close
Sayahna Sayahna
Search

സിംഗപ്പൂരിലെ പക്ഷികള്‍


കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 71)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)

അഷ്ടമൂർത്തി

സിംഗപ്പൂരിലെ പക്ഷികള്‍

സിംഗപ്പൂരിലെ ആദ്യസന്ധ്യയില്‍ താമസസ്ഥലത്തുനിന്ന് കിളികളുടെ ബഹളം കേട്ടപ്പോള്‍ അത്ഭുതംതോന്നി. രണ്ടു കെട്ടിടസമുച്ചയങ്ങള്‍ക്കിടയില്‍ നല്ല ഉയരമുള്ള മരങ്ങളുണ്ട്. ചില്ലകള്‍ കഷ്ടിച്ച് ഞങ്ങള്‍ താമസിയ്ക്കുന്ന ഏഴാംനില വരെ എത്തുന്നുണ്ട്. അവയില്‍ കൂടുകെട്ടിയ അടയ്ക്കാമണിക്കുരുവികള്‍ ചേക്കേറുന്നതിന്റെ കോലാഹലമാണ് സന്ധ്യയെ ശബ്ദമുഖരിതമാക്കിയത്. ഒരു നിബിഡവനത്തിലകപ്പെട്ട അനുഭവം.

പുറംരാജ്യങ്ങളേക്കുറിച്ച് വളരെ ബാലിശമായ സംശയങ്ങളാണ് എനിയ്ക്കുണ്ടായിരുന്നത്. സിംഗപ്പൂരിലെന്നല്ല, ആദ്യമായാണ് ഒരു വിദേശരാജ്യത്ത് എത്തിപ്പെടുന്നത്. ചാങ്കി എയര്‍പോര്‍ട്ടില്‍നിന്നു പുറത്തുകടന്നപ്പൊഴേ ശ്രദ്ധിച്ചത് വഴിയരികിലെ മരങ്ങളും ചെടികളും പൂക്കളും പുല്‍ത്തകിടികളുമായിരുന്നു. എന്നുമെന്ന പോലെ മഴ പെയ്യുന്ന സിംഗപ്പൂരില്‍ മരങ്ങളും ചെടികളും തഴച്ചുവളരുന്നതില്‍ അത്ഭുതമില്ല. കാണാവുന്നിടത്തൊക്കെ പച്ചപ്പാണ്. അവയിലൊക്കെ ധാരാളം പക്ഷികളുമുണ്ടായിരിയ്ക്കാം എന്നു തോന്നി.

ആദ്യമേ പറയട്ടെ. തലക്കെട്ടു കണ്ട് തെറ്റിദ്ധരിയ്‌ക്കേണ്ട. ഇത് സിംഗപ്പൂരിലെ പക്ഷികളേക്കുറിച്ചുള്ള പ്രബന്ധമല്ല. ‘കേരളത്തിലെ പക്ഷികള്‍’, ‘കേരളത്തിലെ വിഷപ്പാമ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ എഴുതിയവര്‍ ക്ഷമിയ്ക്കട്ടെ.

മേല്‍പ്പറഞ്ഞ രണ്ടു പുസ്തകങ്ങളേക്കുറിച്ച് ഓര്‍മ്മിയ്ക്കുമ്പോള്‍ ‘ആരണ്യകം’ എന്ന സിനിമ ഓര്‍മ്മ വരും. ‘’കേരളത്തിലെ പക്ഷികള്‍, കേരളത്തിലെ പാമ്പുകള്‍ — എല്ലാത്തിനേയും കുറിച്ച് പുസ്തകങ്ങളുണ്ട്, പക്ഷേ ആരും ഇതുവരെ എഴുതാത്ത ഒരു പുസ്തകമുണ്ട്: കേരളത്തിലെ മനുഷ്യര്‍‘’ എന്ന് അതിലെ തീവ്രവാദിയായ നായകന്‍ പറയുന്നുണ്ട്. ഇപ്പറഞ്ഞ സംഭാഷണം എഴുതിയ എം. ടി. വാസുദേവന്‍ നായരടക്കം എല്ലാവരും കേരളത്തിലെ മനുഷ്യരേക്കുറിച്ചാണ് എഴുതിയിട്ടുള്ളതെന്ന് നമുക്കറിയാം. ഒന്നുകൂടി പറയട്ടെ ഈ കുറിപ്പ് സിംഗപ്പൂരിലെ മനുഷ്യരേക്കുറിച്ചും അല്ല.

