close
Sayahna Sayahna
Search

സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം


അഷ്ടമൂർത്തി

കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 70)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)

സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം

യാത്രയിലുടനീളം വയസ്സനായ ഡ്രൈവര്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. സിംഗപ്പൂരിലെ ടാക്‌സി ഡ്രൈവര്‍മാര്‍ ആണായാലും പെണ്ണായാലും ഭൂരിഭാഗവും വയസ്സായവര്‍ ആണെന്ന് ഇത്തവണത്തെ യാത്രയിലാണ് ഞാന്‍ ശ്രദ്ധിച്ചത്. വണ്ടിയോടിയ്ക്കുന്നതിനിടയില്‍ അവര്‍ അധികവും വാചാലരാകുന്നത് പഴയ സിംഗപ്പൂരിനേക്കുറിച്ചാണ്. അതില്‍ പലപ്പോഴും നിരാശതയുടെ നിഴല്‍ പറ്റുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിനുള്ള കാരണം പറഞ്ഞു തന്നത് നിഖിലാണ്. അച്ഛനമ്മമാരെ നോക്കുന്നതില്‍ പുതിയ തലമുറ വളരെ ഉദാസീനരാണത്രേ. ജീവിയ്ക്കണമെങ്കില്‍ എന്തെങ്കിലും തൊഴിലെടുത്തേ തീരൂ അവര്‍ക്ക്. അവരുടെ അവശതകള്‍ പ്രത്യേകം കണക്കിലെടുക്കണമെന്ന് ഭരണകൂടത്തിനും ഇപ്പോള്‍ തോന്നിത്തുടങ്ങിയിട്ടുണ്ട്. 2015–ല്‍ സിംഗപ്പൂര്‍ സ്വാതന്ത്ര്യത്തിന്റെ അമ്പതാം വര്‍ഷം ആഘോഷിയ്ക്കുകയാണ്. 1965–ല്‍ 15 വയസ്സുണ്ടായിരുന്നവര്‍ക്കു മുഴുവന്‍ പ്രത്യേക ആനുകൂല്യങ്ങള്‍ നിരത്തിക്കൊണ്ടാണ് സിംഗപ്പൂരിന്റെ ഇത്തവണത്തെ വാര്‍ഷിക ബജറ്റ് രൂപപ്പെടുത്തിയിട്ടുള്ളത്.

പയാ ലെബാര്‍ റോഡില്‍നിന്ന് Lor Ong Lye എന്ന ഇടവഴിയിലേയ്ക്കു തിരിഞ്ഞ് കാഞ്ചനരാമ ക്ഷേത്രത്തിനു മുന്നില്‍ വാഹനം നിര്‍ത്തിയപ്പോള്‍ ഡ്രൈവര്‍ പറഞ്ഞു: ‘ഇവിടെ വലിയ ഒരു കൈതച്ചക്കയുടെ വിഗ്രഹമാണ് വേണ്ടിയിരുന്നത്.’

കൈതച്ചക്കയുടെ കഥ ഇവിടെയെത്തിയപ്പൊഴേ അമ്മു പറഞ്ഞുതന്നിരുന്നു. ലൊറോങ്ങ് ലിയേ കൈതച്ചക്കയുടെ വലിയ ഒരു തോട്ടമായിരുന്നു. Ong Lye എന്നു വെച്ചാല്‍ കൈതച്ചക്ക എന്നാണര്‍ത്ഥം. Lorong എന്നാല്‍ ഇടവഴി. ശരിയ്ക്ക് Lorong Ong Lye എന്നാണ് പറയേണ്ടത്. Lor എന്നത് Lorong എന്നതിന്റെ ചുരുക്കെഴുത്താണ്. Ong ആവര്‍ത്തിയ്‌ക്കേണ്ട എന്നു വെച്ചതാവണം. ഏതായാലും അച്ഛന്‍ ഇവിടെ കൈതച്ചക്കയൊന്നും തിരഞ്ഞു പോവണ്ട, ഒരെണ്ണം പോലും കണ്ടെത്തില്ല എന്ന് അമ്മു മുന്നറിയിപ്പും തന്നു.

