close
Sayahna Sayahna
Search

സാഹിത്യവാരഫലം 1988 08 14


സാഹിത്യവാരഫലം
Mkn-04.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1988 08 14
പുസ്തകം 674
മുൻലക്കം 1988 08 07
പിൻലക്കം 1988 08 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കാക്കയുടെ വിചാരം അതൊരു അരയന്നമാണെന്നാണ്. തൊട്ടാവാടിപ്പൂ കരുതുന്നു അതൊരു താമരപ്പൂവാണെന്ന്. പദ്യമെഴുതുന്നവന്‍ താനൊരു കവിയാണെന്നു വിചാരിക്കുന്നു.

ആലിംഗനവിദഗ്ദ്ധനായ ഒരു വല്യമ്മാവനെക്കുറിച്ച് ഞാന്‍ ഈ പംക്തിയില്‍ കൂടക്കൂടെ എഴുതാറുണ്ടല്ലോ. പെണ്ണിനെക്കണ്ടാലുടനെ അമ്മാവന് പരിരംഭണം നടത്തിയേ തീരു. ആ അനുഷ്ഠാനത്തിനു പ്രായഭേദമോ ബന്ധുഭേദമോ അദ്ദേഹം നോക്കിയിരുന്നില്ല. ഒരകന്ന ബന്ധു പെണ്ണ് അഞ്ചുനാഴിക അകലെയുള്ള വീട്ടില്‍ വന്നുവെന്നു വല്യമ്മാവന്‍ അറിഞ്ഞെന്നു കരുതു. വെയിലായാലും മഴയായാലും അദ്ദേഹം വടിയുമെടുത്തു സ്വന്തം വീട്ടില്‍നിന്നു പുറത്തിറങ്ങും. ഒറ്റ നടത്തമാണ് പെണ്ണിരിക്കുന്ന വീട്ടിലേക്ക്. നടന്നുപോകുമ്പോള്‍ ഭൂകമ്പമുണ്ടായെന്നിരിക്കട്ടെ. അദ്ദേഹം അതു വകവയ്ക്കുകയേയില്ല. അവിടെച്ചെന്നു ‘ഗൗരിക്കുട്ടീ നീ എപ്പോള്‍ വന്നു?’ എന്നു ചോദിച്ച് ആലിംഗനം നടത്തിയിട്ടു മനസ്സില്ലാമനസ്സോടെ തിരിച്ചുപോരും. അദ്ദേഹം ഒടുവിലങ്ങു മരിച്ചു. മരിച്ചപ്പോള്‍ ചില ചെറുപ്പക്കാര്‍ക്കുണ്ടായ സംശയവും അതു പരിഹരിച്ചവിധവും ഞാന്‍ സ്പഷ്ടമാക്കിയിരുന്നു. ‘അമ്മാവന്‍ മരിച്ചോടേ?’ എന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ ‘മരിച്ചതുതന്നെ ഇല്ലെങ്കില്‍ ചുറ്റും ഇരിക്കുന്ന ഈ പെണ്‍പിള്ളേരെ കെട്ടിപ്പിടിക്കാന്‍ അയാള്‍ ചാടിയെഴുന്നേൽക്കുമായിരുന്നല്ലോ’ എന്നാണ് വേറൊരാള്‍ ഉത്തരം നൽകിയത്. വല്യമ്മാവന്റെ മരണത്തിനുതന്നെ സവിശേഷതയുണ്ടായിരുന്നു. പത്തുകൊല്ലത്തോളം ബന്ധുക്കളെയും മിത്രങ്ങളെയും വിരട്ടിയതിനുശേഷമാണ് അദ്ദേഹം ഇവിടംവീട്ടു പോയത്. വല്യമ്മാവന്റെ ആണ്‍മക്കള്‍ ബോംബെയിലും കല്‍ക്കത്തയിലും മറ്റുമായിരുന്നു. ചിങ്ങമാസം അടുക്കാറാവുമ്പോള്‍ വീട്ടിലുള്ള മകള്‍ ചേട്ടന്മാര്‍ക്ക് കത്തയയ്ക്കും. “പ്രിയപ്പെട്ട ചേട്ടാ, അച്ഛനു നല്ല സുഖമില്ല. ഈ ഓണം കഴിഞ്ഞാല്‍ അച്ഛന്‍ മരിച്ചുപോകുമെന്നാണ് അച്ഛന്‍തന്നെ പറയുന്നത്. അതുകൊണ്ട് ചേട്ടന്‍ ഉത്രാടത്തിനുമുന്‍പ് ഇവിടെ എത്തണം. അച്ഛന്റെ അവസാനത്തെ ആഗ്രഹമല്ലേ?” ചേട്ടന്മാര്‍ ഇല്ലാത്ത പണം കടംവാങ്ങി കോടിവസ്ത്രങ്ങളും മേടിച്ചു വീട്ടിലെത്തും. അവര്‍ മാത്രമോ? അവരുടെ സഹധര്‍മ്മിണികളും പിള്ളേരും എത്തും. തിരുവോണത്തിന് ഒരുമിച്ചിരുന്ന് ഊണുകഴിക്കും. പിന്നീട് മക്കള്‍ നൂറുരൂപ, നൂറ്റമ്പതു രൂപ എന്ന കണക്കിന് കിഴവനു കാണിക്കയിടും. മക്കള്‍ പോകാന്‍ ഇറങ്ങിനിൽക്കുമ്പോള്‍ വല്യമ്മാവന്‍ പറയും: “അടുത്ത ഓണത്തിനു ഞാന്‍ കാണുകയില്ല മക്കളേ.” ആണ്‍മക്കള്‍ക്കു ലേശം ആര്‍ദ്രത. അവരുടെ ഭാര്യമാര്‍ക്കു തികഞ്ഞ പുച്ഛം. അടുത്ത തിരുവോണത്തിനും ഇതുതന്നെ സ്ഥിതി. ഒരോണസ്സദ്യയ്ക്ക് എന്നെയും ക്ഷണിച്ചിരുന്നു വല്യമ്മാവന്‍. അദ്ദേഹം ക്ഷണക്കത്തുകള്‍ അയച്ചെങ്കിലും ശയ്യാവലംബിയാണെന്നും സദ്യ നടത്തുന്നിടത്ത് വന്നിരിക്കുകയേയുള്ളുവെന്നും അറിയിച്ചിരുന്നു. അവസാനത്തെ ഊണല്ലേ എന്നു വിചാരിച്ച് ഞാന്‍ പോയപ്പോള്‍ അദ്ദേഹം ആഴംകൂടിയ കിണറ്റില്‍നിന്ന് വെള്ളം കോരുന്നതാണു കണ്ടത്. എന്നെ കണ്ടയുടനെ “ആങ്ഹാ നീ വന്നോ? ഞാന്‍ പ്രമേഹരോഗിയല്ലേ? അതുകൊണ്ടു വെള്ളംകോരി സ്വല്പം ‘എക്സര്‍സൈസ്’ നടത്തുകയാണ്” എന്നു പറഞ്ഞു. ഇമ്മട്ടില്‍ കുറെ വര്‍ഷങ്ങളായപ്പോള്‍ അനിയത്തി കത്തയച്ചാലും ചേട്ടന്മാര്‍ വരുകില്ല എന്നായി. വൃദ്ധന്‍ മരിക്കുന്നതിനു തൊട്ടുമുന്‍പുള്ള തിരുവോണത്തിന് ആണ്‍മക്കള്‍ ആരും വന്നതേയില്ല. മരിച്ചിട്ടും ചിലര്‍ എത്തിയില്ല. ‘ക്യാഷ്യല്‍ ലീവി’ല്ലെന്ന് ഒരുത്തന്റെ കമ്പി. ‘പിള്ളേര്‍ക്കു പരീക്ഷ’യാണെന്നു മറ്റൊരുത്തന്റെ കമ്പി. വളരെമാസം ബോധമില്ലാതെ കിടന്ന വല്യമ്മാവന്‍ അതൊന്നും കണ്ടില്ല. അങ്ങനെ കിടന്നകാലത്ത് ചില ബന്ധുക്കള്‍ പറയാറുണ്ടായിരുന്നു. ‘ചാകുകയുമില്ല, കട്ടിലൊഴിയുകയുമില്ല’ (മകളും ഇങ്ങനെ രഹസ്യമായി അവളുടെ ഭര്‍ത്താവിനോടു പറഞ്ഞിരിക്കുമെന്നതു കട്ടായം.)

