close
Sayahna Sayahna
Search

വെര്‍ജിലിന്റെ മരണം


വെര്‍ജിലിന്റെ മരണം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ മലയാളം
വര്‍ഷം
1987
മാദ്ധ്യമം പ്രിന്റ് (ഹാർഡ്‌ബാക്)
പുറങ്ങള്‍ 624 (ആദ്യ പതിപ്പ്)

Externallinkicon.gif എം കൃഷ്ണന്‍ നായരുടെ പ്രബന്ധങ്ങള്‍

ക്രിസ്തുവര്‍ഷം 1945-ന് വിശ്വസാഹിത്യത്തില്‍ സവിശേഷപ്രാധാന്യമുണ്ട്. ആ സംവത്സരത്തിലാണ് ഹെര്‍മന്‍ ബ്രോക്കിന്റെ ‘ദ് ഡത്ത് ഓഫ് വെര്‍ജില്‍’ (വെര്‍ജിലിന്റെ മരണം.) എന്ന നോവല്‍ പ്രസാധനം ചെയ്തത്. ആ ജര്‍മ്മന്‍ നോവലിന്റെ നിരതിശയസൗന്ദര്യം കണ്ട് ഉജ്ജ്വലപ്രതിഭാശാലികള്‍പോലും വിസ്മയിച്ചു. ഈ ശതാബ്ദത്തിലെ മഹാനായ കലാകാരനാണല്ലോ തോമസ് മന്‍. അദ്ദേഹം അതിനെക്കുറിച്ച് പറഞ്ഞതു കേള്‍ക്കുക: “His ‘Sleep Walkers’, is an admirable work. And I consider his ‘Virgil’ one of the most extra ordinary and profound experiments ever” to have been under taken with the flexible medium of the novel ബ്രോക്കിന്റെ Sleep walkers എന്ന നോവല്‍ അഭിനന്ദനാര്‍ഹമായ കൃതിയാണ്. എന്നാല്‍ ‘വെര്‍ജിലിന്റെ മരണം’ അസാധാരണവും ഗഹനവും ആയ കൃതിയാണെന്നാണ് മന്നിന്റെ അഭിപ്രായം. തുടര്‍ന്ന് ബ്രോക്കിന് നോബല്‍സമ്മാനം നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം പ്രതിപാദിക്കുന്നു. അല്‍വിന്‍ ജോണ്‍സണ്‍ എന്ന ഗ്രന്ഥകാരന് തോമസ്മന്‍ എഴുതിയ ആ കത്ത് ഇങ്ങനെ അവസാനിക്കുന്നു: As for my self. I am so throughly convinced of the important place his two chief works, and particularly his “Virgil” are occupying in the history of literature of whose development they are representative, that I would not exclude myself from such an action…” (The letters of Thoms Mann). ബ്രോക്കിന് നോബല്‍ സമ്മാനം കൊടുപ്പിക്കാനായി താന്‍ ശ്രമിക്കുമെന്ന് മന്‍ പ്രസ്താവിച്ചെങ്കിലും അദ്ദേഹത്തിന് സ്റ്റോക്ക് ഹോം പ്രൈസ് കമ്മിറ്റി അതു നല്‍കിയില്ല. 1951 ഏപ്രില്‍ 18-ആം തീയതിയാണ് മന്‍ കത്തെഴുതിയത്. 1951-ല്‍തന്നെ ബ്രോക്ക് ചരമം പ്രാപിച്ചു. വേറൊരു സന്ദര്‍ഭത്തിലും തോമസ് മന്‍ “വെര്‍ജിലിന്റെ മരണ”ത്തെ പ്രശംസിക്കുകയുണ്ടായി. “One of the most representative and advanced works of our time and destined to endure- a boldly conceived, original and astonishing performance, the magic of which must grip everyone who comes in contact with it” അൽഭുതാവഹമായ ഈ കലാശില്പത്തെക്കുറിച്ച്, അതു എങ്ങനെ മാന്ത്രികശക്തികൊണ്ട് അനുവാചകനെ ആകര്‍ഷിക്കുന്നു എന്നതിനെക്കുറിച്ച് എഴുതാന്‍ എനിക്ക് കെല്പില്ല. എനിക്കെന്നല്ല ആര്‍ക്കും കഴിയുകയില്ല. കലാസൃഷ്ടി തന്നെ സത്യത്തില്‍നിന്നു മൂന്നുതവണ മാറിനില്ക്കുന്നുവെന്ന് പ്ലേറ്റോ. അതിനെക്കുറിച്ചുള്ള നിരൂപണം അഞ്ചു പ്രാവശ്യം മാറിനില്‍ക്കുന്നുവെന്ന് സാന്തായാന. തേയിലയില്‍ അഞ്ചാമത്തെ തവണ തിളച്ചവെള്ളം ഒഴിച്ച് ചായ ഉണ്ടാക്കിയാൽ; അതു കടുപ്പം കുറഞ്ഞിരിക്കില്ലേ? ആ വൈഷമ്യം മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാന്‍ ‘വെര്‍ജിലിന്റെ മരണ’ ത്തെക്കുറിച്ച് എഴുതിക്കൊള്ളട്ടെ.

