close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 03 11


സാഹിത്യവാരഫലം
Mkn-06.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 03 11
ലക്കം 443
മുൻലക്കം 1984 03 04
പിൻലക്കം 1984 03 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

അമ്പതു കൊല്ലം മുന്‍പുള്ള കാര്യം പറയുകയാണു്. അന്നു തിരുവിതാംകൂറില്‍ പ്രചുരപ്രചാരമാര്‍ന്ന ഹാസ്യമാസികയായിരുന്നു “രസികന്‍.” ആറ്റിങ്ങല്‍ നിന്നു പ്രസിദ്ധപ്പെടുത്തിയിരുന്ന അതിന്റെ പത്രാധിപര്‍ പച്ചക്കുളം വാസുപിള്ളയെ എനിക്കു നേരിട്ടറിയാമായിരുന്നു. ഇ.വി. കൃഷ്ണപിള്ള ആ മാസികയില്‍ പതിവായി എഴുതി വായനക്കാരെ ആഹ്ളാദിപ്പിച്ചു. അദ്ദേഹം മറ്റൊരു പേരിലാണു് എഴുതിയതു്. ഫലിതം ചിലപ്പോള്‍ അതിരു കടക്കുമ്പോള്‍ പരിഹസിക്കപ്പെടുന്ന വ്യക്തി കോപിക്കും. ഇ.വി.യെ തൊടാനാക്കുകയില്ല, അതുകൊണ്ടു് വ്യക്തിയോ അയാളുടെ ആളുകളോ പത്രാധിപരെ കൈവയ്ക്കും. കൈവച്ചാലുടനെ അതും വായനക്കാരെ അറിയിക്കുമായിരുന്നു വാസുപിള്ള. അന്നു പ്രഖ്യാതനായിരുന്ന ഒരു ഡോക്ടറെക്കുറിച്ചു രസികനില്‍ ഒരു കുറിപ്പു വന്നു… “തമ്പിയുടെ ഇടതു കാല്‍ വലതു കാലിനെക്കാള്‍ ചെറുതാണു്.” വാസുപിള്ള മര്‍ദ്ദിക്കപ്പെട്ടുവെന്നു് അടുത്ത മാസികയില്‍ നിന്നു വായനക്കാര്‍ അറിഞ്ഞു. “ഡോക്ടര്‍… തമ്പിയുടെ ഇടതുകാല്‍ അദ്ദേഹത്തിന്റെ വലതുകാലിനെക്കാള്‍ നീളം കുറഞ്ഞതാണെന്നു്’ ഞങ്ങള്‍ എഴുതി എന്നതിന്റെ പേരില്‍ രസികന്‍ പത്രാധിപരുടെ മാംസപിണ്ഡത്തില്‍ ആ ഡോക്ടറുടെ ആളുകള്‍ തൊട്ടുകളിച്ചിരിക്കുന്നു. ഞങ്ങള്‍ അങ്ങനെ എഴുതിയതേയില്ല. പിന്നെ എഴുതിയതു് ഇങ്ങനെയാണു്: “‍‍ഡോക്ടര്‍…തമ്പിയുടെ വലതു കാല്‍ അദ്ദേഹത്തിന്റെ ഇടതു കാലിനെക്കാള്‍ നീളം കൂടിയതാണു്.” മാംസപിണ്ഡത്തില്‍ തൊട്ടുകളിച്ചിട്ടും പത്രാധിപരുടെ പ്രതികരണം ഈ രീതിയിലായിരുന്നു.

