close
Sayahna Sayahna
Search

സാഹിത്യവാരഫലം 1997 10 17


സാഹിത്യവാരഫലം
Mkn-15.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 1997 10 17
മുൻലക്കം 1997 10 10
പിൻലക്കം 1997 10 24
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ചിലപ്പോൾ എനിക്ക് ഈ കാഴ്ചയുണ്ടാകുന്നു: അതു സ്വപ്‌നത്തിലല്ല. നിന്റെ മുഖം തലമുടി കൊണ്ടു മറഞ്ഞിരിക്കുന്നു. ഞാനതിനെ ഇടത്തോട്ടും വലത്തോട്ടും വകഞ്ഞ് മാറ്റുമ്പോൾ നിന്റെ മുഖം കാണാറാകുന്നു. നെറ്റി, ചെന്നികൾ ഇവയിലേക്കു ഞാൻ മാറി എന്റെ കൈകൾക്കിടയിലായി നിന്റെ മുഖം വയ്‌ക്കുന്നു” ലോക വിശ്രുതനായ ഓസ്റ്റ്രിയൻ നോവലിസ്‌റ്റ് ഫ്രാന്റ്‌സ് കാഫ്‌കാ (Franz Kafka 1983-1924)രണ്ടു വർഷത്തോളം തന്റെ പ്രേമഭാജനമായിരുന്ന മീലേനയ്‌ക്ക് എഴുതിയ നിരവധി പ്രേമലേഖനങ്ങളിൽ ഒന്നിൽ നിന്നു ഭാഷാന്തരീകരണം ചെയ്‌തതാണ് ഈ വാക്യങ്ങൾ. ഈ മിലേനയെ സമ്പൂർണ്ണ വ്യക്തിത്വത്തോടും സ്വത്വശക്‌തിയോടും കൂടി കാണണമെന്നുണ്ടോ പ്രിയപ്പെട്ട വായനക്കാർക്ക്? എങ്കിൽ മീലേനയുടെ മകൾ യാൻ ചേർനാ (Jana Cerna) എഴുതിയ ”Kafkas Milena എന്ന പുസ്തകം വായിച്ചാൽ മതി. (Translated by A. G. Brain - A Condor Book - Page 160 - Rs. 362=35)

ഏതു വിഷയത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാനും പ്രൗഢമായി പ്രതിപാദിക്കാനും കഴിവുള്ള എഴുത്തുകാരി. ശാരീരികവും മാനസികവുമായ പീഡയാൽ മരണത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന കാഫ്‌കായുടെ ജീവിതാസ്‌തമയത്തെ അരുണാഭമാക്കിയ കാമുകി. ഉത്‌സാഹിനിയായ കമ്യുണി‌സ്റ്റ്. എങ്കിലും സ്‌റ്റാലിന്റെ വധ പരിപാടികളിൽ പ്രതിഷേധിച്ച കാരുണ്യശാലിനി. അക്കാരണത്താൽ പാർട്ടിയിൽ നിന്നു ബഹിഷ്‌കരിക്കപ്പെട്ടവൾ. ഹിറ്റ്‌ലറുടെ സമഗ്രാധിപത്യത്തെ വീറോട് എതിർത്തു അയാളുടെ തടങ്കൽപ്പാളയത്തിൽ വച്ചു അന്ത്യശ്ശ്വാസം വലിച്ച ധീരവനിത - മീലേന ആരെന്നു ചോദിച്ചാൽ ഇങ്ങനെയൊക്കെയാണ് പറയാൻ തോന്നുക.

അമ്മയുടെ ജീവിതകഥ നിഷ്പക്ഷമായി പറയുന്ന മകൾ അവരുടെ രണ്ടുലേഖനങ്ങൾ സമ്പൂർണ്ണമായി ഉദ്ധരിക്കുന്നുണ്ട്. താനെന്തിനു കാഫ്‌കെയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചു. കാഫ്കയ്‌ക്ക് എന്തുകൊണ്ടു തന്നെ വിവാഹം കഴിക്കാൻ കഴിയുമായിരുന്നു. അവസാനത്തിൽ താനെന്തിന് അദ്ദേഹത്തെ വിവാഹം ചെയ്‌തില്ല ഇവയൊക്കെ വിശദീകരിക്കാനായി മീലേന എഴുതിയ ‘The Devil by the Fireside’ എന്ന ലേഖനത്തിലെ ഒരു ഭാഗം നോക്കുക: “Just try it, one starry night: try confronting that star filled sky-try gazing at it intently with all your heart and soul for five whole minutes. On climb up to the top of some high mountain from where you can just see a tittle bit of the earth, as if from the sky. And you’ll soon come to realise how important life is and how unimportant is happiness.”

കവിയുടെ ഹൃദയമാണ് മീലേനയ്ക്കു എന്ന സത്യം സ്‌പഷ്ടമല്ലേ?

