close
Sayahna Sayahna
Search

സമത്വവാദി-രംഗം മൂന്ന്


‌← പുളിമാന പരമേശ്വരന്‍പിളള

സമത്വവാദി
PulimanaP-01.jpg
ഗ്രന്ഥകർത്താവ് പുളിമാന പരമേശ്വരന്‍പിളള
മൂലകൃതി സമത്വവാദി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 50

അങ്കം രണ്ട്

രംഗം മൂന്ന്

(കോടതിയിലെ ഒരു മുറി. ഇടതും വലതും രണ്ടു ചായമിട്ട വാതിലുകള്‍. കമ്പിയഴിയിട്ട രണ്ടു ജനാലകള്‍. ജനാലകള്‍ക്കു കീഴെ, ഒരു പഴയ ചാരുബഞ്ച്. ഇളയ മകളും, കാമുകനും വിധി പ്രസ്താവിക്കുന്നത് കാത്തിരിക്കയാണ്.)

കാമുകന്‍: വിധി പ്രസ്താവിക്കാറായിരിക്കും.

ഇ: മകള്‍: എന്റെ ചേച്ചി!

കാമുകന്‍: ഒന്നു പോയി കേള്‍ക്കാം.

ഇ: മകള്‍: (അക്ഷമയോടെ) ഞാന്‍ പറഞ്ഞില്ലേ!… ഞാന്‍ വരുകയില്ല. എനിക്കതു കാണാന്‍ സാധിക്കയില്ല.

കാമുകന്‍: ഇനി പശ്ചാത്തപിച്ചതുകൊണ്ടു് എന്തു ഫലം?

ഇ: മകള്‍: (നിശ്ശബ്ദം)

കാമുകന്‍: അയാളെ തൂക്കാന്‍ വിധിച്ചേക്കും.

ഇ: മകള്‍: (പെട്ടെന്നെഴുന്നേററ്) നിങ്ങള്‍ എന്തിനു ഇവിടെ നില്ക്കുന്നു?… എന്റെ നാശത്തിന്റെ ചിഹ്നമാണ് നിങ്ങള്‍. പോകൂ.

കാമുകന്‍: ഞാന്‍ എവിടെ പോകാന്‍? നീയില്ലാതെ

ഇ: മകള്‍: എന്റെ ചേച്ചി!

കാമുകന്‍: അങ്ങിനെയായിപ്പോയി. ഈ കാലമെല്ലാം —

ഇ: മകള്‍: ഈ കാലമെല്ലാം? നിങ്ങള്‍ എന്തു ചെയ്തു?

കാമുകന്‍: നിന്നെ ആരാധിച്ചു?

ഇ: മകള്‍: ഞാന്‍ ഒരു ദേവതയാണെന്ന് എന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെന്നു്. അല്ലേ? രക്തവും മാംസവുമില്ലാത്ത ഒരു സല്‍ഗുണം!… നിങ്ങള്‍ക്കു് ഒരു സ്ത്രീയ്ക്ക് നല്‍കാന്‍ കഴിവുളളതു പോരാ. നിങ്ങളുടെ സ്ത്രീകള്‍ ദേവതകളായിത്തീരാന്‍ നിങ്ങള്‍ കൊതിക്കുന്നു. അമ്പോ നിങ്ങളുടെ കൊതി. നിങ്ങളുടെ സ്വാര്‍ത്ഥത!

കാമുകന്‍: നിനക്കു സുഖമില്ല. കണ്ണെങ്ങിനെ തിളങ്ങുന്നു. നിന്റെ ദേഹത്തു ചൂടുണ്ട്.

ഇ: മകള്‍: ജീവിതത്തിന്റെ.

കാമുകന്‍: നമുക്കു വീട്ടിലേക്കു പോകാം. നീ ഇങ്ങനെ തുറിച്ചു നോക്കാതെ. നീ എന്നെ ഭയപ്പെടുത്തുന്നു. എന്തൊരു നോട്ടമാണിതു്? നമുക്കു വീട്ടിലേക്കു പോകാം.