എന്റെ വല്യമ്മാവന്റെ സ്ഥിതിയാണ് കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ക്ക്. സാഹിത്യമെന്ന സുന്ദരിപ്പെണ്ണിനെ കണ്ടാലുടനെ ചാടിവീണു കെട്ടിപ്പിടിക്കുന്നു. കിഴവനല്ലേ അപ്പൂപ്പന്‍ പേരക്കുട്ടിയെ സ്നേഹംകൊണ്ട് ആശ്ലേഷിക്കുകയാണെന്നു കാണുന്നവര്‍ വിചാരിച്ചുകൊള്ളുമല്ലോ എന്നൊക്കെ സങ്കല്പിച്ച് പെണ്ണു രണ്ടുമിനിറ്റ് വെറുതെ നിന്നുകൊടുക്കും. കാമം തിളച്ചുമറിയുന്നുവെന്നു മനസ്സിലാക്കിയാല്‍ അവള്‍ കുതറിമാറും. വൃദ്ധന്‍ പല്ലില്ലാത്ത മോണകാണിച്ചു കാമോത്സുകതയോടെ ചിരിക്കും. വര്‍ഷംതോറും സാഹിത്യ രചനയെന്ന പേരില്‍ സദ്യയൊരുക്കുന്നു. കുറെ മക്കള്‍ അതില്‍ പങ്കുകൊള്ളുന്നു. അവര്‍ പരിപൂര്‍ണ്ണമായി ഒഴിഞ്ഞുമാറുന്നതിനുമുന്‍പ് ഓണാഘോഷം നിറുത്തിയാല്‍ നന്ന്.

ഫ്രഞ്ചെഴുത്തുകാരി

മാര്‍ഗറീത് യൂര്‍സെനാറുടെ (Marguerite Yourcenar) ഒരു നോവലില്‍ നൽകിയിരിക്കുന്ന ജീവചരിത്രക്കുറിപ്പിനെ അവലംബിച്ച് ഞാനെഴുതുകയാണ്. അവരുടെ ശരിയായ പേര് Marguerite de Gayencour എന്ന്. Gayencour എന്ന പേരിലെ അക്ഷരങ്ങളെ അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാണ് Yourcenar എന്ന പേര് ഉണ്ടാക്കിയത്. യൂര്‍സെനാര്‍ 1903-ല്‍ ജനിച്ചു. അമ്മ ബെല്‍ജിയന്‍, അച്ഛന്‍ ഫ്രഞ്ചും. യൂര്‍സെനാറിനെ പ്രസവിച്ച് അധികദിവസം കഴിയുന്നതിനുമുന്‍പ് അമ്മ മരിച്ചു. പിന്നീട് അച്ഛനാണ് കുട്ടിയെ വളര്‍ത്തിക്കൊണ്ടുവന്നത്. എട്ടുവയസ്സായപ്പോള്‍ത്തന്നെ ആ പെണ്‍കുട്ടി ഫ്രഞ്ച് നാടകകര്‍ത്താവ് റേസീനിന്റെയും അഥീനിയന്‍ കവി അരിസ്റ്റോഫനീസിന്റെയും കൃതികള്‍ വായിക്കാന്‍ തുടങ്ങി. പത്താമത്തെ വയസ്സില്‍ ലാറ്റിനും പന്ത്രണ്ടാമത്തെ വയസ്സില്‍ ഗ്രീക്കും അച്ഛനില്‍നിന്നു പഠിച്ചു. യൂര്‍സെനാറിന് പതിനെട്ടു വയസ്സായപ്പോഴാണ് അവള്‍ ആദ്യത്തെ കാവ്യസമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയത് (Memoirs of Hadrian എന്ന നോവലിന്റെ ആദ്യത്തെ പുറത്തുകാണുന്ന കുറിപ്പില്‍നിന്ന്).

