close
Sayahna Sayahna
Search

സിംഗപ്പൂര്‍ സ്റ്റോറി


അഷ്ടമൂർത്തി

കെ.വി.അഷ്ടമൂർത്തി
Ashtamoorthi.jpg
ജനനം (1952-06-27) 27 ജൂൺ 1952 (വയസ്സ് 71)
തൃശൂർ
തൊഴിൽ സാഹിത്യകാരൻ
ജീവിത പങ്കാളി സബിത
മക്കൾ അളക (മകൾ)

സിംഗപ്പൂര്‍ സ്റ്റോറി

ഒരിയ്ക്കല്‍ക്കൂടി സിംഗപ്പൂരിലെത്തിയപ്പോള്‍ ആദ്യത്തെ അമ്പരപ്പൊന്നുമുണ്ടായിരുന്നില്ല. ടൂറിസ്റ്റിന്റെ മാനസികാവസ്ഥയിലുമായിരുന്നില്ല. രണ്ടു കൊല്ലം മുമ്പു കണ്ട സ്ഥലങ്ങളൊക്കെ ഇപ്പോഴും അവിടെത്തന്നെയില്ലേ എന്ന് ഉറപ്പു വരുത്തലായിരുന്നു ആകെയുള്ള അജണ്ട.

ആദ്യം പോയത് പഴയ താമസസ്ഥലത്തേയ്ക്കു തന്നെ. അന്നു പോരുമ്പോള്‍ അടയ്ക്കാമണിക്കുരുവികളെ തോല്‍പ്പിയ്ക്കാന്‍ വേണ്ടി അവിടത്തെ മരങ്ങള്‍ പലതും വെട്ടിച്ചെറുതാക്കിയിരുന്നല്ലോ. അവ പഴയതു പോലെ വളര്‍ന്നിട്ടുണ്ടാവുവോ? അവയുടെ ചില്ലകളില്‍ കുരുവികള്‍ വീണ്ടും കൂടുകൂട്ടിയിട്ടുണ്ടാവുമോ? അന്ന് അഞ്ചാം നില വരെ എത്തിനിന്ന കൊമ്പുകള്‍ രണ്ടാം നില വരെ വെട്ടിച്ചെറുതാക്കിയിരുന്നു.

അവിടേയ്ക്കു പോവാന്‍ ഏതായാലും ബുദ്ധിമുട്ടില്ല. പുതിയ താമസസ്ഥലത്തുനിന്ന് അഞ്ചു മിനിട്ട് നടക്കാവുന്ന ദൂരമേയുള്ളു. അവിടെയെത്തിയപ്പോള്‍ കണ്ടു: മരങ്ങള്‍ക്ക് മാറ്റമൊന്നുമില്ല. ചില്ലകള്‍ രണ്ടാം നില വരെയേയുള്ളു. അടയ്ക്കാമണിക്കുരുവികളുടെ കൂടുകളില്ല. അപ്പോള്‍ അവിടെ താമസിയ്ക്കുന്നവരുടെ പ്രഭാതങ്ങള്‍ അവയുടെ ചിലയ്ക്കല്‍ കൊണ്ട് അലങ്കോലപ്പെടുന്നില്ല എന്നു തീര്‍ച്ച.

പുലരികളിലെ കളകൂജനങ്ങള്‍ ഇപ്പോഴത്തെ താമസസ്ഥലത്തുമുണ്ട്. അടയ്ക്കാമണിക്കുരുവികളേപ്പോലെ ബഹളമില്ല എന്നേയുള്ളു. നമ്മുടെ വിഷുപ്പക്ഷികളേപ്പോലെയുള്ള ചിലതിന്റെ പാട്ടു കേട്ടാണ് ആദ്യത്തെ പ്രഭാതത്തില്‍ ഉണര്‍ന്നത്.