പണ്ടത്തെ ഒന്‍പതാം ക്ലാസ്സ് വാദ്ധ്യാര്‍ കുപ്രസിദ്ധനായിരുന്നു. ഇപ്പോഴത്തെ ഇംഗ്ലീഷ് സ്കൂളിലെ ഒന്‍പതാം ക്ലാസ്സല്ല. മലയാളം മാത്രം പഠിപ്പിക്കുന്ന ഒന്‍പതാം ക്ലാസ്സ്. ആ പരീക്ഷ ജയിച്ചാല്‍ ഹൈസ്ക്കൂളില്‍ മുന്‍ഷിയാകാം. അക്കൂട്ടര്‍ സംസ്കൃത പദബഹുലമായ രീതിയിലേ സാമാന്യമായ സംഭാഷണവും നടത്തൂ. ഈ. വി.കൃഷ്ണപിള്ള അങ്ങനെയൊരു ഒന്‍പതാംക്ലാസ്സ് മുന്‍ഷിയെ ‘രസികനി’ലൂടെ കളിയാക്കിയിരുന്നു. ആ രചനയിലെ ഓരോ വാക്യവും എനിക്കു ഹൃദിസ്ഥമാണു്. പാഠപുസ്തകം കൊണ്ടുവരാത്തതിനു് ഒരു പയ്യനെ ഒന്‍പതാംക്ലാസ്സുകാരനായ ഹെഡ്മാസ്റ്റര്‍ സ്കൂളിനു പുറത്താക്കി. കുട്ടി കരഞ്ഞുകൊണ്ടു് അച്ഛന്റെ അടുക്കലെത്തിയപ്പോള്‍ ഹെഡ്മാസ്റ്ററെ കണ്ടുകളയാമെന്നു് അയാള്‍ വിചാരിച്ചു. എന്താണു് കാര്യമെന്നു തിരക്കിയ തന്തയോടു ഹെഡ്മാസ്റ്ററെന്ന ഒന്‍പതാംക്ലാസ്സുകാരന്‍ പറഞ്ഞു: “ഈ വിദ്യാലയവാടിയില്‍ നട്ടുവളര്‍ത്തപ്പെടുന്ന വിദ്യാഭ്യാസ വൃക്ഷത്തില്‍ നിങ്ങളുടെ സന്താനലതിക ക്രമപ്രവൃദ്ധമായി ആരോഹണം ചെയ്യണമെങ്കില്‍ നിര്‍ദ്ദിഷ്ടങ്ങളായ ഗ്രന്ഥകര ചരണാദ്യവയവങ്ങള്‍ കരസ്ഥമാക്കിയിരിക്കണമെന്ന പ്രാഥമികതത്ത്വം ഈ പ്രാഥമികാദ്ധ്യാപകമുഖം നിങ്ങളെ ഗ്രഹിപ്പിച്ചു കൊള്ളട്ടെ.” ഹെഡ്മാസ്റ്ററുടെ ഈ വാക്യം കേട്ടയുടനെ കുട്ടിയുടെ അച്ഛന്‍ പറഞ്ഞു: “അവന്‍ അങ്ങനെ മരത്തിലൊന്നും കേറാറില്ല. പിന്നെ തള്ള പറഞ്ഞിട്ടു് വല്ല തെങ്ങിലോ മറ്റോ കേറി തേങ്ങയിട്ടു കൊടുത്തുവെന്നുവരും.” ഈ നേരമ്പോക്കു് ഇ.വി. കൃഷ്ണപിള്ളയുടേതാണു്. ഇതു വായിക്കുമ്പോള്‍ നമ്മള്‍ക്കു ശൈഥില്യമോ അയവോ ഉണ്ടാകുന്നു. കൊടുമ്പിരിക്കൊണ്ട വികാരത്താല്‍ നമ്മള്‍ വിഷമിച്ചിരിക്കുമ്പോള്‍ ‘റിലാക്സേഷന്‍’ — അയവു് — ഉണ്ടാകണമെങ്കില്‍ നല്ല ഫലിതലേഖനം വായിച്ചാല്‍ മതി. ഇ.വി.യുടെ ഹാസ്യകഥകളോ ഹാസ്യ ലേഖനങ്ങളോ വായിക്കൂ. പിരിമുറുക്കം — ടെന്‍ഷന്‍ — ഇല്ലാതാവും. ഒരിക്കലും അദ്ദേഹം നമ്മെ നിരാശപ്പെടുത്തുകയില്ല. ഒട്ടും നേരമ്പോക്കില്ലാതെ കാവ്യങ്ങള്‍ രചിച്ച അമേരിക്കന്‍ മഹാകവി റോബര്‍ട്ട് ഫ്രോസ്റ്റ് സ്വകാര്യ സംഭാഷണങ്ങളില്‍ നല്ല നേരമ്പോക്കുകള്‍ പറയുമായിരുന്നു. “A Brain is an organ that starts working the moment you get up in the morning and does not stop until you get into the office” — നിങ്ങള്‍ കാലത്തു് ഉണര്‍ന്നെഴുന്നേറ്റനിമിഷം തൊട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നതും ഓഫീസിലെത്തുന്നതുവരെ നില്ക്കാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതുമായ ഒരവയവമാണു് തലച്ചോറു്. ഹാവ്ലക്ക് എല്ലിസ് വെറും ലൈംഗിക ശാസ്ത്രജ്ഞന്‍ ആയിരുന്നു എന്നല്ലേ പലരുടെയും വിചാരം. ശരിയല്ല അതു്. അദ്ദേഹം നല്ല സാഹിത്യനിരൂപകനും ഹാസ്യപ്രയോഗ വിദഗ്ദ്ധനുമായിരുന്നു. ഒരുദാഹരണം: The sun, the moon, and the stars would have disappeared long ago, had they happened to be within reach of predatory human hands — ഏതും അപഹരിക്കുന്ന മനുഷ്യന്റെ കൈകള്‍ക്കു എത്താവുന്ന ദൂരത്തിലാണു് സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും നിന്നിരുന്നതെങ്കില്‍ അവ എന്നേ അപ്രത്യക്ഷങ്ങളായേനേ.

