close
Sayahna Sayahna
Search

സാഹിത്യവാരഫലം 1999 04 23


സാഹിത്യവാരഫലം
Mkn-12.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 1999 04 23
മുൻലക്കം 1999 04 16
പിൻലക്കം 1999 04 30
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജീവനുള്ളവയെല്ലാം നമ്മളെ ചലനം കൊള്ളിക്കും. പ്രചോദിപ്പിക്കുകയും ചെയ്യും. ആന തൊട്ട് ഉറുമ്പ് വരെയുള്ളവയുടെ ദർശനം എന്തെന്ത് വിചാരഗതങ്ങളാണ് നമ്മളിൽ ഉളവാക്കുക! സാഹിത്യസൃഷ്ടികളൂം ഇങ്ങനെതന്നെ. സി.വി. രാമൻപിള്ളയുടെ ‘മാർത്താണ്ഡവർമ്മ’ എന്ന നോവൽ നമ്മൾ കാണേണ്ടതില്ല. ആ പേരൊന്നു കേട്ടാൽ മതി നമ്മുടെ മനസ്സ് സമുത്തേജിതമാകുന്നു. സൽമാൻ റുഷ്ദിയുടെ ‘The Ground Beneath Her Feet’ എന്ന പുതിയ നോവലിന്റെ അഞ്ഞൂറ്റിയെഴുപത്തിയഞ്ചു പുറങ്ങൾ മനസ്സിരുത്തി വായിച്ചിട്ടും എന്റെ മനസ്സിൽ ഒരു നേരിയ ചലനം പോലുമുണ്ടായില്ല. അദ്ദേഹത്തിന്റെ “Grimus”, “Midnight Children”, “Shame”, “The Satanic Verses”, “Haroun and the Sea of Stories” “The Moor’s Last Sigh” ഈ കൃതികൾ എങ്ങനെ വായനക്കാരുടെ ഭാവസംദൃബ്ധതയെ (Sensibility) അപമാനിക്കുന്നു എന്ന ചോദ്യത്തിന് എപ്പോഴും സാംഗത്യമുണ്ട്.

മദോദ്ധതയോടുകൂടി റുഷ്ദി തനിക്കിഷ്ടമില്ലാത്തവരെ ഭർത്സിക്കുന്നു എന്നതാണ് വായനക്കാരെ ആകുലാവസ്ഥയിലാക്കുന്ന അദ്ദേഹത്തിന്റെ പ്രഥമ പ്രവർത്തനം. റുഷ്ദി ശകാരിക്കുന്ന വ്യക്തികളെ വായനക്കാർക്കും വെറുപ്പായിരിക്കും. പക്ഷേ അവരെ ഫിക്ഷന്റെ തലത്തിലേക്ക് ഉയർത്താതെ ഉപാലംഭം ചൊരിയുമ്പോൾ നോവലിസ്റ്റ് കലയെ, സാഹിത്യത്തെ വ്യഭിചരിക്കുന്നു എന്ന തോന്നൽ സഹൃദയനുണ്ടാവുന്നു. അതിന്റെ ഫലമായി ആസ്വാദനമുണ്ടാകുന്നില്ല. ജവഹർലാൽ നെഹ്രു, ഇന്ദിരാഗാന്ധി, സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി ഇവരെയൊക്കെ അദ്ദേഹം വളരെ വർഷങ്ങളായി പുലഭ്യം പറഞ്ഞുകൊണ്ടിരുന്നു. പട്ടിക്ക് ജവാഹർ എന്ന പേരിട്ട് അതിനോട് കുരയ്ക്ക് എന്ന് പറയാനും അദ്ദേഹത്തിന് മടിയില്ല. ഒരുപന്യാസത്തിൽ റുഷ്ദി ഇന്ദിരാഗാന്ധിയെക്കുറിച്ചും അവരുടെ മകൻ സഞ്ജയ് ഗാന്ധിയെക്കുറിച്ചും അരുതാത്തത് പറഞ്ഞിട്ടുണ്ട്. റുഷ്ദിയുടെ രചനയുടെ ഈ മാലിന്യവും നൈഷ്ഠൂര്യവും ഈ പുതിയ നോവലിലുമുണ്ട്.

ലാലുപ്രസാദ് യാദവിന് പിലൂദൂധ്‌വാല എന്ന പേരിട്ട് ചില ഭാഷണങ്ങളും പ്രവൃത്തികളും ആ കഥാാപാത്രത്തിന് നൽകി പ്രസാദിനെ റുഷ്ദി അപമാനിക്കുന്നു (പുറം 65). His (Javahar’s) successor, Indira Gandhi was little more than a pawn in the hands of the Congress kingmakers, Shastri, Morarji Desai and Kamaraj (പുറം 192). Indira was Powerles against her savage son who endoved Sanjay with a lifetime supply of rage (പുറം 282). But Pillooism won the day. Pillooism and Sanjayism, its Delhi twin (പുറം247). റുഷ്ദി നോവലിലൂടെ നിന്ദിക്കുന്നവർ മാന്യരാകാം, അമാന്യരാകാം. അതല്ല പ്രധാനപ്പെട്ട കാര്യം. മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ ആളുകളെ നോവലിൽ കൊണ്ടുവന്ന് അസഭ്യങ്ങളിൽ കുളിപ്പിക്കുമ്പോൾ കലാസൃഷ്ടിയുടെ പാവനത നശിക്കുന്നു. യഥാർഥ വ്യക്തികളുടെ ദോഷങ്ങൾ മാത്രം എടുത്തുകാണിക്കുമ്പോൾ സത്യത്തിന്റെ ശോഭ അനുവാചകന് ലഭിക്കുന്നില്ല. വിചാരിച്ചിരിക്കാത്ത നിമിഷത്തിൽ മിന്നൽപ്രവഹമുണ്ടാകുമ്പോൾ ആളുകൾ ഞെട്ടുമല്ലോ. ആ ഞെട്ടലാണ് റുഷ്ദിയുടെ പ്രതികാരനിർവ്വഹണാവാഞ്ഛ ഉളവാക്കുന്നത്. സാഹിത്യം നോവലിസ്റ്റിന്റെ ശത്രുത പ്രകടിപ്പിക്കാനുള്ളതല്ല എന്നത് റുഷ്ദിക്ക് അറിയാമായിരിക്കും. എങ്കിലും മനസ്സിന്റെ സവിശേഷതകൊണ്ട് അദ്ദേഹം ഈ കുത്സിതകർമ്മം അനുഷ്ഠിക്കുന്നു എന്നു മാത്രം നമ്മൾ ധരിച്ചാൽ മതി (Mr. Gandhi was after all a pretty crafty legal eagle എന്നൊരിടത്ത്).

