close
Sayahna Sayahna
Search

സാഹിത്യവാരഫലം 2001 12 14


സാഹിത്യവാരഫലം
Mkn-16.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2001 12 14
മുൻലക്കം 2001 12 07
പിൻലക്കം 2001 12 21
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

മനോരഞ്ജകമായ പുസ്തകമാണ് ഗുസ്താഫിന്റെ (Gustav Janouch) “Conversations with Kafka” എന്നത്. തിരുവനന്തപുരം പബ്ളിക് ലൈബ്രറിയില്‍ നിന്ന് ഞാന്‍ വായിക്കാനെടുത്ത ഇപ്പുസ്തകം കാലാവധി തീര്‍ന്നിട്ടും തിരിച്ചു കൊടുക്കാതെ പുതുക്കിയെടുത്ത് മൂന്നു മാസത്തോളം കൈയില്‍ വച്ചിരുന്നു. പിന്നെയും ‘റിന്യൂ’ ചെയ്യാന്‍ യത്നിച്ചപ്പോള്‍ ലൈബ്രറി അധികാരികള്‍ ഉച്ചത്തില്‍ ‘നോ’ എന്നു പറഞ്ഞു. അങ്ങനെ അതു തിരിച്ചു കൊടുക്കേണ്ടതായി വന്നു. പിന്നീട് നോക്കിയപ്പോള്‍ പുസ്തകം കാണാനില്ല. എങ്കിലും അതിലെ പല ഭാഗങ്ങളും എനിക്കു ഹൃദിസ്ഥങ്ങളാണ്. ഗുസ്താഫ് ഒരു ദിവസം കാഫ്കായോടൊരുമിച്ചു വന്നു. വീട്ടിനു സമീപം വച്ച് അവര്‍ ബ്രോറ്റിനെയും (Max Brod, 1884–1968, ജര്‍മ്മന്‍ നോവലിസ്റ്റ്, കാഫ്കായുടെ കൃതികള്‍ എഡിറ്റ് ചെയ്ത ആള്‍) അദ്ദേഹത്തിന്റെ ഭാര്യയെയും കണ്ടു. കുറച്ചുനേരം സംസാരിച്ചതിനു ശേഷം വൈകിട്ട് ഒരുമിച്ചു കൂടാമെന്നു തീരുമാനിച്ചിട്ട് അവര്‍ പിരിഞ്ഞു ബ്രോറ്റിന്റെ ഭാര്യയെ ഇഷ്ടപ്പെട്ടോ എന്നു് കാഫ്കാ, ഗുസ്താഫിനോടു ചോദിച്ചു. അദ്ഭുതകരമായ വിധത്തില്‍ നീലക്കണ്ണുകളുണ്ട് അവള്‍ക്കെന്നു ഗുസ്താഫ് മറുപടി നല്കി. കാഫ്കായ്ക വിസ്മയം. അദ്ദേഹം “ഉടനെ നിങ്ങള്‍ അത് കണ്ടുപിടിച്ചോ?” എന്നു സ്നേഹിതനോടു ചോദിച്ചു “ഞാന്‍ ആരെക്കണ്ടാലും കണ്ണുകള്‍ നോക്കും. വാക്കുകളേക്കാള്‍ അവ സാര്‍ത്ഥകങ്ങളാണു്” എന്നു് ഗുസ്താഫ്. കാഫ്കാ അതു കേട്ടില്ല. അദ്ദേഹം അകലെ നോക്കുകയായിരുന്നു. പിന്നീടു് കാഫ്കാ പറഞ്ഞു: “എന്റെ സ്നേഹിതന്മാര്‍ക്കെല്ലാം വിസ്മയദായകങ്ങളായ കണ്ണുകളുണ്ട്. ഞാന്‍ താമസിക്കുന്ന ഇരുട്ടറയില്‍ പ്രകാശം പ്രസരിപ്പിക്കുന്നതു് അവരുടെ കണ്ണുകളിലെ തിളക്കം മാത്രമാണു്. അതും കൃത്രിമമായ തിളക്കമത്രേ. കാഫ്കാ ചിരിച്ചു. ഗുസ്താഫിനു് കൈകൊടുത്തിട്ടു് വീട്ടിലേക്കു കയറിപ്പോയി. കാഫ്കാ പറഞ്ഞതില്‍ പ്രിയപ്പെട്ട വായനക്കാര്‍ മനസ്സിരുത്തണം. സ്നേഹിതരുടെ കണ്ണുകളിലെ തിളക്കം കൃത്രിമമാണ്. സുഹൃത്തുക്കള്‍ തമ്മിലുള്ള സ്നേഹം വെറും ഹിപ്പൊക്രസിയാണ്. സന്ദര്‍ഭം വരട്ടെ. ഒരു സ്നേഹിതന്‍ കൂടെ നടക്കുന്നവനെ ചതിക്കും. പ്രായമേറെയായ ഞാന്‍ ഈ സത്യം — സ്നേഹിതന്മാര്‍ വഞ്ചിക്കുന്നവരാണു് എന്നതു് — ഗ്രഹിച്ചിരിക്കുന്നു.

