close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 02 22


സാഹിത്യവാരഫലം
Mkn-11.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 02 22
മുൻലക്കം 2002 02 15
പിൻലക്കം 2002 03 01
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ഇറ്റലിയിലെ കവിയും പണ്ഡിതനും ‘ഡികാമറന്‍’ (Decameron) എന്ന കഥാസമാഹാരത്തിന്റെ രചയിതാവും ആയ ‘ജോവാന്നീ ബൊകാറ്റ്ചോ (Giovanni Boccaccio, 1313–1375) ഇറ്റലിയുടെ സംസ്കാരത്തെ വികസിപ്പിച്ച മഹാവ്യക്തിയാണ്. ലൈംഗികാഭിലാഷത്തെ അടിച്ചമര്‍ത്തുന്നത് വ്യര്‍ത്ഥയത്നമാണെന്ന് സ്ഥാപിക്കുന്ന് അഒരു കഥയുണ്ട് ‘ഡികാമറനി’ല്‍. വിവാഹിത സ്നേഹത്തെക്കരുതിയോ പണത്തിനു വേണ്ടിയോ വ്യഭിചരിച്ചാല്‍ അവളെ തീയില്‍ ജീവനോടെ എരിച്ചുകളയേണ്ടതാണെന്ന നിയമം പ്രാറ്റോപ്പട്ടണത്തിലുണ്ടായിരുന്നു (ഇറ്റലിയിലെ ഒരു നഗരമാണ് പ്രാറ്റോ). അവിടെ ഫിലിപ്പ എന്ന സ്ത്രീ ഭര്‍ത്താവ് എവിടെയോ പോയിരുന്നപ്പോള്‍ കാമുകനുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെട്ടു. പെട്ടന്നു വീട്ടിലെത്തിയ ഭര്‍ത്താവ് ആ വ്യഭിചാരം കാണാനിടയായി. അസാമാന്യമായ ധൈര്യമുള്ള അവള്‍ പ്രാഡ്വിവാകന്റെ മുന്നിലെത്തി. വ്യഭിചരിച്ചവള്‍ കുറ്റസമ്മതം നടത്തിയാലേ കോടതിക്ക് അവളെ ശിക്ഷിക്കാനാവൂ. സ്ത്രീ ജഡ്ജിയോടു പറഞ്ഞു: “എന്റെ ഭര്‍ത്താവ് വ്യഭിചാരം കണ്ടത് ശരിയാണ്. ഇതിനു മുന്‍പ് പലപ്പോഴും ഞാന്‍ എന്റെ കാമുകനുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. നിയമത്തിന്റെ മുന്‍പില്‍ സ്ത്രീയും പുരുഷനും തുല്യരല്ലേ? ഈ നിയമം നിര്‍മ്മിക്കുന്നതിനു മുന്‍പ് സ്ത്രീയോട് ആലോചിച്ചിട്ടേയില്ല. ഈ വധശിക്ഷ അതിനാല്‍ അധാര്‍മ്മികമാണ്.” ഇത്രയും കോടതിയോട് പറഞ്ഞിട്ട് അവള്‍ ഭര്‍ത്താവിന്റെ നേര്‍ക്കു തിരിഞ്ഞു ചോദിച്ചു: “ഞാന്‍ എപ്പോഴെങ്കിലും നിങ്ങളുടെ അഭിലാഷത്തിന് വഴങ്ങാതെ ഇരുന്നിട്ടുണ്ടോ?” തന്റെ ശാരീരികമായ ആവശ്യകതകള്‍ക്കു ഭാര്യ എപ്പോഴും വിധേയമായിട്ടുണ്ടെന്ന് അയാള്‍ സമ്മതിച്ചു. അതുകേട്ട് അവള്‍ ജഡ്ജിയോടു ചോദിച്ചു: “എന്റെ ഭര്‍ത്താവിനു വേണ്ടതൊക്കെ നല്കിയിട്ടുണ്ടെങ്കില്‍ എന്റെ മിച്ചം വന്ന ലൈംഗികാഭിലാഷം സംതൃപ്തമാക്കുന്നതെങ്ങനെ?” അവള്‍ തുടര്‍ന്നു: “ആ അധിക കാമത്തെ ഞാന്‍ നായ്ക്കള്‍ക്ക് ഇട്ടു കൊടുക്കണോ? എന്റെ ഭര്‍ത്താവിനെക്കാള്‍ എന്നെ കൂടുതല്‍ സ്നേഹിക്കുന്ന കാമുകന് അതു നല്കുന്നതല്ലേ ശരി?” ഇതു കേട്ടുകൊണ്ടിരുന്ന ബഹുജനം അവള്‍ പറഞ്ഞതു ശരിയാണെന്ന് അഭിപ്രായപ്പെട്ടു. ഭര്‍ത്താവ് നൈരാശ്യത്തിലാണ്ട് തിരിച്ചു പോയി. അവള്‍ അഗ്നിക്കിരയാകാതെ രക്ഷ നേടുകയും ചെയ്തു.

