close
Sayahna Sayahna
Search

സംവിധായകനെത്തേടി ഒരു കഥാപാത്രം


സംവിധായകനെത്തേടി ഒരു കഥാപാത്രം
EHK Play 01.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി

[[Samvidhayakanethedi

|സംവിധായകനെത്തേടി ഒരു കഥാപാത്രം]]
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 16

ഇ ഹരികുമാര്‍









കഥാപാത്രങ്ങൾ

  • സംവിധായകൻ
  • ബാബു 30 വയസ്സ് (നായകൻ)
  • ജാൻസി 25 വയസ്സ് (നായിക)
  • കേശവൻ 65 (അഭിനേതാക്കളിൽ ഒരാൾ)
  • കമലം 55 (അഭിനേത്രി)
  • ബാലൻ 55 (പ്രോംറ്ററും സംവിധായകന്റേ സഹായിയും)
  • രവി 20 (സ്റ്റേജ് അസിസ്റ്റന്റ്)
  • ആൺകുട്ടി 13 വയസ്സ്
  • പെൺകുട്ടി 10 വയസ്സ്
  • ബില്ലുകാരനും സഹായിയും
  • (ശവപ്പെട്ടി കൊണ്ടുവരുന്നവർ)
  • രണ്ടു പുരുഷന്മാർ മുപ്പത്തഞ്ചും നാല്പതും വയസ്സ് പ്രായം
  • ഒരു സ്ത്രീ 30 വയസ്സ്
(ഈ മൂന്നു പേരും അച്ഛന്റെ ശവം അന്വേഷിക്കുന്നു)
  • രജിത 18 വയസ്സ്
  • രജിതയുടെ അച്ഛനും അമ്മയും
(മദ്ധ്യവയസ്സുകാർ)
* * *


(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവിനോട് കടപ്പാട്.)


സംവിധായകനെത്തേടി ഒരു കഥാപാത്രം

ഏകാങ്കം


ഹാളിലും സ്റ്റേജിലുമുള്ള വിളക്കുകൾ അണക്കണം. രണ്ടു നിമിഷങ്ങൾക്കു ശേഷം വെളിച്ചം വരുമ്പോൾ കാണുന്നത് ഒരു ഒഴിഞ്ഞ സ്റ്റേജ്. ഇടതു വശത്ത് ഒരു മേശയുള്ളതൊഴിച്ചാൽ സ്റ്റേജ് ശൂന്യമാണ്. കർട്ടൻ ഉയർന്നാണിരിക്കുന്നത്. സ്റ്റേജിൽ നേരിയ വെളിച്ചമേയുള്ളു. ഒരു നാടകത്തിന്റെ റിഹേഴ്‌സലിനുള്ള ഒരുക്കങ്ങളാണ്. നീണ്ട വെള്ള ജുബ്ബയും പാന്റ്‌സും ധരിച്ച, ഏകദേശം അമ്പത്തഞ്ച് വയസ്സു പ്രായമുള്ള സംവിധായകൻ വന്ന് ചുവരിലെ സ്വിച്ച്‌ബോർഡിൽ അമർത്തുമ്പോൾ സ്റ്റേജിൽ വെളിച്ചം തെളിയുന്നു. സംവിധായകൻ ചുവരിൽ സ്വിച്ച്‌ബോർഡിൽ ഫാനിന്റെ സ്വിച്ചിനു വേണ്ടി തപ്പുകയാണ്. ഓരോ സ്വിച്ച് അമർത്തിയശേഷം മുകളിലേയ്ക്ക് നോക്കും. ഫാൻ തിരിയുന്നില്ല. അടുത്ത സ്വിച്ച്. അതിനിടയ്ക്ക് ഒരു സ്വിച്ചമർത്തുമ്പോൾ സ്റ്റേജിലെ വിളക്കു കെടുന്നു. ഇരുട്ട്.

‘മാരണം!’ സംവിധായകന്റെ ഒച്ച കേൾക്കുന്നു. ഒരു നിമിഷത്തിനകം വെളിച്ചം വരുന്നു. അതോടെ ഹാളിലെ വിളക്കുകളും കത്തുന്നു.

സംവിധായകൻ: (സ്വിച്ച് ബോർഡിൽനിന്ന് കയ്യെടുത്ത് ഹാളിലേയ്ക്കു നോക്കിക്കൊണ്ട്) അതാ, ഹാളിലെ വിളക്കുകളും കത്തിയോ? സാരല്യ, ഇരിക്കട്ടെ. (വാച്ചു നോക്കിക്കൊണ്ട്) എവിടെപ്പോയി നമ്മുടെ അഭിനേതാക്കൾ?

(സ്റ്റേജിലും ഹാളിലും വെളിച്ചത്തിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തണം. മുകളിൽ സ്‌പോട്ട് ലൈറ്റുകൾ വേണം. സാധാരണ നിലയിൽ നല്ല വെളിച്ചമുള്ള സ്റ്റേജ് ഭാവതീവ്രമായ രംഗത്തിലെത്തുമ്പോൾ അല്പം മങ്ങി സംസാരിക്കുന്ന വ്യക്തിയേയും അതു കേൾക്കുന്ന വ്യക്തിയേയോ വ്യക്തികളേയോ മാത്രം സ്‌പോട്ട് ലൈറ്റിൽ കാണിക്കണം.)

(ഒരു ഇരുപതു വയസ്സുകാരൻ കുറച്ചു പ്ലാസ്റ്റിക് കസേലകൾ കൊണ്ടുവന്ന് സ്റ്റേജിന്റെ പിന്നിൽ നിരത്തുന്നു.)

സംവിധായകൻ: സംവിധായകൻ, ഒരെണ്ണം ഇവിടെ വയ്ക്കു.

(രവി ഒരെണ്ണം സംവിധായകന്റെ തൊട്ടടുത്ത്, മേശയ്ക്കു മുമ്പിലായി സ്റ്റേജിനെ അഭിമുഖീകരിച്ച് ഇട്ടുകൊടുക്കുന്നു. അദ്ദേഹം അത് വലിച്ചിട്ട് ഇരിക്കുന്നു. ഇതിനിടയിൽ വാതിൽ കടന്ന് ഓരോരുത്തരായി വരുന്നു. ആദ്യം വരുന്നത് നായകനും നായികയുമായി അഭിനയിക്കാനുള്ള രണ്ടു ചെറുപ്പക്കാരാണ്. ബാബുവും ജാൻസിയും. കഥാപാത്രങ്ങൾ പ്രവേശിക്കുന്നതും പുറത്തു പോകുന്നതും സംവിധായകനിരിക്കുന്നതിന്റെ എതിർവശത്തുകൂടെയാണ്.)

നായകൻ: ആരും എത്തീലേ സാർ? ഒക്കെ ഒഴപ്പമ്മാരാ.

സംവിധായകൻ: ഇപ്പൊ വരും.

അറുപതു വയസ്സിനുമീതെ പ്രായമുള്ള ഒരു പുരുഷനും (അയാളുടെ തല നരച്ചിരിക്കുന്നു) അമ്പത് അമ്പത്തഞ്ച് വയസ്സായ സ്ത്രീയും പ്രവേശിക്കുന്നു.

സംവിധായകൻ: ഇതാ, കേശവേട്ടനും കമലച്ചേച്ചീം എത്തീലോ.

(കേശവൻ ചിരിക്കുന്നു. സ്റ്റേജിന്റെ പിന്നിലിട്ട കസേലയിലിരിക്കുന്നു. അടുത്ത കസേലയിൽ ഭാര്യയും. നായകനും നായികയും ഇരിക്കാതെ നിൽക്കുകയാണ്. അവർ തമ്മിൽ പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിക്കുന്നുണ്ട്, ഒപ്പം തന്നെ മറ്റുള്ളവർ സംസാരിക്കുന്നത് ശ്രദ്ധിക്കുകയും.)

(ബാലൻ, നാൽപത്തഞ്ചു വയസ്സുണ്ടാവും, ഒതുങ്ങിയ പ്രകൃതം, കയ്യിൽ ഒരു നോട്ടുപുസ്തകമുണ്ട്. ഷർട്ടിന്റെ പോക്കറ്റിൽ പെൻ കുത്തിയിട്ടുണ്ട്, പ്രവേശിക്കുന്നു, എല്ലാവരേയും നോക്കി ചിരിക്കുന്നുണ്ട്.)

സംവിധായകൻ: നല്ല ആളാണ്. നേരത്തെ വരാംന്ന് പറഞ്ഞിട്ട്? ഇവരൊക്കെ വരുമ്പഴേയ്ക്ക് നമുക്ക് ഒന്നാം രംഗം ഒന്നുകൂടി മാറ്റിയെഴുതണമായിരുന്നു. പോട്ടെ, സാരല്യ.

(ബാലൻ ഒരു വശത്ത് സംവിധായകന്റെ അടുത്തിട്ട മേശക്കു പിന്നിലിരിക്കുന്നു.)

പതിമൂന്നും പത്തും വയസ്സുള്ള രണ്ട് കുട്ടികൾ, മൂത്തവൻ ആൺകുട്ടി, ഇളയവൾ പെൺകുട്ടി, പ്രവേശിക്കുന്നു. എല്ലാവരും എത്തുന്നതോടെ സ്റ്റേജ് നിറഞ്ഞ അനുഭവമുണ്ടാകുന്നു.

സംവിധായകൻ: ങാ, കുട്ട്യോളും എത്തീലോ. ഇപ്പൊ എല്ലാവരും ആയില്യേ?

നായിക: രോഹിണി വന്നില്ല സർ. ഞാൻ കുറേ വിളിച്ചതാ. അവൾക്ക് പനിയാത്രെ.

സംവിധായകൻ: സാരല്യ. അവൾക്ക് വലിയ റോളൊന്നും ഇല്ല. നാടകത്തിന്റെ അന്ന് വന്നാ മത്യായിരുന്നു. പോട്ടെ എല്ലാരും നാടകത്തിന്റെ സ്‌ക്രിപ്റ്റ് വായിച്ചോ?

(ആരും ഒന്നും പറയുന്നില്ല.)

സംവിധായകൻ: എന്തേ, വായിച്ചിട്ടില്ലേ?

നായിക: ഭയങ്കര ബോറ് സാധനാ സർ അത്.

(സംവിധായകൻ മറ്റുള്ളവരുടെ നേരെ നോക്കുമ്പോൾ അവരും തലയാട്ടുന്നു. അദ്ദേഹം ആലോചിച്ചുകൊണ്ട് നിൽക്കുന്നു. അഭിനേതാക്കളുടെ മുഖത്ത് കുറ്റബോധം.)

സംവിധായകൻ: ശരിയാണ്. പക്ഷെ അതിന് നാടകകൃത്തിനെ പറഞ്ഞിട്ടു കാര്യല്യ. പിരന്തെല്ലൊ ഒരു മികച്ച നാടകാണ് എഴുതീട്ടുള്ളത്. മലയാളത്തിലേയ്ക്കു തർജ്ജമ ചെയ്ത ആളുടെ കുഴപ്പാണത്. വാട്ട് ദ ഡെവിൾ ഈസ് ഹി ടാക്കിങ് എബൗട്ട്. എന്നതിന് ‘അയാൾ എന്തു ചെകുത്താനെപ്പറ്റിയാണ് സംസാരിക്കുന്ന’തെന്നു പറഞ്ഞാൽ എന്തിനു കൊള്ളും? വേറെ നല്ലൊരു തർജ്ജമയുണ്ടായിരുന്നു. ആരാ ചെയ്തത്ന്ന് ഓർമ്മയില്ല. എനിക്കതു കിട്ടീല്ല. ഇതു ചെയ്തത് എന്റെയൊരു സ്‌നേഹിതനാണ്.

നായകൻ: അതു മാത്രല്ല സർ…

സംവിധായകൻ: ഇങ്ങിനെയായാൽ ശരിയാവില്ല. എന്തായാലും തുടങ്ങാം. ഓരോ ഡയലോഗും ഞാൻ അപ്പപ്പോൾ നല്ല മലയാളത്തിൽ പറഞ്ഞുതരാം. (ഒരു കസേലയിൽ നോട്ടുപുസ്തകവും പെന്നുമായി ഇരിക്കുന്ന ബാലനെ നോക്കി — അയാളാണ് പ്രോംപ്റ്റർ) ബാലൻ അതെഴുതിയെടുത്താൽ മതി. മറ്റുള്ളവർക്ക് അവനവന്റെ ഭാഗം ബാലന്റെ പുസ്തകത്തിൽനിന്ന് എഴുതിയെടുക്കാം. പോരെ?