താൻ അവതരിപ്പിക്കുന്ന കഥാപത്രങ്ങളെ വ്യക്തിത്വത്തിനും സ്വത്വത്തിനും സാന്ദ്രീകൃതാവസ്ഥ നൽകുമ്പോഴാണ് ആ കഥാപത്രങ്ങൾക്ക് സർവ്വകാലികവും സാർവ്വജനീനവുമായ ഗുണം കൈവരുന്നതെന്ന കലാരഹസ്യം റുഷ്ദിക്ക് അറിഞ്ഞുകൂടാ. കഥ പറായുന്നത് ഉമീദ് മർച്ചന്റ് എന്നൊരു ഫോട്ടോഗ്രഫറാണ്. അയാൾ ഒരു ഓർമസ് കാമയുടേയും വീണ അപ്സരയുടേയും കഥയാണ് ആവിഷ്കരിക്കുക. പാഴ്സികളായ സർ ഡേറിയസ് കാമയുടെയും ലേഡി സ്പെന്റ കാമയുടെയും മകനാണ് ഓർമസ്. അവൻ ജനിച്ചയുടനെ സംഗീതോപകരണത്തിൽ വിരലുകൾ ഓടിക്കുന്നതു പോലെ സ്വന്തം വിരലുകൾ കൊണ്ടു ചലനങ്ങൾ കാണിച്ചുപോലും. (“Ormas Cama was born in Bombay, India in the early hours of May 1937, and within moments of his birth began making the strange rapid finger movements with both hands…”) ഓർമസിന്റെ കൂടെ വേറൊരാൺകുട്ടിയും ജനിച്ചു. പക്ഷേ അവൻ ചാപിള്ളയായിരുന്നു. നിശ്ചേതന ശരീരത്തോടുകൂടിയാണു അവൻ ഭൂമിയിലേക്കു പോന്നതെങ്കിലും സംഗീതജ്ഞനായ സഹോദരനെ അവൻ വളരെക്കാലത്തേക്കു സംഗീതത്തിലൂടെത്തന്നെ ‘ഹോൺട്’ ചെയ്തു. ഈ ഇരട്ടക്കുട്ടികൾക്കും ചേട്ടന്മാരായി രണ്ടു പേരുണ്ട്. അവർ വൈറസും സൈറസും. ക്രിക്കറ്റ് കളിക്കാരനായ അച്ഛൻ അടിച്ച പന്തു നെറ്റിയിൽ വന്നുകൊണ്ട് വൈറസ് എല്ലാക്കാലത്തേക്കും മൂകനായിപ്പോയി. പാടുന്ന അനിയനെ — ഓർമസിനെ — മുഖത്തു തലയണയമർത്തിക്കൊല്ലാൻ ശ്രമിച്ച സൈറസ് പതിന്നാലുകൊല്ലത്തേക്കു് അവനെ നിശ്ശബ്ദനാക്കി. കഥ അവസാനിക്കുമ്പോൾ അവൻ (സൈറസ്) തിഹാർ ജെയിലിൽ കിടക്കുകയാണു്.

ഞാൻ കഥയുടെ വിശദാംശങ്ങളിലേക്കു പോകാതെ തീരെച്ചുരുക്കിപ്പറയട്ടെ. അമേരിക്കയിൽ നിന്നു് എത്തിയ വീണ അപ്സര കഥ പറയുന്ന മർച്ചന്റിന്റെയും ഓർമസിന്റെയും കാമുകിയായി. ഒരു ദിവസം അവളങ്ങു് അപ്രത്യക്ഷയാകുന്നു. അവളെ കണ്ടുപിടിക്കാൻ അക്ഷീണയത്നം ചെയ്ത ഓർമസിനു അവളുടെ അന്ത്യമേ കാണാനാവുന്നുള്ളു. ഓർമസ് ന്യൂയോർക്കിൽ ഒരു സ്ത്രീയോടുകൂടി ജീവിതം നയിക്കുമ്പോൾ സകല കലാമൂല്യങ്ങളെയും വെല്ലുവിളിക്കുന്ന ഈ കലാഭാസം പര്യവസാനിക്കുന്നു. “What a ‘culture’? Look it up. ‘A group of micro-organisms grown in a nutrient substance under controlled conditions’. A squirm of germs on a glass slide in all, a laboratory experiment calling itself a society. Most of us wrigglers make do with life on that slide; we even agree to feel proud of that ‘culture’” (പുറം 95). സമുദായത്തെയും വ്യക്തികളെയും സംസ്കാരത്തെയും ഈ സാമാന്യകരണത്തിലൂടെ നിന്ദിക്കുന്ന റുഷ്ദി തന്റെ കഥാപാത്രങ്ങളെയും രോഗാണുക്കളായി മാറ്റിയിരിക്കുന്നു. സംഭാവനീയതയുള്ള കഥാപാത്രങ്ങളെ വേണ്ടവിധത്തിൽ ചിത്രീകരിക്കുമ്പോഴാണു വസ്തുനിഷ്ഠമായ ജീവിതസത്യം സ്പഷ്ടമാവുക. റുഷ്ദിയുടെ ഒരു കഥാപാത്രത്തിനും ജീവനില്ല. അതുകൊണ്ടു മനുഷ്യത്വവുമില്ല. ജീവനില്ലാത്തതുകൊണ്ട് അവയ്ക്കു വിശ്വാസ്യത ജനിപ്പിക്കുന്ന പ്രവർത്തനങ്ങളുമില്ല. പ്രതിപ്രവർത്തനങ്ങളുമില്ല. അതിനാൽ ഈ നോവലിൽ ജീവിതത്തിന്റെയോ മനുഷ്യന്റെയോ സ്വഭാവം പ്രകടമാകുന്നുവെന്നു പറഞ്ഞുകൂടാ.

