്ടിയത്... ആണ്ടില്‍ ഒരിക്കലോ മറ്റോ വീട്ടില്‍ വിരുന്നു വന്നിരുന്ന അപ്പന്റെ മൂത്ത പെങ്ങന്മാര്‍ ഓരോ വരവിലും ആ ബാല്യകാലാനുഭവങ്ങള്‍ ഓര്‍മപ്പെടുത്തിയിരുന്നു (ഒന്നിച്ചു കൂടുമ്പോള്‍ അവരുടെ പൂര്‍വകഥാകഥനങ്ങള്‍ പാതിരാക്കോഴി കൂവിക്കഴിഞ്ഞും നീണ്ടുനീണ്ടുപോയി... അവരവസാനിപ്പിക്കുന്നിടത്തുനിന്ന് അമ്മ തുടങ്ങി-വിവാഹം കഴിഞ്ഞു വീട്ടിലേക്കു വരുമ്പോള്‍ കുന്നിറങ്ങി വരുന്നവഴി ഇല്ലിക്കാടിനടുത്തുവച്ച് കാളവണ്ടി മറിയാനൊരുങ്ങിയത്. വീഴാനൊരുങ്ങിയ അമ്മയെ അപ്പന്‍ താങ്ങിപ്പിടിച്ചത്, ഒരു കൂരയുണ്ടാക്കുവാനുള്ള വൃഗ്രതയോടെ കപ്പവാട്ടിനും നെല്ലുപുഴുക്കിനുമൊക്കെ ഉറക്കംപോലും വെടിഞ്ഞ്, ഒന്നിച്ച് അദ്ധ്വാനിച്ചത്, ആ രാത്രികളില്‍ അകലെ പലയിടങ്ങളിലും ഭൂതങ്ങളെയും പ്രേതങ്ങളെയുമൊക്കെ കാണാമായിരുന്നത്...). ആറ്റിറമ്പിലെ വെള്ളപ്പൊക്കങ്ങളിലും കൃഷിനാശങ്ങളിലും മനംമടുത്തു ചേട്ടന്മാരൊക്കെ ഉറ്റവരോടൊപ്പം കിഴക്കന്‍ മലമ്പ്രദേശങ്ങളിലേക്കു കുടിയേറിപ്പോയപ്പോഴും ജനിച്ച നാടുവിട്ട് എങ്ങും പോകാന്‍ ഇഷ്ടപ്പെടാതെ അവിടെ ലഭിച്ച സന്തോഷങ്ങളില്‍ തൃപ്തിപ്പെട്ടു ജീവിച്ച അപ്പനോട് അവര്‍ക്കെല്ലാം പ്രത്യേക വാത്സല്യമായിരുന്നു. “ഇവനൊരുത്തനെങ്കിലുമുണ്ടല്ലോ അപ്പന്മാരുടെ മണ്ണുകാക്കാന്‍...” എന്ന് അപ്പനെ പ്രശംസിച്ച് അവര്‍ പറയാറുണ്ടായിരുന്നു. കിഴക്കന്‍ മലകള്‍ കയറിപ്പോയതോടെ കുടിയന്മാരും വഴക്കാളികളുമായി മാറിയ മറ്റു സഹോദരന്മാരില്‍നിന്നു ഭിന്നനായി അപ്പന്‍ ശാന്തനും ദുര്‍ന്നടപ്പുകളില്ലാത്തവനുമായിത്തീര്‍ന്നതു പൂര്‍വികരുടെ അനുഗ്രഹത്താലാണെന്നും അവര്‍ വിശ്വസിച്ചു.