“വെര്‍ജിലിന്റെ മരണം” ഗദ്യത്തിലുള്ള കാവ്യമാണ്. പൊയറ്റിക് മിസ്റ്റിസമാണ് അതിന്റെ സവിശേഷത. അങ്ങനെയുള്ള ഒരു കലാസൃഷ്ടിയുടെ ഇതിവൃത്തം സംഗ്രഹിച്ചെഴുതുന്നത് കലാഹിംസയാണ്. ആ കലാഹിംസയ്ക്ക് യത്നിക്കുമ്പോള്‍ ഞാന്‍ ആദ്യമായി കാണുന്നത് ഇറ്റലിക്കും യൂഗോസ്ലാവ്യാക്കും ഇടയ്ക്കുള്ള ഏഡ്രിയാറ്റിക് സമുദ്രത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്ന ചില യാനപാത്രങ്ങളെയാണ്. റോമാ ചക്രവര്‍ത്തി അഗസ്റ്റസ് സീസര്‍ ഗ്രീസില്‍ നിന്ന് ഇറ്റലിയിലെ ബ്രീന്‍ഡീസി പട്ടണത്തിലേയ്ക്കു വരുന്ന വരവാണത്. അദ്ദേഹത്തിന്റെ കവിയാണ് വെര്‍ജില്‍. ഇനീഡ്’ (‘Aeneid) എന്ന മഹാകാവ്യം രചിച്ച ആ കവി ആ ഏഴു യാനപാത്രങ്ങളിലൊന്നില്‍ അവശനായി കിടക്കുകയാണ്. മരണം അതിന്റെ മുദ്ര ആ മുഖത്തു ചാര്‍ത്തിയിരിക്കുന്നു. ഏതന്‍സ് നഗരത്തില്‍ പാര്‍ക്കുകയായിരുന്നു വെര്‍ജില്‍. അദ്ദേഹം എന്തിന് ഏതന്‍സ് ഉപേക്ഷിച്ച് ഇറ്റലിയിലേക്ക് സീസറോടൊരുമിച്ചു പോന്നു? ഹോമറിന്റെ പാവനമായ അന്തരീക്ഷത്തില്‍ ‘ഇനീഡ്’ പൂര്‍ണ്ണമാക്കാമെന്ന അഭിലാഷം നശിച്ചിരിക്കുന്നു. പ്ലേറ്റോയുടെ നഗരത്തിലിരുന്നു ധ്യാനിച്ചുകൊണ്ട് സ്വതന്ത്രമായ ജീവിതം നയിക്കാമെന്ന ആശ ഇല്ലാതായിരിക്കുന്നു. വിജ്ഞാനത്തിലൂടെ സുഖം പ്രാപിക്കാം എന്ന പ്രത്യാശ നഷ്ടപ്പെടിരിക്കുന്നു. എന്തിനാണ് വെര്‍ജില്‍ അതൊക്കെ ഉപേക്ഷിച്ചത്? കരുതിക്കൂട്ടിയോ? അല്ല. വിധിയുടെ വിനോദം. അത്രയേയുള്ളൂ. രചന പൂര്‍ണ്ണമാകാത്ത ‘ഇനീഡിന്റെ കൈയെഴുത്തുപ്രതി അദ്ദേഹത്തിന്റെ അടുത്തുതന്നെയുണ്ട്. അതുണ്ടെന്ന് ഉറപ്പുവരുത്തിയിട്ട് അദ്ദേഹം അസ്തമിക്കുന്ന നക്ഷത്രത്തെ നോക്കി കണ്ണുചിമ്മി. പുതപ്പു താടിവരെ വലിച്ചിട്ടു. അദ്ദേഹത്തിനു തണുക്കുണ്ടായിരുന്നു.

സീസറിനെ സ്വീകരിക്കാന്‍ റോമാക്കാര്‍ കൂടിയിരിക്കുകയാണ്. ചക്രവ്ര്‍ത്തിക്ക് 43 വയസ്സു തികയുന്നു. റോമിലാകെ ജന്മദിനം ആഘോഷിക്കപ്പെടും,. ഭടന്മാരുടെ ആഹ്ളാദ നിര്‍ഭരങ്ങളായ ശബ്ദങ്ങള്‍ കടല്‍ത്തീരത്തുനിന്നുയര്‍ന്നു. അന്തസ്സാരശൂന്യരായ റോമക്കാര്‍. അതെ, അവരെത്തന്നെയാണ് കൃഷിക്കാരന്റെ പുത്രനായ വെര്‍ജിന്‍ പ്രകീര്‍ത്തിച്ചത്. വര്‍ണ്ണനയല്ല, പ്രകീര്‍ത്തനം. അതൊരു തെറ്റായിപ്പോയി. അവരുടെ ചക്രവര്‍ത്തിയും അന്തസ്സാരശൂന്യന്‍. അദ്ദേഹത്തിനുവേണ്ടിയാണ് ‘ഇനീഡി’ ന്റെ കവി ഇത്രയും കാലം സേവനമനുഷ്ഠിച്ചത്.

സീസറിന്റെ ആജ്ഞയനുസരിച്ച് നാലു പരിചാരകര്‍ രോഗാര്‍ത്തനും ശക്തിരഹിതനുമായ വെര്‍ജിലിനെ പൊക്കിയെടുത്തു. അവരുടെ വിയര്‍പ്പിനുള്ള ദുസ്സഹമായ, രൂക്ഷമായ ഗന്ധം അദ്ദേഹത്തിന്റെ നാസാരന്ധ്രങ്ങളില്‍ തറച്ചുകയറി. നേരത്തെ യാനപാത്രത്തില്‍ ഒരു കുട്ടി പാടുന്നത് വെര്‍ജില്‍ കേട്ടു. അവന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ നടന്ന് ‘വെര്‍ജിലിനു വഴിമാറിക്കൊടുത്തു. നിങ്ങളുടെ കവിക്കു വഴിമാറിക്കൊടുക്കൂ’ എന്ന് ഉച്ചത്തില്‍ വിളിച്ചു. സീസറിന്റെ ആരോ ആണെന്നു വിചാരിച്ചാവാം അവര്‍ മാറിയത്. അല്ലങ്കില്‍ കവിയുടെ, പനിപിടിച്ചുതിളങ്ങുന്ന കണ്ണൂകളും ഭയജനകമായ മുഖവും അവരെ വ്യാകുലപ്പെടുത്തിയിരിക്കാം. വൃദ്ധരെ സ്ത്രീകള്‍ പരിഹസിക്കുമല്ലോ. അവര്‍ അദ്ദേഹത്തെ ചീത്തവിളിച്ചു. “നീ ചാകുമ്പോള്‍ മറ്റാരെപ്പോലെയും അഴുകിനാറും. ശവത്തുണിചുമക്കുന്നവരേ, അവന്‍ താഴെ വീഴട്ടെ”- രാജവീഥിയുടെ ഇരുവശവുമുള്ള ഭവനങ്ങളിലെ വാതായനങ്ങളില്‍നിന്ന് ശകാരം ഇങ്ങനെ വര്‍ഷിക്കുകയായി. തന്റെ ജീവിതം വ്യര്‍ത്ഥമായിരുന്നുവെന്നു വെര്‍ജിലിനു ബോധ്യപ്പെട്ടു.

