close
Sayahna Sayahna
Search

വ്യര്‍ഥതാ ബോധത്തിന്റെ ദര്‍പ്പണം


വ്യര്‍ഥതാ ബോധത്തിന്റെ ദര്‍പ്പണം
Pani-cover.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി പനിനീര്‍പ്പൂവിന്റെ പരിമളം പോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസിദ്ധീകരണ വര്‍ഷം 1997
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 72 (ആദ്യ പതിപ്പ്)

പനിനീര്‍പ്പൂവിന്റെ പരിമളം പോലെ

ʻʻതീവണ്ടിയാപ്പീസുകളിലെ മദ്യശാലകളില്‍ നിങ്ങള്‍ക്ക് അവരുടെ മുഖങ്ങളെ വേര്‍തിരിച്ച് അറിയാം. അവര്‍ മിക്കവാറും സുന്ദരന്മാരായിരുന്നു. എന്നാല്‍ ഇപ്പോള്‍ സൗന്ദര്യത്തിനു കെടുതി വന്നിരിക്കുന്നു, ക്ളേശത്താലും മദ്യത്താലും. ഏറിയ കൂറും അവരുടെ കൈകള്‍ വിറയ്ക്കും. അവര്‍ക്കു സ്നേഹിതന്മാരില്‍ ആരെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ പറയും: ʻഎക്സ്ʼ ഒരു തരത്തിലുള്ള മാനസിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന്...

ʻʻലൈംഗികമായി നോക്കുമ്പോള്‍ അവരുടെ ഭാര്യമാരുടെ ആകര്‍ഷകത്വം പൊയ്ക്കഴിഞ്ഞു. കാമുകിമാരെ കണ്ടെത്താനും അവര്‍ക്കു കഴിഞ്ഞിട്ടില്ല... അവരുടെ കുഞ്ഞുങ്ങള്‍ വിചിത്ര സ്വഭാവമുള്ളവരും നന്ദികെട്ടവരുമായി മാറിയിരിക്കുന്നു. അവരുടെ സാമ്പത്തിക ക്ളേശങ്ങള്‍ നട്ടെല്ല് ഒടിക്കുന്നവയാണ്... തന്റെ ഭാര്യയുടെ ശബ്ദം അയാള്‍ക്ക് അസഹനീയം. താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മകനെ വിറകുകൊള്ളിയെടുത്ത് അയാള്‍ അടിക്കുന്നു. മലയുടെ ചരിവില്‍ മാര്‍ഗ്ഗം കാണാതെ ഉഴലുന്നവനെപ്പോലെ അയാള്‍ ഉഴലുകയാണ്. എന്നിട്ടും ഈ ദുരന്തകാനനത്തില്‍ അയാള്‍ വന്നതെങ്ങനെ എന്നത് അയാളില്‍ നിന്നു മറച്ചുവയ്ക്കപ്പെട്ടിരിക്കുന്നു. നമ്മളില്‍ നിന്നും.ˮ

ʻഅതാ ഒരുത്തന്‍ മദ്യശാലയിലിരുന്നു ബിയര്‍ കുടിക്കുന്നു. വേറൊരുത്തന്‍ വാതിലിലേക്കു വരുന്നു. പട്ടു ഷേര്‍ട്ട് ധരിച്ചു ʻമാറ്റീനിʼ കുടിക്കുന്നവന്‍ അവരില്‍ ഒരാളാണ്. നാലാമതൊരുത്തന്‍ റിസ്റ്റ് വാച്ചു നോക്കുന്നു. ഉച്ചയ്ക്കു ശേഷം മണി മൂന്നോ നാലോ അഞ്ചോ ആകട്ടെ. അവയ്ക്കു തമ്മില്‍ ഒരു വ്യത്യാസവുമില്ല അയാള്‍ക്ക്.

സമകാലിക മനുഷ്യന്റെ മാനസികാവസ്ഥയെയും ശാരീരികാവസ്ഥയെയും സത്യസന്ധമായി പ്രതിപാദിക്കുന്ന ഈ വാക്യങ്ങള്‍ പ്രശസ്തനായ അമേരിക്കന്‍ എഴുത്തുകാരന്‍ ജോണ്‍ ചീവറുടേതാണ്. The Journals of John Cheever എന്ന പുസ്തകത്തില്‍ നിന്നാണ് ഞാന്‍ ഈ ഭാഗം ഭാഷാന്തരീകരണം ചെയ്തു മുകളില്‍ ചേര്‍ത്തിട്ടുള്ളത്.