കാഫ്‌കയും മീലേനയും തമ്മിലുള്ള പ്രേമബന്ധം ഹ്രസ്വകാലത്തേക്കായിരുന്നതു കൊണ്ടാവാം ഇപ്പുസ്തകത്തിൽ അവരുടെ അനുരാഗത്തെക്കുറിച്ചു വിശദമായ പ്രതിപാദനമില്ലാത്തത്. 1920-ൽ മീലേന പത്രങ്ങളിൽ എഴുതാൻ തുടങ്ങിയപ്പോൾ കാഫ്‌കയോട് അവർ അഭ്യർത്ഥിച്ചു അദ്ദേഹത്തിന്റെ ചില കഥകൾ ചെക്ക് ഭാഷയിലേക്ക് തർജ്ജമ ചെയ്യാൻ അനുമതി നല്‌കണമെന്ന്. വിവാഹിതയായിരുന്ന അവർ കഥകൾ തർജ്ജമ ചെയ്യുകയും കാഫ്‌കയോട് കൂടുതൽ കൂടുതൽ അടുക്കുകയും ചെയ്തു. തകർച്ചയിലായിരുന്ന മീലേനയുടെ ദാമ്പത്യജീവിതം. ഭർത്താവിനെ ഉപേക്ഷിച്ച് തന്നോടുകൂടി ജീവിക്കാൻ കാഫ്ക അവരെ നിർബന്ധിച്ചെങ്കിലും അവർ അതു ചെയ്‌തില്ല. കാഫ്‌കയ്ക്കു ഭാര്യ വേണം.കുഞ്ഞുങ്ങൾ വേണം. പക്ഷേ സ്ത്രീശരീരത്തെ സ്‌പർശിക്കുന്നതുപോലും വെറുപ്പായിരുന്നു അദ്ദേഹത്തിന്. ഭർത്താവുമായി വൈകാരിക ബന്ധം സ്ഥാപിച്ച മീലേനയ്‌ക്കു കാഫ്‌കയുടെ ഭാര്യയായിരിക്കാൻ ഇഷ്ടമില്ലായിരുന്നു. അദ്ദേഹം എന്നും അവർക്കു കത്തെഴുതിയെങ്കിലും അവരുടെ ബന്ധം ഓരോ ദിവസം കഴിയുംതോറും ശിഥിലമായി വന്നു. ഒടുവിൽ പ്രേമബന്ധം തകർന്നു. സൗഹൃദം മാത്രം നിലനിന്നു.

ഗ്രന്ഥത്തിൽ ചേർത്തിരിക്കുന്ന പല ചിത്രങ്ങളിൽ നിന്ന് മീലേനയുടെ ആകൃതി സവിശേഷതകൾ നമുക്ക് മനസ്സിലാകും. ബാലികയായിരുന്നപ്പോൾ മീലേന സുന്ദരി. യുവതിയായപ്പോൾ ആകർഷകത്വം കുറഞ്ഞു. 1939-ൽ നാസ്‌തികൾ അവരെ അറസ്റ്റു ചെയ്യുന്നതിനു കുറച്ചു മുൻപെടുത്ത ചിത്രത്തിൽ അവർക്കു പുരുഷന്റെ മുഖമാണുള്ളത്. ബാലികയായിരുന്നപ്പോൾ മീലേനയ്ക്കുണ്ടായിരുന്ന സൗന്ദര്യം വിഖ്യാതയായ ഒരഭിനേത്രിയുടെ സ്വവർഗ്ഗരതിയെ ഉദ്ദീപിപ്പിച്ചു. താൻ ആരാധിച്ചിരുന്ന ആ അഭിനേത്രിയെ കാണാൻ പൂക്കളുമായി ബാലിക ചെന്നു. അവർ കുട്ടിയുടെ സൗന്ദര്യത്തെ പ്രശംസിച്ചിട്ട് അവളെ ചുംബിക്കാൻ ഭാവിച്ചു. മീലേന നിലവിളിച്ചുകൊണ്ടു ഓടി. മുപ്പതുകൊല്ലം കഴിഞ്ഞാണ് അവർ മകളായ യാന ചേർനായോട് ആ സംഭവത്തെക്കുറിച്ചു പറഞ്ഞത്. അപ്പോഴും അവർക്കു വളരെക്കാലം മുൻപ് മരിച്ചുപോയ ആ അഭിനേത്രിയോടു വെറുപ്പ് ഉണ്ടായിരുന്നു.

അമ്മയുടെ സ്വഭാവത്തിന്റെ ഉത്കൃഷ്ടതയെ വാഴ്ത്തുന്ന മകൾ അവരുടെ ദൗർബല്യങ്ങളേയും മറച്ചു വയ്ക്കുന്നില്ല. സമ്പന്നങ്ങളായ കുടുംബങ്ങളിൽ കുട്ടികൾക്കു റ്റ്യൂഷൻ നൽകുമായിരുന്നു മിലേന. ഒരുദിവസം ഒരു വീട്ടിൽ നിന്ന് ആഭരണം മോഷ്ടിച്ച് പണയം വച്ചു അവർ. ആ പണം ‘ധൂർത്തടിച്ചിട്ട്’ അവർ പോലീസ് സ്റ്റേഷനിൽ ചെന്നു. പോലീസ് ഓഫീസറോട് മിലേന പറഞ്ഞു: “ഞാൻ കള്ളിയാണ്. വില കൂടിയ ആഭരണം ഞാൻ മോഷ്ടിച്ചു” കുടിച്ചതിന്റെ ഫലമായിട്ടാണ് അവർ ഈ കുറ്റസമ്മതം നടത്തുന്നതെന്ന് വിചാരിച്ച ഓഫീസർ ഒന്നും ചെയ്തില്ല. എങ്കിലും അയാൾ മിലേനയുടെ അച്ഛനെ കാര്യം ഗ്രഹിപ്പിച്ചു. അദ്ദേഹം അവിടെയെത്തി പണം കൊടുത്ത് ആഭരണം തിരികെ വാങ്ങി.