കൈതച്ചക്ക വീണ്ടും സംഭാഷണവിഷയമായത് സുരേഷ് മേനോന്‍ വീട്ടില്‍ വന്നപ്പോഴാണ്. ‘സ്റ്റ്രെയ്റ്റ്‌സ് ടൈം’സിന്റെ ബിസിനസ്സ് എഡിറ്ററായ സുരേഷ് മേനോന്‍ കഴിഞ്ഞ ഇരുപതുകൊല്ലമായി സിംഗപ്പൂരിലാണ്. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കൈതച്ചക്കത്തോട്ടത്തിനുള്ള സ്ഥലമെവിടെ! മറ്റേതൊരു പ്രദേശത്തേയും പോലെ സിംഗപ്പൂരും ഒരു കാലത്ത് വലിയ ഒരു ഗ്രാമമായിരുന്നുവല്ലോ. വര്‍ത്തമാനത്തിനിടയില്‍ സിംഗപ്പൂരില്‍ ഒരു ഗ്രാമം ഇപ്പോഴും ബാക്കിയുണ്ടെന്നും അത് പോയി കാണാവുന്നതാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. പക്ഷേ സ്ഥലം കൃത്യം അറിയില്ല. സുരേഷ് ഒരു വട്ടം പോവാന്‍ ശ്രമിച്ചതാണ്. ടാക്‌സിയില്‍ കയറിയെങ്കിലും ഡ്രൈവര്‍ക്ക് സ്ഥലം കണ്ടുപിടിയ്ക്കാനാവാത്തതുകൊണ്ട് ലക്ഷ്യമെത്താതെ തിരിച്ചുപോരേണ്ടിവന്നുവത്രേ. ആ ടാക്‌സിഡ്രൈവര്‍ തീര്‍ച്ചയായും ഒരു ചെറുപ്പക്കാരനായിരുന്നിരിയ്ക്കണം എന്ന് എനിയ്ക്കു തോന്നി.

സിംഗപ്പൂരില്‍ ഒരു ഗ്രാമമോ! കൂറ്റന്‍ കൂറ്റന്‍ കെട്ടിടങ്ങളും കച്ചവടമാളികകളും (Shopping Malls) തീറ്റപ്പന്തലുകളും (Food Courts) കോണ്‍ഡോകളും (Condominiums) ഹൗസിങ്ങ് ബോര്‍ഡിന്റെ നൂറു കണക്കിന് അടുക്കുവീടുകളും (Flats) തിങ്ങിനില്‍ക്കുന്ന സിംഗപ്പൂര്‍ അപ്പാടെ ഒരു നഗരമാണ്. അവിടെ ഒരു ഗ്രാമം ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് വിശ്വസിയ്ക്കാന്‍ പോലുമായില്ല. 1960–ല്‍ സിംഗപ്പൂര്‍ മലേഷ്യയുടെ ഒപ്പം ഒരു ഫെഡറേഷനായിരുന്ന കാലത്തു തന്നെ ലീ ക്വാന്‍ യൂ അവിടെ ഭവനനിര്‍മ്മാണവികസനസമിതി (Housing and Development Board) സ്ഥാപിച്ചിരുന്നു. 1965–ല്‍ മലേഷ്യയില്‍നിന്നു വേര്‍പിരിഞ്ഞ് സിംഗപ്പൂര്‍ ഒരു സ്വതന്ത്രരാജ്യമായതോടെ അതിന് ആക്കം കൂട്ടി. ഗ്രാമങ്ങളിലെ പാവപ്പെട്ട വീടുകളില്‍ താമസിയ്ക്കുന്നവരെ അടുക്കുവീടുകളിലേയ്ക്കു കുടിയേറിപ്പാര്‍പ്പിയ്ക്കുന്ന ഒരു ബൃഹദ് പദ്ധതിയായിരുന്നു അത്. സിംഗപ്പൂരിനെ അപ്പാടെ നഗരവല്‍ക്കരിയ്ക്കുന്നതിന്റെ ഭാഗവുമായിരുന്നു. വീടുകളേയും ചുറ്റുപാടുകളേയും ഇടിച്ചുനിരത്തിക്കൊണ്ട് ഗ്രാമങ്ങളിലെമ്പാടും ബുള്‍ഡോസറുകള്‍ നിരങ്ങിനീങ്ങാന്‍ തുടങ്ങി. മലേഷ്യന്‍ ശൈലിയിലുള്ള വീടുകള്‍ നിരവധി നിലകളുള്ള കെട്ടിടക്കൂട്ടങ്ങള്‍ക്കു വഴി മാറി. പഴയ സിംഗപ്പൂര്‍ അതോടെ ചിത്രങ്ങളില്‍ മാത്രമായി.