caption
ചീവര്‍

അമേരിക്കന്‍ പൗരനെക്കുറിച്ചാണ് ചീവര്‍ ഇതു പറയുക. എന്നാല്‍ അത് ഏതു രാജ്യത്തിലെയും പൗരനു ചേരുന്നു. ഇപ്പുസ്തകത്തില്‍ ചരിത്രമുണ്ട്. സെക്സുണ്ട്. ഭാര്യയോടുള്ള വിപ്രതിപത്തിയുണ്ട്. സാഹിത്യ വിമര്‍ശനമുണ്ട്. ആത്മകഥ ആവിഷ്കരിക്കുന്ന ചീവര്‍ നമ്മുടെ കഥ തന്നെയാണു പറയുന്നത്. ചീവറുടെ ജേണല്‍ വായിക്കുന്ന നമ്മള്‍ അതിലൂടെ നമ്മളെത്തന്നെ കാണുന്നു. അതിലൂടെ ആവിഷകരിക്കപ്പെടുന്ന സത്യത്തിന്റെ അടിയേറ്റു നമ്മുടെ കവിള് വേദനിക്കുന്നു.

ഏതാനും നോവലുകളും അനേകം ചെറുകഥകളും രചിച്ചു രാഷ്ട്രാന്തരീയ പ്രശസ്തി നേടിയ ചീവര്‍ കടക്കണ്ണില്‍ പുഞ്ചിരിയോടെയാണു ലോകത്തെ നോക്കുന്നത്. ചേതനാത്മകവും അചേതനാത്മകവുമായ പ്രകൃതിയെ നോക്കിയാലും ശരി, ചേതനാത്മക പ്രകൃതിയുടെ സുപ്രധാന ഘടകമായ മനുഷ്യനെ നോക്കിയാലും ശരി അദ്ദേഹത്തിന്റെ കണ്ണുകളില്‍നിന്ന് ആ ചിരി മാഞ്ഞു പോകുന്നില്ല. അത് ആഹ്ളാദത്തിന്റെ ചിരിയല്ല. ആക്ഷേപത്തിന്റെ ചിരിയാണ്.

ʻʻദാമ്പത്യജീവിതത്തെ നോക്കി ചീവര്‍ ചിരിക്കുന്നതു കാണുക: കൂടെപ്പഠിച്ചവനെയോ അയാളെപ്പോലെ മറ്റു വല്ലവനെയുമോ നിങ്ങള്‍ തെരുവില്‍ വച്ചു കാണുന്നു. ഒരുമിച്ചു ഭക്ഷണം കഴിക്കാനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്യുന്നു. പക്ഷേ, ആ വീട്ടില്‍ കയറിക്കഴിഞ്ഞയുടനെ നിങ്ങള്‍ക്കു ബോധ്യപ്പെടുന്നു എന്തോ തകരാറിലാണെന്ന്.

ʻʻനിങ്ങളുടെ ആതിഥ്യകാരിണി കരയുന്നു; പഴയ സഹപാഠി കുടിച്ചിട്ടുണ്ടെന്നു തോന്നുന്നു... തീന്‍‌മേശയ്ക്കരികില്‍ ചെല്ലുന്നതിനു മുമ്പ് അയാള്‍ ഭാര്യയെ ചീത്ത പറയുന്നു. അവളുടെ ദൂഷ്യം പറയുന്നു. പരിഹസിക്കുന്നു. സൂപ്പ് കഴിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ അയാള്‍ പറയുന്നു അവള്‍ വൃത്തികെട്ട മൂധേവിയാണെന്ന്.

ʻʻനല്ല സ്വഭാവമുള്ള, നിഷ്കപടയായ സ്ത്രീയായിട്ടാണ് നിങ്ങള്‍ക്ക് അവളെക്കുറിച്ചു തോന്നുക. അവള്‍ കരയുന്നു. ഇല്ലാത്ത സകല വൃത്തികേടുകളും അവള്‍ക്കുണ്ടെന്ന് അയാള്‍ ആരോപണം നടത്തുന്നു. ഭക്ഷണം നടക്കുന്നതു പാതിയോളമാകുമ്പോള്‍ നിങ്ങള്‍ കോട്ടും തൊപ്പിയുമെടുത്ത് അവിടെനിന്ന് ഇറങ്ങിപ്പോകുന്നു.