1924-ൽ അവർ ആദ്യത്തെ ഭർത്താവിനെ ഉപേക്ഷിച്ചിട്ടു കുറേക്കാലം ഒരു ജർമ്മൻ കമ്മ്യൂണിസ്റ്റിനോടൊരുമിച്ചു കഴിഞ്ഞു. 1927-ൽ അവർ Jaromir Krefcar എന്ന പേരുള്ള ഒരു ഗൃഹമിർമ്മാണ വിദഗ്ദ്ധനെ വിവാഹം ചെയ്തു. 1928-ൽ പെൺകുഞ്ഞിനെ പ്രസവിച്ചതോടെ മിലേന വികലാംഗയായിത്തീരുകയും ‘മോർഫീ’ ന്റെ അടിമയായിബ്ഭവിക്കുകയും ചെയ്തു. 1939-ൽ ആയിരുന്നു ജർമ്മൻകാർ ചൊക്കൊസ്ലാവാക്യയെ ആക്രമിച്ചത്. നാസ്തികളെ പരിഹസിച്ചിരുന്ന അവരെ ജർമ്മൻ രഹസ്യപോലീസ് അറസ്റ്റ് ചെയ്തു. തടങ്കൽപ്പാളയത്തിൽ ആയ മിലേന 1944 മേ 17- തിയതി മരിച്ചു. മിലേനയുടെ മകൾ യാന ചേർനാ (ഗ്രന്ഥകർത്ത്രി) കാറപകടത്തിൽ പെട്ട് 1981-ൽ അന്തരിച്ചു. യാന ചേർനായും എഴുത്തുകാരിയെന്ന നിലയിൽ പ്രസിദ്ധിയാർജ്ജിച്ചിരുന്നു. അവരുടെ മകനാണ് ഇപ്പുസ്തകം തർജ്ജമ ചെയ്യിച്ച് 1985-ൽ പ്രസിദ്ധപ്പെടുത്തിയത്.

പ്രാഗിന്റെ ധൈഷണിക ജീവിതമണ്ഡലത്തിലെ നായികയായിരുന്ന മിലേനയുടെ കൊടുങ്കാറ്റിനു സദൃശ്യമായ ജീവിതം അവരുടെ മകൾ കാലാത്മകമായി ഇപ്പുസ്തകത്തിൽ ചിത്രീകരിച്ചിരിക്കുന്നു. കാഫ്കയെക്കാൾ വലിയ എഴുത്തുകാരൻ ഇരുപതാം ശതാബ്ദത്തിലുണ്ടോ? ഇല്ല എന്നാവും പല വിമർശകരുടെയും ഉത്തരം. അദ്ദേഹം പോലും മിലേനയുടെ പ്രാഗത്ഭ്യത്തെ അഭിനന്ദിച്ചിരുന്നു. അവർ ഒരിക്കലെഴുതിയതിന്റെ ഒരു ഭാഗം താഴെച്ചേർക്കുന്നു. ഇതെഴുതിയ സ്ത്രീയെ കാഫ്ക ബഹുമാനിക്കാതിരിക്കുന്നതെങ്ങനെ?

Have you ever seen the face of a prisoner through the bars of a prison? A face criss-crossed by the prison bars? If you had, you would understand that windows, not doors, are the gateways to freedom. A window opens on the earth. A window opens on the sky. The face behind a barred window is more terrible than a prison behind a locked door. A window holds out a hope of light, of the dawn, of a horizon. A window contains yearing and desires, a door opens on reality, nothing else” എന്തൊരു ഉജ്ജ്വലതയാണ് ഈ വാക്യങ്ങൾക്ക്‌!

ചോദ്യം, ഉത്തരം

“ഔചിത്യമെന്നാൽ എന്ത്?” “പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ കൂവുന്നതിനു മുൻപ് അതു നിർത്തുന്നത് ഔചിത്യം”


Symbol question.svg.png പരീക്ഷ ബുദ്ധിശക്തിയുടെ മാനദണ്ഡമാണോ?

ഭാര്യയോട് ശണ്ഠകൂടിയിട്ട് ഒന്നാം ക്ലാസ്സിൽ ജയിക്കേണ്ടവന്റെ ഉത്തരകടലാസ് നോക്കുന്ന അധ്യാപകൻ നൂറിൽ നാല്പതു മാർക്കു ഇടും. കാമുകിയുമായി സംസാരിച്ചതിനുശേഷം തിരുമണ്ടന്റെ ഉത്തരകടലാസ് നോക്കുന്ന അധ്യാപകൻ നൂറിൽ അറുപതു മാർക്കു കൊടുക്കും. ഈ അധ്യാപകർ ചില ഡോക്ടർമാരെപ്പോലെയാണ്. മരിക്കാൻ പോകുന്ന പത്തു പേരെ അവർ ജീവിപ്പിക്കും. കുറഞ്ഞതു എൺപതു വയസ്സുവരെ ജീവിച്ചിരിക്കേണ്ടവരെ അവർക്ക് നാല്പതു വയസ്സുള്ളപ്പോൾ തന്നെ കൊല്ലും. പരീക്ഷ ബുദ്ധിശക്തിയുടെ മാനദണ്ഡമേയല്ല.