വെര്‍ജിലിന്‍ ആ ബാലനുമായി-ലിസാനിയാസുമായി- സംസാരിച്ചു. “അങ്ങ് വെര്‍ജിലാണ്’. എന്ന് അവന്‍ പറഞ്ഞപ്പോള്‍ “എനിക്കതറിയാം.” കൂടാതെ തുറമുഖത്തുള്ള ആളുകളുടെ കാതില്‍ തറച്ചുകയറത്തവിധത്തില്‍ നീ അത് ഉച്ചത്തില്‍ വിളിച്ചുപറയുകയുകയും ചെയ്തല്ലോ എന്നായിരുന്നു വെര്‍ജിലിന്റെ മറുപടി. തുടര്‍ന്ന് അദ്ദേഹം പറഞ്ഞ വാക്കുകള്‍കൂടി കേള്‍ക്കൂ: മരണത്തിന്റെ വക്കിലെത്തിയ കവിയുടെ മാനസികനിലയേയും അദ്ദേഹം നയിച്ച ജീവിതത്തിന്റെ വ്യര്‍ത്ഥയേയും അതു വ്യക്തമാക്കും. ‘പേര്, നമ്മുടേതല്ലാത്ത ഉടുപ്പുപോലെയാണ്. നമ്മുടെ പേരിന്റെ താഴെ നാം നഗ്നരാണ്. പേരു നല്‍കാനായി അച്ഛന്‍ താഴെനിന്ന് ഉയര്‍ത്തിയെടുക്കുന്ന കുഞ്ഞിനെക്കാള്‍ നഗ്നര്‍. പേരില്‍ നമ്മള്‍ സത്ത കൊടുക്കുന്തോറും അതു നമുക്കു കൂടുതല്‍ അപരിചിതമായി ഭവിക്കുന്നു: കൂടുതല്‍ അതു നമ്മളില്‍നിന്ന് അകന്നുപോകുന്നു; നമ്മള്‍തന്നെ കൂടുതല്‍ പരിത്യക്തരാക്കുന്നു. നാം വഹിക്കുന്ന പേരു കടം വാങ്ങിയതാണ്. നാം കഴിക്കുന്ന ഭക്ഷണം കടം വാങ്ങിയതാണ്. നമ്മള്‍ തന്നെ കടം വാങ്ങപ്പെട്ടവര്‍. അജ്ഞാതമായതിലേക്ക് നഗ്നരായി ഉയര്‍ത്തിപ്പിടിക്കപ്പെട്ടവര്‍. കടം വാങ്ങിയതൊക്കെ ദൂരെയെറിയുന്നവര്‍ മാത്രമേ, അവന്‍ മാത്രമേ ലക്ഷ്യം ദര്‍ശിക്കൂ. അവസാനമായി സ്വന്തം പേരിനോടു യോജിക്കത്തവിധത്തില്‍ അവന്‍ ആ ലക്ഷ്യത്തിലേക്ക് ആഹ്വാനം ചെയ്യപ്പെടും (“The death of Virgil”, Hermann Broch, Translated by Jean Starr Untermeyer, Routledge & Kegan paul London, page 61).

വെര്‍ജില്‍ ആ കൊട്ടാരത്തില്‍ കിടന്ന് മരണം ശ്രവിക്കുകയായിരുന്നു, ഒരു ഞെട്ടല്‍പോലുമില്ലാതെ അതിനെക്കുറിച്ചുള്ള അറിവ് അദ്ദേഹത്തിന് കിട്ടിക്കഴിഞ്ഞു. മരണത്തിന്റെ ബീജം ഓരോ ജീവിതത്തിലും നിക്ഷിപ്തമത്രേ. അത് അനുനിമിഷം വികസിച്ചുവരുന്നതെങ്ങനെയാന് വെര്‍ജില്‍ മനസിലാക്കി. സീസറിനെ തെറ്റായ വിധത്തില്‍ ബഹുജനം ആരാധിക്കുന്നതുപോലെ താനും വേറൊരുവിധത്തില്‍ കപടദൈവങ്ങളെ ആരാധിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഗ്രഹിച്ചു. കാവ്യത്തിന് സേവനമനുഷ്ഠിച്ച് ജീവിതത്തെ ഉപേക്ഷിക്കുകയായിരുന്നു വെര്‍ജില്‍.

ശരിയായി ശ്വസിക്കാന്‍വേണ്ടി കവി ജന്നലിനരികില്‍ച്ചെന്നുനിന്നു. പ്രശാന്തത. നക്ഷത്രങ്ങള്‍ പ്രകാശിക്കുന്നു. അപ്പോള്‍ മൂന്നു രൂപങ്ങള്‍; രണ്ടു പുരുഷന്മാരും ഒരു സ്ത്രീയും, തെരുവിലൂടെ അശ്ലീലപദങ്ങള്‍ വര്‍ഷിച്ചുകൊണ്ടുവരുന്നത് കാണാറായി. അവരിലൊരാള്‍:

“Filth is what Caesar is going to give us…and flith is what your Caesar is, filth that s what he is. All he knows is dancing and singing and fucking and whoring, your fine Caesar, but that’s all he can do and he won’t give a speck, away!”- Fucking, fucking, fucking,,” repeated the fat one rapturously. (page 113)