ഉത്കൃഷ്ടമായ ഈ ഹാസ്യത്തെ വളരെക്കാലമായി അപകൃഷ്ടമാക്കുകയാണു് വാരികകളില്‍ ഹാസ്യകഥകളെഴുതുന്ന സമൂഹവിരുദ്ധന്മാര്‍. മലയാളമനോരമ ആഴ്ചപ്പതിപ്പില്‍ കുര്യനാടു് ചന്ദ്രന്‍ എഴുതിയ “മറ്റൊരു സീത” എന്ന ഹാസ്യകഥ വായിച്ചാല്‍ ഇവിടെ പറഞ്ഞതിന്റെ സത്യം വ്യക്തമാകും. സീത എന്നൊരു പെണ്ണ് തീപ്പെട്ടിക്കമ്പനിയില്‍ പോയിട്ടു് തിരിച്ചു വീട്ടിലെത്തിയില്ല. മൂന്നുദിവസം കഴിഞ്ഞു. തള്ളയ്ക്കു വെപ്രാളം. തന്തയ്ക്കു് ഒരു കൂസലുമില്ല. അയാള്‍ വര്‍ത്തമാനപ്പത്രം വായിച്ചുകൊണ്ടിരിക്കുന്നു. അതിലൊരിടത്തു് പെണ്ണിനെയും കാമുകനെയും പൊലീസ് പിടികൂടിയതായി വാര്‍ത്ത. കഥ തീര്‍ന്നു. ഇതില്‍ എന്തു ഹാസ്യമിരിക്കുന്നുൽ എന്നതു വ്യര്‍ത്ഥമായ ചോദ്യമാണു്. നേരമ്പോക്കുവായനക്കാരെ പിരിമുറുക്കത്തില്‍ നിന്നു രക്ഷിച്ചു് അയവു നല്കുന്നുവെങ്കില്‍ ഈ ഹാസ്യാഭാസം അയാള്‍ക്കു കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നതേയുള്ളു. ഇതു് സമൂഹവിരുദ്ധമായ പ്രവര്‍ത്തനമാണു്. എല്ലാ സമൂഹവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും ശിക്ഷ നല്കാന്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വ്യവസ്ഥയില്ല.

* * *
‍ഡോക്ടര്‍
(രോഗിയോടു്) ഒന്നും പേടിക്കാനില്ല. നിങ്ങള്‍ അറുപതു വയസ്സുവരെ ജീവിച്ചിരിക്കും.
രോഗി
പക്ഷേ, എനിക്കറുപതു വയസ്സായല്ലോ.
ഡോക്ടര്‍
അതുതന്നെ പറഞ്ഞതു്.

പാവം എറുമ്പു്!

രാമകൃഷ്ണനും ജോസഫും ഒരേ നാട്ടുകാര്‍. രണ്ടുപേരും സര്‍ക്കാരുദ്യോഗസ്ഥന്മാര്‍. ഒരേ ഉദ്യോഗം തന്നെ അവര്‍ക്കു രണ്ടുപേര്‍ക്കും. ഇബ്രാഹിമിനും അതേ ജോലിച അതേ നാട്ടുകാരന്‍. മൂന്നുപേരും അന്യോന്യം വെറുക്കുന്നു. ഒരുത്തന്‍ മറ്റൊരുത്തനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു. കാരണം ജന്മദേശത്തുള്ള ഒരേയൊരു ജോലിയൊഴിവില്‍ മൂന്നുപേര്‍ക്കും മാറ്റം വാങ്ങിവരണമെന്നതാണു്. രാമകൃഷ്ണന്‍ ജോസഫിനെ മത്സരത്തില്‍ തോല്പിച്ചാല്‍ ഒരു പ്രതിയോഗി ഒഴിഞ്ഞു എന്നതുകൊണ്ടു് ഇബ്രാഹിമിന്റെ ശക്തികൂടും. ഇബ്രാഹിം രാമകൃഷ്ണനെ തോല്പിച്ചാലും ജോസഫ് രാമകൃഷ്ണനെതോല്പിച്ചാലും മറ്റേ വ്യക്തിയുടെ ശക്തികൂടുകയേയുള്ളു. അതുകൊണ്ടു് ഒരുവ്യക്തി മറ്റുള്ള എല്ലാ വ്യക്തികളെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു. ഇതു സര്‍ക്കാരാഫീസുകളില്‍ പതിവായിനടക്കുന്ന സംഭവമാണു്. ഈ നശിപ്പിക്കല്‍ പരിപാടി ജോലിക്കാരുടെ മണ്ഡലത്തില്‍ മാത്രമല്ല ഉള്ളതു്. രാഷ്ട്ര വ്യവഹാരത്തില്‍ ഇതല്ലാതെ വേറൊന്നുമില്ല. സന്ന്യാസിമാരുടെ ആശ്രമങ്ങളില്‍പ്പോലും ഇത്തരം ‘വയലന്‍സ്’ — അക്രമം — സര്‍വ്വസാധാരണമാണു്. ടോള്‍ സ്റ്റോയിയുടെ ‘ഫാദര്‍ സെര്‍ജിയസ്’ — എന്ന ഉത്കൃഷ്ടതമമായ ചെറുനോവലില്‍ സര്‍വ്വീസ് കൂടിയ സന്ന്യാസിമാര്‍ സേവനകാലം കുറഞ്ഞ സന്ന്യാസിമാരെ എങ്ങനെ പീഡിപ്പിക്കുന്നുവെന്നു് സ്പഷ്ടമാക്കിയിട്ടുണ്ട്. ചുരുക്കിപ്പറയാം. അക്രമണ വാഞ്ഛയില്ലാത്ത മനുഷ്യനില്ല. എന്നാല്‍ അതു് അതിരുകടക്കുമ്പോള്‍ സമുദായം ശിക്ഷയുമായി മുന്നോട്ടുവരും. സമുദായത്തെക്കാള്‍ ശക്തി വ്യക്തിക്കുണ്ടെങ്കില്‍ അയാള്‍ രക്ഷപ്പെടും ഇല്ലെങ്കില്‍ കാരാഹൃഹത്തിലാവും. സാഹിത്യ സംസ്കാരത്തിന്റെ ചക്രവാളത്തെ വികസിപ്പിക്കുന്ന സാഹിത്യകാരന്മാരുടെ കാര്യമെങ്ങനെ? അവരില്‍ ചിലരൊക്കെ ‘വയലന്റ്’ ആണെന്നു നമ്മള്‍ ഗ്രഹിച്ചിട്ടുണ്ടു്. നോര്‍മന്‍മേലര്‍ എന്നു പ്രഖ്യാതനായ അമേരിക്കന്‍ സാഹിത്യകാരന്‍ അയാളുടെ ഭാര്യയുടെ നെഞ്ചില്‍ കത്തി കുത്തിയിറക്കി. സമുദായത്തെക്കാള്‍ ശക്തനായ മേലര്‍ രക്ഷപ്പെട്ടു. നവീന സാഹിത്യകാരനും ബീറ്റ് തലമുറയ്ക്കു ആരാധ്യ പുരുഷനുമായ വില്യം ബറോസ് എന്ന സാഹിത്യകാരന്‍ ഭാര്യയെ കൊന്നു. (William Burroughs killed his wife while trying, apparently, to shoot a gin glass off her head, and then promptly fell in love with a younger man — The Hearts of Man by Barbara Ehrenreich — Pluto Press. Page 54) മേലറും ബറോസും യുവജനങ്ങളുടെ ഹീറോമാരാണു്. ദുഷിച്ച അമേരിക്കന്‍ സംസ്കാരമെന്നേ പറയാനുള്ളു. സാഹിത്യകാരന്മാരെന്നു പറഞ്ഞു നടക്കുന്ന ഇത്തരം ദുഷ്ടന്മാരെ സമുദായം അകറ്റി നിര്‍ത്തേണ്ടതാണു്. അവരുടെ കൃതികള്‍ ആരും വായിക്കാന്‍ പാടില്ലാത്തതാണു്. അതൊരാഗ്രഹംമാത്രം. ഇന്നേറെ വായിക്കപ്പെടുന്നതു മേലറുടെയും ബറോസിന്റെയും നോവലുകളാണു്.

