close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 10 02


സാഹിത്യവാരഫലം
Mkn-14.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1998 10 02
മുൻലക്കം 1998 09 25
പിൻലക്കം 1998 10 09
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

തെക്കെ അമേരിക്കയുടെ പടിഞ്ഞാറു ഭാഗത്തുള്ള പെറു (Peru) റിപ്പബ്ലിക്കിലെ വലിയ സാഹിത്യകാരനായ വാര്‍ഗാസ് യോസയുടെ പുതിയ നോവല്‍ “The Notebooks of Don Rigoberto” അശ്ലീല രചനയാണെന്നാണ് സാമാന്യ സങ്കല്പം. അപരിഷ്കൃതങ്ങളായ ലൈംഗികവര്‍ണ്ണനങ്ങള്‍ ഏറെയുണ്ടെങ്കിലും കേന്ദ്രസ്ഥിതമായ വിഷയം അസഭ്യമാണെങ്കിലും (കൊച്ചമ്മയും മകനുമായുള്ള ലൈംഗികബന്ധം) നോവല്‍ സാകല്യാവസ്ഥ കൊണ്ടുണ്ടാക്കുന്ന അനുഭവം അശ്ലീലതയുടെതാണെന്നു പറയാന്‍ വയ്യ. നോവലിലെ പ്രധാന കഥാപാത്രത്തെ കൊണ്ടുതന്നെ യോസ ഇതു പറയിക്കുന്നുണ്ട്: Eroticism is the intelligent and sensitive humanization of physical love and pornography is cheapening and degradation (Page 193). Pornography is passive and collectivist, eroticism is creative and individual even when practiced in twos or threes” (Page 197). ശാരീരികപ്രേമത്തിന്റെ ബുദ്ധിപൂര്‍വകവും സൂക്ഷ്മഗ്രാഹകവുമായ സുശീലീകരണമാണ് ശൃംഗാരം. അശ്ലീലരചന ക്ഷുദ്രമാണ്. അപകൃഷ്ടതയാണ്. നിഷ്ക്രിയവും സാമാന്യവുമാണ് അശ്ലീലത. രണ്ടോ മൂന്നോ പേര്‍ ചേര്‍ന്നു നടത്തിയാലും ശൃംഗാരപ്രക്രിയ സര്‍ഗ്ഗാത്മകവും വ്യക്തിനിഷ്ഠവുമത്രേ. അശ്ലീലതയെ ആവരണം ചെയ്ത് അതിനെ അപ്രത്യക്ഷമാക്കുന്ന കലാവൈഭവം ഈ നോവലിന്റെ സവിശേഷതയാണ്. സമൂഹം, സംസ്കാരം, കല ഇവയെക്കുറിച്ചുള്ള നൂതനാശയങ്ങള്‍ ഈ കലാസൃഷ്ടിക്ക് അര്‍ക്കദീപ്തി നല്കുന്നു.

മനുഷ്യന്‍ സ്വപ്നം കാണുമ്പോള്‍ ഈശ്വരനാണ്. അവന്‍ ചിന്തിക്കുമ്പോള്‍ കേവല യാചകന്‍.”