അത്യന്ത സുന്ദരമായ ആ യാമിനിയില്‍ അശ്ലീതയുടെ ഈ വൈരൂപ്യം കണ്ടപ്പോള്‍ വെര്‍ജിൽ സൗന്ദര്യത്തെക്കുറിച്ചുതന്നെ വിചാരിക്കുകയുണ്ടായി. സൗന്ദര്യം ജ്ഞാനത്തിന് എതിരാണ്. സൗന്ദര്യം ജനിപ്പിക്കുന്ന ഐക്യം ക്ഷണികമത്രേ. സൗന്ദര്യത്തെക്കുറിച്ചുള്ള അറിവ് അറിവില്ലായ്മതന്നെയാണ്. സൗന്ദര്യാവഗമനം അവഗമനമില്ലായ്മയാണ്. (Knowledge of beauty was lack of knowledge, perception of beauty was tack of perception- page 119) ജീവിതത്തെ വിട്ട് സൗന്ദയത്തിന്റെ പിറകെ പൊകുന്ന കലാകാരന്‍ ഏകാന്തതയില്‍ ചെന്നു വീഴുന്നു. ഈ വിധത്തിലാണ് തനിക്കു അധ:പതനം വന്നതെന്ന് വെര്‍ജില്‍ വിചാരിച്ചു. സേന്ഹത്തിന്റെ ചൂടുള്ള ജീവിതമെവിടെ? സൗന്ദര്യത്തിന്റെ തണുപ്പ് എവിടെ? സൗന്ദര്യത്തെ അനുധാവനം ചെയ്ത വെര്‍ജില്‍ എന്നേ മരിച്ചുകഴിഞ്ഞു. അങ്ങനെ താന്‍ ഒരിക്കല്‍ സ്നേഹിച്ചിരുന്ന പ്ലോട്ടിയ എന്ന യുവതിയെ വെര്‍ജില്‍ ഓര്‍മ്മിച്ചു. അദ്ദേഹം പറഞ്ഞു: Oh Plotia, do I still remember your name? In your tresses dwelt the night spangled over with stars, presager of longing promiser of light I could not let your life into mine. അതാണ് അദ്ദേഹത്തിന്റെ ദുഃഖം. ജീവിതത്തെ ഉപേക്ഷിച്ചിട്ട് സൗന്ദര്യത്തില്‍ മുഴുകി ‘ഇനീഡ്’ രചിച്ചു. ഗര്‍ഹണീയമായ സാഹിത്യജീവിതം! വെര്‍ജിലിനു പനി കൂടി. അപ്പോള്‍ റോമിനെ സംബന്ധിച്ച ഭയജനകങ്ങളായ പല സ്വപ്നങ്ങളും അദ്ദേഹം കണ്ടു. പെട്ടന്ന് ഒരു ശബ്ദം അദ്ദേഹത്തില്‍നിന്നുയര്‍ന്നു: “ഇനീഡ് ചുട്ടെരിക്കൂ.” ഈ വാക്കുകള്‍ വെര്‍ജിലിന്റെ ചുണ്ടില്‍നിന്നുതന്നെ ഉതിര്‍ന്നവയാണോ? അദ്ദേഹത്തിനറിഞ്ഞുകൂടായിരുന്നു. എങ്കിലും പ്രതിധ്വനിപോലൊരു ശബ്ദം. ‘അങ്ങു വിളിച്ചോ?’ ലിസാനിയാസായിരുന്നു അവിടെ എത്തിയത്. അങ്ങയുടെ കാവ്യത്തിന്റെ അനുനാദങ്ങള്‍ ശാശ്വതങ്ങളാണെന്ന് ആ ബാലന്‍ പറഞ്ഞപ്പോള്‍ ‘ഇല്ല’. എന്റെ ശബ്ദത്തിന്റെ പ്രതിശബ്ദങ്ങള്‍ എനിക്കിനി കേള്‍ക്കുകയേവെണ്ട’ എന്നാണ് വെര്‍ജില്‍ മറുപടി നല്‍കിയത്.“എന്റെ ഹൃദയത്തിന്റെ നിഴലില്ലാത്ത അഗാധതകളില്‍ എനിക്ക് അപ്രത്യക്ഷനാകണം. അതുകൊണ്ട് എന്റെ കാവ്യം എനിക്കു മുന്‍പേ പോകണം.”- ഇതാണ് വെര്‍ജിലിന്റെ വാദം. “‘ഇനീഡ് ചുട്ടെരിക്കപ്പെടണോ!’ ലിസാനിയാസിനു വല്ലാത്ത പേടി. “എന്റെ അച്ഛാ!” വെര്‍ജില്‍ കുട്ടിയോടു പറഞ്ഞു: “എന്നെ അച്ഛാ എന്നു വിളിക്കാതിരിക്കൂ. അഗസ്റ്റസ് സംരക്ഷിക്കുന്നുണ്ട്. അദ്ദേഹം റോം നഗരം പരിപാലിക്കുകയാണ്. അദ്ദേഹത്തെ അച്ഛാ എന്നു വിളിക്കൂ. എന്നെയെല്ല എന്നെയല്ല.” ലിസാനിയാസ് പ്രതിവചിച്ചു: “അങ്ങ് റോമിനുവേണ്ടി നില്‍ക്കുന്നു.” അതിന് വെര്‍ജിലിന്റെ മറുപടി: “എല്ലാ ബാലന്മാരുടേയും സ്വപ്നമാണിത്. അത് ഒരു കാലത്ത് എന്റേയും സ്വപ്നമായിരുന്നു.. ഞാന്‍ റോമാക്കാരുടെ പേരുകള്‍ മാത്രമേ ഉപയോഗിച്ചുള്ളൂ.” ലിനാനിയാസ് കാവ്യത്തില്‍നിന്നു ചില ഭാഗങ്ങള്‍ വായിച്ചുകേള്‍പ്പിച്ചു. രാത്രി ആഗമിച്ചു. വെര്‍ജില്‍ സുഖമായി ഉറങ്ങി.

അദ്ദേഹം ഉണര്‍ന്നപ്പോള്‍ രണ്ടു സ്നേഹിതന്മാര്‍ വന്നു നില്ക്കുന്നതു കണ്ടു. വെര്‍ജിലിന്റെ രോഗമന്വേഷിച്ചുവന്ന അവര്‍ സംസാരിച്ചു സംസാരിച്ച് ‘ഇനീഡ്’ കാവ്യത്തിലേക്ക് എത്തി. അയഥാര്‍ത്ഥമായ ഒന്നും നിലനില്ക്കാന്‍ പാടില്ല: അതിനാല്‍ ഇനീഡ് ചുട്ടെരിക്കപ്പെടും എന്ന വെര്‍ജിലിന്റെ വാക്കുകള്‍കേട്ട് അവര്‍ ഞെട്ടിപ്പോയി. അവര്‍ പോയപ്പോള്‍ പ്ലോട്ടിയ വന്നു. സ്നേഹത്തിനുവേണ്ടി സൗന്ദര്യം ഉപേക്ഷിക്കാനാണ് അവളുടെ ഉപദേശം. അതുകൊണ്ട് ‘ഇനീഡ്’ അഗ്നിക്കിരയാകണമെന്നുതന്നെയാണ് പ്ലോട്ടിയുടെ നിര്‍ദ്ദേശം. തുടര്‍ന്ന് അഗസ്റ്റസ് സീസറും വെര്‍ജിലും തമ്മില്‍ വാദപ്രതിവാദമായി. താന്‍ ജീവിതത്തില്‍ ത്യാഗമനുഷ്ഠിക്കാത്തതുകൊണ്ട് തന്റെ കൃതിക്കു സത്യാത്മകത്യയില്ലെന്നും അക്കാരണത്താല്‍ അത് അഗ്നിയില്‍ എറിയപ്പെടേണ്ടതാണെന്നും വെര്‍ജിൽ വാദിച്ചു. കവിത എന്നത് മരണത്തെക്കുറിച്ചുള്ള അറിവാണ്; മരണത്തിലൂടെ മാത്രമേ ജീവിതത്തെ മനസ്സിലാക്കാന്‍ കഴിയൂ. ഇതാണ് കവിയുടെ വാദം. എക്സിലസിനു ജ്ഞാനമുണ്ടായിരുന്നു. അതിനാല്‍ അദ്ദേഹം കാവ്യത്തില്‍ സ്വാഭാവികമായും വന്നെത്തി. താനാകട്ടെ കാവ്യരചയിലൂടെ ജ്ഞാനമാര്‍ജ്ജിക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ‘ഇനീഡ്’ പരാജപ്പെട്ടത്. അഗസ്റ്റസ് സീസറിന്റെ നിര്‍ബന്ധം കൂടിയപ്പോള്‍ സ്നേഹത്തിന്റെ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ കാവ്യം നശിപ്പിക്കേണ്ടതില്ലെന്ന് വെര്‍ജില്‍ തീരുമാനിച്ചു. അദ്ദേഹം ചക്രവര്‍ത്തിയെ കവ്യത്തിന്റെ കൈയ്യെഴുത്തു പ്രതി ഏല്പ്പിക്കുകയും ചെയ്തു.