അക്രമത്തിനുള്ള വാഞ്ഛ പുരുഷന്മാര്‍ക്കു മാത്രമേയുള്ളോ? സ്ത്രീകള്‍ക്കില്ലേ? തീര്‍ച്ചയായുമുണ്ടു്. പക്ഷേ, പുരുഷനു് അതുള്ളിടത്തോളം സ്ത്രീക്കില്ല എന്നാണു് അല്പജ്ഞനായ എന്റെ വിചാരം. ഭാര്യമാരെ കൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ സാഹിത്യ കാരന്മാരില്‍പ്പോലും ധാരാളം. ഭര്‍ത്താക്കന്മാരെ കൊല്ലുന്ന ഭാര്യമാര്‍ വിരളമാണു്. തലച്ചോറിന്റെ അനിയത സ്വഭാവം കൊണ്ടും ദാരിദ്ര്യംകൊണ്ടും പുരുഷന്മാര്‍ വയലന്‍റാകുന്നു. ആല്‍ക്കൊഹോളിസം മറ്റൊരു ഹേതുവാണു്. മൃഗങ്ങളെ സംബന്ധിച്ച ചില അനുമാനങ്ങളെ അവലംബിച്ചുകൊണ്ടു് മനുഷ്യന്റെ അക്രമത്തെ വിശദീകരിക്കുന്ന കോണ്‍റാറ്റ് ലോറന്റ്സിന്റെ സമ്പ്രദായം നിസ്സാരനായ എനിക്കു സ്വീകരണീയമല്ല. അതിരിക്കട്ടെ. സ്ത്രീയുടെ വയലന്‍സിനു് തീവ്രത കുറയും എന്നാണു് നമ്മള്‍ പറഞ്ഞുവന്നതു്. അതുതന്നെ ഉണ്ണിജോസഫും പറയുന്നു. അക്രമാസക്തനായ ഭര്‍ത്താവിനെയും അയാളുടെ ദയാശീലയായ ഭാര്യയെയും ചിത്രീകരിച്ചാണു് കഥാകാരന്‍ ഇതനുഷ്ഠിക്കുന്നതു്. കഥയെന്ന നിലയില്‍ ഇതൊരു സാഹസിക്യം മാത്രം. കുഴിയാന — കുഴിയില്‍ വീണുപോയ കൊച്ചെറുമ്പു് കരയിലേക്കു കയറാന്‍ ചെയ്യുന്ന നിഷ്ഫല യത്നംപോലെയാണു് ഉണ്ണി ജോസഫിന്റെ യത്നം. പാവം എറുമ്പു്! അതിനെ കുഴിയാന തിന്നും. പാവം ഉണ്ണിജോസഫ്!