(എല്ലാവരും തലയാട്ടുന്നു.)

സംവിധായകൻ: അപ്പോൾ നമുക്ക് തുടങ്ങാം അല്ലെ? ഞാൻ ഈ നാടകം ‘സിക്‌സ് ക്യാരക്ടേഴ്‌സ് ഇൻ സർച്ചോഫാൻ ആതർ’ പിരന്തലോ എഴുതിയതിൽനിന്ന് അല്പം വ്യത്യാസത്തോടുകൂടിയാണ് അവതരിപ്പിക്കണത്. ആ നാടകത്തിൽ സ്ഥിരം നടീനടന്മാർ പിരന്തലോവിന്റെ മറ്റൊരു നാടകം റിഹേഴ്‌സ് ചെയ്യാൻ പുറപ്പെടുമ്പോഴാണ് ഈ ആറു കഥാപാത്രങ്ങൾ പ്രവേശിക്കുന്നത്. അതിനുപകരം ഞാൻ ചെയ്യാൻ പോണത് ഈ ആറു കഥാപാത്രങ്ങളേയും, സ്ഥിരം അഭിനേതാക്കളെയും കൂട്ടി യോജിപ്പിക്ക്യാണ്. നാടകം വായിച്ചിട്ടില്ലാത്തതുകൊണ്ട് നിങ്ങൾക്ക് ഇപ്പോൾ ഒന്നും മനസ്സിലായെന്നു വരില്ല. വഴിയെ മനസ്സിലായിക്കൊള്ളും.

(സ്റ്റേജിന്റെ വാതിൽ കടന്ന് രണ്ടുപേർ ഒരു ശവപ്പെട്ടി താങ്ങിക്കൊണ്ടുവരുന്നു. അത് സ്റ്റേജിന്റെ നടുവിൽ കൊണ്ടുവന്ന് വെച്ച് അതിലൊരാൾ പോക്കറ്റിൽ നിന്ന് ഒരു ബിൽ എടുത്ത് ആർക്കാണ് കൊടുക്കേണ്ടതെന്നറിയാതെ ചുറ്റും നോക്കുന്നു. സംവിധായകൻ കസേലയിൽനിന്ന് അദ്ഭുതപ്പെട്ട് എഴുന്നേൽക്കുന്നു. തീരെ പ്രതീക്ഷിക്കാത്ത ഒരു കാര്യമാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ മുഖത്തുനിന്ന് വായിക്കാം. അഭിനേതാക്കളിൽ ഈ കാഴ്ച പലതരം പ്രതികരണമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇരിക്കുകയായിരുന്ന രണ്ട് കുട്ടികൾ മുന്നോട്ടുവന്ന് അതെന്താണെന്ന് നോക്കുകയാണ്. നായികയാകട്ടെ അറപ്പും ചെടിപ്പും പ്രകടിപ്പിച്ചുകൊണ്ട് ഭയത്തോടെ (കുറച്ചെല്ലാം അവളുടെ അഭിനയമാണ്) നായകനോട് ചേർന്നുനിൽക്കുന്നു. കിട്ടിയ അവസരം പാഴാക്കാതെ നായകൻ നായികയുടെ അരക്കെട്ടിലൂടെ കൈയ്യിട്ട് ചേർത്തുപിടിക്കുന്നു. വയസ്സായവർ ഇതെന്തു സാധനമാണെന്ന മട്ടിൽ സംവിധായകനെ നോക്കുന്നു.)

സംവിധായകൻ: ഇതെന്താണ്?

ബില്ലുകാരൻ: ഇതൊരു ശവാണ് സർ. ഇവിടെ ഏല്പിക്കാൻ പറഞ്ഞു. ഇതാ ബില്ല്.

എല്ലാവരും ഒന്നിച്ച്: ശവമോ?

(ചെറിയ പെൺകുട്ടി ഞെട്ടി പിൻമാറുന്നു. മറ്റുള്ളവരുടെ ഭാവത്തിൽ മാറ്റമൊന്നുമില്ല.)

ബില്ലുകാരൻ: അതെ സർ, ശരിക്ക്ള്ള ശവാ. ഇതിവിടെ തരാൻ പറഞ്ഞു.

സംവിധായകൻ: ആരാണിതിവിടെ കൊണ്ടെത്തരാൻ പറഞ്ഞത്? ഞാൻ ആവശ്യപ്പെട്ടിട്ടൊന്നുമില്ലല്ലൊ. വേഗം എടുത്തുകൊണ്ടുപോ മാഷെ. മാരണം! വല്ല പോലീസുകാരും വന്ന് കേസാക്കണതിന്റെ മുമ്പെ എടുത്തുകൊണ്ടുപോകു.

ബില്ലുകാരൻ: കുഴപ്പമൊന്നുമില്ല സർ. ഇത് ബില്ലുള്ളതാണ്.

സംവിധായകൻ: വേഗം എടുത്തുകൊണ്ടുപോണം മാഷെ. ഞാൻ ഓർഡർ ചെയ്യാത്തതാണിത്.

(ബില്ലുകാരന്റെ മൊബൈൽ ഫോൺ അടിക്കുന്നു. അയാൾ പോക്കറ്റിൽ നിന്ന് അതെടുത്ത് നമ്പർ നോക്കിയശേഷം ചെവിയിൽ വയ്ക്കുന്നു.)

ബില്ലുകാരൻ: അതെ സർ… ഇവിടെ കൊടുത്തപ്പോൾ ഇവര് ഓർഡർ ചെയ്തിട്ടില്ലാന്നാ പറയണത്. എവിടെ സർ?… ഒരു മിനിറ്റ്… (തിരിഞ്ഞ് സംവിധായകനോട്) ഈ ഹാളിന്റെ പേരെന്താണ് സർ?

സംവിധായകൻ: സെന്റിനറി ഹാൾ.

ബില്ലുകാരൻ: (സംവിധായകനോട്) സോറി സർ. ഇത് ഡ്രമാറ്റിക് ഹാളിലേയ്ക്കുള്ളതാണ്. അവിടെ ഇന്ന് നാടകംണ്ട്. (തിരിഞ്ഞ് ഫോണിൽ) ഇപ്പൊ എത്തിയ്ക്കാം സർ… പത്ത് മിനിറ്റോ? നോക്കട്ടെ. ട്രാഫിക് ഇല്ലെങ്കിൽ അത്രേം സമയം വേണ്ട. (തിരിഞ്ഞ് സംവിധായകനോട്) അവിടെ നാടകം തൊടങ്ങാൻ പതിനഞ്ച് മിനുറ്റേള്ളു. സോറിട്ടോ. സാറൊന്നും വിചാരിക്കര്ത്. പോക്കറ്റിൽനിന്ന് ഒരു കാർഡെടുത്തു കൊടുക്കുന്നു. സാറിന്റെ നാടകത്തിൽ ശവത്തിന്റെ ആവശ്യംണ്ടെങ്കിൽ എന്നെ വിളിച്ചാ മതി. ഞങ്ങടെ റേറ്റ് കൊറവാ സർ. വാടകയ്ക്കും കിട്ടും. (കൂട്ടുകാരനോട്) പിടിക്ക്.

(അവർ രണ്ടുപേരുംകൂടി ശവപ്പെട്ടി എടുത്തുകൊണ്ടുപോകുന്നു. എല്ലാവരും ആശ്വാസത്തോടെ അവരവരുടെ സ്ഥാനത്തേയ്ക്കു നീങ്ങുന്നു.)

സംവിധായകൻ: ഓരോരോ മാരണങ്ങള്! ഈ ഉത്തരാധുനിക നാടകകൃത്തുക്കള് ചെയ്യണ ഓരോ കാര്യങ്ങളേയ്. ഒരു ശവം സ്റ്റേജിലില്ലാതെ അവർക്കൊരു നാടകം അവതരിപ്പിയ്ക്കാൻ കഴിയില്ല. ഞാനൊരു പഴഞ്ചൻ! ആദ്യൊക്കെ ജീവനുള്ളവരാണ് ശവമായി അഭിനയിച്ചിര്ന്നത്. ഇപ്പോൾ അതിനെക്കാൾ ചീപ്പായി ശരിക്കുള്ള ശവംതന്നെ കിട്ടാന്ണ്ട്.

സംവിധായകൻ: (എല്ലാവരേയും നോക്കി, സ്റ്റേജിന്റെ ഒരരുകിലിട്ട മേശമേൽനിന്ന് പുസ്തകമെടുക്കുന്നു. അത് ഉയർത്തിക്കാട്ടി പറയുന്നു) അപ്പോൾ നമുക്ക് തുടങ്ങാം എന്താ?

എല്ലാവരും കുടി: ശരി സർ.

സംവിധായകൻ: ഞാൻ പറഞ്ഞില്ലെ, പുസ്തകത്തിൽനിന്ന് കുറച്ചു വ്യത്യാസത്തോടെയാണ് ഞാനിതവതരിപ്പിക്കണത്. മറിച്ചാണെങ്കിൽ ഇരട്ടി ആൾക്കാർ വേണ്ടിവരും. നിങ്ങൾ നാടകകൃത്തിനെ അന്വേഷിച്ചു വരുന്ന ആറു കഥാപാത്രങ്ങളാണ്. ആ കഥാപാത്രങ്ങളെ ഒരു നാടകകൃത്ത് സൃഷ്ടിച്ചതാണ്. പക്ഷേ എന്തോ കാരണംകൊണ്ട് അദ്ദേഹം അവരെ നാടകമാക്കാതെ ഉപേക്ഷിക്ക്യാണ്. ആ കഥാപാത്രങ്ങൾ ഇപ്പോ മറ്റൊരെഴുത്തുകാരനെ അന്വേഷിച്ചു നടക്ക്വാണ്. അത്രയും ഭാവതീവ്രമായ ഒരു ജീവിതകഥയാണ് അവർക്കുള്ളത്. അത് മുഴുവൻ പറയാതെ, എഴുതിക്കാതെ അവർക്ക് മുക്തിയുണ്ടാവില്ല. അവർക്ക് ആ കഥ പറയണം. ആട്ടെ, നിങ്ങൾ ആറു പേരും പ്രവേശിച്ച് സ്റ്റേജിന്റെ പിന്നിൽ നിൽക്കണം. അവ്ട്ന്നാണ് നമ്മുടെ നാടകം ആരംഭിക്കുന്നത്.

(അഭിനേതാക്കൾ സ്റ്റേജിനു പിന്നിലേയ്ക്കു പോകാൻ നിൽക്കുന്നു. പെട്ടെന്ന് ഒരു ബഹളം കണ്ട് അവിടെത്തന്നെ നിൽക്കുന്നു. സ്റ്റേജിലേയ്ക്ക് മുന്നുപേർ ഓടിക്കയറുന്നു. നാൽപത്തഞ്ചും നാൽപതും വയസ്സുള്ള രണ്ടു പുരുഷന്മാരും മുപ്പത്, മുപ്പത്തഞ്ച് വയസ്സുള്ള സ്ത്രീയും.

ഓടിവന്നവർ: എവിടെ?… എവിടെ ശവം?

സംവിധായകൻ: (അവരെ തടഞ്ഞുകൊണ്ട്) നിൽക്കിൻ, നിൽക്കിൻ, നിങ്ങളെങ്ങോട്ടാണ് കയറി വരണതെന്നറിയ്യോ? ഇവിടെ ശവൊന്നുല്ല്യ.

വന്നവരിൽ മൂത്ത ആൾ: ഇങ്ങട്ടു കൊണ്ടന്നൂന്നാണല്ലൊ പറഞ്ഞത്?

സംവിധായകൻ: ആരു പറഞ്ഞാലും ശരി, ഇവിടെ ശവൊന്നുംല്ല്യ.

രണ്ടാമത്തെ ആൾ: നിങ്ങളെന്താണ് പറേണത്. ഇങ്ങട്ട് കൊണ്ടുവരണത് കണ്ടൂന്നാണല്ലോ ആ പെട്ടിക്കടക്കാരൻ പറഞ്ഞത്. നിങ്ങളതിനെ ഒളിപ്പിച്ചു വച്ചിരിക്കയാണ്.