Raymond Mortimer ‘അദ്ഭുതകരമായ കൃതി’ എന്നു വാഴ്ത്തിയ Memoirs of Hadrian എന്ന നോവല്‍ റോമാച്ചക്രവര്‍ത്തിയായിരുന്ന ഹേദ്രീയന്‍ താന്‍ ദത്തെടുത്ത കൊച്ചുമകന്‍ മാര്‍കസ് ഒറിയലിസിന് എഴുതുന്ന കത്തിന്റെ രീതിയിലുള്ളതാണ്. മനുഷ്യന്റെ സ്വഭാവം, അവന്റെ അധികാരാസക്തി ഇവയെ അന്യാദൃശമായ ഭാവനാശക്തിയോടെ ചിത്രീകരിക്കുന്ന ഈ നോവല്‍ നിരുപമമായ കലാശില്പമത്രേ. ഹേന്ദ്രീയന്‍ ഒരിടത്തു പറയുന്നു: Like everyone else I have at my disposal only three means of evaluating human existence: the study of self which is the most difficult and most dangerous method, but also the most fruitful; the observation of our fellowmen, who usually arrange to hide their secrets from us, or to make us believe that they have secrets where none exist; and books, with the particular errors of perspective to which they inevitably give rise… But books lie, even those that are most sincere. ‘പുസ്തകങ്ങള്‍ കള്ളം പറയുന്നു; ഏറ്റവും ആര്‍ജ്ജവമുള്ളവപോലും’ എന്നാണ് ഹേദ്രീയന്റെ അഭിപ്രായം. എങ്കിലും അദ്ദേഹത്തിന്റെ “ഓര്‍മ്മക്കുറിപ്പുകള്‍” സത്യാത്മകത പുലര്‍ത്തുന്ന കലാസൃഷ്ടിയാണ്. Overwhelming, marvellous എന്നൊക്കെ വാഴ്ത്തപ്പെട്ട The Abyss എന്ന നോവലും മനുഷ്യസ്വഭാവത്തെ ആഴത്തില്‍ ദര്‍ശിക്കുന്നു. തത്ത്വചിന്തകനായ സീനോയുടെ അനുധ്യാനങ്ങളിലൂടെ ഈ ദര്‍ശനം സ്പഷ്ടമായി വരുമ്പോള്‍ നമ്മള്‍ അദ്ഭുതപ്പെടും. യൂര്‍സെനാറുടെ മൂന്നു പുസ്തകങ്ങള്‍കൂടി ഞാന്‍ വായിച്ചിട്ടുണ്ട്-Oriental tales, Coup De Grace, Fires. മൂന്നും മനോഹരങ്ങള്‍തന്നെ. അനുഗൃഹീതയായ ഈ എഴുത്തുകാരിയെക്കുറിച്ച് ഈനാശു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം പ്രയോജനപ്രദമാണ്. വേണ്ടിടത്തോളം ഗഹനമായിട്ടില്ല ലേഖനമെന്നു ചിലര്‍ക്കു കുറ്റം പറയാം. പക്ഷേ, ആ കുറ്റപ്പെടുത്തലില്‍ അര്‍ത്ഥമില്ല. മലയാളം മാത്രം അറിയാവുന്നവര്‍ക്കു വേണ്ടിയാണ് ഇത്തരം ലേഖനങ്ങള്‍ രചിക്കപ്പെടുന്നത്. കൃതികളെക്കുറിച്ചുള്ള സാമാന്യപ്രസ്താവങ്ങള്‍, എഴുത്തുകാരനെയോ എഴുത്തുകാരിയെയോ സംബന്ധിച്ച വിവരങ്ങള്‍, പ്ലോട്ടിന്റെ ചുരുക്കം, നിരൂപണപരമോ വിര്‍മശനപരമോ ആയ ചില നിരീക്ഷണങ്ങള്‍ ഇത്രയും ഈ ലേഖനങ്ങളില്‍ കാണും. കരുതിക്കൂട്ടിയാണ് ഇത്തരത്തില്‍ ഇവ എഴുതപ്പെടുന്നത്. സായ്പ് എഴുതുന്നതുപോലെയല്ല ഈ ലേഖനങ്ങളെന്നു കുറ്റപ്പെടുത്തുന്നത്. എഴുത്തുകാരന്റെ ലക്ഷ്യമറിയാതെയുള്ള ദോഷാരോപണമാണ്. ഞാനും ഇങ്ങനെയാണ് എഴുതാറ്. അതു മനസ്സിലാക്കാത്ത ചിലയാളുകള്‍ ഞാന്‍ നിരൂപകനല്ല. വിമര്‍ശകനല്ല എന്ന് ആക്ഷേപിക്കുന്നു. ആ ആക്ഷേപത്തില്‍ അര്‍ത്ഥമില്ല. ഞാന്‍ നിരൂപകനോ വിമര്‍ശകനോ അല്ലെന്നും ലിറ്റററി ജേണലിസ്റ്റ് മാത്രമാണെന്നും ആയിരംതവണ പറഞ്ഞിട്ടുണ്ട്. ലൂക്കാച്ച്, ബെന്‍യമിന്‍, നോര്‍ത്ത് റെപ് ഫ്രൈ, റോളാങ് ബാര്‍ഥ്, കോള്‍ റിജ്ജ്, എല്യറ്റ് ഇങ്ങനെ വളരെക്കുറച്ചു പേരേ നിരൂപകരായുള്ളു. അമേരിക്കയിലെ എഡ്മണ്ട് വില്‍സണ്‍പോലും ജേണലിസ്റ്റ് മാത്രമാണ്. ക്ഷീരബല ആവര്‍ത്തിക്കുമ്പോലെ ആവര്‍ത്തിച്ചിട്ടുള്ള ഈ സത്യം ഇനി ഞാന്‍ ആവര്‍ത്തിക്കുകയില്ലെന്ന് വായനക്കാര്‍ക്ക് ഉറപ്പുതരുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png രണ്ടും രണ്ടും എത്ര?

22 എന്ന് കവി ഉത്തരം പറയും. കവിയല്ലാത്ത ഞാന്‍ നാല് എന്നും. ഈ വിഷയത്തെക്കുറിച്ച് ഒരു മഹാവ്യക്തി പറഞ്ഞത് ഞാന്‍ ഇവിടെ എടുത്തെഴുതാം: Even if one admits that, logically, the truth of 2x2=4 is not of the same type as that of ‘Thou shall not Kill’ the fact remains that the ultimate meaning of arithmetic equivalence is pertinent to all men, a universality found in a different form in the prohibition against killing…The formal rules of the rationalistic ethic… are… the logical development of the notion of humanity, of the universal society of man, an idea inseparable from the profound significance of scientific truth. (Literature And Its Theorists-A personal view of Twentieth Century criticim-Tzvetan Todorov-Translated by Catherine Porter-Routledge & Kegan Paul, London Page 179.)