ഇത്തവണത്തെ വരവില്‍ ഒരു കാര്യം പ്രത്യേകിച്ച് ഉദ്ദേശിച്ചിരുന്നു. ലീ ക്വാന്‍ യൂവിന്റെ ‘സിംഗപ്പര്‍ സ്റ്റോറി’ വായിയ്ക്കലായിരുന്നു അത്. കഴിഞ്ഞ തവണ അതു വായിയ്ക്കാന്‍ കിട്ടിയില്ല. വായനശാലകളിലൊക്കെ റെഫറന്‍സ് വിഭാഗത്തിലായിരുന്നു ആ പുസ്തകം. അവിടെയിരുന്ന് വായിച്ചു തീര്‍ക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും. എഴുന്നൂറോളം പുറങ്ങളുള്ള പുസ്തകത്തിന്റെ വിലക്കൂടുതലും വാങ്ങിയാല്‍ത്തന്നെ കൊണ്ടുവരാനുള്ള വലുപ്പക്കൂടുതലും അത് വാങ്ങുന്നതില്‍നിന്നു പിന്തിരിപ്പിയ്ക്കുകയും ചെയ്തു.

സിംഗപ്പൂരിനെ ഇന്നത്തെ സിംഗപ്പൂരാക്കി മാറ്റിയത് ലീ ക്വാന്‍ യൂ തന്നെ. സിംഗപ്പൂര്‍ നിവാസികള്‍ ഇപ്പോഴും ലീയെ ആരാധനയോടെയാണ് കാണുന്നത്. എണ്‍പത്തൊമ്പതാം വയസ്സില്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും കൂടാതെ ലീ ഇപ്പോഴുമുണ്ട്. ഭരണത്തില്‍ നിന്നു വിട്ടുനിന്ന് പുസ്തകരചനയില്‍ മുഴുകിയിരിയ്ക്കുകയാണ് അദ്ദേഹം. അതില്‍ ആദ്യത്തേതാണ് ‘സിംഗപ്പൂര്‍ സ്റ്റോറി’. ഇത്തവണ അത് ബുക്കിറ്റ് ബതോക്കിലെ വായനശാലയില്‍ ചെന്ന അന്നു തന്നെ കയ്യില്‍ തടഞ്ഞു.

സിംഗപ്പൂരിലെ വായനശാലകളില്‍ എപ്പോഴും തിരക്കാണ്. വായന മരിയ്ക്കുന്നു, പുസ്തകം മരിയ്ക്കുന്നു എന്നൊക്കെ വിലപിയ്ക്കുന്നവര്‍ സിംഗപ്പൂരിലെ വായനശാലകള്‍ കാണേണ്ടതാണ്. രാവിലെ അതു തുറക്കാന്‍ വേണ്ടി ആളുകള്‍ കാത്തുനില്‍ക്കുന്നത് ഒരു കാഴ്ച തന്നെയാണ്. വിദ്യാര്‍ത്ഥികളാണ് വായനശാലയിലെത്തുന്നവരിലധികം പേരും. (ഇന്റര്‍നെറ്റില്‍ സര്‍വ്വം വിരല്‍ത്തുമ്പില്‍ കിട്ടുന്ന ഇക്കാലത്ത് എന്താണ് കുട്ടികളെ വായനശാലയിലേയ്ക്ക് ആകര്‍ഷിയ്ക്കുന്നതെന്ന് ഒരു പിടിയും കിട്ടിയില്ല.) ഇരുപത്തിനാലു മണിക്കൂറും പുസ്തകം മടക്കാനുള്ള കൗണ്ടറുകളുണ്ട്. പുസ്തകം നാഷണല്‍ ലൈബ്രറി ബോര്‍ഡിന്റെ ഏതു വായനശാലയില്‍ നിന്ന് എടുത്തതാണെങ്കിലും ഈ ‘ബുക് ഡ്രോപ്പു’കളില്‍ ഇടാം. പുസ്തകം എടുക്കുന്നതിനും മനുഷ്യന്റെ സഹായം ആവശ്യമില്ല. ഇലക്‌ട്രോണിക് സംവിധാനത്തില്‍ പുസ്തകത്തിന്റെ രശീതിയടക്കം കിട്ടുന്നതിനുള്ള വഴിയുണ്ട്. അവിടെ രജിസ്റ്റര്‍ ചെയ്യാതെ പുസ്തകം പൊക്കിക്കൊണ്ടു പോവാനോ മറ്റോ പുറപ്പെട്ടാല്‍ പുറത്തേയ്ക്കു കടക്കുന്നതോടെ യന്ത്രങ്ങള്‍ തന്നെ ‘ബീപ് ബീപ്’ മുഴക്കി ബഹളമുണ്ടാക്കും.