ഇ: മകള്‍: വീട്! കനത്ത മതിലുകള്‍ക്കുള്ളിലെ ചൂടുപിടിച്ച വായു. സ്തംഭനം. (പെട്ടന്നു് അനിയന്ത്രിതമായ കോപാവേശത്താല്‍) പുരുഷാ, ഞാന്‍ ഒരു ബുദ്ധിയുള്ളവളായിപ്പോയി.

(ബാരിസ്റ്റര്‍ പ്രവേശിക്കുന്നു. ഇളയമകളേ ഉററുനോക്കിയിട്ട് നാടകീയമായ രീതിയില്‍)

ബാരി: സ്ത്രീ! സ്ത്രീ! നൂററാണ്ടുകള്‍, യുഗങ്ങള്‍, അവളെ സ്പര്‍ശിച്ചിട്ടില്ല. ദാരികന്റെ മേല്‍ മെതിച്ചപ്പോഴും, വില്ലു തൊടുത്തപ്പോഴും, ചമ്മട്ടി കയ്യിലേന്തിയപ്പോഴും ഇതേ തീ അവളുട കണ്ണില്‍ നിന്നു പാറിയിട്ടുണ്ട്. ഇതാ — അണ്ഡകടാഹങ്ങളും ഞാനും ശ്വാസമടക്കി നില്‍ക്കുകയാണ് — സ്ത്രീ ചരിത്രം സൃഷ്ടിക്കുവാന്‍ പോകുന്നു! (നാടകീയത ഉപേക്ഷിച്ച്) തൊഴിക്കണം സഹോദരീ, കാലില്‍ പിടിക്കുന്നവനെ. അതാണ് സ്ത്രീയുടെ പുരുഷത്വം. (കാമുകനോട്) സ്നേഹിതാ! ഇത് പുരുഷലോകത്തിന് അത്രതന്നെ അഭിമാനകരമല്ല.

കാമുകന്‍: അത്രയ്ക്ക് അഭിമാനമുള്ള പുരുഷലോകം എന്നെ അങ്ങു തളളിക്കളയൂ.

ബാരി: അഭിമാനമുളള പുരുഷലോകം. അഭിമാനമുള്ള പുരുഷലോകം ഹ ഹ ഹ! അങ്ങിനെ ഒന്നില്ല. പുരുഷന് അവന്റെ കാര്യത്തില്‍ അഭിമാനമില്ല. മററുള്ളവരുടെ കാര്യത്തിലാണ് അവന്റെ അഭിമാനം മുഴുവനും. പുരുഷന്റെ അഭിമാനത്തിനു്, സ്ത്രീയുടെ മുന്നില്‍ യാതൊരു രക്ഷയുമില്ല.

കാമുകന്‍: രക്ഷാസൈന്യക്കാരന്‍!

ബാരി: സ്ത്രീയില്‍ നിന്നു പുരുഷനെ രക്ഷിക്കുവാന്‍ ഞാന്‍ ഏതു ചട്ടവേണ്ടമെങ്കിലും ധരിക്കും… മഠയന്‍ പുരുഷന്‍! ജീവിതമെന്നും പറഞ്ഞു് അവന്‍ മരണത്തെ ആരാധിക്കുന്നു.

കാമുകന്‍: എന്തൊരു സംസാരമാണിത്?… സ്വന്തം ശബ്ദം കേള്‍ക്കുന്നത് ഇത്ര സുഖമോ?

ബാരി: നിങ്ങള്‍ ആരെ ആരാധിക്കുന്നു? കമനീയതയുടെ ഈ കനക വിഗ്രഹത്തിനെയോ?

കാമുകന്‍: ലജ്ജിക്കുന്നതറിയാന്‍ വയ്യേ?