വീടിനും വയലിനും പശുത്തൊഴുത്തിനും കൃഷിഭൂമിക്കുമൊക്കെ അപ്പുറത്തുള്ളതെല്ലാം അപ്പന് മറുലോകമായിരുന്നു. പഴയൊരു പാഠപുസ്തകത്തിലെ പാടിപ്പാടി പഠിച്ച പാട്ടുപോലെയായിരുന്നു അപ്പന്റെ ദിനചര്യകള്‍-പദങ്ങള്‍ മാറിയാലും ഒരേ ഈണവും താളവും സൂക്ഷിച്ച്... പക്ഷികളോടു ചേര്‍ന്നു പ്രഭാത ഗീതം പാടിയിട്ട് മുറ്റത്തേക്കിറങ്ങുന്ന അപ്പന്‍, വളര്‍ത്തുനായയെ അഴിച്ചുവിട്ട് തൊഴുത്തിനടുത്തെത്തികന്നുകാലികളുടെ ക്ഷേമവും തിരക്കിയിട്ട് കഴുക്കോലില്‍ നിന്നു കെട്ടിത്തൂക്കിയ തുരുമ്പിച്ച പാട്ടയില്‍നിന്ന് ഉമിക്കരിയും നുള്ളിയെടുത്ത് കാട്ടുകല്ലുകള്‍ കെട്ടിയുണ്ടാക്കിയ പടികളിറങ്ങി താഴത്തെ തൊടിയിലേക്കു പോകുന്നു (കുരുപ്പ കുത്തിക്കിടക്കുന്ന ആ വഴിയുടെ ഓര്‍മയ്ക്ക് നെടുകെയും കുറുകെയും ചാടിനടക്കുന്ന തവളക്കുഞ്ഞുങ്ങള്‍, പച്ചക്കുതിരകള്‍, വിട്ടിലുകള്‍...) തൊടിയിലെ തെങ്ങിന്‍ചുവടുകളും വാഴത്തോട്ടവും വരമ്പിറങ്ങി കുറച്ചു നടന്നാല്‍ എത്തുന്ന, വയല്‍ മുറിച്ചൊഴുകുന്ന കൈത്തോടുമൊക്കെയായിരുന്നു അപ്പന്റെ പ്രഭാതകൃത്യങ്ങളുടെ ഇടങ്ങള്‍. ഈ ചുറ്റിനടപ്പുകള്‍ക്കിടയില്‍ കിട്ടിയ, വീണു കിടക്കുന്ന ഉണക്കത്തേങ്ങയോ പഴുക്കടയ്ക്കകളോ വിളഞ്ഞുകിടന്ന കൈതച്ചക്കയോ ഒക്കെയായിട്ടാണ് അപ്പന്റെ തിരിച്ചുവരവ്. അതൊക്കെ അമ്മയെ ഏല്പിച്ച്, കിണറ്റുകരയില്‍ പോയി കൈകാലുകള്‍ കഴുകിയെത്തി തിണ്ണക്കോണില്‍ അമ്മ തയ്യാറാക്കിവച്ച ഒരു കോപ്പ കട്ടന്‍കാപ്പി കുടിച്ചു കഴിഞ്ഞാല്‍ അപ്പന്‍ തന്റെ പകലിലേക്കു പ്രവേശിക്കുകയായിരുന്നു. പശുത്തൊഴുത്തില്‍ കയറി പാല്‍ കറന്ന് അടുക്കളയിലെത്തിച്ചിട്ട് തൂമ്പകളും അരിവാളുമൊക്കെയെടുത്ത് കുന്നു കയറിക്കഴിഞ്ഞാല്‍ ആഹാരത്തിന്റെ നേരങ്ങളില്‍ മാത്രമേ അപ്പന്‍ പിന്നീടു വീട്ടിലുണ്ടാവൂ. തട്ടുകളായി തിരിച്ച അപ്പന്റെ കൃഷിയിടങ്ങളില്‍ കാലഭേദങ്ങളനുസരിച്ച് വിത്തുപാകലിന്റെയും കളപറിക്കലിന്റെയും തടമെടുപ്പിന്റെയും വളമിടലിന്റെയും വിളവെടുപ്പിന്റെയുമൊക്കെ ദിവസങ്ങള്‍ കാറ്റും മഞ്ഞും വെയിലുമൊക്കെയേറ്റ് കടന്നുപൊയ്ക്കൊണ്ടേയിരുന്നു.

സ്കൂള്‍ വിട്ടു വന്നാല്‍ അപ്പനെത്തേടി കുന്നു കയറിച്ചെന്നിരുന്ന എനിക്ക് ഇലപ്പടര്‍പ്പുകള്‍ക്കും കമ്പുകാലുകള്‍ക്കുമൊക്കെ ഇടയില്‍നിന്ന് അപ്പനെ കണ്ടെത്താന്‍തന്നെ ഏറെനേരം തപ്പിനടക്കേണ്ടി വന്നിരുന്നു. കിളയ്ക്കുന്നതിന്റെയോ ചുമയ്ക്കുന്നതിന്റെയോ ഒക്കെ ഒച്ചകളെ ലക്ഷ്യംവച്ച് ഒടുവില്‍ കപ്പത്തോട്ടത്തില്‍ എലികള്‍ മാന്തിയുണ്ടാക്കിയ കുഴികള്‍ മൂടിക്കൊണ്ടോ പശുക്കളെ തീറ്റാന്‍ പഴുത്തിലകള്‍ പറിച്ചുകൊണ്ടോ ചീനിമുളകുചെടികള്‍ക്കു പച്ചിലച്ചവറുകളിട്ടുകൊണ്ടോ കാച്ചിലിനും ചേനയ്ക്കുമൊക്കെ താങ്ങുകള്‍ നല്കിക്കൊണ്ടോ നില്‍ക്കുന്ന അപ്പനെ കണ്ടെത്തുന്നു. അതിനൊക്കെ അപ്പനെ സഹായിക്കാന്‍ ആവും വിധം മുതിര്‍ന്നവനായിട്ടും അപ്പന്‍ ആ പണികളൊന്നും ചെയ്യാന്‍ എന്നെ അനുവദിച്ചിരുന്നില്ല. ‘പോയിരുന്ന് പഠിച്ചോടാ കൊച്ചേ...’ എന്നാണ് അപ്പന്‍ എപ്പോഴും പറഞ്ഞിരുന്നത്. ‘ഒറ്റ മകനാണെന്നുവച്ച് ഇത്രയൊന്നും ലാളിക്കരുത്’ എന്ന പെങ്ങന്മാരുടെ ഉപദേശം കേട്ടാല്‍ വെറുതെ ചിരിച്ചിരുന്ന അപ്പന്‍, മകന്റെ പഠിക്കാനുള്ള സാമര്‍ത്ഥ്യത്തെ ആറ്റിറമ്പിലെ വാധ്യാന്മാര്‍ പ്രശംസിച്ചപ്പോള്‍ ഏറെ സന്തോഷത്തോടെ കേട്ടുനിന്നു. മെച്ചപ്പെട്ട ജീവിതം ആറ്റിറമ്പിനു പുറത്തെവിടെയോ ആയിരുന്നുവെന്ന് അപ്പന്‍ വിശ്വസിച്ചിരുന്നോ? ആറ്റിറമ്പിലെ ആദ്യകാല ബി.എസ്.സി.ക്കാരനായതുമുതല്‍ മത്സരപ്പരീക്ഷകള്‍ക്കായി പട്ടണത്തിലേക്കു പോയിരുന്ന ഓരോ യാത്രയിലും പുലര്‍ച്ചവണ്ടി കയറ്റിവിടാന്‍ ചൂട്ടുകറ്റ കത്തിച്ചു വെളിച്ചം കാണിച്ച് അപ്പന്‍ മുമ്പേ നടന്നിരുന്നതു വലിയ ഉത്സാഹത്തോടെയായിരുന്നു.