ഗ്രാമത്തിലെ ഒരു വീട്

വിവോ സിറ്റിയും സെന്റോസയും ഓര്‍ച്ചാര്‍ഡ് റോഡും ബേഡ് പാര്‍ക്കും ബൊട്ടാണിക്കല്‍ ഗാര്‍ഡനും മെര്‍ലിയണും ഹാര്‍ബര്‍ ഫ്രന്റും ഏഷ്യന്‍ സിവിലൈസേഷന്‍ മ്യൂസിയവും മാത്രമല്ല സിംഗപ്പുര്‍ എന്ന് എനിയ്ക്കു തോന്നി. സുരേഷ് മേനോന് കണ്ടുപിടിയ്ക്കാനാവാതെ പോയ ആ ഗ്രാമം ഒന്നു കാണണമല്ലോ. ഗൂഗിളില്‍ കയറി പരതി. അതാ, ‘സിംഗപ്പൂരിലെ അവസാനത്തെ ഗ്രാമം’ എന്ന ഒരു കണ്ണി കിടക്കുന്നു! ഈ ഗ്രാമത്തിന്റെ പേര് ബ്വാങ്കോക് എന്നാണ്. സുരേഷ് മേനോന്റെ താമസസ്ഥലമായ ആങ് മോ ക്യോവില്‍നിന്ന് അധികം അകലെയല്ലാതെ കിടക്കുന്ന ഈ സ്ഥലം അദ്ദേഹത്തിനു കണ്ടെത്താന്‍ കഴിയാതെ പോയത് അത്ഭുതം തന്നെ. ഗൂഗിളില്‍ കൂടുതല്‍ വിവരങ്ങളുണ്ട്. ലൊറോങ്ങ് ലിയേയില്‍നിന്ന് അധികം ദൂരത്തല്ല. അവിടെനിന്ന് 70–ാം നമ്പര്‍ ബസ്സ് പിടിയ്ക്കുക. സെന്റ് വിന്‍സെന്റ് ഡീ പോള്‍ ചര്‍ച്ച് സ്റ്റോപ്പില്‍ ഇറങ്ങി പാത മുറിച്ചു കടന്ന് കനാലില്‍നിന്നുള്ള പടികള്‍ ഇറങ്ങിയാല്‍ ബ്വാങ്കോക് ഗ്രാമമായി.

പിറ്റേന്നു വൈകുന്നേരം തന്നെ പുറപ്പെട്ടു. സിംഗപ്പൂരിലില്ലാത്ത കൊതുകുകള്‍ അവിടെ ഉണ്ടാവാം എന്നു ഭയപ്പെട്ട് അമ്മു ആരാധ്യയെ ദേഹം മുഴുവന്‍ മൂടുന്ന ഒരുടുപ്പ് ഇടുവിച്ചു. കുടിവെള്ളം കുപ്പിയിലെടുത്ത് സഞ്ചിയില്‍ തിരുകി. മാനം ഇരുണ്ടിട്ടുണ്ട്. മഴ പെയ്താല്‍ കയറിനില്‍ക്കാന്‍ ഇടമുണ്ടാവില്ലെന്നു വിചാരിച്ച് കുടയും കയ്യില്‍ കരുതി. ടോര്‍ച്ച് എടുക്കാന്‍ ഭാവിച്ചപ്പോള്‍ അത് ഏതായാലും വേണ്ട അച്ഛാ എന്ന് അമ്മു തടഞ്ഞു. നമ്മുടെ നാട്ടില്‍ പണ്ട് ഉണ്ടായിരുന്നതു പോലെ ചൂട്ട് കിട്ടാന്‍ വഴിയുണ്ട് എന്നു ചിരിച്ചു.