റീഗോബെര്‍തോ (Rigoberto), അയാളുടെ ഭാര്യ ഡോനിയോ ലൂക്രീസിയ (Dona Lucrecia), റീഗോബെര്‍തോയുടെ ആദ്യത്തെ ഭാര്യയില്‍ അയാള്‍ക്കുണ്ടായ ഫൊന്‍ചീതോ (Fonchito), ഹൂസ്തീന്‍യാന (Justiniana), ഇവരാണ് നോവലിലെ പ്രധാന കഥാപാത്രങ്ങള്‍. ദ്രഷ്ടാക്കള്‍ക്കു കാമോത്സുകത ജനിക്കുമാറ് സ്ത്രീകളെ ചിത്രീകരിച്ച ഓസ്റ്റ്രിയന്‍ ചിത്രകാരന്‍ എഗൊന്‍ ഷീല (Egon Schiele, 1890–1918) നോവലില്‍ പ്രവേശിക്കാത്ത വേറൊരു കഥാപാത്രമാണ്. പെറുവിലെ ലീമാപ്പട്ടണത്തിന്റെ എതിര്‍വശങ്ങളിലായി താമസിക്കുന്നു റീഗോ ബെര്‍തോയും അയാളുടെ അതിസുന്ദരിയായ രണ്ടാമത്തെ ഭാര്യ ലൂക്രീസിയയും, ഫൊന്‍ ചീതോ എന്ന ബാലന്‍ ലൂക്രീസിയ എന്ന കൊച്ചമ്മയുമായി ലൈംഗികവേഴ്ച നടത്തി എന്നതിന്റെ പേരില്‍ അവളെ നഗരത്തിന്റെ ഒരു വശത്തേക്ക് നിഷ്കാസനം ചെയ്തിരിക്കുകയാണ് റീഗോബെര്‍തോ. ഞാന്‍ നോവലാകെ മനസ്സിരുത്തി വായിച്ചിട്ടും ഇവരുടെ ബന്ധത്തിന്റെ വര്‍ണ്ണന കണ്ടില്ല. അതിനെ മറച്ചു വച്ചിട്ടാണ് യോസ അനിയതങ്ങളായ എല്ലാ ലൈംഗിക പ്രക്രിയകളെയും വര്‍ണ്ണിക്കുന്നത്. I understand, Senora, that the feminist sect which you represent has declared a war of sexes, and that the philosophy of your movement is based on the conviction that the clitoris is morally, physically, culturally, and erotically superior to the penis, ovaries more noble than testicles” (page 57) എന്നും And to see you urinate, in the dark, at the back of the house, as if you were pouring out a slender, tremulous, silvery, obstinate stream of honey, I would give up, many times over, this choir of shades I possess, and the clang of useless swords that echoes in my soul…” എന്നും (ഇതു നെറൂദയുടെ കാവ്യമാണത്രേ. ഈ ലേഖകന് ഇതു വായിച്ചതായി ഓര്‍മ്മയില്ല.) “Though now the sexoligist Havelock Ellis intruded, whose most secret joy, according to the note book, was to listen to his beloved passing water…” എന്നും കഥാപാത്രങ്ങളെക്കൊണ്ടു പറയിക്കുന്ന യോസ കൊച്ചമ്മയുടെയും മകന്റെയും നിഷിദ്ധകര്‍മ്മത്തെക്കുറിച്ച് മൗനം അവലംബിക്കുന്നത് എന്തിനാണോ എന്തോ? അഗമ്യഗമനമായതു കൊണ്ടാവാം. വായനക്കാരുടെ ഭാവനയില്‍ ഒരു സ്ഫുലിംഗമിട്ട് അതിനെ ആളിക്കത്തിക്കാനാവാം. ഒരിടത്ത് ആസ്ഫുലിംഗമില്ലാതില്ല. കൊച്ചമ്മയുടെ അബോധാത്മകമായ കാമം അതു സ്പഷ്ടമാക്കുന്നുണ്ട്. ഫൊന്‍ചീതോക്ക് തന്റെ പൃഷ്ഠഭാഗത്ത് ആരും തൊടുന്നതു ഇഷ്ടമല്ല. എങ്കിലും അച്ഛന്റെ കൂട്ടുകാരും സ്ക്കൂളിലെ പുരോഹിതരും അവന്റെ ആ ഭാഗത്തു തടവും. ഒരു ദിവസം കുട്ടി (ഫൊന്‍ചീതോ) കൊച്ചമ്മയുടെ കാതിനെ ചുംബിച്ചു. നാക്കിന്റെ അറ്റം കൊണ്ടു കാതിന്റെ മടക്കിനെ നനച്ചു. അവനെ തള്ളി മാറ്റാന്‍ ലൂക്രീസിയയ്ക്കു കഴിഞ്ഞില്ല. കുറച്ചു കഴിഞ്ഞ് ബാലന്‍ പറഞ്ഞു:

‘കൊച്ചമ്മേ, കൊച്ചമ്മയും അങ്ങനെ തന്നെയോ?’
‘എന്ത്?’ എന്നു ലൂക്രീസിയ.

അവന്‍ പറഞ്ഞു: “കൊച്ചമ്മയും എന്റെ ചന്തിയില്‍ തൊടുന്നു. എന്റെ അച്ഛന്റെ സ്നേഹിതരെപ്പോലെ, സ്ക്കൂളിലെ പുരോഹിതരെപ്പോലെ. എന്റെ പൃഷ്ഠത്തില്‍ എല്ലാവര്‍ക്കും എന്താണ് ഇത്ര താല്‍പര്യം? (പുറം 111)

ഫൊന്‍ചീതോ ചിത്രരചന അഭ്യസിക്കുന്നവനാണ്. അയാളുടെ ആരാധ്യനായ കലാകാരന്‍ ഓസ്റ്റ്രിയന്‍ എക്സ്പ്രഷനിസ്റ്റ് എഗൊന്‍ ഷീല. അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ ഉത്കടവികാരങ്ങള്‍ക്കു വിധേയകളായ സ്ത്രീകളെ അന്യാദൃശമായ രീതിയില്‍ ആലേഖനം ചെയ്യുന്നവയാണ്. കാലുകള്‍ കവച്ചുവച്ച് ഏതാണ്ടു നഗ്നയായി കിടക്കുന്ന യുവതിയെ ചിത്രീകരിക്കുന്ന Reclining Woman ദ്രഷ്ടാക്കള്‍ക്കു പോലും പിരിമുറുക്കം ഉണ്ടാക്കും. അതിനെക്കാള്‍ സുശക്തമാണ് A Cardinal Embracing a Nun എന്ന ചിത്രം. കാര്‍ഡിനല്‍ (കര്‍ദ്ദിനാള്‍) കന്യാസ്ത്രീയെ ഉത്കടമായ കാമവികാരത്താല്‍ വിഴുങ്ങാന്‍ പോകുന്നോ അതോ കന്യാസ്ത്രീ കര്‍ദ്ദിനാളിനെ അതേ വികാരത്താല്‍ വിഴുങ്ങാന്‍ പോകുന്നോ എന്നാണ് ആ ചിത്രം കാണുന്ന നമുക്കു സംശയം (ഈ ആശയം സ്വന്തമല്ല). ഈ ചിത്രങ്ങളെല്ലാം വരച്ച ഷീലയാണ് താനെന്നു ഫൊന്‍ചീതോ വിചാരിച്ചു.

“Why are you so interested in Egon Schiele?” asked Dona Lucrecia.

“It makes me sad that he died so young that they put him in prison” Fonchito replied.

“I have a feeling that I’m like him, that I’m going to have a tragic life, like his” എന്നും ഫൊന്‍ചീതോ അവളോടു പറഞ്ഞു.