നഗരനിര്‍മ്മാണവകുപ്പിലാണ് എനിക്കു ജോലി കിട്ടിയതെന്നറിഞ്ഞ ദിവസം ആഹ്ലാദവര്‍ത്തമാനമറിയിക്കാന്‍ നാടെങ്ങും ചുറ്റിനടന്ന അപ്പന്‍ എത്ര സന്തോഷവാനായിട്ടാണ് മടങ്ങിയെത്തിയത്! ജോലിയില്‍ ചേരാനുള്ള യാത്രയില്‍ ഭാരമേറിയ പെട്ടി നാല്‍ക്കവലയെത്തുവോളം ചുമന്നത് അപ്പന്‍ തന്നത്താനായിരുന്നു- ഇടയ്ക്ക് ഒന്നു കൈമാറി പിടിക്കാന്‍പോലും എന്നെ അനുവദിക്കാതെ.

നഗരം മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന ദേവദാരു പ്രോജക്ടിന്റെ ചുമതലയാണ് എന്നെ ഏല്പിക്കുന്നത് എന്നറിയിച്ച ശേഷം. അന്നത്തെ പ്രോജക്ട്‌ഡയറക്ടർ ബയോഡേറ്റയില്‍നിന്ന് അപ്പന്‍ ഒരു കൃഷിക്കാരനാണെന്നതു ശ്രദ്ധിച്ച് ‘അപ്പനെപ്പോലെ നിങ്ങളും ഒരു കൃഷിക്കാരനാവുക-നഗരത്തിലെ കൃഷിക്കാരന്‍..’ എന്ന് പാതി തമാശയുടെ ചിരിയോടെ പറഞ്ഞപ്പോഴാണ് അപ്പനില്‍നിന്നും എന്നിലേക്കുള്ള അകലം ഒരുപക്ഷേ, ഞാന്‍ ആദ്യമായി അളന്നുനോക്കിയത്.

നഗരത്തിലെ പാതയോരങ്ങളില്‍ നില്‍ക്കുന്ന പഴയ തണല്‍മരങ്ങളെല്ലാം വെട്ടിനീക്കി ദേവദാരുമരങ്ങള്‍ വച്ചുപിടിപ്പിക്കുന്ന ജോലിയാണ് എനിക്കു നല്കപ്പെട്ടിരിക്കുന്നതെന്ന് അപ്പനെ പറഞ്ഞു മനസ്സിലാക്കുമ്പോള്‍, അപ്പനും തന്റെ ഉള്ളില്‍ അതേ അകലം അളന്നുനോക്കുകയായിരുന്നുവെന്ന് എനിക്കു തോന്നി. ഓരോ മരവും തരുന്ന തണലുകള്‍ തമ്മില്‍ എന്താണ് വ്യത്യാസം എന്ന സംശയം തന്റെ അറിവുകുറവിനാല്‍ തോന്നുന്നതാവാം എന്നു കരുതിയാവണം. എന്തോ ചോദിക്കാനൊരുമ്പെട്ടിട്ട് വേണ്ടെന്നുവച്ചിട്ട് അപ്പന്‍ അന്ന് അതെല്ലാം വെറുതെ മൂളിക്കേട്ടതേയുള്ളു.

അതുവരെ കേട്ടറിവുപോലുമില്ലാതിരുന്ന ദേവദാരുമരങ്ങള്‍ കാണാന‍് അപ്പന്‍ ഏറെ ആഗ്രഹിച്ചിരുന്നു. നാട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ആദ്യകുശലാന്വേഷണങ്ങള്‍ക്കുശേഷം അപ്പന്‍ ദേവദാരുമരങ്ങളെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്നു. കേന്ദ്രാനുമതി കാത്തിരുന്ന പ്രോജക്ട് നടപ്പാക്കാന്‍ കാലതാമസം ഏറുംതോറും അപ്പന്റെ താത്പര്യം കുറഞ്ഞ്, ഒടുവിലൊടുവില്‍ അപ്പന്‍ അതേപ്പറ്റി

ഒന്നും ചോദിക്കാതായി. നിര്‍മ്മാണത്തിലിരിക്കുന്ന മലയോരനഗരം കാട്ടാന്‍ വിളിച്ചപ്പോഴും ആദ്യം സമ്മതിക്കുമെങ്കിലും യാത്രയുടെ തലേരാത്രി ‘അല്ലെങ്കില്‍ ഞാന്‍ വരുന്നില്ലെടാ കുഞ്ഞേ’ എന്നു പറഞ്ഞ് അപ്പന്‍ പിന്‍വലിയുകയായിരുന്നു പതിവ്.