ʻʻപത്തോ പതിനഞ്ചോ കൊല്ലം കഴിയുന്നു. ഒരു ദിവസം നിങ്ങള്‍ തിയറ്ററില്‍ നിന്നു പുറത്തേക്കു പോരുമ്പോള്‍ പഴയ സഹപാഠി വിളിക്കുന്നു. അയാള്‍ക്ക് അന്നത്തെ ഭാര്യതന്നെ. ജിജ്ഞാസയോടെ നിങ്ങള്‍ അവളുടെ മുഖത്തേക്കു നോക്കുമ്പോള്‍ സംതൃപ്തിയാര്‍ന്ന ഭാവം. (നിങ്ങള്‍ അവരുടെ വീട്ടില്‍ ചെല്ലുന്നു ക്ഷണമനുസരിച്ച്) എല്ലാം ആഹ്ളാദജനകം.

ʻʻനിങ്ങളുടെ പഴയ സഹപാഠി അവളോടു ചോദിക്കുന്നു കുറച്ചു ʻസാന്‍ഡ്‌വിച്ചസ്ʼ ഉണ്ടാക്കിയാലെന്തെന്ന്. ആ തടിച്ച ചന്തിവിട്ടെഴുന്നേറ്റു പ്രയോജനമുള്ളത് എന്തെങ്കിലും ചെയ്താലെന്തെന്ന്. അവള്‍ കരയാന്‍ തുടങ്ങുന്നു. അടുക്കളയിലേക്കു പോകുന്നു. നിങ്ങള്‍ കോട്ടും ഹാറ്റുമെടുത്തുകൊണ്ടു സ്ഥലം വിടുന്നു. അവളെ അയാള്‍ പട്ടിയെന്നും വൃത്തികെട്ട മൂധേവിയെന്നും വേശ്യയെന്നും വിളിക്കുന്നു.ˮ

ദാമ്പത്യജീവിതം തടാകംപോലെയാണെന്നു ടോസ്റ്റോയി പറഞ്ഞിട്ടുണ്ട്. ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന അനുരഞ്ജനങ്ങള്‍ ആ തടാകത്തിലെ ദ്വീപുകള്‍ മാത്രം. ജലത്തിന്റെ വിശാലത വൈരസ്യത്തിനു സദൃശം. അനുരഞ്ജനം ദ്വീപുകള്‍പോലെ വിരളം.

caption
റ്റെനസി വില്യംസ്

ചീവറുടെ ഈ പരിഹാസം ചിലപ്പോള്‍ ശത്രുതയോളം ചെല്ലുന്നുണ്ട്. ʻʻഡിലന്‍ തോമസിന്റെ (ഇംഗ്ലീഷിലെഴുതിയ വെല്‍ഷ് കവി — ലേഖകന്‍) ജീവചരിത്രം വായിക്കുകയായിരുന്നു ഞാന്‍. ഡിലനെപ്പോലെ ഞാനും അതിമദ്യപന്‍. ആശയ്ക്ക് ഒരുവകയുമില്ലാതെ, എല്ലാം നശിപ്പിക്കുന്ന ഒരു സ്ത്രീയെയാണ് ഞാന്‍ വിവാഹം കഴിച്ചത്.ˮ

ʻഉടനെ മരിച്ചു വീഴുക എന്നതല്ലാതെ ഞാന്‍ നിനക്കു വല്ലതും ചെയ്യേണ്ടതുണ്ടോʼ എന്നു ചീവര്‍ ഒരിക്കല്‍ ഭാര്യയോട് ചോദിച്ചു. സഹിക്കാനാവാത്ത ദാമ്പത്യബന്ധത്തെ സഹിച്ചു പോന്നു എന്നതാണു തന്റെ പരാജയത്തിനു ഹേതുവെന്നും അദ്ദേഹം പറയുന്നുണ്ട്. ആഹ്ളാദജനകമായ ഭവനാന്തര്‍ഭാഗങ്ങള്‍, കുട്ടികളുടെ ശബ്ദങ്ങള്‍ ഇവയാണ് തന്നെ നശിപ്പിച്ചതെന്നു ചീവര്‍ കരുതുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ബന്ധം വേര്‍വെടുത്തി മനസ്സിന് ആരോഗ്യമുള്ള ഒരു സുന്ദരിയുമായി ഓടിപ്പോകേണ്ടിയിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വിചാരം. ʻഎനിക്കു പോകണം എനിക്കു പോകണംʼ എന്ന് അദ്ദേഹം തീരുമാനിക്കും. പക്ഷേ, പൂന്തോട്ടത്തില്‍ മകന്‍ നില്ക്കുന്നതു കാണുന്നു. അവനെ വിട്ടു പോകുന്നതെങ്ങനെ?

