close
Sayahna Sayahna
Search

സഞ്ജയോപാഖ്യാനം


__NOMATHJAX__

സഞ്ജയൻ
ഗ്രന്ഥകാരന്‍ സഞ്ജയൻ (എം ആർ നായർ)
മൂലകൃതി സഞ്ജയോപാഖ്യാനം
ഭാഷ മലയാളം
വിഷയം ഹാസ്യം
മാദ്ധ്യമം പ്രിന്റ്
Followed by കമീഷണര്‍മാരുടെ ഉല്പത്തി

[1]നമ്പൂതിരിയുടെ മകനോ ഗന്ധര്‍വ്വന്റെ അവതാരമോ അല്ലാത്ത ഒരു ശൂദ്രന്ന് സാഹിത്യപരിശ്രമം ചെയ്യുവാന്‍ അര്‍ഹതയില്ലെന്നായിരുന്നു പണ്ടത്തെ നമ്പൂതിരിമാരുടെ വിശ്വാസമെന്ന് രസികശിരോമണിയായ ശ്രീ മൂര്‍ക്കോത്ത് കുമാരന്‍ അവര്‍കള്‍ തെളിയിച്ചിട്ടുണ്ട്: വാസ്തവത്തില്‍ ഈ വിവരം അറിഞ്ഞതുമുതല്‍ സഞ്ജയന്ന് മനസ്സമാധാനം ഇല്ലാതായിരിക്കുന്നു; കാരണം സഞ്ജയന്‍ അടുത്തൊരു ദിവസം നല്ല മുഹൂര്‍ത്തം നോക്കി സാഹിത്യപരിശ്രമം ചെയ്യണമെന്ന് നിശ്ചയിച്ചിട്ടുള്ള കൂട്ടത്തിലാണ്; നമ്പൂതിരിയുടെ മകനല്ലതാനും. അര്‍ഹതയില്ലാത്ത സ്വാതന്ത്ര്യങ്ങള്‍ എടുക്കുന്നവരില്‍ സഞ്ജയന്‍ വമ്പനല്ലെങ്കില്‍ മുമ്പനെങ്കിലുമാണെന്നു ചില പ്രസിദ്ധ വക്കീലന്മാര്‍ കൂടി ഒരു സമയം നിങ്ങളെ അറിയിച്ചേക്കാന്‍ മതി; പക്ഷേ സാഹിത്യസംബന്ധമായി അങ്ങനെയൊരപവാദം കേള്‍ക്കുവാന്‍ പി. എസ്സ്. ഏതായാലും ഒരുങ്ങീട്ടില്ല. ഒരു ദിക്കിലെങ്കിലും ഒരാളുടെ പേര് അകളങ്കിതമായിരിക്കണ്ടേ? ഇതു തന്നെ മുന്‍പറഞ്ഞ മനസ്സമാധാനക്കുറവിന്ന് ഹേതുവായിരിപ്പൂ എന്നറിഞ്ഞുകൊള്ളുകയും വേണം.

* * *

അതുകൊണ്ട് സഞ്ജയന്‍ നമ്പൂതിരിയുടെ മകനല്ലാത്ത സ്ഥിതിയ്ക്ക് ഗന്ധര്‍വ്വന്റെ അവതാരമാണെന്നു തെളിയിക്കുവാനെങ്കിലും വല്ല വഴിയുമുണ്ടോ എന്ന പ്രശ്നത്തെസ്സംബന്ധിച്ച് പി.എസ്. ഒരു ഗംഭീരഗവേഷണം തന്നെ നടത്തി. സത്യത്തെ ആരായുവാനുള്ള വിശിഷ്ടോദ്ദേശത്തെ മുന്‍നിര്‍ത്തി നടത്തപ്പെട്ട ഏതു ഗവേഷണമാണ് ഇതുവരെ പാഴായിപ്പോയിട്ടുള്ളത്? പി.എസ്സിന്റെ ഗവേഷണത്തിന്നും അചിരേണ ഫലം സിദ്ധിച്ചു.