കാമം, കൊതി, ആത്മാഭിലാഷത്തിനുവേണ്ടിയുള്ള ബുദ്ധി, ഇവ ക്രൈസ്തവ സാന്മാര്‍ഗ്ഗിക നിയമങ്ങളെക്കാള്‍ ശ്രേഷ്ഠമാണെന്ന് ബൊകാറ്റ്ചോ കരുതിയിരുന്നതായി “Sprezzatura” എന്ന നല്ല പുസ്തകത്തില്‍ കാണുന്നു. (50 Ways Italian Genius Shaped the World, Peter D Epiro and Mary Desmond Pinkowish, Anchor Books, New York, Rs 552.20, Pages 398. Sprezzatura എന്ന ഗ്രന്ഥനാമത്തിന്റെ അര്‍ത്ഥം the art of effortiess mastery എന്നാണ്.) ഈ പ്രയത്നരഹിതമായ അതിനൈപുണ്യം കൊണ്ട് മഹാവ്യക്തികള്‍ ഇന്നത്തെ ഇറ്റലിയെ എങ്ങനെ ഉന്നതസംസ്ക്ലാരത്തിലെത്തിച്ചുവെന്ന് സ്പഷ്ടമാക്കിത്തരുന്ന ഇപ്പുസ്തകത്തിന് പ്രാധാന്യമുണ്ട്. സീസര്‍ പണ്ഡിതന്മാരെയും ഗണിതശാസ്ത്രജ്ഞന്മാരെയും വിളിച്ച് റോമാക്കാര്‍ ഇന്നും ഉപയോഗിക്കുന്ന കലണ്ടറിന് (Calendar) രൂപം നല്കി. നിയമം ലംഘിക്കണമെങ്കില്‍ അധികാരം പിടിച്ചെടുക്കുന്നതിനു മാത്രമേ അതു ചെയ്യാവൂ. മറ്റെല്ലാ സന്ദര്‍ഭങ്ങളിലും അതിനോടു ബഹുമാനമുണ്ടായിരിക്കണമെന്ന് പ്രഖ്യാപിച്ചു സീസര്‍. അദ്ദേഹം റോമില്‍ സ്വേച്ഛാധികാരം പ്രയോഗിച്ചില്ലായിരുന്നുവെങ്കില്‍ മ്ലേച്ഛവര്‍ഗ്ഗക്കാര്‍ വടക്ക്, കിഴക്ക് ഈ ദിക്കുകളില്‍ നിന്ന് വന്ന് റോമന്‍ സംസ്കാരത്തെ തകര്‍ത്തുകളയുമായിരുന്നു. ജര്‍മ്മന്‍ ചരിത്രകാരനും ക്ലാസിക്കല്‍ സോളറുമായിരുന്ന തെയോഡര്‍ മൊമ്സന്‍ (Theodor Mommsen, 1817–1903) സീസറിനെ ‘the complete and perfect man” എന്നാണ് വിളിച്ചത്.

യോദ്ധാക്കള്‍, നിയമജ്ഞര്‍ ഇവരെക്കൂടാതെ മഹാന്മാരായ സാഹിത്യകാരന്മാര്‍ക്കും ജന്മമരുളി റോം. അവരില്‍ പ്രമൂഖനാണ് കറ്റലസ് (Catulus, 84–54 BC) കറ്റലസിന്റെ കാമുകിയെ അദ്ദേഹം ലെസ്ബിയ എന്നാണ് വിളിച്ചത്. അവളെ അഭിസംബോധന ചെയ്ത് കവി ചുംബനങ്ങളെക്കുറിച്ച് എഴുതിയ കവിതയ്ക്കു വിശ്വപ്രസിദ്ധിയുണ്ട്.

Suns can set, and Suns can rise again
but we, when our brief candle has flickered right.
And so, give me a thousand Kisses, then a hundred more,
then another thousand followed fast by another hundred
give me billions and billions of the damn things!

കറ്റലസിന്റെ അസംസ്കൃതവികാരത്തിന്റെ സക്തികൊണ്ട് ഇന്നും അദ്ദേഹം റോമന്‍ സാഹിത്യത്തില്‍ സജീവ സാന്നിദ്ധ്യമായി വര്‍ത്തിക്കുന്നുണ്ടെന്ന് ഗ്രന്ഥരചയിതാക്കള്‍ പറയുന്നു.

ഒരു മന്ദസ്മിതത്തോടുകൂടി സത്യം പറയുന്നതിന്റെ ആര്‍ക്കു തടുക്കാന്‍ കഴിയും എന്ന് റോമന്‍കവി ഹൊറസ് ചോദിച്ചു (Horace, 65 BC). പൂഞ്ചിരി കലര്‍ത്തി സത്യപ്രസ്താവം നടത്തുന്ന ഹൊറസ്, മാര്‍ഷല്‍ (Martial, 40–103) ജുവനേല്‍ (Juvenal, 60–127 AD) ഇവരുടെ പ്രതിഭാപ്രസരം നമുക്കു കാണിച്ചുതന്നിട്ട് രചയിതാക്കള്‍ ദാന്തെയുടെ Divine Comedy-യിലേക്കു ചെല്ലുകയാണ്. (Dante, 1265–1321)ബൊക്റ്റ്ചോ, മീക്കലാഞ്ചലോ ഇവര്‍ ഈ മഹാകവിയെ ആരാധിച്ചു. ചോസര്‍, മില്‍ട്ടന്‍, ഷെല്ലി ഇവരില്‍ സ്വാധീനത ചെലുത്തി ദാന്തെ Divine Comedy ഇറ്റലിയിലെ ഭാഷയില്‍ത്തന്നെ വായിക്കാന്‍ ബ്ളേക്ക് ആ ഭാഷ പഠിച്ചു. യേറ്റ്സ്, ജോയിസ്, പൗണ്ട്, എലിയറ്റ് ഈ കവികള്‍ ദാന്തെയെ സാഹിത്യാചാര്യനായി പരിഗണിച്ചു. അമേരിക്കന്‍ നോവലിസ്റ്റ് ഹെന്‍ട്രി ജെയിംസ് greatest of literary artists എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

ഡിവന്‍ കോമഡിയുടെ മഹത്വത്തെക്കൂറിച്ച് ഞാനെന്തിനു പറയണം? എങ്കിലും അതിലെ ദുഃഖദായകമായ ഒരു സംഭവത്തെപ്പറ്റി സൂചിപ്പിച്ചേ തീരൂ. യൂഗോലീനോ പ്രഭുവിനെ ദാന്തെ നരകത്തില്‍ വച്ചു കാണുന്നു. ഭൂമിയില്‍ ജീവിച്ചിരുന്നപ്പോള്‍ അയാള്‍ക്കും കുട്ടികള്‍ക്കും ഉണ്ടായ ദുരനുഭവത്തെ അയാള്‍ തന്നെ ദാന്തെയോടു പറയുന്നു. യൂഗോലീനോ (Ugolino) ആര്‍ച്ച് ബിഷപ്പ് റൂജൈറിയുടെ സ്നേഹിതനായി വര്‍ത്തിച്ച് അയാള്‍ക്കു ഉപകാരങ്ങള്‍ ചെയ്തു. പിന്നീട് അവര്‍ തമ്മില്‍ പിണങ്ങിയപ്പോള്‍ ആര്‍ച്ച് ബിഷപ്പ് യൂഗോലീനൊയെയും അയാളുടെ കുഞ്ഞുങ്ങളെയും കാരാഗൃഹത്തിലാക്കി പൂട്ടി മുദ്രവച്ചു. യൂഗോലീനോയും സന്താനങ്ങളും പട്ടിണികിടന്നു മരിച്ചു. ആ സംഭവം പ്രഭു ദാന്തെയോടു പറയുകയാണ്.