പുസ്തകങ്ങള്‍ മാത്രമല്ല, ഈ വായനശാലകളില്‍ വേള്‍ഡ് ക്ലാസ്സിക് ആയ സിനിമകളുടെ ഡിവിഡികളും ലഭ്യമാണ്. അത് അവിടെത്തന്നെ ഇരുന്നു കാണുന്നതിനുള്ള സൗകര്യവുമുണ്ട്. അല്ലെങ്കില്‍ പുസ്തകം എടുക്കുന്നതു പോലെത്തന്നെ അവയും വീട്ടിലേയ്ക്കു കൊണ്ടുപോരാം. സത്യജിത്ത് റായുടെ മിക്കവാറും എല്ലാ സിനിമകളും അവിടെ കണ്ടു.

‘സിംഗപ്പൂര്‍ സ്റ്റോറി’ വായിച്ചു തീര്‍ന്നാല്‍ ലീ ക്വാന്‍ യൂവിനോട് നമുക്കും ബഹുമാനം തോന്നും. ബ്രിട്ടീഷ് കോളനിയായിരുന്ന സിംഗപ്പൂര്‍ രണ്ടാം ലോകമഹായുദ്ധത്തിനിടെ ജാപ്പനീസ് അധിനിവേശത്തിലായി. യുദ്ധം സഖ്യകക്ഷികള്‍ ജയിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള ബ്രിട്ടീഷ് കോളനികള്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള മുറവിളി തുടങ്ങി. സിംഗപ്പൂരിലും അങ്ങനെത്തന്നെ. പക്ഷേ ഒറ്റയ്ക്കു നില്‍ക്കാനുള്ള കെല്‍പ്പ് ഇല്ലായിരുന്നു തൃശ്ശൂര്‍ ജില്ലയുടെ നാലിലൊന്നു പോലും വലിപ്പമില്ലാത്ത സിംഗപ്പൂരിന്. (വിസ്തീര്‍ണം: 274 ചതുരശ്ര മൈല്‍, ജനസംഖ്യ: 53 ലക്ഷം. തൃശ്ശൂര്‍ ജില്ല: 1171 ച. മൈ., 30 ലക്ഷം.) തിരഞ്ഞെടുപ്പില്‍ അധികാരത്തിലേയ്ക്കു നീങ്ങിയിരുന്ന ലീയുടെ പീപ്പ്ള്‍സ് ആക്ഷന്‍ പാര്‍ട്ടി സ്വാഭാവികമായി ആഗ്രഹിച്ചത് മലേഷ്യ അടങ്ങുന്ന നാലു രാജ്യങ്ങളുടെ സംഘാതമാണ്. പക്ഷേ മലേഷ്യ ഭരിച്ചിരുന്ന തുങ്കു അബ്ദുള്‍ റഹ്മാന് അതില്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെയൊരു സംവിധാനത്തില്‍ മലയക്കാരുടെ ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന ശങ്ക തന്നെയായിരുന്നു കാരണം. സിംഗപ്പൂരില്‍ ഭൂരിപക്ഷം ചൈനീസ് വംശജരാണല്ലോ. മാത്രമല്ല വാണിജ്യക്കാരും അവര്‍ തന്നെ. മലയക്കാരുടെ പ്രധാനപ്പെട്ട തൊഴില്‍ കൃഷിയാണ്. അവരാണെങ്കില്‍ ദരിദ്രരും. എന്നാലും ബ്രിട്ടീഷ് ഭരണാധികാരികളുടെ നിര്‍ബ്ബന്ധപ്രകാരം തുങ്കു ഫെഡറേഷനു സമ്മതിച്ചു. പക്ഷേ ചൈനീസ് വംശജരും മലായ് വംശജരും തമ്മില്‍ സാമുദായികലഹളകള്‍ പടര്‍ന്നു പിടിച്ചു. കൊലപാതകങ്ങളും വെടിവെപ്പും കര്‍ഫ്യൂവും കൊണ്ട് സിംഗപ്പൂര്‍ അശാന്തമായി. വെറും രണ്ടു കൊല്ലത്തിനുള്ളില്‍ തുങ്കു അവരുടെ കൂട്ടുകെട്ടില്‍നിന്ന് സിംഗപ്പൂരിനെ പുറത്താക്കി. ഇനി മുതല്‍ സിംഗപ്പൂര്‍ സ്വതന്ത്രരാജ്യമാണെന്ന് റേഡിയോവിലൂടെ നാട്ടുകാരെ അറിയിയ്ക്കുമ്പോള്‍ നിസ്സഹായനായ ലീ ക്വാന്‍ യൂ നിയന്ത്രണമില്ലാതെ കരയുകയായിരുന്നു. ‘സിംഗപ്പൂര്‍ സ്റ്റോറി’ അവസാനിയ്ക്കുന്നത് അവിടെയാണ്.