വെര്‍ജിലിന് പനികൂടി. മരണപത്രം പറഞ്ഞുകൊടുത്തു. താന്‍ ഒരു ചെറിയ യാനപാത്രത്തില്‍ സഞ്ചരിക്കുകയാണെന്ന് അദ്ദേഹത്തിന് തോന്നി. അതിന്റെ ഒരറ്റത്ത് നേരത്തെ വന്ന സ്നേഹിതന്മാരില്‍ ഒരാള്‍ അമരക്കാരനായി ഇരിക്കുന്നുണ്ട്. ലിസാനിയാസും ആ യാനപാത്രത്തിലുണ്ട്. കരകള്‍ താണ്ടി അവര്‍ മുന്നോട്ടുപോയി. കരകളില്‍ നിന്ന എല്ലാവരും മറഞ്ഞു. സൂര്യന്‍ താണു താണു പൊയ്ക്കൊണ്ടിരുന്നു. ലിസാനിയാസിന്റെ വിരലിലെ മോതിരം നക്ഷത്രംപോലെ തിളങ്ങി. രാത്രിയായി. വെര്‍ജിലിന്റെ പ്രേമഭാജനമായിരുന്ന പ്ലോട്ടിയ അദ്ദേഹത്തെ പ്രകാശത്തിലേക്കു നയിച്ചു. വെര്‍ജിലില്‍ ലിസാനിയാസായി മാറിയെന്നു തോന്നി. അദ്ദേഹം മൃഗങ്ങളായി, പര്‍വ്വതങ്ങളായി, പ്രപഞ്ചം തന്നെയായി ഒടുവില്‍ ഒന്നുമില്ല. അതിരില്ലാത്ത അഗാധരന്ധ്രം. എല്ലാ ധര്‍മ്മങ്ങളുടെയും ജനനസ്ഥലം. നക്ഷത്രത്തിന്റെ മദ്ധ്യഭാഗം പിളര്‍ന്നു; മോതിരത്തിന്റെ മദ്ധ്യഭാഗം. ജന്മം നല്‍കുന്ന ശൂന്യത. കാഴ്ചയുള്ള കാഴ്ചയില്ലായ്മ. വെര്‍ജിലിനോട് തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അപ്പോള്‍ ശൂന്യത വീണ്ടും എല്ലാമായി. പ്രകാശവും അന്ധകാരവുമുണ്ടായി. രാത്രിയും പകലും ജനിച്ചു. പൊക്കവും വീതിയും താഴ്ചയുംകൊണ്ട് അനന്തത നിയന്ത്രിക്കപ്പെട്ടു. സമുദ്രമധ്യത്തില്‍ ഭൂമി ഒന്നുകൂടെ ഉയര്‍ന്നു. സൂര്യനെ കാണാന്‍ പടിഞ്ഞാറുനിന്ന് മൃഗങ്ങള്‍ വന്നു. പ്രപഞ്ചം വീണ്ടും ആവിര്‍ഭവിച്ചു. വാക്ക് പ്രപഞ്ചത്ത്ന്റെ മുകളില്‍ തങ്ങിനിന്നു. വെര്‍ജില്‍ ആ വാക്കോടൊരുമിച്ച് ഒഴുകി. വാക്ക് അദ്ദേഹത്തെ പൊതിഞ്ഞു. അത് കൂടുതല്‍ ഗുരുത്വമാര്‍ജ്ജിച്ചു. കൂടുതല്‍ പലായനപാരായണത്വമുള്ളതായി ഭവിച്ചു. എങ്കിലും അതു വാക്കുതന്നെ. അതിനെ ഇറുക്കിപിടിക്കാന്‍ വയ്യ വെര്‍ജിലിന്. അത് അദ്ദേഹത്തിന് ആജ്ഞേയമാണ്; അനാഖ്യേയമാണ്. ഭാഷണത്തിന് അതീതമായ വാക്കാണത്.