“And from the base of that horrible tower I heard
the sound of hammers nailing up the gates.
I stared at my son’s faces without a word.
I did not weep: I had turned stone inside
They wept. ‘What ails you,
father, you look so strange
my little Anslam youngest of them cried.
But I did not speak a word nor shed a tear.”
(A new transilation by Jhon Ciardi- A mentor book-Page 276)

രചയിതാക്കള്‍ ഈ സംഭവത്തെക്കൂറിച്ച് ഒന്നു സൂചിപ്പിക്കുന്നതേയുള്ളൂ. വായനക്കാര്‍ക്കുവേണ്ടി ഞാന്‍ ഇതു വിശദീകരിക്കുകയാണ്. അവര്‍ (പുസ്തകമെഴുതിയവര്‍) ദാന്തെയുടെ കൃതികക്കുള്ള മഹത്വം നമ്മളെ ഗ്രഹിപ്പിക്കുവാന്‍ എഴുതുന്നു. ‘T.S. Eliot called the last canto, Paradiso 33 ‘the highest point that poetry has ever reached or ever can reach’ (Page 103). ഇതൊക്കെ വായിക്കുമ്പോള്‍ നമ്മള്‍ ഔന്നത്യത്തിലെത്തുന്നു. ദാന്തെ സ്വന്തം കൃതികൊണ്ട് ജനതയെയാകെ ഐക്യത്തിലേക്കു നയിച്ചതെങ്ങനെയെന്നു ഗ്രഹിക്കുന്നു.

പുസ്തകത്തിന്റെ സ്വഭാവം എന്തെന്നു മനസ്സിലാക്കാന്‍ സ്ഥാലീപുലാക ന്യായമനുസരിച്ച് ഇത്രയും മതി. ലേ ഓനാര്‍ദോ ദാവീന്‍ചി (ദാവീന്‍ചി എന്നുമാത്രം എഴുതുന്നതു തെറ്റ് — ലേഖകന്‍), മീക്കലാഞ്ചലോ, റോസ്സാലീനി (Roberto Rosselini, 1906–1977, ഇറ്റലിയിലെ ഫിലിം നിര്‍മ്മാതാവ്) ദാആന്റ്സീയോ (D Annunzio, 1863, ഇറ്റലിയിലെ കവി, നോവലിസ്റ്റ്), മായ്കാവെല്ലീ (Machiavelli, 1469–1527), ഇറ്റലിയിലെ പൊളിറ്റിക്കല്‍ ഫിലോസഫര്‍) ഇവരെല്ലാം കലാപരവും രാഷ്ട്രവ്യവഹാരസംബന്ധിയുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്തു തങ്ങളുടെ രാഷ്ട്രത്തെ എങ്ങനെ മുന്‍നിരയിലെത്തിച്ചു എന്ന് രചയിതാക്കള്‍ സ്പഷ്ടമാക്കുന്നു. ഇറ്റലിയിലെ മിലിറ്ററി നേതാവ് ഗാരീബാല്‍ദീ (Garibaldi, 1807–1882), റോമില്‍ ജനിച്ച അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞന്‍ ഫെര്‍മീ (Enrico-Fermi, 1901–1954) ഇവര്‍ ഇറ്റലിയിലെ സംസ്കാരത്തിന്റെ നേതാക്കളായതെങ്ങനെയെന്ന് ദേശീയ വീക്ഷണഗതി അവലംബിച്ച് ഗ്രന്ഥകര്‍ത്താവും ഗ്രന്ഥകര്‍ത്ത്രിയും പ്രതിപാദിക്കുന്നുണ്ട്. മതശാസ്ത്രത്തിന്റെ ഉദ്ഘോഷകനും അതില്‍ ബൃഹത്കായനുമായ അക്വിനസിനെ വിസ്മരിക്കുന്നില്ല. പക്ഷേ ഉന്നതസംസ്കാരത്തിന്റെ ഉദ്ഘോഷകരായ മന്‍സോണി (നോവലിസ്റ്റ്) ക്രോചേ (തത്ത്വചിന്തകനും സൗന്ദര്യശാസ്ത്രജ്ഞനും) ഗ്രാംഷി (കമ്മ്യൂണിസ്റ്റ് തത്വചിന്തകന്‍) ഇവര്‍ ജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സ്വാധീനത ചെലുത്തിയവരല്ലേ. അവരെ വിട്ടുകളഞ്ഞ് ഗ്രന്ഥം രചിച്ചത് ഒരിക്കലും നീതിമത്കരണമാവില്ല. ഗ്രന്ഥമെഴുതിയവര്‍ക്കു അതിനു സമാധാനം പറയാന്‍ എന്തെങ്കിലും കാണാതിരിക്കില്ല. ധിഷണാപരവും സദാചാരപരവും കലാപരവും ആയ ഘടകങ്ങള്‍ക്കു മുന്‍ഗണന നല്കി ഇറ്റലിയുടെ സംസ്കാരത്തിന്റെ വിശാലചിത്രം ക്വരയ്ക്കുന്ന ഈ ഗ്രന്ഥത്തിന് ഇത്തരം ന്യൂനതകലുണ്ടെങ്കിലും ഇതിന്റെ പ്രാധാന്യത്തിനു കുറവു വരുന്നില്ല. ഗ്രന്ഥകര്‍ത്താക്കളുടെ പ്രഥമ ഗ്രാഹ്യതകളിലൂടെയാണെങ്കിലും (preferences) നമ്മള്‍ എത്തേണ്ടിടത്ത് എത്തുന്നു.

ചോദ്യം,ഉത്തരം

“ സ്വന്തം പ്രാധാന്യം. തന്നെക്കുറിച്ചുള്ള ബഹുമാനം ഇതാണ് ഈഗോ. അത് അതിരു കടന്നാല്‍ ആപത്താണ്. താനെഴുതിയ കവിത, ലേഖനം ഇവയെക്കുറിച്ചു മാത്രം സംസാരിക്കുന്നവന് ഈഗോ കൂടും.”

Symbol question.svg.png “ഈഗോ എന്നാല്‍ എന്താണ്? അത് എങ്ങനെ തര്‍ജ്ജമ ചെയ്യും?”