ബാരി: സൂക്ഷിച്ചു നോക്കൂ. ഇതാരാണ്? നിങ്ങളുടെ ദേവതയോ? മരണത്തിന്റെ മാതാവ്! നിങ്ങള്‍ക്കു പേടിയാകുന്നില്ലേ? ഇവള്‍ പത്തുമാസം മരണത്തെ ചുമക്കും. അതുകഴിഞ്ഞ് മരണത്തെ പ്രസവിക്കും. മരണത്തിനു പാലു കൊടുക്കും. താരാട്ടുപാടും മരണം വളര്‍ന്നു വളര്‍ന്നു വന്ന് ഒടുവില്‍ മരിക്കും! മര​ണത്തിന്റെ മാതാവ്! മഠയാ! നടുങ്ങൂ. ഓടു ലോകത്തിന്റെ അന്ത്യത്തിലേക്കു് (ശിപായി പ്രവേശിക്കുന്നു. നിശബ്ദത)

ശിപായി: വിധി കഴിഞ്ഞു.

കാമുകന്‍: എന്ത്?

ബാരി: എങ്ങിനെ?

ശിപായി: വധശിക്ഷ.

(ഒരു പാമ്പു കൊത്തിയിട്ടെന്നപോലെ ഇളയ മകള്‍ ചാടിയെണീറ്റുപോകുന്നു.)

കാമുകന്‍: കഷ്ടം.

ബാരി: പാവം.

(ശിപായി മറയുന്നു)

ഇ: മകള്‍: (സ്വപ്നത്തിലെന്നപോലെ) അപ്പോള്‍ — അതു കഴിഞ്ഞു.

ബാരി: അങ്ങിനെ

[ഇടതുവശത്തുകൂടി സാവധാനം നടന്നു മൂത്തമകള്‍ പ്രവേശിക്കുന്നു. അവള്‍ ആരെയും നോക്കുന്നില്ല. അവളുടെ മുഖം തിരതല്ലുന്ന വിരുദ്ധ വികാരങ്ങള്‍ കൊണ്ട് വികൃതമാണ്. അവള്‍ സാവധാനം ബഞ്ചില്‍ ഇരിക്കുന്നു. അല്പസമയം ആരും ഉരിയാടുന്നില്ല. ഒടുവില്‍]

കാമുകന്‍: ഇതാ ഇങ്ങനെ ഒന്നും വിചാരിക്കരുത്. നമ്മുടെ ധര്‍മ്മം ചെയ്തു. ലോകാപവാദം ഭയക്കണ്ടേ?

ബാരി: നിങ്ങള്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥത്തില്‍ ലോകം എന്നൊന്നില്ല. പിന്നെ ഉളളത് ഒരു ഭൂരിപക്ഷം. അതിനൊന്നും മനസ്സിലാകയില്ല. അതിനു മനസ്സിലാകാത്ത സകലതും അബദ്ധമാണെന്ന് അതിന്റെ വിധി.

കാമുകന്‍: നിങ്ങള്‍ക്കു സകലരേയും ആക്ഷേപിക്കണം.

ബാരി: ഭൂരിപക്ഷം സകലരുമല്ലെന്നാണ് ഞാന്‍ ഇതുവരെ പറഞ്ഞതു്. വ്യവസായിയും, വക്കീലും, ഡോക്ടറും അതില്‍ കാണും. പല തൊഴിലിലുമുള്ള വിജയികള്‍ കാണും. അവര്‍ ചതിക്കയില്ല. ഇരുമ്പുപെട്ടികളുടെയും അഹങ്കാരത്തിന്റെയും പുറത്തിരുന്നുകൊണ്ട് അവര്‍ക്കു മനസ്സിലാകാത്തതിനെ അതായത് മഹത്വത്തിനെ അവര്‍ പുച്ഛിക്കുന്നു. ഇനിയൊരു ഭൂരിപക്ഷമുണ്ട് — അജ്ഞതയുടെ.

കാമുകന്‍: കേള്‍ക്കണ്ടാ.

