close
Sayahna Sayahna
Search

സാമൂഹ്യവിരുദ്ധരോടുള്ള സമീപനം


സാമൂഹ്യവിരുദ്ധരോടുള്ള സമീപനം
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

മിനി: മദ്യപാനിയും വ്യഭിചാരിയും ചൂഷകനും എന്നു പരക്കെ അറിയപ്പെടുന്ന ഒരാള്‍ പ്രവര്‍ത്തനത്തിന് നമ്മുടെ കൂടെ വരാന്‍ തയ്യാറാകുന്നുവെന്നു വന്നാല്‍ നാം അയാളെയും കൂട്ടി വീടുകളിലേക്ക് ചെല്ലുന്നത് ശരിയാകുമോ? അയാള്‍ മറ്റു വല്ല ദുരുദ്ദേശവും ഉള്ളില്‍വച്ചുകൊണ്ടാണ് വരുന്നതെങ്കിലോ? നമ്മുടെ പ്രവര്‍ത്തനത്തെപ്പറ്റി വീട്ടുകാര്‍ക്ക് എന്തുതോന്നും? ഇത്തരം ഘട്ടങ്ങളില്‍ ആര്‍ദ്രത പുലര്‍ത്തുന്നതു ശരിയാകുമോ?

നവ: പ്രവര്‍ത്തകരുടെ വ്യക്തിത്വത്തെപ്പറ്റി ബഹുജനങ്ങള്‍ക്കുള്ള അഭിപ്രായം മുന്നോട്ടുള്ള നീക്കത്തില്‍ നിര്‍ണായകഘടകമായിരിക്കും.

കബീര്‍: ആ നിലയ്ക്ക് പ്രവര്‍ത്തകര്‍ക്ക് ഒരു മിനിമം പെരുമാറ്റചട്ടം വേണ്ടിവരും. അത്രയും അംഗീകരിക്കാത്തവരെ പ്രവര്‍ത്തനത്തില്‍ പങ്കെടുപ്പിക്കരുത്.

രാജു: അപ്പോള്‍ ഒരു സംഘടനാരൂപം വേണ്ടി വരുന്നു.

ഞാന്‍: അയാള്‍ കൂടെപ്പോരട്ടെ എന്നാണ് ഞാന്‍ പറയുന്നത്. ഞങ്ങള്‍ അമ്പലപ്പുഴയിലെ പരീക്ഷണത്തില്‍ ഇതുവരെ ആരേയും ഒഴിച്ചുനിറുത്തിയിട്ടില്ല. ആളുകളുടെ ഇടയില്‍ അഭിപ്രായവ്യത്യാസം വരും. നാം അതു തിരുത്തണം. അപകടത്തില്‍ നിന്നു മോചനം പ്രാപിച്ച കുറച്ചുപേര്‍ അപകടത്തില്‍പെട്ടുപോയവരെ കരകയറ്റുന്ന പ്രവര്‍ത്തനശൈലിയല്ല നാം സ്വീകരിക്കേണ്ടത്. നമ്മളെല്ലാം സങ്കുചിതബുദ്ധികളായി ചൂഷകരായി തീര്‍ന്നുപോയി എന്നു നാം അറിയുന്നു. ഒന്നിച്ചൊരു മോചനത്തിനു ശ്രമിച്ചുനോക്കാം എന്ന കാഴ്ചപ്പാടായിരിക്കും ഉത്തമം. ഇത്തരം പ്രവര്‍ത്തനരംഗങ്ങളില്‍ സ്വാഭാവികമായും ചില ഗുണങ്ങള്‍ ഉള്ളവരാണ് മുന്നില്‍ വരിക. കൂട്ടത്തില്‍ ആര്‍ക്കും വരാന്‍ അവസരം നല്‍കണം. ഒരു സജ്ജനവേദിയാക്കാന്‍ ശ്രമിക്കരുത്. മാനുഷികവേദി ആയിരിക്കണം. ഞാനിതു പറയാന്‍ മറ്റൊരു കാരണമുണ്ട്. മാറ്റം എന്നതുകൊണ്ട് നാം സ്വാര്‍ത്ഥമതികളുടേയും കള്ളന്മാരുടെയും ഒക്കെ മാറ്റം കൂടി ഉദ്ദേശിക്കുന്നുണ്ടല്ലോ. അവരൊക്കെ ഇവിടെ ഇങ്ങനെ തന്നെ കിടക്കെ നല്ല കുറച്ചുപേര്‍ക്കു മാത്രമായി ഒരു സ്വര്‍ഗരാജ്യം ഇവിടെ പണിയാന്‍ പറ്റുമോ? അവരില്‍ മാറ്റം വരണമെങ്കില്‍ അവരെ അകറ്റിനിറുത്തിയാല്‍ പറ്റില്ല. അകന്നുപോയാല്‍ പിന്നീടൊരിക്കലും അകറ്റി നിറുത്തിയവരുടെ വാക്കുകള്‍ അവര്‍ ശ്രദ്ധിക്കുകയില്ല. സദാ എതിര്‍പ്രവര്‍ത്തനം ചെയ്തുകൊണ്ടേ ഇരിക്കും. അവരും കൂടി സമൂല പരിവര്‍ത്തനത്തിനുള്ള ശ്രമത്തില്‍ ആദ്യം മുതലേ ഏര്‍പ്പെട്ടു വരണം. എന്റെ നോട്ടത്തില്‍ അവര്‍ ഒന്നിച്ചുവരുമോ എന്നതാണ് പ്രശ്‌നം. വന്നാല്‍ ആത്മാര്‍ത്ഥമായി സ്വാഗതംചെയ്യണം എന്നതില്‍ എനിക്ക് സംശയമേ ഇല്ല.