“സ്വന്തം മേന്മയെക്കൂറിച്ചുള്ള അഭിപ്രായമാണ് ഈഗോ. ലാറ്റിന്‍ പദമാണത്. സ്വന്തം പ്രാധാന്യം. തന്നെക്കൂറിച്ചുള്ള ബഹുമാനം ഇതാണ് ഈഗോ. അത് അതിരു കടന്നാല്‍ ആപത്താണ്. താനെഴുതിയ കവിത, ലേഖനം ഇവയെക്കൂറിച്ചുമാത്രം സംസാരിക്കുന്നവന് ഈഗോ കൂടും. അയാള്‍ നമ്മള്‍ പറയുന്നതൊന്നും കേള്‍ക്കില്ല. നമ്മള്‍ ഇടയ്ക്കുകയറിപ്പറഞ്ഞാല്‍ അത് അവഗണിച്ച് മദ്രാസ് ഗവര്‍ണ്ണര്‍ തന്നോടു സംസാരിച്ചതിനെക്കൂറിച്ച് ഏറെപ്പറയും; വാതോരാതെ പറയും. മാന്യന്റെ ലക്ഷണമല്ല ഇത്. എനിക്കറിയാവുന്ന മാന്യന്‍ — ഈഗോ പ്രദര്‍ശിപ്പിക്കാത്ത മാന്യന്‍ — ഹൈക്കോര്‍ട്ട് ജഡ്ജിയായിരുന്ന ചന്ദ്രശേഖരമേനോനാണ്. അദ്ദേഹം ഒരിക്കല്‍ എന്റെ വീട്ടില്‍ വന്നു. എന്തൊരു വിനയം! എന്തൊരു സൗജന്യമാധുര്യം! ‘ധിക്കൃതശക്രപരാക്രമനാകിന’ എന്‍ ഗോപാലപിള്ള നമ്മള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ മാന്യനായി നിശ്ശബ്ദത പാലിക്കും. നമ്മള്‍ പറയുന്നതൊക്കെ ക്ഷമയോടുകൂടി കേള്‍ക്കും. ഈഗോ എന്ന പദത്തിന് അഹങ്കാരം, മമത, ആത്മസ്തുതി എന്നൊക്കെ തര്‍ജ്ജമയാകാം.”

Symbol question.svg.png “തിരുവനന്തപുരത്തെ പുതിയ ലെജിസ്റ്റേറ്റീവ് അസംബ്ലി കെട്ടിടത്തിനെക്കൂറിച്ച് എന്താണ് അഭിപ്രായം?”

“മലയാളഭാഷയില്‍ അതിനു വാക്കില്ല. ഇംഗ്ലീഷില്‍ വാക്ക് ഉണ്ട്, Hideouse എന്ന്. അത് സംസ്കൃതമാക്കിയാല്‍ കരാളദര്‍ശനം എന്നു വരും. ഘോരകൃതി എന്നും പറയാം.”

Symbol question.svg.png “നിങ്ങളുടെ പ്രധാന ജോലി വായനയല്ലേ”

“അല്ല. ഇലക്ട്രിക് സബ് സ്റ്റെയ്ഷനില്‍ വിളിച്ച് കറന്റില്ല എന്ന് പറയുന്നത്.”

Symbol question.svg.png “കൊല്ല് ആ പട്ടിയെ. അവനൊരു നിരൂപകനാണ് എന്നുപറഞ്ഞ ഗോയ്ഥേയെ നിങ്ങള്‍ ബഹുമാനിക്കുന്നോ?”

“ഗെറ്റേ പറഞ്ഞത് അങ്ങനെയാവാന്‍ തരമില്ല. ‘കൊല്ല് ആ ‘പട്ടിയെ, അവനൊരു ഗ്രന്ഥപ്രസാധകനാണ് എന്നാവാം അദ്ദേഹം പറഞ്ഞത്”

Symbol question.svg.png “രാജ്യത്തിനു വേണ്ടി മരിക്കാന്‍ തയ്യാറാണോ നിങ്ങള്‍?”

“മഹാത്മാ ഗാന്ധി ജീവിച്ചിരുന്ന കാലത്ത് അതിനു സന്നദ്ധനായിരുന്നു ഞാന്‍. ഇന്ന് അങ്ങനെ ചെയ്താല്‍ അവനൊരു ഫൂള്‍ എന്ന് പറയില്ലേ ആളുകള്‍?”

Symbol question.svg.png “കവിയാകാന്‍ ആഗ്രഹമില്ലേ നിങ്ങള്‍ക്ക്?”

“കവിയാകുക എന്നത് ഒരു condition ആണെന്ന് ഏതോ ചിന്തകന്‍ പറഞ്ഞിട്ടുണ്ട്. ആ അവസ്ഥാവിശേഷം ഇന്നത്തെ പദ്യകര്‍ത്താക്കള്‍ക്കില്ല. ഇവിടെ ചിലര്‍ കവിതയെഴുത്ത് ആ ചിന്തകന്‍ പറഞ്ഞതു പോലെ profession ആയി കൊണ്ടുനടക്കുകയാണ്. പുസ്തകം പ്രകാശിപ്പിക്കല്‍, ഷഷ്ടി പൂര്‍ത്തി ആഘോഷിക്കല്‍, സപ്തതിയാഘോഷിക്കല്‍ ഇവയൊക്കെ ആ profession-ന്റെ ഭാഗമാണ്. യഥാര്‍ത്ഥ കവി കവിതയെഴുതുന്ന, ഉടനെ അതു മറക്കുന്നു.”

Symbol question.svg.png “ശ്രീലങ്കയില്‍ ജനിച്ച് കാനഡയിലെ നോവലിസ്റ്റായി മാറിയ Ondaatje-യുടെ ആ പേര് ഉച്ചരിക്കുന്നത് എങ്ങനെ?

“ആന്‍ദാചേ എന്ന്”

രണ്ടു രചനകള്‍

ദേവേന്ദ്രന്‍ നാരദനൊടു പറഞ്ഞു: ‘നാരദ, വീണവായന നിറുത്തു. ആ കേള്‍ക്കുന്ന കോലാഹലം എന്താണ്?’ നാരദന്‍ മറുപടി നല്കി. ‘വഞ്ചിരാജാവിന്റെ ദാനാതിശയം കണ്ട് ലജ്ജിച്ചു തലതാഴ്ത്തിയ കല്പവൃക്ഷത്തില്‍നിന്ന് ദേവസ്ത്രീകള്‍ പൂവിറുക്കുന്നതിന്റെ കോലാഹലമാണത്. ഇത് കാവ്യത്തിനു ചേര്‍ന്ന അത്യുക്തിയാണ്. രസജന്യവുമാണിത്.