അവര്‍ ഒരിക്കലും പിരിയാത്ത സ്നേഹിതന്മാരായിരുന്നു. അടുത്തടുത്ത വീടുകളിലേ താമസിക്കൂ. ഒരുമിച്ച് സിനിമ കാണാന്‍ പോകും. അവരുടെ സഹധര്‍മ്മിണികളും കൂട്ടുകാര്‍. ഒരാളിന്റെ വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങള്‍ അടുത്ത വീട്ടിലെ സ്നേഹിതനു കൊടുത്തയയ്ക്കും. അവിടെ നിന്നു് ഇങ്ങോട്ടും. പണത്തിനു് പ്രയാസം വന്നാല്‍ ഒന്നു സൂചിപ്പിക്കുകയേ വേണ്ടു. ബാങ്കില്‍ കാറില്‍ച്ചെന്നു് ഭീമമായ സംഖ്യ എടുത്തു് ഒരു സുഹൃത്തു് മറ്റേ സുഹൃത്തിനു കൊടുക്കും. തിരിച്ചു അതു ചോദിക്കുന്ന പതിവില്ല. കൊടുത്താലായി, ഇല്ലെങ്കിലായി. അങ്ങനെയിരിക്കെ സര്‍ക്കാര്‍ അവരെ രണ്ടു സ്ഥലങ്ങളിലേക്കു മാറ്റി. ചാര്‍ജ്ജ് എടുത്തിട്ടു് രണ്ടുപേരും ശ്രമമായി ഒരു സ്ഥലത്തു തന്നെ വരാന്‍,. ആ യത്നം സഫലീഭവിച്ചു. അടുത്തടുത്തുള്ള വീടുകള്‍ വാടകയ്ക്കെടുത്തു രണ്ടുപേരും താമസമായി. പുതിയ സ്ഥലമായതുമില്ല. ഇങ്ങനെ കഴിയുമ്പോള്‍ അവരില്‍ ഒരാള്‍ പൊടുന്നനെ രാത്രി സമയത്തു മരിച്ചു. നേരം വെളുത്തപ്പോള്‍ മൃതദേഹം വരാന്തയില്‍ കിടക്കുന്നതു് ആളുകള്‍ കണ്ടു. കമ്പികള്‍ വേണ്ടത്തക്കവര്‍ക്കു് അയച്ചു അവര്‍. ബന്ധുക്കളും സ്നേഹിതരും വന്നുകൂടി. മരിച്ചയാളിന്റെ മിത്രം കരഞ്ഞുകൊണ്ടു് അങ്ങിങ്ങായി ഓടികയാണു്. അയാള്‍ പൊലീസു് ഡിപാര്‍ട്മെന്റിലെ ഉന്നതസ്ഥാനത്തിരിക്കുന്നു. അപ്പോള്‍ മരിച്ചയാളിന്റെ ബന്ധുവിനെ വിളിച്ചു് മൂന്നു ചെറുപ്പക്കാര്‍ കാതില്‍പ്പറഞ്ഞു: “ഇതുകണ്ടു് വിശ്വസിക്കരുത്. ഇയാള്‍ (ചരമമടഞ്ഞ ആളിന്റെ മിത്രം) കൊലപാതകിയാണു്. അദ്ദേഹത്തെ വിഷം കൊടുത്തു കൊന്നതാണു്. സ്ത്രീവിഷയകമായ എന്തോ തെറ്റിദ്ധാരണയാലാണു് അയാള്‍ ഈ പാതകം ചെയ്തതു്. അതിനാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധന കൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്നു് നിങ്ങള്‍ നിര്‍ബന്ധിക്കണം.” ഇതിനകം ആംബ്യുലന്‍സ് വന്നു. “ശവശരീരം വാഹനത്തില്‍ കയറ്റട്ടെ” എന്നു് ആപ്തമിത്രം ആജ്ഞാപിച്ചു. അപ്പോള്‍ ബന്ധു പറഞ്ഞു: “സര്‍ ഇവിടെ പലര്‍ക്കും സംശയമുണ്ട് ഈ മരണത്തില്‍. പോസ്റ്റ്മോര്‍ട്ടം എക്സാമിനേഷന്‍ കഴിഞ്ഞിട്ടു മൃതശരീരം കൊണ്ടുപോകാം.” അതുകേട്ടു് പൊലീസുദ്യോഗസ്ഥന്‍ കോപിച്ചു. “എന്തു പറയുന്നു നിങ്ങള്‍?” എന്റെ ഏറ്റവും വലിയ കൂട്ടുകാരനാണു് മരിച്ചതു്. അദ്ദേഹത്തിന്റെ ശരീരം കീറിമുറിക്കാന്‍ ഞാന്‍ സമ്മതിക്കുകില്ല. തലയോടു ഇളക്കിനോക്കാന്‍ എന്റെ സമ്മതം കിട്ടുകില്ല. അനിയാ, ആംബ്യുലന്‍സില്‍ കേറിപ്പോ.” ഇത്രയും ആജ്ഞാപിച്ചിട്ടു് അയാള്‍ കീഴ്ജീവനക്കാരോടു കല്പിച്ചു്. “തൂണു വിഴുങ്ങിയവരെപ്പോലെ നില്ക്കുന്നതെന്തിനു്? ഡെഡ്ബോഡി എടുത്തു് വാനില്‍ക്കയറ്റു. (ബന്ധുവിനെ നോക്കി) അനിയാ നിങ്ങളും കൂടി കയറി ശവത്തിന്റെ അടുത്തിരുന്നുകൊള്ളു.” ഓഫീസറുടെ ആജ്ഞ അനുസരിക്കപ്പെട്ടു. ഡെഡ് ബോഡി കയറ്റിയ വാന്‍ മെല്ലെ നീങ്ങി. അതിനു വേഗം കൂടി.

നോവലും കഥയും ആകര്‍ഷക മാകുന്നതു് അവയില്‍ കലാംശം ഉള്ളതിനാലാണു്. ഭാവനയുടെ വ്യാപാരമാണു് ഈ കലാംശം പ്രദാനം ചെയ്യുക.

മാന്യവായനക്കാരേ, ഇത്രമാത്രമേയുള്ളു സ്നേഹിതരുടെ സ്നേഹം. സ്നേഹിതനാണോ അവന്‍ ചതിക്കും. സൂക്ഷിക്കു. ഈ ലോകത്തു് ഓരോ വ്യക്തിയും ഒറ്റയ്ക്കാണു്. ജനക്കൂട്ടത്തില്‍ നിന്നാലും അയാളുടെ ഏകാകിതയ്ക്കു ഭംഗം വരുന്നില്ല. ഇവിടെ സൗഹൃദമില്ല, ഓരോ വ്യക്തിയും ഒറ്റയ്ക്കു ജീവിക്കുന്നു. അവന്റെ/അവളുടെ ജീവിതം സംഘട്ടനം നിറഞ്ഞതാണ് — ഈ ആശയം വിശദമാക്കുന്ന മനോഹരമായ ഒരു കവിതയുണ്ട്, റോസ്സാറ്യോ കാസ്തെയാനോ സിന്റേതായി (Rosario Castellanos, 1925–1974, Mexican Poet, സ്ത്രീ). കവിതയുടെ പേരു് ‘Chess’ എന്നു്.