Symbol question.svg.png ഏഭ്യനല്ലേ നിങ്ങള്‍? (ചോദ്യം തപാലില്‍ കിട്ടിയത്)

കാക്കയുടെ വിചാരം അതൊരു അരയന്നമാണെന്നാണ്. തൊട്ടാവാടിപ്പൂ കരുതുന്നു അതൊരു താമരപ്പൂവാണെന്ന്. പദ്യമെഴുതുന്നവന്‍ താനൊരു കവിയാണെന്നു വിചാരിക്കുന്നു. താങ്കള്‍ വിചാരിക്കുന്നു താങ്കളൊരു ബുദ്ധിമാനാണെന്ന്.

Symbol question.svg.png പേവാര്‍ഡ്?

അര്‍ത്ഥം സ്ഥലത്തെ ആശ്രയിച്ചിരിക്കും. തിരുവനന്തപുരത്തെ ഊളമ്പാറയിലാണെങ്കില്‍ അതിന് ഒരര്‍ത്ഥം. മെഡിക്കല്‍ കോളേജാശു പത്രിയിലാണെങ്കില്‍ മറ്റൊരര്‍ത്ഥം. ആ മറ്റൊരര്‍ത്ഥം എന്താണെന്നു പറയാം. മരിക്കാന്‍ കിടക്കുന്ന രോഗിയെ കൂടുതല്‍ സന്ദര്‍ശകര്‍ സന്ദര്‍ശനംകൊണ്ട് മരണത്തിലേക്കു വേഗം അടുപ്പിക്കുന്ന സ്ഥലം. ജനറല്‍ വാര്‍ഡിലാണെങ്കില്‍ സന്ദര്‍ശകര്‍ കുറയും. അടുത്ത ബെഡ്ഡിലെ നാറ്റം സഹിച്ച് അധികംനേരം നിൽക്കാന്‍ ആര്‍ക്കാണു കഴിയുക?

Symbol question.svg.png ഉദ്യോഗസ്ഥന്മാരില്‍ ആരു പറഞ്ഞ വാക്യമാണ് നിങ്ങളെ ചിന്തിപ്പിച്ചത്? അല്ലെങ്കില്‍ നിങ്ങള്‍ വിസ്മരിക്കാത്തത്?

ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ പറഞ്ഞവാക്യം. ‘ഞാന്‍ ഒരുപൈസപോലും കൈക്കൂലി വാങ്ങിയിട്ടില്ല. അതുകൊണ്ട് എന്നും രാത്രി ഞാന്‍ സുഖമായി ഉറങ്ങും.’

Symbol question.svg.png നിങ്ങള്‍ ശത്രുക്കളെ സ്നേഹിക്കാറുണ്ടോ, ബഹുമാനിക്കാറുണ്ടോ?

ഉണ്ട്. ഡോക്ടര്‍ കെ. ഭാസ്കരന്‍നായരെ ഞാന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു.

Symbol question.svg.png അമേരിക്കന്‍ സാഹിത്യകാരന്മാരില്‍ നിങ്ങള്‍ വെറുക്കുന്ന ഒരാള്‍?

നോര്‍മ്മന്‍ മേലര്‍ (Mailer).

സന്ന്യാസിയുടെ ഗതികേട്

കലാകാരനും സഹൃദയനും ഒന്നാകുന്നു ആസ്വാദനത്തില്‍. ഈ താദാത്മ്യമില്ലാത്തിടത്ത് കലയില്ല.

ഒരു കോളേജില്‍ പേരുകേട്ട ഒരു സംസ്കൃതം പ്രൊഫസറുണ്ടായിരുന്നു. അദ്ദേഹം മിക്കവാറും സംസ്കൃതത്തിലേ പ്രസംഗിക്കൂ. പക്ഷേ, അദ്ദേഹത്തിന്റെ സംസ്കൃതം വാസ്തവത്തില്‍ മലയാളമാണെന്നാണ് ചിലര്‍ പറഞ്ഞത്. ഒരിക്കല്‍ വടക്കേയിന്‍ഡ്യയില്‍ നിന്ന് ഒരു കള്ളസ്സന്ന്യാസി ആ കോളേജില്‍ പ്രസംഗിക്കാന്‍ വന്നു. അയാള്‍ക്കു സ്വാഗതമാശംസിച്ചത് പ്രൊഫസറായിരുന്നു. സംസ്കൃതത്തിലുള്ള ആ സ്വാഗതപ്രഭാഷണം സന്ന്യാസിക്ക് ഒട്ടും മനസ്സിലായില്ല. അദ്ദേഹം ഒന്നും ഗ്രഹിക്കാന്‍ കഴിഞ്ഞില്ല എന്ന മട്ടില്‍ കൈമലര്‍ത്തിക്കാണിച്ചപ്പോള്‍ സംസ്കൃതം സംസ്കൃതമായിത്തന്നെ പറയുന്ന പ്രിന്‍സിപ്പലെഴുന്നേറ്റ് പ്രൊഫസറുടെ മലയാളം-സംസ്കൃതം പ്രസംഗം സംസ്കൃതമാക്കി പ്രസംഗിച്ചു. ഗോപിക്കുട്ടന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ “ഒരു രക്ഷാകര്‍ത്താവിന്റെ കഥ നമ്മില്‍ ചിലരുടെയും” എന്ന ഹാസ്യകഥ വായിച്ചപ്പോള്‍ എനിക്കോര്‍മ്മവന്നത് ഈ മലയാളം-സംസ്കൃതം പ്രസംഗവും അതിനു പ്രിന്‍സിപ്പല്‍ നൽകിയ തര്‍ജ്ജമയുമാണ്. ഒരു പയ്യന് കോളേജില്‍ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാന്‍ ഒരധ്യാപകന്‍ പാടുപെടുന്നതിന്റെ ഹാസ്യചിത്രം വരയ്ക്കാനാണ് ഗോപിക്കുട്ടന്റെ യത്നം. പക്ഷേ, ഹാസ്യമൊട്ടുമില്ല ഇതില്‍. ഈ “പരിഹാസ്യ”മായ ഹാസ്യത്തെ യഥാര്‍ത്ഥ ഹാസ്യമാക്കി മാറ്റാന്‍ കഴിവുള്ള ആരെങ്കിലും വരേണ്ടിയിരിക്കുന്നു. ഇന്നത്തെ നിലയ്ക്ക് എനിക്കു അവലംബഹീനനായി കൈ മലര്‍ത്തിക്കാണിക്കാനേ കഴിയുന്നുള്ളു.