എല്ലാം ഗൂഗിള്‍ സ്വാമി പറഞ്ഞ പോലെ. കനാലിന്റെ പടികള്‍ ഇറങ്ങിയതോടെ ഞങ്ങള്‍ അര നൂറ്റാണ്ടു മുമ്പുള്ള ഒരു ലോകത്തിലെത്തി. സിംഗപ്പൂരില്‍ ആദ്യമായി കമ്പികള്‍ തൂങ്ങിനില്‍ക്കുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ കണ്ടു. കമ്പിയില്‍ വള്ളികള്‍ പടര്‍ന്നു പിടിച്ചിരിയ്ക്കുന്നതു കണ്ടപ്പോള്‍ ആറാട്ടുപുഴയില്‍ എത്തിയെന്നു തോന്നി. നേരെ കിടക്കുന്ന പാത ടാറിട്ടതാണെങ്കിലും ഇടത്തോട്ടുള്ളത് വെളുത്തനിറത്തിലുള്ള മണ്‍പാതയാണ്. ഗ്രാമത്തിലേയ്ക്കുള്ള വഴിയാണ് അത്.

ഇത് ഒരു കാഴ്ചബംഗളാവല്ലെന്നും ചോരയും നീരുമുള്ള മനുഷ്യര്‍ താമസിയ്ക്കുന്ന സ്ഥലമാണെന്നും അവരെ അലോസരപ്പെടുത്തരുതെന്നും ഇന്റര്‍നെറ്റിലെ ഒരു ലേഖനത്തില്‍ കണ്ടിരുന്നു. സിംഗപ്പൂര്‍ പോലെയുള്ള ഒരു വന്‍നഗരത്തില്‍ ഇത് ഒരു പിക്‌നിക് സ്‌പോട്ടാവാനുള്ള സാദ്ധ്യത വളരെയുണ്ടല്ലോ. അതുകൊണ്ട് ഗ്രാമത്തിലേയ്ക്കുള്ള വഴിയില്‍ ഞങ്ങള്‍ അല്‍പനേരം ശങ്കിച്ചുനിന്നു. അല്‍പം അകലെ രണ്ടോ മൂന്നോ ചെറുപ്പക്കാര്‍ വിഡിയോവില്‍ പടം പിടിയ്ക്കുന്നതു കണ്ടപ്പോള്‍ മുന്നോട്ടു നടക്കാന്‍ തന്നെ തീരുമാനിച്ചു.

ഗ്രാമം ഏറെക്കുറെ ശാന്തമായിരുന്നു. സ്വകാര്യതയിലേയ്ക്കു കടന്നു കയറരുത് എന്ന മുന്നറിയിപ്പ് ഞങ്ങള്‍ നല്ലവണ്ണം ഉള്‍ക്കൊണ്ടിരുന്നുവെങ്കിലും അതിന്റെയൊന്നും കാര്യമുണ്ടായിരുന്നില്ല. അവിടത്തെ താമസക്കാര്‍ ഏറെയും വീട്ടില്‍ത്തന്നെ അടച്ചിരിയ്ക്കുകയാണെന്ന് അകത്തുനിന്നുള്ള സംസാരം കേട്ടപ്പോള്‍ മനസ്സിലായി. ടെലിവിഷനില്‍നിന്നുള്ള ശബ്ദവും കേള്‍ക്കാനുണ്ട്. ഒരുപക്ഷേ ഞങ്ങളേപ്പോലുള്ള സന്ദര്‍ശകരുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ വേണ്ടിത്തന്നെയാവാം അത്. ഒരു വീടിന്റെ മുറ്റത്തു നില്‍ക്കുന്ന വയസ്സായ ഒരു സ്ത്രീയെ മാത്രമാണ് അന്തേവാസിയായി കണ്ടത്. അവര്‍ ഞങ്ങളെ നോക്കി സൗഹൃദത്തോടെ ചിരിച്ചു. ഇനിയും വീടുകളുണ്ടെന്ന് അവര്‍ മുന്നോട്ടുള്ള വഴി ചൂണ്ടിക്കാണിച്ചു.