* * *

വര്‍ത്തമാനകാലത്തിലെ നിസ്സാരമായ ഒരു ‘സെന്‍സേഷന്‍’ മരിച്ച ഭൂതകാലത്തെ മുഴുവന്‍ പ്രത്യാനയിക്കുന്ന രീതി പ്രൂസ്തിന്റെ നോവലില്‍ പല സ്ഥലങ്ങളിലും കാണാം. ഒരു കഷണം കേക്കെടുത്തു ചൂടു ചായയിലോ മറ്റോ കുതിര്‍ത്തു കഴിച്ചപ്പോള്‍ സ്മരണകളുടെ പ്രവാഹം തന്നെ കഥാനായകനായ മര്‍സലിനു് ഉണ്ടായിയെന്നു് നോവലിന്റെ ആദ്യഭാഗത്തുണ്ടു്. (നോവല്‍ വായിച്ചിട്ടു് കാലം വളരെയായി. ഓര്‍മ്മയില്‍ നിന്നു കുറിക്കുന്നതാണിതു്). എന്റെ വീട്ടിന്റെ മുറ്റത്തു് ഒരു മണ്‍കൂന. അടുത്ത വീട്ടിലെ കോഴികള്‍ വന്നു് അതു് വളരെ നേരമായി ചിക്കിച്ചികയുന്നു. ഒരു പുഴുവിനെപ്പോലും ഒരു കോഴിക്കും കിട്ടുന്നില്ല. ഇതു കാണുമ്പോള്‍ ഞാന്‍ ഓര്‍മ്മിക്കുന്നതു് വര്‍ഷങ്ങള്‍ക്കു മുന്‍പു് മന്നത്തു പത്മനാഭന്‍ അദ്ധ്യക്ഷനായുള്ള ഒരു സമ്മേളനത്തിനു പോയ സംഭവമാണു്. മീറ്റിങ് തുടങ്ങുന്നതിനു മുന്‍പു് സ്കൂള്‍ ഹെഡ്മാസ്റ്ററുടെ മുറിയില്‍ ഇരിക്കുകയായിരുന്നു മന്നത്തു പത്മനാഭനും സി.എന്‍. ശ്രീകണ്ഠന്‍ നായരും ഞാനും. ഞങ്ങളെ മീറ്റിങ്ങിനു കൊണ്ടുപോയതു് അയ്യപ്പപ്പണിക്കര്‍. എന്നെയും ശ്രീകണ്ഠന്‍ നായരെയും ചൂണ്ടിക്കാണിച്ചുകൊണ്ടു് ആരോ മന്നത്തിനോടു ചോദിച്ചു: “ഇവര്‍ ആരാണു്?” അദ്ദേഹം മറുപടി പറഞ്ഞു: “ആങ്ഹാ, എനിക്കറിഞ്ഞുകൂടാ. പ്രസംഗിക്കാന്‍ വന്നവരായിരിക്കും. ഞാന്‍ ഇവരുടെയാരുടെയും പ്രസംഗം കേള്‍ക്കാറില്ല. പക്ഷേ, ഞാനിരിക്കുന്നിടത്തു് ഇവര്‍ കയറിവന്നു പ്രസംഗിച്ചുകളയും.” ഉടനെ തിരിച്ചുപോയാലെന്തു് എന്നു ഞാന്‍ വിചാരിച്ചു. പക്ഷേ, കാവാലത്തു നിന്നു് ആലപ്പുഴെ എത്താന്‍ ബോട്ട് വേണം. അതിനു് അയ്യപ്പപ്പണിക്കരുടെ സാഹായ്യം വേണം. ഞാന്‍ അപമാനം സഹിച്ചു മിണ്ടാതിരുന്നു. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ മന്നം പറഞ്ഞതു കേട്ടില്ലെന്നു ഭാവിച്ചു് കപ്പടാമീശ പിരിച്ചു നിശ്ശബ്ദനായി ഇരുന്നു. ഞങ്ങളെപ്പോലെതന്നെയാണു് ഈ കോഴികളും. എന്റെ വീട്ടില്‍ വലിഞ്ഞുകയറി വന്നു മണ്‍കൂന ചിക്കുന്നു. ഒന്നും അവയ്ക്കു കിട്ടുന്നുമില്ല; വാരികകളിലെ കഥയെഴുത്തുകാര്‍ ജീവിതത്തെ ചിക്കിച്ചികയുന്നതുപോലെതന്നെ. പിന്നെ ഒരു കാര്യം. കോഴികളെ ഞാന്‍ കല്ലെടുത്തു് എറിയുന്നില്ല. അവയെന്തു തെറ്റുചെയ്തു?