സിംഗപ്പൂര്‍ സ്റ്റോറി

സിംഗപ്പൂരിന് സ്വന്തമെന്നു പറയാന്‍ പ്രത്യേകിച്ചൊന്നുമില്ല. കുടിവെള്ളം പോലും മലേഷ്യയില്‍നിന്നു വരണം. തുങ്കു ഒരു സമയത്ത് ഭീഷണിപ്പെടുത്തുന്നതു പോലുമുണ്ട് സിംഗപ്പൂരിന്റെ കുടിവെള്ളം മുട്ടിയ്ക്കുമെന്ന്. വ്യവസായവും കൃഷിയും പേരിനു മാത്രം. സ്വതന്ത്രമായ ഒരു രാജ്യം പെട്ടെന്ന് കയ്യില്‍ എത്തിപ്പെട്ടിരിയ്ക്കുന്നു. ലീ ക്വാന്‍ യൂ പരിഭ്രാന്തനായതില്‍ അത്ഭുതമില്ല.

പക്ഷേ അത് നൈമിഷികമായ ഒരു ദൗര്‍ബ്ബല്യപ്രകടനമായിരുന്നു. ഉറച്ച കാല്‍വെപ്പുകളായിരുന്നു ലീയുടേത്. വ്യവസായത്തിനും ടൂറിസത്തിനും ഊന്നല്‍ കൊടുത്തുകൊണ്ടുള്ളതായിരുന്നു ലീയുടെ നയം. സ്വന്തമായ വിഭവങ്ങളൊന്നുമില്ലാത്ത സിംഗപ്പൂരിനെ തെക്കുകിഴക്കേ ഏഷ്യയിലെ പ്രധാനപ്പെട്ട എക്കണോമിക് ഹബ് ആക്കി മാറ്റിയതായിരുന്നു മറ്റൊരു പ്രധാന നീക്കം. നടപ്പാക്കുന്ന എന്തും ലോകോത്തരമാവണം എന്ന നിഷ്‌കര്‍ഷയുണ്ടായിരുന്നു ലീയ്ക്ക്. സിംഗപ്പുര്‍ എയര്‍ലൈന്‍സ് മാത്രം മതി ഉദാഹരണത്തിന്. ഇരുപത്തഞ്ചു വര്‍ഷം കൊണ്ട് (1965 മുതല്‍ 1990 വരെ) രാജ്യത്തെ അതിവേഗം സമ്പന്നതയിലേയ്ക്കു നയിച്ചതിന്റെ കഥയാണ് ലീയുടെ രണ്ടാമത്തെ പുസ്തകമായ ‘ഫ്രം തേഡ് വേള്‍ഡ് ടു ഫസ്റ്റ്’. ഈ പുസ്തകമാവട്ടെ എല്ലാ വായനശാലകളിലും വായനക്കാരുടെ കയ്യിലാണെന്ന് നെറ്റ് വഴി തിരഞ്ഞപ്പോള്‍ അറിഞ്ഞു. അതുകാരണം അത് വായിയ്ക്കാന്‍ കഴിഞ്ഞില്ല.

