close
Sayahna Sayahna
Search

സങ്കല്പങ്ങൾ


മരണം

സാഹിത്യവാരഫലം 1987 05 01

മരണത്തെക്കുറിച്ചുള്ള നോവലുകള്‍ അസംഖ്യങ്ങളാണ് പടിഞ്ഞാറന്‍ സാഹിത്യത്തില്‍. അവയിലേറ്റവും പ്രധാനം ഹെര്‍മാന്‍ ബ്രോഹിന്റെ “വെര്‍ജിലിന്റെ മരണം” എന്നതാണ് വെര്‍ജില്‍ ജീവിതത്തില്‍നിന്നു മരണത്തിലേക്കു കടക്കുന്നതിന്റെ വര്‍ണ്ണനമുണ്ട് നോവലിന്റെ അവസാനത്തെ ഭാഗത്ത്. അത് അസാധാരണമെന്നേ പറയാനാവൂ. മരണം നല്കുന്ന mystic knowledge ഇതുവായനക്കാരനു പ്രദാനംചെയ്യും. ഇക്കാര്യത്തില്‍ ഇതിനു സദൃശമായ ഒരു കലാസൃഷ്ടി വിശ്വസാഹിത്യത്തില്‍ ഇല്ലതന്നെ. (അത്യുക്തിയില്ല ഇവിടെ) Hermann Broch, 1886–1951). രണ്ടാമത്തെ നോവല്‍ റൈനര്‍ മാറീയ റില്‍കേയുടെ (Rainer Maria Rilke, 1875–1927) “The Notebook of Malte Laurids Brigge” എന്നതാണ്. മാല്‍റ്റേ ലൗറിറ്റ്സ് മരണത്താല്‍ അനുധാവനം ചെയ്യപ്പെട്ട് അതിന്റെ (മരണത്തിന്റെ) ആധ്യത്മിക മണ്ഡലത്തില്‍ എത്തുന്നതിനെ വര്‍ണ്ണിക്കുന്ന ഈ കൃതിയെ എല്ലാ നിരൂപകരും timeless masterpiece എന്നാണ് വിളിക്കുക. ഇതിലെ ഓരോ വാക്യവും രത്നംപോലെ കാന്തി ചിന്തുന്നു. കേട്ടാലും:

There exists a creature, perfectly harmless when you see it; you scarcely notice it and forget it again immediately. But as soon as it manages some how to get unseen into your ears, it develops there; it hatches, as it were, and cases have been known where it has penetrated into the brain and has thriven devastatingly, like those pneumococci in dogs that gain entrance through the nose. This creature is one’s neighbour. (Page 159. Oxford University Press Edition).

ഷേവ്ചെയ്ത് മൂര്‍ച്ചപോയ ബ്ലെയിഡ്കൊണ്ട് പ്രയോജനം വല്ലതുമുണ്ടോ? ഉണ്ട്. ഉത്കൃഷ്ടങ്ങളായ വാരികകളില്‍ അപകൃഷ്ടങ്ങളായ കാവ്യങ്ങള്‍ വന്നാല്‍ ദേഷ്യത്തോടെ ആ വാരികകളെ ചുരുട്ടി കശക്കിയെറിയുന്നതു മര്യാദകേടാണ്; വാരികയോടുള്ള മര്യാദകേട്. അതുകൊണ്ട് ബ്ലെയിഡ് എടുത്ത് ആ കാവ്യമച്ചടിച്ച പേജ് പതുക്കെ അങ്ങ് കീറിമാറ്റാം. വാരികപോലും അതറിയില്ല.

