close
Sayahna Sayahna
Search

സ്ത്രീ, അവസാന രംഗത്തിൽ മാത്രം പ്രവേശിക്കുന്ന കഥാപാത്രം.


സ്ത്രീ, അവസാന രംഗത്തിൽ മാത്രം പ്രവേശിക്കുന്ന കഥാപാത്രം.
EHK Story 15.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി വെള്ളിത്തിരയിലെന്നപോലെ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 81

ഒരു സ്‌കൂപ്പെഴുതാനാണ് രേവതി എന്ന പത്രപ്രവർത്തക ഇവിടെ വന്നത്. ഇപ്പോൾ സ്‌കൂപ്പിനു പകരം ഒരു വലിയ പുസ്തകമെഴുതാനുള്ള കോപ്പ് കയ്യിൽ കിട്ടിയിരിയ്ക്കുന്നു. പക്ഷെ അത് അവൾക്കു കിട്ടിയ വിഷയമാവില്ലാ എന്നേ ഉള്ളൂ. പത്രാധിപർ കസേലയിൽ 180 ഡിഗ്രി തിരിഞ്ഞ് കയ്യിലെ പെന്നും വിറപ്പിച്ചുകൊണ്ട് ഒരു ചെറിയ മുഖവുരയോടെ കനിഞ്ഞരുളിയതാണിത്. ഇപ്രാവശ്യം രേവതിയ്ക്ക് എളുപ്പം ചെയ്യാൻ പറ്റണ ഒരസൈൻമെന്റാണ് തരണത്. ഇവിടെത്തന്നെയൊന്ന് ചുറ്റിക്കറങ്ങിയാൽ മതി. വിഷയം വളരെ ലളിതമായിരുന്നു, സമ്മതിച്ചു. നഗരത്തിൽ ഉയർന്നുവരുന്ന ബഹുനിലകെട്ടിടങ്ങളുടെ നിർമ്മാണത്തിൽ സ്ത്രീ തൊഴിലാളിയ്ക്കുള്ള സ്ഥാനം.

ആദ്യം തിരഞ്ഞെടുത്ത കെട്ടിടം നഗരത്തിന്റെ നടുവിൽത്തന്നെയാണ്. എട്ടുനിലയിൽ രണ്ടു നില കഴിഞ്ഞിരിയ്ക്കുന്നു. അവിടെ പരിചയപ്പെട്ട സൂപ്പർവൈസർ അവൾക്ക് കെട്ടിടം പണിയുടെ സാങ്കേതികവശങ്ങളെപ്പറ്റി ഒരു ക്ലാസ്സ് നടത്തി. ഓരോ നിലയും കഴിഞ്ഞാൽ തട്ടടിയ്ക്കും, പിന്നെ റീയിൻഫോഴ്‌സ്ഡ് കമ്പികൾ തലങ്ങനെയും വിലങ്ങനെയും വച്ച് കമ്പികൊണ്ട് കെട്ടിമുറുക്കുന്നു. വൈന്നേരാമ്പളേയ്ക്കും ആ പണിയും കഴിഞ്ഞു. ഇനി വൈദ്യുതിക്കമ്പികൾ ഓരോ മുറിയിലും എത്തിയ്ക്കാനുള്ള കറുത്ത പൈപ്പുകൾ ഇടുന്ന പണിയാണ്.

‘തേപ്പൊക്കെ കഴിഞ്ഞ് കമ്പി വലിയ്ക്കാൻ വേണ്ട കൊഴല്ടണ പണ്യാണ്. ഇതൊരു രണ്ടു മണിക്കൂർ നേരംകൊണ്ട് കഴിയും. എട്ട്, ഒമ്പത് മണീന്ന് കൂട്ടിക്കോളു. അതു കഴിഞ്ഞാൽ വാർപ്പാണ്.’ സൂപ്പർവൈസർ അവളോട് പറഞ്ഞു. ‘കുട്ടിയ്ക്കത് കാണണംന്ന്‌ണ്ടെങ്കില് ഊണു കഴിച്ചിട്ടു വന്നാ മതി.’