എന്നാല്‍ യാത്രാവിവരണമാണോ? ഒ. വി. വിജയന്റെ ‘ഇരിഞ്ഞാലക്കുട’ എന്ന ചെറുകഥ വായിച്ചവര്‍ പിന്നെ ആ സാഹസത്തിന് ഒരുങ്ങില്ല. അല്ലെങ്കിലും ആരും കാണാത്തതും എഴുതാത്തതുമായ ഏതെങ്കിലും രാജ്യമുണ്ടോ ഈ ഭൂലോകത്തില്‍ ബാക്കിയായി?

ആദ്യമായി കാണുന്ന വിദേശരാജ്യമായതുകൊണ്ട് എല്ലാത്തിനും പുതുമയായിരുന്നു. നമ്മളുടെ സ്വപ്നമായ വൃത്തിയും വെടുപ്പും മറ്റൊരു സ്ഥലത്ത് നടപ്പായിക്കാണുന്നതിലുള്ള സന്തോഷം. പിന്നെ മരങ്ങള്‍! ഒരു കൊടുംനഗരത്തില്‍ ഇത്രയേറെ കൂറ്റന്‍മരങ്ങളുണ്ടാവുമെന്ന് വിചാരിച്ചതേയില്ല. മരങ്ങള്‍ പലതും മലേഷ്യയില്‍നിന്നും മറ്റും കൊണ്ടുവന്ന് വേരോടെ കുഴിച്ചിടുന്നതാണെന്നറിഞ്ഞപ്പോള്‍ അതിലേറെ അത്ഭുതമായി. പൊതുഗതാഗതസൗകര്യമാണ് സന്തോഷിപ്പിച്ച മറ്റൊരു കാര്യം. എയര്‍ കണ്ടീഷന്‍ ചെയ്ത ബസ്സുകളും ട്രെയ്‌നുകളും. രണ്ടിനും ഒരേ പോലെ ഉപയോഗിയ്ക്കാവുന്ന പ്രീപെയ്ഡ് കാര്‍ഡുകള്‍. വലിയ തിരക്കില്ലാതെ (രണ്ടര്‍ത്ഥത്തിലും) ഓടുന്ന ബസ്സുകളിലുള്ള യാത്ര നല്ല സുഖമുള്ള ഒരനുഭവമാണ്.

നിശ്ശബ്ദതയാണ് സിംഗപ്പൂരിന്റെ മുഖമുദ്ര. താമസക്കാര്‍ മുക്കാലും ചൈനക്കാര്‍. അവരാണെങ്കില്‍ പരസ്പരം മിണ്ടുന്നതേ കാണാറില്ല. വണ്ടിയിലായാലും ബസ്സിലായാലും ഒന്നുകില്‍ സെല്‍ഫോണില്‍ തിരുപ്പിടിച്ചുകൊണ്ടിരിയ്ക്കും. അല്ലെങ്കില്‍ സ്വപ്നം കണ്ടുകൊണ്ടുനില്‍ക്കും. അതുമല്ലെങ്കില്‍ വാഹനത്തിന്റെ വലിയ ചില്ലു ജാലകം വഴി പുറത്തേയ്ക്കു നോക്കിക്കൊണ്ടിരിയ്ക്കും.

ആദ്യത്തെ ദിവസം രാത്രിയിലെപ്പോഴോ അടയ്ക്കാക്കുരുവികളുടെ ബഹളം കേട്ട് ഉണര്‍ന്നു. സമയം നോക്കിയപ്പോള്‍ നാലേമുക്കാല്‍. പിന്നെപ്പിന്നെ എന്നും നാലേമുക്കാലിന് ഉണര്‍ന്നു തുടങ്ങി. അഞ്ചരമണിയോളം നീളുന്ന അവരുടെ കലപില കേട്ടു കിടക്കും. പിന്നെ ഒന്നുകൂടി മയങ്ങും. തിരക്കിട്ടെഴുന്നേറ്റ് ജോലിയ്‌ക്കോടേണ്ടല്ലോ.