Because we were friends and sometimes loved each other,
perhaps to add one more tie
to the many that already bound us,
we decided to play games of the mind

We set up a board between us
equally divided into pieces, values, and possible moves.
We learned the rules, we swore to respect them,
and the match began,

We’ve been sitting here for centuries, meditating ferociously
how to deal the one last blow that will finally
annihilate the other one for ever

സ്നേഹിതരുടെ സ്നേഹം ചതുരംഗക്കളിയിലൂടെ കൂടുതല്‍ ദൃഢതയാര്‍ജ്ജിക്കുമെന്ന സങ്കല്പത്തോടുകൂടി അവര്‍ കളിയാരംഭിക്കുന്നു. പക്ഷേ, കളി മുന്നോട്ടു പോകുന്തോറും രണ്ടുപേര്‍ക്കും ശത്രുതയുണ്ടാകുന്നു. കളി അവസാനിക്കുമ്പോള്‍ അവര്‍ ശത്രുക്കളായി മാറുന്നു. വിനോദാത്മകമായ മാത്സര്യം ആദ്യം. അതു് ഹിംസാത്മകമായ മാത്സര്യമാകുന്നു പിന്നീടു്.

ജീവിതസമരം നടക്കുന്ന ഈ ലോകത്തെ ചതുരംഗപ്പലകയാക്കി മാറ്റി കവി നൂതനമായ ഉള്‍ക്കാഴ്ചയോടെ അസാധാരണമായ പൊയറ്റിക് വിഷനിലൂടെ നമ്മളെ മറ്റൊരു ലോകത്തിൽ എത്തിക്കുന്നു. റോസ്സാറ്യോയുടെ ഈ കവിതപോലെ എനിക്കൊരു കവിത എഴുതാന്‍ സാധിച്ചെങ്കില്‍!

ചോദ്യം, ഉത്തരം

Symbol question.svg.png “മയകോവ്സ്കിയോ ലൊര്‍കയോ? വിപ്ലവകവികളെന്ന നിലയില്‍ നിങ്ങള്‍ ആരെ അംഗീകരിക്കുന്നു?”

“ലൊര്‍കയെ റഷ്യന്‍ വിപ്ലവത്തില്‍ തന്നെ കണ്ടെത്തിയ കവിയായിരുന്നു മയികോഫ്സ്കി. ആ വിപ്ലവമുണ്ടായില്ലെങ്കില്‍ അദ്ദേഹം ആവിര്‍ഭവിക്കുമായിരുന്നില്ല. ലൊര്‍ക സ്വതന്ത്രനായി പ്രത്യക്ഷനായ മഹാകവിയാണു്. അദ്ദേഹത്തിന്റെ ‘രക്തവിവാഹം’ എന്ന നാടകം അതിസുന്ദരമാണു്. “മിസ്റ്ററി ബുഫ്” എഴുതാനേ മയികോഫ്സ്കിക്കു കഴിയൂ. അതു് കലാത്മകമല്ല. ലൊര്‍കയുടെ നാടകം അദ്ദേഹത്തിന്റെ ആത്മാവു തന്നെ കലയായി മാറിയതാണു്.”

Symbol question.svg.png “നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണു് സ്യൂഡോ രചന എന്നതു്. ഇതിന്റെ അര്‍ത്ഥം എന്താണു്?”

“ഞാന്‍ അതു പല തവണ വ്യക്തമാക്കിയിട്ടുണ്ടു്. ഇനിയും പറഞ്ഞാല്‍ ആവര്‍ത്തനമായി വരും. ഉദാഹരണം നല്കാം. ഈ ആഴ്ചത്തെ മാതൃഭൂമി വാരികയില്‍ ബാലകൃഷ്ണന്‍ ‘സൈഡ് ബിസിനസ്’ എന്നു് പേരുള്ള കവിത എഴുതിയിട്ടുണ്ടു്. സ്യൂഡോ രചനയ്ക്കു് അതു മതിയായ ഉദാഹരണമാണു്.”

Symbol question.svg.png “സാമുവല്‍ ബക്കറിന്റെ ‘Waiting for Godot’ നല്ല നാടകമല്ലേ? അതിലെ ഗോഡോട്ട് ആരാണു്?”

“വെയ്റ്റിങ് ഫോര്‍ ഗദോ നാടകമേയല്ല. ഷെയ്ക്സ്പിയറിന്റെ King Lear ഉളവാക്കുന്ന പരമഫലം ബക്കറിന്റെ ഈ രചന പ്രദാനം ചെയ്യുമോ? ഗദോ ഈശ്വരനാണെന്നു് തോന്നുന്നു. എന്റെ തോന്നലാണേ. ശരിയാവാം. തെറ്റാവാം.”

Symbol question.svg.png “അത്യന്താധുനിക കവിത?”

“എനിക്കൊരു ഇംഗ്ലീഷ് പ്രഫെസറെ പരിചയമുണ്ടു്. അദ്ദേഹം കൂടക്കൂടെ dilapidated catastrophe എന്നു കുട്ടികളെ നോക്കി പറയുമായിരുന്നു. അതിന്റെ അര്‍ത്ഥമെന്തെന്നു് ഞാനൊരിക്കല്‍ അദ്ദേഹത്തോടു ചോദിച്ചു. പുള്ളിക്കാരന്‍ കണ്ണു മിഴിച്ചു നിന്നു. ഇംഗ്ലീഷ് പ്രഫെസറുടെ dilapidated Catastrophe ആണു് നവീന മലയാള കവിത.”

Symbol question.svg.png “വായനക്കാരുടെ ഗ്രന്ഥപാരയണശീലത്തെ വികലമാക്കുന്നു. നിങ്ങളുടെ കോളമെന്നു് പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിരിക്കുന്നു. എന്താണഭിപ്രായം?”

“അദ്ദേഹത്തിന്റെ ‘ക്ഷേത്രവിളക്കുകള്‍’ എന്ന മനോഹരമായ കഥയെക്കുറിച്ച് ഞാന്‍ പണ്ടു് എഴുതിയിരുന്നു. കുഞ്ഞബ്ദുള്ള പറയുന്നതു ശരിയാണെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ കഥ സുന്ദരമാണെന്നു് എഴുതി വായനക്കാരെ വഴിതെറ്റിക്കുകയായിരുന്നല്ലോ. കണ്ണൂരില്‍ വച്ചു് എന്നെ അഭിനന്ദിക്കാന്‍ കൂടിയ സമ്മേളനത്തില്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള പ്രഭാഷകനായിരുന്നു. അന്നു് അദ്ദേഹം സാഹിത്യവാരഫലത്തെ പ്രശംസിച്ചു. എനിക്കു് സംശയം. കുഞ്ഞബ്ദുള്ള അന്നു പറഞ്ഞതാണോ സത്യം, അതോ ഇപ്പോള്‍ പറയുന്നതോ?”