അയാൾക്കവളെ ഇഷ്ടപ്പെട്ടിരുന്നു. അവൾ എടുത്ത ഫോട്ടോകളിൽ രണ്ടു മൂന്നെണ്ണത്തിൽ അയാൾ പെട്ടിട്ടുണ്ട്. ചിലപ്പോൾ നാലോ അഞ്ചോ എണ്ണത്തിൽ. അയാൾക്കുറപ്പില്ല. ഈ ഫോട്ടോകൾ വാരികയിൽ വരും അയാളുടെ പേരിനോടൊപ്പം.

രേവതി കാത്തുനിന്നതു വാർപ്പു കാണാനാണ്. നേരം വൈകിയതുകൊണ്ട് അതിനി നാളെയേ ഉണ്ടാവൂ എന്ന വിചാരത്തിൽ പോവാൻ ഒരുമ്പെട്ടതാണ്. ഏറ്റവും കാതലായ ഭാഗമാണത്. ഏറ്റവുമധികം സ്ത്രീകളെ ആവശ്യമുള്ളതും അതിനുതന്നെ. അച്ഛൻ വീടുണ്ടാക്കിയപ്പോഴുള്ള ദൃശ്യങ്ങൾ അവളുടെ മനസ്സിലുണ്ട്, കരിങ്കല്ലു കഷ്ണങ്ങളും മണലും സിമന്റും വിഴുങ്ങി വലിയ ശബ്ദമുണ്ടാക്കി തിരിയുന്ന കോൺക്രീറ്റ് വൈബ്രേറ്റർ, അതിലും വലിയ ശബ്ദമുണ്ടാക്കി, കോൺക്രീറ്റ് കൂട്ടിയത് ഇരുമ്പ് ചട്ടിയിലാക്കി ഓടുന്ന സ്ത്രീകൾ, കോണിമേൽ നിൽക്കുന്ന സ്ത്രീകൾ ആ നിറചട്ടികൾ തന്റെ മുകളിൽ നിൽക്കുന്ന സ്ത്രീയ്ക്ക് എറിഞ്ഞുകൊടുക്കുന്നത്, മുകളിൽ അതും കാത്ത് നിൽക്കുന്ന പുരുഷന്മാർ. ഇരുമ്പ് കൽക്കഷ്ണത്തിൽ ഉരയുന്ന ശബ്ദത്തിന്റെ അകമ്പടിയോടെ ഒരു താളത്തിൽ ജോലി നടക്കുന്നു. ഇതെല്ലാം ഒരുകാലത്ത് അവൾക്ക് പരിചിതമായിരുന്നു. തന്റെ ഫീച്ചറിന്റെ കാതലായ ഭാഗമാണ് സ്ത്രീകളെ നിരത്തിക്കൊണ്ടുള്ള വാർപ്പ്.

അവൾ സ്‌കൂട്ടർ സ്റ്റാർട്ടാക്കി. സ്ഥിരം ഭക്ഷണം കഴിയ്ക്കുന്ന റസ്റ്റോറണ്ടിൽ കയറി. സമയം ആറരയാവുന്നേയുള്ളു. എന്നാലും എന്തെങ്കിലും കാര്യമായി കഴിയ്ക്കാം. വാർപ്പു കഴിഞ്ഞ് രണ്ടുമൂന്ന് സ്ത്രീകളെയെങ്കിലും ഇന്റർവ്യൂ ചെയ്ത് വരുമ്പോഴേയ്ക്ക് റസ്റ്റോറണ്ട് അടച്ചിട്ടുണ്ടാവും. പിന്നെ ഹോസ്റ്റലിൽ പോയി പച്ചവെള്ളം കുടിച്ച് കിടന്നുറങ്ങേണ്ടിവരും. വെയ്റ്റർ വന്നു ചോദിച്ചു.

‘ഊണു റെഡ്യായിട്ട്ണ്ട്, കൊണ്ടരട്ടെ? അതോ ദോശീം കാപ്പീം മത്യോ?’

‘ഊണു കഴിയ്ക്കാം.’