കേശു: മറ്റൊരുവശംകൂടി ഞാന്‍ പറയാം. സാമൂഹ്യവിരുദ്ധര്‍ എന്നു പറഞ്ഞു മാറ്റി നിറുത്തപ്പെടുന്നവര്‍ അങ്ങനെ ആയതില്‍ സമൂഹത്തിനാകെ പങ്കില്ലേ. കള്ളന്റേയും മദ്യപന്റേയും കുടുംബസ്ഥിതി ആരെങ്കിലും അന്വേഷിക്കാറുണ്ടോ? എന്തുകൊണ്ട് അവര്‍ അങ്ങനെ ആയി എന്നന്വേഷിക്കുമ്പോള്‍ ഒരു സത്യം കണ്ടെത്തും. കുറെപ്പേര്‍ ഇങ്ങനെ ആയതുകൊണ്ടാണ് കുറെപ്പേര്‍ അങ്ങനെ ആയത്. പരസ്പരം ശ്രദ്ധിച്ചില്ല. അന്വേഷിച്ചില്ല. സഹകരിച്ചില്ല. ഇതൊക്കെത്തന്നെ മുഖ്യകാരണം. ജന്മസിദ്ധമായിത്തന്നെ ക്രൂരതയുള്ളവരുടെപോലും മാനസികനില സാമൂഹ്യ സാഹചര്യം ഗുണാത്മകമായാല്‍ മാറി വരും.

പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്നവര്‍ സ്വയം ഒരാത്മപരിശോധന നടത്തിയാല്‍ ഇത്ര മഹത്തായ ഒരു പ്രവര്‍ത്തനത്തിനിറങ്ങാന്‍ അവരും അര്‍ഹരല്ലെന്നു ബോദ്ധ്യമാകും. ചില ആളുകള്‍ ഈ സ്വയം ബോദ്ധ്യം കൊണ്ട് അമ്പലപ്പുഴയിലെ പരീക്ഷണത്തില്‍ സഹകരിക്കാന്‍ മടിക്കുന്നു എന്നു ഞാന്‍ കേട്ടു. എന്നാല്‍ ഈ പരീക്ഷണം സാധാരണക്കാരുടേതാണ്. നമ്മുടെ കുറവുകളും നമ്മോടൊന്നിച്ചുണ്ടായെന്നു വരും. അന്യോന്യം കുറ്റപ്പെടുത്താതെ കുറവുകളോടു കൂടി പരസ്പരം അംഗീകരിച്ചാലേ ഈ പ്രവര്‍ത്തനം മുന്നോട്ടു നീങ്ങൂ എന്നാണെനിക്കു തോന്നിയിട്ടുള്ളത്. പ്രവര്‍ത്തകരില്‍ മാത്രമായി മാറ്റം പ്രതീക്ഷിക്കുന്നത് ശരിയാവുകയില്ല.