* * *

ദില്ലിയില്‍ താമസിക്കുന്ന പ്രശസ്തനായ ഒരു സാഹിത്യകാരന്‍ തിരുവനന്തപുരത്തെത്തിയാല്‍ ദയാപൂര്‍വം എന്നെ ടെലിഫോണില്‍ വിളിക്കാറുണ്ട്. പക്ഷേ, അദ്ദേഹത്തിന്റെ ആദ്യത്തെച്ചോദ്യം എനിക്കു വല്ലാത്ത വൈഷമ്യമുണ്ടാക്കും. എപ്പോഴും, “നായര്‍സാറാണോ അത്?” എന്നതാണ് ആ ചോദ്യം. എന്റെ പേരു നായരെന്നല്ല, കൃഷ്ണന്‍നായരെന്നാണ്. അതുകൊണ്ട് ‘കൃഷ്ണന്‍നായരാണോ’ എന്നുവേണം ചോദിക്കാന്‍. കാളിദാസന്‍ ശാകുന്തളം നാടകമെഴുതി എന്ന് പ്രബന്ധത്തിന്റെ ആദ്യവാക്യമായി എഴുതിയിട്ട് ദാസന്‍ മാളവികാഗ്നിമിത്രം നാടകവും രചിച്ചിട്ടുണ്ട്. ദാസന്റെ കുമാരസംഭവം നല്ല കാവ്യമാണ് എന്നൊക്കെ എഴുതിയാല്‍ വായനക്കാര്‍ക്ക് എന്തു തോന്നും? ടെലിവിഷനില്‍ ഈ തെറ്റ് പലപ്പോഴും സംഭവിക്കുന്നു. ശ്രീ. എന്‍. കൃഷ്ണപിള്ള രാത്രി 8.20-നു ചരമംപ്രാപിച്ചു എന്ന് ആദ്യം പറയുന്നു. പിന്നീട് ശ്രീ. പിള്ള എന്ന പ്രയോഗത്തിന്റെ കളിയാണ്. ശ്രീ. പിള്ളയുടെ ‘പ്രതിപാത്രം ഭാഷണഭേദം’ എന്ന ഗ്രന്ഥത്തിനു പല അവാര്‍ഡുകളും ലഭിച്ചു. ശ്രീ. പിള്ള പല നാടകങ്ങളും രചിച്ചിട്ടുണ്ട് എന്നൊക്കെ മൊഴിയാടിയാല്‍ അത് നിന്ദനമായേ ഞാന്‍ പരിഗണിക്കു. നായരും പിള്ളയും മേനോനും ജാതിയെ കാണിക്കുന്ന പദങ്ങളാണ്. മന്ത്രി ചന്ദ്രശേഖരന്‍നായരെ ശ്രീ. നായരായും എന്‍. കൃഷ്ണപിള്ളയെ ശ്രീ. പിള്ളയായും സി. അച്ചുതമേനോനെ ശ്രീ. മേനോനായും വെട്ടിച്ചുരുക്കുന്നവര്‍ അവരുടെ വ്യക്തി പ്രഭാവത്തിലല്ല, ജാതിയിലാണ് ഊന്നല്‍ നൽകുക. മന്ത്രി പി.എസ്.ശ്രീനിവാസനെ നിവാസനെന്നും ഹാസ്യസാഹിത്യകാരനായ ആനന്ദക്കുട്ടനെ കുട്ടനെന്നും ആരെങ്കിലും പറയുമോ? പറയുകില്ലെങ്കില്‍ എന്‍. കൃഷ്ണപിള്ളയെ ശ്രീ. പിള്ളയാക്കി മാറ്റരുത്. അത് അപമാനിക്കലാണ്.