സംഗീതം ഛായാഗ്രഹണം ഇവയെ പ്രധാനപ്പെട്ട വിഷമങ്ങളാക്കിക്കരുതുകയും അവയിലൂടെ സത്യസാക്ഷാത്കാരമാവാമെന്നു വിചാരിക്കുകയും ചെയ്യുന്ന ഈ നോവലെഴുത്തുകാരൻ അവയെ കലയിൽ നിന്നു ഉത്പാദിപ്പിക്കുകയല്ല ചെയ്യുന്നത്. സാകീയമായ തീരുമാനത്തിൽ നിന്നാണ് അവയെ ജനിപ്പിക്കുന്നത്. ഫലമോ? കൃത്രിമത്വം. സമുന്നതമായ സാന്മാർഗ്ഗിക ബോധമില്ലാത്ത, സദാചാരഘടനയില്ലാത്ത വിലക്ഷണമായ നോവലാണിത്. ഒരിടത്തും സൗന്ദര്യത്തിന്റെ മൂല്യമില്ല. ആകെയുള്ളത് പക്ഷപാതസങ്കീർണ്ണമായ മനസ്സിന്റെ പ്രതിഫലനം മാത്രം. ഏതു പ്രയോജനശൂന്യമായ വസ്തുവും ഏഴുവർഷം സൂക്ഷിച്ചുവച്ചാൽ ഏതെങ്കിലുമൊരു ദിവസം അതു പ്രയോജനം ചെയ്യുമെന്നു പറയാറുണ്ട്. ഏഴുവർഷമല്ല ഏഴായിരം ശതാബ്ദങ്ങൾ കഴിഞ്ഞാലും റുഷ്ദിയുടെ ഈ നോവൽകൊണ്ടു മനുഷ്യനു് ഒരു പ്രയോജനവും ഉണ്ടാകുകില്ല. അത്രയ്ക്കു വിരൂപമാണത്. (The Ground Beneath Her Feet, Salman Rushdie, Jonathan Cape.)

എന്തുകൊണ്ടു്?