സിംഗപ്പൂരില്‍ എല്ലാത്തിനും കിടയറ്റ സംവിധാനങ്ങളാണ്. കഴിഞ്ഞ കുറിപ്പില്‍ പറഞ്ഞതുപോലെ പൗരക്ഷേമമാണ് പ്രധാനലക്ഷ്യം. എല്ലാവര്‍ക്കും പാര്‍പ്പിടം ലഭ്യമാക്കുക എന്നതായിരുന്നു ലീ ആദ്യം ചെയ്തത്. ചേരിപ്രദേശങ്ങളോ കുടിലുകളോ ഇല്ലാത്ത സിംഗപ്പൂരില്‍ യാചകരും ഇല്ല. വൃത്തിയും വെടിപ്പും കണ്ടാല്‍ നമ്മളും തനിയെ സല്‍സ്വഭാവികളാവും. കോണ്‍ക്രീറ്റ് കാടുകള്‍ക്കിടെ എത്രയും പച്ചപ്പുണ്ടാക്കാമോ അത്രത്തോളം പച്ചപ്പ് ഇപ്പോഴുമുണ്ട്. ഏതെങ്കിലും പദ്ധതി വരുന്നുണ്ടോ എന്നു സംശയിയ്ക്കുമ്പോഴേയ്ക്കും അവിടത്തെ മരങ്ങള്‍ മുറിച്ചുമാറ്റുകയാണല്ലോ നമ്മള്‍ ചെയ്യാറ്. മരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് എങ്ങനെ കെട്ടിടസമുച്ചയങ്ങള്‍ പണിയാം എന്നാണ് അവിടെയുള്ളവര്‍ അന്വേഷിയ്ക്കുക. പല കാടുകളും അതേപടി നിലനിര്‍ത്തിയിരിയ്ക്കുന്നു. എവിടെത്തിരിഞ്ഞു നോക്കിയാലും മരങ്ങള്‍, പുല്‍മേടുകള്‍, പൂക്കള്‍, പൂച്ചെടികള്‍. സ്വപ്നത്തില്‍ ഒരു നഗരം എങ്ങനെയൊക്കെയാവാമോ അങ്ങനെയൊക്കെയാണ് സിംഗപ്പൂര്‍.

യാത്രയ്ക്ക് ഇത്രയും സൗകര്യമുള്ള നഗരങ്ങള്‍ കുറവാവണം. മെട്രോ വണ്ടികളും ബസ്സുകളും നിരന്തരം ഓടിക്കൊണ്ടിരിയ്ക്കുമ്പോള്‍ സ്റ്റോപ്പുകളില്‍ നമുക്ക് അധികനേരം കാത്തുനില്‍ക്കേണ്ടി വരില്ല. സ്വതേ ചൂടു കൂടുതലുള്ള രാജ്യമായതുകൊണ്ടാവാം ഈ വാഹനങ്ങള്‍ മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്തിരിയ്ക്കുന്നത്. വരാന്‍ പോവുന്ന സ്റ്റോപ്പുകള്‍ എലക്ട്രോണിക് ഇന്‍ഡിക്കേറ്ററില്‍ അപ്പോഴപ്പോള്‍ തെളിയുന്നതു കൊണ്ട് ആരോടെങ്കിലും സംശയം ചോദിയ്‌ക്കേണ്ടി വരുന്നതു പോലുമില്ല. ഓരോ ബസ് സ്റ്റോപ്പിലും ഏതെല്ലാം വഴിയിലൂടെയാണ് ഒരു പ്രത്യേകനമ്പര്‍ ബസ്സ് പോവുന്നതെന്നും എത്രയാണ് കൂലിയെന്നും രേഖപ്പെടുത്തി വെച്ചിരിയ്ക്കുന്നു. ബസ്സിനും ട്രെയിനിനും ഉപയോഗിയ്ക്കാവുന്ന കാര്‍ഡ് ഒന്നു തന്നെയാണ്. കാര്‍ഡില്ലാത്തവര്‍ക്ക് ബസ്സിന്റെ ഡ്രൈവറുടെ അടുത്തു പോയി സിംഗപ്പൂര്‍ ഡോളര്‍ കൊടുത്ത് ടിക്കറ്റെടുക്കാം. ബസ്സുകള്‍ക്ക് കണ്‍ഡക്ടര്‍മാരില്ല.