സംവിധായകൻ: എന്തിന്? വെച്ചു പൂജിക്കാനോ? നിങ്ങൾക്കെന്തിനാണ് ഹേ ആ ശവം. വേറെ ഏതെങ്കിലും ശവം ചുളുവു വിലയ്ക്ക് വാങ്ങിക്കൂടെ?

വന്ന സ്ത്രീ: പറ്റില്ല. അത്തന്നെ വേണം. അത് ഞങ്ങടെ അച്ഛനാണ്.

സംവിധായകൻ: ഓ!

മൂത്ത ആൾ: ഞങ്ങൾ മക്കളാണ്. അഞ്ഞൂറു രൂപയ്ക്കാണ് അത് വിറ്റത്.

സംവിധായകൻ: അത് ശരി!

മൂത്ത ആൾ: അയാള് പറഞ്ഞ് പറ്റിക്ക്യായിരുന്നു. ഇപ്പൊ ശവത്തിനൊക്കെ നല്ല വെലണ്ട്. അയാള് ശവുംകൊണ്ട് പോയ ഒടനെ മറ്റൊരു പാർട്ടി വന്നു ആയിരം തരാംന്ന് പറഞ്ഞു.

സംവിധായകൻ: അതെന്തിനാണ്?

രണ്ടാമത്തെ ആൾ: അതൊരു രാഷ്ട്രീയ പാർട്ടിയാണ് സർ. അവര്‌ടെ അട്ത്ത് പണംണ്ട്. അര മണിക്കൂർമുമ്പ് കവലേല് വെടിവെപ്പ്ണ്ടായില്ലേ, അതിന് ഒരു രക്തസാക്ഷി വേണം. അതാണവർക്കു ധൃതി. അവര് ആയിരല്ല രണ്ടായിരം വേണങ്കി തരും.

സംവിധായകൻ: രാഷ്ട്രീയക്കാരടെ അട്ത്ത് പണംണ്ടാവും. അതുപോലെ പണം പാവം നാടകക്കാര്‌ടെ അട്ത്ത് ഉണ്ടാവ്വോ?

മൂത്ത ആൾ: ങാ, അപ്പൊ സാറിന് അറിയാം അത് നാടകത്തിനാണ് കൊണ്ടുവന്നത്ന്ന്? എവിട്യാണ് സാർ അത് ഒളിപ്പിച്ചു വച്ചിരിക്കണത്? അവര് കാത്തിരിക്ക്ണ്ണ്ട്. ഞങ്ങള് പെട്ടി ആട്ടോയുംകൊണ്ടാണ് വന്നിരിക്കണത്.

സംവിധായകൻ: ഇവിടെല്ല്യന്ന് പറഞ്ഞില്ലേ? ഉണ്ടെങ്കിൽ നിങ്ങൾക്ക് കാണാലോ?

രണ്ടാമത്തെ ആൾ: പറഞ്ഞ് തര്വാണ് നല്ലത്. അല്ലെങ്കിൽ ചെയ്യേണ്ടതെന്താണ്ന്ന് ഞങ്ങൾക്കറിയാം.

(രവി, സ്റ്റേജ് അസിസ്റ്റന്റ് — അയാൾ സ്റ്റേജിന്റെ ഒരറ്റത്ത് സ്റ്റൂളിൽ ഇരിക്കുകയായിരുന്നു — പെട്ടെന്ന് എഴുന്നേൽക്കുന്നു.)

രവി: മാഷെ, അത് ഇവിട്യൊന്നുംല്യ. ഒരാള് ഇവിടെ കൊണ്ടന്നിരുന്നു. ഞങ്ങട്യല്ല ആവശ്യംന്ന് പറഞ്ഞപ്പൊ അത് കൊണ്ടുപോയി.

മുത്ത ആൾ: എങ്ങട്ടു കൊണ്ടോയി?

രവി: ഡ്രമാറ്റിക് ഹാളിലേയ്ക്കാ തോന്നുണു.

വന്നവർ: അതങ്ങട്ട് പറഞ്ഞാപ്പോരെ. സംവിധായകനെ നോക്കി കഷ്ടം എന്ന ആംഗ്യം കാണിച്ച് ഇറങ്ങിപ്പോകുന്നു. സംവിധായകൻ ക്ഷീണിച്ച് കസേലയിൽ ഇരിക്കുന്നു.

സംവിധായകൻ: എങ്ങോട്ടാണ് കൊണ്ടുപോയത്ന്ന് പറയേണ്ടിയിരുന്നില്ല.

രവി: എന്തേ സാർ? പറയാതെ അവർ പോകുംന്ന് തോന്നീല.

സംവിധായകൻ: ഇപ്പോൾ അവർ പോയി ദിനേശിന്റെ നാടകം അലമ്പാക്കും. പാവം.

കേശവൻ: പറഞ്ഞുകൊടുത്തില്ലെങ്കിൽ അവർ സാറിനെ രക്തസാക്ഷിയാക്കും.

(എല്ലാവരും ചിരിക്കുന്നു.)

സംവിധായകൻ: രവി, എനിക്കൊരു ചായ വേണം. വേറെ ആർക്കൊക്കെയാണ് വേണ്ടത്ന്ന് നോക്കു.

(നായികയും രണ്ടു കുട്ടികളുമൊഴികെ മറ്റെല്ലാവരും കൈ പൊക്കുന്നു. രവി എണ്ണമെടുത്ത് പുറത്തേയ്ക്കു പോകുന്നു. കുട്ടികൾ ഇതിനകം പിന്നിലുള്ള രണ്ടു കസേലകളിൽ ഇരുന്ന് സംസാരിക്കുകയാണ്, ശബ്ദം ഹാളിലെത്തുന്നില്ല.)

സംവിധായകൻ: ഏതു രാശിയ്ക്കാണാവോ ഞാനീ നാടകം തുടങ്ങിയത്? അഭിനേതാക്കൾക്ക് താല്പര്യല്യ, റിഹേഴ്‌സൽ തുടങ്ങിയപ്പോൾ തൊട്ട് തടസ്സങ്ങളാണ്. നമുക്ക് തൂടങ്ങ്വാ? ചായ വഴിയെ വരട്ടെ.

എല്ലാവരും: ശരി സേർ.

സംവിധായകൻ: ബാലൻ എഴുതാൻ തുടങ്ങിക്കൊള്ളു.

ബാലൻ: ശരി സേർ.

സംവിധായകൻ: ആദ്യം മാനേജർ ഒരു കസേലയിലിരുന്ന് ഒരു കത്തു വായിക്കുന്നതാണ് രംഗം. മാനേജർ പറയുന്നു — ഒന്നും കാണാനില്ല. കുറച്ച് വെളിച്ചം…

സംവിധായകൻ: എഴുതിയോ?

ബാലൻ: (തലയാട്ടുന്നു.)

സംവിധായകൻ: ഇവിടെ നാടകത്തിൽ ഞാൻ തന്നെയാണ് മാനേജരായി അഭിനയിക്കുന്നത്. പിരന്തെല്ലൊ മാനേജർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സംവിധായകൻ തന്നെയാണ്.

(പെട്ടെന്ന് പതിനെട്ടു പത്തൊമ്പതു വയസ്സായ ഒരു പെൺകുട്ടി സ്റ്റേജിന്റെ ഒരു വശത്തുനിന്ന് ഓടിവരുന്നു. സ്റ്റേജിൽ കടന്ന ഉടനെ ഓട്ടം നിർത്തി അരിച്ചരിച്ചുവന്ന് ഏകദേശം നടുവിലായി വന്നു നിൽക്കുന്നു. സൽവാർ കമ്മീസാണ് ഇട്ടിരിയ്ക്കുന്നത്. തലമുടിയെല്ലാം ഉലഞ്ഞിരിയ്ക്കുന്നു. കിതയ്ക്കുന്നുണ്ട്, അതുവരെ ഓടിവരികയായിരുന്നെന്ന് സ്പഷ്ടം.)

സംവിധായകൻ: ഇതാ പുതിയൊരു മാരണം! (അവളോട്) എന്തേ?

പെൺകുട്ടി: ഞാൻ ഓടിവര്വാണ്.

സംവിധായകൻ: എന്താ നടക്കാനറിയില്ലേ?

പെൺകുട്ടി: അവർ പിന്നില്ണ്ട്. എന്നെ പിടിച്ചു കൊണ്ടോവാൻ?

സംവിധായകൻ: അപ്പോൾ കയറിവരേണ്ട സ്ഥലാണോ ഇത്? ഇവിടെ ഒരു റിഹേഴ്‌സൽ നടക്ക്വാണ്, കാണാനില്ലെ?

(റിഹേഴ്‌സൽ എന്നു കേൾക്കുമ്പോൾ ചെറുതായൊന്നു ഞെട്ടുന്നു.)

പെൺകുട്ടി: എന്തു റിഹേഴ്‌സൽ സർ?

സംവിധായകൻ: ഒരു നാടകത്തിന്റെ. ആട്ടെ ആരാണ് പിന്നിൽ, നിന്നെ പിടിച്ചു കൊണ്ടോവാൻ വരണത്?

പെൺകുട്ടി: (പുറത്തേയ്ക്ക് ഭയത്തോടെ നോക്കിക്കൊണ്ട്) എന്റെ അച്ഛനും അമ്മയുമാണ് സർ.

(സംവിധായകൻ ശരിയ്ക്കും അദ്ഭുതപ്പെടുന്നു.)

സംവിധായകൻ: അച്ഛന്റേം അമ്മടേും അടുത്തുനിന്ന് ഓടിരക്ഷപ്പെടുക? ഇതെന്തു ഭ്രാന്താണ്?

രവി: (ചായ കൊണ്ടുവരാൻ പോകാതെ കുറച്ചൊരു തമാശയോടെ ഇതെല്ലാം നോക്കിനിൽക്കുകയായിരുന്നു.) സാറെ ആ പെണ്ണിനെ വേഗം പറഞ്ഞയക്ക്യാണ് നല്ലത്. എന്തു പുലിവാലാണോ ആവോ? എന്താണ് എല്ലാ പണ്ടാരങ്ങളും നമ്മടെ മണ്ടയ്ക്ക് വീഴണത്?

സംവിധായകൻ: (കൈ കൊണ്ട് രവിയെ തടയുന്നു.) എന്തിനാ കുട്ടി അച്ഛന്റീം അമ്മടീം അട്ത്ത്ന്ന് ഓടിപ്പോണത്?

പെൺകുട്ടി: അവരെന്നെ ഒരു സീരിയല്കാർക്ക് പിടിച്ചു കൊടുക്കാൻ പോവ്വായിരുന്നു. (ഇടയ്ക്കിടക്ക് ഭയത്തോടെ വാതിലിനു നേരെ നോക്കുന്നു.) രണ്ടു മാസംകൊണ്ടു മതിയായി. ഇനി അനുഭവിയ്ക്കാത്ത കഷ്ടപ്പാട്കളില്ല. ഇനി വയ്യ.

സംവിധായകൻ: (ബാലനോടു പ്രത്യേകിച്ചും, മറ്റെല്ലാവരോടും പൊതുവായും.) നോക്കു നമുക്കൊരു പുതിയ കഥാപാത്രത്തെ കിട്ടീരിയ്ക്ക്യാണ്. സിക്‌സ് ക്യാരക്‌ടേഴ്‌സ് എന്നതിനു പകരം സെവൻ ക്യാരക്‌ടേഴ്‌സ് ഇൻ സേർച്ചോഫാൻ ആതർ എന്നാക്കാം.

പെൺകുട്ടി: അയ്യോ, അഭിനയിക്കാനൊന്നും ഞാനില്ല. അതീന്നൊക്കെ ഓടിപ്പോന്നതാണ് ഞാൻ. വറവുചട്ടീന്ന് നേരിട്ട് അടുപ്പിലേയ്ക്കായ പോലെണ്ടല്ലൊ ഇത്.

സംവിധായകൻ: കുട്ടീ, ആരു പറഞ്ഞു നീ അഭിനയിക്കണംന്ന്. നിന്റെ, കഥ മാത്രേ എനിയ്ക്കു വേണ്ടു. അഭിനയിയ്ക്കാൻ ഇവിടെ നടികളുണ്ട്.