നാകത്തകിടുകൊണ്ടു മേഞ്ഞ വീടുകളായിരുന്നു അത്. അധികവും മരമാണ് ഉപയോഗിച്ചിരിയ്ക്കുന്നത്. വീടുകള്‍ക്കുള്ള മുളംപടികളും മുറ്റത്തിന്റെ അതിരുകളിലെ ചെടികളിലെ നന്ത്യാര്‍വട്ടവും ചെമ്പരത്തിയും തെച്ചിയും കോളാമ്പിയും നാലുമണിപ്പൂക്കളും കണ്ടപ്പോള്‍ ഗൃഹാതുരത്വം അടക്കാനായില്ല. മാവുകളും പ്ലാവുകളും ധാരാളമുണ്ട്. കൂട്ടത്തില്‍ തെങ്ങുകളും കവുങ്ങുകളുമുണ്ട്. ഏതെങ്കിലും ഒരു വീട്ടില്‍നിന്ന് തോര്‍ത്തുമുണ്ടു ചുറ്റിയ ഒരു രാമന്‍ നായര്‍ ഇറങ്ങി വന്നേയ്ക്കാം എന്നു വരെ എനിയ്ക്കു തോന്നി.

ഗ്രാമം എന്നു പറയാമെങ്കിലും അതിന് ഏകദേശം മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍ ചേര്‍ന്ന വിസ്തീര്‍ണ്ണമേയുള്ളു. ഇരുപത്തെട്ടു കുടുംബങ്ങള്‍ ഇവിടെ താമസിയ്ക്കുന്നുണ്ട്. വാടകയ്ക്കാണ് അവരുടെ താമസം. ഇപ്പോഴത്തെ സ്ഥലമുടമ സങ്ങ് ഹുയ് ഹോങ്ങിന്റെ അച്ഛന്‍ 1962–ല്‍ കൈവശപ്പെടുത്തിയതാണ് ഈ സ്ഥലം. മാസവാടക ഇപ്പോഴും എട്ടു ഡോളര്‍ മുതല്‍ മുപ്പത്തഞ്ചു ഡോളര്‍ വരെയേയുള്ളു. ഹൗസിങ്ങ് ബോര്‍ഡിന്റെ കോളനികളില്‍ ഇത് 800 മുതല്‍ 1500 വരെയാണെന്ന് ഓര്‍ക്കുക. ഗ്രാമവാസികളായതുകൊണ്ട് ദരിദ്രര്‍ എന്ന് അര്‍ത്ഥമില്ല. പലേ വീടുകളുടെ മുറ്റത്തും കാറുകള്‍ കിടക്കുന്നതു കണ്ടു.

ഗ്രാമാന്തരീക്ഷം

നേരം ആറര കഴിഞ്ഞിരുന്നു. സിംഗപ്പൂരില്‍ വൈകിയാണ് സൂര്യനസ്തമിയ്ക്കുക. ഇരുട്ടു വീഴാന്‍ രാത്രി ഏഴരയെങ്കിലുമാവും. എന്നാലും വൈകിയ്‌ക്കേണ്ടെന്നു കരുതി ഞങ്ങള്‍ മടങ്ങാന്‍ തീരുമാനിച്ചു. ആരോടും യാത്ര പറയാനില്ല. കുറച്ചു മുമ്പ് ഒരു വീടിന്റെ മുറ്റത്തു കണ്ട വൃദ്ധ കൂടി അകത്തേയ്ക്ക് ഉള്‍വലിഞ്ഞിരിയ്ക്കുന്നു. കുറേക്കൂടി പടങ്ങളെടുത്ത് ഞങ്ങള്‍ ബാങ്ക്വോക്കിനോട് നിശ്ശബ്ദം യാത്ര പറഞ്ഞു.