അടുത്ത കലാസൃഷ്ടി ടോള്‍സ്റ്റോയിയുടെ The Death of Ivan Ilyich എന്നതാണ്. മരണത്തിന്റെ മുന്‍പില്‍ മുഖാവരണം ധരിച്ചു നില്ക്കുന്ന കുറെയാളുകളെയാണ് നമ്മള്‍ ഇതില്‍ കാണുന്നത്. മാരകമായ രോഗം പിടിപെട്ട ജഡ്ജിയോട് എല്ലാവരും കള്ളം പറയുന്നു; അയാളുടെ പരിചാരകനൊഴിച്ച്. അവര്‍ പറയുന്നതൊക്കെ അസത്യമാണെന്ന് ജഡ്ജിക്കറിയാം. “കള്ളം പറഞ്ഞതു മതി. ഞാന്‍ മരിക്കാന്‍ പോകുകയാണെന്നു നമ്മള്‍ക്കെല്ലാം അറിയാം. എന്നോട് കള്ളം പറയാതെയെങ്കിലുമിരിക്കു” എന്ന് അയാള്‍ക്ക് അവരോടു ഗര്‍ജ്ജിച്ചാല്‍ കൊള്ളാമെന്നുണ്ട്. സാധിക്കുന്നില്ല. വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും അര്‍ത്ഥം പരിചാരകനില്‍ നിന്നു മനസ്സിലാക്കിക്കൊണ്ട് അയാള്‍ മരിക്കുന്നു. മരണമല്ല. അതു ആധ്യാന്മിക പ്രകാശത്തിലേക്കുള്ള പ്രവേശമാണത്. അതില്‍ ആമജ്ജനം ചെയ്യലാണ്.

ഒസ്റ്റ്രിയന്‍ കവിയും നാടക കര്‍ത്താവുമായ ഹൊഫ്മാന്‍ സ്റ്റാലിന്റെ (Hofmann Sthal, 1874–1929) Death and the Fool എന്ന കാവ്യനാടകം മരണത്തെക്കുറിച്ചുള്ള വേറൊരു മാസ്റ്റര്‍പീസാണ്. ക്ളോഡിയോ ജീവിതത്തിന്റെ അര്‍ത്ഥരാഹിത്യത്തെക്കുറിച്ചു വിചാരിച്ചുകൊണ്ട് വീട്ടിലിരിക്കുമ്പോള്‍ വയലിനിന്റെ മധുരനാദം കേള്‍ക്കുന്നു. ഗായകന്‍ പ്രവേശിക്കുന്നു. അയാള്‍ മരണമാണ്. ക്ളോഡിയോ മരണത്തിനു വിധേയനാകാന്‍ ഒരുക്കമില്ല. ഗായകന്‍ (മരണം) അയാളുടെ അമ്മയുടെയും പ്രേമഭാജനത്തിന്റെയും സ്നേഹത്തിന്റെയും പ്രേതങ്ങളെ ക്ഷണിച്ചുവരുത്തുന്നു. മൂന്നുപേരെയും താന്‍ സ്നേഹിച്ചില്ല എന്ന സത്യം ക്ളോഡിയോ ഗ്രഹിക്കുന്നു. ജീവിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കിക്കൊണ്ട് ഹര്‍ഷോന്മാദത്തില്‍ മുഴുകിക്കൊണ്ട് അയാള്‍ മരിക്കുന്നു. “Wake up from life’s dream in the / wake of death എന്ന് പറഞ്ഞുകൊണ്ടാണ് അയാള്‍ അന്ത്യശ്ശ്വാസം വലിക്കുക. ഇതെഴുതിയപ്പോള്‍ ഹൊഫ്മാന്‍സ്റ്റാലിന് പതിനെട്ടു വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു.

മരണം നിശ്ശബ്ദതയാണ്. നിശ്ശബ്ദത ആവിഷ്കരിച്ച് മരണത്തിന്റെ ഭീകരസ്വഭാവം സ്ഫുടീകരിച്ചു ബല്‍ജിയന്‍ നാടകകര്‍ത്താവ് മോറീസ് മതേര്‍ലങ് (Maurice Maeterlink, 1862–1947, മാതേര്‍ലിങ്ക് എന്നു ഡച്ച് ഉച്ചാരണം). അദ്ദേഹത്തിന്റെ The Intruder, The Blind, Interior എന്നീ “മരണ നാടകങ്ങള്‍” (Death dramas) വായിച്ചാല്‍ നമ്മള്‍ ഞെട്ടും.