ദാമ്പത്യജീവിതം ഒറ്റ നാണയം, അതിനു രണ്ടു മുഖങ്ങള്‍ എന്ന് എ. ആല്‍വറസ് Life After Marriage എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്. വൈകാരികമായ ചേര്‍ച്ചയില്ലാത്ത രണ്ടുപേരുടെ ബന്ധത്തിന്റെ ഭീകരമുഖങ്ങള്‍ നമ്മള്‍ ചീവറുടെ ഗ്രന്ഥത്തില്‍ കാണുന്നു. ഇതുകൊണ്ടാണോ അദ്ദേഹം അതിമദ്യപനായത്? അതോ അതിമദ്യപാനം ഭാര്യയെ ശത്രുതയിലേക്ക് കൊണ്ടുചെന്നോ? ഉത്തരം ഇതില്‍ നിന്നു വ്യക്തമാകുന്നില്ല. കുടിച്ചു കുടിച്ച് ചീവറിനു കാന്‍സര്‍ വന്നു. അദ്ദേഹം 1982 ജൂണ്‍ 18-ആം തീയതി മരിച്ചു.

ഭാര്യയോടുള്ള ഈ വിപ്രതിപത്തി ശൂന്യതയുടെ ബോധം അദ്ദേഹത്തിന് ഉളവാക്കി. ʻനാദʼയെക്കുറിച്ച് (nada — ഒരു സ്പാനിഷ് പദം. ശൂന്യത എന്ന് അര്‍ത്ഥം — ലേഖകന്‍) ഹെമിങ്‌വേയുടെ പ്രസിദ്ധമായ കഥയുണ്ടല്ലോ. മദ്യശാലയിലിരുന്നു തുടര്‍ച്ചയായി കുടിച്ചു നാദ, നാദ എന്നു പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കിഴവന്റെ കഥ. ആ വൃദ്ധനുണ്ടായ ശൂന്യതയുടെ ബോധമായിരുന്നു ചീവര്‍ക്ക്.

ലൈംഗികമായ ബന്ധങ്ങളില്‍ ചീവറുടെ ഭാര്യ അദ്ദേഹത്തിനു നിരാശതയുളവാക്കിയോ? എക്സ് എന്നൊരുത്തന്റെ കാര്യം അദ്ദേഹം പറയുന്നതില്‍ നിന്നാണ് ഈ സംശയം നമുക്കുളവാക്കുക. ലൈംഗിക ശക്തിയില്‍ ഹെര്‍ക്കുലീസിനെപ്പോലുള്ള എക്സ്. അയാള്‍ അസ്ഥികൂടം പോലുള്ള ഭാര്യയെ ആശ്ളേഷിക്കുമ്പോള്‍ കളിമണ്ണായി രൂപാന്തരപ്പെടുന്നു. തകര്‍ച്ചയും തളര്‍ച്ചയും. ഈ തകര്‍ച്ചയും തളര്‍ച്ചയുമാകാം ചീവറിന് അന്യവത്കരണമുളവാക്കിയത്. അന്യവത്ക്കരണവും അതു ജനിപ്പിച്ച ശൂന്യതയുമാകാം ആത്മഹത്യയ്ക്ക് സദൃശമായി സ്വാഭാവികമരണത്തില്‍ അദ്ദേഹത്തെ കൊണ്ടുചെന്ന് എത്തിച്ചത്.

ഈ ജേണലുകളില്‍ നിന്നും ലഭിക്കുന്ന ദാമ്പത്യജീവിതത്തിന്റെ ഇരുണ്ട ചിത്രം എന്നെ ശോകാകുലനാക്കി. ആ ശോകം നിര്‍മാര്‍ജനം ചെയ്യപ്പെടുന്നത് ചീവര്‍ കലയെ സംബന്ധിച്ച്, സാഹിത്യത്തെ സംബന്ധിച്ച് ധിഷണാശാലിയായി എഴുതുന്നത് കാണുമ്പോഴാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് റ്റെനസി വില്യംസിന്റെ A Streetcar Named Desire! എന്ന നാടകം വായിച്ചപ്പോള്‍ അതൊരു ജീര്‍ണിച്ച കൃതിയാണെന്ന് എനിക്കു തോന്നി. വലിയ നിരൂപകര്‍ അതിനെ വാഴ്ത്തിയപ്പോള്‍ എന്റെ അഭിപ്രായം ആവിഷ്കരിക്കാന്‍ എനിക്കു ധൈര്യമില്ലാതെയായി. ഇപ്പോള്‍ ചീവര്‍ അതുതന്നെ പറഞ്ഞുകണ്ടപ്പോള്‍ ഞാന്‍ എനിക്കു പണ്ടു തോന്നിയ വിചാരം ബഹുജനത്തിന്റെ പരിഗണനയ്ക്കായി അവരുടെ മുന്‍പില്‍ വച്ചിട്ടുണ്ട്. ചീവര്‍ എഴുതുന്നു: Last night to see Tennessee Williams play, A Streetcar Named Desire. As decadent, I think, as anything Iʼve ever seen on the stage. കഴിഞ്ഞ രാത്രി റ്റെനസി വില്യംസ് നാടകമായ A Streetcar Named Desire കാണാന്‍ പോയി. നാടകവേദിയില്‍ ഞാന്‍ കണ്ട ജീര്‍ണ്ണിച്ച നാടകങ്ങള്‍ പോലെ ജീര്‍ണ്ണിച്ച ഒരു നാടകം.