അന്നയുമായുള്ള അടുപ്പത്താല്‍, പില്‍ക്കാലങ്ങളില്‍ നാട്ടിലെത്തിയാലും എന്റെ മനസ്സ് നഗരത്തിലെ ഞങ്ങളുടെ കൂടിക്കാഴ്ചകളുടെ ഇടങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതുപോലെയായിരുന്നു. അപ്പനമ്മമാരുമായി ഒന്നിച്ചിരുന്നു പറയാന്‍ വിഷയങ്ങളോ വിശേഷങ്ങളോ ഏറെയൊന്നുമില്ലാതെ ഞാന്‍ മിക്കവാറും എന്റെ സ്വകാര്യങ്ങളിലേക്കു പിന്‍വലിഞ്ഞ ആ കാലത്ത്, ഞങ്ങള്‍ക്കിടയില്‍ ഒരു മഞ്ഞുമല വളര്‍ന്നുകൊണ്ടിരുന്നത് ഞാനറിഞ്ഞു. ഓരോ മടക്കയാത്രയിലും യാത്ര പറയുമ്പോള്‍ ദൃഷ്ടികള്‍ എന്റെ മുഖത്തുറപ്പിക്കാന്‍ അപ്പന്‍ പാടുപെട്ടിരുന്നു.

ദേവരാരു പ്രോജക്ടിന്റെ കാലതാമസം എന്റെ ജീവിതത്തിലുണ്ടാക്കിയത് എന്തെല്ലാം മാറ്റിമറിച്ചിലുകളായിരുന്നു! പ്രോജക്ടിന്റെ അനുമതി അത്രയേറെ വൈകിയില്ലായിരുന്നുവെങ്കില്‍ അന്നയും ഞാനും ജീവിതപങ്കാളികളാവില്ലായിരുന്നുവെന്നും വെറും സഹപ്രവര്‍ത്തകള്‍ മാത്രമായിരുന്നേനെയെന്നുമാണ് എന്റെ വിശ്വാസം. അനുമതിക്കായി കാത്തിരുന്ന നാലു വര്‍ഷത്തോളംകാലം ചെയ്യാന്‍ വേണ്ടത്ര ജോലിയില്ലാതെ ഞങ്ങള്‍ കസേരകളില്‍ വെറുതെയിരുന്ന് മുഷിയുകയായിരുന്നു. ഞങ്ങളുടെ മുന്‍ഗാമികളാരോ തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ടിനെ സംബന്ധിച്ചു വല്ലപ്പോഴുമൊരിക്കല്‍ ഡയറക്ടറേറ്റില്‍നിന്നെത്തിയ ചോദ്യങ്ങള്‍ക്ക് മറുപടി അയച്ചുകഴിഞ്ഞാല്‍ തീരുന്നതായിരുന്നു ഞങ്ങളുടെ ജോലി. വിരസതയകറ്റാന്‍ ഞങ്ങള്‍ പരസ്പരം പറഞ്ഞുതുടങ്ങിയ ചെറിയ ചെറിയ നേരമ്പോക്കുകളില്‍നിന്നാണ് വിവാഹത്തോളമെത്തിയ ഞങ്ങളുടെ ബന്ധത്തിന്റെതുടക്കം.

ഞങ്ങളുടെ വിവാഹനിശ്ചയത്തെത്തുടര്‍ന്ന് ഏറെ വൈകാതെ പ്രോജക്ടിന്റെ അനുമതി ലഭിച്ചപ്പോള്‍ ആ യാദൃച്ഛികതയെ ഭാഗ്യലക്ഷണമായി വ്യാഖ്യാനിച്ച് ഞങ്ങള്‍ ഏറെ ആഹ്ലാദിക്കുകയും ചെയ്തു. ദേവദാരുമരങ്ങളുടെ ഏറ്റവും പുഷ്ടിയുള്ള തൈകള്‍ തിരഞ്ഞും അനുകൂല കാലാവസ്ഥകള്‍ ഏതേതെന്നു പഠിക്കാനും രാസവളങ്ങളുടെ ഗുണനിര്‍ണയത്തിനുമൊക്കെയായി ഒന്നിച്ചു നടത്തിയ ദീര്‍ഘയാത്രകളാണ് ഞങ്ങളുടെ മധുവിധുകാലത്തെ അത്രയേറെ മനോഹരമാക്കിയതും. പ്രകീര്‍ത്തിക്കപ്പെടുന്ന സുഖവാസനഗരങ്ങളായ പര്‍വതനഗരങ്ങളേറെയും ഞങ്ങള്‍ സന്ദര്‍ശിച്ചു. തടാകതീരങ്ങളില്‍ നിരനിരയായി നില്ക്കുന്ന ദേവദാരുമരങ്ങള്‍ക്കിടയിലെ ഒറ്റയടിപാതകളിലൂടെ ഞങ്ങള്‍ കൈകോര്‍ത്തു പിടിച്ചു നടന്നു. തടാകങ്ങളില്‍ ദീര്‍ഘമായ തോണിയാത്രകള്‍ നടത്തി. തീവ്രവര്‍ണങ്ങളുള്ള പൂക്കള്‍ വിടരുന്ന പൂന്തോട്ടങ്ങളില്‍ സായാഹ്നഭംഗികള്‍ ആസ്വദിച്ച് ഇരുന്നു. നട്ടുച്ചകളില്‍പോലും തണുപ്പകലാത്ത മുറികളില്‍ കെട്ടിപ്പിടിച്ചു കിടന്നു.