നിര്‍വ്യാജസേവനം

കൃഷ്ണപിള്ളസ്സാറ് ബോധശൂന്യനായി വീഴുന്ന ദിവസത്തിന് ഒരാഴ്ചയ്ക്കുമുന്‍പ് ഞാനദ്ദേഹത്തെ കണ്ടു. സുഖക്കേടിനെക്കുറിച്ചു ചിലതൊക്കെ പറഞ്ഞിട്ടു സാറ് അറിയിച്ചു: “ഇങ്ങനെ കുറച്ചുദിവസംകൂടെ പോകും കൃഷ്ണന്‍നായരേ.” ആ ‘കുറച്ചുദിവസം’കൊണ്ടുതന്നെ അദ്ദേഹം പോയി. ആ വാക്കുകളില്‍ വര്‍ത്തമാനകാലത്ത് സന്തോഷത്തോടെ ജീവിക്കുന്ന ഒരു നല്ല മനുഷ്യനെ ഞാന്‍ കണ്ടു. ഭാവിയെക്കുറിച്ച് ഒരാശങ്കയുമില്ലാതെ വര്‍ത്തമാനകാലത്തിനു പ്രാധാന്യം കല്പിച്ച മനുഷ്യന്‍. എല്ലാവര്‍ക്കും അതു സാദ്ധ്യമല്ല. പലരെയും ഭൂതകാലം ഹോണ്‍ട് ചെയ്തുകൊണ്ടിരിക്കും. താന്‍ ചെയ്ത തെറ്റ്, അന്യനോടു കാണിച്ച വിശ്വാസവഞ്ചന, ഉപകര്‍ത്താവിനോടുള്ള നന്ദികേട് ഇവയിലേതെങ്കിലുമൊന്ന് വ്യക്തിയെ വര്‍ത്തമാനകാലത്ത് അലട്ടിക്കൊണ്ടിരിക്കും. അവന്‍ ആ ‘അലട്ടലി’ന് വിധേയനാണെന്ന് അവന്റെ മുഖം നോക്കിയാല്‍ അറിയാം. കൃഷ്ണപിള്ളസ്സാറിനെ കണ്ടവരോടു ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. സാറിന്റെ മുഖമൊന്ന് ഓര്‍മ്മിച്ചുനോക്കു. നിഷ്കളങ്കതയാണ് അതിന്റെ മുദ്ര. അദ്ദേഹത്തിന്റെ പ്രസിദ്ധമായ ചിരിയും നിഷ്കളങ്കതയെത്തന്നെ സൂചിപ്പിച്ചു. എന്തുകൊണ്ട് ഈ കളങ്കമില്ലായ്മ? ഭൂതകാലത്തെ ഒരു കൊള്ളരുതായ്മയും അദ്ദേഹത്തെ ഹോണ്‍ട് ചെയ്യാനില്ലായിരുന്നു. സുചരിതനായി അദ്ദേഹം ജീവിച്ചു. വിശുദ്ധിയുടെ മയൂഖമാലകള്‍ വീശിക്കൊണ്ട് ഇവിടംവിട്ടു പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ നന്മയും വിശുദ്ധിയും കലാകൗമുദിയുടെ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയതിനു തെളിവാണ് 672-ആം ലക്കം വാരിക. പ്രഗൽഭന്മാര്‍ അതില്‍ ലേഖനങ്ങള്‍ എഴുതിയിരിക്കുന്നു. കാവ്യം രചിച്ചിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ മൂന്നുപേരെക്കൂടി ഞാന്‍ ഓര്‍മ്മിക്കുന്നു. സാറിന്റെ സപ്തതി ആഘോഷിക്കാന്‍ തുടങ്ങിയ നാളുതൊട്ട് അക്ഷീണയത്നത്തില്‍ മുഴുകിയവര്‍; കവടിയാര്‍ രാമചന്ദ്രന്‍, എഴുമറ്റൂര്‍ രാജരാജവര്‍മ്മ, ചന്ദ്രബാബു. സാറ് രോഗവിവശനായപ്പോഴും ഇവര്‍ തികഞ്ഞ ആര്‍ജ്ജവത്തോടെ അദ്ദേഹത്തെ പരിചരിച്ചു. ആദ്യംപറഞ്ഞ രണ്ടുപേര്‍ ബന്ധുക്കളിലും കവിഞ്ഞ പരിചരണതാല്‍ പര്യം കാണിച്ചുവെന്നാണ് ആരോ എന്നോടു പറഞ്ഞത്. പക്ഷേ, ആര്‍ജ്ജവത്തിന്റെ ഉടലെടുത്ത രൂപങ്ങളായ ഈ മൂന്നുപേരെയും ഞാന്‍ പത്രങ്ങളില്‍ കണ്ടില്ല, ടെലിവിഷനില്‍ കണ്ടില്ല. ചെയ്യാനുള്ളതു ചെയ്തിട്ടു നല്ലവര്‍ അകന്നു പോകുന്നു. അവര്‍ നന്ദി പ്രതീക്ഷിക്കുന്നില്ല. അംഗീകാരം ആഗ്രഹിക്കുന്നില്ല. ഈ മൂന്നുപേരെയും കൃഷ്ണപിള്ളസ്സാറിന്റെ ആത്മാവ് അനുഗ്രഹിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവരുടെ സത്യസന്ധതയും സ്വാര്‍ത്ഥരാഹിത്യവും എനിക്കുകൂടി ഉണ്ടായെങ്കില്‍!

* * *

സത്യം അഗാധസ്ഥിതമാണെന്നും അതു കാണാന്‍ പല തട്ടുകള്‍ തകര്‍ത്തുമാറ്റി താഴത്തേക്കു ചെല്ലണമെന്നും അരവിന്ദഘോഷ് പറഞ്ഞിട്ടുണ്ട്. (അദ്ദേഹത്തിന്റെ True Poetry എന്ന ഗ്രന്ഥത്തിലാണെന്നാണ് എന്റെ ഓര്‍മ്മ) ഇത് പ്രതിമാനിര്‍മ്മാണത്തെ സ്സംബന്ധിച്ചാണെങ്കില്‍ ശരിയാണ്. മാര്‍ബിള്‍ അടര്‍ത്തി അടര്‍ത്തി അതിനകത്തിരിക്കുന്ന ബല്‍സാക്കിന്റെ രൂപം റൊദങ് (Rodin) കണ്ടെത്തുന്നു. ഇവിടെ ഒരു സംശയം. കാവ്യത്തെസംബന്ധിച്ച് ഇതെങ്ങനെ ശരിയാകും? വാക്കുകള്‍ അടുക്കിവച്ച് കവി നിര്‍മ്മിക്കുന്ന ശില്പമാണു കാവ്യം. അതില്‍ അടര്‍ത്തിയെടുക്കലേ ഇല്ല.

നിരീക്ഷണങ്ങള്‍

മലയാള സാഹിത്യത്തിലെ കാല്പനിക യുഗം നശിക്കില്ല. റിയലിസ്റ്റിക് യുഗം ഇപ്പോഴേ വിസ്മരിക്കപ്പെട്ടു. കാല്പനിക യുഗത്തിന്റെ ആദ്ധ്യാത്മിക പരിമളം റിയലിസ്റ്റിക് യുഗത്തിനില്ല എന്നതാണ് അതിനു ഹേതു.

  1. കേറ്റ്മില്ലറ്റും ജര്‍മ്മേന്‍ ഗ്രീറും മറ്റും നൽകിയ സിദ്ധാന്തങ്ങളനുസരിച്ച് പ്രവര്‍ത്തിക്കുകയും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നതാണ് കേരളത്തിലെ സ്ത്രീ സ്വാതന്ത്ര്യവാദക്കാരുടെ തകരാറ്.
  2. നിരൂപണം സാഹിത്യസൃഷ്ടിയിലേക്കു വായനക്കാരനെ നയിക്കാനുള്ളതാകയാല്‍ അതിന് ഭാവാത്മകത്വം നൽകി കവിതയുടെ മട്ടിലാക്കുന്നതു ശരിയല്ല. (ജി ശങ്കരക്കുറുപ്പിന്റെ നിരൂപണ പ്രബന്ധങ്ങള്‍ ഭാവകാവ്യങ്ങള്‍പോലെയാണ്.)
  3. പാതിവ്രത്യം സെക്ഷ്വല്‍ പെര്‍വേഷനാണെന്ന് അല്‍ഡസ് ഹക്സിലി പറഞ്ഞു. അദ്ദേഹത്തിന്റെ ഭാര്യ വിശ്വാസവഞ്ചന കാണിച്ചാലോ? എന്തായിരിക്കും ഹക്സിലിയുടെ മാനസികനില?
  4. സാഹിത്യത്തില്‍ തല്‍പരത്വമുള്ള സ്ത്രീക്ക് എല്ലാ എഴുത്തുകാരോടും സ്നേഹമാണ്. പ്രായവും ആകാരവും അതിനു തടസ്സം സൃഷ്ടിക്കുകയില്ല.
  5. ഭാര്യയെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്‍ത്താവും അവളെ വഞ്ചിക്കും. കാരണം, അയാളുടെ എല്ലാ ആവശ്യങ്ങള്‍ക്കും അവള്‍ സംതൃപ്തി നൽകുന്നില്ല എന്നതാണ്. താന്‍ സ്നേഹിക്കാത്ത സ്ത്രീയുടെ അടുത്തുപോകാന്‍ അയാള്‍ നിര്‍ബ്ബദ്ധനാകുന്നത് അതു കൊണ്ടാണ്. [ഈ ആശയം എന്റേതല്ല. പ്രൂസ്തിന്റെ നോവലില്‍ കണ്ടതാണ്.]
  6. മലയാള സാഹിത്യത്തിലെ കാല്പനികയുഗം നശിക്കില്ല. റീയലിസ്റ്റിക് യുഗം ഇപ്പോഴേ വിസ്മരിക്കപ്പെട്ടു. കാല്പനികയുഗത്തിന്റെ ആധ്യാത്മിക പരിമളം റീയലിസ്റ്റിക് യുഗത്തിനില്ല എന്നതാണ് അതിനു ഹേതു.
* * *