ഷീലയുടെയും അദ്ദേഹത്തിന്റെ ചിത്രങ്ങളിലെയും ലൈംഗികാവേശം ജീവിതത്തിലും ചിത്രരചനയിലും പ്രകടിപ്പിച്ച കലാകാരനായിരുന്നു ഫൊന്‍ചീതോ. എങ്കിലും ഭാര്യയും ഭര്‍ത്താവും അനുരഞ്ജനത്തിലെത്തി നിയതജീവിതം നയിക്കണമെന്നായിരുന്നു അയാളുടെ ആഗ്രഹം. അതിനു വേണ്ടി അയാള്‍ ലൂക്രീസിയ എഴുതുന്ന മട്ടില്‍ റീഗോബെര്‍തോക്ക് കത്തുകള്‍ അയയ്ക്കും. റീഗോബെര്‍തോ എഴുതുന്ന രീതിയില്‍ ലൂക്രിസിയയ്ക്കു മറുപടികള്‍ അയയ്ക്കും. അയാളുടെ ശ്രമം ഫലിച്ചു. അവര്‍ ഒരുമിച്ചു കൂടി. ആ രംഗം യോസ വര്‍ണ്ണിക്കുന്നതു തന്നെ കണ്ടാലും:

‘I’m the happiest man in the world’, said Don Rigoberto.

She nestled against him demurely.

‘Will it last? Will we make our happiness last?’

‘It can’t last’ he said gently.

‘All happiness is fleeting. An exception, a contrast, But we have to rekindle it from time to time, not allow it to go out. Blowing, blowing on the little flame’

‘I’ll start exercising my lungs right now’, Dona Lucrecia exclaimed. (Page 254)

ഈ പുനസ്സമാഗമത്തിനു വഴിയൊരുക്കുന്നതിനു വേണ്ടി യോസ ന്യൂസിലണ്ടിലെ ഒരു സംഭവത്തെക്കുറിച്ചു പറയുന്നു. പത്തു വയസ്സുള്ള ഒരാണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയതിന് ഇരുപത്തിനാലു വയസ്സുള്ള ഒരധ്യാപികയെ നാലു വര്‍ഷം തടവിനു ജഡ്ജി വിധിച്ചു. ഈ വാര്‍ത്ത പത്രത്തില്‍ വായിച്ച റീഗോബെര്‍തോ പേനയെടുത്തു ദേഷ്യത്തോടെ എഴുതി “…let all boys In this city be deflowered when they reach the age of ten by married woman in their thirties, preferably their aunts, teachers or godmothers”. ഇതെഴുതിക്കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് ആശ്വാസമായി (Pages 200, 201) ഭാര്യയുമായി വീണ്ടും ഒരുമിച്ചു കഴിയുന്നതിനു സഹായിക്കുന്ന ആശയം.

നോവലിന്റെ തുടക്കത്തില്‍ യോസ രണ്ടു മഹാന്മാരുടെ വാക്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. “മനുഷ്യന്‍ സ്വപ്നം കാണുമ്പോള്‍ ഈശ്വരനാണ്. അവന്‍ ചിന്തിക്കുമ്പോള്‍ കേവലയാചകന്‍” (ഹോള്‍ഡര്‍ലീന്‍, ജര്‍മ്മന്‍ കവി). “എന്റെ പ്രവൃത്തികളിലൂടെ ജീവിതത്തിന്റെ ചരിത്രം സൂക്ഷിക്കാനാവില്ല എനിക്ക്. ഭാഗ്യം അവയെ വളരെ താഴ്ത്തി കുഴിച്ചുമൂടിക്കളഞ്ഞു. എന്റെ മനോരഥസൃഷ്ടികളിലൂടെ ഞാന്‍ അവ പുലര്‍ത്തിക്കൊണ്ടിരിക്കുന്നു.” (മൊങ്തെന്യ, ഫ്രഞ്ച് പ്രബന്ധകാരന്‍.)

ഫൊന്‍ചീതോ കൊച്ചമ്മയെ (കുഞ്ഞമ്മയെ) വ്യഭിചരിച്ചോ? അതോ കൊച്ചമ്മ മകനെ വ്യഭിചരിച്ചോ? അറിയാന്‍ പാടില്ല. ഷീലയുടെ ചിത്രങ്ങള്‍ കണ്ട് ആവേശമാര്‍ന്നു ഫൊന്‍ചീതോ ലൂക്രീസിയയുടെയും പരിചാരികയുടെയും ചില അവസ്ഥാവിശേഷങ്ങളുടെ ചിത്രങ്ങള്‍ വരച്ചു. ഷീലയുടെ ചിത്രങ്ങള്‍ക്കുള്ള വാസ്തവികത ആ ചിത്രങ്ങള്‍ക്കുമുണ്ടോ? ജീവിതത്തിന്റെ സാകല്യാവസ്ഥയിലുള്ള സന്ദിഗ്ദ്ധതയും മനോരഥസൃഷ്ടിസ്വഭാവവും പ്രകടിപ്പിച്ചുകൊണ്ടു നോവല്‍ വിരാജിക്കുന്നു. വിഷയം എന്തുമാകട്ടെ. യോസയുടെ തൂലിക മീദസ്രാജാവിനെപ്പോലെയാണ്. അതു എന്തുതൊട്ടാലും തനിസ്സ്വര്‍ണ്ണമാകും. (The Note books of Don Rigoberto, Translated by Edith Grossman, faber and faber, Pages 259, Publication 1998.)