ഉന്മാദത്തിന്റേതായിരുന്ന ആ കാലം കഴിഞ്ഞ് ആര്‍ഭാടങ്ങളുടേതായിരുന്ന ഞങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ അടുത്ത ഘട്ടത്തെ ഓര്‍മിക്കുമ്പോഴെല്ലാം മനസ്സിലെത്തുന്ന ഒരു ചിത്രമുണ്ട്. വിലക്കപ്പെട്ട കനി ഭക്ഷിച്ച ശേഷം പിടിക്കപ്പെടാന്‍ പോകുന്നുവെന്നറിഞ്ഞപ്പോള്‍ ഭയന്നുനില്‍ക്കുന്ന ആദം-ഹവ്വമാരുടെ ആ പരിചിത ചിത്രം. പാതയോരത്തെ കൂറ്റന്‍ തണല്‍മരങ്ങല്‍ വെട്ടിവിറ്റ കരാറുകളെച്ചൊല്ലി പരാതികള്‍ ഉയര്‍ന്ന് അന്വേഷണങ്ങള്‍ ആരംഭിച്ച ഘട്ടത്തില്‍ എന്റെ മനസ്സിലേക്കു കടന്നുകൂടിയ ആ ചിത്രം എത്രയോ രാത്രികളിലെ ഉറക്കം കെടുത്തി. ആ നാളുകളിലെല്ലാം അതിശയിപ്പിക്കുന്നത്ര മനഃസംയമനത്തോടെ ഏറെ ആലോചിച്ച് വളരെ ശ്രദ്ധയോടെ മരങ്ങളുടെ എണ്ണത്തിലും വണ്ണത്തിലും അന്ന നടത്തിയ തിരുത്തലുകളാണ് ഞങ്ങളുടെ ജീവിതവഞ്ചിയെ ആ വലിയ ആടിയുലച്ചിലില്‍ നിന്നു രക്ഷിച്ചത്. ടൗണ്‍ഷിപ്പിലെ ഫ്ലാറ്റും മറ്റു സ്വത്തുക്കളും സമ്പാദിക്കുവാന്‍ ഉപയോഗിച്ച വരുമാനത്തെ ന്യായീകരിക്കാന്‍ ആറ്റിറമ്പിലെ വീടും പറമ്പും വില്‍ക്കുവാന്‍ ഉപദേശിച്ചതും അന്നയായിരുന്നു.

അന്ന്, തിരുത്തപ്പെട്ട രേഖകള്‍ അടക്കം ചെയ്ത വിശദീകരണ റിപ്പോര്‍ട്ട് കേന്ദ്രത്തിലേക്ക് അയച്ച ദിവസം ഞാന്‍ അന്നയോടു പഴയൊരു കഥ പറഞ്ഞു: പട്ടണത്തിലെ ചന്തയില്‍നിന്നു കണക്കുതെറ്റി അധികം കിട്ടിയ നാലു രൂപതിരികെ ഏല്പിക്കാന്‍ ഉച്ചവെയിലിനെ കൂസാതെ അഞ്ചു മൈല്‍ നടന്നു വീണ്ടും ചന്തയിലേക്കു പോയ അപ്പന്റെ കഥ.

കഥ കേട്ട് വെറുതെ ഒന്നു ചിരിച്ചിട്ട് അടുക്കളയിലേക്കു പോയതല്ലാതെ അന്ന ഒന്നും പ്രതികരിച്ചില്ല. അല്ലെങ്കിലും പൂര്‍വകാല സ്മരണകള്‍ക്ക് അന്ന വലിയ വിലയൊന്നും കല്പിക്കാറില്ല. ഓരോ ദിവസവും തലേദിവസത്തെ മറക്കാനുള്ള അവളുടെ കഴിവ് എന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