(പുറമെ നിന്ന് ശബ്ദങ്ങൾ വരുന്നു. സ്ത്രീശബ്ദം:’എവിടെ?’ പുരുഷ ശബ്ദം:’ഇതാ ഇങ്ങട്ടാ കയറീത്ന്നാ പറഞ്ഞത്, നമുക്കൊന്ന് പോയി നോക്കാം.’)

പെൺകുട്ടി: (ഭയന്ന്, ധൃതിയിൽ) സർ എന്നെ എവിടേങ്കിലും ഒളിപ്പിയ്ക്കണം. അതെന്റെ അച്ഛന്റെ ശബ്ദാണ്.

സംവിധായകൻ: ഞാൻ നിന്നെ ഒളിപ്പിയ്ക്കാം, ഒരു നിബന്ധനേല്.

പെൺകുട്ടി: എന്താണത് സർ?

സംവിധായകൻ: നീ നിന്റെ കഥ പറയണം. എന്റെ പുതിയ നാടകത്തിൽ അതു ചേർക്കാനാണ്.

പെൺകുട്ടി: (പുറത്തേയ്ക്കു നോക്കിക്കൊണ്ട് ഭയത്തോടെ) സമ്മതിച്ചു സർ. ഞാനെവിട്യാണ് ഒളിയ്ക്കണ്ടത്?

സംവിധായകൻ: രവി, ഇവളെ പിന്നിലുള്ള മുറീല് കൊണ്ടുപോയടയ്ക്കു.

പെൺകുട്ടി: (ഞെട്ടിക്കൊണ്ട്) എന്നെ തുറന്നു വിടില്ലേ സർ?

സംവിധായകൻ: എനിയ്ക്ക് നിന്നെപ്പോലത്തെ ഒരു പൊല്ലാപ്പ് വേണ്ട. ഞാൻ തുറന്നു വിടാം. പോണേന്റെ മുമ്പെ നീ നിന്റെ കഥ പറയണം പക്ഷെ.

പെൺകുട്ടി: തീർച്ചയായിട്ടും സർ.

(അവൾ രവിയുടെ പിന്നിലായി ധൃതിയിൽ പോകുന്നു. അവർ വാതിൽ കടന്നതും എതിർ ദിശയിൽനിന്ന് ഒരു മദ്ധ്യവയസ്‌കനും സ്ത്രീയും ഓടിവരുന്നു.)

മദ്ധ്യവയസ്‌കൻ: (മുമ്പിൽ കാണുന്ന സീൻ, അതായത് സ്റ്റേജിൽ നിറയെ ആളുകൾ) എന്താണിവിടെ നടക്കണത് സർ?

സംവിധായകൻ: ഇവിടെ ഒരു നാടകത്തിന്റെ റിഹേഴ്‌സൽ നടക്ക്വാണ്. (ഒന്നു നിർത്തിയ ശേഷം) അല്ലെങ്കിൽ നടത്താൻ ശ്രമിക്ക്യാണ്. എന്താ നിങ്ങക്ക് വേണ്ടത്?

(രവി ആ പെൺകുട്ടിയെ മുറിയിലാക്കി തിരിച്ചുവരുന്നു.)

മദ്ധ്യവയസ്‌കൻ: റിഹേഴ്‌സലാണെങ്കിൽ എന്റെ മോള് ഇവിടെ വരാൻ വഴീല്ല്യ. റിഹേഴ്‌സല്കള്യൊക്കെ പേടിച്ചിട്ടാണ് അവള് ഓടിപ്പോയത് തന്നെ. ഒരു മിനിറ്റ് സർ ഒരു പതിനെട്ട്…, അല്ല ഇരുപതു ഇരുപത്രണ്ട് വയസ്സായ പെൺകുട്ടി ഇവിട്യെങ്ങാനും കേറിവന്നിട്ടുണ്ടോ?

സംവിധായകൻ: എന്തു പറ്റീ. എന്താ നിങ്ങള് രണ്ടാളും ഇങ്ങനെ പരിഭ്രമിച്ചിരിയ്ക്കണത്?

മദ്ധ്യവയസ്‌കൻ: അവളിവിടെ വന്നിട്ടില്ലെങ്കിൽ പിന്നെ അതൊക്കെ പറയേണ്ട കാര്യംല്ല്യല്ലൊ.

സംവിധായകൻ: അങ്ങിന്യല്ല. അവളെങ്ങാൻ ഈ വഴിയ്ക്ക് വര്വാണെങ്കിൽ സംഗതിടെ ഗൗരവനുസരിച്ച് പെരുമാറാലോ. നിങ്ങളെ അറിയിക്കാം…നിങ്ങള് ഫോൺ നമ്പർ തര്വാണെങ്കിൽ.

മദ്ധ്യവയസ്‌കൻ (അതിൽ വീഴുന്നു.) അവള് ഒരു സീരിയലിന്റെ എടേന്ന് ഓടിപ്പോയിരിയ്ക്ക്യാണ്. നിർമ്മാതാവ് മുപ്പതിനായിരം അഡ്വാൻസ് തന്നിട്ട്ണ്ട്. ഒരു ലക്ഷം തരാന്നാ പറഞ്ഞിട്ട്ള്ളത്. അവള് തിരിച്ച് ചെന്നില്ലെങ്കില് ഞങ്ങക്ക് ഈ മുപ്പതും തിരിച്ചു കൊടുക്കേണ്ടി വരും. ഇതൊക്കെ കണ്ടോണ്ടാണ് ഞങ്ങള് പുതിയ കാറ് ബുക്ക് ചെയ്തത്. അതിന് പതിനായിരം അഡ്വാൻസ് കൊടുക്കണം, ബാക്കി…

സംവിധായകൻ: അതൊക്കെ പോട്ടെ, എന്താണ് സീരിയലിന്റെ പേര്.

അച്ഛൻ: പേരൊ? (ഉരുണ്ടുകളിക്കയാണ്.) പേര്…

സംവിധായകൻ: അതെ പേര്. സീരിയലിന് ഒരു പേരുണ്ടാവൂലോ. അതുപോലെത്തന്നെ അത് ഏതു ചാനലിലാണ് കാണിക്കണത്? ഇപ്പൊഴൊക്കെ ഒരോ ആഴ്ചയിലേയ്ക്കുള്ള എപിസോഡ് ആ ആഴ്ച്യാന്നാണല്ലോ ഷൂട്ട് ചെയ്യണത്.

അച്ഛൻ: അത്…അങ്ങിന്യൊന്നും അല്ലാ… (വാക്കുകൾക്ക് വേണ്ടി തപ്പുകയാണ്. അപ്പോഴാണ് അതുവരെ അക്ഷമയായി നിന്നിരുന്ന അമ്മ ഇടപെടുന്നത്.)

അമ്മ: മാഷെ, വല്യ വർത്താനൊന്നും പറേണ്ട. അവളിവിടെ ഇല്ല, നിങ്ങക്കൊട്ട് അറിയും ഇല്ല. പിന്നെ ഞങ്ങളെന്തിനാണ് സംസാരിച്ച് നിക്കണത്? അവള് സീരിയലിലും ഒരു മണ്ണാങ്കട്ടയിലും അല്ല അഭിനയിക്കണത്. ഏതെങ്കിലും സീരിയല്കാര് ഒരു പുതുമുഖത്തിന് ഒരു ലക്ഷം രൂപ കൊടുക്ക്വോ? നിങ്ങള് ഇത്ര മണ്ടനാവുംന്ന് കര്തീല്ല. അവള് അഭിനയിക്കാൻ പോണത് വേറെ തരം ഫിലിമിലാണ് മാഷെ.

(സംവിധായകൻ ഞെട്ടുന്നു. അഭിനേതാക്കളും ഞെട്ടി ഒരദ്ഭുത ശബ്ദമുണ്ടാക്കുന്നു. അത് ആ പെൺകുട്ടി അങ്ങിനത്തെ സിനിമയിൽ അഭിനയിക്കുന്നു എന്നതുകൊണ്ടു മാത്രമല്ല അവളുടെ അമ്മ അതെല്ലാം ഇങ്ങിനെ കൊട്ടിഘോഷിക്കുന്നു എന്നതുകൊണ്ടു കൂടിയാണ്.)

സംവിധായകൻ: (തളർന്ന്) ശരി.

അവർ പോകുന്നു. പെട്ടെന്ന് അച്ഛൻ തിരിച്ചുവന്ന് ഒരു കാർഡ് കൊടുക്കുന്നു.

അച്ഛൻ: എന്റെ ഫോൺ നമ്പർ ഇതിലുണ്ട്. എന്തെങ്കിലും വിവരം കിട്ട്വാണെങ്കിൽ അറിയിക്കണം.(ധൃതിയിൽ പോകുന്നു.)

സംവിധായകൻ: അമ്മ!

(തളർന്ന് തലയിൽ കയ്യുംവച്ച് ഇരിയ്ക്കുന്നു. രവി പോയി പെൺകുട്ടിയുമായി പ്രവേശിയ്ക്കുന്നു. സംവിധായകൻ തലയുയർത്തി അവളെ സഹതാപത്തോടെ നോക്കുന്നു.)

സംവിധായകൻ: എന്താ കുട്ടീടെ പേര്?

പെൺകുട്ടി: രജിത. എല്ലാരും വിളിക്ക്യാ രജൂന്നാ.

സംവിധായകൻ: നോക്കു രജിത, അവര് നിന്റെ അച്ഛനും അമ്മയും തന്ന്യാണോ? അവര് പറഞ്ഞതൊക്കെ ശര്യാണോ?

രജിത: അവര് എന്റെ അച്ചനമ്മമാര് തന്ന്യാണ്. പിന്നെ അവര് സത്യാണ് പറഞ്ഞതെങ്കിൽ അതൊക്കെ ശര്യാണ്. നിങ്ങടെ മുഖത്ത്‌നിന്നത് മനസ്സിലാവ്ണ്ണ്ട്, അവര് സത്യം പറഞ്ഞൂന്ന്.

സംവിധായകൻ: ശരിയാണ്. (രവിയോട്) രവീ നീ വേഗം പോയി ചായ കൊണ്ടുവരു. ഈ കുട്ടിയ്ക്കുംകൂടി എടുത്തോളു.

രജിത: എന്തെങ്കിലും തിന്നാനും വേണം സർ, വെശക്ക്ണ്ണ്ട്.

(സംവിധായകൻ രവിയോട് ആംഗ്യം കാണിയ്ക്കുന്നു. രവി മനസ്സില്ലാമനസ്സോടെ പോകുന്നു.)

സംവിധായകൻ: രജിത ഇനി പറയൂ എന്താണ് ശരിയ്ക്ക് സംഭവിച്ചതെന്ന്. (പെട്ടെന്ന് എന്തോ ആലോചിച്ചുകൊണ്ട്)

സംവിധായകൻ: (ഒരു മിനുറ്റ് രജിത. തിരിഞ്ഞ് പിന്നിൽ രജിതയെ നോക്കി കസേലയിലിരിക്കുന്ന കുട്ടികളെ വിളിക്കുന്നു. മക്കളിവിടെ വരൂ.)

(കുട്ടികൾ എഴുന്നേറ്റ് സംവിധായകന്റെ അടുത്തു വരുന്നു.)

സംവിധായകൻ: (രണ്ടു പേരുടെയും തോളിൽ കൈയ്യിട്ടു കൊണ്ട് പറയുന്നു) മക്കളിപ്പോൾ പൊയ്‌ക്കോളു. ഇന്നിവിടെ കാര്യായിട്ട്ള്ള റിഹേഴ്‌സലൊന്നും നടക്കില്ല. പിന്നെ, നിങ്ങള് വരണത് മൂന്നാമത്തെ രംഗത്തിലേള്ളു. ഇനി എന്നാ റിഹേഴ്‌സ്‌ല്ന്ന് ഞാൻ വിളിച്ചു പറയാം.

കുട്ടികൾ: (തലയാട്ടുന്നു.) ശരി അങ്കിൾ. (പോകാൻ തിരിയുന്നു.)

സംവിധായകൻ: ഒറ്റയ്ക്ക് പോകാമോ?

ആൺകുട്ടി: ഞാൻ രെശ്മിയെ വീട്ടില് കൊണ്ടാക്കീട്ടേ പോവു, അങ്കിൾ.

സംവിധായകൻ: ശരി.

കുട്ടികൾ: (കേശവന്റെയും ഭാര്യയുടെയും അടുത്തു ചെന്ന് വിട പറഞ്ഞ് പോകുന്നു.)