ഊണിനു വേണ്ടി കാത്തിരിയ്ക്കുമ്പോൾ അവൾ തന്റെ ഡിജിറ്റൽ ക്യാമറയിലെ ഡിസ്‌പ്ലേ വിൻഡോ സ്‌ക്രാൾ ചെയ്തു നോക്കി. രാവിലെ മുതൽ എടുത്ത ചിത്രങ്ങളാണ്. വാവൂ! അവൾ അമേരിയ്ക്കൻ ശൈലിയിൽ അദ്ഭുതം പ്രകടിപ്പിച്ചു. ചിലതെല്ലാം സ്റ്റണ്ണിങ് ഷോട്ടുകൾതന്നെയാണ്. പക്ഷെ പേജ് സെറ്റർ നന്ദുവിന്റെ കയ്യിലെത്തുമ്പോൾ അതിനെല്ലാം അംഗഭംഗം സംഭവിയ്ക്കുന്നു. കാതലായിട്ടുള്ള അംശമാണെന്ന് അവൻ കരുതുന്നതേ പേജുകളിലെത്തൂ. ഇത്തവണ അവനുമായി ഒരുരസലുണ്ടാക്കാൻ പോവ്വാണ്. ഞാനെടുത്ത ചിത്രങ്ങളുടെ പ്രാധാന്യം എനിയ്ക്കാ ണ് അറിയുക. അവനല്ല. അങ്ങിനെ സ്‌ക്രാൾ ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽ പെട്ടത്. ഇരുപത്തഞ്ച് ചിത്രങ്ങൾ കഴിഞ്ഞു. ഇതുവരെ ഒരൊറ്റ സ്ത്രീ പോലും പ്രത്യക്ഷപ്പെട്ടിട്ടില്ല. പുരുഷന്മാരും കുട്ടികളും ഉണ്ട്. ഒരൊറ്റ സ്ത്രീ ജോലിക്കാരിയായി വന്നിട്ടില്ല. ശരിയാണ് ഒരൊറ്റ സ്ത്രീയെ അവിടെ കണ്ടിട്ടില്ല. ഇത്രയും വലിയ ഒരു കെട്ടിടത്തിന്റെ പണി നടക്കുമ്പോൾ എന്തേ ഒരൊറ്റ സ്ത്രീ അവിടെ ജോലിക്കാരിയായി കാണാഞ്ഞത്? വഴിയിലെവിടെയോ താൻ ഉദ്ദേശംതന്നെ മറന്നുപോയപോലുണ്ട്. ഇതു തന്റെ മന്ദബുദ്ധിയിൽ തെളിയാൻ ഇത്ര സമയമെടുത്തൂ?

അവൾ ധൃതിയിൽ ബാക്കി ചിത്രങ്ങൾ കൂടി സ്‌ക്രാൾ ചെയ്തു. ഏറ്റവും അവസാനത്തെ ഷോട്ട്, നിരത്തിയ കമ്പികൾക്കു മുകളിലൂടെ ഒരു സഞ്ചിയും തൂക്കിപ്പിടിച്ച് നടക്കുന്ന രണ്ടു മെലിഞ്ഞ ആളുകളുടേതാണ്. സഞ്ചികളിലുള്ളത് സ്ഥാനത്തുവച്ച കറുത്ത പ്ലാസ്റ്റിക് പൈപ്പുകൾ അന്യോന്യം കൂട്ടിച്ചേർക്കാനുള്ള ജങ്ക്ഷൻ ബോക്‌സുകളും കോൺക്രീറ്റു വീഴുമ്പോൾ പൈപ്പുകൾ ഇളകാതെ അതാതിന്റെ സ്ഥാനത്തു തന്നെ നിർത്താനുള്ള കല്ലുകളുമാണ്. ശരിയാണ് ഏറ്റവും അവസാനമെടുത്ത ചിത്രം അതുതന്നെ. അവൾ ശരിയ്ക്കും അന്തംവിട്ടു നിൽക്കയാണ്. താലിയിൽ ഊണ് മുമ്പിലെത്തിയിട്ട് കുറച്ചു നേരമായെന്നു തോന്നുന്നു. വെയ്റ്റർ വന്ന് ചോദിച്ചു.

‘എന്താ കുട്ടീ, ഊണു കഴിയ്ക്കാൻ മറന്നോ?’