ഇത്തവണ നിഖില്‍ എനിയ്ക്കു സമ്മാനിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ‘കാംപോംഗ് സ്പിരിറ്റ്’ എന്ന ഒരാത്മകഥയും ഉണ്ടായിരുന്നു. ‘പോത്തോങ്ങ് പാശിറിലെ 1955 മുതല്‍ 1965 വരെയുള്ള ജീവിതം’ എന്ന് ഉപശീര്‍ഷകമുള്ള അത് ജോസഫൈന്‍ ചിയ എന്ന എഴുത്തുകാരിയുടെ കുട്ടിക്കാലത്തെ ഓര്‍മ്മകളാണ്. സിംഗപ്പൂര്‍ ഒരു മഹാനഗരമാവുന്നതിനു മുമ്പ് മറ്റേതൊരു പ്രദേശത്തെയും പോലെ ഒരു ഗ്രാമമായിരുന്നു പോത്തോങ്ങ് പാശിര്‍. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ ബുള്‍ഡോസറുകള്‍ തേര്‍വാഴ്ച നടത്തുന്നതിനും കുളങ്ങളും കിണറുകളും മണ്ണിട്ട് മൂടുന്നതിനും മുമ്പുള്ള സിംഗപ്പൂരിന്റെ തെളിഞ്ഞ ഒരു ചിത്രം കിട്ടും ഈ പുസ്തകം വായിയ്ക്കുമ്പോള്‍. കുഴല്‍വെള്ളവും വൈദ്യുതവിളക്കുകളും ജോസഫൈന് അത്ഭുതങ്ങളായിരുന്നു. നഗരത്തിനുടുത്ത് താമസിച്ചിരുന്ന ചെറിയച്ഛന്റെ വീട്ടില്‍ ഇതെല്ലാം കണ്ട് അന്തം വിടുന്നുണ്ട് ജോസഫൈന്‍.

ലീ ക്വാന്‍ യൂവിന്റെ നടപടികള്‍ കൊണ്ട് കൂടുതല്‍ നല്ല നിലവാരത്തിലുള്ള ജീവിതം സിംഗപ്പൂര്‍ക്കാര്‍ക്ക് കൈവന്നിട്ടുണ്ടെന്നതിനു സംശയമില്ല. പക്ഷേ ഗ്രാമജീവിതത്തിന്റെ നന്മകള്‍ എവിടെയൊക്കെയോ നഷ്ടപ്പെട്ടുപോയി എന്നു തീര്‍ച്ച. ജോസഫൈന്‍ ചിയയുടെ പുസ്തകത്തില്‍ ഒരു മലമ്പാമ്പിനെ നാട്ടുകാര്‍ ഒന്നിച്ച് നേരിടുന്നതിന്റേയും കൊന്നതിനു ശേഷം അതിനെ പങ്കിട്ടു തിന്നുന്നതിന്റേയും രസകരമായ വിവരണമുണ്ട്. പുസ്തകത്തിന്റെ രണ്ടാം ശീര്‍ഷകം Gotong Royong എന്നാണ്. മലായ് ഭാഷയില്‍ പരസ്പരസഹായം എന്ന് അര്‍ത്ഥം. തമ്മില്‍ത്തമ്മില്‍ കൊണ്ടും കൊടുത്തുമുള്ള ഗ്രാമജീവിതമാണ് എഴുത്തുകാരി ഉദ്ദേശിയ്ക്കുന്നത്. ഇന്നത്തെ സിംഗപ്പൂര്‍ജീവിതത്തില്‍ അത്തരം ഊഷ്മളതയില്ല. തീപ്പെട്ടി അടുക്കി വെച്ചതുപോലുള്ള പുതിയ ഫ്‌ളാറ്റു സംവിധാനത്തില്‍ അടുത്തടുത്താണ് താമസമെങ്കിലും അതിലെ അന്തേവാസികള്‍ വളരെ അകലത്താണ് ജീവിയ്ക്കുന്നത് എന്ന ധ്വനി അവരുടെ ആത്മകഥയിലുണ്ട്.