നോവല്‍ അവസാനിച്ചു. മഹാനഗരത്തില്‍നിന്ന് ഒരു ജലകണികയെടുത്തു കാണിച്ച് ‘ഇതാണ് മഹാസാഗരം’ എന്നു പറയുകയാണ് ഞാന്‍. ഹിമാലയപര്‍വ്വതത്തില്‍ നിന്ന് ഒരു മണല്‍ത്തരി എടുത്തുകാണിച്ച് ‘ഇതാണ് ഹിമാലയപര്‍വ്വതം’ എന്നു പറയുകയാണ് ഞാന്‍. സാഗരജലകണികയില്‍ സാഗരത്തിന്റെ സവിശേഷത കണ്ടേക്കാം. മണല്‍ത്തരിയില്‍ പര്‍വ്വതത്തിന്റെ സവിശേഷത കണ്ടേക്കാം. പക്ഷേ, എന്റെ കഥാസംഗ്രത്തില്‍ മൂലകൃതിയുടെ ഒന്നും തനെയില്ല. അതുഇകൊണ്ട് ഈ മഹാഗ്രന്ഥം വായിച്ചുനോക്കാന്‍ ഞാന്‍ വായനക്കാരോട് അഭ്യര്‍ത്ഥിക്കുന്നു. അതു ചെയ്താല്‍ അവര്‍ക്കൊരു മഹാത്ഭുതം ദര്‍ശിക്കാം.സൗന്ദര്യത്തിന്റെ പരകോടിയില്‍ എത്തിനില്ക്കാം. ബ്രോക്ക് 1886-ല്‍ വിയന്നായില്‍ ജനിച്ചു. തുണിത്തരങ്ങള്‍ നിര്‍മ്മിക്കുന്ന ഒരാളിന്റെ മകനായ അദ്ദേഹം ആദ്യകാലത്ത് അദ്ദൃഹത്തിന്റെ ടെക്സ്റ്റയില്‍മില്ലുകള്‍ നോക്കിവന്നു. അതേസമയം വിയന്ന യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്ന് അദ്ദേഹം ഫിലോസഫിയും മാതമാറ്റിക്സും ഫിസിക്സും ലോജിക്കും പഠിച്ചു. 1928-ല്‍ ബ്രോക്ക് മില്ലുകളെല്ലാം വിറ്റിട്ട് വിയന്ന യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് സമ്പാദിക്കാന്‍ ശ്രമിച്ചു. അതൊന്നും തനിക്ക് ആദരണീയമല്ലെന്നുകണ്ട് അദ്ദേഹം സാഹിത്യത്തിലേക്കു തിരിഞ്ഞു. The Sleep walkers 1931-32)എന്ന നോവലാണ് ബ്രോക്കിന് രാഷ്ടാന്തരീയ പ്രശസ്തി നേടിക്കൊടുത്തത്. 1938-ല്‍ അദ്ദേഹം ‘ഗഷ്ടോപോ’ യാല്‍ അറസ്റ്റ് ചെയ്യപ്പെട്ടു (Gestapo-നാത്സികകളുടെ ഭരണകാലത്തുള്ള രഹസ്യപ്പൊലീസ് സംഘം) അങ്ങനെ മരണം മുന്നില്‍ കണ്ടുകൊണ്ട് അദ്ദേഹം കാരാഗൃഹത്തില്‍ കിടക്കുമ്പോഴാണ് മുമ്പ് എഴുതിയ ഒരു ചെറുകഥയെ വികസിപ്പിച്ച് “വെര്‍ജിലിന്റെ മരണം” എന്ന നോവൽ രചിച്ചത്. ബ്രോക്ക്, ജയിംസ് ജോയിസ് തുടങ്ങിയ സാഹിത്യകാരന്മാരുടെ സഹായത്തോടെ അമേരിക്കയിലേക്കുപോയി. 1940 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ” വെര്‍ജിലിന്റെ മരണം” പൂര്‍ണ്ണതയിലെത്തി. എങ്കിലും വിശദാംശങ്ങളില്‍ പലതും പ്രവര്‍ത്തിക്കേണ്ടിയിരുന്നതുകൊണ്ട് 1945-ലാണ് നോവല്‍ പ്രസാധനം ചെയ്യാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. തോമസ് മന്‍ തുടങ്ങിയ വലിയ കലാകാരന്മാര്‍ അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു. പക്ഷേ. നിര്‍ദ്ധനനായി ബ്രോക്ക് 1951- ല്‍ ചരമം പ്രാപിച്ചു.

കലാകാരന്മാര്‍ക്കു ശൂന്യതയില്‍നിന്ന് ഒന്നും സൃഷ്ടിക്കാനാവില്ലല്ലോ. സാമൂഹിക സംഭവങ്ങളും വ്യക്തിപരമായ അനുഭവങ്ങളും കലാകാരനില്‍ ആഘാതമേല്പിക്കുമ്പോള്‍ അവ അയാളുടെ സ്വത്വത്തിന്റെ വര്‍ണ്ണോജ്ജ്വലത കലര്‍ന്ന് ആവിഷ്കൃതമാകുന്നതിനെയാണ് കലാസൃഷ്ടിയെന്നു പറയുന്നത്. ഹിറ്റ്ലറുടെ രഹസ്യപോലീസ് മൃഗീയങ്ങളായ പ്രവര്‍ത്തനങ്ങള്‍ക്കു കുപ്രസിദ്ധി നേടിയിരുന്നു. അവര്‍ തന്നെ ഏതു നിമിഷവും വധിക്കുമെന്നു ഭയന്നിരുന്ന ബ്രോക്ക് അതുകൊണ്ടുതന്നെയാണ് മരണത്തക്കുറിച്ച് ഒരു “മഹാകാവ്യം” എഴുതിപ്പോയത്. അദ്ദേഹം ഇത് സമ്മതിച്ചിട്ടുണ്ട്. “The ‘Vergil’ was not written as a book’, but (under Hilter’s threat) as my private discussion with death. I was concerned with naked cognition of death and because it was in the form of literature. I chose for this purpose a dying poet and one who lived under similar cirൿumstance of life as we ourselves” (സിയോല്‍ കോവസ്കിയുടെ Dimensions of the Modern Novel എന്ന പുസ്തകത്തില്‍നിന്ന് ഉദ്ധരികുന്നത്.) [‘വെര്‍ജിലിന്റെ മരണം’ ‘പുസ്തകമായിട്ടല്ല ഞാനെഴുതിയത്. മരണവുമായി ഞാന്‍ നടത്തിയ രഹസ്യചര്‍ച്ച എന്ന രീതിയിലാണ് അതിന്റെ രചന. മരണത്തെക്കുറിച്ചുള്ള കേവലജ്ഞാനമായിരുന്നു എന്റെ പരിഗണന. അതു സാഹിത്യത്തിന്റെ രൂപത്തിലായതുകൊണ്ട് ഈ ലക്ഷ്യത്തിനുവേണ്ടി മരിക്കാന്‍ പോകുന്ന ഒരു കവിയെ ഞാന്‍ തിരഞ്ഞെടുത്തു. അദ്ദേഹം ജീവിച്ചത് നമ്മള്‍ ഇന്നു ജീവിക്കുന്ന അതേ പരിത:സ്ഥ്തികളില്‍- ആശയാനുവാദം മാത്രം] ഈ രീതിയില്‍ ഈ നോവല്‍ മരണത്തെക്കുറിച്ചുള്ള ഉത്കൃഷ്ടഗീതമായി മാറിയിരിക്കുന്നു. It is unquestionably the most spectacular rendition of death in the twentieth century എന്ന് സിയോല്‍ കോവസ്കി പറയണമെങ്കില്‍ നോവല്‍ എത്രകണ്ടു മഹനീയമാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു.