അവൾ അപ്പോഴും ആലോചിയ്ക്കുകയായിരുന്നു. അവരൊക്കെ എവിടെയാണ്? ജീവിതത്തിന്റെ നിരവധി പ്രശ്‌നങ്ങൾക്കിടയിലും ചിരിച്ചും കളിച്ചും ഓടിനടന്ന് ജോലിയെടുത്തിരുന്ന സ്ത്രീകൾ. പുരുഷന്മാരുടെ കൂലിയേക്കാൾ കുറവാണ് കിട്ടുന്നതെങ്കിലും അവരേക്കാൾ കൂടുതൽ ജോലിയെടുത്തിരുന്ന സ്ത്രീകൾ. അവരൊക്കെ എവിടെയാണ്? ഞാനെന്താണ് അവരുടെ അഭാവം ഇതുവരെ ശ്രദ്ധിയ്ക്കാതിരുന്നത്? മനസ്സു മുഴുവൻ വർഷങ്ങൾക്കു മുമ്പുള്ള ഒരു ചിത്രം നിറഞ്ഞു നിൽക്കുകയായിരുന്നു. അതു ലാക്കാക്കിയാണ് താൻ നടന്നിരുന്നത്. അവർ വഴിയെ വരുമെന്ന ധാരണയിൽ മറ്റുള്ള ജോലിക്കാരെ ഇന്റർവ്യു ചെയ്തു. കെട്ടിടനിർമ്മാണ രംഗത്തെക്കുറിച്ച് എല്ലാ തലത്തിലുള്ളവരുമായി സംസാരിച്ചു. തനിയ്ക്കിപ്പോൾ കെട്ടിടനിർമ്മാണത്തെപ്പറ്റി ഒരു സീരീസ് തന്നെ എഴുതിയുണ്ടാക്കാം. ബിൽഡർ തൊട്ട് ഏറ്റവും താഴെക്കിടയിലുള്ള തൊഴിലാളി വരെ ഇന്റർവ്യു ചെയ്യാൻ കിട്ടി.

പക്ഷെ സ്ത്രീകൾ! വാർപ്പിനെങ്കിലും അവരുണ്ടായാൽ മതിയായിരുന്നു. അവൾ, തണുത്തു തുടങ്ങിയതു കാരണം പയർമണികൾ പോലായ ചോറ് എടുത്തു വിഴുങ്ങാൻ തുടങ്ങി.

ഹോസ്റ്റൽ മുറിയിൽ രാധിക എത്തിയിരുന്നു.

‘താൻ എന്തിനേ ഇത്ര നേർത്തെ ഊണുകഴിച്ചത്? ഇനി ഞാൻ ഒറ്റയ്ക്ക് പോണ്ടെ?’

ജോലിയെടുക്കുന്ന സ്ത്രീകളുടെ അഭാവത്തെപ്പറ്റി പറഞ്ഞപ്പോൾ രാധിക തലയാട്ടി.

‘താനൊരു സ്വപ്നജീവിയാണ്. ഒരു റിപ്പോർട്ടർക്ക് പറ്റിയ ഗുണല്ല അത്. കെട്ടിടം പണീന്ന് മാത്രല്ല പല ജോലീന്നും സ്ത്രീകള് ഔട്ടായിട്ട്ണ്ട്. നീ ആ വിധത്തിൽ ഒരു സ്റ്റോറി ചെയ്യണതായിരിയ്ക്കും നല്ലത്.’

‘ഞാനെന്താ ചെയ്യാ? പോട്ടെ ഇനിയും കഴിഞ്ഞിട്ടില്ലല്ലൊ. ഒരുപക്ഷെ അവസാനരംഗത്തിലായിരിയ്ക്കും അവര് പ്രവേശിയ്ക്കുന്നത്. ഭാഗ്യണ്ടെങ്കിൽ അപ്പ കാണാം. ചെലപ്പൊ അവരൊക്കെ എത്തീട്ട്ണ്ടാവും. ഞാൻ പോയി നോക്കട്ടെ.’

‘തനിയ്‌ക്കൊറ്റയ്ക്കു തിരിച്ചുവരാൻ പറ്റ്വോ? ഒരു പത്തുപതിനൊന്നു മണ്യെങ്കിലും ആവില്ലെ?’

‘പേടിയ്ക്കണ്ട. എന്തെങ്കിലും പ്രശ്‌നം കണ്ടാൽ ഞാൻ സെല്ലിൽ വിളിയ്ക്കാം. നീ നമ്മടെ പെൺ പടേം കൂട്ടി വന്നാ മതി.’