Symbol question.svg.png “സ്നേഹിക്കൂ, സ്നേഹിക്കൂ എന്നു് നിരന്തരം ഉദ്ഘോഷിക്കുന്നു ചില സ്ത്രീകള്‍. താങ്കളെന്തു പറയുന്നു?”

“ഹിപ്പൊക്രസി.”

ഭാവന

പത്രത്തില്‍ വരുന്ന വലിയ തലക്കെട്ടുകള്‍ നിങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ. രാത്രി കിടക്കയില്‍ എഴുന്നേറ്റിരുന്നു് കരയുന്ന എഴുത്തുകാരനാണു് യാഥാര്‍ത്ഥത്തില്‍ എഴുത്തുകാരന്‍.

റ്റാഗോറിന്റെ ഒരു കവിതയുടെ ഭാഷാന്തരീകരണം നല്കട്ടെ:

“പ്രഭാതത്തില്‍ ചേങ്ങല പത്തു തവണ ശബ്ദിക്കുമ്പോള്‍ ഞാന്‍ പാതയിലൂടെ നടക്കുന്നു വിദ്യാലയത്തിലേക്ക്. എന്നും കൊണ്ടുനടന്നു വില്ക്കുന്നവന്‍ ‘വളകള്‍, കുപ്പിവളകള്‍’ എന്നു വിളിക്കുന്നതു് ഞാന്‍ കേള്‍ക്കുന്നു. അയാളെ കാണുന്നു. തിടുക്കത്തില്‍ പോകാന്‍ അയാള്‍ക്ക് ആഗ്രഹമില്ല. നൂതനമായി പാത കണ്ടെത്തേണ്ടതുമില്ല. പോകാന്‍ പുതിയ സ്ഥലമില്ല. ഇന്ന സമയത്തു് വീട്ടിലെത്തണമെന്നുമില്ല.
പാതയില്‍ ‘വളകള്‍, കുപ്പിവളകള്‍’ എന്നു വിളിച്ചുകൊണ്ടു് പകലാകെ നടക്കാന്‍ എനിക്കാഗ്രഹം.
വൈകുന്നേരം നാലു മണിക്കു് ഞാന്‍ വിദ്യാലയത്തില്‍ നിന്നു് തിരിച്ചു വരുന്നു. ആ വീട്ടിന്റെ ഗെയ്റ്റിലൂടെ എനിക്കു കാണാം ഉദ്യോനപാലകന്‍ തറ കുഴിക്കുന്നതു്. തനിക്കിഷ്ടമുള്ളതു് അയാള്‍ ചെയ്യുന്നു മണ്‍വെട്ടികൊണ്ടു്. പൊടികൊണ്ടു് അയാള്‍ സ്വന്തം വസ്ത്രങ്ങളില്‍ അഴുക്കു പുരട്ടുന്നു. വെയിലില്‍ നിന്നു് പൊരിഞ്ഞാലെന്തു്? മഴയേറ്റു നനഞ്ഞാലെന്തു്? ആരും അയാളെ വഴക്കു പറയുന്നില്ല. ആരും തടസ്സപ്പെടുത്താതെ പൂന്തോട്ടത്തില്‍ തറ കുഴിക്കുന്ന പൂന്തോട്ടക്കാരനാകാന്‍ എനിക്കു ആഗ്രഹം.
സന്ധ്യ കഴിഞ്ഞു. ഇരുട്ടാവുമ്പോള്‍ അമ്മ എന്നെ ഉറങ്ങാനായി അയയ്ക്കുന്നു. സൂക്ഷിപ്പുകാരന്‍ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതു് എനിക്കു ജന്നലില്‍ക്കൂടി കാണാം. പാത ഇരുണ്ടതു്. അതു് ജനരഹിതവും തെരുവിളക്കു്, ശിരസ്സില്‍ ഒരു ചുവന്ന കണ്ണുമായി രാക്ഷസനെപ്പോലെ നില്ക്കുന്നു. സൂക്ഷിപ്പുകാരന്‍ വിളക്കു് അങ്ങോട്ടുമിങ്ങോട്ടും ആട്ടി അയാളുടെ വശത്തുള്ള നിഴലോടുകൂടി നടക്കുന്നു. ജീവിതത്തില്‍ അയാള്‍ ഉറങ്ങാന്‍ പോയിട്ടില്ല. രാത്രി മുഴുവന്‍ തെരുവുകളില്‍ നടന്നു് വിളക്കോടുകൂടി നിഴലുകളെ വേട്ടയാടുന്ന സൂക്ഷിപ്പുകാരന്‍ ആകാന്‍ എനിക്കാഗ്രഹം.

കുഞ്ഞുങ്ങള്‍ക്കു ഭാവനാശക്തി കൂടുതലാണു്. ചെറിയ കാറ്റേറ്റ് തീരയിളകുന്ന കളത്തില്‍ സൂര്യപ്രകാശം വീണു തിളങ്ങിയാല്‍ ‘കുളം എന്നെ നോക്കി ചിരിച്ചു്’ എന്നു കുട്ടി പറയും. ഒരു പ്രായമെത്തുമ്പോള്‍ ഈ ശക്തിവിശേഷം നശിച്ചു പോകുമെന്നേയുള്ളു. ഇക്കവിതയില്‍ കുട്ടി ഓരോന്നും ഭാവനയില്‍ക്കണ്ടു് അതിനെ സാക്ഷാത്കരിക്കാന്‍ യത്നിക്കുന്നു. നിത്യജീവിതത്തിലെ ക്ഷുദ്രസംഭവങ്ങളിലൂടെ ഭാവനാത്മകമായ ലോകങ്ങളില്‍ പ്രവേശിക്കുകയാണു് കുട്ടി.