Symbol question.svg.png നിങ്ങൾ ഞെട്ടാറുണ്ടോ?

ഞാൻ മന്ത്രിയല്ലല്ലോ തൊണ്ണൂറു വയസ്സുള്ളവൻ മരിക്കുമ്പോഴും ഞെട്ടാൻ. പിന്നെ ഞാൻ ഞെട്ടാറുണ്ട് ഉച്ചയ്ക്ക് ഉറങ്ങുമ്പോൾ ചിലർ വന്നു ഡോർബെൽ ശബ്ദിപ്പിക്കുമ്പോൾ വല്ലാതെ ഞെട്ടും.

Symbol question.svg.png ഏതു മാതിരി ഭർത്താവിനെയാണ് ഭാര്യയ്ക്ക് ഇഷ്ടം?

അടുത്തവീട്ടിലെ സുന്ദരി റോഡിലൂടെ നടക്കുമ്പോൾ അവളെക്കണ്ട് ‘കാണാൻ ഒട്ടും കൊള്ളുകില്ലാത്ത പ്രേതം’ എന്നു പറയുന്ന ഭർത്താവിനെ. ഒന്നും മിണ്ടാതെ മുറിയിലിരിക്കുന്നവനെയും ഭാര്യയ്ക്ക് ഇഷ്ടമാണ്.

Symbol question.svg.png കാളിദാസൻ ഇക്കാലത്ത് ജീവിച്ചിരിക്കുന്നുവെന്ന് വിചാരിക്കൂ. അദ്ദേഹത്തിന്റെ രഘുവംശം ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയെന്നും വിചാരിക്കൂ. എന്തു സംഭവിക്കും?

കേരളത്തിലെ നിരൂപകർ ദെറിദയുടെ ഡികൺസ്റ്റ്രക്ഷനും കൊണ്ട് അതളക്കൻ ചെല്ലും.

Symbol question.svg.png കുഞ്ഞുങ്ങൾ വീട്ടിൽ ബഹളം കൂട്ടാതിരിക്കാനായി ഞാനെന്തു ചെയ്യണം?

വീട്ടിൽ ടെലിവിഷൻ സെറ്റുണ്ടെങ്കിൽ അതു ഓൺ ചെയ്തു വലിയ വോള്യൂമിൽ വച്ചു കൊടുക്കണം. എനിക്കണെങ്കിൽ പിള്ളേരുടെ ശബ്ദം സഹിക്കാനാവും. ടെലിവിഷൻ സീരിയലിലെ നായിക കരയുന്ന ശബ്ദം കേൾക്കാൻ വയ്യ.

Symbol question.svg.png ഔചിത്യമെന്നാൽ എന്ത്?

പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോൾ ആളുകൾ കൂവുന്നതിനു മുൻപ് അതു നിർത്തുന്നത് ഔചിത്യം.

Symbol question.svg.png വിക്ടർ ഹ്യൂഗോയുടെ ല മിരാബിലെ മഹത്ത്വമുള്ള കൃതിയാണോ?

വിക്തോർ യൂഗോ എന്നത് ഏതാണ്ട് ശരി. യൂഗോ എന്നല്ല ഫ്രഞ്ച് ഉച്ചാരണം. ല മിരാബിലെ എന്നല്ല. ലേ മീസേറബ്‌ല എന്നതു ഏതാണ്ട് ശരി. ഫ്രഞ്ച് ഉച്ചാരണം എഴുതിക്കാണിക്കാൻ വയ്യ. ആ നോവൽ മഹനീയമത്രേ. കാരണം നാലപ്പാട്ടു നാരയണമേനോൻ തർജ്ജമ ചെയ്തിട്ടും മൂലകൃതിയുടെ ശോഭ മങ്ങിയിട്ടില്ല എന്നതുതന്നെ.

അർബ്ബുദം ഭേദമാക്കാൻ

സ്വന്തം മൃദുലഹൃദയത്തിനു കാഠിന്യം വരുത്താൻ മനുഷ്യനു കഴിയുമെന്ന് ബ്രഹ്റ്റ് അദ്ദേഹത്തിന്റെ ‘Threepenny Novel’ എന്ന നോവലിൽ പറഞ്ഞതായി എനിക്ക് ഓർമ്മയുണ്ട്. മൃദുലഹൃദയം വിനാശകരമായ ഫലങ്ങൾക്കു കാരണമാകുമ്പോഴാണ് വ്യക്തി കഠിനഹൃദയമുള്ളവനായി മാറുന്നത്. ബ്രഹ്റ്റ് അതിന് ഉദാഹരണവും നൽകിയിട്ടുണ്ട്. ആദ്യമായി ഒരു കൈയില്ലാത്ത യാചകനെ കാണുമ്പോൾ ഭേദപ്പെട്ട ഒരു സംഖ്യ “ധർമ്മമായി” കൊടുക്കും. രണ്ടാമത്തെ ദിവസം അതേ യാചകനെ കാണുമ്പോൾ നേരത്തകൊടുത്തതിൽ നിന്നു വളരെക്കുറഞ്ഞ സംഖ്യയേ കൊടുക്കൂ. മൂന്നാമത്തെ തവണ യാചകൻ യാചിച്ചാൽ പോലീസിൽ അയാളെ ഏൽപ്പിച്ചെന്നു വരും ‘ധർമ്മ’ ദാതാവ്.