ഭാഷാപോഷിണിയിലെ (ലക്കം 4) ‘ബാല്‍ക്കണി’ എന്ന ചെറുകഥ (ശ്രീ. കരുണാകരന്‍ എഴുതിയത്) ഒരു ഇംഗ്ലീഷ് വാക്യം എഴുതാന്‍ വായനക്കാരുടെ സദയാനുമതി തേടുന്നു ഞാന്‍. Nonsense is a mild expression of such atrocious attempts at short story writing.

പ്രച്ഛന്നരതി

ഭ്രാന്തിന്റെ അംശം കലരാത്ത ജീനിയസ്സില്ല എന്നത് അംഗീകരിക്കപ്പെട്ട സത്യമാണ്. ഫ്രഞ്ചെഴുത്തുകാരന്‍ ഷൊര്‍ഷ് ബതായി (Georges Bataille, 1897–1962) ജീനിയസ്സായിരുന്നു. ലേശം ഭ്രാന്തനും. കാമം. മിസ്റ്റിസിസം ഇവയോട് അമിതകൗതുകം കാണിച്ചിരുന്ന അദ്ദേഹത്തിന്റെ The Story of the Eye എന്ന നോവല്‍ കലാത്മകമാണ്. അതിരു കടന്ന ലൈംഗികത്വം ഉള്‍ക്കൊള്ളുന്നതാണ്. ബതായി പറയുന്നു: സ്ത്രീയുടെ ശരീരത്തിനു വേണ്ടിയുള്ള ആഗ്രഹം — മൃദുലവും കാമോത്സുകതയാര്‍ന്നതും നഗ്നവുമായ സ്ത്രീശരീരത്തെ സംബന്ധിച്ചുണ്ടാകുന്ന ആഗ്രഹം — എനിക്ക് കാമത്തിന്റെ അങ്ങനെയുള്ള വേദനയുണ്ടാകുമ്പോള്‍ ഞാന്‍ ആരാണെന്ന് എനിക്കു നല്ലപോലെ അറിയാം. ഒരുതരം മതിവിഭ്രമപരമായ അന്ധകാരം എന്നെ അതിരിലൂടെ ഭ്രാന്തിലേക്കുമെല്ലെ തള്ളിനീക്കുന്നു. ആര്‍ക്കറിയാം. ചൂടാര്‍ന്ന, മാരകമായ സ്ഫോടനത്തിലേക്കാണോ എന്ന്. എനിക്കും ലോകത്തിനും തമ്മിലുള്ള കനമാര്‍ന്ന ബന്ധത്തിന്റെ വ്യാമോഹത്തില്‍ നിന്ന് ഞാന്‍ രക്ഷ നേടുന്നു. എന്റെ യഥാര്‍ത്ഥമായ പള്ളി വേശ്യാലയമാണ് (Vide Essential Writings, Georges Bataille, Edited by Michael Richardson, Pages 228, Rs 1156.10).

എഴുതാന്‍ കഴിവില്ലാത്തവന്‍ പരിചാരികയെ ആക്രമിക്കുന്നു. അതു പരസ്യമാകുമ്പോള്‍ മാപ്പു പറയുന്നു ബഹുജനത്തോട്.

ശ്രീ. സതീഷ് ബാബു പയ്യന്നൂരിന്റെ ‘തണുപ്പ് എന്ന ഹൃദയവികാരം’ എന്ന ചെറുകഥയില്‍ (മാധ്യമം ആഴ്ചപ്പതിപ്പ്, 18-9-98) വിദ്യാര്‍ത്ഥിക്ക് അധ്യാപികയോടു തോന്നുന്ന ഭാവം രതി തന്നെയാണ്. അത് പ്രച്ഛന്നമാണ് എന്നേയുള്ളു. വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥി യുവാവായി അവരെ കാണാന്‍ ചെല്ലുമ്പോള്‍ അവര്‍ ദയാരഹിതയായി അയാളെ ആട്ടിപ്പായിക്കുന്നു. അധ്യാപികയുടെ മൂന്നു ഭര്‍ത്താക്കന്മാര്‍ നാടുവിട്ടു പോയതുകൊണ്ട് അവര്‍ക്കു നൈരാശ്യവും വിദ്വേഷവും. അതുകൊണ്ടായിരിക്കാം ആ പരുക്കന്‍ പെരുമാറ്റം അവരില്‍ നിന്നുണ്ടായത്. യുവാവിന്റെ നിരാശത എന്ന വികാരത്തെയും അധ്യാപികയുടെ അവഗണനയെയുമാണ് തണുപ്പ് എന്നു കഥാകാരന്‍ വിശേഷിപ്പിക്കുന്നത്. ജീവിതത്തിന്റെ പ്രച്ഛന്നങ്ങളായ യാഥാര്‍ത്ഥ്യങ്ങളിലേക്കു പ്രകാശം പ്രസരിപ്പിക്കാന്‍ സതീഷ് ബാബുവിന് കഴിഞ്ഞിട്ടുണ്ട്.

ചോദ്യം, ഉത്തരം

Symbol question.svg.png “ഈ.വി. കൃഷ്ണപിള്ള രചനകളില്‍ മാത്രമല്ല നിത്യജീവിത സംഭാഷണങ്ങളിലും ഫലിതം ഉള്‍ക്കൊള്ളിച്ചിരുന്നോ?”