വിശ്വവിഖ്യാതനായ സാഹിത്യകാരൻ കാറൽ ക്രൗസിനെക്കുറിച്ച് (Karl Krause) സാഹിത്യത്തിനുള്ള നോബൽസ്സമ്മാനം നേടിയ കനേറ്റിയുടെ ജീവചരിത്രത്തിൽ പ്രതിപാദിച്ചതു വായിച്ചയുടനെ ഞാൻ കനേറ്റിയുടെ ജീവചരിത്രം താഴെവച്ചിട്ട് ക്രൗസിന്റെ “Last Days of Mankind” എന്ന മഹാനാടകം അന്വേഷിക്കാൻ തുടങ്ങി. അതു കിട്ടിയില്ല. ഓസ്റ്റ്രിയൻ സാഹിത്യകാരനായ ക്രൗസ് ഓസ്റ്റ്രിയയിലെ നഗരമായ വീയന്നയുടെ ജീർണ്ണതയെക്കുറിച്ചാണു പറയുന്നതെന്നു നിരൂപകരിൽ നിന്നു മനസ്സിലാക്കിയ ഞാൻ വീയന്നയിൽ താമസിച്ച ഷ്നിറ്റ്സ്ലറുടെ പത്തു രംഗങ്ങളുള്ള La Ronde എന്ന നാടകത്തെക്കുറിച്ച് ഓർമ്മിക്കുകയായി. ഒരിക്കൽ ഞാനതു വായിച്ചതാണ്. ഇപ്പോൾ വീണ്ടും വായിച്ചു.ലൈംഗികത്വത്തിന്റെ അതിപ്രസരമുണ്ടെങ്കിലും അശ്ലീലതയുടെ തലത്തിലേക്കു താഴാത്ത ആ നാടകത്തിന്റെ പാരായണം എന്നെ ആഹ്ലാദിപ്പിച്ചു. ആ നാടകം താഴെ വയ്ക്കുന്നതിനുമുൻപു് എന്റെ ഓർമ്മയിൽ ഓടിക്കയറിയത് ഷ്നിറ്റ്സ്ലറുടെ ‘Fraulein Else’ എന്ന ദീർഘമായ കഥയാണ്. ബോധധാരസമ്പ്രദായം സ്വീകരിച്ചു രചിക്കപ്പെട്ട ആ കഥ എന്നെ വീണ്ടും രസിപ്പിച്ചു. ‘മനമോടാത്ത’കുമാർഗ്ഗമില്ല എന്നല്ലേ കവി പറയുന്നത്. കുമാർഗ്ഗത്തിലൂടെയല്ലെങ്കിലും ഞാൻ സ്വിസ്സ് നാടകകർത്താവും കഥാകാരനുമായ ഡൂറൻമാറ്റിന്റെ “A Dangerous Game” എന്ന നിസ്തുലമായ കഥയെക്കുറിച്ച് സ്മരിക്കുകയായി. ഒന്നുകൂടെ വായിക്കണമെന്ന ആഗ്രഹമുണ്ടായെങ്കിലും പുസ്തക്കം കൈയിലില്ലാത്തതുകൊണ്ട് ആ ആഗ്രഹം അടക്കി വക്കേണ്ടിവന്നു. എന്റെ പുസ്തകവായനയുടെ വികടത്തം നോക്കുക. ക്രൗസിൽ തുടങ്ങിയ ഞാൻ ഡൂറൻമാറ്റിൽ വന്നുനിന്നു. ഇതിനുശേഷമാണു് ‘മാധ്യമം’ വാരികയിലെ ‘ആകാശവും അനീഞ്ഞയും’ എന്ന കഥ വായിച്ചത് (കെ.വി. മോഹൻകുമാർ എഴുതിയത്). ജയിലിൽ വച്ചു കൊല്ലപ്പെട്ട ഒരു പാവത്തിനെക്കുറിച്ചാണ് കഥ. മരണാനന്തര പരിശോധനയ്ക്കുവേണ്ടി ശവത്തിന്റെ വയർ കീറുമ്പോൾ സ്വാതന്ത്ര്യത്തിന്റെ അമ്പത്തിയൊന്നാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ബഹളം രാജരഥ്യയിൽ. പോസ്റ്റുമോർട്ടം പരിശോധനയെയും പിറന്നാൾ ആഘോഷത്തെയും കൂട്ടിയിണക്കി നിഗ്രഹിക്കപ്പെട്ടവന്റെ നേർക്കുള്ള സഹതാപത്തിന്റെ സാന്ദ്രത വർദ്ധിപ്പിക്കുന്ന കഥാകാരന്റെ മിടുക്ക് ആദരണീയം. കഥ മോശമല്ല. പക്ഷേ വേറൊരു കഥയുടെ പാരായണത്തിലേക്ക് എന്തുകൊണ്ട് ഇക്കഥ എന്നെ നയിക്കുന്നില്ല. ഒ.വി. വിജയന്റെ ‘കടൽത്തീരത്ത്’ എന്ന കഥ വായിച്ചാൽ എനിക്ക് അദ്ദേഹത്തിന്റെ ‘കാറ്റു പറഞ്ഞ കഥ’ വായിക്കണമെന്നു തോന്നും. തമിഴ് സാഹിത്യകാരൻ മൗനിയുടെ എരു ചെറുകഥ വായിച്ചുകഴിഞ്ഞാൽ അദ്ദേഹത്തിന്റെ എല്ലാക്കഥകളും വായിക്കണമെന്നു എനിക്കു തോന്നുന്നു. പക്ഷേ മോഹൻകുമാറിന്റെ വേറൊരു കഥ വായിക്കണമെന്ന് എനിക്കു തോന്നുന്നില്ല എന്തുകൊണ്ട്?

അറിഞ്ഞാൽ നന്ന്

ഭാവവും രൂപവും ഒരുമിച്ചു ചേർന്നു് അന്തഃസ്ഥിതമായ ചൈതന്യമുണ്ടാകുമ്പോഴാണ് കഥ കലാസൃഷ്ടിയാകുന്നത്.

കുറച്ചുവർഷം, മുൻപ് ഞാൻ ഒമാനിൽ പോയപ്പോൾ ഞാനൊരു കേമനാണെന്നു മറ്റുള്ളവർക്കു തോന്നാൻ വേണ്ടിയായിരിക്കണം കേരള കൾച്ചറൽ സെന്ററിന്റെ പ്രസിഡന്റ് സി. എൻ. പി. നമ്പൂതിരി വലിയ ഒരു ‘പത്രസമ്മേളനം’ ഏർപ്പാടു ചെയ്‌തു. പത്തോ പന്ത്രണ്ടോ പ്രതിനിധികളുണ്ടായിരുന്നു. ഒരാൾ സായ്‌പ് അദ്ദേഹം ആനി ബെസന്റിന്റെ ‘ഗ്രാന്റ് സൺ; ആണെന്നു ആരോ എന്നെ അറിയിച്ചു. (പൗത്രനോ ദൗഹിത്രനോ? അതറിഞ്ഞുകൂടാത്തതുകൊണ്ട് ഗ്രാന്റ് സൺ എന്നു പ്രയോഗിക്കുന്നു.) അപ്പോൾ ഞാൻ അദ്ദേഹത്തോടു പറഞ്ഞു: “ഞാൻ ആലപ്പുഴെ സനാതനധർമ്മവിദ്യലയത്തിൽ പഠിച്ചിട്ടുണ്ട്. അവിടെ ആനി ബസന്റ് ഹോളുണ്ട്.” സായ്‌പിന്റെ സന്തോഷം കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ഉടനെ വരുന്നു ഒരു വലിയ അറബിപ്പത്രത്തിന്റെ പ്രതിനിധിയായ് ഒരു പാകിസ്ഥാൻകാരനിൽ നിന്നു സാംഗത്യമില്ലാത്ത ചോദ്യം: “What is your age?” എന്റെ പറുപടി: “More than seventy” എന്നിട്ടു നേരമ്പോക്കിനു വേണ്ടി ഇത്രയും കൂട്ടിച്ചേർത്തു. “A man over seventy can die at any time.” പാകിസ്ഥാൻകാരനു നർമ്മബോധമില്ല. അദ്ദേഹം വീണ്ടും: “But your hair is black. Are you dyeing your hair so that you may seem young?” എന്റെ മുഖം തലമുടിയെക്കൾ കറുത്തു. എങ്കിലും “Habit. That is all” എന്നറിയിച്ചു. പാകിസ്ഥാൻ‌കാരൻ വിട്ടില്ല: “A dirty habit” എന്ന് അദ്ദേഹം മൊഴിയാടി വീണ്ടും ചോദ്യം: What is your opinion about Rajeev Gandhi?”