വണ്ണം കൂടിയ ഒരു യുവതിയുടെ ശാരീരിക സൗന്ദര്യം ആസ്വദിച്ച് ഫ്രഞ്ച് കവി ബോദലേര്‍ പറഞ്ഞതിങ്ങനെ:

And sometimes in summer, when tropical heats
Made her strech herself out, all tried and still
I’d sleep without cares in the shade of her teats
Like a peaceful town at the foot of hill.

(ഉഷ്ണകാലത്ത് ക്രാന്തികമണ്ഡലത്തിലെ ചൂട് അവളെ നിവര്‍ന്നും ക്ഷീണിച്ചും നിശ്ചലയായും കിടത്തുമ്പോള്‍ ഞാന്‍ അല്ലലറിയാതെ അവളുടെ മുലക്കണ്ണുകളുടെ നിഴലില്‍ ഉറങ്ങും. കുന്നിന്റെ ചുവട്ടില്‍ പ്രശാന്തമായ നഗരമെന്നതുപോലെ.)

സ്തനവൈപുല്യത്താല്‍ കാചാഗ്രത്തിനും വൈപുല്യം അതിനു നിഴല്‍. അനാച്ഛാദിതമായ വക്ഷസ്സോടുകൂടിയാണ് അവള്‍ കിടന്നത് എന്നതു സ്പഷ്ടം. ആ നിഴലില്‍ കവി ഉറങ്ങുന്നു. അതിശയോക്തിയാണിവിടെയും. ആ അത്യുക്തി രമണീഇയമായിരിക്കുന്നു. ഇതൊക്കെ പ്രതിഭാശാലികളുടെ പ്രസ്താവങ്ങള്‍. എന്നാല്‍ ഡോക്ടര്‍ കെ. ഭാസ്കരന്‍നായര്‍ ഉള്ളൂര്‍ക്കവിതയെക്കൂറിച്ചഴുതിയ ലേഖനം ‘ഉള്ളൂരെന്നു കേട്ടാല്‍ മെഡിക്കല്‍ കോളേജ് ഇരിക്കുന്ന സ്ഥലമാണെന്നു തോന്നും’ എന്നര്‍ത്ഥം വരുന്ന മട്ടില്‍ തുടങ്ങുമ്പോള്‍ ‘ഇതു കള്ളാം’ എന്നു നമ്മള്‍ പറയാതിരിക്കില്ല. ഉള്ളൂര്‍ എന്നുകേട്ടാല്‍ മഹാകവി ഉള്ളൂരെന്നേ’ നമ്മള്‍ വിചാരിക്കൂ. ഭാസ്കരന്‍നായരുടേത് അസത്യപ്രസ്താവമാണ്. എല്ലാ over statements-ഉം അസത്യാത്മകങ്ങളാണ്. അതുപോലെ സുഗതകുമാരിയുടെ ‘കാളിയമര്‍ദ്ദനം’ എന്ന കവിതയെക്കുറിച്ച് എഴുതുന്ന എന്‍. കൃഷ്ണപിള്ള ഇക്കവിതയില്‍ ആണ്ടുപൂണ്ട് മുങ്ങിപ്പൊങ്ങി കരയില്‍ നെടുനെടാ കിടക്കുന്ന ഞാന്‍ ഇതാ മഹനിയമായ കവിത എന്നു പറയുന്നു. (കൃഷ്ണപിള്ളയുടെ വാക്യമല്ല ഇത്. ഏതാണ്ട് ഇമ്മട്ടിലാണ് രചന എന്നേ ഞാന്‍ ഉദ്ദേശിക്കുന്നുള്ളൂ. ശരിയായി എടുത്തെഴുതാന്‍ പുസ്തകം കൈയിലില്ല) അതുപോലെ ഞാന്‍ പേരക്കൂട്ടിയോട് “എടീ ഡോര്‍ബെല്‍ കേട്ടാല്‍ ഉടനെ വാതില്‍ തുറക്കണം. റ്റെലിഫോണ്‍ ബെല്ലടിച്ചാല്‍ ഉടനെ റിസീവര്‍ എടുക്കണം എന്ന് ഞാന്‍ ആയിരം തവണ പറഞ്ഞിട്ടില്ലേ” എന്നു ദേഷ്യത്തോടെ ചോദിക്കുമ്പോള്‍ അതിലെ “ആയിരം തവണ” പ്രയോഗം അത്യുക്തിയില്‍ പെട്ടതാണ്. ഉള്ളതില്‍ക്കവിഞ്ഞുള്ള ചൊല്ല് അതിശയോക്തി. അതിന്റെ സ്പര്‍ശമേല്ക്കാതെ ഒരലങ്കാരവുമില്ല എന്ന ആലങ്കാരികപക്ഷം ശരിയാവാം. പക്ഷേ ഭാസ്കരന്‍നായരുടെയും കൃഷ്ണപിള്ളയുടെയും കൃഷ്ണന്‍നായരുടെയും പ്രസ്താവങ്ങള്‍ നീരസജനകങ്ങളാണ്. യഥാര്‍ത്ഥത്തില്‍ രണ്ടു തരത്തിലുള്ള രചനകളേ ഉള്ളുവെന്ന് തോന്നുന്നു. അത്യുക്തിസ്പര്‍ശമുള്ള രചന ഒന്ന്. ശുഷ്ക രചന രണ്ട്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കെ. ഗിരീഷ്കുമാര്‍ എഴുതിയ ‘കര്‍ത്താവ് അറിയേണ്ട ചിലതു’ എന്ന ചെറുകഥ ശുഷ്കരചന എന്ന രണ്ടാമത്തെ വിഭാഗത്തില്‍ പെടുന്നു. അത് ജുഗുപ്സാവഹമാണ്. ജുഗുപ്സയില്‍ ആ കഥയെ തോല്പിക്കുന്നു മദനന്‍ അതിനു വരച്ചുചേര്‍ത്ത ചിത്രം.