നവ: ഞാന്‍ യോജിക്കുന്നു. നാം കുറ്റമറ്റ ഒരു സമൂഹം പ്രതീക്ഷിക്കുന്നവരല്ലല്ലോ. നാം ഭാവനചെയ്യുന്ന പുതിയ ലോകത്തിന്റെ മുഖ്യഗുണം ബന്ധുത്വമാണ്. ഇപ്പോഴേ നാം അത് വേണ്ടെന്നുവച്ചാല്‍ പിന്നീട് അതെങ്ങനെ ഉണ്ടാവും. നാം ഉദ്ദേശിക്കുന്നരീതിയില്‍ അപരന്‍ വളര്‍ന്നതിനുശേഷം അയാളെ ബന്ധുവാക്കാമെന്നാണോ നാം വിചാരിക്കേണ്ടത്. പ്രവര്‍ത്തനത്തിന് വരുന്നവരെ സ്വാഗതം ചെയ്താല്‍ മാത്രം പോരാ മദ്യശാലയില്‍ ചെന്ന് ഒന്നിച്ചുവരുവാന്‍ മദ്യപന്മാരെ ക്ഷണിക്കുകയും വേണം എന്നെനിക്കിപ്പോള്‍ തോന്നുന്നു.

മിനി: ചിലരെ കൂട്ടത്തില്‍ കൊണ്ടുപോകണമെങ്കില്‍ ചിലപ്പോള്‍ ചുമട്ടുകാര്‍കൂടി വേണ്ടി വരും. (എല്ലാവരും പൊട്ടിച്ചിരിച്ചു.)

ഞാന്‍: എന്റെ അനുഭവം പറയട്ടെ. അറിയപ്പെടുന്ന ഒരു ലഹരിക്കാരന്‍ ഭവനസന്ദര്‍ശനത്തിന് ഞാനുംകൂടി വരട്ടെ എന്ന് ഒരിക്കല്‍ എന്നോടു ചോദിച്ചു. നാളെ രാവിലെ മുതല്‍ വരിക എന്നു ഞാന്‍ പറഞ്ഞു. ഒരു മാസം ഞങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചു. അദ്ദേഹം ഒരു ദിവസം പോലും മദ്യപിച്ചുകൊണ്ട് ഒന്നിച്ചു വന്നില്ല. അങ്ങനെ വന്നാല്‍ “നാളെ വരൂ” എന്നു പറഞ്ഞ് പിന്‍തിരിപ്പിക്കുക തന്നെ വേണം. ചിലരോട് ഞാന്‍ അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ട്. യോഗസ്ഥലത്ത് ഒരാള്‍ സഭ്യമല്ലാതെ പെരുമാറിയാല്‍ യോഗം നടക്കില്ല. ഗത്യന്തരമില്ലാതെ വന്നാല്‍ പറഞ്ഞുവിടുകതന്നെ വേണം.

നവ: ഇതൊന്നും എഴുതിവച്ച് ചെയ്യേണ്ട കാര്യങ്ങളല്ല. അപ്പഴപ്പോഴത്തെ സാഹചര്യമനുസരിച്ച് വേണ്ടതുചെയ്താല്‍ മതി. പ്രവര്‍ത്തന രംഗത്തേക്കു വരുന്നവരെ നോക്കി ആളുകള്‍ പ്രവര്‍ത്തനത്തെ വിലയിരുത്തും. അതു തടയാനാവില്ല.