അനുഭവങ്ങളുടെ ആവർത്തനവും നീരസജനകമായിത്തീരും വ്യക്തിക്ക്. ഞാൻ മുൻപ് താമസിച്ച വീട്ടിലേയ്ക്കു രണ്ടു വഴികളുണ്ട്. പട്ടണത്തിൽ പോയിട്ടു തിരിച്ചു വരുമ്പോൾ സ്ഥിരമായി ഒരു വഴിയിലൂടെ മാത്രമേ ഞാൻ നടക്കൂ. കാരണം വഴിമധ്യേ ഒരണക്കെട്ടും നീർച്ചാട്ടവും ഉണ്ട് എന്നതു തന്നെ. വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോൾ ഞാൻ നിൽക്കും.

സ്ഫടികമുരുക്കിയൊഴിക്കുന്നതു പോലെ ജലപതനം. സൂര്യരശ്മികൾ അതിന്റെ തിളക്കം കൂട്ടും. വെള്ളം താഴോട്ടു വീണു പാറക്കെട്ടുകളിൽ ചിന്നിച്ചിതറി വീഴുന്നതു കാണാൻ എന്തു ഭംഗിയാണ്. അവിടെ നിന്ന് പോരാൻ തോന്നുകയില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ഞാനവിടെ നിൽക്കുന്ന സമയം നേരത്തെയുള്ളതിന്റെ പകുതിയായി. പിന്നീടു പിന്നീട് ഒരു നോട്ടം മാത്രം വെള്ളച്ചാട്ടത്തിലേക്ക്. ദിനങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ അങ്ങോട്ടു നോക്കാതെയായി. ഒടുവിൽ What a silly waterfall എന്നു പറഞ്ഞുകൊണ്ട് ഞാൻ ആ വഴി ഉപേക്ഷിച്ചു. രണ്ടാമത്തെ റോഡിലൂടെയായി എന്റെ തിരിച്ചു വരവ്. ശ്രീ. ജോസഫ് പനയ്ക്കൽ കുങ്കുമം വാരികയിലെഴുതിയ ‘ഹൃദയത്തിലെ മണിമുഴക്കം’ പോലെയുള്ള പറട്ടക്കഥകൾ ഞാൻ ബാല്യകാലത്തു ഏറെ വായിച്ചു രസിച്ചിരുന്നു. വിവരം ഇല്ലാതിരുന്ന കാലം. ധാരാളം വായിക്കുകയും കലയെന്താണെന്നു മനസ്സിലാക്കുകയും ചെയ്തതോടെ ഞാൻ അവ തിരിഞ്ഞു നോക്കാതെയായി. ചിലപ്പോൾ ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇഷ്ടമനുസരിച്ച് വെള്ളച്ചാട്ടമുള്ള വഴി അയാൾ എന്നെ വീട്ടിലേക്കു കൊണ്ടു പോകുമ്പോൾ ഞാൻ അനിച്ഛാപൂർവ്വകമായി ജലപാതം ഒരു നിമിഷത്തേക്കു നോക്കിപ്പോകുന്നതു പോലെ കോളമെഴുത്തിന്റെ അർത്ഥനയ്ക്ക് അനുരൂപമായി ഇക്കഥയൊന്നു വായിച്ചു പോയി. ഒരു നല്ല ഡോക്ടറും ഒരു ചീത്ത ഡോക്ടറും പണം പിടുങ്ങുന്നതിൽ മാത്രം താല്പര്യം. യോഗ്യനായ ഡോക്ടർക്കു രോഗികളുടെ രോഗം മാറ്റുന്നതിൽ മാത്രം ഉത്സാഹം. ആ ഡോക്ടർ കുട്ടിയായിരുന്നപ്പോൾ അവനെ റിക്ഷയിൽ കയറ്റി കൊണ്ടുപോകാറുണ്ടായിരുന്ന ഒരുത്തന് അർബ്ബുദം. ചികിത്സിച്ചു രോഗം മാറ്റാൻ ഒക്കുകയില്ല. എങ്കിലും അയാൾ സുഖമായി മരിക്കട്ടെ എന്നു കരുതി ഡോക്ടർ പുല്ലാങ്കുഴലെടുത്തു പോക്കറ്റുലിട്ടു കൊണ്ടു രോഗിയുടെ അടുത്തു ചെന്നിരിക്കുകയായി. പിന്നീട് അദ്ദേഹത്തിന്റെ പുല്ലാങ്കുഴൽ വായനയായി. മധുരനാദം കേട്ടു കേട്ട് രോഗി ക്രമേണ സ്വർഗ്ഗത്തേക്ക് ഉയർന്നു പോയി. കാൻസർ രോഗത്തിനു ചികിത്സ നടത്തുന്ന ഡോക്ടർമാർക്ക് നല്ലകാലം. അവർ പുല്ലാങ്കുഴലുകൾ വാങ്ങിച്ച് അവയിലൂടെ ലയാത്മക നാദം പ്രസരിപ്പിക്കാൻ പഠിച്ചാൽ മതി. രോഗികളെ സുഖമായി മരിപ്പിക്കാം. സർക്കാർ തന്നെ പുല്ലാങ്കുഴലുകൾ മേടിച്ച് ആശുപത്രികളിൽ വിതരണം ചെയ്യേണ്ടതാണ്. ജോസഫ് പനയ്ക്കലിന്റെ കഥ വായിക്കുമ്പോൾ ഞാനും മററു വായനക്കാരുമല്ല ലജ്ജിക്കുന്നത്. വിദ്യയുടെ അധിഷ്ഠാന ദൈവതമായ സരസ്വതീ ദേവിയാണ് നാണിച്ചു തല താഴ്ത്തുന്നത്.