സംവിധായകൻ: ഇനി പറയു, രജിത, എന്താണുണ്ടായത്?

രജിത: ഇന്നലെ വൈകീട്ട് മൂന്നു മണിയോടെ തുടങ്ങിയ ഓട്ടാണ് സർ.

സംവിധായകൻ: എവിടുന്ന്?

രജിത: അവര്‌ടെ അട്ത്ത്ന്ന് രക്ഷപ്പെടാൻ. ഞാനെവിട്യാണ്‌ന്നോ ആര്‌ടെ ഒക്കെ ഒപ്പാണ്‌ന്നോ മനസ്സിലായിര്ന്നില്ല. പകലൊക്കെ അവര് ഫോട്ടോ എട്ത്തു, സിനിമണ്ടാക്കി.

സംവിധായകൻ: എന്തു സിനിമ?… അല്ലെങ്കിൽ എന്റെ ചോദ്യത്തിനെന്തർത്ഥം അല്ലെ?

രജിത: (സംവിധായകന്റെ ചോദ്യം കേട്ടുവെന്നു തോന്നുന്നില്ല) അവർ പറയണത് ചെയ്തില്ലെങ്കിൽ അവരുടെ ഗുണ്ടകള്‌ടെ തല്ലു കൊള്ളണം. കൊല്ലുംന്ന് ഭീഷണിപ്പെട്ത്തും. ഒരാഴ്‌ച്യോളം ഒരു സ്ഥലത്ത് താമസിയ്ക്കും. അതു കഴിഞ്ഞാൽ അവര് എന്നേം കൊണ്ട് വേറൊരു സ്ഥലത്ത് പോവും. യാത്രെ്യാക്കെ രാത്രീലായതോണ്ട് എങ്ങോട്ടാണ് പോണത്ന്ന് മനസ്സിലായിര്ന്നില്ല. അവിടെ എത്ത്യാല് വീണ്ടും തൊടങ്ങും. വെവ്വേറെ ആളുകളായിരിയ്ക്കുംന്ന് മാത്രം. ഓരോര്ത്തരും എന്നെ മറിച്ച് വിൽക്ക്വേ വാടകയ്ക്ക് കൊടുക്ക്വേ ആയിരുന്നൂന്ന് തോന്നുന്നു.

സംവിധായകൻ: അതെങ്ങിനെ മനസ്സിലായി?

രജിത: അവര്‌ടെ സംസാരം കേട്ടപ്പൊ അങ്ങിന്യാണ് തോന്നീത്. രാത്രി എന്നെ കേടുവര്ത്തിയിരുന്നോരൊക്കെ വല്യേ കാറുകളിലാണ് വന്നിരുന്നത്. അവരോടും സംസാരിയ്ക്കണതീന്ന് വെലക്കീരുന്നു. സംസാരിച്ചാ കൊന്ന് കുഴിച്ചുമൂടുംന്ന് പറയും.

സംവിധായകൻ: കഷ്ടം!

(രവി ചായയും പെൺകുട്ടിയ്ക്ക് കഴിയ്ക്കാൻ പലഹാരവുമായി വരുന്നു.)

സംവിധായകൻ: രജിത ഭക്ഷണം കഴിയ്ക്കു.

(രവി ഓരോരുത്തർക്കും ചായയും, പെൺകുട്ടിയ്ക്ക് ചായയോടൊപ്പം പലഹാരവും കൊടുക്കുന്നു. എന്താണ് സംഭവിച്ചത് എന്നറിയാൻ അവന് ആഗ്രഹമുണ്ട്. അവൻ ബാലനുമായി കുശുകുശുക്കുന്നു. (ബാലൻ രവിയ്ക്ക് എന്താണുണ്ടായതെന്ന് പറഞ്ഞു കൊടുക്കുന്നത് നേരിയ ശബ്ദത്തിൽ മൈക്കിൽക്കൂടി കേൾക്കണം. പറയുന്നത് പെൺകുട്ടിയുടെ കാര്യമാണെന്നല്ലാതെ ഒന്നും വ്യക്തമാവണമെന്നില്ല. രവി പെൺകുട്ടിയെ സഹതാപത്തോടെ നോക്കുന്നു.)

സംവിധായകൻ: അപ്പോൾ അതാണ് രജിതടെ കഥ അല്ലെ? രണ്ടു ചോദ്യങ്ങൾകൂടി. കുട്ടി എങ്ങിനെ ഈ വലയിൽ വീണു? എങ്ങിനെ അതിൽനിന്ന് രക്ഷപ്പെട്ടു?

(പെൺകുട്ടി ഒരു കസേലയിലിരുന്ന് ചായ കുടിയ്ക്കുന്നു. വിശന്നിരിയ്ക്കയാണെങ്കിലും ആർത്തി പുറത്തു കാണിക്കാതിരിയ്ക്കാൻ ശ്രമിയ്ക്കുന്നുണ്ട്.)

നായകനായി വന്ന ആളും നായികയും ഒരേ സമയത്ത് പറയുന്നു: സാറെ ഇങ്ങിന്യാണെങ്കിൽ റിഹേഴ്‌സൽ നടക്കുംന്ന് തോന്ന്ണ്‌ല്യ. ഞങ്ങള് പോട്ടെ. ഞങ്ങക്ക് വേറൊരു സ്ഥലത്ത് റിഹേഴ്‌സല്ണ്ട്.

സംവിധായകൻ (എഴുന്നേറ്റുകൊണ്ട്): നിൽക്കു. നമുക്ക് പിരന്തലോവിന്റെ നാടകംതന്നെ മാറ്റി കുറച്ചുകൂടി സമകാലിക പ്രശ്‌നങ്ങള്ള്ള ഒരു നാടകം അരങ്ങേറാം.

നായകൻ: ഇനി അതിന് വേറെ സ്‌ക്രിപ്റ്റും മറ്റും എഴുതിണ്ടാക്കണ്ടെ?

സംവിധായകൻ: സ്‌ക്രിപ്റ്റിന്റെ കാര്യം ഞാനും ബാലനും കൂടി പെട്ടെന്നു ചെയ്യാം. ഒരു രംഗമെങ്കിലും ഇന്നു തീർക്കണം. കുറച്ചു ക്ഷമിയ്ക്കു.

(നായകനും നായികയും ഒന്നും പറയുന്നില്ലെങ്കിലും അവരുടെ മുഖത്ത് അതൃപ്തി പ്രകടമായി കാണുന്നുണ്ട്. അവർ തമ്മിൽ ഏന്തോ കുശുകുശുക്കുന്നുണ്ട്)

സംവിധായകൻ: (രജിതയോട്) കുട്ടി പറയൂ, എങ്ങിനെയാണ് കുട്ടി ഇതിലൊക്കെ അകപ്പെട്ടത്?

നായിക: സാറിന് വട്ടാണ്. ഇതൊക്കെ എന്നും നടക്കണ കാര്യാണ്. പത്ത് പതിനാറ് വയസ്സ്ള്ള പെൺകുട്ടികളാണ് സാധാരണ ഈ വലേല് വീഴണത്. സ്‌കൂളിലേയ്ക്കും കോളേജിലേയ്ക്കും പോണ വഴീല് കണ്ട പിള്ളാരുമായി ശൃംഗരിയ്ക്കും. അത് പിന്നെ പ്രേമത്തിലവസാനിയ്ക്കും. അവര് വിളിക്കണോടത്തേയ്‌ക്കൊക്കെ ചെല്ലാൻ തയ്യാറാവും ആ പ്രായം കുട്ടികള്.

രജിത: ഞാൻ ആര്യായിട്ടും അടുത്തിട്ടില്ല. പിന്നെ ചെറുപ്പക്കാരൊക്കെ ആ വകുപ്പിലാണെന്നു പറേണതില് വല്യ അർത്ഥൊന്നുംല്യ. ആത്മാവുള്ളവരും ധാരാളംണ്ട്. പെൺകുട്ടികള് അവരവരടെ കാര്യം നോക്കി നടന്നാൽ ഒരു കുഴപ്പവുംണ്ടാവില്ല.

നായിക: അതു ശരിയാണ്. പിന്നെ തനിയ്ക്ക് എന്താ പറ്റിയത്?

സംവിധായകൻ: ജാൻസി, അതാണവൾ പറയാൻ പോണത്. കുറച്ചു ക്ഷമിയ്ക്കു.

രജിത: എന്റെ പ്രശ്‌നം എന്റെ അമ്മയും അച്ഛനും തന്നെയാണ്.

(പൊതുവേ ഒരു ഞെട്ടൽ എല്ലാവരുടെയും മുഖത്ത്, ഒപ്പംതന്നെ ഒരവിശ്വസനീയതയും.)

സംവിധായകൻ: കുട്ടിയുടെ മാതാപിതാക്കളോ?

രജിത: അതെ അവർ തന്നെ. വകയിലുള്ളൊരമ്മായിയ്ക്ക് സീരിയലുകാരായും സിനിമക്കാരായും ബന്ധണ്ട്. ചുരുങ്ങിയത് അവരങ്ങിനെ പറഞ്ഞു നടക്ക്വെങ്കിലും ചെയ്യ്ണ്ണ്ട്. മകൾക്ക് ഒരു ചാൻസു കൊടുക്കാൻ എന്റെ അമ്മ അവര്‌ടെ പിന്നാല്യായിരുന്നു. എനിയ്ക്കതിന് ഒരു സമ്മതും ഇല്ല്യായിരുന്നു. ഒരു ഗ്രാജുവേറ്റാവണം, കമ്പ്യൂട്ടർ ക്ലാസ്സിൽ ചേരണം, എവിട്യെങ്കിലും ഒരു ജോലിയ്ക്ക് ശ്രമിയ്ക്കണം. ഇതൊക്ക്യായിരുന്നു എന്റെ ആഗ്രഹം. ഒന്നും നടന്നില്ല… (അവൾ നിശ്ശബ്ദയാവുന്നു.)

സംവിധായകൻ: എന്നിട്ടെന്തുണ്ടായി?

രജിത: ഞാൻ ഓടിപ്പോവാൻ തയ്യാറായി. എങ്ങോട്ടാ പോവ്വാന്നൊന്നും അറിയില്ല. എങ്ങൊട്ടെങ്കിലും പോയേ പറ്റു. കയ്യിൽ പണംല്ല്യ. ആർക്കൊക്ക്യോ പണം കൊടുക്കണം എന്നാലെ എന്റെ കാര്യം ശരിയാവുള്ളുന്ന് പറഞ്ഞ് എന്റെ പണ്ടങ്ങളൊക്കെ അഴിച്ചുവാങ്ങി അമ്മായിയ്ക്ക് കൊടുത്തു. എന്തു വന്നാലും ശരി അവർക്കു പിടികൊടുക്കില്ലെന്നു കരുതി. തല്ക്കാലം എന്റെ സ്‌നേഹിതടെ ഒപ്പം ഹോസ്റ്റലിൽ താമസിയ്ക്കാംന്ന് കരുതി. എല്ലാം ചട്ടംകൂട്ട്വേം ചെയ്തു… (രജിത വീണ്ടും നിർത്തുന്നു.)

എല്ലാവരും ഒരുമിച്ച്: എന്നിട്ട്?

രജിത: എനിയ്ക്ക് വയ്യ പറയാൻ…എന്റെ സ്വന്തം അമ്മയും അച്ഛനും എന്നെ പിടിച്ചു കൊടുത്തു. അവരെന്നെ വിറ്റു. (മുഖം പൊത്തി കരയുന്നു.)

സംവിധായകൻ: (എഴുന്നേറ്റ് അടുത്തു ചെല്ലുന്നു. തലയിൽ കൈവച്ച് സാന്ത്വനിപ്പിക്കണമെന്നു കരുതിയെങ്കിലും ഒരു വീണ്ടുവിചാരത്തിൽ അതു വേണ്ടെന്നു വയ്ക്കുന്നു.) കുട്ടി കരയണ്ട.

രജിത: (തേങ്ങലിനൊപ്പം) എന്നിട്ടെന്തായി? രാത്രി എനിയ്ക്കു രക്ഷപ്പെടാൻ കഴീണേന്റെ മുമ്പെ അവര് കാറും ആൾക്കാരും ഒക്ക്യായി വന്നു.

നായിക: എന്നിട്ട്?