“ഈ.വി. കൃഷ്ണപിള്ള പ്രസംഗിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓരോ വാക്യവും കേട്ട് ശ്രോതാക്കള്‍ ‘തലതല്ലി’ ചിരിക്കുമായിരുന്നു. അദ്ദേഹം നേരമ്പോക്കു പറയുമ്പോള്‍ ചിരിക്കില്ല. ചിരിച്ചുകൊണ്ട് അതു പറഞ്ഞാല്‍ അതിന്റെ ഹൃദ്യത വളരെക്കുറഞ്ഞുപോകും”

Symbol question.svg.png “രാഷ്ട്രീയം നിന്ദ്യമാണോ?”

“അറിഞ്ഞുകൂടാ, പക്ഷേ ഒരു നേതാവിനും രാഷ്ട്രവ്യവഹാരം ഇഷ്ടമല്ല. ചര്‍ച്ചില്‍ മനോഹരങ്ങളായ ഗ്രന്ഥങ്ങള്‍ എഴുതിയത് അതില്‍ നിന്നു രക്ഷ പ്രാപിക്കാനാണ്. ജവാഹര്‍ലാല്‍ നെഹ്റു ഉത്കൃഷ്ടങ്ങളായ പുസ്തകങ്ങള്‍ രചിച്ചതും ഇപ്പോഴത്തെ പ്രധാനമന്ത്രി കാവ്യഗ്രന്ഥം പ്രസിദ്ധപ്പെടുത്തിയതും രാഷ്ട്രവ്യവഹാരത്തെ അതിലംഘിച്ചു മുന്നോട്ടു പോകാനാണ്. എഴുതാന്‍ കഴിവില്ലാത്തവന്‍ പരിചാരികയെ ആക്രമിക്കുന്നു. അതു പരസ്യമാകുമ്പോള്‍ മാപ്പു പറയുന്നു ബഹുജനത്തോട്.”

Symbol question.svg.png “രാജ്യം മഹനീയമാകുന്നത് എപ്പോള്‍?”

“മഹാന്മാരായ കലാകാരന്മാര്‍ വിരാജിക്കുമ്പോള്‍. കാളിദാസന്‍, റ്റാഗോര്‍, ഇവര്‍ ജീവിച്ചിരുന്ന കാലയളവില്‍ ഭാരതം മഹത്തമമായിരുന്നു. ഉന്നതരായ മിസ്റ്റിക്കുകയും തത്ത്വചിന്തകരും ജീവിക്കുന്ന കാലയളവിലും രാജ്യം മഹനീയമായിരിക്കും. ശ്രീരാമകൃഷ്ണന്‍, വിവേകാനന്ദന്‍, അരവിന്ദ ഘോഷ്, രമണ മഹര്‍ഷി ഇവരുടെ ജീവിതകാലങ്ങള്‍ ഭാരതത്തിനു മഹനീയത നല്കി. ഇപ്പോള്‍ അത്തരം മഹാവ്യക്തികള്‍ ഇല്ല ഭാരതത്തില്‍”

Symbol question.svg.png “നിങ്ങള്‍ ആത്മാര്‍ത്ഥമായിട്ടാണോ എഴുതുന്നത്?”

“ആത്മാര്‍ത്ഥത്തിനു തനിക്കുവേണ്ടി എന്നാണ് അര്‍ത്ഥം. അതിനാല്‍ നിങ്ങളുടെ ചോദ്യം ശരി. ഞാന്‍ എനിക്കു വേണ്ടിത്തന്നെയാണ് എഴുതുന്നത്. മലയാളം വാരികയുടെ അധികാരികള്‍ എനിക്കു പ്രതിഫലം തരുന്നു. ആത്മാര്‍ത്ഥമായി (തനിക്കു വേണ്ടി) എഴുതുന്നതു കൊണ്ടാണ് ആ പ്രതിഫലം കിട്ടുന്നത്. പിന്നെ sincerity എന്ന അര്‍ത്ഥത്തിലാണ് നിങ്ങള്‍ ആത്മാര്‍ത്ഥമെന്നു പ്രയോഗിച്ചതെങ്കില്‍ ആ പ്രയോഗം അത്ര ശരിയല്ല. ‘സത്യസന്ധമായിട്ടാണോ എഴുതുന്നതെ’ന്നു ചോദിക്കേണ്ടിയിരുന്നു.”

Symbol question.svg.png “ലോറന്‍സ് ഡുറല്‍ എന്ന സാഹിത്യകാരനെക്കുറിച്ച് ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ലല്ലോ. എന്താണ് കാരണം?”

“ലോറന്റ്സ് ഡറല്‍ (Lawrence Durrell, 1912–1990, ലാറന്‍സ് ഡുറല്‍ എന്നും പറയാം) കലാശക്തി കുറഞ്ഞ എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ Alexandria Qartet എന്ന നോവല്‍ (നാലെണ്ണം ചേര്‍ന്നത്) overwriting-ന് (അതിര ചന) ഉദാഹരണമാണ്. ആ നോവല്‍ പ്രസിദ്ധപ്പെടുത്തിയ കാലത്ത് ശ്രീ. ആഷാ മേനോന്‍ വാചാലത കാണിച്ച് (വാഗ്മിതയല്ല) അതിനെക്കുറിച്ചു ലേഖനമെഴുതി എന്നാണ് എന്റെ ഓര്‍മ്മ. അന്നേ ഞാന്‍ പറഞ്ഞു ഭാവിയില്‍ ആ നോവല്‍ വിസ്മരിക്കപ്പെടുമെന്ന്. അതുപോലെ സംഭവിച്ചിരിക്കുന്നു. ഷ്ടെഫാന്‍ സ്വൈഹ് overwriting-ല്‍ അഭിരമിച്ച സാഹിത്യകാരനാണ്. അദ്ദേഹവും വിസ്മരിക്കപ്പെട്ടു. ഡറലിന്റെ യാത്രാവിവരണങ്ങള്‍ കുറച്ചു കാലം കൂടി നിലനിന്നെന്നു വരും. സ്വൈഹ് എഴുതിയ ജീവചരിത്രങ്ങളും.”