പി.എന്‍. വിജയന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ‘ഉത്തരങ്ങള്‍ ശരിപ്പെട്ടുവരുമ്പോള്‍’ എന്ന കഥയില്‍ ക്ഷുദ്ര സംഭവങ്ങള്‍ മാത്രമേയുള്ളു. ഭാവനയുടെ ലോകമില്ല. അതിനാല്‍ കഥ വായിച്ചു തീരുമ്പോള്‍ വൈരസ്യം. ചൈതന്യനാശം വന്ന ഒരു വ്യക്തിയാണു് കഥയില്‍ വന്നു നിന്നു് വായനക്കാരെ മെനക്കെടുത്തുന്നതു്. അയാള്‍ എഴുത്തുകള്‍ക്കു മറുപടി അയയ്ക്കുന്നവനല്ല. വിശേഷിച്ചു് കാര്യമൊന്നും ഉണ്ടായിട്ടല്ല. ജ‍‍ഡത ഒന്നിനും സമ്മതിക്കുന്നില്ല. അന്നു് ഏതായാലും മറുപടി എഴുതാന്‍ അയാള്‍ തീരുമാനിച്ചു. വാങ്ങിയ ഇന്‍ലന്‍ഡ് ലറ്റര്‍ അബോധാത്മക പ്രേരണയാല്‍ വഴിയില്‍ കളഞ്ഞിട്ടു നടന്നു. ആരോ അയാള്‍ക്ക് അതു എടുത്തു കൊടുത്തു. ഗൗരവാവഹങ്ങളായ കാര്യങ്ങളിലും അയാള്‍ക്കു തല്‍പരത്വം ഇല്ല. സുഹൃത്തു ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുകയാണ്. അയാളെ അന്വേഷിച്ചു പോകുന്നില്ല ആ മനുഷ്യന്‍. ബാങ്കില്‍ നിന്നു കടമെടുത്ത തുക മാസം തോറും തിരിച്ചടയ്ക്കാനും അയാള്‍ക്കു മടി. ഇങ്ങനെ ‘ലെതര്‍ജി’യെ (ജാഡ്യം) കാണിക്കുന്ന പല സംഭവങ്ങള്‍ നിരത്തുന്നു വിജയന്‍. ഒടുവില്‍ തീരുമാനത്തിലെത്തുന്നു അയാള്‍; എല്ലാം ഉത്സാഹപൂര്‍വ്വം അനുഷ്ഠിക്കാന്‍.

വിജയന്റെ കഥകളിലെ പ്രതിപാദ്യങ്ങള്‍ക്കു പുതുമയുണ്ടു്. ഒരിക്കലും അദ്ദേഹം വിഷയങ്ങള്‍ ആവര്‍ത്തിച്ചു കണ്ടിട്ടില്ല. പക്ഷേ, അദ്ദേഹത്തിന്റെ കഥകള്‍ സാഹിത്യമണ്ഡലത്തില്‍ പ്രവേശിക്കുന്നവയല്ല. ഇതിനു കാരണം രചനയുടെ ആന്തരമണ്ഡലം കലാത്മകമല്ല എന്നതാണു്. നോവലും കഥയും ആകര്‍ഷകമാകുന്നതു് അവയില്‍ കലാംശം ഉള്ളതിനാലാണു്. ഭാവനയുടെ വ്യാപാരമാണു് ഈ കലാംശം പ്രദാനം ചെയ്യുക. പി.എന്‍.വിജയനു് ഭാവനകലര്‍ത്തി മാന്ത്രികത്വം സൃഷ്ടിക്കാനറിഞ്ഞുകൂടാ. അദ്ദേഹം ശുഷ്കപ്രസ്താവങ്ങള്‍ ഒരുമിച്ചു കൂട്ടി അതിനെ കഥയെന്നു് വിളിക്കുന്നു.