ചിന്തകൾ

നമേ വാംഛാസ്തി യശസി വിദ്വേത്വേ ന ച വാ സുഖേ
പ്രഭുത്വേ നൈവ വാ സ്വർഗേ മോക്ഷേഽപ്യാനംദ ദായകേ
പരം തു ഭാരതേ ജന്മ മാനവസ്യ ച വാ പശോ:
വിഹംഗസ്യ ച വാ ജന്തോ: വൃക്ഷ പാഷാണയോരപി

(കീർത്തിയിലോ പാണ്ഡിത്യത്തിലോ പ്രഭുത്വത്തിലോ സ്വർഗത്തിലോ മോക്ഷത്തിലോ എനിക്ക് കൗതുകമില്ല. എന്നാൽ ഭാരതത്തിൽ മനുഷ്യനായി അല്ലെങ്കിൽ മൃഗമായി അല്ലെങ്കിൽ പക്ഷിയായി അല്ലെങ്കിൽ ക്ഷുദ്രജീവിയായി അല്ലെങ്കിൽ കല്ലായില്ലെങ്കിലും വീണ്ടും ജനിക്കാനാണ് എനിക്ക് ആഗ്രഹം) എന്നു കവി. അടുത്ത ജന്മമുണ്ടെങ്കിലെന്നെ കല്ലായിട്ടു പോലും ഭാരതത്തിൽ ജനിപ്പിക്കല്ലേ എന്നു ഞാൻ ഈശ്വരനോട് അപേക്ഷിക്കുന്നു. പാതയിൽ കല്ലായിട്ടു കിടന്നാൽ മുൻകൂർ ജാമ്യക്കാർ ഓടുന്ന വേളയിൽ എന്നെ തട്ടിത്തെറിപ്പിച്ചു കളയും.

രാവണവധം കഴിഞ്ഞ് അയോദ്ധ്യയിലേക്ക് തിരിച്ചു പോരാൻ ശ്രീരാമൻ ഭാവിച്ചപ്പോൾ ലങ്കയിൽ തന്നെ കഴിഞ്ഞു കൂടാം എന്നു ലക്ഷ്മണൻ അദ്ദേഹത്തോടു പറഞ്ഞു. അപ്പോൾ ചേട്ടൻ അനുജനെ അറിയിച്ചതിങ്ങനെ:

അപി സ്വർണമയി ലംകാ ന മേ ലക്ഷ്മണ രോചതേ
ജനനീ ജന്മഭൂമിശ്ച സ്വർഗാദപി ഗരീയസി

(ലങ്ക സ്വർണ്ണമയിയാണെങ്കിലും ലക്ഷ്മണ, അത് എനിക്കു ഉജ്ജ്വലതയുള്ളതല്ല. അമ്മയും ജന്മഭൂമിയും സ്വർഗ്ഗത്തേക്കാൾ ശ്രേഷ്ഠത്വമുള്ളതാണ്). ഇത് അന്നത്തെ അവസ്ഥ. ഇന്നു ലങ്കയിൽ വസിക്കാൻ വയ്യ. മനുഷ്യബോംബ് രാമനെയും ലക്ഷ്മണനെയും കൊന്നു കളയും. ഭാരതത്തിലും അവർക്കു കഴിയാനൊക്കുകയില്ല. അവരുടെ ഭാര്യമാരെ പെൺവാണിഭക്കാർ തട്ടിക്കൊണ്ടു പോകും.

2) ഒരു ഉപ്പുപാവ വളരെ ദൂരം സഞ്ചരിച്ചു കടലിനടുത്തെത്തി. തിരമാലകൾ ഇളക്കി സൂര്യപ്രകാശത്തിൽ വെട്ടിത്തിളങ്ങുന്ന സാഗരത്തെ നോക്കി പാവ ചോദിച്ചു: ‘അങ്ങ് ആരാണ്?’ ഫേനപിണ്ഡത്താൽ ചിരിച്ച് കടൽ പറഞ്ഞു. ‘അകത്തേക്കു വരൂ. എന്നിട്ടു ഞാനാരെന്നു മനസ്സിലാക്കൂ’. പാവ കടലിലേക്കു താഴ്ന്നു. താഴുന്തോറും അത് അലിഞ്ഞലിഞ്ഞു പോയി. അവസാനത്തെ തരി അലിയുന്നതിനു മുൻപ് അതു പറഞ്ഞു: ‘ഇപ്പോൾ എനിക്കു മനസ്സിലായി ഞാൻ ആരെന്ന്’. ഇൻഡ്യയിലെ ഇംഗ്ലീഷ് എഴുത്തുകാർ ഉപ്പു പാവകളെപ്പോലെ നടക്കുന്നതു കണ്ട് ചില നിരൂപകർക്കു കണ്ണഞ്ചിപ്പോകുന്നു. ആ പാവകൾ പാശ്ചാത്യ സാഹിത്യ സാഗരത്തിൽ ഒന്നു മുങ്ങുകയേ വേണ്ടൂ. അലിഞ്ഞലിഞ്ഞ് ഇല്ലാതാവും. പര്യവസാനത്തിൽ അവരുടെ തീരെക്കൊച്ചു തരികൾ പറയും ‘ഞങ്ങൾക്കു ഇപ്പോൾ മനസ്സിലായി നിങ്ങൾ ഏതു തരത്തിലുള്ളവരാണെന്ന്.