രജിത: (പെട്ടെന്ന് മനസ്സാന്നിദ്ധ്യം വീണ്ടെടുക്കുന്നു.) എന്നിട്ടോ?… എന്റെ അമ്മായി മുൻസീറ്റിലുണ്ടായിരുന്നു. അവർ ഒന്നും അറിയാത്തപോലെ ഇരുന്നു. അവരെല്ലാംകൂടി കാറിൽവച്ചുതന്നെ എന്നെ… (വീണ്ടും വിങ്ങിപ്പൊട്ടുന്നു.)

സംവിധായകൻ: (സാരല്ല്യ. നായികയോട്.) മതി ഇനി ഒന്നും ചോദിക്കണ്ട. എനിയ്ക്ക് ഒരു മുഴുനീളം നാടകമെഴുതാനുള്ള കോപ്പ് ഇതിനകം കിട്ടിക്കഴിഞ്ഞു. ഇനി ഒഴിഞ്ഞ സ്ഥലങ്ങൾ പൂരിപ്പിയ്‌ക്ക്യേ വേണ്ടു. അതിനാണോ പ്രയാസം?

(രജിതയുടെ ഭാവം മാറുന്നു. ഇതുവരെയുള്ള ദയനീയത അവളെ വിട്ടു പിരിഞ്ഞു. അവൾ ദേഷ്യത്തോടെ സംവിധായകനെ നോക്കുന്നു.)

നായിക: നിങ്ങൾക്ക് ഒരു നാടകത്തിനുള്ള കോപ്പ്, അല്ലെ?

(സംവിധായകൻ ഒന്നും മനസ്സിലാവാതെ നായികയെയും രജിതയെയും നോക്കുന്നു.)

നായിക: നിങ്ങൾ ഒരു പുരുഷമേധാവിയാണ്. എ ടിപ്പിക്കൽ മെയിൽ ഷോവിനിസ്റ്റ് മാത്രം. ഇവിടെ ഒരു പെൺകുട്ടിയുടെ ജീവിതം തകർന്നത് മുമ്പിൽ കാണ്വാണ്. നിങ്ങൾക്കത് ഒരു നാടകത്തിനുള്ള തീം മാത്രം. ആ പെൺകുട്ടിയെ എങ്ങിനെ രക്ഷിക്കാൻ കഴിയുമെന്നല്ല നിങ്ങൾ നോക്കണത്. എ മെയിൽ ഷോവിനിസ്റ്റ് പിഗ്.

(നായകൻ അവളെ പിടിച്ചു മാറ്റുന്നു. സംവിധായകൻ ഷോക്കിൽനിന്ന് മുഴുവൻ പുറത്തുവന്നിട്ടില്ല.)

നായകൻ: (നായികയോട്) ഈ കുട്ടിയെ എങ്ങിനെ രക്ഷപ്പെടുത്താമെന്നാണ് പറയണത്? അവൾക്കു പിന്നിലുള്ളത് ഒരു വലിയ മാഫിയയാണ്. പോലീസിൽ റിപ്പോർട്ടു ചെയ്യാം. പക്ഷെ സംഭവിയ്ക്കാൻ പോണതെന്താണ്ന്ന് ഞാൻ പറയാം…

നായിക: എന്താണ്?

നായകൻ: കേട്ടോളൂ. നിങ്ങൾ ഈ പെൺകുട്ടിയേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ ചെല്ലണ നിമിഷം തൊട്ട് മാധ്യമങ്ങൾ ആ പെൺകുട്ടിടെ പിന്നാലെയായിരിയ്ക്കും. അവളുടെ ഫോട്ടോ എല്ലാ പത്രങ്ങളിലും ടി.വി. ചാനലുകളിലും അമിതപ്രാധാന്യത്തോടെ വരാൻ തുടങ്ങും. പത്രങ്ങളും ചാനലുകളും ആ പെൺകുട്ടിയുമായി ഇന്റർവ്യൂ നടത്തും. ചതിക്കുഴി അവൾക്കും മനസ്സിലാവില്ല. അവൾ നടന്ന കാര്യങ്ങൾ സത്യസന്ധമായി പറയും. പിന്നീട് ഒന്നോ രണ്ടോ മാസത്തേയ്ക്ക് ചാനലുകാർക്കും പത്രങ്ങൾക്കും ഉത്സവാണ്. വീട്ടിൽ ടി.വി.ക്കു മുമ്പിലിരുന്ന് ഈ കാഴ്ചകൾ കാണണ ആൾക്കാർക്കും. ഈ പാവം പെൺകുട്ടിയ്ക്ക് കിട്ടണ മോശം പരസ്യം എന്തായിരിയ്ക്കും. അതു കഴിയുമ്പോഴേയ്ക്ക് ഇവൾ ഒന്നുകിൽ ആത്മഹത്യ ചെയ്യും, അല്ലെങ്കിൽ പെൺവാണിഭ മാഫിയയുടെ കൈകൊണ്ട് എങ്ങിനെയെങ്കിലും കൊല്ലപ്പെടും. അല്ലെങ്കിൽ പുറത്തു വരാൻ പോണത് വലിയ വലിയ പേരുകളായിരിക്കും. അവർക്കാർക്കെങ്കിലും അതു സ്വീകാര്യാവുംന്ന് തോന്ന്ണ്‌ണ്ടോ? ഇപ്പൊത്തന്നെ മകള് വീട്ടീന്ന് ചാടിപ്പോയീന്ന് പറഞ്ഞ് അവര് പോലീസില് പരാതി കൊട്ത്ത്ട്ട്ണ്ടാവും. ഇപ്പൊ മാഫിയ മാത്രല്ല പോലീസും ഇവൾക്കു വേണ്ടി തെരയ്യ്വായിരിക്കും. രണ്ടായാലും എത്തുന്നത് ഒരു സ്ഥലത്തുതന്നെ.

(സ്റ്റേജ് നിശ്ശബ്ദമാവുന്നു. ഒരു മിനുറ്റു നേരത്തെ നിശ്ശബ്ദതയ്ക്കു ശേഷം നായിക സംസാരിയ്ക്കുന്നു.)

നായിക: സോറി. ഞാനിതൊന്നും ഉദ്ദേശിച്ചില്ല. പക്ഷെ ഇതല്ലാതെ വേറെ എന്താണ് വഴി? ആരെങ്കിലും പരാതി കൊടുത്തില്ലെങ്കിൽ ഇതുതന്നെ വീണ്ടും വീണ്ടും ആവർത്തിയ്ക്കും. കൂടുതൽ പെൺകുട്ടികൾ ഈ വലയിൽ വീഴും, അവരുടെ ജീവിതം നശിക്കും.

നായകൻ: അതൊഴിവാക്കാൻ ഈ പെൺകുട്ടി ഒരു ത്യാഗം ചെയ്യണംന്നാണോ പറയണത്?

നായിക: ഒരു വിധത്തിൽ പറഞ്ഞാൽ അതെ.

നായകൻ: ഇപ്പൊ നിയൊരു ടിപ്പിക്കൽ സ്ത്രീവിമോചനവാദിയാണ്. ഒരു കാര്യം ചെയ്യാം. നമുക്ക് ഈ കഷ്ടപ്പാടുകളെല്ലാം സഹിക്കേണ്ടിവന്ന പെൺകുട്ട്യോട് ചോദിക്കാം, അവളിതിനൊക്കെ തയ്യാറാണോ എന്ന്. (തിരിഞ്ഞ് രജിതയോട്) കുട്ടി ഞാൻ പറഞ്ഞപോലെയൊക്കെ സഹിയ്ക്കാൻ തയ്യാറാണോ. ആണെങ്കിൽ നമുക്ക് ഇപ്പൊത്തന്നെ പോലീസ് സ്റ്റേഷനിൽ പോവാം.

രജിത: (ഉറപ്പിച്ച്) വേണ്ട. എനിക്കീ നശിച്ച നാട്ടിൽനിന്ന് പോണം. വേറെ എവിട്യേങ്കിലും സൈ്വരായി താമസിക്കണം. എന്തെങ്കിലും ജോലിയെട്ക്കണം. കല്യാണം കഴിക്കണം. (പെട്ടെന്ന് ഓർത്തുകൊണ്ട്) എനിക്കതിനു പറ്റ്വോ ഇനി?

നായകൻ: (നായികയോട്) സ്ത്രീവിമോചനക്കാർക്ക് ചെയ്യാൻ പറ്റണ ഒരു കാര്യംണ്ട്. വളരണ തലമുറയെ അറിവുള്ളവരാക്കുക. സമുദായത്തിന്റെ ചളിക്കുണ്ടുകളെപ്പറ്റി ബോധവതികളാക്കുക. അതേ സമയം അവരുടെ അച്ഛനമ്മമാരെയും പഠിപ്പിയ്ക്കുക. അവരുടെ മക്കൾ നടന്നുപോവാനുദ്ദേശിക്കുന്ന വഴികളിലെ അപകടത്തെപ്പറ്റിയെങ്കിലും.

സംവിധായകൻ: ജാൻസി, ബാബു പറയണതില് കാര്യംണ്ട്. അല്ലെങ്കിൽ അതു മാത്രേ കാര്യംള്ളു. ഇതുവരെണ്ടായിട്ട്ള്ള ഏത് പീഡനകേസുകളാണ് തെളിയിച്ചിട്ടുള്ളത്? ആ കുറ്റം ചെയ്ത ഏത്ര പേർ ജയിലിൽ പോയിട്ട്ണ്ട്? എന്റെ അറിവിൽ ആരുംല്യ. മാത്രല്ല, ഇത്രെ്യാക്കെ കേസുകളുണ്ടായിട്ടും വീണ്ടും വീണ്ടും പെൺകുട്ടികൾ ഈ വക വലയിൽ പെടുണൂണ്ട്.

നായകൻ: ഇപ്പഴും അതൊക്ക്യന്നല്ലെ നടക്ക്ണത്? അതാ ഞാൻ പറേണത് ബോധവൽകരണം വേണംന്ന്.

ജാൻസി: ശര്യാണ്. ഒരു കാര്യം ഞാൻ പറയാം. പെണ്ണിന്റെ ശത്രു പെണ്ണു തന്ന്യാണ്. അത് അമ്മ്യാവാം സഹോദരിമാരാവാം, ചെറിയമ്മയോ അമ്മായിയോ അമ്മായിയമ്മയോ ആവാം. അതുപോലെ ആൾക്കാർക്ക് പണത്തിന്ള്ള ആർത്തി വല്ലാതെ കൂടീരിക്കുണു. അതാണ് സ്വന്തം മകളെപ്പോലും വിറ്റു കാശാക്കാമെന്ന നില വന്നത്.

സംവിധായകൻ: ഈ കുട്ടിടെ കാര്യത്തില് ബോധവൽക്കരണം ഇല്ലാത്ത പ്രശ്‌നല്ല. ഇവിടെ പ്രശ്‌നം വേറ്യാണ്. ജാൻസി പറഞ്ഞപോലെ ആർത്തി. മുതിർന്നവരുടെ ആർത്തി. മാർക്കറ്റിൽ കിട്ടുന്ന സാധനങ്ങളെല്ലാം വാങ്ങി ആർഭാടത്തോടെ ജീവിക്കാൻ വേണ്ടി. അതിനായി സ്വന്തം മകളെ വിൽക്കാൻകൂടി തയ്യാറാവുന്നു. അത്രത്തോളം സ്വാർത്ഥതയായിരിക്കുണു നമ്മുടെ നാട്ടില്.

നായകൻ: അതാണിവിടെ സംഭവിച്ചിരിക്കണത്. ഈ കുട്ടിടെ അച്ഛനും അമ്മയ്ക്കും കാറ് വാങ്ങി ആഡംബര ജീവിതം നയിക്കാനായി സ്വന്തം മകളെ ബലികൊടുക്കുണു.

സംവിധായകൻ: ശരി, ഇനിയെന്തു ചെയ്യണം. ഈ കുട്ടിയെക്കൊണ്ട് എന്തു ചെയ്യാനാണ്. നമുക്ക് നമ്മുടെ റിഹേഴ്‌സൽ തൊടങ്ങേം വേണം. തൊടങ്ങാൻ ഞാൻ തെരഞ്ഞെട്ത്ത ദിവസം ശര്യായില്ല.

രജിത: ഞാൻ എറങ്ങിപ്പൊയ്‌ക്കോളാം. സാറിന്റെ നാടകം അലമ്പാവണ്ട.