നോണ്‍സെന്‍സും മയക്കുമരുന്നും

ചെറുകഥയെന്ന പേരില്‍ ശുദ്ധമായ ‘നോണ്‍സെന്‍സ്’ ആളുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ടു് കാലം വളരെയായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ “ചെങ്കല്ലു ചുമക്കുന്ന ശിഷ്യന്‍” എന്ന കഥയെഴുതിയ വി.പി. മുഹമ്മദും തന്നാലാവും വിധം ആ അസംബന്ധക്കൂമ്പാരത്തിന്റെ വൈപുല്യം വര്‍ദ്ധിപ്പിക്കുന്നു. ദുരാഗ്രഹിയായ സ്കൂള്‍മാനേജര്‍ ശിഷ്യനെക്കൊണ്ടു കല്ലു ചുമപ്പിച്ചിട്ടു് കൂലികൊടുക്കാതെ “ബഷീറിനു കൂലിവേണ്ട ഞാന്‍ പഠിപ്പിച്ച കുട്ട്യല്ലേ” എന്നു പറയുന്നു. അവനാകട്ടെ “എന്നാങ്ങള് എന്നെക്കൊണ്ടു കോവാലന്‍ എന്നൊന്നു എയ്തിച്ചേ.” എന്നു മറുപടിയായി ഒരു ആജ്ഞ നല്കുന്നു. ഈ ബാലിശത്വത്തിനാണു് മുഹമ്മദ് ‘മാതൃഭൂമി’യുടെ രണ്ടുപുറം മെനക്കെടുത്തുന്നതു്. നല്ല കഥ കണ്ടുപിടിക്കാന്‍ പ്രതിഭവേണം. അതു് ആകര്‍ഷകമായി പ്രതിപാദിക്കാന്‍ പ്രതിഭവേണം. അതില്ലാത്തവര്‍ കടലായെ പ്രകാശത്തില്‍ നിന്നു തള്ളി ആശയത്തിന്റെ അന്ധകാരത്തിലാക്കുന്ന വെറുമൊരു എസ്സേ — essay — മാത്രമാണിതു്. എല്ലാവര്‍ക്കും അറിയാവുന്ന ആശയത്തെ കലയുടെ കഞ്ചുകമണിയിക്കാതെ ഇങ്ങനെ നഗ്നമായി പ്രദര്‍ശിപ്പിക്കുന്നതുകൊണ്ടു് എന്തു പ്രയോജനം?

* * *

“സാദ്ധ്യതയുടെ മണ്ഡലത്തില്‍ നിന്നു് അനങ്ങാത്ത കല”യെ സാമുവല്‍ ബക്കറ്റ് നിന്ദിച്ചിട്ടുണ്ടെന്നു് റനള്‍ഡ് ഹേമാന്‍ എഴുതിയ കാഫ്കയുടെ ജീവചരിത്രത്തില്‍ കാണുന്നു. Art should prefer “The expression that there is nothing to express, nothing with which to express, nothing from which to express, no power to express, no desire to express, together with the obligation to express (Chapter 22).