ബാരി: ബുദ്ധിശൂന്യമായ അഹങ്കാരത്തന്റെ പ്രതിഷേധം! ഞാന്‍ അതു വകവയ്ക്കുന്നില്ല. കേള്‍ക്കൂ. ചിന്തിക്കാന്‍ വിസമ്മതിക്കുന്ന അഹങ്കാരത്തിലും, ചിന്തിക്കാന്‍ കഴിവില്ലാത്ത അജ്ഞതയിലും നിന്നു ജനിക്കുന്ന, വിവേകരഹിതമായ പ്രബലാഭിപ്രായത്തിനാണ് ഒരു ക്യാപിററലിസ്ററ് രാജ്യത്തില്‍ ഭൂരിപക്ഷം എന്നു പറയുന്നത്. ബുദ്ധിഹീനമായ ആ അഭിപ്രായശക്തി മഠയന്റെ കയ്യില്‍ ചെങ്കോലര്‍പ്പിക്കട്ടെ സഹോദരീ, നിങ്ങള്‍ ചെയ്യേണ്ടതു ചെയ്തു. എന്റെ അനുമോദനങ്ങള്‍ സ്വീകരിക്കൂക. ഒരു സ്ത്രീയെന്ന നിലയില്‍, നിങ്ങൾ നിങ്ങളെ സ്നേഹിച്ചവനെ കൊലയ്ക്കു കൊടുത്തു.

(തയ്യല്‍ ഇളയമകളുടെ ക‌യ്യില്‍ നിന്നും വീഴുന്നു.)

ബാരി: നിങ്ങള്‍ പ്രകൃതിപാഠം പഠിച്ചിട്ടില്ല. ചില ജന്തുവര്‍ഗ്ഗങ്ങളില്‍ പെണ്ണ് അതിന്റെ ഇണയെ തിന്നുകളയുന്നു. മനുഷ്യന്റെ സ്ത്രീ എത്ര ഭേദം!

മൂ: മകള്‍: ഞാന്‍ ​എന്റെ ധര്‍മ്മം ചെയ്തു.

കാമുകന്‍: അതിനാരും കുററം പറകയില്ല.

മൂ: മകള്‍: ഈശ്വരനറിയാം ഞാനെന്തനുഭവിക്കുന്നുണ്ടെന്ന്!

ബാരി: എന്തൊരു അവ്യക്തമായ പ്രസ്താവന!

മൂ: മകള്‍: എന്റെ ഹൃദയം പുകഞ്ഞു. ചൂളയില്‍ ഞാന്‍ ദഹിക്കയായിരുന്നു.

കാമുകന്‍: ഹാ കഷ്ടം!

മൂ: മകള്‍: എനിക്കൊരു തീരുമാനം ആവശ്യമായിരുന്നു.

ബാരി: അപ്പോള്‍ — ഔവ്വയുടെ ചെവിയില്‍ (ഇളയമകളെ ചൂണ്ടി) പാമ്പു മന്ത്രിച്ചു.

മൂ: മകള്‍: എന്റെ കടമായിരുന്നു. ഞാന്‍ ഒരു ജീവിത കാലത്തിലെ ദുരിതമനുഭവിക്കാന്‍ തയ്യാറായി. ഞാന്‍ എന്റെ കമിതാവിനെ കൊലയ്ക്കു കൊടുത്തു. എന്റെ അച്ഛനോടുള്ള കൃതജ്ഞതയുടെ ബലിപീഠത്തില്‍ — ബാരിസ്റ്റര്‍! (പെട്ടെന്നു കരയുന്നു.)

ബാരി: (ആത്മാര്‍ത്ഥമായി — വിഷമിച്ച്) കരയരുത് —

മൂ: മകള്‍: ബാരിസ്റ്റര്‍! എന്റെ കമിതാവിന്റെ കഴുത്തു ഞാന്‍ വെട്ടി.

ഞാനാരെയാണ് കുരുതി ചെയ്തത്. കമിതാവിനെയല്ല. എനിക്കത് ഓര്‍ക്കാന്‍ വയ്യാ — ബാരിസ്ററര്‍ —

ബാരി : കരയാതിരിക്കണം. ദയവുചെയ്ത്.