സംവിധായകൻ: അതായിരിക്കും നല്ലത്. എനിക്ക് ഒന്നും ചെയ്യാൻ കഴിയാത്തതില് വ്യസനംണ്ട്. ഞാൻ കൊറച്ച് പണം തരാം. അതുപോലെ ഇവിടെ വേറെ ആർക്കെങ്കിലും കുട്ടിയെ സഹായിക്കാൻ പറ്റിയാൽ ചെയ്യട്ടെ.

(അതുവരെ ഒന്നും സംസാരിക്കാതെ കാണി മാത്രമായി നിന്നിരുന്ന മുതിർന്ന ആൾ, കേശവൻ, എഴുന്നേറ്റ് കുറച്ചു മുന്നിലേയ്ക്കു വരുന്നു)

കേശവൻ: (എല്ലാവരെയും നോക്കുന്നു, പ്രത്യേകിച്ച് രജിതയെ). ഞാനൊരു കാര്യം പറയട്ടെ? (രജിതയെ നോക്കിക്കൊണ്ട്) കുട്ടിയ്‌ക്കെത്ര വയസ്സായി?

രജിത: ഈ മാർച്ചിൽ പതിനെട്ടു കഴിഞ്ഞു സാർ.

കേശവൻ: (സംവിധായകനോട്) ഈ ചെറു പ്രായത്തിൽ നമ്മളൊരു കുട്ടിയെ ഈ ദുഷ്ട ലോകത്തിന്റെ വായിലേയ്ക്ക് എറിഞ്ഞു കൊടുക്കണോ?

സംവിധായകൻ: അല്ലാതെന്താ ചെയ്യാ കേശവേട്ടാ?

(കേശവന്റെ ഒപ്പം വന്ന സ്ത്രീ അസ്വസ്ഥയാണ്.) അവർ പാതി എഴുന്നേൽക്കാൻ ഭാവിച്ച് കേശവനെ തിരികെ വിളിക്കാനോങ്ങുന്നുണ്ട്.

കേശവൻ: നമുക്കിവളെ എവിടെയെങ്കിലും ഒളിപ്പിക്കാം, ഈ ബഹളമൊന്നടങ്ങണവരെ.

ഒപ്പം വന്ന സ്ത്രീ: കേശവേട്ടാ, വേണ്ടാത്തതിലൊന്നും തലയിടണ്ട കെട്ടോ. ഒരനുഭവം കൊണ്ട്തന്നെ മതിയായില്ലെ?

കേശവൻ: നീയെന്താണ് പറേണത്? എനിക്കവളെ രക്ഷിക്കായിരുന്നു, നീയൊന്ന് മൂളിയിരുന്നുവെങ്കിൽ. ഇപ്പൊ എന്തേണ്ടായത്? നമ്മളവളെ നായ്ക്കൾക്കിട്ടു കൊടുത്തു.

സംവിധായകൻ  : എനിക്കൊന്നും മനസ്സിലാവ്ണില്യ.

(ഒപ്പം വന്ന സ്ത്രീ തല താഴ്ത്തി നിൽക്കുകയാണ്)

കേശവൻ: പഴയ കഥയാണ്. ഒരു പെൺകുട്ടി. അവൾ അഭയം തേടി വന്നതായിരുന്നു. ഞങ്ങൾക്കവളെ സ്വീകരിക്കായിരുന്നു. മക്കളില്ലാത്ത ഞങ്ങൾക്കതാവശ്യവുമായിരുന്നു. പക്ഷേ…

നായിക: എന്താണ്ടായത്ന്ന് പറയൂ, കേശവേട്ടാ.

കേശവൻ: (സാവധാനത്തിൽ തുടങ്ങുന്നു, വാക്കുകൾ നിർത്തി നിർത്തി, പിന്നീടതൊരു കൊടുങ്കാറ്റായി മാറുന്നു.) അവൾ ഒരു രാത്രിയാണ് വന്ന് ഞങ്ങളുടെ വാതിൽക്കൽ മുട്ടിയത്. മഴ നനഞ്ഞ്, തണുത്തു വിറച്ചുകൊണ്ട്. ഞങ്ങളുടെ അടുത്തുതന്നെ താമസിക്കണ ഒരു കുട്ടിയായിരുന്നു. പതിനാറോ പതിനേഴോ പ്രായം വരും. ആകെ ഭയന്ന് ഇടയ്ക്കിടയ്ക്ക് തിരിഞ്ഞു നോക്കിക്കൊണ്ടവൾ നിന്നു. ഞാൻ സംശയിച്ചു. അങ്കിൾ എന്നെ രക്ഷിക്കൂ എന്ന് പറഞ്ഞുകൊണ്ടവളെന്റെ കാൽക്കൽ വീണു.

(ചുറ്റുമുള്ളവർ ശ്രദ്ധയോടെ പ്രതികരിക്കുന്നുണ്ട്)

ജാൻസി: എന്നിട്ട്?…

കേശവൻ: എനിക്കവളെ കയ്യൊഴിയേണ്ടി വന്നു. ഞാൻ കമലത്തോട് പറഞ്ഞു. നമുക്കിവളെ രക്ഷിക്കാം. പക്ഷെ കമലം ഒരു തരിക്ക് സമ്മതിച്ചില്ല. എന്നിട്ടും ഞാനവളെ അകത്തു കടത്തി. ഈറൻ മാറ്റാനുള്ള വസ്ത്രം കൊടുത്തു. അവൾ അവളുടെ കഥ പറയാൻ തുടങ്ങി.

കമലം: രക്ഷിക്കണ്ടാന്നല്ല ഞാൻ പറഞ്ഞത്. അവൾ പുലർച്ചെതന്നെ പൊയ്‌ക്കോട്ടെന്നാണ്. അല്ലെങ്കില് അവളടെ ആൾക്കാര് അന്വേഷിച്ചു വരുമ്പോ നമുക്ക് പ്രശ്‌നാവും. ഞാൻ പറഞ്ഞ പോലെത്തന്നെ ആയില്യേ?

കേശവൻ: ഞാൻ പോലീസില് വിവരറിയിക്കാൻ നോക്ക്യപ്പൊ നീയല്ലെ അത് മൊടക്കീത്? അറീച്ചീരുന്നുവെങ്കിൽ എന്തെങ്കിലും രക്ഷ കിട്ടുമായിരുന്നു ആ കുട്ടിയ്ക്ക്.

സംവിധായകൻ: കേശവേട്ടാ, എന്തായിരുന്നു അവളടെ പ്രശ്‌നം?

കേശവൻ: അവളടെ രണ്ടാനച്ഛനായിരുന്നു വില്ലൻ. അവളടെ അമ്മേ കല്യാണം കഴിച്ച് ആറു മാസത്തിനകം ഈ കുട്ട്യോട്ള്ള അയാൾടെ പെരുമാറ്റൊക്കെ മാറി. അവള് കൊറേ പിടിച്ചു നിന്നു, കാര്യണ്ടായില്ല. അമ്മ്യോട് പറഞ്ഞപ്പഴാണ് മനസ്സിലായത്, പണക്കാരനായ ഭർത്താവിനെ പിടിച്ചു നിർത്താൻ ഭാര്യ കണ്ടുപിടിച്ച മാർഗ്ഗാണത്ന്ന്. അമ്മ അതിനൊക്കെ കൂട്ടുനില്ക്ക്വാണ്ന്ന്.

ജാൻസി: എന്നീട്ടാ കുട്ടിയ്ക്ക് എന്തു പറ്റീ?

കേശവൻ: പുലർച്ചയ്ക്കു മുമ്പ്തന്നെ അവരെത്തി കുട്ടിയെ ബലമായി പിടിച്ചു കൊണ്ടുപോയി. അവര്‌ടൊ പ്പം ഗുണ്ടകളുംണ്ടായിരുന്നു. എന്നെയും ഭീഷണിപ്പെടുത്തി, പുറത്തിറങ്ങിയാൽ കാണിച്ചു തരാംന്ന് പറഞ്ഞുകൊണ്ട്.

സംവിധായകൻ: ഓ, ഒരമ്മ!

കേശവൻ: അതെ, ആ കുട്ടിയ്ക്ക് ജന്മം കൊടുത്ത് മുലയൂട്ടി വളർത്തിയ അമ്മതന്നെ.

സംവിധായകൻ: ഇന്നു കണ്ട രണ്ടാമത്തെ അമ്മയാണിത്.

നായകൻ: ഒരു കാര്യം പറയട്ടെ. സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നെയാണ്. ഇതു ജാൻസി പറഞ്ഞത് തന്ന്യാണ്. പക്ഷെ ഞാനത് ആദ്യം പറഞ്ഞിരുന്നെങ്കിലവൾ സമ്മതിച്ചൂന്ന് വരില്ല. പക്ഷെ സത്യം സത്യംതന്നെയാണ്. അട്ത്ത് നടന്ന പെൺവാണിഭക്കേസിലൊക്കെ നോക്ക്യാലതു മനസ്സിലാവും.

(ജാൻസി എന്തോ പറയാനോങ്ങുന്നു, പിന്നെ വേണ്ടെന്നു വയ്ക്കുന്നു.)

നായകൻ: പിന്നെ ആ കുട്ടിയെപ്പറ്റി കേശവേട്ടൻ വല്ലും കേട്ടുവോ?

കേശവൻ: ആവശ്യം കഴിഞ്ഞപ്പൊ അയാളവളെ വിറ്റു. ആ കുട്ടി ഇപ്പൊ എവിട്യാണ്ന്ന് ആർക്കും അറീല്യ. ചെറുപ്രായം തൊട്ട് കണ്ടിരുന്ന കുട്ടിയാണ്. അങ്കിൾ എന്നു വിളിച്ച് അടുത്തു വന്നിരുന്ന കുട്ടിയാണ്, ഞങ്ങളുടെ മോളെപ്പോലെ. (കണ്ണീർ തുടക്കുന്നു.) എന്റെ മോൾ പത്താം വയസ്സിൽ നഷ്ടപ്പെട്ടപ്പോൾ തൊട്ട് ഒരാശ്വാസമായി വീട്ടിൽ എപ്പോഴും വന്നിരുന്ന കുട്ടിയായിരുന്നു അത്.

(കമലം തല താഴ്ത്തി നിൽക്കുകയാണ്)

സംവിധായകൻ തളർന്ന് കസേലയിലിരിക്കുന്നു.

കേശവൻ: ഇത് രണ്ടാമത്തെ സംഭവാണ്, എന്റെ കൺമുമ്പില് വെച്ച് നടക്കണത്. ഞാനിനി നോക്കി നിൽക്കില്ല.

(കമലം എന്തോ ഹിതമല്ലാത്തതു കേട്ടപോലെ തലയുയർത്തി നോക്കുന്നു, ധൃതിയിൽ ചോദിക്കുന്നു.)

കമലം: നിങ്ങളെന്തു ചെയ്യാനാണ് പോണത്?

കേശവൻ: ഞാനിവളെ വീട്ടിലേയ്ക്ക് കൊണ്ടു പോവ്വാണ്.

കമലം: നിങ്ങടെ ഇഷ്ടം. പക്ഷെ എന്നെ അതിനു കാക്കണ്ട.

കേശവൻ: എന്നുവച്ചാൽ?

കമലം: ഞാനെന്റെ പാട്ടിനു പോകും, അതന്നെ.

കേശവൻ: കമലത്തെ നോക്കിക്കൊണ്ട്. എനിക്കു വയസ്സ് അറുപത്തഞ്ചായി. ഈ ജീവിതം, നീയും കൂടിള്ള ഈ ജീവിതം എനിക്കെന്താണ് തന്നത്? കുറേ വേദനകള് മാത്രം. എനിക്കിനി നഷ്ടപ്പെടാൻ ഒന്നുംല്യ.

(ഇതുവരെ ഒന്നും പറയാതെ താൽപര്യത്തോടെ നിന്നിരുന്ന രജിത രണ്ടടി മുന്നോട്ടു വരുന്നു)

രജിത: അങ്കിൾ എന്റെ കാര്യമോർത്ത് വിഷമിക്കണ്ട. എന്റെ തലവിധിയാണിത്. ഓടാനാണ് വിധിക്കപ്പെട്ടിട്ടുള്ളത്. അതിനിടക്ക് പിടിച്ചൂന്ന് വരും, വീണ്ടും കഴിഞ്ഞ രണ്ടു മാസം അനുഭവിച്ചതൊക്കെ അനുഭവിക്കേണ്ടി വരും. അങ്കിൾ അങ്കിളിന്റെ വീട് നശിപ്പിക്കണ്ട.