ഞാൻ
Inefficient
അദ്ദേഹം
Indira Gandhi?
ഞാൻ
Efficient but cruel
അദ്ദേഹം
Jawaharlaal Nehru?
ഞാൻ
Great man. Compssionate too.

പാകിസ്ഥാൻകാരനു നെഹ്റുവിനെ മഹാനായും ദയാശീലനായും ഞാൻ കണ്ടതു ഇഷ്‌ടപ്പെട്ടില്ല. അതുകൊണ്ട് നെഹ്റുവിന്റെ ദയ ഏതു തരത്തിലെന്നു കാണിക്കാനായി ഞാൻ ഒരു യഥർഥസംഭവം പറഞ്ഞു. പ്രധാനമന്ത്രിയായിരുന്ന നെഹ്റു മറ്റു മന്ത്രിമാരോടും ഉദ്യോഗസ്ഥന്മാരോടും കൂടി വിമാനത്താവളം പരിശോധിക്കുകയായിരുന്നു. അപ്പോൾ ഒരു വിമാനത്തിന്റെ പ്രൊപ്പെല്ലറിനു നേരെ താഴെയായി ഒരു പ്യൂൺ നിൽക്കുന്നതു അദ്ദേഹം കണ്ടു. നെഹ്റുവിനും ശിപായിക്കുമടയ്ക്കുള്ള ദൂരം ഏതാണ്ട് അര ഫർലോങ്. എങ്കിലും സെക്യിരിറ്റി സ്റ്റാഫിനെ തള്ളിമാറ്റിക്കൊണ്ട് നെഹ്റു അയാളുടെ അടുക്കലേയ്‌ക്കു ഓടിച്ചെന്ന് അയ്യാളെ പിടിച്ചുമാറ്റിക്കൊണ്ടു പറഞ്ഞു: ഏതു സമയത്തും പ്രൊപ്പെല്ലർ കറങ്ങാം നിങ്ങളുടെ തല തെറിച്ചുപോകും. “നെഹ്രുവല്ലാതെ വേറൊരു പ്രധാനമന്ത്രിയും ഇത് ചെയ്യുമായിരുന്നില്ല എന്നു ഞാൻ പറഞ്ഞപ്പോൾ പാകിസ്ഥാൻകാരന്റെ ദേഷ്യം വളരെക്കൂടി. സന്ദർഭത്തിനു യോജിക്കാത പലതും പറഞ്ഞുപോയി. വായനക്കാർ ക്ഷമിക്കണം. സ്വാഭാവികതയുണ്ട് നരച്ച തലമുടിക്ക്. പക്ഷേ കറുപ്പിച്ച മുടിക്ക് പ്രായം കുറച്ചു കാണിക്കാനുള്ള ശക്‌തിയുമുണ്ട്. സഹിത്യത്തിനും ഇതു ചേരും. ‘സ്‌ത്രീ നോക്കുന്നു’ എന്നു എഴുതിയാൽ ചാരുതയില്ല. അതു നരച്ച തലമുടി പോലെയാണ്. എന്നാൽ ‘കാമിനി കടാക്ഷിക്കുന്നു’ എന്നു പറഞ്ഞാൽ ഭംഗിയുണ്ട്. ഉക്‌തിക്ക് (1945-ൽ പി. കൃഷ്‌ണൻ നായരുടെ ‘കാവ്യജീവിതവൃത്തി’ വായിച്ച ഓർമ്മയിൽ നിന്ന്) ഈ പ്രസ്താവം ചായംതേച്ച തലമുടി പോലെ അൽപം ആകർഷകത്വം ജനിപ്പിക്കുന്നു. ഇതിനെയാണ് സാഹിത്യസംബന്ധിയായ ആവിഷ്കാരാമെന്നു പറയുക.

“സൽമാൻ റുഷ്‌ദിയുടെ നോവലുകളെ ഒറ്റവാക്കുകൊണ്ടു വിശേഷിപ്പിക്കാമോ?” “Immature”എന്ന ഇംഗ്ലീഷ് വാക്ക് ആ നോവലുകൾക്ക് ചേരും”