കള്ളച്ചാരായം, വാറ്റി വിൽക്കുന്നവരുടെ കഥയാണ് മേരി അലക്സാണ്ടര്‍ പറയുന്നത്. (ട്രയല്‍ വാരിക-നില്ക്കക്കള്ളി) പുതിയ ‘ഇന്‍സൈ’റ്റൊന്നും ഇക്കഥയ്ക്കില്ലെങ്കിലും മേരി അലക്സാണ്ടറുടെ നാടോടിഭാഷയ്ക്കു ചാരുതയുണ്ട്. അതുകൊണ്ട് ഇക്കഥ ആരും കൗതുകത്തോടെ വായിക്കും.

അന്യാദൃശനിമിഷം

ആസ്വാദനത്തിന്റെ ഓരോ നിമിഷവും നിസ്തൂല നിമിഷമാണ്, അന്യാദൃശ നിമിഷമാണ്. ഉത്കൃഷ്ടികള്‍ ഇത്തരം നിമിഷങ്ങളെ സൃഷ്ടിക്കുന്നു.

വര്‍ഷങ്ങള്‍ക്കുമുന്‍പ് ഞാന്‍ തിരുവനന്തപുരത്തെ വിക്ടോറിയ ജൂബിലി ടൌണ്‍ ഹാളില്‍ നാടകം കണ്ടുകൊണ്ടിരിക്കുകയാണ്. എന്റെ തൊട്ടടുത്ത് ഇരിക്കുന്ന ഒരു സഹൃദയന്‍ ചില രംഗങ്ങള്‍കണ്ടു പൊട്ടിച്ചിരിക്കുന്നു. മറ്റു ചില രംഗങ്ങളുടെ ദര്‍ശനത്താല്‍ കരയുന്നു. കൈകള്‍ കൂട്ടിത്തട്ടി ഹായ്, ഹായ് എന്നു പറഞ്ഞ സന്ദര്‍ഭങ്ങളും ഇല്ലാതില്ല. ആ ആസ്വാദനംകണ്ട് ആദരത്തോടെ ഞാന്‍ ചോദിച്ചു: “താങ്കള്‍?” അദ്ദേഹം മറുപടി നൽകി: “ടി. എന്‍. ഗോപിനാഥന്‍നായര്‍.” അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തെ അടുത്തു കണ്ടത്. അതിനുമുന്‍പ് കണ്ടിട്ടുണ്ട്. എങ്കിലും ഓര്‍മ്മയില്‍നിന്ന് അതു മാഞ്ഞുപോയി. ഗോപിനാഥന്‍നായര്‍ നാടകകര്‍ത്താവാണ്, കവിയാണ്, അഭിനേതാവാണ്. എങ്കിലും നാടകംകണ്ട് തന്നെമറന്ന് ആഹ്ലാദിച്ച അദ്ദേഹം ആ നിമിഷങ്ങളില്‍ വേറൊരാളായിരുന്നു. ആസ്വാദനത്തിന്റെ ഈ ഓരോ നിമിഷവും നിസ്തുലനിമിഷമാണ്, അന്യാദൃശ നിമിഷമാണ്. ഉത്കൃഷ്ടങ്ങളായ കലാ സൃഷ്ടികള്‍ ഇത്തരം നിമിഷങ്ങളെ സൃഷ്ടിക്കുന്നു. ചെക്കോവിന്റെ “ഓമന” എന്ന ചെറുകഥ വായിക്കുന്ന ഞാന്‍ ഈവിധത്തിലൊരു നിമിഷത്തെ സാക്ഷാത്കരിക്കുന്നു. ഇതിനു കഴിവില്ലാത്ത രചന വ്യര്‍ത്ഥമായ രചനയാണ്. കുമാരി എന്‍. കൊട്ടാരത്തില്‍ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയ “മുത്തശ്ശാ മാപ്പ്” എന്ന ചെറുകഥ അങ്ങനെയൊരു നിമിഷം സൃഷ്ടിക്കുന്നില്ല എന്നതു പോകട്ടെ, നമ്മുടെ ഒരുനിമിഷത്തെ മലീമസമാക്കുകയും ചെയ്യുന്നു. പെണ്‍കുഞ്ഞിനെ പ്രസവിച്ചു എന്ന കുറ്റത്തിന്റെ പേരില്‍ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. മുത്തച്ഛന്‍ അവളെ ആശ്വസിപ്പിച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞ് സന്ന്യാസിയുടെ മട്ടില്‍ എത്തുമ്പോള്‍ അവള്‍ അയാളെ വീട്ടില്‍നിന്നു പറഞ്ഞയയ്ക്കുന്നു. ആകെക്കൂടി ഒരവാസ്തവികത.