മരണത്തെക്കുരിച്ച് മഹാന്മാരായ കലാകാരന്മാരെല്ലാം ചിന്തിച്ചിട്ടുണ്ട്. അത് അവര്‍ പ്രതിപാദിച്ചിട്ടുണ്ട്. ടോള്‍സ്റ്റോയുടെ Death of lvan llyich എന്ന കൊച്ചു നോവല്‍ നോക്കുക. ഇവാന്‍ ഇലിച്ച് മരണത്തിന് അഭിമുഖീഭവിച്ചു നില്ക്കുമ്പോള്‍ പേടിച്ചു വിറയ്ക്കുന്നു. അതോടെ എല്ലാ മൂല്യങ്ങളും ബൂര്‍ഷ്വാസിയുടെ എല്ലാ മൂല്യങ്ങളും-തകര്‍ന്നടിയുകയണ്. ഹൂഗോഫര്‍ ഹോഫ്‌മാന്‍സ്തല്‍ എന്ന ആസ്ട്രിയന്‍ നാടകകര്‍ത്താവിന്റെ Death and the Fool എന്ന നാടകത്തില്‍ മരണം ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തില്‍നിന്ന്, പ്രധാന കഥാപാത്രമായ ക്ലോഡിയോ ജീവിതത്തിന്റെ പൊള്ളത്തരം മുഴുവന്‍ മനസിലാക്കുന്നു. ജര്‍മന്‍ നോവലിസ്റ്റ് ആല്‍ഫ്രേറ്റ് ഡോയ്‌ബ്ളിന്റെ “ബര്‍ലിന്‍ അലക്സാണ്ടര്‍ പ്ളാറ്റ്സ്” എന്ന നോവലിന്റെ പ്രതിപാദ്യവിഷയം മരണമത്രേ. താരശങ്കറിന്റെ “ആരോഗ്യ നികേത”ത്തില്‍ മരണത്തിന്റെ ഭീകരത്വം മുഴുവന്‍ സ്ഫൂടീകരിക്കപ്പെട്ടിരിക്കുന്നു. സര്‍ത്രിന്റെ Wall എന്ന ചെറുകഥയും മറ്റു നോവലുകളും പരിശോധിക്കൂ. അസ്തിത്വത്തിന്റെ അവസാനത്തെ അബ്സേഡിറ്റിയായി അദ്ദേഹം മരണത്തെ കണ്ടിരിക്കുന്നു. പക്ഷേ “വെര്‍ജിലിന്റെ മരണം” എന്ന നോവലിന്റെ സൃഷ്ടിയാല്‍ ബ്രോക്ക് ഈ സാഹിത്യകാരന്മാരെ ബഹുദൂരം അതിശയിച്ചിരിക്കുന്നു. മരണത്തിന്റെ അനുഭൂതി ആര്‍ക്കും വിശദീകരിക്കനാവില്ലല്ലോ. പക്ഷേ, ബ്രിന്‍ഡീസിയില്‍ എത്തിയ വെര്‍ജിലിന്റെ പതിനെട്ടു മണിക്കൂര്‍ നേരത്തെ ജീവിതം ചിത്രീകരിച്ച് ബ്രോക്ക് അസ്സാധ്യമായ ആ കൃത്യം സാദ്ധ്യമാണെന്ന് തെളിയിച്ചിരിക്കുന്നു. സ്ഥൂലത്തില്‍നിന്ന് സൂക്ഷ്മത്തിലേക്കും പോയി വെര്‍ജില്‍ ഈശ്വരനുമായി താദാത്മ്യം പ്രാപിക്കുന്നത് ബ്രോക്ക് വര്‍ണ്ണിക്കുമ്പോള്‍ നാം ഉദാത്തമായ മണ്ഡലത്തില്‍ പ്രവേശിക്കുന്നു. ഭാവാത്മകത്വത്തിന്റെ തീക്ഷ്ണതയാല്‍ ഈ രംഗം നിസ്തുലമായിരിക്കുന്നു. കാഫ്കയും തോമസ് മന്നും ബ്രോക്കിനേക്കാള്‍ വലിയ കലാകാരന്മായിരിക്കാം. പക്ഷേ, ചരമാനുഭൂതിയെ അവര്‍ക്കും ഇതുപോലെ അഭിവ്യജ്ജിപ്പിക്കാന്‍ സാധിച്ചിടില്ല. ബ്രോക്കിന്റെ ഈ നോവല്‍ മരണത്തേക്കാള്‍ ശക്തമാണ്.

കലാകാരന്റെ “കുറ്റബോധം” എന്നത് ഈ ശതാബ്ദത്തില്‍ പ്രാധാന്യം ആവഹിച്ചിരിക്കുന്നു. സ്വാര്‍ത്ഥപ്രേരിതങ്ങളായ ലക്ഷ്യങ്ങളേ കലാകാരനുള്ളൂ. സമുദായത്തിന് ഒരു നന്മയും ചെയ്യാൻ അയാൾക്കാവില്ല എന്ന് പല എഴുത്തുകാരും വിശ്വസിക്കുന്നു.അവരിൽ പ്രധാനർ ആസ്ട്രിയൻ കവി റിൽക്കെയും ജര്‍മ്മന്‍ നോവലിസ്റ്റ് തോമസ് മന്നുമാണ്. ബ്രോക്ക് ആ രണ്ടുപേരുടേയും പക്ഷത്താണ്. ഈ കുറ്റബോധം കൊണ്ടാണ് ‘സ്ലീപ്പ് വാക്കേഴ്സും’ വെര്‍ജിലിന്റെ മരണ’വും എഴുതിയതിനു ശേഷം ബ്രോക്ക് സര്‍ഗാത്മക പ്രവര്‍ത്തനങ്ങളില്‍നിന്ന് കുറച്ചുകാലത്തേക്ക് മാറിനിന്നത്. റില്‍ക്കേ കവിതയെഴുത്തു നിറുത്തി ഡോക്ടറാകാന്‍ ശ്രമിച്ചതും കലാകാരന്മാരെ രോഗികളായി തോമസ് മന്‍ ചിത്രീകരിച്ചതും കുറ്റബോധത്താലാണത്രേ. ഈ അപരാധബോധം സാന്ദ്രതയാര്‍ന്ന അവസ്ഥയില്‍ “വെര്‍ജിലിന്റെ മരണ”ത്തില്‍ പ്രതിഫലിക്കുന്നു. ഇനീഡിന്റെ രചന തികച്ചും വ്യര്‍ത്ഥമായിപ്പോയി എന്നും ജ്ഞാനമാര്‍ജ്ജിക്കാന്‍ അത് തന്നെ സഹായിച്ചില്ലെന്നും വെര്‍ജില്‍ പറയുന്നതായി നാം നോവലില്‍ നിന്ന് മനസ്സിലാക്കുന്നു. ഇവിടെ ബ്രോക്കിനും തോമസ് മന്നിനും റില്‍ക്കെക്കും മാര്‍ഗ്ഗദര്‍ശകന്‍ പ്ലാറ്റോയല്ലയോ എന്നാണ് എന്റെ സംശയം. കേവല സൗന്ദര്യമുൻടെന്നാണ് പ്ലറ്റോയുടെ അഭിപ്രായം. ഈ ലോകത്തുള്ളതെല്ലാം ആ കേവല സൗന്ദര്യത്തിലേക്ക് ചെല്ലാന്‍ ശ്രമിക്കുന്നു. ആ യത്നം ഫലിക്കുന്നുമില്ല. കലാസൃഷ്ടികള്‍, അതിനാല്‍ ക്ഷണികങ്ങളും അപരിപൂര്‍ണ്ണങ്ങളുമാണ്. കലാകാരന്റെ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ വ്യര്‍ത്ഥങ്ങളാണെന ചിന്താഗതി പ്ലേറ്റോയുടെ ഈ ചിന്താഗതിയുടെ വികസിത രൂപംതന്നെ.