അത്രയുമായി

സമകാലിക ജീവിതത്തിലെ മോഹവും മോഹഭംഗവും വേദനയും അര്‍ത്ഥശൂന്യതയും ചിത്രീകരിക്കുന്ന കഥകള്‍ വായിച്ചു വായിച്ചു ഞാന്‍ തളര്‍ന്നു. പ്രിയപ്പെട്ട വായനക്കാര്‍ക്കു് ഇതു് അത്ര കണ്ടു ബോധപ്പെട്ടു എന്നുവരില്ല. കാരണം അവര്‍ വല്ലപ്പോഴും മാത്രമേ ഇവയില്‍ക്കൂടി കടന്നുപോകാറുള്ളു എന്നതാണു്. അതല്ല എന്റെ സ്ഥിതി. പ്രതിമാസം കുറഞ്ഞതു നാന്നൂറുരൂപയെങ്കിലും ചെലവാക്കി സകല വാരികകളും (ഇംഗ്ളീഷുള്‍പ്പെടെ) ഞാന്‍ വാങ്ങി വായിക്കുന്നു. കഥകളിലെ ഒരേ വിധത്തിലുള്ള പ്രതിപാദ്യവിഷയം എനിക്കു് അറപ്പും വെറുപ്പും ഉണ്ടാക്കിയിട്ടു് കാലമേറെയായി. ഫലം പവനന്‍ എന്നെ ആക്ഷേപിച്ചു പറഞ്ഞതുതന്നെ. ഇപ്പോള്‍ എനിക്കു തലക്കറക്കവും. ഒരു ദിവസം കാലത്തെഴുന്നേറ്റപ്പോള്‍ ഭൂമികറങ്ങുന്നുവെന്നു എനിക്കു തോന്നി. ബന്ധുക്കള്‍ ഡോക്ടറുടെ അടുക്കല്‍ എന്നെ എത്തിച്ചു. ‍ഡോക്ടര്‍: രക്തത്തില്‍ ഷുഗറുണ്ടോ? ഞാന്‍: ഇല്ല ഡോക്ടര്‍: ചെവിക്കു് എന്തെങ്കിലും രോഗമുണ്ടോ? ഞാന്‍: ഇല്ല ഡോക്ടര്‍: അതിരുകടന്ന വായനയും എഴുത്തു മുണ്ടോ? ഞാന്‍: ദിവസം കുറഞ്ഞതു് പന്ത്രണ്ടു മണിക്കൂര്‍ വായനയ്ക്കും എഴുത്തിനും വേണ്ടി നീക്കിവച്ചിരിക്കുകയാണു്. ഡോക്ടര്‍: വായന നിര്‍ത്തണം. എഴുത്തും നിര്‍ത്തണം. എഴുത്തും വായനയും നിര്‍ത്തിയാല്‍ പിന്നെ ജീവിതമില്ല. അതുകൊണ്ടു് പവനന്‍ പറഞ്ഞതുപോലെ “വൃത്തികെട്ട മാസികകള്‍ വായിച്ചു് സമയം പാഴാക്കുന്നു (ഞാന്‍).” സത്യം ഇതുതന്നെങ്കിലും ചില കഥകള്‍ എന്റെ അനുഭവത്തിനു് അല്പം വ്യാപ്തി നല്കാറുണ്ടു്. ആ വിധത്തിലൊരു കഥയാണു് “പപ്പു” മാസികയില്‍ ഞാന്‍ വായിച്ച “നിഷേധിയുടെ സുവിശേഷം” (ഇരുമ്പയം കുര്യാക്കോസ് എഴുതിയതു്). കഥയുടെ നതമദ്ധ്യകാചത്തില്‍ (Concave mirror) കഥാകാരന്‍ ഒരുത്തന്റെ ജീവിതം പ്രതിഫലിപ്പിക്കുന്നു. തെമ്മാടിയായി ജീവിച്ചു് ജീവിതത്തിന്റെ ഒടുവിലത്തെ ഘട്ടത്തില്‍ ആദ്ധ്യാത്മികതയെ ആശ്ലേഷിച്ച ഒരുത്തന്റെ ജീവിതം. ഇതൊരു ‘ലിറ്ററി എച്ചീവ്മെന്റ്’ — സാഹിത്യ സംബന്ധിയായ നേട്ടം — ആയിട്ടുണ്ടോ? ഇല്ല. എങ്കിലും മറ്റുകഥകളില്‍നിന്നു് വിഭിന്നമായ സ്വഭാവമുണ്ടു് ഇതിനു്. അത്രയുമായി.

* * *

ഒരു തിരുവോണത്തിന്‍ നാള്‍ ഭിലായിയിലുള്ള ഒരു ഹിന്ദു ഭവനത്തില്‍ ഞാന്‍ ചെന്നു കയറിയപ്പോള്‍ ഗൃഹനായിക വേലക്കാരിക്കു ചോറു വിളമ്പിക്കൊടുക്കുന്നതു കണ്ടു. അവള്‍ ‘മതി മതി’ എന്നു വിലക്കിയിട്ടും അവര്‍ കൂട്ടാനും മറ്റും ഇലയിലേക്കു കുന്നുകണക്കെ മറിക്കുന്നു. തിരുവോണദിനം കഴിഞ്ഞാലോ? വേലക്കാരിക്കു് അവര്‍ ചോറുവിളമ്പിക്കൊടുക്കുമോ? ഇല്ലെന്നു മാത്രമല്ല, ‘തൊട്ടതിനും പിടിച്ചതിനുമൊക്കെ’ ശകാരിക്കുകയും ചെയ്യും. മാസങ്ങള്‍ കൂടുമ്പോള്‍, ഒരു കഥയെഴുതുന്ന കഥാകാരന്‍ കഥയില്‍ ഉദാരശിരോമണിയാണു്. തൊഴിലാളികളുടെ ദുഃഖം കണ്ടു് കണ്ണീരൊഴുക്കും അയാള്‍. നിത്യജീവിതത്തിലോ? ഏക്കര്‍ കണക്കിനല്ല മൈല്‍ കണക്കിനു നിലവും പുരയിടവും സമ്പാദിച്ചു കൂട്ടും. ബാങ്ക് ബാലന്‍സ്ദിനംപ്രതി വദ്ധിപ്പിക്കും. അറുത്ത കൈയ്ക്കും ഉപ്പു് വയ്ക്കുകയുമില്ല. സാഹിത്യത്തിലെ ഈ ഹിപോക്രിസി തിരുവോണത്തിന്‍ നാളിലും.