3)ഹെൻട്രി ജെയിംസിന്റെ The Beast in the Jungle എന്ന കഥ സാഹിത്യത്തിൽ തല്പരരായവർ വായിക്കേണ്ടതാണ്. കാട്ടിലെ ഒരു ക്രൂരമൃഗം തന്നെ ആക്രമിക്കുന്നുവെന്നും അങ്ങനെ ഒരു അനിയതാക്രമണത്തിലൂടെ തന്റെ ജീവിതത്തിനു പരിവർത്തനം വരുമെന്നും ജോൺ വിചാരിച്ചു. ഈ വിശ്വാസം അയാൾ മേ എന്ന സ്ത്രീയോട് പറഞ്ഞു. വർഷങ്ങൾ കഴിഞ്ഞു. മൃഗം ആക്രമിച്ചോ എന്ന് മേ ഒരു ദിവസം ജോണിനോട് ചോദിച്ചു. അപ്പോഴും അയാൾ തന്റെ വിശ്വാസത്തിനു ദൃഢീകരണം നൽകി സംസാരിക്കുകയാണുണ്ടായത്. കാലം പിന്നെയും കഴിഞ്ഞു. മേ മരിച്ചു. മൃഗത്തിന്റെ ഒരാക്രമണവുമുണ്ടായില്ല. പക്ഷേ തന്റെ ജീവിതം കാടാണെന്നും അതിനകത്ത് ദുഷ്ടമൃഗം പതുങ്ങിയിരിക്കുന്നുവെന്നും അയാൾ കരുതി. ഒറ്റച്ചാട്ടത്തിന് അതു തന്റെ കഥ കഴിക്കുമെന്ന് അയാൾ വിചാരിച്ചു. അതുമൊരു വ്യാമോഹം. അയാളുടെ കണ്ണുകൾ ഇരുണ്ടു. അതടുത്തു വന്നു. ഈ മതിവിഭ്രമം ഒഴിവാക്കാനായി അയാൾ മേയുടെ ശവകുടീരത്തിലേക്ക് മുഖമർപ്പിച്ച് വീണു. മനോരഥസൃഷ്ടികൾ മനുഷ്യരെ എങ്ങനെ നശിപ്പിക്കുമെന്നു സ്പഷ്ടമാക്കുകയാണ് ഹെൻട്രി ജെയിംസ്.

കാവ്യഭാഷ

ഇൻഡ്യയിലെ ഇംഗ്ലീഷ് എഴുത്തുകാർ ഉപ്പു പാവകളെപ്പോലെ നടക്കുന്നതു കണ്ട് ചില നിരൂപകർക്കു കണ്ണഞ്ചിപ്പോകുന്നു. ആ പാവകൾ പാശ്ചാത്യ സാഹിത്യ സാഗരത്തിൽ ഒന്നു മുങ്ങുകയേ വേണ്ടൂ. അലിഞ്ഞലിഞ്ഞ് ഇല്ലാതാവും.