ഇത് നാഗരികതയുടെ അനിവാര്യതയായിരിയ്ക്കാം. ലോകത്തിലെമ്പാടും നടക്കുന്നതും ഇതു തന്നെയായിരിയ്ക്കാം. സിംഗപ്പൂരില്‍ ഇതു സംഭവിച്ചത് സ്വാഭാവികമായല്ല എന്നതും കടുത്ത നടപടികളിലൂടെയാണ് എന്നതും വളരെ പെട്ടെന്നാണ് എന്നതും ആഘാതങ്ങള്‍ക്ക് ആക്കം കൂട്ടിയിട്ടുണ്ടാവാം. ഏതായാലും ഒന്നുറപ്പ്: അന്നത്തെ ഗ്രാമവാസികള്‍ അനുഭവിച്ച വേദനകള്‍ ഒരു പുസ്തകത്തിലും വന്നിട്ടുണ്ടാവില്ല. ലീ ക്വാന്‍ യൂവിനേക്കുറിച്ച് ചീത്തയായതൊന്നും എഴുതാന്‍ അവിടെ അനുവാദമില്ലല്ലോ. സിംഗപ്പൂരില്‍ ഏകാധിപത്യ–ജനാധിപത്യം (Guided Democracy) ആണല്ലോ നിലനില്‍ക്കുന്നത്.

‘സിംഗപ്പൂര്‍ സ്റ്റോറി’യ്ക്കു ശേഷം ലീ ക്വാന്‍ യൂ എഴുതിയ ‘മൂന്നാം ലോകത്തില്‍നിന്ന് ഒന്നാം ലോകത്തിലേയ്ക്ക്’ (From Third World to First) എന്ന പുസ്തകത്തില്‍ ആ കുടിയേറിപ്പാര്‍പ്പിനേക്കുറിച്ചുള്ള വിവരണങ്ങളുണ്ട്. കുടിലുകളില്‍ നിന്ന് കൂറ്റന്‍ കെട്ടിടങ്ങളിലേയ്ക്കുള്ള താമസമാറ്റം ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം സാംസ്‌കാരികമായ ഒരാഘാതമായിരുന്നു. അവര്‍ വളര്‍ത്തു പന്നികളേയും കോഴികളേയും താറാവുകളേയും കൂടെക്കൊണ്ടു വന്നു. പന്നികളെ കോണിപ്പടികള്‍ കയറാന്‍ നിര്‍ബ്ബന്ധിച്ചു. കോഴികളും താറാവുകളും സ്വീകരണമുറിയിലേയ്ക്കു കടക്കാതിരിയ്ക്കാന്‍ അടുക്കളയ്ക്ക് മരം കൊണ്ട് പടിവാതിലുകളുണ്ടാക്കി. എസ്‌കലേറ്ററുകളില്‍ കയറാനുള്ള പേടി കൊണ്ട് പലരും കോണി കയറിയാണ് മുകള്‍നിലകളിലെത്തിയിരുന്നത്. വൈദ്യുതവിളക്കുകളുണ്ടായിട്ടും തെളിയിയ്ക്കാന്‍ പേടിച്ച് പലരും പഴയ മണ്ണെണ്ണ വിളക്കുകളാണത്രേ ഉപയോഗിച്ചത്.

മടക്കബസ്സില്‍ ഇരിയ്ക്കുമ്പോള്‍ ആലോചിച്ചു: എത്രകാലം ഈ ഗ്രാമം ഇതേപ്പോലെ നിലനില്‍ക്കും? അധികകാലം ഉണ്ടാവാന്‍ സാധ്യതയില്ല. മൂന്നു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെയത്രയും ഭൂമി സിംഗപ്പൂരില്‍ വിലമതിയ്ക്കാനാവാത്തതാണ്. ഗ്രാമത്തെ വേര്‍തിരിയ്ക്കുന്ന ടാറിട്ട റോഡിനപ്പുറം ഹൗസിങ്ങ് ബോര്‍ഡിന്റെ ഒരു കൂറ്റന്‍ കെട്ടിടം ബാങ്ക്വോക്കിലേയ്ക്ക് ആര്‍ത്തിയോടെ തുറിച്ചുനോക്കി നിലകൊള്ളുന്നുണ്ട്. ഈ തുണ്ടു ഭൂമിയിലെ പാവം വീടുകള്‍ക്കു മീതെ ഏതു ദിവസവും ഭരണകൂടത്തിന്റെ ബുള്‍ഡോസറുകള്‍ ഉരുളാന്‍ സാധ്യതയുണ്ട്. അത്തരമൊരു ആശങ്ക സ്ഥലമുടമ സങ്ങ് ഹുയ് ഹോങ്ങും ഒരഭിമുഖസംഭാഷണത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഒരുപക്ഷേ ഇനിയും ഇവിടേയ്ക്ക് എത്തുമ്പോള്‍ ഈ ഗ്രാമവും ബാക്കിയുണ്ടാവില്ല. ഗ്രാമത്തിലേയ്ക്കു തിരിയുന്ന വഴിയുടെ തുടക്കത്തില്‍ ഒരു മരത്തില്‍ കെട്ടിവെച്ച Lorong Buang Kok 1954 എന്ന ബോര്‍ഡിലേയ്ക്ക് ഒന്നു കൂടി നോക്കി ഞങ്ങള്‍ തിരിച്ചു നടന്നു.