സിംഗപ്പൂരിലെ സംവിധാനങ്ങള്‍ കൗതുകം തരുന്നവയായിരുന്നു. പൗരക്ഷേമം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്നു തോന്നും. അവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടും വരരുതെന്നുള്ള നിര്‍ബ്ബന്ധത്തോടെയാണ് ഓരോ ക്രമീകരണവും നടത്തിയിരിയ്ക്കുന്നത്. വീട്ടില്‍നിന്നിറങ്ങിയാല്‍ ബസ് സ്റ്റോപ്പു വരെ മഴയോ വെയിലോ കൊള്ളാതെ നടക്കാനുള്ള ട്യൂബുകള്‍. ഓരോ ബസ് സ്റ്റോപ്പിലും അതിലൂടെ കടന്നുപോവുന്ന ബസ്സുകളുടെ നമ്പറും ഓരോ സ്റ്റോപ്പിന്റേയും പേരും ബസ് ചാര്‍ജും പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു. ബസ്സില്‍ കയറിയാല്‍ അടുത്ത സ്റ്റോപ്പിന്റെ പേരും ഇറങ്ങാനുള്ളവര്‍ വാതിലിന്നടുത്തേയ്ക്കു നീങ്ങാനുള്ള അഭ്യര്‍ത്ഥനയും എലക്ട്രോണിക് ഡിസ്‌പ്ലേയില്‍ തെളിയുന്നു. യാത്രക്കാര്‍ക്കു കയറാനും ഇറങ്ങാനും ഇഷ്ടംപോലെ സമയം. എല്ലാവരും ഇറങ്ങിയെന്നും കയറിയെന്നും ഉറപ്പുവരുത്തിയതിനു ശേഷമേ ഡ്രൈവര്‍ വണ്ടിയെടുക്കൂ.

പാതകളുടെ വിന്യാസവും കാണേണ്ടതാണ്. കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകം പ്രത്യേകം നടവഴികള്‍. അന്ധര്‍ക്കു സ്പര്‍ശമറിഞ്ഞു നടക്കാന്‍ നടപ്പാതകളിലും റെയില്‍വേ പ്ലാറ്റ്‌ഫോമിലും സ്റ്റീല്‍കൊണ്ടുണ്ടാക്കിയ പ്ലേറ്റുകള്‍ പതിച്ചിരിയ്ക്കുന്നു. പ്ലാറ്റ്‌ഫോം കഴുകിവൃത്തിയാക്കുന്ന സമയത്ത് യാത്രക്കാര്‍ കാല്‍വഴുതി വീഴാതിരിയ്ക്കാന്‍ നിലം നനവുള്ളതാണെന്നു മുന്നറിയിപ്പു തരുന്ന പാനല്‍ബോര്‍ഡ് പ്രദര്‍ശിപ്പിയ്ക്കുന്നു. ഒരു കീറക്കടലാസ്സുപോലും ഇല്ലാതെ വെട്ടിത്തിളങ്ങുന്ന പ്ലാറ്റ്‌ഫോം.

ട്രെയിന്‍ വന്നുനിന്ന് നിമിഷങ്ങള്‍ക്കകം ചില്ലുവാതിലുകള്‍ തുറക്കുന്നു. ട്രെയിനിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നതിനു മുമ്പ് ‘പ്ലീസ് മൈന്‍ഡ് പ്ലാറ്റ്‌ഫോം ഗ്യാപ്’ എന്ന സ്‌നേഹപൂര്‍വ്വമായ മുന്നറിയിപ്പ്. അകത്തുകയറി ഒരു നിശ്ചിതസമയം കഴിഞ്ഞാല്‍ വാതിലുകള്‍ അടയ്ക്കുകയാണെന്ന അറിയിപ്പ്. അടുത്ത സ്റ്റേഷന്‍ ഏതെന്ന അറിയിപ്പ് തൊട്ടു പിന്നാലെ. പാളം മാറുമ്പോള്‍ വണ്ടി ഇളകാന്‍ സാധ്യതയുള്ളതിനാല്‍ പിടിച്ചുനില്‍ക്കാനുള്ള നിര്‍ദ്ദേശം. വണ്ടിയുടെ ചുമരില്‍ റെയില്‍വേ സ്റ്റേഷനുകളുടെ പേരും വിവരവും. വരാന്‍ പോവുന്ന സ്റ്റേഷനില്‍ ഇടത്തോട്ടോ വലത്തോട്ടോ വാതില്‍ തുറക്കുക എന്ന സൂചനകൂടി നമുക്കു തരുന്നുണ്ട്.

സിംഗപ്പൂരില്‍ സ്വന്തമായി വാഹനം വേണമെങ്കില്‍ വലിയ വില കൊടുക്കണം. സ്വകാര്യവാഹനങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ കനത്ത നികുതിയാണ് ചുമത്തിയിരിയ്ക്കുന്നത്. എന്നിട്ടും ധാരാളം സ്വകാര്യവാഹനങ്ങള്‍ ഓടുന്നുണ്ട്. എന്നാലും ആരും ഹോണ്‍ അടിയ്ക്കാത്തതുകൊണ്ട് ശബ്ദമലിനീകരണം തീരെയില്ല.