Symbol question.svg.png “ചങ്ങമ്പുഴയുടെ പ്രത്യേകതയെന്ത്?”

“ചങ്ങമ്പുഴ ജീവിതകാലമത്രയും റോസാപ്പൂക്കളുടെ സൗരഭ്യം ആസ്വദിച്ചു. പ്രത്യേകത്തിന് each എന്നാണ് അര്‍ത്ഥം. സവിശേഷതയെന്ത് എന്നു ചോദിക്കണം.”

ശ്രീമതി പ്രേമ ജയകുമാര്‍ അല്‍ബര്‍ കമ്യൂവിന്റെ ‘The First Man’ എന്ന അസമാപ്തമായ നോവലിനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയത് ഞാന്‍ വായിച്ചു. ‘മനുഷ്യത്വത്തിന്റെ കാഥികന്‍’ എന്നാണ് പ്രബന്ധത്തിന്റെ ‘തലക്കെട്ട്’. കാഥികന്‍ കഥ പറയുന്നവനാണ്; കഥാകാരന്‍ കഥ എഴുതുന്നവനും. സാംബശിവന്‍ കാഥികന്‍; തകഴി ശിവശങ്കരപ്പിള്ള കഥാകാരന്‍. കമ്യൂവിനെ കാമു ആക്കിയിരിക്കുന്നു ശ്രീമതി. ഫ്രാന്‍സില്‍ ചെന്ന് പ്രേമ, കാമു എന്നു പറഞ്ഞാല്‍ അങ്ങനെയൊരാളിനെ ഞങ്ങള്‍ കേട്ടിട്ടില്ലല്ലോ എന്നു ഫ്രഞ്ച് ജനത പറയും. കമ്യൂവിന്റെ The First Man എന്ന നോവലിനു ഗ്രാമ്യമായ ‘പറട്ട’ എന്ന വിശേഷണമാണു ചേരുന്നത്. അതിനെ ‘വിലപ്പെട്ട ഒരു ഉപഹാര’മായി ശ്രീമതി കാണുന്നു. എന്റെയോ പ്രേമയുടെയോ രസജ്ഞതയുടെ കുറവായി അതിനെ കരുതാം. പക്ഷേ 1995-ല്‍ ഇംഗ്ലണ്ടില്‍ പ്രസാധനം ചെയ്ത ഈ നോവലിനെക്കുറിച്ച് മൂന്നു വര്‍ഷം കഴിഞ്ഞ് ശ്രീമതി എഴുതിയത് ഉചിതജ്ഞതയുടെ ലക്ഷണമായി ദര്‍ശിക്കാന്‍ എനിക്കു കഴിയുന്നില്ല.

മാറ്റങ്ങള്‍ വരുന്നു

ഒരു കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം ഒരെഴുത്തുകാരിയുടെ പുസ്തകത്തിനു അവതാരിക എഴുതിക്കൊടുക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. ആ സാഹിത്യകാരിയെ ഞാന്‍ ബഹുമാനിച്ചിരുന്നതുകൊണ്ട് (ഇപ്പോഴുമുണ്ട് ആ ബഹുമാനം) അവതാരിക എഴുതാമെന്നു സമ്മതിച്ചു. അവതാരിക വേണമെന്നു കാണിച്ചുകൊണ്ടുള്ള ആദ്യത്തെ കത്തുതന്നെ മര്യാദ പാലിച്ചുകൊണ്ടുള്ളതായിരുന്നില്ല. എങ്കിലും ഞാനങ്ങു ക്ഷമിച്ചു. പിന്നെപ്പിന്നെ വരുന്ന കത്തുകള്‍ എനിക്കു ക്ഷോഭജനകങ്ങളായി. You are directed to submit the manuscript within a week. എന്ന മട്ടിലാണ് കത്തുകള്‍. അതില്‍ ‘സഹികെട്ട്’ ഞാന്‍ കത്തുകള്‍ അയച്ച ഉദ്യോഗസ്ഥനെ അറിയിച്ചു വിനയത്തോടു കൂടി മാത്രമേ എഴുതാവൂ എന്ന്. വിനയപൂര്‍വം എഴുതേണ്ടതെങ്ങനെയെന്നു കാണിക്കാന്‍ ഞാന്‍ ഒരു മാതൃകക്കത്തു കൂടി അദ്ദേഹത്തിന് അയച്ചുകൊടുത്തു. അത് ഇങ്ങനെ: I request you to be so good as to let me know when your article may be expected?” മടക്കത്തപാലില്‍ ആ ഉദ്യോഗസ്ഥന്റെ കത്തുകിട്ടി. ഞാനെഴുതിക്കാണിച്ച കത്ത് അതേരീതിയില്‍ റ്റൈപ്പ് ചെയ്ത് ഉദ്യോഗസ്ഥന്‍ ഒപ്പിട്ട് എനിക്ക് അയയ്ക്കുകയാണുണ്ടായത്. എന്റെ കരണത്തു കിട്ടിയ അടിപോലെ ആയിരുന്നു അദ്ദേഹത്തിന്റെ ആ കുത്സിത പ്രവൃത്തി. പിന്നെ ഞാന്‍ മിണ്ടിയതുമില്ല. സാഹിത്യകാരി എന്നെ തെറ്റിദ്ധരിച്ചിരിക്കുമെന്നതിനു ഒരു സംശയവുമില്ല എനിക്ക്.