പുതുമ

ആശയത്തിന്റെ നവീനതയായാലും ചാരുതയായാലും വായനക്കാരെ ആകര്‍ഷിക്കുന്ന ചെറുകഥകളുമുണ്ട്. അങ്ങനെയൊരു കഥയാണ് ഇറ്റലിയിലെ മാജിക് റിയലിസ്റ്റായ തൊമ്മാസോ ലാന്‍ദോല്‍ഫി (Tommaso Landolfi, 1908–1979) എഴുതിയ “Gogol’s Wife” എന്നത്. കഥയിലെ ഗോഗല്‍ വിവാഹം കഴിച്ചത് റബല്‍ ബലൂണിനെയാണ്. പമ്പു കൊണ്ട് വായു കയറ്റി അയാള്‍ ഭാര്യയ്ക്കു പല ആകൃതികള്‍ വരുത്തും. എന്നിട് ആ റബര്‍ ഭാര്യയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പെടും. ഒരിക്കല്‍ ഗോഗലിന് സിഫിലിസ് പിടിപെട്ടു. അതിനു കാരണക്കാരി റബര്‍ ഭാര്യയാണെന്നു അയാള്‍ കരുതി. അവള്‍ തന്നെ ചതിക്കുന്നുവെന്നും ഗോഗല്‍ പരാതിപ്പെട്ടു. അങ്ങനെ ദാമ്പത്യജീവിതം നയിച്ചു വരുമ്പോള്‍ ഒരു ദിവസം ഗോഗല്‍ ആവശ്യകതയിലധികം വായൂ ബലൂണ്‍ ഭാര്യയില്‍ പമ്പ് ചെയ്തു കയറ്റി അവളെ പൊട്ടിച്ചു കളഞ്ഞു. കഷണം കഷണമായി ചിതറിയ ആ ബലൂണിന്റെ അവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് അയാള്‍ തീ കത്തിച്ചു കളഞ്ഞു. റഷ്യന്‍ സാഹിത്യകാരനായിരുന്ന ഗോഗല്‍ പട്ടിണി കിടന്നു. ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് പ്രസിദ്ധപ്പെടുത്താത്ത കൈയെഴുത്തു പ്രതികള്‍ തീവച്ചു നശിപ്പിച്ചതിനെ ഇത് അനുസ്മരിപ്പിക്കുന്നു. ഭാര്യയുടെ പരാധീനതയും ഭര്‍ത്താവിന്റെ ക്രൂരതയും സ്പഷ്ടമാക്കാന്‍ തൊമ്മാസോ ലാന്‍ദോല്‍ഫി എഴുതിയ കഥയാണിതെന്ന് ഞാന്‍ വിചാരിക്കുന്നു. ഇതുപോലെയൊന്നും ഇല്ലെങ്കിലും ദേശാഭിമാനി വാരികയില്‍ രാധാകൃഷ്ണന്‍ വട്ടോളി എഴുതിയ ‘പെണ്‍കുട്ടികള്‍ ചിരിക്കുമ്പോള്‍ ഉടഞ്ഞു വീഴുന്ന ചിലത് എന്ന കഥയിലെ ആശയത്തിനും നവീനതയുണ്ട്. കഥയിലെ പെണ്‍കുട്ടി അകാരണമായി ചിരിക്കുന്നവളാണ്. അതിനു ബന്ധുക്കളും മറ്റുള്ളവരും അവളെ കുറ്റപ്പെടുത്തുന്നു. അവള്‍ വിവാഹം കഴിച്ചു. അമ്മയായി. ഒരു ദിവസം കുഞ്ഞിനെ വേദനിപ്പിച്ച് അതിനെ കരയിച്ചു അവള്‍. ‘നീയെന്തിനാ കുഞ്ഞിനെ കരയിക്കുന്നത്?’ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ അവള്‍ മറുപടി നല്കിയത് ഇങ്ങനെ: “എന്റെ മോള് കരഞ്ഞു പഠിക്കട്ടെ. അച്ഛാ. ഇപ്പോഴേ കരഞ്ഞു തുടങ്ങിയാല്‍, വളരുമ്പോഴേക്കും കണ്ണീര്‍ വറ്റി, വേദനയിലും അവള്‍ ചിരിച്ചു തുടങ്ങും. ചിരിയെ ഭയക്കുന്ന എന്റെ ഭര്‍ത്താവിന്റെ കുട്ടി. അങ്ങനെ ഒരു ചിരിക്കുടുക്കയായി മാറും.” സന്തോഷസന്താപസമ്മിശ്രമായ ജീവിതത്തെ അങ്ങനെ കഥാകാരന്‍ അഭിവ്യജ്ഞിപ്പിക്കുന്നു. ഇക്കഥ ആശയത്തിന്റെ പുതുമയാല്‍ ആകര്‍ഷകത്വമുള്ളതാണെന്നാണ് എന്റെ വിചാരം.

വക്കം അബ്ദുള്‍ഖാദര്‍

“ഉള്ളതില്‍ക്കവിഞ്ഞുള്ള ചൊല്ല് അതിശയോക്തി. അതിന്റെ സ്പര്‍ശമേല്ക്കാതെ ഒരലങ്കാരവുമില്ല എന്ന ആലങ്കാരികപക്ഷം ശരിയാവാം.”