സമയം ഒമ്പതു മണി. വാർപ്പ് തുടങ്ങുന്നേയുണ്ടാവൂ. കെട്ടിടത്തിന്റെ ചട്ടക്കൂട് ശക്തിയുള്ള വെളിച്ചത്തിൽ തെളിഞ്ഞുനിന്നു. അതു ശ്രദ്ധിച്ചതുകൊണ്ടായിരിയ്ക്കണം മുമ്പിൽത്തന്നെ ഒരു വലിയ ട്രക്ക് വന്നുകിടക്കുന്നത് കാണാതിരുന്നത്. ട്രക്കിനു പിന്നിലോ അല്ലെങ്കിൽ സെക്യൂരിറ്റിക്കാരുടെ താൽക്കാലിക ഷെഡ്ഡിന്റെ ഓരത്തോ സ്‌കൂട്ടർ പാർക്കുചെയ്യാമെന്നു കരുതി. ട്രക്കിന്റെ പിന്നിലേയ്‌ക്കെടുത്തപ്പോഴാണ് മനസ്സിലായത് അത് വെറും ട്രക്കല്ല മറിച്ച് ഒരു വലിയ കോൺക്രിറ്റു ടാങ്കറാണെന്ന്. ഒരു പടുകൂറ്റൻ കോൺക്രീറ്റ് വൈബ്രേറ്റർ. അതിന്റെ ടാങ്ക് വളരെ സാവധാനത്തിൽ തിരിഞ്ഞുകൊണ്ടിരിയ്ക്കുന്നു.

സൂപ്പർവൈസർ ഉള്ളിലായിരുന്നു. രേവതിയെ കണ്ടപ്പോൾ അയാൾ പുറത്തുവന്നു.

‘ഇതെന്താണ് ഇത്ര വലിയ വൈബ്രേറ്റർ?’

‘ഇതു വൈബ്രേറ്ററല്ല.’ അയാൾ പറഞ്ഞു. രാവിലെ മുതൽ ആ പറമ്പിൽ കിടന്നു കളിച്ചിരുന്ന പെൺകുട്ടിയെ അയാൾക്ക് ഇഷ്ടമായിരുന്നു. ‘ഇത് തിരിയണ ഒരു ടാങ്ക് മാത്രാണ്. ഇതില്‌ത്തെ കോൺക്രീറ്റ് മുഴുവൻ വരണത് ഒരു ഫാക്ടറീന്നാ. അത് പമ്പ് ചെയ്ത് മോളിലേയ്ക്ക് കേറ്റ്വ മാത്രെ ഇവിടെ ചെയ്യുണ്ള്ളു… അതിന്ള്ള ആളുകളൊക്കെ ഇപ്പ എത്തും. ഈ ടാങ്കില്‌ത്തെ കഴീമ്പളയ്ക്ക് വേറെ ടാങ്കെത്തും. വാർപ്പ് നിർത്താൻ പാടില്ലല്ലൊ.’

പറഞ്ഞു കഴിഞ്ഞപ്പോഴേയ്ക്കും വേറൊരു വണ്ടി വന്ന് അതിനു പിന്നിൽ നിർത്തി. അതിൽനിന്ന് ഓറഞ്ച് യൂനിഫോമിട്ട അഞ്ചാറു പേർ ചാടിയിറങ്ങി. അവർ വെള്ള നിറത്തിലുള്ള ഹെൽമെറ്റ് ധരിച്ചിരുന്നു. രേവതി പകച്ചു നിൽക്കുകയാണ്. സൂപ്പർവൈസർ അവളെ വിട്ട് കാര്യങ്ങളന്വേഷിക്കാൻ പോയി. അവൾ സ്‌കൂട്ടർ റോഡിന്റെ മറുഭാഗത്ത് പാർക്ക് ചെയ്ത് അതിനു മുമ്പിൽ നിന്നു. അവിടെനിന്ന് കൂടുതൽ നന്നായി കാണാൻ പറ്റും. കാര്യങ്ങളെല്ലാം വളരെ പെട്ടെന്നാണ് കഴിഞ്ഞത്. കണ്ണു തുറന്നടയ്ക്കുമ്പോഴേയ്ക്കും അവർ വലിയ ഇരുമ്പു പൈപ്പുകൾ പമ്പിൽനിന്ന്, വാർക്കാനുള്ള രണ്ടാംനിലയിലേയ്ക്ക് യോജിപ്പിച്ചെടുത്തു. ഒട്ടും താമസമില്ലാതെ വലിയ ടാങ്കറിൽനിന്ന് കോൺക്രീറ്റ് കൂട്ട് രണ്ടാം നിലയിലേയ്ക്ക് ഒഴുകി. ഗംബൂട്ടിട്ട യൂനിഫോംധാരികൾ മുകളിൽ അതെല്ലാം തുമ്പകൊണ്ട് പരത്തുന്നുണ്ടായിരുന്നു. അവരുടെ ജോലിയിൽ മുന്തിനിന്ന പ്രൊഫഷനലിസം പ്രശംസനീയമാണ്. പിന്നിൽ വേറൊരു ടാങ്കർ വന്നുനിന്നു തിരിയാൻ തുടങ്ങി.