സ്പര്‍ശത്തിനു വേണ്ടി

അയാള്‍ കുപ്രസിദ്ധനായ സ്ത്രീജിതനാണു്. സുന്ദരി ആയിരിക്കണമെന്നില്ല. ഒരു കമ്പില്‍ സാരി ചുറ്റി അയാളുടെ മുന്‍പില്‍ വച്ചാല്‍ മതി. അതിനെ നോക്കി ചാളുവ (ഉമിനീരു്, ഗ്രാമ്യപ്രയോഗം) ഒഴുക്കിക്കൊണ്ടിരിക്കും. ഒരിക്കല്‍ അയാളുമൊരുമിച്ചു് ഒരു മീറ്റിങ്ങിനു പോകാനുള്ള ദൗര്‍ഭാഗ്യം എനിക്കുണ്ടായി. കാണാന്‍ കൊള്ളാവുന്ന ഒരു ചെറുപ്പക്കാരിയുമുണ്ടായിരുന്നു. സ്ത്രീജിതന്‍ അധ്യക്ഷനായിരുന്നു. ഞാന്‍ പതിനായിരം തവണ കേട്ട അയാളുടെ പ്രസംഗം പതിനായിരത്തി ഒന്നാമത്തെ തവണ അന്നും കേട്ടു. ഞാന്‍ പ്രഭാഷണത്തിനു് എഴുന്നേറ്റൂ. എന്റെ ദോഷം കൂടക്കൂടെ ശ്ലോകമോ ദ്രാവിഡവൃത്തത്തിലുള്ള വല്ല പദ്യമോ ചൊല്ലുമെന്നതാണു്. അതിനെ ഡോക്ടര്‍ രാഘവന്‍ പിള്ള സദൃശമാക്കിക്കല്പിച്ചതു് പൊലീസുകാരന്‍ പുള്ളിയെ ഇടിക്കുന്നതിനോടാണു്. ഇടിയേറ്റു് പുള്ളി ബോധം കെടുമ്പോള്‍ അയാള്‍ക്കു വെള്ളം കൊടുക്കും. ബോധക്കേടു് മാറുമ്പോള്‍ പിന്നെയും ഇടി. എന്റെ പ്രഭാഷണത്തിലെ ഗദ്യഭാഗം ഇടിക്കു തുല്യം. ഇടിയേറ്റു് ശ്രോതാക്കള്‍ ബോധം കെടുമ്പോള്‍ ശ്ലോകം ചൊല്ലല്‍ എന്ന വെള്ളം കൊടുക്കല്‍. ഈ രീതി എനിക്കു മാറ്റാന്‍ കഴിയില്ല. അന്നും ഞാന്‍ കവിതകള്‍ ചൊല്ലിയാണു് പ്രസംഗിച്ചതു്. ഇരുന്നു കഴിഞ്ഞയുടനെ എന്റെ തൊട്ടടുത്തിരുന്ന യുവതിയോട് ‘എന്റെ പ്രസംഗമെങ്ങനെ ഇഫക്ടീവായോ?’ എന്നു ചോദിച്ചു. ഇതു് എന്റെ ദൗര്‍ബ്ബല്യമാണു്. ആ ദൗര്‍ബ്ബല്യത്തിനു് ശ്രീമതി ഇഫക്ടീവായ മറുപടി തന്നു. “സാറു് ഇടയ്ക്കിടെ പാട്ടു് എന്ന മട്ടില്‍ പരുക്കനായി കവിത ചൊല്ലിയില്ലേ? അതുകേട്ടു് സദസ്സിലുള്ളവര്‍ മിണ്ടാതിരുന്നു.” ഞാൻ പിന്നെ മിണ്ടിയതേയില്ല. മീറ്റിങ് തീര്‍ന്നു. കാറില്‍ യാത്രയായി. സ്ത്രീജിതനു് വഴിയില്‍ ഇറങ്ങണം. അയാള്‍ ഇറങ്ങിയപ്പോള്‍ ശ്രീമതിയും മര്യാദയുടെ പേരിലാവണം റോഡിലേക്ക് ഇറങ്ങി. സ്ത്രീജിതന്‍ വിദ്യുച്ഛക്തി വിളക്കില്ലാത്ത ആ പ്രദേശത്തുവച്ചു് അവളെയങ്ങു കെട്ടിപ്പിടിച്ചു. ചുംബിച്ചില്ല എന്നാണു് എനിക്കു തോന്നിയതു്. ആ ആശ്ലേഷസുഖത്തില്‍ അവള്‍ കാറിലേക്കു കയറി. കയറിയതേയുള്ളു ‘സാര്‍ സാറിന്റെ പ്രസംഗം ഒന്നാന്തരമായി. ചൊല്ലിയ കവിതകള്‍ ഭേഷ്. സാറ് പാട്ടു പഠിച്ചിട്ടുണ്ടോ’ എന്നൊക്കെ എന്നോടു പറഞ്ഞു. നേരത്തേ എന്നെ അപമാനിച്ചവളാണു്. ആലിംഗനം കണ്ടുപോയില്ലേ ഞാന്‍. അതുകൊണ്ടുള്ള മധുരവര്‍ത്തമാനമായിരുന്നു അതു്. കാര്‍ ശ്രീമതിയുടെ വീട്ടിന്റെ നടയില്‍ വന്നുനിന്നു. ‘സാര്‍ വീട്ടില്‍ കയറിയിട്ടു പോകാം’ എന്നു് എന്നെ തേനൊഴുകുന്ന ഭാഷയില്‍ ക്ഷണിച്ചു. ഞാന‍് മറുപടിയൊന്നും പറയാതെ ഡ്രൈവറെ ഒന്നു തോണ്ടി ‘കാറ് വീടു്’ എന്നു് ആജ്ഞാപിച്ചു. അയാള്‍ കാറ് വിട്ടു. യുവതി തലകുനിച്ചു് സ്വന്തം വീട്ടിലേയ്ക്കു കയറിപ്പോവുകയും ചെയ്തു.

വിദഗ്ദ്ധരായ മരം മുറിപ്പുകാര്‍ നമുക്കു വേണം. ആപത്തുണ്ടാക്കുന്ന വൃക്ഷങ്ങളെ വെട്ടിമാറ്റാനും സാഹിത്യഭൂമിയില്‍ നിന്നു് വലിയ മരങ്ങളെ വീഴ്ത്താനും.

ദൗര്‍ഭാഗ്യം ഒറ്റയ്ക്കല്ല വരുന്നതു്. അടിക്കടി വരുമതു്. മുകളിലെഴുതിയ സംഭവം കഴിഞ്ഞിട്ടു് ഒരു മാസമായില്ല. അതിനു മുന്‍പു് എനിക്കു് ആ സ്ത്രീജിതനോടൊരുമിച്ചു് അങ്ങു വടക്കൊരിടത്തു് ഒരു സ്ഥാപനത്തിലെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കുകൊള്ളേണ്ടതായി വന്നു. രണ്ടുനിലക്കെട്ടിടം, മുകളിലത്തെ ഹോളിലാണു് മീറ്റിങ്. പ്രവര്‍ത്തകര്‍ വന്നു വിളിച്ചപ്പോള്‍ ഞാനും അയാളും എഴുന്നേറ്റു. അപ്പോള്‍ അവിടത്തെ ഒരധ്യാപിക സ്ത്രീജിതനെ സമീപിച്ചു് “സാര്‍ എന്റെ സഹായം വേണോ കോണിപ്പടി കയറാന്‍?” എന്നു ചോദിച്ചു. “വേണം” എന്നു ദയനീയസ്വരത്തില്‍ അയാളുടെ മറുപടി. അവള്‍ അയാളുടെ കൈക്കു പിടിച്ചു പ്രാഞ്ചിപ്രാഞ്ചി സ്ത്രീജിതന്‍ നടക്കുകയാണു്. കോണിപ്പടി കയറിയപ്പോള്‍ അയാള്‍ അധ്യാപികയെ അങ്ങു് പുണര്‍ന്നു. അവളുടെ മുതുകില്‍ വച്ച കൈ കൂടക്കൂടെ പൃഥുലനിതംബത്തിലേക്കു പോരും. ഇങ്ങനെ മെല്ലെക്കയറി — വളരെ മെല്ലെയാണേ — അവര്‍ രണ്ടുപേരും ഹോളിലെത്തി. യവാവിനു പോലുമില്ലാത്ത ഊര്‍ജ്ജത്തോടെ അയാള്‍ പ്രസംഗിച്ചു. മീറ്റിങ് കഴിഞ്ഞപ്പോള്‍ അയാള്‍ കസേരയില്‍ അവശനായി വീണു. നാട്യം. ‘വെള്ളം വേണോ സാര്‍’ എന്നു് സംഘാടകരില്‍ ഒരുത്തന്റെ ഓണസ്റ്റായ ചോദ്യം. ‘വേണ്ട’ എന്നുത്തരം. അയാള്‍ക്കു വേണ്ടതു് ആ അധ്യാപികയുടെ സുഖസ്പര്‍ശമാണു്. അവള്‍ വന്നു. സ്ത്രീജിതന്‍ വീണ്ടും കെട്ടിപ്പിടിത്തം നടത്തി. കോണിപ്പടി ഇറങ്ങുമ്പോള്‍ അയാളുടെ കരതലം അവളുടെ നിതംബത്തിന്റെ ഔന്നത്യവും മാംസളത്വവുമറിഞ്ഞു. കാറിൽ കയറിയ ഞങ്ങള്‍ കൊല്ലത്തെത്തിയപ്പോള്‍ ഒരു ചായക്കടയുടെ മുന്‍പില്‍ നിന്നു. റോഡില്‍ നിന്നു് ചായക്കടയിലേക്കു അര ഫര്‍ലോങ് നടക്കണം. ദുര്‍ബ്ബലനായി നേരത്തേ നടിച്ച സ്ത്രീജിതന്‍ കുതിരക്കുട്ടിയെപ്പോലെ ഞങ്ങളുടെ കൂടെ നടന്നു. ഞാന്‍ രണ്ടു പൂരി തിന്നപ്പോള്‍ അയാള്‍ നാലു പൂരി അകത്താക്കി.