ഇതൊക്കെ വായിച്ചിട്ടുള്ളവര്‍ക്കു തമിഴ് സാഹിത്യകാരനായ മുത്തുസ്സ്വാമിയുടെ “ഒരു മരണം” എന്ന കഥ (കഥാമാസിക ലക്കം 146) വലിയ ‘ഇംപാക്റ്റ് സൃഷ്ടിച്ചെന്നുവരില്ല. മരണത്തെക്കുറിച്ച് ഒബ്സഷനുള്ള ഒരാള്‍ പലരുടെയും മരണത്തെ സങ്കല്പിച്ച് മരണത്തിലേക്കു ചെല്ലുന്നതായി വര്‍ണ്ണിച്ചിട്ടുള്ള ഈ കഥ മോശമാണെന്ന് എനിക്കഭിപ്രായമില്ല. വായനയുടെ പ്യാപ്തി കൂടുംന്തോറും ആസ്വാദനത്തിന്റെ രീതി മാറിവരും. മലയാളം മാത്രമറിയുന്നയാള്‍ സി.വി. രാമന്‍പിള്ളയുടെ “മാര്‍ത്താണ്ഡവര്‍മ്മ” വായിക്കുമ്പോള്‍ അദ്ഭുതാവഹം’ എന്നു പറഞ്ഞേക്കും. മാന്‍ ദ സോണീയുടെ (Manzonil) ചരിത്രപരമായ നോവല്‍ വായിച്ച ഞാന്‍ അത്രകണ്ട് അദ്ഭുതം കൂറുകയില്ല. ഇതൊക്കെയാണ് സത്യമെങ്കിലും തമിഴ് സാഹിത്യത്തെ സംബന്ധിച്ചിടത്തോളം ഇക്കഥയ്ക്കു പ്രാധാന്യമുണ്ട്. കഥ മലയാളത്തിലേക്കു തര്‍ജ്ജമ ചെയ്ത കെ. വേലപ്പനും ഇ.വി. ശ്രീധരനും അതുമാത്രമേ ഉദ്ദേശിച്ചിട്ടുള്ളു. ആ നിലയില്‍ ഈ ഭാഷാന്തരീകരണം ഒരു സേവനംതന്നെയാണ്. മുത്തുസ്സ്വാമിയെക്കുറിച്ച് അദ്ദേഹത്തിന്റെ സാഹിത്യ ജീവിതത്തെക്കുറിച്ചു ഇ.വി. ശ്രീധരന്‍ എഴുതിയതും നന്നായി. നമ്മുടെ അടുത്തുകഴിയുന്ന ഒരു സാഹിത്യകാരനെപ്പറ്റി നമുക്ക് ഒന്നും അറിഞ്ഞുകൂടെന്നു വരുന്നതു ആക്ഷേപാര്‍ഹമാണല്ലോ.

* * *

സംസ്കൃതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമായിരുന്ന കുറിശ്ശേരി. ഗോപാലപിള്ള ആശുപത്രിയില്‍ കിടക്കുകയായിരുന്നു. ഒരു ദിവസം രാത്രി പന്ത്രണ്ടു മണിക്കുമുന്‍പ് അദ്ദേഹം മരിക്കുമെന്നു ഡോക്ടര്‍ പറഞ്ഞു. ബന്ധുക്കള്‍ എത്തി. ഗോപാലപിള്ളസ്സാറ് അന്നു മരിച്ചില്ല. പിന്നെയും കുറെക്കാലം ജീവിച്ചിരുന്നു. ഒരു ദിവസം ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. “സാറ് അന്നു രാത്രി പന്ത്രണ്ടു മണിക്കു മുന്‍പു മരിക്കുമെന്നു ‍ഡോക്ടര്‍ പറഞ്ഞല്ലോ. സാറും അക്കാര്യം അറിഞ്ഞു. ആ സമയത്ത് സാറിനെന്തു തോന്നി?” കുറിശ്ശേരി മറുപടി നൽകി:“ആ സമയത്ത് ഭാര്യയെക്കുറിച്ചോ മക്കളെക്കുറിച്ചോ ഞാനൊന്നും വിചാരിച്ചില്ല. ഞാന്‍ മരിക്കാന്‍ പോകുന്നു എന്നു മാത്രം എനിക്കുതോന്നി. അതില്‍ പേടിയോ ദുഃഖമോ എനിക്കുണ്ടായില്ല.” മരണത്തില്‍നിന്നു രക്ഷപ്പെട്ട മറ്റു ചിലരും ഏതാണ്ട് ഇതേ മട്ടില്‍ത്തന്നെ സംസാരിച്ചിട്ടുണ്ട്.