ശബ്ദമലിനീകരണം ഇല്ലെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ഏര്‍പ്പാടാക്കിയ സംവിധാനങ്ങളേപ്പറ്റി ഒരു ദിവസം പത്രത്തില്‍ വായിച്ചു. പാതയില്‍നിന്ന് 30 മീറ്ററെങ്കിലും അകലം പാലിയ്ക്കണം കെട്ടിടങ്ങള്‍ പണിയുമ്പോള്‍. ഓടുമ്പോഴുള്ള ശബ്ദം കുറയ്ക്കാന്‍ വാഹനങ്ങളില്‍ കര്‍ശനമായ സംവിധാനങ്ങളുണ്ട്. ശബ്ദം വലിച്ചെടുക്കാന്‍ തക്കവണ്ണമാണ് പാതകള്‍ നിര്‍മ്മിച്ചിരിയ്ക്കുന്നത്. അതുപോലെ ട്രെയിനിന്റെ ചക്രങ്ങളും റെയിലും തമ്മിലുള്ള ഉരസല്‍കൊണ്ടുണ്ടാവുന്ന ശബ്ദം കുറയ്ക്കാനും സംവിധാനമുണ്ട്. എന്നാല്‍ ഏറ്റവും പ്രധാനം അതല്ല. കെട്ടിടങ്ങള്‍ക്കിടയില്‍ ധാരാളം മരങ്ങള്‍ വെച്ചുപിടിപ്പിയ്ക്കുന്നതാണ് അത്. മരങ്ങള്‍ താമസക്കാരുടെ മാനസികോല്ലാസത്തിനു വേണ്ടി മാത്രമല്ല അവയില്‍ കൂടുകൂട്ടുന്ന പക്ഷികളുടെ പാട്ട് വാഹനങ്ങളുടെ ശബ്ദത്തെ മറയ്ക്കും എന്നതുകൊണ്ടുകൂടിയാണ്.

സിംഗപ്പൂരിലെ ഏറ്റവും പ്രധാനപ്പെട്ട പത്രം ‘സ്‌റ്റ്രേയ്റ്റ്‌സ് ടൈംസ്’ ആണ്. അത് ഒരു തരത്തില്‍ സര്‍ക്കാരിന്റെ തന്നെ പത്രമാണ്. സിംഗപ്പൂര്‍ പ്രസ്സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ആണ് അതു നടത്തുന്നത്. സിംഗപ്പൂരിന്റെ ശില്‍പിയായ ലീ ക്വാന്‍ യൂ 1965–ല്‍ സ്ഥാപിച്ച പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി തന്നെയാണ് ഇപ്പോഴും ഭരണം നടത്തുന്നത്. പ്രതിപക്ഷം പേരിനേയുള്ളു. ലീ ക്വാന്‍ യൂവിന്റെ ദീര്‍ഘവീക്ഷണവും ഭാവനയുമാണ് സിംഗപ്പൂരിനെ ഇന്നു കാണുന്ന വിധത്തിലുള്ള മനോഹരമായ രാജ്യമാക്കിയത്. തൊട്ടതിനും പിടിച്ചതിനുമൊക്കെ കനത്ത പിഴ ചുമത്തുന്നതുകൊണ്ട് ‘ഫൈന്‍ സിറ്റി’ എന്ന പേരുമുണ്ടല്ലോ സിംഗപ്പൂരിന്.

സിംഗപ്പൂരില്‍ അഭിപ്രായസ്വാതന്ത്ര്യമൊക്കെ ഒരു കഥയാണ്. പക്ഷേ പൗരന്മാരുടെ സൈ്വരജീവിതം ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നടപടികള്‍ നമ്മളെ സന്തോഷിപ്പിയ്ക്കാതിരിയ്ക്കില്ല. നവംബര്‍ 16–ലെ ഒരു വാര്‍ത്ത അവിടത്തെ ഒരു വീട്ടമ്മയ്ക്ക് ഉറക്കം നഷ്ടപ്പെടുന്നതിനേക്കുറിച്ചായിരുന്നു. ഇരുപത്തൊമ്പതുകാരിയായ വിജയാ നായിഡു രാത്രി മൂന്നു പ്രാവശ്യം ഞെട്ടിയുണരുന്നുവത്രേ. ടാംപനീസ് എക്‌സ്പ്രസ്സ്‌വേയ്ക്ക് അഭിമുഖമായ പതിനഞ്ചുനിലക്കെട്ടിടത്തിലാണ് അവര്‍ താമസം. വാഹനത്തിന്റെ ശബ്ദമാണ് അവരുടെ ഉറക്കം തടസ്സപ്പെടുത്തുന്നത്. നാഷണല്‍ എന്‍വയോണ്‍മെന്റല്‍ ഏജന്‍സി ഇവരുടെ പരാതി വളരെ ഗൗരവമായി എടുത്തിട്ടുണ്ട്. പരിഹാരം കാണാന്‍ ഒരു വിദഗ്ധനെ മൂന്നു മാസത്തേയ്ക്ക് നിയമിയ്ക്കാന്‍ പോവുകയാണ്.