ഇതാണോ താൻ ആശിച്ച അവസാനരംഗം. എവിടെ താൻ പ്രതീക്ഷിച്ച അഭിനേതാക്കൾ?

സൂപ്പർവൈസർ പുറത്തു വന്നപ്പോൾ രേവതി അടുത്തു ചെന്നു.

‘അപ്പോൾ ഇതിലൊന്നും സ്ത്രീകളില്ലെ ജോലിയ്ക്ക്?’

‘സ്ത്രീകളൊ, അവരെല്ലാം ഔട്ടായില്ലെ, കെട്ടിടം പണീന്ന്.’

‘മുമ്പൊക്കെ ധാരാളം സ്ത്രീകളെ കാണാറ്ണ്ട്. അവരെ ആരേം കാണാനില്ലാ?’

‘ശര്യാണ്. ഒരു കാലത്ത് ധാരാളം സ്ത്രീകള്ണ്ടായിരുന്നു ഈ പണീല്. ഞാന്തന്നെ എത്ര സ്ത്രീകൾക്ക് ജോലി കൊട്ത്തിട്ട്ണ്ട്. അവരൊക്കെ പോയി. ആദ്യം അവര് പോയത് കൃഷീന്നായിരുന്നു. വയലൊക്കെ നികത്തി കെട്ടിടം പണിതില്ലെ? അതൊന്നും അവ്‌ടെ കൃഷി ചെയ്‌തോർക്ക്ള്ള കെട്ടിടങ്ങളല്ല. പണക്കാർക്ക്ള്ള വീടുകള്. അവരാണാ സ്ഥലൊക്കെ വാങ്ങിക്കൂട്ടണത്. ഒരു വിധത്തിലതോണ്ട് വല്യെ കൊഴപ്പണ്ടായില്ല. കാരണം ആ സ്ത്രീകൾക്കൊക്കെ ആ കെട്ടിടം പണീലും അതു കഴിഞ്ഞ് അവിട്യൊക്കെ താമസിക്കണോര്‌ടെ വീട്ടിലും ഒക്കെ ജോലി കിട്ടി. എന്തായാലും ഒന്നുംല്യാത്തതിനേക്കാൾ ഭേദാണതൊക്കെ. ഇപ്പൊ അതും അവർക്ക് നഷ്ടപ്പെട്ടു. അവര്‌ടെ കാര്യൊക്കെ കഷ്ടാ. പുരുഷമ്മാര് വീട് നോക്കൂലാ. കൊറേ കുട്ട്യോള്ണ്ടാവും ചെയ്യും. അവറ്റ്യൊക്കെ നോക്കിണ്ടാക്കാൻ ഈ പാവപ്പെട്ട അമ്മമാരേണ്ടാവൂ. വീടും കുടീം ഒക്കെ നോക്കി ജീവിയ്ക്കണ എത്ര ആണുങ്ങള്ണ്ട് നമ്മടെ നാട്ടില്. എന്നെപ്പോലെ അപൂർവ്വം ചെലര്ണ്ടാവും. ഞാനങ്ങന്യായതോണ്ട് എന്റെ അമ്മേം ഭാര്യും മക്കളും രക്ഷപ്പെട്ടു.’

‘അപ്പൊ അവരൊക്കെ ഇപ്പ എവിട്യാണ്?’

‘കൊറേ പേര് ഇപ്പഴും വീട്ടുജോലി ചെയ്തു മാനത്തോടെ ജീവിയ്ക്കുണു. കൊറേ പേര്‌ടെ മക്കള് ഗൾഫിലേയ്ക്കു കടന്നു. അങ്ങിനെ അവര്‌ടെ കുടുംബം രക്ഷപ്പെട്ടു. വേറെ ചെലര്‌ടെ കാര്യം കഷ്ടാണ്. അവരും ജീവിയ്ക്ക്ണ്ണ്ട്. പക്ഷെ എന്തു ജീവിതം?’