അന്ന എന്നല്ല, നഗരവാസികള്‍ ഏറെയും ഓര്‍മ്മകള്‍ കുറഞ്ഞവരാണെന്നും എനിക്കു തോന്നിയിട്ടുണ്ട്. അതുകൊണ്ടു മാത്രമല്ലേ മറ്റെല്ലാം മറക്കപ്പെടുന്നത്ര വേഗത്തില്‍ത്തന്നെ തണല്‍മരങ്ങളെയും അവര്‍ മറന്നത്. ഇരുമ്പുകൂടുകളുടെ സംരക്ഷണത്തില്‍ വഴിയോരങ്ങളിലുടനീളം നട്ടുപിടിപ്പിക്കപ്പെട്ട ദേവദാരുതൈകള്‍ ആദ്യ മഴക്കാലത്തു തളിരിട്ടതോ പിന്നെ പരിപാലനതന്ത്രങ്ങളൊന്നും ഫലപ്രദമാകാതെ വര്‍ഷങ്ങളോളം മുരടിച്ചുനിന്നതോ ഒടുവില്‍ കഴിഞ്ഞ വേനല്‍ക്കാലത്ത് ഒന്നാകെ ഉണങ്ങിക്കരിഞ്ഞുപോയതോ നഗരനിര്‍മാണവകുപ്പിനു പുറത്ത് അധികമാരും അറിഞ്ഞതേയില്ല.

പരാജയകാരണങ്ങള്‍ ഇനിയും പഠിച്ചുതീരാത്ത ദേവദാരു പ്രോജക്ട് ഉപേക്ഷിക്കുന്നതോടൊപ്പം തന്നെയാവാം, നഗരനിര്‍മാണവകുപ്പിലെ എന്റെ സേവനകാലം അവസാനിക്കുന്നതും. അവസാന ജോലിദിവസത്തിനൊടുവില്‍ നഗര നിര്‍മാണവകുപ്പിലെ എന്റെ സഹപ്രവര്‍ത്തകര്‍ എന്നെ വീട്ടിലേക്ക് അനുഗമിക്കുമ്പോള്‍ പാതയോരത്തെ ഉണങ്ങിയ ദേവദാരുക്കള്‍ അസ്ഥികുടങ്ങളെപ്പോലെ ചിരിക്കുന്ന ഒരു ദൃശ്യം എന്നെ ഭയപ്പെടുത്തിത്തുടങ്ങിയിട്ടുണ്ട്.

ദേവദാരുക്കളെ രക്ഷിക്കാനുള്ള അവസാന ശ്രമങ്ങള്‍ക്കിടയിലായിരുന്നു അപ്പന്റെ മരണം. കൂടെക്കൂടെ എത്തിയിരുന്ന അമ്മയുടെ കത്തുകളില്‍ അക്ഷരത്തെറ്റുകള്‍ ഏറെയായിരുന്നെങ്കിലും അപ്പന്റെ അസ്വാസ്ഥ്യങ്ങളുടെ വിവരണങ്ങളില്‍ അടുത്തടുത്തുവരുന്ന ആ അനിവാര്യതയുടെ സൂചനകള്‍ ഉണ്ടായിരുന്നു. പറമ്പിന്റെ അതിരുകളില്‍ നിന്ന് പറിച്ചെടുക്കുന്ന ഒറ്റമൂലിച്ചെടികള്‍ക്ക് ഭേദമാക്കാന്‍ പറ്റാത്ത അസുഖങ്ങള്‍ ഒന്നുംതന്നെ അപ്പനെ അതുവരെ ബാധിച്ചിട്ടില്ലാത്തതിനാല്‍ ഇത്തവണയും ആ അത്ഭുതസസ്യങ്ങളും ഏറിവന്നാല്‍ രാമക്കണി

യാരുടെ ഇടപെടലും ചേര്‍ന്ന് അപ്പന്റെ ആയുസ്സിനെ ദീര്‍ഘിപ്പിക്കും എന്ന വിശ്വാസത്തോടെ നാട്ടിലേക്കുള്ള യാത്ര പല തവണ മാറ്റിവച്ചു.

എന്റെ വിശ്വാസത്തിന്റെ വ്യര്‍ത്ഥതയറിയിച്ച് അപ്പന്റെ മരണവാര്‍ത്തയെത്തുമ്പോള്‍ ദുഃഖത്തെക്കാളേറെ പശ്ചാത്താപത്തോടെയാണ് അതു സ്വീകരിച്ചത്.

വീട്ടിലെത്തിയപ്പോള്‍ അപ്പന്റെ മൃതശരീരം ഏറെ തണുത്തുകഴിഞ്ഞിരുന്നു. കുന്നോരം ചേര്‍ന്നുപോകുന്ന വെട്ടുവഴിയിലൂടെ വലിയ പള്ളിയിലേക്കുള്ള ശവഘോഷയാത്രയ്ക്കിടയില്‍, ഇലക്കൂട്ടങ്ങൾക്കിടയില്‍ അപ്പനെത്തേടി നടന്ന പഴയകുട്ടി ഉള്ളിലിരുന്ന് ഏങ്ങലടിച്ചു കരഞ്ഞു.

എന്റെ മുഖത്തിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ആ പഴയകുട്ടിതന്നെയാവും പെരുമഴയില്‍ മരിച്ചുപോയ അപ്പനെത്തേടി വലിയപള്ളിയുടെ പടിക്കെട്ടുകള്‍ വലിഞ്ഞുനടന്നു കയറിയത്.