  1. വേണ്ടിടത്തോളം വിവരമില്ലാതിരുന്ന കാലം. ഞാന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെക്കുറിച്ച് വിമര്‍ശനാത്മകമായ ലേഖനങ്ങള്‍ കെ. ബാലകൃഷ്ണന്റെ ‘കൗമുദി വാരികയില്‍ എഴുതിക്കൊണ്ടിരുന്നു. സെന്‍സേഷന്‍ ഉളവാക്കിയിരുന്നു. അക്കാലത്ത് ഒരു സായാഹ്നത്തില്‍ തിരുവനന്തപുരത്തെ വഴുതയ്ക്കാട് എന്ന സ്ഥലത്തുവച്ച് ഞാന്‍ സാഹിത്യകാരനായ വക്കം അബ്ദുള്‍ ഖാദറെ കണ്ടു. (Patriot അബുള്‍ ഖാദറല്ലേ ‘എന്താ ഇപ്പം മൗനം അവലംബിക്കുന്നതു എന്നു ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ബഷീറിനെക്കുറിച്ചു ഞാന്‍ എഴുതുന്ന ലേഖനങ്ങളില്‍ അസഹിഷ്ണുത ഭാവിച്ച് അദ്ദേഹം എന്നോടു പറഞ്ഞു: “കൃഷ്ണന്‍ നായരെപ്പോലെ ബഹളം കൂട്ടിക്കൊണ്ടിരുന്നാല്‍ മാത്രമേ ജീവിതമാകുകയുള്ളോ? ഞാന്‍ മൗനം അവലംബിച്ച് ജീവിക്കുന്നു. നിശ്ശബ്ദനനായി വര്‍ത്തിച്ചാല്‍ അതും ജീവിതമല്ലേ?” വാക്കിനു വാക്കു പറഞ്ഞതല്ലേ വക്കം അബ്ദുള്‍ ഖാദര്‍. അദ്ദേഹം നിശ്ശബ്ദതയോടെ സാഹിത്യകാരനായി ജീവിച്ചു. ഏതു സാംസ്കാരികമണ്ഡലത്തിലും അവഗാഹമുണ്ടായിരുന്നു അദേഹത്തിന്. എന്നാല്‍ അത് സ്പഷ്ടമാക്കിയിരുന്നില്ലതാനും.
  2. അമേരിക്കന്‍ നാടകകര്‍ത്താവായ ഓനീലിന്റെ Beyond the Horizon എന്ന മനോഹരമായ നാടകത്തെക്കുറിച്ച് വക്കം അബ്ദുള്‍ ഖാദര്‍ അതുപോലെ മനോഹരമായ ലേഖനം വായിച്ച എനിക്കു രചയിതാവിനെ കാണണമെന്നു തോന്നി. അദ്ദേഹത്തിന്റെ അനിയന്‍ ഉബൈദിനെ എനിക്കു പരിചയമുണ്ടായിരുന്നു. “ചേട്ടന്‍ വന്നിട്ടുണ്ട്. ഇന്ന ലോഡ്ജില്‍ പോയാല്‍ കാണാ”മെന്ന് അദ്ദേഹം അറിയിച്ചു. ഞാന്‍ ഓടി അങ്ങോട്ടേക്ക്. കണ്ടു. ആദ്യത്തെ കാഴ്ച. ലേഖനത്തിന്റെ സൗന്ദര്യത്തെക്കൂറിച്ചു ഞാന്‍ പറഞ്ഞു. അബ്ദുള്‍ ഖാദര്‍ എന്നെ ഉപദേശിച്ചു: “കൃഷ്ണന്‍ നായര്‍ പടിഞ്ഞാറന്‍ സാഹിത്യഗ്രന്ഥങ്ങള്‍ വായിക്കണം.” അന്നു മുതല്‍ ഞാനവ വായിച്ചു തുടങ്ങി. എനിക്കു പടിഞ്ഞാറന്‍ സാഹിത്യത്തില്‍ താല്‍പര്യം വരാന്‍ കാരണക്കാരന്‍ വക്കം അബ്ദുള്‍ ഖാദറാണ്. ഞാന്‍ എന്റെ ഗുരുനാഥനായി അദ്ദേഹത്തെ അംഗീകരിച്ചു.
  3. വക്കം അബ്ദുള്‍ ഖാദര്‍ തിരുവനന്തപുരത്ത് കുറെക്കാലം താമസിച്ചിരുന്നു. മ്യൂസിയത്തിനടുത്തുള്ള പബ്ളിക് ഓഫീസിന്റെ പിറകു വശത്ത് ഒരു രണ്ടു നില കെട്ടിടത്തില്‍ അദ്ദേഹം കുടുംബവുമായിട്ടാണ് താമസിച്ചത്. എന്നും വൈകുന്നേരം ഞാന്‍ അവിടെ ചെല്ലും. ഒരു ദിവസം ഞാന്‍ ചെന്നപ്പോള്‍ അബ്ദുള്‍ ഖാദര്‍ സഹധര്‍മ്മിണിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. അപരിചിതനായ എന്നെക്കണ്ട് സഹധര്‍മ്മിണി എഴുന്നേറ്റ് അകത്തേക്കു പോയി. ഉല്‍പതിഷ്ണുവായ അദേഹത്തിന് ആ പോക്ക് രസിച്ചില്ല. അതില്‍ പ്രതിഷേധിച്ച് അദ്ദേഹം സഹധര്‍മ്മിണിയോട് എന്തോ പറഞ്ഞു. അതുകൊണ്ടാവണം ശ്രീമതി തന്നെയാണ് എനിക്കു ചായ കൊണ്ടു തരുന്നത്.
  4. എന്‍. ഗോപാലപിള്ളയ്ക്കു വക്കം അബ്ദുള്‍ ഖാദറോടു വലിയ വാത്സല്യമായിരുന്നു. അദ്ദേഹം സ്നേഹപൂര്‍വം ‘മേത്താ’ എന്നാണ് വക്കത്തിനെ വിളിച്ചിരുന്നത്. ഒരു ദിവസം അബ്ദുള്‍ ഖാദര്‍ ഗോപാലപിള്ളസ്സാറിന്റെ വീട്ടിലേക്കു പോകാന്‍ വഴുതയ്ക്കാടുള്ള ഫോറസ്റ്റ് ഓഫീസ് ലെയ്‌നിലേക്കു തിരിഞ്ഞപ്പോള്‍ എന്നെക്കണ്ടു. ‘വാ, സാറിനെ കണ്ടിട്ടുവരാം’ എന്ന് എന്നെ ക്ഷണിച്ചു. അദ്ദേഹം ഗോപാലപിള്ളയുടെ ധിഷണാവിലാസത്തെക്കൂറിച്ച് പ്രശംസാരൂപത്തില്‍ പലതും പറഞ്ഞു. ഞങ്ങള്‍ ചെന്നു കയറിയപ്പോള്‍ ഗോപാലപിള്ള സാര്‍ ആഹ്ലാദാതിരേകത്തോടെ “കൃഷ്ണന്‍ നായര്‍ക്ക് ഈ മേത്തനെ എവിടെ നിന്നു കിട്ടി?” എന്നു ചോദിച്ചു. “ഇരിക്ക് മേത്താ” എന്ന് സ്നേഹത്തോടെ പറഞ്ഞു. വക്കം അബ്ദുള്‍ ഖാദര്‍ ഹര്‍ഷപുളകിതനായി.
  5. ഞാന്‍ തിരുവല്ലയില്‍ താമസിക്കുന്ന കാലം എസ്.സി. ജങ്ങ്ഷനില്‍ നിന്ന് കോട്ടയം റോഡില്‍ മൂന്നു മൈലോളം പോയാല്‍ മുത്തൂര്‍ എന്ന സ്ഥലത്തെത്തും. അവിടെ ഒരൊഴിഞ്ഞ പീടികയില്‍ അബ്ദുള്‍ ഖാദര്‍ കുറെക്കാലം താമസിച്ചു. ഒരു വാരിക എഡിറ്റ് ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ ജോലി. ഞാനും മുത്തൂര്‍ രാഘവന്‍ നായര്‍ എന്ന കവിയുമായി അബ്ദുള്‍ ഖാദറെ കാണാന്‍ ചെല്ലും. വളരെ നേരം സംസാരിക്കും. വക്കം നിര്‍ദ്ദേശിച്ചതനുസരിച്ച് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ പല ലേഖനങ്ങളുമെഴുതി വാരികയ്ക്കായി. മുത്തൂര്‍ രാഘവന്‍ നായര്‍ ഇന്നില്ല. എന്റെ സുഹൃത്തും ഗുരുവും ഇന്നില്ല.
  6. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് അടുത്താണ് പുളിമൂട് ജങ്ങ്ഷന്‍. അവിടെ ‘രാഷ്ട്രീയ ഹോട്ടല്‍’ എന്ന പേരില്‍ ഹോട്ടലുണ്ടായിരുന്നു. അതിന്റെ മുന്‍പില്‍ അബ്ദുള്‍ ഖാദറും ബോധേശ്വരനും ഞാനും നിന്ന് സംസാരിക്കുകയയൈരുന്നു. ബോധേശ്വരന്‍ എന്തോ സാമാന്യകരണം — ജനറ്റെലസേഷന്‍ — നടത്തിയത് വക്കത്തിന് പിടിച്ചില്ല. അദ്ദേഹം പേടികൂടാതെ ബോധേശ്വരനോടു പറഞ്ഞു: “ഏതു ഡോഗിനും അത്തരം ജനറൈലസേഷന്‍ ആകാമല്ലോ.” ബോധേശ്വരന്‍ ശാന്തനായി നിന്ന് പത്തു മിനിറ്റ് കൂടി സംസാരിച്ചു. എന്നിട്ടു പറഞ്ഞു: “അത്തരം പ്രസ്താവങ്ങള്‍ ഏതു വെയ്ന്‍ ഡോഗിനും നിര്‍വഹിക്കാം.” വക്കം മീണ്ടിയില്ല. ഞങ്ങള്‍ പിരിഞ്ഞു പോയി.
  7. വക്കം അബ്ദുള്‍ ഖാദര്‍ രോഗിയായി. പൂജപ്പുരെ മണ്ഡപത്തിനടുത്തുള്ള ഒരായൂര്‍വേദാശുപത്രിയില്‍ അദ്ദേഹം കിടന്നു. ഞാന്‍ പതിവായി അന്വേഷിച്ചു പോയിരുന്നു. ഒരു ദിവസം രോഗം ഭേദമാകില്ലെന്നു കണ്ട് അധികാരികള്‍ അദ്ദേഹത്തെ ഡിസ്ചാര്‍ജ്ജ് ചെയ്തു. മൂന്നു മാസം കഴിഞ്ഞപ്പോള്‍ എനിക്ക് അദ്ദേഹത്തില്‍ നിന്നു കത്തു കിട്ടി. “കഴിയുന്ന സംഖ്യ അയച്ചു തരണം. ഇപ്പോള്‍ ഒന്നും എഴുതുന്നില്ല. പിന്നെ അറിയിച്ചുകൊള്ളാം” ഞാന്‍ കത്തു കിട്ടിയ അന്നു തന്നെ ചെറുതല്ലാത്ത ഒരു സംഖ്യ മണിയോര്‍ഡറായി അയച്ചു. അതിന് നന്ദി പറഞ്ഞുകൊണ്ടുള്ള മറുപടി എനിക്കു കിട്ടി. മറുപടി അയയ്ക്കുക മാത്രമല്ല, വേണ്ടത്തക്കവരോടെല്ലാം “കൃഷ്ണന്‍ നായര്‍ എനിക്കു പണമയച്ചുതന്നു” എന്നു പറയുകയും ചെയ്തു. അവര്‍ എന്നെ അറിയിച്ചു.