കേശവൻ: വീട് നശിപ്പിക്കണത് ഞാനല്ല. എനിക്ക് നാൽപതു വയസ്സുള്ളപ്പഴാണ് എന്റെ മോളെ നഷ്ടപ്പെട്ടത്. രണ്ടു ദിവസത്തെ പനി മാത്രം. പിന്നെ ഞാൻ ജീവിച്ചിട്ടില്ലാന്നന്നെ പറയാം. ഇപ്പോൾ മറ്റൊരു മോളെ രക്ഷിക്കാൻ എന്റെ ജീവൻ പോയാലും തരക്കേടില്ല.

(പെട്ടെന്ന് അവിടെ നിശ്ശബ്ദത. അതിന്റെ അവസാനത്തിൽ സംവിധായകൻ പറയുന്നു.)

സംവിധായകൻ: കേശവേട്ടാ, നല്ലോണം ആലോചിച്ചിട്ട് ഒരു തീരുമാനം എടുത്താ മതി. കമലച്ചേച്ചിടെ ടെൻഷൻ എനിക്കു മനസ്സിലാവ്ണ്ണ്ട്. സാറീ വയസ്സു കാലത്ത് ഇതിലൊന്നും എടപെടേണ്ടാന്നാ എന്റെ അഭിപ്രായം. നല്ലൊരു കലാകാരനാണ് കേശവേട്ടൻ. അതു കൊണ്ടുനടന്നാ മതി.

(കേശവൻ ഒന്നും പറയുന്നില്ല, പക്ഷെ വളരെ അസ്വസ്ഥനാണെന്ന് മനസ്സിലാക്കാം.)

(നായകന്റെ മൊബൈൽ ഫോണടിക്കുന്നു. അയാൾ സംസാരിക്കുന്നത് ചെറിയ ശബ്ദത്തിൽ കേൾക്കാം. എല്ലാവരും അയാളെ ശ്രദ്ധിക്കുന്നു.)

നായകൻ: (ഫോണിൽ) എല്ലാരും എത്തീന്നോ? ഇവിടെ ഒന്നും ആയിട്ടില്ല, തൊടങ്ങീട്ടന്നെല്യ… അതെങ്ങിന്യാ ചെയ്യാ. മറ്റുള്ളവരൊക്കെ എത്തീട്ട്ണ്ട്. ഒരു ചെറിയ പ്രശ്‌നായിട്ട് നിൽക്ക്വാണ്… ശരി ഞാനൊന്ന് പറഞ്ഞു നോക്കട്ടെ… ശരി.

(സംവിധായകൻ ഫോൺ സംസാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.)

സംവിധായകൻ: ബാബു, എന്താ വിളി വര്ണ്ണ്ടല്ലെ. ഇവിടെ ഇന്ന് ഒന്നും നടക്കുംന്ന് തോന്ന്ണില്യ.

ബാബു: എന്നാൽ ഞങ്ങള് പോട്ടെ, മറ്റന്നാളാവാം ഇനി റിഹേഴ്‌സൽ. അപ്പഴേയ്ക്ക് സാറും ബാലേട്ടനും കൂടി സ്‌ക്രിപ്റ്റ് ശരിയാക്കു.

സംവിധായകൻ: ശരി, ഇന്ന് ദിവസം ശര്യല്ല.

(ബാബുവും ജാൻസിയും പോകുന്നു. വാതിൽക്കലെത്തിയപ്പോൾ എന്തോ ഓർത്തപോലെ ബാബു തിരിച്ചു വരുന്നു).

ബാബു: ഞാൻ രജിതടെ കാര്യം മറന്നു. (രജിതയോട്) എന്റെ കയ്യിൽ കുറച്ചു പണമുണ്ട്. കുട്ടിക്കത് ആവശ്യാവും. (പോക്കറ്റിൽ നിന്ന് ഏതാനും നോട്ടുകൾ എടുത്ത് നീട്ടുന്നു. രജിത മടിച്ചു നിൽക്കുന്നു.)

സംവിധായകൻ: രജിത അതു വാങ്ങു. ഞാനും കുറച്ചു പണം തരാം. പോക്കറ്റിൽ കയ്യിടുന്നു.

കേശവൻ: വേണ്ട, അവളുടെ കാര്യം ഞാൻ നോക്കിക്കോളാം.

(രജിതയുടെ മുഖം പ്രതീക്ഷയോടെ വികസിക്കുന്നു. കമലത്തിന് കേശവൻ പറഞ്ഞത് തീരെ ഇഷ്ടമാകുന്നില്ല, പക്ഷെ ഒരു സീൻ ഉണ്ടാക്കേണ്ടെന്നു കരുതിയായിരിക്കണം മിണ്ടാതിരിക്കുന്നു.)

രജിത: (നായകനോട്) വേണ്ട ചേട്ടാ.

(ബാബു തിരിച്ചു പോകുന്നു. വാതിൽ കടക്കുന്നതിനു മുമ്പ് ഒരിക്കൽ തിരിഞ്ഞു നോക്കുന്നു. അയാളുടെ മുഖം ആശങ്കാകുലമാണ്.)

സംവിധായകൻ: (പണം തിരിച്ച് പോക്കറ്റിലിട്ടുകൊണ്ട്) ഇനി?

കമലം: ഞാൻ പോണു.

കേശവൻ: ഞങ്ങളുംണ്ട്. നമുക്കൊരുമിച്ചു പോയാൽ പോരെ?

കമലം: പോരാ, ഞാനെന്റെ വീട്ടിലേയ്ക്കാണ് പോണത്.

(അതുവരെ പ്രതീക്ഷാനിർഭരമായ മുഖത്തോടെ നിന്നിരുന്ന രജിത തളരുന്നു.)

രജിത: ആന്റി, അങ്കിളിന്റെ ഒപ്പംതന്നെ പോയാമതി. ഞാൻ പോവ്വാണ്. എവിടേങ്കിലും എത്താതിരിക്കില്ല. സാരല്യ.

കേശവൻ: നിൽക്കു കുട്ടീ.

(രജിത ഒന്നും പറയാതെ, യാത്ര ചോദിക്കാതെ പെട്ടെന്ന് പോകുന്നു. സംവിധായകൻ എഴുന്നേറ്റ് നിൽക്കുന്നു. രവി അസ്വസ്ഥനാണ്. അവൻ കുറച്ചു നേരം അവൾ പോയ ദിശയിൽ നോക്കി നിൽക്കുന്നു. പിന്നെ അതേ വാതിൽ കടന്ന് ധൃതിയിൽ പോകുന്നു.

സംവിധായകൻ കസേലയിൽ തലയ്ക്ക് കയ്യും വെച്ച് ഇരിക്കുന്നു.

കമലം: നമുക്ക് പോവാം. ഇനി എന്നാണ് റിഹേഴ്‌സൽന്ന് തീർച്ച്യാക്ക്യാൽ വരാം.

കേശവൻ: (ആകെ ഉലഞ്ഞിരിക്കുന്നു. എങ്കിലും ഭാര്യയോടൊപ്പം പോകാൻ തയ്യാറാവുന്നു. സംവിധായകനോട്) സാർ ഫോൺ ചെയ്യുമ്പോ വരാം. ഏതായാലും സ്‌ക്രിപ്റ്റ് തയ്യാറാക്കാൻ സമയെടുക്കില്ലെ?

(സംവിധായകൻ വെറുതെ തലയാട്ടുക മാത്രം ചെയ്യുന്നു. അവർ പോയശേഷം അയാൾ കുറച്ചു നേരത്തേയ്ക്ക് ഒരു ദിശാബോധമില്ലാത്ത മട്ടിലിരിക്കുന്നു. രംഗത്ത് അവശേഷിക്കുന്നത് സംവിധായകനും ബാലനും മാത്രം. ബാലൻ സംവിധായകനെ നോക്കുകയാണ്. എന്താണ് പറയേണ്ടതെന്ന് കുറച്ചുനേരം ആലോചിക്കുന്നു.)


ബാലൻ: സാറ് വെഷമിക്ക്യൊന്നും വേണ്ട. ഇതൊക്കെ നമ്മടെ ചുറ്റുവട്ടത്ത് എന്നും നടക്കണതാണ്.

(സംവിധായകൻ ഒന്നും പറയാതെ ദയനീയമായി ബാലനെ നോക്കുന്നു.)

ബാലൻ: ഇന്നിനി എഴുതാന്ള്ള മൂഡൊന്നുംല്യ. നമുക്ക് നാളെ രാവിലെ ഇരിക്കാം. ഞാൻ സാറിന്റെ വീട്ടിലേക്ക് വരാം.

(സംവിധായകൻ തലയാട്ടുന്നു.)

ബാലൻ: എന്നാ ഞാൻ പോട്ടെ സാർ.

സംവിധായകൻ: ശരി.

സംവിധായകന്റെ മുഖം ദുഃഖമയമാണ്. ബാലൻ പോയപ്പോൾ അയാളെഴുന്നേറ്റ് വിളക്കുകളുടെ സ്വിച്ചുകൾ ഓരോന്നോരോന്നായി ഓഫാക്കുന്നു. ഇപ്പോൾ സ്റ്റേജിൽ വെളിച്ചമില്ല, ഹാളിലും. അയാൾ ഒരു സ്വിച്ചുകൂടി ഇടുമ്പോൾ ഹാളിൽ വെളിച്ചം വരുന്നു. ഹാളിലേയ്ക്കു നോക്കി അതും കെടുത്താനുള്ള ശ്രമം നടത്തുന്നു, വിജയിക്കുന്നില്ല. അയാൾ തിരിച്ച് കസേരയിലിരുന്ന് എന്തോ ആലോചിക്കുകയാണ്. ഹാളിൽ നിന്നുള്ള വെളിച്ചത്തിൽ അയാളുടെ മുഖം മ്ലാനമാണെന്നു കാണാം. ഏതാണ്ട് ഒരു മിനുറ്റ് എടുത്തിട്ടുണ്ടാവും വശത്തെ വാതിലിൽ രജിത നിൽക്കുന്നതു കാണാം.

രജിത: (അവിടെ നിന്നുകൊണ്ടുതന്നെ) സാർ? (സ്‌പോട്ട് ലൈറ്റ് അപ്പോഴെ അവളുടെ മേൽ വീഴുന്നുള്ളു.)

(സംവിധായകൻ ഞെട്ടിയെഴുന്നേൽക്കുന്നതോടെ സ്റ്റേജിൽ വെളിച്ചം നിറയുന്നു, സംവിധായകന്റെ മനസ്സിലെന്ന പോലെ. അദ്ദേഹത്തിന്റെ മുഖം തെളിഞ്ഞിരിക്കുന്നു.)

സംവിധായകൻ: രജിത!

രജിത: അതേ സാർ, ഞാൻ തിരിച്ചു വന്നു.

സംവിധായകൻ: നന്നായി, ഞാൻ വിഷമിച്ചിരിക്ക്യായിരുന്നു.

രജിത: സാറ് ഒരു കാര്യം ചെയ്യോ?

സംവിധായകൻ: പറയൂ.

രജിത: സാറ് എന്നെപ്പറ്റി ഒരു നാടകം എഴുതു, എന്റെ ജീവിതത്തെപ്പറ്റി. ഞാൻ തന്നെ അതിൽ നായികയായി അഭിനയിക്കാം.

(അവൾ സ്റ്റേജിന്റെ നടുവിലേയ്ക്ക് വരുന്നു. പിന്നാലെ രവിയുമുണ്ട്.)

രജിത: എന്താ എഴുതിക്കൂടെ സാർ? ഞാൻ സഹായിക്കാം. എനിക്കിപ്പോ പേടിയൊന്നുല്യ. (രവിയെ നോക്കിക്കൊണ്ട്) ഈ ചേട്ടനാ എനിക്ക് ധൈര്യം തന്നത്.

(സംവിധായകൻ കസേരയിലേയ്ക്കു താഴുന്നു. അദ്ദേഹം സന്തോഷവാനാണ്.)

സ്റ്റേജിൽ വെളിച്ചം കുറഞ്ഞുവരുന്നതോടൊപ്പം കർട്ടനും താഴുന്നു.

* * *