ഓഫീസില്‍ വെറുതെയിരുന്നു കഴിച്ചുകൂട്ടിയ അന്നത്തെ പകല്‍ മുഴുവന്‍ ആ കുട്ടിയുടെ മനസ്സോടെയാണ് ഞാന്‍ കഴിച്ചുകൂട്ടിയതും.

ഡോക്ടറുടെ കര്‍ശനമായ വിലക്കുകളും അന്നയുടെ ആവര്‍ത്തിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും ഉണ്ടായിരുന്നെങ്കിലും ആ വൈകുന്നേരം എനിക്കു മദ്യപിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. ഓഫീസ് വിട്ടതും സ്കൂട്ടറെടുത്തു നഗരത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ബാറിലേക്കാണ് ഞാന്‍ പോയത്. ബാറിന്റെ പിന്‍കോണിലെ ജനാലയ്ക്കരികില്‍ ഒരാള്‍ക്കിരിക്കാന്‍ പാകത്തിലുള്ള മേശ-കസേരകള്‍ ഞാന്‍ തിരഞ്ഞെടുത്തു. ഒരിടവേളയ്ക്കു ശേഷം കണ്ടതിന്റെ പ്രത്യേക സന്തോഷം പ്രകടിപ്പിച്ച് ബെയറര്‍ അടുത്തുവന്നു. ഏറെ കാത്തിരിക്കാതെതന്നെ മുന്നിലെത്തിയ ഇഷ്ടപ്പെട്ട മദ്യത്തിന്റെ രുചി എന്റെ ഉള്ളിനെ തണുപ്പിച്ചു. മനസ്സിലെ പിരിമുറുക്കം അയഞ്ഞയഞ്ഞുപോയതായി തോന്നിയപ്പോള്‍ അനല്പമായ ആശ്വാസത്തോടെ ഞാന്‍ ജനാലയുടെ പുറത്തേക്കു നോക്കി. അപ്പോള്‍, എന്നെ അടിമുടി നടുക്കിക്കൊണ്ട് ജനാലയ്ക്കു പുറത്ത് ഞാന്‍ എത്രയോ തവണ കണ്ടുപഴകിയ ഫാക്ടറി ഗോഡൗണിന്റെ സ്ഥാനത്ത് ആറ്റിറമ്പിലെ അപ്പന്റെ കൃഷിയിടമായിരുന്ന ആ കുന്നിന്‍ചരിവാണ് ഞാന്‍ കണ്ടത്. സന്ധ്യയിലെ ചാഞ്ഞ വെയില്‍ വീണ് തളിരിലകള്‍ ഹരിതശോഭയോടെ തിളങ്ങി. ഇരുട്ടിലകപ്പെട്ട ഒരു ശിശുവിനെപ്പോലെ ആ കാഴ്ചയിലേക്ക് ഞാന്‍ ഭയത്തോടെ നോക്കിയിരിക്കെ ഇലക്കൂട്ടങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് അപ്പന്‍ ഇറങ്ങിവന്നു. ചെമ്മണ്ണു പുരണ്ടതോര്‍ത്തുമുണ്ടും കൈയിലെ കോലന്‍തൂമ്പയുമായി നടന്നു വരുന്ന എന്റെ ബാല്യകാലത്തെ അപ്പനായിരുന്നു അത്. തോട്ടത്തിനു പുറത്തെത്തിയ അപ്പന്‍ വൈകുന്നേരത്തെ സുഖകരമായ കാറ്റുവീശിക്കൊണ്ടിരുന്ന ആ വെളിമ്പ്രദേശത്ത് വിയര്‍പ്പുചാലുകള്‍ ഒഴുകുന്ന ശരീരം ഉണക്കുവാനെന്നോണം സാവധാനം ക്ഷീണിതനായി ഇരുന്നു. എന്നിട്ട്, തൂമ്പ അരികില്‍ കുത്തിച്ചാരി നിര്‍ത്തി ചുറ്റും നോക്കവേ ജനാലയ്ക്കരികില്‍ അപ്പനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്ന എന്റെ മുഖം അപ്പന്റെ ദൃഷ്ടിയില്‍പെട്ടു. പെട്ടെന്ന് ഒരു കഠിന വ്യസനം അപ്പന്റെ മുഖത്തെ മൂടിയതായും ഞാന്‍ കണ്ടു. തലേന്നത്തെ സ്വപ്നത്തില്‍ കണ്ട അതേമുഖംതന്നെ ഞാന്‍ വീണ്ടും കാണുകയായിരുന്നു. അപ്പന്റെ വിറയ്ക്കുന്ന ചുണ്ടുകള്‍ ഉള്ളില്‍ അടക്കിപ്പിടിച്ച സങ്കടം പുറത്തറിയിച്ചുകൊണ്ടിരുന്നു.

വെയിലത്തു പെയ്യുന്ന മഴപോലെ ഉണര്‍ച്ചയില്‍ ഞാന്‍ കണ്ടു കൊണ്ടിരുന്ന ആ സ്വപ്നം എന്നെ വിഭ്രമിപ്പിച്ചുകൊണ്ടിരിക്കേ കൈയിലിരുന്ന മദ്യഗ്ലാസ് ഞാനറിയുംമുമ്പ് എന്റെ പിടിവിട്ടു മേശയിലേക്കും പൊടുന്നനേ നിലത്തേക്കും വീണു പൊട്ടിച്ചിതറി.