മൂ: മകള്‍ : ഈ രാത്രികളിലെല്ലാം ഞാന്‍ ഉറങ്ങിയെന്നാണോ നിങ്ങള്‍ വിചാരിക്കുന്നത്?

ബാരി : (നിരാശയോടെ) ഹാ! ഞാന്‍ തകര്‍ന്നു.

മൂ: മകള്‍ : എന്റെ രാത്രികളില്‍ പിശാചുക്കള്‍ നൃത്തം ചെയ്തു. എന്റെ സ്വപ്നങ്ങളില്‍ രക്തത്തിന്റെ നനവുണ്ടായിരുന്നു. ഞാന്‍ — (വീണ്ടും കരഞ്ഞു പോകുന്നു)

ഇ: മകള്‍ : (പെട്ടന്നു ചാടി എഴുന്നേററ് വിറയ്ക്കന്ന കൈകള്‍ ചൂണ്ടി, വികാരനിര്‍ഭരമായ ശബ്ദത്തില്‍) നിറുത്തു — ആ കരച്ചില്‍.

(എല്ലാവരും അമ്പരുന്നു നോക്കുന്നു. മൂത്തമകൾ കരച്ചില്‍ നിറുത്തുന്നു)

ഇ: മകള്‍ : ഞാന്‍ അതു സഹിക്കയില്ല. എനിക്കതു സഹിക്കാന്‍ വയ്യ… ഈ നരകം — ഞാന്‍ പണിഞ്ഞതാണ്. (നിശബ്ദത) ഞാന്‍ സ്നേഹിച്ചവന്‍ എന്നെ സ്നേഹിച്ചില്ല. പ്രതിക്രിയയ്ക്കു എന്റെ രക്തം ദാഹിച്ചു.

ബാരി : സ്ത്രീ!

ഇ: മകള്‍ : കടമ, ധര്‍മ്മം, എന്നു പറഞ്ഞു ഞാന്‍ ഈ പാവത്തിനെ പ്രേരിപ്പിച്ചു.

മൂ: മകള്‍ : ഇല്ലില്ല. നീ ഒന്നും പിഴിച്ചില്ല. എന്റെ ധര്‍മ്മം —

ഇ: മകള്‍ : നിങ്ങളുടെ കണ്ണുനീര്‍, ആ മനുഷ്യന്റെ രക്തം എന്റെ ഹൃദയത്തില്‍ നീറുന്ന തീ — ഞാന്‍ സൃഷ്ടിച്ച നരകം! എനിക്കിവിടെ ശ്വസിക്കാന്‍ വയ്യാ. ഞാന്‍ പോകുന്നു.

കാമുകന്‍ : അയ്യോ! എവിടെ?

മൂ: മകള്‍ : അനിയത്തീ! നിന്റെ വീട് —

ഇ: മകള്‍ : തകര്‍ന്ന സ്വപ്നങ്ങളുടെ ശവകുടീരം അതിനു ചുററും പിശാചുകളുണ്ട്. ഓരോ കല്ലിലും രക്തമുണ്ട്. പ്രേതങ്ങളുടെ ഞെരങ്ങലുണ്ട് വീടല്ല. ശ്മശാനം. ഞാന്‍ പോകയാണ്.

കാമുകന്‍ : എവിടെ?

ഇ: മകള്‍ : ചോദിക്കാന്‍ അവകാശം?… വെളിച്ചത്തിലേക്കു്… ഒരു സ്ത്രീയുടെ ജീവിതം മുളച്ചുവന്നപ്പോള്‍ — ശക്തിരഹിതനായ ഒരു പുരുഷന്റെ ദുഷിച്ച വേഴ്ച അതിനെ നശിപ്പിച്ചു. നിങ്ങള്‍ എന്നെ വെറുക്കാന്‍ പഠിപ്പിച്ചു. ഞാന്‍ ആദ്യം നിങ്ങളെ വെറുത്തു. പിന്നെ വിഷം വമിച്ചു. എന്റെ ചുററും ജീവിതങ്ങള്‍ വാടി വീണു തുടങ്ങി. ഇനിയും ഞാനിവിടെ നില്ക്കണോ? ഈ വിഷം എന്നെ നശിപ്പിക്കുന്നതിനുമുമ്പ് എനിക്കു രക്ഷപ്പെട്ടുകൂടെ?