വാര്‍ത്ത വായിച്ചപ്പോള്‍ അടയ്ക്കാമണിക്കുരുവികളുടെ കോലാഹലമാണ് ഞാന്‍ ഓര്‍ത്തുപോയത്. രാവിലെ നാലേമുക്കാലിന് എന്റേയും ഉറക്കത്തിനു ഭംഗം നേരിടുന്നുണ്ടല്ലോ. പോരുന്നതിന് രണ്ടുദിവസം മുമ്പ് നാട്ടിലെ അയല്‍വാസി വീട്ടില്‍ വന്നപ്പോള്‍ പക്ഷികള്‍ ചേക്കേറുന്ന സമയമായിരുന്നു. “നോക്കൂ, നമ്മുടെ നാട്ടിലെത്തി എന്നു തോന്നുന്നില്ലേ”, ഞാന്‍ ചോദിച്ചു. അത് അയാളെ സന്തോഷിപ്പിയ്ക്കുമെന്നാണ് ഞാന്‍ വിചാരിച്ചത്. പക്ഷേ അയാള്‍ക്ക് സന്തോഷമല്ല, അത്ഭുതമാണ് ഉണ്ടായത്. അത് ഞങ്ങളുടെ ചുറ്റും താമസിയ്ക്കുന്നവരേപ്പറ്റിയായിരുന്നു. ഇത്ര കാലമായിട്ടും ആരും പരാതി കൊടുത്തില്ലേ എന്നായിരുന്നു അയാളുടെ അത്ഭുതം. പക്ഷികളുടെ ഈ കൂട്ടപ്പൊരിച്ചില്‍ എങ്ങനെയാണ് അവര്‍ സഹിയ്ക്കുന്നത്? പരാതി കൊടുത്താല്‍ ഉടനെ നടപടികളുണ്ടാവുമെന്നു തീര്‍ച്ചയാണ്.

പക്ഷികള്‍ക്കെതിരെ ആര്‍ക്കു പരാതി കൊടുക്കാന്‍ എന്ന് ഞാന്‍ ഉള്ളില്‍ ചിരിച്ചു. പോരാത്തതിന് ‘ലോകത്തില്‍ വെച്ച് പക്ഷികളുടെ ഏറ്റവും വലിയ പറുദീസ‘ എന്നവകാശപ്പെടുന്ന ജുറോങ് ബേഡ് പാര്‍ക് സിംഗപ്പൂരിലാണ്. പാട്ടു പാടുകയും വിരല്‍ ഞൊടിച്ചാല്‍ പറന്നെത്തുകയും പറയുന്നതെല്ലാം അനുസരിയ്ക്കുകയും ചെയ്യുന്ന പക്ഷികള്‍ ഞങ്ങള്‍ക്ക് വലിയ അത്ഭുതമായിരുന്നു. പക്ഷികള്‍ മനുഷ്യരോട് ഇത്രയും ഇണങ്ങണമെങ്കില്‍ തിരിച്ചും അങ്ങനെത്തന്നെയാവണം. അവര്‍ പക്ഷികള്‍ക്കെതിരെ കേസു കൊടുക്കുമോ?