ബാറിനുള്ള ലഹരിയില്‍ താഴ്ന്ന കണ്ണുകളെല്ലാം എനിക്കു നേരെതിരിഞ്ഞു. വേഗം നടന്നെത്തിയ ബെയറര്‍ പൊട്ടിയ ഗ്ലാസ്സിന്റെ കഷണങ്ങള്‍ പെറുക്കിക്കൂട്ടാന്‍ തുടങ്ങി.

പരിഹാസം കലര്‍ന്ന കുറെയേറെ നോട്ടങ്ങളെ നേരിടേണ്ടിവന്നെങ്കിലും ഗ്ലാസുടഞ്ഞപ്പോള്‍ ലഭിച്ച പരിസരബോധം അപ്പന്റെ ദൃഷ്ടിയില്‍ നിന്ന് എന്നെ രക്ഷിച്ചതില്‍ ഞാന്‍ ആശ്വസിക്കുകയായിരുന്നു.

പുറത്തെത്താനുള്ള വെമ്പലില്‍, പൊട്ടിയ ഗ്ലാസ്സിന്റെ വില കണക്കാക്കി, അതുകൂടി ചേര്‍ത്ത പണം ബില്ലിനോടൊപ്പം വച്ച് ഞാന്‍ ബാര്‍ വിട്ടുപോന്നു. പലപ്പോഴും അകത്തേക്കു പോകുമ്പോള്‍ ഒരു രക്ഷാമാര്‍ഗമായി തോന്നിയിട്ടുള്ള മദ്യശാലയുടെ വാതില്‍ അന്നു പുറത്തേക്കിറങ്ങുമ്പോഴാണ് ആ തോന്നല്‍ നല്കിയത്.

മനസ്സിലെ ചാഞ്ചല്യങ്ങളാല്‍ ശ്രദ്ധ നഷ്ടപ്പെട്ടെങ്കിലോ എന്നു ഭയന്ന്, നഗരത്തിലെ പ്രധാന പാതകള്‍ വിട്ട് പ്രാന്തപ്രദേശങ്ങളിലെ വിജനമായ വഴികളിലൂടെയാണ് ഞാന്‍ ഫ്ലാറ്റിലേക്കു മടങ്ങിയത്.

ടൗണ്‍ഷിപ്പിലെത്തുമ്പോള്‍ പവര്‍കട്ടിന്റെ സമയമായിരുന്നു. മഴച്ചാറ്റലുണ്ടായിരുന്നെങ്കിലും പുറത്തെ അന്തിവെളിച്ചം തീര്‍ത്തു മാറിയിട്ടുണ്ടായിരുന്നില്ല. എന്നാല്‍ ഫ്ലാറ്റിലേക്കുള്ള പടിക്കെട്ടു വല്ലാതെ ഇരുണ്ടു കിടന്നു. ഭിത്തിമേല്‍ കൈ താങ്ങി പടികള്‍ ശ്രദ്ധാപൂര്‍വം കയറുമ്പോള്‍ താഴത്തെ ഫ്ലാറ്റിലെ വളര്‍ത്തുനായ എന്നെ നോക്കി കുരയ്ക്കുന്നുണ്ടായിരുന്നു.

ദീര്‍‍ഘയാത്ര കഴിഞ്ഞെത്തിയ ഒരു സഞ്ചാരിയെപ്പോലെ അവശനായാണ് ഞാന്‍ ഫ്ലാറ്റിന്റെ വാതില്‍ തുറന്നതും അതു വേഗംതന്നെ അകത്തുനിന്നു പൂട്ടി, ഇരുട്ടാണെങ്കിലും ലക്ഷ്യം തെറ്റാതെ നടന്നു പോയി കിടക്കയിലേക്കു വീണതും.

കണ്ണുകള്‍ അടയ്ക്കണോ തുറന്നുതന്നെ പിടിക്കണോ എന്ന സന്ദേഹം മാത്രമായിരുന്നു എന്റെ മനസ്സില്‍. കണ്ണുകളടച്ചാല്‍, മയക്കത്തിലേക്കു വീണ് ഇന്നലെ കണ്ടതുപോലെ മറ്റൊരു ദുഃസ്വപ്നം എന്നെ തേടിയെത്തിയെങ്കിലോ എന്ന ഭയം. കണ്ണുകള്‍ തുറന്നുപിടിച്ചാല്‍ മദ്യശാലയിലിരുന്ന് ഉണര്‍ച്ചയില്‍ കണ്ട സ്വപ്നംപോലെ മറ്റൊന്ന്?

ഉറക്കവും ഉണര്‍ച്ചയും വേര്‍തിരിച്ചറിയാതെ എല്ലാ ഓര്‍മ്മകളെയും ഭയന്ന് പാതിബോധാവസ്ഥയില്‍ കഴിച്ചുകൂട്ടിയ ആ രാത്രിമുതല്‍ക്കാണ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ഓരോന്നായി എനിക്ക് അനുഭവപ്പെട്ടുതുടങ്ങിയത്.