മൂ: മകള്‍ : അനിയത്തീ! നിന്റെ വീട്ടില്‍ ആരും —

ഇ: മകള്‍ : വീട്! സമുദായ നീതിയുടെ കാരാഗൃഹങ്ങള്‍! ഞാന്‍ എന്റെ മോചനം ആവശ്യപ്പെടുന്നു. ആ നീതി, ഈ ദുഷ്ടനെ ചൂണ്ടിക്കാണിച്ച്, വീട്ടില്‍ പൊകാന്‍ പറയുന്നു. ഇനി ഞാന്‍ ആ നീതിക്ക് കപ്പം കൊടുക്കയില്ല.

ബാരി : വിപ്ലവം! നവയുഗത്തിലെ സ്ത്രീയുടെ കൊടിയടയാളം ചുവപ്പാണ്. പണ്ടത്തെ കുങ്കുമവും മയിലാഞ്ചിയും കൊണ്ട് ഇന്നവള്‍ കൊടിക്കൂറകള്‍ക്കു ചായമിടുന്നു. സ്ത്രീയുടെ വിപ്ലവം ജയിക്കട്ടെ!

ഇ: മകള്‍ : ജീവിക്കാന്‍. ഹൃദയത്തിന്റെ മോചനം നേടാന്‍. വരൂ. (ബാരിസ്റ്ററോടടുക്കുന്നു)

ബാരി : (പുറകോട്ടു നീങ്ങിക്കൊണ്ട്) ഞാനോ? ഞാന്‍ — ഞാനെന്തിന്?

ഇ: മകള്‍ : വരണം. നിങ്ങള്‍ക്കെന്നെ അറിഞ്ഞു കൂടെ?

ബാരി : സ്ത്രീ!

ഇ: മകള്‍ : വരണം. ഒരു പുതിയ ലോകം. ഒരു പുതിയ യുഗം. നിങ്ങള്‍ ഒരു ഭീരുവാണോ?

ബാരി : ഞാനൊരു പുരുഷനാണ്.

ഇ: മകള്‍ : സ്ത്രീയുടെ ഇണ…

ബാരി : ഞാന്‍ —

ഇ: മകള്‍ : നടക്കണം. സ്വാതന്ത്ര്യത്തിലേക്ക്.

(പേടിച്ചു നില്ക്കുന്ന ബാരിസ്റ്ററുടെ കൈക്കു പിടിച്ചു കൊണ്ടവള്‍ വലതു വാതിലില്‍ കൂടെ മറയുന്നു.)

മൂ: മകള്‍ : അനിയത്തീ —

(ഇടതുവാതിലില്‍ കൂടെ ശിപായിയും, സമത്വവാദിയും പ്രവേശിക്കുന്നു. വിലങ്ങുവയ്ക്കപ്പെട്ട കൈകള്‍, കൊലയ്ക്കു വിധിക്കപ്പെട്ടവന്റെ തൊപ്പി.)

സ: വാദി : (ഉഗ്രശബ്ദത്തില്‍) സ്നേഹത്തെ കൊലയ്ക്കു കൊടുത്തവളേ!

(മൂത്തമകളും കാമുകനും ഞെട്ടിയുണരുന്നു. കാമുകന്‍ അവളോടു കൂടുതല്‍ ചേര്‍ന്നു നില്ക്കുന്നു.)

സ: വാദി : നീ അയച്ച സ്ഥലത്തേക്കു ഞാന്‍ പോകുന്നു. (നിശബ്ദത). പക്ഷേ — എന്റെ ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകും. (പെട്ടെന്നു മറയുന്നു)

(മൂത്തമകളും കാമുകനും പ്രതിമപോലെ നില്ക്കുന്നു.)