വളരെക്കാലമായി ഞാൻ കണ്ണൻമേനോന്റെയും ബേബി മേനോന്റെയും ചെറുകഥകൾ വായിക്കുന്നു. എല്ലാം നരച്ച മുടിപോലെയാണ്. പച്ചയായിപ്പറഞ്ഞാൽ സാഹിത്യംഭംഗി ഇല്ലെന്നു പറയണം അവരുടെ ‘പാവമണി’ എന്ന കഥ വായിക്കുക. വീട്ടു ജോലിക്കാരെ കിട്ടാൻ വൈഷമ്യമുള്ള സമയത്ത് ആകർഷകത്വവും മിടുക്കുമുള്ള പാവമണി എന്ന ചെറുപ്പക്കാരിയെ ജോലിക്കായി കിട്ടുന്നു ഒരു കൂട്ടർക്ക്. ഗൃഹനായികയ്‌ക്ക് അവളോട് വലിയ കാര്യം. അങ്ങനെയിരിക്കെ അവൾ ജോലിക്കു വരാതെയാവുന്നു. ഒരു ദിവസം വിലങ്ങുവെച്ച പാവമണിയെ പൊലീസ് കൂട്ടിക്കൊണ്ടുവരുന്നു. അവൾ “തമിഴ്‌പുലികളുടെ വനിതാ നേതാവാണത്രേ. നിയമമനുസരിച്ചു ഗൃഹനായകനെ അറസ്റ്റു ചെയ്യാം. അയാൾ ബോധരഹിതനാവുമ്പോൾ കഥ തീരുന്നു. (കലാകൗമുദിയിലാണ് കഥ) സംഭവവിവരണം എന്ന അധമതലത്തിൽ നിന്ന് ഒരു മിലിമീറ്റർ പോലും ഉയരാത്ത ഇക്കഥ സാഹിത്യലോകത്തു പ്രവേശിക്കുന്നില്ലെന്നു എനിക്കും എന്നെപ്പോലെയുള്ള അധ്യാപകർക്കും മാത്രമല്ല ചുമടെടുക്കുന്നവർക്കും കയ്യാല വയ്‌ക്കുന്നവർക്കും പച്ചക്കറി വില്പനക്കാർക്കും മനസ്സിലാകും. ഇത്തരം കഥകൾക്ക് സാഹിത്യത്തിൽ സ്ഥാനമില്ലെന്ന് കണ്ണൻമേനോനും ബേബി മേനോനും അറിഞ്ഞാൽ നന്ന്.

ചോദ്യം, ഉത്തരം

Symbol question.svg.png ഇനത്തെ സദാചാരഭ്രംശത്തിന് കാരണമെന്ത്?

നിയമങ്ങൾ ഇപ്പോഴുമുണ്ട്. പക്ഷേ എല്ലാ രാജ്യങ്ങളും ദേശീയതയുടെ അതിരുകൾ ലംഘിച്ച് വിശാലതയുള്ള തലത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനാൽ രാജ്യത്തിന്റെ കർക്കശമായ നിയമങ്ങൾ ശിഥിലങ്ങളായി മാറുന്നു. ആ ശൈഥില്യമാണ് സന്മാർഗ്ഗഭ്രംശമുണ്ടാക്കുന്നത്. അൽഡസ് ഹക്‌സ്‌ലി “Brave New World Reviited” എന്ന പുസ്തകത്തിൽ പറയുന്നു ഓരോ രാജ്യത്തിന്റേയും ഭരണഘടന കടലാസ്സിൽ മാത്രമേയുള്ളൂവെന്ന്. അതിന്റെ നിയമങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരാനാവില്ല”

Symbol question.svg.png തിരുവനന്തപുരത്തു ആത്‌മഹത്യ ചെയ്യാൻ പറ്റിയ സ്ഥാനങ്ങളുണ്ടോ?

തിരുവനന്തപുരം പട്ടണത്തിൽ പല ഭാഗങ്ങളിലായി നഗരസഭ ചവറിടാനായി ചില വലിയ പെട്ടികൾ പോലെയുള്ള ഉപകണങ്ങൾ വച്ചിട്ടുണ്ട്. അവയിലേതെങ്കിലുമൊന്നിന്റെ അടുത്തു ചെന്നു നിങ്ങൾ നിന്നാൽ മതി. അസഹനീയമായ നാറ്റം കൊണ്ട് നിങ്ങൾ ബോധം കെട്ടുവീഴും. നിങ്ങളുടെ മൂക്കിൽക്കൂടെ നാറ്റം തുടരെത്തുടരെ കയറുന്നതുകൊണ്ട് പ്രാണൻ വൈകാതെ പോകും. തിരുവനന്തപുരത്തെ ഹജൂർക്കച്ചേരിയുടെ അടുത്തുള്ള എസ്. ബി.റ്റി. യുടെ മുന്നിൽ ഈ നാറ്റപ്പെട്ടി വച്ചിട്ടുണ്ട്. ഞാൻ മരിക്കാൻ മടി

ച്ച് അതിന്റെ അടുത്തുകൂടെ പോകാറില്ല. തിരുവനന്തപുരത്ത് ശാസ്തമംഗലം–പൈപ്പിന്മൂട് റോഡിന്റെ മദ്ധ്യഭാഗത്തായി ഈ പെട്ടിയുണ്ട്. അതിന്റെ അടുത്താണ് എന്റെ താമസം. അതിൽ നിന്ന് പുറപ്പെടുന്ന പൂതിഗന്ധം ശ്വസിച്ച് ഞാൻ മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു”

Symbol question.svg.png തനിക്ക് നന്മയും തിന്മയും വേർതിരിച്ചറിയൻ കഴിയുമോ?

താങ്കളുടെ ചോദ്യത്തിന്റെ രീതിയിൽ നിന്നുതന്നെ എനിക്ക് മനസ്സിലായി താങ്കൾക്ക് ആ തിരിച്ചറിവ് ഇല്ലെന്ന്. എന്റെ അച്ഛനമ്മമാർക്കും താങ്കളുടെ അച്ഛനമ്മമാർക്കും നന്മതിന്മകളെ വിവേചിക്കാൻ അറിഞ്ഞുകൂടാ. അപ്പോൾ എനിക്കും താങ്കൾക്കും അതറിയാൻ സാധിക്കുമോ?

Symbol question.svg.png ഛായാഗ്രഹണത്തെക്കുറിച്ച് എന്താണഭിപ്രായം?