മലയാള സാഹിത്യമെന്ന ക്ഷേത്രമണിയില്‍ ചിറകൊതുക്കിയിരുന്ന് ഉറങ്ങുന്ന ‘ചന്ദ്രശലഭം’ മാത്രമാണ് ഞാന്‍.

ബാങ്കുകളില്‍ നിന്നു വരുന്ന കത്തുകള്‍ ഇതിനെക്കാള്‍ ഭീതിജനകങ്ങളാണ്. പണം കൊടുക്കാന്‍ വൈകിയാല്‍, You are a defaulter, come to the bank within twenty four hours എന്നും മറ്റും അവര്‍ എഴുതി അയച്ചുകളയും. ഇതിനൊക്കെ സമീപഭാവിയില്‍ മാറ്റം വരുമെന്നാണ് എന്റെ വിശ്വാസം. അവതാരിക എഴുതിക്കാനായി കേന്ദ്രഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ നിന്നു വിമാനത്തില്‍ കയറി തിരുവനന്തപുരത്തു എത്തുകയും ഹോട്ടലില്‍ മുറി വാടകയ്ക്ക് എടുത്തു കുറഞ്ഞതു ഒരാഴ്ചയോളം താമസിച്ച് എഴുത്തുകാരന്റെ സൗകര്യമനുസരിച്ചു പേടിയോടെ അയാളെ സമീപിക്കുകയും ചെയ്യുന്ന കാലം വരും. ഭീമമായ സംഖ്യ കടം കൊടുക്കുന്ന ബാങ്കുകാര്‍ അതു കൈപ്പറ്റിയ ആളിന്റെ പാദശുശ്രൂഷ നടത്തുന്ന കാലം വരും. അതുപോലെ ഒരുത്തന്റെ ഭാര്യയോട് മറ്റൊരുത്തന്റെ പെരുമാറ്റത്തിനും മാറ്റം വരും. ഇപ്പോഴത്തെ രീതി ഹൃഹനായകന്‍ ഭാര്യയെ പൂമുഖത്തേക്കു വരാന്‍ സമ്മതിക്കാതിരിക്കുക എന്നതാണല്ലോ. ഇതു മാറും. അതിഥി വന്നപാടേ തന്റെ ആതിഥേയനോട് ‘തന്റെ ഭാര്യയെവിടെ? ഞാനൊന്നു കാണട്ടെ’ എന്നു പറഞ്ഞുകൊണ്ട് അടുക്കളയിലേക്കു പാഞ്ഞു ചെല്ലും. ‘സരസപല്ലവ കോമളമായ ആ കരതലം കൊണ്ട് ഒരു ഗ്ലാസ് ചുക്കുവെള്ളമെടുത്താട്ടെ’ എന്ന് അവളോടു പറയുകയും ചെയ്യും. ഭര്‍ത്താവെന്ന യാഥാസ്ഥിതികന്‍ വാപൊളിച്ച് മുന്‍വശത്തു ഇരിക്കുകയായിരിക്കും. ചുക്കുവെള്ളത്തില്‍ ദൃഷ്ടി വ്യാപരിപ്പിക്കാതെ അടുക്കളക്കാരിയുടെ നിതംബത്തില്‍ വിലോചനങ്ങള്‍ വ്യാപരിപ്പിച്ചുകൊണ്ട് വെള്ളം മുഴുവന്‍ താനറിയാതെ ഷേര്‍ടില്‍ ഒഴുക്കിക്കൊണ്ട് അയാള്‍ ഗ്ലാസ് കാലിയാക്കും. എന്നിട്ടു ഭര്‍ത്താവിന്റെ അടുക്കലെത്തി ‘തന്റെ ഭാര്യ അടുക്കളയില്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു പൃഥുലനിതംബം ഉലയാതെ വേണമെന്ന് അവളോടു പറയണേ’ എന്നു നിര്‍ദ്ദേശിക്കുകയും ചെയ്യും. ഇവിടെ നിന്ന് ഒരടികൂടി മുന്‍പോട്ടു വച്ച് ഭര്‍ത്താവിന്റെ മുന്‍പില്‍ വച്ചു തന്നെ അവളെ ബലാത്സംഗം നടത്തിയെന്നും വരും. ഞാന്‍ വസ്തുതകളെ സ്ഥൂലീകരിക്കുകയാണെന്ന് മാന്യവായനക്കാര്‍ക്കു തോന്നുന്നുണ്ടോ? തോന്നുന്നുവെങ്കില്‍ ശ്രീ. പി.എഫ്. മാത്യൂസ് മലയാളം വാരികയില്‍ എഴുതിയ ‘ഒരു കാസനോവയുടെ കുമ്പസാരം’ എന്ന കഥ വായിച്ചാല്‍ മതി. മേലുദ്യോഗസ്ഥന്‍ തന്റെ അധികാരം കാണിച്ചു കീഴുദ്യോഗസ്ഥന്റെ ഭാര്യയെ അയാള്‍ കണ്ടുകൊണ്ടിരിക്കെത്തന്നെ ബലാത്കാരവേഴ്ച നടത്തുന്നതാണ് അതിന്റെ വിഷയം. കഥാകാരന്റെ ഐറണിയും ഹാസ്യവും പ്രതിപാദനരീതിയും അസ്സലായി എന്നുമാത്രം പറഞ്ഞു ഞാനിത് അവസാനിപ്പിക്കട്ടെ.