ആ പഴയ കഥ ആവര്‍ത്തിക്കട്ടെ. അകത്തിരുന്ന ആള്‍ ചോദിച്ചു: “കതകില്‍ തട്ടുന്നത് ആര്?” മറുപടി. കാമുകിയുടെ ശബ്ദം: “ഞാനാണ്.” അകത്തിരുന്ന ആള് നിശ്ശബ്ദന്‍. കാമുകി തിരിച്ചുപോയി ധ്യാനത്തില്‍ മുഴുകി. അനേകവര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തി വാതിലില്‍ തട്ടി. “ആരത്?” “ഞാന്‍തന്നെ.” പിന്നെയും മൗനം. കാമുകി തിരിച്ചുപോയി തപസ്സനുഷ്ഠിച്ചു. വര്‍ഷങ്ങൾക്കുശേഷം അവള്‍ വീണ്ടും കതകില്‍ തട്ടി. “ആരത്?” അവള്‍ മറുപടി പറഞ്ഞു: “നീതന്നെ.” കതകുതുറന്നു. അവള്‍ അകത്തു കടന്നു. കലാകാരനും സഹൃദയനും ഒന്നാകുന്നു ആസ്വാദനത്തില്‍. ഈ താദാത്മ്യമില്ലാത്തിടത്ത് കലയില്ല.

* * *

എന്റെ ഹിപോക്രിസി: പോസ്റ്റാഫീസില്‍ ചെന്നു കവറു വാങ്ങി തിടുക്കത്തില്‍ മേല്‍വിലാസം എഴുതിയപ്പോള്‍ “ശ്രീ” എന്നു ചേര്‍ക്കാന്‍ മറന്നുപോയി. ഉടനെ പേരിന്റെ ഒടുവില്‍ അവര്‍കള്‍ എന്ന് എഴുതി. ‘ശ്രീ’ എന്നതില്ലാതെ പേരിന്റെ ഒടുവില്‍ അവര്‍കള്‍ എന്നെഴുതിയ കത്ത് നിങ്ങള്‍ക്കു കിട്ടിയാല്‍ അയച്ച ആളിന് നിങ്ങളോടു ബഹുമാനമില്ലെന്നു ധരിച്ചാല്‍ മതി. ചിലപ്പോള്‍ അബോധമനസ്സെടുത്തു നമ്മള്‍ പുറത്തിടും. ഞാനൊരു സ്നേഹിതനു കത്തയച്ചപ്പോള്‍ Dear friend എന്നെഴുതി. മറുപടി വന്നപ്പോള്‍ “നിങ്ങള്‍ എന്നെ പിശാചാക്കിയിരിക്കുന്നല്ലോ എന്നു സ്നേഹിതന്‍ എഴുതിയിരിക്കുന്നു. friend എന്ന വാക്കിലെ r എന്ന അക്ഷരം വിട്ടുപോയപ്പോള്‍ അത് fiend ആയി. (പിശാച്). അബോധമനസ്സ് ഇല്ലെന്ന് ഫ്രായിറ്റിന്റെ എതിരാളികള്‍ പറയുന്നത് ഞാന്‍ അംഗീകരിക്കുന്നില്ല. ഇപ്പോള്‍ മേല്‍വിലാസമെഴുതി ഫെവികോള്‍ കൊണ്ടു കവറൊട്ടിച്ചാലും ഞാനത് ഇളക്കി friend എന്നെഴുതിയോ fiend എന്നെഴുതിയോ എന്ന് ഉറപ്പു വരുത്താറുണ്ട്. പലപ്പോഴും കവറു കീറിപ്പോകാറുമുണ്ട്. ഹിപോക്രിസിയുള്ളവര്‍ക്കു നഷ്ടം വരട്ടെ.

തെറ്റ് ആരുടെ?

ആഞ്ഞം മാധവന്‍ നമ്പൂതിരി മരണശയ്യയിലായിരുന്നപ്പോള്‍ ഗായകനായ യേശുദാസ് അദ്ദേഹത്തെ കാണാന്‍ ചെന്നു. ഒരാന്തരപ്രേരണയാല്‍ അദ്ദേഹം പാടിത്തുടങ്ങി. കുങ്കുമം വാരികയില്‍ അച്ചടിച്ചുവന്ന ആ നാരായണീയശ്ലോകം ഞാനതുപോലെ ഇവിടെ പകര്‍ത്തട്ടെ.

‘യോഗീന്ദ്രാണാം ത്വതംഗേശ്വതിക സുമധുരം
മുക്തിഭാജാം നിവാസോ
ഭക്താനാം കാമവര്‍ഷദ്യം തരുകി-
സലയം നാഥ, തേ പാദമൂലം…
നിത്യം ചിത്തസ്ഥിതം മേപവന-
പുരപതേ കൃഷ്ണാ,
കാരുണ്യസിന്ധോ, കൃഷ്ണാ കാരുണ്യസിന്ധോ…
ഹൃത്വാനിശ്ശേഷതാപാനുപ്രതി-
ചതുകരമാനന്ദ സന്തോഷലക്ഷ്മീ…
സ്വതിസതു പരമാനന്ദ സന്തോഷ ലക്ഷ്മീ
അജ്ഞാദ്വാതേ മഹത്വം, യതിഹ-
നികദിതം വിശ്വനാഥസ്വദേഹഃ
സ്തോത്രം…
…നാരായണീയം’…

ഇതു മുഴുവനും തെറ്റാണ്. യേശുദാസിന് ഈ തെറ്റുകള്‍ വരില്ല. അച്ചടിത്തെറ്റുകളാവാം. യേശുദാസ് പറഞ്ഞുകൊടുത്തത് പകര്‍ത്തിയെഴുതിയ ആളിന്റെ വിവരക്കേടുകൊണ്ടു വന്ന തെറ്റുകളുമാവാം. നാരായണീയം എന്റെ കൈയിലില്ല. ശ്ലോകം ഓര്‍മ്മയില്‍ നിന്നു കുറിച്ചിടാം:

യോഗീന്ദ്രാണാം ത്വദംഗേഷ്വധിക:സുമധുരം മുക്തിഭാജാംനിവാസോ
ഭക്താനാം കാമവര്‍ഷദ്യുതരുകിസലയം നാഥേ! തേ പാദമൂലം
നിത്യം ചിത്തസ്ഥിതം മേ പവന പുരപതേ! കൃഷ്ണകാരുണ്യസിന്ധോ!
ഹൃത്വാനിശേഷകതാപാന്‍ പ്രദിശതു പരമാനന്ദ സന്ദോഹ ലക്ഷ്മീം

* * *

പൈങ്കിളിനോവലുകള്‍ യഥാര്‍ത്ഥമായ സാഹിത്യമാകാത്തത് അവയുടെ രചയിതാക്കളുടെ ഭാഗ്യംതന്നെ. സാഹിത്യമായിരുന്നെങ്കില്‍ അവര്‍ ഇന്നത്തെപ്പോലെ കോടീശ്വരന്മാരാകുമായിരുന്നോ?