ഇത്തവണയാണ് സിംഗപ്പൂരിന്റെ മറ്റൊരു പ്രത്യേകത ശ്രദ്ധിയില്‍പ്പെട്ടത്. എല്ലാ രംഗങ്ങളിലും പെണ്ണുങ്ങളാണ് ഭരണം. സര്‍ക്കാര്‍ ആപ്പീസുകളില്‍ ഭൂരിഭാഗവും അവരാണ്. ആപ്പീസുകള്‍ മാത്രമല്ല, ആശുപത്രികള്‍, സ്‌കൂളുകള്‍, കടകള്‍ എന്നിങ്ങനെ കാണുന്നിടത്തെല്ലാം പെണ്ണുങ്ങള്‍ തന്നെ. അത്ര അധികമില്ലെങ്കിലും ബസ്സ് ഓടിയ്ക്കാന്‍ പോലും പെണ്ണുങ്ങളുണ്ട്. കേരളത്തേക്കുറിച്ച് കല്‍പ്പറ്റ നാരായണന്‍ എഴുതിയ ‘വരുന്നൂ പെണ്‍മലയാളം’ എന്ന ലേഖനം ഓര്‍മ്മ വന്നു. ഇപ്പോള്‍ ഒറ്റനോട്ടത്തില്‍ അവിടമൊരു ‘പെണ്‍സിംഗപ്പൂര്‍’ ആണ്. ഒരുപക്ഷേ സിംഗപ്പൂരിലെ ആണുങ്ങള്‍ കൂടുതല്‍ പണം കിട്ടുന്ന മറ്റു മേഖലകളില്‍ വ്യാപരിയ്ക്കുന്നതു കൊണ്ടാവാം.

പെണ്ണുങ്ങളുടെ ഈ മേല്‍ക്കോയ്മയ്ക്ക് എന്റെ കൂട്ടുകാര്‍ പറഞ്ഞ കാരണം മറ്റൊന്നാണ്. സിംഗപ്പൂര്‍ പൗരന്മാരായ ആണ്‍കുട്ടികള്‍ക്ക് രണ്ടു കൊല്ലത്തെ സൈനിക സേവനം നിര്‍ബ്ബന്ധമാണ്. അത് പതിനാറിനും ഇരുപതിനും ഇടയ്ക്കുള്ള പ്രായത്തിലാണ്. പത്താം ക്ലാസ്സു കഴിഞ്ഞ് കോളേജ് വിദ്യാഭ്യാസത്തിനു മുതിരുന്ന കാലമാണ് അത്. അതോടെ ആണ്‍കുട്ടികളുടെ പഠിപ്പിന്റെ താളം തെറ്റുന്നു. രണ്ടുകൊല്ലം കഴിഞ്ഞ് മടങ്ങിവരുന്നവരില്‍ ഭൂരിഭാഗവും പഠിപ്പ് തുടരില്ല. അവര്‍ അല്ലറ ചില്ലറ ജോലികളെടുത്ത് ജീവിയ്ക്കാന്‍ നോക്കുകയായി പിന്നെ. പെണ്‍കുട്ടികളാവട്ടെ പഠിച്ചുകൊണ്ടേയിരിയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനു ശേഷം അതിനനുയോജ്യമായ ജോലികളും അവര്‍ക്കു കിട്ടുന്നു. അപ്പോള്‍ തങ്ങളേക്കാള്‍ യോഗ്യത കുറഞ്ഞ ആണ്‍കുട്ടികളെ കല്യാണം കഴിയ്ക്കാന്‍ അവര്‍ക്കു മടി തോന്നുന്നത് സ്വാഭാവികം. പക്ഷേ ഈ കഥയ്ക്ക് വിശ്വാസ്യത കുറവാണ്. നിര്‍ബ്ബന്ധസൈനികസേവനം യൂറോപ്പിലൊക്കെ നടപ്പുള്ളതാണല്ലോ. അവിടെയെങ്ങും ഇത്തരം ഒരു പ്രവണത ഉണ്ടെന്നു കേട്ടിട്ടില്ല. ഏതായാലും സിംഗപ്പൂര്‍പെണ്‍കുട്ടികളില്‍ വലിയൊരു വിഭാഗം അവിവാഹിതരാണ് എന്ന സത്യം നിലനില്‍ക്കുന്നു. ഇത് ഗുരുതരമായ ആള്‍ക്ഷാമത്തിനും വഴിവെയ്ക്കുന്നുണ്ട്.

അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. തെരുവില്‍ ജാഥ നയിയ്ക്കാനോ നാടകം കളിയ്ക്കാനോ കഴിയില്ല. രാജ്യത്തിനെതിരെയുള്ള ഒരു നീക്കവും വെച്ചുപൊറുപ്പിയ്ക്കില്ല. സിംഗപ്പൂര്‍ പേപ്പര്‍ ഹോള്‍ഡിങ്ങ്‌സ് ഇറക്കുന്ന ‘സ്റ്റ്രെയ്റ്റ്‌സ് ടൈംസി’ല്‍ അത്തരം വാര്‍ത്തകളൊന്നും വരില്ല. കച്ചവടക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും വിജയഗാഥകളും വരാന്‍ പോവുന്ന പദ്ധതികളേപ്പറ്റിയുള്ള വാര്‍ത്തകളും മറ്റും മറ്റുമാണ് പത്രം നിറയെ. പകുതിയും പരസ്യങ്ങള്‍ കൊണ്ട് നിറയുന്ന പത്രത്തിന് നൂറോളം പുറങ്ങളുണ്ടാവും. ജനസംഖ്യയില്‍ മുക്കാലോളം വരുന്ന ചൈനീസ് വംശജരുടെ ഇടയില്‍ അവിടത്തെ ചൈനീസ് പത്രങ്ങള്‍ക്ക് എത്രകണ്ട് പ്രചാരമുണ്ട് എന്നതിനേക്കുറിച്ച് ഒരു രൂപവും കിട്ടിയതുമില്ല.

വായനശാലകളില്‍ പത്രങ്ങള്‍ വായിയ്ക്കാന്‍ മാത്രമെത്തുന്നവരെ ധാരാളം കാണാം. പത്രം ഒഴിയുന്നതും നോക്കി ആളുകള്‍ കാത്തുനില്‍ക്കും. കഴിഞ്ഞ തവണ പോയപ്പോള്‍ ഞാനും അതിനു വേണ്ടി ശ്രമിച്ചിരുന്നു. ഇത്തവണ ‘സ്റ്റ്രെയ്റ്റ്‌സ് ടൈംസ്’ വായിയ്ക്കാന്‍ എനിയ്ക്ക് ഒരു ഹരവും തോന്നിയില്ല. ‘ടൈംസ് ഓഫ് ഇന്ത്യ’ അടക്കം ചില അപൂര്‍വ്വ ഇന്ത്യന്‍ പത്രങ്ങളുമുണ്ട് വായനശാലയില്‍. പക്ഷേ അത് രണ്ടു ദിവസം മുമ്പത്തെയായിരിയ്ക്കും. അതു വായിയ്ക്കാനും ഉത്സാഹം തോന്നിയില്ല. നമുക്ക് നല്ല നല്ല വാര്‍ത്തകളാണല്ലോ വേണ്ടത്. ‘പിഞ്ചുമക്കള്‍ നോക്കിനില്‍ക്കേ ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു’, ‘സ്വത്തു തര്‍ക്കം: ജ്യേഷ്ഠന്‍ അനുജനെ വെടിവെച്ചു കൊന്നു’, ‘മദ്ധ്യവയസ്‌കന്‍ ബാലികയെ പീഡിപ്പിച്ചു’, ‘ടിപ്പര്‍ ലോറി തട്ടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു’ ‘കലക്റ്ററേറ്റിലേയ്ക്കുള്ള വഴി തടഞ്ഞു’ എന്നു തുടങ്ങിയുള്ള ഹരം പിടിപ്പിയ്ക്കുന്ന വാര്‍ത്തകള്‍ ഒന്നുമില്ലെങ്കില്‍പ്പിന്നെ എന്തിനാണ് പത്രങ്ങള്‍? അതുകൊണ്ട് ഇന്റര്‍നെറ്റിലെ മലയാള പത്രങ്ങള്‍ വിടാതെ വായിച്ചാണ് ഞാന്‍ വാര്‍ത്താദാഹം അടക്കിപ്പോന്നത്. കേരളത്തില്‍ എല്ലാം നല്ല പോലെ നടക്കുന്നുണ്ടല്ലോ എന്ന് ആശ്വസിയ്ക്കുകയും ചെയ്തു.

എല്ലാം ചിട്ടപ്പടി നടക്കുന്ന രാജ്യത്ത് എത്ര വിരസമായിരിയ്ക്കും ജീവിതം?

(21.11.2012)