“ക്ഷിപ്രം ഹി മാനുഷേ ലോകേ സിദ്ധിര്‍ഭവതി കര്‍മ്മജാ” പാറപ്പുറത്തെ പടിഞ്ഞാറ്റയില്‍ പകല്‍വെളിച്ചം കാണാതെ എത്രയോ കാലമായി പൂത്തുകിടന്നിരുന്ന ‘തോന്ന്യാസപുരാണം’ താളിയോലഗ്രന്ഥത്തിന്റെ അവശിഷ്ടഭാഗങ്ങളിലൊരേടത്ത് ‘സഞ്ജയോപാഖ്യാന’മെന്ന തലക്കുറിപ്പോടുകൂടി പി. എസ്സിന്റെ പൗര്‍വ്വദൈഹികചരിത്രം അത്ഭുതപരവശനായ ഗവേഷകന്റെ ദൃഷ്ടികള്‍ക്ക് വിഷയീഭവിച്ചു. കാര്‍ക്കോടകന്‍ ബദ്ധപ്പെട്ട് എങ്ങോട്ടോ പോകുന്ന നാരദമുനിയെ വഴിയില്‍ കണ്ടുമുട്ടി, മുഷിച്ചലുണ്ടാകാതിരിപ്പാന്‍ നമസ്കരിക്കുകയാണെന്ന വ്യാജേന, നിലത്തു വീണു കാലുരണ്ടും കെട്ടിപ്പിടിച്ചു, താടിക്കാരന്റെ പ്രാരംഭപ്രതിഷേധ വചസ്സുകളെ കേട്ട ഭാവം പോലും നടിക്കാതെ, ക്രമേണ അദ്ദേഹത്തെ അനുരഞ്ജിപ്പിച്ചു കൊണ്ട് ചൊല്ലിത്തീര്‍ത്തുകളഞ്ഞതാണ് ‘തോന്ന്യാസപുരാണ’ മെന്ന വസ്തുത യഥാര്‍ത്ഥപണ്ഡിതന്മാരൊക്കെ ഗ്രഹിച്ചിരിക്കാവുന്നതാണല്ലോ. സഞ്ജയന്റെ കഴിഞ്ഞ ജന്മത്തെപ്പറ്റി ‘തോന്ന്യാസ’ത്തിലെ ഏകാദശം എന്തു പറയുന്നു എന്നു കേള്‍ക്കുവിന്‍! (തര്‍ജ്ജമ എന്റേതാണ്; നന്നായിട്ടില്ലെങ്കില്‍ മുഷിയരുത്.)

* * *

നാരദന്‍ പറഞ്ഞു:

ശ്രീമന്‍, കാര്‍ക്കോടകസ്വാമിന്‍, തിരക്കുണ്ടെങ്കിലും ശരി,
സഞ്ജയന്റെ പുരാവൃത്തം കേള്‍ക്കുവാനിച്ഛയുണ്ടു മേ.

കാര്‍ക്കോടകന്‍ പറഞ്ഞു:

പണ്ടു [2]ചിത്രരഥന്‍തന്റെ മകനായ്, തോന്ന്യാവാസിയായ്,
ഗന്ധര്‍വ്വനഗരം തന്നില്‍ പിറന്നൂ സഞ്ജയന്‍, മുനേ,
യുക്തിവാദം പഠിച്ചേറ്റം തലയ്ക്കു വെളിവറ്റവന്‍
അച്ചടക്കമുപേക്ഷിച്ചു നാടെങ്ങും തെണ്ടി, നാരദ.
ദേവേന്ദ്രനേയും മറ്റുള്ള ദേവന്മാരെയുമൊന്നുപോല്‍
പരിഹാസം പൊഴിച്ചേറെ വേദനിപ്പിച്ചു കശ്മലന്‍.
എതിരായാരുമില്ലാതെ ധിക്കാരം മൂത്ത സഞ്ജയന്‍
പരബ്രഹ്മജിയെപ്പോലും വക്കാണിച്ചു നടന്നുപോല്‍!
ഒരു നാളഥ ശുണ്ഠിക്കു ‘നോബല്‍പ്രൈസു’ ലഭിച്ചവന്‍-
ദുര്‍വ്വാസാവു—കടന്നെത്തി ഗന്ധര്‍വനഗരത്തിലും.
താടിക്കാരന്റെ പിന്നാലെപ്പതിനായിരമാളുകള്‍
ഭക്ഷണാര്‍ത്ഥം നടക്കുന്നൂ ശിഷ്യരെന്നു നടിച്ചഹോ.
ഈ ഘോഷയാത്ര ഗന്ധര്‍വമിഠായിത്തെരുവീഥിയില്‍
എത്തുമ്പോഴെയ്ക്കു വല്ലാത്തൊരേക്സിഡെന്റ് ബഭ്രവ ഹി.
നടുറോട്ടില്‍ കിടക്കുന്ന പഴത്തൊലി ചവിട്ടിപോല്‍
മുനീശ്വര;നുടന്‍തന്നെ വഴുതിപ്പാഞ്ഞു പോയിപോല്‍[3]
ശരം പോകുന്നപോല്‍ നേരെച്ചെന്നു ദുര്‍ഗന്ധി ഗട്ടറില്‍
നിപതിച്ചു മഹായോഗി: വിധിയാര്‍ക്കു തടുത്തിടാം?
ഗുരുകോപം ഭയപ്പെട്ടു ചിരി നിര്‍ത്താന്‍ ശ്രമിക്കയാല്‍
എണ്ണായിരത്തില്‍ ചില്വാനം ശിഷ്യര്‍ വീര്‍പ്പറ്റു വീണുപോയ
ഗന്ധര്‍വ ‘ഡെയ്ലീ ടൈംസി’ന്റെ സ്വന്തം റിപ്പോര്‍ട്ടര്‍ സഞ്ജയന്‍
ഇക്കാഴ്ച കണ്ട നേരത്തു—ശേഷമെന്തിനു ചൊല്‍വൂ ഞാന്‍?
ധിക്കാരത്തിന്റെ കൂടായ സഞ്ജയന്‍ സര്‍വവും തദാ
വിസ്മരിച്ചു നിരത്തിന്മേല്‍ വീണുരുണ്ടു ചിരിച്ചുപോല്‍.
ചിരി—കോളറപോലേറ്റം പകരുന്നൊരു സാധനം—
തങ്ങളേയും പിടിച്ചേക്കാമെന്നു പേടിച്ചു, മാമുനേ,
ഓട്ടം തുടങ്ങി ഗന്ധര്‍വപബ്ലിക്കും ശിഷ്യസംഘവും
ബാന്റുകാരും നിരന്നുള്ള യക്ഷകിന്നരവര്‍ഗ്ഗവും
ഒടുക്കം രണ്ടുപേര്‍മാത്രം ബാക്കിയായെന്റെ നാരദ:
വികൃതിസ്സഞ്ജയന്‍ റോട്ടില്‍; ഗട്ടറില്‍ കുപിതന്‍ മുനി;
‘ടോപ്‌ടുബോട്ടം’ ചളിയണിഞ്ഞെഴുന്നേല്‍ക്കവേ മാമുനി
സഞ്ജയന്റെ മഹാഹാസം മുഴങ്ങീ സര്‍വദിക്കിലും,
യോഗനിദ്രയിലാണ്ടുള്ള വിഷ്ണുകൂടിയുണര്‍ന്നുടന്‍
കാപ്പികിട്ടാഞ്ഞു തന്‍ കുട്ടിപ്പട്ടരോട് കയര്‍ത്തുപോല്‍!
ഹസന്തം സഞ്ജയം ദൃഷ്ട്വാ മുനീന്ദ്രോ ലിപ്തകര്‍ദ്ദമഃ
വിവൃദ്ധമന്യുജം വഹ്നിം സസര്‍ജ കില നാരദ[4]
അത്തിയ്യി—ലപ്പുറം ഞാനെന്തോതുമെന്‍ പൊന്നുനാരദ!
പാവം പീയെസ്സു പാളീസ്സായ് വിശര്‍ത്തേറ്റം വിളര്‍ത്തുപോയ്‌.

പദ്യം ചമച്ചു മടുത്തതിനാല്‍ കഥാശേഷം സംക്ഷേപിച്ച് ഗദ്യത്തില്‍ പറയുന്നു:

തദനന്തരം, ആപാദചൂഡം ചളി പുരണ്ട് കോപകഷായിതനേത്രനായ ഭഗവാന്‍ ദുര്‍വാസസ്സാകട്ടെ, മുന്‍ചൊന്ന കോപാഗ്നിയില്‍, കനലിലിട്ട നേന്ത്രപ്പഴമെന്നോണം വെന്തുനീറുന്ന സഞ്ജയനെ നോക്കി ഇത്ഥംബഭാണ:

“മൂഢാത്മാവേ, തപോധനനായ എന്റെ മാഹാത്മ്യമറിയാതെ എനിക്കു പറ്റിയ അപകടത്തെക്കുറിച്ച് ചിരിക്കുവാന്‍ മുതിര്‍ന്ന നിന്നെ ഞാനിതാ ശപിക്കുന്നു; ഇരുപതാം നൂറ്റാണ്ടിന്റെ ആദിഘട്ടത്തില്‍ നീ മനുഷ്യരുടെ കൂട്ടത്തില്‍ ചെന്നു ജനിക്കും. കേരളത്തിലെ നരകമെന്നു കുപ്രസിദ്ധമായ ഒരു മുനിസ്സിപ്പാലിറ്റിയില്‍ നീ കുറെക്കാലം താമസിച്ച് അവിടത്തെ കൊതുകടിയേറ്റും പൊടിഭക്ഷിച്ചും കഷ്ടപ്പെട്ട് അവശനായി ബുദ്ധിമുട്ടും. നിന്റെ വിനയമില്ലായ്മയും പരിഹാസബുദ്ധിയും കരിക്കട്ടയുടെ കറുപ്പുപോലെ കാഞ്ഞിരക്കായയുടെ കയ്പുപോലെ, എന്റെ ദേഹത്തില്‍പുരണ്ട ഈ ചളിയുടെ ദുര്‍ഗ്ഗന്ധംപോലെ, നിന്നെ വിട്ടുപിരിയാതെ പറ്റിക്കിടക്കും. ഈ ദുര്‍ഗ്ഗുണങ്ങള്‍ ഹേതുവായി ഗവര്‍മ്മെണ്ടും നാട്ടുകാരും, കോണ്‍ഗ്രസ്സ് കക്ഷിയും, ജസ്റ്റിസുകക്ഷിയും, സോഷ്യലിസ്റ്റ് കക്ഷിയും, തിരഞ്ഞെടുപ്പുകാലങ്ങളില്‍ പൊട്ടിമുളയ്ക്കുന്ന എണ്ണമില്ലാത്ത മറ്റു കക്ഷിക്കാരും, കക്ഷികളില്‍ പെടാത്തവരും, പണ്ഡിതന്മാരും, പാമരന്മാരും, സാഹിത്യവിപ്ലവക്കാരും, വനിതാസംഘങ്ങളും, അധികൃതന്മാരും, അനധികൃതന്മാരും, സനാതനികളും, അധഃകൃതരും, മഹാകവികളും, ചില്ലറക്കവികളും, യുക്തിവാദികളും, ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡണ്ട് മുതലായ അധൃഷ്യമാന്യന്മാരും, എനിക്കു കുറച്ച് തിരക്കുള്ളതിനാല്‍ പറഞ്ഞു തീര്‍പ്പാന്‍ സമയമില്ലാത്ത ഭൂലോകത്തിലെ മറ്റെല്ലാ വര്‍ഗ്ഗക്കാരും, സംഘക്കാരും, അഭിപ്രായക്കാരും, നേതാക്കന്മാരും നീതന്മാരും, നിന്നെ വെറുത്തു, ദുഷിച്ചു, ശപിച്ചു, മുടിച്ചു, ലൂട്ടിമസ്സാക്കും!”

* * *

മനുഷ്യനായി ജനിച്ച് ഒരു ചിരിയെങ്കിലും ചിരിച്ചു മരിക്കണമെന്നു ചിരകാലമായി ആശിച്ചുകൊണ്ടിരുന്ന സഞ്ജയനാകട്ടെ, ശാപമോക്ഷത്തിനൊന്നും ഹരജി അയയ്ക്കുവാന്‍ മിനക്കെട്ടില്ല. പക്ഷേ, അച്ഛന്‍ ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്നുതന്നെയാണെന്നുള്ള കഥ സഞ്ജയന്‍ ആ മഹാകോപിയോടു മിണ്ടിയതുമില്ല; വ്യസനം അഭിനയിച്ച് അവിടെനിന്നു പോവുകയാണുണ്ടായത്. അങ്ങനെ നിങ്ങളുടെ പി. എസ്സ്.

ചങ്ങലംപരണ്ടയില്‍ ചൊല്ക്കൊണ്ട പാറപ്പുറ-
ത്തിങ്ങിനെ പിറന്നുപോല്‍ മാനുഷവേഷം ധൃത്വാ!
തലയിലെഴുത്തങ്ങുന്നേ, തലയിലെഴുത്ത് !!


  1. ഈ ഉപന്യാസം 1935 ജനുവരി 9-ആമത്തെ ‘കേരളപത്രിക’യില്‍ നിന്ന് ചില്ലറ ഭേദഗതികളോടുകൂടി സഞ്ജയന്‍ 1-ആം പു, 6-ആം ലക്കത്തില്‍ പകര്‍ത്തിയതാണ്.
  2. “ഗന്ധര്‍വാണാം ചിത്രരഥഃ സിദ്ധാനാംകപിലോ മുനിഃ” ഗീത * 26
  3. പന്ത്രണ്ടു വയസ്സിന്നു കീഴെയുള്ള കുട്ടികള്‍ മാത്രം ചിരിച്ചാല്‍ മതി!
  4. ഈ ഭയങ്കര ശ്ലോകത്തെ തര്‍ജ്ജമചെയ്‌വാന്‍ ധൈര്യം പോരാതെ അപ്പടി എടുത്തു ചേര്‍ത്തിരിക്കുകയാണ്.