കൊച്ചീക്കല്‍ ബാലകൃഷ്ണന്‍തമ്പി

തകഴിയുടെ ആത്മകഥ കൌതുകത്തോടെയാണു് ഞാന്‍ കലാകൌമുദിയില്‍ വായിക്കാറു്. അദ്ദേഹം അതില്‍ പരാമര്‍ശിക്കുന്നവരില്‍ പലരെയും എനിക്കും നേരിട്ടറിയാമായിരുന്നു. കൊച്ചീക്കല്‍ ബാലകൃഷ്ണന്‍തമ്പി — ഈ. വി. കൃഷ്മപിള്ളയുടെ കൂട്ടുകാരന്‍ — വിദഗ്ദ്ധനായിരുന്നുവെന്നു് തകഴി എഴുതിയിട്ടുണ്ടു്. സത്യമാണു്. നല്ല പ്രഭാഷകന്‍, അസാമാന്യ ബുദ്ധിശാലി ഇങ്ങനെയൊക്കെയാണു് അദ്ദേഹത്തെക്കുറിച്ചു പറയാന്‍ തോന്നുക. തിരുവനന്തപുരത്തു പുളിമൂട്ടിലുള്ള ഒരു രണ്ടുനിലക്കെട്ടിടത്തിന്റെ മുകളിലായിരുന്നു അദ്ദേഹത്തിന്റെ ഓഫീസ്. ഒരുദിവസം ഞാന്‍ തമ്പി അവര്‍കളെ കാണാന്‍ ചെന്നു. ആരാണെന്നു പറഞ്ഞപ്പോള്‍ സന്തോഷം ഭാവിച്ചു. ഫോണെടുത്തു് കാതില്‍വച്ചു. എന്നിട്ടു് ഡയര്‍ ചെയ്യാതെ ഇങ്ങനെ പറഞ്ഞു: “ഹലോ, കമ്മീഷ്ണറല്ലേ? നമ്മുടെ വി.കെ. മാധവന്‍പിള്ളയുണ്ടല്ലോ, എക്സൈസ് ഇന്‍സ്പെക്ടര്‍. അയാളുടെ മകന്‍ കൃഷ്ണന്‍ നായര്‍ എന്ന പയ്യന്‍ ഇവിടെ വന്നുനില്ക്കുന്നു. മാധവന്‍പിള്ളയ്ക്കു ആലപ്പുഴയ്ക്കു മാറ്റം കൊടുക്കണമെന്നു് ഞാന്‍ അന്നു പറഞ്ഞില്ലേ? അതു് ഒന്നു ശരിയാക്കണം …ങേ. ശരിയാക്കാമെന്നോ? താങ്ക്സ്.” തമ്പി അവര്‍കള്‍ ഫോണ്‍ താഴെവച്ചു. ചിരിച്ചുകൊണ്ടു് എന്നോടു പറഞ്ഞു: “കേട്ടില്ലേ, മാറ്റം കിട്ടും. പൊയ്ക്കൊള്ളു.” ഞാനന്നു് സ്കൂള്‍ വിദ്യാര്‍ത്ഥിയാണു്. എങ്കിലും ഡയല്‍ ചെയ്തേ കണക്ഷന്‍ കിട്ടു എന്നെനിക്കറിയാമായിരുന്നു. തിരിച്ചു പൂജപ്പുരയിലുള്ള വസതിയിലെത്തി അച്ഛനെ അറിയിച്ചു ഫോണ്‍ചെയ്തതു് എങ്ങനെയാണു്. അദ്ദേഹം താലതാഴ്ത്തി നിന്നതു് ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു.

* * *

“എങ്കിലും ശോഭനേ” — ജോമോന്‍ എടത്വാ ‘മനോരാജ്യം’ വാരികയിലെഴുതിയ കഥ. ജോവാന്റെ കാമമിളക്കിയിട്ടു് ശോഭന മറ്റൊരുത്തനോടു കൂടി പോകുന്നു. ‘മനോരാജ്യം’ എന്ന മനോഹരഹര്‍മ്മ്യത്തിന്റെ മുറ്റത്തുവച്ച കക്കൂസാണു് ഇക്കഥ.

“നക്ഷത്രപഥങ്ങളിലേക്കു് ഒരു കുതിരയാത്രയാവുന്നു” — എം. സുധാകരന്‍ ദേശാഭിമാനിവാരികയിലെഴുതിയ കഥ. കുതിരക്കാരന്‍ സൂക്ഷിക്കുന്ന കുതിര. അതിനെ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍വരുമെന്നറിഞ്ഞു് അതു ചിറകുമുളപ്പിച്ചു് പറന്നുകളയുന്നു. ഏതു ഇരുമ്പുചുറ്റിക കൊണ്ടടിച്ചാലും പൊട്ടാത്ത അലിഗറിയാണു് ഇതു്.

സുധാകരന്റെ കുതിരയെസ്സംബന്ധിച്ചകഥ ആ മൃഗത്തോടുബന്ധപ്പെട്ട ഒരു ഇമേജ് എന്റെ മനസ്സില്‍ ഉളവാക്കുന്നു. കുതിരയോടുന്നതു കാണാന്‍ ഭംഗിയുണ്ടു്. കഴുത ഓടുന്നതു കണ്ടാലോ? പടിഞ്ഞാറന്‍ ദേശത്തു സാഹിത്യത്തിന്റെ പുല്‍ത്തകിടികളില്‍ കുതിരയോട്ടം. കേരളത്തില്‍ കഴുതയോട്ടം.