‘എന്നു വച്ചാൽ?’

സൂപ്പർവൈസർ ഒന്നും പറയുന്നില്ല.

‘അവരിലാരെയെങ്കിലും കാണാൻ പറ്റ്വോ?’

അയാൾ കുറച്ചുനേരം ആലോചിച്ചു.’

‘കുട്ടി ഇപ്പൊ പോവു. സമയം പത്തരയായി. ഇനി അധികം കറങ്ങാണ്ടെ വീട്ടീ പോവു.’

അവൾ പോകാനായി തിരിഞ്ഞു.

‘വാർപ്പിന്റെ ഫോട്ടോ ഒന്നും എടുക്കണ്ടെ?’

ഫോട്ടോ എടുക്കാനുള്ള രേവതിയുടെ ഉത്സാഹം അവസാനിച്ചിരുന്നു.

‘ശരി, എടുക്കാം.’

ഫ്രെയിമിൽ എങ്ങിനെയെങ്കിലും മുഖം കാണിയ്ക്കാനുള്ള ഉത്സാഹം സൂപ്പർവൈസർക്കുമില്ലാതായി.

രേവതി സ്‌കൂട്ടർ സ്റ്റാർട്ടാക്കി. സൂപ്പർവൈസർ എന്തോ വിളിച്ചു പറഞ്ഞത് കോൺക്രീറ്റ് പമ്പിന്റെ ശബ്ദത്തിൽ മുങ്ങിപ്പോയി. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ യൂനിഫോമിട്ട ജോലിക്കാർ കോൺക്രീറ്റ് കൂട്ട് പമ്പുചെയ്തു കയറ്റുന്നത് അപ്പപ്പോൾ നിരപ്പാക്കുന്ന ജോലിയിലാണ്. ഇനി മൂന്നാം നില, പിന്നെ നാല്, അഞ്ച്. അങ്ങിനെ എട്ടു നിലകൾ. ഒരിമ വെട്ടുന്ന വേഗത്തിൽ ഇവിടെ ഒരു കെട്ടിടം പൊന്തും, കുറച്ചുപേർ അതിൽ കയറി താമസിയ്ക്കും. അർഹിക്കുന്നവരാവണമെന്നില്ല അവർ. രേവതിയ്ക്ക് അരിശം കയറി.

കവലയിൽ വളരെ കുറച്ചുപേർ മാത്രം. എല്ലാം ആണുങ്ങൾ. എന്താണാവോ സൂപ്പർവൈസർ വിളിച്ചു പറഞ്ഞത്? അവൾ നിർത്താനൊരുമ്പെട്ട സ്‌കൂട്ടർ വീണ്ടും സ്റ്റാർട്ടാക്കി. അപ്പോഴാണവൾ അതു കണ്ടത്. ആണുങ്ങൾക്കുമപ്പുറത്ത് നിഴലിൽ ചില സ്ത്രീരൂപങ്ങൾ. അവൾ സ്‌കൂട്ടർ നിർത്തി കുറച്ചുനേരം അവരെ നോക്കിനിന്നു. ഇതാണോ താൻ പ്രതീക്ഷിച്ചത്?

ഹോസ്റ്റലിൽ തിരിച്ചെത്തിയപ്പോൾ രേവതി തളർന്നിരുന്നു.

‘തീരെ വയ്യാതായി അല്ലേ?’ രാധിക ചോദിച്ചു. ‘എങ്ങിനെണ്ടായിരുന്നു അവസാനരംഗം? എത്ര സ്ത്രീകള്ണ്ടായിരുന്നൂ?’

ക്യാമറയും സഞ്ചിയും കട്ടിലിലേയ്ക്ക് വലിച്ചെറിഞ്ഞ് കിടക്കയിലേയ്ക്കു വീണുകൊണ്ട് മടുപ്പോടെ രാധിക പറഞ്ഞു. ‘നാലഞ്ചു പേരുണ്ടായിരുന്നു. അതായിരുന്നു എറ്റവും മനോഹരമായ രംഗം.’ ഒരു ആങ്കോർ പറയാൻ തോന്നുന്ന രംഗം.’ കുറച്ചുനേരം കണ്ണടച്ചുകിടന്നശേഷം അവൾ പറഞ്ഞു. ‘എനിയ്ക്ക് ആകെ മടുത്തു.’