പെണ്ണിന്റെ സ്പര്‍ശം ആഹ്ലാദജനകമാണെന്നു് ഫ്രഞ്ചെഴുത്തുകാരന്‍ കമ്യൂവും പറഞ്ഞിട്ടുണ്ടു്. പൂവിന്റെ സ്പര്‍ശം ചെറുപ്പക്കാരിയായ സുന്ദരിയുടെ സ്പര്‍ശം ഇവ പുരുഷനെ ആഹ്ലാദത്തിന്റെ നീര്‍ക്കയത്തിലേക്കു് എറിയും എന്നാണു് കമ്യൂ എഴുതിയതു്. ഈ മധുരസ്പര്‍ശത്തിനു വഴിയില്ലാത്തവര്‍ മലയാളം വാരികയിലെ ‘കാനാനിലെ സുന്ദരി’ എന്ന കഥ വായിച്ചാല്‍ മതി. കാമോത്സുകതയുടെ അനുഭൂതിയുണ്ടാകും. അല്ലാതെ സാഹിത്യാസ്വാദനത്തിനു വേണ്ടി വായിക്കേണ്ടതില്ല. ഒരു സുന്ദരിയുടെ സാമീപ്യത്തിനും സ്പര്‍ശത്തിനും വേണ്ടി ഒരു പൊലീസുകാരന്റെ കൊതിയെ വര്‍ണ്ണിക്കുന്ന ഈ രചന കഥാ രചന എത്ര പ്രയാസമുള്ള പ്രക്രിയയാണെന്നു് നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. ഒരു പോയിന്റുമില്ലാതെ സെക്സ് എഴുതുന്നവര്‍ക്കു് ഇതു പ്രയാസരഹിതമായ പ്രക്രിയയാണെന്ന സത്യം അനുവാചകരെ ഗ്രഹിപ്പിക്കുകയും ചെയ്യുന്നു.

നിരീക്ഷണങ്ങള്‍

  1. ഗെറ്റേയുടെ ഏതോ ഗദ്യഗ്രന്ഥത്തില്‍ ഞാന്‍ വായിച്ചതാണിതു്. എഴുത്തുകാരന്‍ അര്‍ദ്ധരാത്രിയില്‍ ഉറക്കത്തില്‍ നിന്നെഴുന്നേറ്റു് കിടക്കയിലിരുന്നു കരയുന്നു. കാരണം ചോദിച്ചപ്പോള്‍ എഴുത്തുകാരനെന്ന നിലയില്‍ തനിക്കൊന്നും നേടാന്‍ കഴിഞ്ഞില്ലെന്നും അതുകൊണ്ടാണു് കരയുന്നതെന്നും മറുപടി പറഞ്ഞുവത്രെ. നമ്മുടെ എഴുത്തുകാര്‍ക്ക് ഇങ്ങനെ കരയേണ്ടതായി വരില്ല. തങ്ങള്‍ മഹാകവികളാണെന്നും മഹാനോവലിസ്റ്റുകളാണെന്നും അവര്‍ വിശ്വസിച്ചു കൊണ്ടാണു് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുന്നതു്. അവര്‍ പ്രഭാഷണങ്ങളില്‍ പറയുന്ന ‘കോമണ്‍പ്ലെയ്സാ’യ ആശയങ്ങള്‍ പത്രക്കാര്‍ സൗജന്യമാധുര്യത്തോടെ പ്രസിദ്ധപ്പെടുത്തും വലിയ അക്ഷരങ്ങളില്‍. കാലത്തു് ഉറക്കമെഴുന്നേറ്റു് പത്രങ്ങള്‍ കണ്ണു തിരുമ്മി വായിക്കുന്ന കവി അല്ലെങ്കില്‍ നോവലിസ്റ്റ് ‘എനിക്കിത്ര മഹത്ത്വം പത്രം കല്പിക്കുന്നല്ലോ. ഞാന്‍ ജീനിയസ് തന്നെ’ എന്ന വിശ്വാസത്തോടെ മധുരപ്പുഞ്ചിരിയോടുകൂടി നടക്കും. ബഹുജനവും പത്രങ്ങളിലെ വെണ്ടയ്ക്കു അക്ഷരങ്ങള്‍ കണ്ടു് ഇയാള്‍ മഹാകവി തന്നെ, മഹാനോവലിസ്റ്റ് തന്നെ എന്ന ഇല്യൂഷനു വിധേയരാകുന്നു. എനിക്കു ബഹുജനത്തോടു പറയാനുള്ളതു് ഇതത്രേ. “പത്രത്തില്‍ വരുന്ന വലിയ തലക്കെട്ടുകള്‍ നിങ്ങളെ വഴിതെറ്റിക്കാതിരിക്കട്ടെ. രാത്രി കിടക്കയില്‍ എഴുന്നേറ്റരുന്നു് കരയുന്ന എഴുത്തുകാരനാണു് യഥാര്‍ത്ഥത്തില്‍ എഴുത്തുകാരന്‍.”
  2. എന്റെ വീട്ടിന്റെ മുന്‍വശത്തു് ഒരു വലിയ തെങ്ങു് ആപത്തുണ്ടാക്കുന്ന രീതിയില്‍ വളഞ്ഞു നിന്നിരുന്നു. കാഫലമേറിയ ആ മരം മുറിച്ചുകളയാന്‍ വീട്ടുകാര്‍ക്കിഷ്ടമില്ല. എങ്കിലും എന്റെ നിര്‍ബന്ധം കാരണം അതു മുറിക്കപ്പെട്ടു. മുറിക്കുമ്പോള്‍ അതു കെട്ടിടത്തില്‍ വീഴുമെന്നായിരുന്നു എന്റെ പേടി. പക്ഷേ, ആ പേടിയില്‍ അര്‍ത്ഥമില്ല. ഓരോ മരം മുറിപ്പുകാരനും വിദഗ്ദ്ധനാണു്. ഒരു ഓല പോലും കെട്ടിടത്തില്‍ വീഴാതെ മരം മുറിക്കുന്നവര്‍ തെങ്ങു മുറിച്ചു മാറ്റി. എല്ലാ മരം മുറിപ്പുകാരും ഇമ്മട്ടില്‍ വിദഗ്ദ്ധരാണു്. ചില വിമര്‍ശകര്‍ ഈ മരം മുറിപ്പുകാരെപ്പോലെയാണു്. അവര്‍ അഭിനന്ദനാര്‍ഹമായ വിധത്തില്‍ എഴുത്തുകാരന്‍ എന്ന മരം മുറിച്ചു മാറ്റം. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന വിമര്‍ശകര്‍ നമുക്കുണ്ടോ? ഇല്ല. റ്റി.എസ്. എല്യറ്റ് പ്രഗല്ഭനായ വൃക്ഷഹന്താവാണു്. സ്വിന്‍ബേണ്‍ എന്ന വന്മരത്തെ എത്ര വിദഗ്ധമായി അദ്ദേഹം സാഹിത്യഭൂമിയില്‍ നിന്നു് മുറിച്ചുമാറ്റി. ഉള്ളൂരിനെയും വള്ളത്തോളിനെയും മുറിക്കാന്‍ ചെന്ന മുണ്ടശ്ശേരി ആ കൃത്യം ഭംഗിയായി അനുഷ്ഠിച്ചില്ല. “രക്തചംക്രമണവും ഹൃദയസ്പന്ദവും അവിഭക്തങ്ങളാണെങ്കില്‍ ഉള്ളൂര്‍ കവിയല്ല” എന്നെഴുതിയ സി. നാരായണപിള്ള ആ മരത്തില്‍ വെട്ടുകള്‍ ഏല്പിച്ചതേയുള്ളു. വൃക്ഷം മുറിഞ്ഞു താഴെ വീണില്ല. വിദഗ്ദ്ധരായ മരം മുറിപ്പുകാര്‍ നമുക്കു വേണം. ആപത്തുണ്ടാക്കുന്ന വൃക്ഷങ്ങളെ വെട്ടി മാറ്റാനും സാഹിത്യഭൂമിയില്‍ നിന്നു് വലിയ മരങ്ങളെ വീഴ്ത്താനും.