അതിന്റെ പിറ്റേന്ന് രാവിലെ ഏകദേശം പത്തുമണിയായപ്പോള്‍ താഴെ എന്തോ ഒരു യന്ത്രം പ്രവര്‍ത്തിയ്ക്കുന്ന ശബ്ദം കേട്ടു. വരാന്തയിലേയ്ക്കു കടന്നു നോക്കിയപ്പോള്‍ താഴെ മിനി ലോറി പോലെ ഒരു വാഹനം നില്‍ക്കുന്നതു കണ്ടു. അതില്‍നിന്ന് ഉയരം ക്രമപ്പെടുത്താവുന്ന ഒരു ദണ്ഡിന്റെ തുഞ്ചത്തെ ഇരുമ്പുവലക്കൂട്ടില്‍ ഒരു മഞ്ഞത്തൊപ്പിക്കാരന്‍ നില്‍ക്കുന്നു. ദണ്ഡിന്റെ നീളം കൂട്ടിക്കുറച്ച് അയാള്‍ ഓരോ മരത്തിന്റെയും അടുത്തേയ്ക്ക് കറങ്ങിയടുക്കുകയാണ്. ചില്ലകളായ ചില്ലകളില്‍ എത്തി അയാള്‍ മുറിച്ചുതള്ളുന്നു. നിമിഷങ്ങള്‍ക്കകം താഴത്തെ പുല്‍ത്തകിടിയില്‍ ഇലകളും ചില്ലകളും കുന്നുകൂടി. അവ വാരിയെടുക്കാന്‍ രണ്ട് ആളുകളും കയറ്റാന്‍ ഒരു വാഹനവും തയ്യാറായിനില്‍ക്കുന്നുണ്ട്.

വരാന്തയില്‍ത്തന്നെ നിന്ന് ഞാന്‍ ആ കാഴ്ച മുഴുവനും കണ്ടു. ആകെ അര മണിക്കൂറെടുത്തിട്ടുണ്ടാവും രണ്ടു കെട്ടിടസമുച്ചയത്തിനിടയിലുള്ള ആറു മരങ്ങളും മുണ്ഡനം ചെയ്യാന്‍. ദൗത്യം കഴിഞ്ഞ് ദണ്ഡ് ചുരുക്കിയെടുത്ത് ചെറുപ്പക്കാരന്‍ മിനിലോറിയില്‍ കയറിയിരുന്നു. അടുത്ത പത്തു മിനിട്ടിനുള്ളില്‍ നിലത്തുകിടന്നിരുന്ന ഇലകളും ചില്ലകളുമൊക്കെ വാഹനത്തില്‍ കയറ്റി. പുല്‍ത്തകിടിയും നടപ്പാതയുമൊക്കെ ഒരില പോലും ബാക്കിയാവാതെ വൃത്തിയായി.

സന്ധ്യയായതോടെ പുറത്ത് കിളികളുടെ ബഹളം കേട്ടു. ഞാന്‍ വരാന്തയിലേയ്ക്കു ചെന്നു. ചേക്കേറാന്‍ വന്നപ്പോള്‍ കൂടുകള്‍ കാണാതെ അവ അങ്ങുമിങ്ങും പരിഭ്രാന്തരായി പറക്കുകയാണ്. ജോലി കഴിഞ്ഞു വരുന്ന മനുഷ്യര്‍ സ്വന്തം സ്വന്തം ഫ്‌ളാറ്റുകളിലേയ്ക്കു മടങ്ങിക്കൊണ്ടിരിയ്ക്കുന്ന സിംഗപ്പൂര്‍ നിവാസികള്‍ അതൊന്നും തീരെ ശ്രദ്ധിയ്ക്കുന്നില്ലെന്നു തോന്നി.

നേരം ഇരുണ്ടു. വിളക്കുകള്‍ തെളിഞ്ഞു. മഴയും പെയ്തുതുടങ്ങി. കൂടു നഷ്ടപ്പെട്ട കിളികള്‍ നിലവിളിച്ചുകൊണ്ട് എങ്ങോട്ടോ പറന്നുമറഞ്ഞു. ക്രമേണ പരിസരം ശാന്തമായി. ഞാന്‍ മുറിയിലേയ്ക്കുതന്നെ മടങ്ങി.

സിംഗപ്പൂരിലെ അവസാനരാത്രിയായിരുന്നു അത്. പിറ്റേന്ന് ചാങ്കി എയര്‍പോര്‍ട്ടില്‍നിന്ന് രാവിലെ ഏഴേമുക്കാലിനാണ് വിമാനം. അഞ്ചേമുക്കാലിനെങ്കിലും പുറപ്പെടണം. നാലേമുക്കാലിന് എഴുന്നേറ്റാല്‍ ധാരാളമാണ്. പക്ഷേ വിളിച്ചുണര്‍ത്താന്‍ ഇനി കിളികള്‍ വരില്ല. മൊബൈല്‍ ഫോണില്‍ അലാറം വെച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.

(10.12.2010)