caption
നാബോകോഫ്
caption
ഈറ്റാലോ കാല്‍വീനോ

നാബോകോഫിന്റെ നോവലുകളും നിരൂപണങ്ങളും എനിക്കിഷ്ടമുള്ളവയല്ല. കൃത്രിമമായ ഭാഷയില്‍ മാനസിക ഭ്രംശങ്ങളെ പ്രതിപാദിക്കുന്ന എഴുത്തുകാരനാണ് നാബോകോഫ് എന്ന് എനിക്കു തോന്നിയിട്ടുണ്ട്. എന്റെ തോന്നല്‍ തെറ്റായില്ലെന്നു ചീവര്‍ എന്നെ ഗ്രഹിപ്പിക്കുന്നു. I read Nabokov, who is florid — ആവശ്യകതയില്‍ കവിഞ്ഞ വൃഥാസ്ഥൂലത കാണിക്കുന്ന നാബോക്കോഫിന്റെ കൃതി ഞാന്‍ വായിച്ചു.

ഈറ്റാലോ കാല്‍വീനോയുടെ നോവലുകളുടെയും കഥകളുടെയും ധിഷണയോടു ബന്ധപ്പെട്ട ചാരുതയെ ഈ ലേഖകന്‍ ഈ പംക്തിയില്‍ തന്നെ വാഴ്ത്തിയിട്ടുണ്ട്. പക്ഷേ, അവയ്ക്ക് — മസ്തിഷ്കപരങ്ങളായ ആ രചനകള്‍ക്ക് — ചിരസ്ഥായിത്വം ഉണ്ടാവുകയില്ല. ചീവര്‍ അതു ഭംഗ്യന്തരേണ പറഞ്ഞതു കേട്ട് ഞാന്‍ ആഹ്ളാദിച്ചു. Reading Calvino, who is very close to Pirandello – a master – find him unsympathetically cute — പ്രഗല്ഭനായ പീറാന്തെല്ലോയ്ക്ക് വളരെ അടുത്ത കാല്‍വിനോയുടെ കൃതികള്‍ വായിക്കുമ്പോള്‍ ദയാരഹിതമായ വിധത്തില്‍ അദ്ദേഹം കൗശലക്കാരനാണെന്ന് എനിക്കു തോന്നി.

ചീവര്‍ ജീവിതത്തെ സര്‍ഗ്ഗാത്മകപ്രവര്‍ത്തനമായി കാണുന്നു. അതിന്റെ മുന്നേറ്റത്തെ തടയുന്ന ഏതിനെയും തിന്മയായും അശ്ളീല സ്വഭാവമാര്‍ന്നതായും അദ്ദേഹം ദര്‍ശിക്കുന്നു. ഏറ്റവും ലളിതമായ സംവിധാനം; മരങ്ങള്‍, നിരന്നു നില്ക്കുന്ന കുളിമുറികള്‍, പള്ളിഗോപുരം, ഉദ്യാനത്തിലെ ഇരിപ്പിടം ഇവയ്ക്കെല്ലാം സാന്മാര്‍ഗിക പ്രാധാന്യമുണ്ടെന്ന് അദ്ദേഹം കരുതുന്നു. ഈ സദാചാരത്തിന് മുന്‍ഗണന നല്‍കിക്കൊണ്ട് മനുഷ്യജീവിതത്തിന്റെ ശൂന്യതയിലേക്കു ദൃഷ്ടി വ്യാപരിപ്പിക്കുന്ന ചീവറുടെ ഈ ഗ്രന്ഥം, ആങ്ദ്രേ ഷീദിന്റെ ജേണലുകള്‍ പോലെ മനോഹരവും ചിന്തോദ്ദീപകവുമാണ്.