ഛായാഗ്രഹണം — ഫോട്ടോഗ്രാഫി — സത്യമല്ല. ഒരിക്കൽ സുന്ദരിയായ ഒരു ചെറുപ്പക്കാരി അത്ര സുന്ദരിയല്ല്ലാത്ത ഒരു ചലച്ചിത്രതാരത്തോട് സംസാരിക്കുന്നത് ഞാൻ ടെലിവിഷനിൽ കണ്ടു. സുന്ദരിയല്ലാത്ത ചലച്ചിത്രതാരം അതിസുന്ദരിയായും ചോദ്യങ്ങൾ ചോദിച്ച യുവതി സൗന്ദര്യമില്ലാത്തവരായും കാണപ്പെട്ടു. ചോദ്യങ്ങൾ ചോദിച്ച സ്ത്രീയോട് ഞാൻ ഇതിനെക്കുറിച്ച് പറഞ്ഞപ്പോൽ അവർ പറഞ്ഞു: ‘ക്യാമറയുടെ ആംഗിൾ മാറ്റിയാൽ ഏത് സുന്ദരിയും വൈരൂപ്യമുള്ളവളാകും. അതേ മാറ്റം കൊണ്ട് സൗന്ദര്യമില്ലാത്തവർ സൗന്ദര്യമുള്ളവരായിത്തീരുകയും ചെയ്യും.’ ഇത് കരുതിക്കൂട്ടിയുള്ള പ്രവർത്തനം. ഒരു ദുഷ്ടചിന്തയുമില്ലാതെ എടുക്കുന്ന ഫോട്ടോയും സത്യാത്മകമല്ല.

Symbol question.svg.png സൽമാൻ റുഷ്ദിയുടെ നോവലുകളെ ഒറ്റവാക്കുകൊണ്ട് വിശേഷിപ്പിക്കമോ?

‘Immature’ എന്ന ഇംഗ്ലീഷ് വാക്ക് ആ നോവലുകൾക്ക് ചേരും.

Symbol question.svg.png മഹാഗ്രന്ഥങ്ങളും മഹദ്ഗ്രന്ഥങ്ങളും തമ്മിൽ എന്താണ് വ്യത്യാസം? അവ എങ്ങനെ നിങ്ങളെ സ്വാധീനിക്കുന്നു?

ആദ്യം നിങ്ങൾ പറഞ്ഞത് വലിയ ഗ്രന്ഥങ്ങൾ. രണ്ടാമത് പറഞ്ഞത് മഹാന്റെ ഗ്രന്ഥങ്ങൾ. മഹാഗ്രന്ഥം വായിച്ചാൽ ലോകത്തോട് നിങ്ങൾക്കുഌഅ ബന്ധത്തിന് ഉത്കൃഷ്ടം എന്നു വിളിക്കുന്ന മാറ്റം വരും.

ബാഹ്യശോഭ

ഫ്രഞ്ച് തത്വചിന്തകനും ശാസ്ത്രജ്ഞനും ഗണിതശാസ്ത്രത്തിൽ ‘പ്രോഡിജി’ യുമായ പാസ്കലിന്റെ ‘പാങ്സേ (Pensees)’ വായിച്ച ഓർമ്മ വച്ചുകൊണ്ടാണ് ഞാൻ ഇനിയുള്ള വരികൾ കുറിക്കുന്നത്. ബ്ലസ്സ് പസ്കലിന്റെ (Blaise Pascal, 1623–62) മരണത്തിനു ശേഷം 1670-ൽ പ്രസിദ്ധപ്പെടുത്തിയ ‘പാങ്സേ’ യിൽ മതം, തത്വചിന്ത ഇവയെസ്സംബന്ധിക്കുന്ന കുറിപ്പുകളും പ്രബന്ധങ്ങളുമുണ്ട്. അതിലൊരിടത്ത് ഡോക്ടർമാർ സവിശേഷതയാർന്ന വസ്ത്രങ്ങൾ ധരിച്ചില്ലെങ്കിൽ ലോകത്തെ പറ്റിക്കാൻ അവർക്ക് സാധിക്കില്ലെന്ന് പറഞ്ഞിട്ടുണ്ട് ശരിയല്ലേ? വെണ്മയാർന്ന കാലുറയും ഷേർട്ടും ഓവർകോട്ടുമൊക്കെ ധരിച്ച് കഴുത്തിൽ കുഴലും തൂക്കിയെത്തുന്ന ഡോക്ടർ ബഹുമാനം നേടും. കാഴ്ചക്കാരുടെ ആ ഡോക്ടർ തന്നെ മുണ്ടുമാത്രമുടുത്ത് അർദ്ധനഗ്നനായി വീട്ടിലിരുന്നാൽ അയാളെ കാണാൻ ചെല്ലുന്ന ഏതു രോഗിക്കാണ് ബഹുമനം തോന്നുക? ഡി. ജി. പി. ആയി ജോലിയിൽ നിന്ന് വിരമിച്ച എൻ. കൃഷ്ണൻ നായർ എന്റെ ശിഷ്യനല്ലെങ്കിലും ശിഷ്യനെപ്പോലെയാണ്. അദ്ദേഹം വിദ്യാർഥിയായിരുന്ന കാലത്ത് എന്റെ വീട്ടിൽ വരുമായിരുന്നു. ഞങ്ങൾ ചില സായാഹ്നങ്ങളിൽ ഒരുമിച്ച് നടക്കുമായിരുന്നു രാജരഥ്യയിലൂടെ. പിന്നീട് അദേഹം പോലീസുദ്യോഗസ്ഥനായി ക്രമേണ ഉയർന്നുയർന്ന് ഡി. ജി. പി. ആയപ്പോൾ എനിക്ക് അദ്ദേഹത്തെ ‘കൃഷ്ണൻ നായരേ’ എന്ന് വിളിക്കാൻ പേടിയായി. അദ്ദേഹം ഡി. ജി. പി. യുടെ യൂണിഫോം ധരിച്ച് കാറിൽ സഞ്ചരിക്കുമ്പോൾ ഫുട്പാത്തിലൂടെ നടക്കുന്ന ഞാൻ അദ്ദേഹത്തെ കണ്ടാൽ പേടിച്ച് മുഖം തിരിച്ചു കളയുമയിരുന്നു. അനാദരം കൊണ്ടല്ല. ഭയം കൊണ്ടു മത്രം. ഏതാനും മസങ്ങൾക്ക് മുൻപ് അദ്ദേഹം നമ്മുടെയൊക്കെ വേഷത്തിൽ കുട്ടികെളെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന പടം മലയാള മനോരമയിൽ വന്നത് കണ്ടപ്പോൾ എനിക്ക് ശ്വാസം നേരേവീണു. കൊല്ലത്തുചെന്ന് ഷേർട്ടും മുണ്ടും ധരിച്ച് വീട്ടിലിരിക്കുന്ന കൃഷ്ണൻ നായരെ കണ്ടാലെന്ത് എന്നുവരെ എനിക്ക് തോന്നിപ്പോയി. വേഷം നൽകുന്ന ബാഹ്യശോഭയ്ക്ക് തന്നെയാണ് പ്രാധാന്യം.