വീടിന്റെ മുറ്റത്തെത്തിയപ്പോള്‍ ശ്രദ്ധിച്ചു. പൂഴിമണ്ണു പുരണ്ട് ചെരിപ്പ് വെളുത്തിരിക്കുന്നു! സിംഗപ്പൂരിലെത്തിയതിനു ശേഷം ആദ്യമായാണ് ചെരിപ്പില്‍ മണ്ണു പുരളുന്നത്. പുല്‍ത്തകിടികള്‍ കൊണ്ടും ഇഷ്ടികകള്‍ കൊണ്ടും സിമന്റ് പാളികള്‍ കൊണ്ടും കനത്ത ടാറു കൊണ്ടും അപ്പാടെ പൊതിഞ്ഞു വെച്ചിരിയ്ക്കുകയാണ് സിംഗപ്പൂര്‍. എത്ര നാഴികകള്‍ നടന്നു കൂട്ടിയാലും ചെരിപ്പില്‍ ഒരു നുള്ളു പൊടി പോലും പുരളില്ല. പുറംമോടിയില്‍ അത്രമേല്‍ തിളങ്ങുന്ന രാജ്യമാണ് സിംഗപ്പൂര്‍. അഴിച്ചെടുത്ത ചെരിപ്പുമായി കുളിമുറിയിലേയ്ക്കു നടക്കുമ്പോള്‍ സന്തോഷം തോന്നി. ഇത്തവണത്തെ യാത്രയ്ക്കിടയില്‍ ഇതുവരെ കാണാത്ത ഒന്ന് കാണാനും അറിയാനും കഴിഞ്ഞുവല്ലോ. ചിട്ടപ്പടിയുള്ള ഒരു സന്ദര്‍ശകപ്പട്ടികയില്‍ ഒരിയ്ക്കലും ഉള്‍പ്പെടാന്‍ സാദ്ധ്യതയില്ലാത്തതാണല്ലോ ഈ ഗ്രാമം.

പൊടി പുരണ്ട ചെരിപ്പുകള്‍ ഒരു മാപ്പപേക്ഷ പോലെയാണ് തിളങ്ങുന്ന കുളിമുറിയിലേയ്ക്ക് കടന്നുചെന്നത്. ടാപ്പിന്റെ കഴുകന്‍ വായയ്ക്കു താഴെ അവ അന്തിമവിധി കാത്തുകിടന്നു. അടുത്ത നിമിഷം കുതറിത്തെറിച്ച വെള്ളത്തില്‍ ചെരിപ്പിലെ മണ്ണ് കുത്തിയൊലിച്ച് കുളിമുറിയിലെ കറുത്ത ഇഷ്ടികകളില്‍ വെളുത്ത ചിത്രങ്ങള്‍ വരച്ചു. അത് ഒരു ശ്വാസനേരം മാത്രം. വെള്ളം വീണ്ടും ചീറ്റിത്തെറിച്ചപ്പോള്‍ ചിത്രങ്ങള്‍ ഒന്നോടെ പുറത്തേയ്ക്ക് ഒലിച്ചുപോയി. നിലം വീണ്ടും പുതിയ സിംഗപ്പൂരിനേപ്പോലെ തിളങ്ങാന്‍ തുടങ്ങി.

(ദേശാഭിമാനി വാരിക, 04–05–2014)