ഉറങ്ങുന്ന ശലഭം

“ആധുനിക മലയാളഗദ്യത്തിന്റെ ശില്പികളായ അനേകം ഗ്രന്ഥകര്‍ത്താക്കള്‍ ഈ ‘ചരിത്ര’ത്തില്‍ ഇല്ല. മാര്‍ക്സിയന്‍ ലാവണ്യശാസ്ത്രത്തിന്റെ പ്രണേതാക്കളും പ്രാതഃസ്മരണീയരുമായ സി. അച്ചുതമേനോന്‍, കെ. ദാമോദരന്‍, എം.എസ്. ദേവദാസ്, സി. ഉണ്ണിരാജ, പവനന്‍, പി. കെ. ഗോപാലകൃഷ്ണന്‍, എം.ആര്‍. ചന്ദ്രശേഖരന്‍, തുടങ്ങിയ എഴുത്തുകാര്‍ക്ക് ഉപന്യാസത്തിലോ നിരൂപണത്തിലോ സ്ഥാനമില്ല. അര നൂറ്റാണ്ടായി ആനുകാലിക പംക്തികളിലും നിരൂപണ രംഗത്തും നിത്യസാന്നിദ്ധ്യമായി നിറഞ്ഞു നില്‍ക്കുന്ന പ്രൊഫസര്‍ എം. കൃഷ്ണന്‍ നായര്‍ ഈ ചരിത്രത്തില്‍ ഇല്ല.”

ഡി.സി. ബുക്ക്സ് പ്രസാധനം ചെയ്ത ‘ആധുനിക മലയാള സാഹിത്യം പ്രസ്ഥാനങ്ങളിലൂടെ’ എന്ന ഗ്രന്ഥം അവലോകനം ചെയ്യുമ്പോള്‍ ‘മലയാള സാഹിത്യം’ മാസികയുടെ ഓണപ്പതിപ്പില്‍, എഡിറ്ററായി ശ്രീ.പി. കുമാര്‍ നിര്‍വഹിച്ച ഒരു നിരീക്ഷണമാണിത്. എന്നെക്കുറിച്ച് കുമാര്‍ സൗജന്യമാധുര്യത്തോടെ പറഞ്ഞ ഈ നല്ല വാക്കുകള്‍ക്കു ഞാന്‍ കുമാറിനോടു നന്ദി പറയുന്നു. പക്ഷേ ഞാന്‍ സാദരം, സവിനയം അദ്ദേഹത്തെ അറിയിക്കട്ടെ. അല്പജ്ഞനായ എന്നെക്കുറിച്ച് സാഹിത്യചരിത്രത്തില്‍ ഒരധ്യായം തന്നെ എഴുതിയാലും ഞാനതില്‍ സന്തോഷിക്കുമായിരുന്നില്ല. കാരണം ഞാന്‍ ആരാണെന്ന് എനിക്കു തന്നെ അറിയാമെന്നതാണ്. ഡോക്ടര്‍ പി.വി. വേലായുധന്‍ പിള്ള എഴുതിയ ലേഖനത്തില്‍ എന്റെ സാഹിത്യസേവനത്തെപ്പറ്റി ഒരു ഖണ്ഡിക ഉണ്ടായിരുന്നുവെന്നും എന്റെ ഒരു പൂര്‍വശിഷ്യനും ശിഷ്യനെപ്പോലെ ഞാന്‍ സ്നേഹിക്കുന്ന വേറൊരാളും കൂടി ഒരു പ്രമുഖന്റെ അറിവോടുകൂടി അതു വെട്ടിക്കളഞ്ഞുവെന്നുമാണ് ആരോ എന്നെ അറിയിച്ചത്. ഉചിതജ്ഞതയോടെ ഇതു ചെയ്ത മൂന്നു പേരോടും എനിക്കു നന്ദിയുണ്ട്. ആളുകളെ മഷിപ്പിക്കാതെ ഞാനൊരു കോളം എഴുതുന്നുവെന്നേയുള്ളു. കീര്‍ത്തിയിലോ, എവോര്‍ഡുകളിലോ, ബിരുദലബ്ധികളിലോ എനിക്കു താല്‍പര്യമില്ല. വായിക്കാന്‍ പുതിയ പുസ്തകം വേണം. അഴുക്കില്ലാത്ത ഷേര്‍ടും മുണ്ടും വേണം. സമയത്ത് അല്പം ആഹാരം വേണം. തീര്‍ന്നു എന്റെ ആവശ്യകതകള്‍. നിസ്സാരനായ എന്നെക്കുറിച്ച് ദീര്‍ഘമായിത്തന്നെ ഈ സാഹിത്യചരിത്രത്തില്‍ എഴുതി എന്നു കരുതു. എങ്കിലും അതു ക്ഷുദ്രകൃതിയാണെന്നു തന്നെ ഞാന്‍ പറയുമായിരുന്നു.

‘On the one-ton temple bell a moonmoth folded into sleep sits still’ മലയാള സാഹിത്യമെന്ന ക്ഷേത്രമണിയില്‍ ചിറകൊതുക്കിയിരുന്ന് ഉറങ്ങുന്ന ‘ചന്ദ്രശലഭം’ മാത്രമാണ് ഞാന്‍.