ഭാഷ കാതിലും നാവിലും കൂടിയാണ് വരുന്നത്. കുഞ്ച്യൻ നമ്പ്യാർ കേൾക്കുന്ന ഭാഷയാണ് എഴുതിയത്. കവിയുടെ കർമ്മം മറ്റുള്ളവരുടെ കർമ്മം പോലെ സാധാരണമാണ്. ഒരു ദേശത്തെ ആശാരി ആ ദേശത്തെ സാധാരണ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതുപോലെ കവിത സാധാരണ കർമ്മങ്ങളിൽ ഒന്നായതു കൊണ്ട് കവിതയിലെ ഭാഷ സാധാരണ ഭാഷയുടെ ഭാഗമാകുന്നു. “ശ്രീ. ആറ്റൂർ രവിവർമ്മയോട് അഭിമുഖ സംഭാഷണം നടത്തിയ ശ്രീമതി. കെ. പി. മാലതിയോട് അദ്ദേഹം പറഞ്ഞതാണിത് (ദേശാഭിമാനി വാരിക) വലിയ വിപ്രതിപത്തി ഉണ്ടാകേണ്ടതില്ല ഇവിടെ. സാഹിത്യത്തിലെ ഭാഷ സാധാരണ ജീവിതത്തിന്റെ ഒരു ഭാഗമാണെങ്കിലും പൊലിപ്പിച്ചു കാണിക്കലോ വർദ്ധമാനാവസ്ഥ ഉളവാക്കലോ അതിന് ഇല്ലെങ്കിൽ സാഹിത്യ മണ്ഡലത്തിൽ സ്ഥാനമില്ലാതെയാവും. ‘സ്ത്രീ നോക്കുന്നു’ എന്ന പ്രസ്താവത്തിനു വിശേഷിച്ച് ചാരുതയില്ല. എന്നാൽ ‘കാമിനി കടാക്ഷിക്കുന്നു’വെന്നു പറയുമ്പോൾ ഭംഗിയുണ്ടാകുന്നു. ‘മരിക്കുന്നത് സാധാരണമാണ് വിശപ്പുകൊണ്ടു എരിഞ്ഞു പോകുന്നതു ഇവിടെ മാത്രം’ എന്ന പ്രസ്താവം കേട്ടാൽ ഉമിക്കരി ചവയ്ക്കുന്ന പ്രതീതി. പക്ഷേ ‘മരിക്ക സാധാരണമീ വിശപ്പിൽദ്ദഹിക്കലോ നമ്മുടെ നാട്ടിൽ മാത്രം’ എന്നു കവി പറയുമ്പോൾ അതു ഔന്നത്യത്തിലെത്തിയ പ്രയോഗമായിബ്‌ഭവിക്കുന്നു. അതുകൊണ്ടാണ് പ്രേക്ഷകർ ഇരിക്കുന്ന സ്ഥലത്തു നിന്ന് ഒരു കസേരയെടുത്തു നാടകവേദിയിലിട്ടാൽ അതു തീയറ്റ്വിക്കൽ ചെയറായി മാറുന്നുവെന്നു പേറ്റർ ഹന്റകേ പ്രസ്താവിച്ചത്. നിത്യജീവിതത്തിലെ സാധാരണ പദങ്ങളിലൂടെ ആവിഷ്‌കരിക്കുമ്പോൾ ഭൗതീകതലത്തിലേ അതിനു സ്ഥാനമുള്ളൂ. അതിനെ ശാരീരികമായ അനുഭവമായി കരുതാം. ആ അനുഭവത്തെ മാനസികാനുഭവമാക്കി കലയുടെ മണ്ഡലത്തിലേക്കു കൊണ്ടു വരണമെങ്കിൽ ഭാഷയ്ക്ക് ഔന്നത്യം (വർദ്ധമാനാവസ്ഥ) ഉണ്ടാകണം. എങ്കിലും ഔന്നത്യം വരുത്തുന്നതിനും പരിധിയുണ്ടു. ‘മാറത്തെ മാറാത്ത മാണിക്ക മതല്ലികേ’ എന്നും ‘അവിടുത്തെ വദന വിവസ്വാന്റെ വിശുദ്ധാംശുക്കളേറ്റ് വിടരുന്ന രണ്ടു വാരിജകോരകങ്ങളാണ്’ എന്നും അവിടുത്തെ വിശാലവക്ഷസ്സിൽ വിലയം പ്രാപിക്കാൻ കൊതി പൂണ്ടു കുതിച്ച് പായുന്ന രണ്ട് പ്രേമസരിത്തുക്കളാണ് എന്നും എഴുതിയാൽ കലയല്ല ജനിക്കുന്നത്. കലാഭാസമാണ്.

ശരിയോ?

“എഴു‌ത്തുകാരനാകുന്നെങ്കിൽ ഫിക്ഷൻ എഴുതുക. കവിയാകുന്നതും മോശമല്ല. വിമർശകനാകരുത്. സമ്പത്ത് മാത്രമാണ് അതിൽ നിന്നുള്ള ലാഭം.” എന്നു ശ്രീ. എം. ആർ. ചന്ദ്രശേഖരൻ മലയാളം വാരികയിൽ. ആത്മകഥാപരമാണോ ഇത്? എങ്കിൽ നല്ല വിമർശകനായ ചന്ദ്രശേഖരൻ ധനികനാണ്. പക്ഷേ വിമർശകർ ഏറിയകൂറും ദരിദ്രരാണ്. കുട്ടികൃഷ്ണമാരാർക്ക് നിസ്സാരമായ സംഖ്യ (5 രൂപയാണെന്ന് ഓർമ്മ പറയുന്നു) നാലപ്പാടനോട് ചോദിക്കേണ്ടതായി വന്നു. അത് അദ്ദേഹം കൊടുത്തതുമില്ല. കവിയുടെ കാര്യം മാത്രം നോക്കാം. നല്ല ഗാനരചയിതാവാണ് അദ്ദേഹമെങ്കിൽ ഒരു പാട്ടെഴുതി വാരികയ്ക്കൂ കൊടുത്താൽ ആയിരം രൂപ പ്രതിഫലം കിട്ടും. അതു സിനിമയ്ക്കു നൽകിയാൽ പതിനായിരം രൂപ കിട്ടും. അതുതന്നെ കാസറ്റാക്കിയാൽ ഇരുപതിനായിരം രൂപയാണ് ലഭിക്കുക. അതു കൊണ്ട് ഗാനരചയിതാക്കൾക്കു കൊട്ടാരം പോലെയുള്ള വീടുകളും കാറുകളുമുണ്ട്. വിമർശകന് ഒരു ലേഖനത്തിന് കിട്ടുന്നത് റ്റൂ ഫിഫ്റ്റി ക. ഉറുപ്പികയല്ല. വെറും ‘ക’ തന്നെ. അയാൾ ബസ്സിൽ കയറി മറ്റു യാത്രക്കാരുടെ ഇടി മേടിക്കുന്നു. കണ്ടക്ടറുടെ തെറി കേൾക്കുന്നു. ചന്ദ്രശേഖരൻ പറഞ്ഞത് ശരിയോ?