പുതിയ പുസ്തകം

ഗ്രന്ഥപ്രസാധനത്തില്‍ നിസ്തുലാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു ന്യൂയോര്‍ക്കിലെ W.W. Norton and Company. അവരുടെ “The Norton Anthology of Theory and Criticism” എന്ന ഗ്രന്ഥം നോക്കുക. നിസ്തുലാവസ്ഥ എന്നു ഞാന്‍ പറഞ്ഞതു ശരിയാണെന്നു കരുതും വായനക്കാര്‍. തീര്‍ച്ചയാണതു്. സാഹിത്യസിദ്ധാന്തത്തിന്റെ പരിധികളെ വികസിപ്പിച്ച നൂറ്റമ്പതോളം മഹാന്മാരുടെ രചനകളുടെ സമാഹാരമാണു് ഈ ഗ്രന്ഥം. ഓരോ രചനയ്ക്കും ആമുഖമായി പ്രസാധകര്‍ നല്കുന്ന ദീര്‍ഘപ്രബന്ധംതന്നെ വിദ്വജ്ജനോചിതമാണു്. ഞാന്‍ പ്രാചീനരായ മഹാന്മാരെ വിട്ടിട്ടു് ആധുനികരായ ധിഷണാശാലികളെക്കുറിച്ച് മാത്രം പറയുകയാണു്. സാംസ്കാരികപഠനങ്ങളില്‍ ബാര്‍ത്, ബന്‍യമിന്‍ ഫൂക്കോ, ഗ്രാംഷി, സെയ്ദ് ഇങ്ങനെ പലരുടെയും രചനകള്‍ ഇതില്‍ വായിക്കാം. പോസ്റ്റ് സ്റ്റ്രക്ചറലിസത്തില്‍ ദെറീദ, ഏലന്‍ സീസു, ക്രിസ്തേവ ഈ ധിഷണാശാലികള്‍ തങ്ങളുടെ രചനകള്‍കൊണ്ടു് നമുക്കു് മസ്തിഷ്കത്തോടു ബന്ധപ്പെട്ട ആഹ്ലാദം നല്കുന്നു. ലൂക്കാച്ച്, ട്രോഡ്സ്കി ആഡോര്‍നോ ഈ ചിന്തകര്‍ മാര്‍ക്സിസ്റ്റ് വീക്ഷണഗതി വിശദീകരിക്കുന്നു. മാനസികാപഗ്രഥനത്തില്‍ ഹാരോള്‍ഡ് ബ്ലൂം, ഫ്രോയിറ്റ്, ലകാങ് ഇവരാണു് പണ്ഡിതോചിതങ്ങളായ പ്രബന്ധങ്ങളാല്‍ നമ്മളെ ഉദ്ബുദ്ധരാക്കുന്നതു്. നാടകം, നോവല്‍, കവിത ഇവയെക്കുറിച്ചാണോ വായനക്കാര്‍ക്ക് അറിയേണ്ടതു്. മഹാന്മാരും മഹതികളും ആ അറിവു പകരും ഉജ്ജ്വലങ്ങളായ പ്രതിപാദനങ്ങളിലൂടെ. മഹാഭാരതത്തില്‍ ഇല്ലാത്തതായി വേറൊന്നുമില്ല ഒരിടത്തുമെന്നു് പറയാറുണ്ടല്ലോ. സാഹിത്യസിദ്ധാന്തങ്ങളെക്കുറിച്ചു് ഈ ഗ്രന്ഥത്തില്‍ ഇല്ലാത്തതു് ആയി വേറൊന്നും ഒരിടത്തും കാണുകില്ല (പുറങ്ങള്‍ 2624, വില 995 രൂപ).