നിശ്ശബ്ദതയുടെ സാഹിത്യം-Literature of silene-ഇതിനെ ആദരിക്കുന്നവരാണ് ഈ കാലഘട്ടത്തിലുള്ള സാഹിത്യകാരന്മാരില്‍ അധികം പേരും. കലാകാരന്‍ അഭിലഷിക്കുന്ന പരമാവസ്ഥയില്‍ ചെല്ലാന്‍ കല സഹായിക്കുന്നില്ലെന്നാണ് അവരുടെ മതം. വാക്കുകള്‍ തികച്ചും ഭൂതാത്മകമാണ് (Material). കലാകാരന്‍ അഭിലഷിക്കുന്ന പരമാവസ്ഥയാകട്ടെ അതി ദൈവികവും (Spiritual). അവ രണ്ടും സംഘട്ടനത്തിലേര്‍പ്പെടുന്നു. അതുകൊണ്ട് കലാകാരന്റെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനം വ്യര്‍ത്ഥമായി ഭവിക്കുന്നു. കലയെ നിഷ്കാസനം ചെയ്യേണ്ടതാണെന്നുവരെ പലര്‍ക്കും അഭിപ്രായമുണ്ട്. ഫ്രഞ്ചു കവി റാങ്ങ്ബോ (Rimbaud) ആഫ്രിക്കയില്‍ അടിമക്കച്ചവടത്തിന് പോയതും, ഫ്രഞ്ച് ചിത്രകാരന്‍ ദ്യുഷാങ്ങ് (Duchamp) കാവ്യരചന നിറുത്തി ചതുരംഗക്കളിയില്‍ ഏര്‍പ്പെട്ടതും ഇതുകൊണ്ടാണത്രേ. ആധുനിക സാഹിത്യകാരന്മാരില്‍ പ്രധാനരായ സാമുവല്‍ ബക്കറും ഹരോള്‍ഡ് പിന്‍റ്ററും നിശബ്ദസാഹിത്യത്തിന്റെ ഉദ്ഘോഷകരാണ്. പിന്‍റ്റരിന്റെ A light Ache എന്ന കൊച്ചു നാടകത്തില്‍ ഒരു തീപ്പെട്ടി വില്‍പ്പനക്കാരന്‍ കഥാപാത്രമാണ്.അയാള്‍ ഒരു വാക്കുപോലും പറയുന്നില്ല. ബക്കറ്റിന്റെ Act without Words എന്ന ചെറിയ നാടകത്തില്‍ ആ പേരു സൂചിപ്പിക്കുന്നതുപോലെ വാക്കുകളേയില്ല; പ്രവൃത്തികള്‍ മാത്രമേയുള്ളു. He turns, sees rope, reflects, goes to it climbs up it and is about to reach carafe, when rope is let out and deposits him back on ground. ഇമ്മട്ടില്‍ പ്രവൃത്തികളെ വിവരിക്കുന്നതേയുള്ളൂ ബക്കറ്റ്. ഇവിടെ ഒരു വൈരുദ്ധ്യം ദൃശ്യമാണ്. തീപ്പെട്ടി വില്പനക്കാരന്‍ മിണ്ടുന്നില്ലെങ്കിലും അയാളുടെ നിശ്ശബ്ദതതതന്നെ വാഗ്മിതയുടെ പ്രപഞ്ചം സൃഷ്ടിക്കുന്നു. ബക്കറിന്റെ നാടകം ഏതോ ഒരദൃശ്യശക്തിയാല്‍ (ഈശ്വരനല്ല) പീഡിപിക്കപ്പെടുന്ന മനുഷ്യന്റെ ഹൃദയഭേദകമായ ചിത്രം പ്രദാനം ചെയ്യുന്നു. ‘വാക്കിന്റെ പരാജയ’ത്തെ വ്യക്തമാക്കുന്നു’ വെര്‍ജിലിന്റെ മരണം.’ വാക്കിനോടുള്ള പ്രതിബദ്ധത ജീവിതത്തോടുള്ള വഞ്ചനയാണെന്ന് വ്യക്തമാക്കുന്ന ഈ നോവല്‍ യഥാര്‍ഥത്തില്‍ നിശ്ശബ്ദസാഹിത്യം തന്നെയാണ്. ലിറ്ററേച്ചര്‍ ഓഫ് സൈലന്‍സ് എന്ന ആധുനിക പ്രസ്ഥാനത്തിന്റെ തുടക്കം കുറിക്കുന്നത് ഈ നോവലത്രേ. എങ്കിലും ആദ്യം പറഞ്ഞ വൈരുദ്ധ്യം ഇവിടെ കാണാം. ഈ നോവല്‍ വായിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ ക്ഷുദ്രത്വമാകെ വിസ്മരിച്ച് മാനസികമായ ഔന്നിത്യം നേടുന്നു. അനുവാചകന്‍ മറ്റൊരാളായി മാറുന്നു.ടോള്‍സ്റ്റോയിയും തോമസ് മന്നുംഅവര്‍ക്ക് മുമ്പ് വാല്മീകിയും ഹോമറും അനുഷ്ഠിച്ച കൃത്യം ഇതുതന്നെയല്ലേ?