കാളിദാസന്റെ ‘മേഘസന്ദേശ’വും, ‘രഘുവംശ’വും, ‘ശാകുന്തള’വും അതിസുന്ദരങ്ങൾ. അതിനാൽ കാളിദാസൻ അതിസുന്ദരനായിരുന്നുവെന്ന് ഞാൻ കരുതുന്നു.

മറ്റു വാരികകളിൽ സ്ഥാനം ലഭിക്കാത്ത ചില ചെറുകഥകൾ മാതൃഭൂമി വാരികയിൽ മഷിപുരണ്ട് വരാറുണ്ട്. അവ കണ്ടാലുടനെ എനിക്ക് ബഹുമാനം ഉണ്ടാവുകയായി കഥാകാരന്മാരോട്. മാതൃഭൂമി വാരികയുടെ ഉത്കൃഷ്ടത എന്ന പരിവേഷം കഥാകാരന്റെ പേരിനും രചനയ്ക്കുമുള്ളതുകൊണ്ടാണ് ഈ ബഹുമാനം വായിച്ച് തീരുമ്പോൾ ആ പരിവേഷം അന്തർദ്ധാനം ചെയ്യുന്നു. പിന്നീട് ഞാൻ ചവറ്റുകുട്ടയാണ് അന്വേഷിക്കുന്നത്, കഥ കീറിയിടാനായി. അത്തരത്തിലൊരു കഥയാണ് ഈ ആഴ്ചത്തെ വാരികയിൽ വന്നിരിക്കുന്ന ‘നെഹ്രുവിന്റെ തീവണ്ടി’ എന്നത് (കഥാകാരൻ ഐസക് ഈപ്പൻ). ഭാരതത്തെ തീവണ്ടിയായി സങ്കല്പിച്ച് അതിൽ സഞ്ചരിക്കുന്ന ജവാഹറിനെ ബഹുമാനത്തോടെ നോക്കി ആധുനികകാലത്തെ ഭാരതത്തിന്റെ അവജ്ഞാപൂർവ്വം നോക്കുന്ന കഥാകാരൻ അഭിനന്ദനം അർഹിക്കുന്നു. പക്ഷേ കഥാകാരനെന്ന നിലയിൽ അദ്ദേഹം അർഹിക്കുന്നത് നിന്ദനം മാത്രം. കഥയിലെ വിവിധ സംഭവങ്ങളെ വികാരം കൊണ്ട് കഥാകാരൻ കൂട്ടിച്ചേർക്കുന്നില്ല. അതിനാൽ മോരും മുതിരയുമെന്ന പോലെ (ഈ ക്ലീഷേക്ക് — ബഹുപ്രയുക്തശൈലിക്ക് മാപ്പ് പറയുന്നു)ഇതിലെ വിഭിന്ന ഭാഗങ്ങൾ വേർതിരിഞ്ഞ് നിൽക്കുന്നു. ഭാവവും രൂപവും ഒരുമിച്ച് ചേർന്ന് അന്ത:സ്ഥിതമായ ചൈതന്യമുണ്ടാകുമ്പോഴാണ് കഥ കലാസൃഷ്ടിയാകുന്നത്. ഇക്കാര്യം ഐസക്ക് ഈപ്പന് അറിഞ്ഞുകൂടാ. കലയുടെ ആന്തരചൈതന്യമില്ലാത്ത പൊള്ളയായ രചനയാണ് ഇത്.

* * *

ഷെല്ലി, കീറ്റ്സ്, ബയറൺ, ചങ്ങമ്പുഴ ഇവർ സുന്ദരന്മരായിരുന്നു. അതുകൊണ്ട് അവരുടെ കവിതകളും സുന്ദരങ്ങൾ. ഗർട്രൂഡ് സ്റ്റൈൻ വൈരൂപ്യത്തിന് ആസ്പദം. അവരുടെ രചനകൾ വിരൂപങ്ങൾ. സ്റ്റീവൻ സ്പെൻഡറെ ഞാൻ കണ്ടിട്ടുണ്ട്. ഒരു തടിമാടൻ. ആ തടിമാടത്തം അദ്ദേഹത്തിന്റെ കവിതയിലുമുണ്ട്. ടാഗോർ, ഹരീന്ദ്രനാഥ് ചട്ടോപാധ്യായ ഇവർ സുന്ദരന്മാർ. അവരുടെ കവിതകൾ സുന്ദരങ്ങൾ. കാളിദാസന്റെ ‘മേഘസന്ദേശ’വും, ‘രഘുവംശ’വും, ‘ശാകുന്തള’വും അതിസുന്ദരങ്ങൾ. അതിനാൽ കാളിദാസൻ അതിസുന്ദരനായിരുന്നുവെന്ന് ഞാൻ കരുതുന്നു.