    മഹാനുഭാവനായിരുന്നു വക്കം അബുദുള്‍ ഖാദര്‍. അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളെല്ലാം അച്ചടിച്ച് പ്രസിദ്ധപ്പെടുത്തണം. വിശേഷിച്ചും ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് എഴുതിയ പുസ്തകവും കേരളത്തിലെ മഹായശസ്കരെപ്പറ്റി അദ്ദേഹം രചിച്ച തൂലികാചിത്രങ്ങളും എത്ര വായിച്ചാലും മതിവരാത്തതാണ് ‘തൂലികാചിത്രങ്ങള്‍’ എന്ന ഗ്രന്ഥം. എ. ബാലകൃഷ്ണപിള്ള, എസ്.കെ. പൊറ്റക്കാട് ഇങ്ങനെ പലരുടെയും ഹൃദയഹാരികളായ പല തൂലികാചിത്രങ്ങളും അതിലുണ്ട്. ഒരു ദിവസം ഞാന്‍ അബ്ദുള്‍ ഖാദറിന്റെ മകനെ റോഡില്‍ വച്ചു കണ്ടപ്പോള്‍ ഈ ഗ്രന്ഥപ്രസിദ്ധീകരണത്തെക്കുറിച്ചു പറഞ്ഞപ്പോള്‍ ഒരു കാര്യം കൂടി ഓര്‍മ്മയിലെത്തി. ഞാന്‍ സെക്രട്ടേറിയറില്‍ ജോലി നോക്കുന്ന കാലം. ഒരു സഹപ്രവര്‍ത്തകന്‍ വന്നു പറഞ്ഞു. ‘രണ്ടാളുകള്‍ കാണാന്‍ വന്നിരിക്കുന്നു’വെന്ന്. ഞാന്‍ ചെന്നപ്പോള്‍ വരാന്തയില്‍ അബ്ദുള്‍ ഖാദറും എസ്.കെ. പൊറ്റക്കാടും നില്ക്കുന്നു. വക്കം നോവലിസ്റ്റിന് എന്നെ പരിചയപ്പെടുത്തി. “This is M. Krishnan Nair, the great writer.” സ്നേഹം വന്നാല്‍ വക്കത്തിനു നിര്‍ലോപമായി വിശേഷങ്ങള്‍ നാവില്‍ വരും. അദ്ദേഹത്തെ ഓര്‍മ്മിക്കുമ്പോള്‍ എനിക്കു ദുഃഖമുണ്ടാകുന്നു. അദ്ദേഹത്തിന്റെ സ്മരണയെ നിലനിറുത്താന്‍ ആരും ഒന്നും ചെയ്യുന്നില്ലല്ലോ.